2010, ഡിസംബർ 29, ബുധനാഴ്‌ച

തീരെ വയ്യാത്തത് മൂലം ചടുലമായ ഓട്ടവും മറ്റും ഇല്ല .എപ്പോളും ഒരുരോഗിയുടെ പരിവേഷം തന്നെ .ക്ഷീണം .കിടപ്പ് ..പക്ഷെ ഞാന്‍ വന്നതറിഞ്ഞ് സൗഹൃദം പുതുക്കാന്‍ അതിഥികള്‍  ആരെങ്കിലും വന്നാല്‍വീട്ടിലെ മുതിര്‍ന്ന കാരണവരെ പോലെ തലയെടുപ്പോടെ ഒരു തുറിച്ചു നോട്ടവും "വേണ്ട വേണ്ട കുശലം പറച്ചിലൊക്കെ  ഗേറ്റിനു വെളിയില്‍ മതി " എന്ന മുന്നറിയിപ്പോടെയുള്ള ഒരു കുരയും ഉയരും .
കുഞ്ഞനെങ്കിലും കുറയ്ക്കുന്നത് നായ് അല്ലെ എന്ന് കരുതി വരുന്നവര്‍ വച്ചകാല്‍ പിന്നോട്ട് വലിച്ചു
മുണ്ടഴിച്ചിട്ടു ഗേറ്റ് അടയ്ക്കും .
വെറുതെ എന്തിനാ റിസ്ക്‌ എടുക്കുന്നത് എന്നാവും അവരുടെ ചിന്ത !!
റോണിന്റെ  വിശേഷങ്ങള്‍ please click
http://remesharoor.blogspot.com/2010/12/blog-post_27.html#links

2010, ഡിസംബർ 28, ചൊവ്വാഴ്ച

റോണ്‍ ആരാ മ്വാന്‍ .!!!!....പൊന്നു മോന്‍ !!!

റോണിനു സുഖമില്ല എന്ന വിവരം ബൂലോകം വളരെ   സങ്കടത്തോ ടെയാണ്  കേട്ടതെന്നത് ഞാനും  കുടുംബവും  വളരെ   കൃതാ ര്‍ത്ഥത     നിറഞ്ഞ  മനസോടെയാണ്‌ സ്മരിക്കുന്നത് .ഈ ഭൂമിയില്‍ ജനിച്ച ഒരു ജീവിയോടു നമ്മള്‍ക്ക് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ സഹായമെങ്കിലും നിങ്ങള്‍ ഈ നായ്ക്കുട്ടിയോടു    കാണിച്ചു    എന്നത്   ലോകത്തില്‍  ഇനിയും   ഉറവ വറ്റാതെ    നില    നില്‍ക്കുന്ന  നന്മ  ,സഹാനുഭൂതി  എന്നീ സല്ഗുണങ്ങളെ യാണ് പ്രതിഫലിപ്പിക്കുന്നത്
.ബ്ലോഗിലും മെയിലിലും ഫോ ണ്‍ വിളികളുമായി എത്രയെത്ര അന്വേഷണങ്ങളാണ്  അവനു  വേണ്ടി ഉയര്‍ന്നത് !!!
സത്യത്തില്‍ ലോകത്തിന്റെ അതി സുന്ദരമായ ഒരു മുഖമാണ് സുഹൃത്തുക്കളെ നിങ്ങള്‍ എന്റെ മുന്‍പില്‍    തുറന്നു    കാട്ടിയത് .!!
നന്ദി  പറയാന്‍  വാക്കുകള്‍ക്കു  ശക്തി  പോരാ !! അത്ര മാത്രം സു ദൃഡവും സ്നേഹ മസൃണവും ആയിരുന്നു നിങ്ങള്‍ നല്‍കിയ സാന്ത്വനം .
അവന്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ലോകം മുഴുവനും ഉള്ള എന്റെ പ്രിയപ്പെട്ട ബൂലോക ബന്ധുക്കള്‍ വഴി ദൈവത്തിന്റെ അടുക്കല്‍ എത്തി എന്ന് തോന്നുന്നു.
അവന്‍ പഴയ  നിലയില്‍ നിന്നും സാവധാനം പൂര്‍വ സ്ഥിതിയിലേക്ക് വരുന്നുണ്ട് എന്ന വിവരം നിങ്ങളെ  സന്തോഷ പൂര്‍വ്വം അറിയിക്കുകയാണ്.
നേരത്തെ  അറിയിച്ച തു  പോലെ  20 നു എനിക്ക് യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ല .ക്രിസ്മസ് തിരക്ക് മൂലം വിമാന   യാത്ര ഒരു ദിനം വൈകി .
നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞാന്‍ വരുന്നത് കാണാന്‍ റോണുമുണ്ടായിരുന്നു എന്ന് പ്രത്യേകം 
പറയേണ്ടതില്ലല്ലോ !
ഇതിനിടയില്‍ ഖത്തറിലെ സുഹൃത്ത് പദ്മചന്ദ്രന്‍ അയച്ചു തന്ന ഡോക്ടര്‍മാരുടെ നീണ്ട ലിസ്റ്റില്‍ നിന്ന് ഏറ്റവും അടുത്ത പ്രദേശമായ തൃപ്പൂണിത്തുറ യിലെ ഡോ: സുനിലിന്റെ ക്ലിനിക്കില്‍ റൊണിനെ കാണിച്ചിരുന്നു ..എറണാകുളത്തും ഹരിപ്പാട്ടും ഉള്ള ഡോക്ടര്‍മാര്‍ അറിയിച്ചത് പോലെ നായ്ക്കള്‍ക്ക് വരാറുള്ള മാരകമായ "ഡിസ്റ്റമ്ബര്‍ " എന്ന അസുഖമാണ് അവനെന്നു ഡോ .സുനില്‍  അറിയിച്ചു . ഭാഗ്യ  വശാല്‍ ഈ അസുഖത്തിന്റെ  ഒരു മൈല്‍ഡ് അറ്റാക്ക് മാത്രമാണ് അവനില്‍ ഉണ്ടായത്!!
തുടര്‍ച്ചയായ മരുന്നുകളും കുത്തിവയ്പ്പും മൂലം ജീവന്‍ രക്ഷപ്പെട്ടെങ്കിലും പിന്കാലുകള്‍ക്കു തുടര്‍ച്ചയായ വിറയല്‍ എന്ന പാര്‍ശ്വ ഫലമാണ് അവനെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത് .കുറച്ചു ദിവസം കൂടി മരുന്നു കൊടുത്ത് നിരീക്ഷിച്ചതിനു ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റു എന്നാണു ഡോ .സുനിലിന്റെ നിലപാട് . ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ് ,
തീരെ വയ്യാത്തത് മൂലം ചടുലമായ ഓട്ടവും മറ്റും ഇല്ല .എപ്പോളും ഒരുരോഗിയുടെ പരിവേഷം തന്നെ .ക്ഷീണം .കിടപ്പ് ..പക്ഷെ ഞാന്‍ വന്നതറിഞ്ഞ് സൗഹൃദം പുതുക്കാന്‍ അതിഥികള്‍  ആരെങ്കിലും വന്നാല്‍വീട്ടിലെ മുതിര്‍ന്ന കാരണവരെ പോലെ തലയെടുപ്പോടെ ഒരു തുറിച്ചു നോട്ടവും "വേണ്ട വേണ്ട കുശലം പറച്ചിലൊക്കെ  ഗേറ്റിനു വെളിയില്‍ മതി " എന്ന മുന്നറിയിപ്പോടെയുള്ള ഒരു കുരയും ഉയരും .
കുഞ്ഞനെങ്കിലും കുറയ്ക്കുന്നത് നായ് അല്ലെ എന്ന് കരുതി വരുന്നവര്‍ വച്ചകാല്‍ പിന്നോട്ട് വലിച്ചു
മുണ്ടഴിച്ചിട്ടു ഗേറ്റ് അടയ്ക്കും .
വെറുതെ എന്തിനാ റിസ്ക്‌ എടുക്കുന്നത് എന്നാവും അവരുടെ ചിന്ത !!
റൊണിപ്പോള്‍ വന്നുവന്ന്   വീട്ടിലെ  വി ഐ പി പദവിയുള്ള കുഞ്ഞാവ  ആയിരിക്കുകയാണ് !! എന്തും ആദ്യം റൊണിനു കൊടുത്തിട്ടേ   വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ എത്തുന്ന എനിക്ക് പോലും കിട്ടൂ എന്ന സ്ഥിതിയായി !

പോരാത്തതിന് അസുഖം കൂടി ആയപ്പോള്‍ പറയുകയും വേണ്ട ..അവനോടുള്ള രശ്മിയുടെയും കണ്ണന്റെയും  പെരുമാറ്റം കണ്ടാല്‍ സത്യത്തില്‍ എനിക്ക് അസൂയ തോന്നും .അവനാണെങ്കില്‍ കിട്ടിയ അവസരം മുതലാക്കുകയും ചെയ്യുകയാണ് .അമ്മയെക്കാണുമ്പോള്‍ എപ്പോളും ചിണ്‌ക്കം ആണ് .  മ്മാ ..എന്നാണ് കരച്ചില്‍ പോലും .
.രാത്രിയാകുംപോള്‍ ആണ് മുട്ടന്‍ പാരയുമായി അവന്റെ വരവ് !
ബെഡ് റൂമില്‍ കയറി കട്ടിലില്‍ ഒരേ കിടപ്പാണ് !! ഓടിച്ചു വിട്ടാല്‍ ഉടന്‍ തുടങ്ങും "മ്മാ .. "
എന്ന കള്ള ക്കരച്ചില്‍ .
 അതോടെ പാവം ഞാന്‍ ഔട്ട്‌ ആകും ..നീരജും ഔട്ട്‌ ..ഞങ്ങള്‍ ഒരുമിച്ചായി കിടപ്പ് !!
മൂരാച്ചി റോണ്‍ അമ്മയെ  തട്ടി  മുട്ടി  അകത്തും !! ഓരോരോ  കുശ്മാണ്ടങ്ങള്‍ !!!

ഈയിടെയായി എനിക്ക് കലശലായ ഒരു തോന്നല്‍ .ഞങ്ങളുടെ വീട്ടില്‍ ഈ റൊണിനെ പോലെ ഒരു നായ്ക്കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു  എന്ന് !!
രശ്മിക്ക് ഇപ്പോള്‍  ഫാഷന്‍ ഡിസൈനിങ്ങില്‍   ആണ് കമ്പം  ..അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കും മറ്റും പോകുമ്പോള്‍ മാത്രമാണ് റോണ്‍ വീട്ടില്‍ പെട്ടു പോകുന്നത് ..
ഒറ്റക്കാക്കി പോകുമ്പോള്‍ മുതല്‍ പുള്ളിക്കാരന്‍ ആദ്യം കുറച്ചു ജാടയും പിണക്കവും കാണിച്ചു മാറി നടക്കും .'അമ്മ ഇപ്പോള്‍ തന്നെ വരുമല്ലോ' എന്ന ഭാവത്തോടെ !! വിളിച്ചാലൊന്നും  അടുത്തു   വരില്ല  . കുറച്ചു കഴിയുമ്പോള്‍  അമ്മ വരില്ല എന്നുറപ്പാകുംപോള്‍    ജാടയൊക്കെ  കളഞ്ഞു  ആശാന്‍ 
പതുക്കെ  പതുക്കെ  പറ്റിക്കൂടാന്‍  നോക്കും .അപ്പോള്‍ ഞങ്ങള്‍ മൈന്റ്  ചെയ്യില്ല .


കഴിഞ്ഞ   ദിവസം  വനിത യ്ക്ക് വേണ്ടി  ശ്വേതമേനോനെ   മോഡല്‍  ആക്കി  ചെയ്യുന്ന  ഷൂട്ടിനു  രശ്മി  പോയപ്പോള്‍ വലിയ വായില്‍ കരഞ്ഞു   ആശാന്‍ പിന്നാലെ കൂടിയെങ്കിലും അമ്മ മുറിക്കകത്തിട്ട്    പൂട്ടി പാല്‍പ്പാത്രം  എന്ന മധുര മോഹന വാഗ്ദാനം കാണിച്ചു മയക്കിയിട്ടു  കടന്നു  കളഞ്ഞു !! അങ്ങനെ തന്നെ വേണം കുശുമ്പനു എന്ന് ഞാനും കരുതി  ..നമ്മുടെ  അത്താഴം   മുടക്കണ തിരുമാലിയല്ലേ  ,,അനുഭവിക്കട്ടെ !! അഖിലയുമായുള്ള ഷൂട്ടിലും റൊണിനെ അമ്മ പറ്റിച്ചു !
പ്രസിധീകരിക്കാത്തതിനാല്‍ ആ ചിത്രങ്ങള്‍ ചേര്‍ക്കുന്നില്ല . 
വനിത നവംബര്‍ -1
സുന്ദരികളായ മോഡലുകളെയും സിനിമാ നടികളെയും ഒന്ന് പരിചയപ്പെടുത്താന്‍ ഞാനും   നീരജും   എത്ര പറഞ്ഞിരിക്കുന്നു!! പിന്നെയല്ലേ റോണ്‍.."അത് മാത്രം നടക്കില്ല മ്വാനേ.....   .".ഞങ്ങള്‍ രണ്ടാളും  കൂടി അവനെ കളിയാക്കി പിരികേറ്റി....ഒടുവില്‍  പിണങ്ങി  മുറിയുടെ മൂലയില്‍ പോയി പതുങ്ങി കിടന്നു..അമ്മ വന്നാല്‍  ഇനി   മിണ്ടില്ല   എന്ന വാശിയോടെ  ...പക്ഷെ എത്ര ഉറക്കമായാലും  പിണക്കമായാലും   ഗേറ്റില്‍ കാറിന്റെ ഹോണ്‍ കേട്ടാല്‍  അമ്മയുടെ മുന്നില്‍
അനുസരണയോടെ ആദ്യം ഹാജരാകുന്നത് റോണ്‍ തന്നെ ..അവനാരാ മോന്‍ !!
എന്തൊക്കെയാണെങ്കിലും ഈ സുഖക്കുറവ് ഇല്ലായിരുന്നെങ്കില്‍  ഞങ്ങളുടെ  വീട്  അവന്‍   സന്തോഷം കൊണ്ട് നിറച്ചേനെ !!ലോകം മുഴുവന്‍ സന്തോഷം പകരുന്ന  ക്രിസ്മസ് പതിന്നാലു  കൊല്ലം  മുന്‍പ്  ഞങ്ങളുടെ ഉള്ളില്‍  ഒരു പിറവിയുടെ  നോവായിരുന്നു. ജോലിയും   കൂലിയും  ഒന്നുമില്ലാതെ  ഞങ്ങള്‍ കഷ്ടപ്പെടുന്ന  സമയം . നീരജിനെ അവന്റെ അമ്മ പൂര്‍ണ  ഗര്‍ഭത്തില്‍  ചുമക്കുന്ന  സമയം ..ഞങ്ങള്‍ നോവോടെ കൊതിച്ചിരുന്നു    ഒരു തിരുപ്പിറവി ഉണ്ടാകുമെന്ന് ...
neeraj &Ron 
ഒരു പുതുവര്‍ഷം പിറക്കുമെന്ന് !! അങ്ങനെ ആ നോവുകള്‍   നിറഞ്ഞ  ഡിസംബറിനെ   പിന്നിലാക്കി പുതുവര്‍ഷ പിറ്റേന്ന്   ജനുവരി  രണ്ടിനാണ്  നീരജ് ജനിച്ചത്‌ ..ഈ പുതുവര്‍ഷം രണ്ടാതീയതി അവന്റെ പതിനഞ്ചാം പിറന്നാള്‍ ..ഈ പുതുവര്‍ഷം എനിക്ക് മറ്റൊരു പുതുമയും നല്‍കുന്നു ..നോവുകളോടെ ക്രിസ്മസിന് രണ്ടു നാള്‍ മുന്‍പ് ഞാന്‍ വന്നത് റൊണിനെയും കാണാന്‍
ആണല്ലോ ..അവന്‍ പുനര്‍ജന്മത്തിലേക്ക് പിച്ചവച്ചു നടക്കുന്നത്തിനു സാക്ഷിയാകുന്നത്  ഈ പുതു വര്‍ഷവും ..അവന്റെ, രശ്മിയുടെ, നീരജിന്റെ, ഞങ്ങളുടെ , ഈ വിശാല  ലോകത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്ക്  പുതിയ ചിറകുകള്‍ നല്‍കുന്ന    പുതുവര്‍ഷത്തെ ചിരിക്കുന്ന  മുഖവും  മനസുമായ് 
നമുക്ക് വരവേല്‍ക്കാം  ..
എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെയും  
റൊണിന്റെയും  പുതുവത്സര  ആശംസകള്‍ !!  
.

2010, ഡിസംബർ 14, ചൊവ്വാഴ്ച

റോണിന്റെ വിശേഷങ്ങള്‍

വൈകി വന്നവര്‍ക്ക് ഇവിടെ വായിക്കാം

റോണിന് സുഖമില്ല ..ഞാന്‍ നാട്ടില്‍ പോകുന്നു .

കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലേക്കു വെറുതെ വിളിച്ചതാണ് .മറുതലയ്ക്കല്‍ മകന്‍ നീരജിന്റെ വിഷാദം നിറഞ്ഞ സ്വരം:
"അച്ഛാ ഞങ്ങള്‍ ആലപ്പുഴയില്‍ ആശുപത്രിയിലാണ് ." ഞാന്‍ ഞെട്ടിപ്പോയി .
നാട്ടില്‍ സമയം രാത്രി പതിനൊന്നു  കഴിഞ്ഞിരിക്കുന്നു ! അരൂരില്‍ നിന്നു  പത്തു നാല്പതു കിലോമീറ്റര്‍ അകലെ ആലപ്പുഴയിലുള്ള ആശുപത്രിയില്‍ ഇത്ര വൈകി എന്റെ കുടുംബം !!
"എന്ത് പറ്റി മോനെ ? അമ്മയെന്തിയെ ?!!! "
എനിക്ക് ആകാംക്ഷ അടക്കാനായില്ല .

 "അതു പിന്നെ നമ്മുടെ .റോണിന് തീരെ വയ്യച്ഛാ   .." അമ്മ അവനെ ഡോക്ടറെ കാണിക്കുകയാണ്  .." .
അയ്യോ ! അവനെന്തു പറ്റി മോനെ ? എന്റെ ബി പി കൂടി ...
എന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ അവന്‍ നിശബ്ദനായി ...
അസ്വസ്ഥതയോടെ ഞാന്‍ ഫോണ്‍ വച്ചു.. അര  മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ കൂടി
വിളിച്ചു .ഇത്തവണ രശ്മിയാണ് ഫോണ്‍ എടുത്തത് ...
"അവനു എന്ത് പറ്റി ? ഡോക്റ്റര്‍ എന്ത് പറഞ്ഞു ..? കുഴപ്പം വല്ലതും ഉണ്ടോ ? എന്താ ഇത്ര വൈകിയത് ? " ഒറ്റ ശ്വാസത്തില്‍ നൂറു കൂട്ടം ചോദ്യങ്ങള്‍ ! അവളുടെ കണ്ണീരില്‍ നനഞ്ഞ നിശ്വാസങ്ങള്‍ക്കിടയില്‍  പാവം റോണിന്റെ  ദയനീയമായ കരച്ചില്‍ കേട്ട് എന്റെ ഉള്ളം തകര്‍ന്നു .!
"ഒന്നും പറയണ്ട ..അവനു നാലഞ്ചു ദിവസമായി തീരെ വയ്യ ..അരൂരും 
എറണാകുളത്തും ഉള്ള രണ്ടു മൂന്നു ഡോക്റ്റര്‍മാരെ കാണിച്ചു .ഒരു കുറവും ഇല്ല ..
പകല്‍ കുഴപ്പമില്ല; രാത്രിയിലാണ് അസുഖം .ഒന്നും കഴിക്കുന്നും ഇല്ല .പോരാത്തതിന് വേദന യോടെയുള്ള കരച്ചിലും ..ഉറങ്ങാന്‍ പോലും പറ്റാതെ ..."
രശ്മിയുടെ വാക്കുകളില്‍, നിരാശ ..സങ്കടം !!

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഏകാന്തതയുടെ കൂട്ടുകാരനായിരുന്നു കണ്ണന്‍ എന്ന് ചെല്ലപ്പേരുള്ള എന്റെ മകന്‍  നീരജ്  !
ആരും വിശ്വസിച്ചേക്കില്ല  ..രണ്ടു മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ തന്നെ
ഡേ കെയര്‍ ഹോമും പ്ലേ സ്കൂളും ഒക്കെയായിരുന്നു അവന്റെ ലോകം !
കുഞ്ഞുങ്ങളെ ഒരിക്കലും ഇഷ്ടപ്പെടാത്ത ആയമാരുടെ  അസംതൃപ്തികളുടെ പരുക്കന്‍ തറകളിലൂടെ യായിരുന്നു   സങ്കടങ്ങള്‍ നിറഞ്ഞ അവന്റെ ബാല്യം നിരങ്ങി നീങ്ങിയത് !
ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ അവനെ ലാളിക്കാന്‍ ..അവന്റെ കൊഞ്ചലിനു
കൂട്ടിരിക്കാന്‍ ഒന്നും ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല ! യന്ത്രങ്ങളെ പോലെ പണിയെടുത്തും ആവശ്യങ്ങള്‍ക്ക് പണം നേടാനും ഒക്കെയായി  പരക്കം പായുകയായിരുന്നു അക്കാലങ്ങളില്‍ ഞങ്ങള്‍ .
അങ്ങനെ എത്ര വര്‍ഷങ്ങള്‍ ..അവന്‍ വളര്‍ന്നു ,,ഞങ്ങളും !! അതിനിടയിലാണ് രണ്ടു വര്ഷം മുന്‍പ് എന്റെ പ്രവാസം തുടങ്ങിയത് ..അതോടെ അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു ..
ഒരനിയനെയോ അനിയത്തിയെയോ വേണമെന്ന് അവന്‍ എത്ര തവണ ആവശ്യപ്പെട്ടിരിക്കുന്നു !
ഇപ്പോള്‍ ആ ആഗ്രഹവും   നടക്കാത്ത സ്വപ്നങ്ങളുടെ പട്ടികയിലേക്ക് പഴകി പൊട്ടിയ  കളിപ്പാട്ടങ്ങള്‍ പോലെ അവന്‍ വലിച്ചെറിഞ്ഞു കളഞ്ഞു കാണും !
സ്വയം നിര്‍മിച്ചെടുത്ത ഒരു  ലോകത്ത്  ഞങ്ങള്‍ നില നില്‍പ്പിനായി പടവെട്ടുന്നതിനിടയില്‍
അവന്റെഇത്തരം ആവശ്യങ്ങള്‍ക്ക്  വില കല്‍പ്പിച്ചില്ല എന്നതാണ് സത്യം .

