2010, ഡിസംബർ 29, ബുധനാഴ്‌ച

തീരെ വയ്യാത്തത് മൂലം ചടുലമായ ഓട്ടവും മറ്റും ഇല്ല .എപ്പോളും ഒരുരോഗിയുടെ പരിവേഷം തന്നെ .ക്ഷീണം .കിടപ്പ് ..പക്ഷെ ഞാന്‍ വന്നതറിഞ്ഞ് സൗഹൃദം പുതുക്കാന്‍ അതിഥികള്‍  ആരെങ്കിലും വന്നാല്‍വീട്ടിലെ മുതിര്‍ന്ന കാരണവരെ പോലെ തലയെടുപ്പോടെ ഒരു തുറിച്ചു നോട്ടവും "വേണ്ട വേണ്ട കുശലം പറച്ചിലൊക്കെ  ഗേറ്റിനു വെളിയില്‍ മതി " എന്ന മുന്നറിയിപ്പോടെയുള്ള ഒരു കുരയും ഉയരും .
കുഞ്ഞനെങ്കിലും കുറയ്ക്കുന്നത് നായ് അല്ലെ എന്ന് കരുതി വരുന്നവര്‍ വച്ചകാല്‍ പിന്നോട്ട് വലിച്ചു
മുണ്ടഴിച്ചിട്ടു ഗേറ്റ് അടയ്ക്കും .
വെറുതെ എന്തിനാ റിസ്ക്‌ എടുക്കുന്നത് എന്നാവും അവരുടെ ചിന്ത !!
റോണിന്റെ  വിശേഷങ്ങള്‍ please click
http://remesharoor.blogspot.com/2010/12/blog-post_27.html#links

2010, ഡിസംബർ 28, ചൊവ്വാഴ്ച

റോണ്‍ ആരാ മ്വാന്‍ .!!!!....പൊന്നു മോന്‍ !!!

