2010, നവംബർ 27, ശനിയാഴ്‌ച

'കുരു ദക്ഷിണ'


രൂര്‍ ഗവ:യു .പി .സ്കൂളില്‍ ആയിരുന്നു .എന്‍റെ പ്രാഥമിക വിദ്യാഭ്യാസം.തുറവൂര്‍ ഉപജില്ലയിലെ മാതൃകാ സ്കൂള്‍ ആയിരുന്നു അക്കാലത്ത് ഞങ്ങളുടെ സ്കൂള്‍.മോഡല്‍ എന്ന് പറഞ്ഞാല്‍ മോഡല്‍ അത്ര തന്നെ ! എങ്ങനെ ആകാതിരിക്കും ഞാനൊക്കെയല്ലേ അവിടുത്തെ പഠിപ്പിസ്റ്റുകള്‍.

ഏഴ് ബി യില്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്,എ മുതല്‍ ഡി വരെ നാല് ഡിവിഷനുകള്‍ ഉണ്ടെങ്കിലും സി ക്ലാസ്സുകാരായിരുന്നു ഞങ്ങള്‍ ബി ക്കാരുടെ പ്രധാന ശത്രുക്കള്‍ .ഞങ്ങള്‍ ഇന്ത്യ ആണെങ്കില്‍ അവര്‍ പാക്കിസ്ഥാന്‍ ആയിരുന്നു. അവര്‍ കോങ്ക്രസ്സ് ആയിരുന്നെങ്കില്‍ ഞങ്ങള്‍ കമ്യുണിസ്റ്റ് !, ഞങ്ങള്‍ പാണ്ഡവര്‍ ,അവര്‍ കൌരവര്‍ ...ഞങ്ങള്‍ ദേവന്മാര്‍ അവര്‍ അസുര ന്മാര്‍ ..ഇങ്ങനെയായിരുന്നു അന്നത്തെ ഒരു ലൈന്‍.ഏഴു സിയിലെ സുനിത.പി.നായര്‍ എന്ന ഒരു മാലാഖക്കുട്ടിയെ  മാത്രം ഞാന്‍ വെറുതെ വിടുന്നു.അല്ലെങ്കിലും എല്ലാ വില്ലന്മാരുടെ കൂട്ടത്തിലും എതിര്‍പക്ഷത്തെ സ്നേഹിക്കുന്ന ഒരു പാവം പാവം രാജകുമാരി ഉണ്ടാകുമല്ലോ !
ആരും വെറുതെ വെള്ളമിറക്കണ്ട ;ഇതവളെ ഞാന്‍ പണ്ട് പഞ്ചാരയടിച്ച കഥയൊന്നുമല്ല !
അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ രണ്ട് അധ്യാപകര്‍ക്കുള്ള ഗുരു ദക്ഷിണയാണ് ഈ പോസ്റ്റ് .രണ്ട് പേരും ജീവനോടെ ഉള്ളതിനാലും അവരുടെ തണ്ടും തടിയും ഉള്ള ആണ്‍ മക്കള്‍ എന്നെ മാര്‍ക്ക് ചെയ്യും എന്നതിനാലും തല്ക്കാലം പേരുകള്‍ മാറ്റിപ്പറയുന്നു..
  ഒരാള്‍ പോടക്കണ്ണന്‍ എന്ന് വിളിപ്പേരില്‍ ആദരിക്കപ്പെടുന്ന ശുഭാകരന്‍ സാര്‍. ഞങ്ങളുടെ ശത്രുക്കളായ ഏഴു സിക്കാരുടെ പട നായകന്‍ ! സാമാന്യം നന്നായി കോങ്കണ്ണ് ഉള്ള    അദ്ദേഹത്തിനു ഏതു വിഷയത്തിലാണ് മികവു എന്ന് ചോദിച്ചേക്കരുത്.
സകല കലാവല്ലഭന്‍ എന്ന് മാത്രമാണ് അതിനു മറുപടി .നമമുടെ ബ്ലോഗര്‍ കലാവല്ലഭന്‍ അല്ല കേട്ടോ .
 രണ്ടാമത്തെ ഗുരുവരന്‍ ശ്രീ ഡേവിഡ്  സാര്‍ ,കണക്കും ഫിസിക്സും ആണ് അങ്ങേര്‍ക്കു പഥ്യം.ഞങ്ങള്‍ ഏഴു ബിക്കാരുടെ  ജീവാത്മാവും പരമാത്മാവും   ആയി ശോഭിക്കുന്ന മഹാനുഭാവന്‍ .ഞങ്ങള്‍ട ക്ലാസ് ടീച്ചര്‍ .
രണ്ട് പേരും ഞങ്ങളുടെ സ്വന്തം  നാട്ടുകാര്‍.ജോലികിട്ടിയപ്പോള്‍ മുതല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഒരേ സ്കൂളില്‍ തന്നെ പഠിപ്പിച്ചു പഠിപ്പിച്ചു (പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നും പറയാം )രണ്ട് പേരും അരൂര്‍ക്കരയിലെ കുട്ടികളെ ഒരു വഴിക്കാക്കി.

രണ്ട് പേരും ദുര്‍വാസാവ് മഹര്‍ഷിയെ പോലെ  ക്ഷിപ്ര കോപികളും ക്ഷിപ്ര പ്രസാദികളും ആണ്. പ്രായത്തില്‍ മുതിര്‍ന്ന
ശുഭാകരന്‍ സാറിനാണ് ഇച്ചിരി കോപം കൂടുതല്‍  .സാറിനു പുന്നാരം വന്നാല്‍ ഞങ്ങള്‍ കുട്ടികളെ "അസത്തെ, മൂശേട്ടെ ,
അധിക പ്രസംഗി" എന്നൊക്കെ വിളിച്ചു ആദരിച്ച് കളയും. ബാലപീഡന നിയമത്തെപ്പറ്റി അക്കാലത്ത് കുട്ടികള്‍ക്ക് വല്ല വിവരവും ഉണ്ടായിരുന്നെങ്കില്‍ ശുഭാകരന്‍ സാറൊക്കെ അന്നേ അകത്താകുമായിരുന്നു !
ഡേവിഡ്  സാറും ചില്ലറക്കാരനോന്നും അല്ല .ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു രസത്തിന് പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ക്ക്‌ അല്പം കൂടുതല്‍ പരിക്ക് പറ്റുമല്ലോ ! അവന്റെ തിരുവാ...
കീറിപ്പൊളിഞ്ഞു   കരച്ചിലിന്റെ രൂപത്തില്‍ ആയാല്‍  ഉടന്‍ വരികയായി ഡേവിഡ്  സാറിന്റെ ശകാരം
"ഹോ ഹോ ..നീ അവന കൊന്നാ ..ഈ പണ്ടാരങ്ങളൊക്കെ ഇങ്ങാട്ട് വരുവല്ലാ മനുഷേന കഷ്ടപ്പെടുത്താന്‍ !!"
പിന്നെ വാദിക്കും പ്രതിക്കും  സാറിന്റ വക ഗരുഡന്‍ തൂക്കം ,മുട്ടേല്‍ നിരങ്ങല്‍ തുടങ്ങിയ ശിക്ഷകള്‍ ആസ്വദിക്കാം :
അനുഭവിച്ചു പണ്ടാരടങ്ങാം !
 ചോക്ക് പൊടി പുരണ്ട ആ മന്തന്‍ കൈകള്‍ കൊണ്ടു തലക്കിട്ടു രണ്ട് കിഴുക്കലും കൂടി കിട്ടിയാല്‍
അന്നത്തെ കാര്യം കുശാല്‍ ആയി !

