2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

പൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഭാഗം 1

പൊറിഞ്ചുവിന്റെ   സത്യാന്വേഷണ പരീക്ഷണങ്ങള്‍
"രൂര്‍ എന്ന  ലോകത്തിലെ" ഏറ്റവും മനോഹരമായ  ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌.എന്‍റെ ജന്മ നാടിനെ പറ്റി  അങ്ങനെ  അവകാശപ്പെടുന്നതിനു ടാക്സ്‌ ഒന്നും കൊടുക്കണ്ടല്ലോ അല്ലേ ? ഹി ഹി ..അവിടെ ജീവിച്ചിരിക്കുന്ന കുറെ രസികന്‍ കഥാ പാത്രങ്ങളുണ്ട്‌..
അതിലൊരാളാണ്  പൊറിഞ്ചു  എന്ന് വിളിപ്പേരുള്ളഫ്രാന്‍സിസ്  ചേട്ടന്‍..
സംസാരിക്കുമ്പോള്‍ മാത്രം    അല്‍ല്‍ല്‍....പ്പം കൊയ  കൊയാന്നു  കൊഞ്ഞപ്പുള്ള പൊറിഞ്ചുവേട്ടന്  ഏതാണ്ട് ആറ്  ആറരഅടി പൊക്കമുണ്ട്..
കരി ഓയിലില്‍ കുളിപ്പിച്ചെടുത്തത് പോലെ  മെഴു മെഴാന്നുള്ള നിറം ..
വര്‍ത്തമാനം പറച്ചില്‍ എങ്ങനെ സ്ലോ മോഷനിലാക്കാം എന്ന   ഇനത്തില്‍  ഒരു  കൊമ്പറ്റീഷന്‍ വച്ചാല്‍ ഉറപ്പായിട്ടും ഒന്നാം സമ്മാനം പൊറിഞ്ചുവേട്ടന്റെ പെട്ടിക്കകത്തിരിക്കും..അത്രയ്ക്കും ഇഴഞ്ഞാണ് ആശാന്റെ വര്‍ത്തമാനം
മുന്‍കാലത്ത് മത്സ്യ ബന്ധനം ,വിപണനം,സംസ്കരണം  എന്നീ മേഖലകളുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്ക് പഞ്ഞമില്ലാത്ത നാടായിരുന്നു  അരൂര്‍..
സ്വാഭാവികമായും പൊറിഞ്ചുവേട്ടന്‍ വലതു കാല്‍ വച്ചു ആദ്യം ഇറങ്ങിയത്‌ ചെമ്മീന്‍  കച്ചവടത്തിനാണ്..
.രാത്രികാലങ്ങളില്‍ കൈതപ്പുഴക്കായലിലൂടെ പെട്രോള്‍ മാക്സും തെളിച്ചു കൊണ്ട് ചീന വലകളില്‍ നിന്നു ചീന വലകളിലേക്ക് പൊറിഞ്ചുവിന്റെ കൊച്ചു വള്ളം ഷട്ടില്‍ സര്‍വീസ് നടത്തുന്നത് കുട്ടിക്കാലത്തെ ഞങ്ങളുടെ  പതിവ് കാഴ്ചകളില്‍ ഒന്നാണ്.
ചീന വലക്കാര്‍ പിടിച്ചെടുക്കുന്ന ചെമ്മീനും മറ്റു മത്സ്യങ്ങളും ചൂടോടെ തന്നെ പൊറിഞ്ചു വാങ്ങിക്കൂട്ടും..
പിറ്റേന്നത്   സൈക്കിളില്‍ കൊണ്ട് പോയി ചന്തയില്‍ വില്‍ക്കും .
വയര്‍ നിറയെ തെറുപ്പു ബീഡി വലിക്കും ...
വൈകീട്ട്   ലേ.....ശം   തെങ്ങിന്‍ കള്ള്  അകത്താക്കും .
 സമയം കിട്ടുമ്പോളൊക്കെ സ്വന്തം പിതാവായ പാപ്പു മാപ്ലയെ ഒന്നുപദേശിച്ച് നേരെയാക്കാന്‍ നോക്കും  ..
ഇതൊക്കെയാണ് പൊറിഞ്ചുവേട്ടന്റെ സാധാരണ ദിനചര്യകള്‍ ..
ഇന്നത്തെ പോലെ   നാട്ടില്‍ മോട്ടോര്‍ ബൈക്കുകള്‍ ഒന്നുംവ്യാപകമല്ലാത്ത കാലമാണ് .ഒരു സൈക്കിള്‍ ഉണ്ടായാല്‍ പോലും വലിയ ഗമയായി കൊണ്ട് നടക്കുന്ന കാലം .
പൊറിഞ്ചു  വിന്റെ വാഹനത്തെ വെറും  സൈക്കിള്‍ എന്ന് വിളിച്ചാല്‍ ശരിയാകില്ല.
 പിന്നില്‍ വലിയ പെട്ടികളില്‍ ഐസ് കട്ടകള്‍ ഇട്ടു മരവിപ്പിച്ച ചെമ്മീന്‍ കയറ്റുന്നതിനായി ഘടിപ്പിച്ച വലിയ കാരിയര്‍ ..
പണ്ടേ ദുര്‍ബല ..ഇപ്പോള്‍ ഗര്ഭിണിയുമായി എന്ന്   പണ്ടാരാണ്ടോ പറഞ്ഞപോലെ ,  പഞ്ചറുകള്‍ തുന്നിക്കൂട്ടിയും ഇടയ്ക്കിടയ്ക്ക്  പള്ള വീര്ത്തത് പോലെയും ഇരിക്കുന്ന ടയറുകള്‍.
.ബെല്ലും ബ്രേക്കും എന്താണെന്ന് ആ തുരുമ്പു തുണ്ടം കണ്ടിട്ടുപോലും  ഉണ്ടാവില്ല .
.അതി മോഹം കൊണ്ട് ആരെങ്കിലും അതില്‍ കയറി ഒന്നുരുട്ടാന്‍ നോക്കിയാല്‍ അന്നവന്റെ  കട്ടേം പടോം മടക്കും
.അത്ര കിടിലന്‍ സാധനമാ ..
 പക്ഷെ പൊറിഞ്ചു വേട്ടന്‍ അതില്‍ കയറി ഒന്നാഞ്ഞു ചവിട്ടിയാല്‍ മതി സൈക്കിള്‍ റോക്കറ്റ് പോലെ പായുന്നതും കാണാം .
ആരോഗ്യവാനും .അവിവാഹിതനുമായ പൊറിഞ്ചു വിന്റെ കൈത്തരിപ്പും  കാല്‍ കഴപ്പും ഒക്കെതീര്‍ക്കാന്‍ പറ്റിയ ഒരു ഉരുപ്പടി ..സദാ കൂടെ കാണും സൈക്കിള്‍ !
സൈക്കിളിന്റെ ബെല്ലും ബ്രേക്കും എല്ലാം പൊറിഞ്ചുവിന്റെ വായിലും കാലിലും ഒക്കെയാണ് ഫിറ്റു ചെയ്തിട്ടുള്ളത്.
കാലുകള്‍ക്ക് നല്ല നീളമുള്ളതുകൊണ്ടു സൈക്കിള്‍ ഏതു അത്യാസന്ന നിലയിലും  നിര്‍ത്തുന്നതിനു പ്രയാസമില്ല.
കാലൊന്നു നിലത്തു അമര്‍ത്തിച്ചവിട്ടിയാല്‍മതി
സഡന്‍ ബ്രേക്കിട്ടതു പോലെ നില്‍ക്കും അബദ്ധത്തിലെങ്ങാനും സൈക്കിളിനു മുന്നില്‍ പെട്ടു പോകുന്ന ഹത ഭാഗ്യര്‍ക്ക്  അന്ന് വയറു നിറയെ പൊറിഞ്ചുവിന്റെ സ്ലോ മോഷനിലുള്ള പുളിച്ച തെറി കിട്ടും.
.പിന്നെ ഡ്രൈ ക്ലീന്‍ ചെയ്താലും അഞ്ഞൂറ്റി ഒന്ന് ബാര്‍ സോപ്പിട്ടു അഞ്ഞൂറ്റി ഒന്ന് തവണ ആറ്റിലിട്ട്   അലക്കി പിഴിഞ്ഞ് എടുത്താലും ആ തെറിയുടെ നാറ്റം മാറാന്‍ നാലഞ്ചു ദിവസമെങ്കിലുമെടുക്കും.
ചെമ്മീന്‍ കച്ചവടം പൊറിഞ്ചു വേട്ടന്റെ കുടുംബ ബിസിനസാണ്..ഒരെണ്‍പത് വയസെന്കിലും പ്രായമുള്ള  പാപ്പു മാപ്ലയാണ് പൊറിഞ്ചുവിന്റെ പിതാശ്രീ.
പടങ്ങള്‍:ഗൂഗിളാന്‍ വക   
അപ്പന്‍ എന്നാണ് ഞങ്ങളുടെ നാട്ടില്‍ പൊറിഞ്ചു അടക്കമുള്ള നസ്രാണിപ്പിള്ളേര്‍ തന്തമാരെ വിളിച്ചു പോരുന്നത്.രാത്രികാല ബിസിനസില്‍ മിക്കവാറും വള്ളത്തില്‍ പൊറിഞ്ചുവിന്റെകൂടെ പാപ്പു മാപ്ലയും ഉണ്ടാകും..കൈതപ്പുഴക്കായലിലൂടെ  ഇരുട്ടിനെ കീറിമുറിച്ചുനീങ്ങുന്ന   ആ ചെറു  വള്ളത്തിന്റെ ഇരുതലയ്ക്കലും     ക്രിസ്മസ്  കാലത്തു  കെടുകയും  തെളിയുകയുംചെയ്യുന്ന സീരിയല്‍ ബള്‍ബു  പോലെ രണ്ടു തീപ്പൊരികള്മിന്നി മറയുന്നത് കാണാം .ഉറക്കം വരാതിരിക്കാനും കായല്‍ കാറ്റിന്റെ തണുപ്പില്‍ നിന്നു താല്‍ക്കാലികാശ്വാസം  കിട്ടാനും വേണ്ടി ഇരുവരും വലിച്ചൂതുന്ന തെറുപ്പു ബീഡികളുടെ  തീയാണത് !
  അപ്പനാണെന്ന് മുന്നിലിരിക്കുന്നതെന്നു കരുതി ബീഡി വലി  പോലുള്ള അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു മുടക്കവും വരുത്താത്ത കണിശ ക്കാരനാണ്  പൊറിഞ്ചു
.പറ്റുമെങ്കില്‍ അപ്പനോട്  .
" ..ബീഡിയുണ്ടോ അപ്പാ..ഒരു തീപ്പെട്ടി എടുക്കാന്‍ "
എന്ന്  പഴയ സഖാക്കളെ പോലെ ധീര ധീരം കടം  ചോദിക്കാനും "ബീഡിയില്ല മകനെ ഒരു പുകതരുമോ ?"എന്ന് തിരിച്ചു പറയാനും  
ഞങ്ങളുടെ നാട്ടില്‍ ആണായിട്ടൊരുത്തന്‍ ജനിചിട്ടുന്ടെങ്കില്‍ അത്  സാക്ഷാല്‍ ശ്രീമാന്‍ പൊറിഞ്ചു വേട്ടന്‍ തന്നെയാണ് .
ബീഡിയും തീപ്പെട്ടിയും ഇല്ലാതെ വരുന്ന അപ്പനെ,  പുസ്തകം കൊണ്ട് വരാതെ സ്കൂളില്‍  വന്നിരുന്ന  തെക്കേലെ മൂക്കട്ട സുകുവിനെ    നിഷ്കരുണം ക്ലാസ്സില്‍ നിന്ന് ഇറക്കി വിടുന്ന കടുവ പപ്പനാവന്‍ സാറിനെ പോലെ  വള്ളത്തില്‍ നിന്ന് ഇറക്കി വിടാനും പൊറിഞ്ചു വിനു മടിയില്ല ..

