2010, നവംബർ 27, ശനിയാഴ്‌ച

'കുരു ദക്ഷിണ'


രൂര്‍ ഗവ:യു .പി .സ്കൂളില്‍ ആയിരുന്നു .എന്‍റെ പ്രാഥമിക വിദ്യാഭ്യാസം.തുറവൂര്‍ ഉപജില്ലയിലെ മാതൃകാ സ്കൂള്‍ ആയിരുന്നു അക്കാലത്ത് ഞങ്ങളുടെ സ്കൂള്‍.മോഡല്‍ എന്ന് പറഞ്ഞാല്‍ മോഡല്‍ അത്ര തന്നെ ! എങ്ങനെ ആകാതിരിക്കും ഞാനൊക്കെയല്ലേ അവിടുത്തെ പഠിപ്പിസ്റ്റുകള്‍.

ഏഴ് ബി യില്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്,എ മുതല്‍ ഡി വരെ നാല് ഡിവിഷനുകള്‍ ഉണ്ടെങ്കിലും സി ക്ലാസ്സുകാരായിരുന്നു ഞങ്ങള്‍ ബി ക്കാരുടെ പ്രധാന ശത്രുക്കള്‍ .ഞങ്ങള്‍ ഇന്ത്യ ആണെങ്കില്‍ അവര്‍ പാക്കിസ്ഥാന്‍ ആയിരുന്നു. അവര്‍ കോങ്ക്രസ്സ് ആയിരുന്നെങ്കില്‍ ഞങ്ങള്‍ കമ്യുണിസ്റ്റ് !, ഞങ്ങള്‍ പാണ്ഡവര്‍ ,അവര്‍ കൌരവര്‍ ...ഞങ്ങള്‍ ദേവന്മാര്‍ അവര്‍ അസുര ന്മാര്‍ ..ഇങ്ങനെയായിരുന്നു അന്നത്തെ ഒരു ലൈന്‍.ഏഴു സിയിലെ സുനിത.പി.നായര്‍ എന്ന ഒരു മാലാഖക്കുട്ടിയെ  മാത്രം ഞാന്‍ വെറുതെ വിടുന്നു.അല്ലെങ്കിലും എല്ലാ വില്ലന്മാരുടെ കൂട്ടത്തിലും എതിര്‍പക്ഷത്തെ സ്നേഹിക്കുന്ന ഒരു പാവം പാവം രാജകുമാരി ഉണ്ടാകുമല്ലോ !
ആരും വെറുതെ വെള്ളമിറക്കണ്ട ;ഇതവളെ ഞാന്‍ പണ്ട് പഞ്ചാരയടിച്ച കഥയൊന്നുമല്ല !
അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ രണ്ട് അധ്യാപകര്‍ക്കുള്ള ഗുരു ദക്ഷിണയാണ് ഈ പോസ്റ്റ് .രണ്ട് പേരും ജീവനോടെ ഉള്ളതിനാലും അവരുടെ തണ്ടും തടിയും ഉള്ള ആണ്‍ മക്കള്‍ എന്നെ മാര്‍ക്ക് ചെയ്യും എന്നതിനാലും തല്ക്കാലം പേരുകള്‍ മാറ്റിപ്പറയുന്നു..
  ഒരാള്‍ പോടക്കണ്ണന്‍ എന്ന് വിളിപ്പേരില്‍ ആദരിക്കപ്പെടുന്ന ശുഭാകരന്‍ സാര്‍. ഞങ്ങളുടെ ശത്രുക്കളായ ഏഴു സിക്കാരുടെ പട നായകന്‍ ! സാമാന്യം നന്നായി കോങ്കണ്ണ് ഉള്ള    അദ്ദേഹത്തിനു ഏതു വിഷയത്തിലാണ് മികവു എന്ന് ചോദിച്ചേക്കരുത്.
സകല കലാവല്ലഭന്‍ എന്ന് മാത്രമാണ് അതിനു മറുപടി .നമമുടെ ബ്ലോഗര്‍ കലാവല്ലഭന്‍ അല്ല കേട്ടോ .
 രണ്ടാമത്തെ ഗുരുവരന്‍ ശ്രീ ഡേവിഡ്  സാര്‍ ,കണക്കും ഫിസിക്സും ആണ് അങ്ങേര്‍ക്കു പഥ്യം.ഞങ്ങള്‍ ഏഴു ബിക്കാരുടെ  ജീവാത്മാവും പരമാത്മാവും   ആയി ശോഭിക്കുന്ന മഹാനുഭാവന്‍ .ഞങ്ങള്‍ട ക്ലാസ് ടീച്ചര്‍ .
രണ്ട് പേരും ഞങ്ങളുടെ സ്വന്തം  നാട്ടുകാര്‍.ജോലികിട്ടിയപ്പോള്‍ മുതല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഒരേ സ്കൂളില്‍ തന്നെ പഠിപ്പിച്ചു പഠിപ്പിച്ചു (പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നും പറയാം )രണ്ട് പേരും അരൂര്‍ക്കരയിലെ കുട്ടികളെ ഒരു വഴിക്കാക്കി.

രണ്ട് പേരും ദുര്‍വാസാവ് മഹര്‍ഷിയെ പോലെ  ക്ഷിപ്ര കോപികളും ക്ഷിപ്ര പ്രസാദികളും ആണ്. പ്രായത്തില്‍ മുതിര്‍ന്ന
ശുഭാകരന്‍ സാറിനാണ് ഇച്ചിരി കോപം കൂടുതല്‍  .സാറിനു പുന്നാരം വന്നാല്‍ ഞങ്ങള്‍ കുട്ടികളെ "അസത്തെ, മൂശേട്ടെ ,
അധിക പ്രസംഗി" എന്നൊക്കെ വിളിച്ചു ആദരിച്ച് കളയും. ബാലപീഡന നിയമത്തെപ്പറ്റി അക്കാലത്ത് കുട്ടികള്‍ക്ക് വല്ല വിവരവും ഉണ്ടായിരുന്നെങ്കില്‍ ശുഭാകരന്‍ സാറൊക്കെ അന്നേ അകത്താകുമായിരുന്നു !
ഡേവിഡ്  സാറും ചില്ലറക്കാരനോന്നും അല്ല .ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു രസത്തിന് പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ക്ക്‌ അല്പം കൂടുതല്‍ പരിക്ക് പറ്റുമല്ലോ ! അവന്റെ തിരുവാ...
കീറിപ്പൊളിഞ്ഞു   കരച്ചിലിന്റെ രൂപത്തില്‍ ആയാല്‍  ഉടന്‍ വരികയായി ഡേവിഡ്  സാറിന്റെ ശകാരം
"ഹോ ഹോ ..നീ അവന കൊന്നാ ..ഈ പണ്ടാരങ്ങളൊക്കെ ഇങ്ങാട്ട് വരുവല്ലാ മനുഷേന കഷ്ടപ്പെടുത്താന്‍ !!"
പിന്നെ വാദിക്കും പ്രതിക്കും  സാറിന്റ വക ഗരുഡന്‍ തൂക്കം ,മുട്ടേല്‍ നിരങ്ങല്‍ തുടങ്ങിയ ശിക്ഷകള്‍ ആസ്വദിക്കാം :
അനുഭവിച്ചു പണ്ടാരടങ്ങാം !
 ചോക്ക് പൊടി പുരണ്ട ആ മന്തന്‍ കൈകള്‍ കൊണ്ടു തലക്കിട്ടു രണ്ട് കിഴുക്കലും കൂടി കിട്ടിയാല്‍
അന്നത്തെ കാര്യം കുശാല്‍ ആയി !

എപ്പോളും അരയില്‍ എന്തോ തപ്പിനോക്കുന്ന  ഒരു സ്വഭാവമുണ്ടായിരുന്നു ഡേവിഡ്  സാറിനു. മുണ്ട് അഴിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കുന്നത് പോലെ !
"ഈ പണ്ടാറക്കാലന്‍ സാറിന്റെ തുണി ഉരിഞ്ഞു വീണു മാനം പോകണേ ന്റീശ്വരാ" എന്ന് എത്ര തവണ ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട് എന്നറിയാമോ !    അരയിലെ താക്കോല്‍ കൂട്ടം അവിടെത്തന്നെ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുന്നതാണെന്നും ഇതേക്കുറിച്ച് ഒരു  കിംവദന്തി ഉണ്ട് .

 ഏഴു ബിക്കാരും സിക്കാരും തമ്മില്‍ ശത്രുത ഉള്ളത് പോലെ ഈ അധ്യാപകര്‍ തമ്മിലും കടുത്ത ശത്രുത ഉണ്ടായിരുന്നു വെന്നാണ് അക്കാലത്ത് ഞങ്ങള്‍ വിശ്വസിച്ചു പോന്നിരുന്നത്. ഒരിക്കല്‍ ഏഴു സിക്കാരെ ഹൈഡ്രജന്‍ ഉണ്ടാക്കുന്ന പരീക്ഷണം കാണിക്കുന്നതിനിടയില്‍ ശുഭാകരന്‍ സാറിന്റെ കൈയില്‍ ആസിഡ് വീണു. ഈ വാര്‍ത്ത കേട്ടു‌ ഡേവിഡ്  സാര്‍ പറഞ്ഞത് ഓര്‍മവരുന്നു :

"ഹോ! ഹോ !അറിയാം മേലാത്ത  കാര്യം ചെയ്യരുതെന്ന് ആ കെളവനോടു ഞാന്‍ നൂറു കുറി  പറഞ്ഞിട്ടുണ്ട് ..
പണ്ടാരം അടങ്ങാന്‍ ...എന്നാലും കേക്കേല .പഠിപ്പിക്കാനോ  അറിയാം മേല.. ന്നാ.. .വെറുതെ മനുഷേന മെനക്കെടുത്താതിരുന്നൂടെ ...."