എപ്പോളും അരയില്‍ എന്തോ തപ്പിനോക്കുന്ന  ഒരു സ്വഭാവമുണ്ടായിരുന്നു ഡേവിഡ്  സാറിനു. മുണ്ട് അഴിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കുന്നത് പോലെ !
"ഈ പണ്ടാറക്കാലന്‍ സാറിന്റെ തുണി ഉരിഞ്ഞു വീണു മാനം പോകണേ ന്റീശ്വരാ" എന്ന് എത്ര തവണ ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട് എന്നറിയാമോ !    അരയിലെ താക്കോല്‍ കൂട്ടം അവിടെത്തന്നെ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുന്നതാണെന്നും ഇതേക്കുറിച്ച് ഒരു  കിംവദന്തി ഉണ്ട് .

 ഏഴു ബിക്കാരും സിക്കാരും തമ്മില്‍ ശത്രുത ഉള്ളത് പോലെ ഈ അധ്യാപകര്‍ തമ്മിലും കടുത്ത ശത്രുത ഉണ്ടായിരുന്നു വെന്നാണ് അക്കാലത്ത് ഞങ്ങള്‍ വിശ്വസിച്ചു പോന്നിരുന്നത്. ഒരിക്കല്‍ ഏഴു സിക്കാരെ ഹൈഡ്രജന്‍ ഉണ്ടാക്കുന്ന പരീക്ഷണം കാണിക്കുന്നതിനിടയില്‍ ശുഭാകരന്‍ സാറിന്റെ കൈയില്‍ ആസിഡ് വീണു. ഈ വാര്‍ത്ത കേട്ടു‌ ഡേവിഡ്  സാര്‍ പറഞ്ഞത് ഓര്‍മവരുന്നു :

"ഹോ! ഹോ !അറിയാം മേലാത്ത  കാര്യം ചെയ്യരുതെന്ന് ആ കെളവനോടു ഞാന്‍ നൂറു കുറി  പറഞ്ഞിട്ടുണ്ട് ..
പണ്ടാരം അടങ്ങാന്‍ ...എന്നാലും കേക്കേല .പഠിപ്പിക്കാനോ  അറിയാം മേല.. ന്നാ.. .വെറുതെ മനുഷേന മെനക്കെടുത്താതിരുന്നൂടെ ...."

തന്‍റെ മേഖലയായ  സയന്‍സില്‍  ചുക്കും ചുണ്ണാമ്പും അറിയാത്ത ശുഭാകരന്‍ സാര്‍ കൈകടത്തിയത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു അത് .
 ഒരിക്കല്‍ കുട്ടികളുടെ റബര്‍ ബാന്‍ഡുകള്‍ പതിവായി മോഷ്ടിചെടുക്കുന്ന ഒരു "ഭയങ്കരനെ" ശുഭാകരന്‍ സാറ് കയ്യോടെ പൊക്കി!
 ആ കള്ളന്‍  ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ചുമട്ടു തൊഴിലാളി യൂനിയന്ടെ നേതാവാണ്‌, ഇപ്പോളും പണി പഴയത് തന്നെ !തല്ക്കാലം ആ  പേരും  ഒളിച്ചു വയ്ക്കുന്നു ,വെറുതെ ധര്‍മ്മത്തല്ല്
മേടിച്ചു കൂട്ടുന്നത്‌ എന്തിനാ !!, കട്ടെടുത്ത റബര്‍ ബാന്‍ഡുകള്‍ ഓരോന്നായി ആ ഭീകരന്റെ  ചെവികളിലും ,കൈകളിലും ഒക്കെ ഇടുവിച്ചു ക്ലാസ്സുകള്‍ തോറും അര്‍മാദിച്ചു കൊണ്ടു നടന്നു അദ്ദേഹം .
ഓരോ ക്ലാസ്സില്‍ എത്തുമ്പോളും
" ദേ ഈ ജന്തുവാണ് നിങ്ങളുടെ റബര്‍ കട്ടെടുത്ത കായം കുളം കൊച്ചുണ്ണി ..ഇവന്‍ കള്ളനാണ് ...ഇവനെ നോക്കി എല്ലാവരും കൊഞ്ഞനം കുത്തടാ "   എന്ന് പറയും .
അതുകേട്ടു ഉത്സാഹത്തോടെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ആ പെരുംകള്ളനെ നോക്കി കൊഞ്ഞനം കുത്തും ..അവനെ കൊഞ്ഞനം കാട്ടുന്നു എന്ന വ്യാജേന ചില വിരുതന്മാര്‍ ശുഭാകരന്‍ സാറിന്റെ നേരെയും കൊഞ്ഞനം കുത്തി  ആത്മ സംതൃപ്തി അടയും .

അധ്യാപകര്‍ വരാത്ത ക്ലാസുകളില്‍ നുഴഞ്ഞു കയറി മിന്നല്‍ ആക്രമണം നടത്തി കുട്ടികളോട് പാഠപുസ്തകങ്ങളിലെ
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു പീഡിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു  പരിപാടി. ക്ലാസില്‍ വര്‍ത്തമാനം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട്, ഓഫീസ് റൂമിലേക്ക്‌ പോവുകയും അവിടെ ചെല്ലാതെ വാതിലിനു മറയില്‍ ഒളിഞ്ഞു നിന്നു വര്‍ത്തമാനം  പറയുന്നവരെ കണ്ടു പിടിച്ചു ചെവിയില്‍ പിച്ചിത്തൂക്കുക, തുടയില്‍ നുള്ളിതിരുമ്മി  തൊലി പൊട്ടിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും   ക്രൂര വിനോദങ്ങളും     നടപ്പാക്കി അദ്ദേഹം . സാര്‍ ക്ലാസ്സില്‍ വന്നാല്‍ ആകപ്പാടെ ഒരു കണ്ഫ്യുഷനാണ് ഞങ്ങള്‍ക്ക്
കോങ്കണ്ണ് അദ്ദേഹത്തിനാനെങ്കിലും അതുമൂലമുള്ള മാനഹാനിയും ശാരീരിക പീഡനങ്ങളും ഞങ്ങള്‍ പാവം കുട്ടികളാണ്
അനുഭവിച്ചു പോന്നത് .