,നടുക്കായലില്‍ വല്ലയിടത്തും വച്ചാണെങ്കില്‍ അപ്പന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച്  പറഞ്ഞ്‌ ഒടക്കി  അപ്പനും മകനും പുതിയ തെറി ഡിക്ഷ്ണറി ഉണ്ടാക്കുകയും ചെയ്യും  .
  " ഈ പൊറിഞ്ചു വിനെ ചീത്തയാക്കുന്നത്‌ അപ്പനാണെന്ന് മൂത്ത പെങ്ങള്‍ പുഷ്പിയും ,അതല്ല ,അപ്പനെ ചീത്തയാക്കുന്നത്‌ പൊറിഞ്ചു വാണെന്നും   പറഞ്ഞു അമ്മ മേരികൊച്ചുമ്മയും പരസ്പരം കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് ..പാപ്പു മാപ്ല യാകട്ടെ  "ഈ  അരൂക്കരയിലെ ഇക്കണ്ട  ക്രിസ്ത്യാനി കു  ടികളില്‍ നീയൊക്കെ അരിച്ചു
പെറുക്കിയാലും ഇത്ര തങ്ക പ്പെട്ട  സ്വഭാവ ഗുണമുള്ള ഒരു മൊതലിനെ കിട്ടു കേലെടീ  എന്തരവളുമാരെ .." എന്ന സര്ട്ടിഫിക്കറ്റാണ്  ഇതിനുള്ള മറുപടിയായി നല്‍കി പോന്നത് ...

