2011, ജനുവരി 19, ബുധനാഴ്‌ച

"ജോലി ഗള്‍ഫിലാണോ ?? അയ്യേ ! വിട്ടുകള ..!!"

വധിക്കു നാട്ടില്‍ ചെന്നപ്പോള്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ചേര്‍ത്തല ചേന്നം പള്ളിപ്പുറത്തുള്ള പെങ്ങളുടെവീട്ടിലും പോയിരുന്നു ഞാന്‍ .അവിടെ അളിയന്റെ അയല്‍വാസിയായ കുഞ്ഞപ്പന്റെ മകള്‍ രജനിക്ക്
തകൃതിയായി കല്യാണം ആലോചന നടക്കുന്നു.
വലിയ പഠിപ്പോ ഭര്‍ത്താവിന്റെ വീട്ടിലേക്കു സ്ത്രീ ധനമായി  കൊണ്ട് പോകാന്‍ തരക്കേടില്ലാത്ത വഹയോ  പാങ്ങോ ഇല്ലാത്തവളാണ് രജനി. ഇനി ആരെങ്കിലും പ്രേമിച്ചു പണ്ടാരടങ്ങി കഴുത്തേല്‍ തൂങ്ങി പോകാന്‍ തക്കവണ്ണം    കാണാന്‍  അത്ര സുന്ദരിയോ സുനന്ദ പുഷ്കറോ  ആണോ അവള്?!!     അതും അല്ല !
മോന്തായത്തിലോട്ടു നോക്കിയാല്‍ തന്നെ പട്ടിക്കു  പോലും വെള്ളം കുടിക്കാന്‍ തോന്നില്ല .അത്രയ്ക്കുണ്ട് വദന കാന്തി !
 എന്നിട്ടും ഒരു ഗള്‍ഫു കാരന്റെ ആലോചന നിഷ്കരുണം തട്ടി തെറിപ്പിച്ഛത്രേ ആ അഹങ്കാരി!!!
" ഗള്‍ഫുകാരന് എന്താ അത്രയ്ക്ക്‌  വിലകെട്ടവനായി പോയോ ദൈവമേ ! " ഞാന്‍ അറിയാതെ ചോദിച്ചു പോയി ..
അവനെ‍കൊത്തി കൊണ്ട് പോകാന്‍ നൂറു പെണ്ണുങ്ങള്‍ വേറെ വരും , പോടീ പുല്ലേ "എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു .
എന്‍റെ ഭാര്യയോടു തെല്ലു നീരസത്തില്‍ ഈ  സംഭവം
സൂചിപ്പിച്ചപ്പോള്‍ "എല്ലാവര്ക്കും എന്നെ പോലെ അബദ്ധം പറ്റുമോ ?"എന്നായിരുന്നു "നല്ല പകുതിയുടെ" നിര്‍ദാക്ഷിണ്യം ഉള്ള മറുപടി !(വെറുതെ ഇവറ്റകളെ പുകഴ്ത്തുന്നതാണ്, അവസരം വരുമ്പോള്‍ തിരിഞ്ഞു കൊത്തും )
ഇന്ന് നമമുടെ ബാച്ചിലര്‍ ബ്ലോഗര്‍ വിമല്‍ ഗായത്രിയുടെ(ധിം തരികിടതോം ) പുതിയ ബ്ലോഗ്‌ വായിച്ചപ്പോലും ഗള്‍ഫു കാരനെ കെട്ടാന്‍ ആര്‍ക്കും താല്പര്യമില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയും  ഈ പോസ്റ്റ് എഴുതാന്‍ പ്രേരണയായി .
രജനിയുടെ പിതാമഹന്‍  കുഞ്ഞപ്പന്‍ തൂമ്പാ പണിക്കാരനാണ് .അവിടെയും ഇവിടെയും കൊത്തിക്കിളച്ചു ഉച്ച കേറുമ്പോള്‍ തന്നെ രൂഭാ 350 കയ്യില്‍ കിട്ടും . ഒന്നേ ഉള്ളെങ്കിലും പെണ്ണൊരുത്തി പുര നിറഞ്ഞു വീട്ടില്‍ നിന്നാല്‍
മാതാ പിതാക്കള്‍ക്ക്  ആധിയാണ് ..അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ ചാടും എന്ന പേടികൊണ്ടോന്നുമല്ല !  അരിക്കും പച്ചക്കറിക്കുമൊക്കെ   ഇപ്പോള്‍ എന്താ വില !! കാഴ്ചയില്‍ സ്ലിം ബ്യുട്ടി ആണെങ്കിലും ഒന്നൊന്നര ഇടങ്ങഴി അരിയുടെ ചോറ് പോകുന്ന വഴിയറിയില്ല..അത് കൊണ്ടാ !!
കല്യാണ പ്രായമായാല്‍ പെണ്‍കുട്ടികളെ എങ്ങനെയും ആരുടെയെങ്കിലും പിടലിക്ക് കെട്ടി വയ്ക്കാന്‍  മാതാ പിതാക്കള്‍ പാട് പെടുന്ന ഇക്കാലത്ത്  രജനിയുടെ വീട്ടുകാരുടെ നിലപാടാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത് .  ഗള്‍ഫ്‌ ആലോചന കേട്ട പാടെ അത് വേണ്ട എന്ന് പറഞ്ഞത്രേ അവരും !! ഇവര്‍ക്കൊക്കെ എന്തിന്റെ കേടാണോ ആവോ ?
"അഹങ്കാരം തന്നെ .!!! "  
ഞാന്‍ ഉറപ്പിച്ചു .
 പണ്ടൊക്കെ കെട്ടു താലി വിറ്റോ കുടുംബം പണയപ്പെടുത്തിയോ ആയാലും അക്കരെ കടക്കുന്നവരെ   തേടി, വിവാഹ ആലോചനകളുടെ പ്രവാഹം ആയിരുന്നു. ഗള്‍ഫില്‍ എത്തി പ്പെട്ടതിനു ശേഷം  അവര്‍ നേടിയ സൌഭാഗ്യങ്ങളുടെ സ്ഥിതി വിവര കണക്കുകള്‍ നിരത്തി നാട് മുഴുവന്‍  കല്യാണ ബ്രോക്കര്‍മാരും ഉണ്ടായിരുന്നു. അക്കൂട്ടരുടെ പൊടി പോലുമില്ല ഇന്ന് കണ്ടു പിടിക്കാന്‍ !!
.ഉള്ളവരോട് ഗള്‍ഫ് ചെക്കന് പെണ്ണ് അന്വേഷിക്കാന്‍ പറഞ്ഞാല്‍ : "ആട്ടെ..ഒത്താല്‍ അറിയിക്കാം "എന്ന ഉദാസീനമായ മറു  പടി റെഡി .
ഗള്‍ഫുകാരന്‍ പുതിയ സാഹചര്യങ്ങളില്‍ ഓട്ട കാലണയായെന്നാണ് അനുഭവ പാഠം.
അവധിക്കു നാട്ടില്‍ ചെന്നു ചാനല്‍ സ്പ്രേയും അടിച്ചു ചാര്‍ളി ചാപ്ലിനെ പോലെ പാന്റും കോട്ടും തിരുകികേറ്റി പോലീസ് ഗ്ലാസ്സും വച്ചു പച്ചക്കറി വാങ്ങാന്‍ ചെന്ന നമമുടെ ബ്ലോഗര്‍ സുഹൃത്ത് ഹാഷിക്കിനെ (നാടന്‍ കാഴ്ചകള്‍ ) കടക്കാരന്‍
ഓടിച്ചു വിട്ടത് ഈയിടെ യാണ്.
ലക്ഷങ്ങള്‍ മുടക്കി ഗള്‍ഫിലെത്തുന്നവര്‍ ലക്‌ഷ്യം കാണാതെ കണ്ണീരും കയ്യുമായി മടങ്ങുന്നു. അതിലേറെ മരുഭൂമികളിലെ ഞെട്ടിപ്പിക്കുന്ന, ദുരന്ത പൂര്‍ണമായ  ജീവിതസാഹചര്യങ്ങള്‍!.
പഴയത് പോലെ തൊഴില്‍ അവസരങ്ങളോ മെച്ചപ്പെട്ട വേതനമോ ഇല്ലാതെ  തിരിച്ചു പോരുന്ന വരുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു .
ലോകമാസകലം ഇരമ്പിയടിച്ച 'സാമ്പത്തിക മാന്ദ്യം "എന്ന  സുനാമിയില്‍ അമേരിക്ക പോലും അടിതെറ്റിയില്ലേ ?! പിന്നെ   അമേരിക്കന്‍ സാമ്പത്തിക ശൈലിയെ പ്രേമിക്കുന്ന ഗള്‍ഫിന്റെ കാര്യം പറയാനുണ്ടോ  ? ..സാമ്പത്തീക  മാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നു പൂര്‍ണമായും കര കയറാന്‍ വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല .

ഗള്‍ഫില്‍ ഭാഗ്യം തേടി വന്നിട്ടുള്ള കേരളീയര്‍ ഉള്‍പ്പെടെയുള്ള വിദേശികളില്‍ 90 % പേരും വിസയ്ക്കും മറ്റുമായി വന്‍തുക നല്‍കിയാണ്‌ വാഗ്ദത്ത ഭൂമികളില്‍ എത്തിയിട്ടുള്ളത്. നിര്‍മാണ മേഖലകളിലും മറ്റു സാധാരണ ജോലികളിലും ഏര്‍പ്പെടുന്ന ഭൂരിപക്ഷം പേര്‍ക്കും ഇന്നത്തെ ഗള്‍ഫ് സാഹചര്യത്തില്‍ ഈ തുക തിരിച്ചു പിടിക്കണം എങ്കില്‍ കുറഞ്ഞത്‌ മൂന്നോ  നാലോ  വര്‍ഷങ്ങള്‍ വേണ്ടി വരും. പക്ഷെ ഈ സത്യങ്ങള്‍ തിരിച്ചറിയാതെ അനുഭവസ്ഥരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാതെ വീണ്ടും ആയിരങ്ങളാണ് നാട്ടിലെ "എന്തിനും പോന്ന സ്വാതന്ത്ര്യവും", തൊട്ടാല്‍ പണം കായ്ക്കുന്ന കൈത്തൊഴിലുകളും വലിച്ചെറിഞ്ഞു ഗള്‍ഫു മണ്ണില്‍ ഭാഗ്യം തേടി വരുന്നത് . !!!ഇവിടെ വന്നിറങ്ങുന്ന ദിനം തന്നെ  തൊഴില്‍ നഷ്ടപ്പെട്ട് മറ്റനേകം    ആയിരങ്ങള്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് വിമാനം
 കയറുന്നതൊന്നും പുതിയ ഇരകള്‍ അറിയുന്നേ  ഇല്ല !.
 കേരളത്തിലും മറ്റും ഉയര്‍ന്നു വന്നിട്ടുള്ള വന്‍ തൊഴില്‍ സാധ്യതകളും കുത്തനെ ഉയര്‍ന്ന കൂലിയും  എല്ലാം  പ്രയോജനപ്പെടുത്താന്‍  ‍മലയാളിക്കു  കഴിയുന്നില്ല .
നിര്‍മാണമേഖലയില്‍ ,കൃഷി പണികള്‍ക്ക്,എന്തിനു സ്വന്തം വീടിന്റെ
മുറ്റം അടിച്ചു വൃത്തിയാക്കാന്‍ കൂടി കൂലിക്കാരെ തെരയുന്ന നാടായി മാറി നമമുടെ കേരളം .ഇലക്ട്രിക്കല്‍ എന്ജിനിയരുടെ വീട്ടില്‍ പൊട്ടിപ്പോയ ഫ്യൂസ് കെട്ടാന്‍ കൂടി പുറത്തു നിന്നു ജോലിക്കാരെ തേടുന്ന അവസ്ഥ !
.ടൂറിസവും മറ്റും   വികസിച്ചതോടെ സേവന രംഗത്തും ,സാങ്കേതിക രംഗത്തുമൊക്കെ   കേരളം മനുഷ്യ വിഭവ ശേഷിയുടെ
ക്ഷാമം   അനുഭവിക്കുകയാണ് .!!
കേരളത്തെ പണം കുഴിച്ചെടുക്കുന്ന പുതിയ ഗള്‍ഫായി തമിഴന്‍മാര്‍ പണ്ടേ കണ്ടെത്തിയതാണ്.മലയാളിയുടെ എച്ചില്‍ പാത്രം കഴുകിയും , വിയര്‍പ്പു നാറുന്ന തുണികള്‍ അലക്കി തേച്ചും ,നമമുടെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും കോരി നീക്കിയും ,മുറ്റവും വീടും അടിച്ചു തുടച്ചും തമിഴന്മാര്‍ പണമുണ്ടാക്കി അന്തസ്സായി ജീവിക്കുന്നു.
ആഴ്ചതോറും നാട്ടില്‍ പോയി പോണ്ടാട്ടിയ്ക്കും പശംകള്‍ക്കും  ഒപ്പം ഇരുന്നു തൈര് സാദവും പൊങ്കലും മീന്‍ കൊളംബും ഒക്കെ സാപ്പിട്ട് അവര്‍  പടുത്തും പെടുത്തും  ,സായുജ്യം അടയുന്നു!!
കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാടന്‍ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവുമായി  ഓടി വരുന്ന  ടീ ഗാര്‍ഡനില് വന്നിറങ്ങി ‍(കോയമ്പത്തൂര്‍ ,പാലക്കാടു ചുറ്റി  അതിരാവിലെ എത്തുന്ന ട്രെയിന്‍) ദിനേന  കൊച്ചിയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള മലയാളി മങ്കമാരെ പൂ ചൂടിച്ചു മടങ്ങുന്ന കറുത്ത തമിഴത്തികളുടെ  മടിത്തുമ്പിലും കാണും കുറഞ്ഞത്‌ ആയിരം രൂപയെങ്കിലും!!
 കുളിച്ചില്ലെങ്കിലും    എന്താ അവരുടെ മടിശീലകളില്‍ നിന്ന്  കേരളം വെറുതെയിരുന്നു പൊടിച്ചു  കളയുന്ന ഉറുപ്പികയുടെ മണിക്കിലുക്കം  ഉയരുന്നില്ലേ ?
നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ വിലക്കയറ്റം പെരുകി ..പച്ചക്കറിക്കും അരിക്കും പലവ്യഞ്ജനത്തിനും ,പാലിനും
എന്തിനു !,തൊടുന്നത്തിനെല്ലാം പൊള്ളുന്ന വില ! വൈകിട്ട് വിശന്നു കുടല്‍ കരിയുമ്പോള്‍ കടയില്‍ നാട്ടില്‍ പുറത്തെ
സുബ്രമ്മണ്യ ഹോട്ടലില്‍ കയറി രണ്ട് പൊറോട്ടയും ഒരു ബീഫ് കറിയും ചായയും കഴിച്ചപ്പോള്‍ ബില്ല് വന്നത് 72 രൂപ .
നാട്ടില്‍ തേരാ പാരാ നടന്ന കാലത്ത് 11 രൂപ 50 പൈസയ്ക്ക് വയര്‍ ഫുള്‍ ആക്കിയ തൊക്കെ പഴം കഥയായി ! തിന്നത് ദഹിക്കാന്‍ വേറെ വല്ല കാരണവും വേണോ ?
അഹങ്കരിക്കുക കേരളമേ ഇനിയും!!! ഇനിയും !!!..ഗള്‍ഫിലെ കൊടും ചൂടില്‍ ഉരുകിയും അറബികളുടെ ആട്ടും തുപ്പും ഏറ്റും കുറെഏറെ പേര്‍ അങ്ങോട്ട്‌ ചുരത്തുന്നുണ്ടല്ലോ ഒന്നിന് പത്തും ,നൂറും ഒക്കെയായി പൊലിക്കുന്ന  റിയാലും ദിര്‍ഹവും ,ദിനാറും ഒക്കെ ..
പാടത്ത് പണിയെടുക്കാനും ,വ്യവസായങ്ങള്‍ നടത്താനും ഇന്ന് കേരളത്തില്‍ ആളെ കിട്ടാനില്ല !!
ഉള്ളവര്‍ പണിയും പണവും തേടി ഗള്‍ഫിലേക്ക് പറക്കുകയാണ് .
നാട്ടില്‍ നില്‍ക്കുന്നവരോ ?  അന്യനെ  പുച്ചിച്ചു  പുലഭ്യം  പറയുകയാണ് അവരുടെ പ്രധാന പൌര ധര്‍മം.
കാല്‍ക്കാശിനു പണിയെടുക്കാതെ   റോഡും ഹൈവേയും അടച്ചു വഴിമുടക്കിയും, പന്തലും മൈക്കും  കെട്ടി ഗീര്‍വാണം അടിച്ചും കവലകളെ പ്രകമ്പനം കൊള്ളിക്കുന്ന തിരക്കിലാണ് വീര  മലയാള പൌരുഷം.!

