2011, ഡിസംബർ 31, ശനിയാഴ്‌ച

ഒപ്പം നടന്നവരേ .. നന്ദി

പ്രോത്സാഹനങ്ങളും വിമര്‍ശങ്ങളുമായി ഇതുവരെ ഒപ്പം നടന്ന
വായനക്കാര്‍ക്ക് , പ്രിയ സുഹൃത്തുക്കള്‍ക്ക്
നിങ്ങളുടെ സ്നേഹ നിധികളായ കുടുംബാംഗങ്ങള്‍ക്ക്
നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു .


2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

കടപുഴകിയ വന്‍ മരം (ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു )

 പരമ്പര 
ഒന്നാം  ഭാഗം ഇവിടെയും
രണ്ടാം ഭാഗം ഇവിടെയും 
വായിക്കാം   
അവസാന ഭാഗം
സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് പിഴുതെറിയപ്പെട്ട് ആക്ഷേപങ്ങളുടെയും ഉപരോധങ്ങളുടെയും വെടിയുണ്ടകള്‍ സ്വയം മസ്തകത്തില്‍ ഏറ്റുവാങ്ങി 'സഹ്യന്റെ മകനെ'പ്പോലെ മസ്തകം പിളര്‍ന്നു ചോര വാര്‍ന്നു നില്‍ക്കുമ്പോളും മുഴങ്ങിയ ആ ഒറ്റയാന്റെ ചിന്നം വിളി മണിമേടകള്‍ക്കും ദന്ത ഗോപുരങ്ങള്‍ക്കും  ഉള്ളില്‍ സുഖ നിദ്രയിലായിരുന്ന ദൈവങ്ങളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത് .

       ഭീഷ്മ പിതാമഹന്‍റെയും പീലാത്തോസിന്റെയും നിലപാടുകളോട്   ഒരര്‍ത്ഥത്തില്‍ ഏറെ സമാനതകള്‍ പുലര്‍ത്തുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് തോന്നിയിട്ടുണ്ട് . ന്യായന്യായങ്ങളെക്കുറിച്ച് ഏറെ ബോധ്യം ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചു സ്വന്തം നിലപാടുകള്‍ നിശ്ചയിച്ചവര്‍ ആയിരുന്നല്ലോ അവരിരുവരും .

      അത്തരമൊരു നിലപാടിലാണ് വിജയന്‍ മാഷ്‌ തന്റെ ജീവിതത്തെയും പ്രത്യയ ശാസ്ത്രത്തെയും ബന്ധിപ്പിച്ചിരുന്നതെന്ന് പറയാം .ഇടവും വലവും നില്‍ക്കുന്നവരോടുള്ള കാരുണ്യം മനസ്സില്‍ സൂക്ഷിക്കുമ്പോളും ഭൂരിപക്ഷത്തിന്റെ ശരിക്ക് വേണ്ടിയായിരുന്നു വിജയന്‍ മാഷ്‌ ശബ്ദിച്ചത് .

      അദ്ദേഹത്തിനറിയാമായിരുന്നു യുദ്ധം കടലിലെ സ്നാനം പോലെ അപകടകരമാണെന്ന് .ചുഴികളിലേക്കും അഗാധതകളിലേക്കും തിരക്കൈകള്‍ കൊണ്ട് വിളിക്കുന്ന കടലിന്റെ ഭീകരതയെക്കുറിച്ച് എത്ര മുന്നറിയിപ്പ് കൊടുത്താലും യുദ്ധത്തിരകളുടെ ആവേശത്തില്‍ സ്വയം മറന്നു കളിക്കുന്ന യോദ്ധാവിനു അത് മനസിലാവുകയെ ഇല്ല .അതുകൊണ്ടുതന്നെ സ്വയം ആഗ്രഹിക്കാതെ പൊട്ടിപ്പുറപ്പെട്ട ഭാരത യുദ്ധത്തില്‍  തന്നെത്തന്നെ ബലി നല്‍കുകയായിരുന്നു ഭീഷ്മ പിതാമഹന്‍ .

     ശരവ്യൂഹത്തില്‍ കൊരുക്കപ്പെട്ടു ശയ്യാവലംബിയായിട്ടും അദ്ദേഹം ആഗ്രഹിച്ചത് തന്‍റെ ആത്മബലി കൊണ്ടെങ്കിലും ഈ യുദ്ധമൊന്നവസാനിക്കട്ടെ എന്നായിരുന്നു . സ്വച്ഛന്ദമൃത്യു വരിക്കാനുള്ള അനുഗ്രഹം പോലും എത്രയോ തവണ അദ്ദേഹം മാറ്റിവച്ചു ! എങ്കിലും ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു .
സമാന സഹനതയാണ് വിജയന്‍ മാഷിനെ ഭീഷ്മ പിതാമഹനുമായി തുലനപ്പെടുത്താന്‍ പ്രേരണയാകുന്നത്.
താന്‍ അടിയുറച്ചു വിശ്വസിച്ച തത്വ ശാസ്ത്രത്തിന്റെ പ്രായോഗിക യോദ്ധാക്കള്‍ അപകടത്തിന്റെ തിരക്കൈകളിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ   അദ്ദേഹം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു .

     വ്യക്തിയല്ല ,പ്രസ്ഥാനമാണ് ശരി എന്ന പക്ഷത്തായിരുന്നു അദ്ദേഹം എന്നതിനാല്‍ തന്‍റെ നിലപാടുകള്‍ക്ക് ആത്യന്തിക വിജയമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിച്ചു .യുദ്ധത്തിന്റെ തീഷ്ണതയില്‍ ആവേശം കൊണ്ട യോദ്ധാക്കള്‍ പക്ഷെ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയും ഒടുവില്‍   അവര്‍ തീര്‍ത്ത ശരശയ്യയില്‍ അദ്ദേഹത്തെ കൊരുക്കുകയും ചെയ്തു .പിന്നീടവശേഷിച്ചത് ഉത്തരായനത്തിലെ  സ്വച്ഛന്ദമൃത്യുവെന്ന മഹാഭാഗ്യം മാത്രമായിരുന്നു !

    'വിജയന്റെ ' 'ശരശയ്യ'യിലേറിയ ഭീഷ്മ പിതാമഹന് ലഭിച്ച അപൂര്‍വ്വ ഭാഗ്യം പോലെ
പോരാട്ടത്തിനിടയിലെ വീരമൃത്യു !

   വീണ്ടും വൈലോപ്പിള്ളിയെ ഓര്‍മ്മ വരുന്നു .അദ്ദേഹത്തെക്കുറിച്ച് സച്ചിതാനന്ദന്‍ പറഞ്ഞ വാക്കുകളും :

"കൂട്ടുകാരോടൊപ്പം ഓടിച്ചെന്നെടുക്കുന്ന 
നാട്ടു മാമ്പഴങ്ങള്‍ തന്‍ ഭിന്ന ഭിന്നമാം സ്വാദ് !"  

     വൈലോപ്പിള്ളിയെപ്പോലെ വിജയന്‍ മാഷ്‌ നമുക്ക് സമ്മാനിച്ചത് വിഭിന്നമായ ചിന്തകളുടെ സ്വാദ് നിറഞ്ഞ ഒരു മാമ്പഴക്കലമായിരുന്നു !നാടിനും ജീവജാലങ്ങള്‍ക്കും തണലും രക്ഷയുമേകുന്ന   ഓരോ നാട്ടുമാവുകളും മുറിച്ചു മാറ്റപ്പെടുകയോ കനിവറ്റ കൊടുങ്കാറ്റുകളില്‍പ്പെട്ടു നിലം പതിക്കുകയോ ചെയ്യുകയാണ് .വ്യത്യസ്ത രുചികള്‍ നമുക്ക് പകര്‍ന്നു തരാന്‍ ഇനി ഏതു മാതുലനാണ് മുന്നോട്ടു വരിക ??ആ ശൂന്യതകള്‍ എന്നാണു നികത്തപ്പെടുക..??. തുറക്കപ്പെടാന്‍ വിധിയില്ലാതെ ആ പാഠം എന്നേയ്ക്കുമായി അടഞ്ഞപ്പോള്‍ വഴിയില്‍ ദിശാ ബോധം നഷ്ടപ്പെട്ട ഒരു യുവത കാത്തു നില്‍ക്കുകയാണ് .പുതിയ ഗുരുവിനെ തേടി ..
(അവസാനിച്ചു)

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

താത്വിക ഗുരുവിനും അടിപതറുമ്പോള്‍

'ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു'
ഒന്നാം ഭാഗം വായിക്കാന്‍ 
ഇവിടെ    അമര്‍ത്തുക

ഗുരു എന്ന പദത്തിനും പദവിക്കും അര്‍ത്ഥ പൂര്‍ണ്ണമായ ഒരു നിര്‍വ്വചനം ആയിരുന്നു വിജയന്‍ മാഷ്‌ . പരമ്പരാഗതമായ മിനുസമുള്ള  വഴികള്‍ വിട്ടു മുള്‍പ്പടര്‍പ്പുകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് ആത്യന്തികമായ സത്യങ്ങളുടെ അദൃശ്യമായ  പൂങ്കാവനങ്ങള്‍ അനുഭവിപ്പിച്ചു തന്നു അദ്ദേഹം .

ഓരോ കവിതയും വായിച്ച് അതിലെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുത്തെന്നു കരുതി ആശ്വസിച്ചും അഹങ്കരിച്ചും നാമിരിക്കുമ്പോളാകും മാഷിന്റെ തിരുത്തല്‍ അഥവാ ദര്‍ശനം നമ്മെത്തേടി  വരിക ! അഴിച്ചെടുത്ത കുരുക്കുകള്‍ക്കുമപ്പുറം ഇനിയും വിരിയാത്ത 'ഇഴ വേര്‍തിരിച്ചെടുക്കല്‍ '

"കേള്‍ക്കണമെങ്കില്‍  ഈ ഭാഷ വേണം  " ബര്‍ണാഡ് ഷാ യുടെ ഈ വാക്കുകള്‍ഉദ്ധരിച്ച്‌ കൊണ്ടാണ്   അദ്ദേഹം മരണത്തിലേക്ക് തന്റെ ഭൌതിക ശരീരത്തെ പരിണാമപ്പെടുത്തിയത് . മരണം എന്ന പ്രഹേളികയെപ്പറ്റി ഇതുവരെ ആര്‍ക്കും നല്‍കാന്‍ കഴിയാതിരുന്ന നിര്‍വ്വചനത്തിന്റെ നടുക്കം കൊള്ളിക്കുന്ന ഒരു ദൃശ്യ ഭാഷ്യം ആയി ചരിത്രം അതിനെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു .
മരണത്തില്‍ പോലും മാഷ് തിരിച്ചറിവ് പകരുന്ന നല്ലൊരദ്ധ്യാപകനാകുന്നത് ലോകം  ലൈവ് ആയി കാണുകയായിരുന്നു

വിയര്‍ക്കുന്നത് ഒരു മോശം കാര്യമാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ട് നമ്മുടെ മസ്തിഷ്കത്തിലേക്കും ഉപഭോഗ സംസ്കൃതിയിലേക്കും കുത്തക ഉല്‍പ്പന്നങ്ങള്‍ കടന്നുവന്ന്  അവരുടെ ദൃശ്യ വിസ്മയങ്ങളിലും ,സുഗന്ധ സൌഭഗങ്ങളിലും നമ്മെ വീഴ്ത്തി അടിമകള്‍ ആക്കുമ്പോള്‍ ,വിയര്‍ക്കുന്നത് അദ്ധ്വാനിക്കുന്നവന്‍ ആണെന്നും അദ്ധ്വാനമാണ് മനുഷ്യരെ സ്വാശ്രയ ജീവികളും ,സ്വതന്ത്രരും , സമ്പന്നരും ആക്കുന്നതെന്നും  നേര്‍ക്കുനേര്‍ നിന്ന് പറഞ്ഞു തരാന്‍ നമുക്കൊരു വിജയന്‍ മാഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

കോളേജ് അദ്ധ്യാപകന്‍ ആയിരിക്കെ തെളിയാത്ത മഷിപ്പേനയുമായി ക്ലാസ്സിലെത്തിയ ശിഷ്യനെ സഹായിക്കാന്‍ പേന വാങ്ങി നിബ്ബ് കടിച്ചൂരുകയും മഷി ഒന്നാകെ അദ്ദേഹത്തിന്‍റെ വെളുത്ത ഷര്‍ട്ടില്‍ വീഴുകയും ചെയ്ത സംഭവം കേട്ടിട്ടുണ്ട് .തെളിഞ്ഞു കിട്ടാത്തത് തെളിമയോടെ പകരുകയാണ് ഒരദ്ധ്യാപകന്റെ കടമയെന്  മലയാളികളെ  ചിന്തിപ്പിക്കുവാന്‍ ആദ്ദേഹത്തിന്റെ ഈ പ്രവൃത്തി  കാരണമായതായി കണക്കാക്കാം ..എപ്പോഴും അങ്ങിനെ തന്നെയായിരുന്നു മാഷിന്റെ രീതികള്‍ .
വര്‍ഷങ്ങളായി അദ്ദേഹത്തെ അലട്ടിയ രോഗാവസ്ഥകളിലും വിശ്രമമില്ലാത്ത അലച്ചിലുകളില്‍ കുരുങ്ങി ക്കിടക്കുകയായിരുന്നു  മാഷിന്റെ ജീവിതവും  ദിനചര്യകളും .
വിലക്കുകള്‍ ഉള്ള പിന്‍ വിളികളും ഉള്‍വിളികളും വിടാതെ പിന്‍തുടര്‍ന്നിട്ടും  അദ്ദേഹം അതെല്ലാം അവഗണിച്ചു .തൃശൂരില്‍ ഒരു സാംസ്കാരിക സദസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു .പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് ഓഫ്‌ ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു "ഇത് പിന്‍ വിളിയാണ് "

അഗാധ മൌനത്തിന്റെ ഇരുള്‍ ഭിത്തികള്‍ ഭേദിച്ച വെളിപാടുകള്‍ നിറഞ്ഞ വാക്കുകള്‍ കൊണ്ട് മാഷ്‌ കേരളീയ സമൂഹത്തോട് സംവദിച്ചപ്പോള്‍ വാക്കിനും കേള്‍വിക്കും ഇടയിലുള്ള ശൂന്യത അപ്രസക്തമാവുകയായിരുന്നു. വാക്കും കേള്‍വിയും ഒന്നായത് പോലെ .മറ്റൊരിക്കല്‍ മാഷ്‌ പറഞ്ഞു പറയുന്നയാളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലം ഇല്ലാതാകുമ്പോള്‍ മാത്രമാണ് മികച്ച പ്രാസംഗികനും  കേള്‍വിക്കാരും ഉണ്ടാകുന്നതെന്ന്‌ .

ചെറിയ ഇടവേളയൊഴികെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സന്തത സഹചാരിയായിരുന്നു വിജയന്‍ മാഷ്‌ .ആ പ്രസ്ഥാനങ്ങള്‍ സൈദ്ധാന്തിക വെല്ലുവിളി നേരിട്ടപ്പോള്‍ സംരക്ഷകനായും സിദ്ധാന്തങ്ങളുടെ വ്യാഖ്യാതാവായും പുതിയ സിദ്ധാന്തങ്ങളുടെ സ്രഷ്ടാവായും വിഭിന്ന വേഷങ്ങള്‍ കെട്ടിയിട്ടുണ്ട് വിജയന്‍ മാഷ് .
പാര്‍ട്ടിയില്‍ കേവല അംഗത്വം പോലുമില്ലെങ്കിലും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ മുന്‍ നിരയില്‍ എത്തുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദരവ് നേടുകയും ചെയ്തിരുന്ന അദ്ദേഹം പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചട്ടക്കൂടുകളെയോ സംഘടനാ സംവിധാനങ്ങളെയോ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് പിന്നീട് നേരിട്ട തിരിച്ചടികള്‍ സൂചിപ്പിക്കുന്നത് .കമ്യൂണിസ്റ്റുകാര്‍ തന്നെ ഒരു കാലത്ത് സ്നേഹിച്ചിരുന്നത് 'സ്നേഹം കൊണ്ടായിരുന്നില്ല  എന്നും അവര്‍ മറ്റേതു കമ്യൂണിസ്റ്റ് സഹയാത്രികരോടുമെന്നത് പോലെ "പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച്  സ്നേഹിക്കുക" എന്ന അജണ്ട നടപ്പിലാക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ എന്നും മാഷ്‌ തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍ .
എഴുത്തുകാരും ചിന്തകരും കവികളും എല്ലാം പൊതുവേ പുലര്‍ത്തിപ്പോന്ന സ്വതന്ത്ര നിലപാടുകളെ കമ്യൂണിസ്റ്റ് പക്ഷത്തു ശക്തമായി ഉറച്ചു നിന്നും വാദിച്ചും വിജയന്‍ മാഷ്‌ തള്ളിക്കളഞ്ഞിരുന്നു .
'ഇതെല്ലാം തന്‍റെ വീട്ടുകാര്യമല്ല "    എന്നതായിരുന്നു  അപ്പോഴും  അദ്ദേഹത്തിന്റെ ന്യായം .

ക്ലാസ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ബി .ജെ .പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ പാര്‍ട്ടിക്കാര്‍ വെട്ടി നുറുക്കിയപ്പോഴും മനുഷ്യര്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെയും വ്യവഹാരങ്ങളുടെയും പേരില്‍ പറശ്ശിനിക്കടവിലെ മിണ്ടാപ്രാണികളെ ചുട്ടെരിച്ചപ്പോളും വിജയന്‍ മാഷിന്റെ ദാര്‍ശനിക വെളിപാടുകള്‍ ഇരകള്‍ക്ക് എതിരായിരുന്നു എന്നത് അക്കാലത്തെ ഞെട്ടല്‍ ഉളവാക്കിയ വര്‍ത്തമാനങ്ങള്‍ ആയിരുന്നു .അത് കൊണ്ട് തന്നെ സൈദ്ധാന്തികനായും ചിന്തകനായും മനുഷ്യ സ്നേഹിയായും മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലെത്തിയിട്ടും കേരളത്തിലെ എഴുത്തുകാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും വിജയന്‍ മാഷ്‌ ബഹിഷ്കൃത വ്യക്തിത്വമായി കോര്‍ണര്‍ ചെയ്യപ്പെട്ടിരുന്നു .
അപകടപ്പെടുത്തുന്ന ഉള്‍ വിളികളെ അദ്ദേഹം അറിഞ്ഞുകൊണ്ട് അവഗണിക്കുകയായിരുന്നു .മാരകമായ രോഗാവസ്ഥകള്‍  പലപ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകളെയും ജീവനെയും തന്നെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .
ക്യാന്‍സറിന്റെയും ആസ്ത്മയുടെയും ആക്രമണത്തില്‍ ഒരു വേള അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയ്ക്കു പിന്നില്‍ ബന്ധിതരായിട്ടുണ്ട് .അപ്പോളെല്ലാം നിഗൂഡമായ മന്ദഹാസങ്ങളും അഗാധമായ മൌനവും കൊണ്ട് മാഷ്‌ ആ ശൂന്യതകളെ പൂരിപ്പിച്ചു കൊണ്ടേയിരുന്നു .
(തുടരും )
ചിത്രം :സുനോജ് നൈനാന്‍ മാത്യു (മംഗളം )

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു

യുക്തി ചിന്തയുടെയും ധൈഷണിക ഉദ്ദീപനങ്ങളുടെയും നൂറു നൂറു മാമ്പൂക്കള്‍ വിരിയിച്ച് ആധുനിക യൌവ്വനങ്ങളെ ത്രസിപ്പിക്കുകയും അതേ സമയം ഉള്‍ക്കാഴ്ചയുടെ മധുരം പൊലിപ്പിക്കുകയും ചെയ്ത ഒരു മഹാവൃക്ഷം നിലം പതിച്ചിട്ട്‌   നാല് വര്‍ഷം തികയുന്നു .

2007 ഒക്ടോബര്‍ മൂന്നിന് തൃശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ പത്ര സമ്മേളനത്തിനിടയില്‍ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍റെ വേര്‍പാട് .