തന്‍റെ മേഖലയായ  സയന്‍സില്‍  ചുക്കും ചുണ്ണാമ്പും അറിയാത്ത ശുഭാകരന്‍ സാര്‍ കൈകടത്തിയത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു അത് .
 ഒരിക്കല്‍ കുട്ടികളുടെ റബര്‍ ബാന്‍ഡുകള്‍ പതിവായി മോഷ്ടിചെടുക്കുന്ന ഒരു "ഭയങ്കരനെ" ശുഭാകരന്‍ സാറ് കയ്യോടെ പൊക്കി!
 ആ കള്ളന്‍  ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ചുമട്ടു തൊഴിലാളി യൂനിയന്ടെ നേതാവാണ്‌, ഇപ്പോളും പണി പഴയത് തന്നെ !തല്ക്കാലം ആ  പേരും  ഒളിച്ചു വയ്ക്കുന്നു ,വെറുതെ ധര്‍മ്മത്തല്ല്
മേടിച്ചു കൂട്ടുന്നത്‌ എന്തിനാ !!, കട്ടെടുത്ത റബര്‍ ബാന്‍ഡുകള്‍ ഓരോന്നായി ആ ഭീകരന്റെ  ചെവികളിലും ,കൈകളിലും ഒക്കെ ഇടുവിച്ചു ക്ലാസ്സുകള്‍ തോറും അര്‍മാദിച്ചു കൊണ്ടു നടന്നു അദ്ദേഹം .
ഓരോ ക്ലാസ്സില്‍ എത്തുമ്പോളും
" ദേ ഈ ജന്തുവാണ് നിങ്ങളുടെ റബര്‍ കട്ടെടുത്ത കായം കുളം കൊച്ചുണ്ണി ..ഇവന്‍ കള്ളനാണ് ...ഇവനെ നോക്കി എല്ലാവരും കൊഞ്ഞനം കുത്തടാ "   എന്ന് പറയും .
അതുകേട്ടു ഉത്സാഹത്തോടെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ആ പെരുംകള്ളനെ നോക്കി കൊഞ്ഞനം കുത്തും ..അവനെ കൊഞ്ഞനം കാട്ടുന്നു എന്ന വ്യാജേന ചില വിരുതന്മാര്‍ ശുഭാകരന്‍ സാറിന്റെ നേരെയും കൊഞ്ഞനം കുത്തി  ആത്മ സംതൃപ്തി അടയും .

അധ്യാപകര്‍ വരാത്ത ക്ലാസുകളില്‍ നുഴഞ്ഞു കയറി മിന്നല്‍ ആക്രമണം നടത്തി കുട്ടികളോട് പാഠപുസ്തകങ്ങളിലെ
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു പീഡിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു  പരിപാടി. ക്ലാസില്‍ വര്‍ത്തമാനം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട്, ഓഫീസ് റൂമിലേക്ക്‌ പോവുകയും അവിടെ ചെല്ലാതെ വാതിലിനു മറയില്‍ ഒളിഞ്ഞു നിന്നു വര്‍ത്തമാനം  പറയുന്നവരെ കണ്ടു പിടിച്ചു ചെവിയില്‍ പിച്ചിത്തൂക്കുക, തുടയില്‍ നുള്ളിതിരുമ്മി  തൊലി പൊട്ടിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും   ക്രൂര വിനോദങ്ങളും     നടപ്പാക്കി അദ്ദേഹം . സാര്‍ ക്ലാസ്സില്‍ വന്നാല്‍ ആകപ്പാടെ ഒരു കണ്ഫ്യുഷനാണ് ഞങ്ങള്‍ക്ക്
കോങ്കണ്ണ് അദ്ദേഹത്തിനാനെങ്കിലും അതുമൂലമുള്ള മാനഹാനിയും ശാരീരിക പീഡനങ്ങളും ഞങ്ങള്‍ പാവം കുട്ടികളാണ്
അനുഭവിച്ചു പോന്നത് .

ആദ്യം ഞാന്‍ ,രണ്ടാമത് ദിലീപ് മൂന്നാമത് പ്രദീപ്‌ ,നാലാമന്‍ സ്കന്ദന്‍ .അഞ്ചാമന്‍ വിനോദ് എന്നിങ്ങനെയാണ് മുന്‍ നിര ബെഞ്ചിലെ ഹാജര്‍ .ഏതെങ്കിലും ഒരു പരട്ട ചോദ്യം ചോദിച്ചിട്ട് മുന്‍ ബെഞ്ചിലേക്ക് നോക്കി അദ്ദേഹം  "നീ..."എന്ന് പറയുമ്പോള്‍ ആ ബെഞ്ചിലെ എല്ലാവരും കൂടി സ്വിച്ചിട്ട പോലെ എഴുനേറ്റു നിന്നു ഉത്തരം    തപ്പിപ്പിടിക്കേണ്ട    ഗതികേടിലാകും.
      കാരണം, ആരോടാണ് അദ്ദേഹം ചോദ്യം ചോദിച്ചതെന്ന് കണ്ടു പിടിക്കാന്‍ ഒരു നിവൃത്തിയും ഇല്ല.!
ഒരിക്കല്‍ സ്കൂളിനടുത്തെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ വെടി പൊട്ടുന്നത് കേട്ട ‌ ഉടനെ  എന്നോടാണെന്നു തോന്നുന്നു "വെടിമരുന്നു കണ്ടു പിടിച്ചത് ആര്    ? "ആണെന്ന്  ശുഭാകരന്‍ സാര്‍ ചോദിച്ചു. എനിക്ക് വല്ലതും അറിയാമോ !ഞാനല്ലെന്നു മാത്രം അറിയാം !ചിലപ്പോള്‍ ഓട്ടോ റിക്ഷ സ്റ്റാന്റില്‍ ദിവസവും രാവിലെ തലയില്‍ നിറയെ മുല്ലപ്പൂവൊക്കെ  വച്ചു വന്നു നിറചിരിയോടെ  നില്‍ക്കാറുള്ള തങ്കമണി ചേച്ചി ആയിരിക്കുമോ ?ആയമ്മയെ ചിലര്‍ "വെടി തങ്കമണി" എന്നും ,"പറവെടി"  എന്നും  അടക്കത്തില്‍ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് ..ഞാന്‍ ഉത്തരങ്ങള്‍ തപ്പുന്നതിനിടയില്‍
ബഞ്ചില്‍  രണ്ടാമതിരുന്ന ദിലീപിന് തോന്നി സാര്‍ അവനോടാണ് ചോദിച്ചതെന്ന് !അഥവാ  സാറിന്റെ നോട്ടം കിട്ടിയത് ദിലീപിനാണ് .അവന്‍ പിരിഞ്ഞു പിരിഞ്ഞു എഴുന്നേറ്റു നിന്നു പറഞ്ഞു :
"വാസു പ്പിള്ള   "
ഞങ്ങള്‍ട നാട്ടിലെ വെടിക്കെട്ടുകാരനാണ് വാസുപ്പിള്ള.  അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ
നന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട് .
ഉടനെ കോപിച്ചു മുഖം വക്രിച്ചു പിടിച്ചു സാര്‍ ..
:"ഫാ അസത്തെ നിന്നോട് ആരെങ്കിലും ചോദിച്ചോഡാ വകന്തേ ...!"
ഉടനെ മൂന്നാമതിരുന്ന പ്രദീപ്‌ എണീറ്റ്‌ പറഞ്ഞു:   "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ സാര്‍ "
"എടാ ജന്തു നീ അവിട ഇരിയടാ" വീണ്ടും ശുഭാകരന്‍ സാറിന്റെ അലര്‍ച്ച .
ടിം ..എല്ലാവരും കൂടി ഒന്നിച്ചു ഇരുന്നു !
കണ്ഫ്യുഷന്‍ ...കണ്ഫ്യുഷന്‍ ..ആരോടാണ് ഇരിക്കാന്‍ പറഞ്ഞതെന്ന് !! ഫലത്തില്‍ എല്ലാവര്ക്കും കിട്ടി നുള്ളും പിച്ചും തിരുമ്മും!  ഹൌ !!

 പെണ് കുട്ടികളോടാണ് സാറിനു പുന്നാരം കൂടുതല്‍. ഒരിക്കല്‍ ഇമ്പോസിഷന്‍ എഴുതാതെ വന്നതിനു
 ഞങ്ങളുടെ ക്ലാസിലെ പത്രാസുകാരി ശ്രീദേവിയേയും, അനിതയേയും ഒക്കെ ശുഭാകരന്‍ സാര്‍ നിര്‍ത്തി പൊരിക്കുന്നത് കണ്ടു ഞങ്ങള്‍ ഊറിച്ചിരിച്ചു
"ഓ...അവളുടെ മോന്തായം കണ്ടില്ലേ അസത്ത്!!" ആ സമയത്തെ സാറിന്റെ മുഖം കണ്ടാല്‍ പട്ടി പോലും പിന്നെ വെള്ളം കുടിക്കില്ല .അത്ര പുച്ഛ  രസമാണ്‌  ആ തിരുമുഖത്തു വിളയാടുന്നത്!
   വായാടിയുടെ നായ്കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. പേടികൊണ്ടാണേ...
ഞങ്ങളുടെ ഏഴു ബി ഡിവിഷന്‍റെ ഐശ്വര്യമായ ഡേവിഡ്  സാര്‍  ഇല്ലാതെ വരുമ്പോള്‍ ആ പിരിയഡുകള്‍ ശുഭാകരന്‍ സാറിന്റെ ഏഴ് സിയുമായി കൂട്ടിക്കലര്‍ത്തി  എടുക്കുന്ന പതിവും ഉണ്ടായിരുന്നു .പഠിപ്പിക്കല്‍ അല്ല പീഡിപ്പിക്കല്‍  ആയിരുന്നു അപ്പോള്‍ നടന്നു വരാറ്! ഇന്ത്യന്‍ പട്ടാളം പാകിസ്താന്‍ ക്യാമ്പില്‍ അകപ്പെട്ട അവസ്ഥ !
അതിഥികളായ ഞങ്ങള്‍ പാവപ്പെട്ട ഏഴു ബിക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പണിയായിരുന്നു അദ്ദേഹത്തിനു.
ഏഴു സി പണക്കാരുടെയും അഹങ്കാരികളുടെയും പുസ്തകപ്പെട്ടി  ഉള്ളവരുടെയും ക്ലാസ്സായിരുന്നു . അവര്‍ക്ക് എല്ലാം ഉണ്ടായിരുന്നെങ്കിലും കോങ്കണ്ണന്‍ സാറിന്റെ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് മാത്രം ഒരു മാനക്കേട്‌ പോലെ അവരുടെ ക്ലാസ്സിനു മുന്നില്‍ തൂങ്ങിക്കിടന്നു ! സത്യത്തില്‍ വകന്തകളും മൂശേട്ടകളും ഏഴു സി ക്കാരായിരുന്നു എന്ന് അവിടെ പാട്ടായിരുന്നു .
അവര്‍ക്ക് മേശവിരിപ്പ് പോലെയുള്ള ആഡംബരങ്ങളും ഉണ്ടായിരുന്നു..
ആ മിക്സഡ്‌ പിരീഡില്‍  ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ ആര്‍ക്കും   ഉത്തരം പറയാന്‍ പറ്റാത്ത   ഒരു ചോദ്യം സാര്‍  ചോദിക്കും..എന്താണെന്നോ ?
 "മേശ വിരി ഉള്ള ക്ലാസ്സേതു ?"
പെട്ടെന്ന്  പെരുവഴിയില്‍ വച്ചു ഉടുതുണി നഷ്ടപ്പെട്ടവരെ പോലെ     ഞങ്ങള്‍  ഇളിഭ്യരായി ഇരിക്കുമ്പോള്‍ ഞങ്ങളുടെ ആജന്മ ശത്രുക്കളുടെ ഉത്തരം ഇടിമുഴക്കം പോലെ  വരും:
 "ഏഴു സി "
"വെള്ളിയാഴ്ച   മീറ്റിംഗ് നടത്തുമ്പോള്‍ കേക്കും ചായേം വിതരണം ചെയ്ത ക്ലാസ് ഏതു ?" അടുത്ത കുത്ത് !
"ഏഴു സി "      വീണ്ടും പാകിസ്ഥാന്റെ ഇടിമുഴക്കം !!
ചമ്മി നാറി ഞങ്ങള്‍ ആ പിരീഡു തീരും വരെ ചുളുങ്ങി കൂടി അവിടെ കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ആ നാണക്കേട്‌ മാറ്റാന്‍ പിറ്റേന്ന് തന്നെ ക്ലാസ്സില്‍ പിരിവു നടത്തി പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള തോപ്പും പടി വരെ നടന്നു
പോയി മേശവിരി വാങ്ങി ക്ലാസ്സില്‍ കൊണ്ടുവന്നിട്ടെ ഞങ്ങള്‍ അടങ്ങിയുള്ളു .
മേശവിരിഏതു കടയില്‍ കിട്ടുമെന്ന് അറിയാത്തതിനാല്‍ ഓരോ കടയിലും തിരക്കി തിരക്കിയാണ് ഞങ്ങള്‍ നടന്നു നടന്നു തോപ്പുംപടിയിലെ ഞങ്ങളുടെ മാനം രക്ഷിച്ച ആ കട കണ്ടു പിടിച്ചത് !
ഞങ്ങള്‍ പത്തിലൊക്കെ ആയപ്പോള്‍ സാറന്മാര്‍ ഒക്കെ മാറി .ഞങ്ങളും കുറച്ചൊക്കെ മാറി .പൊടിമീശയോക്കെ വരാന്‍ തുടങ്ങി ട്രൌസറില്‍ നിന്നു മുണ്ടിലേക്ക് മാറി. ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് ക്ലാസ് കട്ടു ചെയ്തു   ചേര്‍ത്തല
ചാരങ്ങാട്ടു തീയറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി .നൂണ്‍ ഷോ...
നല്ല "എ "    ക്ലാസ്സ് പടമാണ് .ന്ന് വച്ചാല്‍ നല്ല ഒന്നാം തരം എന്ന് !!!

