2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ഒരോണവും കുറെ 'കുടി'ക്കണക്കും

ഖത്തറില്‍ ഉള്ള എന്‍റെ സുഹൃത്ത് പദ്മചന്ദ്രന് ഏതോ കുടികിടപ്പ് വിരോധി പറഞ്ഞു കൊടുത്ത നര്‍മ ഭാവനയും    അതിനെക്കുറിച്ച് ഞാന്‍ എഴുതിയ കമന്റും .
-----------------------------------------------------------------------------------------------------------------------------
സംസ്ഥാന സ്കൂള്‍ കായികമേള കഴിഞ്ഞ് കപ്പ് കോരുത്തോട് കൊണ്ടുപോയി എന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നവരോട് ഇത്തവണ കോതമംഗലമാണ് എന്നു പറയുന്നതുപോലെയാണ് ഈ ഓണത്തിന് ചാലക്കുടിയെ കരുനാഗപ്പള്ളി തറപറ്റിച്ചു എന്നു പറയുന്നത്. കരുവാറ്റ, കാരിച്ചാല്‍ എന്നൊക്കെ പറയുന്നതുപോലെയാണ് ജനമനസ്സില്‍ ചാലക്കുടിയും കരുനാഗപ്പള്ളിയുമൊക്കെ. ആര്‍ട്സിലും സ്പോര്‍ട്സിലും ഒക്കെ കുടി ഒരു ഗോമ്പറ്റീഷന്‍ ഐറ്റമാക്കിയിരുന്നെങ്കില്‍ ഇവിടെ ഗപ്പുകള്‍ കുറെയധികം വേണ്ടി വന്നേനെ. അട്ടിമറി വിജയങ്ങള്‍ ഇതിനെക്കാള്‍ ആഘോഷിക്കപ്പെട്ടേനെ.

കുടിച്ചു കുടിച്ച് ഹാട്രികും ഡബിള്‍ ഹാട്രികും ഒക്കെ കഴിഞ്ഞ ചാലക്കുടിയെ ഓണത്തിന് കരുനാഗപ്പള്ളി അട്ടിമറിച്ചു എന്നതാണ് ഈ സീസണിലെ ഞെട്ടിക്കുന്ന വാര്‍ത്ത. എന്തായിരിക്കും ഇതിനു പിന്നില്‍ ? ചാലക്കുടിക്കാര്‍ കുടി നിര്‍ത്തിയോ ? അതോ ചാലക്കുടിയെ തറപറ്റിക്കാന്‍ കരുനാഗപ്പള്ളിക്കാര്‍ ചാലക്കുടിയിലെ കുടിയന്മാരെ ഈ മൂന്നുദിവസത്തേക്ക് കരുനാഗപ്പള്ളിക്കു കൊണ്ടുപോയോ ? കരുനാഗപ്പള്ളിയില്‍ 14.23 ലക്ഷവും ചാലക്കുടിയില്‍ 13.89 ലക്ഷവുമായിരുന്നു തിരുവോണദിവസം മദ്യവില്‍പന. എന്നാല്‍ ഓവറോള്‍ കപ്പ് ചാലക്കുടിക്കു തന്നെ. ചാലക്കുടിയില്‍ മൂന്നു ദിവസങ്ങളിലായി 53 ലക്ഷം രൂപയുടെ കച്ചവടം നടന്നിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ഈ ദിവസങ്ങളിലെ കച്ചവടം 51.7 ലക്ഷം രൂപയും.
പൂരാടം, ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളില്‍ മാത്രം കേരളാ ബിവറേജസ് കോര്‍പറേഷന്റെ മാത്രം മദ്യവില്‍പനശാലകളില്‍ നിന്നു വിറ്റുപോയത് 85.7 കോടി രൂപയുടെ മദ്യം. ഓരോ സീസണിലും റെക്കോര്‍ഡിടാന്‍ നമുക്കു കഴിയുന്നു. കണക്കുകള്‍ അനുസരിച്ച് പൂരാടത്തിനു 34.59 കോടിയും ഉത്രാടത്തില്‍ ഇതു 30.31 കോടിയും തിരുവോണത്തിന് 20.8 കോടിയും ബിവറേജസ് കോര്‍പറേഷന്‍ കള്ളുവിറ്റുണ്ടാക്കി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മൂന്നു ദിവസങ്ങളില്‍ മാത്രം 9.1 കോടി രൂപയുടെ വര്‍ധനയുമുണ്ട്.