ആദ്യം ഞാന്‍ ,രണ്ടാമത് ദിലീപ് മൂന്നാമത് പ്രദീപ്‌ ,നാലാമന്‍ സ്കന്ദന്‍ .അഞ്ചാമന്‍ വിനോദ് എന്നിങ്ങനെയാണ് മുന്‍ നിര ബെഞ്ചിലെ ഹാജര്‍ .ഏതെങ്കിലും ഒരു പരട്ട ചോദ്യം ചോദിച്ചിട്ട് മുന്‍ ബെഞ്ചിലേക്ക് നോക്കി അദ്ദേഹം  "നീ..."എന്ന് പറയുമ്പോള്‍ ആ ബെഞ്ചിലെ എല്ലാവരും കൂടി സ്വിച്ചിട്ട പോലെ എഴുനേറ്റു നിന്നു ഉത്തരം    തപ്പിപ്പിടിക്കേണ്ട    ഗതികേടിലാകും.
      കാരണം, ആരോടാണ് അദ്ദേഹം ചോദ്യം ചോദിച്ചതെന്ന് കണ്ടു പിടിക്കാന്‍ ഒരു നിവൃത്തിയും ഇല്ല.!
ഒരിക്കല്‍ സ്കൂളിനടുത്തെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ വെടി പൊട്ടുന്നത് കേട്ട ‌ ഉടനെ  എന്നോടാണെന്നു തോന്നുന്നു "വെടിമരുന്നു കണ്ടു പിടിച്ചത് ആര്    ? "ആണെന്ന്  ശുഭാകരന്‍ സാര്‍ ചോദിച്ചു. എനിക്ക് വല്ലതും അറിയാമോ !ഞാനല്ലെന്നു മാത്രം അറിയാം !ചിലപ്പോള്‍ ഓട്ടോ റിക്ഷ സ്റ്റാന്റില്‍ ദിവസവും രാവിലെ തലയില്‍ നിറയെ മുല്ലപ്പൂവൊക്കെ  വച്ചു വന്നു നിറചിരിയോടെ  നില്‍ക്കാറുള്ള തങ്കമണി ചേച്ചി ആയിരിക്കുമോ ?ആയമ്മയെ ചിലര്‍ "വെടി തങ്കമണി" എന്നും ,"പറവെടി"  എന്നും  അടക്കത്തില്‍ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് ..ഞാന്‍ ഉത്തരങ്ങള്‍ തപ്പുന്നതിനിടയില്‍
ബഞ്ചില്‍  രണ്ടാമതിരുന്ന ദിലീപിന് തോന്നി സാര്‍ അവനോടാണ് ചോദിച്ചതെന്ന് !അഥവാ  സാറിന്റെ നോട്ടം കിട്ടിയത് ദിലീപിനാണ് .അവന്‍ പിരിഞ്ഞു പിരിഞ്ഞു എഴുന്നേറ്റു നിന്നു പറഞ്ഞു :
"വാസു പ്പിള്ള   "
ഞങ്ങള്‍ട നാട്ടിലെ വെടിക്കെട്ടുകാരനാണ് വാസുപ്പിള്ള.  അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ
നന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട് .
ഉടനെ കോപിച്ചു മുഖം വക്രിച്ചു പിടിച്ചു സാര്‍ ..
:"ഫാ അസത്തെ നിന്നോട് ആരെങ്കിലും ചോദിച്ചോഡാ വകന്തേ ...!"
ഉടനെ മൂന്നാമതിരുന്ന പ്രദീപ്‌ എണീറ്റ്‌ പറഞ്ഞു:   "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ സാര്‍ "
"എടാ ജന്തു നീ അവിട ഇരിയടാ" വീണ്ടും ശുഭാകരന്‍ സാറിന്റെ അലര്‍ച്ച .
ടിം ..എല്ലാവരും കൂടി ഒന്നിച്ചു ഇരുന്നു !
കണ്ഫ്യുഷന്‍ ...കണ്ഫ്യുഷന്‍ ..ആരോടാണ് ഇരിക്കാന്‍ പറഞ്ഞതെന്ന് !! ഫലത്തില്‍ എല്ലാവര്ക്കും കിട്ടി നുള്ളും പിച്ചും തിരുമ്മും!  ഹൌ !!

 പെണ് കുട്ടികളോടാണ് സാറിനു പുന്നാരം കൂടുതല്‍. ഒരിക്കല്‍ ഇമ്പോസിഷന്‍ എഴുതാതെ വന്നതിനു
 ഞങ്ങളുടെ ക്ലാസിലെ പത്രാസുകാരി ശ്രീദേവിയേയും, അനിതയേയും ഒക്കെ ശുഭാകരന്‍ സാര്‍ നിര്‍ത്തി പൊരിക്കുന്നത് കണ്ടു ഞങ്ങള്‍ ഊറിച്ചിരിച്ചു
"ഓ...അവളുടെ മോന്തായം കണ്ടില്ലേ അസത്ത്!!" ആ സമയത്തെ സാറിന്റെ മുഖം കണ്ടാല്‍ പട്ടി പോലും പിന്നെ വെള്ളം കുടിക്കില്ല .അത്ര പുച്ഛ  രസമാണ്‌  ആ തിരുമുഖത്തു വിളയാടുന്നത്!
   വായാടിയുടെ നായ്കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. പേടികൊണ്ടാണേ...
ഞങ്ങളുടെ ഏഴു ബി ഡിവിഷന്‍റെ ഐശ്വര്യമായ ഡേവിഡ്  സാര്‍  ഇല്ലാതെ വരുമ്പോള്‍ ആ പിരിയഡുകള്‍ ശുഭാകരന്‍ സാറിന്റെ ഏഴ് സിയുമായി കൂട്ടിക്കലര്‍ത്തി  എടുക്കുന്ന പതിവും ഉണ്ടായിരുന്നു .പഠിപ്പിക്കല്‍ അല്ല പീഡിപ്പിക്കല്‍  ആയിരുന്നു അപ്പോള്‍ നടന്നു വരാറ്! ഇന്ത്യന്‍ പട്ടാളം പാകിസ്താന്‍ ക്യാമ്പില്‍ അകപ്പെട്ട അവസ്ഥ !
അതിഥികളായ ഞങ്ങള്‍ പാവപ്പെട്ട ഏഴു ബിക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പണിയായിരുന്നു അദ്ദേഹത്തിനു.
ഏഴു സി പണക്കാരുടെയും അഹങ്കാരികളുടെയും പുസ്തകപ്പെട്ടി  ഉള്ളവരുടെയും ക്ലാസ്സായിരുന്നു . അവര്‍ക്ക് എല്ലാം ഉണ്ടായിരുന്നെങ്കിലും കോങ്കണ്ണന്‍ സാറിന്റെ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് മാത്രം ഒരു മാനക്കേട്‌ പോലെ അവരുടെ ക്ലാസ്സിനു മുന്നില്‍ തൂങ്ങിക്കിടന്നു ! സത്യത്തില്‍ വകന്തകളും മൂശേട്ടകളും ഏഴു സി ക്കാരായിരുന്നു എന്ന് അവിടെ പാട്ടായിരുന്നു .
അവര്‍ക്ക് മേശവിരിപ്പ് പോലെയുള്ള ആഡംബരങ്ങളും ഉണ്ടായിരുന്നു..
ആ മിക്സഡ്‌ പിരീഡില്‍  ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ ആര്‍ക്കും   ഉത്തരം പറയാന്‍ പറ്റാത്ത   ഒരു ചോദ്യം സാര്‍  ചോദിക്കും..എന്താണെന്നോ ?
 "മേശ വിരി ഉള്ള ക്ലാസ്സേതു ?"
പെട്ടെന്ന്  പെരുവഴിയില്‍ വച്ചു ഉടുതുണി നഷ്ടപ്പെട്ടവരെ പോലെ     ഞങ്ങള്‍  ഇളിഭ്യരായി ഇരിക്കുമ്പോള്‍ ഞങ്ങളുടെ ആജന്മ ശത്രുക്കളുടെ ഉത്തരം ഇടിമുഴക്കം പോലെ  വരും:
 "ഏഴു സി "
"വെള്ളിയാഴ്ച   മീറ്റിംഗ് നടത്തുമ്പോള്‍ കേക്കും ചായേം വിതരണം ചെയ്ത ക്ലാസ് ഏതു ?" അടുത്ത കുത്ത് !
"ഏഴു സി "      വീണ്ടും പാകിസ്ഥാന്റെ ഇടിമുഴക്കം !!
ചമ്മി നാറി ഞങ്ങള്‍ ആ പിരീഡു തീരും വരെ ചുളുങ്ങി കൂടി അവിടെ കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ആ നാണക്കേട്‌ മാറ്റാന്‍ പിറ്റേന്ന് തന്നെ ക്ലാസ്സില്‍ പിരിവു നടത്തി പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള തോപ്പും പടി വരെ നടന്നു
പോയി മേശവിരി വാങ്ങി ക്ലാസ്സില്‍ കൊണ്ടുവന്നിട്ടെ ഞങ്ങള്‍ അടങ്ങിയുള്ളു .
മേശവിരിഏതു കടയില്‍ കിട്ടുമെന്ന് അറിയാത്തതിനാല്‍ ഓരോ കടയിലും തിരക്കി തിരക്കിയാണ് ഞങ്ങള്‍ നടന്നു നടന്നു തോപ്പുംപടിയിലെ ഞങ്ങളുടെ മാനം രക്ഷിച്ച ആ കട കണ്ടു പിടിച്ചത് !
ഞങ്ങള്‍ പത്തിലൊക്കെ ആയപ്പോള്‍ സാറന്മാര്‍ ഒക്കെ മാറി .ഞങ്ങളും കുറച്ചൊക്കെ മാറി .പൊടിമീശയോക്കെ വരാന്‍ തുടങ്ങി ട്രൌസറില്‍ നിന്നു മുണ്ടിലേക്ക് മാറി. ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് ക്ലാസ് കട്ടു ചെയ്തു   ചേര്‍ത്തല
ചാരങ്ങാട്ടു തീയറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി .നൂണ്‍ ഷോ...
നല്ല "എ "    ക്ലാസ്സ് പടമാണ് .ന്ന് വച്ചാല്‍ നല്ല ഒന്നാം തരം എന്ന് !!!

