2011, ജനുവരി 31, തിങ്കളാഴ്‌ച

ആത്മ നിന്ദയുടെ നിമിഷങ്ങള്‍

വിനായകന്‍ മാഷ്‌  സര്‍വീസില്‍ പ്രവേശിച്ചിട്ടെ ഉള്ളൂ ..ഒരു വെള്ളിയാഴ്ച ഉച്ച നേരം .പുതിയ ഡി എ പ്രഖ്യാപനത്തെ ക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു സ്റ്റാഫ് റൂമില്‍ .
ഇടയ്ക്കെത്തിയ ബെഡ് ഷീറ്റ് വില്പനക്കാരനെ ചിലര്‍ പൊതിഞ്ഞു നില്‍ക്കുന്നുണ്ട് .ആകെ ബഹളം .

ഇതിനിടെ നാല് -ബി യിലെ അഞ്ജുവിനെ ക്ലാസ് ലീഡര്‍ സുമന സ്റ്റാഫ് റൂമിലേക്ക്‌ കൊണ്ട് വന്നു .
അഞ്ജു ചെവി പൊത്തിപ്പിടിച്ചു തലയാട്ടി നിലവിളിക്കുകയാണ് .

"ടീച്ചറെ ,അഞ്ജുവിന്റെ കാതില്‍ കടന്നല്‍ കേറി കുത്തണൂ..." മൂക്കിള ഉള്ളിലേക്ക് വലിച്ചു കയറ്റി
ആണ്‍ തുണയായി വന്ന കുട്ടി മൊഴിഞ്ഞു .
അഞ്ജു വിനെ ഉടന്‍ തന്നെ ബെഞ്ചില്‍ കിടത്തി രണ്ടു മൂന്നു ടീച്ചര്‍മാര്‍ പരിശോധനയായി .തങ്കമണി
ടീച്ചര്‍ അഞ്ജു വിന്റെ കാതില്‍ വെള്ളം ഒഴിച്ച് കടന്നലിനായി കാത്തു നിന്നു.

പക്ഷെ കടന്നല്‍ പുറത്തിറങ്ങിയില്ല .അഞ്ജു കൂടുതല്‍ വികൃതമായി കരഞ്ഞു .

സൌമിനി ടീച്ചര്‍ ആയിടെ വാങ്ങിയ മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച്   അഞ്ജു വിന്റെ കാതിലേക്ക്    മിന്നിച്ചു .

"വെളിച്ചമുള്ളിടത്തെക്ക് ഏതു പ്രാണിയും വരും."

പക്ഷെ ഒരു പ്രാണിയും ആ വെളിച്ചത്തിലേക്ക് എത്തിയില്ല .കുട്ടിയാകട്ടെ തല കുടഞ്ഞു നിലവിളി
ഉച്ചത്തിലാക്കി .

"വരൂ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോകാം" എന്ന് പറഞ്ഞു വിനായകന്‍ മാഷ്‌   ഓട്ടോ വിളിച്ചു
.അഞ്ജു വുമായി രണ്ടു ടീച്ചര്‍മാര്‍ കൂടെ കയറി .തൊട്ടടുത്ത പ്രാഥമികആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചു.

"ഹേയ്..ചെവിക്കുള്ളില്‍ ഒരു പ്രാണിയും കയറിയിട്ടില്ല .പക്ഷെ ആകെ പഴുത്തിരിക്കുകയാണ് !
ചൊറിച്ചിലും വേദനയും കൊണ്ട് കുട്ടിക്ക് വെറുതെ തോന്നിയതാണ് ."

ഡോക്ടര്‍ കുറിച്ചു തന്ന മരുന്നുകളും വാങ്ങി നേരെ അഞ്ജുവിന്റെ വീട്ടില്‍ കൊണ്ടുവിടാമെന്ന്  തീരുമാനിച്ചു .കുട്ടി പറഞ്ഞ വഴിയിലൂടെ ഓട്ടോ യാത്രയായി .പിന്നെ ഓട്ടോയുടെ വഴി അടഞ്ഞപ്പോള്‍ അവര്‍  കാല്‍നടയായി .ഇടവഴി നൂല്‍വഴി താണ്ടി നടന്നു .ഇടയ്ക്ക് മാഷ്‌ ഓര്‍മിച്ചു .നല്ല
ഓമനത്തമുള്ള മുഖമാണിവള്‍ക്ക് ..നേരാം വണ്ണം കുളിപ്പിച്ച് ഒരുക്കി വിട്ടാല്‍ നല്ല ഐശ്വര്യം ..
ഈ രക്ഷിതാക്കല്‍ക്കെന്താ ഇങ്ങനെ തോന്നാത്തത് !

