2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

മഴയില്‍ നനഞ്ഞു വന്ന അതിഥികള്‍

കാലം തെറ്റി പെയ്ത മഴയില്‍ നനഞ്ഞ ഒരു സന്ധ്യയിലാണ് ആ കുടുംബം ബോട്ട് ജെട്ടിക്കടുത്തുള്ള പ്രിമിയം ലോഡ്ജിനു മുന്നില്‍ ഓട്ടോ റിക്ഷയില്‍ വന്നിറങ്ങിയത്.അവര്‍ നാല് പേരുണ്ടായിരുന്നു. നാല്പതു വയസു തോന്നിക്കുന്ന കുടുംബ നാഥന്‍.കുലീനത്വം തുളുമ്പുന്ന സുന്ദരിയായ ഭാര്യ.ഓമനകളായ രണ്ടു കുട്ടികള്‍.പത്തു വയസു തോന്നിക്കുന്ന ആണും അഞ്ചു വയസുള്ള പെണ്‍കുട്ടിയും .ഓട്ടോ റിക്ഷയില്‍ നിന്ന് മുന്ന് പേരും ചേര്‍ന്ന് താങ്ങിയാണ് യുവതിയെ സ്വീകരണ മുറിയിലേക്ക് കൊണ്ട് വന്നത്.വാടിത്തളര്‍ന്ന ഒരു ചെമ്പനീര്‍ പൂവ് പോലെ പരിക്ഷീണയായിരുന്നു അവള്‍. കൌണ്ടറില്‍ നിന്ന് പതിമൂന്നാം നമ്പര്‍ മുറിയുടെ താക്കോല്‍ വാങ്ങി അവര്‍ക്കൊപ്പം പിരിയാന്‍ ഗോവണി കയറി വഴികാട്ടിയായി നടന്നു കൃഷ്ണേട്ടന്‍.
ലഗേജ് എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ലായിരുന്നു അവര്‍ക്ക്.മുണ്ടും ഷര്‍ട്ടും ധരിച്ച ഗൃഹ നാഥന്റെ കയ്യില്‍ ഒരു സ്യുട്ട് കേസ് മാത്രം.കൊക്കോ കോളയുടെ പൊട്ടിക്കാത്ത ഒരു വലിയ കുപ്പി നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചാണ് ആ അഞ്ചു വയസുകാരിയുടെ നില്‍പ്പ്.നഷ്ടപ്പെട്ടു പോയെന്നു കരുതിയ ഏതോ അമുല്യ വസ്തു തിരികെ കിട്ടിയ ഒരാഹ്ലാടമുണ്ട് ആ മുഖത്തു!
തീരെ കുട്ടിത്തമില്ലാത്ത ഭാവമാണ് ആ ചെറുക്കന്! വലുതാകുന്നതിനു മുന്നേ വളര്‍ച്ച മുറ്റിയ പോലുള്ള പ്രകൃതം.മുറി തുറന്നു കിടക്കവിരികളിലെ ചുളിവുകള്‍ നിവര്‍ത്തിയിട്ട് അവരുടെ വാക്കുകള്‍ക്കായി കൃഷ്ണേട്ടന്‍ കാത്തു.അത്താഴത്തിനു ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ് ക്രീമും ഓര്‍ഡര്‍ ചെയ്തു അയാള്‍ മുറിയടച്ചു.കിടക്കയിലേക്ക് മറിഞ്ഞ അമ്മയ്ക്കായി
മകള്‍ ടി വി ഓണ്‍ ചെയ്തു.
കൃത്യം നാല്‍പ്പത്തഞ്ചു മിനിട്ടിനു ശേഷം അവര്‍ക്കുള്ള ഭക്ഷണവുമായി കൃഷ്ണേട്ടന്‍ വാതിലില്‍ മുട്ടി വാതില്‍ തുറന്നത് ആ പയ്യനാണ്.മറ്റുള്ളവര്‍ പ്രാര്‍ത്ഥനയില്‍ ആണ്.പ്രാര്‍ത്ഥനയ്കിടയിലും കൊക്ക കോളയുടെ ബോട്ടില്‍ ആ പെണ്കുട്ടി മാറോടു ചേര്‍ത്തു പിടിച്ചിരുന്നത് കൃഷ്ണേട്ടന്‍ ശ്രദ്ധിച്ചു.വീണ്ടും മുറി അടഞ്ഞു .