  .സമയാസമയങ്ങളില്‍ വരുന്ന  വികാരങ്ങള്‍ ..അത് ദേഷ്യമായാലും  തമാശയായാലും    "അപ്പാ."."മകാ " വ്യത്യാസമില്ലാതെ പൊറിഞ്ചു
അപ്പന് നേരെ പ്രയോഗിക്കും...ചന്തയിലെ  ചന്തമുള്ള മീന്‍ വില്പനക്കാരി ജാനകിയുടെ  ചന്തി
കുലു ക്കം  അരൂര്‍ മേഖലയില്‍ ഉണ്ടാക്കുന്ന   പരിസ്ഥിതി ആഘാതങ്ങളും , പുളിന്താഴത്തു ഷാപ്പിലെ കറി വില്പ്പനക്കാരി കോമളവും  ചെത്തുകാരന്‍ ദിവാകരനും തമ്മിലുള്ള 'ഡിങ്കോള്‍പ്പിക്കേഷന്‍   ' ഇടപാടുകള്‍  ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പോലെ സൂപര്‍ ഹിറ്റിലേക്ക്  കുതിക്കുകയാണെന്നും
കോമളത്തിന്റെ  മുന്‍കാല ഭര്‍ത്താവെന്നു സംശയിക്കുന്ന  നാണുചോകാന്‍  ഏതാണ്ട്  എലുമിനെ ഷന്‍ .റൌണ്ടില്‍ എത്തി നില്‍ക്കുകയാണെന്നും വരെയുള്ള  എല്ലാ സംഭവവികാസങ്ങളും   ഓരോരോ
എപ്പിസോഡുകളായി പൊറിഞ്ചു പറഞ്ഞു കേള്‍പ്പിക്കും ...പൊറിഞ്ചു വിന്റെ തല്‍സമയ സംപ്രേഷണം കേട്ടും കണ്ടും ആവേശത്തിന്റെ  അടക്കാ മരതുമ്പത്തു എത്തുന്ന പാപ്പു മാപ്പിള
"എന്നിട്ട് ...?? എന്നിട്ട് ..നീ അത്  പറ ?? " എന്ന്  ആകാംഷ യോടെ ചോദിച്ചു കൊണ്ടേ ഇരിക്കും ..

വീട്ടിലെ ഇളയ സന്താനമാണ് പൊറിഞ്ചുവെങ്കിലും വയസു പത്തു മുപ്പത്തഞ്ചു കഴിഞ്ഞു ..താനിങ്ങനെ പുര നിറഞ്ഞു നില്‍ക്കുകയാണെന്ന വിചാരം അപ്പനോ ചേട്ടന്മാര്ക്കോ ഇല്ലാത്തതിന്റെ ഏന ക്കേടും ദഹനക്കേടും ഒരു ദിവസം പൊറിഞ്ചു അപ്പനോട് വെട്ടിത്തുറന്നു പറഞ്ഞു...

സംഗതി ഏറ്റു... അതിനു ഉടന്‍ ഫലമുണ്ടായി ..വീട്ടുകാര്‍ സഭ കൂടി പൊറിഞ്ചു വിനെപെണ്ണ് കെട്ടിക്കാന്‍
തീരുമാനമെടുത്തു ...യോഗ തീരുമാനം  എല്ലാവരും കൂടി വള്ളി പുള്ളി വിടാതെ പൊറിഞ്ചു വിനെ അറിയിക്കുകയും ചെയ്തു ...
"അയ്യോ! അത്ര ധൃതി പിടിച്ചൊന്നും എനിക്ക് പെണ്ണ് കെട്ടണ്ടാ ...ഒരാഴ്ച കഴിഞ്ഞു മതി "എന്നായിരുന്നത്രേ പൊറിഞ്ചു വിന്റെ മറുപടി .. 

അങ്ങനെയാണ്  കണ്ണമാലിക്കാരിയായ ലില്ലിക്കുട്ടിയെ    പൊറിഞ്ചു നാട്ടുകാരും വീട്ടുകാരും പള്ളിക്കാരും അറിഞ്ഞു കെട്ടിയെടുത്തോണ്ട് വന്നത് .

ലില്ലി ക്കുട്ടി ആള്   ഒരു ഒന്നൊന്നര പെണ്ണാണ് ...കടലില്‍ നിന്നുള്ള ഉപ്പു കാറ്റേറ്റു  പഴുത്ത .ചാമ്പക്കാ പോലുള്ള നെറം!
ഒത്ത പൊക്കവുംതരക്കേടില്ലാത്ത സ്പെയര്‍പാര്‍ട്സും   ഒക്കെ യായി ആകെയൊരു  ആനച്ചന്തം !