 മീശയൊക്കെ കിളിച്ചു വരാന്‍ തുടങ്ങിയത് കൊണ്ടു സിഗരട്ട് വലിയും ആഘോഷമായി നടക്കുന്നുണ്ട്.
സ്ക്രീനില്‍ കെട്ടിമറിയുന്ന അനുരാധയും ടി ജി രവിയും. .കെ എസ് ഗോപാലകൃഷ്ണന്‍ എന്ന  എ ക്ലാസ് സംവിധായകന്റെ സര്‍ഗ സൃഷ്ടി കണ്ടു ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു ഇരിപ്പാണ് .മുന്നില്‍ തലയില്‍ തുണിയിട്ട ഒരു കാര്‍ന്നോരെ കണ്ടു ആദ്യം ഞങ്ങള്‍ പതുങ്ങിയെങ്കിലും കഥ മുറുകിയപ്പോള്‍  അതൊക്കെ മറന്നു.

ഇടയ്ക്ക് സിഗരട്ട് ആഞ്ഞു ആഞ്ഞു വലിച്ചു ഞങ്ങള്‍ പൌരുഷം വിളംബരം ചെയ്തും സീനുകളുടെ എരിവും പുളിയും അനുസരിച്ച് ട്രെബിളും ബാസ്സും മാറ്റി മാറ്റി വളിപ്പ് കമന്റുകള്‍ അടിച്ചു  വിട്ടും കാഴ്ച കൊഴുപ്പിച്ചു .

പടം തീര്‍ന്നു പുറത്തിറങ്ങി ഞങ്ങള്‍ തെക്കുവടക്ക് ശ്രദ്ധിക്കാതെ വലിച്ചു വിടുമ്പോള്‍  മുന്നില്‍ തീയറ്ററില്‍ ഇരുന്ന തലേമുണ്ടുകാരന്‍ മുന്നേ നടക്കുന്നു ..ആ നടപ്പിനും  ,  പിന്‍ഭാഗത്തിനും ഒക്കെ    ഡേവിഡ് സാറിന്റെ   ഒരു മുഖ ച്ഛായ!  വെറും  ച്ഛായ  അല്ല ! ഡേവിഡ്  സാര്‍  തന്നെ!! .
തീയറ്റര്‍ വളപ്പിനുള്ളില്‍ വച്ചു തന്നെ എല്ലാവര്ക്കും എല്ലാം മനസിലായി.
പെട്ടെന്ന് ഡേവിഡ് സാര്‍ ഞങ്ങളുടെ ക്ലാസിലെ പേടിത്തൊണ്ടന്‍ അപ്പുവിനെ പോലെ പറഞ്ഞു "
ഞാന്‍ ..ഇവിടെ ട്രഷറിയില്‍ ബില്ലുമാ..റാ ന്‍ ,, നിങ്ങളെന്താ ഇവിടെ ?"
"അത്  സാര്‍ ഞങ്ങള്‍ ഇവിടെ ഗൈഡു വാങ്ങാന്‍ ..." ഞങ്ങളും പറഞ്ഞൊപ്പിച്ചു !

വീണ്ടും വര്‍ഷങ്ങള്‍ പറന്നു പോയി .
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു ഞങ്ങള്‍  അരൂരില്‍  ഒരു പാരലല്‍  കോളേജു തുടങ്ങി "പാഠശാല "അതായിരുന്നു പേര്.
ഞാന്‍ ഇന്ഗ്ലിഷ് മാഷായി.  നിറയെ ശിഷ്യ സുഹൃത്തുക്കള്‍ . ഒരിക്കല്‍     സ്റ്റാഫ്  റൂമില്‍   തനിച്ചിരുന്നു  പുറത്തെ തളര്‍ന്ന   വെയിലിനെ നോക്കി     എന്തോ ആലോചിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍
 ഗേറ്റ് കടന്നു വരുന്നു പഴയ ഗുരുനാഥന്‍... ഡേവിഡ്സാര്‍‍ !!!.
കഴിഞ്ഞ  ദിവസം ക്ലാസ്സ് കട്ടു ചെയ്തു ഉച്ചപ്പടം കാണാന്‍ പോയതിനു
 രക്ഷ കര്‍ത്താവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു    ഞാന്‍ ക്ലാസ്സില്‍ നിന്നു  ഇറക്കി വിട്ട സാമ്സനും ഉണ്ട് കൂടെ .
സാറിനെ കണ്ട പാടെ ഞാന്‍ എണീറ്റ്‌ അദ്ദേഹത്തിനായി കസേര നീക്കിയിട്ടു. അദ്ദേഹം ഇരുന്നില്ല .
"സാര്‍  ഇതെന്റെ മകനാണ് സാംസന്‍ ..." അദ്ദേഹം എന്‍റെ ശിഷ്യനെ ചൂണ്ടി പറഞ്ഞു..
ഞാന്‍   ഒന്ന് പകച്ചു , സംശയിച്ചു !   അദ്ദേഹത്തിനു എന്നെ മനസിലായില്ലേ ?!!
" സാര്‍ ഞാന്‍ "                  
ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചു
 ".അറിയാം.......            രമേശ്‌ അല്ലേ ..അധ്യാപകരെ പ്രായം നോക്കാതെ ബഹുമാനിക്കണം എന്നാ പ്രമാണം "
.അദ്ദേഹം പറഞ്ഞു .
പിന്നെ മകന്റെ സ്വഭാവ ദൂഷ്യത്തെ ക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചും   ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു . .

പോകാന്‍ നേരം ഡേവിഡ്  സാര്‍       സാംസനെ ചൂണ്ടി കാണിച്ചിട്ട്    എന്നോട് പറഞ്ഞു .
"സാര്‍ ഇവനെ ഒന്ന് ഉപദേശിക്കണം ..."
എനിക്ക് ചിരിവന്നു ..പണ്ട് അനുരാധപ്പടം കാണാന്‍ വന്ന   തലേ മുണ്ടുകാരന്റെ ചമ്മിയ ഓര്‍മയും !
പറ്റിയ പാര്ട്ടിയോടാണ് ശുപാര്‍ശ, ഇങ്ങേര്‍ക്ക് ഓര്‍മക്കേടും ഉണ്ടോ ന്റീശ്വരാ ..ഞാന്‍ മനസ്സില്‍
ചോദിച്ചു : സാറിന്റെയല്ലേ ശിഷ്യന്‍ .ഉപദേശത്തിനു നല്ല ആത്മാര്‍ഥത ഉണ്ടാകും !! ഹി.. ഹി
"ഇവന് സിഗരട്ട് വലിയും ചീത്ത സിനിമ കാണലും ച്ചിരി കൂടുതലാണ് "
അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും  ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ ?
ഞാന്‍ സാംസനെ നോക്കി മനസ്സില്‍ പറഞ്ഞു അത് പിന്നെ അങ്ങിനെയല്ലേ വരൂ ..

