2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

സ്നേഹം വിളമ്പിയ അമ്മമാര്‍

അമ്മ എന്ന മഹനീയമായ പദത്തെകുറിച്ച് ഓര്‍മിക്കുമ്പോളൊക്കെ എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്നത് ഒന്നിന് പകരം മൂന്നു മുഖങ്ങള്‍ ആണ് .ഒന്ന് എന്‍റെ അയല്‍ക്കാരിയും ബാല്യകാല സുഹൃത്ത് സുരയുടെ (സുരേന്ദ്രന്‍)അമ്മയുമായ കൌസല്യ *ചോത്തി .രണ്ട് എന്‍റെ കുഞ്ഞമ്മ ‍ (അച്ഛന്റെ സഹോദരന്‍ ദിവാകരന്‍ കുഞ്ഞച്ചന്റെ ഭാര്യ കൌസല്യ) പിന്നെ എനിക്ക് ജന്മം തന്ന എന്‍റെ അമ്മ ഗൌരി .അതില്‍ എന്നെ പ്രസവിച്ച അമ്മയുടെ മുഖത്തെക്കാള്‍ തേജോ മയമാര്‍ന്നതാണ് മറ്റു രണ്ട് മുഖങ്ങളും.ദാരിദ്ര്യവും വിശപ്പും ദഹിപ്പിച്ച ബാല്യകാലത്തെ എന്‍റെ പോറ്റമ്മ മാരായിരുന്നു ഈ രണ്ട് കൌസല്യമാരും..ഇരുമ്പു പിഞ്ഞാണത്തില്‍ കനിവോടെ അവര്‍ വിളമ്പി തന്ന ചോറും കപ്പ പുട്ടും ഒക്കെയാണ് എന്‍റെ ശരീരം.അലിവും കാരുണ്യവും മനസ്സില്‍ അരച്ച് ചേര്‍ത്തവര്‍ ആയിരുന്നു എന്‍റെ ഈ രണ്ടു പോറ്റമ്മമാരും.രണ്ടു പേരും വര്‍ഷങ്ങള്‍ക്കു മുന്‍പേ കഥാവശേഷരായി.പെറ്റമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
.സ്വന്തം മക്കളെ   പോലെ എന്‍റെ പോറ്റമ്മ മാര്‍  എന്നെയും ഊട്ടി.സ്നേഹത്തിന്റെ താരാട്ട് തൊട്ടിലില്‍ കിടത്തി  പാട്ട് പാടി ഉറക്കി  .സുരയെക്കള്‍ ഇഷ്ടമായിരുന്നു കൌസല്യ അമ്മയ്ക്ക് എന്നോട്.അവന്‍ മഹാ വികൃതിയും അനുസരണ
ഇല്ലാത്തവനും വിശപ്പ്‌ എന്തെന്ന് അറിയാത്തവനും ആയിരുന്നു ചെറുപ്പത്തില്‍.അമ്മയുടെ വാക്കുകള്‍ അനുസരിക്കാതെ നടന്നു അവന്‍.അവന്റെ അച്ഛന്‍ രാഘവ *ചോകൊന്‍ നാട്ടിലെ അറിയപ്പെടുന്ന പാചകക്കാരനായിരുന്നു.സദ്യകള്‍ ഉണ്ടാക്കി ക്ഷീണിച്ചു വരുന്ന അദ്ദേഹം  വരും വഴി പുളിന്താഴെ ഷാപ്പില്‍ കയറി നന്നായി മിനുങ്ങിയിട്ടെ വീട്ടിലേക്കുവരാറുള്ളു.സദ്യയൊരുക്കിയ വീട്ടില്‍ നിന്ന് പച്ച വെള്ളം പോലും കുടിക്കാത്ത ഭര്‍ത്താവിനു മീന്‍ കൂട്ടാനും കുത്തരി ചോറും വിളമ്പി കാത്തിരിക്കുമായിരുന്നു ആ സാധ്വി. കൌസല്യ ചോത്തി ചിരിച്ചു കണ്ടിട്ടില്ല മരിക്കുവോളം.രാഘവചോന്റെ ദേഷ്യം പിടിച്ച മുഖവും കുടിച്ച്‌ ചുവന്ന കണ്ണുകളും  കാണുമ്പൊള്‍ ചെറിയ  കുട്ടിയായിരുന്ന എന്നെപോലെ തന്നെ പേടിച്ചു വിറയക്കുമായിരുന്നു  ആ അമ്മയും.;കരഞ്ഞു കരഞ്ഞു ആ  മുഖം വാടുന്നതിനു എത്രയോ തവണ   ഞാന്‍ സാക്ഷിയായിട്ടുണ്ട്.ആരും കാണാതെ അടുത്തു ചെന്ന് ആശ്വാസ വാക്കുകള്‍ പറയുമായിരുന്നു,കുഞ്ഞായിരുന്ന ഞാന്‍.
അതുപോലെ തന്നെ നിസ്വാര്‍ത്ഥ പ്രതീകമായിരുന്നു എന്‍റെ കുഞ്ഞമ്മ.ആരോടും മുഖം കറുപ്പിച്ചു പെരുമാറുന്നത് അവര്‍ക്ക് ഇഷ്ടമേ അല്ലായിരുന്നു.  ആറ് മക്കളെ പെറ്റു പോറ്റിയ അവര്‍ എന്നെയും മകനെ പോലെ കരുതി സ്നേഹിച്ചു.വിശക്കുമ്പോള്‍ മൂത്ത പുത്രനും മുരടനുമായ അനിരുദ്ധന്‍ ചേട്ടനെ കാണാതെ അടുക്കളയില്‍ ഇരുത്തി വയര്‍ നിറയുവോളം അവര്‍ എനിക്ക്