അപകടപ്പെടുത്തുന്ന ഉള്‍വിളികളെ സാമൂഹിക പ്രതിബദ്ധതയുടെ കവചം കൊണ്ട് പ്രതിരോധിച്ച് വാക്കുകള്‍ കൊണ്ടും മൌലികമായ ദര്‍ശനങ്ങള്‍ കൊണ്ടും ചിന്തിക്കുന്ന മലയാളികളുടെ ഹൃദയങ്ങളോട് ഒട്ടിനിന്ന പ്രിയപ്പെട്ട വിജയന്‍ മാഷ്‌ അന്ത്യ നിമിഷങ്ങളിലും പ്രതിലോമ ശക്തികളോടുള്ള തന്റെ പോരാട്ടത്തിന്റെ കര്‍മ്മ വേദിയിലായിരുന്നു എന്നത് കേവല യാദൃശ്ചികതയല്ല .

ക്ലാസ് മുറികളിലും തെരുവോരങ്ങളിലും ഒരേ പോലെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത് മറ്റാരും പറയാത്ത ,മറ്റാരും ചിന്തിക്കാത്ത സാമൂഹിക വിഷയങ്ങളായിരുന്നു .

മലയാള കവിതാ ശാഖയില്‍ പുരോഗമന ചിന്തയുടെ വൈദ്യുതി പ്രസരിപ്പിച്ചത് വൈലോപ്പിള്ളി ആയിരുന്നു എങ്കില്‍ വൈലോപ്പിള്ളി ക്കവിതകളിലൂടെ ആധുനിക മനശ്ശാസ്ത്ര ചിന്തകരായ ഫ്രോയിഡി ന്റെയും, അഡലറുടെയും ,യൂങ്ങിന്റെയും ദര്‍ശനങ്ങള്‍ക്ക്
പുതിയ ഭാഷ്യവും വ്യാഖ്യാനവും രചിച്ചയാളായിരുന്നു വിജയന്‍ മാഷ്‌ .

"മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല നുള്ളുന്നത് തല്ലു കൊളളാഞ്ഞിട്ടല്ലേ? " .
എന്ന് വൈലോപ്പിള്ളി പാടിയപ്പോള്‍ അത് ആസക്തികളിലേക്ക് പാഞ്ഞടുക്കുന്ന ആധുനിക മനുഷ്യരോടുള്ള കവിയുടെ മുന്നറിയിപ്പാണെന്നു ആദ്യമായും അവസാനമായും പറഞ്ഞു തന്ന ഗുരുവായിരുന്നു വിജയന്‍ മാഷ് .

തന്റെ അറിവുകളെയും ദര്‍ശനങ്ങളെയും എന്നും തൊഴിലാളി വര്‍ഗ്ഗത്തോടുള്ള പ്രതിബദ്ധതയുമായി ചേര്‍ത്തു നിര്‍ത്താനാണ് മാഷ്‌ ശ്രമിച്ചിട്ടുള്ളത് .പ്രത്യയ ശാസ്ത്രങ്ങളുടെ കടും പിടുത്തങ്ങളോ ,നിറക്കൂട്ടുകളോ അല്പം പോലും ഏശാത്ത ചിന്താ രീതിയായിരുന്നു അദ്ദേഹത്തിന്റേത് .
മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ അന്തര്‍ധാരയില്‍ ആധുനിക കമ്യൂ നിസ്റ്റുകള്‍ പലപ്പോഴായി മായം കലര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരാരും വ്യാഖ്യാനിക്കുന്നത് പോലെയായിരുന്നില്ല വിജയന്മാഷിന്റെ മാര്‍ക്സും  മാര്‍ക്സിസവും  .
പുരോഗമന പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സഹയാത്രികരായി ഒട്ടേറെ ബുദ്ധിജീവികള്‍ കടന്നുവന്നെങ്കിലും വിട്ടുവീഴ്ച്ചകളിലും കടും പിടുത്തങ്ങളിലും പെടാതെ പ്രതിബദ്ധതയില്‍ മാത്രം ഉറച്ചു നില്‍ക്കാന്‍ മാഷിനു മാത്രമേ കഴിഞ്ഞുള്ളു എന്ന് പറയാം .
മറ്റുള്ളവര്‍ മനം മടുത്തു തിരിഞ്ഞു നടക്കുകയോ, കണ്ടില്ലെന്നു നടിച്ചു ഒപ്പം ചേരുകയോ ചെയ്തപ്പോള്‍ പ്രത്യയ ശാസ്ത്രത്തിനു വെട്ടി മറിക്കാന്‍ കഴിയാത്ത മഹാവൃക്ഷമായി നിലകൊള്ളാന്‍ അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞുള്ളു .

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അമരക്കാര്‍ക്കുള്‍പ്പെടെ മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെയും മര്‍ദ്ദിത ജനസേവനത്തിന്റെയും ബാല പാഠങ്ങളും ദിശാബോധവും നല്‍കിയത് മാഷിന്റെ മൌലിക ചിന്തകളും ദര്‍ശനങ്ങളും ആയിരുന്നു .
അതുകൊണ്ടുതന്നെയാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കാത്ത പ്രവണതകള്‍ അവയെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ഓര്‍മ്മപ്പെടുത്തലിന്റെയും പ്രതിഷേധത്തിന്റെയും പുതിയ 'പാഠ'വുമായി അദ്ദേഹം പ്രതികരിച്ചതും പ്രതിരോധിച്ചതും .

പ്രത്യയ ശാസ്ത്ര വക്താക്കള്‍ അദ്ദേഹത്തിന്‍റെ ചിന്തകളെ വെറുപ്പോടെ പുറത്തെറിഞ്ഞു കളഞ്ഞെങ്കിലും അദ്ദേഹം നീട്ടി നിര്‍ത്തിയ സാമൂഹിക പ്രതി ബദ്ധതയുടെ ശലാകകളിലൂടെ അറിവിന്റെ വിദ്യുല്‍ സ്പര്‍ശം ഏറ്റ ഒരു യുവനിര മാഷിന്റെ ചിന്തകളെ താലോലിച്ചു .  ധ്യാന നിമഗ്നരായാണ് അവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടുനിന്നത് .

കവിത ,രാഷ്ട്രീയം .ചിത്രകല ,തത്വ ചിന്ത ,സാഹിത്യം -വിഷയം ഏതായാലും അവയെപ്പറ്റി മാഷിനു തന്റേതായ കാഴ്ച്ചപ്പാടുണ്ടായിരുന്നു ,പ്രായം കൊണ്ട് പുതിയ തലമുറയോട് ഒട്ടേറെ അന്തരമുന്ടെങ്കിലും ആ വ്യത്യാസം ആദ്ധേഹത്തിന്റെ  ഇടപെടലുകളില്‍ പുതുമുറക്കാര്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍  കഴിഞ്ഞിരുന്നില്ല,
ആധുനിക ജീവിതത്തിലെ അനുഭവമലിനീകരണങ്ങളെ ഏറ്റവുമധികം തുറന്നു കാണിച്ചതും ശുദ്ധീകരിക്കാന്‍ ശ്രമിച്ചതും അദ്ദേഹമായിരുന്നു .എന്തിനെക്കുറിച്ചുമുള്ള ചിന്തയുടെ ഒരു തലത്തില്‍ എത്തി ഇതാണ് അതിനെ സംബന്ധിച്ച ആത്യന്തിക സത്യത്തിന്റെ അതിര്‍ത്തി എന്ന് കരുതി നാം നില്‍ക്കുമ്പോള്‍ ആരും ചൂണ്ടിക്കാണിക്കാത്ത മറ്റൊരു ചിന്തകൊണ്ട് മാഷ്‌ അതിനെ തിരുത്തിക്കൊണ്ടേയിരുന്നു .(തുടരും )
ചിത്രം :സുനോജ് നൈനാന്‍ മാത്യു (മംഗളം)

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

സിനിമാ... സിനിമാ...

1999 ലെ ഒരു വെളു വെളുത്ത ഞായറാഴ്ച
രാവിലെ ഈശി മാപ്ലയുടെ കശാപ്പുശാലയില്‍ നിന്ന് 'എച്ചിക്കണക്കു' പറഞ്ഞു വാങ്ങിച്ചു കൊണ്ടുവന്ന അരക്കിലോ പോത്തിറച്ചി  ഞാനും രശ്മിയും കൂടി കണ്ണില്‍ കണ്ണില്‍
നോക്കിയിരുന്ന്  എല്ലും ചവ്വും വേര്‍തിരിച്ചു മുറിച്ചെടുക്കുകയായിരുന്നു.
ആണും പെണ്ണും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നത്  എത്ര രസമുള്ള ഏര്‍പ്പാടാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ ! വെറുതെയിരിക്കുമ്പോള്‍   അവളുടെ കണ്ണില്‍ കുറെ നേരം നോക്കിയിരിക്കാന്‍ അമ്മ സമ്മതിക്കാത്തതിനാലാണ് സമ്പൂര്‍ണ സസ്യാഹാര പ്രിയ ആയിരുന്നിട്ടും പോത്തിറച്ചിയുടെ മധ്യസ്ഥതയില്‍   ഞങ്ങള്‍ പ്രണയ സല്ലാപത്തിനിരുന്നത് !
അമ്മ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പുറത്തേക്ക് പാളി നോക്കിയും "വിരല് മുറിക്കല്ലേ പൊന്നേ.." എന്ന് പറഞ്ഞു  പ്രേമപൂര്‍വം  അവളെ പ്രോല്സാഹിപ്പിച്ചും ഇറച്ചി മുറിക്കല്‍ തുടര്‍ന്നു.
അമ്മ കണ്ടാല്‍ കുഴപ്പമാണ്. ഉടന്‍ തുടങ്ങും "അച്ചിക്കോന്തന്‍ പെണ്ണും പിള്ളേടെ മൂട്ടില്‍ നിന്ന് മാറാതെ കിടക്കുകയാണ് " എന്നും  പറഞ്ഞു ശകാരം ! സത്യം പറഞ്ഞാല്‍ ഈ അമ്മമാര്‍ കല്യാണം കഴിച്ച ആണ്‍മക്കള്‍ക്ക്‌ ഒരു പാര തന്നെയാണ് ! കുശുമ്പത്തികള്‍!!
കണ്ണില്‍ കണ്ണില്‍.നോക്കിയിരിക്കാനും ഇറച്ചി മുറിക്കാനുമായി   ആകെ കിട്ടുന്നത് ഒരു ഞായറാഴ്ചയാണ് ..! ആ ദിവസമാണ് ഈ അമ്മയുടെ ഒരു ... ! .ഇവര്‍ക്കിതെന്തിന്റെ കേടാണ് ? ഹല്ലാ പിന്നെ " 
മനസ്സില്‍ അവള്‍ അങ്ങനെ ഒരു..നൂറു വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാകും .!  ഉറപ്പ് ..!
പെട്ടന്നാണ് തേങ്ങ തലയില്‍ വീണ നായയെ പോലെ ആരുടെയോ വിളിയും പിന്നാലെ അമ്മയുടെ ശകാരവും  കേട്ടത് .
"ഹോ ! നേരം വെളുക്കാന്‍ നോക്കിയിരിക്കുകയാ ഓരോരുത്തന്മാര് പിച്ചച്ചട്ടിയുമായി ഇറങ്ങാന്‍ ..ഇവനൊക്കെ നേരെ ചൊവ്വേ വല്ല പണിയും എടുത്തു തിന്നു കൂടെ ?"
പാവം! ഏതോ പിച്ചക്കാരനാണ് , എന്ന് തോന്നുന്നു അമ്മയുടെ മുന്നില്‍പ്പെട്ടിരിക്കുന്നത്  .
മര്യാദക്ക് തെണ്ടി തിന്നാന്‍ പോലും സമ്മതിക്കില്ലാന്നു വച്ചാല്‍ ..കഷ്ടം തന്നെ .!!
"ദേ..  വേഗം ചെന്ന്  അയാളെ പിരിച്ചു വിട്ടില്ലെങ്കില്‍ ഇന്നിനി അത് മതി തള്ള ഈ വീടെടുത്ത് മറിച്ചു വയ്ക്കാന്‍ .. ".രശ്മി എനിക്ക് മുന്നറിയിപ്പ് തന്നു .
ഞാന്‍ എഴുന്നേറ്റു  ‍ ഉമ്മറത്തേക്കു ചെന്നു .പിച്ചക്കാരനൊന്നുമല്ല   . സുഹൃത്തും നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനും ആയ ചാണ്ടപ്പന്‍ സഖാവ്  .കൂടെ ഒരു പുതുമുഖവും ഉണ്ട് .
പക്ഷെ പിച്ചക്കാരന്‍ അല്ലെന്നു കരുതി   ആശ്വസിക്കാന്‍  തെല്ലും വകയില്ല !
രാവിലെ തന്നെ പിരിവ് ആണെന്ന് തോന്നുന്നു.
പിച്ചക്കാരന്‍ ആയിരുന്നെങ്കില്‍ ഒരു രൂപ കൊണ്ട് കഴിക്കാമായിരുന്നു .ഇതിപ്പോള്‍ ഒരു പത്തിരുപത്തഞ്ചു   രൂപയെങ്കിലും കൊടുക്കാതെ ചാണ്ടപ്പന്‍ സഖാവ്  കടി വിടില്ല . ഉദ്ദേശിച്ച തുക കിട്ടിയില്ലെങ്കില്‍  ആരുടെ മുന്നില്‍ വച്ചാണെങ്കിലും അയാള്‍ മാനം കെടുത്തും .പോരെങ്കില്‍  പുതുമുഖമാണ് കൂടെ .ആദ്യമായി കാണുന്നയാള്‍  !അയാള് കേള്‍ക്കെ നാറ്റിച്ചു കളയും   !

 അമ്മ കണ്ടാലോ  അതിലും കുഴപ്പമാണ് ,പക്ഷെ ചാണ്ടപ്പനെക്കാള്‍  ഭേദം   അമ്മതന്നെയാണ്  . ഒന്നും ഇല്ലെങ്കിലും  അമ്മ അന്താരാഷ്ട്ര പ്രശ്നങ്ങളും  സാമ്പത്തിക മാന്ദ്യവും പറഞ്ഞു ബോറടിപ്പിക്കില്ല..  ആഗോള താപനത്തെ പിന്നെയും സഹിക്കാം ;പക്ഷെ  ചാണ്ടപ്പന്റെ കത്തി വയ്പ്പ് ... ഹോ ! വയ്യായേ  !
ചാണ്ടപ്പനെ  കണ്ടതോടെ അമ്മയുടെ മുന്നില്‍ അകപ്പെട്ട രശ്മിയെ  പോലെ എന്റെ സെല്‍ഫ് കണ്ട്രോള്‍ സിസ്റ്റം താറുമാറായി .എങ്കിലും മാക്സിമം സന്തോഷം അഭിനയിച്ച്   ഒരു ചിരി ഫിറ്റു ചെയ്തു --
 "ഹല്ലാ ഇതാര് ചാണ്ടപ്പന്‍  സഖാവോ ?  രാവിലെ എന്താപരിപാടി ? ക്യൂബാ സഹായ നിധിയോ? അതോ പാര്‍ട്ടി പ്ലീനമോ? എന്തായാലും പിരിവു  അധികമൊന്നും പ്രതീക്ഷിക്കേണ്ട കേട്ടോ..അറിയാല്ലോ നമ്മടെ രാജ്യത്തിന്റെ സ്ഥിതി ?. സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില ! എവിടെ രസീത് കുറ്റി?" എന്നൊക്കെ ചോദിച്ച് ഞാന്‍ പെട്ടെന്ന് ചാണ്ടപ്പനെ  പാക്ക് ചെയ്യാന്‍ നോക്കി .
കാശും കണക്കും  പറഞ്ഞു തര്‍ക്കിക്കാന്‍ നിന്നാല്‍ പിന്നെ എത്യോപ്യയിലെ പട്ടിണി മരണത്തിനും  നിക്കരാഗ്വയിലെ വംശീയ പ്രക്ഷോഭത്തിനും ഒക്കെ ഞാന്‍ സമാധാനം പറയേണ്ടി വരും .വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു കോ ..കോ..കോത്താഴത്തു വയ്ക്കണോ ?
"ഇതെന്താ സഖാവേ .?.പിരിവിനു മാത്രമേ പാര്‍ട്ടിക്കാര്‍ക്ക് വീട്ടില്‍ വരാന്‍ പാടുള്ളോ ? ഞങ്ങള്‍ വന്നത് പിരിവിനൊന്നുമല്ല . " എന്നീട്ടു പുതുമുഖത്തിന് നേരെ വിരല്‍ ചൂണ്ടി:-
"ഇത് നമ്മടെ പടിഞ്ഞാറെ മേക്കരയിലെ സതീശന്‍ സഖാവിന്റെ അനിയന്‍ മണിയപ്പന്‍ ..ഇവനിപ്പ സിലുമേലാ  പണി .. അഭിനയിക്കാന്‍ ആളെ കൊടുക്കണ പരിവാടി..ഇവനപ്പോലേള്ള  ആളുകള്‍ടെ സഹായം കൊണ്ടല്ലേ  നുമ്മടെ   മമ്മൂട്ടീം, മോഹോന്‍ ലാലുവൊക്കെ സിനിമേല് പിടിച്ചു കേറിക്കെടന്നു വെലസണത്.!!.
"സഖാവിനും  സിലിമേലും നാടകത്തിലും ഒക്കെ    അഭിനയിക്കാന്‍ കമ്പം ഉണ്ടെന്നു എനിക്ക് നേരത്തെ അറിയാല്ലോ ..അതാ മണിയപ്പന്‍ "നടംമ്മാരെ" തെരക്കി പാര്‍ട്ടി ആപ്പീസീ വന്നപ്പോ കയ്യോടെ ഞാന്‍ ഇങ്ങാട്ട്  തന്നെ കൂട്ടിക്കൊണ്ട് വന്നത്.

 കാര്യം ഈ സിലിമേം  സിലിമാക്കാരും ഒക്ക  തനി മൂരാച്ചികളും ബൂര്‍ഷോസികളും ഒക്കെ ആണേലും നുമ്മടെ സഖാക്കള്‍ ആ മേഖലയിലൊക്കെ   ചെന്നാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിയുവല്ലോ  എന്നോര്‍ത്തിട്ടാണ് .ഞാന്‍  ഇങ്ങാട്ട് വന്നത് "
സിനിമ, അഭിനയം ,ഷൂട്ടിംഗ് എന്നൊക്കെ കേട്ടതോടെ രതിച്ചേച്ചിയുടെ മുന്നില്‍ അകപ്പെട്ട പപ്പുവിനെ പോലെ  എന്റെ മേലാസകലം കോരിത്തരിച്ചു .
നിന്ന നില്‍പ്പില്‍ തന്നെ ഞാന്‍  ഒന്ന് രണ്ടു പ്രാവശ്യം "വികാര വിശ്വംഭരനും ആവേശ ഭരതനും ആയി
"അതിനു    ഞാനിപ്പ എന്തു ചെയ്യണമെന്നാ സഖാവ് പറഞ്ഞു വരുന്നത് ?"
പാര്‍ട്ടിക്ക് വേണ്ടി ഒരു ത്യാഗം ചെയ്യാന്‍  റെഡി എന്ന മട്ടില്‍  മാക്സിമം 'വിനയ കുനിയനായി' ഞാന്‍ ചോദിച്ചു .എന്നിട്ട്  മണിയപ്പനെ നോക്കി  കൈകൂപ്പി ഒന്ന് ഇളിച്ചും  കാണിച്ചു .
'ഇനി അയാള്‍ വേണമല്ലോ  എന്നെ ഒരു കരപറ്റിക്കാന്‍ .'.
ആരും രുചിച്ചു നോക്കാതെ   തണുത്തു  തുടങ്ങിയ  എന്റെ   അഭിനയകലയിലെ  നവരസങ്ങള്‍  ഒന്ന് കൂടി ചൂടാക്കി   വിളമ്പാന്‍ ഒരവസരം വന്നിരിക്കുന്നു ! അതും വെള്ളിത്തിരയില്‍ !