മുന്നില്‍ ഷീറ്റ് പൊളിഞ്ഞു പന്നിക്കൂട് പോലുള്ള വീട് തെളിഞ്ഞു .

"അമ്മേ" എന്ന് വിളിച്ചു അഞ്ജു അവരെ അകത്തേക്ക്   ക്ഷണിച്ചു . ഉള്ളില്‍ കീറപ്പായില്‍ നനഞ്ഞ
തിണ്ണയില്‍ കുന്തിച്ചിരിക്കുകയാണ് അവളുടെ അമ്മ !

"അമ്മേട മനസിന്‌ സൂക്കേടാ .."

"അപ്പോള്‍ അച്ഛന്‍ ?"

"രാത്രി വരും ..കുടിച്ചിട്ട് അമ്മേന തല്ലും ..എന്നെ വഴക്ക് പറയും "

തിരിച്ചു പോകാനാവാതെ അവര്‍ , മൂന്നു അധ്യാപകര്‍ കുഴഞ്ഞു നിന്നു .മാഷിന്റെയുള്ളില്‍ ആത്മനിന്ദയും സങ്കടവും നിറഞ്ഞു .'ഈശ്വരാ എത്ര സുരക്ഷിതമായ താവളങ്ങളിലിരുന്നാണ്  ഞങ്ങള്‍ അധ്യാപകര്‍ ഈ കുട്ടികളെ  ശാസിക്കുന്നത് !     ശിക്ഷിക്കുന്നത് !!            വിമര്‍ശിക്കുന്നത് !!! ..
ഓട്ടോ റിക്ഷയില്‍ കയറുമ്പോള്‍   സൌമിനിടീച്ചര്‍ കണ്ണുകള്‍ ഒപ്പുന്നുണ്ടായിരുന്നു ..
---------------------------------------------------------------------------------------------------------------------

കോടംതുരുത്ത് വി വി ഹൈസ്കൂളിലെ അധ്യാപകനും പത്രപ്രവര്‍ത്തകനും ആയ  ആത്മ  സുഹൃത്ത് ശ്രീ .പി.എസ്. വിനായകനു നേരിട്ട അനുഭവം ആണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  ചോക്കുപൊടി എന്ന പംക്തിയില്‍ അദ്ദേഹം ഈ സംഭവം കുറിച്ചിട്ടുണ്ട് .ചിത്രം :ഗൂഗിളില്‍ നിന്ന് .

2011, ജനുവരി 19, ബുധനാഴ്‌ച

"ജോലി ഗള്‍ഫിലാണോ ?? അയ്യേ ! വിട്ടുകള ..!!"