" ഇവന്‍ ‍ ആരുടെയാ മോന്‍ !!! "
"വിത്ത്‌ ഗുണം പത്തു ഗുണം "


വാല്‍ക്കഷണം : കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന ശുഭാകരന്‍ സാറിന്റെ വീട്ടില്‍ നാട്ടിലെ ഓണാഘോഷപ്പിരിവിനായി ഞങ്ങള്‍ പഴയ മൂന്നു ശിഷ്യര്‍ ചെന്നു. ഞങ്ങളെ കണ്ട പ്പോള്‍ അദ്ദേഹത്തിന്‍റെ  മുഖം വിടര്‍ന്നു.   പിരിവു ചോദിക്കുന്നതിനു മുന്‍പാണ് കേട്ടോ. വയസായിരിക്കുന്നു !കോങ്കണ്ണിനു  മാത്രം ഒരു മാറ്റവുമില്ല ! കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എന്നോടാണ് എന്നോടാണ് എന്ന് കരുതി എല്ലാവരും മത്സരിച്ചു കയറി ഇരുന്നു . "നീ ഇപ്പോള്‍ എവിടെയാണ് ?" സാര്‍ ചോദിച്ചു. "പത്രത്തില്‍ ആണ് "  രണ്ടാമനായ ഞാന്‍ മറുപടി പറഞ്ഞു ." നിന്നോടോന്നും ചോദിച്ചില്ലല്ലോടാ ,എന്ന് സാര്‍ . "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന് മൂന്നാമനും! ഇതോടെ ആ വീട്ടിലെ പിരിവു ഗോവിന്ദ ആയി !

80 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Villagemaan പറഞ്ഞു...

നല്ല ഗുരുദക്ഷിണ !
നന്നായി ആസ്വദിച്ചു കേട്ടോ..!

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

"ആയമ്മയെ ചിലര്‍ "വെടി തങ്കമണി" എന്നും ,"പറവെടി" അടക്കത്തില്‍ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട്"
അത് കലക്കി....ഈ വെടി എന്താ വെടി എന്താ എന്ന് കുറെ പേരായി ചോദിക്കുന്നു....ലോകത്തിലെ എല്ലാ വെടികളുടെ പേരും തങ്കമ്മ, തങ്കമണി എന്നൊക്കെ ആണോ....

"അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ നാന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട്"
ഇതിനു ഞാന്‍ കമന്റുന്നില്ല...ദ്വയാര്‍ത്ഥം ആയാലോ???...ഹ ഹ...

വായിച്ചു രസിച്ചു....ഡേവിഡ് സാറിനെയാ കൂടുതല്‍ ഇഷ്ടപ്പെട്ടത്....

ശ്രീനാഥന്‍ പറഞ്ഞു...

നല്ല രസകരമായി പറഞ്ഞു പഴയ സ്കൂൾ വിശേഷങ്ങൾ. വലിയ അടിക്കാരായിരുന്ന മാഷന്മാർ, ബദ്ധവൈരികളായിരുന്ന ക്ലാസുകൾ .. രമേശ് പറഞ്ഞതു പോലെ തന്നെയായിരുന്നു എന്റെ അനുഭവവും, തുടയിൽ പേനയുടെ നിബ്ബു ചേർത്ത് പിച്ചി സ്വർഗ്ഗം കാണിച്ചു തന്നിരുന്ന ഒരു ഗുരുനാഥനെ ഓർത്തു പോകുന്നു! രമേശ് പറഞ്ഞത് പഴയകാലത്തെ ഒത്തിരിപ്പേരുടെ സ്ക്കൂൾ അനുഭവമാണ്, വളരെ നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

നന്നായി രസിപ്പിച്ചു .
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...

ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

രമേശ് ഭായ്...."കുരു ദക്ഷിണ"
ആഹാ....മനോഹരം
വെടിമരുന്ന് കണ്ടു പിടിച്ചതാര്...?
ഹോ അതു കഴിഞ്ഞുള്ള ഭാഗങ്ങള്‍ ചിരിച്ച് പണ്ടാറടങ്ങി...
കുറച്ച് നേരത്തേക്ക് മനസ്സു കൊണ്ട് ഞാനും നിങ്ങളുടെ കൂടെ ഏഴ് ബി വിദ്യാര്‍ത്ഥിയായി...
---------------------------------
ചാണ്ടിച്ചായാന്‍ കോട്ട് ചെയ്ത ദേ "അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ നാന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട്" ഇതുണ്ടല്ലോ...
ഇതിനു സമാനമായ ഒരു സംഭവം മനസില്‍ ഓടിയെത്തി...
അത് പോസ്റ്റാക്കിയാല്‍ നിങ്ങളേല്ലാരും കൂടി എന്റെ പോസ്റ്റാക്കും

വീ കെ പറഞ്ഞു...

നന്നായിരിക്കുന്നു രമേശ് ഭായ്...!!
‘മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലൊ...!!‘

ആശംസകൾ....

x clusive പറഞ്ഞു...

valre nnnayittundu
balyakalathile pal kusrititharangalum ormavarunnu/vedi marunnu kandu pidicha vasu pilla ippozhumundo sir?

x clusive പറഞ്ഞു...

valare nannayittundu.

Raman പറഞ്ഞു...

rasakaramyi avatharippichirikkunnu. Nice

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഈ അരൂരിന്റെ അരുമ ശിഷ്യൻ ഒരു ‘കുരു ദക്ഷിണയുമായി‘ ഓടിനടക്കുന്നത് തങ്കമണിയും,വാസുപ്പിള്ളയുമൊന്നുമില്ലാത്ത എന്റെ വെടിക്കെട്ട് പുരയിലിരുന്ന് ഞാൻ കണ്ടതായിരുന്നുവെങ്കിലും ഇന്നാണ് മൂപ്പരുടെ ഗുരുക്കന്മാർക്കുള്ള ദക്ഷിണ കണ്ടത്...!

ശരിക്കും വാ..പൊളിച്ചു പോയി...ഇതിനുള്ളിലെ മാസ്മരികതകൾ കണ്ടിട്ട്....!!

ഭായിയുടെ ഇതുവരെയുള്ള പോസ്റ്റുകളിൽ ഏറ്റവും മികച്ചത് എന്ന് ഞാനിതിനെ വിശേഷിപ്പിച്ചുകൊള്ളട്ടേ....കേട്ടൊ

രമേശ്‌അരൂര്‍ പറഞ്ഞു...

@വില്ലേജ് മാന്‍ :എന്റെ കുരുദക്ഷിണയുടെ പങ്കു പറ്റാന്‍ ഏറ്റവും മുന്നേ ഓടിവന്ന വില്ലേജു മാനെ ..മാനെ ..വിളികേള്‍ക്കു ...താങ്കള്‍ക്കു ഒരായിരം ചടു ചമ്ബനങ്ങള്‍(തങ്കമണി ചേച്ചി വക)
@ചാണ്ടിക്കുഞ്ഞ്:ചാണ്ടി കുഞ്ഞേ ..ഞാന്‍ താങ്കളെ പോലെ ദ്വയാര്തവും ത്രയാര്തവും ഒന്നും പറയുന്നില്ല .ഞാന്‍ ആകെ ഉള്ള അര്‍ഥം തന്നെയാണ് പറഞ്ഞത്.സത്യത്തില്‍ ഈ വെടി എന്ന് പറഞ്ഞാല്‍ നമ്മുടെ അമ്പലത്തിലും പള്ളീലും ഒക്കെ പൊട്ടിക്കുന്നത് തന്നെയല്ലേ ? അതോ വേറെ വല്ല അര്‍ത്ഥവും ഉണ്ടോ ? തങ്കമണി ചേച്ചിയോട് ചോദിക്കാന്‍ എനിക്ക് നാണ മാ ...പിന്നെ ആ വാണം എന്ന് പറഞ്ഞാല്‍ എന്താ ? അതിനും ഉണ്ടോ ഇനി വേറെ വല്ല അര്‍ത്ഥവും ??
@ശ്രീനാഥന്‍ മാഷെ :ഉള്ളില്‍ നല്ല സ്നേഹം ഉള്ള മാഷുമാരായിരുന്നു കേട്ടോ ഇരുവരും.നമ്മള്‍ മാഷുമാര്‍ ആയപ്പോളല്ലേ അവരുടെ നന്മ മനസിലായത് ..
@ഇസ്മയിലെ :നന്മയുള്ള അഭിപ്രായത്തിന് നന്ദി :)
റിയാസ് ഭായി അടുത്തപോസ്റ്റ് വാണം വിടല്‍ ഓര്മ തന്നെ ആക്കിക്കൊള്ളു..ബൂലോകം മുഴുവന്‍ വെടിക്കാരെയും വാണം വിടല്‍ കാരെയും കൊണ്ട് നിറയട്ടെ..
@വിക്കെ മത്ത കിടത്തിയാല്‍ കുമ്പളം മുളക്കുന്ന കാലമാ ഇത് ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..
@എക്സ് ക്ലുസിവ് :ആദ്യമായി മരുഭൂമികള്‍ സന്ദര്‍ശിക്കാന്‍ വന്നതിനു നന്ദി .ധനസുമോ ദേ..നിനക്ക് സുഖമാണോടാ? അഭിപ്രായം അറിയിച്ചതിനു നന്ദി ..സന്തോഷം ...
@രാമന്‍ :(അതോ രമണ്‍?)ആദ്യ വായനയ്ക്ക് വന്നതില്‍ അതിയായ സന്തോഷം ..ഇനിയും വരുക ...

രമേശ്‌അരൂര്‍ പറഞ്ഞു...

മുരളിച്ചേട്ടന്റെ അഭിപ്രായം വലിയ ബഹുമതിയായി സ്വീകരിക്കുന്നു.ചേട്ടന്റെ നല്ല വാക്ക് വായിച്ചു എനിക്ക് സന്തോഷം അടക്കാന്‍ പറ്റുന്നില്ല ..ഞാന്‍ ഇപ്പം മരിച്ചു പോകുമേ ..വാസുപ്പിള്ളെടേം തങ്കമണി ചേച്ചീടേം നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സന്തോഷ വാര്‍ത്ത ഇപ്പൊ തന്നെ ഞാന്‍ വിളിച്ചു പറഞ്ഞേനെ ..പിന്നെ രണ്ടു വിസ സംഘടിപ്പിക്കമെങ്കില്‍ ഈ രണ്ടു വെടിക്കരെയും ഞാന്‍ ലണ്ടനിലേക്ക് വിടാം..ചേട്ടന് തട്ടീം മുട്ടീം ഇരിക്കാമല്ലോ വാസു പിള്ളയെ തഴഞ്ഞാലും ..ചേട്ടന്‍ തങ്കമണി ചേച്ചിക്കായി വിസ സംഘടിപ്പിക്കും എന്ന് എനിക്കുറപ്പാ ..:)

jazmikkutty പറഞ്ഞു...