പതിവ് പോലെ കൊതുക് പടയുടെ ആക്രമണം രൂക്ഷമായ ആ രാത്രിയില്‍ കൃഷ്ണേട്ടന്‍ കിടക്കാനുള്ള വട്ടം കൂട്ടി.ഹോട്ടലിലെ വൈദ്യുതി വിളക്കുകള്‍ ഒന്നൊന്നായി കണ്ണടച്ചിരുന്നു.കായലോലങ്ങളെ തഴുകിയെത്തുന്ന കാറ്റിനു നഗര മാലിന്യങ്ങളുടെ മനം പിരട്ടുന്ന
ഗന്ധം! പതിമൂന്നാം നമ്പര്‍ മുറിക്കു സമീപമുള്ള കുടുസു മുറിയില്‍ കൃഷ്ണേട്ടന്‍ ഉറക്കവും കാത്തു കിടന്നു.കൊതുകുകള്‍ നിയന്ത്രിക്കുന്ന നഗര രാത്രികള്‍ താണ്ടുന്ന അയാളുടെ കണ്‍ തടങ്ങളില്‍ നാലഞ്ചു ദിവസത്തെ ഉറക്കമില്ലായ്മ ചെളിവെള്ളം പോലെ കെട്ടിക്കിടന്നിരുന്നു!എങ്കിലും അയാളുടെ നോട്ടം പതിമൂന്നാം നമ്പര്‍ മുറിയുടെ അടഞ്ഞ വാതിലില്‍ തന്നെ ഉടക്കി കിടന്നു! ഇടയ്ക്ക് തലയിണക്കീഴില് തിരുകി വച്ചിരുന്ന ബീഡി എടുത്തു തീ പകര്‍ന്നു ആഞ്ഞു വലിച്ചു,.....
ശ്വാസ നാളത്തില്‍ ബീഡിപ്പുക കുരുങ്ങി ,,നെഞ്ചു പറിയുന്ന ചുമ പുറത്തേക്ക് തെറിച്ചു..രാത്രിക്കും വയസ്സായി തുടങ്ങിയിരുന്നു !
പതിമൂന്നാം നമ്പര്‍ മുറിക്കു പുറത്തു ലൈറ്റ് തെളിഞ്ഞിരിക്കുന്നു .വാതില്‍ പാളികളിലേക്ക് പറന്നു ചെന്ന അയാളുടെ കണ്ണുകള്‍ തിരികെ കണ്‍ പോളകളിലേക്ക് ഓടികയറുന്നതിനിടയിലാണ് ആ ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വന്നത്.വാതില്‍ പാളികള്‍ പഴയ പടി അടഞ്ഞു കിടക്കുന്നു !പരിചിത ഭാവത്തോടെ അടുത്തുവന്നു അയാള്‍ സ്വയം പരിചയപ്പെടുത്തി :"ഞാന്‍ ജോസഫ് ,"ജോസഫിന്റെ വാക്കുകള്‍ക്കു റമ്മിന്റെ രൂക്ഷ ഗന്ധം !ശ്വാസം മുട്ടിക്കുന്ന മറ്റെന്തോ നാറ്റവും അന്തരീക്ഷത്തില്‍ മുറ്റിനിന്നു!
"കൃഷ്ണേട്ടന് ഉറക്കം വരുന്നില്ല അല്ലേ ?" തന്റെപേര് അയാള്‍ കണ്ടു പിടിച്ചിരിക്കുന്നു! കൃഷ്ണേട്ടന്‍ അത്ഭുതം കൂറി അയാള്‍ക്കൊരു ബീഡി നീട്ടി."എനിക്കും ഉറക്കം വരുന്നില്ല ..എങ്കിലും ഉറങ്ങണം...അകത്തുള്ളത് എന്‍റെ ഭാര്യ കുഞ്ഞന്നയും മക്കള്‍ റാഫേലും, സൂസിയുമാണ് .അവര്‍ നേരത്തെ ഉറങ്ങി " മുറിയിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു .
മുന്പെന്നും സംഭവിക്കാത്ത വിധം അപ്പോള്‍ കൃഷ്ണേട്ടന്റെ കണ്ണുകളിലേക്കു ഉറക്കത്തിന്റെ കിളിക്കൂട്ടങ്ങള്‍ പറന്നു വന്നു ! കിടക്കയിലേക്ക് കൃഷ്ണേട്ടന്‍ മറിയുമ്പോള്‍ ഉള്ളില്‍ നിന്നു മറ്റൊരു കൃഷ്ണേട്ടന്‍ ഉറക്കമുണര്‍ന്നു വന്നു മൂരി നിവര്‍ത്തി! വാക്കുകള്‍ തേടി അപ്പോള്‍ ജോസഫ് മൌനത്തിന്റെ ആഴങ്ങളില്‍ മുങ്ങി നിവര്‍ന്നു!