 മീശയൊക്കെ കിളിച്ചു വരാന്‍ തുടങ്ങിയത് കൊണ്ടു സിഗരട്ട് വലിയും ആഘോഷമായി നടക്കുന്നുണ്ട്.
സ്ക്രീനില്‍ കെട്ടിമറിയുന്ന അനുരാധയും ടി ജി രവിയും. .കെ എസ് ഗോപാലകൃഷ്ണന്‍ എന്ന  എ ക്ലാസ് സംവിധായകന്റെ സര്‍ഗ സൃഷ്ടി കണ്ടു ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു ഇരിപ്പാണ് .മുന്നില്‍ തലയില്‍ തുണിയിട്ട ഒരു കാര്‍ന്നോരെ കണ്ടു ആദ്യം ഞങ്ങള്‍ പതുങ്ങിയെങ്കിലും കഥ മുറുകിയപ്പോള്‍  അതൊക്കെ മറന്നു.

ഇടയ്ക്ക് സിഗരട്ട് ആഞ്ഞു ആഞ്ഞു വലിച്ചു ഞങ്ങള്‍ പൌരുഷം വിളംബരം ചെയ്തും സീനുകളുടെ എരിവും പുളിയും അനുസരിച്ച് ട്രെബിളും ബാസ്സും മാറ്റി മാറ്റി വളിപ്പ് കമന്റുകള്‍ അടിച്ചു  വിട്ടും കാഴ്ച കൊഴുപ്പിച്ചു .

പടം തീര്‍ന്നു പുറത്തിറങ്ങി ഞങ്ങള്‍ തെക്കുവടക്ക് ശ്രദ്ധിക്കാതെ വലിച്ചു വിടുമ്പോള്‍  മുന്നില്‍ തീയറ്ററില്‍ ഇരുന്ന തലേമുണ്ടുകാരന്‍ മുന്നേ നടക്കുന്നു ..ആ നടപ്പിനും  ,  പിന്‍ഭാഗത്തിനും ഒക്കെ    ഡേവിഡ് സാറിന്റെ   ഒരു മുഖ ച്ഛായ!  വെറും  ച്ഛായ  അല്ല ! ഡേവിഡ്  സാര്‍  തന്നെ!! .
തീയറ്റര്‍ വളപ്പിനുള്ളില്‍ വച്ചു തന്നെ എല്ലാവര്ക്കും എല്ലാം മനസിലായി.
പെട്ടെന്ന് ഡേവിഡ് സാര്‍ ഞങ്ങളുടെ ക്ലാസിലെ പേടിത്തൊണ്ടന്‍ അപ്പുവിനെ പോലെ പറഞ്ഞു "
ഞാന്‍ ..ഇവിടെ ട്രഷറിയില്‍ ബില്ലുമാ..റാ ന്‍ ,, നിങ്ങളെന്താ ഇവിടെ ?"
"അത്  സാര്‍ ഞങ്ങള്‍ ഇവിടെ ഗൈഡു വാങ്ങാന്‍ ..." ഞങ്ങളും പറഞ്ഞൊപ്പിച്ചു !

വീണ്ടും വര്‍ഷങ്ങള്‍ പറന്നു പോയി .
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു ഞങ്ങള്‍  അരൂരില്‍  ഒരു പാരലല്‍  കോളേജു തുടങ്ങി "പാഠശാല "അതായിരുന്നു പേര്.
ഞാന്‍ ഇന്ഗ്ലിഷ് മാഷായി.  നിറയെ ശിഷ്യ സുഹൃത്തുക്കള്‍ . ഒരിക്കല്‍     സ്റ്റാഫ്  റൂമില്‍   തനിച്ചിരുന്നു  പുറത്തെ തളര്‍ന്ന   വെയിലിനെ നോക്കി     എന്തോ ആലോചിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍
 ഗേറ്റ് കടന്നു വരുന്നു പഴയ ഗുരുനാഥന്‍... ഡേവിഡ്സാര്‍‍ !!!.
കഴിഞ്ഞ  ദിവസം ക്ലാസ്സ് കട്ടു ചെയ്തു ഉച്ചപ്പടം കാണാന്‍ പോയതിനു
 രക്ഷ കര്‍ത്താവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു    ഞാന്‍ ക്ലാസ്സില്‍ നിന്നു  ഇറക്കി വിട്ട സാമ്സനും ഉണ്ട് കൂടെ .
സാറിനെ കണ്ട പാടെ ഞാന്‍ എണീറ്റ്‌ അദ്ദേഹത്തിനായി കസേര നീക്കിയിട്ടു. അദ്ദേഹം ഇരുന്നില്ല .
"സാര്‍  ഇതെന്റെ മകനാണ് സാംസന്‍ ..." അദ്ദേഹം എന്‍റെ ശിഷ്യനെ ചൂണ്ടി പറഞ്ഞു..
ഞാന്‍   ഒന്ന് പകച്ചു , സംശയിച്ചു !   അദ്ദേഹത്തിനു എന്നെ മനസിലായില്ലേ ?!!
" സാര്‍ ഞാന്‍ "                  
ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചു
 ".അറിയാം.......            രമേശ്‌ അല്ലേ ..അധ്യാപകരെ പ്രായം നോക്കാതെ ബഹുമാനിക്കണം എന്നാ പ്രമാണം "
.അദ്ദേഹം പറഞ്ഞു .
പിന്നെ മകന്റെ സ്വഭാവ ദൂഷ്യത്തെ ക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചും   ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു . .

പോകാന്‍ നേരം ഡേവിഡ്  സാര്‍       സാംസനെ ചൂണ്ടി കാണിച്ചിട്ട്    എന്നോട് പറഞ്ഞു .
"സാര്‍ ഇവനെ ഒന്ന് ഉപദേശിക്കണം ..."
എനിക്ക് ചിരിവന്നു ..പണ്ട് അനുരാധപ്പടം കാണാന്‍ വന്ന   തലേ മുണ്ടുകാരന്റെ ചമ്മിയ ഓര്‍മയും !
പറ്റിയ പാര്ട്ടിയോടാണ് ശുപാര്‍ശ, ഇങ്ങേര്‍ക്ക് ഓര്‍മക്കേടും ഉണ്ടോ ന്റീശ്വരാ ..ഞാന്‍ മനസ്സില്‍
ചോദിച്ചു : സാറിന്റെയല്ലേ ശിഷ്യന്‍ .ഉപദേശത്തിനു നല്ല ആത്മാര്‍ഥത ഉണ്ടാകും !! ഹി.. ഹി
"ഇവന് സിഗരട്ട് വലിയും ചീത്ത സിനിമ കാണലും ച്ചിരി കൂടുതലാണ് "
അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും  ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ ?
ഞാന്‍ സാംസനെ നോക്കി മനസ്സില്‍ പറഞ്ഞു അത് പിന്നെ അങ്ങിനെയല്ലേ വരൂ ..