പ്രവാസ ജീവിതവുമായി ഞാന്‍    കടല്‍  കടന്നപ്പോള്‍     വീട്ടില്‍ അവര്‍ പ്രത്യേകിച്ച്  അവന്‍   വീണ്ടും തനിച്ചായി .
ഒരു കളിക്കൂട്ടുകാരനെന്ന അവന്റെ സ്വപ്നം പരിഹരിക്കാതെ കിടന്ന ഒരു സന്ധ്യയിലാണ് രശ്മിയുടെ കൈകളിലേറി  റോണ്‍  വീട്ടില്‍ വരുന്നത് ..കഷ്ടിച്ച് മൂന്നു മാസം പ്രായമുള്ള അവനെ, തെരുവില്‍ നിന്നാണ് അവള്‍ക്കു കിട്ടിയത് .ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടി തെരുവുകുട്ടികളും തെരുവ് പട്ടികളും കടി പിടി കൂടുന്ന എച്ചില്‍ തൊട്ടിക്കരികെ എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയായിരുന്നു അവന്‍ അപ്പോള്‍!
വണ്ടികള്‍ അലറി  വിളിക്കുന്ന തെരുവ് !! ഭിക്ഷാടകരും വേട്ടക്കാരും അലയുന്ന തെരുവ് !! അവന്റെ ഓമനത്തം നിറഞ്ഞ മുഖം കണ്ടപ്പോള്‍ ഉപേക്ഷിച്ചു പോരാന്‍ രശ്മിക്കായില്ല എന്നതാണ് വാസ്തവം !

അവനെ നോട്ടമിട്ടു അവിടെയെത്തിയവരുടെ  കൂട്ടത്തില്‍ അവനെ സ്നേഹിക്കുമെന്നു തോന്നിയ ഒരു മുഖം പോലും  അവള്‍ക്കു കാണാനായില്ലത്രെ!

പെട്ടെന്ന് നീരജിനെ ഓര്മ വന്നു ,,മറ്റൊന്നും ആലോചിക്കാതെ   അവനെ വീട്ടിലേക്കു കൊണ്ട് പോന്നു .ഇത്ര വലിയ ഒരു തീരുമാനം എടുക്കുമ്പോള്‍
എന്നോട് പോലും അവള്‍ പറഞ്ഞില്ല .
"എന്റെ മകന്റെ മുഖം ..അവന്റെ കുഞ്ഞുന്നാളിലെ ഒറ്റപ്പെടലിന്റെ വേദന ..ഞാന്‍ അത് മാത്രമേ ഓര്‍ത്തുള്ളൂ രമേശേട്ടാ.." അവളുടെ വാക്കുകളിലെ ആര്‍ദ്രതഎന്റെ പരിഭവങ്ങളെ അലിയിച്ചു കളഞ്ഞു !

പത്താം ക്ലാസില്‍ പഠിക്കുന്ന വലിയ കുട്ടിയായിട്ടു കൂടി വീട്ടില്‍ വന്ന കുഞ്ഞു അതിഥിയെ കണ്ടു 
നീരജ്  തുള്ളിച്ചാടി ! പത്തു പതിനാലു വര്‍ഷമായി അവന്‍ അനുഭവിച്ചു കൂട്ടിയ ഏകാന്തത ഒറ്റ നിമിഷം കൊണ്ട്  പറന്നു പോയത് പോലെ ! അങ്ങനെ അവന്‍  റോണ്‍  ഞങ്ങളുടെ            വളര്‍ത്തു മകന്‍ ആയി..നീരജിന്റെ കുഞ്ഞനുജനും കളിക്കൂട്ടുകാരനും ആയി ..ഞാന്‍ കാണാത്ത എന്റെ പൊന്നോമന ആയി ..

കുറെ ഏറെ നാളായി നിശബ്ദമായിരുന്ന "ആരാധന" എന്ന ഞങ്ങളുടെ വീട്  അവന്റെ ഓട്ടവും ചാട്ടവും കളിയും ചിരിയും കൊഞ്ചലും കൊണ്ട്  ഒരിക്കല്‍ കൂടി ഉണര്‍ന്നു ..ഒച്ചയനക്കങ്ങള്‍ കേട്ട്
ചെടികളും പൂക്കളും ചിരിച്ചു ...വഴിയിലൂടെ നടന്നു പോയവരൊക്കെ  എന്റെ വീട്ടില്‍ നിന്നുയര്‍ന്ന  കളിചിരികളുടെ ആരവങ്ങള്‍ കേട്ട്   ഗേറ്റിന്റെ അഴികള്‍ക്കിപ്പുറത്തുള്ള     ഞങ്ങളുടെ വീട്ടുമുറ്റം കണ്‍ മുനകള്‍ കൊണ്ട് കൊത്തിപ്പറിച്ചു. അസൂയനിറഞ്ഞ മന്ദഹാസം പൊഴിച്ചു!! 

പ്രവാസത്തിനിടയിലെ ഏകാന്തത നിറഞ്ഞ നിമിഷങ്ങളില്‍ ഞാന്‍ വീട്ടിലേക്കു വിളിക്കുമ്പോള്‍ പഴയത് പോലെ നിശബ്ദ നിശ്വാസങ്ങള്‍ ഇല്ല .പരാതികളില്ല .പകരം "റോണ്‍ അത് ചെയ്തു ..റോ ണ്‍ ഇത് ചെയ്തു ..ഇന്നവന്‍ എന്റെ കൂടെ ഐസ് ക്രീം കഴിച്ചു ...എന്നിങ്ങനെ നൂറു കൂട്ടം വിശേഷങ്ങളാണ് അവര്‍ക്ക് വിളമ്പാനുള്ളത്!!

ഞാനും അതൊക്കെ കേട്ട് വളരെ വളരെ സന്തോഷിച്ചു ,,നിഗൂഡമായി ചിരിച്ചു ..വെറുതെ അവനെ മനസിന്റെ തൊട്ടിലില്‍ കിടത്തി കൊഞ്ചിച്ചു ..ലാളിച്ചു! വഷളാക്കി !
 പുറത്തു കറങ്ങാനിറങ്ങുമ്പോള്‍ കൌതുകം നിറഞ്ഞ കളിപ്പാട്ടങ്ങള്‍  അവനുള്ള സമ്മാനങ്ങളായി 
വാങ്ങി കരുതി വച്ചു .

ഒരിക്കലും കാണാത്ത അവന്റെ മുഖത്തെ ഞാനും ഒരു പാട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ...അതിനിടയിലാണ് ഞങ്ങളെ സങ്കടത്തിന്റെ  നെരിപ്പോടില്‍ നീറ്റിക്കാന്‍ ഈ ആസുഖം !!...വേവലാതി !!

രണ്ടു ദിവസമായി ഒരു സ്വസ്ഥതയുമില്ല ..വീട്ടില്‍ നിന്ന് വിളിയില്ല ..മക്കളുടെ വിവരങ്ങള്‍ ഇല്ല ..
സ്വസ്ഥത കെട്ടു ഞാന്‍ ഇന്നലെ വീണ്ടും വിളിച്ചപ്പോള്‍...   അവര്‍ ആശുപത്രിയില്‍ ആണ്.ഒരു കുറവും ഇല്ലത്രെ ..ഡോക്റ്റര്‍ മാര്‍ പറയുന്നു കുഴപ്പം ഒന്നും കാണുന്നില്ലെന്ന് !! പക്ഷെ അവന്‍ ആരോഗ്യം വീണ്ടെടുക്കുന്നുമില്ല!!

എനിക്ക് ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല ....വീട്ടിലേക്കു പോയാലോ ...
എന്റെ മ്ലാനമായ മുഖം കണ്ടു ബോസ് ചോദിച്ചു : എന്ത് പറ്റി രമേശ്‌ ? ഞാന്‍ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു ..എന്താ തനിക്കു പറ്റിയത് ? "

"സര്‍  എനിക്ക് അത്യാവശ്യമായി നാട്ടില്‍ ഒന്ന് പോകണം ..വെരി എമര്‍ജന്‍സി ...ഒരു പത്തു ദിവസത്തേക്ക്  അവധി അനുവദിക്കണം ..."
എന്റെ വിഷമ ഭാവം കണ്ട്  അദ്ദേഹം കൂടുതല്‍ വിശദീകരണമൊന്നും ചോദിക്കാതെ "ഓകെ" എന്ന് പറഞ്ഞു ലീവ് ആപ്ലികേഷന്‍ ഫോം എടുത്തു കയ്യില്‍  തന്നു ...

കൂട്ടുകാരെ ..പ്രിയ ബൂലോക വാസികളെ ...എനിക്ക് പോയെ പറ്റു....എന്റെ റോണിനെ കാണണം ..അവനെ നല്ലൊരു ഡോക്റ്ററെ  കാണിക്കണം ...നിങ്ങളും  അവനു വേണ്ടി പ്രാര്‍ത്ഥിക്കണം ...
അവന്റെ അസുഖം മാറാനും അത് കണ്ടു ആശ്വസിച്ചു എത്രയും വേഗം  എനിക്ക് തിരിച്ചു വരാനും  കഴിയണേ എന്നും പ്രാര്‍ഥിക്കണം.....നിങ്ങളില്‍ ചിലര്‍ക്ക്  എന്റെയും കുടുംബത്തിന്റെയും ഈ പ്രവൃത്തികള്‍ ഒരു ഭ്രാന്ത് ആയി തോന്നാം ..പക്ഷെ വെറും ഒരു നായ് ജന്മമായ് കരുതി അവനെ തള്ളിക്കളയാന്‍ ഞങ്ങള്‍ക്കാവില്ല ..
ഈ മാസം ഇരുപതിനാണ് എന്റെ ടിക്കറ്റ് .ജിദ്ദയില്‍ നിന്ന് ..നെടുമ്പാശ്ശേരി യിലേക്ക് ..അരൂരിലേക്ക് ..എന്റെ റോണിന്റെയും നീരജിന്റെയും അടുത്തേക്ക്‌ ,രശ്മിയുടെ സ്നേഹ സാമീപ്യങ്ങളിലേക്ക് ...ഞാന്‍ പോയ്‌ വരട്ടെ .നിങ്ങളുടെ സ്വന്തം
രമേശ്‌ ....(ഒപ്പ് )

2010, ഡിസംബർ 1, ബുധനാഴ്‌ച

കുരു ദക്ഷിണ

കുരു ദക്ഷിണ ഹോം പേജ് ക്ലിക്ക് ചെയ്തു വായിക്കാം or klick the below link.

http://remesharoor.blogspot.com/2010/11/blog-post_26.html#links

2010, നവംബർ 27, ശനിയാഴ്‌ച

'കുരു ദക്ഷിണ'


രൂര്‍ ഗവ:യു .പി .സ്കൂളില്‍ ആയിരുന്നു .എന്‍റെ പ്രാഥമിക വിദ്യാഭ്യാസം.തുറവൂര്‍ ഉപജില്ലയിലെ മാതൃകാ സ്കൂള്‍ ആയിരുന്നു അക്കാലത്ത് ഞങ്ങളുടെ സ്കൂള്‍.മോഡല്‍ എന്ന് പറഞ്ഞാല്‍ മോഡല്‍ അത്ര തന്നെ ! എങ്ങനെ ആകാതിരിക്കും ഞാനൊക്കെയല്ലേ അവിടുത്തെ പഠിപ്പിസ്റ്റുകള്‍.

ഏഴ് ബി യില്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്,എ മുതല്‍ ഡി വരെ നാല് ഡിവിഷനുകള്‍ ഉണ്ടെങ്കിലും സി ക്ലാസ്സുകാരായിരുന്നു ഞങ്ങള്‍ ബി ക്കാരുടെ പ്രധാന ശത്രുക്കള്‍ .ഞങ്ങള്‍ ഇന്ത്യ ആണെങ്കില്‍ അവര്‍ പാക്കിസ്ഥാന്‍ ആയിരുന്നു. അവര്‍ കോങ്ക്രസ്സ് ആയിരുന്നെങ്കില്‍ ഞങ്ങള്‍ കമ്യുണിസ്റ്റ് !, ഞങ്ങള്‍ പാണ്ഡവര്‍ ,അവര്‍ കൌരവര്‍ ...ഞങ്ങള്‍ ദേവന്മാര്‍ അവര്‍ അസുര ന്മാര്‍ ..ഇങ്ങനെയായിരുന്നു അന്നത്തെ ഒരു ലൈന്‍.ഏഴു സിയിലെ സുനിത.പി.നായര്‍ എന്ന ഒരു മാലാഖക്കുട്ടിയെ  മാത്രം ഞാന്‍ വെറുതെ വിടുന്നു.അല്ലെങ്കിലും എല്ലാ വില്ലന്മാരുടെ കൂട്ടത്തിലും എതിര്‍പക്ഷത്തെ സ്നേഹിക്കുന്ന ഒരു പാവം പാവം രാജകുമാരി ഉണ്ടാകുമല്ലോ !
ആരും വെറുതെ വെള്ളമിറക്കണ്ട ;ഇതവളെ ഞാന്‍ പണ്ട് പഞ്ചാരയടിച്ച കഥയൊന്നുമല്ല !
അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ രണ്ട് അധ്യാപകര്‍ക്കുള്ള ഗുരു ദക്ഷിണയാണ് ഈ പോസ്റ്റ് .രണ്ട് പേരും ജീവനോടെ ഉള്ളതിനാലും അവരുടെ തണ്ടും തടിയും ഉള്ള ആണ്‍ മക്കള്‍ എന്നെ മാര്‍ക്ക് ചെയ്യും എന്നതിനാലും തല്ക്കാലം പേരുകള്‍ മാറ്റിപ്പറയുന്നു..
  ഒരാള്‍ പോടക്കണ്ണന്‍ എന്ന് വിളിപ്പേരില്‍ ആദരിക്കപ്പെടുന്ന ശുഭാകരന്‍ സാര്‍. ഞങ്ങളുടെ ശത്രുക്കളായ ഏഴു സിക്കാരുടെ പട നായകന്‍ ! സാമാന്യം നന്നായി കോങ്കണ്ണ് ഉള്ള    അദ്ദേഹത്തിനു ഏതു വിഷയത്തിലാണ് മികവു എന്ന് ചോദിച്ചേക്കരുത്.
സകല കലാവല്ലഭന്‍ എന്ന് മാത്രമാണ് അതിനു മറുപടി .നമമുടെ ബ്ലോഗര്‍ കലാവല്ലഭന്‍ അല്ല കേട്ടോ .
 രണ്ടാമത്തെ ഗുരുവരന്‍ ശ്രീ ഡേവിഡ്  സാര്‍ ,കണക്കും ഫിസിക്സും ആണ് അങ്ങേര്‍ക്കു പഥ്യം.ഞങ്ങള്‍ ഏഴു ബിക്കാരുടെ  ജീവാത്മാവും പരമാത്മാവും   ആയി ശോഭിക്കുന്ന മഹാനുഭാവന്‍ .ഞങ്ങള്‍ട ക്ലാസ് ടീച്ചര്‍ .
രണ്ട് പേരും ഞങ്ങളുടെ സ്വന്തം  നാട്ടുകാര്‍.ജോലികിട്ടിയപ്പോള്‍ മുതല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഒരേ സ്കൂളില്‍ തന്നെ പഠിപ്പിച്ചു പഠിപ്പിച്ചു (പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നും പറയാം )രണ്ട് പേരും അരൂര്‍ക്കരയിലെ കുട്ടികളെ ഒരു വഴിക്കാക്കി.

രണ്ട് പേരും ദുര്‍വാസാവ് മഹര്‍ഷിയെ പോലെ  ക്ഷിപ്ര കോപികളും ക്ഷിപ്ര പ്രസാദികളും ആണ്. പ്രായത്തില്‍ മുതിര്‍ന്ന
ശുഭാകരന്‍ സാറിനാണ് ഇച്ചിരി കോപം കൂടുതല്‍  .സാറിനു പുന്നാരം വന്നാല്‍ ഞങ്ങള്‍ കുട്ടികളെ "അസത്തെ, മൂശേട്ടെ ,
അധിക പ്രസംഗി" എന്നൊക്കെ വിളിച്ചു ആദരിച്ച് കളയും. ബാലപീഡന നിയമത്തെപ്പറ്റി അക്കാലത്ത് കുട്ടികള്‍ക്ക് വല്ല വിവരവും ഉണ്ടായിരുന്നെങ്കില്‍ ശുഭാകരന്‍ സാറൊക്കെ അന്നേ അകത്താകുമായിരുന്നു !
ഡേവിഡ്  സാറും ചില്ലറക്കാരനോന്നും അല്ല .ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു രസത്തിന് പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ക്ക്‌ അല്പം കൂടുതല്‍ പരിക്ക് പറ്റുമല്ലോ ! അവന്റെ തിരുവാ...
കീറിപ്പൊളിഞ്ഞു   കരച്ചിലിന്റെ രൂപത്തില്‍ ആയാല്‍  ഉടന്‍ വരികയായി ഡേവിഡ്  സാറിന്റെ ശകാരം
"ഹോ ഹോ ..നീ അവന കൊന്നാ ..ഈ പണ്ടാരങ്ങളൊക്കെ ഇങ്ങാട്ട് വരുവല്ലാ മനുഷേന കഷ്ടപ്പെടുത്താന്‍ !!"
പിന്നെ വാദിക്കും പ്രതിക്കും  സാറിന്റ വക ഗരുഡന്‍ തൂക്കം ,മുട്ടേല്‍ നിരങ്ങല്‍ തുടങ്ങിയ ശിക്ഷകള്‍ ആസ്വദിക്കാം :
അനുഭവിച്ചു പണ്ടാരടങ്ങാം !
 ചോക്ക് പൊടി പുരണ്ട ആ മന്തന്‍ കൈകള്‍ കൊണ്ടു തലക്കിട്ടു രണ്ട് കിഴുക്കലും കൂടി കിട്ടിയാല്‍
അന്നത്തെ കാര്യം കുശാല്‍ ആയി !

എപ്പോളും അരയില്‍ എന്തോ തപ്പിനോക്കുന്ന  ഒരു സ്വഭാവമുണ്ടായിരുന്നു ഡേവിഡ്  സാറിനു. മുണ്ട് അഴിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കുന്നത് പോലെ !
"ഈ പണ്ടാറക്കാലന്‍ സാറിന്റെ തുണി ഉരിഞ്ഞു വീണു മാനം പോകണേ ന്റീശ്വരാ" എന്ന് എത്ര തവണ ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട് എന്നറിയാമോ !    അരയിലെ താക്കോല്‍ കൂട്ടം അവിടെത്തന്നെ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുന്നതാണെന്നും ഇതേക്കുറിച്ച് ഒരു  കിംവദന്തി ഉണ്ട് .

 ഏഴു ബിക്കാരും സിക്കാരും തമ്മില്‍ ശത്രുത ഉള്ളത് പോലെ ഈ അധ്യാപകര്‍ തമ്മിലും കടുത്ത ശത്രുത ഉണ്ടായിരുന്നു വെന്നാണ് അക്കാലത്ത് ഞങ്ങള്‍ വിശ്വസിച്ചു പോന്നിരുന്നത്. ഒരിക്കല്‍ ഏഴു സിക്കാരെ ഹൈഡ്രജന്‍ ഉണ്ടാക്കുന്ന പരീക്ഷണം കാണിക്കുന്നതിനിടയില്‍ ശുഭാകരന്‍ സാറിന്റെ കൈയില്‍ ആസിഡ് വീണു. ഈ വാര്‍ത്ത കേട്ടു‌ ഡേവിഡ്  സാര്‍ പറഞ്ഞത് ഓര്‍മവരുന്നു :

"ഹോ! ഹോ !അറിയാം മേലാത്ത  കാര്യം ചെയ്യരുതെന്ന് ആ കെളവനോടു ഞാന്‍ നൂറു കുറി  പറഞ്ഞിട്ടുണ്ട് ..
പണ്ടാരം അടങ്ങാന്‍ ...എന്നാലും കേക്കേല .പഠിപ്പിക്കാനോ  അറിയാം മേല.. ന്നാ.. .വെറുതെ മനുഷേന മെനക്കെടുത്താതിരുന്നൂടെ ...."

തന്‍റെ മേഖലയായ  സയന്‍സില്‍  ചുക്കും ചുണ്ണാമ്പും അറിയാത്ത ശുഭാകരന്‍ സാര്‍ കൈകടത്തിയത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു അത് .
 ഒരിക്കല്‍ കുട്ടികളുടെ റബര്‍ ബാന്‍ഡുകള്‍ പതിവായി മോഷ്ടിചെടുക്കുന്ന ഒരു "ഭയങ്കരനെ" ശുഭാകരന്‍ സാറ് കയ്യോടെ പൊക്കി!
 ആ കള്ളന്‍  ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ചുമട്ടു തൊഴിലാളി യൂനിയന്ടെ നേതാവാണ്‌, ഇപ്പോളും പണി പഴയത് തന്നെ !തല്ക്കാലം ആ  പേരും  ഒളിച്ചു വയ്ക്കുന്നു ,വെറുതെ ധര്‍മ്മത്തല്ല്
മേടിച്ചു കൂട്ടുന്നത്‌ എന്തിനാ !!, കട്ടെടുത്ത റബര്‍ ബാന്‍ഡുകള്‍ ഓരോന്നായി ആ ഭീകരന്റെ  ചെവികളിലും ,കൈകളിലും ഒക്കെ ഇടുവിച്ചു ക്ലാസ്സുകള്‍ തോറും അര്‍മാദിച്ചു കൊണ്ടു നടന്നു അദ്ദേഹം .
ഓരോ ക്ലാസ്സില്‍ എത്തുമ്പോളും
" ദേ ഈ ജന്തുവാണ് നിങ്ങളുടെ റബര്‍ കട്ടെടുത്ത കായം കുളം കൊച്ചുണ്ണി ..ഇവന്‍ കള്ളനാണ് ...ഇവനെ നോക്കി എല്ലാവരും കൊഞ്ഞനം കുത്തടാ "   എന്ന് പറയും .
അതുകേട്ടു ഉത്സാഹത്തോടെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ആ പെരുംകള്ളനെ നോക്കി കൊഞ്ഞനം കുത്തും ..അവനെ കൊഞ്ഞനം കാട്ടുന്നു എന്ന വ്യാജേന ചില വിരുതന്മാര്‍ ശുഭാകരന്‍ സാറിന്റെ നേരെയും കൊഞ്ഞനം കുത്തി  ആത്മ സംതൃപ്തി അടയും .