വധിക്കു നാട്ടില്‍ ചെന്നപ്പോള്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ചേര്‍ത്തല ചേന്നം പള്ളിപ്പുറത്തുള്ള പെങ്ങളുടെവീട്ടിലും പോയിരുന്നു ഞാന്‍ .അവിടെ അളിയന്റെ അയല്‍വാസിയായ കുഞ്ഞപ്പന്റെ മകള്‍ രജനിക്ക്
തകൃതിയായി കല്യാണം ആലോചന നടക്കുന്നു.
വലിയ പഠിപ്പോ ഭര്‍ത്താവിന്റെ വീട്ടിലേക്കു സ്ത്രീ ധനമായി  കൊണ്ട് പോകാന്‍ തരക്കേടില്ലാത്ത വഹയോ  പാങ്ങോ ഇല്ലാത്തവളാണ് രജനി. ഇനി ആരെങ്കിലും പ്രേമിച്ചു പണ്ടാരടങ്ങി കഴുത്തേല്‍ തൂങ്ങി പോകാന്‍ തക്കവണ്ണം    കാണാന്‍  അത്ര സുന്ദരിയോ സുനന്ദ പുഷ്കറോ  ആണോ അവള്?!!     അതും അല്ല !
മോന്തായത്തിലോട്ടു നോക്കിയാല്‍ തന്നെ പട്ടിക്കു  പോലും വെള്ളം കുടിക്കാന്‍ തോന്നില്ല .അത്രയ്ക്കുണ്ട് വദന കാന്തി !
 എന്നിട്ടും ഒരു ഗള്‍ഫു കാരന്റെ ആലോചന നിഷ്കരുണം തട്ടി തെറിപ്പിച്ഛത്രേ ആ അഹങ്കാരി!!!
" ഗള്‍ഫുകാരന് എന്താ അത്രയ്ക്ക്‌  വിലകെട്ടവനായി പോയോ ദൈവമേ ! " ഞാന്‍ അറിയാതെ ചോദിച്ചു പോയി ..
അവനെ‍കൊത്തി കൊണ്ട് പോകാന്‍ നൂറു പെണ്ണുങ്ങള്‍ വേറെ വരും , പോടീ പുല്ലേ "എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു .
എന്‍റെ ഭാര്യയോടു തെല്ലു നീരസത്തില്‍ ഈ  സംഭവം
സൂചിപ്പിച്ചപ്പോള്‍ "എല്ലാവര്ക്കും എന്നെ പോലെ അബദ്ധം പറ്റുമോ ?"എന്നായിരുന്നു "നല്ല പകുതിയുടെ" നിര്‍ദാക്ഷിണ്യം ഉള്ള മറുപടി !(വെറുതെ ഇവറ്റകളെ പുകഴ്ത്തുന്നതാണ്, അവസരം വരുമ്പോള്‍ തിരിഞ്ഞു കൊത്തും )
ഇന്ന് നമമുടെ ബാച്ചിലര്‍ ബ്ലോഗര്‍ വിമല്‍ ഗായത്രിയുടെ(ധിം തരികിടതോം ) പുതിയ ബ്ലോഗ്‌ വായിച്ചപ്പോലും ഗള്‍ഫു കാരനെ കെട്ടാന്‍ ആര്‍ക്കും താല്പര്യമില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയും  ഈ പോസ്റ്റ് എഴുതാന്‍ പ്രേരണയായി .
രജനിയുടെ പിതാമഹന്‍  കുഞ്ഞപ്പന്‍ തൂമ്പാ പണിക്കാരനാണ് .അവിടെയും ഇവിടെയും കൊത്തിക്കിളച്ചു ഉച്ച കേറുമ്പോള്‍ തന്നെ രൂഭാ 350 കയ്യില്‍ കിട്ടും . ഒന്നേ ഉള്ളെങ്കിലും പെണ്ണൊരുത്തി പുര നിറഞ്ഞു വീട്ടില്‍ നിന്നാല്‍
മാതാ പിതാക്കള്‍ക്ക്  ആധിയാണ് ..അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ ചാടും എന്ന പേടികൊണ്ടോന്നുമല്ല !  അരിക്കും പച്ചക്കറിക്കുമൊക്കെ   ഇപ്പോള്‍ എന്താ വില !! കാഴ്ചയില്‍ സ്ലിം ബ്യുട്ടി ആണെങ്കിലും ഒന്നൊന്നര ഇടങ്ങഴി അരിയുടെ ചോറ് പോകുന്ന വഴിയറിയില്ല..അത് കൊണ്ടാ !!