നമ്മളെ ഊട്ടാനും ഉടുപ്പിക്കാനും  തമിഴന്‍തന്നെ വരണം .ഇഷ്ടിക  കളങ്ങളിലുംഓട്ടുകമ്പനിയിലും ,കരിങ്കല്‍ മടകളിലും ,
റോഡു പണിക്കുംഒക്കെ ബംഗാളികളും ബീഹാറുകാരും വന്നു വിയര്‍പ്പൊഴുക്കണം!  . ഉള്ളത്   അഞ്ചെങ്കില്‍ അഞ്ചു  സെന്റ്‌ ഭൂമിയില്‍ ഒരു വാഴക്കന്നു കുഴിച്ചു വച്ചു അതിന്റെ ചുവട്ടില്‍ മൂത്രം ഒഴിക്കാന്‍ പോലും മലയാളിക്ക് മടിയാണ് !!
മാനക്കേടാണ് !!
പകരം  തമിഴന്റെ പച്ചക്കറിക്കും ആന്ധ്രക്കാരുടെ അരി ലോറിക്കും കാത്തിരിക്കുകയാണ്  സാക്ഷര കേരളം !സൂക്ഷിച്ചോളുക ഇനി മലയാളി ഗള്‍ഫിലെക്കല്ല അറബി കേരളത്തിലെക്കാണ് വരാന്‍ പോകുന്നത്.കേരളം എന്ന പുതിയ ഗള്‍ഫിലേക്ക്!!!

106 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Villagemaan പറഞ്ഞു...

നേരത്തെ പെണ്ണ് കിട്ടിയത് എത്ര നന്നായി !

നാമൂസ് പറഞ്ഞു...

നമ്മുടെ വയലുകളില്‍ പണിയെടുക്കാനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലല്ലേ നാമിപ്പോഴുള്ളത്..!!

അധികം താമസിയാതെ തന്നെ പി എസ് സിയുടെ പരസ്യം കാണാം പത്രത്തില്‍. "കൃഷി തൊഴിലാളികളുടെ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു" എന്ന തലക്കെട്ടില്‍.

നാം 'മലയാളികള്‍'വിഷം വാങ്ങി കഴിച്ചാലും അധ്വാനിക്കാന്‍ തയ്യാറില്ല.

ഒരു കല്യാണത്തിലൂടെ ഒരു സമരത്തെയാണല്ലോ കൂട്ടുകാരന്‍ ആവിഷ്കരിച്ചിരിക്കുന്നത്..?

മുല്ല പറഞ്ഞു...

ഓ...അപ്പോ തിരിച്ചെത്തി.ഇനി ബൂലോഗം ഉഷാറായ്ക്കോളും.
രമേശ് ജീ എന്തു ചെയ്യാനാ..എല്ലാവര്‍ക്കും വൈറ്റ് കോളര്‍ ജോലി മതി.കേരളത്തിലിപ്പോ ബി.ടെക്ക് കാരെ തട്ടീട്ട് നടക്കാന്‍ പറ്റില്ല.അല്ലെങ്കി N IFT.അല്ലേല്‍ കമ്പ്യ്യട്ടര്‍.എല്ലാവരും ഇതിന്റെയൊക്കെ പിന്നാലെയാണു. സാദാ ജോലിക്കൊന്നും ആളെ കിട്ടാനില്ല. തമിഴന്‍ പത്ത്മണിക്ക് വന്നു മൂന്നര വരെ തിരിഞ്ഞു കളിച്ചാല്‍ അവനും കൊടുക്കണം 375 രൂപയും ശാപ്പാടും.തെങ്ങ് കേറാന്‍ ആളെ നോക്കെ വേണ്ട. വിളിച്ചാല്‍ അവന്‍ മൊബൈല്‍ എടുക്കില്ല.അല്‍പ്പം സ്കില്‍ വേണ്ട ആശാരിപ്പണിക്കൊന്നും ആളെ കിട്ടാനേയില്ല.
പിന്നെ വിലക്കയറ്റം,എന്തു പറയാനാണു,എങ്ങനെ ജീവിച്ചു പോകുമെന്നു ഒരു പിടിപാടുമില്ല.
പിന്നെ പച്ചക്കറി വിത്തിനൊക്കെ ഇപ്പൊ നല്ല ചിലവാത്രെ.അത്രയും നല്ലത്.
ആശംസകള്‍ രമേശ്ജീ..

ഹാഷിക്ക് പറഞ്ഞു...

പണ്ടാരടങ്ങനായിട്ട് ഞാന്‍ എന്റെ പോസ്റ്റ് നീതിസ്റ്റോര്‍ ഡിലീറ്റ്‌ ചെയ്യാന്‍ പോകുകാ..
നാണം കേട്ട് പൊയ്..ഞാന്‍ അവിടേം ഇവിടേം ഒക്കെ ഒന്ന് തോണ്ടി വിട്ടെങ്കില്‍ രെമേഷേട്ടന്‍ വളരെ ഭംഗിയായി , വിശദമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
നാട്ടിലുള്ളവന്‍ അഞ്ഞൂറും അരുനൂറും കൂലി വാങ്ങുന്നേല്‍ അവനെ പറഞ്ഞിട്ട് കാര്യമില്ല.ഒരു നേരം അന്തസായിട്ടു പട്ടിണി കിടക്കണേല്‍ നാട്ടില്‍ രൂപ 500 വേണം.വില വെറുതെ കയറുവല്ലല്ലോ? നമ്മുടെ മെക്കിട്ടു കേറുകല്ലേ?
പിന്നെ ആ പെണ്ണ്...അവള് അവിടെ നിന്ന് മൂത്തു നരച്ചു പോട്ടെ. പുര നിറഞ്ഞു നിറഞ്ഞു ഉത്തരത്തില്‍ മുട്ടുമ്പോള്‍ ആ തന്ത വേണേല്‍ അത് പൊളിച്ചു കെട്ടിക്കോളും...!!!
രെമേശേട്ടാ സംഗതി ചെമ്പായിട്ടുണ്ട്...അവധിക്കാല വിശേഷം ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വന്നു.....

zephyr zia പറഞ്ഞു...

അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്നവരെന്താ സ്വന്തം നാട്ടില്‍ മടിയന്മാരാവുന്നത്???

Shukoor പറഞ്ഞു...

എന്ത് ചെയ്യാം. ഒരു മടങ്ങിപ്പോക്ക് ചിന്തിക്കാന്‍ വയ്യാതായിരിക്കുന്നു. വളരെ നല്ല ചിന്ത.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

എന്നിട്ടും നമുക്ക് തിരിച്ചറിവുകള്‍ ഉണ്ടാവുന്നില്ല.
നാട്ടില്‍ കൂലിപ്പണി ചെയ്യാന്‍ നാണമുള്ള മലയാളി ഇവിടെ വന്നു റോഡു അടിച്ചുതൂവുന്ന ജോലി തുച്ച ശമ്പളത്തിന് മടിക്കാതെ ചെയ്യുന്നു.

നന്നായി എഴുതി
ഭാവുകങ്ങള്‍

ajith പറഞ്ഞു...

ആഹാ, നാട്ടില്‍ പോയി വന്നപ്പോള്‍ ധര്‍മ്മരോഷം വന്നല്ലോ. കേരളമെന്ന് കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍. രമേഷ്, എനിക്കൊരെത്തും പിടിയും കിട്ടാത്ത രഹസ്യമാണ് പലരും 10000 രൂപ ശമ്പളത്തിന് എന്തിനിങ്ങോട്ട് കയറി വരുന്നുവെന്നത്. അറിയാതെ വരുന്നവര്‍ പോട്ടെ, മുന്നറിയിപ്പ് കിട്ടിയിട്ടും വരുന്നവരോ?

താന്തോന്നി/Thanthonni പറഞ്ഞു...

ശരിയാണ് രമേഷ്ജി.ഇപ്പോള്‍ സര്‍ക്കാര്‍ ശമ്പളവും കൂട്ടിയ നിലക്ക് ഗള്‍ഫുകാര്‍ക്ക് തീരെ വില ഇല്ലാതായി.
എന്തായാലും നേരത്തെ പെണ്ണ് കെട്ടിയത് ഭാഗ്യം.

നന്ദു | naNdu | നന്ദു പറഞ്ഞു...

എന്തായാലും ഞാന്‍ ഗള്‍ഫിലേക്കില്ലേ..!!
:D

ente lokam പറഞ്ഞു...

കൊള്ളാം രമേഷ്ജി ...