അധ്യാപകര്‍ വരാത്ത ക്ലാസുകളില്‍ നുഴഞ്ഞു കയറി മിന്നല്‍ ആക്രമണം നടത്തി കുട്ടികളോട് പാഠപുസ്തകങ്ങളിലെ
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു പീഡിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു  പരിപാടി. ക്ലാസില്‍ വര്‍ത്തമാനം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട്, ഓഫീസ് റൂമിലേക്ക്‌ പോവുകയും അവിടെ ചെല്ലാതെ വാതിലിനു മറയില്‍ ഒളിഞ്ഞു നിന്നു വര്‍ത്തമാനം  പറയുന്നവരെ കണ്ടു പിടിച്ചു ചെവിയില്‍ പിച്ചിത്തൂക്കുക, തുടയില്‍ നുള്ളിതിരുമ്മി  തൊലി പൊട്ടിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും   ക്രൂര വിനോദങ്ങളും     നടപ്പാക്കി അദ്ദേഹം . സാര്‍ ക്ലാസ്സില്‍ വന്നാല്‍ ആകപ്പാടെ ഒരു കണ്ഫ്യുഷനാണ് ഞങ്ങള്‍ക്ക്
കോങ്കണ്ണ് അദ്ദേഹത്തിനാനെങ്കിലും അതുമൂലമുള്ള മാനഹാനിയും ശാരീരിക പീഡനങ്ങളും ഞങ്ങള്‍ പാവം കുട്ടികളാണ്
അനുഭവിച്ചു പോന്നത് .

ആദ്യം ഞാന്‍ ,രണ്ടാമത് ദിലീപ് മൂന്നാമത് പ്രദീപ്‌ ,നാലാമന്‍ സ്കന്ദന്‍ .അഞ്ചാമന്‍ വിനോദ് എന്നിങ്ങനെയാണ് മുന്‍ നിര ബെഞ്ചിലെ ഹാജര്‍ .ഏതെങ്കിലും ഒരു പരട്ട ചോദ്യം ചോദിച്ചിട്ട് മുന്‍ ബെഞ്ചിലേക്ക് നോക്കി അദ്ദേഹം  "നീ..."എന്ന് പറയുമ്പോള്‍ ആ ബെഞ്ചിലെ എല്ലാവരും കൂടി സ്വിച്ചിട്ട പോലെ എഴുനേറ്റു നിന്നു ഉത്തരം    തപ്പിപ്പിടിക്കേണ്ട    ഗതികേടിലാകും.
      കാരണം, ആരോടാണ് അദ്ദേഹം ചോദ്യം ചോദിച്ചതെന്ന് കണ്ടു പിടിക്കാന്‍ ഒരു നിവൃത്തിയും ഇല്ല.!
ഒരിക്കല്‍ സ്കൂളിനടുത്തെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ വെടി പൊട്ടുന്നത് കേട്ട ‌ ഉടനെ  എന്നോടാണെന്നു തോന്നുന്നു "വെടിമരുന്നു കണ്ടു പിടിച്ചത് ആര്    ? "ആണെന്ന്  ശുഭാകരന്‍ സാര്‍ ചോദിച്ചു. എനിക്ക് വല്ലതും അറിയാമോ !ഞാനല്ലെന്നു മാത്രം അറിയാം !ചിലപ്പോള്‍ ഓട്ടോ റിക്ഷ സ്റ്റാന്റില്‍ ദിവസവും രാവിലെ തലയില്‍ നിറയെ മുല്ലപ്പൂവൊക്കെ  വച്ചു വന്നു നിറചിരിയോടെ  നില്‍ക്കാറുള്ള തങ്കമണി ചേച്ചി ആയിരിക്കുമോ ?ആയമ്മയെ ചിലര്‍ "വെടി തങ്കമണി" എന്നും ,"പറവെടി"  എന്നും  അടക്കത്തില്‍ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് ..ഞാന്‍ ഉത്തരങ്ങള്‍ തപ്പുന്നതിനിടയില്‍
ബഞ്ചില്‍  രണ്ടാമതിരുന്ന ദിലീപിന് തോന്നി സാര്‍ അവനോടാണ് ചോദിച്ചതെന്ന് !അഥവാ  സാറിന്റെ നോട്ടം കിട്ടിയത് ദിലീപിനാണ് .അവന്‍ പിരിഞ്ഞു പിരിഞ്ഞു എഴുന്നേറ്റു നിന്നു പറഞ്ഞു :
"വാസു പ്പിള്ള   "
ഞങ്ങള്‍ട നാട്ടിലെ വെടിക്കെട്ടുകാരനാണ് വാസുപ്പിള്ള.  അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ
നന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട് .
ഉടനെ കോപിച്ചു മുഖം വക്രിച്ചു പിടിച്ചു സാര്‍ ..
:"ഫാ അസത്തെ നിന്നോട് ആരെങ്കിലും ചോദിച്ചോഡാ വകന്തേ ...!"
ഉടനെ മൂന്നാമതിരുന്ന പ്രദീപ്‌ എണീറ്റ്‌ പറഞ്ഞു:   "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ സാര്‍ "
"എടാ ജന്തു നീ അവിട ഇരിയടാ" വീണ്ടും ശുഭാകരന്‍ സാറിന്റെ അലര്‍ച്ച .
ടിം ..എല്ലാവരും കൂടി ഒന്നിച്ചു ഇരുന്നു !
കണ്ഫ്യുഷന്‍ ...കണ്ഫ്യുഷന്‍ ..ആരോടാണ് ഇരിക്കാന്‍ പറഞ്ഞതെന്ന് !! ഫലത്തില്‍ എല്ലാവര്ക്കും കിട്ടി നുള്ളും പിച്ചും തിരുമ്മും!  ഹൌ !!

 പെണ് കുട്ടികളോടാണ് സാറിനു പുന്നാരം കൂടുതല്‍. ഒരിക്കല്‍ ഇമ്പോസിഷന്‍ എഴുതാതെ വന്നതിനു
 ഞങ്ങളുടെ ക്ലാസിലെ പത്രാസുകാരി ശ്രീദേവിയേയും, അനിതയേയും ഒക്കെ ശുഭാകരന്‍ സാര്‍ നിര്‍ത്തി പൊരിക്കുന്നത് കണ്ടു ഞങ്ങള്‍ ഊറിച്ചിരിച്ചു
"ഓ...അവളുടെ മോന്തായം കണ്ടില്ലേ അസത്ത്!!" ആ സമയത്തെ സാറിന്റെ മുഖം കണ്ടാല്‍ പട്ടി പോലും പിന്നെ വെള്ളം കുടിക്കില്ല .അത്ര പുച്ഛ  രസമാണ്‌  ആ തിരുമുഖത്തു വിളയാടുന്നത്!
   വായാടിയുടെ നായ്കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. പേടികൊണ്ടാണേ...
ഞങ്ങളുടെ ഏഴു ബി ഡിവിഷന്‍റെ ഐശ്വര്യമായ ഡേവിഡ്  സാര്‍  ഇല്ലാതെ വരുമ്പോള്‍ ആ പിരിയഡുകള്‍ ശുഭാകരന്‍ സാറിന്റെ ഏഴ് സിയുമായി കൂട്ടിക്കലര്‍ത്തി  എടുക്കുന്ന പതിവും ഉണ്ടായിരുന്നു .പഠിപ്പിക്കല്‍ അല്ല പീഡിപ്പിക്കല്‍  ആയിരുന്നു അപ്പോള്‍ നടന്നു വരാറ്! ഇന്ത്യന്‍ പട്ടാളം പാകിസ്താന്‍ ക്യാമ്പില്‍ അകപ്പെട്ട അവസ്ഥ !
അതിഥികളായ ഞങ്ങള്‍ പാവപ്പെട്ട ഏഴു ബിക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പണിയായിരുന്നു അദ്ദേഹത്തിനു.
ഏഴു സി പണക്കാരുടെയും അഹങ്കാരികളുടെയും പുസ്തകപ്പെട്ടി  ഉള്ളവരുടെയും ക്ലാസ്സായിരുന്നു . അവര്‍ക്ക് എല്ലാം ഉണ്ടായിരുന്നെങ്കിലും കോങ്കണ്ണന്‍ സാറിന്റെ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് മാത്രം ഒരു മാനക്കേട്‌ പോലെ അവരുടെ ക്ലാസ്സിനു മുന്നില്‍ തൂങ്ങിക്കിടന്നു ! സത്യത്തില്‍ വകന്തകളും മൂശേട്ടകളും ഏഴു സി ക്കാരായിരുന്നു എന്ന് അവിടെ പാട്ടായിരുന്നു .
അവര്‍ക്ക് മേശവിരിപ്പ് പോലെയുള്ള ആഡംബരങ്ങളും ഉണ്ടായിരുന്നു..
ആ മിക്സഡ്‌ പിരീഡില്‍  ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ ആര്‍ക്കും   ഉത്തരം പറയാന്‍ പറ്റാത്ത   ഒരു ചോദ്യം സാര്‍  ചോദിക്കും..എന്താണെന്നോ ?
 "മേശ വിരി ഉള്ള ക്ലാസ്സേതു ?"
പെട്ടെന്ന്  പെരുവഴിയില്‍ വച്ചു ഉടുതുണി നഷ്ടപ്പെട്ടവരെ പോലെ     ഞങ്ങള്‍  ഇളിഭ്യരായി ഇരിക്കുമ്പോള്‍ ഞങ്ങളുടെ ആജന്മ ശത്രുക്കളുടെ ഉത്തരം ഇടിമുഴക്കം പോലെ  വരും:
 "ഏഴു സി "
"വെള്ളിയാഴ്ച   മീറ്റിംഗ് നടത്തുമ്പോള്‍ കേക്കും ചായേം വിതരണം ചെയ്ത ക്ലാസ് ഏതു ?" അടുത്ത കുത്ത് !
"ഏഴു സി "      വീണ്ടും പാകിസ്ഥാന്റെ ഇടിമുഴക്കം !!
ചമ്മി നാറി ഞങ്ങള്‍ ആ പിരീഡു തീരും വരെ ചുളുങ്ങി കൂടി അവിടെ കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ആ നാണക്കേട്‌ മാറ്റാന്‍ പിറ്റേന്ന് തന്നെ ക്ലാസ്സില്‍ പിരിവു നടത്തി പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള തോപ്പും പടി വരെ നടന്നു
പോയി മേശവിരി വാങ്ങി ക്ലാസ്സില്‍ കൊണ്ടുവന്നിട്ടെ ഞങ്ങള്‍ അടങ്ങിയുള്ളു .
മേശവിരിഏതു കടയില്‍ കിട്ടുമെന്ന് അറിയാത്തതിനാല്‍ ഓരോ കടയിലും തിരക്കി തിരക്കിയാണ് ഞങ്ങള്‍ നടന്നു നടന്നു തോപ്പുംപടിയിലെ ഞങ്ങളുടെ മാനം രക്ഷിച്ച ആ കട കണ്ടു പിടിച്ചത് !
ഞങ്ങള്‍ പത്തിലൊക്കെ ആയപ്പോള്‍ സാറന്മാര്‍ ഒക്കെ മാറി .ഞങ്ങളും കുറച്ചൊക്കെ മാറി .പൊടിമീശയോക്കെ വരാന്‍ തുടങ്ങി ട്രൌസറില്‍ നിന്നു മുണ്ടിലേക്ക് മാറി. ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് ക്ലാസ് കട്ടു ചെയ്തു   ചേര്‍ത്തല
ചാരങ്ങാട്ടു തീയറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി .നൂണ്‍ ഷോ...
നല്ല "എ "    ക്ലാസ്സ് പടമാണ് .ന്ന് വച്ചാല്‍ നല്ല ഒന്നാം തരം എന്ന് !!!

 മീശയൊക്കെ കിളിച്ചു വരാന്‍ തുടങ്ങിയത് കൊണ്ടു സിഗരട്ട് വലിയും ആഘോഷമായി നടക്കുന്നുണ്ട്.
സ്ക്രീനില്‍ കെട്ടിമറിയുന്ന അനുരാധയും ടി ജി രവിയും. .കെ എസ് ഗോപാലകൃഷ്ണന്‍ എന്ന  എ ക്ലാസ് സംവിധായകന്റെ സര്‍ഗ സൃഷ്ടി കണ്ടു ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു ഇരിപ്പാണ് .മുന്നില്‍ തലയില്‍ തുണിയിട്ട ഒരു കാര്‍ന്നോരെ കണ്ടു ആദ്യം ഞങ്ങള്‍ പതുങ്ങിയെങ്കിലും കഥ മുറുകിയപ്പോള്‍  അതൊക്കെ മറന്നു.

ഇടയ്ക്ക് സിഗരട്ട് ആഞ്ഞു ആഞ്ഞു വലിച്ചു ഞങ്ങള്‍ പൌരുഷം വിളംബരം ചെയ്തും സീനുകളുടെ എരിവും പുളിയും അനുസരിച്ച് ട്രെബിളും ബാസ്സും മാറ്റി മാറ്റി വളിപ്പ് കമന്റുകള്‍ അടിച്ചു  വിട്ടും കാഴ്ച കൊഴുപ്പിച്ചു .

പടം തീര്‍ന്നു പുറത്തിറങ്ങി ഞങ്ങള്‍ തെക്കുവടക്ക് ശ്രദ്ധിക്കാതെ വലിച്ചു വിടുമ്പോള്‍  മുന്നില്‍ തീയറ്ററില്‍ ഇരുന്ന തലേമുണ്ടുകാരന്‍ മുന്നേ നടക്കുന്നു ..ആ നടപ്പിനും  ,  പിന്‍ഭാഗത്തിനും ഒക്കെ    ഡേവിഡ് സാറിന്റെ   ഒരു മുഖ ച്ഛായ!  വെറും  ച്ഛായ  അല്ല ! ഡേവിഡ്  സാര്‍  തന്നെ!! .
തീയറ്റര്‍ വളപ്പിനുള്ളില്‍ വച്ചു തന്നെ എല്ലാവര്ക്കും എല്ലാം മനസിലായി.
പെട്ടെന്ന് ഡേവിഡ് സാര്‍ ഞങ്ങളുടെ ക്ലാസിലെ പേടിത്തൊണ്ടന്‍ അപ്പുവിനെ പോലെ പറഞ്ഞു "
ഞാന്‍ ..ഇവിടെ ട്രഷറിയില്‍ ബില്ലുമാ..റാ ന്‍ ,, നിങ്ങളെന്താ ഇവിടെ ?"
"അത്  സാര്‍ ഞങ്ങള്‍ ഇവിടെ ഗൈഡു വാങ്ങാന്‍ ..." ഞങ്ങളും പറഞ്ഞൊപ്പിച്ചു !

വീണ്ടും വര്‍ഷങ്ങള്‍ പറന്നു പോയി .
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു ഞങ്ങള്‍  അരൂരില്‍  ഒരു പാരലല്‍  കോളേജു തുടങ്ങി "പാഠശാല "അതായിരുന്നു പേര്.
ഞാന്‍ ഇന്ഗ്ലിഷ് മാഷായി.  നിറയെ ശിഷ്യ സുഹൃത്തുക്കള്‍ . ഒരിക്കല്‍     സ്റ്റാഫ്  റൂമില്‍   തനിച്ചിരുന്നു  പുറത്തെ തളര്‍ന്ന   വെയിലിനെ നോക്കി     എന്തോ ആലോചിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍
 ഗേറ്റ് കടന്നു വരുന്നു പഴയ ഗുരുനാഥന്‍... ഡേവിഡ്സാര്‍‍ !!!.
കഴിഞ്ഞ  ദിവസം ക്ലാസ്സ് കട്ടു ചെയ്തു ഉച്ചപ്പടം കാണാന്‍ പോയതിനു
 രക്ഷ കര്‍ത്താവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു    ഞാന്‍ ക്ലാസ്സില്‍ നിന്നു  ഇറക്കി വിട്ട സാമ്സനും ഉണ്ട് കൂടെ .
സാറിനെ കണ്ട പാടെ ഞാന്‍ എണീറ്റ്‌ അദ്ദേഹത്തിനായി കസേര നീക്കിയിട്ടു. അദ്ദേഹം ഇരുന്നില്ല .
"സാര്‍  ഇതെന്റെ മകനാണ് സാംസന്‍ ..." അദ്ദേഹം എന്‍റെ ശിഷ്യനെ ചൂണ്ടി പറഞ്ഞു..
ഞാന്‍   ഒന്ന് പകച്ചു , സംശയിച്ചു !   അദ്ദേഹത്തിനു എന്നെ മനസിലായില്ലേ ?!!
" സാര്‍ ഞാന്‍ "                  
ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചു
 ".അറിയാം.......            രമേശ്‌ അല്ലേ ..അധ്യാപകരെ പ്രായം നോക്കാതെ ബഹുമാനിക്കണം എന്നാ പ്രമാണം "
.അദ്ദേഹം പറഞ്ഞു .
പിന്നെ മകന്റെ സ്വഭാവ ദൂഷ്യത്തെ ക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചും   ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു . .

പോകാന്‍ നേരം ഡേവിഡ്  സാര്‍       സാംസനെ ചൂണ്ടി കാണിച്ചിട്ട്    എന്നോട് പറഞ്ഞു .
"സാര്‍ ഇവനെ ഒന്ന് ഉപദേശിക്കണം ..."
എനിക്ക് ചിരിവന്നു ..പണ്ട് അനുരാധപ്പടം കാണാന്‍ വന്ന   തലേ മുണ്ടുകാരന്റെ ചമ്മിയ ഓര്‍മയും !
പറ്റിയ പാര്ട്ടിയോടാണ് ശുപാര്‍ശ, ഇങ്ങേര്‍ക്ക് ഓര്‍മക്കേടും ഉണ്ടോ ന്റീശ്വരാ ..ഞാന്‍ മനസ്സില്‍
ചോദിച്ചു : സാറിന്റെയല്ലേ ശിഷ്യന്‍ .ഉപദേശത്തിനു നല്ല ആത്മാര്‍ഥത ഉണ്ടാകും !! ഹി.. ഹി
"ഇവന് സിഗരട്ട് വലിയും ചീത്ത സിനിമ കാണലും ച്ചിരി കൂടുതലാണ് "
അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും  ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ ?
ഞാന്‍ സാംസനെ നോക്കി മനസ്സില്‍ പറഞ്ഞു അത് പിന്നെ അങ്ങിനെയല്ലേ വരൂ ..

" ഇവന്‍ ‍ ആരുടെയാ മോന്‍ !!! "
"വിത്ത്‌ ഗുണം പത്തു ഗുണം "


വാല്‍ക്കഷണം : കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന ശുഭാകരന്‍ സാറിന്റെ വീട്ടില്‍ നാട്ടിലെ ഓണാഘോഷപ്പിരിവിനായി ഞങ്ങള്‍ പഴയ മൂന്നു ശിഷ്യര്‍ ചെന്നു. ഞങ്ങളെ കണ്ട പ്പോള്‍ അദ്ദേഹത്തിന്‍റെ  മുഖം വിടര്‍ന്നു.   പിരിവു ചോദിക്കുന്നതിനു മുന്‍പാണ് കേട്ടോ. വയസായിരിക്കുന്നു !കോങ്കണ്ണിനു  മാത്രം ഒരു മാറ്റവുമില്ല ! കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എന്നോടാണ് എന്നോടാണ് എന്ന് കരുതി എല്ലാവരും മത്സരിച്ചു കയറി ഇരുന്നു . "നീ ഇപ്പോള്‍ എവിടെയാണ് ?" സാര്‍ ചോദിച്ചു. "പത്രത്തില്‍ ആണ് "  രണ്ടാമനായ ഞാന്‍ മറുപടി പറഞ്ഞു ." നിന്നോടോന്നും ചോദിച്ചില്ലല്ലോടാ ,എന്ന് സാര്‍ . "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന് മൂന്നാമനും! ഇതോടെ ആ വീട്ടിലെ പിരിവു ഗോവിന്ദ ആയി !

2010, നവംബർ 21, ഞായറാഴ്‌ച

പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍

           
ഇല്ലായ്മകള്‍ക്ക്  നടുവിലും  പുഞ്ചിരിയോടെ   ജീവിതത്തെനേരിട്ട പ്രതിഭ എസ്.ആര്‍.കെ.യെക്കുറിച്ച് .....
രമേശ്‌ അരൂര്‍
സൌഭാഗ്യങ്ങല്‍ക്കിടയിലും നഷ്ടങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു നിരാശപ്പെടുന്നവര്‍ക്ക് കൃഷ്ണമൂര്‍ത്തിയുടെ ജീവിതം ഒരു സന്ദേശമാണ്.ശാരീരികമായ അപൂര്‍ണതകളെ തോല്‍പ്പിച്ചു അപൂര്‍വ സിദ്ധികളിലൂടെ പൂര്‍ണത നേടുകയാണ്‌ ഈ "പകുതി മനുഷ്യന്‍ ".
ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോ: എപി.ജെ .അബ്ദുല്‍ കലാമും,പുരട്ചി തലൈവി കുമാരി ജയലളിതയും, ഒക്കെ തൊഴു കൈകളോടെ ആദരിച്ച വ്യക്തിത്വം ! ഇസൈ മന്നന്‍ മാരായ ഡോ : ബാല മുരളീ കൃഷ്ണയും ,ഇളയ രാജയും മണിക്കൂറുകളോളം കാത്തിരുന്നു ശ്രവിച്ച സപ്ത സ്വരം! കലാകാരന്മാരെ ഈശ്വര തുല്യം ആരാധിക്കുന്ന തമിഴകത്തിന്റെ ഹൃദയം പിടിച്ചടക്കിയ "പെരിയവര്‍ ".ഇത് എസ് .ആര്‍ .കെ .എന്ന ചുരുക്കപ്പേരില്‍ ലോകം അറിയുന്ന സംഗീത കലൈമാമണി എസ് .ആര്‍ .കൃഷ്ണ മൂര്‍ത്തി .