" ഇവന്‍ ‍ ആരുടെയാ മോന്‍ !!! "
"വിത്ത്‌ ഗുണം പത്തു ഗുണം "


വാല്‍ക്കഷണം : കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന ശുഭാകരന്‍ സാറിന്റെ വീട്ടില്‍ നാട്ടിലെ ഓണാഘോഷപ്പിരിവിനായി ഞങ്ങള്‍ പഴയ മൂന്നു ശിഷ്യര്‍ ചെന്നു. ഞങ്ങളെ കണ്ട പ്പോള്‍ അദ്ദേഹത്തിന്‍റെ  മുഖം വിടര്‍ന്നു.   പിരിവു ചോദിക്കുന്നതിനു മുന്‍പാണ് കേട്ടോ. വയസായിരിക്കുന്നു !കോങ്കണ്ണിനു  മാത്രം ഒരു മാറ്റവുമില്ല ! കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എന്നോടാണ് എന്നോടാണ് എന്ന് കരുതി എല്ലാവരും മത്സരിച്ചു കയറി ഇരുന്നു . "നീ ഇപ്പോള്‍ എവിടെയാണ് ?" സാര്‍ ചോദിച്ചു. "പത്രത്തില്‍ ആണ് "  രണ്ടാമനായ ഞാന്‍ മറുപടി പറഞ്ഞു ." നിന്നോടോന്നും ചോദിച്ചില്ലല്ലോടാ ,എന്ന് സാര്‍ . "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന് മൂന്നാമനും! ഇതോടെ ആ വീട്ടിലെ പിരിവു ഗോവിന്ദ ആയി !

2010, നവംബർ 21, ഞായറാഴ്‌ച

പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍

           
ഇല്ലായ്മകള്‍ക്ക്  നടുവിലും  പുഞ്ചിരിയോടെ   ജീവിതത്തെനേരിട്ട പ്രതിഭ എസ്.ആര്‍.കെ.യെക്കുറിച്ച് .....
രമേശ്‌ അരൂര്‍
സൌഭാഗ്യങ്ങല്‍ക്കിടയിലും നഷ്ടങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു നിരാശപ്പെടുന്നവര്‍ക്ക് കൃഷ്ണമൂര്‍ത്തിയുടെ ജീവിതം ഒരു സന്ദേശമാണ്.ശാരീരികമായ അപൂര്‍ണതകളെ തോല്‍പ്പിച്ചു അപൂര്‍വ സിദ്ധികളിലൂടെ പൂര്‍ണത നേടുകയാണ്‌ ഈ "പകുതി മനുഷ്യന്‍ ".
ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോ: എപി.ജെ .അബ്ദുല്‍ കലാമും,പുരട്ചി തലൈവി കുമാരി ജയലളിതയും, ഒക്കെ തൊഴു കൈകളോടെ ആദരിച്ച വ്യക്തിത്വം ! ഇസൈ മന്നന്‍ മാരായ ഡോ : ബാല മുരളീ കൃഷ്ണയും ,ഇളയ രാജയും മണിക്കൂറുകളോളം കാത്തിരുന്നു ശ്രവിച്ച സപ്ത സ്വരം! കലാകാരന്മാരെ ഈശ്വര തുല്യം ആരാധിക്കുന്ന തമിഴകത്തിന്റെ ഹൃദയം പിടിച്ചടക്കിയ "പെരിയവര്‍ ".ഇത് എസ് .ആര്‍ .കെ .എന്ന ചുരുക്കപ്പേരില്‍ ലോകം അറിയുന്ന സംഗീത കലൈമാമണി എസ് .ആര്‍ .കൃഷ്ണ മൂര്‍ത്തി .

ജന്മനാല്‍ തന്നെ കൈ കാലുകള്‍ ഇല്ലാത്ത കൃഷ്ണ മൂര്‍ത്തി കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് കാറില്‍ കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ രാജ്യാന്തര വ്യക്തിത്വ വികസന പരിശീലകരും ,ശാസ്ത്രജ്ഞരും ,പ്രൊഫഷനലുകളും അടങ്ങുന്ന ഒരു വന്‍ സദസ്സ് ആ അപൂര്‍വ പ്രതിഭയുടെ സാന്നിധ്യത്തിനായി ആകാംക്ഷ യോടെ കാത്തിരിക്കുകയായിരുന്നു .നിഴല്‍ പോലെ പിന്തുടരുന്ന ഉറ്റ ബന്ധുക്കളുടെ കൈകളില്‍ മുന്‍പ് എന്നോ വീണുടഞ്ഞ കളിപ്പാവ പോലെ ഒതുങ്ങിയിരുന്ന്  ആ മനുഷ്യന്‍ "ലുഗി 'യുടെ ഇന്ഷുറന്സ്പരിശീലന വേദിയില്‍ എത്തിയപ്പോള്‍ മുഴങ്ങിയത് നിലയ്ക്കാത്ത കരഘോഷം !

ശാരീരിക വൈകല്യം മൂലം സ്കൂള്‍ വിദ്യാഭ്യാസം പോലും അന്യമായെങ്കിലും വിധിയെ തോല്‍പ്പിച്ച് വിജയ കിരീടം ചൂടിയ തന്റെ ജീവിത കഥയുടെ ഊര്‍ജം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എത്തിയതാണ് കൃഷ്ണ മൂര്‍ത്തി .പരിമിതികളെ ഓര്‍ത്തു കരയുന്നവരോട് 'ജയിക്കാനായ് ജനിച്ചവനാണ് ഓരോ മനുഷ്യനും 'എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു .


മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ കൃഷ്ണ മൂര്‍ത്തിയെ തേടി രാഷ്ട്ര പതിയുടെ പ്രത്യേക അവാര്‍ഡ് ,തമിഴ് നാട് സര്‍ക്കാരിന്റെ 'സംഗീത കലൈ മാമണി 'സംഗീത ഭൂഷണം ,കലൈ മുത്ത്‌ മണി ,സംഗീത തിലകം -ഇങ്ങനെ ഒട്ടേറെ ബഹുമതികള്‍ എത്തിയെന്നത് ചരിത്റം !.ഇപ്പോള്‍ തമിഴ്നാട് ആകാശ വാണി ഒന്നാം ഗ്രേഡ് ആര്‍ടിസ്റ്റ് ആണ് . പതിനേഴാം വയസ്സില്‍ ഈറോഡ് ഇലെ അമ്പല മൈതാനത്ത് നിന്ന് തുടങ്ങി വച്ച സംഗീത സപര്യ അറുപത്തി ഒന്‍പതാം വയസ്സിലും അനസ്യൂതമായ് തുടരുകയാണ് .

മൂവായിരത്തില്‍ പരം വേദികള്‍ പിന്നിട്ടു റെക്കോര്‍ഡ്‌ മായി മാറി ആ സംഗീത യാത്രാ. അതിനിടയില്‍ തപാല്‍ വഴി ഹോമിയോ പതിയില്‍ ഡിപ്ലോമയും , ഹിന്ദി ,സംസ്കൃത ഭാഷകളില്‍ പണ്ഡിത പദവികളും നേടി ജന്മനാലുള്ള ശാരീരിക അപൂര്‍ണതകളെ അദ്ദേഹം വെല്ലുവിളിച്ചു .
മലേഷ്യയിലും ,സിങ്കപ്പൂരിലും അടക്കമുള്ള ഒട്ടേറെ വിദേശ രാജ്യങ്ങളിലെല്ലാം "ഓടിനടന്ന്  " 
മനസുകൊണ്ട് തളര്‍ന്ന അനേകം മനുഷ്യര്‍ക്ക്‌ തന്റെ ജീവപാഠങ്ങളുടെ ഊര്‍ജം പകരുകയാണ് ഈ പ്രതിഭ .