  അഭിനയിച്ചു ഫലിപ്പിക്കാന്‍ വേദി കിട്ടാതെ മുരടിച്ചു പോയ എന്നിലെ നടനെയും ഒരു കാട്ടാനയെ പോലെ ഉള്ളില്‍ നടന്നു ചിന്നം വിളിക്കുന്ന  കലാകാരനെയും  തിരിച്ചറിഞ്ഞ സഖാവ് ചാണ്ടപ്പന്റെ  കമ്യൂണിസ്റ്റു ബോധത്തെ ഓര്‍ത്ത്   എന്റെ അന്തരാത്മാവിലെ   വിപ്ലവ വീര്യത്തിന്റെ ഗ്രാഫ്  ഞാന്‍ അറിയാതെ തന്നെ  ഉയര്‍ന്നു വന്നു .
അത് കൂടുതല്‍ ഉയര്‍ന്നാല്‍ അമ്മ അറിഞ്ഞു ആകെ ചളമാകും എന്ന് കരുതി  പെട്ടെന്ന് തന്നെ ആത്മ നിയന്ത്രണം വരുത്തി .
രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നു ! ഹൌ !!
മനസുകൊണ്ട്  ചാണ്ടപ്പന്  ആയിരം ആയിരം ചുകചുകപ്പന്‍ മുദ്രാവാക്യം വിളിച്ചു ..
"ഇങ്ക്വിലാബ് സിന്ദാബാദ് ,,,വിപ്ലവം ജയിക്കട്ടെ ! സ്തോത്രം ! ഹലെലുയ്യ !''
തുടര്‍ന്ന് ചാണ്ടപ്പന്‍  സഖാവ് മൈക്ക് മണിയപ്പന് കൈമാറി .
"ഞങ്ങള്‍ വണ്ടി കൊണ്ടുവന്നിട്ടുണ്ട് .. ഷൂട്ടിംഗ് സെറ്റില്‍ ആളുകള്‍ കാത്തിരിക്കുകയാണ്   ഇന്ന് തന്നെ അഭിനയിച്ചു തുടങ്ങാം ..പിന്നെ വൈഫിനെയും  കൂട്ടിക്കൊള്ളൂ കേട്ടോ .. അവര്‍ക്കു ഷൂട്ടിംഗ് ഒക്കെ അടുത്തു കാണാല്ലോ നടംമാരെയൊക്കെ  പരിചയപ്പെടാന്‍  ചാന്‍സും  കിട്ടും .അയാള്‍ ഒരൂള ചിരിയോടെ  അകത്തേക്ക് പാളിനോക്കി ക്കൊണ്ട് പറഞ്ഞു.

എന്റെ ദൈവമേ ഈ തെണ്ടി യുടെ ഒരു നോട്ടം ! പക്ഷെ പിണക്കാന്‍ വയ്യല്ലോ ..ഞാന്‍ കണ്ണടച്ചു കണ്ട്രോള്‍ കിട്ടാന്‍ പ്രാര്‍ഥിച്ചു .

അമ്മയിതെങ്ങാനും കണ്ടാല്‍ .മതി .അപ്പോള്‍ അടിച്ചിറക്കും . ഒരായിരം നോട്ടീസ് !
സിനിമയില്‍ അഭിനയിക്കുന്നതോ പോകട്ടെ ഒരു സിനിമ കാണാന്‍ കൂടി അനുവദിക്കാത്ത ടൈപ്പാണ് ഈ അമ്മ !
ഞാന്‍ അയാളുടെ കൊരുന്നാവള്ളിക്ക് പിടിക്കുന്നത്‌ പോലെ ഉച്ചത്തില്‍ ഒന്ന് മുരടനക്കി . എന്നിട്ട് വോള്യം പരമാവധി കുറച്ചു  ചാണ്ടപ്പനോടായി പറഞ്ഞു. "സഖാവെ നിങ്ങള്  വേഗം വണ്ടീടെ അടുത്തേക്ക്‌ പൊക്കോ ..ഞങ്ങള്‍ അമ്മയോട് പറഞ്ഞു സമ്മതിപ്പിച്ചു വേഗം അങ്ങുവന്നേക്കാം .."
അവര്‍ ഇറങ്ങി .
ഞാന്‍ വേഗം അകത്ത് ഇറച്ചിയുമായി ഗുസ്തി നടത്തുന്ന രശ്മിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു .
"എടീ എന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വണ്ടീം കൊണ്ടുവന്നതാ അവര് ..ഇറച്ചിയൊക്കെ ഫ്രിഡ് ജീ കേറ്റ്..എന്നിട്ട് വേഗം റെഡി യാക്.. ചെലപ്പോ നിനക്കും  ചാന്‍സ് കിട്ടുമെന്നാ പറയുന്നേ ."
ഞാന്‍ വെറുതെ അവളെ പ്രലോഭിപ്പിച്ചു .
"അയ്യോ ! ഞാനില്ലേ ...ഇവിടെ തന്നെ അഭിനയി ച്ച് അഭിനയിച്ചു ഒരു പരുവം ആയിരിക്കുവാ .അത് തന്നെ മടുത്തു..പിന്നെയാ സിനിമാ !!" അല്ലേലും കല അഭിനയം എന്നൊക്കെ കേള്‍ക്കുന്നതെ അവള്‍ക്കു "പുജ്ഞം" ആണ് ! സോപ്പ് കമ്പനിക്കാരന്റെ മകള്‍ക്ക് എവിടെ കല വളരാനാ  ?? കുറെ തുണി അലക്കി വെളുപ്പിക്കാന്‍ അറിയാം !
അവള്‍  മസില്‍  പിടിച്ചു വെയ്റ്റ് ഇട്ടു എങ്കിലും  കൂടെ വരാന്‍ തയ്യാറായി .അത്രയും ഭാഗ്യം .അഭിനയിക്കാന്‍ അറിയില്ലെങ്കിലും ഭര്‍ത്താവ് അഭിനയിക്കുന്നത് കണ്ടു പഠിക്കാവല്ലോ!

അമ്മായി അമ്മയുടെ പിറ് പിറ്ക്കലും ശകാരവും ഇല്ലാത്ത ഒരു ദിനം വീണു കിട്ടിയാല്‍ ഏതു പെണ്ണാണ് അത്  പാഴാക്കി കളയുക ?     
.അപ്രതീക്ഷിതമായി ടാറ്റ പോകാനുള്ള ഒരുക്കം കണ്ടപ്പോള്‍ മൂന്നു വയസുള്ള ഞങ്ങളുടെ മകന്‍ കണ്ണനും ഉത്സാഹം .
പക്ഷെ .അമ്മയോട് എന്ത് പറഞ്ഞു മുങ്ങും ?  അതായി അടുത്ത പൊല്ലാപ്പ്
പെട്ടെന്നൊരു ബുദ്ധി തോന്നി ..
."രശ്മിയുടെ ജോലി സ്ഥലത്തെ സാറിനു എന്തോ അസുഖം വന്നു ഏറണാകുളത്ത്  ആശുപത്രിയില്‍ വായു വലിച്ചു കിടക്കുകയാണെന്നും അന്ത്യാഭിലാഷം എന്ന നിലയില്‍ ഓഫീസിലെ ജോലിക്കാരെ മുഴുവന്‍ അയാള്‍ കാണാന്‍ ആഗ്രഹിക്കുന്നു "എന്നും പറഞ്ഞു.നോക്കി .സംഗതി ഏറ്റെന്ന് തോന്നുന്നു .അമ്മ ഒന്നും പറഞ്ഞില്ല .
  ഉള്ളതില്‍ വച്ച്  ഏറ്റവും നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു ഞങ്ങള്‍ പെട്ടെന്ന് തന്നെ മണിയപ്പനും ചാണ്ടപ്പന്‍ സഖാവും  കൊണ്ടുവന്ന വണ്ടിയുടെ അടുത്തേക്ക്‌ ചെന്നു.
ഞങ്ങളുടെ പോക്കും വഴിയില്‍ കാത്തു കിടന്ന വണ്ടിയും ഒക്കെ കണ്ടു കിഴക്കേതിലെ ജയനും വടക്കേതിലെ സുരപ്പനും .മേരിച്ചേച്ചിയും ഒക്കെ എന്തോ അത്യാഹിതം ആണെന്ന് കരുതി ചോദ്യരൂപേണ നോക്കി നിന്നു.
നാട്ടുകാരെ ഒക്കെ ഒന്ന് വിശാലമായി നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു ,
"കണ്ടോടാ പരട്ടകളെ ഞാന്‍  സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ് ...അതും കുടുംബ സമേതം ! ഈ നാട്ടില്‍ നീയൊക്കെ ആണാണെന്നും പറഞ്ഞു മീശേം വച്ച് നടന്നിട്ട് എന്ത് കാര്യം ? ഗ്ലാമര്‍ വേണം ഗ്ലാമര്‍ ..പിന്നെ തലക്കകത്തും വേണം .വല്ലതും ...വിവരം .
.ഈ കല ,അഭിനയം എന്നൊക്കെ പറഞ്ഞാല്‍ നിനക്കൊക്കെ വല്ലതും അറിയാമോടാ മരത്തലയന്മാരെ ..? "
പിന്നെ കക്ഷത്തില്‍ ഇഷ്ടിക വച്ചത് പോലെ കൈകള്‍ അകത്തിപ്പിടിച്ചു സില്‍മാ നടന്‍ ജയനെ പോലെ ഞാന്‍ വാനിനുള്ളിലേക്ക് കയറി . വണ്ടിയുടെ അകത്തു ഒരുത്സവത്തിനുള്ള ആളുണ്ട് !
ഇവരൊക്കെ എങ്ങോട്ടാ ? ഷൂട്ടിംഗ് കാണാന്‍ വരുവാണോ ? എന്നെ സിനിമയില്‍ എടുത്ത വിവരം ഇത്ര പെട്ടെന്ന് ലീക്കായോ?
ഞാന്‍ മണിയപ്പനെ സംശയത്തോടെ നോക്കി
"ആ വണ്ടി പോട്ടെ "
എന്നെ ശ്രദ്ധിക്കാതെ  മണിയപ്പന്‍ ഡ്രൈവര്‍ക്ക് ആജ്ഞ കൊടുത്ത് ചാണ്ടപ്പനു   നേരെ കൈവീശി .
ഞാന്‍ വണ്ടിക്കുള്ളില്‍ ഒരു വിഹഗ വീക്ഷണം നടത്തി .പരിചയം ഉള്ളവരും ഇല്ലാത്തവരുമായ കുറെ പെണ്ണുങ്ങള്‍ . പക്ഷെ ആര്‍ക്കും ഞങ്ങള്‍ടെ അത്രയും ഗ്ലാമര്‍ ഇല്ല !ഭാഗ്യം!!
.മണിയപ്പനെയും ഡ്രൈവറെയും കൂടാതെ വണ്ടിയില്‍  മുതിര്‍ന്ന ആണായി ഞാന്‍ മാത്രമേ ഉള്ളൂ .

"നമ്മള്‍ ഇപ്പോള്‍ തന്നെ വൈകി ..പത്തുമണിക്ക് മുന്‍പ് ഷൂട്ടിംഗ് സ്ഥലത്ത് എത്തണമെന്നാണ് അവര് പറഞ്ഞിട്ടുള്ളത്  .."
ഒരു  പെണ്‍ ശബ്ദം കേട്ട്  ഞാന്‍ നോക്കി .ചുവന്ന .ലിപ്സ്റ്റിക് ഒക്കെ ഇട്ട ഒരു മറുത! എന്റെ നോട്ടം ഇത്തിരി ഷാര്‍പ് ആയീന്നാ തോന്ന-ണേ . അല്ലെങ്കില്‍ രശ്മീടെ  നഖം അത്ര ഷാര്‍പ് ആയി   എന്റെ പള്ളയില്‍ പതിക്കില്ലയിരുന്നു !
എങ്കിലും ഷഡ്ജം ഇളകാതെയും സംഗതിക്ക് മാറ്റം വരാതെയും  നഖം കൊണ്ടുള്ള  ഷാര്‍പ്പായ 
 ആ കുത്ത്  സഹിച്ചും     ക്ഷമിച്ചും ‌   വീണ്ടും ലിപ്സ്റ്റിക്കിട്ട യക്ഷിയെ ഞാന്‍ ഫുള്‍ ബോഡി  സ്കാന്‍ ചെയ്തു  ..
"ഈശ്വരാ.. ഇത് ചെമ്മീന്‍ കമ്പനിയില്‍ പണിക്കുപോകുന്ന മറിയാമ്മയല്ലേ ..നമ്മട ചാണ്ടപ്പന്‍  സഖാവിന്റെ അരുമ സഹോദരി !  ഇവളിതെങ്ങോട്ടാ ?? കെട്ടി എഴുന്നള്ളിച്ച് !!
ഗ്ലാമര്‍ പോയിട്ട്  ഒരു തരി ഗ്ലൂമര്‍ പോലും ഇല്ല അവള്‍ക്ക് .. ഇവളെയും സിനിമയില്‍ എടുത്തോ ?? ഹോ ! ഈ ചാണ്ടപ്പന്‍ ന്‍ സഖാവിന്റെ  ഒരു സ്വാധീനം !! സമ്മതിച്ചിരിക്കുന്നു !!

"മണിയപ്പന്‍ ചേട്ടന്റെ കൂട   ഞങ്ങളക്ക  ഷൂട്ടിങ്ങിന് പോകാറുണ്ട് ..ഡൈലി നൂറു രൂപാ കിട്ടും .പിന്നെ ബിരിയാണീം .ഐസ് കമ്പനീ പോയി ആ തണുപ്പത്ത്  കൂനി ക്കൂടി  ഇരിക്കണേക്കാള്‍  എത്ര  നല്ലതാണ് സിനിമ്മേ  അഭിനയിക്കണത്     .നുമ്മ അവര് പറേണ പോലെ കൊട്ടേം വട്ടീം ഒക്കെ പിടിച്ചു കൊണ്ട് അങ്ങാട്ടും ഇങ്ങാട്ടും വെറുതെ നടന്നാ..  മതി ."
സിനിമയില്‍ വലിയ എക്സ് പിരിയന്‍സുള്ള താരത്തെ പോലെ മറിയ  തന്റെ വിജ്ഞാനം വിളമ്പി .
 ഓ..ആള്‍ക്കൂട്ടമായും വഴിയാത്രക്കാരിയായും ഒക്കെ അഭിനയിക്കാനാണ് മറിയ പോകുന്നത് ..മുഖവും രൂപവും  ഒന്നും ഇല്ലാത്ത നിഴലുകള്‍ ..മണിയപ്പന്  സിനിമയില്‍ ആള്‍ക്കൂട്ടത്തെ ഒപ്പിച്ചു കൊടുക്കുന്ന പണിയും ഉണ്ടോ ?
എനിക്ക് കഷ്ടം തോന്നി ..പുച്ഛവും..!
ഗ്ലാമര്‍ ഇല്ലാത്തത് കൊണ്ടായിരിക്കാം മറിയയെ പോലുള്ളവര്‍ക്ക് സിനിമയില്‍ ആള്‍ക്കൂട്ടം ആകാനോ ക്യൂവില്‍ നില്‍ക്കുന്ന അനേകരില്‍ ഒരുവള്‍ ആകാനോ ഒക്കെ മാത്രം പറ്റുന്നത് ..  പക്ഷെ ഗ്ലാമര്‍ ഉള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ഏതായാലും ആ ഗതികേട് ഉണ്ടാകില്ല ..പിന്നെ  സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്ത് എത്ര നാടകങ്ങളാണ് ഞാന്‍ എഴുതിക്കൂട്ടിയിട്ടുള്ളത് ! സംവിധാനം ചെയ്തിട്ടുള്ളത് ! അഭിനയിച്ചു തകര്‍ത്തിട്ടുള്ളത് !!

കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോളാണ്  ഞാന്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടത് ! പി .എം .താജിന്റെ "കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം "  ,സാമുവല്‍ ബക്കറ്റിന്റെ "ഗോദോയെക്കാത്ത്  " എന്നീ  നാടകങ്ങളില്‍ .ഭ്രാന്തനായി ഞാന്‍  അഭിനയിക്കുകയായിരുന്നില്ല  ജീവിക്കുകയായിരുന്നു എന്നല്ലേ , തേര്‍ഡ് ഡി സി യിലെ സുഷമാ നായര്‍  പറഞ്ഞത് ! വേറെയും കുറേപ്പേര്‍ പറഞ്ഞു ഭ്രാന്തന്റെ വേഷം എനിക്ക് നന്നായി ചേരുമെന്ന് !
.പക്ഷെ കോളേജു യൂണിയന്‍ ഭരിച്ച അസൂയക്കാരായ  ആ മൂരാച്ചി കെ എസ് യു ക്കാര്‍ കോളേജു മാഗസിനില്‍ എന്റെ ഫോട്ടോ കൊടുത്തപ്പോള്‍ എനിക്കിട്ടൊന്നു പണിഞ്ഞു .എന്റെ ഫോട്ടോയ്ക്ക്  അടിക്കുറിപ്പ് ആയി കൊടുത്ത പേര് കേള്‍ക്കണോ ?

'നല്ല നടന്‍ ഗോപാലകൃഷ്ണന്‍' എന്ന് !

ഈ ഗോപാല കൃഷ്ണന്‍ ആരാണെന്നോ ? ഞങ്ങളുടെ കോളേജിലെ ഒട്ടും ഗ്ലാമര്‍ ഇല്ലാത്ത ഒരെലുമ്പന്‍,പോരാത്തതിന് അലമ്പനും ! പെണ്‍കുട്ടികളൊക്കെ ഏഴയലത്ത് പോലും അടുപ്പിക്കാതെ ആട്ടിപ്പായിച്ചു വിടുന്ന വെറും മക്കുണന്‍..
ആ പേര് മാഗസിനില്‍ വന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് പോലെയാണ് കോളേജിലെ എന്റെ സല്‍പ്പേര് തകര്‍ന്നു തരിപ്പണമായി പോയത് ..ആ മാഗസിനിലെ പടം നോക്കി എത്രയെത്ര സാമദ്രോഹികളാണ്  ഞാന്‍ നടന്നു പോകുമ്പോള്‍  ഒളിഞ്ഞിരുന്നു "ഗോപാലകൃഷ്ണാ ......." ന്ന് നീട്ടി വിളിച്ച് എന്നെ പരിഹസിച്ചിരിക്കുന്നത് !

അല്ലെങ്കില്‍ തന്നെ ഏതെങ്കിലും നടന്മാര്‍ തങ്ങള്‍ക്കു ഗോപാലകൃഷ്ണന്‍ എന്ന   ചീഞ്ഞ പേരിടുമോ ? എന്തിനു???? നാടകത്തില്‍  ഒരു കഥാപാത്രത്തിനു പോലും ഗോപാലകൃഷ്ണന്‍ എന്ന  പേരുണ്ടാവില്ല . ആ പേര് കൊള്ളില്ലാത്തത് കൊണ്ടല്ലേ  നമ്മടെ ജനപ്രിയ  താരവും മഞ്ജൂ വല്ലഭനുമായ ദിലീപ്     പോലും ഗോപാലകൃഷ്ണന്‍ എന്ന അളിഞ്ഞ പേര് മായ്ച്ചു കളഞ്ഞു ദിലീപ് എന്ന സൊയമ്പന്‍ പേര് എടുത്തിട്ടത് !!
എനിക്കെന്തായാലും അങ്ങനെ ഒരു ഗതികേടില്ല .നാലാള്‍ കേട്ടാല്‍ നെറ്റി ചുളിക്കാത്ത ഒരു പേരുണ്ട് ..രമേശ്‌ ..മൂന്നക്ഷരം ഉള്ള പേര് സിനിമയില്‍ രാശി  ആണെന്നാ ...വെള്ളിത്തിരയില്‍ മമ്മൂട്ടി .രമേശ്‌ ,ദിലീപ് ,ഹോ ! ആലോചിക്കുമ്പോള്‍ തന്നെ എന്തോ ഒരിത് !

ഭാഗ്യത്തിന് സിനിമയില്‍ ഇതുവരെ ആര്‍ക്കും അങ്ങനെ ഒരു പേരില്ല എന്നത് കൊണ്ട് ആര് കേട്ടാലും പെട്ടെന്ന് എന്നെ ഓര്‍മിക്കും ..തിരിച്ചറിയും ...

