2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

സ്നേഹം വിളമ്പിയ അമ്മമാര്‍

അമ്മ എന്ന മഹനീയമായ പദത്തെകുറിച്ച് ഓര്‍മിക്കുമ്പോളൊക്കെ എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്നത് ഒന്നിന് പകരം മൂന്നു മുഖങ്ങള്‍ ആണ് .ഒന്ന് എന്‍റെ അയല്‍ക്കാരിയും ബാല്യകാല സുഹൃത്ത് സുരയുടെ (സുരേന്ദ്രന്‍)അമ്മയുമായ കൌസല്യ *ചോത്തി .രണ്ട് എന്‍റെ കുഞ്ഞമ്മ ‍ (അച്ഛന്റെ സഹോദരന്‍ ദിവാകരന്‍ കുഞ്ഞച്ചന്റെ ഭാര്യ കൌസല്യ) പിന്നെ എനിക്ക് ജന്മം തന്ന എന്‍റെ അമ്മ ഗൌരി .അതില്‍ എന്നെ പ്രസവിച്ച അമ്മയുടെ മുഖത്തെക്കാള്‍ തേജോ മയമാര്‍ന്നതാണ് മറ്റു രണ്ട് മുഖങ്ങളും.ദാരിദ്ര്യവും വിശപ്പും ദഹിപ്പിച്ച ബാല്യകാലത്തെ എന്‍റെ പോറ്റമ്മ മാരായിരുന്നു ഈ രണ്ട് കൌസല്യമാരും..ഇരുമ്പു പിഞ്ഞാണത്തില്‍ കനിവോടെ അവര്‍ വിളമ്പി തന്ന ചോറും കപ്പ പുട്ടും ഒക്കെയാണ് എന്‍റെ ശരീരം.അലിവും കാരുണ്യവും മനസ്സില്‍ അരച്ച് ചേര്‍ത്തവര്‍ ആയിരുന്നു എന്‍റെ ഈ രണ്ടു പോറ്റമ്മമാരും.രണ്ടു പേരും വര്‍ഷങ്ങള്‍ക്കു മുന്‍പേ കഥാവശേഷരായി.പെറ്റമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
.സ്വന്തം മക്കളെ   പോലെ എന്‍റെ പോറ്റമ്മ മാര്‍  എന്നെയും ഊട്ടി.സ്നേഹത്തിന്റെ താരാട്ട് തൊട്ടിലില്‍ കിടത്തി  പാട്ട് പാടി ഉറക്കി  .സുരയെക്കള്‍ ഇഷ്ടമായിരുന്നു കൌസല്യ അമ്മയ്ക്ക് എന്നോട്.അവന്‍ മഹാ വികൃതിയും അനുസരണ
ഇല്ലാത്തവനും വിശപ്പ്‌ എന്തെന്ന് അറിയാത്തവനും ആയിരുന്നു ചെറുപ്പത്തില്‍.അമ്മയുടെ വാക്കുകള്‍ അനുസരിക്കാതെ നടന്നു അവന്‍.അവന്റെ അച്ഛന്‍ രാഘവ *ചോകൊന്‍ നാട്ടിലെ അറിയപ്പെടുന്ന പാചകക്കാരനായിരുന്നു.സദ്യകള്‍ ഉണ്ടാക്കി ക്ഷീണിച്ചു വരുന്ന അദ്ദേഹം  വരും വഴി പുളിന്താഴെ ഷാപ്പില്‍ കയറി നന്നായി മിനുങ്ങിയിട്ടെ വീട്ടിലേക്കുവരാറുള്ളു.സദ്യയൊരുക്കിയ വീട്ടില്‍ നിന്ന് പച്ച വെള്ളം പോലും കുടിക്കാത്ത ഭര്‍ത്താവിനു മീന്‍ കൂട്ടാനും കുത്തരി ചോറും വിളമ്പി കാത്തിരിക്കുമായിരുന്നു ആ സാധ്വി. കൌസല്യ ചോത്തി ചിരിച്ചു കണ്ടിട്ടില്ല മരിക്കുവോളം.രാഘവചോന്റെ ദേഷ്യം പിടിച്ച മുഖവും കുടിച്ച്‌ ചുവന്ന കണ്ണുകളും  കാണുമ്പൊള്‍ ചെറിയ  കുട്ടിയായിരുന്ന എന്നെപോലെ തന്നെ പേടിച്ചു വിറയക്കുമായിരുന്നു  ആ അമ്മയും.;കരഞ്ഞു കരഞ്ഞു ആ  മുഖം വാടുന്നതിനു എത്രയോ തവണ   ഞാന്‍ സാക്ഷിയായിട്ടുണ്ട്.ആരും കാണാതെ അടുത്തു ചെന്ന് ആശ്വാസ വാക്കുകള്‍ പറയുമായിരുന്നു,കുഞ്ഞായിരുന്ന ഞാന്‍.
അതുപോലെ തന്നെ നിസ്വാര്‍ത്ഥ പ്രതീകമായിരുന്നു എന്‍റെ കുഞ്ഞമ്മ.ആരോടും മുഖം കറുപ്പിച്ചു പെരുമാറുന്നത് അവര്‍ക്ക് ഇഷ്ടമേ അല്ലായിരുന്നു.  ആറ് മക്കളെ പെറ്റു പോറ്റിയ അവര്‍ എന്നെയും മകനെ പോലെ കരുതി സ്നേഹിച്ചു.വിശക്കുമ്പോള്‍ മൂത്ത പുത്രനും മുരടനുമായ അനിരുദ്ധന്‍ ചേട്ടനെ കാണാതെ അടുക്കളയില്‍ ഇരുത്തി വയര്‍ നിറയുവോളം അവര്‍ എനിക്ക്
ചോറും കൂട്ടാനും വിളമ്പി തരുമായിരുന്നു.കുഞ്ഞമ്മ വച്ചു വിളമ്പിയ തേങ്ങ അരച്ചു കൂട്ട് കറി യുടെ സ്വാദ് ഇന്നും എന്‍റെ നാവില്‍ തുമ്പില്‍ സുഗന്ധം വിതറി നില്‍ക്കുന്നു. വിശക്കുന്നു എന്ന് പറയുമ്പോള്‍ എന്‍റെ അമ്മ എന്നോട് കയര്‍ക്കുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്.എന്നാല്‍ നിറയെ സ്നേഹം വിളമ്പിത്തന്നു ഈ രണ്ടു അമ്മമാരും എനിക്ക്.സ്നേഹത്തിലും കാരുണ്യത്തിലും എന്നത് പോലെ മറ്റു ചില സാമ്യങ്ങളും ഉണ്ടായിരുന്നു ഇരുവരും തമ്മില്‍.രണ്ടു പേരും നിത്യ രോഗികള്‍ ആയിരുന്നു.ആറ് മക്കളില്‍ രണ്ട് പേര്‍ (മോഹിനിയും ,ഉല്ലാസനും) പത്തും പന്ത്രണ്ടും വയസിനിടയില്‍ രോഗ ബാധിതരായി മരിച്ചത് കുഞ്ഞമ്മയെ തളര്‍ത്തി.രാഘവചോന്റെ ഇടിയും മാനസിക പീഡനവും സഹിച്ചു തളര്‍ന്ന കൌസല്യ ചോത്തിയും രോഗിണിയായി.
 അസ്തമയുടെയും രക്ത സമ്മര്‍ദ്ദത്തിന്ടെയും അസ്കിതകള്‍ ഉണ്ടായിരുന്നു ഇരുവര്‍ക്കും.ഇരുവരും രോഗവും ദുരിതങ്ങളും അലട്ടാത്ത ഏതോ ലോകത്തിലേക്ക് ഞങ്ങളെഎല്ലാം വിട്ടു പോയി.എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ വാര്‍ഡില്‍ എന്‍റെ മടിയില്‍ കിടന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൌസല്യ ചോത്തി മരിച്ചത്.കൂടെ മകന്‍ സുരയും ഉണ്ടായിരുന്നു.അന്ത്യ ശ്വാസം വലിക്കുമ്പോള്‍ ഒരിറ്റു വെള്ളം ആ നാവില്‍ ഇറ്റിക്കാന്‍ എനിക്കും കഴിഞ്ഞു .എനിക്ക് വിളമ്പിയ ആ ചോറിനു പകരമായി കാലം കാത്തു വച്ചു എനിക്ക് നല്‍കിയ  അപൂര്‍വ നിമിഷം.തെക്കേ പറമ്പിലെ ചിതയില്‍ ആ അമ്മ കത്തിയമര്ന്നെങ്കിലും മനസ്സില്‍ ഒരു കെടാ വിളക്കായി  ഇന്നും തെളിഞ്ഞു കത്തുന്നുണ്ട് ആ മുഖം.അപ്പോള്‍ ഞാനോര്‍ക്കും ആ അമ്മയുടെ വാക്കുകള്‍ "മകനെ,  മരണ കിടക്കയില്‍ എന്‍റെ അരികത്തു നീയെ ഉണ്ടാകൂ."എന്‍റെ അമ്മ ഇല്ലാത്ത  ആ വീട്ടില്‍ പിന്നെ ഞാന്‍ അപൂര്‍വമായേ പോയിട്ടുള്ളൂ അധികം താമസിയാതെ രാഘവചോകൊന്‍ വേറെ കല്യാണം കഴിച്ചെങ്കിലും അധിക കാലം അദ്ദേഹവും ജീവിച്ചില്ല.  .വഴക്കടിക്കാനും വച്ചു വിളമ്പാനും  പരിഭവിക്കാനും സ്നേഹിക്കാനും തന്റെ കൌസല്യയെ പോലെ മറ്റൊരു സ്ത്രീക്ക് കഴിയില്ല എന്ന് അവസാന കാലങ്ങളില്‍ അദ്ദേഹവും മനസിലാക്കി കാണും.
ചെറുപ്പത്തില്‍ രാജ കുമാരനെ പോലെ കഴിഞ്ഞ എന്‍റെ കളിക്കൂട്ടുകാരന്‍ സുര ഇന്ന് ഏറക്കുറെ അനാഥന്‍ ആണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല് കൂടി ‍ഞാന്‍ കണ്ടു  ഞങ്ങളുടെ കുഞ്ഞു കാല്‍പാദങ്ങള്‍ മുദ്ര പതിപ്പിച്ച ആ വീടും മുറ്റവും. ഇടിഞ്ഞു വീഴാറായ ഒരു ഭഗ്ന ഭവനം പോലെ ഓര്‍മകളും പേറി അങ്ങനെ നില്‍ക്കുന്നു..പൊയ്പോയ  കാലം  ഏല്‍പിച്ച ക്ഷതങ്ങളുമായി..
( *പത്തിരുപതു കൊല്ലം മുന്‍പ് നടന്ന കാര്യങ്ങളാണ്.അക്കാലത്തെ വിളിപ്പേരുകള്‍ തന്നെയാണ് ലേഖനത്തില്‍ ചേര്‍ത്തിട്ടുള്ളത്.)