തമിഴ്നാട് പോലീസ് അക്കാദമിയില്‍ എത്തുന്ന ഓരോ പുതിയ ബാച്ച് കാര്‍ക്കും കൃഷ്ണമുര്തിയുടെ പ്രത്യേക പരിശീലം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു വരുന്നു .

ഇരുന്നു നിരങ്ങിയും കിടന്നുരുണ്ടും സഞ്ചരിക്കുന്ന കൃഷ്ണ മൂര്‍ത്തിക്ക് കൈകള്‍ ഇല്ലെങ്കിലും നന്നായി എഴുതാനും ചിത്രം വരയ്ക്കാനും കഴിയും !ചുണ്ടുകള്‍ക്കിടയില്‍ പേനയും ബ്രഷും തിരുകി അദ്ദേഹം എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക് പ്രചോദനം ഏകുന്ന വാക്കും വരകളും ആണ് .


മൂവായിരത്തില്‍ പരം കീര്‍ത്തനങ്ങള്‍ മന:പാഠം ആക്കിയ കൃഷ്ണമൂര്‍ത്തിക്ക് രാഗങ്ങളെപ്പറ്റി യെല്ലാം   അപാര ജ്ഞാനമാണ്!! .
അച്ഛനും അമ്മയും മരിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ തനിക്കൊരിക്കലും കരയേണ്ടി വന്നിട്ടില്ലെന്ന് നിറചിരിയോടെ അദ്ദേഹം പറയുമ്പോള്‍ അത് സത്യമല്ലെന്ന് വിശ്വസിക്കാനേ ആകില്ല .നാന്‍ താന്‍ കടവുള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു തമിഴകത്തിന്റെ മനം കവര്‍ന്നു .
എന്ത് തോന്നുന്നു ??.. എസ്. ആര്‍. കെ. ഒരു സംഭവം തന്നെയല്ലേ ? ജീവിതം നിരാശയായി കൊണ്ടു നടക്കുന്നവരെ പോസിറ്റിവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. വായിക്കുന്നവര്‍ കഴിയുമെങ്കില്‍  മറ്റു സുഹൃത്തുക്കള്‍ക്കും   ഈ പോസ്റ്റിന്റെ ലിങ്ക്   http://www.remesharoor.blogspot.com/   അയച്ചു കൊടുക്കുക

(ചിത്രങ്ങള്‍: ജോണി തോമസ്‌ (വീക്ഷണം),  ബി. ശ്രീനിവാസ്.(തമിഴ് മലര്‍)

2010, നവംബർ 10, ബുധനാഴ്‌ച

ഓര്‍മയില്‍ ഒരു കര്‍ക്കിടക രാത്രി

ചെറുപ്പത്തിന്റെ  തിളപ്പില്‍  സംഭവിച്ചതാണ്.കര്‍ക്കിടകത്തിലെ  അമാവാസിയുടെ  കുറ്റാക്കുറ്റിരുട്ട്  നിറഞ്ഞ ആ രാത്രിയില്‍  ഞങ്ങള്‍ നാലുപേര്‍ ആ വീട്ടില്‍ ഒത്തുകൂടി .ഞാന്‍ ,സുരപ്പന്‍ ,മണി ,പിന്നെ സാജന്‍ .കൂടെ ഒരു പെണ്ണുമുണ്ട് !ഞങ്ങള്‍    കൌമാര   കാല  സുഹൃത്തുക്കളാണ് ;  ഞങ്ങള്‍  മാത്രം

അവളെ ആദ്യമായി കാണുകയാണ് . കായലിനക്കരെയുള്ള സുഹൃത്ത് മണിയാണ് തോപ്പുംപടിയില്‍ നിന്നു വരും വഴി ഇരുട്ടിന്റെ  കരിമ്പടത്തില്‍  പൊതിഞ്ഞു  അവളെ  ആ  വീട്ടില്‍  എത്തിച്ചത്. ഒരു 25  അല്ലെങ്കില്‍  30  വയസു പ്രായം കാണും അവള്‍ക്ക്  .ഞങ്ങള്‍ക്ക്  17   ഉം18  ഉം ഒക്കെയേ കാണു .കോളേജില്‍ 
പഠിക്കുന്ന സമയം അല്ലേ !

അപ്രതീക്ഷിതമായി  "ഒരു കോള് "ഒത്തു വന്നതിന്റെ സന്തോഷവും അതിലധികം അമ്പരപ്പും, ഭയവും ഉണ്ട് ..കൂട്ടത്തിലെ 
ഏറ്റവും പേടിത്തൊണ്ടന്‍ ഞാനായിരുന്നു .വളരെ ചെറുപ്പമാണെങ്കിലും   സുരപ്പനും മണിക്കും ഒന്നും ഇത് പുതിയ 
അനുഭവം അല്ല .ഇതിനു മുന്‍പും അവര്‍ ഇങ്ങനെയുള്ള സാഹസീക കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് .  അതിന്റെ സുഖവും സന്തോഷവും   അറിഞ്ഞിട്ടുണ്ട്  അവന്റെയൊക്കെ  ചില അനുഭവ  വിവരണങ്ങള്‍ കേട്ടു‌ ഞങ്ങള്‍ മറ്റു കൂട്ടുകാര്‍
കൊതിയോടെ അന്തം വിട്ടിരുന്നിട്ടുണ്ട് .അന്ന് മുതല്‍ മനസ്സില്‍ മൊട്ടിട്ടതാണ് ആ ആഗ്രഹം .

അത് സാധിക്കാനുള്ള അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യ ഊഴം അവര്‍ ഔദാര്യ  പൂര്‍വ്വം എനിക്കാണ് തന്നത് .

വിറയ്ക്കുന്ന കാല്‍മുട്ടുകള്‍ . മനസ്സിണെ മഥിക്കുന്ന ഭയത്തോടെ അതിലേറെ  കിതപ്പോടെ ഞാന്‍ മുറിക്കുള്ളിലേക്ക്
കയറുമ്പോള്‍  ..........
."നേരം കളയരുത്..!!" "ഞങ്ങള്‍  മൂന്നു പേര്‍ ഇവിടെ ബാക്കിയുണ്ട് എന്ന ബോധം വേണം "
 അക്ഷമരായ കൂട്ടുകാരുടെ താക്കീതുകള്‍ !!
സത്യത്തില്‍ എന്‍റെ ഉള്ള്  "പടോ! പടോ! "എന്ന് ഇടിക്കുകയായിരുന്നു .
ഒരു  മുന്‍പരിചയവും ഇല്ലാത്ത പണിയാണ് ..അവളാണെങ്കി ആവശ്യത്തില്‍ അധികം പരിശീലനം കിട്ടിയവളാണെ ന്നാണ് മണിയുടെ മുന്നറിയിപ്പ് !  
  