ഇതാണ് പറയുന്നത് , എത്ര ഊതിക്കെടുത്താന്‍ നോക്കിയാലും പ്രതിഭയും ഭാഗ്യവും ഉണ്ടെങ്കില്‍ അവസരങ്ങള്‍ നമ്മളെ തേടി അതിരാവിലെ തന്നെ   വീട്ടില്‍ വരുമെന്ന്   ..ദേ ഇത് പോലെ ! ,,ഇല്ലെങ്കില്‍ ഒരു സാദാ അരൂരുകാരനെ പോലെ ഞായറാഴ്ച എരുമ ഇറച്ചിയും തിന്നു അമ്മയുടെ ചീത്തയും കേട്ട് വെറുതെ വീട്ടില്‍ കുത്തി  ഇരിക്കേണ്ടയാളല്ലേ ഈ ഞാന്‍ ..
വണ്ടിക്കൊപ്പം എന്റെ സ്വപ്നങ്ങളും അതി വേഗത്തില്‍  പാഞ്ഞു കൊണ്ടിരുന്നു . വണ്ടി എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ ജി .സി .ഡി .എ കോമ്പ്ലക്സില്‍ എത്തി .അവിടെയാണ് ലൊക്കേഷന്‍ . ഷൂട്ടിങ്ങ് യൂണിറ്റും സന്നാഹങ്ങളും ഒക്കെയായി വലിയ തിരക്കും ബഹളവും

..ഞായറാഴ്ച രാവിലെ നഗരത്തില്‍ സാധാരണ തിരക്ക് കുറവായിരിക്കുമെങ്കിലും  ഷൂട്ടിങ്ങ്
കാണാന്‍ വലിയ ആള്‍ക്കൂട്ടം . ആരായിരിക്കും നായകന്‍ .??.ഏതൊക്കെ നടിമാരായിരിക്കും.. എന്റെ കൂടെ അഭിനയിക്കുക ? ഓര്‍ത്തപ്പോള്‍ മേലാകെ കുളിര് കോരി ..
ഞാന്‍.നടിമാരുമായി കെട്ടി മറിയുന്നതൊക്കെ ഇവള്‍ക്ക് ഇഷ്ടപ്പെടുമോ ആവോ?
ഇടങ്കണ്ണി ട്ട് രശ്മിയെ നോക്കി .
അവള്‍ മോനെയും കൊണ്ട് ലൊക്കേഷന്‍   കാഴ്ചകള്‍ ആസ്വദിക്കുകയാണ് .എന്നെ ശ്രദ്ധിക്കുന്നേ യില്ല .
ഹാവൂ .ആശ്വാസം..അകത്തേക്ക് ആളുകളെയൊന്നും കടത്തി വിടുന്നില്ലെങ്കിലും ഞങ്ങളെ ചൂണ്ടി "ആര്‍ട്ടിസ്റ്റുകള്‍ ആണെ"  ന്ന് മണിയപ്പന്‍ പറഞ്ഞപ്പോള്‍ ആരും തടഞ്ഞില്ല . അതോടെ ഗമ കൂടി .

പക്ഷെ അകത്തേക്ക് ചെന്നപ്പോള്‍ മലയാളം പറയുന്നവര്‍ അധികമില്ല .ഒട്ടുമിക്ക പേരും ഹിന്ദിയും തമിഴും ആണ് സംസാരിക്കുന്നത് . അപ്പോളാണ് അറിഞ്ഞത് ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ആണിതെന്ന് ! ആദ്യം അല്പം നിരാശ തോന്നി .
"ഹയ്യോ ! ഇത് മലയാളം പടം അല്ലെ ? എന്നിട്ടെന്താണ് നേരത്തെ പറയാഞ്ഞത് ?" ഉള്ളില്‍ തോന്നിയ ഈര്‍ഷ്യ  മണിയപ്പനോട് തുറന്നു പ്രകടിപ്പിച്ചു .എന്നെ ഒന്നിരുത്തി നോക്കിയിട്ട് മണിയപ്പന്‍ ചോദിച്ചു :
"നിങ്ങളീ ബോളിവുഡ്  ബോളീവൂഡ് എന്ന് കേട്ടിടുണ്ടോ ? "
എന്ത് മറുപടി പറയണം എന്നാലോചിച്ചു  ഞാന്‍ മിഴുങ്ങസ്സ്യാന്നു നോക്കി  നിന്നപ്പോള്‍ അയാള്‍ തന്റെ സിനിമാ വിജ്ഞാനം പുറത്തെടുത്തു.
"ഇന്ത്യന്‍ സിനിമയുടെ സ്വര്‍ഗ്ഗം ആണത് . അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും, അമീര്‍ ഖാനും ,അനില്‍ കപൂറും ഒക്കെ വെട്ടി ത്തിളങ്ങുന്ന ബോളീ വുഡ് ..മലയാള നടന്മാരും സംവിധായകരുമൊക്കെ എത്ര കൊല്ലം കാത്തിരുന്നാലാണെന്നോ  ഈ ബോളീവൂഡിലൊക്കെ ഒരു ചാന്‍സ് കിട്ടുന്നത് !! ആ ബോളീ വൂഡ് കാരാ ഇത് .ഒരു  ഭാഗ്യം ആണെന്ന് കരുതി സന്തോഷിക്ക് ,

ശരിയാണ് .ബോളീവൂഡില്‍  കയറിക്കൂടിയാല്‍ ഈ "ഠ" വട്ടത്തിലുള്ള  കോഞ്ഞാട്ട   മലയാളം സിനിമയില്‍ അഭിനയിക്കുന്നത് പോലെയല്ല .നേരെ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുകയാണ്.ഒന്നാഞ്ഞു പിടിച്ചാല്‍ സുവര്‍ണ കമലവും  ഭരത് അവാര്‍ഡുമൊക്കെ എന്റെ വീട്ടിലെ അലമാരയ്ക്കത്തിരിക്കും ! മണിയപ്പനോടുള്ള എന്റെ ബഹുമാനം വാനോളം ഉയര്‍ന്നു .

പിന്നെയും  ഞാന്‍ സംശയങ്ങള്‍  ചോദിക്കുമെന്ന് കരുതി  മണിയപ്പന്‍ വേഗം ഞങ്ങളെ ആ സിനിമയുടെ പ്രോഡക്ഷന്‍ എക്സിക്യുട്ടീവായ രവി നായര്‍ എന്നൊരു ബോംബെ മലയാളിയുടെ അരികില്‍ എത്തിച്ചു .ഒരാജാനു ബാഹു. ഇരയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ അനങ്ങാതെ ഇരിക്കുന്നു .അയാളില്‍ നിന്ന് കുറച്ചു വിവരങ്ങള്‍ അറിഞ്ഞു .
സിര്‍ഫ്‌ തും എന്നാണു സിനിമയുടെ പേര് . നമ്മുടെ താര റാണി ശ്രീദേവിയുടെ ഭര്‍ത്താവും ഹിന്ദി സൂപ്പര്‍ താരം അനില്കപൂറിന്റെ ജ്യേഷ്ഠ നുമായ   ബോണീ കപൂര്‍ ആണ് നിര്‍മാതാവ് . അദ്ദേഹത്തിന്‍റെ ഇളയ സഹോദരനും പുതുമുഖവുമായ സഞ്ജയ്‌ കപൂര്‍ ആണ് നായകന്‍ .ഹാസ്യ സാമ്രാട്ടായ ജോണിലിവര്‍ ഒപ്പമുണ്ട് . ഹിന്ദി സിനിമയിലെ സുര സുന്ദരികളായ പ്രിയ ഗില്‍ , സുസ്മിത സെന്‍ എന്നിവരാണ് നായികമാര്‍ . തമിഴില്‍ വന്‍ വിജയം നേടിയ കാതല്‍ കോട്ടൈ  എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ്‌ സിര്‍ഫ്‌ തും .തമിഴ് പതിപ്പ് സംവിധാനം ചെയ്ത അഗത്തിയന്‍ തന്നെയാണ് ഹിന്ദിയുടെയും സംവിധായകന്‍ .
അതൊക്കെ ആരെങ്കിലും ഒക്കെ ചെയ്തോട്ടെ
"എന്റെ വേഷം എന്തായിരിക്കും ? " അതായിരുന്നു എന്റെ ചിന്ത .
നായകന്‍റെ സുഹൃത്ത് ? സഹോദരന്‍ ? എന്തെങ്കിലും ആകട്ടെ ..കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ആകെ ഇരിക്കപ്പൊറുതി ഇല്ലാതെയായി ..ഞാന്‍ രശ്മിയെ നോക്കി വീണ്ടും വികാര വിശ്വംഭരനായി ...
അവിടെ കിടന്നിരുന്ന കസേരയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു പോയ തക്കം നോക്കി  ഞാന്‍ ഇരുന്നു .ഇടയ്ക്ക് പുറത്തേക്ക് നോക്കി .ഷൂട്ടിംഗ് കാണാന്‍ വന്ന ജനം ഷണ്മുഖം റോഡില്‍ ഇടിച്ചു നില്‍ക്കുകയാണ് .
ഞാന്‍ അവരെ നോക്കി കൈവീശി കാണിച്ചു .ങേ ഹേ..ഒരുത്തനും മൈന്‍ഡ് ചെയ്യുന്നില്ല ."തെണ്ടികള്‍ ..നീയൊക്കെ നോക്കിക്കോ!! എന്റെ ഒരോട്ടോ ഗ്രാഫിനു വേണ്ടി നീയെല്ലാം പിന്നാലെ നടക്കാന്‍ ഇനി അധിക സമയം ഇല്ല മക്കളെ .".
ഷൂട്ടിംഗ് നടക്കുന്ന ജി സി ഡി എ കോമ്പ്ലക്സ് മൂന്നാം നിലയിലെ ഒരോഫീസിലാണ്  അന്നത്തെ സീനുകള്‍ ഷൂട്ട്‌ ചെയ്യുന്നത് . സഞ്ജയ്‌ കപൂറിന്റെ കഥാപാത്രം  ജോലിചെയ്യുന്ന ഷിപ്പിംഗ് കമ്പനിയുടെ ഓഫീസ് . പെട്ടെന്നൊരാള്‍ പുറത്തേക്ക് വന്ന് അവിടെ നില്‍ക്കുകയായിരുന്ന രശ്മിയെ അകത്തേക്ക് വിളിച്ച്  ഹിന്ദിയില്‍ വേഗം റെഡിയാകാന്‍ പറഞ്ഞു .
അവള്‍ ഒന്നും മനസിലാകാതെ എന്നെ നോക്കി . ഞാന്‍ അയാളെയും .അയാള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അവളുടെ കയ്യിലിരുന്ന കുഞ്ഞിനെ  എന്റെ മടിയിലേക്ക്‌ വച്ച് തന്നിട്ട്  അവിടെ നിന്ന മറ്റൊരു കണ്ണടക്കാരിയോടൊപ്പം  അവളെ വിളിച്ച് കൊണ്ട് ഷൂട്ടിംഗ് നടക്കുന്ന ഓഫീസിലേക്ക്  പോയി . ദേ മറിയയും അവരുടെ പിന്നാലെ പോകുന്നു !  മലയാളിയായ ഒരു  താടിക്കാരന്‍ അവിടെ വല്യ പവറില്‍ നടക്കുന്നുണ്ട്  .എവിടെയോ കണ്ട പരിചയം  തോന്നുന്നു .
ഓ.. പിടികിട്ടി.
ഇന്നിയാളുടെ പടമാണ് മനോരമയുടെ ഒന്നാം പേജില്‍ കണ്ടത് ..സഞ്ജയ്‌ കപൂറിന് മുണ്ട് ഉടുക്കാന്‍ സഹായിക്കുന്ന വൈപ്പിന്‍കരക്കാരന്‍  ദേവസി. അയാളാണത്രെ കൊച്ചിയില്‍ ഷൂട്ടിങ്ങിനുള്ള സഹായം ചെയ്തു കൊടുക്കുന്നത് ..
ഞാന്‍ ദേവസിയോടു ചോദിച്ചു ."എന്റെ വൈഫിനെ ഒരു ഹിന്ദിക്കാരന്‍ അകത്തേക്ക് വിളിച്ച് കൊണ്ട് പോയി ...ഷൂട്ട്‌ ചെയ്യാന്‍ ..അവര്‍ ആള് തെറ്റി കൊണ്ട് പോയതാന്നാ  തോന്നണേ ..ആക്ച്വലി  ഞാനാണ് നടന്‍ . അവള്‍  വെറുതെ എന്റെ കൂടെ ഷൂട്ടിംഗ് കാണാന്‍ വന്നതാണ് . അവരോടു ഒന്ന് പറയാമോ  ?
അയാള്‍ പക്ഷെ എന്നെ ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .അയാളുടെ ഭാവം കണ്ടാല്‍ തോന്നും കൊച്ചി നഗരം മുഴുവന്‍ അയാളുടെ തലയില്‍ ആണെന്ന് !
'ശെടാ ..ഇതെന്നാ കോപ്പിലെ ഏര്‍പ്പാടാ ..അഭിനയമെന്നും പറഞ്ഞ് ഓര്‍മവച്ച നാള്‍മുതല്‍ ഭ്രാന്തും പിടിച്ചു നടക്കുന്ന ഒരു പ്രതിഭയെ  കൊച്ചിനെ നോക്കാന്‍ കാവല്‍ ഇരുത്തിയിട്ട്  അഭിനയത്തിന്റെ എ ബി സി ഡി പോലും അറിയാത്ത ഒരുത്തിയെ സിനിമയില്‍ അഭിനയിക്കാന്‍ കൊണ്ട് പോയിരിക്കുന്നു !  വെറുതെയല്ല മറിയയും മറുതയും ഒക്കെ വണ്ടിയില്‍ കയറി ഇങ്ങോട്ട് വന്നത് !
ഈ  ആണുങ്ങള്‍ക്ക് എന്തൊക്കെ കഴിവുണ്ടെന്ന് പറഞ്ഞു നടന്നിട്ട് എന്താണ് കാര്യം ?
ഒരു കോല് മ്മേ തുണിചുറ്റി ഇച്ചിരി ലിപ്സ്റ്റിക്കും ഇട്ടാല്‍ അത് പെണ്ണാണെന്ന് കരുതി സിനിമാക്കാര്‍ വരെ കൊത്തിക്കൊണ്ടു പോകുന്ന കാലമല്ലേ ! 

അകത്ത്  വെള്ളിവെളിച്ചത്തില്‍ മുങ്ങി താരങ്ങള്‍ ..അവര്‍ക്കിടയില്‍ ഒരു ഫയലും പിടിച്ച് "താരങ്ങളില്‍ താരമാണ് " എന്ന ഭാവത്തില്‍   രശ്മി .
എന്നെ കണ്ടപ്പോള്‍ അവള്‍ക്ക്    അതുവരെ കാണാത്ത    ഒരു തലക്കനം . "ബൈ ദ ബൈ അല്പം തിരക്കുണ്ടേ " എന്ന് പറയാതെ പറയും പോലെ ..!
പിന്നെ ഫാഷന്‍ ഷോയിലെ    സുന്ദരികളെ  പോലെ സ്റ്റൈലില്‍   അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .സഞ്ജയ്‌ കപൂറി നോട് ചിരിച്ചു കാണിക്കുന്നു ! ഇടയ്ക്ക് , ഈ "കൊജ്ഞാളന്‍ ആരെടെയ് ? "   എന്ന് ചോദിക്കും  പോലെ എന്നെ ഏറു കണ്ണിട്ടു നോക്കുന്നു !
ശെടാ !! ഇത് വന്‍ ചതിയായി പോയല്ലോ ! അഭിനയിക്കാന്‍ ഇല്ലെന്നു വീമ്പു പറഞ്ഞിട്ട് ഇപ്പോള്‍ അവള്‍ വാക്ക് മാറ്റിയിരിക്കുന്നു ! ഇതിനു പ്രതികാരം ചെയ്തെ പറ്റൂ ..സാരമില്ല ..എന്റെ അവസരം വരട്ടെ ..ഞാന്‍ കാണിച്ചു തരാം ..ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ...

"സഞ്ജയ്‌ കപൂര്‍ ,ജോണി ലിവര്‍ പിന്നെ ഞാനും ..ഈ  സിനിമയില്‍ ഞങ്ങള്‍ മൂന്നുപേരും തകര്‍ത്ത് അഭിനയിക്കും ,ഇതെന്റെ  ബോളീവൂഡി ലേക്കുള്ള  അരങ്ങേറ്റമാണ് മോളേ   .ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല .ഹിന്ദി സിനിമാ ലോകം എന്റെ കാല്‍ക്കീഴില്‍ കിടന്നു പിടയും ... താര സുന്ദരികള്‍ മസാല ദോശകളായി   എന്റെ തീന്‍ മേശയില്‍ നിരന്നു കിടക്കും!"
"പിടിച്ചു കേറാന്‍   കച്ചിത്തുരുമ്പല്ല വലിയ ഒരു  വടം തന്നെയാണ്  ഈശ്വരന്‍ ,അല്ല മണിയപ്പന്‍ എനിക്കിട്ടു തന്നിരിക്കുന്നത് !! ( ങാ.. തല്ക്കാലം  മണിയപ്പനാണ്  എന്റെ ഈശ്വരന്‍ )    . നീ നോക്കിക്കോ ഞാന്‍ ഇതില്‍ പിടിച്ച് ഒരു കയറലുണ്ട്... നിന്റെ ഒരു ഗമ ..നീ വൈകിട്ട് വീട്ടിലേക്കു വാ ..ഞാന്‍ കാണിച്ചു തരാം .കൊഞ്ച് ചാടിയാല്‍ ചട്ടിയുടെ വക്കോളം ! അവിടുന്നും ചാടിയാല്‍ അടുപ്പില്‍..എന്റെ കീഴില്‍ വരാതെ നീ എവിടെ പോകാനാണ് മ്വാളെ... ‍???, "ഹല്ലാ പിന്നെ എനിക്ക് ദേഷ്യം വന്നിട്ട് വയ്യ !

     സംവിധായകന്‍ സ്റ്റാര്‍ട്ട്  ക്യാമറ .. ആക്ഷന്‍ , കട്ട് എന്നിങ്ങനെ പറയുന്നത് കേള്‍ക്കാം . ,അസോസിയേറ്റുകള്‍ പഠിപ്പിച്ചു കൊടുത്തത് പോലെ അകത്തു മറിയയും രശ്മിയും അടക്കമുള്ള  "താരങ്ങള്‍"  അഭിനയിച്ചു തകര്‍ക്കുന്നു .സമയം പോവുകയാണ് .ഇതിനി എപ്പോള്‍ തീര്‍ന്നിട്ട് എന്നെ വിളിക്കാനാണ് ?    ആകാംക്ഷ അടക്കാന്‍ കഴിയുന്നില്ല . ഇടയ്ക്ക്  എഴുനേറ്റു ചെന്ന് അകത്തേക്ക് നോക്കി അവളെ   കൈവീശിക്കാണിച്ചു. ങേ ഹേ..ശ്രദ്ധിക്കുന്നില്ല .കൊണ്ട് പിടിച്ച അഭിനയം തന്നെ .

പിന്നെയും എത്തിവലിഞ്ഞു നോക്കി ..ഹേയ്,,പൂയ് ,,എന്നൊക്കെ പതുക്കെ വിളിച്ചു
"ഡേയ് .." ഒരലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു  . ഒരു തമിഴന്‍ ലൈറ്റ് ബോയ്‌ കൊടുങ്കാറ്റു പോലെ പാഞ്ഞു വരുന്നു .
"എന്നെടാ ഉനക്ക് തിമിരാ ?  അത് ഫീല്‍ഡാ കൊഞ്ചം മാറി നില്ല് " എന്ന് പറഞ്ഞ് ആ കറുമ്പന്‍ ഒരു തള്ള് ...
എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു ! ചമ്മലും അപമാനവും കൊണ്ട് ഞാന്‍ ഉരുകി .
നാളത്തെ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ്   ഇങ്ങനെ മര്യാദയില്ലാതെ  ഈ അയോഗ്യ തിരട്ടു പയല്‍ പെരുമാറുന്നതെന്ന് അവനുണ്ടോ അറിയുന്നു ! പൈത്യക്കാരന്‍ ..!
ഞാന്‍ ദേവസിയോടു പരാതി പറഞ്ഞു,, സംവിധായകനോട് പറഞ്ഞു എന്റെ സീന്‍ വേഗം തുടങ്ങാന്‍
അപേക്ഷിച്ചു.
"നിങ്ങള്‍ടെ സീനോ ?" അത് കേട്ടുകൊണ്ടുവന്ന രവിനായര്‍ ചോദിച്ചു .
അതെ ഞാന്‍ ചാണ്ടപ്പന്‍ സഖാവിന്റെ ആളാ.. സിനിമയില്‍ അഭിനയിക്കാന്‍ ആളെ വേണം എന്ന് 'കാലുപിടിച്ചു' പറഞ്ഞിട്ടാണ്   മണിയപ്പന്റെ   കൂടെ വന്നത് .  (ആരാണ് കാലുപിടിച്ചതെന്നു തല്ക്കാലം അവരറിയേണ്ട !)  
"മണിയപ്പന്‍ കോന്‍ ഹൈ ? "
അയ്യോ ! കുറച്ചു മുന്‍പ് മണിമണിയായി മലയാളം പറഞ്ഞ ആളാണ്‌ .
ഇപ്പോള്‍  ചോദിക്കുന്നത് കേട്ടില്ലേ മണിയപ്പന്‍ ആരാണെന്ന് !!! ഇനി ചാണ്ടപ്പന്‍ സഖാവ് ആരാണെന്ന് ചോദിക്കുവോ ?
ദേവസിയോടു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ദേവസി  രവിനായരോട് ആവര്‍ത്തിച്ചു .
രവിനായര്‍ എന്നെ ശ്രദ്ധിക്കാതെ ദേവസിയോടു എന്തൊക്കെയോ മറുപടികള്‍ ഹിന്ദിയില്‍ പറയുന്നു .പഠിക്കുന്ന കാലത്ത് ഹിന്ദി വീക്കായത് കൊണ്ടും ,സെക്കന്റ് ലാന്ഗ്യുവെജ് മലയാളം ആയിരുന്നത് കൊണ്ടും അയാള്‍ പറഞ്ഞതൊന്നും എനിക്ക് പിടികിട്ടിയില്ല .
എന്റെ ദയനീയമായ ചോദ്യത്തിന് ഉത്തരമെന്നോണം വന്ന ദേവസിയുടെ പരിഭാഷ കേട്ട് ഞാന്‍ ഞെട്ടിപ്പോയി  .
അയ്യോ ! തല കറങ്ങുന്നത് പോലെ !  വീഴാതിരിക്കാന്‍ കസേരയില്‍ പിടിച്ചു .
"നിങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് ആരോടും പറഞ്ഞിട്ടില്ല .ഇന്ന് നടക്കുന്ന ഓഫീസ് ഷൂട്ടിനു രണ്ടു മൂന്നു  യുവതികളെ വേണമെന്ന് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സപ്ലയറോട്‌ പറഞ്ഞിരുന്നു.
അതില്‍ ഒരാളാണ് നിങ്ങളുടെ ഭാര്യ .അവര്‍ക്ക് നാളെയും സീന്‍  ഉണ്ട് .ആണുങ്ങളെ തല്ക്കാലം ആവശ്യമില്ല ." ഇതായിരുന്നു രവി നായര്‍ പറഞ്ഞതിന്റെ ചുരുക്കം .