കൈത്തരിപ്പു തീര്കാനോ നാടുകാരെ കാണിക്കാനോ ഒന്നുമല്ല
കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ വീടിന്റെ മുമ്പിലെ
ഗേറിന് പുറത്തു കുറച്ചു കുറ്റിചെടികളും പുല്ലും ഒക്കെ ഒന്ന് കിളച്ചു വൃത്തി
ആക്കി. ഒരു സന്തോഷം. ഒരു മതിലിന്റെ നീളം.അത്ര അധികം ഒന്നുമില്ല.
സംഭവം സര്‍ക്കാര്‍ റോഡിന്റെ സൈഡ് ആണ്.പിറ്റേ ദിവസം അവിടുത്തെ
പഞ്ചായത്ത് മെമ്പര്‍ എന്നോട് പറഞ്ഞു.ഇതിപ്പോ ഒരു ദിവസത്തെ 250 രൂപ
കൂലി പണിക്കാര്‍ക് ഫ്രീ ആയി കിട്ടി.വേതന സുരക്ഷ പദ്ധതി എന്നോ മറ്റോ ഒരു പേരില്‍ എല്ലാവര്ക്കും എല്ലാ ദിവസവും പണി എന്ന കണക്കില്‍ ഇതൊക്കെ കൊള്ളിച്ചു ആര്‍ക്കു വേണം എങ്കിലും കൂലി കൊടുക്കാം അത്രേ.
അവര് പിറ്റേ ദിവസം ആ വഴിക്ക് വരുന്നുണ്ട്.അപ്പൊ ഞാന്‍ വൃത്തി ആകിയ
ഭാഗം അവരുടെ കണക്കില്‍ കൊള്ളിചോലാം എന്ന് ..ഇത്ര സുന്ദരം ആണ് നമ്മുടെ നാട്..എന്നിട്ടും 'ഗളുഫിനു' പോകണം എന്ന് പറയുന്നവനെ തൊഴിക്കണ്ടേ?

പട്ടേപ്പാടം റാംജി പറഞ്ഞു...

കാര്യമൊക്കെ ശരി തന്നെ.
ഇപ്പോള്‍ തിരിച്ച് പോകാന്‍ കഴിയാത്ത അവസ്ഥയാ.
രണ്ടക്ഷരം പഠിച്ചാല്‍ പണിയെടുക്കുന്നത് കുറച്ചിലാ എന്ന തോന്നല്‍..
അത് കൂടികൊണ്ടേ ഇരിക്കുന്നു.

വര്‍ഷിണി പറഞ്ഞു...

നല്ലൊരു പോസ്റ്റ് നല്‍കിയതിന്‍ അഭിനന്ദനങ്ങള്‍..

തുടക്കത്തിലെ അരിശംമൊത്തമായി രജനിയ്ക്കും, ഇച്ചിരി നേര്‍ പകുതിയ്ക്കും നല്‍കിയത് എന്തായാലും നന്നായി..അല്ലേല്‍ ഇവിടിരിയ്കുന്ന ഞാന്‍ അടക്കം എന്തെല്ലാം കേള്ക്കേണ്ടി വന്നേനേ.. :)

മറുനാട്ടില്‍ അധികം വരുമാനം ഇല്ലാത്ത ഒരു ജോലിക്കാരന്‍റെ അവസ്ത്ഥ ഒന്നു ചിന്തിച്ചു നോക്കു..സ്വന്തം ചിലവുകളും , നാട്ടിലെ ചിലവുകളും ആ പാവത്തിനെ നെട്ടോട്ടം ഓടിയ്ക്കല്ലേ..?

ഹാക്കര്‍ പറഞ്ഞു...

കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു...........ഇടക്കൊക്കെ ഇവിടെയും ഒന്ന് വന്നു പോകണം http://www.computric.co.cc/

പഞ്ചാരക്കുട്ടന്‍ പറഞ്ഞു...

നേരത്തെ കെട്ടിയത് കൊണ്ട് പെണ്ണ് കിട്ടി ഹാവൂ രക്ഷപെട്ടു

ആളവന്‍താന്‍ പറഞ്ഞു...

ഇവിടെയൊന്നും കിട്ടിയില്ല. പെണ്ണും കിട്ടിയില്ല.!

വേണുഗോപാല്‍ ജീ പറഞ്ഞു...

നല്ല പോസ്റ്റ്‌.. ഈയിടെ പാലക്കാട് ധോണി എന്ന സ്ഥലത്തെ ഒരു ഉള്‍നാടന്‍ പാതയിലൂടെ പോകാന്‍ ഇട ആയീ.. അത്ഭുതം എന്ന് പറയട്ടെ.. ഒരു ബീഹാരിയോ മറ്റോ ആണ്.. പാനും തിന്നു പശുവിനെ മേയ്ക്കുന്നു.. അത് വരെ ഔട്സോഴ്സ് ചെയ്യുന്ന സ്ഥിതി ആണ്. തെല്ലും അതിശയോക്തിയോടെ അല്ല ഇത് എഴിതിയിരിക്കുന്നത്.

elayoden പറഞ്ഞു...

രമേഷ്ജി,
വിമലിന്റെ പോസ്റ്റ്‌ ഞാനും വായിച്ചിരുന്നു. ഗള്ഫുകാരന് എവിടെയും മാര്‍കറ്റ്‌ ഇല്ലാതായിരിക്കുന്നു. നാട്ടില്‍ കുബിടാന്‍ മടിക്കുന്ന മലയാളി, ഇവിടെ വന്നു എന്ത് ജോലിക്കും ഒരുക്കമാണ്. നാല് മാസം മുന്‍പ് നാട്ടില്‍ പോയപ്പോള്‍, നിങ്ങള്‍ പറഞ്ഞ പോലെ കൂലി പണിക്കു പോലും ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനത്ത് നിന്നും ചെറുപ്പക്കാര്‍ വരുന്നു. ഹോട്ടലുകളില്‍ എല്ലാം പുറം നാട്ടുകാര്‍ തന്നെ..
ഭൂമി തന്നെ ഇടിഞ്ഞു വീണാലും മലയാളി ഗര്‍വ്വിന്റെ നട്ടെല്ല് വളക്കില്ല..

പള്ളിക്കരയില്‍ പറഞ്ഞു...

പറഞ്ഞതെല്ലാം പരുഷസത്യങ്ങൾ. നന്നായെഴുതി.

~ex-pravasini* പറഞ്ഞു...

പിരിശത്തില്‍ തുടങ്ങി അരിശത്തിലാണല്ലോ..അവസാനിച്ചത്‌
രമേശ്‌ സാറേ..!
അറബിയുടെ വീട്ടിലെ കക്കൂസ് കഴുകിയാലും സ്വന്തം വളപ്പില്‍ ഒരു മത്തന്‍ കുരു നടാന്‍ മലയാളിക്ക് മടിയാണ്.
ഇവിടെയിപ്പോള്‍ കാട് വെട്ടാന്‍ വരുന്നവര്‍ പോലും ബംഗാളികളാണ്.
കലികാലം എന്നല്ലാതെ എന്തു പറയാന്‍..!

Salam പറഞ്ഞു...

മലയാളി പണിയെടുക്കണമെങ്കില്‍ കടല് കടക്കണമെന്ന ചൊല്ല് സത്യമാണ്. പക്ഷെ രമേശ്ജി പറഞ്ഞപോലെ ഇന്ന് കടല് കടന്നു പണിയെടുത്തിട്ട് പ്രയോചനമൊന്നുമില്ല. ആ നിലക്ക് നോക്കിയാല്‍ മങ്കമാരുടെ പുതിയ ഈ തീരുമാനം മലയാളിയെ വീണ്ടും നാട്ടില്‍ തന്നെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാക്കിയാല്‍ അതൊരു നല്ല മാറ്റ മായേക്കാം. അന്ന് നമുക്കീ മങ്കകളെ മുന്‍പേ പറന്ന പക്ഷികള്‍ എന്ന് വിളിക്കാം.

സമകാലികപ്രസക്തിയുള്ള പോസ്റ്റ്‌.

ismail chemmad പറഞ്ഞു...

കമ്പോള നിലവാരം
**********************
കമ്പോളത്തില്‍ ഈ ആഴ്ച കുരുമുളകിനും, രബ്ബരിനും വില കൂടി , പഞ്ചസാരയുടെ വിലയില്‍ മാറ്റമില്ല
വില കുറഞ്ഞ പ്രധാന ചരക്കുകള്‍ , വറ്റല്‍ മുളക് (തരം തിരിക്കാത്തത് ) ഗള്‍ഫ്‌ പയ്യന്‍ മാര്‍ എന്നിവയാണ്
______________________________________________________

രമേഷേട്ടാ നന്നായി അവതരിപ്പിച്ചു , ആശംസകള്‍

nikukechery പറഞ്ഞു...

എല്ലാവർക്കും ഓരോ ന്യായം ഉണ്ട്‌. എനിക്കും ഉണ്ട്
ഞാൻ നാട്ടില്പോയ് തുമ്പാപണിക്കുപോയാൽ!!
പിന്നെ മക്കള്‌ “അപ്പന്റെ പണി” കോളം എങ്ങിനെ പൂരിപ്പിക്കും
ച്ചേ.......

അജ്ഞാതന്‍ പറഞ്ഞു...

sir ennenum nokkilla ithavana ente paadathu nellu vithachatha koythu kuthy vannappo oru kilo arikku 35 roopa.... oru krishibhavantem sahayam illayirunnu

by :Manu.S.dharan

വീ കെ പറഞ്ഞു...

പറഞ്ഞതെല്ലാം സത്യം.... ആര് ആരോടാ ഈ പറയണെ....!? വല്ല ഇംഗ്ലീഷുകാരേക്കൊണ്ടും പറയിപ്പിച്ചാൽ നമ്മൾ ഒന്നു ചിന്തിച്ചേനേ...!!

രമേശ്‌അരൂര്‍ പറഞ്ഞു...

> വില്ലേജ് മാന്‍ :പെണ്ണ് കെട്ടുന്നത് മാത്രമല്ലല്ലോ നമ്മുടെ അടിസ്ഥാന പ്രശ്നം >>
> നമൂസ് :ജീവിതം സമരം ആക്കാതെ ഇതൊന്നും മാറ്റിമറിക്കാന്‍ കഴിയില്ലല്ലോ ..എന്ത് കണ്ടാലും എനിക്കെന്തു കാര്യം എന്ന് ചിന്തിക്കുന്നവര്‍ കൂടി വരികയാണ്..വായന യ്ക്ക് വന്നതില്‍ സന്തോഷം >>
> മുല്ല :തെങ്ങ് കേറാന്‍ യന്ത്രം ഉണ്ടല്ലോ മുല്ലേ ..തെങ്ങ് കയറ്റം പഠിച്ചു ആ തൊഴിലിനു ഇറങ്ങിയാല്‍ കാശ് വാരാം >
> ഹാഷിക് :പോസ്റ്റ് ഡിലീറ്റ് ചെയ്യുകയൊന്നും
വേണ്ട .അനുഭവസ്ഥരായ നിങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു വേറെ ഉദാഹരണം എന്ന് കരുതി .

രമേശ്‌അരൂര്‍ പറഞ്ഞു...

> സെഫീര്‍ സിയാ :വായനയ്ക്ക് നന്ദി ..ഈ ചോദ്യം ഉറക്കെ ചോദിക്കൂ ..
> ഷുക്കൂര്‍ ഇച്ചാശക്തി ഉണ്ടെങ്കില്‍ എന്തും നേടാം .
> ഇസ്മയില്‍ : നാടിനെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ പറയാനെ ആവൂ .
> അജിത്‌ ഏട്ടന്‍ :ധാര്‍മിക രോഷം എന്റെ കൂടെ പിറപ്പാണ്..ആളുകള്‍ മടിയന്മാരായി പോയി .പതിനായിരം രൂപയ്ക്ക് വരുന്നവന്‍ അവധിക്കു പോയാല്‍ തിരിച്ചു വരില്ല ..
> താന്തോന്നി :പെണ്ണ് കെട്ടി അല്ലെ ..സര്‍ക്കാര്‍ അടിസ്ഥാന ശമ്പളം പതിനായിരം കവിഞ്ഞു .
> നന്ദു :നല്ല തീരുമാനം .

രമേശ്‌അരൂര്‍ പറഞ്ഞു...

> എന്റെ ലോകം :ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ രാഷ്ട്രീയക്കാര്‍ വെട്ടിച്ചെടുക്കുന്ന തുകയ്ക്ക് കയ്യും കണക്കും ഇല്ല വിന്സെന്റെ .
> രാംജി :കുഴിമടിയന്മാരെയും ദുരഭിമാനികളെയും സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി പൊളിച്ചെഴുതണം
> വര്‍ഷിണി : വായനയ്ക്ക് നന്ദി
> ഹാക്കര്‍ :അവിടെ വരാറുണ്ട് >ബ്ലോഗു മൊത്തം സംഗതികള്‍ അല്ലെ
> പഞ്ചാരക്കുട്ടന്‍ അല്ലെ പെണ്ണ് കിട്ടിയില്ലെന്കിലെ അത്ഭുതമുള്ളു..:)
> ആളവന്താന്‍ :വിമലേ നിനക്ക് പെണ്ണ് കിട്ടാത്തതിന്റെ വിഷമം കണ്ടിട്ടാ ..ഈ പോസ്റ്റ് എഴുതീത് .
> വേണു അത്ഭുതമല്ല :കേരളം മുഴുവന്‍ ഇപ്പോള്‍ അന്യ സംസ്ഥാനക്കാരാ ..
> എളയോടന്‍: മലയാളി നട്ടെല്ല് വളക്കണ്ട ഒടിഞ്ഞു വീഴുമ്പോള്‍ ശരിയാകും >

രമേശ്‌അരൂര്‍ പറഞ്ഞു...