കല്യാണ പ്രായമായാല്‍ പെണ്‍കുട്ടികളെ എങ്ങനെയും ആരുടെയെങ്കിലും പിടലിക്ക് കെട്ടി വയ്ക്കാന്‍  മാതാ പിതാക്കള്‍ പാട് പെടുന്ന ഇക്കാലത്ത്  രജനിയുടെ വീട്ടുകാരുടെ നിലപാടാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത് .  ഗള്‍ഫ്‌ ആലോചന കേട്ട പാടെ അത് വേണ്ട എന്ന് പറഞ്ഞത്രേ അവരും !! ഇവര്‍ക്കൊക്കെ എന്തിന്റെ കേടാണോ ആവോ ?
"അഹങ്കാരം തന്നെ .!!! "  
ഞാന്‍ ഉറപ്പിച്ചു .
 പണ്ടൊക്കെ കെട്ടു താലി വിറ്റോ കുടുംബം പണയപ്പെടുത്തിയോ ആയാലും അക്കരെ കടക്കുന്നവരെ   തേടി, വിവാഹ ആലോചനകളുടെ പ്രവാഹം ആയിരുന്നു. ഗള്‍ഫില്‍ എത്തി പ്പെട്ടതിനു ശേഷം  അവര്‍ നേടിയ സൌഭാഗ്യങ്ങളുടെ സ്ഥിതി വിവര കണക്കുകള്‍ നിരത്തി നാട് മുഴുവന്‍  കല്യാണ ബ്രോക്കര്‍മാരും ഉണ്ടായിരുന്നു. അക്കൂട്ടരുടെ പൊടി പോലുമില്ല ഇന്ന് കണ്ടു പിടിക്കാന്‍ !!
.ഉള്ളവരോട് ഗള്‍ഫ് ചെക്കന് പെണ്ണ് അന്വേഷിക്കാന്‍ പറഞ്ഞാല്‍ : "ആട്ടെ..ഒത്താല്‍ അറിയിക്കാം "എന്ന ഉദാസീനമായ മറു  പടി റെഡി .
ഗള്‍ഫുകാരന്‍ പുതിയ സാഹചര്യങ്ങളില്‍ ഓട്ട കാലണയായെന്നാണ് അനുഭവ പാഠം.
അവധിക്കു നാട്ടില്‍ ചെന്നു ചാനല്‍ സ്പ്രേയും അടിച്ചു ചാര്‍ളി ചാപ്ലിനെ പോലെ പാന്റും കോട്ടും തിരുകികേറ്റി പോലീസ് ഗ്ലാസ്സും വച്ചു പച്ചക്കറി വാങ്ങാന്‍ ചെന്ന നമമുടെ ബ്ലോഗര്‍ സുഹൃത്ത് ഹാഷിക്കിനെ (നാടന്‍ കാഴ്ചകള്‍ ) കടക്കാരന്‍
ഓടിച്ചു വിട്ടത് ഈയിടെ യാണ്.
ലക്ഷങ്ങള്‍ മുടക്കി ഗള്‍ഫിലെത്തുന്നവര്‍ ലക്‌ഷ്യം കാണാതെ കണ്ണീരും കയ്യുമായി മടങ്ങുന്നു. അതിലേറെ മരുഭൂമികളിലെ ഞെട്ടിപ്പിക്കുന്ന, ദുരന്ത പൂര്‍ണമായ  ജീവിതസാഹചര്യങ്ങള്‍!.
പഴയത് പോലെ തൊഴില്‍ അവസരങ്ങളോ മെച്ചപ്പെട്ട വേതനമോ ഇല്ലാതെ  തിരിച്ചു പോരുന്ന വരുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു .
ലോകമാസകലം ഇരമ്പിയടിച്ച 'സാമ്പത്തിക മാന്ദ്യം "എന്ന  സുനാമിയില്‍ അമേരിക്ക പോലും അടിതെറ്റിയില്ലേ ?! പിന്നെ   അമേരിക്കന്‍ സാമ്പത്തിക ശൈലിയെ പ്രേമിക്കുന്ന ഗള്‍ഫിന്റെ കാര്യം പറയാനുണ്ടോ  ? ..സാമ്പത്തീക  മാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നു പൂര്‍ണമായും കര കയറാന്‍ വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല .

ഗള്‍ഫില്‍ ഭാഗ്യം തേടി വന്നിട്ടുള്ള കേരളീയര്‍ ഉള്‍പ്പെടെയുള്ള വിദേശികളില്‍ 90 % പേരും വിസയ്ക്കും മറ്റുമായി വന്‍തുക നല്‍കിയാണ്‌ വാഗ്ദത്ത ഭൂമികളില്‍ എത്തിയിട്ടുള്ളത്. നിര്‍മാണ മേഖലകളിലും മറ്റു സാധാരണ ജോലികളിലും ഏര്‍പ്പെടുന്ന ഭൂരിപക്ഷം പേര്‍ക്കും ഇന്നത്തെ ഗള്‍ഫ് സാഹചര്യത്തില്‍ ഈ തുക തിരിച്ചു പിടിക്കണം എങ്കില്‍ കുറഞ്ഞത്‌ മൂന്നോ  നാലോ  വര്‍ഷങ്ങള്‍ വേണ്ടി വരും. പക്ഷെ ഈ സത്യങ്ങള്‍ തിരിച്ചറിയാതെ അനുഭവസ്ഥരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാതെ വീണ്ടും ആയിരങ്ങളാണ് നാട്ടിലെ "എന്തിനും പോന്ന സ്വാതന്ത്ര്യവും", തൊട്ടാല്‍ പണം കായ്ക്കുന്ന കൈത്തൊഴിലുകളും വലിച്ചെറിഞ്ഞു ഗള്‍ഫു മണ്ണില്‍ ഭാഗ്യം തേടി വരുന്നത് . !!!ഇവിടെ വന്നിറങ്ങുന്ന ദിനം തന്നെ  തൊഴില്‍ നഷ്ടപ്പെട്ട് മറ്റനേകം    ആയിരങ്ങള്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് വിമാനം
 കയറുന്നതൊന്നും പുതിയ ഇരകള്‍ അറിയുന്നേ  ഇല്ല !.
 കേരളത്തിലും മറ്റും ഉയര്‍ന്നു വന്നിട്ടുള്ള വന്‍ തൊഴില്‍ സാധ്യതകളും കുത്തനെ ഉയര്‍ന്ന കൂലിയും  എല്ലാം  പ്രയോജനപ്പെടുത്താന്‍  ‍മലയാളിക്കു  കഴിയുന്നില്ല .
നിര്‍മാണമേഖലയില്‍ ,കൃഷി പണികള്‍ക്ക്,എന്തിനു സ്വന്തം വീടിന്റെ
മുറ്റം അടിച്ചു വൃത്തിയാക്കാന്‍ കൂടി കൂലിക്കാരെ തെരയുന്ന നാടായി മാറി നമമുടെ കേരളം .ഇലക്ട്രിക്കല്‍ എന്ജിനിയരുടെ വീട്ടില്‍ പൊട്ടിപ്പോയ ഫ്യൂസ് കെട്ടാന്‍ കൂടി പുറത്തു നിന്നു ജോലിക്കാരെ തേടുന്ന അവസ്ഥ !
.ടൂറിസവും മറ്റും   വികസിച്ചതോടെ സേവന രംഗത്തും ,സാങ്കേതിക രംഗത്തുമൊക്കെ   കേരളം മനുഷ്യ വിഭവ ശേഷിയുടെ
ക്ഷാമം   അനുഭവിക്കുകയാണ് .!!
കേരളത്തെ പണം കുഴിച്ചെടുക്കുന്ന പുതിയ ഗള്‍ഫായി തമിഴന്‍മാര്‍ പണ്ടേ കണ്ടെത്തിയതാണ്.മലയാളിയുടെ എച്ചില്‍ പാത്രം കഴുകിയും , വിയര്‍പ്പു നാറുന്ന തുണികള്‍ അലക്കി തേച്ചും ,നമമുടെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും കോരി നീക്കിയും ,മുറ്റവും വീടും അടിച്ചു തുടച്ചും തമിഴന്മാര്‍ പണമുണ്ടാക്കി അന്തസ്സായി ജീവിക്കുന്നു.
ആഴ്ചതോറും നാട്ടില്‍ പോയി പോണ്ടാട്ടിയ്ക്കും പശംകള്‍ക്കും  ഒപ്പം ഇരുന്നു തൈര് സാദവും പൊങ്കലും മീന്‍ കൊളംബും ഒക്കെ സാപ്പിട്ട് അവര്‍  പടുത്തും പെടുത്തും  ,സായുജ്യം അടയുന്നു!!
കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാടന്‍ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവുമായി  ഓടി വരുന്ന  ടീ ഗാര്‍ഡനില് വന്നിറങ്ങി ‍(കോയമ്പത്തൂര്‍ ,പാലക്കാടു ചുറ്റി  അതിരാവിലെ എത്തുന്ന ട്രെയിന്‍) ദിനേന  കൊച്ചിയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള മലയാളി മങ്കമാരെ പൂ ചൂടിച്ചു മടങ്ങുന്ന കറുത്ത തമിഴത്തികളുടെ  മടിത്തുമ്പിലും കാണും കുറഞ്ഞത്‌ ആയിരം രൂപയെങ്കിലും!!
 കുളിച്ചില്ലെങ്കിലും    എന്താ അവരുടെ മടിശീലകളില്‍ നിന്ന്  കേരളം വെറുതെയിരുന്നു പൊടിച്ചു  കളയുന്ന ഉറുപ്പികയുടെ മണിക്കിലുക്കം  ഉയരുന്നില്ലേ ?
നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ വിലക്കയറ്റം പെരുകി ..പച്ചക്കറിക്കും അരിക്കും പലവ്യഞ്ജനത്തിനും ,പാലിനും
എന്തിനു !,തൊടുന്നത്തിനെല്ലാം പൊള്ളുന്ന വില ! വൈകിട്ട് വിശന്നു കുടല്‍ കരിയുമ്പോള്‍ കടയില്‍ നാട്ടില്‍ പുറത്തെ
സുബ്രമ്മണ്യ ഹോട്ടലില്‍ കയറി രണ്ട് പൊറോട്ടയും ഒരു ബീഫ് കറിയും ചായയും കഴിച്ചപ്പോള്‍ ബില്ല് വന്നത് 72 രൂപ .
നാട്ടില്‍ തേരാ പാരാ നടന്ന കാലത്ത് 11 രൂപ 50 പൈസയ്ക്ക് വയര്‍ ഫുള്‍ ആക്കിയ തൊക്കെ പഴം കഥയായി ! തിന്നത് ദഹിക്കാന്‍ വേറെ വല്ല കാരണവും വേണോ ?
അഹങ്കരിക്കുക കേരളമേ ഇനിയും!!! ഇനിയും !!!..ഗള്‍ഫിലെ കൊടും ചൂടില്‍ ഉരുകിയും അറബികളുടെ ആട്ടും തുപ്പും ഏറ്റും കുറെഏറെ പേര്‍ അങ്ങോട്ട്‌ ചുരത്തുന്നുണ്ടല്ലോ ഒന്നിന് പത്തും ,നൂറും ഒക്കെയായി പൊലിക്കുന്ന  റിയാലും ദിര്‍ഹവും ,ദിനാറും ഒക്കെ ..
പാടത്ത് പണിയെടുക്കാനും ,വ്യവസായങ്ങള്‍ നടത്താനും ഇന്ന് കേരളത്തില്‍ ആളെ കിട്ടാനില്ല !!
ഉള്ളവര്‍ പണിയും പണവും തേടി ഗള്‍ഫിലേക്ക് പറക്കുകയാണ് .
നാട്ടില്‍ നില്‍ക്കുന്നവരോ ?  അന്യനെ  പുച്ചിച്ചു  പുലഭ്യം  പറയുകയാണ് അവരുടെ പ്രധാന പൌര ധര്‍മം.
കാല്‍ക്കാശിനു പണിയെടുക്കാതെ   റോഡും ഹൈവേയും അടച്ചു വഴിമുടക്കിയും, പന്തലും മൈക്കും  കെട്ടി ഗീര്‍വാണം അടിച്ചും കവലകളെ പ്രകമ്പനം കൊള്ളിക്കുന്ന തിരക്കിലാണ് വീര  മലയാള പൌരുഷം.!