ഒരിക്കല്‍ ഒന്ന് കണ്ടാല്‍ എത്ര കണ്‍ട്രോള്‍ ഉള്ള ജഗജില്ലി ആണേലും ഒന്നൂടെ നോക്കിപ്പോകുന്ന
  അംഗ വൈഭവം !
അത് ശരിയുമാണ് ...ലില്ലിയെ കെട്ടി കൊണ്ട് വന്നു ഒരു മണിക്കൂറിനുള്ളില്‍
തളര്‍ വാതം  പിടിപെട്ടു കിടന്നിരുന്ന പൊറിഞ്ചു വിന്റെ വല്യപ്പന്‍ വറീത് മാപ്ല എഴുന്നേറ്റിരുന്നു
വായ്ക്കു രുചിയായി ബിരിയാണി കഴിച്ചുവെന്ന്   ഞങ്ങളുടെ   നാട്ടില്‍ പരദൂഷ ണ ക്കാര്‍  പാടി നടക്കുന്നുണ്ട് ..   പൂര്‍വാശ്രമത്തില്‍ കണ്ണമാലി എന്ന കടലോര ഗ്രാമത്തിലെ തപോ ധനനായ ഈശപ്പന്‍ മേസ്ത്രി
എന്ന കണ്വ മഹര്‍ഷിക്ക്  വാര്‍ക്കപ്പണിക്ക്   വന്ന സഹ പ്രവര്‍ത്തകയും സര്‍വോപരി ഇളകിയാട്ട  ക്കാരിയുമായ ശോശാമ്മ എന്ന അപ്സരസ്സില്‍ ഉണ്ടായ ദിവ്യ ശിശുവാണ് -ഇന്നത്തെ ലില്ലിക്കുട്ടിയായി
പരിണാമം പൂണ്ടതത്രേ!
ഈശപ്പന്‍ മേസ്ത്രിക്ക് പറ്റിയ ഒരു കൈയബദ്ധം !! 
യൌവനാരംഭത്തില്‍ തന്നെ കണ്ണമാലിക്കാരായ യുവ കോമളന്മാരുടെ ഊണും ഉറക്കവും കെടുത്തിയ തരുണീ മണി !
 വലിയ സ്കൂളിലും കോളേജിലും ഒന്നും പോയിട്ടില്ലെങ്കിലും ലില്ലിക്കുട്ടിയായിരുന്നത്രേ  കണ്ണമാലി
കടപ്പുറത്തെ സ്റ്റാര്‍....ബ്യുട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ എന്ന് പറയും പോലെ കാമുക വൃന്ദം സ്കൂളും കോളേജും ഒക്കെ ഉപേക്ഷിച്ചു ലില്ലിക്കുട്ടിയെ ലൈന്‍ അടിക്കാന്‍ കടപ്പുറത്ത് ചുറ്റിക്കറങ്ങും ...
ആ   മിസ്‌  കണ്ണമാലിയാണ്   പൊറിഞ്ചുവിന്റെ  വാമഭാഗം  അലങ്കരിക്കാന്‍  ഞങ്ങളുടെ  നാട്ടില്‍ എത്തിയിരിക്കുന്നത് ...അരൂരിലെ ഐശ്വര്യാ റായിമാരായി  തിരു മോന്തകളില്‍ ഫെയര്‍ ആന്‍ഡ്‌ ലൌലിയും  പൂശി നടന്ന കൂതറ കള്‍ക്ക് ലില്ലി ക്കുട്ടിയുടെ വരവ്   ഇരുട്ടടിയായി ...അതോടെ ഞങ്ങളുടെ മുന്നില്‍ ഏതാണ്ടൊക്കെ പൊന്തിച്ചു നടന്നിരുന്ന എരണം കെട്ടവളുമാരുടെ പത്തിയും ഒന്നടങ്ങി ...
ലില്ലിക്കുട്ടിയും  പൊറിഞ്ചുവും  കൂടി പള്ളിയില്‍ പോകുന്നതിന്റെ ആ തഞ്ചം ഒന്ന്  കണ്ടാല്‍ മതിയല്ലോ
നാട്ടുകാര്‍ക്ക്  നോക്കി നിന്ന് ഒന്നൂറിച്ചിരിക്കാനും    അടക്കം പറഞ്ഞ് ആസ്വദിക്കാനും !! .
മാനും കരിമന്തിയും കൂടി മേയാന്‍ നടക്കുകയാനെന്നെ തോന്നൂ !
ഓര്‍ക്കാപ്പുറത്ത്  ലോട്ടറി അടിച്ചത്  പോലെ  ലില്ലിക്കുട്ടിയെ  കിട്ടിയ  പൊറിഞ്ചുവിന്റെ മോന്തായത്തില്‍  പകല്‍  സമയവും കത്തികിടക്കുന്ന തെരുവ് വിളക്ക് പോലെ ഒരു പ്രകാശം നിറഞ്ഞു നിന്നു ..കടപ്പുറത്ത് "മിസ്‌കണ്ണമാലി"യായി  ചന്തിയും   കുലുക്കി നടന്ന   സൌന്ദര്യ റാണിയെ യാണ്  ഒരുകൊട്ട  പൂവാലന്‍ ചെമമീന്‍  പോലെ മൊത്തത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് ! ചില്ലറ നേട്ടമല്ല !
ആ അഹമ്മതിക്കിടയില്‍  ചില്ലറ ഭയാശങ്കകളും  പൊറിഞ്ചുവിന്റെ  ഉള്ളില്‍ ഇരുമ്പു   സൈക്കിളിലെ മാറാത്തുരുമ്പു  പോലെ പൊടിച്ചു വന്നു ..ലില്ലിക്കുട്ടി  നാട് കടന്നതോടെ കണ്ണമാലി കടപ്പുറം വിജനമായെങ്കിലും തന്‍റെ വീട്ടു പരിസരത്തും ഇട വഴിയിലുമെല്ലാം ചൂളം വിളികളും ഒളി കണ്‍ നോട്ടങ്ങളും പതിവില്ലാത്ത വിധം കൂടിയതാണ് പൊറിഞ്ചുവിനെ അസ്വസ്ഥനാക്കിയത്..
മൂത്ത് പഴുത്ത  കസ്തൂരിമാമ്പഴമല്ലേ ..കാക്കയെങ്ങാനും കൊത്തിപോയാലോ !
അതാണ്‌ പേടി !   തന്‍റെ സൌന്ദര്യവും ലില്ലിക്കുട്ടി യുടെ താരുണ്യവും തമ്മില്‍ മാച്ചു ചെയ്തു നോക്കി അവളെങ്ങാനും അയല്‍വക്കത്തെ തൊലി വെളുപ്പന്മാരുടെ പഞ്ചാര പുഞ്ചിരിയില്‍ മയങ്ങി പോയാലോ !! കര്‍ത്താവേ ..ചിന്തിക്കാന്‍ കൂടി വയ്യ ..അതോര്‍ത്തപ്പോള്‍ കരയില്‍ പിടിച്ചിട്ട ചൂടന്‍ ചെമ്മീനെ പോലെ പൊറിഞ്ചു ഞെളിപിരി കൊണ്ടു..എവിടെ തിരിഞ്ഞാലും തന്റെ ഭാര്യയുടെ സൌന്ദ്യ ര്യാരാധകര്‍ മാത്രമേ ഉള്ളു ..
ലില്ലിക്കുട്ടി യെ ഇടം വലം തിരിയാന്‍  ഇടം കൊടുക്കാതെ പൊറിഞ്ചു അങ്ങനെ പരിപാലിച്ചു പോന്നു
ഇതിനിടയില്‍ ചെമ്മീന്‍ ബിസിനസ് കോട്ടം തട്ടാതെമുന്നോട്ടു പോവുന്നുമുണ്ട് ..
ഒരു ദിവസം രാത്രി പൊറിഞ്ചുവും അപ്പനും കൂടി കച്ചവടത്തിന് പോയി ചെമ്മീനുമെല്ലാം വാങ്ങി തിരിച്ചു പോരുകയാണ് .നേരം ഏതാണ്ട് പുലര്‍ച്ചെ 2  മണി ആയിക്കാണും  .ഉറക്കച്ചടവ് മാറ്റാന്‍