അപ്പോള്‍ ചാണ്ടപ്പന്‍ സഖാവും മണിയപ്പനും രാവിലെ വീട്ടില്‍ വന്നു പറഞ്ഞതോ ? എനിക്കൊന്നും മനസിലായില്ല.
എവിടെയോ അതി ഭീകരമായ ഒരു ഗൂഡാലോചനയുടെ മണം അടിക്കുന്നു !   ചതിക്കപ്പെട്ടിരിക്കുന്നു !! കൊടും  ചതി!! ദ്രോഹികളെ ഞാന്‍ ജീവന്റെ ജീവനായി കരുതിയ പാര്‍ടി സഖാവ് തന്നെ ബൂര്‍ഷ്വാസികളുടെ കൂടെ ചേര്‍ന്ന് എന്നെ വഞ്ചിച്ചിരിക്കുന്നു !കരിങ്കാലികള്‍ !!

"കാലം നിങ്ങടെ കവിളില്‍ തട്ടീ ദ്രോഹീ എന്ന് വിളിക്കില്ലേ  ...." പണ്ട് എസ് എഫ് ഐ ജാഥയില്‍ വിളിച്ച മുദ്രാവാക്യം ഓര്‍മവന്നു ..കണ്ണുകള്‍ ചുവന്നു . മുഷ്ടികള്‍ ദേഷ്യം കൊണ്ട് ചുരുണ്ടു വന്നു .ഇതാ അന്നത്തെപ്പോലെ ഞാന്‍  വീണ്ടും വെറുമൊരു കോവാല കൃഷ്ണന്‍ ആയിരിക്കുന്നു !! അല്ല എല്ലാവരും കൂടി ആക്കിയിരിക്കുന്നു !  ഇതെങ്ങനെ ഞാന്‍ സഹിക്കും  എന്റീശ്വരന്‍മാരെ  ?
മോഹ ഭംഗം ഏല്‍പ്പിച്ച അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസുമായി,  മുറിവേറ്റ ഒരു വ്യാഘ്രത്തെപ്പോലെ പതിയെ  ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി .
 കയ്യിലിരുന്ന കണ്ണന്‍  അകത്തേക്ക്  കൈകള്‍ ചൂണ്ടി "അമ്മ .അമ്മ "എന്ന്  പറയുന്നു .എന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ ഒരു തുള്ളിക്കണ്ണുനീര്‍ ജി സി ഡി എ കോംപ്ലക്സിന്റെ മൂന്നാം നിലയിലെ മാര്‍ബിള്‍ വിരിച്ച തിണ്ണയില്‍ വീണു ചിതറിയോ ?.
താഴെ അപ്പോളും ഷൂട്ടിംഗ് കാണാനെത്തിയ പുരുഷാരം മുകളിലേക്ക് നോക്കി കൈകള്‍ വീശി ആര്‍ത്തിരമ്പുന്നു .എന്നെ പരിഹസിക്കും പോലെ ..!

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

സിനിമ സിനിമ :)

"സഞ്ജയ്‌ കപൂര്‍ ,ജോണി ലിവര്‍ പിന്നെ ഞാനും ..ആ സിനിമയില്‍ ഞങ്ങള്‍ മൂന്നുപേരും തകര്‍ത്ത് അഭിനയിച്ചു ,അങ്ങനെ ബോളീവൂഡി ലേക്കുള്ള എന്റെ അരങ്ങേറ്റം കുറിക്കപ്പെട്ടു ..ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല .ഹിന്ദി സിനിമാ ലോകം എന്റെ കാല്‍ക്കീഴില്‍ കിടന്നു പിടയും ... താര സുന്ദരികള്‍ മസാല ദോശകളായി   എന്റെ തീന്‍ മേശയില്‍ നിരന്നു കിടക്കും! നീ നോക്കിക്കോ !" 
ഉടന്‍ പ്രതീക്ഷിക്കുക "സിനിമ സിനിമ" :)

2011, ജൂലൈ 16, ശനിയാഴ്‌ച

പീഡനങ്ങള്‍ ഉണ്ടാകുന്നത് ......

സ്ത്രീ പീഡനം ,പെണ്‍വാണിഭം ,കൂട്ട ബലാല്‍ സംഗം  എന്നിങ്ങനെ ദിനം പ്രതി പത്രങ്ങളും ചാനലുകളും പീഡന വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് .1980 കളില്‍  ഇടുക്കി തങ്കമണിയില്‍ ഒരു പറ്റം പോലീസുകാര്‍   നരനായാട്ടിനിടെ വീടുകളില്‍ കയറി അവിവാഹിതകളെയും വീട്ടമ്മമാരെയും പ്രായ പരിഗണന കൂടാതെ കൂട്ട ബലാല്‍ സംഗത്തിന്  ഇരയാക്കി എന്ന വാര്‍ത്ത യാണെന്ന് തോന്നുന്നു കേരളം കണ്ട ഈ സ്ത്രീ പീഡന പരമ്പരയിലെ    ഒന്നാമത്തേത് .
അന്നത് വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാക്കി .ഒരു സര്‍ക്കാര്‍ തന്നെ ആ കോലാഹലത്തില്‍  നിലം പൊത്തി .ജസ്റ്റീസ് ശ്രീദേവിയുടെ നേതൃത്വത്തില്‍ പീഡനം അന്വേഷിക്കാന്‍ തുടര്‍ സര്‍ക്കാര്‍  കമ്മീഷന്‍ വച്ചു.
കമ്മീഷന്‍ വന്നു .തെളിവെടുപ്പ് നടത്തുന്ന വേളയില്‍ പങ്കെടുത്ത പെണ്ണുങ്ങള്‍ എല്ലാവരും പറഞ്ഞു "എന്നെ ആരും പീഡിപ്പിച്ചില്ല ..വേറെ പെണ്ണുങ്ങളാണ് ഇരകള്‍ ആയതെ" ന്ന്..!
സംഭവിക്കാനുള്ളതു സംഭവിച്ചു ഇനി ഇതിന്റെ പേരില്‍ പൊതു സമൂഹത്തിനു മുന്‍പില്‍ വീണ്ടും മാനം കെട്ടവള്‍ എന്ന പഴി കേള്‍ക്കരുതല്ലോ എന്ന് ചിന്തിച്ചിട്ടാവണം അന്ന് കമ്മീഷന് മുന്നില്‍ അത്തരം ഒരു മൊഴി നല്‍കാന്‍ ഇരകളായ സ്ത്രീകളും അവരുടെ കുടുംബാംഗ ങ്ങളും നിലപാടെടുത്തത് ! സംഗതി എന്തായാലും അന്ന് പ്രതികള്‍ അധികം വെള്ളം കുടിക്കാതെ രക്ഷപ്പെട്ടു!

പക്ഷെ പരമ്പരയിലെ തുടര്‍ കേസുകളിലും ഇരകള്‍ നിലപാട് മാറ്റുകയും പ്രതികള്‍ കൂളായി രക്ഷപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഇത് കാണുന്ന നാം എന്ത് നിഗമനത്തിലാണ് എത്തിച്ചേരേണ്ടത് ..?
"പീഡനം" എന്നത് പത്രങ്ങള്‍ക്കു എഴുതിപ്പിടിപ്പിക്കാനും അത് വായിച്ച് ജനങ്ങള്‍ക്ക്‌ ആഘോഷിക്കാനും, ചിലര്‍ക്കെങ്കിലും ആത്മ രതിക്ക്   സുഖം പകരാനും ഉള്ള   വെറും ഒരു വാചകം മാത്രമായി എന്നോ ? .

തുടര്‍ന്ന് വന്ന സൂര്യ നെല്ലി കേസ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും   .പതിനാറു കാരിയെ  ഉന്നതരായ ആളുകള്‍ ഉള്‍പ്പെട്ട നാലപ്പത്തി രണ്ടു പ്രതികള്‍  നാല്പതു ദിവസത്തോളം പീഡിപ്പിച്ചു എന്നായിരുന്നു ചാര്‍ജ് . അന്വേഷണ ഘട്ടത്തില്‍ പ്രതികളെ ക്കുറിച്ച്  മണി മണി പോലെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പെണ്‍കുട്ടി കോടതിയില്‍ തന്റെ ജീവിതം കശക്കി എറിഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞില്ല എന്ന കൌതുകകരമായ വാര്‍ത്തയാണ് നമ്മള്‍  തുടര്‍ന്ന് കണ്ടതും വായിച്ചതും ! ആഡംബരം നിറഞ്ഞ ഒരു ഭാവി ജീവിതം നേടാന്‍  ഈ കുട്ടിക്ക് കേസ് ഒരനുഗ്രഹമായി എന്നാണു തുടര്‍ അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന ,പീഡനം നടന്നില്ലായിരുന്നു എങ്കില്‍, പാവം! അതുവരെ പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞ ആ കുടുംബം എന്ത് ചെയ്തേനെ അല്ലെ ?!

പിന്നീട് വിതുരയിലെ  -പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുടെ കേസ് ഉന്നതന്മാര്‍ മുഴുവന്‍ ഊരിപ്പോന്നു ."വി ഐ പികള്‍ "ഉള്‍പ്പെട്ട താണെന്ന് "വി ഐ പി "കള്‍ തന്നെ  കൊട്ടിഘോഷിച്ചു നടന്ന  കിളിരൂരിലെ ശാരി കേസ് !
ശാരിയുടെ അച്ഛന്റെ താടി രോമം പോലെ കേസ് നീണ്ടിട്ടും പ്രതികള്‍ മാളത്തിലാണ് ,
കവിയൂരിലെ അനഘാ.;  മട്ടാഞ്ചേരിയിലെ പെണ്‍കുട്ടി , കോതമംഗലം പീഡനം .

കോതമംഗലം പെണ്‍കുട്ടിയെ പീഡിപ്പിച്ച   നൂറു പീഡകരില്‍ 57 പേരും തിരിച്ചറിയപ്പെടാതെ കേസില്‍ നിന്നും ഊരി.  കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍ കേസ് ..ചാനലുകളിലും പത്രങ്ങളിലും കൂടി  ആരോപണം നടത്തി   കുഞ്ഞാലിക്കുട്ടി  യുടെ മന്ത്രി സ്ഥാനം   വരെ തെറിപ്പിച്ച റജീന ഒടുവില്‍ ഞാനൊന്നും അറിഞ്ഞില്ലേ എന്ന് കോടതിയില്‍ പറഞ്ഞ് പൊതു മനസാക്ഷിയെ ഞെട്ടിച്ച സംഭവം .അവള്‍ക്കും കിട്ടി ഒരു കുട്ടിക്ക് പുറമേ  വീടും കാറും  ആവശ്യത്തിനു പണവും ! എല്ലാവരും ഹാപ്പി !

പിന്നെ തൈക്കാട്ട് ശേരി പീഡന കേസ് .    ഇപ്പോളിതാ പറവൂരും .
കോതമംഗലം റീ -ലോഡഡു പോലെ വേറൊന്നും ...മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നു ...

പീഡന വാര്‍ത്തകള്‍ വായിക്കാന്‍ ജനങ്ങള്‍ക്കും  അത് റിപ്പോര്‍ട്ട്  ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും വലിയ ഉത്സാഹമാണ് . കാരണം ?
പീഡനം എന്നത് കേരളത്തില്‍ പ്രചുര പ്രചാരം നേടിയ, എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെ കൊണ്ടാടുന്ന വലിയൊരാഘോഷം ആയി മാറിയിരിക്കുന്നു ! എന്തൊരു സോഷ്യലിസം അല്ലെ ?

അതിന് അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .
പല പീഡന സംഭവങ്ങളും വാര്‍ത്തകളും ഉണ്ടാകുന്ന സാഹചര്യം വസ്തു നിഷ്ഠമായി ഒന്ന് പരിശോധിച്ചാല്‍ "എന്നെ ഒന്ന് പീഡിപ്പിച്ചോളൂ "എന്ന ഒരു മനോഭാവം പ്രമാദമായ ഇത്തരം കേസുകളിലെ ഇരകള്‍ക്ക് ഉണ്ടായിരുന്നില്ലേ എന്ന്  പലപ്പോഴും തോന്നിപ്പോകും .

 ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷമോ കഴിഞ്ഞു പിടിക്കപ്പെടുകയോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വഴി പുറത്തു വരികയോ ചെയ്യുമ്പോള്‍ മാത്രം "ഇതെല്ലാം സ്ത്രീ പീഡനമോ പെണ്‍ വാണിഭമോ ആയി മാറുന്നു എന്നതാണ് പരമാര്‍ത്ഥം !
തുടക്കത്തില്‍ തന്നെ ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിരോധത്തിന്റെയോ ആത്മ രക്ഷയുടെയോ ഭാഗമായി ഈ സംഭവങ്ങള്‍ നിയമത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ എന്തുകൊണ്ട് വരുന്നില്ല എന്നതാണ് ആശങ്ക ഉണര്‍ത്തുന്ന വലിയ ചോദ്യം .

മേല്‍പ്പറഞ്ഞ പീഡന വാര്‍ത്തകളുടെ ശ്രേണിയില്‍ പെട്ട തൈക്കാട്ട് ശേരി പീഡന കേസും ശബരിമല തന്ത്രി ഇടപെട്ട കേസും റിപ്പോര്‍ട്ട് ചെയ്യാനും അതിലെ പ്രതികളും ഇരകളും ആയ വ്യക്തികളോട്  ആശയ വിനിമയം നടത്താനും അവസരം ലഭിച്ച ഒരാളാണ് ഞാന്‍ . വളരെ കോളിളക്കം ഉണ്ടാക്കുകയും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഈ രണ്ടു  കേസുകളും ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് മാഞ്ഞു പോയത് യാദൃശ്ചികമല്ല .വാദികളും പ്രതികളും അധികാരികളും പോലീസും നിയമവും ദല്ലാളന്മാരും തമ്മില്‍ ഒത്തുകളിച്ചാല്‍ ഈ രാജ്യത്ത് എന്താണ് നടക്കാത്തത് !

തൈക്കാട്ട് ശേരി പീഡന കേസില്‍ ഒരു യുവ വ്യവസായി പ്രായപൂര്‍ത്തി ആയ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു എന്നായിരുന്നു കേസ് ..പീഡിപ്പിച്ചു എന്നത് ഈ കേസിലും  സാങ്കേതികമായി
ഉപയോഗിച്ച വെറും ഒരു വാക്ക്  മാത്രമാണ് .

അയാള്‍ വിളിക്കുന്ന സ്ഥലങ്ങളില്‍ അവള്‍ പോയി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത് ആവശ്യം പോലെ കാശും സഹായങ്ങളും വാങ്ങി സുഖിച്ചു എന്നതാണ് നേര്   .സഹായി ആയി നിന്നത് വ്യവസായിയുടെ ഡ്രൈവറും പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ആയ "വേണ്ടപ്പെട്ട ആള്‍" തന്നെ ! വൈകിട്ട് ചെമ്മീന്‍ കയറ്റുമതി കമ്പനിയില്‍ പഴയ മഞ്ഞ ചുരിദാര്‍ ഇട്ടു പോയ പെണ്‍കുട്ടി പിറ്റേന്ന് പുതിയ നീല ചുരിദാര്‍ ഇട്ടു വീട്ടില്‍ തിരിച്ചെത്തിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത് .

 ചേച്ചി കയ്യോടെ കണ്ടു പിടിച്ചു ക്വസ്റ്റ്യന്‍ ചെയ്തു .കണ്ണീരായി കരച്ചിലായി .കമ്പനിയിലെ മുതലായി വാങ്ങി തന്നതാണെന്നും ഇപ്പോള്‍ ചേച്ചി ഇട്ടോണ്ട് നടക്കുന്നതടക്കം ഉള്ള പല ചുരിദാറും അയാള്‍ വാങ്ങി തന്നതാണെന്നും അവള്‍ പറഞ്ഞ് . സംഗതി അറിഞ്ഞ ഉടന്‍ ചേച്ചി പൊട്ടിത്തെറിച്ചു

,,കാരണം മറ്റൊന്നും അല്ല ,,അവര്‍ക്കും വ്യവസായി ഇത് പോലെ കുറെ ചുരിദാര്‍ വാങ്ങി കൊടുത്ത് പണി പറ്റിച്ചിട്ടുണ്ടത്രെ ! അതിനും കൂട്ട് നിന്നതും  നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ .ഭാര്യയേയും അനിയത്തിയെയും കൊടുത്ത്  ഡബിള്‍ ധമാക്ക നേടി ആ വിരുതന്‍ .അതാണ്‌ കേസിലേക്ക് പോകാന്‍ കാരണം .അവസാനം കോടതില്‍ ചെന്നപ്പോള്‍ പ്രതിക്കൂട്ടില്‍ നിന്ന ആരെയും ഓര്‍ക്കാന്‍ പറ്റാത്ത വിധം പെണ്‍കുട്ടിക്കും ചേച്ചിക്കും ചേട്ടനും പോലീസിനും എല്ലാം "അമ്ലെഷ്യം" ബാധിച്ചു .എല്ലാവരും ഹാപ്പിയായി പുറത്തിറങ്ങി ചായയും പരിപ്പ് വടയും കഴിച്ചു പിരിഞ്ഞു .

എറണാ കുളത്ത് വളഞ്ഞമ്പലത്തുള്ള ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റിലെ ശോഭാ ജോണ്‍ എന്ന ഒരു പെണ്ണിന്റെ വീട്ടില്‍  ശബരിമല തന്ത്രി മോഹനര്  കണ്ടരര് ഇടയ്ക്കിടക്ക് "പൂജ "നടത്താന്‍ വരുമായിരുന്നു .വളഞ്ഞമ്പലംദേവിയെ (ശോഭായല്ല )തൊഴാന്‍ വരുന്ന വഴിക്ക് കാര്‍ ഇടാന്‍ ശോഭാ ജോണിന്റെ ഉമ്മറത്ത് മാത്രമേ കുറച്ചു വിസ്തൃതി ഉണ്ടായിരുന്നുള്ളൂ എന്നാണു തന്ത്രി പോലീസിനോടും പത്രക്കാരോടും പറഞ്ഞത് . അവിടെ വീട്ടു വേല അന്വേഷിച്ചു വന്ന    ഭര്‍ത്താവ് മരിച്ച ഒരു വീട്ടമ്മ .ഇവരുടെ ഭര്‍ത്താവ് പെണ്‍ വാണിഭത്തിനും അതിനിടെ ഉണ്ടായ കൊലപാതക കേസിലും പ്രതിയായിരുന്നു ! (അത് വേ,,ഇത്  റെ! ) അവരെ നേരിട്ട് കണ്ടാല്‍ ഏതു നിത്യ ബ്രഹ്മചാരിയായ തന്ത്രി പുംഗവനും ഒന്ന് വീട്ടു വേലയ്ക്കു നിര്‍ത്തി പോകും.