ഒരോണവും കുറെ 'കുടി'ക്കണക്കും

ഖത്തറില്‍ ഉള്ള എന്‍റെ സുഹൃത്ത് പദ്മചന്ദ്രന് ഏതോ കുടികിടപ്പ് വിരോധി പറഞ്ഞു കൊടുത്ത നര്‍മ ഭാവനയും    അതിനെക്കുറിച്ച് ഞാന്‍ എഴുതിയ കമന്റും .
-----------------------------------------------------------------------------------------------------------------------------
സംസ്ഥാന സ്കൂള്‍ കായികമേള കഴിഞ്ഞ് കപ്പ് കോരുത്തോട് കൊണ്ടുപോയി എന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നവരോട് ഇത്തവണ കോതമംഗലമാണ് എന്നു പറയുന്നതുപോലെയാണ് ഈ ഓണത്തിന് ചാലക്കുടിയെ കരുനാഗപ്പള്ളി തറപറ്റിച്ചു എന്നു പറയുന്നത്. കരുവാറ്റ, കാരിച്ചാല്‍ എന്നൊക്കെ പറയുന്നതുപോലെയാണ് ജനമനസ്സില്‍ ചാലക്കുടിയും കരുനാഗപ്പള്ളിയുമൊക്കെ. ആര്‍ട്സിലും സ്പോര്‍ട്സിലും ഒക്കെ കുടി ഒരു ഗോമ്പറ്റീഷന്‍ ഐറ്റമാക്കിയിരുന്നെങ്കില്‍ ഇവിടെ ഗപ്പുകള്‍ കുറെയധികം വേണ്ടി വന്നേനെ. അട്ടിമറി വിജയങ്ങള്‍ ഇതിനെക്കാള്‍ ആഘോഷിക്കപ്പെട്ടേനെ.