എന്തായാലും സര്‍ക്കാരിന് ഇനി ധൈര്യമായിട്ട് പലതില്‍ നിന്നും പിന്മാറാം. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലിയും കാര്‍ഷികമേഖലയിലുമൊക്കെ സബ്സിഡിയായും നഷ്ടപരിഹാരമായുമൊക്കെയായി ചെലവിടുന്ന കോടികള്‍ കണ്ണുംപൂട്ടി പിന്‍വലിക്കാം. അത്തരമൊരു സഹായമോ സബ്സിഡിയോ ആവശ്യമില്ലാത്ത വിധം സംസ്ഥാനത്തെ ജനങ്ങളുടെ സമ്പദ്വ്യവസ്ഥ കരുത്തുറ്റതാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് കേരളം കള്ളുവാങ്ങാന്‍ ചെലവിട്ട പണമുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ റോഡുകള്‍ കംപ്ലീറ്റും ടാര്‍ ചെയ്യാമായിരുന്നു, മിനിമം 50 പാലങ്ങളെങ്കിലും പണിയാമായിരുന്നു, 1000 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാമായിരുന്നു, പോട്ടെ… 100 സിനിമകളെങ്കിലും നിര്‍മിക്കാമായിരുന്നു.
മറ്റൊരു ശ്രദ്ധേയമായ സംഗതി ഓണവും ക്രിസ്മസുമൊക്കെ കഴിയുമ്പോള്‍ ക്രിക്കറ്റ് സ്കോര്‍ പോലെ, വള്ളംകളിയുടെ വിവരണം പോലെ, തിരഞ്ഞെടുപ്പുഫലം പോലെ അടുത്ത ദിവസത്തെ പത്രങ്ങളില്‍ തെളിയുന്ന കുടിക്കണക്കാണ്. വിശദമായ ജില്ല തിരിച്ചും ബിവറേജസ് കോര്‍പറേഷന്‍ ശാഖ തിരിച്ചുമുള്ള കണക്കുകള്‍ വേണമെന്ന് ജനത്തിനും നിര്‍ബന്ധമുണ്ട്. കളിയെഴുത്ത് എന്നതുപോലെ മാധ്യമപ്രവര്‍ത്തനത്തില്‍ കള്ളെഴുത്ത് എന്നൊരു വിഭാഗം തന്നെ ഉണ്ടായിട്ടുണ്ട്. കുടിയന്‍മാരെ രസിപ്പിക്കുന്ന അവരുടെ വാശി കൂട്ടുന്ന തരത്തില്‍ കണക്കുകള്‍ അങ്ങനെ വിവരിക്കുക. ജേണലിസം കോഴ്സുകളില്‍ കള്ളെഴുത്തുകൂടി ഉള്‍പ്പെടുത്തുമാറാകാട്ടെ.
എങ്കിലും കണക്കുകള്‍ കണക്കുകളല്ലാതാകുന്നില്ല. കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് 10 ദിവസം 204. 08 കോടിക്കായിരുന്നു ബിവറേജസ് ചേട്ടന്‍മാരുടെ വില്‍പന. ഇപ്പോള്‍ ആദ്യ ഏഴുദിവസം കൊണ്ടുതന്നെ 176.05 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 കോടി രൂപ അധികം. 10 ദിവസംകൊണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് ബിവറേജസ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്. ഇനിയും ദിവസങ്ങള്‍ ബാക്കി കിടക്കുന്നു. ഈ കേരളോല്‍സവത്തില്‍ ഇനിയും പങ്കുചേരാത്തവര്‍ ഇന്നു തന്നെ തുടങ്ങുക. 60 കോടിയെങ്കിലും അധികം നല്‍കി കോര്‍പറേഷനെ നമുക്കു ഞെട്ടിക്കണം, ഹല്ല പിന്നെ !