*****************
ഭാഗം -2
വിശന്നു തുടങ്ങിയപ്പോള്‍ റാഫേല്‍ പതിവ് പോലെ അപ്പനെ കാണാന്‍ എത്തിയതാണ് കോഴിക്കടയില്‍..അന്ന് നല്ലതിരക്കായിരുന്നു.കൂട്ടിനുള്ളില്‍ മരണത്തിലേക്കുള്ള ഊഴവും കാത്തു നൂറു കണക്കിന് കോഴികള്‍ ! കൊഴുത്ത ചോരയുടെയും കോഴിക്കാഷ്ടത്തിന്റെയും പശയും നനവുമുള്ള കശാപ്പു തറയില്‍ ചിതറിക്കിടക്കുന്ന കോഴിത്തലകളും,ചിറകുകളും!
അപ്പന്‍ കരുണയില്ലാതെ കോഴി ക്കൂട്ടങ്ങളെ കൊന്നോടുക്കുകയാണ്! ആവശ്യക്കാരന്‍ കണ്ണ് വയ്ക്കുന്ന ഇരയെ ചിറകില്‍ കയര്‍ കൊരുത്തു തുലാസില്‍ വയ്ക്കുമ്പോള്‍ ഉയരുന്ന നിസ്സഹായമായ നിലവിളികള്‍!ചിറകുകള്‍ മുകളിലേക്ക് കൂട്ടി പ്പിടിച്ചു കോഴികളുടെ മുതുകില്‍ അപ്പന്‍ പ്രഹരിക്കുംപോള്‍ കൊക്കിനുള്ളില്‍ നിന്നു തെറിക്കുന്ന ചോരപ്പൂവുകള്‍ അവന്റെ കുഞ്ഞു നെഞ്ചിനുള്ളിലേക്കാണ് തെറിച്ചു വീണത്‌! നിലത്തു വീണു വട്ടം ചുറ്റി അവ ചിറകടിച്ചു പറക്കുന്നത് മരണത്തിന്റെ വിദൂരമായ ആകാശത്തിലേക്ക്!
റാഫേല്‍ സങ്കടത്തോടെ കണ്ണുകള്‍ പൊത്തി.വേണ്ടും കണ്ണ് തുറക്കുമ്പോള്‍ കോഴിക്കൂടിനു മേലെ മരണത്തിലേക്ക് രക്ഷപ്പെട്ട കോഴിക്കൂട്ടത്തിന്റെ ചിറകടി!
"റാഫേല്‍ നീ ഞങ്ങളെ ഓര്‍ത്ത്‌ കരയരുത്!ഇപ്പോളാണ് ശരിയായ സ്വാതന്ത്ര്യത്തിന്റെ സുഖം ഞങ്ങള്‍ അറിയുന്നത്!" കരയുന്ന റാഫെലിനെ നോക്കി കോഴിക്കുട്ടങ്ങള്‍ വിളിച്ചു പറഞ്ഞു. പിന്നെ അവന്റെ വിറച്ച മറുപടിക്ക് കാത്തു നില്‍ക്കാതെ അവ പറന്നു പറന്നു പോയി !
ഇരുള്‍ വീണു തുടങ്ങിയ നേരത്ത് വേദനയുടെ കനം തൂങ്ങിയ മനസുമായി അവന്‍ വീട്ടിലേക്കു നടന്നു.വീട്ടില്‍ കുഞ്ഞന്നയും സൂസിക്കൊച്ചും കട്ടിലില്‍ ചാരിയിരുന്നു "ഓരിതള്‍ പൂവ്" സീരിയല്‍ കാണുകയാണ്.അമ്മയോടും അനിയത്തിയോടും ഒന്നും പറയാതെ
അവനും സീരിയല്‍ കാണാന്‍ ഇരുന്നു !
കോഴിക്കട പൂട്ടി അവരാച്ചന്‍ മുതലാളിയെ പണവും താക്കോലും ഏല്‍പ്പിച്ചു ജോസഫ് തല ചൊറിഞ്ഞു നിന്നു.കൊഴിചോരയും അഴുക്കും പുരണ്ട അയാളുടെ കയ്യിലേക്ക് മുതലാളി നൂറിന്റെയും അന്പതിന്റെയും ഓരോ നോട്ടുകള്‍ നീട്ടി.മുഷിഞ്ഞു നാറിയ ആ വേഷത്തില്‍ തന്നെ ബിവറേജസ് കോര്‍പറെഷന്‍റെ മദ്യക്കടയിലെ തിരക്ക് പിടിച്ച ക്യുവിലേക്ക് അനേകം പതിവുകാരില്‍ ഒരാളായി അയാളും ചേര്‍ന്ന് നിന്നു.മദ്യക്കടയുടെ പിന്നിലുള്ള അരുണ തിയറ്ററില്‍ അപ്പോള്‍ ഫസ്റ്റ് ഷോ തുടങ്ങിയിരുന്നു.കൊട്ടകയ്ക്കുള്ളിലെ വയസ്സന്‍ കോളാമ്പിയില്‍ നിന്നു വന്ന രജനീ കാന്തിന്റെ തട്ട് പൊളിപ്പന്‍ ഡയലോഗുകള്‍ബിവറേജസ് ക്യുവിലെക്കും ലഹരി പോലെ പടര്‍ന്നു കയറുകയാണ്!
