2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

കവിത

തീരാത്ത യാത്ര
രാത്രിയില്‍ ഏകാന്തമീ അടഞ്ഞ മുറിക്കുള്ളില്‍
പോയ കാലത്തെ ഓര്‍ത്ത്‌ വെറുതെ ഇരിക്കും ഞാന്‍
വാര്‍മുടി അഴിച്ചിട്ട കാര്‍മുകില്‍ കെട്ടിന്നുള്ളില്‍
ഖിന്നയായ് ചിരിക്കുന്നോരേക താരകം പോലെ! 
മരുഭൂമികള്‍ താണ്ടി എത്തുന്ന കനല്‍ കാറ്റും
മെഹ്ദി ഹസന്‍ പാടും ഗസലിന്‍ വിലാപവും
നേര്‍ത്ത മൌനത്തിന്റെ ചില്ല് കോട്ടകള്‍ ക്കുള്ളില്‍
തപ്തമെന്‍ മനസിനെ വിഫലം ബന്ധിക്കുന്നു !
പിന്നെയും അടങ്ങാതെ കാലമാം പ്രവാഹത്തില്‍
പിന്നിലേക്കോടി പായും പ്രജ്ഞ തന്‍ പരാക്രമം
നേട്ട കോട്ടങ്ങള്‍ തൂങ്ങും തുലാസിന്‍ തട്ട് താനേ
താഴ്ന്നു പൊങ്ങുന്നു വീണ്ടും താഴേയ്ക്ക് പതിക്കുന്നു
നന്മയോ നേട്ടം? ചെയ്ത തിന്മതന്‍ ഫലങ്ങളോ?
വേറിട്ട്‌ ഗ്രഹിക്കുവാന്‍ കഴിയുന്നീലെനിക്കിന്നും !
ചിലപ്പോള്‍ തോന്നും മണ്ണില്‍ ഞാനാണ് വിജിഗീഷു
ചിലപ്പോള്‍ നിര്ഭാഗ്യത്തിന്‍ പരകോടി യാണെന്നും !
എത്രയോ കാതം താണ്ടി തളര്ന്നോന്നിരിക്കുംപോള്‍
മുന്നിലായ് തെളിയുന്നു ദൂരമാം കൊടും വഴി !!

1 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

ഏകാന്തതയുടെ തീരത്തുകുടിയുള്ള യാത്രകളില്‍ ഗസലിന്‍ വായിത്താരികള്‍ വന്ന കുറക്കുകയും ആതാസംപ്ത്രിപ്തി നല്‍കുകയും ചെയ്യാറുണ്ട്
നല്ല കവിത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