റോണിനു സുഖമില്ല എന്ന വിവരം ബൂലോകം വളരെ   സങ്കടത്തോ ടെയാണ്  കേട്ടതെന്നത് ഞാനും  കുടുംബവും  വളരെ   കൃതാ ര്‍ത്ഥത     നിറഞ്ഞ  മനസോടെയാണ്‌ സ്മരിക്കുന്നത് .ഈ ഭൂമിയില്‍ ജനിച്ച ഒരു ജീവിയോടു നമ്മള്‍ക്ക് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ സഹായമെങ്കിലും നിങ്ങള്‍ ഈ നായ്ക്കുട്ടിയോടു    കാണിച്ചു    എന്നത്   ലോകത്തില്‍  ഇനിയും   ഉറവ വറ്റാതെ    നില    നില്‍ക്കുന്ന  നന്മ  ,സഹാനുഭൂതി  എന്നീ സല്ഗുണങ്ങളെ യാണ് പ്രതിഫലിപ്പിക്കുന്നത്
.ബ്ലോഗിലും മെയിലിലും ഫോ ണ്‍ വിളികളുമായി എത്രയെത്ര അന്വേഷണങ്ങളാണ്  അവനു  വേണ്ടി ഉയര്‍ന്നത് !!!
സത്യത്തില്‍ ലോകത്തിന്റെ അതി സുന്ദരമായ ഒരു മുഖമാണ് സുഹൃത്തുക്കളെ നിങ്ങള്‍ എന്റെ മുന്‍പില്‍    തുറന്നു    കാട്ടിയത് .!!
നന്ദി  പറയാന്‍  വാക്കുകള്‍ക്കു  ശക്തി  പോരാ !! അത്ര മാത്രം സു ദൃഡവും സ്നേഹ മസൃണവും ആയിരുന്നു നിങ്ങള്‍ നല്‍കിയ സാന്ത്വനം .
അവന്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ലോകം മുഴുവനും ഉള്ള എന്റെ പ്രിയപ്പെട്ട ബൂലോക ബന്ധുക്കള്‍ വഴി ദൈവത്തിന്റെ അടുക്കല്‍ എത്തി എന്ന് തോന്നുന്നു.
അവന്‍ പഴയ  നിലയില്‍ നിന്നും സാവധാനം പൂര്‍വ സ്ഥിതിയിലേക്ക് വരുന്നുണ്ട് എന്ന വിവരം നിങ്ങളെ  സന്തോഷ പൂര്‍വ്വം അറിയിക്കുകയാണ്.
നേരത്തെ  അറിയിച്ച തു  പോലെ  20 നു എനിക്ക് യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ല .ക്രിസ്മസ് തിരക്ക് മൂലം വിമാന   യാത്ര ഒരു ദിനം വൈകി .
നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞാന്‍ വരുന്നത് കാണാന്‍ റോണുമുണ്ടായിരുന്നു എന്ന് പ്രത്യേകം 
പറയേണ്ടതില്ലല്ലോ !
ഇതിനിടയില്‍ ഖത്തറിലെ സുഹൃത്ത് പദ്മചന്ദ്രന്‍ അയച്ചു തന്ന ഡോക്ടര്‍മാരുടെ നീണ്ട ലിസ്റ്റില്‍ നിന്ന് ഏറ്റവും അടുത്ത പ്രദേശമായ തൃപ്പൂണിത്തുറ യിലെ ഡോ: സുനിലിന്റെ ക്ലിനിക്കില്‍ റൊണിനെ കാണിച്ചിരുന്നു ..എറണാകുളത്തും ഹരിപ്പാട്ടും ഉള്ള ഡോക്ടര്‍മാര്‍ അറിയിച്ചത് പോലെ നായ്ക്കള്‍ക്ക് വരാറുള്ള മാരകമായ "ഡിസ്റ്റമ്ബര്‍ " എന്ന അസുഖമാണ് അവനെന്നു ഡോ .സുനില്‍  അറിയിച്ചു . ഭാഗ്യ  വശാല്‍ ഈ അസുഖത്തിന്റെ  ഒരു മൈല്‍ഡ് അറ്റാക്ക് മാത്രമാണ് അവനില്‍ ഉണ്ടായത്!!
തുടര്‍ച്ചയായ മരുന്നുകളും കുത്തിവയ്പ്പും മൂലം ജീവന്‍ രക്ഷപ്പെട്ടെങ്കിലും പിന്കാലുകള്‍ക്കു തുടര്‍ച്ചയായ വിറയല്‍ എന്ന പാര്‍ശ്വ ഫലമാണ് അവനെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത് .കുറച്ചു ദിവസം കൂടി മരുന്നു കൊടുത്ത് നിരീക്ഷിച്ചതിനു ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റു എന്നാണു ഡോ .സുനിലിന്റെ നിലപാട് . ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ് ,
തീരെ വയ്യാത്തത് മൂലം ചടുലമായ ഓട്ടവും മറ്റും ഇല്ല .എപ്പോളും ഒരുരോഗിയുടെ പരിവേഷം തന്നെ .ക്ഷീണം .കിടപ്പ് ..പക്ഷെ ഞാന്‍ വന്നതറിഞ്ഞ് സൗഹൃദം പുതുക്കാന്‍ അതിഥികള്‍  ആരെങ്കിലും വന്നാല്‍വീട്ടിലെ മുതിര്‍ന്ന കാരണവരെ പോലെ തലയെടുപ്പോടെ ഒരു തുറിച്ചു നോട്ടവും "വേണ്ട വേണ്ട കുശലം പറച്ചിലൊക്കെ  ഗേറ്റിനു വെളിയില്‍ മതി " എന്ന മുന്നറിയിപ്പോടെയുള്ള ഒരു കുരയും ഉയരും .
കുഞ്ഞനെങ്കിലും കുറയ്ക്കുന്നത് നായ് അല്ലെ എന്ന് കരുതി വരുന്നവര്‍ വച്ചകാല്‍ പിന്നോട്ട് വലിച്ചു
മുണ്ടഴിച്ചിട്ടു ഗേറ്റ് അടയ്ക്കും .
വെറുതെ എന്തിനാ റിസ്ക്‌ എടുക്കുന്നത് എന്നാവും അവരുടെ ചിന്ത !!
റൊണിപ്പോള്‍ വന്നുവന്ന്   വീട്ടിലെ  വി ഐ പി പദവിയുള്ള കുഞ്ഞാവ  ആയിരിക്കുകയാണ് !! എന്തും ആദ്യം റൊണിനു കൊടുത്തിട്ടേ   വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ എത്തുന്ന എനിക്ക് പോലും കിട്ടൂ എന്ന സ്ഥിതിയായി !