കുടിച്ചു കുടിച്ച് ഹാട്രികും ഡബിള്‍ ഹാട്രികും ഒക്കെ കഴിഞ്ഞ ചാലക്കുടിയെ ഓണത്തിന് കരുനാഗപ്പള്ളി അട്ടിമറിച്ചു എന്നതാണ് ഈ സീസണിലെ ഞെട്ടിക്കുന്ന വാര്‍ത്ത. എന്തായിരിക്കും ഇതിനു പിന്നില്‍ ? ചാലക്കുടിക്കാര്‍ കുടി നിര്‍ത്തിയോ ? അതോ ചാലക്കുടിയെ തറപറ്റിക്കാന്‍ കരുനാഗപ്പള്ളിക്കാര്‍ ചാലക്കുടിയിലെ കുടിയന്മാരെ ഈ മൂന്നുദിവസത്തേക്ക് കരുനാഗപ്പള്ളിക്കു കൊണ്ടുപോയോ ? കരുനാഗപ്പള്ളിയില്‍ 14.23 ലക്ഷവും ചാലക്കുടിയില്‍ 13.89 ലക്ഷവുമായിരുന്നു തിരുവോണദിവസം മദ്യവില്‍പന. എന്നാല്‍ ഓവറോള്‍ കപ്പ് ചാലക്കുടിക്കു തന്നെ. ചാലക്കുടിയില്‍ മൂന്നു ദിവസങ്ങളിലായി 53 ലക്ഷം രൂപയുടെ കച്ചവടം നടന്നിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ഈ ദിവസങ്ങളിലെ കച്ചവടം 51.7 ലക്ഷം രൂപയും.
പൂരാടം, ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളില്‍ മാത്രം കേരളാ ബിവറേജസ് കോര്‍പറേഷന്റെ മാത്രം മദ്യവില്‍പനശാലകളില്‍ നിന്നു വിറ്റുപോയത് 85.7 കോടി രൂപയുടെ മദ്യം. ഓരോ സീസണിലും റെക്കോര്‍ഡിടാന്‍ നമുക്കു കഴിയുന്നു. കണക്കുകള്‍ അനുസരിച്ച് പൂരാടത്തിനു 34.59 കോടിയും ഉത്രാടത്തില്‍ ഇതു 30.31 കോടിയും തിരുവോണത്തിന് 20.8 കോടിയും ബിവറേജസ് കോര്‍പറേഷന്‍ കള്ളുവിറ്റുണ്ടാക്കി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മൂന്നു ദിവസങ്ങളില്‍ മാത്രം 9.1 കോടി രൂപയുടെ വര്‍ധനയുമുണ്ട്.
എന്തായാലും സര്‍ക്കാരിന് ഇനി ധൈര്യമായിട്ട് പലതില്‍ നിന്നും പിന്മാറാം. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലിയും കാര്‍ഷികമേഖലയിലുമൊക്കെ സബ്സിഡിയായും നഷ്ടപരിഹാരമായുമൊക്കെയായി ചെലവിടുന്ന കോടികള്‍ കണ്ണുംപൂട്ടി പിന്‍വലിക്കാം. അത്തരമൊരു സഹായമോ സബ്സിഡിയോ ആവശ്യമില്ലാത്ത വിധം സംസ്ഥാനത്തെ ജനങ്ങളുടെ സമ്പദ്വ്യവസ്ഥ കരുത്തുറ്റതാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് കേരളം കള്ളുവാങ്ങാന്‍ ചെലവിട്ട പണമുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ റോഡുകള്‍ കംപ്ലീറ്റും ടാര്‍ ചെയ്യാമായിരുന്നു, മിനിമം 50 പാലങ്ങളെങ്കിലും പണിയാമായിരുന്നു, 1000 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാമായിരുന്നു, പോട്ടെ… 100 സിനിമകളെങ്കിലും നിര്‍മിക്കാമായിരുന്നു.
മറ്റൊരു ശ്രദ്ധേയമായ സംഗതി ഓണവും ക്രിസ്മസുമൊക്കെ കഴിയുമ്പോള്‍ ക്രിക്കറ്റ് സ്കോര്‍ പോലെ, വള്ളംകളിയുടെ വിവരണം പോലെ, തിരഞ്ഞെടുപ്പുഫലം പോലെ അടുത്ത ദിവസത്തെ പത്രങ്ങളില്‍ തെളിയുന്ന കുടിക്കണക്കാണ്. വിശദമായ ജില്ല തിരിച്ചും ബിവറേജസ് കോര്‍പറേഷന്‍ ശാഖ തിരിച്ചുമുള്ള കണക്കുകള്‍ വേണമെന്ന് ജനത്തിനും നിര്‍ബന്ധമുണ്ട്. കളിയെഴുത്ത് എന്നതുപോലെ മാധ്യമപ്രവര്‍ത്തനത്തില്‍ കള്ളെഴുത്ത് എന്നൊരു വിഭാഗം തന്നെ ഉണ്ടായിട്ടുണ്ട്. കുടിയന്‍മാരെ രസിപ്പിക്കുന്ന അവരുടെ വാശി കൂട്ടുന്ന തരത്തില്‍ കണക്കുകള്‍ അങ്ങനെ വിവരിക്കുക. ജേണലിസം കോഴ്സുകളില്‍ കള്ളെഴുത്തുകൂടി ഉള്‍പ്പെടുത്തുമാറാകാട്ടെ.
എങ്കിലും കണക്കുകള്‍ കണക്കുകളല്ലാതാകുന്നില്ല. കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് 10 ദിവസം 204. 08 കോടിക്കായിരുന്നു ബിവറേജസ് ചേട്ടന്‍മാരുടെ വില്‍പന. ഇപ്പോള്‍ ആദ്യ ഏഴുദിവസം കൊണ്ടുതന്നെ 176.05 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 കോടി രൂപ അധികം. 10 ദിവസംകൊണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് ബിവറേജസ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്. ഇനിയും ദിവസങ്ങള്‍ ബാക്കി കിടക്കുന്നു. ഈ കേരളോല്‍സവത്തില്‍ ഇനിയും പങ്കുചേരാത്തവര്‍ ഇന്നു തന്നെ തുടങ്ങുക. 60 കോടിയെങ്കിലും അധികം നല്‍കി കോര്‍പറേഷനെ നമുക്കു ഞെട്ടിക്കണം, ഹല്ല പിന്നെ !