  പലദിവസം പലകുറി തന്ത്രിക്കും  വീട്ടമ്മയ്ക്കും  തന്റെ ഫ്ലാറ്റിലെ മുറിക്കുള്ളില്‍ "പൂജാ കാര്യങ്ങളും വീട്ടു വേലയിലെ പൊടിക്കൈകളും "പരസ്പരം പഠിക്കാനും പഠിപ്പിക്കാനും അവസരം ഒരുക്കി കൊടുത്ത  ശോഭ ജോണ്‍ എന്ന ചെറുകിട ബിസിനസുകാരി (വാണിഭം എന്ന് മലയാളം ) ഒരു ദിവസം തന്റെ പൊട്ടന്‍ ബുദ്ധിക്കു അവരെ പൂട്ടിയിട്ടു കുറെ പൂജാ ചിത്രങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്തി . ബച്ചു റഹ്മാന്‍ എന്ന സിനിമാക്കാരന്റെ കാഞ്ഞ ബുദ്ധി ആയിരുന്നു അതിന് പിന്നില്‍.
വലിയ പോലീസുകാരുടെ യൊക്കെ തോളില്‍ കയ്യിട്ടു നടന്നിരുന്ന ആളായിരുന്നു അയാള്‍ . 

 മുറി ഒരുക്കുന്ന വകയില്‍  വല്ലപ്പൊഴുമൊക്കെ കുറച്ചു പിച്ചക്കാശു കിട്ടുന്നതിനേക്കാള്‍ നല്ലത് ഒറ്റയടിക്ക് തന്ത്രിയില്‍ നിന്ന് കുറച്ചധികം വസൂലാക്കുന്നതല്ലേ ബുദ്ധി .സംഗതി പെണ്ണ് കേസ് ആണ് . അതൊന്നു കൊഴുപ്പിച്ചു പീഡന മാകും എന്ന് വിരട്ടിയാല്‍ സംഗതി ഒപ്പിക്കാം . തന്ത്രിയുടെ കയ്യിലാണെങ്കില്‍  ശബരിമലയില്‍ ഇരുന്നു അര്‍ഥം അറിഞ്ഞും അറിയാതെയും മന്ത്രം ചൊല്ലിയും, പൂ എറിഞ്ഞും പ്രസാദം കൊടുത്തും  ഉണ്ടാക്കിയിട്ടുള്ള പൂത്ത കാശും ഉണ്ടാകും .

 വിരണ്ടു പോയ തന്ത്രി ആദ്യം കുറച്ചു പണവും ദേഹത്ത് കിടന്ന തിരു വാഭാരണങ്ങളും രത്ന മോതിരവും ഒക്കെ ഊരിക്കൊടുത്തു തല്ക്കാലം തടി വട്ടമാക്കി  . 'വിനാശ കാലേ വിപരീത ബുദ്ധി' എന്ന് പറഞ്ഞത് പോലെ    'ചതി' ക്ക്  'മറു പൂജ' ചെയ്യണം എന്ന വാശി തന്ത്രിക്കുമുണ്ടായി .
അതുകൊണ്ടാവണം അന്ന് രാത്രി തന്നെ തേവര കസബ പോലീസ്‌ സ്റ്റേഷനില്‍ അദ്ദേഹം പരാതി കൊടുത്തു .അമ്പലത്തില്‍ പോകുന്ന വഴി ഫ്ലാറ്റിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെ വച്ച് കണ്ടു പരിചയമുള്ള ശോഭാ ജോണ്‍ തന്നെ ഗുണ്ടകളുടെ സഹായത്തോടെ ഉന്തിത്തള്ളി മുറിയില്‍ കയറ്റി വേറൊരു പെണ്ണിന്റെ കൂടെ നിര്‍ത്തി അതും ഇതും ചെയ്യുന്ന ഫോട്ടോ എടുത്തിട്ടു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടി എടുത്തു എന്നായിരുന്നു പരാതി .

കളി കാര്യമായി .പിടിയിലായ ശോഭ ജോണ്‍ കഥകളൊക്കെ പുറത്തു വിട്ടു . തന്റെ കച്ചവട കേന്ദ്രത്തിലെ സ്ഥിരം പറ്റുപടിക്കാരനായിരുന്നു തന്ത്രി എന്നും തന്റെ കച്ചവടത്തിന് നഗരത്തിലെ ഉന്നത പോലീസുകാരുടെ അടക്കം അനുഗ്രഹവും സഹായവും അതിനു പ്രത്യുപകാരവും ഉണ്ടായിരുന്നു എന്നും ശോഭ തുറന്നടിച്ചു ,അതോടെ കേസ് ജനങ്ങളുടെയും മാധ്യമങ്ങളുടെയും മാത്രം ബാധ്യത യായി ,പുതിയ പീഡന വാര്‍ത്തകളുടെ മലവെള്ള പാച്ചിലില്‍ അങ്ങനെ ആ കേസും കുത്തി ഒലിച്ചു പോയി !

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം നമ്മള്‍ അറിഞ്ഞതെല്ലാം വെറും കള്ളനും പോലീസും കളി മാത്രമായിരുന്നു എന്നാണു .ഇത്തരം കേസുകള്‍ എന്ത് കൊണ്ട് പാതി വഴി ക്ക് നിലച്ചു പോവുകയോ  കോടതിയില്‍ വച്ച് വെറും പ്രഹസനങ്ങള്‍ ആയി മാറുകയോ ചെയ്യുന്നു എന്നത് മനസാക്ഷിയെ മുറിപ്പെടുത്തുന്ന വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ് . ഇരകളും വേട്ടക്കാരും പോലീസും ന്യായാധിപന്മാരും എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്ന് എല്ലാം തേച്ചു മാച്ചു കളയുന്നു ! ഒപ്പം നാള്‍ക്കു നാള്‍ പുതിയ പീഡന വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു .

എന്റെ നോട്ടത്തില്‍ ഇന്നലെ നമ്മള്‍ ആഘോഷിച്ചതും ഇന്ന് നമ്മള്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നതുമായ പീഡനവും  വാണിഭവും ഒന്നും ആ പേരിലോ അര്‍ത്ഥത്തിലോ അറിയപ്പെടാന്‍ യോഗ്യത ഉള്ള സംഭവങ്ങളേ അല്ല .

എല്ലാം എല്ലാവരും ചേര്‍ന്നുള്ള ഒരു ഒത്തുകളി .അത് പുറം ലോകം അറിയുമ്പോള്‍ പീഡനമായി ആഘോഷിക്കപ്പെടുന്നു .അതിന്റെ പേരില്‍ കുറച്ചു പേര്‍ക്ക് മാനക്കേട്‌ (?) ഉണ്ടാകും .പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഭീരുക്കള്‍ ആത്മഹത്യ ചെയ്യും  ,അതിജീവിക്കുന്നവരും ഉണ്ട് .   കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാ മാന്യന്മാരുടെയും കൂടെ അവര്‍ക്കും കിട്ടും സ്ഥാനമാനങ്ങളും , കസേരകളും .വാഴ്ത്തു മൊഴികളും .ശിഷ്ടകാലം ശുഭം! സുന്ദരം !
അല്ലാതെ മനുഷ്യ സഹജമായ ലൈംഗിക സുഖം അനുഭവിച്ചതിന്റെ പേരില്‍ ആര്‍ക്കു എന്ത് ശിക്ഷ കൊടുക്കാനാണ് ? ഏതു കോടതിക്കാണ് അവരെ ജയിലില്‍ അടക്കാന്‍ വ്യഗ്രത ? താല്പര്യം ? അധികാരം ?

നക്ഷത്ര ഹോട്ടലുകളിലും ശീതീകരിച്ച ബഹുനില മന്ദിരങ്ങളിലും ഉന്നതന്മാര്‍ക്കൊപ്പം ശയ്യ പങ്കിട്ടു സുഖം നുണഞ്ഞ യുവ വേശ്യകളുടെ കഥകളാണ് നാം രോഷത്തോടെ  കൊട്ടി ഘോഷിക്കുന്നത് .   സത്യത്തില്‍ ഇതൊന്നും അല്ല പീഡനം  ..യഥാര്‍ത്ഥ പീഡനങ്ങള്‍ പുറം ലോകം അറിയുന്നെ ഇല്ല .അറിയുന്നത് തന്നെ നിയമത്തിനു മുന്നില്‍ എത്തുന്നുമില്ല .

വീടുകളില്‍ ,കച്ചവട സ്ഥാപനങ്ങളില്‍ ,പണിയിടങ്ങളില്‍ ,ജീവിതത്തിന്റെ കൊടും കാടുകള്‍ക്ക് നടുവില്‍ ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാന്‍ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന ജന്മങ്ങളുണ്ട് .വിശപ്പിന്റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍ ,കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരില്‍ ,എല്ലാം സഹിക്കുന്നവര്‍ ..അവരുടെ ദൈന്യതകള്‍ക്ക് നേരെ  നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക  ? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്‍ണങ്ങളില്‍ ആലോസരമുണ്ടാക്കുക ?

2011, ജൂലൈ 5, ചൊവ്വാഴ്ച

'കടം-കഥ'

ടപ്പെട്ടു പോയ ഒരു വീട്  ഉയര്‍ത്തി എടുക്കാനാണ്  
കടം വാങ്ങി അയാള്‍  കടല്‍ കടന്നത്‌ ..
കടം തീര്‍ന്നപ്പോള്‍ അയാള്‍  സ്വയം ഒരു കടങ്കഥയായി
കണ്ടു നിന്നവര്‍ പറഞ്ഞു  :

" വീട് കുളമായി'  പോയെങ്കിലെന്താ ?
അയാള്‍ക്ക്‌ ഒരു കെട്ടിടം സ്വന്തമായില്ലേ!"

2011, ജൂൺ 20, തിങ്കളാഴ്‌ച

ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത

ത്ര പ്രവര്‍ത്തനം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള വലിയൊരു സാമൂഹിക സേവനം  ആണെന്ന് വിശ്വസിക്കുന്നവരാണു ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അധികവും  .

അത് കൊണ്ടുതന്നെ  എവിടെയെങ്കിലും രഹസ്യമായി  മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നറിഞ്ഞാല്‍ അത് അധികൃതരുടെയും സമൂഹത്തിന്റെയും മുന്നില്‍ കൊണ്ട് വരാന്‍ പത്ര പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരമാണ്

സംഭവം കേള്‍ക്കുന്ന മാത്രയില്‍ തന്നെ  മറ്റാരും അറിയാതെ അതൊരു സ്കൂപ്പ് ആക്കാന്‍ കൊതിച്ചു ഭൂരിഭാഗം പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക്  അവിടെ ഓടിയെത്താന്‍ ശ്രമിക്കാറുമുണ്ട് .
ആദ്യം ആര് എത്തും എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം ഉള്ളൂ .കാരണം ആദ്യം എക്സ് ക്ലൂസീവ്  ആയി വാര്‍ത്ത കൊടുക്കുന്ന ലേഖകന്‍ കുറഞ്ഞത്‌ ആ ഒരു  ദിവസത്തെയെങ്കിലും താരം ആകുമല്ലോ !
എക്സ്ക്ലൂസീവുകള്‍ പലപ്പോഴും അവിചാരിതമായി വീണു കിട്ടുന്നതാണ് .കിടിലന്‍  വാര്‍ത്തകള്‍  ഒന്നും ഇല്ലാതെ 'ഇന്നത്തെ പരിപാടികള്‍ ' മാത്രം എഴുതി  നെടു വീര്‍പ്പിട്ടിരിക്കുന്ന ലേഖകന്റെ മുന്നിലേക്ക്‌ ദൈവം കൊണ്ട് വന്നു തരുന്നത്   പോലെ ചില എക്സ്ക്ലൂസീവ്കള്‍  പ്രത്യക്ഷപ്പെടാറുണ്ട് ! വാര്‍ത്താ സ്രോതസുകളായ  ചില 'ചാരന്മാര്‍'  വഴിയും ഇത് സംഭവിക്കാം !

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം  വെറും മുപ്പത്തി മൂന്നു ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന ജോണ് പോള്‍ ഒന്നാമന്റെ   ആകസ്മിക മരണ വാര്‍ത്ത ലോകം ആദ്യമായി  അറിഞ്ഞതും വാര്‍ത്തയൊന്നും കിട്ടാതെ നിരാശനായി അലഞ്ഞു നടന്നിരുന്ന  ഒരു ലേഖകനിലൂടെയായിരുന്നു !

 1978 സെപ്തംബര്‍ 28 നു   വെളുപ്പിന് മാര്‍പ്പാപ്പ തന്റെ ഉറക്ക മുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടാണ്‌  സഭാ കേന്ദ്രത്തിലെ അന്തേവാസികള്‍ ഉണര്‍ന്നത് . അതൊരു കൊലപാതകം ആയിരുന്നു എന്നും അതല്ല ഹൃദയാഘാതം ആയിരുന്നു എന്നും  വിരുദ്ധ അഭിപ്രായം ഉണ്ട് . മാര്‍പാപ്പയെ  പോലെ ഉന്നതനായ ആധ്യാത്മിക നേതാവ്  മരണപ്പെട്ടാല്‍ അടുത്ത മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുന്നത് വരെ അക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുന്ന കീഴ്വഴക്കമാണ് സഭാ നേതൃത്വം കാലങ്ങളായി പിന്‍ തുടര്‍ന്ന് വന്നിരുന്നത് ! ഈ സംഭവവും അങ്ങനെ അതീവ രഹസ്യമായിവച്ചിരിക്കുകയായിരുന്നു ..
.രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്തകള്‍ അന്വേഷിച്ചു നടന്നു ഒന്നും കിട്ടാതെ വന്ന വിഷമം തീര്‍ക്കാന്‍ ഒരു ബാറില്‍ കയറിയതാണ് ആ ലേഖകന്‍  .തണുത്ത ബിയര്‍ അല്പാല്പമായി നുണഞ്ഞിരിക്കെ വെറുതെ ഒരു തോന്നല്‍ .വത്തിക്കാനിലെ സഭാ  ആസ്ഥാനത്തേക്ക് ഒന്ന് വിളിക്കാന്‍ .

സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ കണ്ണും പൂട്ടി ഫോണില്‍  ഒറ്റ ചോദ്യം ആയിരുന്നു-

"എപ്പോളാണ് അത് സംഭവിച്ചത് ?"

സംഭവങ്ങളെല്ലാം നേരത്തെ വളരെ വ്യക്തമായി അറിഞ്ഞത് പോലെ സ്വാഭാവികമായുള്ള ലേഖകന്റെ ചോദ്യം കേട്ട സഭാ വക്താവ് സംഭവിച്ച കാര്യങ്ങള്‍ മുക്കിയും മൂളിയും പറഞ്ഞു പോവുകയും പിന്നീടത്‌ ലോകത്തെ നടുക്കിയ എക്സ്ക്ലൂസീവ് വാര്‍ത്തയായി മാറുകയും ചെയ്തു  എന്നാണു ചരിത്രം .

എക്സ് ക്ലൂസീവ് വാര്‍ത്തകള്‍ ചിലപ്പോള്‍ ബൂമറാങ്ങ്  പോലെ തിരിഞ്ഞു കൊള്ളാറുണ്ട്‌..ഒന്നുകില്‍ അത് എഴുതിയ ആള്‍ക്കെതിരെ അല്ലെങ്കില്‍ അത് വായിക്കുന്ന പൊതു ജനത്തിനെതിരെ ..എനിക്കും ഉണ്ടായി അത്തരം ഒരനുഭവം !

നാലഞ്ചു കൊല്ലം മുന്‍പാണ് .വാര്‍ത്തകള്‍ ഇല്ലാതെ മടി പിടിച്ച് ഇരിക്കുന്ന ഒരു സായാഹ്ന്നം .പ്രസ് ക്ലബ്ബില്‍ .ഞങ്ങള്‍ നാലഞ്ചാളുണ്ട്  ..വെറുതെ സൊറ പറഞ്ഞിരിക്കുമ്പോളാണ് ഒരാള്‍  അങ്ങോട്ട്‌ കയറി വന്നത്  ! ഒരു പരിചയക്കാരന്‍ .  കാണുമ്പോളൊക്കെ എന്തെങ്കിലും ഉണ്ടാകും  ആശാന്റെ കയ്യില്‍ നാളത്തെ വാര്‍ത്തയിലേക്ക്  ഒരു സംഭാവനയായി  ! 

അന്ന് ഒരെക്സ്‌ ക്ലൂസീവ് ഐറ്റം ആണ് പുള്ളിക്കാരന്റെ കയ്യില്‍ ! 

ഒരു യുവാവിനെ  ദിവസങ്ങളായി വീട്ടു തടങ്കലില്‍ ആക്കി മാതാ പിതാക്കളും ഭാര്യയും വീടും പൂട്ടി മുങ്ങിയെന്ന് ! 

കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്നു ! 

സംഭവം കേട്ട് ഞങ്ങള്‍ ആവേശ ഭരിതരായി ചാടി എഴുന്നേറ്റു വണ്ടിയുമെടുത്ത് ഫോട്ടോ ഗ്രാഫറുമൊത്തു പുറപ്പെട്ടു .ചന്തിരൂര്‍ എന്ന ഗ്രാമത്തിലെ തീരമേഖലയിലെ ഒരു വീട്ടിലാണ് അയാള്‍ തടവില്‍ ഉള്ളത് 

പരിസരത്തു വീടുകള്‍ ഒന്നും ഇല്ല ;  ആളുകളും !

വീടിനു ചുറ്റും കനത്ത ബന്തവസില്‍ വേലികെട്ടുകള്‍ .ഞങ്ങള്‍ മുന്‍ഭാഗത്തെ വേലി പൊളിച്ചു അകത്തു കയറി .ചെറിയൊരു വീടാണ് .ഭാഗ്യത്തിന് കയറിചെല്ലുന്ന ഭാഗത്ത് തന്നെ ഒരു ജനല്‍ പാളി തുറന്നു കിടപ്പുണ്ട് .നേരം വൈകിയിരുന്നു ,മുറിക്കുള്ളില്‍ കനത്ത ഇരുട്ട് .തുറന്ന ജനല്‍ വഴി ഞങ്ങള്‍ അകത്തേക്ക് നോക്കി .മുറിയില്‍ നിന്ന് മനുഷ്യ വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധം !

ആള്‍ പെരുമാറ്റം കേട്ട് അകത്തെ ഇരുളില്‍ നിന്ന് ഒരു യുവാവിന്റെ മുഖം ജനലിനടുത്തേക്ക് നീണ്ടു  വന്നു. ആരോ അകത്തേക്ക് ടോര്‍ച് മിന്നിച്ചു ..

പ്രാകൃതമായ രൂപം .കണ്ടാല്‍ തന്നെ അറിയാം പാവം അയാള്‍ കടുത്ത പട്ടിണിയിലും ആണെന്ന്  .ഞങ്ങളെ കണ്ട ഉടനെ അയാളുടെ മുഖം തെളിഞ്ഞു .
എന്താണ് സംഭവിച്ചതെന്ന  ചോദ്യത്തിന് ഉത്തരമായി അയാള്‍ പെറ്റ തള്ളയടക്കം തന്നെ പീഡിപ്പിക്കുകയും ഭ്രാന്തന്‍ എന്ന് മുദ്രകുത്തി ആഹാരം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു എന്ന് പറഞ്ഞുകരയാന്‍ തുടങ്ങി , 

അയാളുടെ പെരുമാറ്റം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി അയാള്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്ന്!
അത് കൊണ്ടുതന്നെ അയാളെ ഈ അവസ്ഥയില്‍  തള്ളിയ ബന്ധുക്കളോട്  നീരസം തോന്നുകയും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍    തീരുമാനിക്കുകയും ചെയ്തു 

ഇതിനിടയില്‍ വിവരമറിഞ്ഞെത്തിയ  ഒരു ബന്ധു 
"ഇവന് ഭ്രാന്താണ് "   എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു ..

"അതുകൊണ്ട്   ഇങ്ങനെ പൂട്ടിയിട്ട് പീഡിപ്പിച്ചും പട്ടിണിക്ക് ഇട്ടും കൊല്ലാക്കൊല ചെയ്യണോ ?  ഏതെങ്കിലും ആശു പത്രിയില്‍ കൊണ്ട് പോയ്ക്കൂടെ"  എന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി പിന്‍ വാങ്ങി

തടവില്‍ നരകിക്കുന്ന യുവാവിന്റെ  വിവിധ പോസുകളിലുള്ള  ഫോട്ടോകളും  കദന കഥകളും , ബന്ധുക്കളുടെ ക്രൂരതയും ഒക്കെ വിവരിക്കുന്ന   വാര്‍ത്തകളുമായാണ്    പിറ്റേന്ന്  ഒട്ടു മിക്ക പത്രങ്ങളും ഇറങ്ങിയത്‌ !