ഗുരു ദക്ഷിണ ,'കുരു ദക്ഷിണ' ആയതിന്റെ ഗുട്ടന്‍സ് ഇതാണല്ലേ? നല്ല രസമുണ്ടായിരുന്നു വായിക്കാന്‍..
കോങ്കണ്ണന്‍ സാറിന്റെ ആരോടെന്നില്ലാത്ത ചോദ്യം ഒത്തിരി ചിരിപ്പിക്കുകയും ചെയ്തു. എന്നാലും രമേശ്‌ സാറേ ഗുരു ദക്ഷിണ ഇങ്ങനെ തന്നെ വേണം!!!

Vayady പറഞ്ഞു...

"വായാടിയുടെ നായ്കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. പേടികൊണ്ടാണേ"

ഹ..ഹ..ഹ അപ്പോള്‍ എന്നെ പേടിയുണ്ട്. എനിക്ക് സന്തോഷായി പൊറിഞ്ചുവേട്ടാ...സന്തോഷായി. :D

Vayady പറഞ്ഞു...

അപ്പോള്‍ ചാരങ്ങാട്ടു തീയറ്ററില്‍ ബില്ലും മാറാം, ഗൈഡും വാങ്ങാം‍, സിനിമേം കാണാം. ഒരു വെടിക്ക് എത്ര പക്ഷികളാണ്‌!! അടിപൊളി പോസ്റ്റ്. സ്കൂള്‍ ജീവിതം രസകരമായി വിവരിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി കുട്ടിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോയി..:(

ചെറുവാടി പറഞ്ഞു...

നിങ്ങളെയൊക്കെ ഒരു ഭാഗ്യമേ. നമ്മളെ സ്കൂളിനടുത്ത്‌ ഇതുപോലുള്ള തീയേറ്റര്‍ ഒന്നും ഇല്ലാതെപോയത് ഞങ്ങളെ ഭാഗ്യമോ അതോ അധ്യാപകരുടെ ഭാഗ്യമോ? അല്ലേലും ചില കാര്യങ്ങളില്‍ വലുപ്പ ചെറുപ്പം നോക്കരുത്.
ഒരു സ്കൂള്‍ കാലം , അവിടത്തെ തമാശകള്‍, അധ്യാപകര്‍, ചുറ്റുവട്ടം എല്ലാം എന്ത് രസകരമായി പറഞ്ഞിരിക്കുന്നു. ഇതൊത്തിരി ഇഷ്ടായി.

elayoden പറഞ്ഞു...

രമെശേട്ടാ, ഞാന്‍ രണ്ടോ മൂന്നോ ദിവസമേ ആയിട്ടൊള്ളൂ നിങ്ങളുടെ ബ്ലോഗ്‌ കാണാന്‍ തുടങ്ങിയിട്ട്. ഓരോന്നോരോന്നായി വായിക്കുന്നു. വായിക്കും തോറും നിങ്ങളോടൊരു ബഹുമാനം കൂടുന്നു.

ശുഭാകരന്‍ മാഷെ പോലെ ഞങ്ങള്‍ക്കും ഒരു മാഷുണ്ടായിരുന്നു. ദാനിയല്‍. മൂപ്പര്‍ ആരെ നോക്കുന്നതെന്നറിയില്ല, കോങ്കണ്ണ. പോരാത്തതിന് കണ്ണടയും. മൂപ്പരെ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ ഇരിക്കാന്‍ കുട്ടികല്ല്ക്ക് മടിയാ.. കാരണം സംസാരത്തിനൊപ്പം അത്യാവശ്യം തുപ്പലും തെറിക്കും..........
ആശംസകള്‍... ഇനിയും പടവുകള്‍ കയറെട്ടെ എന്ന പ്രാര്‍ഥനയോടെ..

haina പറഞ്ഞു...

:)

faisu madeena പറഞ്ഞു...

ഞാന്‍ ആ ഏഴു സിക്കാരുടെ കൂടെയാ ....!!!


നേരിട്ട് പോയില്ലെങ്കിലും മനസ്സ് കൊണ്ട് ഇന്ന് സ്കൂളില്‍ പോയി ...താങ്ക്സ് രമേശേട്ടാ ..

സിദ്ധീക്ക.. പറഞ്ഞു...

താങ്കളുടെ ഒരു നല്ല സരസമായ പോസ്റ്റ്‌ എന്ന് തന്നെ വിശേഷിപ്പിക്കട്ടെ ..ഡേവിഡ് സാറിനെ വല്ലാതെ പിടിച്ചു ...ആശംസകള്‍

ഷിമി പറഞ്ഞു...

‘കുരുദക്ഷിണ’ എന്നു പരസ്യം കാണാന്‍ തുടങ്ങിയിട്ടു കുറച്ചായി ക്ഷമകെട്ടിരിക്കുന്നു. ബാല്യകാലസ്മരണകള്‍ + നര്‍മ്മം ആയതുകൊണ്ട് പടം ഹിറ്റായി തീയറ്റര്‍ നിറഞ്ഞുകവിഞ്ഞൊഴുകി.

രമേശ്‌അരൂര്‍ പറഞ്ഞു...

@ ജാസ്മികുട്ടീ ..കോങ്കണ്ണന്‍ സാറിന്റെ നോട്ടത്തിനു ഒരു ലക്‌ഷ്യം ഒക്കെ ഉണ്ടായിരുന്നു.ഞങ്ങള്‍ക്കത് മനസിലായില്ല എന്നെ ഉള്ളു .ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം .
@ വായാടി ഞാന്‍ കരുതി വല്യ ഗമ ആയിരിക്കുമെന്ന് ,,വൈകിയാണെങ്കിലും പറന്നു വന്നല്ലോ ..@വായാടി :ഒരിക്കല്‍ കൂടി കുട്ടിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോയി..:( ആരാ പറഞ്ഞത് വലുതായെന്നു ??!!
ഉവ്വോ അങ്ങനെ തോന്നുന്നുണ്ടോ ?:)

രമേശ്‌അരൂര്‍ പറഞ്ഞു...

@ചെറുവാടീ..കുരുദക്ഷിണ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം ..ഇത്തരം എത്രയെത്ര ഓര്‍മ്മകള്‍ ഉണ്ടെന്നോ എന്റെ പഠനകാലത്ത്‌ ..കരച്ചില്‍ വരുന്ന സംഭവങ്ങളാണ് അധികവും.സമയം പോലെ എഴുതാം ..നിങ്ങളുടെയൊക്കെ സ്നേഹത്തിനു നന്ദി ...
@ഇളയോടാ...ബ്ലോഗില്‍ തുടര്‍വായന നടത്തുന്നു എന്നറിഞ്ഞു ഞാന്‍ വളരെ സന്തോഷിക്കുന്നു..എല്ലാ ബ്ലോഗിലൊന്നും പോകാന്‍ എനിക്ക് സമയം കിട്ടാറില്ല..ബഹുമാനം പോകാതെ ഞാന്‍ സൂക്ഷിച്ചോളാം..ഇനിയും ഇഷ്ടം പോലെ വന്നു സ്വന്തം ബ്ലോഗ്‌ ആണെന്ന് കരുതി വായിച്ചോള്
@ ഹൈനക്കുട്ടി നിന്റെ ചിരിയുടെ അര്‍ഥം എനിക്ക് പിടികിട്ടിയില്ലല്ലോ ..ഇഷ്ടപ്പെട്ടു എന്ന് വിചാരിച്ചോട്ടെ..അതോ മാറ്റി എഴുതണോ
@എടാ ഫൈസു :മനുഷേന്ട മക്കള്‍ ആരെങ്കിലും ഏഴു സി യില്‍ പഠിക്കുമോ ?
എനിക്കിന്നും ഏഴു സി എന്ന് കേട്ടാല്‍ കലിവരും ..നീ അല്ലെങ്കിലും ശുജായികളുടെ കൂട്ടുകാരന്‍ ആണല്ലോ !
@ സിദ്ദിക്ക് ഭായി എന്റെ ഗുരുദക്ഷിണ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷിക്കുന്നു..ഡേവിഡ് സാറിനെ വേണമെങ്കില്‍ അങ്ങോട്ട്‌ വിടാം .ബഡായികള്‍ കേള്‍ക്കാം ..സിനിമക്ക് പോകാം (എ )ഒണ്‍ലി
@ ഷിമി :അത് പരസ്യം ഒന്നും അല്ലായിരുന്നു.എഡിറ്റിങ്ങിനിടയില്‍ അറിയാതെ പോസ്റ്റ് ആയതാ ..വിശ്വാസം പോരാത്തത് കൊണ്ട് ..ഡ്രാഫ്റ്റില്‍ ഇട്ടു.ഇന്ന് ലാസ്റ്റ് മിനുക്കുപണി നടത്തി രണ്ടും കല്‍പ്പിച്ചു പൂശി..അത്ര തന്നെ..ഇഷ്ടപ്പെട്ടു അല്ലെ ..സന്തോഷായി ...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

സാറിന്റെയല്ലേ ശിഷ്യന്‍ .ഉപദേശത്തിനു നല്ല ആത്മാര്‍ഥത ഉണ്ടാകും !! ഹി.. ഹി
ഇനിയ്ക്ക ഈ ഭാഗമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്

sreee പറഞ്ഞു...

സ്വന്തം ക്ലാസ്സ്‌ ടീചെര്‍ക്കൊപ്പം പടം കാണാന്‍ പറ്റിയില്ലേ ,പിന്നെ സാറിന്റെ മോനെ പഠിപ്പിക്കാനും കിട്ടി . ഇനി എന്ത് വേണം . പണ്ടൊക്കെ എല്ലാ അധ്യാപകരും 'സ്ഫടിക'ത്തിലെ ചാക്കോ മാഷിനെ പോലെ ദേഷ്യക്കാര്‍ ആയിരുന്നില്ലേ , ഇപ്പോള്‍ അങ്ങനൊന്നും അല്ല , കേട്ടോ .രസകരമായ പോസ്റ്റ്‌.

ഹംസ പറഞ്ഞു...

ഹ ഹ ഹ... ഇത് ഒരു ഒന്ന് ഒന്നര പോസ്റ്റാണല്ലോ...
ഗുരുദക്ഷിണ കലക്കിയിട്ടുണ്ട്... ഉച്ചപ്പടം കാണാന്‍ കയറുമ്പോള്‍ തലയില്‍ മുണ്ടിട്ട് ഇരിക്കുന്ന മാഷോട് ഉപദേശിക്കാന്‍ പറഞ്ഞാല്‍ ആ ഉപദേശം കെട്ടു വളരുന്ന ശിഷ്യന്‍റെ അവസ്ഥ ഒന്നു ചിന്തിക്കേണ്ടത് തന്നെയാണു......