കഴിഞ്ഞ സാമ്പത്തികവര്‍ഷം മുഴുവനെടുത്താല്‍ കേരളം കുടിച്ചുവറ്റിച്ചത് 5300 കോടി രൂപയുടെ മദ്യമാണ്. എന്നാല്‍, മദ്യപാനം മൂലമുണ്ടാകുന്ന വിവിധനഷ്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ നഷ്ടം ഏകദേശം 12,000 കോടി രൂപ കവിയുമെന്നാണു സാമൂഹികശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ബ്രാന്‍ഡ് കണക്കുകള്‍ കൂടി ശ്രദ്ധിക്കുക: ഇക്കൊല്ലം വിറ്റഴിക്കപ്പെട്ടതില്‍ 56 ശതമാനവും റമ്മുകളാണ്. 39 ശതമാനം ബ്രാന്‍ഡിയും നാലു ശതമാനം വോഡ്കയും വിറ്റഴിക്കപ്പെട്ടപ്പോള്‍ ഒരു ശതമാനം മാത്രമാണു വിസ്കിയുടെ ഷെയര്‍.(പദ്മ ചന്ദ്രന്‍ )
-----------------------------
എന്‍റെ  മറുപടി
------------------------------
ള്ള് എഴുത്ത് ഉണ്ടായത് കൊണ്ടാണല്ലോ കുടിക്കണക്കുകള്‍ കൃത്യമായി ഇനം തിരിച്ചും ജില്ല ,താലൂക് തിരിച്ചും മണി മണി പോലെ കിട്ടിയത്.ഈ കണക്കുകളും ജനം അറിയണം എന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.കണക്കു കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുന്ന ആള്‍ പോലും അപ്പോള്‍ ബിവറേജസ് കൌണ്ടറിനു മുന്നില്‍ ക്യു നില്‍ക്കുകയായിരിക്കും.
മാവേലി സ്ടോറിനും റേഷന്‍ കടയ്ക്കും മുന്നില്‍ പുഴുത്തു നാറിയ അരി വാങ്ങാന്‍  ക്യു നിന്ന് ശീലിച്ച മലയാളിക്ക് അന്തസ്സുള്ള വിദേശ മദ്യം  വാങ്ങാന്‍ ക്യു നില്‍ക്കുന്നതിനു എന്തെങ്കിലും  നാണക്കേടോ  ബുദ്ധിമുട്ടോ  തോന്നുമോ ? അല്ലെങ്കില്‍ തന്നെ ഭൂപരിഷകരണ നിയമം വന്ന കാലം മുതല്‍ "കുടി കിടപ്പ്"മലയാളിയുടെ ജന്മാവകാശമാണല്ലോ! ചാലക്കുടി യുടെ കുടി കുത്തക തകര്‍ന്നതില്‍ അവര്‍ നാണം കെടുന്നുണ്ട് എങ്കിലും നാണക്കേട്‌ തീര്‍ക്കാന്‍ അവര്‍ പാട് പെടേണ്ടി വരില്ല.സങ്കടം വന്നാലും ,സന്തോഷം വന്നാലും കുടി ശീലമാക്കിയ മലയാളികള്‍ തമ്മില്‍ കുടിപ്പക ഉണ്ടാകുന്ന വിധത്തില്‍ കരുനാഗപള്ളിക്കാരെയും ചാലക്കുടിക്കാരെയും തമ്മില്‍ നമ്മള്‍ പാരവെപ്പുകാരും വാതു വെപ്പുകാരും ചേര്‍ന്ന്   തെറ്റിക്കാതിരുന്നാല്‍ മതി. കുടിപള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം മുതല്‍ കുടിപഠിച്ചവരാണ് എങ്കിലും കുറച്ചും കുറേശ്ശെയും  കുടിക്കുന്നവരെ കളിയാക്കുന്ന ഒരു ശീലം പൊതുവേ നമ്മള്‍ക്കുണ്ട്.കൂടുതല്‍ കുടിക്കുന്നവരാന് കേമന്മാര്‍ എന്നാണല്ലോ വയ്പ്പ്."ഞങ്ങള്‍ രണ്ടുപേര്‍ ഒരു ഫുള്‍ ഒറ്റ മണിക്കൂര്‍ കൊണ്ട് തീര്‍ത്തു" എന്ന് വീമ്പിളക്കി അഭിമാനിക്കുന്നവരാണ് നമ്മളില്‍പലരും. ഡാവിനു വന്നു രണ്ടെണ്ണം മട മടാന്നു വീശിയാണല്ലോ മലയാളി കള്ള് കുടി പഠിച്ചത് തന്നെ . കുപ്പിയും ഗ്ലാസ്സുംവേഗത്തില്‍ തീര്‍ക്കുന്നത് നമമുടെക്രെഡിറ്റും ശീലവും ആയതു കൊണ്ട് ക്രെഡിറ്റു വാങ്ങിയായാലും മാക്സിമം ലെവലില്‍ കുടിച്ചു കൂതറ യായി നടക്കുന്നത് ഒരു രസം തന്നെ,ഭാഗ്യം കൊണ്ട് എങ്ങിനെയും  കുടിമുടക്കാറുമില്ല പലരും 'കുടികുത്തക"ലോക സഭാ ഇലക്ഷനില്‍ മണ്ഡലങ്ങളിലെ ലീഡു നില മാറി മറിയുന്നത് പോലെ ചാഞ്ഞും ചരിഞ്ഞും വന്നേക്കാം .മുടി ഉണ്ടെങ്കില്‍ അല്ലേ കെട്ടാന്‍ പറ്റൂ എന്ന് പഴമക്കാര്‍ പറയുന്നതുപോലെ കുടിയുണ്ടെങ്കില്‍ അല്ലേ വളഞ്ഞും പുളഞ്ഞുംകിടന്നു വാളോ ഉറുമിയോ നീട്ടിയും കുറുക്കിയും വയ്ക്കാന്‍ പറ്റൂ. നാണക്കേട്‌മായ്ക്കാന്‍ചാലക്കുടിക്കാര്‍ അടുത്ത ഓണം വരെ കാത്തിരിക്കുമെന്ന് ആരും കരുതേണ്ട. കരുനാഗ പള്ളിക്കാരും ജാഗ്രതൈ. ഒന്നുമല്ലെങ്കിലും ഈ പോക്കണം കേടു മായ്ക്കാന്‍  ചാലക്കുടിയുടെ ചക്കര മുത്തായ കലാഭവന്‍ മണിയെങ്കിലും അരയും തലയും മുറുക്കി ഇറങ്ങാതിരിക്കില്ല , ഉള്ള കുടിക്കിടം വിറ്റിട്ടായാലും നമ്മട  മണി മണിയായി പണം എറിയുമെന്ന് ചാലകുടിക്കാര്‍ കുശു കുശുപ്പു തുടങ്ങി യിട്ടുണ്ട് .മണിയുടെ വകയായി ചാലക്കുടി ചന്തയില്‍ എത്തുന്ന   ലോറിക്കണക്കിന് കുപ്പികള് ‍ചാലക്കുടിയിലെ ഓരോ കുടിയിലും നിരാശരായി  മടിഞ്ഞിരിക്കുന്ന കുടികിടപ്പ്കാരുടെ ആത്മ"വീര്യം" വര്‍ദ്ധിപ്പിക്കാതിരിക്കില്ല എന്ന് നമ്മള്‍ക്ക് പ്രത്യാശിക്കാം .ആമ്മേന്‍ ..
(രമേശ്‌ അരൂര്‍)