തിയറ്ററിന്റെ അരികിലെ കാട് പിടിച്ച ഇടവഴിയിലിരുന്നു ഓ പി ആറിന്റെ ക്വാര്‍ടര്‍ കുപ്പിയിലുള്ള റം മുഴുവന്‍ വെള്ളം തൊടാതെ ജോസഫ് വിഴുങ്ങി! ഇട വഴിയിലെ ഇരുട്ടില്‍ അയാളെ പോലെ വേറെയും ജോസഫുമാര്‍ ഉണ്ടായിരുന്നു!
വിയര്‍ത്തുണങ്ങിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിസര്‍ ഫില്‍ടര്‍ കത്തിച്ചു വലിച്ചു പുക ഊതിവിട്ടു..പുകയില്‍ നോക്കിയിരിക്കെ അയാള്‍ക്ക്‌ തന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി! രോഷം നുരഞ്ഞു തീര്‍ന്നപ്പോള്‍ അരുണ തിയറ്ററിന്റെ വെള്ളി ത്തിരയില്‍ നിന്നു രജനീ കാന്ത്
ഇറങ്ങിപ്പോയിരുന്നു! കുഞ്ഞന്നയ്ക്ക് വേദനയില്ലാതെ ഉറങ്ങാനുള്ള ഗുളികയുടെ പുതിയ ബോട്ടില്‍ പോക്കറ്റില്‍ തന്നെയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി ആളൊഴിഞ്ഞ നാട്ടു വഴിയിലൂടെ ഇരുള്‍ പാളികള്‍ വകഞ്ഞു മാറ്റി ജോസെഫ് വീട്ടിലേക്കു നടക്കുമ്പോള്‍ തിയറ്ററില്‍ സെക്കന്റ് ഷോയ്കുള്ള ക്യു രൂപപ്പെട്ടിരുന്നു!
രാത്രി പത്തു കഴിഞ്ഞിട്ടും സൂസി ഉറങ്ങാതെ അപ്പനെ കാത്തിരിക്കുകയാണ്.ഒന്പതരയ്ക്കുള്ള കായംകുളം കൊച്ചുണ്ണി സീരിയലും കണ്ടതിനു ശേഷമാണ് ടീ വി ഓഫ് ചെയ്തു അമ്മച്ചിയും രാഫേലും ഉറങ്ങാന്‍ പോയത് കിടക്കാന്‍ അവളെ അവര്‍ വിളിച്ചെങ്കിലും പതിവുപോലെ അവള്‍ അപ്പനെക്കാത്തിരുന്നു! അപ്പന്‍ വരാതെ അവള്‍ക്കു ഉറക്കം വരാറില്ല.
അകലെ ഇരുട്ടില്‍ നിന്നു ഏതോ ഭ്രാന്തന്‍ പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേള്‍ക്കാം!"ഹോ ഈ അപ്പന്‍ ഒന്ന് വന്നിരുന്നെങ്കില്‍ "എന്ന് പറഞ്ഞു തീരുംപോളെയ്കും അതാ മുന്നില്‍ അപ്പന്‍! ഇരുളില്‍ നിന്നു കുരച്ചു ചാടി വരുന്ന തെരുവ് പട്ടികളെ അടിച്ചോടിക്കാന്‍ വഴിയിലെ വേലിയില്‍ നിന്നു ഒടിച്ചെടുത്ത ശീമ പത്തല്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു "മോളെ സൂസ്സീ.."എന്ന് നീട്ടി വിളിച്ചു ജോസഫ് വീടിന്റെ ഉമ്മറത്തേക്ക് കയറി. അവള്‍ ആകാംക്ഷയോടെ അപ്പന്റെ കൈകളിലേക്ക് നോക്കി , പിന്നെ ഇരുള്‍ കൂട് കൂട്ടിയ ഉറക്കമുറിയിലേക്ക് ഒരു വിതുമ്പലായി കയറിപോയി !