ചോറും കൂട്ടാനും വിളമ്പി തരുമായിരുന്നു.കുഞ്ഞമ്മ വച്ചു വിളമ്പിയ തേങ്ങ അരച്ചു കൂട്ട് കറി യുടെ സ്വാദ് ഇന്നും എന്‍റെ നാവില്‍ തുമ്പില്‍ സുഗന്ധം വിതറി നില്‍ക്കുന്നു. വിശക്കുന്നു എന്ന് പറയുമ്പോള്‍ എന്‍റെ അമ്മ എന്നോട് കയര്‍ക്കുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്.എന്നാല്‍ നിറയെ സ്നേഹം വിളമ്പിത്തന്നു ഈ രണ്ടു അമ്മമാരും എനിക്ക്.സ്നേഹത്തിലും കാരുണ്യത്തിലും എന്നത് പോലെ മറ്റു ചില സാമ്യങ്ങളും ഉണ്ടായിരുന്നു ഇരുവരും തമ്മില്‍.രണ്ടു പേരും നിത്യ രോഗികള്‍ ആയിരുന്നു.ആറ് മക്കളില്‍ രണ്ട് പേര്‍ (മോഹിനിയും ,ഉല്ലാസനും) പത്തും പന്ത്രണ്ടും വയസിനിടയില്‍ രോഗ ബാധിതരായി മരിച്ചത് കുഞ്ഞമ്മയെ തളര്‍ത്തി.രാഘവചോന്റെ ഇടിയും മാനസിക പീഡനവും സഹിച്ചു തളര്‍ന്ന കൌസല്യ ചോത്തിയും രോഗിണിയായി.
 അസ്തമയുടെയും രക്ത സമ്മര്‍ദ്ദത്തിന്ടെയും അസ്കിതകള്‍ ഉണ്ടായിരുന്നു ഇരുവര്‍ക്കും.ഇരുവരും രോഗവും ദുരിതങ്ങളും അലട്ടാത്ത ഏതോ ലോകത്തിലേക്ക് ഞങ്ങളെഎല്ലാം വിട്ടു പോയി.എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ വാര്‍ഡില്‍ എന്‍റെ മടിയില്‍ കിടന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൌസല്യ ചോത്തി മരിച്ചത്.കൂടെ മകന്‍ സുരയും ഉണ്ടായിരുന്നു.അന്ത്യ ശ്വാസം വലിക്കുമ്പോള്‍ ഒരിറ്റു വെള്ളം ആ നാവില്‍ ഇറ്റിക്കാന്‍ എനിക്കും കഴിഞ്ഞു .എനിക്ക് വിളമ്പിയ ആ ചോറിനു പകരമായി കാലം കാത്തു വച്ചു എനിക്ക് നല്‍കിയ  അപൂര്‍വ നിമിഷം.തെക്കേ പറമ്പിലെ ചിതയില്‍ ആ അമ്മ കത്തിയമര്ന്നെങ്കിലും മനസ്സില്‍ ഒരു കെടാ വിളക്കായി  ഇന്നും തെളിഞ്ഞു കത്തുന്നുണ്ട് ആ മുഖം.അപ്പോള്‍ ഞാനോര്‍ക്കും ആ അമ്മയുടെ വാക്കുകള്‍ "മകനെ,  മരണ കിടക്കയില്‍ എന്‍റെ അരികത്തു നീയെ ഉണ്ടാകൂ."എന്‍റെ അമ്മ ഇല്ലാത്ത  ആ വീട്ടില്‍ പിന്നെ ഞാന്‍ അപൂര്‍വമായേ പോയിട്ടുള്ളൂ അധികം താമസിയാതെ രാഘവചോകൊന്‍ വേറെ കല്യാണം കഴിച്ചെങ്കിലും അധിക കാലം അദ്ദേഹവും ജീവിച്ചില്ല.  .വഴക്കടിക്കാനും വച്ചു വിളമ്പാനും  പരിഭവിക്കാനും സ്നേഹിക്കാനും തന്റെ കൌസല്യയെ പോലെ മറ്റൊരു സ്ത്രീക്ക് കഴിയില്ല എന്ന് അവസാന കാലങ്ങളില്‍ അദ്ദേഹവും മനസിലാക്കി കാണും.
ചെറുപ്പത്തില്‍ രാജ കുമാരനെ പോലെ കഴിഞ്ഞ എന്‍റെ കളിക്കൂട്ടുകാരന്‍ സുര ഇന്ന് ഏറക്കുറെ അനാഥന്‍ ആണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല് കൂടി ‍ഞാന്‍ കണ്ടു  ഞങ്ങളുടെ കുഞ്ഞു കാല്‍പാദങ്ങള്‍ മുദ്ര പതിപ്പിച്ച ആ വീടും മുറ്റവും. ഇടിഞ്ഞു വീഴാറായ ഒരു ഭഗ്ന ഭവനം പോലെ ഓര്‍മകളും പേറി അങ്ങനെ നില്‍ക്കുന്നു..പൊയ്പോയ  കാലം  ഏല്‍പിച്ച ക്ഷതങ്ങളുമായി..
( *പത്തിരുപതു കൊല്ലം മുന്‍പ് നടന്ന കാര്യങ്ങളാണ്.അക്കാലത്തെ വിളിപ്പേരുകള്‍ തന്നെയാണ് ലേഖനത്തില്‍ ചേര്‍ത്തിട്ടുള്ളത്.)