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

കവിത ഊഹ കൃഷി

 ഊഹ കൃഷി
-----------------------------
ഓഹരി വിപണി തകര്‍ന്ന
വാര്‍ത്തയ്ക്കിടയിലാണ്
ഓണം വരുന്നു വെന്ന്
ടീ വി യില്‍ പരസ്യം കണ്ടത് ..
ആധി പിടിച്ച അമ്മമാര്‍
ഇനി ഇരവു പകല്‍ ഇല്ലാതെ
ഇരക്കണം....
പൂക്കളും
പഴങ്ങളും
പച്ചക്കറിയും വരാന്‍
പാണ്ടി ലോറികള്‍
ചുരം ഇറങ്ങണം .
പോന്നാര്യനും,കൊണ്ടലും
കടല്‍ കടന്നു
ഉപ്പു പാടത്ത് മീനും
ചപ്പിലയും വിളയുന്നുണ്ട്‌
വഴിയോരങ്ങള്‍ ഇനി
പര ദേശി കളും വണികരും ഭരിക്കട്ടെ
നമുക്ക് ഓഹരി പാടങ്ങളില്‍
ഊഹ കൃഷി നടത്താം ..
ഇടവേളകളില്‍  ടീ വിയിലെ
ഓണവും വിഷുവും  കണ്ടു
ആര്‍പ്പോ.... ഉര്‍ റോ.... വിളിക്കാം ...

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

കവിത * ഓണസ്മരണ

ഓണ സ്മരണ
രമേശ്‌ അരൂര്‍
നാട്ടിന്‍ പുറങ്ങളില്‍ നന്മ വിടര്‍ത്തിയ
പൂക്കള്‍ തന്നോര്‍മയാണോണം!
പൂക്കുട യേന്തിയോരുണ്ണിക്കിടാങ്ങള്‍ തന്‍
കോടിതന്‍ ഗന്ധമാണോണം !
ചാണകം തേച്ചു മിനുക്കിയ  മുറ്റത്തെ
പോന്നരി കോലമാണോണം!
തൃക്കക്കരപ്പന്റെ മണ്ണില്‍ വിരിയുന്ന
പുണ്യ മാണീ തിരുവോണം !
ഓണമായ് ഓണമായ് എന്ന് പാടി -
ക്കൊണ്ടോരോമല്‍ കിളിയും പറന്നു പോയി
പൂക്കളം തീര്‍ക്കുവാന്‍ വെമ്പുന്നൊരുണ്ണികള്‍
പൂവുകള്‍ തേടി പലവഴി പോയ്‌
കാടുകള്‍ മേടുകള്‍ എല്ലാം തിരഞ്ഞൊരു തരി -
പൂവിന്റെ വേണ്മയ്ക്ക് വേണ്ടി മാത്രം !
പാതാള ലോകത്ത് നിന്നും ഇങ്ങെത്തുന്ന മാബലി
തമ്പുരാന്‍ കാണുമല്ലോ .......
വീട്ടില്‍ മുറികളില്‍ മൌനമായ് ടീവിതന്‍
ഓണ ഘോഷങ്ങളില്‍ മുങ്ങിയോരെ !
പൂക്കളം തീര്‍ക്കാതെ പോയ മുറ്റങ്ങളെ
കോടി യുടുക്കാത്ത പൈതങ്ങളെ !
കൈകൊട്ടി പാട്ടും ചിരിയും കുരവയും