പതിവുള്ള കട്ടന്‍ ചായ കുടിക്കാനായി വള്ളം കായലോരത്തെ നൈറ്റ്‌ കടയ്ക്കു സമീപം അടുപ്പിച്ചു ..
ചായ ഓര്‍ഡര്‍ ചെയ്തു ..കട നിറയെ വള്ളക്കാരും മീന്‍ പിടുത്തക്കാരും ഉണ്ട് ..നല്ല തിരക്ക് ..രാവെന്നോ പകലെന്നോ നോക്കാതെ രണ്ടു മൂന്നു കുറ്റി പുട്ടൊക്കെ കടലയോ ,പരിപ്പോ കൂട്ടി പുഷ്പം പോലെ അകത്താക്കുന്നു ചിലര്‍ ..കണ്ടാല്‍ തീറ്റ മത്സരം സ്റ്റാര്‍ട്ട്  ചെയ്തു നിര്‍ത്തിയിരിക്കുകയാണെന്ന് തോന്നും    ....അറിയുന്നവരും ആദ്യമായി കാണുന്നവരും ഉണ്ട്.  അതിനിടയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന  ഒരു മധ്യ വയസ്കന്‍ പൊറിഞ്ചു വിനോട് പരിചയം കാണിച്ചു അടുത്തു കൂടി ..
"നിങ്ങ  എവ്ടുന്നാ ?"
"ഞ്ഞങ്ങ......         അരൂക്കാരാ ...നിങ്ങേ...? പൊറിഞ്ചു നീട്ടി നീട്ടി പറഞ്ഞു..
"ആഹാ ..അരൂക്കാരാണാ...അത് കൊള്ളാ  ല്ലാ .!!!!.."അയാളുടെ മുഖം പുന്നെല്ലു കണ്ട എലിയെ പോലെ തിളങ്ങി ...
"ഞങ്ങ ..കണ്ണമാലിക്കാരാണേയ്....എടോ .ഞാ..നേ  ..ഒരരൂക്കാരനെ കാണാനിരിക്കേര്‍.. .ന്നേ..." തേടി നടന്ന കൊമ്പന്‍ സ്രാവ് വലയില്‍ തനിയെ വന്നു കയറിയത് പോലെ അയാള്‍ ഉഷാറായി ..
അതെന്തിനാ ...പൊറിഞ്ചു വിന്റെ ആകാംഷ കൂടി ...
"എടൊ ..അതേയ് ...ഒരു  വെവരം അറിയാനാ ....
ഞങ്ങട കണ്ണ മാലീന്നു  ഒരാ...റ്റന്‍ ചരക്കിനെ  നിങ്ങട  ഈ അരൂക്കരയിലേക്ക്   കേട്ടിച്ചോണ്ട്
വന്നിട്ടോണ്ട...!..അയ്യോ......എന്ത്    കിണ്ണന്‍    സാധനമായിരുന്നെന്നു  അറിയാവാ ...നിങ്ങക്ക് .!!!..എന്റമ്മോ .....എടൊ  അവള്  പോയെ പ്പിന്നെ  ഞങ്ങട കടപ്പുറം ..ഒറങ്ങി പോയടോ...."
"ആ...ഹാ  ..അതാരാ... ണപ്പാ അങ്ങന ഒരു ചരക്ക്...?? " പൊറിഞ്ചു വിനു അത്ര പെട്ടന്ന് ആളാരാണെന്ന്   പിടികിട്ടിയില്ല
"ഓ..പളോ.... നിങ്ങക്കറിയാമ്മേ... ലേ...?  അയാള്‍ അതിശയിച്ചു ...
ഏതോ പുതിയ കേസുകെട്ടിന്റെ കാര്യമാണ് അയാള്‍ പറഞ്ഞു തുടങ്ങുന്നതെന്ന് കരുതി പാപ്പു മാപ്പിള ബാക്കി കേള്‍ക്കാന്‍
ഉഷാറായി..
 ഷക്കീല പടത്തിന്റെ ട്രെയിലര്‍ കാണുന്ന ആവേശത്തോടെ മറ്റു വള്ളക്കാരും അത് കേട്ട്‌ രസിച്ച്    ഉമിനീരിറക്കി  നില്‍ക്കുകയാണ്  ...
അയാള്‍ രഹസ്യം  പോലെ സംസാരത്തിന്റെ ഒച്ച  കുറച്ചു  പൊറിഞ്ചു വിനോട് പറഞ്ഞു  "എടോ ഞങ്ങട കണ്ണമാലീ ക്കാരന്‍ ഈശപ്പന്‍  മേസ്ത്രിയുടെ മകള്   ലില്ലിക്കുട്ടി ..." പിന്നെ എല്ലാവരോടു മായി :
" അവളല്ലേ ..പെണ്ണ് ...പെണ്ണെന്നു പറഞ്ഞാ ....എന്റമ്മോ ..ഞങ്ങട ,കണ്ണമാലീക്കടപ്പൊറം  മുഴുവന്  കുലുക്കിക്കളഞ്ഞ  മൊതലല്ലേ ..."
അവടെ തള്ളേം ഒരൊന്നാന്തരം ചരക്കായിരുന്നേ..നല്ല ചക ചകാന്നു ....ഹോ ,,ഓര്‍ക്കുമ്പോ തന്നെ ദേ ...രോമം എഴുന്നേറ്റു
നിക്കേണേ..."അയാള്‍ ഒറ്റ രോമം പോലും ഇല്ലാത്ത കൈ പൊറിഞ്ചു വിന്റെ നേരെ നീട്ടി തന്‍റെ രോമാഞ്ചത്തിന്റെ വരവറിയിച്ചു ..
പൊറിഞ്ചുവിന്റെ സകല കണ്‍ട്രോളും    കൈവിട്ടു പോയി ..
."ടപ്പേ ..എന്നോരൊച്ചയും  "ന്റമ്മോ " ന്നൊരു  നിലവിളിയും  ഉയര്‍ന്നു ...
എല്ലാം കണ്ടും കേട്ടും പാപ്പു മാപ്ല വാപൊളിച്ചു നില്‍ക്കുയാണ്
"അപ്പാ ...എന്നാ കോ ...പ്പിലെ  വിശേഷം കേട്ട്‌  നിക്കുകേ  ണ് ..നിങ്ങ ...?
"എന്ന് പറഞ്ഞു കൊണ്ടു ഇളക്കി തുള്ളി പൊറിഞ്ചു വള്ളത്തിലേക്ക്‌ ചാടിക്കയറി ..പുറകെ പാപ്പു മാപ്ലയും .."
അടികൊണ്ടു വീണ കണ്ണമാലിക്കാരന്‍  ഈ അടി ഏത് വകുപ്പില്‍ കൊള്ളിക്കണമെന്നറിയാതെ 
കവിളും തടവി ഇരുന്നു പോയി .!!
കഥ കേട്ട്‌ രസിച്ചു നിന്ന വള്ളക്കാരും !
വാല്‍ക്കഷണം:
പിറ്റേന്ന് മുതല്‍ പൊറിഞ്ചു ചെമമീന്‍ കച്ചവടം നിര്‍ത്തിയെന്ന് കേട്ടു‌ ....
വിവരം തിരക്കിയവരോട് അയാള്‍  പറഞ്ഞതെന്താണെന്നറിയാമോ ?
"ഓ ..ചെമ്മിക്കച്ചോടം കൊണ്ട് ലാബം ഒന്നും കിട്ടണില്ലെന്നേ...ഇനി വേറെ വല്ല കച്ചോ...ടോം   നോക്കണം "
-------------------------------------------------------------------------------------------
അല്ലല്ലാ ....ഇത്  കൊ..ള്ളാ...ല്ലാ...ഞങ്ങട പൊറിഞ്ചൂന്റ  കതേം    വായിച്ചിട്ട്  ചുമ്മാ  അങ്ങ്  പോകുവാണോ?എനിക്കും താടോ   കണ്ണമാലിക്കാരന് കിട്ടിയത് പോലെ "ടപ്പേ ..."ന്നൊരടി....ഓ പളോ...