> പള്ളിക്കരയില്‍
> എക്സ് .പ്രവാസിനി
> സലാം :മാറ്റം വന്നാല്‍ നന്ന് ..
> ഇസ്മയില്‍ ചെമ്മാട് : ഗള്‍ഫു പയ്യന് കമ്പോളവില ഇടിയുന്നില്ല എങ്കിലേ അത്ഭുതമുള്ളൂ
> നികുഞ്ചേരി : കോളം നോക്കി വരുമ്പോള്‍ ജീവിതം കുളം ആകും ..ജാതിയും മതവും ജീവിക്കാന്‍ ഒട്ടും ആവശ്യമില്ല .
> മനു :സത്യം പറയാന്‍ മുഖം നോക്കേണ്ട കാര്യമില്ല .
> വികെ :അത് നല്ല അഭിപ്രായമാണ് :സായിപ്പന്മാര്‍ പറഞ്ഞാല്‍ നമ്മള്‍ എന്തും അനുസരിക്കും .പക്ഷെ കാര്‍ഷിക രംഗത്തെ അവരുടെ മുന്നേറ്റത്തെ നാം കാണുന്നില്ലല്ലോ.
രാസ വള വിമുക്തമായ ജൈവ കൃഷിക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ വന്‍ പ്രചാരമാണ് .നന്ദി .

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

നാട് കടന്നാൽ നടുവൊടിഞ്ഞ് പണിയെടൂക്കുന്നമലായാളി നാട്ടിലെത്തിയാൽ നടനമാടൂന്നത് മെയ്യനങ്ങാ പണികളിൽ മാത്രമല്ലേ..
ഞാനടക്കമുള്ള ആ മലയാളീസിനിട്ട് നടുവിനിട്ട് ഉഗ്രനൊരു തൊഴി കൊടുത്തത് കലക്കീൻണ്ട് കേട്ടൊ ഭായ്

haneef പറഞ്ഞു...

ഗള്‍ഫ്‌ സ്വപ്നം കണ്ടു നടക്കുന്ന പാവങ്ങളെ വെറുതെ നിരാശ പെടുത്താന്‍ ഓരോ പോസ്റ്റുകള്‍ .പറഞ്ഞത് ഗംഭീരം .പറയാത്തതോ ? എല്ലാവര്‍ക്കുമുണ്ട് പറയാന്‍ ഒരുപാട് .ആരും പ്രവാസം അവസാനിപ്പിക്കാനും തയ്യാറാവുന്നില്ല . പണ്ട് അടിമകളെ വിലകൊടുത്തു വാങ്ങിയ നാടായിരുന്നു ഇവിടം .ഇന്ന് അടിമത്വം വിലകൊടുത്തു വാങ്ങിയ എത്ര പേര്‍ ഇവിടെ കിടന്നു വിലപിക്കുന്നു .സ്വയം കത്തി മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്നവര്‍

faisu madeena പറഞ്ഞു...

സത്യങ്ങള്‍ തിരിച്ചറിയാതെ അനുഭവസ്ഥരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാതെ വീണ്ടും ആയിരങ്ങളാണ് നാട്ടിലെ "എന്തിനും പോന്ന സ്വാതന്ത്ര്യവും", തൊട്ടാല്‍ പണം കായ്ക്കുന്ന കൈത്തൊഴിലുകളും വലിച്ചെറിഞ്ഞു ഗള്‍ഫു മണ്ണില്‍ ഭാഗ്യം തേടി വരുന്നത് . !!!

എന്ത് ചെയ്യാന്‍ ഇന്നലെയും വന്നിരിക്കുന്നു എന്‍റെ ബില്‍ഡിങ്ങില്‍ ഒരു കൂട്ടം മലയാളികള്‍ ...!!!

ശ്രീനാഥന്‍ പറഞ്ഞു...

നല്ല രസകരമായി ചില ചിന്തിക്കേണ്ട കാര്യങ്ങൾ പറഞ്ഞു, ഭാര്യ പറഞ്ഞതൊന്നും കാര്യമാക്കെണ്ട കെട്ടോ, അബദ്ധം പറ്റിയെന്നൊക്കെ ഒരു തമാശ പറഞ്ഞതാണ്, അവർക്കങ്ങ്നെ ഒരു ജാതക ദോഷമുണ്ടായിരുന്നത് അതുകൊണ്ട് തീർന്നെന്നു കരുതാം, മറ്റൊത്തിരി ഗൾഫുകാരുടെ ഭാര്യമാർ വളരെ ഭാഗ്യവതികളാണ്!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഇന്നത്തെ നമ്മുടെ നാടിന്റെ സത്യമായ നേര്‍ക്കാഴ്ച...

മാറ്റം അനിവാര്യമല്ലേ,അപ്പോള്‍ എന്തു കൊണ്ടു ഒരു തിരിച്ചുപോക്കിനെക്കുറിച്ച് നമുക്കു ചിന്തിച്ചുകൂടാ...?

റാണിപ്രിയ പറഞ്ഞു...

“തിരികേ മടങ്ങുവാന്‍ ......സമയമായ്...“

നന്നായി എഴുതി....
ആശംസകള്‍....

രമേശ്‌അരൂര്‍ പറഞ്ഞു...

> മുരളി ചേട്ടാ അനുഭവം ഗുരു .ഞാന്‍ എന്നെക്കൂടിയാണ് തോഴിച്ചത് :)
> ഹനീഫ് :വന്നു പെട്ടവരേക്കുറിച്ചല്ല വരാന്‍ വെമ്പല്‍ കൊള്ളുന്നവരെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടില്‍ ഗള്‍ഫിലെ പ്പോലെ എന്ത് പണിയും ചെയ്യാന്‍ തയ്യാറായാല്‍ നല്ല വരുമാനം കിട്ടും ,നാടും നന്നാകും .
> ഫൈസു:ജനിച്ചപ്പോള്‍ മുതല്‍ ഗള്‍ഫില്‍ നില്‍ക്കുന്ന നിനക്കുപോലും കാര്യങ്ങള്‍ മനസിലായല്ലോ ..ഭാഗ്യം .
> ശ്രീ നാഥന്‍ മാഷേ ശ്രീമതിയുടെ അഭിപ്രായം ഞാന്‍ ആലങ്കാരികമായി ചെര്‍ത്തെന്നെ ഉള്ളൂ .ഞാന്‍ പ്രവാസ ജീവിതം തുടങ്ങിട്ടു രണ്ടു വര്‍ഷമേ ആയുള്ളൂ .കല്യാണം അതിനു മുന്‍പേ നടന്നു.
> കുഞ്ഞൂസേ വിദേശത്തു സുരക്ഷിതമായ ജോലിയോ ശമ്പളമോ മറ്റു ജീവിത സാഹചര്യങ്ങളോ ഇല്ലാത്തവര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകണമെന്നാണ് പറയുന്നത്.കാരണം ഇതിന്റെ പകുതി അധ്വാനിച്ചാല്‍ നമ്മുടെ നാട്ടില്‍ പൊന്ന് വിളയും.നാട്ടിലുള്ളവരുടെ കാഴ്ചപ്പാടുകളും കാലത്തിനൊത്തു മാറണം.
> റാണി പ്രിയേ :വെറുതെ തിരികെ മടങ്ങിയിട്ടു കാര്യമില്ല.ആദ്യം അതിനുള്ള അരങ്ങു നാട്ടിലുള്ള സര്‍ക്കാരും ,രാഷ്ട്രീയക്കാരും ,ജനങ്ങളും കൂടി ഒരുക്കണം.പിന്നെ കൂട്ടായ ശ്രമവും അദ്ധ്വാനവും .

mayflowers പറഞ്ഞു...

നല്ലൊരു പോസ്റ്റ് എന്ന് ഞാനും പറയുന്നു.
എല്ലാവരുടെയും മനസ്സില്‍ക്കിടന്നു പിടയ്ക്കുന്നത്‌ രമേശ്‌ ഒന്നായിട്ടങ്ങോട്ടു പറഞ്ഞു.
ഒന്നും പണിയില്ല ഒട്ടും നേരമില്ല എന്നതാണ് നാട്ടിലെ ചെറുപ്പക്കാരുടെ അവസ്ഥ.
ആ രജനിക്ക് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പാ..

zuhail പറഞ്ഞു...

ലോകത്തെ ഏറ്റവും നിഷ്ക്രിയ സമൂഹമായി മാറിയിട്ടുണ്ട് നാം. നമ്മുടെ produuctivity യെ കുറിച്ച് ഒരു പഠനം നടത്തിയാല്‍ എടുത്തു പറയത്തക്ക എന്ത് വംബ് ആണ് മലയാളിക്ക് ഉള്ളത് . എന്നിട്ട് നമുക്ക് പുച്ഛമാണ് നാല് നേരം വെട്ടി വിഴുങ്ങാന്‍ തരുന്ന തമിഴനോടും ആന്ദ്രക്കാരനോടും...! സാക്ഷര സുന്ദര കേരളം എന്ന് സ്വയം മേനി നടിക്കാനല്ലാതെ ഇന്ത്യന്‍ സമൂഹത്തിനു മാതൃകയായി എന്തെങ്കിലും ഉണ്ടോ നമുക്ക് എടുത്തു കാണിക്കാന്‍? ഇന്ത്യയില്‍ ഏറ്റവും ജീവിക്കാന്‍ പ്രയാസമുള്ള നാടായിരിക്കുന്നു കേരളം. അനുദിനം കുതിച്ചുയരുന്ന കമ്പോള നിലവാരം, വാഹന വാടക, ആരോഗ്യ രംഗത്തെ കൊടും ചൂഷണം. ഇന്ത്യയിലെ ശരാശരി നഗരത്തില്‍ ജീവിക്കുന്ന ചെലവാണ് കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജീവിക്കാന്‍...! മലയാളിയുടെ ബോധമണ്ടലത്തില്‍ മിഥ്യയായ പൊങ്ങച്ച വിചാരങ്ങള്‍ പടച്ചു വിട്ടു അവനെ കമ്പോള സംസ്കൃതിയുടെ അടിമയാക്കി മാറ്റി മാറ്റുന്നതില്‍ നമ്മുടെ മാര്‍ക്കറ്റ്‌ വിജയിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും അനാരോഗ്യകരമായ ഉപഭോഗ ശീലമുള്ള സമൂഹമായിരിക്കും നമ്മുടെത്...! നല്ല നിരീക്ഷണം

www.suhailbabu.blogspot.coom

യൂസുഫ്പ പറഞ്ഞു...

വരികളിലൂടെ പരാമർശിച്ചത് ഒന്നിനൊന്ന് സത്യം.
ഗൾഫിനോട് വിട പറഞ്ഞ്(0 ബാലൻസുമായി) ഒരു കൊല്ലം കഴിഞ്ഞു. അന്തസ്സായി കൊച്ചിയിൽ തരക്കേടില്ലാത്ത വേദനം കൊണ്ട് സംതൃപ്തിയോടെ ജീവിക്കുന്നു ഞാൻ. നമ്മുടെ കേരളം പൊന്നു വിളയിക്കുന്നു മക്കളേ..പിന്നെന്തിനാണ്‌ പലസ്തീനിയുടെയും ലബനാനിയുടേയും ഈജിപ്തുകാരന്റേയും ചന്തി കഴുകാൻ പോകുന്നു?..

Biju George പറഞ്ഞു...