കൊണ്ട് മുഖരിത മായിരുന്ന
നാടും നടുമുറ്റ മൊത്ത തറവാടും
മൂകമാ ണിന്നത്തെ ഓണ രാവില്‍ !!
എങ്ങു പോയ്‌ എങ്ങു പോയ്‌ എന്‍ തിരുവോണമേ
നന്മ  വിടര്‍ത്തും വസന്തങ്ങളെ ?
നാട് കടന്ന തിരുമേനി കാണുമീ നാട്ടില്‍
നിറഞ്ഞൊരു തിന്മകളെ
ബാല മരണം ,നരഹത്യ പീഡനം
നാടിതു നിത്യ നരക തുല്യം !
കള്ള പ്പറയും ചെറുനാഴിയും
ഏത് നാവിലും  മുറ്റും പൊളി വചനം !
എങ്ങും നിറയുന്ന സ്പര്‍ധയും ഭേതവും
എങ്ങിത് പോയ്‌ എന്‍കേര സ്വര്‍ഗ്ഗ ഭൂമി ?
കണ്ണ് കലങ്ങി മനക്കൂമ്പു വാടി-
യ ത്തമ്പുരാന്‍ മെല്ലെ മൊഴിയുമേവം
നാട്ടിന്‍ പുറങ്ങളില്‍ നന്മ വിടര്‍ത്തിയ
 പൂക്കള്‍ തന്നോര്‍മയാണോണം!
പൂക്കൂടയെന്തിയോരുണ്ണി കിടാങ്ങള്‍ തന്‍
കോടി തന്‍ ഗന്ധമാ ണോ ണം!!
ചാണകം തേച്ചു മിനുക്കിയ മുറ്റത്തെ
പോന്നരി കോലമാണോണം!
തൃക്കക്കരപ്പന്റെ മണ്ണില്‍ വിരിയുന്ന
പുണ്യ മാണീ തിരുവോണം !
Published in Manorama online
(Manorama online/Gulf news/My creatives/Onasmarana)