ഗുരു ദക്ഷിണ കൊടുക്കുമ്പോല്‍ ഇങ്ങനെ കൊടുക്കണം .. ഹ ഹ ഹ

ജുവൈരിയ സലാം പറഞ്ഞു...

കുരുദക്ഷിണ. നന്നായിട്ടുണ്ട്.ആശംസകൾ

ആളവന്‍താന്‍ പറഞ്ഞു...

പോസ്റ്റ്‌ രസകരമായി. പക്ഷെ എനിക്ക് ഒരു ചെറിയ ദേഷ്യം ഉണ്ട്. ഞാന്‍ എഴുതാന്‍ ഇരുന്ന ഒരു സംഭവം ഈ കഥയില്‍ കേറി വന്നു...... അപ്പൊ ഇനി ഞാന്‍ മാറ്റി പിടിക്കണം....!!!

തെച്ചിക്കോടന്‍ പറഞ്ഞു...

കോങ്കണ്ണന്‍ മാഷിന്റെ നോട്ടവും അതിനു മാറിമാറിയുള്ള ഉത്തരങ്ങളും എല്ലാം നല്ലോണം രസിപ്പിച്ചു.
അവസാനം ഉപദേശിക്കാന്‍ ഏല്‍പ്പിച്ച ആളുകൊള്ളാം !

നല്ല പോസ്റ്റ്‌.

പട്ടേപ്പാടം റാംജി പറഞ്ഞു...

ആദ്യമേ ആ സ്കൂളിന്റെ ചിത്രം മനോഹരമായിട്ടുണ്ട്. പുന്തോട്ടം പ്ക്കെയായി.

ഞങ്ങള്‍ക്ക്‌ ഉണ്ടായിരുന്നത് കോല് നാരാണന്‍ മാഷും മങ്കി ടീച്ചറും ആയിരുന്നു. നാരായണന്‍ മാഷ്ക്ക് പൊക്കവും മങ്കി ടീച്ചര്‍ക്ക് മന്കിയുടെ മുഖവും. ഇപ്പോഴും ഓര്‍മ്മയുണ്ട് ആ മുഖങ്ങള്‍. എല്ലാവര്ക്കും ഇത്തരം ഓര്‍മ്മകള്‍ ധാരാളം കാണും. പറവെടി പോലുള്ള പ്രയോഗങ്ങളും ശരിക്ക് പഴ കാലത്തിലേക്ക് കൊണ്ടുപോയി. നന്നായി എഴുതി മാഷേ.
അവസാനം ഉപദേശിക്കാന്‍ ഏല്‍പിച്ചത്‌ ജോറായി.
ഓരോ പ്രായത്തിലും ഉള്ള വികാരങ്ങളും ചിന്തകളും കാലം കഴിയുന്തോറും മാറി വരും. അപ്പോള്‍ പഴയത് ചിന്തിക്കുമ്പോള്‍ നമ്മളും അത്തരം വിക്രുതികളിലൂടെ ആണ് കടന്നു പോന്നതെന്നും തിരിച്ചറിയുമ്പോള്‍ നമ്മള്‍ അവരെ ഉപദേശിക്കാന്‍ അര്‍ഹാരാണോ എന്നാ ചിന്ത വരെ കടന്നു വന്നേക്കാം അല്ലെ മാഷേ.
ഇഷ്ടപ്പെട്ടു.

രമേശ്‌അരൂര്‍ പറഞ്ഞു...

@കുസുമം ..എന്റെ ഗുരു ദക്ഷിണയ്ക്കുള്ള സമയമായിരുന്നു ആ നിമിഷം..കുരു (ത്തം കെട്ടവന്റെ)ദക്ഷിണ ...
sree : ടീച്ചറെ എന്റെ മാഷുംമാര്‍ എല്ലാവരും പിന്നീട് നല്ല കൂട്ടുകാരും ആയിട്ടുണ്ട്‌..അതും ഒരു ഭാഗ്യം തന്നെ...ചിലര്‍ സ്നേഹം കൊണ്ട് എന്നെ കീഴ്പ്പെടുത്തിയിട്ടുമുണ്ട്..ആ കഥകളും എഴുതാം ..
ഹംസക്കാ: നിങ്ങള്ക്ക് ഈ വികൃതി ഇഷ്ടമായതില്‍ സന്തോഷം..ഞാന്‍ മാഷുമാരുടെ ഉപദേശം...കേട്ട് കേട്ടാണ് ഈ കോലത്തില്‍ ആയതു..അവരുടെ അനുഗ്രഹവും കിട്ടി ..
ഇന്ന് എന്റെ മകന്റെ വികൃതികള്‍ കാണുമ്പോള്‍ ഞാന്‍ എന്നിലേക്ക്‌ തിരിഞ്ഞു നോക്കിയതിന്റെ ഫലമാണീ പോസ്റ്റ് ..വളരെ നന്ദി ..

ജുവൈരിയ :അഭിനന്ദനം സ്വീകരിച്ചിരിക്കുന്നു..

ആളവന്‍താന്‍ : ഒരു കാക്കയോടെങ്കിലും പറഞ്ഞു വിട്ടിരുന്നു എങ്കില്‍ ഞാന്‍ ഈ കൊലച്ചതി ചെയ്യില്ലായിരുന്നു.ഏതായാലും മാറ്റി പിടിക്കാന്‍ തീരുമാനിച്ചില്ലേ..നന്നായി പിടിച്ചോ :)
തെച്ചിക്കൊടാ:പിച്ച് കൊടുത്ത് അടിവാങ്ങിയ ആളല്ലേ ..വേദനക്കിടയിലും ഇവിടെ വന്നു ഈ കുരു ദക്ഷിണ ചടങ്ങില്‍ പങ്കുകൊണ്ടതിനു സന്തോഷം ..:)
രാംജി: അഭിപ്രായങ്ങള്‍ക്ക് നന്ദി:മാഷ്‌ പറഞ്ഞ കാര്യങ്ങള്‍ കിറു കൃത്യമാണ് ..ഇന്നത്തെ തല തെറിച്ച പിള്ളേരെ നോക്കി നമ്മള്‍ മൂക്കത്ത് വിരല്‍ വയ്ക്കുമ്പോള്‍ സ്വന്തം ഭൂതകാലം കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും..എന്റെ മകന്‍ എന്നെ അത് പഠിപ്പിക്കുന്നുണ്ട്...അവനാരാ മ്വാന്‍ ..

lally പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lally പറഞ്ഞു...

രമേശ്..........:) :) :)

Muneer പറഞ്ഞു...

കുരുദക്ഷിണ കലക്കി.. സ്ക്കൂള്‍വിശേഷങ്ങളിലൂടെ ബാല്യകാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക്..രസകരമായിരുന്നു അവതരണം..
സത്യത്തില്‍ ഗുരുനാഥന്‍ പഴയ ശിഷ്യനെ ‘സാര്‍’ എന്നു വിളിച്ചതിനു പിന്നില്‍ ഒരു തന്ത്രവും കാണും..പഴയ അബദ്ധം പുറത്തു
പറയാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍.. :)

kARNOr(കാര്‍ന്നോര്) പറഞ്ഞു...

നന്നായി ആസ്വദിച്ചു"വിത്ത്‌ ഗുണം പത്തു ഗുണം "

വിജയകുമാർ ബ്ലാത്തൂർ പറഞ്ഞു...

ഭാഷ നല്ലത്, സുഖവായന..ആദ്യമായാണിവിടം...ബ്ലോഗുലകത്തിൽ ശിശുവാണ് ഞാൻ...കോൺകണ്ണു കഥ സത്യമാണൊ ? പൊടിപ്പും തൊങ്ങലും ചിറകും വച്ച് പറപ്പിക്കുന്നതല്ലെ..ഞങ്ങളുടെ നാട്ടിലെ ഹേഡ് കോൺസ്റ്റബിൾ കോങ്കണ്ണൻ സാർ കസ്റ്റഡിയിലെടുത്ത് കൊസ്റ്റ്യൻ ചെയ്ത മൂന്നു പേരുടെ ഉത്തരവും ഇങ്ങനെയായിരുന്നെന്നൊരു കഥ ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്...രസ രസം നന്ദി ചിരിപ്പിച്ചതിന്

jyo പറഞ്ഞു...

നന്നായി രസിച്ചു.വളരെ നല്ല പോസ്റ്റ്.

mayflowers പറഞ്ഞു...

"കുരുദക്ഷിണ" വരികളില്‍ നര്‍മം വാരി വിതറിയിരിക്കുന്നു..
കണ്ണൂരാനുമായി ഒരു മത്സരത്തിനുള്ള വകയുണ്ടല്ലോ...

ajith പറഞ്ഞു...

രമേഷ്,

മാതാ പിതാ ഗുരുര്‍ ദൈവം

lekshmi. lachu പറഞ്ഞു...

ഗുരുദക്ഷിണ മനോഹരമായി എഴുതിയിരിക്കുന്നു..
അത് വായിക്കുമ്പോള്‍ ഓരോ കഥാപാത്രവും
മനസ്സിലേക്ക് വന്നു..ഒപ്പം പഴയ ക്ലാസ്സ്
മുറികളും ..നന്നായിരിക്കുന്നു മാഷെ
ഈ ദക്ഷിണ..ആശംസകള്‍..
--

salam pottengal പറഞ്ഞു...

School is an "akshaya ghani" for writing. it never dries up.
well written

രമേശ്‌അരൂര്‍ പറഞ്ഞു...

ലാലി ..രമേശ്‌ എന്ന ഈ viliyile
വാര്‍ണിംഗ് ബെല്‍ ഞാന്‍ കേട്ടു ..പിന്നെ കണ്ണിറുക്കി യുള്ള ആ ചിരിയും ishta ppettu ..

@മുനീര്‍ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
@ aah കാര്‍ന്നോരെ ...ഇഷ്ടായെട്ടോ ...നന്ദി

@Vijayakumr:കോൺകണ്ണു കഥ സത്യമാണൊ ?
ബ്ലോഗനാര്‍ kaavil ammayane
blogula mathaavane
സത്യം സത്യം സത്യം
ജ്യോ : സന്തോഷം ..നന്ദി
മേയ്ഫ്ലവര്‍ :അയ്യോ ഞാന്‍ ഒരു മത്സരത്തിനും ആളല്ല ..എല്ലാവരും സന്തോഷമായി പോകാം ..അത്ര തന്നെ
അജിത്‌ ഏട്ടാ ...പറഞ്ഞത് സത്യം ..അവര്‍ക്കും അങ്ങനെ തോന്നണ്ടേ.............
ലെച്ചു ..ഈ അഭിപ്രായം ishtappettu ..ningalkkopkke ishtamaayasthithikku namukkithangu
(ഈ kadha ) neettikkondu പോകാം .........:))
Salaam:valare nandi: aadya vaayanayum abhipraayavum ..santhosham tharunnu .Iniyum vannu prolsaahippikkanam..

