2010, ജൂലൈ 30, വെള്ളിയാഴ്‌ച

നഷ്ടപ്പെടുന്ന നമ്മള്‍

നഷ്ടപ്പെടുന്ന നമ്മള്‍
കാശം എനിക്ക് അച്ഛനെ പോലെയാണ്
അനന്തമായ സ്നേഹം പകര്‍ന്നു തരുന്ന
അപൂര്‍വ ഭാഗ്യം
അറിവുകളുടെ മുറിവ് പെയ്യിക്കുന്ന
വര്‍ഷ മേഘങ്ങളുടെ ഇരിപ്പിടം
എന്‍റെ ജീവ സ്പന്ദനങ്ങളില്‍
ഊര്‍ജം പകര്‍ന്ന കര്‍മ സാക്ഷി
കടല്‍ എനിക്ക് അമ്മയെ പോലെയാണ്
കനല്‍ വഴികളില്‍ കണ്ണീരു കൊണ്ടു
പാദങ്ങള്‍ തണുപ്പിച്ച
വാത്സല്യ സ്പര്‍ശം
ഉഷ്ണ ഭൂമികളില്‍ വെന്തു പൊള്ളുന്ന
ആത്മാവിനെ
തിര കൈ നീട്ടി തഴുകുന്ന
അമൃത സാന്ത്വനം
ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച
പാഗ്നികളെ കഴുകി കെടുത്തുന്ന
പുണ്യ സ്നാനം
കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
താണ്ടി വന്ന ഞാനോ ?
എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
അമാവാസി !
കണ്ണുകള്‍ പുണ്യാഹം തളിക്കുന്ന
വഴിയമ്പലങ്ങളില്‍
ദൈവങ്ങളുടെ നിലവിളികളും കടന്നു
ഞാന്‍ കേട്ടത് ആരുടെ
സങ്കീര്‍ത്തനം ആണ് ?
നിലാവും വേനല്‍ പകരുന്ന
ഉഷ്ണ രാത്രികളില്‍
എനിക്കായി ഒരു മണ വിളക്ക്
കെടാതെ വച്ചത് ആരാണ് ?
കാറ്റോ ,കടലോ ,ആകാശമോ ?
എങ്കിലും
വെളിച്ചവും വെളിപാടുകളും അറിയാതെ
അകം പുറം ഇരുട്ട് !
ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മളെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

മരുഭൂമികള്‍ ആകാശത്തോട് പറഞ്ഞത് ...

ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന
ആകാശത്തോട്
മരുഭൂമികള്‍ മന്ത്രിക്കുന്നത്
എന്താവും ?
ഒരിക്കല്‍ എങ്കിലും
സ്നേഹമാരി പെയ്യിച്ച്
എന്റെയീ നീച ജന്മം
സഫലമാക്കണം എന്നോ ?
മാറില്‍ ചൂഴ്ന്നു കത്തുന്ന
തീഷ്ണ സൂര്യനെ
മേഘ കമ്പിളി കൊണ്ടു
എത്ര മറച്ചു പിടിച്ചാലും
പെയ്തു നിറയ്ക്കനാവുമോ
ഈ ഊഷര വനങ്ങള്‍
അതുകൊണ്ടു തന്നെയാവണം
നീലാംബരത്തിനു
ഈ ദീര്‍ഘ മൌനം
തഴുകി തലോടി നില്‍ക്കുന്ന
ആകാശത്തോട്
സാഗരങ്ങള്‍ ആര്‍ത്തലച്ചത്
എന്തിനാവും ?
ഒരിക്കലെങ്കിലും
എന്‍റെ അന്തര്‍ ദാഹങ്ങള്‍ക്ക്
വസുന്ധരയുടെ ഗര്‍ഭ ഗൃഹങ്ങളില്‍
അഭയം നല്‍കണം
എന്ന് പറയാനോ ?
വന്‍കരകള്‍ കടലെടുത്താലും
കരഞ്ഞും ചിരിച്ചും തീര്‍ക്കാനാകുമോ
ഉയിരില്‍ നുരയിടുന്ന
ഈ വന കാമനകള്‍ !!!
അതുകൊണ്ടു തന്നെയാവണം
ശോനാന്മ്ബരത്തിനു
ഈ ദീര്‍ഘ മൌനം !!!

Published in Manorama online
(Manorama online/Gulf news/My creatives/Marubhoomikal)