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍


ഇല്ലായ്മകള്‍ക്ക്
നടുവിലും
പുഞ്ചിരിയോടെ
ജീവിതത്തെ
നേരിട്ട പ്രതിഭ
എസ്.ആര്‍ .കെ .
യെ കുറിച്ച് .....
രമേശ്‌ അരൂര്‍
സൌഭാഗ്യങ്ങല്‍ക്കിടയിലും നഷ്ടങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു നിരാശപ്പെടുന്നവര്‍ക്ക് കൃഷ്ണമൂര്‍ത്തിയുടെ ജീവിതം ഒരു സന്ദേശമാണ്.ശാരീരികമായ അപൂര്‍ണതകളെ തോല്‍പ്പിച്ചു അപൂര്‍വ സിദ്ധികളിലൂടെ പൂര്‍ണത നേടുകയാണ്‌ ഈ "പകുതി മനുഷ്യന്‍ ".
ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോ: എപി.ജെ .അബ്ദുല്‍ കലാമും,പുരട്ചി തലൈവി കുമാരി ജയലളിതയും, ഒക്കെ തൊഴു കൈകളോടെ ആദരിച്ച വ്യക്തിത്വം ! ഇസൈ മന്നന്‍ മാരായ ഡോ : ബാല മുരളീ കൃഷ്ണയും ,ഇളയ രാജയും മണിക്കൂറുകളോളം കാത്തിരുന്നു ശ്രവിച്ച സ്വരം! കലാകാരന്മാരെ ഈശ്വര തുല്യം ആരാധിക്കുന്ന തമിഴകത്തിന്റെ ഹൃദയം പിടിച്ചടക്കിയ "പെരിയവര്‍ ".ഇത് എസ് .ആര്‍ .കെ .എന്ന ചുരുക്കപ്പേരില്‍ ലോകം അറിയുന്ന സംഗീത കലയമാമണി എസ് .ആര്‍ .കൃഷ്ണ മൂര്‍ത്തി .ജന്മനാല്‍ തന്നെ കൈ കാലുകള്‍ ഇല്ലാത്ത കൃഷ്ണ മൂര്‍ത്തി കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് കാറില്‍ കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ രാജ്യാന്തര വ്യക്തിത്വ വികസന പരിശീലകരും ,ശാസ്ത്രജ്ഞരും ,പ്രൊഫഷനലുകളും അടങ്ങുന്ന ഒരു വന്‍ സദസ്സ് ആ അപൂര്‍വ പ്രതിഭയുടെ സാന്നിദ്യത്തിനായി ആകാംക്ഷ യോടെ കാത്തിരിക്കുകയായിരുന്നു .നിഴല്‍ പോലെ പിന്തുടരുന്ന ഉറ്റ ബന്ധുക്കളുടെ കൈകളില്‍ മുന്‍പ് എന്നോ വീണുടഞ്ഞ കളിപ്പാവ പോലെ ഒതുങ്ങിയിരുന്നു ആ മനുഷ്യന്‍ "ലുഗി 'യുടെ ഇന്ഷുറന്സ്പരിശീലന വേദിയില്‍ എത്തിയപ്പോള്‍ മുഴങ്ങിയത് നിലയ്ക്കാത്ത കരഘോഷം !
ശാരീരിക വൈകല്യം മൂലം സ്കൂള്‍ വിദ്യാഭ്യാസം പോലും അന്യമായെങ്കിലും വിധിയെ തോല്‍പ്പിച്ച് വിജയ കിരീടം ചൂടിയ തന്റെ ജീവിത കഥയുടെ ഊര്‍ജം മറ്റുള്ളവര്‍ക്ക് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എത്തിയതാണ് കൃഷ്ണ മൂര്‍ത്തി .പരിമിതികളെ ഓര്‍ത്തു കരയുന്നവരോട് 'ജയിക്കാനായ് ജനിച്ചവനാണ് ഓരോ മനുഷ്യനും 'എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു .
മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ കൃഷ്ണ മൂര്‍ത്തിയെ തേടി രാഷ്ട്ര പതിയുടെ പ്രത്യേക അവാര്‍ഡ് ,തമിഴ് നാട് സര്‍ക്കാരിന്റെ 'സംഗീത കലയ മാമണി 'സംഗീത ഭൂഷണം ,കലയ മുത്ത്‌ മണി ,സംഗീത തിലകം -ഇങ്ങനെ ഒട്ടേറെ ബഹുമതികള്‍ എത്തിയെന്നത് ചരിത്റം !.ഇപ്പോള്‍ തമിഴ്നാട് ആകാശ വാണി ഒന്നാം ഗ്രേഡ് ആര്‍ടിസ്റ്റ് ആണ് . പതിനേഴാം വയസ്സില്‍ ഈറോഡ് ഇലെ അമ്പല മൈതാനത്ത് നിന്ന് തുടങ്ങി വച്ച സംഗീത സപര്യ അറുപത്തി ഒന്‍പതാം വയസ്സിലും അനസ്യൂതമായ് തുടരുകയാണ് .മൂവായിരത്തില്‍ പരം വേദികള്‍ പിന്നിട്ടു റെക്കോര്‍ഡ്‌ മായി മാറി ആ സംഗീത യാത്രാ. അതിനിടയില്‍ തപാല്‍ വഴി ഹോമിയോ പതിയില്‍ ഡിപ്ലോമയും , ഹിന്ദി ,സംസ്കൃത ഭാഷകളില്‍ പണ്ഡിത പദവികളും നേടി ജന്മനാലുള്ള ശാരീരിക അപൂര്‍ണതകളെ അദ്ദേഹം വെല്ലുവിളിച്ചു .
മലേഷ്യയിലും ,സിങ്കപുരിലും അടക്കമുള്ള ഒട്ടേറെ വിദേശ രാജ്യങ്ങളിലെല്ലാം "ഓടിനടന്നു "അദ്ദേഹം -മനസുകൊണ്ട് തളര്‍ന്ന അനേകം മനുഷ്യര്‍ക്ക്‌ തന്റെ ജീവപാഠം ങ്ങളുടെ ഊര്‍ജം പകര്‍ന്നിട്ടുമുണ്ട് ഈ പ്രതിഭ .
തമിഴ്നാട് പോലീസ് അക്കാദമിയില്‍ എത്തുന്ന ഓരോ പുതിയ ബാച്ച് കാര്‍ക്കും കൃഷ്ണമുര്തിയുടെ പ്രത്യേക പരിശീലം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു വരുന്നു .
ഇരുന്നു നിരങ്ങിയും കിടന്നു ഉരുണ്ടും സഞ്ചരിക്കുന്ന കൃഷ്ണ മൂര്‍ത്തിക്ക് കൈകള്‍ ഇല്ലെങ്കിലും നന്നായി എഴുതാനും ചിത്രം വരയ്ക്കാനും കഴിയും !ചുണ്ടുകള്‍ക്കിടയില്‍ പേനയും ബ്രഷും തിരുകി അദ്ദേഹം എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക് പ്രചോദനം ഏകുന്ന വാക്കും വരകളും ആണ് .
മൂവായിരത്തില്‍ പരം കീര്‍ത്തനങ്ങള്‍ മന :പാഠം ആക്കിയ കൃഷ്ണമൂര്‍ത്തിക്ക് രാഗങ്ങളെ പ്പറ്റിയും അപാര ജ്ഞാനമാണ് .അച്ഛനും അമ്മയും മരിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ തനിക്കൊരിക്കലും കരയേണ്ടി വന്നിട്ടില്ലെന്ന് നിറചിരിയോടെ അദ്ദേഹം പറയുമ്പോള്‍ അത് സത്യമല്ലെന്ന് വിശ്വസിക്കാനേ ആകില്ല .നാന്‍ താന്‍ കടവുള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു തമിഴകത്തിന്റെ മനം കവര്‍ന്നു .