അജ്ഞാതന്‍ പറഞ്ഞു...

രമേശേട്ടാ ഉഗ്രന്‍....ആദ്യം മുതല്‍ ചിരിക്കുവാരുന്നു...ഞാന്‍ മുന്നേ പറഞ്ഞതു പോലെ ചിരിക്കാനുള്ള നിമിഷങ്ങള്‍ നിഷേധിക്കപ്പെട്ട എന്നെപ്പോലുള്ളവര്‍ക്ക് ആശ്വാസമാകും....പത്രാസ്സുകാരി ശ്രീദേവി എന്നു പറഞ്ഞത് എന്നെ ഉദ്ദെശിച്ചല്ലാന്നു കരുതണു...

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

ഇതുപോലുള്ള വെടി ഗുണ്ടുകള്‍ ഇനീം പോരട്ടെ
പിന്നെ ഒരു സോകാര്യം മുല്ലപ്പൂവൊക്കെ വച്ചു വന്നു നിറചിരിയോടെ നില്‍ക്കാറുള്ള തങ്കമണി ചേച്ചി ഇന്നലെ സ്വപ്നത്തില്‍ വന്നു

jayarajmurukkumpuzha പറഞ്ഞു...

sangathy rasakaramayi..... aashamsakal....

pushpamgad പറഞ്ഞു...

നന്നായിരിക്കുന്നു എല്ലാം.
ആശംസകള്‍...

ente lokam പറഞ്ഞു...

കൊള്ളാം പിള്ലെരായാല്‍ ഇങ്ങനെ വേണം.ദക്ഷിണ
ഗുരുവിനിട്ടു തന്നെ കൊടുക്കണം.അത് കുരു ആയിട്ട്
കൊടുക്കണം .മാഷ്‌ ആയാലും ഇങ്ങനെ തന്നെ വേണം
കുരുത്തം കെട്ട പിള്ളേരുടെ മാഷ്‌ ആവണം.കുരുത്തം കെട്ട
അപ്പന്മാരുടെ മക്കളെ കിട്ടണം പഠിപ്പിക്കാന്‍....
ഒരു കാര്യം മാത്രം ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് കേട്ടോ
അന്നത്തെ സാറന്മാര്‍ ഇപ്പോഴത്തെ പിള്ളേരെ ഇപ്പൊ പഠിപ്പിച്ചാല്‍
ഒന്നൊഴിയാതെ പീഡന കേസില്‍ അകത്താവും ഉറപ്പ്.പക്ഷെ അന്നത്തെ
തലമുറ പീടിപ്പികപ്പെട്ടിട്ടും നന്നായി .ഇന്നത്തെ തലമുറയോ ?

moideen angadimugar പറഞ്ഞു...

കുരദക്ഷിണ എന്ന ആ പേരില്‍ തന്നെഒരു പ്രത്യേകത തോന്നി.വായിച്ചു നന്നായി ആസ്വദിച്ചു.

രമേശ്‌അരൂര്‍ പറഞ്ഞു...

@ശ്രീക്കുട്ടീ ..ആ പത്രാസുകാരി നീയല്ല :വേറെ ഒരു മൂശേട്ട. നീ പാവം അല്ലെ ..
@ദേ.പപ്പാ .ഞങ്ങട തങ്കമണി ചേച്ചി ആള് ഡീസന്റാ ട്ടോ .. വെറുതെ സ്വപ്നത്തില്‍ vachu
peedippikkaruthu ..

@ജയരാജ് സംഗതി ഇഷ്ടപ്പെട്ടല്ലേ ,,ശ്രുതി undo ? ടെമ്പോ?
@ പുഷ്പംഗാദ് :സന്തോഷം .ഇനിയും വരണം .

@എന്റെലോകം: അന്നത്തെ സാറന്മാരും അന്നത്തെ പിള്ളേരും ..അതാണ്‌ മാച്ചിംഗ് ..ഇന്ന് പറ്റില്ലമ്മോ ,,പറ്റില്ല ..
@മൊയ്തീന്‍ :വളരെ നന്ദി അഭിപ്രായം അറിയിച്ചതിനു ;സന്തോഷം

chitra പറഞ്ഞു...

Ramesh thanks for visiting my posts.My system was not reading Mal. fonts so was getting only like question marks. I was wondering what it was. I shall come back leisurely as I need lot of time to read these fonts.

ഒരു നുറുങ്ങ് പറഞ്ഞു...

"അത് സാര്‍ ഞങ്ങള്‍ ഇവിടെ ഗൈഡു വാങ്ങാന്‍ ...” അന്ന് ഗൈഡ്,ഇന്നെന്താ പറയാ..?

അബ്ദുള്‍ ജിഷാദ് പറഞ്ഞു...

രമേഷേട്ട... എനിക്ക് തങ്കമണി എന്നപേരില്‍ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു, നല്ല സ്വഭാവമായിരുന്നു അതിന്റെ കാരണം, കല്യണം കഴിക്കാതെയാണ്‌ അത് പ്രസവിച്ചത്... അവസാനം എന്തായി അച്ഛനെന്നും പറഞ്ഞു ഒന്നുരണ്ടുപേരും വന്നു...

ഹാഷിക്ക് പറഞ്ഞു...

രമേഷേട്ടാ... ആ 'കുരുദക്ഷിണ' ശരിക്കും ബോധിച്ചിരിക്കുന്നു. പഴയ സ്കൂളും സ്കൂള്‍ മുറ്റവും വാച്ച് അഴിച്ചു മേശപ്പുറത്ത് വെച്ച് കുട്ടികളെ അടിക്കുന്ന മാഷന്മാരെയുമൊക്കെ ഓര്‍മ വരുന്നു. "സാര്‍ ഇതെന്റെ മകനാണ് സാംസന്‍ ..." ഒന്ന് ' ബാര്‍ഗൈന്‍ ' ചെയ്താല്‍ ഇത് കുറച്ചു തരുമോ?

jayanEvoor പറഞ്ഞു...

ഹോ! തകർപ്പൻ!
ഇതു ഞാൻ കാ‍ണാതെ പോയി!
എന്തു പറയാൻ...
അതായിരുന്നു കാലം...
എല്ലാം പോയില്ലേ!?
ഇനി നമുക്കൊക്കെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് അയവെട്ടാം!

രമേശ്‌അരൂര്‍ പറഞ്ഞു...

ചിത്ര (chithra ),ക്കും haashikkinum മരുഭുമികളിലേക്ക് swaagatham
ആദ്യവരവിനും വായനക്കും prathyeka nandi
@oru നുറുങ്ങു: innu kuttikal dhairyamaayi vettitthurannu ullathu parayum ..naa thonnunne...
@Ishaade : aa teechar ippol evideyundu?..chumma onnu kaanaanaa ,sharikkumulla achan
aarennu avarkkum ariyaan pattilla.!

@Jayan daktare : ini ormakal maathram...oru vattam koodiyennormakal meyunna ....

PRADEEPSZ പറഞ്ഞു...

ഞാന്‍ നന്നായി ആസ്വദിച്ചു

chithrangada പറഞ്ഞു...

ഞാന് ആദ്യമായാണിവിടെ !
വായന നല്ലോരനുഭവമായി......
ഇനിയും വരാം ........

ആദൃതന്‍ | Aadruthan പറഞ്ഞു...

ഭാഗ്യം... ഞാന്‍ പാന്റ്സ് ഇട്ടാണ് ക്ലാസ് എടുക്കുന്നത്!

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

well

വിരല്‍ത്തുമ്പ് പറഞ്ഞു...

ആശംസകള്‍ നേരുന്നു...

ശ്രീ പറഞ്ഞു...

രണ്ട് അദ്ധ്യാപകരെയും അടുത്തറിയാനായി. അത്ര നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു...
:)

രമേശ്‌അരൂര്‍ പറഞ്ഞു...

@pradeepz : ആദ്യ വരവിനും വായനക്കും നന്ദി :വീണ്ടും വരുമല്ലോ :)
@ചിത്രാംഗദ യുടെ വരവും സന്തോഷം പകരുന്നു ;സമയം കിട്ടുമ്പോള്‍ ഇത് വഴി വരുമല്ലോ ..:)
@അദൃതന്‍ പാന്റ്സ് ഇട്ടതു കൊണ്ട് മാത്രം കാര്യമില്ല ..സൂപര്‍ മാന്‍ പുറത്തിടുന്നത് അദൃതന്‍ അകത്തിടണം..ഇല്ലെങ്കില്‍ പിള്ളേര്‍ പണി പറ്റിക്കും:)
@പ്രദീപ്‌ പേരശന്നൂര്‍: ആദ്യമായി വരികയാണ് താങ്കള്‍ അടക്കം നിരവധി പേര്‍ ..എനിക്ക് സന്തോഷമായി ..ഈ പ്രോത്സാഹനം ഇനിയും വേണം .:)
@വിരല്‍ ത്തുമ്പ്‌ ,@ശ്രീ :ഇത് ടെസ്റ്റ്‌ ഡോസ് മാത്രമാണ് ഇത്തരം കഥകള്‍ പറയാന്‍ ഇനിയും ബാല്യമുണ്ട് .:)

nanmandan പറഞ്ഞു...

ആശംസകള്‍

siya പറഞ്ഞു...

വളരെ വളരെ നല്ല പോസ്റ്റ്‌ !!!..കോണ്‍വെന്റ് സ്കൂളില്‍ വടിയുമായി നിന്നിരുന്ന പല മാഷ്മാരെയും ഓര്‍മ്മ വന്നു .ഒന്ന്‌ കൂടി സ്കൂളില്‍ ഓടിപോയി ഇരുന്നിട്ട് വരാനും തോന്നി .അത്രയും ആ സ്കൂള്‍ വരാന്തയിലും ,ടീച്ചര്‍ മാരെയും എല്ലാം ഓര്‍മ്മ വന്നു .ഇത്രയും ദൂരെ ഇരുന്ന് അവരെ എല്ലാം നമ്മള്‍ ഓര്‍ക്കുന്നു .ഇനിയും ഇതുപോലെ എഴുതുവാന്‍ സാധിക്കട്ടെ ,ആശംസകള്‍

മുല്ല പറഞ്ഞു...