ജന്മനാല്‍ തന്നെ കൈ കാലുകള്‍ ഇല്ലാത്ത കൃഷ്ണ മൂര്‍ത്തി കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് കാറില്‍ കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ രാജ്യാന്തര വ്യക്തിത്വ വികസന പരിശീലകരും ,ശാസ്ത്രജ്ഞരും ,പ്രൊഫഷനലുകളും അടങ്ങുന്ന ഒരു വന്‍ സദസ്സ് ആ അപൂര്‍വ പ്രതിഭയുടെ സാന്നിധ്യത്തിനായി ആകാംക്ഷ യോടെ കാത്തിരിക്കുകയായിരുന്നു .നിഴല്‍ പോലെ പിന്തുടരുന്ന ഉറ്റ ബന്ധുക്കളുടെ കൈകളില്‍ മുന്‍പ് എന്നോ വീണുടഞ്ഞ കളിപ്പാവ പോലെ ഒതുങ്ങിയിരുന്ന്  ആ മനുഷ്യന്‍ "ലുഗി 'യുടെ ഇന്ഷുറന്സ്പരിശീലന വേദിയില്‍ എത്തിയപ്പോള്‍ മുഴങ്ങിയത് നിലയ്ക്കാത്ത കരഘോഷം !

ശാരീരിക വൈകല്യം മൂലം സ്കൂള്‍ വിദ്യാഭ്യാസം പോലും അന്യമായെങ്കിലും വിധിയെ തോല്‍പ്പിച്ച് വിജയ കിരീടം ചൂടിയ തന്റെ ജീവിത കഥയുടെ ഊര്‍ജം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എത്തിയതാണ് കൃഷ്ണ മൂര്‍ത്തി .പരിമിതികളെ ഓര്‍ത്തു കരയുന്നവരോട് 'ജയിക്കാനായ് ജനിച്ചവനാണ് ഓരോ മനുഷ്യനും 'എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു .


മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ കൃഷ്ണ മൂര്‍ത്തിയെ തേടി രാഷ്ട്ര പതിയുടെ പ്രത്യേക അവാര്‍ഡ് ,തമിഴ് നാട് സര്‍ക്കാരിന്റെ 'സംഗീത കലൈ മാമണി 'സംഗീത ഭൂഷണം ,കലൈ മുത്ത്‌ മണി ,സംഗീത തിലകം -ഇങ്ങനെ ഒട്ടേറെ ബഹുമതികള്‍ എത്തിയെന്നത് ചരിത്റം !.ഇപ്പോള്‍ തമിഴ്നാട് ആകാശ വാണി ഒന്നാം ഗ്രേഡ് ആര്‍ടിസ്റ്റ് ആണ് . പതിനേഴാം വയസ്സില്‍ ഈറോഡ് ഇലെ അമ്പല മൈതാനത്ത് നിന്ന് തുടങ്ങി വച്ച സംഗീത സപര്യ അറുപത്തി ഒന്‍പതാം വയസ്സിലും അനസ്യൂതമായ് തുടരുകയാണ് .

മൂവായിരത്തില്‍ പരം വേദികള്‍ പിന്നിട്ടു റെക്കോര്‍ഡ്‌ മായി മാറി ആ സംഗീത യാത്രാ. അതിനിടയില്‍ തപാല്‍ വഴി ഹോമിയോ പതിയില്‍ ഡിപ്ലോമയും , ഹിന്ദി ,സംസ്കൃത ഭാഷകളില്‍ പണ്ഡിത പദവികളും നേടി ജന്മനാലുള്ള ശാരീരിക അപൂര്‍ണതകളെ അദ്ദേഹം വെല്ലുവിളിച്ചു .
മലേഷ്യയിലും ,സിങ്കപ്പൂരിലും അടക്കമുള്ള ഒട്ടേറെ വിദേശ രാജ്യങ്ങളിലെല്ലാം "ഓടിനടന്ന്  " 
മനസുകൊണ്ട് തളര്‍ന്ന അനേകം മനുഷ്യര്‍ക്ക്‌ തന്റെ ജീവപാഠങ്ങളുടെ ഊര്‍ജം പകരുകയാണ് ഈ പ്രതിഭ .

തമിഴ്നാട് പോലീസ് അക്കാദമിയില്‍ എത്തുന്ന ഓരോ പുതിയ ബാച്ച് കാര്‍ക്കും കൃഷ്ണമുര്തിയുടെ പ്രത്യേക പരിശീലം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു വരുന്നു .

ഇരുന്നു നിരങ്ങിയും കിടന്നുരുണ്ടും സഞ്ചരിക്കുന്ന കൃഷ്ണ മൂര്‍ത്തിക്ക് കൈകള്‍ ഇല്ലെങ്കിലും നന്നായി എഴുതാനും ചിത്രം വരയ്ക്കാനും കഴിയും !ചുണ്ടുകള്‍ക്കിടയില്‍ പേനയും ബ്രഷും തിരുകി അദ്ദേഹം എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക് പ്രചോദനം ഏകുന്ന വാക്കും വരകളും ആണ് .


മൂവായിരത്തില്‍ പരം കീര്‍ത്തനങ്ങള്‍ മന:പാഠം ആക്കിയ കൃഷ്ണമൂര്‍ത്തിക്ക് രാഗങ്ങളെപ്പറ്റി യെല്ലാം   അപാര ജ്ഞാനമാണ്!! .
അച്ഛനും അമ്മയും മരിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ തനിക്കൊരിക്കലും കരയേണ്ടി വന്നിട്ടില്ലെന്ന് നിറചിരിയോടെ അദ്ദേഹം പറയുമ്പോള്‍ അത് സത്യമല്ലെന്ന് വിശ്വസിക്കാനേ ആകില്ല .നാന്‍ താന്‍ കടവുള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു തമിഴകത്തിന്റെ മനം കവര്‍ന്നു .
എന്ത് തോന്നുന്നു ??.. എസ്. ആര്‍. കെ. ഒരു സംഭവം തന്നെയല്ലേ ? ജീവിതം നിരാശയായി കൊണ്ടു നടക്കുന്നവരെ പോസിറ്റിവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. വായിക്കുന്നവര്‍ കഴിയുമെങ്കില്‍  മറ്റു സുഹൃത്തുക്കള്‍ക്കും   ഈ പോസ്റ്റിന്റെ ലിങ്ക്   http://www.remesharoor.blogspot.com/   അയച്ചു കൊടുക്കുക

(ചിത്രങ്ങള്‍: ജോണി തോമസ്‌ (വീക്ഷണം),  ബി. ശ്രീനിവാസ്.(തമിഴ് മലര്‍)

2010, നവംബർ 10, ബുധനാഴ്‌ച

ഓര്‍മയില്‍ ഒരു കര്‍ക്കിടക രാത്രി

ചെറുപ്പത്തിന്റെ  തിളപ്പില്‍  സംഭവിച്ചതാണ്.കര്‍ക്കിടകത്തിലെ  അമാവാസിയുടെ  കുറ്റാക്കുറ്റിരുട്ട്  നിറഞ്ഞ ആ രാത്രിയില്‍  ഞങ്ങള്‍ നാലുപേര്‍ ആ വീട്ടില്‍ ഒത്തുകൂടി .ഞാന്‍ ,സുരപ്പന്‍ ,മണി ,പിന്നെ സാജന്‍ .കൂടെ ഒരു പെണ്ണുമുണ്ട് !ഞങ്ങള്‍    കൌമാര   കാല  സുഹൃത്തുക്കളാണ് ;  ഞങ്ങള്‍  മാത്രം

അവളെ ആദ്യമായി കാണുകയാണ് . കായലിനക്കരെയുള്ള സുഹൃത്ത് മണിയാണ് തോപ്പുംപടിയില്‍ നിന്നു വരും വഴി ഇരുട്ടിന്റെ  കരിമ്പടത്തില്‍  പൊതിഞ്ഞു  അവളെ  ആ  വീട്ടില്‍  എത്തിച്ചത്. ഒരു 25  അല്ലെങ്കില്‍  30  വയസു പ്രായം കാണും അവള്‍ക്ക്  .ഞങ്ങള്‍ക്ക്  17   ഉം18  ഉം ഒക്കെയേ കാണു .കോളേജില്‍ 
പഠിക്കുന്ന സമയം അല്ലേ !

അപ്രതീക്ഷിതമായി  "ഒരു കോള് "ഒത്തു വന്നതിന്റെ സന്തോഷവും അതിലധികം അമ്പരപ്പും, ഭയവും ഉണ്ട് ..കൂട്ടത്തിലെ 
ഏറ്റവും പേടിത്തൊണ്ടന്‍ ഞാനായിരുന്നു .വളരെ ചെറുപ്പമാണെങ്കിലും   സുരപ്പനും മണിക്കും ഒന്നും ഇത് പുതിയ 
അനുഭവം അല്ല .ഇതിനു മുന്‍പും അവര്‍ ഇങ്ങനെയുള്ള സാഹസീക കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് .  അതിന്റെ സുഖവും സന്തോഷവും   അറിഞ്ഞിട്ടുണ്ട്  അവന്റെയൊക്കെ  ചില അനുഭവ  വിവരണങ്ങള്‍ കേട്ടു‌ ഞങ്ങള്‍ മറ്റു കൂട്ടുകാര്‍
കൊതിയോടെ അന്തം വിട്ടിരുന്നിട്ടുണ്ട് .അന്ന് മുതല്‍ മനസ്സില്‍ മൊട്ടിട്ടതാണ് ആ ആഗ്രഹം .

അത് സാധിക്കാനുള്ള അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യ ഊഴം അവര്‍ ഔദാര്യ  പൂര്‍വ്വം എനിക്കാണ് തന്നത് .

വിറയ്ക്കുന്ന കാല്‍മുട്ടുകള്‍ . മനസ്സിണെ മഥിക്കുന്ന ഭയത്തോടെ അതിലേറെ  കിതപ്പോടെ ഞാന്‍ മുറിക്കുള്ളിലേക്ക്
കയറുമ്പോള്‍  ..........
."നേരം കളയരുത്..!!" "ഞങ്ങള്‍  മൂന്നു പേര്‍ ഇവിടെ ബാക്കിയുണ്ട് എന്ന ബോധം വേണം "
 അക്ഷമരായ കൂട്ടുകാരുടെ താക്കീതുകള്‍ !!
സത്യത്തില്‍ എന്‍റെ ഉള്ള്  "പടോ! പടോ! "എന്ന് ഇടിക്കുകയായിരുന്നു .
ഒരു  മുന്‍പരിചയവും ഇല്ലാത്ത പണിയാണ് ..അവളാണെങ്കി ആവശ്യത്തില്‍ അധികം പരിശീലനം കിട്ടിയവളാണെ ന്നാണ് മണിയുടെ മുന്നറിയിപ്പ് !  
  
സത്യത്തില്‍  മുറിയില്‍ കയറിയപ്പോളാണ് അവളുടെ രൂപം ഞാന്‍ വ്യക്തമായി കാണുന്നത് തന്നെ .
.മണിയുടെ  നിഴല്‍ പറ്റി  ആ  വീട്ടിലേക്കു വരുമ്പോളും ഞങ്ങള്‍  പരിപാടികളുടെ രൂപരേഖയും   നടത്തിപ്പും  തയ്യാറാ ക്കുംപോളും   അവള്‍ മുറിക്കുള്ളില്‍ നിശബ്ദയായി  ഇരിക്കുകയായിരുന്നു . ആരാണാദ്യം കാര്യം  നടത്തുക ആരു  രണ്ടാമത് പോണം  എന്നൊക്കെ  തീരുമാനിക്കുന്നതിനിടയില്‍  ഉണ്ടായ തര്‍ക്കങ്ങളില്‍ ഞങ്ങള്‍ കലഹിക്കുമ്പോള്‍  കൌതുക പൂര്‍വമുള്ള  അവളുടെ പാളി നോട്ടം ഞങ്ങളില്‍ പതിക്കുന്നത് ഞാന്‍ ഒളിഞ്ഞു കണ്ടു . 
"സമ്മതിച്ച രൂപ ആദ്യമേ തന്നെ മുഴുവന്‍ നല്‍കണം;  
പറഞ്ഞതില്‍  കൂടുതല്‍  ആളുകള്‍   ഉണ്ടാകാന്‍  പാടില്ല;
എല്ലാം  കഴിഞ്ഞു  വെളുക്കുന്നതിനു  മുന്‍പ് കവലയില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടണം"  
ഇത്രയും  ഡിമാണ്ടുകള്‍  മാത്രമാണ് അവള്‍ മണിയുടെ അടുത്തു മുന്‍ കൂറായി  മുന്നോട്ടു വച്ചിരുന്നത് .

ഒരു   ഡിമാണ്ട് ആദ്യമേ  തന്നെ ഞങ്ങള്‍   തെറ്റിച്ചു !.
ആകെ  മൂന്നു  പേരെന്നാണ്  പറഞ്ഞിരുന്നതെങ്കിലും എന്നെ ക്കൂടി തിരുകി കയറ്റി  എണ്ണം കൂട്ടിയത് അവള്‍  ആദ്യം എതിര്‍ത്തു .
പറഞ്ഞ  തുകയെക്കാള്‍ അമ്പതു രൂപ  കൂടി കൂടുതല്‍  കൊടുക്കാമെന്നു മണി  പറഞ്ഞത് കൊണ്ടാണ് മനസില്ലാ മനസോടെ എന്നെയും  (നാലാമന്‍ ഞാനാണെന്നൊന്നും അവള്‍ക്കറിയില്ല ) കൂടി താങ്ങാന്‍   അവള്‍ സമ്മതം മൂളിയത് .

എന്തായാലും മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അകത്തു കയറി.അവള്‍ കട്ടിലില്‍ ഇരിക്കുകയാണ് ..നരച്ച വയലറ്റ് നിറത്തിലുള്ള പോളിസ്ടര്‍ സാരി ചുറ്റിയ മെലിഞ്ഞ ഒരു  രൂപം.! അടുത്ത കാലത്തെങ്ങും എണ്ണമയം കാണാതെ പാറിപ്പറന്ന നീളന്‍ മുടിയിഴകള്‍ .വയലറ്റ് കളറിലുള്ള ബ്ലൌസിന്റെ അയഞ്ഞ  കൈകള്‍ .നല്ല ഐശ്യര്യമുള്ള മുഖം .

പ്രായം കൊണ്ടു  എന്‍റെ  ചേച്ചിയുടെയത്രയെങ്കിലും   മൂപ്പ് കാണും.പെട്ടെന്ന് ഞാനെന്തോ ചെറുപ്പത്തില്‍ ഞങ്ങളെ  വിട്ട് പോയ
എന്‍റെ കുഞ്ഞേച്ചിയെ  ഓര്ത്തു  പോയി .പക്ഷെ ഇവള്‍ എന്‍റെ  ചേച്ചി അല്ലല്ലോ ..എന്‍റെ  ഉദ്ദേശം എനിക്കും അവള്‍ക്കും

  നന്നായി അറിയുകയും   ചെയ്യാം ..
..ചില നിശാ സുന്ദരിമാരുടെ അനുഭവ കഥകള്‍ വായിച്ചിട്ടുണ്ട് .
എങ്ങനെയോക്കയോ ഈ ..അഴുക്കു ചാലില്‍ മുങ്ങി പൊങ്ങി ഒഴുകുന്നവര്‍
ചില പെണ്ണുങ്ങള്‍ എങ്ങനെ ഇങ്ങനെയൊക്കെ ആയി തീര്‍ന്നെന്നു
അവര്‍ തന്നെ വിവരിക്കുന്ന പൊള്ളുന്ന അനുഭവക്കുറിപ്പുകള്‍ .
ഒന്നുകില്‍ കാമുകനോ  ഭര്‍ത്താവ് തന്നെയോ    ചതിച്ചത് !  അല്ലെങ്കില്‍
രണ്ടാനച്ഛന്‍  പിഴപ്പിച്ചത് !  അതുമല്ലെങ്കില്‍ പത്തോ നൂറോ രൂപയ്ക്ക് വേണ്ടി  പെറ്റമ്മ തന്നെ  കൂട്ടി കൊടുത്തത് ! 
ഇവള്‍ക്കും  അങ്ങനെ എന്തെങ്കിലും കഥകള്‍ കാണാതിരിക്കില്ല ..
അവള്‍ മുഖമുയര്‍ത്തി     എന്നെ  നോക്കി .".വേറെ  എത്ര പേര്‍
 കൂടി  പുറത്തുണ്ടെന്നു എന്നോട് ചോദിച്ചു 
..ആള് കൂടിയിട്ടില്ല  എന്ന് ഉറപ്പു വരുത്താന്‍     ആയിരിക്കും.
"എന്താ ? " ഞാന്‍ അലിവോടെ ചോദിച്ചു .
"ആദ്യം   രണ്ട് പേരെ,, മൂന്നു  പേരെ  ഉള്ളൂ  എന്നൊക്കെ  പറയും .പിന്നെ  ആളുകള്‍  കൂടും ..
പറഞ്ഞ കാശും തരില്ല .പറ്റിക്കും !
.ഞാനും ഒരു മനുഷ്യ ജീവിയല്ലേ ..? കാശ് തന്നില്ലെങ്കില്‍ വേണ്ട ..ഇത്രയധികം  പേരെ താങ്ങാനുള്ള ശേഷി എനിക്കുണ്ടോ ?
അവളുടെ ചോദ്യം ന്യായമാണ് ..പക്ഷെ സുഖം തേടി വരുന്നവര്‍ എന്തിനു ഇതൊക്കെ ചിന്തിക്കണം .എറിയുന്ന പച്ചനോട്ടുകള്‍ക്ക് പകരമായി പരമാവധി മുതലാക്കണം .അത്രതന്നെ !
എനിക്കറിയാം ഞാന്‍  ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിച്ചു  വെറുതെ  നേരം  കളയുകയാണെന്ന്!!  .വാതിലിനപ്പുറത്തു 
 ഞങ്ങളെ മാത്രം ശ്രദ്ധിക്കുന്ന ആറ് കണ്ണുകള്‍ വേറെയുണ്ട് .അവരുടെ അക്ഷമ നിറഞ്ഞ നിശ്വാസങ്ങള്‍ ഉണ്ട്..
"നമുക്ക് തുടങ്ങാം "
അവള്‍ പറഞ്ഞു .പിന്നെ ഒരു നാണവും  കൂടാതെ  ആ നരച്ച സാരി അഴിച്ചു കട്ടിലില്‍ ഇട്ടു .
എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല ..
അവളും ഒന്നും അറിയാത്തവളെ പോലെ എന്‍റെ അജ്ഞതകളെ  ഏറ്റുവാങ്ങാനെന്ന മട്ടില്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. അരികില്‍ ഇരിക്കെ എന്നിലെ  ജിജ്ഞാസുവായ  കൌമാരക്കാരന്     അവളുടെ കഥ കേള്‍ക്കണമെന്ന്  പെട്ടെന്നൊരാഗ്രഹം തോന്നി ..
"ചേച്ചിക്കിതെങ്ങിനെ   ഈ  പണിക്കിറങ്ങാന്‍ തോന്നി  ? " ഞാന്‍ അവളുടെ  വിളറിയ കവിളുകളില്‍ മൃദുവായി നുള്ളിക്കൊണ്ട്
 ചോദിച്ചു .  
"ഇയാള്ക്കിതെങ്ങനെ ഇവിടെ വരാന്‍ തോന്നി ?"
മറുചോദ്യം കൊണ്ടു അവള്‍ എന്‍റെ ആകാംഷയെ  വരിഞ്ഞു മുറുക്കി.  

നരച്ച വയലറ്റ് ബ്ലൌസിന്റെ കുടുക്കുകള്‍ അഴിക്കാന്‍ തുടങ്ങുന്നതിനിടയില്‍ അവളുടെ മാറിടങ്ങള്‍ നനഞ്ഞു കുതിര്‍ന്നത്‌
ഞാന്‍ കണ്ടു. നനഞ്ഞ ബ്ലൌസ് എന്നെ കാണിക്കാതെ അവള്‍ കട്ടിലിന്റെ കാല്‍ക്കലേക്ക് എറിഞ്ഞു . ഇതെന്താ ഇങ്ങനെ നനഞ്ഞ്‌? കിനിഞ്ഞിറങ്ങുന്ന മുലപ്പാല്‍ തുള്ളികള്‍ !! അടങ്ങിക്കിടന്ന എന്‍റെ ആകാംഷ വീണ്ടും കുതറിപ്പിടഞ്ഞെണീറ്റു.. 
 "അയ്യോ !ഇതെന്താ ? ഇങ്ങനെ ?"
"അത്  ..അത് " ..അവള്‍  ഒന്ന് വിതുമ്പി .
"ഞാന്‍  നാല്   മാസം  പ്രായമുള്ള  ഒരു  പിഞ്ചു കുഞ്ഞിന്റെ  അമ്മയാണ്!
എന്‍റെ കുഞ്ഞിനു അമ്മിഞ്ഞ കുടിക്കാനുള്ള നേരമായതാ ...അവന്‍ ഇപ്പോള്‍ 
പാല് കുടിക്കാന്‍ കഴിയാതെ കരയുന്നുണ്ടാകും !"
 അവളുടെ മാറിടം പോലെ നനഞ്ഞ്‌ കുതിര്‍ന്ന വാക്കുകള്‍ ! പിന്നെ പുറം തിരിഞ്ഞു നിന്നു ചുരന്നു വന്ന അമ്മിഞ്ഞപ്പാല്‍
അവര്‍ പിഴിഞ്ഞ് കളഞ്ഞു ..
ഇരുളില്‍ അകലെ വിശന്നു കരയുന്ന ഒരു കുഞ്ഞിക്കരച്ചില്‍ ഞാന്‍ കേട്ടുവോ ? എനിയ്ക്ക് പെട്ടെന്ന് സങ്കടം തോന്നി ..
വീണ്ടും കുഞ്ഞേച്ചിയുടെ  മുഖം മനസിലേക്ക് ഓടിവരുന്നു ! ഓര്‍ത്തപ്പോള്‍   ഉള്ളൂ നീറിപ്പുകഞ്ഞു!പുറത്തു .അക്ഷമരായ കൂട്ടുകാരുടെ  അപസ്വരങ്ങള്‍ .
വാതിലില്‍ അവര്‍ മുട്ടുന്നുണ്ടോ ?
പെട്ടെന്ന്  ഞാന്‍ നിലത്തു കിടന്ന  ഷര്‍ട്ട് എടുത്തിട്ടു
വേഗത്തില്‍ പുറത്തിറങ്ങി.
വാതിക്കല്‍ കാത്തു

നിന്നിരുന്ന സാജന്‍  അതേ  നിമിഷം തന്നെ  എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് പാഞ്ഞു കയറി .
കൂട്ടുകാരുടെ പിന്‍വിളി ശ്രദ്ധിക്കാതെ ഞാന്‍ ഇരുളിലേക്ക് ഇറങ്ങി നടന്നു .
നനഞ്ഞ്‌ കുതിര്‍ന്ന  മാറിടങ്ങളും ..നിസഹായ മായ ആ മുഖവും ഓര്ത്തു കായല്‍ക്കരയില്‍ തനിച്ചു കിടക്കുമ്പോള്‍
അമ്മിഞ്ഞ ക്കായി വിശന്നു കരയുന്ന  പിഞ്ചു പൈതലിനെ പോലെ  ഞാനും കരഞ്ഞു പോയി .