രമേശ്‌ ചേട്ടാ..... സംഗതി കലക്കീട്ടോ. ഒരുക്കാലത്ത് ഞാനും കരുതിയിരുന്നത് ഗള്‍ഫ്‌ വലിയൊരു സംഭവം തന്നെയാണെന്നാണ്. എന്‍റെ വല്യമ്മയുടെ മകനും, അടുത്ത സുഹൃത്തുമായ ഒരു ചേട്ടന്‍ ഗള്‍ഫില്‍ നിന്നും കറുത്ത കൂളിംഗ് ഗ്ലാസ് വച്ച്, വലിയ കറുത്തപ്പെട്ടിയും ഉരുട്ടി നാട്ടില്‍ ലീവിന് എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചു പോയി. കാണാന്‍ എത്തിയ പുരുഷന്മാര്‍ക്കെല്ലാം, ഉമ്മറത്തിരുന്നു തീ കൊളുത്തിയാല്‍ തീ എരിയുന്ന തലഭാഗം പടിക്കല്‍ വരെയെത്തുന്ന തരത്തില്‍ വലുപ്പമുള്ള സിഗരറ്റ്‌ സമ്മാനിച്ചു.കാജ ബീഡിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ മാരായ നാട്ടുക്കാര്‍ അതുക്കണ്ട് വാ പൊളിച്ചു.
നാട്ടിലെ തരുണീ മണികള്‍ക്ക് വല്ലാത്ത ഗന്ധമുള്ള അത്തറും, കുട്ടികള്‍ക്ക് വര്‍ണകടലാസില്‍ പൊതിഞ്ഞ മിഠായിയും നല്‍കി.
രാത്രിയില്‍, റൂമില്‍ എസി ഇല്ലാത്തതിനാല്‍ ഉറക്കം വരാത്തതില്‍ ആകുലതപ്പെട്ട് വയലരികത്ത്‌ കാറ്റുകൊള്ളാന്‍ പോയ് നിന്നു. സര്‍വ്വീസ്സില്‍ നിന്നും പിരിഞ്ഞു പോന്ന പട്ടാളക്കാരെപോലെ, കാണുന്നവരോടെല്ലാം ഗള്‍ഫിലെ മാനംമുട്ടെ നില്‍ക്കുന്ന കെട്ടിടങ്ങളെ കുറിച്ചും, താമസിക്കുന്നതിനകത്ത്‌ ബാത്‌റൂമില്‍ പോലും സ്ഥാപിച്ചിരിക്കുന്ന എസിയുടെ തണുപ്പിനെ കുറിച്ചും, കഴിച്ച് മടുത്ത വൈവിധ്യമാര്‍ന്ന ആഹാര സാധനങ്ങളെ കുറിച്ചും, കാണുമ്പോള്‍ കാണുമ്പോള്‍ കെട്ടിപ്പുണരുന്ന അറബിയുടെ സ്നേഹത്തെകുറിച്ചും വിവരിച്ചു.
"എന്നിട്ടും വല്ലാത്ത ക്ഷീണമാണല്ലോ" എന്ന് സംശയം പ്രകടിപ്പിച്ചവരോട്, ഡെയിലി മൂന്ന് മണിക്കൂര്‍ യോഗ ചെയ്ത് ക്ഷീണിപ്പിച്ചതാണെന്ന് മറുപടിയും നല്‍കി.
പിന്നീട് ഒരു രാത്രിയില്‍, കുമാരന്‍ ചേട്ടന്‍റെ വാറ്റുച്ചാരായ ലഹരിക്കിടയില്‍ ഞങ്ങള്‍ തനിച്ചായപ്പോള്‍, ഉണക്കപ്പുല്ലും കുറ്റിച്ചെടികളും അങ്ങിങ്ങായി നില്‍ക്കുന്ന മരുഭൂമിക്കിടയിലൂടെ ഒരുപറ്റം ചെമ്മരിയാടുകളും, കുറെ ഒട്ടകങ്ങളുമായി മല്ലിട്ട് ദിവസം തീര്‍ക്കുന്ന അവന്‍റെ ജീവിതത്തോടൊപ്പം എന്നെയും കൂട്ടി.ഉണങ്ങി വരണ്ട രണ്ടു കുബ്ബൂസ് കറന്നെടുത്ത ഒട്ടക പാലില്‍ നനച്ച് ഒരു ദിവസത്തെ വിശപ്പടക്കുന്ന അവനെക്കണ്ട് എന്‍റെ ഹൃദയം കരഞ്ഞു.
ബാത്‌റൂമിലും, ആട്ടിന്‍കൂടിന്‍റെ ഇരുള്‍ മരവുകളിലുംവച്ച് ഫിലിപ്പീന്‍ സ്വദേശിയായ വീട്ടുവേലക്കാരി വല്ലപ്പോഴും,ശബ്ധമടക്കി പകര്‍ന്നു നല്‍കുന്ന ശരീരത്തിന്‍റെ ചൂടാണ് അവന്‍റെ ഏക സന്തോഷമെന്നരിഞ്ഞപ്പോള്‍, അതില്‍ നൂറു ശതമാനം ശരിയുണ്ടെന്നു ഞാന്‍ ഉറപ്പിച്ചു. തിരിച്ചു നാട്ടില്‍ പോരുന്നതിനും മുന്‍പ്‌ ശമ്പളബാക്കി ചോദിച്ച മഹാ അപരാധത്തിന് തുകല്‍വാറുക്കൊണ്ടുള്ള അറബിയുടെ അടിയേറ്റു മുറിഞ്ഞു ഉണങ്ങിയ പാട് എനിക്ക് കാട്ടിത്തന്ന് അവന്‍ പൊട്ടിക്കരഞ്ഞ ആ നിമിഷം മുതല്‍ ഞാന്‍ പ്രവാസികളെ ബഹുമാനിക്കാന്‍ ആരംഭിച്ചു......
രമേശ്‌ ചേട്ടാ.... ഒരിക്കല്‍ക്കൂടി, ഭാവുകങ്ങള്‍!!!!

Biju George പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

രമേശേ...ബ്ലോഗെഴുത്താണേലും കുറേ നഗ്നസത്യങ്ങള്‍
വിളിച്ചോതി.ശരിയാണ് റെസ്സിഷന്‍ വന്നതോടുകൂടി. നാട്ടലെല്ലാവര്‍ക്കും സംശയമാണ്. പ്രവാസികളെ.ജോലിയില്ലാതെ നില്‍ക്കുന്ന ഒരുപാടുപേര്‍ ഉണ്ടെന്നൊക്കെയാണ് കേഴ്വി.
പിന്നെ നാട്ടില്‍ പറമ്പുപണിയ്ക്കും വേലികെട്ടാനും ഒക്കെ 350 അല്ല. 450 തൊട്ട് മുകളിലോട്ട് എത്രവേണേലും ചോദിയ്ക്കും.ചോദിയ്ക്കുന്നത് കൊടുക്കണം. ഡിമാന്‍റ നസുരിച്ചാണല്ലോ വില. പിന്നെ എല്ലാത്തിനും മറ്റുള്ള സംസ്ഥാനത്തിനെ ആശ്രയിക്കുന്നതു കൊണ്ട് എല്ലാത്തിനും തീവില. 6സെന്‍റിനകത്തു നിന്നും ഒരു വാഴക്കൂമ്പു കിട്ടിയതു കൊണ്ട് ഒരു നേരം രണ്ടു പേര്‍ക്കുള്ള ഒരു തോരന്‍ ഞാന്‍ വെച്ചു മനസ്സമാധാനത്തോടെ കഴിച്ചു. ഒരു നേരമെങ്കിലും വിഷമടിയ്ക്കാത്ത ഒരു കൂട്ടാന്‍ കൂട്ടിയ സമാധാനം.
നല്ല പോസ്റ്റ്

V P Gangadharan, Sydney പറഞ്ഞു...

Ramesh, you said it all!
It is a sheer fact that we are hesitant to kick away the conventional fences and get out of a society that sinks to an abode of the damned! Paradoxically though we claim we are the indigenous people of God's own country! It is high time to realise that the grandiose of status and power is nothing but a delusive intuition. We are all fellow countrymen with different faculty and physical capacity- just the same human beings.... Unless we are aware of this naked truth and behave accordingly while working constructively together as a unit, egalitarianism will only be our pipedream….

pushpamgad പറഞ്ഞു...

"എല്ലാവര്ക്കും എന്നെ പോലെ അബദ്ധം പറ്റുമോ ?"
എന്താ മാഷെ ഇത് ?
ഇത്ര കഷ്ടപ്പെട്ട് ലീവെടുത്തു പോയത് ഇതിനായിരുന്നോ !
ഇതെല്ലാം തിരുത്തിക്കണം മാഷെ .
മലയാളത്താന്മാരെ രക്ഷിക്കണം .
അതിനു മാഷെപ്പോലുള്ളവര്‍ മുന്‍കൈ എടുക്കണം .

രമേശ്‌അരൂര്‍ പറഞ്ഞു...

> മേയ് ഫ്ലവര്‍ :രജനിയുടെ മാത്രം കുറ്റമല്ല ,കാഴ്ചപ്പാടിന്റെ കുഴപ്പമാണ് .രജനി ഒരു ഉദാഹരണം മാത്രം .
> കേരള ഉപഭോക്തൃ സംസ്ഥാനം എന്ന് പറയുന്നത് ഷുഗറും പ്രഷറും ഉണ്ടെന്നു പറയുന്നത് പോലെ പൊങ്ങച്ചമായാണ് ഒട്ടേറെ പേര്‍ കരുതുന്നത് ! ഈ അടിമത്തം മാറണം .
> യൂസുഫ് പ നിങ്ങളെ പോലെ നാടിന്റെ മഹത്വം തിരിച്ചറിയാന്‍ എല്ലാവര്ക്കും അവസരം ഉണ്ടാകട്ടെ .
> ബിജു അത്തരം സംഭവങ്ങളിലൂടെയാണ് ശരാശരി പ്രവാസി ജീവിച്ചു പോകുന്നത് ..ഇതൊക്കെ പറഞ്ഞാല്‍ അവന്റെ പെറ്റ തള്ള പോലും വിശ്വസിക്കില്ല എന്നത് മറ്റൊരു സത്യം.
> കുസുമം ചെറുതെങ്കിലും ഇത്തരം പരിശ്രമങ്ങള്‍ വീട്ടമ്മമാര്‍ ഏറ്റെടുത്താല്‍ (പുരുഷന്മാരും,കുട്ടികളും കൂടണം)പകുതി പ്രശ്നം തീരും .
> ഗംഗാധരന്‍ സര്‍ : എന്തിനോടും ഉള്ള മലയാളിയുടെ പുച്ഛം വലിയൊരു പ്രശ്നമാണ് ."ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല .ഇതൊന്നും ഒരു കാലത്തും ശരിയാകില്ല ,നമ്മുടെ നാട് നന്നാകില്ല "എന്നൊക്കെയുള്ള മുന്‍ വിധികള്‍ മാറണം .മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് സ്വയം നന്നായോ എന്ന് ആത്മ പരിശോധന നടത്തണം.വായനയ്ക്കും അഭിപ്രായത്തിനും നന്ദി .

kARNOr(കാര്‍ന്നോര്) പറഞ്ഞു...

all should come to gulf at least once. it will be a lesson.

Kalavallabhan പറഞ്ഞു...

ഗൾഫ്കാരനു പാരവെച്ച് തുടങ്ങിയെങ്കിലും ഗൗരവമായ ഒരു പ്രശ്നമാണു താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്.
മിക്കവാറും എല്ലാ സാധനങ്ങൾക്കും കിലോയ്ക്ക് 100 രൂപയോളം എത്തി നില്ക്കുന്ന ഈ അവസരത്തിൽ കണ്ണ്‌ തുറക്കാൻ തന്നെയാണ്‌ സാദ്ധ്യത.
ഇല്ലെങ്കിൽ മോഷണം, പിടിച്ചുപറി, ആത്മഹത്യ ഇവയുടെ എണ്ണം കൂടും.

Jishad Cronic പറഞ്ഞു...

ഒരിക്കല്‍ എല്ലാം കൂടെ നുള്ളിപ്പെറുക്കി സ്വന്തം നാട്ടിലേക്ക് പോകേണ്ടിവരും,അവിടെ ചെന്ന് കൂലിവേല ചെയ്യേണ്ടിവരും...

moideen angadimugar പറഞ്ഞു...

സൂക്ഷിച്ചോളുക ഇനി മലയാളി ഗള്‍ഫിലെക്കല്ല അറബി കേരളത്തിലെക്കാണ് വരാന്‍ പോകുന്നത്.കേരളം എന്ന പുതിയ ഗള്‍ഫിലേക്ക്!!!

അങ്ങനെയാവുമോ രമേശേട്ടാ...?

Sukanya പറഞ്ഞു...

വായിച്ചപ്പോള്‍ മലയാളിയാണല്ലോ എന്നോര്‍ത്തു തല കുനിഞ്ഞു പോകുന്നു.

sreee പറഞ്ഞു...

ഗള്‍ഫിനെകുറിച്ച് വലിയ പിടിപാടില്ലാത്തതിനാൽ ഒന്നും പറയുന്നില്ല. പക്ഷെ നാട്ടിൽ കൃഷി ചെയ്യാൻ ആളെക്കിട്ടുന്നില്ല എന്നറിയാം. മണലുവാരി സ്വർണ്ണം വാരാൻ ആണു എന്റെ നാട്ടിൽ മത്സരം. മണലിനൊക്കെ ഇപ്പോൽ പൊന്നുവില. വയലൊക്കെ ഉണങി വരണ്ട് കിടക്കുന്നു.റബ്ബർ ചുരത്തുന്നപാലാണു ഇപ്പോൾ അമൃത്‌.

തെച്ചിക്കോടന്‍ പറഞ്ഞു...

പറഞ്ഞതെല്ലാം സത്യം!

രമേശ്‌അരൂര്‍ പറഞ്ഞു...