പുറത്തെ ഇരുളില്‍ അപ്പോളും ഭ്രാന്തു പിടിച്ച ആ നായയുടെ ഉച്ചത്തിലുള്ള കുര ഉയര്‍ന്നു കേട്ടു‌.
ഉറക്കത്തിന്റെ ആഴങ്ങളില്‍ നേര്‍ത്ത ചരട് പോലെ ഊര്‍ന്നിറങ്ങിയ കുഞ്ഞന്ന അപ്പോള്‍ സുഖദമായ ഒരു സ്വപ്നത്തിലായിരുന്നു! വെള്ളിച്ചിറകുകള്‍ വീശി പറക്കുന്ന കുതിരകള്‍ കെട്ടിയ ഒരു രഥത്തില്‍ അവള്‍ ആകാശ സഞ്ചാരം നടത്തുകയാണ്!താഴേക്ക്‌ നോക്കിയാല്‍ ഭൂമിയുടെ സൌന്ദര്യം ഒന്നായി കാണാം!
താരുണ്യവതികളായ കന്യകമാരുടെ മാറിടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പാര്‍വത നിരകള്‍!അവരുടെ അരക്കെട്ടിനെ തഴുകുന്ന വെള്ളി അരഞ്ഞാണങ്ങള്‍ പോലെ ഒഴുകുന്ന നദികള്‍! സൂക്ഷിച്ചു നോക്കിയാല്‍ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമം കാണാം!ഒന്ന് വേഗം കുറച്ചു താഴ്ന്നു പറക്കാന്‍ കുതിരകളോട് പറഞ്ഞ്‌ അവള്‍ താഴേക്കു നോക്കി..ഇപ്പോള്‍ ഗ്രാമവും ,പള്ളിയും ,പള്ളിക്കൂടവും വ്യക്തമായി കാണാം! പള്ളിമേടയില്‍ മണികള്‍ താനേ മുഴങ്ങുന്നുണ്ട്!!ഓരോ മണി മുഴങ്ങുമ്പോളും മേടയില്‍ കൂട് കൂട്ടിയ അരിപ്രാവുകള്‍ പുറത്തേക്ക് പറക്കുകയും മേടയില്‍ തന്നെ ചെന്നിരുന്നു കുറുകുകയും ചെയ്യുന്നു !!
വിശുദ്ധന്‍ കാവല്‍ നില്‍ക്കുന്ന അല്ത്താരയില്‍ കുന്തിരിക്കം പുകയുന്നുണ്ട്!കുന്തിരിക്ക പുകയേറ്റു കുര്‍ബാന കൂടാനെത്തിയ കാറ്റ് പള്ളിക്ക് വലം വച്ച്‌ സെമിത്തേരിയില്‍ എത്തിയപ്പോള്‍ ഒന്ന് നിന്നു!അവിടെ കല്ലറകള്‍ തുറന്നു കുഞ്ഞന്നയുടെ മരിച്ചു പോയ അപ്പന്‍ ശവപ്പെട്ടി കച്ചവടക്കാരന്‍ വറീതും അമ്മ മേരിപ്പെണ്ണും ഇരിക്കുന്നുണ്ടായിരുന്നു!
നാലഞ്ചാത്മാക്കള്‍ വേറെയും അവര്‍ക്ക് ചുറ്റും കൂടി നില്‍പ്പുണ്ട്!!
പതിവ് പോലെ വഴക്കിടുകയാണ് അപ്പനും അമ്മച്ചിയും! ഓര്‍മ വച്ച കാലം മുതല്‍ തുടങ്ങിയതാണ്‌ അവരുടെ ശണ്ട!പള്ളി പറമ്പിലെ ആറടി മണ്ണില്‍ ഒടുങ്ങിയിട്ടും തീര്‍ന്നിട്ടില്ല!നാട്ടില്‍ എല്ലാവരാലും വെറുക്കപ്പെട്ടവന് ആയിരുന്നു അപ്പന്‍!കൂട്ട മരണങ്ങള്‍ ഉണ്ടാവാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്ന പാപി!‍ കള്ള് കുടിച്ചു വഴിയില്‍ കിടക്കുകയും പെമ്പറന്നോരുടെ മെക്കിട്ടു കയറുകയും ചെയ്യുന്ന "കാലമാടന്‍".സഹികെടുമ്പോള്‍ അമ്മച്ചി അപ്പനെ "കാലമാടാ.."എന്നാണ് വിളിക്കുക!