.(ചിത്രങ്ങള്‍ക്കു  കടപ്പാട്:  ഇന്ത്യ  വിഷന്‍, നളിനി ജമീലയുടെ ആത്മ കഥാ പുസ്തകം ഡി സി ബുക്സ് ,ഗൂഗിള്‍ ) 

2010, നവംബർ 5, വെള്ളിയാഴ്‌ച

സുന്ദരികളും സുന്ദരികളും സുന്ദരിയെ കണ്ടു പിടിക്കൂ .. 
കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇന്ന് (നവംബര്‍ -ആറിനു )നടക്കുന്ന മിസ്‌  സൌത്ത് ഇന്ത്യ സൌന്ദര്യ മത്സരത്തിലെ ഫൈനല്‍ ഗ്രൂമിങ്ങില്‍ 
എത്തിയ മത്സരാര്‍ഥികളാണ് ചിത്രത്തില്‍ .ഇവരില്‍ മിസ്‌ സൌത്ത് ഇന്ത്യ ആകുന്ന സുന്ദരിയെ നിങ്ങള്ക്ക് പ്രവചിക്കാം ...     സമ്മാനം നേടാം ..
സമ്മാനം സസ്പെന്‍സ് !! 

മിസ്‌ സൌത്ത് ഇന്ത്യ പട്ടം  ബംഗാളുരുസ്വദേശി ശുഭ യ്ക്ക് 

 തെക്കേയിന്ത്യയുടെ സൗന്ദര്യറാണി എന്ന  വിശേഷണം കര്‍ണാടകയില്‍ നിന്നുള്ള  ശുഭ ഫുതെല യ്ക്ക് സ്വന്തം. മൂന്നരമണിക്കൂര്‍ നീണ്ട അഴകിന്റെ പോരാട്ടത്തില്‍ പതിനഞ്ച് സുന്ദരിമാരെ പിന്തള്ളിയാണ് ശുഭ ഹെയ്‌റോമാക്‌സ് മിസ്.സൗത്ത് ഇന്ത്യ പട്ടം ശിരസ്സിലണിഞ്ഞത്.  കേരളത്തിന്റെ ഗീതുക്രിസ്റ്റി ഫസ്റ്റ് റണ്ണറപ്പും ആന്ധ്ര ക്കാരി നികിതാ നാരായണ്‍ സെക്കന്റ് റണ്ണറപ്പുമായി. ഒരു ലക്ഷം രൂപയാണ് മിസ്‌ സൌത്ത് ഇന്ത്യക്കുള്ള സമ്മാനം .ഫസ്റ്റ് റ ണ്ണ ര്‍ അപ്പിന് അരലക്ഷവും സെക്കണ്ട് റ ണ്ണ ര്‍ അപ്പിന് കാല്‍  ലക്ഷവും രൂപ വീതം സമ്മാനമായി ലഭിക്കും .മുകളില്‍ മത്സരത്തിനു മുന്‍പ് പോസ്റ്റു ചെയ്ത ചിത്രത്തിലെ മധ്യ നിരയില്‍ നില്‍ക്കുന്നവരില്‍ നാലാമത് നില്‍ക്കുന്നതാണ് ഒന്നാം സ്ഥാനം നേടിയ ശുഭ .ഇരിക്കുന്നവരില്‍ രണ്ടാമത്തേത് നികിതയും അവസാനത്തേത് ഗീതുവും .


_----------------------------------------------------------------------------------------------------------------------------------------2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ്ങി

പൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ (രണ്ടാം ഭാഗം)