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

പ്രണയികള്‍ ബാക്കി വച്ചത്


പ്രണയം ഒരു യുദ്ധമാണ്
ഞാന്‍ അതില്‍ ആയുധം നഷ്ടപ്പെട്ട
പോരാളി !
മുറിച്ചു കണ്ടിച്ച ഉടല്‍
വലിച്ചു കീറിയ ശത്രു
എന്‍റെ ഹൃദയം പിഴുതെറിഞ്ഞു !!
ചോര വാര്‍ന്നൊലിച്ച എന്‍റെ സ്നേഹം
ചെന്നായ്ക്കള്‍ക്കു തര്‍പ്പണം ചെയ്തു !
ഓര്‍മ അറ്റ തലച്ചോറ്
ബലി കാക്കകള്‍ക്ക് എറിഞ്ഞു കൊടുത്തു
ഞാന്‍ പ്രണയം നഷ്ടപ്പെട്ട ഭ്രാന്തന്‍
രാജ്യം നഷ്ടപ്പെട്ട രാജാവ്
ഭോഗം നഷ്ടപ്പെട്ട അന്തണന്‍
കഴുകന്മാര്‍ കൊത്തി വലിച്ച
എന്‍റെ അസ്ഥികള്‍ കൊണ്ടു
നിങ്ങള്‍ പ്രണയ സ്മാരകം പണിതു
അതില്‍ എനിക്കായി കൊളുത്തിയ വിളക്ക്
കരിന്തിരിയായ് ഒടുങ്ങി
പ്രണയം ജീവിതത്തിന്റെ ഒടുക്കമാണ്‌
വിഡ്ഢികളുടെ ശവക്കുഴി !
പ്രണയം പ്രളയത്തിന്റെ തുടക്കമാണ്
പ്രണയികള്‍ സ്വയം കത്തുന്ന ചിത !
പരാജിതരുടെ ഭഗ്ന ഭവനം !
പടക്കോപ്പുകള്‍ ഇല്ലാത്ത
പട കുടീരം ...
കടലുകള്‍ക്ക്അപ്പുറത്ത് കഥയില്‍ മാത്രം ജീവിക്കുന്ന
രാജകുമാരനെ കാത്തിരിക്കുന്ന
ഒരു കൂട്ടുകാരി യുണ്ട് എനിക്ക്
നശിച്ച ഒരു കാറ്റില്‍ ചരട് അറ്റുപോയ
ഒരു പട്ടമാണ് തന്റെ പ്രണയമെന്നു
പാവം അവള്‍ അറിയുന്നെ ഇല്ല !
പ്രണയത്തിന്റെ തോരാമഴയില്‍
നനയുന്ന അവള്‍ വിരഹം വേവിച്ച
കടലിന്റെ തിര സ്പര്‍ശം അറിയുന്നെ ഇല്ല !!
എന്നില്‍ സ്നേഹത്തിന്റെ
ഒരു കുഞ്ഞരുവി ഒഴുക്കിയത് നീയാണ് ;
കാമത്തിന്റെ കൊടുംകാറ്റു വിതച്ചതും !
ഒടുവില്‍
വെറുപ്പിന്റെ ചെളിനിലങ്ങളില്‍
കാലുറകള്‍ ഇല്ലാതെ നടക്കാന്‍
ഞാന്‍ താനേ പഠിച്ചു !
അപ്പോള്‍ എന്‍റെ ഇടം കയ്യില്‍
മുറുകെ പിടിച്ചത്
നിന്‍റെ തണുത്ത വിരല്‍ തുമ്പുകള്‍ സൃഷ്ടിച്ച
ശൂന്യത മാത്രം !!

ആയുധം ....


തിന്മകള്‍ക്കെതിരെ
സംഹാര ശക്തിയായ്
കവിത ഉള്ളപ്പോള്‍
ഞാന്‍ എന്തിനു
തോക്ക് കരുതി വയ്ക്കണം ?
എന്‍റെ കൈയ്യില്‍
കല്ലും കവിണിയും ബോംബും ഇല്ല
കവിത ! കവിത മാത്രം !
ലോകം വെന്തു ചാമ്പല്‍ ആയാലും
കാലാതി വര്‍ത്തിയായ്
നിലനില്‍ക്കുന്ന കവിത !

അജ്ഞാത സഖിക്ക്...

വിരല്‍തുമ്പില്‍ നിന്‍ സ്പര്‍ശ സാന്ത്വനം
ഉള്പൂവില്‍ നിന്‍ സ്നേഹ സൌഭഗം
സുപ്രഭാതങ്ങളും സായന്തനങ്ങളും
നീയെനിക്കേകിയ പുഞ്ചിരി പൂവുകള്‍
ആരും പറയാത്ത ഔപചാരങ്ങളാല്‍
ആയിരം പൂമണം എന്നില്‍ നിറച്ചഅവള്‍
കാവ്യാങ്കണത്തില്‍ വിരിയാന്‍ കൊതിക്കുന്ന
ശോണ പുഷ്പങ്ങള്‍ ഇറുത്തു നല്‍കാം ഞാന്‍
ദൂരങ്ങള്‍ കാണും മന കണ്ണ് കൊണ്ടിത്ര ചാരത്തു -
തന്നെ നീ ഉണ്ട് എന്നറിഞ്ഞു ഞാന്‍ !!

കവിത

തീരാത്ത യാത്ര
രാത്രിയില്‍ ഏകാന്തമീ അടഞ്ഞ മുറിക്കുള്ളില്‍
പോയ കാലത്തെ ഓര്‍ത്ത്‌ വെറുതെ ഇരിക്കും ഞാന്‍
വാര്‍മുടി അഴിച്ചിട്ട കാര്‍മുകില്‍ കെട്ടിന്നുള്ളില്‍
ഖിന്നയായ് ചിരിക്കുന്നോരേക താരകം പോലെ! 
മരുഭൂമികള്‍ താണ്ടി എത്തുന്ന കനല്‍ കാറ്റും
മെഹ്ദി ഹസന്‍ പാടും ഗസലിന്‍ വിലാപവും
നേര്‍ത്ത മൌനത്തിന്റെ ചില്ല് കോട്ടകള്‍ ക്കുള്ളില്‍
തപ്തമെന്‍ മനസിനെ വിഫലം ബന്ധിക്കുന്നു !
പിന്നെയും അടങ്ങാതെ കാലമാം പ്രവാഹത്തില്‍
പിന്നിലേക്കോടി പായും പ്രജ്ഞ തന്‍ പരാക്രമം
നേട്ട കോട്ടങ്ങള്‍ തൂങ്ങും തുലാസിന്‍ തട്ട് താനേ
താഴ്ന്നു പൊങ്ങുന്നു വീണ്ടും താഴേയ്ക്ക് പതിക്കുന്നു
നന്മയോ നേട്ടം? ചെയ്ത തിന്മതന്‍ ഫലങ്ങളോ?
വേറിട്ട്‌ ഗ്രഹിക്കുവാന്‍ കഴിയുന്നീലെനിക്കിന്നും !
ചിലപ്പോള്‍ തോന്നും മണ്ണില്‍ ഞാനാണ് വിജിഗീഷു
ചിലപ്പോള്‍ നിര്ഭാഗ്യത്തിന്‍ പരകോടി യാണെന്നും !
എത്രയോ കാതം താണ്ടി തളര്ന്നോന്നിരിക്കുംപോള്‍
മുന്നിലായ് തെളിയുന്നു ദൂരമാം കൊടും വഴി !!