3 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

BALAJI K പറഞ്ഞു...

മാത്രൂവാല്സല്യമ് എന്ന വിഷയത്തിനെക്കുറിച്ചു എത്ര് പരഞ്ഞാലുമ് മതിയാവില്ല ! അനുഭവപ്പെട്ടവര്ക്കേ അതു അരിയുക്യുള്ളു ! "സ്നേഗം വിള്മ്പിയ അമ്മ്മാര്" നല്ലൊരു ലേഖനം! തന്നതിനു നന്നി !

BALAJI K പറഞ്ഞു...

ഒരു കാര്യം കൂദിപ്പരയാനുണ്ദു ! നിങ്ങ്ളെഴുതുന്ന ശൈലി എനിക്കു വളരെ ഇഷ്ടപ്പെട്ടു ! സന്തോഷം !

SULFI പറഞ്ഞു...

മനസിന്റെ നിഷ്കളങ്കത, സങ്കടം. നന്നായി പകര്‍ത്തി ഇവിടെ.
എത്ര സങ്കടത്തോടെ ആണെങ്കിലും അവരെയൊക്കെ ഇന്നും ഓര്‍ക്കാനുള്ള മനസിനെ അഭിനന്ദിക്കുന്നു.
വന്ന വഴി മറക്കാതിരിക്കുക എന്നത് തന്നെ വലിയ കാര്യമല്ലേ.
മനസ്സില്‍ തട്ടി ഈ ഓര്‍മ്മക്കുറിപ്പുകള്‍‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