സത്യത്തില്‍  മുറിയില്‍ കയറിയപ്പോളാണ് അവളുടെ രൂപം ഞാന്‍ വ്യക്തമായി കാണുന്നത് തന്നെ .
.മണിയുടെ  നിഴല്‍ പറ്റി  ആ  വീട്ടിലേക്കു വരുമ്പോളും ഞങ്ങള്‍  പരിപാടികളുടെ രൂപരേഖയും   നടത്തിപ്പും  തയ്യാറാ ക്കുംപോളും   അവള്‍ മുറിക്കുള്ളില്‍ നിശബ്ദയായി  ഇരിക്കുകയായിരുന്നു . ആരാണാദ്യം കാര്യം  നടത്തുക ആരു  രണ്ടാമത് പോണം  എന്നൊക്കെ  തീരുമാനിക്കുന്നതിനിടയില്‍  ഉണ്ടായ തര്‍ക്കങ്ങളില്‍ ഞങ്ങള്‍ കലഹിക്കുമ്പോള്‍  കൌതുക പൂര്‍വമുള്ള  അവളുടെ പാളി നോട്ടം ഞങ്ങളില്‍ പതിക്കുന്നത് ഞാന്‍ ഒളിഞ്ഞു കണ്ടു . 
"സമ്മതിച്ച രൂപ ആദ്യമേ തന്നെ മുഴുവന്‍ നല്‍കണം;  
പറഞ്ഞതില്‍  കൂടുതല്‍  ആളുകള്‍   ഉണ്ടാകാന്‍  പാടില്ല;
എല്ലാം  കഴിഞ്ഞു  വെളുക്കുന്നതിനു  മുന്‍പ് കവലയില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടണം"  
ഇത്രയും  ഡിമാണ്ടുകള്‍  മാത്രമാണ് അവള്‍ മണിയുടെ അടുത്തു മുന്‍ കൂറായി  മുന്നോട്ടു വച്ചിരുന്നത് .

ഒരു   ഡിമാണ്ട് ആദ്യമേ  തന്നെ ഞങ്ങള്‍   തെറ്റിച്ചു !.
ആകെ  മൂന്നു  പേരെന്നാണ്  പറഞ്ഞിരുന്നതെങ്കിലും എന്നെ ക്കൂടി തിരുകി കയറ്റി  എണ്ണം കൂട്ടിയത് അവള്‍  ആദ്യം എതിര്‍ത്തു .
പറഞ്ഞ  തുകയെക്കാള്‍ അമ്പതു രൂപ  കൂടി കൂടുതല്‍  കൊടുക്കാമെന്നു മണി  പറഞ്ഞത് കൊണ്ടാണ് മനസില്ലാ മനസോടെ എന്നെയും  (നാലാമന്‍ ഞാനാണെന്നൊന്നും അവള്‍ക്കറിയില്ല ) കൂടി താങ്ങാന്‍   അവള്‍ സമ്മതം മൂളിയത് .

എന്തായാലും മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അകത്തു കയറി.അവള്‍ കട്ടിലില്‍ ഇരിക്കുകയാണ് ..നരച്ച വയലറ്റ് നിറത്തിലുള്ള പോളിസ്ടര്‍ സാരി ചുറ്റിയ മെലിഞ്ഞ ഒരു  രൂപം.! അടുത്ത കാലത്തെങ്ങും എണ്ണമയം കാണാതെ പാറിപ്പറന്ന നീളന്‍ മുടിയിഴകള്‍ .വയലറ്റ് കളറിലുള്ള ബ്ലൌസിന്റെ അയഞ്ഞ  കൈകള്‍ .നല്ല ഐശ്യര്യമുള്ള മുഖം .

പ്രായം കൊണ്ടു  എന്‍റെ  ചേച്ചിയുടെയത്രയെങ്കിലും   മൂപ്പ് കാണും.പെട്ടെന്ന് ഞാനെന്തോ ചെറുപ്പത്തില്‍ ഞങ്ങളെ  വിട്ട് പോയ
എന്‍റെ കുഞ്ഞേച്ചിയെ  ഓര്ത്തു  പോയി .പക്ഷെ ഇവള്‍ എന്‍റെ  ചേച്ചി അല്ലല്ലോ ..എന്‍റെ  ഉദ്ദേശം എനിക്കും അവള്‍ക്കും

  നന്നായി അറിയുകയും   ചെയ്യാം ..
..ചില നിശാ സുന്ദരിമാരുടെ അനുഭവ കഥകള്‍ വായിച്ചിട്ടുണ്ട് .
എങ്ങനെയോക്കയോ ഈ ..അഴുക്കു ചാലില്‍ മുങ്ങി പൊങ്ങി ഒഴുകുന്നവര്‍
ചില പെണ്ണുങ്ങള്‍ എങ്ങനെ ഇങ്ങനെയൊക്കെ ആയി തീര്‍ന്നെന്നു
അവര്‍ തന്നെ വിവരിക്കുന്ന പൊള്ളുന്ന അനുഭവക്കുറിപ്പുകള്‍ .
ഒന്നുകില്‍ കാമുകനോ  ഭര്‍ത്താവ് തന്നെയോ    ചതിച്ചത് !  അല്ലെങ്കില്‍
രണ്ടാനച്ഛന്‍  പിഴപ്പിച്ചത് !  അതുമല്ലെങ്കില്‍ പത്തോ നൂറോ രൂപയ്ക്ക് വേണ്ടി  പെറ്റമ്മ തന്നെ  കൂട്ടി കൊടുത്തത് ! 
ഇവള്‍ക്കും  അങ്ങനെ എന്തെങ്കിലും കഥകള്‍ കാണാതിരിക്കില്ല ..
അവള്‍ മുഖമുയര്‍ത്തി     എന്നെ  നോക്കി .".വേറെ  എത്ര പേര്‍
 കൂടി  പുറത്തുണ്ടെന്നു എന്നോട് ചോദിച്ചു 
..ആള് കൂടിയിട്ടില്ല  എന്ന് ഉറപ്പു വരുത്താന്‍     ആയിരിക്കും.
"എന്താ ? " ഞാന്‍ അലിവോടെ ചോദിച്ചു .
"ആദ്യം   രണ്ട് പേരെ,, മൂന്നു  പേരെ  ഉള്ളൂ  എന്നൊക്കെ  പറയും .പിന്നെ  ആളുകള്‍  കൂടും ..
പറഞ്ഞ കാശും തരില്ല .പറ്റിക്കും !
.ഞാനും ഒരു മനുഷ്യ ജീവിയല്ലേ ..? കാശ് തന്നില്ലെങ്കില്‍ വേണ്ട ..ഇത്രയധികം  പേരെ താങ്ങാനുള്ള ശേഷി എനിക്കുണ്ടോ ?
അവളുടെ ചോദ്യം ന്യായമാണ് ..പക്ഷെ സുഖം തേടി വരുന്നവര്‍ എന്തിനു ഇതൊക്കെ ചിന്തിക്കണം .എറിയുന്ന പച്ചനോട്ടുകള്‍ക്ക് പകരമായി പരമാവധി മുതലാക്കണം .അത്രതന്നെ !
എനിക്കറിയാം ഞാന്‍  ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിച്ചു  വെറുതെ  നേരം  കളയുകയാണെന്ന്!!  .വാതിലിനപ്പുറത്തു 
 ഞങ്ങളെ മാത്രം ശ്രദ്ധിക്കുന്ന ആറ് കണ്ണുകള്‍ വേറെയുണ്ട് .അവരുടെ അക്ഷമ നിറഞ്ഞ നിശ്വാസങ്ങള്‍ ഉണ്ട്..
"നമുക്ക് തുടങ്ങാം "
അവള്‍ പറഞ്ഞു .പിന്നെ ഒരു നാണവും  കൂടാതെ  ആ നരച്ച സാരി അഴിച്ചു കട്ടിലില്‍ ഇട്ടു .
എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല ..
അവളും ഒന്നും അറിയാത്തവളെ പോലെ എന്‍റെ അജ്ഞതകളെ  ഏറ്റുവാങ്ങാനെന്ന മട്ടില്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. അരികില്‍ ഇരിക്കെ എന്നിലെ  ജിജ്ഞാസുവായ  കൌമാരക്കാരന്     അവളുടെ കഥ കേള്‍ക്കണമെന്ന്  പെട്ടെന്നൊരാഗ്രഹം തോന്നി ..
"ചേച്ചിക്കിതെങ്ങിനെ   ഈ  പണിക്കിറങ്ങാന്‍ തോന്നി  ? " ഞാന്‍ അവളുടെ  വിളറിയ കവിളുകളില്‍ മൃദുവായി നുള്ളിക്കൊണ്ട്
 ചോദിച്ചു .  
"ഇയാള്ക്കിതെങ്ങനെ ഇവിടെ വരാന്‍ തോന്നി ?"
മറുചോദ്യം കൊണ്ടു അവള്‍ എന്‍റെ ആകാംഷയെ  വരിഞ്ഞു മുറുക്കി.  