39 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

jazmikkutty പറഞ്ഞു...

അയ്യോ...പാവം പൊറിഞ്ചു!!

Sijoy Raphael / ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

നല്ല രസമുള്ള അവതരണം...അടിപൊളി രമേശേ...ഇനിയും പോരട്ടെ അരൂര്‍ വിശേഷങ്ങള്‍...ഭാഗം രണ്ടിനായി കാത്തിരിക്കുന്നു...

haina പറഞ്ഞു...

പൊറിഞ്ചുവിന്റെ ഒന്നാം ഭാഗം വായിച്ചു രസായിരിക്കുന്നു. രണ്ടാം ഭാഗത്തിനായി കത്തിരിക്കുന്നു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊള്ളാം നല്ല അവതരണം. കൈതപ്പുഴ കായല്‍ കണ്ടതുപോലെ തോന്നി

mayflowers പറഞ്ഞു...

പൊറിഞ്ചു വിശേഷങ്ങള്‍ നല്ല രസ രസായിട്ട് പറഞ്ഞു..

രമേശ്‌അരൂര്‍ പറഞ്ഞു...

ആദ്യ വായന നടത്തി അഭിപ്രായങ്ങള്‍ അറിയിച്ച
ജാസ്മിക്കുട്ടി..ചാണ്ടിക്കുഞ്ഞേ...ഹൈനക്കുട്ടീ ,
കുസുമം ,മേയ് ഫ്ലവേര്‍സ് ..നന്ദി ..സ്നേഹം .:)
കൈതപ്പുഴയുമായി ചേര്‍ന്നൊഴുകുന്ന ഒരു പാട് ഓര്‍മകളില്‍ രസകരമായ ഒന്നാണ് പൊറിഞ്ചു കഥയ്ക്ക്‌ ആധാരം ...കൂടുതല്‍ വായനകള്‍ക്കു ശേഷം അടുത്ത ഭാഗം പറയാമെന്നു കരുതുന്നു .:)

ഒഴാക്കന്‍. പറഞ്ഞു...

ഹ ഹ ചിരിപ്പിച്ചു! എന്നിട്ടിപ്പോ എവിടാ ലില്ലികുട്ടി? ചുമ്മ ഒന്ന് കാണാനാ

രമേശ്‌അരൂര്‍ പറഞ്ഞു...

വേണ്ട !വേണ്ട ..ഒഴാക്ക്ന്റെ മനസിലിരുപ്പ് എന്താണെന്ന് എനിക്കു നന്നായി അറിയാം വെറുതെ പൊറിഞ്ചു വിന്റെ ഇടി വാങ്ങി ക്കൂട്ടല്ലേ ...അവരുടെ സ്നേഹ സാമ്രാജ്യത്തില്‍ ഒഴാക്കന്‍
കട്ടുറുമ്പാകണ്ട ..:) ഇപ്പോള്‍ ഒരു അറുപതു വയസ്സെങ്കിലും കാണും ലില്ലി ക്കുട്ടിക്ക്..എന്താ
ബോധിച്ചോ :)

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

പൊറിഞ്ചുവും ലില്ലികുട്ടിയും നല്ല നാടന്‍ കഥാപാത്രങ്ങള്‍...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പൊറിഞ്ചു ചേട്ടനെയും ലില്ലിക്കുട്ടിയേയും ഒക്കെ നേരില്‍ കണ്ടത് പോലെ....പ്രത്യേകിച്ചും ചിരപരിചിതമായ നാടും കൈതപ്പുഴക്കായാലും ഒക്കെ....

(അരൂരിന്റെ അയല്‍ഗ്രാമത്തില്‍ നിന്നും)

പട്ടേപ്പാടം റാംജി പറഞ്ഞു...

ഗ്രാമീണ സൌന്ദര്യം നിറഞ്ഞൊഴുകുന്ന വരികളിലൂടെ പൊറിഞ്ചുവിന്റെ ചെറുചലനം പോലും വായനക്കാരിലെക്കെത്തിക്കുന്നു. ലില്ലിക്കുട്ടി കൂടി വരുന്നതോടെ കൊഴുപ്പേകി.

ഇഷ്ടപ്പെട്ടു.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

രാമേശേട്ടാ, കൊള്ളാം കലക്കി. നല്ല രസായിട്ടുണ്ട്.
വായിച്ചു കഴിഞ്ഞു പിന്നീട് നോക്കിയപ്പോഴാണ് ഇത്രേം ഉണ്ടായിരുന്നോ എന്ന് ചിന്തിച്ചത്, അതായത് നല്ല ഒഴുക്കോടെ എഴുതി.
എല്ലാം പകല്‍ പോലെ വ്യക്തമാകുന്ന simplest ഭാഷ. ഹൃദ്യമായി. ആശംസകള്‍, അഭിനന്ദനങ്ങള്‍.

---------------------------------------
ഒരു suggestion : കുറച്ചൂടെ ഫോര്‍മാറ്റ്‌ ചെയ്യൂ. എഴുതിയ ഭാഗങ്ങള്‍ " justified " ചെയ്‌താല്‍ നന്നായിരിക്കും.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഫാഗം 2 നായി കാത്തിരിക്കുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

സിദ്ധിക്ക് ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..കുഞ്ഞൂസേ അയല്‍പക്കക്കാരീ ...പനങ്ങടോ ,ചന്തിരൂരോ? കുമ്പളമോ ..കുമ്പളങ്ങിയോ ?
ചമ്മനാടോ ..എരമല്ലൂരോ ?
കുത്തിയതോടോ എഴുപുന്നയോ?
പറയു ..പറയു ..കുഞ്ഞുസേ ..
ഇല്ലേല്‍ പിന്നെ കണ്ടോളാം ...:)
രാംജീ മുടങ്ങാതെ വരുന്നതില്‍ സന്തോഷം ..
സന്തോഷക്കാരായ ചുള്ളന്മാരെ
(ഹാപ്പി ബാച്ചിലേര്‍സ് ) നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിച്ചു
കേട്ടോ ..ടെക് നിക്കുകള്‍ അത്ര വശമായിട്ടില്ല ...

ഇസ്മായില്‍ കുറുമ്പടി പറഞ്ഞു...

രസകരമായ അവതരണം..
പൊറിഞ്ചുവും ലില്ലികുട്ടിയും നീണാള്‍ വാഴട്ടെ!

jayanEvoor പറഞ്ഞു...

ഓ.. പളോ!
ഗലക്കി!
നിങ്ങ നല്ല രസായിട്ടെഴുതീട്ട്‌ണ്ടല്ലോ...
ഇനിയും പോരട്ടെ!

jayarajmurukkumpuzha പറഞ്ഞു...

mikacha avatharanam... aashamsakal......

അലി പറഞ്ഞു...

ചെമ്മീൻ കച്ചവടം നിറുത്തിയ പൊറിഞ്ചു പിന്നെന്തുബിസിനസാ തുടങ്ങിയത്? പൊറിഞ്ചുപുരാണം കലക്കി.
ആശംസകൾ!

Akbar പറഞ്ഞു...

വായിച്ചു തീരാന്‍ അല്പം സമയമെടുത്തു. പക്ഷെ മുഷിപ്പിച്ചില്ല. അടുത്ത ഭാഗം വായിക്കാന്‍ വരാം കേട്ടോ.

Vayady പറഞ്ഞു...

നല്ല രസകരമായ പോസ്റ്റ്. ടൗണില്‍ ജനിച്ചു വളര്‍‌ന്ന എന്നെ ഗ്രാമം എപ്പോഴും കൊതിപ്പിക്കും. അതുകൊണ്ടു തന്നെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ കഥയിഷ്ടമായി. ഒരു സിനിമ കണ്ടതു പോലെ തോന്നി.

ente lokam പറഞ്ഞു...

ആശംസകള്‍....നല്ല രസമുള്ള അവതരണം..
കടപ്പുരത്തിനു പറ്റിയ ഭാഷ കൂടി
ആയപ്പോള്‍ വായന ആസ്വാദ്യം ആയി..