പോരാത്തതിന് അസുഖം കൂടി ആയപ്പോള്‍ പറയുകയും വേണ്ട ..അവനോടുള്ള രശ്മിയുടെയും കണ്ണന്റെയും  പെരുമാറ്റം കണ്ടാല്‍ സത്യത്തില്‍ എനിക്ക് അസൂയ തോന്നും .അവനാണെങ്കില്‍ കിട്ടിയ അവസരം മുതലാക്കുകയും ചെയ്യുകയാണ് .അമ്മയെക്കാണുമ്പോള്‍ എപ്പോളും ചിണ്‌ക്കം ആണ് .  മ്മാ ..എന്നാണ് കരച്ചില്‍ പോലും .
.രാത്രിയാകുംപോള്‍ ആണ് മുട്ടന്‍ പാരയുമായി അവന്റെ വരവ് !
ബെഡ് റൂമില്‍ കയറി കട്ടിലില്‍ ഒരേ കിടപ്പാണ് !! ഓടിച്ചു വിട്ടാല്‍ ഉടന്‍ തുടങ്ങും "മ്മാ .. "
എന്ന കള്ള ക്കരച്ചില്‍ .
 അതോടെ പാവം ഞാന്‍ ഔട്ട്‌ ആകും ..നീരജും ഔട്ട്‌ ..ഞങ്ങള്‍ ഒരുമിച്ചായി കിടപ്പ് !!
മൂരാച്ചി റോണ്‍ അമ്മയെ  തട്ടി  മുട്ടി  അകത്തും !! ഓരോരോ  കുശ്മാണ്ടങ്ങള്‍ !!!

ഈയിടെയായി എനിക്ക് കലശലായ ഒരു തോന്നല്‍ .ഞങ്ങളുടെ വീട്ടില്‍ ഈ റൊണിനെ പോലെ ഒരു നായ്ക്കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു  എന്ന് !!
രശ്മിക്ക് ഇപ്പോള്‍  ഫാഷന്‍ ഡിസൈനിങ്ങില്‍   ആണ് കമ്പം  ..അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കും മറ്റും പോകുമ്പോള്‍ മാത്രമാണ് റോണ്‍ വീട്ടില്‍ പെട്ടു പോകുന്നത് ..
ഒറ്റക്കാക്കി പോകുമ്പോള്‍ മുതല്‍ പുള്ളിക്കാരന്‍ ആദ്യം കുറച്ചു ജാടയും പിണക്കവും കാണിച്ചു മാറി നടക്കും .'അമ്മ ഇപ്പോള്‍ തന്നെ വരുമല്ലോ' എന്ന ഭാവത്തോടെ !! വിളിച്ചാലൊന്നും  അടുത്തു   വരില്ല  . കുറച്ചു കഴിയുമ്പോള്‍  അമ്മ വരില്ല എന്നുറപ്പാകുംപോള്‍    ജാടയൊക്കെ  കളഞ്ഞു  ആശാന്‍ 
പതുക്കെ  പതുക്കെ  പറ്റിക്കൂടാന്‍  നോക്കും .അപ്പോള്‍ ഞങ്ങള്‍ മൈന്റ്  ചെയ്യില്ല .