ആദ്യമായാണു ഇവിടെ.എഴുത്ത് നന്നായിട്ടുണ്ട്.ആശംസകള്‍

DIV▲RΣTT▲Ñ പറഞ്ഞു...

വായിക്കാന്‍ നല്ല രസം. "വെടി"യും, "പറവെടി " യും തമ്മിലുള്ള വ്യത്യാസം ദിവാരേട്ടന്‍ ചോദിക്കുന്നില്ല. വെറുതെ എന്തിനാ "ധര്‍മ്മതല്ല്" ഇരന്നു വാങ്ങുന്നെ...

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍

രമേശ്‌അരൂര്‍ പറഞ്ഞു...

@നന്മണ്ടന്‍:നന്ദി ആദ്യ വരവിനു ,
@സിയ:അമേരിക്കയിലെ പുത്തന്‍ വിശേഷങ്ങള്‍ക്കിടയില്‍ ഇവിടെ വന്നു പ്രോത്സാഹനം നല്‍കുന്നതിനു വളരെ നന്ദി ..കുരു ദക്ഷിണ ഇഷ്ടമായതില്‍ സന്തോഷം ..
@മുല്ല .ഉമേഷ്‌ : വഴിയില്‍ വച്ച് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട് ,,അപ്പോളൊന്നും മിണ്ടാന്‍ പറ്റിയില്ല ..ഇപ്പോള്‍ നിങ്ങള്‍ ഇവിടെ വന്നു സംസാരിച്ചു ..നന്ദി ..വീണ്ടും വരിക .
@ദിവാരേട്ട :വെടി എന്ന് പറഞ്ഞാല്‍ ചാണ്ടി വയ്ക്കുന്ന സാധാരണ വെടി ...പറ വെടി ന്നു പറഞ്ഞാല്‍ പറന്നു വയ്ക്കുന്ന (പറ വയ്ക്കുമ്പോള്‍ വയ്ക്കുന്നതും ആകാം ,,ആര്‍ക്കറിയാം ഈ വാക്കൊക്കെ ആരുടെ ഡിക്ഷ്ണറിയില്‍ ഉണ്ടായതാണെന്ന് !!)

വേണുഗോപാല്‍ ജീ പറഞ്ഞു...

ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ പഠിക്കണം... എനിക്കിഷ്ടമയീ... എന്റെയും സ്കൂള്‍ ജീവിതത്തെ പറ്റി ഒര്തുപോയീ...

എന്‍.ബി.സുരേഷ് പറഞ്ഞു...

ഒരു രാജാവ് വേട്ടയ്ക്ക് പോയി. മൂന്നു പക്ഷികളെ കിട്ടി. ഒന്നു റാണിക്ക് കൊടുത്തു. രണ്ടെണ്ണത്തിനെ തോഴിക്കും. എന്താ കാര്യം.?

ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ന്യായപ്രമാണത്തിൽ രാജാവ് വിശ്വസിച്ചിരുന്നു. ആ തോഴിയുടെ പേര് തങ്കമ്മ എന്നായിരുന്നോ ആവോ.

സാബിബാവ പറഞ്ഞു...

ഹഹ

കഥ വായിച്ച് കഴിഞ്ഞ്
വാല്‍കഷ്ണം വായിച്ചും ചിരിച്ചു
കുട്ടിക്കാലവും ഓര്‍ക്കാന്‍ പറ്റി
നല്ല രസികന്‍ കഥ

പോസ്റ്റ്‌ പുതിയത് ഇടുമ്പോള്‍ ലിങ്ക് അയക്കുമല്ലോ അല്ലെ ...

അജ്ഞാതന്‍ പറഞ്ഞു...

nannayirikkunnu.......

ramanika പറഞ്ഞു...

ഒരിക്കല്‍ക്കൂടി പഴയെതെല്ലാം ഓര്‍മിപ്പിച്ചു
നന്ദി !

സലീം ഇ.പി. പറഞ്ഞു...

അത്ഭുതമായിരിക്കുന്നു; ഈ പ്രായത്തിലും ഇത്ര കൃത്യമായി ഇതൊക്കെ ഓര്‍മ്മയുണ്ടോ...ഓര്‍മകള്‍‍ എന്നെയും കൊണ്ട് എന്‍റെ ഏഴു എ ക്ലാസ്സിലേക്ക് കൊണ്ടുപോയി...
ഏതായാലും ചിരിച്ചു മണ്ണ് കപ്പിചു...പ്രത്യേകിച്ചും ആ കൊങ്കന്ണിന്റെ വിക്രസുകസുകളും മറ്റേ സാറിന്‍റെ സാറ് വിളിയും...ആ സാറ് വിളിയും ഉപദേശിക്കാന്‍ പറയലും ഒരൂത്തായിരുന്നൂന്നു ചിന്തിക്കാന്‍ എല്ലാ സാഹചര്യവും രമേശ്‌ തന്നിട്ടുള്ളത് കൊണ്ട് അങ്ങനെ തന്നെ വിചാരിക്കാം...ഹാ ഹാ ഹാ.. ..!

കലാധരന്‍.ടി.പി. പറഞ്ഞു...

ഇത് അരൂര്‍ സ്കൂളിന്റെ അരുമക്കുട്ടികള്‍ ഒപ്പിക്കുന്നത്.
വളര്‍ന്നാലും മാറില്ല.സയന്‍സ് അറിയാത്ത മാഷും ക്ലാസും യുദ്ധവും ഒക്കെ സ്വാഭാവികതയോടെ ചേരും പടി ചേര്‍ത്ത് അവതാരം.
നിങ്ങളെ സ്കൂള്‍ എങ്ങനെ സഹിച്ചു എന്നതാണ് അത്ഭുതം.എന്തയാലും ഇതില്‍ ഒരു കഷണം എന്റെ ബ്ലോഗില്‍ കൊടുത്തോട്ടെ.
സ്കൂള്‍ വിശേഷങ്ങളില്‍ ..
പഠിപ്പിന്റെ ഫലം എഴുത്തില്‍ ഉണ്ട്. നേരെ ചൊവ്വേ കാണില്ല.അതാ ഈ എഴുത്തിന്റെ കാഴ്ചയ്ക്ക് പിന്നില്‍.
സസ്നേഹം
ചൂണ്ടുവിരല്‍.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

രമേശ്‌ ജി,
എല്ലാരും പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നില്ല.
എങ്കിലും പഴയ സ്കൂള്‍ കാലഘട്ടം ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ?
എന്തൊക്കെയായാലും മാഷന്മാര്‍ ഭാഗ്യവാന്‍മാര്‍ ആണ്.
അവര്‍ക്ക് കിട്ടുന്ന respect വേറെ ആര്‍ക്കും കിട്ടില്ല.
നര്‍മത്തിന്റെ മോമ്പോടി വിതറി ഭംഗിയായി അവതരിപ്പിച്ചു.
ആശംസകള്‍.

ഓടോ:
പോരിഞ്ഞ്ജുവിന്റെ അത്രയും വരില്ലാട്ടോ. പിന്നെ അനുഭവ കഥയല്ലേ.
അപ്പൊ സുലാന്‍.
കാണാം. ജയ്‌ ഹിന്ദ്‌

രമേശ്‌അരൂര്‍ പറഞ്ഞു...

@വേണുഗോപാല്‍ :ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ ഉതകി അല്ലെ ഈ പോസ്റ്റ് ...ഇനിയും വരിക
@സുരേഷ് :വേട്ടക്കു (വെടിക്ക് )പോയ രാജാവിന്റെ പേര് തങ്കപ്പന്‍ എന്നല്ലല്ലോ ?:)
@സാബി :ഇഷ്ടപ്പെട്ടതില്‍ സന്തോഷം ..ലിങ്ക് അയക്കണം എങ്കില്‍ മെയില്‍ id വേണം ..:)
@പ്രിയ :സന്തോഷം ..വീണ്ടും ഇതുവഴി വരുമോ ?
@രമണിക :നന്ദി :)
@സലിം :അത്ഭുതമോ ?ഈ പ്രായത്തിലും ? സലീമേ കൊള്ളാല്ലോ ..!!ഞാന്‍ എന്താ കെളവനാണോ !!! വേണ്ട !വേണ്ടാ ...!!
@കലാധരന്‍ മാഷെ :സന്തോഷം ,ബ്ലോഗില്‍ എത്തിയതില്‍ ...ഞങ്ങളെ സ്കൂള്‍ സഹിച്ചെന്നോ !!! ഞങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തു സ്കൂള്‍ ?
കഥയുടെ തുടക്കം വായിച്ചത് മറന്നോ ? തുറവൂര്‍ സബ് ജില്ലയിലെ മോഡല്‍ സ്കൂള്‍ ആയിരുന്നു അന്ന് അരൂര്‍ സ്കൂള്‍ ..
ഞങ്ങള്‍ക്കെല്ലാം അതില്‍ പങ്കുണ്ട് ...ഇന്നും ഞങ്ങള്‍ പഴയ അധ്യാപകരുടെ കണ്ണിലുണ്ണി കള്‍ തന്നെ ..:)
@ഹാപ്പീസ് :പൊറിഞ്ചു മനസ്സില്‍ കേറി അല്ലെ ..ആശാന്‍ അടുത്ത ഗോദയില്‍ ഇറങ്ങാന്‍ എണ്ണയിട്ടോണ്ടി രിക്കുകയാ ..വരും :) ജയ്‌ ഹിന്ദ്‌ !!!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

വായിച്ചു; ഇഷ്ടമായി!

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

ഞങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടേ , ഗൈഡ് വാങ്ങാന്‍ തോന്നിയാ എത്ര മൈലുകള്‍ തണ്ടേണ്ടിയിരുന്നു .മാഷൊരു ഭാഗ്യവാന്‍ തന്നെ !

Shukoor പറഞ്ഞു...

പഴയ കാലത്തെ അധ്യാപകരുടെ ക്രൂരത ഒരു പാട് അറിയുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. അപലപനീയം തന്നെയാണത്. ഇപ്പോഴത്തെ കുട്ടികളെങ്കിലും രക്ഷപ്പെട്ടല്ലോ.
അവസാനത്തെ നര്‍മം തീപ്പൊരിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