പാപ്പച്ചനും അവര്‍ക്കൊപ്പമുണ്ട്!തള്ളികൊള്ളി വരീതിന്റെ പാരമ്പര്യം നിലനിര്‍ത്തിയ മകന്‍!നാട്ടിലെ ചട്ടമ്പി കൂട്ടങ്ങളുടെ നേതാവ്! രണ്ടു കൊല്ലം മുന്‍പ് ചന്തയിലെ അടിപിടിക്കിടയില്‍ ആരുടെയോ കത്തിമുനയില്‍ കുടുങ്ങി പള്ളിപറമ്പിലെ തെമ്മാടി കുഴിയില്‍ എത്തി അവനും! അവനെ ചൊല്ലിയാണ് അപ്പന്റെം അമ്മച്ചിയുടേം ഇന്നത്തെ വഴക്ക്!!ശണ്ട മുറുകിയിട്ടും ഒന്നിലും ഇടപെടാതെ അസ്വസ്ഥനായി ഇരിക്കുകയാണ് അവന്‍...
കുഞ്ഞന്നയ്ക്ക് സങ്കടം വന്നു!ഇറങ്ങി ചെന്ന് അവന്റെ വിളറിയ കവിളുകളില്‍ തലോടി ആശ്വസിപ്പിക്കാന്‍ തോന്നി അവള്‍ക്ക്..
കുതിരകള്‍ പിന്നെയും വേഗത്തില്‍ പറക്കാന്‍ തുടങ്ങി! ഇപ്പോള്‍ നാട്ടു വഴിയിലുടെ സൈക്കിള്‍ ചവിട്ടി വരുന്ന ജോസഫിനെ
കാണാം! എപ്പോളും കാണാറുള്ള ഒരു കള്ളചിരിയുണ്ട് ആ മുഖത്തു! സെന്റ്‌:പോള്‍ ഓര്‍ഫനേജിലെ കുപ്പത്തൊട്ടിക്കരികെ വൃത്തികെട്ട ഒരു പഴന്തുണി ക്കെട്ട് പോലെ ആരൊ വലിച്ചെറിഞ്ഞതാണ് ചോര കുഞ്ഞായിരുന്ന അവനെ ഉറുമ്പ്‌ കടിയേറ്റു അവന്റെ കിളുന്നു ശരീരം ചുവന്നു തുടുത്തിരുന്നു !
പള്ളിമേടയില്‍ ബൈബിള്‍ വായനയ്ക്കിടയിലാണ് മോറിസ് അച്ഛന്‍ അവന്റെ കരച്ചില്‍ കേട്ടത്,, ,അച്ഛന്റെ നരച്ച താടിരോമങ്ങള്‍ ക്കിടയില്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് പരതിക്കൊണ്ടിരുന്ന അവന്‍ ഉറക്കെയുറക്കെ കരഞ്ഞു കരഞ്ഞു വലുതായി!
പ്രഭാതങ്ങളില്‍ പൂന്തോട്ടത്തില്‍ നിന്നു ഇറുത്തെടുത്ത ഓരോ റോസാ പുവുകള്‍ അവന്‍ മോറിസ് അച്ഛന് സംമാനിക്കുമായിരുന്നു! യുവാവായി അനാഥാലയത്തിന് പുറത്തെ നിറം പിടിച്ച ലോകത്തിലേക്ക് ഇറങ്ങിയ അവനോടു അച്ഛന്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു: "ജോസഫ് നീ ലോകത്തിന്റെ വെളിച്ചമാകണം ..."
പുറത്ത് അവന്റെ കൈ പിടിക്കാന്‍ കുഞ്ഞന്ന അക്ഷമയോടെ കാത്തു നില്‍പ്പുണ്ടായിരുന്നു!അവര്‍ തെരുവിലൂടെ പരസ്പരം കൈകള്‍ കോര്‍ത്തു ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ അലിഞ്ഞു ചേരുമ്പോള്‍ അനാഥാലയത്തിന്റെ മട്ടുപ്പാവില്‍ നിന്നു മോറിസ് അച്ഛന്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു!! പിന്നെ ലോഹയുടെ പോക്കറ്റില്‍ നിന്നു തൂവാല എടുത്തു കണ്ണുകള്‍ അമര്‍ത്തി തുടച്ചു മുറിക്കുള്ളിലേക്ക് കയറിപോയി!