കഴിഞ്ഞ   ദിവസം  വനിത യ്ക്ക് വേണ്ടി  ശ്വേതമേനോനെ   മോഡല്‍  ആക്കി  ചെയ്യുന്ന  ഷൂട്ടിനു  രശ്മി  പോയപ്പോള്‍ വലിയ വായില്‍ കരഞ്ഞു   ആശാന്‍ പിന്നാലെ കൂടിയെങ്കിലും അമ്മ മുറിക്കകത്തിട്ട്    പൂട്ടി പാല്‍പ്പാത്രം  എന്ന മധുര മോഹന വാഗ്ദാനം കാണിച്ചു മയക്കിയിട്ടു  കടന്നു  കളഞ്ഞു !! അങ്ങനെ തന്നെ വേണം കുശുമ്പനു എന്ന് ഞാനും കരുതി  ..നമ്മുടെ  അത്താഴം   മുടക്കണ തിരുമാലിയല്ലേ  ,,അനുഭവിക്കട്ടെ !! അഖിലയുമായുള്ള ഷൂട്ടിലും റൊണിനെ അമ്മ പറ്റിച്ചു !
പ്രസിധീകരിക്കാത്തതിനാല്‍ ആ ചിത്രങ്ങള്‍ ചേര്‍ക്കുന്നില്ല . 
വനിത നവംബര്‍ -1
സുന്ദരികളായ മോഡലുകളെയും സിനിമാ നടികളെയും ഒന്ന് പരിചയപ്പെടുത്താന്‍ ഞാനും   നീരജും   എത്ര പറഞ്ഞിരിക്കുന്നു!! പിന്നെയല്ലേ റോണ്‍.."അത് മാത്രം നടക്കില്ല മ്വാനേ.....   .".ഞങ്ങള്‍ രണ്ടാളും  കൂടി അവനെ കളിയാക്കി പിരികേറ്റി....ഒടുവില്‍  പിണങ്ങി  മുറിയുടെ മൂലയില്‍ പോയി പതുങ്ങി കിടന്നു..അമ്മ വന്നാല്‍  ഇനി   മിണ്ടില്ല   എന്ന വാശിയോടെ  ...പക്ഷെ എത്ര ഉറക്കമായാലും  പിണക്കമായാലും   ഗേറ്റില്‍ കാറിന്റെ ഹോണ്‍ കേട്ടാല്‍  അമ്മയുടെ മുന്നില്‍
അനുസരണയോടെ ആദ്യം ഹാജരാകുന്നത് റോണ്‍ തന്നെ ..അവനാരാ മോന്‍ !!
എന്തൊക്കെയാണെങ്കിലും ഈ സുഖക്കുറവ് ഇല്ലായിരുന്നെങ്കില്‍  ഞങ്ങളുടെ  വീട്  അവന്‍   സന്തോഷം കൊണ്ട് നിറച്ചേനെ !!ലോകം മുഴുവന്‍ സന്തോഷം പകരുന്ന  ക്രിസ്മസ് പതിന്നാലു  കൊല്ലം  മുന്‍പ്  ഞങ്ങളുടെ ഉള്ളില്‍  ഒരു പിറവിയുടെ  നോവായിരുന്നു. ജോലിയും   കൂലിയും  ഒന്നുമില്ലാതെ  ഞങ്ങള്‍ കഷ്ടപ്പെടുന്ന  സമയം . നീരജിനെ അവന്റെ അമ്മ പൂര്‍ണ  ഗര്‍ഭത്തില്‍  ചുമക്കുന്ന  സമയം ..ഞങ്ങള്‍ നോവോടെ കൊതിച്ചിരുന്നു    ഒരു തിരുപ്പിറവി ഉണ്ടാകുമെന്ന് ...
neeraj &Ron 
ഒരു പുതുവര്‍ഷം പിറക്കുമെന്ന് !! അങ്ങനെ ആ നോവുകള്‍   നിറഞ്ഞ  ഡിസംബറിനെ   പിന്നിലാക്കി പുതുവര്‍ഷ പിറ്റേന്ന്   ജനുവരി  രണ്ടിനാണ്  നീരജ് ജനിച്ചത്‌ ..ഈ പുതുവര്‍ഷം രണ്ടാതീയതി അവന്റെ പതിനഞ്ചാം പിറന്നാള്‍ ..ഈ പുതുവര്‍ഷം എനിക്ക് മറ്റൊരു പുതുമയും നല്‍കുന്നു ..നോവുകളോടെ ക്രിസ്മസിന് രണ്ടു നാള്‍ മുന്‍പ് ഞാന്‍ വന്നത് റൊണിനെയും കാണാന്‍
ആണല്ലോ ..അവന്‍ പുനര്‍ജന്മത്തിലേക്ക് പിച്ചവച്ചു നടക്കുന്നത്തിനു സാക്ഷിയാകുന്നത്  ഈ പുതു വര്‍ഷവും ..അവന്റെ, രശ്മിയുടെ, നീരജിന്റെ, ഞങ്ങളുടെ , ഈ വിശാല  ലോകത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്ക്  പുതിയ ചിറകുകള്‍ നല്‍കുന്ന    പുതുവര്‍ഷത്തെ ചിരിക്കുന്ന  മുഖവും  മനസുമായ് 
നമുക്ക് വരവേല്‍ക്കാം  ..
എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെയും  
റൊണിന്റെയും  പുതുവത്സര  ആശംസകള്‍ !!  
.

