2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

കവിത * ഓണസ്മരണ

ഓണ സ്മരണ
രമേശ്‌ അരൂര്‍
നാട്ടിന്‍ പുറങ്ങളില്‍ നന്മ വിടര്‍ത്തിയ
പൂക്കള്‍ തന്നോര്‍മയാണോണം!
പൂക്കുട യേന്തിയോരുണ്ണിക്കിടാങ്ങള്‍ തന്‍
കോടിതന്‍ ഗന്ധമാണോണം !
ചാണകം തേച്ചു മിനുക്കിയ  മുറ്റത്തെ
പോന്നരി കോലമാണോണം!
തൃക്കക്കരപ്പന്റെ മണ്ണില്‍ വിരിയുന്ന
പുണ്യ മാണീ തിരുവോണം !
ഓണമായ് ഓണമായ് എന്ന് പാടി -
ക്കൊണ്ടോരോമല്‍ കിളിയും പറന്നു പോയി
പൂക്കളം തീര്‍ക്കുവാന്‍ വെമ്പുന്നൊരുണ്ണികള്‍
പൂവുകള്‍ തേടി പലവഴി പോയ്‌
കാടുകള്‍ മേടുകള്‍ എല്ലാം തിരഞ്ഞൊരു തരി -
പൂവിന്റെ വേണ്മയ്ക്ക് വേണ്ടി മാത്രം !
പാതാള ലോകത്ത് നിന്നും ഇങ്ങെത്തുന്ന മാബലി
തമ്പുരാന്‍ കാണുമല്ലോ .......
വീട്ടില്‍ മുറികളില്‍ മൌനമായ് ടീവിതന്‍
ഓണ ഘോഷങ്ങളില്‍ മുങ്ങിയോരെ !
പൂക്കളം തീര്‍ക്കാതെ പോയ മുറ്റങ്ങളെ
കോടി യുടുക്കാത്ത പൈതങ്ങളെ !
കൈകൊട്ടി പാട്ടും ചിരിയും കുരവയും

കൊണ്ട് മുഖരിത മായിരുന്ന
നാടും നടുമുറ്റ മൊത്ത തറവാടും
മൂകമാ ണിന്നത്തെ ഓണ രാവില്‍ !!
എങ്ങു പോയ്‌ എങ്ങു പോയ്‌ എന്‍ തിരുവോണമേ
നന്മ  വിടര്‍ത്തും വസന്തങ്ങളെ ?
നാട് കടന്ന തിരുമേനി കാണുമീ നാട്ടില്‍
നിറഞ്ഞൊരു തിന്മകളെ
ബാല മരണം ,നരഹത്യ പീഡനം
നാടിതു നിത്യ നരക തുല്യം !
കള്ള പ്പറയും ചെറുനാഴിയും
ഏത് നാവിലും  മുറ്റും പൊളി വചനം !
എങ്ങും നിറയുന്ന സ്പര്‍ധയും ഭേതവും
എങ്ങിത് പോയ്‌ എന്‍കേര സ്വര്‍ഗ്ഗ ഭൂമി ?
കണ്ണ് കലങ്ങി മനക്കൂമ്പു വാടി-
യ ത്തമ്പുരാന്‍ മെല്ലെ മൊഴിയുമേവം
നാട്ടിന്‍ പുറങ്ങളില്‍ നന്മ വിടര്‍ത്തിയ
 പൂക്കള്‍ തന്നോര്‍മയാണോണം!
പൂക്കൂടയെന്തിയോരുണ്ണി കിടാങ്ങള്‍ തന്‍
കോടി തന്‍ ഗന്ധമാ ണോ ണം!!
ചാണകം തേച്ചു മിനുക്കിയ മുറ്റത്തെ
പോന്നരി കോലമാണോണം!
തൃക്കക്കരപ്പന്റെ മണ്ണില്‍ വിരിയുന്ന
പുണ്യ മാണീ തിരുവോണം !
Published in Manorama online
(Manorama online/Gulf news/My creatives/Onasmarana)

1 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

അജ്ഞാതന്‍ പറഞ്ഞു...

നന്മയില്‍ നിന്നുള്ള ഓണത്തിന്റെ പരിവര്‍ത്തനം.ഓണം കാലാന്തരത്തില്‍ അതിന്റെ നന്മ നഷ്ടപ്പെട്ടു കേവലം വാണിജ്യമേളകളില്‍ ഒതുങ്ങുന്ന കെട്ട കാലത്തില്‍ ഈ വരികള്‍ക്ക് വളരെ പ്രസക്തിയുണ്ട് . ഷോപ്പിംഗ്‌ മാളുകളുടെ മുന്നില്‍ കുടയും പിടിച്ചു മാവേലിയെ വേഷം കെട്ടിയ്ക്കുന്ന നമ്മള്‍ പൂക്കളവും മുറ്റവും എല്ലാം മറന്നു .മൂകമായ അകത്തളങ്ങളില്‍ സദ്യയെന്ന പേരില്‍ തിരുവോണ ദിവസം പോലും ഹിംസിച്ചു ഭക്ഷിച്ചു നമ്മള്‍ ക്രൂരതയണിയുന്നു . ഓണം ഇങ്ങനെയാണ് ..അല്ലെങ്കില്‍ ഇങ്ങനെയാണ് വേണ്ടത് എന്ന് കാട്ടിത്തരുന്ന കവിയുടെ മനസ്സിലെ ആ വിങ്ങല്‍ ഒരു അനുവാചകനെന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കുന്നുണ്ട് . പ്രവാസം നല്‍കിയ അകലങ്ങളില്‍ക്കിടയിലൂടെ മനസ്സാല്‍ സഞ്ചരിച്ചു നാട്ടിലേയ്ക്കണയുംപോള്‍ നൈര്‍മ്മല്ല്യം നഷ്ടപ്പെട്ടു ഒരു ഗൃഹാതുരത്ത്വത്തില്‍ ഒതുങ്ങുന്ന ഓര്‍മ്മകള്‍ .പുതുതായി ഒന്നും തരുവാനാകാതെ നാട് തന്റെ കാഴ്ചകള്‍ അടച്ചു വിതുമ്പുന്നു .അത് ദൃഷ്ടാന്ത സഹിതം ദര്ശിയ്ക്കാനാകുന്നത് ഓണനാളുകളില്‍ ...

ഒരായിരം ഊഞ്ഞാലുകള്‍
പാശങ്ങള്‍ വീശി പറക്കുകയാണ്
ഒരു ചില്ല തേടി
ഒരു മുറ്റം തേടി
ഒരു കുരുന്നിനെ തേടി ....

എങ്കിലും എന്റെ ഓണാശംസകള്‍...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