മുഖമായി ഒന്ന് പറഞ്ഞോട്ടെ ..ഞങ്ങട വാര്‍ഡില്‍ പഞ്ചായത്ത് മെമ്പറാകാനുള്ള ആക്രാന്തം മൂത്ത്  എലക്ഷനു നിന്ന സഖാവ് ആക്രാന്തം  ബൈജു ഒന്നാം നിലയില്‍ അമിട്ട് പൊട്ടുന്നത് പോലെ പൊട്ടി ..അതിന്റെ ആഹ്ലാദം പങ്കിടുന്ന തിരക്കിലാണ് ഞങ്ങട പാര്ട്ടീലെ മറ്റേ മൂരാച്ചി ഗ്രുപ്പുകാര്‍...തെറിയും തുണി പൊക്കിക്കാണിക്കലും   തമ്മില്‍ തല്ലുമായി ആകെ ജഗ പൊഗ..   
പൊറിഞ്ചുവേട്ടന്റെ   സംഭവ   ബഹുലമായ    ജീവിത കഥയുടെ ഒന്നാം ഭാഗം വായിച്ചു ബൂലോകത്ത് നിന്നു കിട്ടിയ പ്രതികരണങ്ങള്‍ വിലയിരുത്തി  ഞങ്ങളുടെ വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറി "ചെഗുവേര സുഗുണന്‍ ‍" പഞ്ചായത്ത് ഇലക്ഷന് ശേഷം കൂടിയ 'ചെളി വാരി എറിയല്‍' കമ്മറ്റിയില്‍ ഇങ്ങനെ പറഞ്ഞത്രേ . "ഈ പൊട്ടം ബൈജുന നിര്‍ത്തിയ സാനത്തു   നുമ്മട    പൊറിഞ്ചുന നിര്‍ത്തിയാരുന്നങ്കി   ഇതീക്കൂടുതല്‍ ഓട്ടു കിട്ടുമാരുന്നു .. "
ഇതറിഞ്ഞ പൊറിഞ്ചു അരൂര് മുഴുവന്‍ കേള്‍ക്കെ ഒരാട്ട് ആട്ടിയത്രേ !.".ഫാ...എന്റ    പട്ടി പോകും കണ്ടവംമാരുടെ വീട്ടു പടിക്കെ ..ഓട്ടു തെണ്ടാന്‍ .............ഈ പൊറിഞ്ചുവേ.....  മാനം മര്യാദി ഒള്ളവനാ ..നാണോം മാനോം ഇല്ലാത്ത ചെറ്റകളാ..ഓട്ടിനു നിക്കേം ..മറ്റേം ചെയ്യണ...എന്നാത്തിനാ ? കയ്യിട്ടു വാരാനല്ലേ
ഇവമ്മാര്  ഓട്ടെന്നും രാഷ് ട്രീയൊന്നും  ഒക്ക പറഞ്ഞു നെരങ്ങണത് !!  .ഹല്ലാ പിന്ന ... പൊറിഞ്ചു ഈ അരൂക്കരെ നടന്നു തെണ്ടിയാലും ..പഞ്ചായത്തില കലത്തീ ..കയ്യിട്ടു വാരമ്പോ വുകേല ..കെട്ടാ ..."   
അത് പോട്ട   ....നുമ്മക്കു നുമ്മട  കാര്യത്തിലാട്ട്     കടക്കാം .
അന്ന് വെളുപ്പിനെ ഉണ്ടായ ആ 'കശ പെശ'   ക്കു ശേഷം പൊറിഞ്ചു ചെമമീന്‍ കച്ചവടം നിര്‍ത്തി ..പാപ്പു മാപ്ലക്കും വയ്യാതായി എന്ന് കൂട്ടിക്കോ ..
പൊറിഞ്ചു വിന്റെ ഉദാസീനത കണ്ടു ഒരു ദിവസം   ലില്ലിക്കുട്ടി  ഉറഞ്ഞു തുള്ളിക്കൊണ്ട്  വന്നു ചോദിച്ചു :"ഹല്ലാ നിങ്ങ ഇതെന്നാത്തിനോള്ള പൊറപ്പാടാ ...മനുഷേനെ ?    ഇങ്ങന പോയാ ഈ വീട്ടീ തീ പൊകയേല കെട്ടാ" .പിന്നെ പാപ്പു മാപ്ല കേള്‍ക്കെ .".അപ്പനാണങ്കി ഇന്നാ നാളേന്നും പറഞ്ഞു കുഴീലേക്കു കാലും നീട്ടി കെടക്കേണ് 
അങ്ങേര ഇങ്ങന  ഇട്ടു നരകിപ്പിക്കാ ത വേഗം അങ്ങാട്ട് കെട്ടിയെടുക്കണേ എന്റ വേഗുല മാതാവേ .."   
"എടീ കൂത്തിച്ചീ ഞാഞ്ചത്തിട്ടു.. വേണാ ..നിനക്ക് വിരിയാണി തിന്നാന്‍ ...എടാ പൊറിഞ്ചുവേ നീയിതു കേക്കണി ല്ലേടാ ..തന്തക്കാലാ ..അവ്ട കഞ്ഞി നാവിക്കിട്ടു ഒന്ന് കൊടുക്കെടാ  ..@#***%*##@.മോനെ "  തന്‍റെ ആയുസിനു കോടാലി വയ്ക്കുന്നത് പോലെയുള്ള ലില്ലിക്കുട്ടി യുടെ വാക്കുകള്‍ കേട്ട പാപ്പു മാപ്ല തനിക്കു അറിയാവുന്ന തെറികളൊക്കെ വിളിച്ചു പറഞ്ഞ്‌ ആത്മ രോഷം പ്രകടിപ്പിച്ചു ..
കാര്യം ഇങ്ങനെയൊക്കെ യാണെങ്കിലും പൊറിഞ്ചു വിന്റെ മനസ്സില്‍ തന്‍റെ ശോഭനമായ ഭാവി വെസനസിനെ പ്പറ്റിയുള്ള ഒരു മനോഹരമായ സ്വപ്നം വിരിഞ്ഞു വരുന്നുണ്ടായിരുന്നു .എന്താണെന്നോ അത് ?
-ഒരു .ചായക്കച്ചവടം .!!-
ചെമ്മീന്‍ കച്ചവടം പോലെയല്ല ചായക്കച്ചവടം ..അത് വെച്ചടി വെച്ചടി കേറിക്കേറി പോകുന്ന ഒരു ഭയങ്കര വെസനസാണ്...അരൂ ..അമ്പലം പടിഞ്ഞാപ്രത്ത്  റോഡരുകില്‍ നൈറ്റ് വണ്ടിക്കട നടത്തുന്ന ആ അരവിന്ദന്‍ ഇപ്പൊ ആരാ  ?വല്ല്യേ ചായക്കട  മൊതലാളി അല്ലേ !! അരൂരിലെ ആദ്യ നൈറ്റുകട സ്ഥാപിച്ച മഹാനായിരുന്നു അരവിന്ദന്‍ ചേട്ടന്‍ ..എനിക്ക് തോന്നുന്നു ഈ നൈറ്റ് കട പ്രസ്ഥാനം കണ്ടു പിടിച്ചത് തന്നെ ഈ അരവിന്ദന്‍ ചേട്ടനാണെന്നു !!നേരത്തെ ഇല്ലത്തും പടിക്കല്‍ കൊവാലീട സൈക്കിള്‍ ഷാപ്പിനടുത്ത് പകല്‍ കച്ചോടത്തിനു ഒരു കട ഇട്ടിരുന്നതാ ..ഇപ്പൊ വണ്ടിക്കടെം കൂട്ടി കട രണ്ട്!!
പകലിവിടക്കച്ചോടം !രാത്രി അവിടക്കച്ചോടം!!കാശാണെങ്കി കുമുകുമാന്നു അങ്ങാട്ട് കുമിഞ്ഞു കൂടുകേല്ലെ!! ഇതെവിടക്കൊണ്ടേ വെക്കണെന്റപ്പാ ...മൂന്നു പെമ്മക്കളേം പുഷ്പം പോലേല്ലേ കല്യാണം കഴിപ്പിച്ചു വിട്ടത് !എല്ലാം ചായക്കച്ചോടത്തീന്നു     ഒണ്ടാക്കീതാ..  " അരവിന്ദന്‍ ചേട്ടന്റെ കച്ചോടം കാണാന്‍ തന്നെ എന്ത്  രസമാണെന്നറിയാവാ .??..
രാത്രി അരുണാ തീയറ്ററില്‍ സെക്കണ്ട് ഷോയും കഴിഞ്ഞു വരുന്നവരും ലോറിക്കാരും ഒക്കെ യാണ് അയാളുടെ പ്രധാന കസ്റ്റമേഴ്സ്   ".മൊട്ട . ആംപ്ലേയ്റ്റ്  " എന്ന് വിളിക്കുന്ന ഓംലേറ്റാണ്‌  കടയിലെ വിശേഷാല്‍ പ്രസാദം ..അരവിന്ദേട്ടന്റെ ആംപ്ലേറ്റും ബ്രെഡും കഴിക്കുന്നത്    അന്ന് വല്യ സ്റ്റാറ്റസ്  കിട്ടുന്ന ഏര്‍പ്പാടായിരുന്നു..    ...ഞങ്ങളുടെ നാട്ടില്‍ വേറെ ഒറ്റ കടയില്‍ പോലും ആമ്പ്ലെയ്ട്ടു കണികാണാന്‍ പോലും കിട്ടിയിരുന്നില്ല അത് വരെ ..ആര്‍ക്കും ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പോലും അറിയില്ല .. അരവിന്ദേട്ടന്‍ ബോംബയിലെ  ഏതോ ഹിന്ദിക്കാരനില്‍ നിന്നാണത്രേ ആമ്പ്ലെയ്ട്ടു നിര്‍മാണ വിദ്യ സ്വായത്തമാക്കിയത് ! അയാളാണ് പിന്നെ അരവിന്ദ്‌ ഏട്ടന്റെ മൂത്ത മകള്‍ കൊച്ചമ്മിണിയെ അടിച്ചു മാറ്റിക്കൊണ്ട് പോയതും ..മകള്‍ ഒരെണ്ണം തലയില്‍ നിന്നു ഒഴിവായി പോയെങ്കില്‍ എന്താ ? പണ്ട് പുളിച്ച ദോശയും ചമ്മന്തിയും മാത്രം വിറ്റു ഈച്ചേം ആട്ടി ഇരുന്നിരുന്ന അരവിന്ദേട്ടന്‍ ഇന്ന് അന്തസ്സുള്ള ഒരു ചായക്കട മൊതലാളി ആയി മാറിയില്ലേ !    ഒന്നര രൂപ ആയിരുന്നു അന്ന് ഓംലെറ്റിന്റെ താങ്ങ് വില ..എന്നെ പോലുള്ള ദരിദ്ര പണ്ടാരങ്ങള്‍ക്ക്   ആ കാലത്തൊന്നും താങ്ങാന്‍ പറ്റാത്ത വിലയും ! 
ചെലവന്മാരോക്കെ സെക്കണ്ട് ഷോയും കഴിഞ്ഞു വന്നു അരവിന്ദന്റെ കടയില്‍ കയറി ഞെളിഞ്ഞിരുന്നു "ഒരാംപ്ലെയ് റ്റ് .."എന്ന് ഗമയില്‍ പറയുന്നത് കേട്ടു‌ ഞാന്‍ മാറിനിന്നുകൊതിയൂറി  വെള്ളമിറക്കി പ്രാകി പ്രാകി അവന്മാരുടെ തല പൊളിച്ചിട്ടുണ്ട് ..ഒരു മനസാക്ഷിയും ഇല്ലാതെ ബ്രഡും കൂട്ടി ആംപ്ലേയ്ട്ടു തിന്നവന്മാര്‍ പിറ്റേന്ന് കടയില്‍ വന്നു "അരവിന്ദേട്ടാ ഇന്നലെ മൊട്ട അല്പം കേടായിരുന്നെന്നു തോന്നണു ..അത് തിന്നതീ പിന്ന ഭയങ്കര വയറു വേദന.! വയറിനു ഒരൊഴിവും   കിട്ടീട്ടില്ല..ഇന്നൊരു നാരങ്ങാ പിഴിഞ്ഞ കട്ടന്‍ കാപ്പി മാത്രം മതി     "എന്ന് പരിതപിക്കുന്നത്‌ കേട്ടു‌ ഞാന്‍ ഊറി ഊറി ചിരിച്ചിട്ടുണ്ട് ..അങ്ങന തന്ന വേണം !!തീറ്റ പണ്ടാരങ്ങള്‍ക്ക് !!..
ആമ്പ്ലൈടിനു ഓര്‍ഡര്‍  കിട്ടിയാല്‍ ഉടനെ വരും അരവിന്ദേട്ടന്റെ ചോദ്യം "സിംഗി ളാ ..? ഡബി ളാ ..?"
അന്നൊക്കെ ഡബിള്‍ പറയുന്നവന്‍ രാജാവാണ് ! മുട്ട പൊട്ടിച്ചൊഴിച്ചു നുറുക്കിയ സവാളയും പച്ച മുളകും  ഉപ്പും 
കൂട്ടി ഒരു അലുമിനിയ ഗ്ലാസ്സിലിട്ടു ഒരു സ്പൂണുകൊണ്ട് അടിച്ചു പതപ്പിക്കുന്നതിന്റെ ഒച്ച രാത്രിയുടെ നിശബ്ദതയില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് വരെ മുഴങ്ങുമായിരുന്നു ..!! അരവിന്ദേട്ടന്റെ കടയില്‍ വന്നു കയറിയ ഐശ്യര്യ ദേവതയുടെ സൈറണ്‍  പോലെ ! അത് കേള്‍ക്കാനുള്ള മനക്കട്ടിയില്ലാതെ ആമ്പ്ലെയ്ട്ടു ഉണ്ടാക്കാന്‍ 
അറിയില്ലാത്ത മറ്റു കടക്കാര്‍ നേരത്തെ കടയും പൂട്ടി സ്ഥലം വിടുമായിരുന്നു !! ആമ്പ്ലൈട്ടു അടിക്കാന്‍ അറിയാത്തവരോന്നും  തട്ടുകടയുമിട്ടു നൈറ്റ് കച്ചോടത്തിനു ഇറങ്ങിയിട്ട്  കാര്യമില്ല  എന്ന സ്ഥിതിയായി  അരിക്ക്  വകയൊപ്പിക്കാന്‍ പാടു പെടുന്ന ചില പാവത്താന്‍ മാര്‍  കസ്റ്റ മേഴ്സിനെ കൂട്ടാനുള്ള ഞ്ഞുണ്ക്ക്  വിദ്യയുടെ ഭാഗമായി  ഒണക്കക്കൊഴുവാ പോലെ ഇരിക്കുന്ന
അവരുടെ പെമ്പ്രന്നോത്തി മാരെ സാരീം   ചു റ്റിച്ചു
വെളമ്പക്കാരി ആക്കി നിര്‍ത്തി നോക്കി  .അങ്കോം കാണാം താളീം  ഒടിക്കാല്ലോ....ശെവട... നോ   രക്ഷ  .
 അവര്  വെറുതെ ഒറക്കം   കളഞ്ഞതല്ലാതെ വേറെ 
 പ്രയോജനം ഒന്നും കിട്ടിയില്ല.. കടേ വരുന്നവംമാര് 
ഒണക്ക
 കൊഴുവാടെ   കയ്യീന്ന്   ഒരു ഗ്ലാസ്സ്  പച്ച വെള്ളോം 
 വാങ്ങിക്കുടിച്ചു   ഒരു വെടല   ചിരീം  ചിരിച്ചു  
 "അപ്പ ഇനി നാളക്കാണാട്ടൊ..ചേച്ചീ "ന്നും പറഞ്ഞു  
നേരെ  അരവിന്ദന്‍  ചേട്ടന്റെ  ഓം ലറ്റ്   തിന്നാന്‍ 
 ഓടിപ്പാഞ്ഞു പോകും
 ചില കടക്കാര്‍  ആമ്പ്ലെയ്ട്ടു നിര്‍മാണ വിദ്യ ഒളിഞ്ഞു പഠിക്കാന്‍  തക്കം  പാര്‍ത്തു  ചാരന്മാരെ അയച്ചു നോക്കി.  ചാരന്മാര്‍   -"അരവിന്ദ ണ്ണാ    കടയില്‍  പാല്‍ തീര്‍ന്നുപോയി കടുപ്പത്തില്‍  ഒരു ചായ വേണം" .".ഇതാ നല്ല ബീടിയാ ഇതൊന്നു വലിച്ചു നോക്ക് "എന്നൊക്കെ പറഞ്ഞ്‌   പതുക്കെ അടുത്തു കൂടും ..
പക്ഷെ ബീഡി വാങ്ങി വലിച്ചിട്ടു അരവിന്ദേട്ടന്‍ ഒതുക്കത്തില്‍ അവരെ പരിപ്പ് വട പോലെ പാര്‍സല്‍ ചെയ്തു വിടുകയും ചെയ്യും ..അരവിന്ദേട്ടന്റെ അടുത്താ അവമ്മാര് വേകാത്ത  പരിപ്പ് വേവിക്കാന്‍ വരുന്നത് !!.. അടിച്ചു പതപ്പിച്ച ആമ്പ്ലെയ്ട്ടു കൂട്ട് പരന്ന അലുമിനിയം പാനില്‍ ചൂടായിക്കിടക്കുന്ന എണ്ണയിലേക്ക് പരത്തിഒഴിക്കും ..പിന്നെ ഇരു വശത്തേക്കും പാന്‍ ഇളക്കി നാലഞ്ചു കൈക്ക്രിയകള്‍ ..ഇനിയാണ് തൃശൂര്‍ പൂരത്തിലെ കൂട്ട വെടിക്കെട്ട്  പോലെ  ആമ്പ്ലെയ്ട്ടു നിര്‍മാണ വിദ്യയിലെ ഏറ്റവും സുപ്രധാനമായ അരവിന്ദേട്ടന്റെ അഭ്യാസ   പ്രകടനം ..ഒരു വശം മൊരിഞ്ഞു പാകമായ ആമ്പ്ലെയ്ട്ടു മറിച്ചിടുന്ന സൂത്രപ്പണിയാണത്  ! കടയില്‍ ആമ്പ്ലെയ്ട്ടു തിന്നാല്‍ വരുന്നവരും വെറുതെ വരുന്നവരും വഴിപോക്കന്മാരും എല്ലാം കാണാന്‍ കൊതിക്കുന്ന ഇന്ദ്ര ജാല പ്രകടനം ! ഇരു വശങ്ങളിലേക്കും 
കുലുക്കി പാനില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ആമ്പ്ലെയ്ട്ടു മുകളിലേക്ക് കറക്കി ഒരേറ് ആണ് ..തലയ്ക്കു മുകളിലേക്ക് കുതിക്കുന്ന ആമ്പ്ലെയ്ട്ടിനെ തല്‍ക്കാലം പറക്കാന്‍ വിട്ട് മറ്റു കസ്റ്റമര്‍ മാരോടായി  ചോദിക്കും "അവിടെന്തു വേണം ? ഇവിടെന്തു വേണം ?" അരവിന്ദേട്ടന്‍ ഓര്‍ഡര്‍ എടുത്തു തീരുന്നത് വരെ ക്ഷമയോടെ ആകാശത്തു പറന്നു കളിക്കുന്ന ആമ്പ്ലെയ്ട്ടു പിന്നെ ദാ ..അരവിന്ദേട്ടന്‍ നീട്ടി പിടിച്ച പാനില്‍ സുരക്ഷിത മായി വന്നു  ലാന്‍ഡ്‌  ചെയ്യും.അതുവരെ  ആമ്പ്ലെയ്ട്ടിനു  എന്ത്  സംഭവിക്കും  എന്നറിയാതെ  ശ്വാസം അടക്കി  പിടിച്ചിരിക്കുന്ന  പ്രേക്ഷകരില്‍  നിന്നു  അപ്പോളായിരിക്കും ആശ്വാസത്തിന്റെ ദീര്‍ഘമായ ഒരു   നെടുവീര്‍പ്പുയരുക  ! ഹോ !!!..സമാധാനമായി !!ആപത്തൊന്നും സംഭവിച്ചില്ലല്ലോ .. !!
അരവിന്ദേട്ടന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ വീണ്ടും ചോദിക്കും "ഏയ്‌  മൊട്ടേ    ..   കെഴങ്ങാ ?  " മുട്ടക്കറി വേണോ അതോ കിഴങ്ങ് കറി മതിയോ "എന്നാണ് ചോദ്യം ..ഇത് കേട്ടു‌  തന്നെ പരിഹസിച്ചതാണെന്ന് കരുതി മോട്ടത്തലയനായ ഒരു ലോറി ഡ്രൈവര്‍ അരവിന്ദേട്ടനെ ഒരിക്കല്‍ ചെറുതായിട്ടൊന്നു പെരുമാറി.അത് വേറെ കഥ .
അപ്പൊ ഈ വെസനസു പ്രമുഖനായ അരവിന്ദേട്ടനും അദ്ദേഹത്തിന്‍റെ ചായക്കടയും ഒക്കെയാണ് നമമുടെ പൊറിഞ്ചു വേട്ടന്റെ  സങ്കല്‍പ്പങ്ങളില്‍  ഇപ്പോള്‍  നിറഞ്ഞു  കവിഞ്ഞു  നില്‍ക്കുന്നത്  ..അത്  പോലൊരു  ചായക്കട തൊടങ്ങണം ...ആമ്പ്ലെയ്ട്ടും ..പൊറോട്ടയും ..എറച്ചിക്കറീം ഒക്കെ വിക്കുന്ന ഒരു മഹാ പ്രസ്ഥാനം ! ഈ വള്ളോം തൊഴഞ്ഞു കായല് മുഴുവം നടക്കണത്‌  ഒരന്തസ്സു കൊറവാണ്...നാട്ടുകാര് നാറികട ..വായിലിരിക്കണ 
കേക്കേം വേണ്ട ..നുമ്മട കടേ നുമ്മ രാജാവ് ...!!ഹൈ ആലോചിക്കുമ്പ ത്തന്ന ദേ രോമാഞ്ചം വന്നു !!! ..പൊറിഞ്ചു ലില്ലിക്കു രോമാഞ്ചം കാണിച്ചു ...ശെ ..വെടക്കു കെട്ട മനുഷേന്‍ ..എനിക്കിതൊന്നും കാണണ്ട എന്ന് പറഞ്ഞ്‌ ലില്ലി എഴുന്നേറ്റു പോയി .
അങ്ങനെ അരൂക്കുറ്റി കടത്തിന് സമീപം പൊറിഞ്ചു തന്‍റെ ചായക്കട യുടെ മഹത്തായ ഉത്ഘാടനം കുറിച്ചു.
ഫെറി റോഡരുകിലെ ഒരു മാടക്കട ..നടുക്ക് വെള്ളം വറ്റിയ തോട് ..ഇപ്പുറത്തു കട അപ്പുറത്ത് റോഡ്‌ ..അതാണ്‌ ഭൂമിശാസ്ത്രം . 
അരൂക്കുറ്റി(പാദുവാ പുരം)   പള്ളിയിലെ    പെരുന്നാള്‍ ദിനത്തിലായിരുന്നു ഉത്ഘാടനം ...അരൂക്കുറ്റി പള്ളീ പെരുന്നാള്‍ അരൂര്‍ ,അരൂക്കുറ്റി,കുമ്പളം ,പനങ്ങാട്   മുതല്‍ സമീപ തീരദേശ ഗ്രാമങ്ങളിലെ വളരെ പ്രധാനമായ പെരുന്നാള്‍ ദിനമാണ്  ..അന്തോനീസു  പുണ്യാളന്റെ  നേര്ച്ചക്കഞ്ഞി  കുടിക്കാനും  കൈതപ്പുഴയിലെ   ചങ്ങാട പ്രദക്ഷിണം കാണാനും
പഞ്ചാര അടിക്കാനും , പെരുന്നാള് കൂടാനുമായി പതിനായിരങ്ങള്‍ ഒഴുകിവരുന്ന സുദിനം ! മുച്ചീട്ട് കളിക്കാരും ,പന്നി മലത്ത് കാരും ,കറക്കി കുത്തുകാരും തെരുവുകളില്‍ വിലസുന്ന പെരുന്നാള്‍ !കള്ളനും പോലീസും അപ്പറോം ഇപ്പറോം നിന്നു വാതു വച്ചു കള്ള് കുടിക്ക ണ പെരുന്നാള്‍ ..  
ആളുകളുടെ തിക്കും തിരക്കും പ്രമാണിച്ചുള്ള കലക്ഷന്‍ മുന്നില്‍ കണ്ടാണ്‌ പൊറിഞ്ചു കടയുടെ ഉത്ഘാടനം പെരുന്നാള്‍ ദിനം നോക്കി വച്ചത് ...കട തുറന്നു ..ഒരു മുന്നൂറു പേര്‍ക്കെങ്കിലും കുടിക്കാനും കഴിക്കാനും ആവശ്യമായ പലഹാരങ്ങളും പാലും ഒക്കെ നേരത്തെ തന്നെ സംഘടിപ്പിച്ചു ..തിരക്ക് കൂടിയാല്‍ കച്ചവടത്തിന് 
സ്പീട് കൂട്ടാന്‍ അനന്തിരവന്മാരായ സോളമനെയും, സാബുവിനെയും വിളിച്ചു വരുത്തി .രാവിലെ മുതല്‍ മുന്നിലുള്ള
റോഡിലൂടെ ആള്‍ക്കൂട്ടം ഒഴുകുകയാണ് ..ആരും കടയിലേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല ..ഇതെന്തു മറിമായം !!?? പൊറിഞ്ചു വിനു വേവലാതിയായി ..കര്‍ത്താവേ ..ഇങ്ങനെ പോയാല്‍ ഇതെല്ലാം കുഴിവെട്ടി മൂടെണ്ടി വരുമല്ലോ ..ലില്ലി ക്കുട്ടി  നെടു വീര്‍പ്പിട്ടു ." എടീ നീയൊരു കാര്യം ചെയ്യ്‌ ..ആ റോഡിലേക്കിറങ്ങി ആളെ വിളിച്ചു കേറ്റ്..ബാക്കി ഞാന്‍ നോക്കിക്കോളാം .".പൊറിഞ്ചു തന്‍റെ തുരുപ്പു ചീട്ടു ഇറക്കാന്‍ തീരുമാനിച്ചു ..    
    എന്ന അങ്ങന ചെയ്യാം ..ലില്ലി ക്കുട്ടി മുടീം വാരിക്കെട്ടി ചട്ടേം മുണ്ടും നേരെയാക്കി റോഡിലേക്കിറങ്ങി ..
കണി മോശമായില്ല ..അതാ വരുന്നു കെള പോലെ കണ്ണ മാലീന്നു പതിരിഞ്ഞമ്മേം മക്കളും !!അവരെ കണ്ട പാടെ ലില്ലിയുടെ മുഖം അഞ്ഞൂറിന്റെ ബള്‍ബു പോലെ തിളങ്ങി .. .അവരുടെയും ..എല്ലാം കൂടി പത്തയ്യായിരം വാട്ടിന്റെ വെളിച്ചം !  ഇതാര് നമ്മട ലില്ലിക്കുട്ടിയാ??!! പതിരിഞ്ഞമ്മ അതിശയിച്ചു..
"ദേ ഞങ്ങ ചായക്ക ച്ചോ ടം തൊടങ്ങി ..എല്ലാരും വന്നു ചായ കുടിച്ചേച്ചും പോയിട്ട് പള്ളീ പോയാ മതി ..കെട്ടാ.." ലില്ലി ഉപചാരം  പറഞ്ഞു .ക്ഷണം കിട്ടാത്ത താമസം പതിരിഞ്ഞമ്മയും പടയും ചായക്കടയില്‍ ഹാജര്‍ ...കോള് മല പോലെ കടയിലേക്ക് വരുന്നത് കണ്ടു പൊറിഞ്ചു വിനു രോമാഞ്ചം വീണ്ടും വീണ്ടും രണ്ട് മൂന്നു പ്രാവശ്യം ഉണ്ടായി ..പതിരിഞ്ഞമ്മയും സംഘവും വയറു നിറയെ തിന്നുന്നതിനിടയില്‍ ലില്ലി "ദേ 
ഇപ്പ വരാം കെട്ടാ " എന്ന് പറഞ്ഞു അടുത്ത സംഘത്തെയും കൂട്ടി വന്നു ! ഇത്തവണ പൊറിഞ്ചു വിന്റെ നേര്‍പെങ്ങള്‍ പുഷ്പിയും അവളുടെ നാത്തുന്‍ മാരും അവരുടെ ചില്ലറകളുംഅയലോക്ക ക്കാരും  കൂടി   ഒരു പത്തു പതിനഞ്ചു പേര്‍ വരും ! അവരും അവരാല്‍ കഴിയാവുന്ന വിധം കച്ചവടം കെങ്കേമമാക്കാന്‍ ഉത്സാഹിച്ചു.
അവര്‍ എഴുന്നേറ്റു ലില്ലിയോടു വീട്ടു വിശേഷം തിരക്കുന്നതിനിടയില്‍ ...അതാ വരുന്നു ഈശപ്പന്‍ മേസ്ത്രിയും അയാളുടെ 'കുടി കിടപ്പുകാരും' (കുടിച്ച്‌ വെളിവില്ലാതെ കണ്ടിടത്തു   കിടക്കുന്നവര്‍ )ഇപ്പോള്‍ തന്നെ  തരുംപിനും തുരുമ്പിനും  വെളിവില്ലെങ്കിലും  കയ്യിലൊരു ഫുള്‍ ബോട്ടിലും പോക്കിപ്പിടിച്ചാ ണ്  ആശാന്റെ വരവ് !  കടയിലെത്തിയ ബന്ധു ജനങ്ങളുടെ ഇടയില്‍ അവരും കൂടി കച്ചോടം ആഘോഷമാക്കി ..വൈകുന്നേരമായി
ചായയടിച്ചും ചോറും കറിയും വിളമ്പിയും ക്ഷീണിച്ച പൊറിഞ്ചു കലക്ഷന്‍ എത്രയായെന്നറിയാന്‍ സാബുവിനെ വിളിച്ചു .അവനായിരുന്നു കാശ് മേടിക്കുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി പൊറിഞ്ചു താല്‍ക്കാലിക മായി നല്‍കിയിരുന്നത് ...പെട്ടി യിലെ കാശ് എണ്ണി നോക്കിയ പൊറിഞ്ചു വിന്റെ കണ്ണില്‍ കൂടി പൊന്നീച്ച പറന്നു ..
എല്ലാം കൂടി പന്ത്രണ്ടു രൂപ അമ്പത് പൈസ ...!!!എടാ കഴുവേറി മകനെ നീ  ബാക്കി കാശൊക്കെ എവിടെ 
കൊണ്ട് പോയി ത്താത്തിയെടാ .."പൊറിഞ്ചു അലറി .." അയ്യോ !!ഞാനൊറ്റക്കാ ശും എടുത്തില്ല എന്റ കയ്യീ ..
ഇത്രേ കിട്ടിയൊള്ള് ..."സാബു കൈമലര്‍ത്തി ..
"എടീ ലില്ലീ....കാശൊക്കെ എന്തിയെടീ ...???? "അയ്യോ എന്റ പതിരിഞ്ഞമ്മേടും സോന്തക്കരോടും ഞാനെങ്ങന യാ മനുഷേനെ കാശ് ചോദിക്ക ണ ത് ..നിങ്ങക്ക് ചോദിക്കാംപാടില്ലഞ്ഞാ...അതിനു എന്റ ആള്‍ക്കാര് മാത്ര മല്ലല്ലാ ..വന്നത് ..നിങ്ങട പോന്നു പെങ്ങട വീട്ടുകാരും ..വെന്തക്കാരും വന്നു വെട്ടി വിഴുങ്ങിയപ്പ കാശ് മേടിക്കാം മ്മേലായിരുന്നാ ? എന്താ മുണ്ടാട്ടം മുട്ടിപ്പോയാ ?? ലില്ലിയും വിട്ട് കൊടുത്തില്ല ...ആകെ കശ പിശ യായി എന്തായാലും ഇരുട്ടുന്നതിനു മുന്‍പ് തന്നെ പൊറിഞ്ചു കടയുടെ തട്ടിയും വലിച്ചിട്ടു  സ്ഥലം വിട്ടു.. അങ്ങനെ പ്രിഞ്ചു വിന്റെ ആദ്യ ദിനത്തിലെ കച്ചവടം   ഓര്‍ക്കാപ്പുറത്ത്    ഓഹരി വിപണി നിലം പൊത്തിയത് പോലെ കട്ട പ്പുകയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!പിന്നെ ഒരാഴ്ചത്തേക്ക് പൊറിഞ്ചു വിന്റെ പൊന്നോമന ചായക്കട അടഞ്ഞു തന്നെ കിടന്നു ..
എങ്കിലും അരവിന്ദേട്ടന്റെ തട്ടുകടയിലെ ആമ്പ്ലെയ്ട്ടു ഗാസ്സില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന കിടുക്കം പൊറിഞ്ചു വിന്റെ മനസിനെ ഇടതടവില്ലാതെ ചൊറിഞ്ഞു കൊണ്ടിരുന്നു ...എന്തായാലും ഇങ്ങനെ കിടന്നിട്ടു കാര്യമില്ല .. ആമ്പ്ലെയ്ട്ടും മറ്റുമൊക്കെ യായി കട ഒന്നുഷാറാക്കണം. കട വീണ്ടും തുറക്കാന്‍ തീരുമാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ പൊറിഞ്ചു  അവിടെ കാര്‍ഡു ബോര്‍ഡ് വെട്ടി മിനുക്കി  ഒരു തത്വചിന്ത ഉജാലയില്‍ മുക്കി   എഴുതി വെച്ചു    "ബന്ധുക്കള്‍ ശത്രുക്കള്‍ "
   "ഇവിടെ മൊട്ട ആമ്പ്ലയിറ്റും  വില്‍ക്കപ്പെടും " എന്ന് കാക്കിരി പീക്കിരി എഴുതിയ വേറൊരു ബോര്‍ഡും വച്ചു.എല്ലാം കൂടി ചെലവു ഒരു ഉജാലയും കുറച്ചു കട്ടി പേപ്പറും ..
.നാട്ടില്‍ വികസനം വരുന്നു എന്ന് കേള്‍ക്കുന്നത് പോലെയാണ് പൊറിഞ്ചു വിന്റ കടയില്‍ ആമ്പ്ലൈറ്റ്  ഉണ്ടാക്കി വില്‍ക്കാന്‍ പോകുന്നു   എന്ന വാര്‍ത്ത ജനം നെഞ്ചിലേറ്റിയത് ...വള്ളക്കടവിലും..ചന്തയിലും അങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം ഇത് തന്നെയായി സംസാര വിഷയം ...പൊറിഞ്ചുവേട്ടന്‍ നുമ്മട അരവിന്ദേട്ടന്റെ കട പൂട്ടിക്കുമെന്നാണ്   തോന്നണത് ...അരവിന്ദന്റെ ചായക്കടയിലിരുന്നു ഫ്രീ ചായ കുടിച്ച്‌ ആളുകള്‍ അടക്കം പറഞ്ഞു ..
ആമ്പ്ലൈടു ഉണ്ടാക്കുന്നത്‌ പഠിക്കാന്‍ പൊറിഞ്ചു കൊച്ചീലോ കൊയംപത്തൂരോ എങ്ങാണ്ട് പോയി ഒരാഴ്ച പ്രാക്ടീസ് ചെയ്തു എന്ന് വരെ കുന്നായ്മക്കാര്‍   പറഞ്ഞുണ്ടാക്കി ..
ആമ്പ്ലൈട്ടു ഉണ്ടാക്കുന്നതും അത് അരവിന്ദേട്ടനെ പോലെ ആകാശത്തു കറക്കി എറിഞ്ഞു പൊറിഞ്ചു കയ്യടക്കവും കരവിരുതും കാട്ടി അടുത്ത ആമ്പ്ലൈട്ടിനുള്ള ഓര്‍ഡര്‍ എടുക്കുന്നതും ഭാവനയില്‍ കണ്ടു ജനം പുളകം കൊണ്ടു..ചിലര്‍ ആമ്പ്ലൈറ്റ് ആദ്യമാദ്യം കിട്ടാനായി മുന്‍കൂറായി ഓര്‍ഡര് ‍വരെ കൊടുത്തു..എല്ലാവര്ക്കും അങ്ങനെയെങ്കിലും ആ അരവിന്ദേട്ടന്റെ അഹങ്കാരം ഒന്ന് കുറയുമല്ലോ എന്നായിരുന്നു ചിന്ത ..    
ബിവറേജസിനു മുന്നില്‍ കുപ്പിവാങ്ങാന്‍ ക്യു നില്‍ക്കുന്നത് പോലെ  തന്‍റെ കടയുടെ മുന്നില്‍  ആമ്പ്ലൈട്ടു കിട്ടാനായി കാത്തു കെട്ടിക്കിടക്കുന്ന  പുരുഷാരത്തെയും ഒരാള്‍ പോലും  കയറാതെ കടയിലിരുന്നു ഉറക്കം തൂങ്ങുന്ന അരവിന്ദേട്ടനെയും   പൊറിഞ്ചു സ്വപ്നത്തില്‍ കണ്ടു കോരിത്തരിച്ചു .
അങ്ങനെ ആ മദന മോഹന സുന്ദര മുഹൂര്‍ത്തം വന്നണഞ്ഞു ..പ്രതീക്ഷിച്ചത് .പോലെ പത്തു മുപ്പതു പേര്‍ കൂടിയിട്ടുണ്ട് പൊറിഞ്ചുവിന്റെ ആമ്പ്ലൈട്ടു നിര്‍മാണവും കറക്കിയടിക്കലും ലൈവ് ആയി ദര്‍ശിക്കാന്‍ .....ചാനലുകാര്‍ അന്നുണ്ടായിരുന്നെങ്കില്‍ അവരും വന്നേനെ !
ഫൈനലില്‍ അങ്കത്തിനിറങ്ങുന്ന കളരി അഭ്യാസിയെപ്പോലെ പൊറിഞ്ചു സ്റ്റൌവും പാനും എണ്ണയും ഒക്കെ അടുപ്പിച്ചു വച്ച്    തന്‍റെ കോണ്‍ഫിഡന്‍സ്  ലെവല്‍ ഒന്നുയര്‍ത്തി വച്ചു!   .. ആകെ ശ്മശാന മൂകത .."പൊറിഞ്ചു നീ ധൈര്യമായിട്ട്  ഒരു ആമ്പ്ലൈട്റ്റ് ഇങ്ങെടുത്തെ :"   മൂകത തകര്‍ക്കാന്‍ പൊറിഞ്ചുവിന്റെ അയല്‍വാസിയും കടത്ത് കാരനുമായ റപ്പായി മാപ്ല രണ്ടിന്റെ ഒരു പെടക്കണ രൂഭാ എടുത്തു പൊറിഞ്ചു വിന്റെ കൈ വെള്ളയില്‍ വച്ചു കൊടുത്തു .  ലില്ലിക്കുട്ടി  ഒരു പ്ലാസിക് കൊട്ടയില്‍ നിറച്ചു വച്ചിരുന്ന താറാം മൊട്ടയും സവാളയും മുളകും അരിഞ്ഞതും സപ്പോര്‍ട്ട് ആക്കി നീക്കി വച്ചു ...വലിഞ്ഞു മുറുകിയ അന്തരീക്ഷം !!
പാപ്പു മാപ്ലയുടെ  ശ്വാസം മുകളിലേക്ക് പ്രയാസപ്പെട്ടു  വലിഞ്ഞു കേറുന്നതും  "എന്തിനാണ് ഇത്രയും പാടുപെട്ടു ശ്വാസം കഴിക്കണത് "   എന്ന്  ചോദിക്കും  പോലെ  കേറിയ  ശ്വാസം  ഇറങ്ങിപ്പോകുന്നതും  അല്ലാതെ മറ്റൊരു  ശബ്ദവും 
കേള്‍ക്കാനില്ല   
സ്റ്റൌവില്‍ കാറ്റടിച്ചു ഉഷാറാക്കി പൊറിഞ്ചു തീ കത്തിച്ചു ...പാന്‍ എടുത്തു അടുപ്പില്‍ വച്ചു എണ്ണ കണക്കു തെറ്റാതെ ഒഴിച്ചു..പിന്നെ മൊട്ട പൊട്ടിച്ചു ഗ്ലാസ്സില്‍ ഒഴിച്ചു സവാളയും മുളകും ഉപ്പും ചേര്‍ത്തു ഈശപ്പന്‍ മേസ്ത്രി വാര്‍ക്കപ്പണിക്കു കമ്പി കൊണ്ടു  കോണ്ക്രീറ്റ്    കുത്തുന്നത്  പോലെ ഇളക്കിക്കുത്തി ഒച്ച കേള്‍പ്പിച്ചു  ..എല്ലാവരും ഒന്ന് കാതോര്‍ത്ത് നോക്കി ..അരവിന്ദന്‍ ചേട്ടന്റെ കടയിലെ അത്ര "കട കടാന്നുന്നുള്ള" താളം   കേക്കണോണ്ടാ ??? "ഏയ്‌ ഇല്ലെന്നു ചിലരും "അമ്പോ പൊറിഞ്ചു പണി പടിച്ചല്ലാ "എന്ന് മറ്റുചിലരും മനസില്‍ കുറിച്ചു ..പൊറിഞ്ചു അന്തോനീസു പുണ്യാളനെയും ആമ്പ്ലൈട്ടിനുള്ള മുട്ടകള്‍ യഥാസമയം ഇട്ടുതന്ന ചാത്തം പെലേന്റെ   താറാവ്കളെയും  മനസ്സില്‍ ധ്യാനിച്ച്‌  മുട്ട അടിച്ചതെടുത്തു ചൂടായ പാനിലെക്കൊഴിച്ചു ചുറ്റിച്ചു ..സീല്‍ക്കാര ശബ്ദത്തോടെ   മൊരിയുന്ന മുട്ടയുടെ സ്വയമ്പന്‍ മണം..വൌ..എല്ലാരുടെയും വായിലേക്ക് പെട്ടെന്ന് കൈതപ്പുഴ ക്കായാല്‍ ഒഴുകിവന്ന പോലെ വെള്ളം നിറഞ്ഞു ! മൊട്ട മൊരിഞ്ഞു ഉഷാറായി വരികയാണ് ! 
"എന്നെ തിന്നൂ എന്നെ തിന്നൂ" എന്ന് എന്ന് വിളിച്ചു പറയും പോലെ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍  ബ്രെഡ്‌ കഷണങ്ങള്‍ .ഞെരുങ്ങി  യിരിക്കുന്നു   പൊറിഞ്ചു  ഉണ്ടാക്കുന്ന  ആമ്പ്ലൈ റ്റ് മായിച്ചേര്‍ന്നു ഏതെങ്കിലും അണ്ണാക്കിലേക്ക്
 കയറാന്‍ ധൃതി  കൂട്ടുകയാണ് ബ്രഡുകളും .. ലില്ലിക്കു അങ്ങനെയാണ് തോന്നിയത് !        .കൌണ്ട്  ഡൌണ്‍  തുടങ്ങി ക്കഴിഞ്ഞു ..മൂ ...ന്ന്  ..ര...ണ്ട് ..ഒ..ന്ന് 
മൊരിഞ്ഞ ആമ്പ്ലൈട്ടു മുകളിലേക്ക് വീശിയെറിയാന്‍ നേരമായി ...പൊറിഞ്ചു വിന്റെ നെഞ്ച് " പടോ.. പടോ . ..എന്ന് ...ഇടിക്കാന്‍     തുടങ്ങി ..ലില്ലിക്കുട്ടി കണ്ണടച്ച് കണ്ണമാലിക്കാരന്‍ ഔസേപ്പിതാവിനെ  പ്രാര്‍ഥിച്ചു  ...പാപ്പു മാപ്ലയുടെ ശ്വാസം ഒരു മനസ്സാക്ഷിയും ഇല്ലാതേ  വേഗത്തില്‍  കേറാനും ഇറങ്ങാനും തുടങ്ങി .
ഇനി നേരമില്ല ..മുഹൂര്‍ത്തം തെറ്റിയാല്‍ ആമ്പ്ലൈട്ടു കരിക്കട്ടയാകും .മറിച്ചേ മതിയാകൂ  ..പൊറിഞ്ചു രണ്ടും കല്‍പ്പിച്ചു പാന്‍ ആങ്ങോട്ടും   ആട്ടി നേരെ മോളിലേക്ക് കണ്ണടച്ച് നിന്നു വീശിയെറിഞ്ഞു .പിന്നെ .കൈയിരുന്ന 
പാന്‍  ആമ്പ്ലൈട്ടിനെ  സ്വീകരിക്കാന്‍  പാകത്തില്‍  നീട്ടിപ്പിടിച്ചു  പുളകിത  ഗാത്രനായി ഒരു  നിമിഷം ശങ്കിച്ച്  നിന്നു!
 അരവിന്ദേട്ടനെ പോലെ ഓര്‍ഡര്‍ എടുക്കണോ വേണ്ടേ ?
.കാതു  തുളയ്ക്കുന്ന കൂക്കിവിളിയും ബഹളവും റപ്പേല്‍    മാപ്ലയുടെ ഒച്ചത്തിലുള്ള തെറി വിളിയും കേട്ടാണ് പൊറിഞ്ചു കണ്ണു തുറന്നത് ..അഭിമാന ത്തോടെ കയ്യിലെ പാനിലേക്ക് നോക്കി .'.എവിടെ ആമ്പ്ലൈട്റ്റ് ??'
"ദേ കെടക്കണു നിന്റ കോപ്പിലെ ഒരാമ്പ്ലൈട്റ്റ് ..എന്റ കാശിങ്ങാട്ടെടുത്തെ...വെറുതെ മുതുകാള പശൂന മെനക്കെടുത്തിയെന്നു പറഞ്ഞാ മതിയല്ലാ .."  റപ്പായി മാപ്പള കലിതുള്ളി നില്‍ക്കുകയാണ്..പൊറിഞ്ചു ജാള്യതയോടെ കൈവിട്ടു  പോയ ആമ്പ്ലൈട്ടിനെ തിരഞ്ഞു ..ഉണ്ട് ..അതവിടെ ഉണ്ട് ..കടയുടെ മുന്നിലെ  വെള്ളം വറ്റിയ തോട്ടില്‍ കിടന്നു  വിശ്രമിക്കുകയാണ് ..അയ്യോ !!ചതിച്ചല്ലാ കര്‍ത്താവേ ..   ഇതെങ്ങനെ സംഭവിച്ചു ??!! നേരത്തെ വീട്ടില്‍ വച്ചു പത്തുമുപ്പതു മൊട്ട കൊണ്ടു നല്ലോണം പ്രാക്ടീസ് ചെയ്തതാണല്ലാ ..നാണ ക്കെട് കൊണ്ടു പൊറിഞ്ചു വിന്റെ മുഖം കുനിഞ്ഞു പോയീ ..ലില്ലി ക്കുട്ടി പൊറിഞ്ചുവിനെ ഒന്നിരുത്തി നോക്കിയിട്ട് ചവിട്ടി ത്തുള്ളി കടയില്‍ നിന്നിറങ്ങി
 പൊയ്ക്കളഞ്ഞു !
പൊറിഞ്ചു വിന്റെ ആദ്യ  ആമ്പ്ലൈട്ടു നിര്‍മാണം വീക്ഷിക്കനെത്തിയ നാട്ടുകാര് പരിഷകള്  നല്ലൊരു തമാശപ്പടം കണ്ടത് പോലെ കൂക്കിവിളിച്ചും പൊട്ടിച്ചിരിച്ചും   " അപ്പളെ  പൊറിഞ്ചു വേ ഇനി ഞങ്ങക്ക്  പോകാല്ലാ ...അതോ വേറെ വല്ല   കലാ പരിവാടീം  ഒണ്ടാ? " ന്നു ചോദിച്ചു പോരിന്ച്ചുനെ ഒന്നാക്കിയിട്ട് പിരിഞ്ഞുപോയി ...
എല്ലാം കണ്ടും കേട്ടും നിന്ന  പാപ്പു മാപ്ല ഇങ്ങനെ  പറഞ്ഞു : ആന തൂറണ  പോല  അണ്ണാന്തൂറിയാ വല്ല രെഷേം കിട്ടുവാ  ...
   വാല്‍ക്കഷണം  : പ്രിയപ്പെട്ട  അരവിന്ദേട്ടന്‍  പരലോകത്ത് ആദ്യത്തെ തട്ടുകടയിട്ട് അവിടെ ഒമ്പ്ലൈട്ട് ഉണ്ടാക്കി ദൈവങ്ങളെ കൊതിപ്പിക്കുകയാണ് .പാവം  പാപ്പു മാപ്ല അവിടുത്തെ പറ്റു പടിക്കാരനും..  
-----------------------------------------------------------------------------------------------------------
"കഴിഞ്ഞ തോണ വന്നപ്പ പൊറിഞ്ചുന  നിങ്ങ എല്ലാരും കൂടി സ്നേഹിച്ചു അങ്ങാട്ട് വീര്‍പ്പു മുട്ടിച്ചു ..ഇനീം വല്ലോം  പറയാനുന്ടങ്കി അങ്ങാട്ട്  ചങ്കോറപ്പോടെ പറഞ്ഞിട്ട് പോന്നേ...ഓ പളോ !!"    
             2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

പൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഭാഗം 1

പൊറിഞ്ചുവിന്റെ   സത്യാന്വേഷണ പരീക്ഷണങ്ങള്‍
"രൂര്‍ എന്ന  ലോകത്തിലെ" ഏറ്റവും മനോഹരമായ  ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌.എന്‍റെ ജന്മ നാടിനെ പറ്റി  അങ്ങനെ  അവകാശപ്പെടുന്നതിനു ടാക്സ്‌ ഒന്നും കൊടുക്കണ്ടല്ലോ അല്ലേ ? ഹി ഹി ..അവിടെ ജീവിച്ചിരിക്കുന്ന കുറെ രസികന്‍ കഥാ പാത്രങ്ങളുണ്ട്‌..
അതിലൊരാളാണ്  പൊറിഞ്ചു  എന്ന് വിളിപ്പേരുള്ളഫ്രാന്‍സിസ്  ചേട്ടന്‍..
സംസാരിക്കുമ്പോള്‍ മാത്രം    അല്‍ല്‍ല്‍....പ്പം കൊയ  കൊയാന്നു  കൊഞ്ഞപ്പുള്ള പൊറിഞ്ചുവേട്ടന്  ഏതാണ്ട് ആറ്  ആറരഅടി പൊക്കമുണ്ട്..
കരി ഓയിലില്‍ കുളിപ്പിച്ചെടുത്തത് പോലെ  മെഴു മെഴാന്നുള്ള നിറം ..
വര്‍ത്തമാനം പറച്ചില്‍ എങ്ങനെ സ്ലോ മോഷനിലാക്കാം എന്ന   ഇനത്തില്‍  ഒരു  കൊമ്പറ്റീഷന്‍ വച്ചാല്‍ ഉറപ്പായിട്ടും ഒന്നാം സമ്മാനം പൊറിഞ്ചുവേട്ടന്റെ പെട്ടിക്കകത്തിരിക്കും..അത്രയ്ക്കും ഇഴഞ്ഞാണ് ആശാന്റെ വര്‍ത്തമാനം
മുന്‍കാലത്ത് മത്സ്യ ബന്ധനം ,വിപണനം,സംസ്കരണം  എന്നീ മേഖലകളുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്ക് പഞ്ഞമില്ലാത്ത നാടായിരുന്നു  അരൂര്‍..
സ്വാഭാവികമായും പൊറിഞ്ചുവേട്ടന്‍ വലതു കാല്‍ വച്ചു ആദ്യം ഇറങ്ങിയത്‌ ചെമ്മീന്‍  കച്ചവടത്തിനാണ്..
.രാത്രികാലങ്ങളില്‍ കൈതപ്പുഴക്കായലിലൂടെ പെട്രോള്‍ മാക്സും തെളിച്ചു കൊണ്ട് ചീന വലകളില്‍ നിന്നു ചീന വലകളിലേക്ക് പൊറിഞ്ചുവിന്റെ കൊച്ചു വള്ളം ഷട്ടില്‍ സര്‍വീസ് നടത്തുന്നത് കുട്ടിക്കാലത്തെ ഞങ്ങളുടെ  പതിവ് കാഴ്ചകളില്‍ ഒന്നാണ്.
ചീന വലക്കാര്‍ പിടിച്ചെടുക്കുന്ന ചെമ്മീനും മറ്റു മത്സ്യങ്ങളും ചൂടോടെ തന്നെ പൊറിഞ്ചു വാങ്ങിക്കൂട്ടും..
പിറ്റേന്നത്   സൈക്കിളില്‍ കൊണ്ട് പോയി ചന്തയില്‍ വില്‍ക്കും .
വയര്‍ നിറയെ തെറുപ്പു ബീഡി വലിക്കും ...
വൈകീട്ട്   ലേ.....ശം   തെങ്ങിന്‍ കള്ള്  അകത്താക്കും .
 സമയം കിട്ടുമ്പോളൊക്കെ സ്വന്തം പിതാവായ പാപ്പു മാപ്ലയെ ഒന്നുപദേശിച്ച് നേരെയാക്കാന്‍ നോക്കും  ..
ഇതൊക്കെയാണ് പൊറിഞ്ചുവേട്ടന്റെ സാധാരണ ദിനചര്യകള്‍ ..
ഇന്നത്തെ പോലെ   നാട്ടില്‍ മോട്ടോര്‍ ബൈക്കുകള്‍ ഒന്നുംവ്യാപകമല്ലാത്ത കാലമാണ് .ഒരു സൈക്കിള്‍ ഉണ്ടായാല്‍ പോലും വലിയ ഗമയായി കൊണ്ട് നടക്കുന്ന കാലം .
പൊറിഞ്ചു  വിന്റെ വാഹനത്തെ വെറും  സൈക്കിള്‍ എന്ന് വിളിച്ചാല്‍ ശരിയാകില്ല.
 പിന്നില്‍ വലിയ പെട്ടികളില്‍ ഐസ് കട്ടകള്‍ ഇട്ടു മരവിപ്പിച്ച ചെമ്മീന്‍ കയറ്റുന്നതിനായി ഘടിപ്പിച്ച വലിയ കാരിയര്‍ ..
പണ്ടേ ദുര്‍ബല ..ഇപ്പോള്‍ ഗര്ഭിണിയുമായി എന്ന്   പണ്ടാരാണ്ടോ പറഞ്ഞപോലെ ,  പഞ്ചറുകള്‍ തുന്നിക്കൂട്ടിയും ഇടയ്ക്കിടയ്ക്ക്  പള്ള വീര്ത്തത് പോലെയും ഇരിക്കുന്ന ടയറുകള്‍.
.ബെല്ലും ബ്രേക്കും എന്താണെന്ന് ആ തുരുമ്പു തുണ്ടം കണ്ടിട്ടുപോലും  ഉണ്ടാവില്ല .
.അതി മോഹം കൊണ്ട് ആരെങ്കിലും അതില്‍ കയറി ഒന്നുരുട്ടാന്‍ നോക്കിയാല്‍ അന്നവന്റെ  കട്ടേം പടോം മടക്കും
.അത്ര കിടിലന്‍ സാധനമാ ..
 പക്ഷെ പൊറിഞ്ചു വേട്ടന്‍ അതില്‍ കയറി ഒന്നാഞ്ഞു ചവിട്ടിയാല്‍ മതി സൈക്കിള്‍ റോക്കറ്റ് പോലെ പായുന്നതും കാണാം .
ആരോഗ്യവാനും .അവിവാഹിതനുമായ പൊറിഞ്ചു വിന്റെ കൈത്തരിപ്പും  കാല്‍ കഴപ്പും ഒക്കെതീര്‍ക്കാന്‍ പറ്റിയ ഒരു ഉരുപ്പടി ..സദാ കൂടെ കാണും സൈക്കിള്‍ !
സൈക്കിളിന്റെ ബെല്ലും ബ്രേക്കും എല്ലാം പൊറിഞ്ചുവിന്റെ വായിലും കാലിലും ഒക്കെയാണ് ഫിറ്റു ചെയ്തിട്ടുള്ളത്.
കാലുകള്‍ക്ക് നല്ല നീളമുള്ളതുകൊണ്ടു സൈക്കിള്‍ ഏതു അത്യാസന്ന നിലയിലും  നിര്‍ത്തുന്നതിനു പ്രയാസമില്ല.
കാലൊന്നു നിലത്തു അമര്‍ത്തിച്ചവിട്ടിയാല്‍മതി
സഡന്‍ ബ്രേക്കിട്ടതു പോലെ നില്‍ക്കും അബദ്ധത്തിലെങ്ങാനും സൈക്കിളിനു മുന്നില്‍ പെട്ടു പോകുന്ന ഹത ഭാഗ്യര്‍ക്ക്  അന്ന് വയറു നിറയെ പൊറിഞ്ചുവിന്റെ സ്ലോ മോഷനിലുള്ള പുളിച്ച തെറി കിട്ടും.
.പിന്നെ ഡ്രൈ ക്ലീന്‍ ചെയ്താലും അഞ്ഞൂറ്റി ഒന്ന് ബാര്‍ സോപ്പിട്ടു അഞ്ഞൂറ്റി ഒന്ന് തവണ ആറ്റിലിട്ട്   അലക്കി പിഴിഞ്ഞ് എടുത്താലും ആ തെറിയുടെ നാറ്റം മാറാന്‍ നാലഞ്ചു ദിവസമെങ്കിലുമെടുക്കും.
ചെമ്മീന്‍ കച്ചവടം പൊറിഞ്ചു വേട്ടന്റെ കുടുംബ ബിസിനസാണ്..ഒരെണ്‍പത് വയസെന്കിലും പ്രായമുള്ള  പാപ്പു മാപ്ലയാണ് പൊറിഞ്ചുവിന്റെ പിതാശ്രീ.
പടങ്ങള്‍:ഗൂഗിളാന്‍ വക   
അപ്പന്‍ എന്നാണ് ഞങ്ങളുടെ നാട്ടില്‍ പൊറിഞ്ചു അടക്കമുള്ള നസ്രാണിപ്പിള്ളേര്‍ തന്തമാരെ വിളിച്ചു പോരുന്നത്.രാത്രികാല ബിസിനസില്‍ മിക്കവാറും വള്ളത്തില്‍ പൊറിഞ്ചുവിന്റെകൂടെ പാപ്പു മാപ്ലയും ഉണ്ടാകും..കൈതപ്പുഴക്കായലിലൂടെ  ഇരുട്ടിനെ കീറിമുറിച്ചുനീങ്ങുന്ന   ആ ചെറു  വള്ളത്തിന്റെ ഇരുതലയ്ക്കലും     ക്രിസ്മസ്  കാലത്തു  കെടുകയും  തെളിയുകയുംചെയ്യുന്ന സീരിയല്‍ ബള്‍ബു  പോലെ രണ്ടു തീപ്പൊരികള്മിന്നി മറയുന്നത് കാണാം .ഉറക്കം വരാതിരിക്കാനും കായല്‍ കാറ്റിന്റെ തണുപ്പില്‍ നിന്നു താല്‍ക്കാലികാശ്വാസം  കിട്ടാനും വേണ്ടി ഇരുവരും വലിച്ചൂതുന്ന തെറുപ്പു ബീഡികളുടെ  തീയാണത് !
  അപ്പനാണെന്ന് മുന്നിലിരിക്കുന്നതെന്നു കരുതി ബീഡി വലി  പോലുള്ള അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു മുടക്കവും വരുത്താത്ത കണിശ ക്കാരനാണ്  പൊറിഞ്ചു
.പറ്റുമെങ്കില്‍ അപ്പനോട്  .
" ..ബീഡിയുണ്ടോ അപ്പാ..ഒരു തീപ്പെട്ടി എടുക്കാന്‍ "
എന്ന്  പഴയ സഖാക്കളെ പോലെ ധീര ധീരം കടം  ചോദിക്കാനും "ബീഡിയില്ല മകനെ ഒരു പുകതരുമോ ?"എന്ന് തിരിച്ചു പറയാനും  
ഞങ്ങളുടെ നാട്ടില്‍ ആണായിട്ടൊരുത്തന്‍ ജനിചിട്ടുന്ടെങ്കില്‍ അത്  സാക്ഷാല്‍ ശ്രീമാന്‍ പൊറിഞ്ചു വേട്ടന്‍ തന്നെയാണ് .
ബീഡിയും തീപ്പെട്ടിയും ഇല്ലാതെ വരുന്ന അപ്പനെ,  പുസ്തകം കൊണ്ട് വരാതെ സ്കൂളില്‍  വന്നിരുന്ന  തെക്കേലെ മൂക്കട്ട സുകുവിനെ    നിഷ്കരുണം ക്ലാസ്സില്‍ നിന്ന് ഇറക്കി വിടുന്ന കടുവ പപ്പനാവന്‍ സാറിനെ പോലെ  വള്ളത്തില്‍ നിന്ന് ഇറക്കി വിടാനും പൊറിഞ്ചു വിനു മടിയില്ല ..