> പുഷ്പമാങ്ങാട്:ശ്രീമതിയുടെ കമന്റു ഒരു എഫ്ഫെക്ട്ടിനു വേണ്ടി കുറിച്ചതാണ്..ഗള്‍ഫില്‍ വരുന്നതിനും എത്രയോ വര്ഷം മുന്‍പ് വിവാഹം സംഭവിച്ചതാണ് !
> കാര്‍ന്നോര്‍ :ഗള്‍ഫില്‍ നടക്കുന്നതെന്താണെന്ന് തീര്‍ച്ചയായും കേരളീയര്‍ അറിയണം .
> മൊയ്തീന്‍ :തീര്‍ച്ചയായും അറബികള്‍ കേരളത്തില്‍ അവസരം തേടി വരും .അതിന്റെ ആദ്യ പടിയാണ് സ്മാര്‍ട്ട് സിറ്റി എന്ന ആശയം തന്നെ.കേരളീയരുടെ മര്‍ക്കട മുഷ്ടി കാരണമാണ് ആ പദ്ധതി നടപ്പാകാന്‍ വൈകുന്നത് ! അത് പോലെ നിരവധി പദ്ധതികള്‍ പരിഗണയില്‍ ആണ് .
> സുകന്യ
>sree :
> തെച്ചിക്കോടന്‍ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി .:)

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നാട്ടില്‍ പോയി കുറച്ച് ദിവസം നിന്നപ്പോ എല്ലാം വളരെ വ്യക്തമായി ല്ലേ ഗഡ്യ്യേ...
ഇതാണു നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ.
വളരെ നന്നായി തന്നെ വിവരിച്ചു.

khader patteppadam പറഞ്ഞു...

നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍!. നമ്മുടെ കള്ളുകുടിയുടെ കണക്കു കൂടി ഒന്നാലോചിച്ച്‌ നോക്ക്യേ..

siya പറഞ്ഞു...

പോസ്റ്റ്‌ വായിച്ചു .നാടിന്‍റെ സ്ഥിതി കാണുമ്പോള്‍ വിഷമം ,എനിക്കും തോന്നിയിട്ടുണ്ട് .പക്ഷേ എന്ത് ചെയ്യാം ?അവരും സന്തോഷായി ജീവിക്കുന്നു എന്ന് മനസിലാക്കാം .45 രൂപ കൊടുത്ത് ഒരു കഷ്ണം കേക്ക് വാങ്ങി കഴിക്കുന്ന സ്കൂള്‍ കുട്ടികള്‍ ആണ് ഇപ്പോള്‍ നമുടെ നാട്ടില്‍ ...അത് വാങ്ങി കൊടുക്കാന്‍ കഴിയുന്ന മാതാ പിതാക്കളും ....എല്ലാരും സന്തോഷായി ജീവിക്കട്ടെ ,അല്ലാതെ വേറെ എന്ത് പറയാം ..

രമേശ്‌അരൂര്‍ പറഞ്ഞു...

> റിയാസ് ..നാട്ടില്‍ പോയി വരുമ്പോള്‍ ആണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അപഗ്രഥിക്കാന്‍ കഴിയുക .
> ഖാദര്‍ പട്ടേപ്പാടം : ഏതു നാട്ടില്‍ ആയാലും ആളുകള്‍ കുടിക്കും .പക്ഷെ വെള്ള കോളര്‍ ജോലിക്ക് മാത്രം പ്രാധാന്യം കല്‍പ്പിക്കുന്ന സംസ്കാരം മാറിയാല്‍ മതി .
> സിയാ :വരവിനു നന്ദി ..മധ്യ ഇടത്തരം ആളുകള്‍ക്ക് കാലം പോലെ പണം ചിലവാക്കാം .പക്ഷെ തീരെ പാവപ്പെട്ടവര്‍ എന്ത് ചെയ്യും ? അതാണ്‌ പ്രശ്നം ..

Thommy പറഞ്ഞു...

വളരെ ഭംഗിയായi കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

രമേഷ്‌ജി... ഇന്നത്തെ ഗള്‍ഫിന്റെ പരിച്ഛേദം... അത്‌ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ ഈ പോസ്റ്റ്‌ വഴി സാധിക്കും എന്ന് തന്നെ കരുതാം.

കഴിഞ്ഞ ആഴ്ചയിലും കൂടി ഞങ്ങളുടെ കമ്പനിയില്‍ പുതിയ ബാച്ച്‌ എത്തി കേരളത്തില്‍ നിന്ന്... 800 റിയല്‍ ശമ്പളത്തിന്‌. ഭക്ഷണവും വസ്ത്രവും ഫോണ്‍ ചെലവും കഴിഞ്ഞാല്‍ 200 റിയാല്‍ എങ്കിലും മിച്ചം വയ്ക്കാനുണ്ടാകുമോ അവര്‍ക്ക്‌ എന്ന് സംശയമാണ്‌.

krish | കൃഷ് പറഞ്ഞു...

കേരളത്തിലെ ഇന്നത്തെ അവസ്ഥ നന്നായി അവതരീപ്പിച്ചിരിക്കുന്നൂ.

yaachupattam പറഞ്ഞു...

വളരെ നിലവാരം കുറഞ്ഞ ജോലി (എല്ലാ ജോലിക്കും അതിന്‍റെതായ മഹത്വം ഉണ്ടെന്ന കാര്യം മറന്നു കൊണ്ടല്ല അങ്ങനെ പറഞ്ഞത്.)ചെയ്യാന്‍ ഇപ്പോള്‍ മലയാളി തയ്യാറല്ല.മെയ്യനങ്ങാതെ തന്നെ നാലു കാശുണ്ടാക്കാനുള്ള വഴി തേടുകയാണ് മലയാളി.ഗള്‍ഫില്‍ ഗ്രോസറിയിലും മറ്റും ജോലി ചെയ്യാന്‍ മലയാളിയെ കിട്ടാത്തത് കൊണ്ട് ആ സ്ഥാനം കയ്യടിക്കിയിരിക്കുന്നത് ബംഗാളിയാണ്.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നാടിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ തന്നെ അവതരിപ്പിച്ചു.ഇപ്പോഴും മലയാളി മക്കള്‍ക്ക് റിയാലെസ്റ്റയിറ്റിലും ബ്ലൈഡിലുമാണ് കണ്ണ്!!

sherriff kottarakara പറഞ്ഞു...

പ്രിയ രമേഷ്, പോസ്റ്റ് സമയമെടുത്ത് തന്നെ വായിച്ചു. പക്ഷേ അവസാനഭാഗത്തിനാണു ഊന്നല്‍ കൊടുത്തിരിക്കുന്നതും കമന്റ്കള്‍ അതിലൂന്നി ഉടലെടുത്തതും. ആദ്യ ഭാഗം പലരും അവഗണിച്ചത് പോലെ തോന്നി. അവസാന ഭാഗത്തെ കാരണങ്ങള്‍ കൊണ്ടല്ല പല പെണ്‍കുട്ടികളും ഗള്‍ഫ്കാരനെ വേണ്ടാ എന്ന് തീരുമാനമെടുക്കുന്നതെന്നാണ് എന്റെ നിരീക്ഷണം.അതിനു കാരണം കണ്ടെത്താന്‍ വളരെ പുറകോട്ടു പോകേണ്ടിയിരിക്കുന്നു. ആദ്യ പ്രവാസി തലമുറയുടെ അന്തര്‍ജ്ജനങ്ങളുടെ വിരഹവും വേദനയും കഥകളായും ലളിത ഗാനങ്ങളായും സിനിമകളായും മലയാള മനസില്‍ പ്രത്യേകിച്ച് യുവതികളുടെ തലച്ചോറില്‍ സ്ഥാനം പിടിച്ചു.പഴയ കത്തു പാട്ടുകളും അതില്‍ കഴുത്ത് പിരിച്ചിട്ട കോഴിയെപ്പോലെ എന്ന ഉപമയുമെല്ലാം ഗള്‍ഫ്കാരന്റെ ഭാര്യജീവിതം എന്നത് ദുസ്വപ്നങ്ങളായി മാറി. ഭര്‍ത്താവിനെ ഏട്ടാ...ഏട്ടാ...എന്നു വിളിച്ച് ഏത് സമയവും ഭര്‍ത്താവുമായി മരം ചുറ്റി ഓടാന്‍ സ്വപ്നം കാണുന്ന സീരിയല്‍ നായികയായി കഴിയാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ചെറു തലമുറ അറുത്തിട്ട കോഴിയെ പോലെ പിടക്കാന്‍ കൊതിക്കുമോ. പണ്ട് പട്ടിണി കാരണമായി താലി കെട്ടാന്‍ കഴുത്ത് നീട്ടി കൊടുത്തിരുന്നിടത്ത് ഇന്ന് പട്ടിണി അത്രക്കില്ലാ എന്നും കാണണം. പിന്നെന്തിന് “വിരഹിണി ഞാന്‍ ...” എന്ന ഗാനവുമാലപിച്ച് കഴിയണം എന്ന ചിന്ത ഇന്നത്തെ തലമുറയില്‍ രൂഢമൂലമായി കഴിഞ്ഞു. പെണ്ണിനെ ഗള്‍ഫില്‍ കൊണ്ട് പോകും എന്ന് വാഗ്ദാനം ചെയ്ത് നോക്കൂ. ഒരു എഴുപത് ശതമാനം പേര്‍ ഗള്‍ഫ്കാരനെ കെട്ടാന്‍ അപ്പോള്‍ സമ്മതിക്കുന്ന കാഴ്ച കണ്ടതിനാലാണ് ഞാന്‍ ഇങ്ങിനെ അഭിപ്രായപ്പെടുന്നത്.
പോസ്റ്റിലെ പകുതിഭാഗം ഗള്‍ഫ് എന്ന സ്വപ്നം വെച്ച് പുലര്‍ത്തുന്നവര്‍ക്കുള്ള താക്കീതായി തന്നെ കാണണം. അഭിനന്ദനങ്ങള്‍

രമേശ്‌അരൂര്‍ പറഞ്ഞു...

> തൊമ്മി ..വരവിനും വായനക്കും നന്ദി .
> വിനുവേട്ടന്‍ :ആദ്യ വരവിനു വളരെ സന്തോഷം ..വിനുവേട്ടന്റെ കമ്പനിയില്‍ വരുന്നത് പോലെ എണ്ണൂറിനും ആയിരത്തിനും ഒക്കെ ഗള്‍ഫില്‍ വരുന്നവര്‍ ഉണ്ട്..പലപ്പോളും ഏജന്റുമാരുടെയും കമ്പനികളുടെയും മോഹന വാഗ്ദാനങ്ങളില്‍ പെട്ട് പോകുന്നവരാണ് അധികവും..ഇങ്ങോട്ട് വരാന്‍ അവസരം വരുന്ന ഇത്തരം പലരും അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ നിരുല്സാഹപ്പെടുത്താറുണ്ട്‌ ..എന്റെ കുടുംബ സുഹൃത്തിന്റെ മകനായ സോഫ്റ്റ്‌ വേര്‍ എന്‍ജിനീയര്‍ വെറും മൂന്നുമാസം റിയാദില്‍ ജോലി ചെയ്തിട്ട് തിരിച്ചു പോയി ,ഇപ്പോള്‍ നാട്ടില്‍ ടെക്നോ പാര്‍ക്കില്‍ ജോലിക്ക് കയറി .
നാട്ടില്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് സ്വകാര്യ ഇന്ഷുറന്സ് കമ്പനികള്‍ ഗള്‍ഫില്‍ കിട്ടുന്നതിനെക്കാളും ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട് ..അങ്ങനെ അന്തസ്സായി ജീവിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം .
സത്യത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇപ്പോള്‍ അവിടെ നിറയെ അവസരമുണ്ട് ..ജോലി ചെയ്യാനുള്ള സന്നദ്ധതയാണ് ഇല്ലാത്തത് .
> കൃഷ്‌ : വരവിനു നന്ദി ..ഇനിയും വരുമല്ലോ ?
> യാച്ചു പട്ടം : താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് ..മെയ്യനങ്ങി പണിയെടുക്കാന്‍ മലയാളിക്ക് വയ്യ ..
> ആറങ്ങോട്ടുകര മുഹമ്മദു :ആദ്യമായി വന്നതിനു സ്വാഗതം : ഇനിയും പ്രതീക്ഷിക്കും ..
റിയല്‍ എസ്‌ട്ടേട്ടും കൊള്ളപ്പലിശയുമാണ്‌ നമ്മുടെ നാട് നേരിടുന്ന മറ്റൊരു വിപത്ത് ..ഗുണ്ടായിസവും മറ്റും വളരുന്ന വഴി ..പുതു തലമുറ ഇവരുടെ വലകളില്‍ കുടുങ്ങുന്നത് ഇപ്പോള്‍ വര്‍ധിച്ചു വരികയാണ് ..

> റഫീക്ക് ഭായ് :ഗള്‍ഫുകാരന് പെണ്ണ് കിട്ടത്തതുമായി ബന്ധപ്പെട്ട താങ്കളുടെ നിരീക്ഷണങ്ങള്‍ ഏറെക്കുറെ ശരിയാണ് ..ഞാന്‍ ഈ ലേഖനത്തില്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്കും അതിലൂടെ വായനക്കാര്‍ക്ക് ലഭിക്കണമെന്നും കരുതിയ സന്ദേശത്തിലേക്കും
എളുപ്പത്തില്‍ പ്രവേശിക്കാനുള്ള ഒരു എളുപ്പവഴിയായി മാത്രമാണ് രജനിയുടെ കഥയും മറ്റും ഉദാഹരിച്ചത് ...താങ്കള്‍ സൂചിപ്പിച്ച വിഷയം മറ്റൊരു തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിപുലമായ വിഷയമാണ് ..വിശദമായ വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ,,ഇനിയും ഷെരീഫിക്കയെ പോലുള്ള മുതിര്‍ന്ന ബ്ലോഗര്‍മാര്‍ ഈ ബ്ലോഗില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ..