2010, ഡിസംബർ 14, ചൊവ്വാഴ്ച

റോണിന്റെ വിശേഷങ്ങള്‍

വൈകി വന്നവര്‍ക്ക് ഇവിടെ വായിക്കാം

റോണിന് സുഖമില്ല ..ഞാന്‍ നാട്ടില്‍ പോകുന്നു .

കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലേക്കു വെറുതെ വിളിച്ചതാണ് .മറുതലയ്ക്കല്‍ മകന്‍ നീരജിന്റെ വിഷാദം നിറഞ്ഞ സ്വരം:
"അച്ഛാ ഞങ്ങള്‍ ആലപ്പുഴയില്‍ ആശുപത്രിയിലാണ് ." ഞാന്‍ ഞെട്ടിപ്പോയി .
നാട്ടില്‍ സമയം രാത്രി പതിനൊന്നു  കഴിഞ്ഞിരിക്കുന്നു ! അരൂരില്‍ നിന്നു  പത്തു നാല്പതു കിലോമീറ്റര്‍ അകലെ ആലപ്പുഴയിലുള്ള ആശുപത്രിയില്‍ ഇത്ര വൈകി എന്റെ കുടുംബം !!
"എന്ത് പറ്റി മോനെ ? അമ്മയെന്തിയെ ?!!! "
എനിക്ക് ആകാംക്ഷ അടക്കാനായില്ല .

 "അതു പിന്നെ നമ്മുടെ .റോണിന് തീരെ വയ്യച്ഛാ   .." അമ്മ അവനെ ഡോക്ടറെ കാണിക്കുകയാണ്  .." .
അയ്യോ ! അവനെന്തു പറ്റി മോനെ ? എന്റെ ബി പി കൂടി ...
എന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ അവന്‍ നിശബ്ദനായി ...
അസ്വസ്ഥതയോടെ ഞാന്‍ ഫോണ്‍ വച്ചു.. അര  മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ കൂടി
വിളിച്ചു .ഇത്തവണ രശ്മിയാണ് ഫോണ്‍ എടുത്തത് ...
"അവനു എന്ത് പറ്റി ? ഡോക്റ്റര്‍ എന്ത് പറഞ്ഞു ..? കുഴപ്പം വല്ലതും ഉണ്ടോ ? എന്താ ഇത്ര വൈകിയത് ? " ഒറ്റ ശ്വാസത്തില്‍ നൂറു കൂട്ടം ചോദ്യങ്ങള്‍ ! അവളുടെ കണ്ണീരില്‍ നനഞ്ഞ നിശ്വാസങ്ങള്‍ക്കിടയില്‍  പാവം റോണിന്റെ  ദയനീയമായ കരച്ചില്‍ കേട്ട് എന്റെ ഉള്ളം തകര്‍ന്നു .!
"ഒന്നും പറയണ്ട ..അവനു നാലഞ്ചു ദിവസമായി തീരെ വയ്യ ..അരൂരും 
എറണാകുളത്തും ഉള്ള രണ്ടു മൂന്നു ഡോക്റ്റര്‍മാരെ കാണിച്ചു .ഒരു കുറവും ഇല്ല ..
പകല്‍ കുഴപ്പമില്ല; രാത്രിയിലാണ് അസുഖം .ഒന്നും കഴിക്കുന്നും ഇല്ല .പോരാത്തതിന് വേദന യോടെയുള്ള കരച്ചിലും ..ഉറങ്ങാന്‍ പോലും പറ്റാതെ ..."
രശ്മിയുടെ വാക്കുകളില്‍, നിരാശ ..സങ്കടം !!