കഴിഞ്ഞ സാമ്പത്തികവര്‍ഷം മുഴുവനെടുത്താല്‍ കേരളം കുടിച്ചുവറ്റിച്ചത് 5300 കോടി രൂപയുടെ മദ്യമാണ്. എന്നാല്‍, മദ്യപാനം മൂലമുണ്ടാകുന്ന വിവിധനഷ്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ നഷ്ടം ഏകദേശം 12,000 കോടി രൂപ കവിയുമെന്നാണു സാമൂഹികശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ബ്രാന്‍ഡ് കണക്കുകള്‍ കൂടി ശ്രദ്ധിക്കുക: ഇക്കൊല്ലം വിറ്റഴിക്കപ്പെട്ടതില്‍ 56 ശതമാനവും റമ്മുകളാണ്. 39 ശതമാനം ബ്രാന്‍ഡിയും നാലു ശതമാനം വോഡ്കയും വിറ്റഴിക്കപ്പെട്ടപ്പോള്‍ ഒരു ശതമാനം മാത്രമാണു വിസ്കിയുടെ ഷെയര്‍.(പദ്മ ചന്ദ്രന്‍ )
-----------------------------
എന്‍റെ  മറുപടി
------------------------------
ള്ള് എഴുത്ത് ഉണ്ടായത് കൊണ്ടാണല്ലോ കുടിക്കണക്കുകള്‍ കൃത്യമായി ഇനം തിരിച്ചും ജില്ല ,താലൂക് തിരിച്ചും മണി മണി പോലെ കിട്ടിയത്.ഈ കണക്കുകളും ജനം അറിയണം എന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.കണക്കു കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുന്ന ആള്‍ പോലും അപ്പോള്‍ ബിവറേജസ് കൌണ്ടറിനു മുന്നില്‍ ക്യു നില്‍ക്കുകയായിരിക്കും.
മാവേലി സ്ടോറിനും റേഷന്‍ കടയ്ക്കും മുന്നില്‍ പുഴുത്തു നാറിയ അരി വാങ്ങാന്‍  ക്യു നിന്ന് ശീലിച്ച മലയാളിക്ക് അന്തസ്സുള്ള വിദേശ മദ്യം  വാങ്ങാന്‍ ക്യു നില്‍ക്കുന്നതിനു എന്തെങ്കിലും  നാണക്കേടോ  ബുദ്ധിമുട്ടോ  തോന്നുമോ ? അല്ലെങ്കില്‍ തന്നെ ഭൂപരിഷകരണ നിയമം വന്ന കാലം മുതല്‍ "കുടി കിടപ്പ്"മലയാളിയുടെ ജന്മാവകാശമാണല്ലോ! ചാലക്കുടി യുടെ കുടി കുത്തക തകര്‍ന്നതില്‍ അവര്‍ നാണം കെടുന്നുണ്ട് എങ്കിലും നാണക്കേട്‌ തീര്‍ക്കാന്‍ അവര്‍ പാട് പെടേണ്ടി വരില്ല.സങ്കടം വന്നാലും ,സന്തോഷം വന്നാലും കുടി ശീലമാക്കിയ മലയാളികള്‍ തമ്മില്‍ കുടിപ്പക ഉണ്ടാകുന്ന വിധത്തില്‍ കരുനാഗപള്ളിക്കാരെയും ചാലക്കുടിക്കാരെയും തമ്മില്‍ നമ്മള്‍ പാരവെപ്പുകാരും വാതു വെപ്പുകാരും ചേര്‍ന്ന്   തെറ്റിക്കാതിരുന്നാല്‍ മതി. കുടിപള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം മുതല്‍ കുടിപഠിച്ചവരാണ് എങ്കിലും കുറച്ചും കുറേശ്ശെയും  കുടിക്കുന്നവരെ കളിയാക്കുന്ന ഒരു ശീലം പൊതുവേ നമ്മള്‍ക്കുണ്ട്.