രമേശ്‌അരൂര്‍ പറഞ്ഞു...

> സത്യത്തില്‍ ഈ പോസ്റ്റിനെക്കുറിച്ച് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതും സജീവവുമായ പ്രതികരണങ്ങളാണ് ലഭിച്ചത് എന്നുള്ളത് വളരെ സന്തോഷമുണ്ടാക്കുന്നു ,,നമ്മുടെ നാടിനെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു സുപ്രധാന വിഷയം എന്ന നിലയില്‍ അതെ ഗൌരവത്തോടെ തന്നെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ് വായിക്കുകയും വിശദമായ ചര്‍ച്ചകള്‍ നടത്തുകയും പ്രതികരിക്കുകയും ചെയ്തു ..ആദ്യ അഭിപ്രായം പറഞ്ഞ വില്ലേജ് മാന്‍ മുതല്‍ ഇത് വരെ അഭിപ്രായം പറഞ്ഞ ഷെരീഫ് ഇക്ക വരെ
ആത്മാര്‍ഥമായി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക് നന്ദി പറയുന്നു ...

Muneer N.P പറഞ്ഞു...

നാട്ടില്‍ പോയി വന്നപ്പോഴാണ് മാറ്റം മനസ്സിലായതല്ലേ..
പണ്ട് കാശുകാരനാകാണ് ഗള്‍ഫിലേക്ക് വന്നിരുന്നതെങ്കില്‍ ഇന്നു നാട്ടില്‍ ജീവിച്ചു പോകണമെങ്കില്‍ ഗള്‍ഫില്‍ നില്‍ക്കണമെന്ന വ്സ്ഥയിലെത്തിയിരിക്കുന്നു..അല്ലെങ്കില്‍
കൂലിപ്പണിചെയ്യാനുള്ള തന്റേടം വേണം. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ഗള്‍ഫില്‍ കാര്യമായ ശമ്പളം കിട്ടാത്തത് കൊണ്ടു തന്നെ നാട്ടില്‍ പത്രങ്ങളില്‍ ഇഷ്ടം പോലെ ‘vacancy‘ പരസ്യങ്ങള്‍
കാണുന്നുണ്ട്..നാട്ടില്‍ ദിവസം 400 ഉം 500 ഉം വേതനം കിട്ടുന്നവര്‍ എന്തിനു ഗള്‍ഫില്‍ കാര്യമില്ലാ‍തെ കഷ്ടപ്പെടണം.സമൂഹത്തിലെ ‘MIDDLE CLASS‘ വിഭാഗമാണ് ശരിക്കും ബുദ്ധിമുട്ടിലായത്.

നസീര്‍ പാങ്ങോട് പറഞ്ഞു...

മറുനാട്ടില്‍ അധികം വരുമാനം ഇല്ലാത്ത ഒരു ജോലിക്കാരന്‍റെ അവസ്ത്ഥ ഒന്നു ചിന്തിച്ചു നോക്കു..സ്വന്തം ചിലവുകളും , നാട്ടിലെ ചിലവുകളും ആ പാവത്തിനെ നെട്ടോട്ടം ഓടിയ്ക്കല്ലേ..?

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

മനോഹരമായിരിക്കുന്നു ഇവിടം. പ്രത്യേകിച്ച് ബ്ലോഗ് ടെമ്പ്ലേറ്റും.

പ്രയാണ്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌..

jayarajmurukkumpuzha പറഞ്ഞു...

valare sathyam...... aashamsakal.........

ഗിനി പറഞ്ഞു...

nice

മുകിൽ പറഞ്ഞു...

കളിതമാശയായി തുടങ്ങിയെങ്കിലും പറഞ്ഞ കാര്യങ്ങൾ വളരെ ഗൌരവമുള്ളതാണ്. ഇത്രയ്ക്കു വിവേകമില്ലാത്ത മനുഷ്യരാണല്ലോ കേരളത്തിൽ ജീവിക്കുന്നത് എന്ന് പലതും കേൾക്കുമ്പോൾ വിചാരിക്കാറുണ്ട്.
എവിടെയോകിടന്നുരുകുന്ന കുറെ ജന്മങ്ങളെക്കൊണ്ടു ഇങ്ങനെ മേലനങ്ങാതെ, അതു മാത്രമാണെങ്കിലും വേണ്ടില്ലായിരുന്നു പരമാവധി നാടിനെ ദ്രോഹിച്ച് ജീവിക്കുന്ന മനുഷ്യർ വേറെങ്ങും ഉണ്ടാവില്ല..
എന്തായാലും നന്നായി ഈ വിഷയം എഴുതിയത്.

നീലത്താമര | neelathaamara പറഞ്ഞു...

കന്തറ പാലത്തിനടിയില്‍ തിരിച്ചുപോകാന്‍ ഊഴവും കാത്തിരിക്കുന്നവരെയാണിപ്പോള്‍ ഓര്‍മ്മ വരുന്നത്‌.

നല്ല പോസ്റ്റ്‌. ആശംസകള്‍.

Joy Palakkal ജോയ്‌ പാലക്കല്‍ പറഞ്ഞു...

ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
നന്നായിരിക്കുന്നു...
ഹൃദയംനിറഞ്ഞ ആശംസകള്‍!!

ജുവൈരിയ സലാം പറഞ്ഞു...

നമ്മുക്കിനി ഗൾഫ് വേണ്ട...

രമേശ്‌അരൂര്‍ പറഞ്ഞു...

> മുനീര്‍ .എന്‍ .പി :പറഞ്ഞത് വളരെ ശരിയാണ് ..നാട്ടിലുള്ള വര്‍ക്ക് ഈ തിരിച്ചറിവുകള്‍ എന്നാണു ഉണ്ടാവുക ?
> നസീര്‍ പാങ്ങോട് :നാട്ടിലുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നവരാണ് പ്രവാസികള്‍ ..അഭിപ്രായത്തിന് നന്ദി ,ഇനിയും വരുമല്ലോ .
> ജെ .പി .വെട്ടിയാട്ടില്‍ :വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..
> പ്രയാണ്‍: എല്ലായ്പ്പോഴും സ്വാഗതം ..വായനയ്ക്ക് നന്ദി
> ജയരാജ് മുരുക്കുംപുഴ : പതിവുപോലെ എത്തിയതില്‍ സന്തോഷം
> മുകില്‍ : വിലയേറിയ അഭിപ്രായപ്രകടനത്തിന് നന്ദി .
> നീലത്താമര :കന്തപ്പാലത്തിന്റെറ താഴെ കുരുങ്ങി പ്പോയ ജന്മങ്ങളെ ഓര്‍ത്ത്‌ ഞാനും വേദനിച്ചിട്ടുണ്ട് ..അവര്‍ക്ക് എത്രയും വേഗം വീടണയാന്‍ കഴിഞ്ഞെങ്കില്‍ ...
> ജോയ് പാലക്കല്‍ :വളരെ നന്ദി ജോയ് ..ഇനിയും ഇവിടെ വരണേ
> ജുവൈരിയ സലാം :ഗള്‍ഫ് വേണ്ടെന്നു ഒറ്റയടിക്ക് പറയേണ്ട ..പുതിയവര്‍ നാട്ടില്‍ നിന്ന് അവിടം ഗള്‍ഫാക്കി മാറ്റട്ടെ,,,

Sapna Anu B.George പറഞ്ഞു...

രമേശ് അയിരൂരിന്റെ വാക്കിലും അഭിപ്രായത്തിലും വിശകലനത്തിലും വിശ്വസിച്ച് നാളെ ആരെങ്കിലും ,ഗള്‍ഫ് സംരംഭങ്ങളും ജോലിയും ഉപെക്ഷിക്കും എന്നു വിചാരിക്കുന്നുണ്ടെങ്കില്‍ അതു വെറുതെയാണ്. അങ്ങനെ ഒരു പ്രതിക്ഷ വേണ്ട, ഇന്‍ഡ്യാ മഹാരാജ്യം ഒഴിച്ച് എല്ലായിടത്തും അവരുടെ എംബസിക്കും,മറ്റും രാജ്യക്കാര്‍ക്കും ആല്‍ക്കാരുടെ സുരക്ഷയും ,മറ്റും ആണ് മുഖ്യം അല്ലാതെ അവര്‍ വന്നിരിക്കുന്ന കംബനിയുടെ ജോലി തീരുന്നോ , നഷ്ടമുണ്ടോ എന്നൊന്നും നോക്കാറില്ല. നമ്മുടെ ഗവണ്മെന്റിന്റെ ചിന്താഗതി മാറാതെ ,ആള്‍ക്കാരെ ഗള്‍ഫിലേക്കു പോകുന്നതു തടയാനൊ, വരും വരായ്കകകള്‍ പറഞ്ഞു മനസ്സിലാക്കാനൊ തീരുമാനിക്കാത്തിടത്തോളം , നമ്മുടെ ഒക്കെ ഗതി ഇതു തന്നെ.ഇംഞ്ചിനീരും ,ഇംബിയെയും ആയതു കൊണ്ടു വ്യത്യാസം ഇല്ല, ഇന്‍ഡ്യാക്കാരനാണോ ഇവിടെ തട്ടു മേടിച്ചിരിക്കും. സമയം പോലെ ഈ ലിങ്കും കൂടി വായിക്കൂ.......http://sapnaanu.blogspot.com/search/label/%E0%B4%95%E0%B4%A6%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE%20Housemaid

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

പോസ്റ്റു നന്നായി. ആശംസകള്‍..!

നിഴലും ചിത്രവും പറഞ്ഞു...

ഗള്‍ഫ്...നന്നയിട്ടുണ്ട്...അപ്രിയ സത്യങ്ങളുടെ നേര്‍ക്കാഴ്ച്ച.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പലരും തിരിച്ചു പോവുന്നു. ഇനി തിരിച്ചില്ലെന്നു ആണയിടുന്നു. പെട്ടന്നൊരു ആശുപത്രി കേസ് വരുമ്പോ, കെട്ട്യോളെ അനിയത്തീടെ കല്ല്യാണം വരുമ്പോ, അളിയന്റെ ഗൃഹപ്രവേശം വരുമ്പോ... കെട്ടുതാലി ബാങ്കില്‍ കൊടുത്ത് ഒന്നിന് പന്ത്രണ്ടെന്ന പഴങ്കണക്കും കൂട്ടി വീണ്ടും വിസക്ക് വേണ്ടി പരക്കം പായുന്നു. ഞാനും നിങ്ങളും അവനും മറ്റവനും... :)

സമീരന്‍ പറഞ്ഞു...

സൂക്ഷിച്ചോളുക ഇനി മലയാളി ഗള്‍ഫിലെക്കല്ല അറബി കേരളത്തിലെക്കാണ് വരാന്‍ പോകുന്നത്.കേരളം എന്ന പുതിയ ഗള്‍ഫിലേക്ക്!!!

കേള്‍ക്കാന്‍ സുഖംണ്ട്..!!
സ്വപ്നം കാണാനും..!!
ആരും വന്നില്ലെങ്കിലും വേണ്ട..
എന്നാ നാടൊന്ന് രക്ഷപ്പെടാ അവൊ...

രമേഷ്ജീ..
ആശംസകള്‍ ...

ഐക്കരപ്പടിയന്‍ പറഞ്ഞു...

വര്‍ത്തമാന കല കേരളത്തിന്‍റെ തൊഴില്‍ മേഖലയിലെ പുതിയ പ്രവണതയും, വിവാഹ മാര്‍ക്കറ്റിലെ മൂല്യ കുറവും ഗള്‍ഫുകാര്‍ക്ക് ശരിക്കും ഫീല്‍ ചെയ്യും. ഗള്‍ഫിലെ സാധാരണ കൂലി നാട്ടിലും കിട്ടും, രാജാവിനെ പോലെ തലയുയര്‍ത്തി,ഇഖാമയും പാസ്പോര്‍ട്ടും ഇല്ലാതെ നടക്കാം, കുടുംബവും നാടും ഒപ്പത്തിനൊപ്പം ജീവിക്കാം..പക്ഷെ, ഗള്‍ഫില്‍ പണിയൊന്നും ഇല്ലാതെ നടന്നാലും നാട്ടില്‍ പണിക്ക് പോയി മെനക്കെടാന്‍ നമ്മള് വല്ല തമിഴ്നാട്ടില്‍ പോയി ജനിക്കേണ്ടി വരും...
ഇക്കണക്കിനു പോയാല്‍ അറബികള്‍ കേരളത്തില്‍ വന്നാലും നമ്മള് ഗള്‍ഫില്‍ നിന്നും പോകില്ലെന്ന് പറഞ്ഞ നിരീക്ഷണ പാടവത്തിനു നൂറു മാര്‍ക്ക്....

Anya പറഞ്ഞു...

Hi രമേശ്‌

Nice post
The pictures I mean :-)
I cannot read those curly things
LOL

Have a nice evening
:-)

രമേശ്‌അരൂര്‍ പറഞ്ഞു...