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഏകാന്തതയുടെ കൂട്ടുകാരനായിരുന്നു കണ്ണന്‍ എന്ന് ചെല്ലപ്പേരുള്ള എന്റെ മകന്‍  നീരജ്  !
ആരും വിശ്വസിച്ചേക്കില്ല  ..രണ്ടു മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ തന്നെ
ഡേ കെയര്‍ ഹോമും പ്ലേ സ്കൂളും ഒക്കെയായിരുന്നു അവന്റെ ലോകം !
കുഞ്ഞുങ്ങളെ ഒരിക്കലും ഇഷ്ടപ്പെടാത്ത ആയമാരുടെ  അസംതൃപ്തികളുടെ പരുക്കന്‍ തറകളിലൂടെ യായിരുന്നു   സങ്കടങ്ങള്‍ നിറഞ്ഞ അവന്റെ ബാല്യം നിരങ്ങി നീങ്ങിയത് !
ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ അവനെ ലാളിക്കാന്‍ ..അവന്റെ കൊഞ്ചലിനു
കൂട്ടിരിക്കാന്‍ ഒന്നും ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല ! യന്ത്രങ്ങളെ പോലെ പണിയെടുത്തും ആവശ്യങ്ങള്‍ക്ക് പണം നേടാനും ഒക്കെയായി  പരക്കം പായുകയായിരുന്നു അക്കാലങ്ങളില്‍ ഞങ്ങള്‍ .
അങ്ങനെ എത്ര വര്‍ഷങ്ങള്‍ ..അവന്‍ വളര്‍ന്നു ,,ഞങ്ങളും !! അതിനിടയിലാണ് രണ്ടു വര്ഷം മുന്‍പ് എന്റെ പ്രവാസം തുടങ്ങിയത് ..അതോടെ അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു ..
ഒരനിയനെയോ അനിയത്തിയെയോ വേണമെന്ന് അവന്‍ എത്ര തവണ ആവശ്യപ്പെട്ടിരിക്കുന്നു !
ഇപ്പോള്‍ ആ ആഗ്രഹവും   നടക്കാത്ത സ്വപ്നങ്ങളുടെ പട്ടികയിലേക്ക് പഴകി പൊട്ടിയ  കളിപ്പാട്ടങ്ങള്‍ പോലെ അവന്‍ വലിച്ചെറിഞ്ഞു കളഞ്ഞു കാണും !
സ്വയം നിര്‍മിച്ചെടുത്ത ഒരു  ലോകത്ത്  ഞങ്ങള്‍ നില നില്‍പ്പിനായി പടവെട്ടുന്നതിനിടയില്‍
അവന്റെഇത്തരം ആവശ്യങ്ങള്‍ക്ക്  വില കല്‍പ്പിച്ചില്ല എന്നതാണ് സത്യം .

പ്രവാസ ജീവിതവുമായി ഞാന്‍    കടല്‍  കടന്നപ്പോള്‍     വീട്ടില്‍ അവര്‍ പ്രത്യേകിച്ച്  അവന്‍   വീണ്ടും തനിച്ചായി .
ഒരു കളിക്കൂട്ടുകാരനെന്ന അവന്റെ സ്വപ്നം പരിഹരിക്കാതെ കിടന്ന ഒരു സന്ധ്യയിലാണ് രശ്മിയുടെ കൈകളിലേറി  റോണ്‍  വീട്ടില്‍ വരുന്നത് ..കഷ്ടിച്ച് മൂന്നു മാസം പ്രായമുള്ള അവനെ, തെരുവില്‍ നിന്നാണ് അവള്‍ക്കു കിട്ടിയത് .ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടി തെരുവുകുട്ടികളും തെരുവ് പട്ടികളും കടി പിടി കൂടുന്ന എച്ചില്‍ തൊട്ടിക്കരികെ എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയായിരുന്നു അവന്‍ അപ്പോള്‍!
വണ്ടികള്‍ അലറി  വിളിക്കുന്ന തെരുവ് !! ഭിക്ഷാടകരും വേട്ടക്കാരും അലയുന്ന തെരുവ് !! അവന്റെ ഓമനത്തം നിറഞ്ഞ മുഖം കണ്ടപ്പോള്‍ ഉപേക്ഷിച്ചു പോരാന്‍ രശ്മിക്കായില്ല എന്നതാണ് വാസ്തവം !

അവനെ നോട്ടമിട്ടു അവിടെയെത്തിയവരുടെ  കൂട്ടത്തില്‍ അവനെ സ്നേഹിക്കുമെന്നു തോന്നിയ ഒരു മുഖം പോലും  അവള്‍ക്കു കാണാനായില്ലത്രെ!