രമേശ്‌അരൂര്‍ പറഞ്ഞു...

ഇസ്മൈലെ...നിങ്ങ ഞങ്ങക്ക് ജയ് വിളിച്ചിട്ട്
എന്ത് കാര്യം ? ഞങ്ങ എലക്ഷനോന്നും നിക്ക ണില്ലല്ലാ..ഒണ്ടാ?..

ജയന്‍ ടാക്കിട്ടരെ നിങ്ങ...നല്ല ആള് കൊള്ളാല്ലാ ..
എടൊ ഞാങ്ങക്കിവ്ട സൊകമടോ..ബീടിക്കു ബീഡി ..ചായക്ക്‌ ചായ ..ഷാപ്പീ പോയാ കള്ള്..പിന്നെന്തു വേണം ..?പളോ..

ഏയ്‌ മുരിക്കുമ്പുഴക്കാരാ ..അവട എവടെ ണ് നിങ്ങ താമസിക്കണ? കടപ്പൊറത്താ ണാ.. ?

അലിക്കാ ഞങ്ങട പുതിയ വെസനസിനേക്ക പ്പറ്റി നിങ്ങ എന്തിനാ കുത്തി കുത്തി ച്യാതിക്ക ണാ ?? സീക്രട്ട് പിടിക്കാനാണാ ??പൂതി മനസീ ഇരിക്കെ ഒള്ളു കേട്ടാ..

അക് ബറിക്കാ ..അങ്ങന ഇരിക്കുമ്പ നിങ്ങ ഒന്ന് വന്നു നോക്കണം കേട്ടാ ...ഞങ്ങ ഇവിടേക്ക തന്ന ഒണ്ടാകും...

ഓ പളോ ...എന്താ വായാടി തത്തമ്മേ ..ആണുങ്ങളായിജീവിക്കണോങ്കി ഞങ്ങട അരൂക്കര പോലേള്ള ഗ്രാമത്തീ ജീവിക്കണം... ..അയ്യോ നിങ്ങ ആണല്ല ല്ലാ പറഞ്ഞപോല ..ക്ഷമിച്ചെര് കേട്ട അങ്ങാട്ട് ..ഞാനൊരു പോഴത്തം പറഞ്ഞതാണേ... ഈ പട്ടണ ക്കാര്‍ക്ക് ഒരു വിചാരം ഒണ്ടു ..അവരാണ് എല്ലാം തെകഞ്ഞവരെന്നു...?എന്നാ ആണാ..? എടൊ അവട നല്ല വായു കിട്ടുവാ ? നല്ല കുടി വെള്ളം കിട്ടുവാ ? നല്ല മനസുള്ള ആളുകള കാണാം പറ്റുവാ ? നിങ്ങ പറ ..അല്ല പിന്നെ ..പഷേ ഈ വായാടി അത്തരക്കാരി യാണെന്ന് ഞാമ്പറ കേല ..സത്യ വിരോധം പറയാമ്പാടുവാ ??

@ente lokamഇതെന്താണപ്പാ നിങ്ങക്ക് മാത്രമായി ഒരു ലോകം ? നിങ്ങ ആരാ മനുഷേനല്ലേ..ദേ..കന്നം തിരിവൊക്കെ കളഞ്ഞേച്ചു നുമ്മ മനുഷേരെ പോലേ നല്ല അന്തസ്സായി ജീവിക്കണം ..പൊറിഞ്ചു സ്കൂളിലും കോളേജിലും ഒന്നും പോയിട്ടില്ല ..പക്ഷെ ..ആണുങ്ങള പോല ജീവിക്കാന്‍ അറിയാം ...അല്ല പിന്നേ... ..

ചെറുവാടി പറഞ്ഞു...

പൊറിഞ്ചുവും വിശേഷങ്ങളും ആസ്വദിച്ചു.
നല്ല അവതരണം.
ആശംസകള്‍

പൊറാടത്ത് പറഞ്ഞു...

ഇവിടെ ആദ്യമാ...

രസകരം മാഷേ... അഭിനന്ദന്‍സ്..

ദേ പിന്നെ, ഇപ്പോ ആ അരൂര്‌ ഭാഷേലിള്ള കമന്റും കൂടെ ആയപ്പോ.....,ഗംഭീരം.

Vayady പറഞ്ഞു...

ഈ "പൊറിഞ്ചുന്റെ" മറുപടി കമന്റ് വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് "അമരം" സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗാണ്‌. കൊള്ളാം, മിമിക്രി രംഗത്ത് നല്ല ഭാവിയുണ്ട്. :)

രമേശ്‌അരൂര്‍ പറഞ്ഞു...

ചെറുവാടീന്നു വന്ന ആ മാഷിന്റ വര്‍ത്താനം പൊറിഞ്ചു നല്ലോണം തന്നെ സീകരിക്കേണ് കെട്ടാ...എന്ന അതികം പൊക്കല്ലേ..ഞാ മ്പൊങ്ങി അങ്ങാട്ട് മേലാട്ടു പോയി പോകും .

'പൊറാടത്താ ??' അതെന്താണപ്പാ..അങ്ങന ഒരു സാധനം ?? ഞാ..മ്മുമ്പ് കേട്ടിട്ടില്ലേ ..അതുകൊണ്ടാ .. പിന്ന ഒരു വാക്ക് പറഞ്ഞല്ലാ ..അഭിനന്ദനസാ..???അതെന്തനസാ..നിങ്ങ.. ആരാണപ്പാ ..തുക്കിടി സായിപ്പാ ??വെസനസെന്നു കേട്ടിട്ടോണ്ട് ..നുമ്മക്ക് പടിപ്പും വെവരോം ഒന്നും ഇല്ലങ്കിലും ഒരുമാതിരി പാഷേക്ക പറഞ്ഞു കേട്ടിട്ടോണ്ടേ ..ആഹ് അത് പോട്ടടോ ..താന്‍ ഇനീം വന്നം കെട്ടാ ഇവട ..

ദേ..ഞാമ്പറഞ്ഞ പോഴത്തം കേട്ടിട്ട് വായാടിത്തത്തമ്മ എന്നതാ പറെണ? പൊറിഞ്ചു മിമിക്രിക്ക് പോണമെന്നാ ..ഉം പിന്നേ...എന്റ പട്ടി പോകും,,ആ കോപ്രായം കാണിക്കാന്‍ ..എന്ന ഇക്കണ്ട കരക്കാരക്കൊണ്ട് തല്ലുകൊള്ളിപ്പിച്ചേക്കാമെന്ന് തത്തമ്മ വല്ലോടത്തും നേര്‍ച്ചയാ മറ്റേ നേര്‍ന്നിട്ടോണ്ടാ ??അല്ല അറിയമ്മേലാഞ്ഞിട്ടു ചോദിച്ചതാ ണേ...ഈ അരൂക്കരെ വല്ല റേഷന്‍ പച്ചരിക്കഞ്ഞീം കുടിച്ചോണ്ട് നുമ്മ ഇവിടെങ്ങാനും കഴിഞ്ഞോ..ളാ വേ.. എനിക്ക് പുത്തി പറഞ്ഞു തന്നു കൊഴപ്പിക്കല്ലേ ..:)

ആളവന്‍താന്‍ പറഞ്ഞു...