കൂടുതല്‍ കുടിക്കുന്നവരാന് കേമന്മാര്‍ എന്നാണല്ലോ വയ്പ്പ്."ഞങ്ങള്‍ രണ്ടുപേര്‍ ഒരു ഫുള്‍ ഒറ്റ മണിക്കൂര്‍ കൊണ്ട് തീര്‍ത്തു" എന്ന് വീമ്പിളക്കി അഭിമാനിക്കുന്നവരാണ് നമ്മളില്‍പലരും. ഡാവിനു വന്നു രണ്ടെണ്ണം മട മടാന്നു വീശിയാണല്ലോ മലയാളി കള്ള് കുടി പഠിച്ചത് തന്നെ . കുപ്പിയും ഗ്ലാസ്സുംവേഗത്തില്‍ തീര്‍ക്കുന്നത് നമമുടെക്രെഡിറ്റും ശീലവും ആയതു കൊണ്ട് ക്രെഡിറ്റു വാങ്ങിയായാലും മാക്സിമം ലെവലില്‍ കുടിച്ചു കൂതറ യായി നടക്കുന്നത് ഒരു രസം തന്നെ,ഭാഗ്യം കൊണ്ട് എങ്ങിനെയും  കുടിമുടക്കാറുമില്ല പലരും 'കുടികുത്തക"ലോക സഭാ ഇലക്ഷനില്‍ മണ്ഡലങ്ങളിലെ ലീഡു നില മാറി മറിയുന്നത് പോലെ ചാഞ്ഞും ചരിഞ്ഞും വന്നേക്കാം .മുടി ഉണ്ടെങ്കില്‍ അല്ലേ കെട്ടാന്‍ പറ്റൂ എന്ന് പഴമക്കാര്‍ പറയുന്നതുപോലെ കുടിയുണ്ടെങ്കില്‍ അല്ലേ വളഞ്ഞും പുളഞ്ഞുംകിടന്നു വാളോ ഉറുമിയോ നീട്ടിയും കുറുക്കിയും വയ്ക്കാന്‍ പറ്റൂ. നാണക്കേട്‌മായ്ക്കാന്‍ചാലക്കുടിക്കാര്‍ അടുത്ത ഓണം വരെ കാത്തിരിക്കുമെന്ന് ആരും കരുതേണ്ട. കരുനാഗ പള്ളിക്കാരും ജാഗ്രതൈ. ഒന്നുമല്ലെങ്കിലും ഈ പോക്കണം കേടു മായ്ക്കാന്‍  ചാലക്കുടിയുടെ ചക്കര മുത്തായ കലാഭവന്‍ മണിയെങ്കിലും അരയും തലയും മുറുക്കി ഇറങ്ങാതിരിക്കില്ല , ഉള്ള കുടിക്കിടം വിറ്റിട്ടായാലും നമ്മട  മണി മണിയായി പണം എറിയുമെന്ന് ചാലകുടിക്കാര്‍ കുശു കുശുപ്പു തുടങ്ങി യിട്ടുണ്ട് .മണിയുടെ വകയായി ചാലക്കുടി ചന്തയില്‍ എത്തുന്ന   ലോറിക്കണക്കിന് കുപ്പികള് ‍ചാലക്കുടിയിലെ ഓരോ കുടിയിലും നിരാശരായി  മടിഞ്ഞിരിക്കുന്ന കുടികിടപ്പ്കാരുടെ ആത്മ"വീര്യം" വര്‍ദ്ധിപ്പിക്കാതിരിക്കില്ല എന്ന് നമ്മള്‍ക്ക് പ്രത്യാശിക്കാം .ആമ്മേന്‍ ..
(രമേശ്‌ അരൂര്‍)

1 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

padmachandran പറഞ്ഞു...

പ്രിയ ഗുരോ അങ്ങയുടെ
മറുപടി വായിച്ചതോടെ എന്റെ കലി അടങ്ങി
അങ്ങ് ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനമാണെന്നു
എനിക്ക് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു
സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് എന്നെ നയിച്ചാലും
കേടാവിളക്കെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