പെട്ടെന്ന് നീരജിനെ ഓര്മ വന്നു ,,മറ്റൊന്നും ആലോചിക്കാതെ   അവനെ വീട്ടിലേക്കു കൊണ്ട് പോന്നു .ഇത്ര വലിയ ഒരു തീരുമാനം എടുക്കുമ്പോള്‍
എന്നോട് പോലും അവള്‍ പറഞ്ഞില്ല .
"എന്റെ മകന്റെ മുഖം ..അവന്റെ കുഞ്ഞുന്നാളിലെ ഒറ്റപ്പെടലിന്റെ വേദന ..ഞാന്‍ അത് മാത്രമേ ഓര്‍ത്തുള്ളൂ രമേശേട്ടാ.." അവളുടെ വാക്കുകളിലെ ആര്‍ദ്രതഎന്റെ പരിഭവങ്ങളെ അലിയിച്ചു കളഞ്ഞു !

പത്താം ക്ലാസില്‍ പഠിക്കുന്ന വലിയ കുട്ടിയായിട്ടു കൂടി വീട്ടില്‍ വന്ന കുഞ്ഞു അതിഥിയെ കണ്ടു 
നീരജ്  തുള്ളിച്ചാടി ! പത്തു പതിനാലു വര്‍ഷമായി അവന്‍ അനുഭവിച്ചു കൂട്ടിയ ഏകാന്തത ഒറ്റ നിമിഷം കൊണ്ട്  പറന്നു പോയത് പോലെ ! അങ്ങനെ അവന്‍  റോണ്‍  ഞങ്ങളുടെ            വളര്‍ത്തു മകന്‍ ആയി..നീരജിന്റെ കുഞ്ഞനുജനും കളിക്കൂട്ടുകാരനും ആയി ..ഞാന്‍ കാണാത്ത എന്റെ പൊന്നോമന ആയി ..

കുറെ ഏറെ നാളായി നിശബ്ദമായിരുന്ന "ആരാധന" എന്ന ഞങ്ങളുടെ വീട്  അവന്റെ ഓട്ടവും ചാട്ടവും കളിയും ചിരിയും കൊഞ്ചലും കൊണ്ട്  ഒരിക്കല്‍ കൂടി ഉണര്‍ന്നു ..ഒച്ചയനക്കങ്ങള്‍ കേട്ട്
ചെടികളും പൂക്കളും ചിരിച്ചു ...വഴിയിലൂടെ നടന്നു പോയവരൊക്കെ  എന്റെ വീട്ടില്‍ നിന്നുയര്‍ന്ന  കളിചിരികളുടെ ആരവങ്ങള്‍ കേട്ട്   ഗേറ്റിന്റെ അഴികള്‍ക്കിപ്പുറത്തുള്ള     ഞങ്ങളുടെ വീട്ടുമുറ്റം കണ്‍ മുനകള്‍ കൊണ്ട് കൊത്തിപ്പറിച്ചു. അസൂയനിറഞ്ഞ മന്ദഹാസം പൊഴിച്ചു!! 

പ്രവാസത്തിനിടയിലെ ഏകാന്തത നിറഞ്ഞ നിമിഷങ്ങളില്‍ ഞാന്‍ വീട്ടിലേക്കു വിളിക്കുമ്പോള്‍ പഴയത് പോലെ നിശബ്ദ നിശ്വാസങ്ങള്‍ ഇല്ല .പരാതികളില്ല .പകരം "റോണ്‍ അത് ചെയ്തു ..റോ ണ്‍ ഇത് ചെയ്തു ..ഇന്നവന്‍ എന്റെ കൂടെ ഐസ് ക്രീം കഴിച്ചു ...എന്നിങ്ങനെ നൂറു കൂട്ടം വിശേഷങ്ങളാണ് അവര്‍ക്ക് വിളമ്പാനുള്ളത്!!

ഞാനും അതൊക്കെ കേട്ട് വളരെ വളരെ സന്തോഷിച്ചു ,,നിഗൂഡമായി ചിരിച്ചു ..വെറുതെ അവനെ മനസിന്റെ തൊട്ടിലില്‍ കിടത്തി കൊഞ്ചിച്ചു ..ലാളിച്ചു! വഷളാക്കി !
 പുറത്തു കറങ്ങാനിറങ്ങുമ്പോള്‍ കൌതുകം നിറഞ്ഞ കളിപ്പാട്ടങ്ങള്‍  അവനുള്ള സമ്മാനങ്ങളായി 
വാങ്ങി കരുതി വച്ചു .