രസകരമായ അവതരണം. ആദ്യ ഭാഗങ്ങള്‍ അല്‍പ്പം ഇഴഞ്ഞപോലെ തോന്നി എങ്കിലും പിന്നീട് വന്ന ചില അലങ്കാരങ്ങള്‍ പോസ്റ്റിനു ജീവനേകി. ചില പ്രയോഗങ്ങള്‍ ശരിക്കും അങ്ങട് പോതിച്ചേക്കണ്. ആശംസകള്‍.!

അജ്ഞാതന്‍ പറഞ്ഞു...

നന്നായി പറഞ്ഞിരിക്കുന്നു .. പാവം പൊറിഞ്ചു.. എന്തൊക്കെ കേൾക്കണം കുറെ ഉപകൾ ചിരിക്കു വക നൽകുന്നു... ആകെ മൊത്തം ഈ കഥപറിച്ചിൽ നന്നായി ഭാവുകങ്ങൾ...

Sabu M H പറഞ്ഞു...

പൊറിഞ്ചു ഒരു നല്ല കഥാപാത്രമാണല്ലോ!

രമേശ്‌അരൂര്‍ പറഞ്ഞു...

ആളവന്താനെ .മുമ്പിലെ തന്ന .ഞാമ്പറഞ്ഞില്ലേ വര്‍ത്താനിക്കുമ്പ എനിക്ക് സോല്പം നീട്ടി കൊഴക്കലോന്ടന്നു! ഓ പളോ.. ..അപ്പ എന്റ കത വായിക്കുംപളും
നിങ്ങ ..സോല്പം എഴയും...ഞാഞ്ചെല രാത്രി സമയത്തൊക്ക എഴഞ്ഞും നെരങ്ങീം ആണ് കെട്ടാ വീട്ടീ പോണത് ..അതെങ്ങനാ..അപ്പന ക്കണ്ടല്ലേ മക്ക.. പടിക്കണതു !

ദേ..ഉമ്മു അമ്മാര്‍ താത്താ നിങ്ങ എന്നാക്കേണ് ഈ പറെണതു ? ഈ പൊറിഞ്ചു അത്ര പാവത്താനൊന്നും അല്ല കെട്ടാ ...
ചെലപ്പ ചെല നേരത്ത് ലില്ലി ഓരോന്ന് പറേണ കേക്കുമ്പ എനിക്കും ചൊറിഞ്ഞു കേറുവേ..പിന്ന ഒരു പ്രപഞ്ചവായിരിക്കും അവട .. ചവിട്ടി കൂട്ടി മടക്കി ഒരു മൂലക്കിടും ഞാന്‍... അവള്‍.. എന്ന..
(അയ്യോ ദേ ലില്ലി ..പേടിപ്പിക്കല്ലേ......... )

പൊറിഞ്ചു.. ന പോതിച്ചതിനു
ആളവന്താനും ..സാബു വിനും
എന്റ വക ഒരു കൊട്ട ഒണക്ക
കൊഴുവ പ്രീ ...വന്നു വേഗം കൊണ്ട് പോയില്ലേ ..ചീഞ്ഞു നാറും കെട്ടാ ...(അത് പണ്ടേ ചീഞ്ഞതാ ..മുണ്ടണ്ട..)

DIV▲RΣTT▲Ñ പറഞ്ഞു...

ഇതൊരു പണ്ടാറം പിടിച്ച എഴുത്ത് ആണല്ലോ ന്റെ ഇഷ്ടാ.. ദിവാരേട്ടന് ഇഷ്ടായി ട്ടാ. All the best.

Rare Rose പറഞ്ഞു...

നിങ്ങ നന്നായി എഴുതണണ്ട് കേട്ടാ.:)

ജുവൈരിയ സലാം പറഞ്ഞു...

കുറച്ച് സമയം പൊറിഞ്ചുവിന്റെ കൂടെയായിരുന്നു
ഇനി അടുത്തതിനായി കത്തിരിക്കുന്നു

sm sadique പറഞ്ഞു...

പൊറിഞ്ചുവിന്റെ നാവ് , കൊള്ളാം നാട്ടു വർത്തമാനവും കൊള്ളാം
നല്ല രസമുള്ള രചന.

രമേശ്‌അരൂര്‍ പറഞ്ഞു...

ദിവാരേട്ട ..പൊറിഞ്ചു ഇന്നിത്തിരി ഫിറ്റാ...പൊറിഞ്ചു കുഴിക്കും ..ച്ചിരി കൂടുതല് കുഴിക്കും ..എന്ന ഒരു പാപ്പു മാപ്ലേം ഒന്നും ചെയ്കേല...പിന്ന ഒത്തിരി സന്തോഷോണ്ട്..ന്റ ദിവാരേട്ടന്‍ പൊറിഞ്ചു നു ഒന്നും തന്നില്ലേലും ഇവ്ടം വരെ വന്നല്ലോ ..അത് മതി ..അത് മതീ ...
പിന്ന എന്നതാ റ..റ..റോസാ ..എന്തൂന്നു..റെ..റെ ..ശേ ..ആഹ് ..ആ റോസാപ്പു അതും വന്നല്ലോ ..ഒത്തിരി ..ഒത്തിരി തന്തോഴം ..

അശോ !!!..ജുവൈരിയാത്താത്തയാ ..?? കണ്ടു ഞങ്ങ കണ്ടു നിങ്ങ വന്നത് .....പൊറിഞ്ചു ഇനീം വരും.. വരുത്തും...

സാദിക്ക് ഭായീ .. നിങ്ങ ആദ്യമാ അല്ലെ ഇവട ..ഇനീം വാ പൊറിഞ്ചു നല്ല കരിമീന്‍ പൊള്ളിച്ചതും കപ്പേം ഇപ്പ ചെത്തി ഇറക്കിയ നല്ല നാടന്‍ കള്ളും തരാം ..ന്തേയ്???

sreee പറഞ്ഞു...

നല്ല കഥ .കഥയല്ല ജീവിതം ആണ് അല്ലെ

lekshmi. lachu പറഞ്ഞു...

രസകരമായ പോസ്റ്റ് ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഈ തട്ടുകടേൽ ഉഗ്രൻ ടേസ്റ്റുള്ള വിഭങ്ങളാണല്ലോ ഒരുക്കിയിരിക്കുന്നത്....... എനിക്കും ഒരു പറ്റ്പടി തരാൻ പൊറിഞ്ചൂനോട് പറയണം കേട്ടൊ രമേശ് ഭായ്

V P Gangadharan, Sydney പറഞ്ഞു...

An absolute stunner! I salute the author for his mastery in story telling! The characterisation is superb. Rather belated visit of mine is merely accidental. I couldn't be reticent. The rustic style (using colloquiums,)that Ramesh employed to narrate Porinju's illustrious ethos, prompted me to jot down these words.

Felicitations to Ramesh!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