വാര്‍ത്തയ്ക്കു ഉടന്‍ തന്നെ ഫലമുണ്ടായി ..സംഭവം അറിഞ്ഞ പോലീസ് പാഞ്ഞെത്തി  അയാളെ തടവില്‍ നിന്ന് മോചിപ്പിച്ചു ആശുപത്രിയിലേക്ക് കൊണ്ട് പോയി .പത്ര .വാര്‍ത്ത കണ്ടാണ്‌      'അകലത്തുള്ള അയല്‍വാസികള്‍ പോലും'     ഈ ക്രൂര പീഡനം അറിയുന്നതത്രേ !
എല്ലാവരും മൂക്കത്ത് വിരല്‍ വച്ചു! വാര്‍ത്ത മൂലം ഒരു യുവാവ് രക്ഷപ്പെട്ടത് ഫോളോ അപ് വാര്‍ത്തയായി കൊടുത്ത് പിറ്റേന്നും ഞങ്ങള്‍ ആഘോഷിച്ചു .

അതോടെ ആ സംഭവം അവിടെ ഉപേക്ഷിച്ചു  കൂടുതല്‍ പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയായി ഞങ്ങളുടെ അന്വേഷണം .പതുക്കെ അയാളെ എല്ലാവരും   മറന്നു .. കഷ്ടിച്ച് ഒരു മാസം കഴിഞ്ഞു കാണും 

പതിവ് പോലെ കടുത്ത വാര്‍ത്താ പട്ടിണി കൊണ്ട് വിശന്നിരിക്കുകയായിരുന്ന പ്രസ്‌ ക്ലബ്ബിലേക്ക് "അയാള്‍-" ഞങ്ങളുടെ "വാര്‍ത്താ സ്രോതസ്"  പരിഭ്രമത്തോടെ കയറി വന്നു ..ഇത്തവണ ഒരു കൊലപാതക വാര്‍ത്തയാണ് അയാളുടെ കയ്യില്‍ .

ഉറങ്ങിക്കിടന്ന വൃദ്ധനായ  ഭാര്യാ പിതാവിനെ മരുമകന്‍ യാതൊരു പ്രകോപനവും കൂടാതെ കുത്തിക്കൊന്നിരിക്കുന്നു ..! 

 ആവേശത്തോടെ അയാള്‍ നല്‍കിയ പ്രതിയുടെ മേല്‍വിലാസവും ചിത്രവും  കണ്ടു ഞങ്ങള്‍ മുഖത്തോടു  മുഖം നോക്കി അന്തിച്ചിരുന്നു   !
എല്ലാവരും കൂടി  വാര്‍ത്ത എഴുതി തടവില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ യുവാവായിരുന്നു കൊലപാതകി !.

അയാള്‍ കടുത്ത മാനസിക രോഗിയായിരുന്നെന്ന്  !


2011, മേയ് 29, ഞായറാഴ്‌ച

സി .പി അഥവാ ചെറ്റപ്പെറുക്കി

'ചെറ്റ' എന്ന വാക്ക്  പണ്ടേ കേട്ടിട്ടുണ്ട് ..
"ചെറ്റക്കുടിലില്‍ ജനിച്ചവന്‍ "   "അവന്‍ അല്ലെങ്കിലും ഒരു ചെറ്റയാണ്‌ "   എന്നിങ്ങനെ പാവത്തം എടുത്തു കാട്ടാനോ പാവങ്ങളെ  അധിക്ഷേപിക്കാനോ ഉപയോഗിക്കുന്ന  കഠോര പദങ്ങളായാണ് ആ വാക്കുകള്‍   കുട്ടിക്കാലത്ത്  എന്റെ പൊട്ടച്ചെവിയില്‍ പതിച്ചിട്ടുള്ളത് .
പക്ഷെ
"ചെറ്റപ്പെറുക്കികള്‍:" എന്ന 'സുന്ദരമായ' ഒരു വാക്ക്  ഞാന്‍ ആദ്യമായി കേട്ടത്    കുറെ വലുതായപ്പോളാണ് ..കൃത്യമായി പറഞ്ഞാല്‍ രണ്ടു കൊല്ലം മുന്‍പ് . 
എല്ലാവരാലും  ഇഷ്ടപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന  രണ്ടു പേര്‍ തമ്മില്‍ കണ്ടപ്പോള്‍ 
അതിലൊരാളെ മറ്റൊരാള്‍ വിളിച്ചു .".ചെറ്റപ്പെറുക്കീ!!  
വലുതായപ്പോള്‍ കേട്ടത് കൊണ്ട് മാത്രമല്ല  ആ വാക്കിനു  മുന്‍പൊരിക്കലും ഇല്ലാതിരുന്ന  ഒരു സൌന്ദര്യവും മധുര നര്‍മവും ഉണ്ടെന്നു അപ്പോള്‍ എനിക്ക് തോന്നിയത് ..ആ വാക്ക്  ആദ്യമായി ഞാനുള്‍പ്പെട്ട ഒരു സദസില്‍   വച്ച് ഉച്ചരിച്ച വ്യക്തിയുടെയും ,നര്‍മം നിറഞ്ഞ ആ ആക്ഷേപം ആസ്വദിച്ച  പ്രശസ്തനായ അപരന്റെയും പൊട്ടിച്ചിരി നിറഞ്ഞ പ്രതികരണങ്ങളാണ്      "ചെറ്റപ്പെറുക്കികള്‍" എന്ന കഠിന പദത്തെ 'അതി സുന്ദരവും'  'മാതൃകാപരമായ'  ആക്ഷേപ ഹാസ്യവും ആക്കി മാറ്റിയത് .
വിളിച്ചത് മറ്റാരുമല്ല ;
മലയാള സാഹിത്യ  ഭൂമികയില്‍  നിത്യ നിര്‍മലമായ  നീര്‍മാതളപ്പൂക്കള്‍   ചൊരിഞ്ഞ സാക്ഷാല്‍ കമലാസുരയ്യ !
വിളികേട്ടത്‌  മലയാള സിനിമയുടെ എക്കാലത്തെയും  നിലയ്ക്കാത്ത  പൊട്ടിച്ചിരികള്‍ക്ക്  തിരി കൊളുത്തിയ  സാക്ഷാല്‍ ശ്രീനിവാസനും!

2008 ലെ ആദ്യ നാളുകളില്‍ ആണെന്നാണ്‌ ഓര്മ . എറണാകുളം ഗാന്ധി നഗറിലുള്ള കമലാ സുരയ്യയുടെ ഫ്ലാറ്റില്‍ ഒരു പ്രഭാതത്തില്‍ ഒത്തു കൂടിയതായിരുന്നു  എഴുത്തുകാരും ,മാധ്യമ പ്രവര്‍ത്തകരും , ആരാധകരും അടങ്ങുന്ന ചെറു സംഘം . 
കമലാ സുരയ്യ യുടെ "വക്കീലമ്മാവന്‍"  എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു വേദി  .
പ്രായത്തിന്റെ അസ്ക്യതകളും  മതം പരിവര്‍ത്തനം  ഉയര്‍ത്തിവിട്ട വിവാദങ്ങളും  കമല ദാസ് എന്ന എഴുത്തുകാരിയുടെ  വ്യക്തി ജീവിതത്തില്‍   ഉണ്ടാക്കിയ അനാരോഗ്യകരമായ ചുറ്റുപാടുകള്‍  മൂലമായിരുന്നു പൊതു വേദിയും യാത്രയും ഒഴിവാക്കി   പ്രസാധന ചടങ്ങ്  എഴുത്തുകാരിയുടെ വീട്ടില്‍ തന്നെ സംഘടിപ്പിച്ചത് .    കണ്ണൂരിലെ കൈരളി ബുക്സ് ആണ്  പ്രസാധകര്‍ .ശ്രീനിവാസന്‍ ആണ്  പുസ്തകം പ്രസാധനം ചെയ്തത് .

കൈരളി ബുക്സ്  ശ്രീനിവാസന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് അക്കാലത്ത് കേട്ടിരുന്നു .
തിളക്കമുള്ള കറുത്ത പര്‍ദയ്ക്കുള്ളില്‍ ജ്വലിക്കുന്ന ഒരു ദേവീ വിഗ്രഹം പോലെ പ്രിയപ്പെട്ട എഴുത്തുകാരി . . 
വാര്‍ധക്യ ജരകളിലും ക്ഷുഭിത യൌവ്വനങ്ങളെ ത്രസിപ്പിച്ച തേജോമയമായ ആ മുഖം ഒന്നടുത്തുകാണാന്‍,രത്നാന്ഗുലീയം  ധരിച്ച താമര വല്ലിപോലെയുള്ള വിരലുകളില്‍  പ്രേമ പൂര്‍വ്വം ഒന്ന് തൊടാന്‍ പണ്ടേ ഏറെ കൊതിച്ചിരുന്നതാണ്  ..

അന്നായിരുന്നു അതിനു ഭാഗ്യം കൈവന്നത് ..

ലോകം കീഴടക്കിയ എഴുത്തുകാരിയെയും  പ്രിയതാരം ശ്രീനിവാസനെയും ഒരുമിച്ചു കണ്ട  ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ഉത്സാഹത്തിലായിരുന്നു . 

ഞങ്ങള്‍ക്കിടയില്‍  C.P എന്ന്  വിളിപ്പേരുള്ള  അധികോത്സാഹിയായ ഒരു പത്ര പ്രവര്‍ത്തകന്‍  ഉണ്ടായിരുന്നു . സി .പി .എന്നത് അദ്ദേഹത്തിന്‍റെ ഇനിഷ്യല്‍ ആണ് . അത്യാവശ്യ ഘട്ടത്തില്‍ സി .പി . എന്നായിരുന്നു സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ . സി .പി .എന്ന ചുരുക്കപ്പേര് കേട്ട ഉടന്‍ ശ്രീനിവാസന്‍ സ്വത സിദ്ധമായ ശൈലിയില്‍   " ഓഹോ  സി .പി യും , വന്നിട്ടുണ്ടോ?  (കണിശക്കാരനായ പഴയ തിരുവിതാംകൂര്‍ ദളവ സി .പി രാമസ്വാമി )എന്നു ചോദിച്ചത് ചിരി പരത്തി. ചാനല്‍ ക്യാമറാമാന്മാരുടെ തള്ളിനിടയില്‍ നിന്ന്  ലേഖകന്‍ ചമ്മുന്നതും പിന്നോട്ട് വലിയുന്നതും കണ്ടു .
"സി .പി യോ ? ആരാ അത് ? ഇവിടെ എന്നും സി പി. കള്‍ വരാറുണ്ട് " എന്ന്  ചിരിച്ചു കൊണ്ടു സുരയ്യ . 
പിന്നെ സി .പി .എന്ന ചുരുക്ക പ്പേരിന്റെ ചുരുള്‍ വിടര്‍ത്തി  കുട്ടിക്കാലത്തെ ഒരോര്‍മ പകുത്തു .

നാലപ്പാട്ട്  കുട്ടിക്കാലത്ത്  ദിനവും ഓരോരോ   ദാനം ചോദിച്ച്  തറവാട്ടിലെ ആശ്രിതരായ ആളുകള്‍ വരാരുണ്ടായിരുന്നത്രേ ! വീട്ടില്‍ ആവശ്യത്തിനു സ്വത്തുണ്ടെങ്കിലും അന്യന്റെ ദാനാശീലവും അനുകമ്പയും മുതലാക്കാന്‍ എത്തുന്ന അക്കൂട്ടരെ ഞങ്ങള്‍ കുട്ടികള്‍ "സി .പി കള്‍"  എന്നായിരുന്നു വിളിച്ചിരുന്നത്‌ ..സി .പി എന്നാല്‍ ചെറ്റപ്പെറുക്കികള്‍ ,ഒടുവില്‍ നാലപ്പാട്ട് തറവാട് മുടിഞ്ഞു ..ചെറ്റപ്പെറുക്കികള്‍     ധനികരും ആയി ..."

ഇപ്പോളും ഉണ്ട് സി പി.കള്‍ .       ഇവിടെയും വരും . 

"ദേ ഇരിക്കുന്നു ഒരു സി പി " --- ശ്രീനിയെ നോക്കി ചിരിച്ചു കൊണ്ടു അവര്‍ പറഞ്ഞു .
"എഴുതി  ഒരു പാട് സ്വത്തുണ്ടാക്കിയിട്ടുണ്ടല്ലോ കുറെ ദാനം ചെയ്താലെന്താ ??" ശ്രീനിവാസന്റെ കമന്റ്  ".  
എനിക്ക് സ്വത്തില്ല .ഉള്ളതെല്ലാം ഒരോരുത്തര്‍  കൊണ്ടു പോയി. ദിവസവും രാവിലെ മുതല്‍ ഓരോ ദിക്കില്‍ നിന്നും എത്ര പേരാണ് വരുന്നത് !! എല്ലാര്‍ക്കും ന്റെ കയ്യില്‍ നിന്ന് സക്കാത്ത് വേണം ..ഓരോരുത്തര്‍ എത്ര അവകാശത്തോടെയാണ്  വന്നു കയറി ഓരോന്ന് ചോദിക്കുന്നത് !! 

അള്ളാഹു പറഞ്ഞതല്ലേ ..ഞാന്‍ ഉള്ളതെല്ലാം എടുത്തു കൊടുത്തു .കൃഷ്ണനും അതന്യേണ്  പറഞ്ഞെ ..ഒക്കെ..ന്നു തന്യേ !  ചിലര്‍ മക്കളെ കല്യാണം ചെയ്തു വിടാനെന്നു പറഞ്ഞു എന്റെ വളകളെല്ലാം ഊരി വാങ്ങി ..

കുട്ടികള്‍ സന്തോഷായിറ്റ് ..കഴിയട്ടെ ല്ല്യെ ..ന്താ ..ഞാന്‍ പര്‍ദ്ദ യൊക്കെ ധരിച്ചിരിക്കുന്നത്‌ കണ്ടിട്ട്  "ഉമ്മയ്ക്കിനി എന്തിനാ പട്ടു സാരികള്‍ എന്ന് ചോദിച്ച്  ന്റെ സാരികളെല്ലാം എടുത്തോണ്ട് പോയി "

ന്റെ പട്ടു സാരികളും, സ്വര്‍ണ വളകളും തിളങ്ങുന്ന  കല്ലുകള്‍പതിച്ച  പതക്കങ്ങളും   അലുക്കിട്ട കമ്മലുകളും അവര്‍ കൊണ്ടു പോയി .....ഞാന്‍ വല്യ ധനികയാണെന്നാ.. എല്ലാരുടെയും വിചാരം ..കൊണ്ടു പൊയ്ക്കോട്ടേ  ..നിക്കൊന്നും വേണ്ടാ ..ഞാന്‍ മരിക്കുമ്പോ   ദൊക്കെ ,കൊണ്ടു പൂവാമ്പറ്റ്വോ??  അതോണ്ട്  അവര്‍ കൊണ്ടു പൊയ്ക്കോട്ടേ ...

ന്താ പറയ്ക .?? .അവരെയും ചെറ്റപ്പെറുക്കികള്‍ എന്ന് വിളിക്കാമോ  ?? ആവോ അറിയില്യ ..."

കുറെ പുസ്തകങ്ങളും പിന്നെ മക്കളും ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന സുഹൃദ് വലയവും ആണ് തന്റെ സ്വത്തുക്കള്‍  എന്ന്  അവര്‍ പറഞ്ഞു ...
ഏതോ ട്രസ്റ്റിനു വിട്ടുകൊടുത്ത  പുന്നയൂര്‍ ക്കുളത്തെ പാമ്പിന്‍ കാവും   ,നാലപ്പാട്ടെ കുട്ടിക്കാലവും ഓര്‍ത്തെടുത്ത അവരുടെ കണ്ണുകളില്‍  ഒരായിരം നീര്‍മാതളപ്പൂക്കള്‍ ഒരുമിച്ചു വിരിഞ്ഞ തിളക്കം !

പിന്നെയും നീണ്ട നര്‍മ ഭാഷണങ്ങള്‍ക്കിടയില്‍  ചിരിയുടെ നേര്‍ത്ത കുമിളകള്‍ പൊട്ടി...പ്രകാശ ത്തിന്റെ ഊര്‍ജ രേണുക്കള്‍ അവിടമെങ്ങും  പ്രസരിച്ചു.. ,കേരളത്തിലെ അവരുടെ അവസാന നാളുകളില്‍ ഒന്നായിരുന്നു  തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ ദിനം .പിന്നീട്  ചികിത്സാര്‍ത്ഥം അവര്‍ പുനെയിലുള്ള മകന്റെ അരികിലേക്ക് പോയി .അടുത്തവര്‍ഷം 2009 മേയ്
31 ന്  സാഹിത്യ നഭസ്സില്‍ രജത ശോഭയോടെ തെളിഞ്ഞു കത്തിയ ആ വസന്ത പൌര്‍ണമി മിഴിയടച്ചു .

.നെയ്പ്പായസത്തിന്റെ മധുരവും    നീര്‍മാതളത്തിന്റെ സുഗന്ധവും നിറഞ്ഞ കഥാ കുസുമങ്ങള്‍ ബാക്കിവച്ച് ...
( മേയ് 31 ന്  മാധവിക്കുട്ടിയുടെ ചരമ ദിനം )
 

2011, മേയ് 14, ശനിയാഴ്‌ച

അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??

പ്രിയപ്പെട്ട കൂട്ടുകാരെ ..
അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ?? അല്ല  ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു
ചോദിക്കുവാ !!
ഗൂഗിള്‍ അമ്മച്ചി നമ്മള്‍ പാവം ബ്ലോഗര്‍മാര്‍ക്ക് ഒരു പണി തന്നതിന്റെ കഷ്ടപ്പാട്  ഇരുമ്പുലക്ക കൊണ്ട് തലക്കിട്ട്  അടിച്ചതിനു തുല്യമായി ..നമ്മള്‍ പ്രസവ വേദന എടുത്തു കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കിയ ബ്ലോഗുകള്‍ പെട്ടന്നൊരു ദിവസം തന്നിഷ്ടക്കാരിയായ ഗൂഗിള്‍ അമ്മ വന്നു ഇരുമ്പുലക്ക കൊണ്ട് തല്ലിക്കൊഴിച്ച് ഇല്ലാതാക്കുക .. ആദ്യമൊക്കെ ഞാന്‍ കരുതി നമ്മുടെ മഞ്ഞുതുള്ളി യെയും   ,
  കിങ്ങിണിക്കുട്ടിയെയും പോലെ പെട്ടെന്നൊരു ദിവസം എല്ലാവരും കൂടി ബ്ലോഗും ഡിലീറ്റി മുങ്ങിയതാവും എന്ന് !! അവര്‍ ഇപ്പോള്‍ തിരികെ വന്നൂ ...ട്ടോ ..സന്തോഷം .ഹാ..യ് !!!

പക്ഷെ എന്റെ ബ്ലോഗും അങ്ങനെ കാണാതായപ്പോഴും ഇടയ്ക്ക് പൊങ്ങിയ ബ്ലോഗില്‍ കമന്റാന്‍ പറ്റാതെ വന്നതും കണ്ടപ്പോളാണ് എന്റെയും  ഫ്യൂസ് അടിച്ചു പോയോ എന്ന് തോന്നിപ്പോയത് !

ഒടുവില്‍ എന്റെ രണ്ടു പാട്ടുകള്‍ക്കായി ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും
ഞാന്‍ നിങ്ങള്ക്ക് സമര്‍പ്പിച്ച ബ്ലോഗും അതില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു ഞാന്‍ നേടിയെടുത്ത നിങ്ങളില്‍ പല പുലികളുടെയും  വിലപ്പെട്ട 63  കമന്റുകളില്‍ ഏതാണ്ട്  25 എണ്ണവും അപ്രത്യക്ഷ മായിരിക്കുന്നു !!  ഈ കൊലച്ചതി ഇതാരോട് പോയി ഞാന്‍ പരാതി പറയും എന്റീശ്വരന്‍മാരെ !! എനിക്ക് നഷ്ടം വന്നത് കമന്റുകള്‍ ആണെങ്കില്‍ മറ്റു ചില സുഹൃത്തുക്കള്‍ക്ക് അവര്‍ എഴുതിയുണ്ടാക്കിയ പോസ്റ്റുകള്‍ തന്നെ നഷ്ടപ്പെട്ടു !! കമന്റു ബോക്സില്‍ അഭിപ്രായം എഴുതാന്‍ കഴിയാതെ വന്നപ്പോള്‍ പ്രിയപ്പെട്ട വായനക്കാര്‍ അത്   മെയിലില്‍ വഴി അറിയിച്ചപ്പോള്‍  ആണ് സംഗതിയുടെ ഗൌരവാവസ്ഥ മനസിലായത് .