ഒരിക്കലും കാണാത്ത അവന്റെ മുഖത്തെ ഞാനും ഒരു പാട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ...അതിനിടയിലാണ് ഞങ്ങളെ സങ്കടത്തിന്റെ  നെരിപ്പോടില്‍ നീറ്റിക്കാന്‍ ഈ ആസുഖം !!...വേവലാതി !!

രണ്ടു ദിവസമായി ഒരു സ്വസ്ഥതയുമില്ല ..വീട്ടില്‍ നിന്ന് വിളിയില്ല ..മക്കളുടെ വിവരങ്ങള്‍ ഇല്ല ..
സ്വസ്ഥത കെട്ടു ഞാന്‍ ഇന്നലെ വീണ്ടും വിളിച്ചപ്പോള്‍...   അവര്‍ ആശുപത്രിയില്‍ ആണ്.ഒരു കുറവും ഇല്ലത്രെ ..ഡോക്റ്റര്‍ മാര്‍ പറയുന്നു കുഴപ്പം ഒന്നും കാണുന്നില്ലെന്ന് !! പക്ഷെ അവന്‍ ആരോഗ്യം വീണ്ടെടുക്കുന്നുമില്ല!!

എനിക്ക് ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല ....വീട്ടിലേക്കു പോയാലോ ...
എന്റെ മ്ലാനമായ മുഖം കണ്ടു ബോസ് ചോദിച്ചു : എന്ത് പറ്റി രമേശ്‌ ? ഞാന്‍ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു ..എന്താ തനിക്കു പറ്റിയത് ? "

"സര്‍  എനിക്ക് അത്യാവശ്യമായി നാട്ടില്‍ ഒന്ന് പോകണം ..വെരി എമര്‍ജന്‍സി ...ഒരു പത്തു ദിവസത്തേക്ക്  അവധി അനുവദിക്കണം ..."
എന്റെ വിഷമ ഭാവം കണ്ട്  അദ്ദേഹം കൂടുതല്‍ വിശദീകരണമൊന്നും ചോദിക്കാതെ "ഓകെ" എന്ന് പറഞ്ഞു ലീവ് ആപ്ലികേഷന്‍ ഫോം എടുത്തു കയ്യില്‍  തന്നു ...

കൂട്ടുകാരെ ..പ്രിയ ബൂലോക വാസികളെ ...എനിക്ക് പോയെ പറ്റു....എന്റെ റോണിനെ കാണണം ..അവനെ നല്ലൊരു ഡോക്റ്ററെ  കാണിക്കണം ...നിങ്ങളും  അവനു വേണ്ടി പ്രാര്‍ത്ഥിക്കണം ...
അവന്റെ അസുഖം മാറാനും അത് കണ്ടു ആശ്വസിച്ചു എത്രയും വേഗം  എനിക്ക് തിരിച്ചു വരാനും  കഴിയണേ എന്നും പ്രാര്‍ഥിക്കണം.....നിങ്ങളില്‍ ചിലര്‍ക്ക്  എന്റെയും കുടുംബത്തിന്റെയും ഈ പ്രവൃത്തികള്‍ ഒരു ഭ്രാന്ത് ആയി തോന്നാം ..പക്ഷെ വെറും ഒരു നായ് ജന്മമായ് കരുതി അവനെ തള്ളിക്കളയാന്‍ ഞങ്ങള്‍ക്കാവില്ല ..
ഈ മാസം ഇരുപതിനാണ് എന്റെ ടിക്കറ്റ് .ജിദ്ദയില്‍ നിന്ന് ..നെടുമ്പാശ്ശേരി യിലേക്ക് ..അരൂരിലേക്ക് ..എന്റെ റോണിന്റെയും നീരജിന്റെയും അടുത്തേക്ക്‌ ,രശ്മിയുടെ സ്നേഹ സാമീപ്യങ്ങളിലേക്ക് ...ഞാന്‍ പോയ്‌ വരട്ടെ .നിങ്ങളുടെ സ്വന്തം
രമേശ്‌ ....(ഒപ്പ് )

2010, ഡിസംബർ 1, ബുധനാഴ്‌ച

കുരു ദക്ഷിണ

കുരു ദക്ഷിണ ഹോം പേജ് ക്ലിക്ക് ചെയ്തു വായിക്കാം or klick the below link.

http://remesharoor.blogspot.com/2010/11/blog-post_26.html#links