നമ്മളെ ഊട്ടാനും ഉടുപ്പിക്കാനും  തമിഴന്‍തന്നെ വരണം .ഇഷ്ടിക  കളങ്ങളിലുംഓട്ടുകമ്പനിയിലും ,കരിങ്കല്‍ മടകളിലും ,
റോഡു പണിക്കുംഒക്കെ ബംഗാളികളും ബീഹാറുകാരും വന്നു വിയര്‍പ്പൊഴുക്കണം!  . ഉള്ളത്   അഞ്ചെങ്കില്‍ അഞ്ചു  സെന്റ്‌ ഭൂമിയില്‍ ഒരു വാഴക്കന്നു കുഴിച്ചു വച്ചു അതിന്റെ ചുവട്ടില്‍ മൂത്രം ഒഴിക്കാന്‍ പോലും മലയാളിക്ക് മടിയാണ് !!
മാനക്കേടാണ് !!
പകരം  തമിഴന്റെ പച്ചക്കറിക്കും ആന്ധ്രക്കാരുടെ അരി ലോറിക്കും കാത്തിരിക്കുകയാണ്  സാക്ഷര കേരളം !സൂക്ഷിച്ചോളുക ഇനി മലയാളി ഗള്‍ഫിലെക്കല്ല അറബി കേരളത്തിലെക്കാണ് വരാന്‍ പോകുന്നത്.കേരളം എന്ന പുതിയ ഗള്‍ഫിലേക്ക്!!!