നരച്ച വയലറ്റ് ബ്ലൌസിന്റെ കുടുക്കുകള്‍ അഴിക്കാന്‍ തുടങ്ങുന്നതിനിടയില്‍ അവളുടെ മാറിടങ്ങള്‍ നനഞ്ഞു കുതിര്‍ന്നത്‌
ഞാന്‍ കണ്ടു. നനഞ്ഞ ബ്ലൌസ് എന്നെ കാണിക്കാതെ അവള്‍ കട്ടിലിന്റെ കാല്‍ക്കലേക്ക് എറിഞ്ഞു . ഇതെന്താ ഇങ്ങനെ നനഞ്ഞ്‌? കിനിഞ്ഞിറങ്ങുന്ന മുലപ്പാല്‍ തുള്ളികള്‍ !! അടങ്ങിക്കിടന്ന എന്‍റെ ആകാംഷ വീണ്ടും കുതറിപ്പിടഞ്ഞെണീറ്റു.. 
 "അയ്യോ !ഇതെന്താ ? ഇങ്ങനെ ?"
"അത്  ..അത് " ..അവള്‍  ഒന്ന് വിതുമ്പി .
"ഞാന്‍  നാല്   മാസം  പ്രായമുള്ള  ഒരു  പിഞ്ചു കുഞ്ഞിന്റെ  അമ്മയാണ്!
എന്‍റെ കുഞ്ഞിനു അമ്മിഞ്ഞ കുടിക്കാനുള്ള നേരമായതാ ...അവന്‍ ഇപ്പോള്‍ 
പാല് കുടിക്കാന്‍ കഴിയാതെ കരയുന്നുണ്ടാകും !"
 അവളുടെ മാറിടം പോലെ നനഞ്ഞ്‌ കുതിര്‍ന്ന വാക്കുകള്‍ ! പിന്നെ പുറം തിരിഞ്ഞു നിന്നു ചുരന്നു വന്ന അമ്മിഞ്ഞപ്പാല്‍
അവര്‍ പിഴിഞ്ഞ് കളഞ്ഞു ..
ഇരുളില്‍ അകലെ വിശന്നു കരയുന്ന ഒരു കുഞ്ഞിക്കരച്ചില്‍ ഞാന്‍ കേട്ടുവോ ? എനിയ്ക്ക് പെട്ടെന്ന് സങ്കടം തോന്നി ..
വീണ്ടും കുഞ്ഞേച്ചിയുടെ  മുഖം മനസിലേക്ക് ഓടിവരുന്നു ! ഓര്‍ത്തപ്പോള്‍   ഉള്ളൂ നീറിപ്പുകഞ്ഞു!പുറത്തു .അക്ഷമരായ കൂട്ടുകാരുടെ  അപസ്വരങ്ങള്‍ .
വാതിലില്‍ അവര്‍ മുട്ടുന്നുണ്ടോ ?
പെട്ടെന്ന്  ഞാന്‍ നിലത്തു കിടന്ന  ഷര്‍ട്ട് എടുത്തിട്ടു
വേഗത്തില്‍ പുറത്തിറങ്ങി.
വാതിക്കല്‍ കാത്തു

നിന്നിരുന്ന സാജന്‍  അതേ  നിമിഷം തന്നെ  എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് പാഞ്ഞു കയറി .
കൂട്ടുകാരുടെ പിന്‍വിളി ശ്രദ്ധിക്കാതെ ഞാന്‍ ഇരുളിലേക്ക് ഇറങ്ങി നടന്നു .
നനഞ്ഞ്‌ കുതിര്‍ന്ന  മാറിടങ്ങളും ..നിസഹായ മായ ആ മുഖവും ഓര്ത്തു കായല്‍ക്കരയില്‍ തനിച്ചു കിടക്കുമ്പോള്‍
അമ്മിഞ്ഞ ക്കായി വിശന്നു കരയുന്ന  പിഞ്ചു പൈതലിനെ പോലെ  ഞാനും കരഞ്ഞു പോയി .

.(ചിത്രങ്ങള്‍ക്കു  കടപ്പാട്:  ഇന്ത്യ  വിഷന്‍, നളിനി ജമീലയുടെ ആത്മ കഥാ പുസ്തകം ഡി സി ബുക്സ് ,ഗൂഗിള്‍ ) 

2010, നവംബർ 5, വെള്ളിയാഴ്‌ച

സുന്ദരികളും സുന്ദരികളും സുന്ദരിയെ കണ്ടു പിടിക്കൂ .. 
കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇന്ന് (നവംബര്‍ -ആറിനു )നടക്കുന്ന മിസ്‌  സൌത്ത് ഇന്ത്യ സൌന്ദര്യ മത്സരത്തിലെ ഫൈനല്‍ ഗ്രൂമിങ്ങില്‍ 
എത്തിയ മത്സരാര്‍ഥികളാണ് ചിത്രത്തില്‍ .ഇവരില്‍ മിസ്‌ സൌത്ത് ഇന്ത്യ ആകുന്ന സുന്ദരിയെ നിങ്ങള്ക്ക് പ്രവചിക്കാം ...     സമ്മാനം നേടാം ..
സമ്മാനം സസ്പെന്‍സ് !! 

മിസ്‌ സൌത്ത് ഇന്ത്യ പട്ടം  ബംഗാളുരുസ്വദേശി ശുഭ യ്ക്ക് 

 തെക്കേയിന്ത്യയുടെ സൗന്ദര്യറാണി എന്ന  വിശേഷണം കര്‍ണാടകയില്‍ നിന്നുള്ള  ശുഭ ഫുതെല യ്ക്ക് സ്വന്തം. മൂന്നരമണിക്കൂര്‍ നീണ്ട അഴകിന്റെ പോരാട്ടത്തില്‍ പതിനഞ്ച് സുന്ദരിമാരെ പിന്തള്ളിയാണ് ശുഭ ഹെയ്‌റോമാക്‌സ് മിസ്.സൗത്ത് ഇന്ത്യ പട്ടം ശിരസ്സിലണിഞ്ഞത്.  കേരളത്തിന്റെ ഗീതുക്രിസ്റ്റി ഫസ്റ്റ് റണ്ണറപ്പും ആന്ധ്ര ക്കാരി നികിതാ നാരായണ്‍ സെക്കന്റ് റണ്ണറപ്പുമായി. ഒരു ലക്ഷം രൂപയാണ് മിസ്‌ സൌത്ത് ഇന്ത്യക്കുള്ള സമ്മാനം .ഫസ്റ്റ് റ ണ്ണ ര്‍ അപ്പിന് അരലക്ഷവും സെക്കണ്ട് റ ണ്ണ ര്‍ അപ്പിന് കാല്‍  ലക്ഷവും രൂപ വീതം സമ്മാനമായി ലഭിക്കും .മുകളില്‍ മത്സരത്തിനു മുന്‍പ് പോസ്റ്റു ചെയ്ത ചിത്രത്തിലെ മധ്യ നിരയില്‍ നില്‍ക്കുന്നവരില്‍ നാലാമത് നില്‍ക്കുന്നതാണ് ഒന്നാം സ്ഥാനം നേടിയ ശുഭ .ഇരിക്കുന്നവരില്‍ രണ്ടാമത്തേത് നികിതയും അവസാനത്തേത് ഗീതുവും .


_----------------------------------------------------------------------------------------------------------------------------------------