,നടുക്കായലില്‍ വല്ലയിടത്തും വച്ചാണെങ്കില്‍ അപ്പന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച്  പറഞ്ഞ്‌ ഒടക്കി  അപ്പനും മകനും പുതിയ തെറി ഡിക്ഷ്ണറി ഉണ്ടാക്കുകയും ചെയ്യും  .
  " ഈ പൊറിഞ്ചു വിനെ ചീത്തയാക്കുന്നത്‌ അപ്പനാണെന്ന് മൂത്ത പെങ്ങള്‍ പുഷ്പിയും ,അതല്ല ,അപ്പനെ ചീത്തയാക്കുന്നത്‌ പൊറിഞ്ചു വാണെന്നും   പറഞ്ഞു അമ്മ മേരികൊച്ചുമ്മയും പരസ്പരം കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് ..പാപ്പു മാപ്ല യാകട്ടെ  "ഈ  അരൂക്കരയിലെ ഇക്കണ്ട  ക്രിസ്ത്യാനി കു  ടികളില്‍ നീയൊക്കെ അരിച്ചു
പെറുക്കിയാലും ഇത്ര തങ്ക പ്പെട്ട  സ്വഭാവ ഗുണമുള്ള ഒരു മൊതലിനെ കിട്ടു കേലെടീ  എന്തരവളുമാരെ .." എന്ന സര്ട്ടിഫിക്കറ്റാണ്  ഇതിനുള്ള മറുപടിയായി നല്‍കി പോന്നത് ...

  .സമയാസമയങ്ങളില്‍ വരുന്ന  വികാരങ്ങള്‍ ..അത് ദേഷ്യമായാലും  തമാശയായാലും    "അപ്പാ."."മകാ " വ്യത്യാസമില്ലാതെ പൊറിഞ്ചു
അപ്പന് നേരെ പ്രയോഗിക്കും...ചന്തയിലെ  ചന്തമുള്ള മീന്‍ വില്പനക്കാരി ജാനകിയുടെ  ചന്തി
കുലു ക്കം  അരൂര്‍ മേഖലയില്‍ ഉണ്ടാക്കുന്ന   പരിസ്ഥിതി ആഘാതങ്ങളും , പുളിന്താഴത്തു ഷാപ്പിലെ കറി വില്പ്പനക്കാരി കോമളവും  ചെത്തുകാരന്‍ ദിവാകരനും തമ്മിലുള്ള 'ഡിങ്കോള്‍പ്പിക്കേഷന്‍   ' ഇടപാടുകള്‍  ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പോലെ സൂപര്‍ ഹിറ്റിലേക്ക്  കുതിക്കുകയാണെന്നും
കോമളത്തിന്റെ  മുന്‍കാല ഭര്‍ത്താവെന്നു സംശയിക്കുന്ന  നാണുചോകാന്‍  ഏതാണ്ട്  എലുമിനെ ഷന്‍ .റൌണ്ടില്‍ എത്തി നില്‍ക്കുകയാണെന്നും വരെയുള്ള  എല്ലാ സംഭവവികാസങ്ങളും   ഓരോരോ
എപ്പിസോഡുകളായി പൊറിഞ്ചു പറഞ്ഞു കേള്‍പ്പിക്കും ...പൊറിഞ്ചു വിന്റെ തല്‍സമയ സംപ്രേഷണം കേട്ടും കണ്ടും ആവേശത്തിന്റെ  അടക്കാ മരതുമ്പത്തു എത്തുന്ന പാപ്പു മാപ്പിള
"എന്നിട്ട് ...?? എന്നിട്ട് ..നീ അത്  പറ ?? " എന്ന്  ആകാംഷ യോടെ ചോദിച്ചു കൊണ്ടേ ഇരിക്കും ..

വീട്ടിലെ ഇളയ സന്താനമാണ് പൊറിഞ്ചുവെങ്കിലും വയസു പത്തു മുപ്പത്തഞ്ചു കഴിഞ്ഞു ..താനിങ്ങനെ പുര നിറഞ്ഞു നില്‍ക്കുകയാണെന്ന വിചാരം അപ്പനോ ചേട്ടന്മാര്ക്കോ ഇല്ലാത്തതിന്റെ ഏന ക്കേടും ദഹനക്കേടും ഒരു ദിവസം പൊറിഞ്ചു അപ്പനോട് വെട്ടിത്തുറന്നു പറഞ്ഞു...

സംഗതി ഏറ്റു... അതിനു ഉടന്‍ ഫലമുണ്ടായി ..വീട്ടുകാര്‍ സഭ കൂടി പൊറിഞ്ചു വിനെപെണ്ണ് കെട്ടിക്കാന്‍
തീരുമാനമെടുത്തു ...യോഗ തീരുമാനം  എല്ലാവരും കൂടി വള്ളി പുള്ളി വിടാതെ പൊറിഞ്ചു വിനെ അറിയിക്കുകയും ചെയ്തു ...
"അയ്യോ! അത്ര ധൃതി പിടിച്ചൊന്നും എനിക്ക് പെണ്ണ് കെട്ടണ്ടാ ...ഒരാഴ്ച കഴിഞ്ഞു മതി "എന്നായിരുന്നത്രേ പൊറിഞ്ചു വിന്റെ മറുപടി .. 

അങ്ങനെയാണ്  കണ്ണമാലിക്കാരിയായ ലില്ലിക്കുട്ടിയെ    പൊറിഞ്ചു നാട്ടുകാരും വീട്ടുകാരും പള്ളിക്കാരും അറിഞ്ഞു കെട്ടിയെടുത്തോണ്ട് വന്നത് .

ലില്ലി ക്കുട്ടി ആള്   ഒരു ഒന്നൊന്നര പെണ്ണാണ് ...കടലില്‍ നിന്നുള്ള ഉപ്പു കാറ്റേറ്റു  പഴുത്ത .ചാമ്പക്കാ പോലുള്ള നെറം!
ഒത്ത പൊക്കവുംതരക്കേടില്ലാത്ത സ്പെയര്‍പാര്‍ട്സും   ഒക്കെ യായി ആകെയൊരു  ആനച്ചന്തം !

ഒരിക്കല്‍ ഒന്ന് കണ്ടാല്‍ എത്ര കണ്‍ട്രോള്‍ ഉള്ള ജഗജില്ലി ആണേലും ഒന്നൂടെ നോക്കിപ്പോകുന്ന
  അംഗ വൈഭവം !
അത് ശരിയുമാണ് ...ലില്ലിയെ കെട്ടി കൊണ്ട് വന്നു ഒരു മണിക്കൂറിനുള്ളില്‍
തളര്‍ വാതം  പിടിപെട്ടു കിടന്നിരുന്ന പൊറിഞ്ചു വിന്റെ വല്യപ്പന്‍ വറീത് മാപ്ല എഴുന്നേറ്റിരുന്നു
വായ്ക്കു രുചിയായി ബിരിയാണി കഴിച്ചുവെന്ന്   ഞങ്ങളുടെ   നാട്ടില്‍ പരദൂഷ ണ ക്കാര്‍  പാടി നടക്കുന്നുണ്ട് ..   പൂര്‍വാശ്രമത്തില്‍ കണ്ണമാലി എന്ന കടലോര ഗ്രാമത്തിലെ തപോ ധനനായ ഈശപ്പന്‍ മേസ്ത്രി
എന്ന കണ്വ മഹര്‍ഷിക്ക്  വാര്‍ക്കപ്പണിക്ക്   വന്ന സഹ പ്രവര്‍ത്തകയും സര്‍വോപരി ഇളകിയാട്ട  ക്കാരിയുമായ ശോശാമ്മ എന്ന അപ്സരസ്സില്‍ ഉണ്ടായ ദിവ്യ ശിശുവാണ് -ഇന്നത്തെ ലില്ലിക്കുട്ടിയായി
പരിണാമം പൂണ്ടതത്രേ!
ഈശപ്പന്‍ മേസ്ത്രിക്ക് പറ്റിയ ഒരു കൈയബദ്ധം !! 
യൌവനാരംഭത്തില്‍ തന്നെ കണ്ണമാലിക്കാരായ യുവ കോമളന്മാരുടെ ഊണും ഉറക്കവും കെടുത്തിയ തരുണീ മണി !
 വലിയ സ്കൂളിലും കോളേജിലും ഒന്നും പോയിട്ടില്ലെങ്കിലും ലില്ലിക്കുട്ടിയായിരുന്നത്രേ  കണ്ണമാലി
കടപ്പുറത്തെ സ്റ്റാര്‍....ബ്യുട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ എന്ന് പറയും പോലെ കാമുക വൃന്ദം സ്കൂളും കോളേജും ഒക്കെ ഉപേക്ഷിച്ചു ലില്ലിക്കുട്ടിയെ ലൈന്‍ അടിക്കാന്‍ കടപ്പുറത്ത് ചുറ്റിക്കറങ്ങും ...
ആ   മിസ്‌  കണ്ണമാലിയാണ്   പൊറിഞ്ചുവിന്റെ  വാമഭാഗം  അലങ്കരിക്കാന്‍  ഞങ്ങളുടെ  നാട്ടില്‍ എത്തിയിരിക്കുന്നത് ...അരൂരിലെ ഐശ്വര്യാ റായിമാരായി  തിരു മോന്തകളില്‍ ഫെയര്‍ ആന്‍ഡ്‌ ലൌലിയും  പൂശി നടന്ന കൂതറ കള്‍ക്ക് ലില്ലി ക്കുട്ടിയുടെ വരവ്   ഇരുട്ടടിയായി ...അതോടെ ഞങ്ങളുടെ മുന്നില്‍ ഏതാണ്ടൊക്കെ പൊന്തിച്ചു നടന്നിരുന്ന എരണം കെട്ടവളുമാരുടെ പത്തിയും ഒന്നടങ്ങി ...
ലില്ലിക്കുട്ടിയും  പൊറിഞ്ചുവും  കൂടി പള്ളിയില്‍ പോകുന്നതിന്റെ ആ തഞ്ചം ഒന്ന്  കണ്ടാല്‍ മതിയല്ലോ
നാട്ടുകാര്‍ക്ക്  നോക്കി നിന്ന് ഒന്നൂറിച്ചിരിക്കാനും    അടക്കം പറഞ്ഞ് ആസ്വദിക്കാനും !! .
മാനും കരിമന്തിയും കൂടി മേയാന്‍ നടക്കുകയാനെന്നെ തോന്നൂ !
ഓര്‍ക്കാപ്പുറത്ത്  ലോട്ടറി അടിച്ചത്  പോലെ  ലില്ലിക്കുട്ടിയെ  കിട്ടിയ  പൊറിഞ്ചുവിന്റെ മോന്തായത്തില്‍  പകല്‍  സമയവും കത്തികിടക്കുന്ന തെരുവ് വിളക്ക് പോലെ ഒരു പ്രകാശം നിറഞ്ഞു നിന്നു ..കടപ്പുറത്ത് "മിസ്‌കണ്ണമാലി"യായി  ചന്തിയും   കുലുക്കി നടന്ന   സൌന്ദര്യ റാണിയെ യാണ്  ഒരുകൊട്ട  പൂവാലന്‍ ചെമമീന്‍  പോലെ മൊത്തത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് ! ചില്ലറ നേട്ടമല്ല !
ആ അഹമ്മതിക്കിടയില്‍  ചില്ലറ ഭയാശങ്കകളും  പൊറിഞ്ചുവിന്റെ  ഉള്ളില്‍ ഇരുമ്പു   സൈക്കിളിലെ മാറാത്തുരുമ്പു  പോലെ പൊടിച്ചു വന്നു ..ലില്ലിക്കുട്ടി  നാട് കടന്നതോടെ കണ്ണമാലി കടപ്പുറം വിജനമായെങ്കിലും തന്‍റെ വീട്ടു പരിസരത്തും ഇട വഴിയിലുമെല്ലാം ചൂളം വിളികളും ഒളി കണ്‍ നോട്ടങ്ങളും പതിവില്ലാത്ത വിധം കൂടിയതാണ് പൊറിഞ്ചുവിനെ അസ്വസ്ഥനാക്കിയത്..
മൂത്ത് പഴുത്ത  കസ്തൂരിമാമ്പഴമല്ലേ ..കാക്കയെങ്ങാനും കൊത്തിപോയാലോ !
അതാണ്‌ പേടി !   തന്‍റെ സൌന്ദര്യവും ലില്ലിക്കുട്ടി യുടെ താരുണ്യവും തമ്മില്‍ മാച്ചു ചെയ്തു നോക്കി അവളെങ്ങാനും അയല്‍വക്കത്തെ തൊലി വെളുപ്പന്മാരുടെ പഞ്ചാര പുഞ്ചിരിയില്‍ മയങ്ങി പോയാലോ !! കര്‍ത്താവേ ..ചിന്തിക്കാന്‍ കൂടി വയ്യ ..അതോര്‍ത്തപ്പോള്‍ കരയില്‍ പിടിച്ചിട്ട ചൂടന്‍ ചെമ്മീനെ പോലെ പൊറിഞ്ചു ഞെളിപിരി കൊണ്ടു..എവിടെ തിരിഞ്ഞാലും തന്റെ ഭാര്യയുടെ സൌന്ദ്യ ര്യാരാധകര്‍ മാത്രമേ ഉള്ളു ..
ലില്ലിക്കുട്ടി യെ ഇടം വലം തിരിയാന്‍  ഇടം കൊടുക്കാതെ പൊറിഞ്ചു അങ്ങനെ പരിപാലിച്ചു പോന്നു
ഇതിനിടയില്‍ ചെമ്മീന്‍ ബിസിനസ് കോട്ടം തട്ടാതെമുന്നോട്ടു പോവുന്നുമുണ്ട് ..
ഒരു ദിവസം രാത്രി പൊറിഞ്ചുവും അപ്പനും കൂടി കച്ചവടത്തിന് പോയി ചെമ്മീനുമെല്ലാം വാങ്ങി തിരിച്ചു പോരുകയാണ് .നേരം ഏതാണ്ട് പുലര്‍ച്ചെ 2  മണി ആയിക്കാണും  .ഉറക്കച്ചടവ് മാറ്റാന്‍
പതിവുള്ള കട്ടന്‍ ചായ കുടിക്കാനായി വള്ളം കായലോരത്തെ നൈറ്റ്‌ കടയ്ക്കു സമീപം അടുപ്പിച്ചു ..
ചായ ഓര്‍ഡര്‍ ചെയ്തു ..കട നിറയെ വള്ളക്കാരും മീന്‍ പിടുത്തക്കാരും ഉണ്ട് ..നല്ല തിരക്ക് ..രാവെന്നോ പകലെന്നോ നോക്കാതെ രണ്ടു മൂന്നു കുറ്റി പുട്ടൊക്കെ കടലയോ ,പരിപ്പോ കൂട്ടി പുഷ്പം പോലെ അകത്താക്കുന്നു ചിലര്‍ ..കണ്ടാല്‍ തീറ്റ മത്സരം സ്റ്റാര്‍ട്ട്  ചെയ്തു നിര്‍ത്തിയിരിക്കുകയാണെന്ന് തോന്നും    ....അറിയുന്നവരും ആദ്യമായി കാണുന്നവരും ഉണ്ട്.  അതിനിടയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന  ഒരു മധ്യ വയസ്കന്‍ പൊറിഞ്ചു വിനോട് പരിചയം കാണിച്ചു അടുത്തു കൂടി ..
"നിങ്ങ  എവ്ടുന്നാ ?"
"ഞ്ഞങ്ങ......         അരൂക്കാരാ ...നിങ്ങേ...? പൊറിഞ്ചു നീട്ടി നീട്ടി പറഞ്ഞു..
"ആഹാ ..അരൂക്കാരാണാ...അത് കൊള്ളാ  ല്ലാ .!!!!.."അയാളുടെ മുഖം പുന്നെല്ലു കണ്ട എലിയെ പോലെ തിളങ്ങി ...
"ഞങ്ങ ..കണ്ണമാലിക്കാരാണേയ്....എടോ .ഞാ..നേ  ..ഒരരൂക്കാരനെ കാണാനിരിക്കേര്‍.. .ന്നേ..." തേടി നടന്ന കൊമ്പന്‍ സ്രാവ് വലയില്‍ തനിയെ വന്നു കയറിയത് പോലെ അയാള്‍ ഉഷാറായി ..
അതെന്തിനാ ...പൊറിഞ്ചു വിന്റെ ആകാംഷ കൂടി ...
"എടൊ ..അതേയ് ...ഒരു  വെവരം അറിയാനാ ....
ഞങ്ങട കണ്ണ മാലീന്നു  ഒരാ...റ്റന്‍ ചരക്കിനെ  നിങ്ങട  ഈ അരൂക്കരയിലേക്ക്   കേട്ടിച്ചോണ്ട്
വന്നിട്ടോണ്ട...!..അയ്യോ......എന്ത്    കിണ്ണന്‍    സാധനമായിരുന്നെന്നു  അറിയാവാ ...നിങ്ങക്ക് .!!!..എന്റമ്മോ .....എടൊ  അവള്  പോയെ പ്പിന്നെ  ഞങ്ങട കടപ്പുറം ..ഒറങ്ങി പോയടോ...."
"ആ...ഹാ  ..അതാരാ... ണപ്പാ അങ്ങന ഒരു ചരക്ക്...?? " പൊറിഞ്ചു വിനു അത്ര പെട്ടന്ന് ആളാരാണെന്ന്   പിടികിട്ടിയില്ല
"ഓ..പളോ.... നിങ്ങക്കറിയാമ്മേ... ലേ...?  അയാള്‍ അതിശയിച്ചു ...
ഏതോ പുതിയ കേസുകെട്ടിന്റെ കാര്യമാണ് അയാള്‍ പറഞ്ഞു തുടങ്ങുന്നതെന്ന് കരുതി പാപ്പു മാപ്പിള ബാക്കി കേള്‍ക്കാന്‍
ഉഷാറായി..
 ഷക്കീല പടത്തിന്റെ ട്രെയിലര്‍ കാണുന്ന ആവേശത്തോടെ മറ്റു വള്ളക്കാരും അത് കേട്ട്‌ രസിച്ച്    ഉമിനീരിറക്കി  നില്‍ക്കുകയാണ്  ...
അയാള്‍ രഹസ്യം  പോലെ സംസാരത്തിന്റെ ഒച്ച  കുറച്ചു  പൊറിഞ്ചു വിനോട് പറഞ്ഞു  "എടോ ഞങ്ങട കണ്ണമാലീ ക്കാരന്‍ ഈശപ്പന്‍  മേസ്ത്രിയുടെ മകള്   ലില്ലിക്കുട്ടി ..." പിന്നെ എല്ലാവരോടു മായി :
" അവളല്ലേ ..പെണ്ണ് ...പെണ്ണെന്നു പറഞ്ഞാ ....എന്റമ്മോ ..ഞങ്ങട ,കണ്ണമാലീക്കടപ്പൊറം  മുഴുവന്  കുലുക്കിക്കളഞ്ഞ  മൊതലല്ലേ ..."
അവടെ തള്ളേം ഒരൊന്നാന്തരം ചരക്കായിരുന്നേ..നല്ല ചക ചകാന്നു ....ഹോ ,,ഓര്‍ക്കുമ്പോ തന്നെ ദേ ...രോമം എഴുന്നേറ്റു
നിക്കേണേ..."അയാള്‍ ഒറ്റ രോമം പോലും ഇല്ലാത്ത കൈ പൊറിഞ്ചു വിന്റെ നേരെ നീട്ടി തന്‍റെ രോമാഞ്ചത്തിന്റെ വരവറിയിച്ചു ..
പൊറിഞ്ചുവിന്റെ സകല കണ്‍ട്രോളും    കൈവിട്ടു പോയി ..
."ടപ്പേ ..എന്നോരൊച്ചയും  "ന്റമ്മോ " ന്നൊരു  നിലവിളിയും  ഉയര്‍ന്നു ...
എല്ലാം കണ്ടും കേട്ടും പാപ്പു മാപ്ല വാപൊളിച്ചു നില്‍ക്കുയാണ്
"അപ്പാ ...എന്നാ കോ ...പ്പിലെ  വിശേഷം കേട്ട്‌  നിക്കുകേ  ണ് ..നിങ്ങ ...?
"എന്ന് പറഞ്ഞു കൊണ്ടു ഇളക്കി തുള്ളി പൊറിഞ്ചു വള്ളത്തിലേക്ക്‌ ചാടിക്കയറി ..പുറകെ പാപ്പു മാപ്ലയും .."
അടികൊണ്ടു വീണ കണ്ണമാലിക്കാരന്‍  ഈ അടി ഏത് വകുപ്പില്‍ കൊള്ളിക്കണമെന്നറിയാതെ 
കവിളും തടവി ഇരുന്നു പോയി .!!
കഥ കേട്ട്‌ രസിച്ചു നിന്ന വള്ളക്കാരും !
വാല്‍ക്കഷണം:
പിറ്റേന്ന് മുതല്‍ പൊറിഞ്ചു ചെമമീന്‍ കച്ചവടം നിര്‍ത്തിയെന്ന് കേട്ടു‌ ....
വിവരം തിരക്കിയവരോട് അയാള്‍  പറഞ്ഞതെന്താണെന്നറിയാമോ ?
"ഓ ..ചെമ്മിക്കച്ചോടം കൊണ്ട് ലാബം ഒന്നും കിട്ടണില്ലെന്നേ...ഇനി വേറെ വല്ല കച്ചോ...ടോം   നോക്കണം "
-------------------------------------------------------------------------------------------
അല്ലല്ലാ ....ഇത്  കൊ..ള്ളാ...ല്ലാ...ഞങ്ങട പൊറിഞ്ചൂന്റ  കതേം    വായിച്ചിട്ട്  ചുമ്മാ  അങ്ങ്  പോകുവാണോ?എനിക്കും താടോ   കണ്ണമാലിക്കാരന് കിട്ടിയത് പോലെ "ടപ്പേ ..."ന്നൊരടി....ഓ പളോ...