പറന്നു തളര്‍ന്ന കുതിരകള്‍ പെട്ടെന്ന് താഴേക്കു വീണു!അവയുടെ വെള്ളിച്ചിറകുകളില്‍ നിന്നു കൊഴുത്ത രക്തം വാര്‍ന്നു വീണു കൊണ്ടെയിരുന്നു..!! കൂര്‍ത്ത പാറ കെട്ടുകളിലെക്കാണ് കുഞ്ഞന്ന തെറിച്ചു വീണത്‌! നുറുങ്ങി പോയ അവളുടെ
അസ്ഥികളിലും മജ്ജയിലും രക്ത ദാഹികളായ അട്ടകളെ പോലെ വേദന അരിച്ചു നടന്നു!!കുഞ്ഞന്നയുടെ വീഴ്ച കണ്ടു ജോസഫ് ക്രുശിതനെ പോലെ വിലപിച്ചു!അയാളുടെ ശിരസില്‍ ആഴത്തില്‍ പതിഞ്ഞ മുള്മുടിയില്‍ നിന്നു ഉതിര്‍ന്നു വീണ ചോരത്തുള്ളികള്‍ കുഞ്ഞന്നയുടെ കരിഞ്ഞുണങ്ങിയ മാറിലുടെ ഒഴുകി കൃഷ്ണേട്ടന്റെ ഉള്ത്തടത്തില്‍ വീണു നീറി പുകഞ്ഞു!
ഉഷ്ണത്തില്‍ പുകഞ്ഞു വിയര്‍ത്തു കൃഷ്ണേട്ടന്‍ പിടഞ്ഞുണര്ന്നപ്പോള് പടിഞ്ഞാറെ കായലില്‍ നിന്നു തണുത്ത ഒരു കാറ്റ് വീശി! പ്രിമിയം ലോഡ്ജിന്റെ ഇട നാഴിയിലൂടെ പതിമൂന്നാം നമ്പര്‍ മുറിയും കടന്നു ആ കാറ്റ് കൃഷ്ണേട്ടനെ തഴുകി കടന്നു പോയി . അയാള്‍ വീണ്ടും ഒരു ബീടിക്കു തീ കൊളുത്തി.പതിമുന്നാം നമ്പര്‍ മുറി അപ്പോളും അടഞ്ഞു കിടക്കുകയാണ്!അവര്‍ക്കായി കാത്തു നില്‍കാതെ അയാള്‍ ഹോട്ടലിലെ ആഴ്ച ഡ്യുട്ടി ‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങി..
തിങ്കളാഴ്ച പുലര്‍ച്ചെ വഴിയോരത്തെ തട്ടുകടയില്‍ കടുപ്പത്തിലൊരു ചായ കുടിച്ചിരിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു അയാള്‍ ഞെട്ടി..!!
"ബോട്ട് ജെട്ടിക്കടുത്തുള്ള ലോഡ്ജു മുറിയില്‍ നാലംഗ കുടുംബം ആത്മ ഹത്യ ചെയ്ത നിലയില്‍' തലക്കെട്ട്‌ വായിച്ചപ്പോള്‍ തന്നെ കൃഷ്ണേട്ടന്റെ കണ്ണുകളില്‍ ഇരുട്ട് കയറി!.
വിരസങ്ങളായ രാപ്പകലുകളുടെ തനിയാവര്‍ത്തനം നിറഞ്ഞ ഒരു രാത്രിയില്‍ പ്രിമിയം ലോഡ്ജിലെ തന്‍റെ മാളത്തില്‍ ചുരുണ്ട് കൂടാന്‍ ഒരുങ്ങുകയായിരുന്നു കൃഷ്ണേട്ടന്‍..അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..പുറത്ത് ഓട്ടോ റിക്ഷയുടെ ശബ്ദം;
റിസപ്ഷനില്‍ നിന്നു നീണ്ട മണിയൊച്ച കേട്ടാണ് അയാള്‍ താഴേക്കിറങ്ങിയത്.അവിടെ മഴയില്‍ നനഞ്ഞു കുളിച്ച ഒരു കുടുംബം.
"കൃഷ്ണേട്ടാ "എന്ന് വിളിച്ചു മന്ദഹാസം വിടര്‍ത്തുന്ന മുഖവുമായി ജോസഫ്!! പെയ്തു തോരാത്ത മഴ പോലെ കുഞ്ഞന്നയും രാഫെലും സൂസിയും അയാളോട് ഒട്ടി നിന്നിരുന്നു
----------------------------------------------------------------------------------------------------------
(പ്രിയ വായനക്കാര്‍ വായനാനുഭവം പങ്കു വയ്ക്കുമല്ലോ ?  -രമേശ്‌ അരൂര്‍ )