ഞാന്‍ ഗൂഗിള്‍ അമ്മച്ചിയോട്‌ ഊന്നി ഊന്നി ചോദിക്കുകയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ? പ്രിയപ്പെട്ടവര്‍ എഴുതിയ ബ്ലോഗുകള്‍ എന്താ അപ്രിയങ്ങള്‍ ആയതു ? അതൊക്കെ അതൊക്കെ മായ്ച്ചു കളഞ്ഞിട്ടു ഒടുവില്‍ ദാ ഇപ്പോള്‍ അമ്മച്ചി വന്ന്  ഒരു സോറി പറഞ്ഞിരിക്കുന്നു !!
കഷ്ടം തന്നെ!! കഷ്ടം !!!.
ഇനി ഞാന്‍   എന്ത് സൂത്രപ്പണി കാണിച്ചാല്‍ ആണ്   കൂട്ടുകാര്‍ വീണ്ടും വന്നു മാഞ്ഞുപോയ തങ്ങളുടെ ആ വാക്കുകള്‍ കൊണ്ട് എന്റെ പാട്ടുകളുടെ പൂമുറ്റം   അലങ്കരിക്കുക ?? നമ്മള്‍ ഏതു ബ്ലോഗനാര്‍ കാവില്‍ തളിച്ച് കൊട നടത്തിയാലാണ്    മാഞ്ഞു പോയ ബ്ലോഗുകള്‍ തിരികെ വരുന്നത് ??

അന്വേഷിച്ചപ്പോള്‍ അറിയുന്നു ലോകമെമ്പാടും ഉള്ള ലക്ഷോപ ലക്ഷം ബ്ലോഗര്‍മാര്‍ക്കും ഇക്കഴിഞ്ഞ നാല്പതര  മണിക്കൂര്‍ കൊണ്ട്   ഗൂഗിള്‍  അമ്മച്ചിയുടെ  പരമാവധി   പണി കിട്ടിയെന്ന്
 !!!
കൈവിട്ട് പോയ  ബ്ലോഗും കമന്റുകളും  ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടുമോ ? 

ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും2011, മേയ് 11, ബുധനാഴ്‌ച

ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും


സുഹൃത്തുക്കളെ

ഇക്കുറി രണ്ടു പാട്ടുകളാണ് നിങ്ങള്‍ക്കായി ഞാന്‍ നല്‍കുന്നത്  .ഒപ്പം ആ പാട്ടുകള്‍ ഒരുക്കാന്‍ അക്ഷീണം പ്രയത്നിച്ച ഒരു യുവ സംഗീതജ്ഞന്റെ വേര്‍പാടിന്റെ നൊമ്പരവും ..
രണ്ടു മൂന്നു വര്ഷം മുന്‍പ് ഒരു ഭക്തി ഗാന ആല്‍ബത്തിനു വേണ്ടി ഞാന്‍ കുറച്ചു പാട്ടുകള്‍ എഴുതിയിരുന്നു . എനിക്ക് ഭക്തി ബാധ ഉണ്ടായതല്ല .  കൂട്ടുകാര്‍  നിര്‍ബന്ധിച്ചപ്പോള്‍ ചുമ്മാ അങ്ങ് എഴുതിപ്പോയി . അത്ര തന്നെ !!

ഓഡിയോ യായി പുറത്തു വന്ന 'ചുറ്റു വിളക്ക്' എന്ന ആല്‍ബത്തിലെ   രണ്ടു ഗാനങ്ങളാണ് വീഡിയോ രൂപത്തില്‍  നിങ്ങള്ക്ക് സമര്‍പ്പിക്കുന്നത് .
കൊച്ചി ചമ്പക്കരയിലെ അമൃത വിഷന്‍ എന്ന കേബിള്‍ ചാനല്‍ ഉടമകളും സുഹൃത്തുക്കളുമായ രണ്ടു മൂന്നു ചെറുപ്പക്കാര്‍ ഒരു ഭക്തി ഗാന ആല്‍ബം നിര്‍മിക്കാന്‍ ആഗ്രഹിച്ച്  സംഗീത സംവിധായകനായ ശ്രീ ഏരൂര്‍ ജീവന്‍ ദാസ്  ഉണ്ടാക്കിയ  മനോഹരങ്ങളായ ഈണങ്ങള്‍ ഒരു സി.ഡി യില്‍ പകര്‍ത്തി എന്നെ ഏല്‍പ്പിച്ചു .  
     
രണ്ടു വര്ഷം മുന്‍പായിരുന്നു ഇത് .

ജീവനും ഞാനും ചേര്‍ന്ന് ആകാശവാണി കൊച്ചി എഫ് എം റേഡിയോയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തി നല്‍കിയ പാട്ടുകളുടെ പിന്‍ ബലത്തിലായിരുന്നു ഭക്തി ഗാന രചന  എന്ന കടുംകൈ ചെയ്യാന്‍ രണ്ടും കല്‍പ്പിച്ചു വാക്കുകൊടുത്തത് .

പഠിക്കുന്ന കാലം മുതല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ നടപ്പ് ..നിരീശ്വര വാദം എന്ന "ജാഡ" എന്റെയും കൂട്ടുകാരനാണ് .അമ്പലങ്ങളില്‍ പോകും ..പക്ഷെ പ്രാര്‍ത്ഥിക്കാനല്ല ,അമ്പലത്തിനുള്ളിലെ ശില്പ ചാതുരി കണ്ടു ആസ്വദിക്കാന്‍ എന്ന ഭാവത്തില്‍ ..!!

ചുറ്റു വിളക്ക് എന്ന പേരില്‍ ഇറക്കിയ പത്തു പാട്ടുകള്‍ ഉള്ള ആ ആല്‍ബത്തിന് വേണ്ടി ഞാന്‍ ആറു ഗാനങ്ങള്‍ എഴുതി . സംഗീത  ആല്‍ബം എന്ന നിലയിലുള്ള എന്റെ ആദ്യ  സംരംഭം.
ബിജു നാരായണന്‍ , മീശ മാധവന്‍ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടില്ല എന്ന പാട്ട് പാടിയ  ദേവാനന്ദ് (ചേര്‍ത്തല എന്‍ എസ് എസ് കോളേജില്‍ എന്റെ ജൂനിയര്‍ ആയി പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പേര് പ്രതാപചന്ദ്രന്‍ എന്നായിരുന്നു ),ഗണേഷ് സുന്ദരം തുടങ്ങി പത്തോളം ഗായകരാണ്  ആല്‍ബത്തില്‍ പാടിയത് .

ഈ ആല്‍ബവുമായി ബന്ധപ്പെട്ടു വളരെ ദുഖകരമായ ഒരു സംഭവവും ഉണ്ടായി .പാട്ടുകളുടെ  ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹണം നടത്തിയത് സംഗീത മേഖലയിലെ വളര്‍ന്നു വരുന്ന അനുഗ്രഹീത പ്രതിഭയായിരുന്ന പ്രിയ സുഹൃത്ത് പ്രേംജിത്ത്  ആയിരുന്നു ..കാക്കനാട്ടുള്ള മെട്രോ സ്റ്റുഡിയോയിലും  തൃപ്പൂണിത്തുറ യിലെ പൂജ സ്റ്റുഡിയോ യിലും ആയി  ആല്‍ബത്തിന്റെ റെക്കോര്‍ഡിങ്ങും മിക്സിങ്ങും കഴിഞ്ഞിട്ടും ജിത്തുവിന്  ഒരു തൃപ്തി വന്നില്ല. കുറച്ചു കൂടി ശരിയാകാനുണ്ട് എന്നൊരു തോന്നല്‍ .

മുംബെയിലെ ഏതോ വലിയ സ്റ്റുഡിയോയില്‍   സൌണ്ട് എന്ജിയര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ജിത്തുവിന്റെ   സുഹൃത്ത് ബിനോയ്‌  ആയിടെ നാട്ടില്‍ വന്നിരുന്നു .     ബിനോയിയുടെ സഹായത്തോടെ ആല്‍ബം കുറച്ചു കൂടി മികവുറ്റതാക്കാന്‍ മറ്റൊരു  ദിവസം  ജിത്തുവും ബിനോയിയും കൂടി വീണ്ടും  മെട്രോ സ്റ്റുഡിയോയില്‍ എത്തി .അന്ന്  പാതിരാത്രി വരെ  ഇരുന്നു പാട്ടുകള്‍ എല്ലാം  റീ റെക്കോര്‍ഡ്‌ ചെയ്തു പെര്‍ഫെക്റ്റ് ആക്കി ..

 പൂര്‍ണതയ്ക്കു വേണ്ടിയുള്ള ഒരു കലാകാരന്റെ ആത്മാര്‍ഥമായ സമര്‍പ്പണം .

പിറ്റേന്ന് രാവിലെ എനിക്ക് മ്യൂസിക് ഡയരക്ടര്‍   ജീവന്റെ ഒരു ഫോണ്‍ കോള്‍ വന്നു ..
ജിത്തു  കഴിഞ്ഞ രാത്രി ഒരു  ബൈക്ക് അപകടത്തില്‍  മരിച്ചെന്ന്!! 
ഗുരുതരമായി പരുക്കേറ്റ ബിനോയ്‌  എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും !

റീ -റെക്കോര്‍ഡിങ്ങ് കഴിഞ്ഞു ബിനോയിയെ കുമ്പളങ്ങിയിലുള്ള വീട്ടില്‍ കൊണ്ടാക്കാന്‍  തന്റെ പുതിയ  ബൈക്കില്‍ പോയതായിരുന്നു ജിത്തു  .അപരിചിതമായ റോഡിലെ ഒരു ഹമ്പില്‍ കയറി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞത്രെ!  റോഡില്‍ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റാണ്  ജിത്തുവിന് ആ അത്യാഹിതം സംഭവിച്ചത് !

2007 മാര്‍ച്ച്‌ 16 നു അര്‍ദ്ധരാത്രിയായിരുന്നു ആ സംഭവം .

 ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു നല്ല കലാകാരന്റെ ജീവന്‍  അങ്ങനെ ആ  റോഡപകടത്തില്‍ എന്നെന്നേക്കുമായി പൊലിഞ്ഞു ..!

അതോടെ ആല്‍ബം റിലീസിംഗ് കുറച്ചു വൈകി ...വീഡിയോ ചേര്‍ത്തു റിലീസ് ചെയ്യാനായിരുന്നു സംഘാടകരുടെ ആദ്യ ശ്രമം .  ജിത്തു പോയതോടെ ഉത്സാഹം കെട്ടു !

പിന്നീട്    ഓഡിയോ മാത്രം ഇറക്കി . റിലീസിംഗ്  ദിവസം ഒത്തു കൂടിയ കൂട്ടുകാര്‍ എല്ലാവരും ജിത്തുവിനെ ഓര്‍ത്ത്‌ സങ്കടപ്പെട്ടു .

നെറ്റില്‍ നിന്ന് ഡൌണ്‍ ലോഡു ചെയ്ത ചിത്രങ്ങളും ആല്‍ബത്തിലെ ട്രാക്കും  ചേര്‍ത്തു കഴിഞ്ഞ ദിവസം ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്  ഇവിടെ നിങ്ങള്‍ക്കായി  സമര്‍പ്പിച്ചിരിക്കുന്ന വീഡിയോകള്‍ .യു ട്യൂബിലും ചേര്‍ത്തിട്ടുണ്ട് . ദയവായി  വീഡിയോ ഭംഗി കണ്ടു ബോധം കെടരുത്..
ശരിയായിട്ടില്ല എന്നറിയാം ..

അക്ഷര ദേവതയായ മൂകാംബികയെ കുറിച്ചുള്ള ഗാനമാണ് ആദ്യത്തേത് .  ഒന്ന് കേട്ട് നോക്കൂ
ജിത്തുവിനു വളരെ ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു ഗാനമുണ്ടായിരുന്നു ആല്‍ബത്തില്‍ .. ഈ ഗാനത്തിന്റെ ചരണത്തില്‍ മരണവുമായി ബന്ധപ്പെട്ട ചിലവരികള്‍ ഉണ്ടായിരുന്നത് യാദൃശ്ചികമായിരുന്നു..

"വിധിയാം വൃഷഭത്തിന്‍ പുറത്തേറി വരും
മൃതി ഭയം മനുഷ്യനെ വിഴുങ്ങുമ്പോള്‍.......  "

ജിത്തുവിന്റെ കാര്യത്തില്‍ ഈ വരികള്‍ അറം പറ്റിയത് പോലായി !
ആ ഗാനമാണ് താഴെ യുള്ള വീഡിയോയില്‍ . 


ഈ വീഡിയോകള്‍ ഇവിടെയും യും  ദേ
ഞെക്കിയാല്‍ കിട്ടും   
സംഗീതം : ഏരൂര്‍ ജീവന്‍ ദാസ് 
പശ്ചാത്തല സംഗീതം :  പ്രേം ജിത്ത്
ആലാപനം :  ബിജു നാരായണന്‍ 
നിര്‍മാണം :അമൃത വിഷന്‍ ചമ്പക്കര 

2011, മേയ് 4, ബുധനാഴ്‌ച

അനുഭവം ഗുരു

റബി നാട്ടിലെ രണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഞാന്‍ പഠിച്ച സുപ്രധാനങ്ങളായ രണ്ടു വാക്കുകള്‍ .

1 )  മാഫി മുഷ്കില്‍ ,

2 ) മാലിഷ്

 ഈ വാക്കുകള്‍ മാത്രം പ്രയോഗിച്ചു ശീലിച്ചാല്‍ ഇവിടെ എത്ര കാലം വേണമെങ്കിലും സുഭിക്ഷമായി കഴിയാം ..തീര്‍ച്ച ..കുടിലില്‍ നിന്ന് വന്നവന്  കൊട്ടാരത്തിലേക്ക് മടങ്ങാം ..
കെട്ടു പ്രായം തികഞ്ഞ സഹോദരിമാരെ നല്ല നല്ല പുയ്യാപ്ലമാര്‍ക്ക്  കെട്ടിച്ചു കൊടുക്കാം ..
എത്ര ഫെയര്‍ ആന്‍ഡ് ലവ് ലി ഇട്ടു ഉരച്ചു തേച്ചു കഴുകിയാലും തെളിയാത്ത മോന്തായം ഉള്ളവര്‍ക്കും പുറ വടിവും അകമഴകും ഉള്ള     മൊഞ്ചത്തിമാരുടെ ഓണര്‍ ഷിപ്‌  നേടാം !!..  

 മാഫി മുഷ്കില്‍ എന്നാല്‍ = പച്ചമലയാളത്തില്‍ "അത് കുഴപ്പമില്ല " എന്നാണ് . നമ്മള്‍ നാട്ടില്‍ എത്ര പ്രയാസമേറിയ കാര്യം ചെയ്യാന്‍ പറഞ്ഞാലും ആദ്യം പറയുന്ന വാക്ക് ..രാവിലെ കടം വാങ്ങുന്ന ഒരു ലക്ഷം രൂപ വൈകിട്ട് പലിശ സഹിതം തിരിച്ചു കൊടുക്കാമോ എന്ന്  ചോദിച്ചാലും
നമ്മള്‍ പറയും "അത് കുഴപ്പമില്ല " അതിന്റെ അറബി രൂപമാണ് മാഫി മുശ്കില്‍...തന്നെ !!തന്നെ !!


'മാലിഷ് 'എന്ന  ഒറ്റമൂലി പ്രയോഗം  കേട്ടാല്‍ എത്ര കലിയിളകി നമ്മളെ കൊല്ലാന്‍  വരുന്ന അറബിയും സ്വിച്ച്  ഇട്ടതു പോലെ പെട്ടെന്ന് ശാന്തനാകും... !!

മാലിഷിന്റെ അര്‍ഥം "ക്ഷമിക്കൂ " അഥവാ മാപ്പാക്കൂ എന്നാണ് (കൊച്ചീടെ മാപ്പല്ല :))  , സാക്ഷാല്‍ കാലു പിടുത്തം തന്നെ ..എന്തൊക്കെ പ്രശ്നം ഉണ്ടായാലും  ഒടുക്കത്തെ ഈഗോ മൂലം നാട്ടില്‍ വച്ച്  നമ്മള്‍ ഒരിക്കലും ആരോടും പറയാത്ത വാക്ക് !

..പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന്  നമ്മളെ ക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ലല്ലോ !! ആര്  ആരോട് ക്ഷമിക്കാന്‍  ? അല്ലെ !!

പക്ഷെ അറബി നാട്ടില്‍ ഈ വാക്കുകള്‍ക്കു വലിയ ഇന്ദ്ര ജാലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് നൂറു നൂറു അനുഭവസ്ഥരിലൂടെ എനിക്കും ബോധ്യമായ കാര്യമാണ് ...ഈ വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്ന ഒരു സാഹചര്യം ഏതാണ്ട് താഴെ കാണും വിധമാണ് :


രാവിലെ വന്ന്   "ഡേയ് ..ഈ കാണുന്ന  മരുഭൂമിയിലെ മണല്‍ത്തരി  മുഴുവന്‍ വൈകുന്നേരത്തിനു മുന്‍പ്  എണ്ണിത്തീര്‍ത്ത്  എനിക്ക് കണക്കു തരാമോ ? " ..എന്ന്  ചോദിക്കുന്ന അറബിയോട് അയാളെ സുഖിപ്പിക്കാന്‍ ഇത്ര മാത്രം പറഞ്ഞാല്‍ മതി :

 മാഫി മുഷ്കില്‍ മുദീര്‍  ( അത് കുഴപ്പമില്ല മുതലാളി... ഞാന്‍ ഏറ്റു )

അറബി പോയാല്‍   "ഓ.. പിന്നേ... എന്റെ പട്ടി എണ്ണും ..വേറെ പണി ഒന്നുമില്ലേ"  എന്ന് പറഞ്ഞ്    വൈകും വരെ വേണമെങ്കില്‍ കിടന്നുറങ്ങാം . അല്ലെങ്കില്‍ മരുഭൂമിയിലെ വെയിലത്തിരുന്നു  ചൂടുള്ള ദിവാസ്വപ്നം കാണാം ! അകത്താണെങ്കില്‍ എ സി യുടെ മൂളക്കം മനോഹരമായ ഒരു താരാട്ടാണെന്ന്  കരുതി പുതച്ചു മൂടിക്കിടക്കാം ...:)

വൈകിട്ട്  മണല്‍ത്തരിയുടെ കണക്കു വാങ്ങാന്‍ വരുന്ന  അറബിക്ക്  ഭ്രാന്തു പിടിക്കും എന്നുള്ളതിന്  തര്‍ക്കം ഒന്നും വേണ്ട .അയാള്‍  കാണുന്നത്   ഏറ്റെടുത്ത   പണി അല്പം പോലും  ചെയ്യാതെ  കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന പണിക്കാരനെയല്ലേ  ...!!

എങ്ങനെ കലിയിളകാതിരിക്കും ??

" യാ ഹിമാര്‍ ...."  എന്ന്  അറബി  അലറും !!   ചിലപ്പോള്‍ പിരിച്ചു വിടും എന്ന് ഭീഷണിപ്പെടുത്തും..ഇല്ലാത്ത പുക്കാര്‍ ഒക്കെ ഉണ്ടാക്കും  ..  ഒട്ടും പേടിക്കേണ്ടാ ..വഴിയുണ്ട്

ഞെട്ടിപ്പിടഞ്ഞു എണീറ്റ പാടെ .. തലചൊറിഞ്ഞു നിന്നിട്ട്  ഉമിനീരിറക്കി പിച്ച്  ഒന്ന്  ശരിയാക്കി      "മാലിഷ്  മുദീര്‍ ,,മാലിഷ് ..." എന്ന്  പരമാവധി ദൈന്യം കലര്‍ത്തി  വച്ച് കാച്ചിയാല്‍ മതി ..
അറബി ഫ്ലാറ്റ് ..!!!

വിശ്വാസം വരുന്നില്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്ക് ..കൊണ്ടേ പഠിക്കൂ എന്നാണ്  വിധിയെങ്കില്‍  ഞാനായിട്ട്  തടയുന്നില്ല ....

അനുഭവം ഗുരു!!!    ..ഈശ്വരോ രക്ഷതു !!