12 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

കെ.പി.സുകുമാരന്‍ പറഞ്ഞു...

കഥ നന്നായിട്ടുണ്ട്, ബ്ലോഗും..

ആശംസകളോടെ,

padmachandran പറഞ്ഞു...

ഈ രമേശ ഗുരു ഒരു സംഭവം ആകും എനാ തോന്നുന്നത്

ആരാധകരുടെ പ്രവാഹം

വല്ല കൂടോട്രോം ഗോമൂത്രത്തില്‍ ചെയ്താലോ

പാഴ്നിലം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാഴ്നിലം പറഞ്ഞു...

ഫാന്റസി കഥ ഫന്ടാസ്റ്റിക്ക് ആയിട്ടുണ്ടേട്ടാ... :)

bijil kolary പറഞ്ഞു...

രമേഷേട്ട കഥ മനോഹരം

manucorona പറഞ്ഞു...

.മദ്യക്കടയുടെ പിന്നിലുള്ള അരുണ തിയറ്ററില്‍ അപ്പോള്‍ ഫസ്റ്റ് ഷോ തുടങ്ങിയിരുന്നു.കൊട്ടകയ്ക്കുള്ളിലെ വയസ്സന്‍ കോളാമ്പിയില്‍ നിന്നു വന്ന രജനീ കാന്തിന്റെ തട്ട് പൊളിപ്പന്‍ ഡയലോഗുകള്‍ബിവറേജസ് ക്യുവിലെക്കും ലഹരി പോലെ പടര്‍ന്നു കയറുകയാണ്!
തിയറ്ററിന്റെ അരികിലെ കാട് പിടിച്ച ഇടവഴിയിലിരുന്നു ഓ പി ആറിന്റെ ക്വാര്‍ടര്‍ കുപ്പിയിലുള്ള റം മുഴുവന്‍ വെള്ളം തൊടാതെ ജോസഫ് വിഴുങ്ങി! ഇട വഴിയിലെ ഇരുട്ടില്‍ അയാളെ പോലെ വേറെയും ജോസഫുമാര്‍ ഉണ്ടായിരുന്നു!
വിയര്‍ത്തുണങ്ങിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിസര്‍ ഫില്‍ടര്‍ കത്തിച്ചു വലിച്ചു പുക ഊതിവിട്ടു..പുകയില്‍ നോക്കിയിരിക്കെ അയാള്‍ക്ക്‌ തന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി! രോഷം നുരഞ്ഞു തീര്‍ന്നപ്പോള്‍ അരുണ തിയറ്ററിന്റെ വെള്ളി ത്തിരയില്‍ നിന്നു രജനീ കാന്ത്
ഇറങ്ങിപ്പോയിരുന്നു! samayam athinte dooram haaaaaa super......... simple aayi parayunnu....

linu rk nair പറഞ്ഞു...

വളരെ നന്നായി .ആനുകാലിക പ്രസക്തി ഉള്ള വിഷയം .നേരിട്ട് മനസിലേക്ക് ഇറങ്ങി ചെല്ലുന്ന വരികള്‍.എല്ലാ ആശംസകളും .....

the man to walk with പറഞ്ഞു...

മനോഹരമായി എഴുതിയിരിക്കുന്നു ..
അഭിനന്ദനങ്ങള്‍

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തുക്കള്‍
സര്‍വശ്രി: കെ.പി .സുകുമാരന്‍ ,
പദ്മചന്ദ്രന്‍ .സജിക്കുട്ടി (പാഴ്നിലം ),ബിജില്‍ ,മനു ,ലിനു ,
മാന്‍ ഓഫ് ദി വാക്ക് വിത്ത്‌ എന്നിവര്‍ക്ക്
ഹൃദയം നിറഞ്ഞ സ്നേഹവും ,കടപ്പാടും..
മരുഭൂമികളിലൂടെ ..അല്‍പനേരം സഞ്ചരിച്ചതിനും
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയതിനും

പരദേശി പറഞ്ഞു...

അസ്സലായീ ട്ടോ.. ഒരായിരം ദുരന്തങ്ങളുടെ നടുവിലും പ്രതീക്ഷ വയ്ക്കുന്നതിന്റെ സുഖം, ഒരു സുഖം തന്നെയാണേ..

രമേശ്‌അരൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lekshmi. lachu പറഞ്ഞു...

കഥ നന്നായിരിക്കുന്നു..
ഇനിയും ഇനിയും നല്ലകഥകള്‍ പിറക്കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