> സപ്ന :ഒരു ബ്ലോഗു പോസ്റ്റോ ,പത്ര വാര്‍ത്തയോ ,മനുഷ്യ ചങ്ങലയോ ,മുന്നറിയിപ്പ് ബോര്‍ഡോ കൊണ്ട് പെട്ടെന്നൊരു ദിവസം ഒന്നും മാറ്റിയെടുക്കാന്‍ കഴിയില്ല ,പക്ഷെ നിരന്തരവും ജാഗ്രത്തും ആയ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ചിലരില്‍ എങ്കിലും മാറ്റത്തിന് പ്രേരകമായ ചിന്തകള്‍ ഉണ്ടാക്കും .അത് തന്നെയാണ് ഈ ലേഖനത്തിന്റെയും ഉദ്ദേശ്യം. സപ്നയെപ്പോലുള്ളവര്‍ ഈ രംഗത്ത് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തു എന്നതിന്റെ തെളിവാണ് അയച്ചു തന്ന ലിങ്കിലെ സ്റ്റോറി ..
> പ്രഭന്‍ കൃഷ്ണന്‍ ..
> നിഴലും ചിത്രവും (സന്തോഷ്‌ ബാബു )
നന്ദി
> ശ്രദ്ധേയന്‍ :താങ്കള്‍ പറഞ്ഞത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യം .
> സമീരന്‍ :അറബികള്‍ നമ്മുടെ നാട്ടിലേക്ക് വരും ..അതിനുള്ള പദ്ധതികളില്‍ ഒന്നാണ് സ്മാര്‍ട്ട് സിറ്റി ,
> ഐക്കരപടിയന്‍ :താങ്കളുടെ നിരീക്ഷണങ്ങള്‍ അര്‍ത്ഥവത്താണ് ..സമീരനു കൊടുത്ത മറുപടി ശ്രദ്ധിച്ചു വല്ലോ ..
> ANYA :My best friend from abroad .thank you very much for your great support

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

ഇപ്പോഴത്തെ അടിസ്ഥാനപ്രശ്നം പെണ്ണുകെട്ടല്‍ തന്നെയാണെന്ന് തോന്നും ചിലരുടെ ചോദ്യവും പറച്ചിലും കേട്ടാല്‍ 18 തികഞ്ഞാല്‍ കെട്ടി പത്താം‌മാസം ഇരട്ടപെറുകയും ചെയ്യണമെന്ന് തോന്നും; വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗമാണല്ലോ മനുഷ്യര്‍(?) .പിന്നെ നാട്ടുകാരുടെ ആസൂത്രിതമായ കുടുംബജീവിതത്തിന്റെ ഗുണമെന്നോണം പെണ്‍കുട്ടികളുടെ എണ്ണത്തില്‍ സംഭവിച്ച വലിയ കുറവു നികത്താന്‍ സര്‍ക്കാര്‍ ഒറ്റപെണ്‍കുട്ടിക്ക് എന്തൊക്കെയോ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.ഇതൊക്കെ ഡിമാന്റ് കൂട്ടി എന്നു പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു . പിന്നെ പഴയകാലമല്ലല്ലോ ,പെണ്‍കുട്ടികള്‍ക്കും ജീവിതത്തോട് കാഴ്ചപ്പാടുകള്‍ വേണമല്ലോ.അതിലെന്താണു തെറ്റ് .വീട്ടില്‍ ആളില്ലാത്തത് കൊണ്ടും വയസ്സറിയിച്ച് പോയി എന്ന കാരണത്താലുമല്ലേ ഒട്ടുമുക്കാലുമാള്‍ക്കാരും പെണ്ണുകെട്ടാനിറങ്ങുന്നത് .വീട്ടുകാര്യങ്ങള്‍ നോക്കാന്‍ നിര്‍ത്തി പോകുന്നവരെ കെട്ടി കഷ്ടപ്പെടാന്‍ തയ്യാറുള്ള ആരുണ്ടാവും. അല്ലെങ്കില്‍ തന്നെ അതിന്റെ ആവശ്യമെന്താ .വീട്ടില്‍ ആളില്ലെങ്കില്‍ ആ കുറവു തീര്‍ക്കാനും ഇന്നു തൊഴിലാളികളില്ലേ .തിരയൊഴിഞ്ഞ് തോണിയിറക്കാം എന്നത് വ്യാമോഹമാകുന്നവര്‍ തോണിയിറക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തിന് തിരയില്‍പെട്ടുഴറണം എന്ന് വിചാരിക്കുന്നവരാണ് അധികവും .കാലത്തിന്റെ കാഴ്ചപ്പാടുകളിലുള്ള പ്രകടമായ മാറ്റമാകാം ഇത് . ഗള്‍ഫുകാരനെ മതി എന്നു പറഞ്ഞവരേയും നാട്ടിലെ ഓട്ടോ ഡ്രൈവറെ മതീന്ന് പറഞ്ഞവരേയും അറിയാം .
പിന്നെ പെണ്ണുകെട്ടാനായി നാടുമുഴുവന്‍ പെണ്ണന്വേഷിച്ച് നടക്കുന്ന ഏര്‍പ്പാട് ഇനിയും മാറേണ്ട കാലമായില്ലെന്ന് തോന്നുന്നു ,അപവാദമായി ചിലരുണ്ടെങ്കിലും .

പിന്നെ ഈ പറയുന്ന ഏതെങ്കിലും രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു വിടാതെ പാടത്തെ പണിക്ക് പോകാനനുവദിക്കുമോ ? ഏതെങ്കിലും മക്കള്‍ തങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് കൃഷിക്കോ നാടന്‍‌പണിക്കോ ഇറങ്ങിയാലത്തെ പുകിലോ . സ്വന്തം വീട്ടില്‍ ഊണുകഴിച്ച പാത്രം കഴുകാത്തവര്‍ അതിര്‍ത്തിവിട്ടാല്‍ പിന്നെ എന്തും ചെയ്യാം എന്ന മനോഭാവത്തിന് അധികമൊന്നും കുറവ് ഇപ്പഴും വന്നിട്ടില്ലല്ലോ .
ഇതൊക്കെ പറഞ്ഞ് നാളെ മുതല്‍ ഞാന്‍ തൊഴിലുറപ്പുപദ്ധതിയില്‍ ചേരാന്‍ പോകുന്നു എന്നര്‍ത്ഥമില്ല .അത്യാവശ്യ കാര്യങ്ങള്‍ക്ക് മുട്ടില്ലാത്ത ജോലി കേരളത്തില്‍ തന്നെ ചെയ്യണമെന്നാണാഗ്രഹം , കൂടിപോയാല്‍ ദക്ഷിണഭാരതത്തിലെവിടെയെങ്കിലും .അതിനുമപ്പുറത്തേക്ക് ചിന്തയിലില്ല .

chithrangada പറഞ്ഞു...

രമേശ്,നല്ല പോസ്റ്റ് !
കാലിക പ്രാധാന്യമുള്ള വിഷയം ,
അവതരണ രീതി എല്ലാത്തിലും
നല്ല പത്രപ്രവര്ത്തകന്റെ
ലക്ഷണമൊത്ത പോസ്റ്റ് !

ആസാദ്‌ പറഞ്ഞു...

സത്യത്തില്‍ ഗള്‍ഫു നാടുകള്‍ ഒരു വാഗ്ദത്ത ഭൂമിയായി എനിക്ക്‌ തോണുന്നില്ല. ഒരു തരം സ്വപ്ന ഭൂമിയാണത്‌. എഴുപതികളിലെ ദേശാടനങ്ങള്‍ അതി ജീവനത്തെ മാര്‍ഗമായിരുന്നെങ്കില്‍ പിന്നീടത്‌ കാശിനും കൂടുതല്‍ സൌകര്യത്തിനുമുള്ള ഒരു പാരമ്പര്യ രോഗമായി മാറുകയായിരുന്നു. സത്യത്തില്‍ ഇന്നത്തെ ഓരോ പ്രവാസിയും ആ രോഗത്തിണ്റ്റെ അടിമയാണ്‌. തിരിച്ചു ഞാന്‍ നാട്ടില്‍ ചെന്നാല്‍ എന്തു ചെയ്യും പടച്ചോനേ എന്ന നിലവിളി. എന്നാല്‍, ജീവിതത്തിണ്റ്റെ ആ യുദ്ധമുഖത്തേക്ക്‌ എടുത്തു ചാടി മനോഹരമായി ജീവിക്കുന്ന ധാരാളം പേരെ എനിക്കറിയാം.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

സത്യം മാത്രമാണു പറഞ്ഞത്. ഗള്‍ഫില്‍ ചെയ്യുന്നതിന്റെ പകുതി ആത്മാര്‍ത്ഥതയോടെയും ഉത്സാഹത്തോടെയും ഇവിടെ പണിയെടുക്കാന്‍ തയ്യാറായാല്‍ അവിടെനിന്നുണ്ടാക്കുന്നതിന്റെ എത്രയോ ഇരട്ടി ഇവിടെനിന്നുണ്ടാക്കാം. ഗല്‍ഫില്‍ ജോലിചെയ്യുന്നവന്‍ അവന്റെ ഭക്ഷണ-താമസങ്ങള്‍ക്കു വേണ്ടി ഭീമമായ തുകതന്നെയാണു ചെലവഴിയ്ക്കുന്നത്. എല്ലാം കഴിച്ച് നാട്ടിലേയ്ക്കയയ്ക്കാന്‍ തുച്ഛമായതുക ബാക്കിയാവും. അതുതന്നെ ഇല്ലാത്തവരും ജോലിതന്നെയില്ലാത്തവരുമാണധികവും. ഒരു കടവും ഇല്ലാത്ത അവസ്ഥയില്‍ നിന്ന് പെരും കടം ബാക്കിയാക്കി യൌവനം കളഞ്ഞുകുളിച്ചവരും കുറവല്ല.

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗേഴ്‌സ് മീറ്റിന്റെ സ്ഥലവും തീയതിയും തീരുമാനിച്ചു.

കാക്കര kaakkara പറഞ്ഞു...

കേരളത്തിലെ ജോലിക്ക്‌ ഉയർന്ന വരുമാനം ഒക്കെ കിട്ടുന്നുണ്ട്‌... അതിന്റെ ഒരു പ്രധാനപ്പെട്ട കാരണം നാട്ടിൽ പണിയെടുക്കാൻ ആളില്ല, പണം വിദേശത്തെ നിന്ന്‌ വരുകയും ചെയ്യുന്നു... ഗൾഫിന്റെ പ്രതാപകാലത്തിന്‌ അല്പം ക്ഷീണം തട്ടിയിട്ടുണ്ട്‌, എന്നാലും എഴുതി തള്ളാറായിട്ടില്ല...

ഇപ്പോൾ കിട്ടുന്ന പെട്രോൾ ഡോളറിൽ നിന്ന്‌ സ്വരുകൂട്ടി കുറച്ച്‌ സമ്പാദ്യം കേരളം നിക്ഷേപത്തിലേക്ക്‌ മാറ്റിയാൽ, മലയാളിക്ക്‌ നല്ലത്‌...

Anya പറഞ്ഞു...

Thank you very much
for your Birthday wishes :-)

((hugs))

രമേശ്‌അരൂര്‍ പറഞ്ഞു...

> ജീവികരി വെള്ളൂര്‍: കല്യാണം അല്ല ഇവിടെ പ്രധാന വിഷയം..അത് വഴി മലയാളികളുടെ മനോഭാവങ്ങളില്‍ ഉള്ള പ്രത്യുല്‍പ്പാദനപരമല്ലാത്ത
പ്രവണതകളെ ചര്‍ച്ചയ്ക്കു വയ്ക്കുകയാണ് ഈ ലേഖനം ഉദ്ദേശിച്ചത് ,,അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു..ശക്തമായ അഭിപ്രായത്തിനു വളരെ നന്ദി ..
> ചിത്രാംഗദ : വരവിനും വായനയ്ക്കും പ്രശംസയ്ക്കും നന്ദി
> ആസാദ് :
> കൊട്ടോട്ടിക്കാരന്‍ :രണ്ടു പേരും ഇവിടെ ആദ്യമയെത്തിയതാണ് ..നന്ദി ..ഇനിയും വരുമല്ലോ ..
> കാക്കര : പുതിയ വാദമുഖം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ .

മനു കുന്നത്ത് പറഞ്ഞു...

മലയാളിയെന്നും മലയാളി തന്നെ....!!
നാട്ടില്‍ രാജാവിനെ പോലെ..!
അന്യനാട്ടില്‍ ഭൃത്യനെപോലെ.........!!

വിവാഹമാര്‍ക്കറ്റില്‍ പോലും... ചിലപ്പോള്‍ കൂലിപണിക്കാരുടെ താഴെയാവും അവന്‍റെ നിലവാരം.....!!!
പിന്നെ കിട്ടണമെങ്കില്‍ കൊണ്ടുപോകണമെന്ന നിബന്ധന..!!
അതിനെല്ലാവര്‍ക്കും കഴിയില്ല....!

എന്തായാലും..യാഥാര്‍ത്ഥ്യം നിറഞ്ഞ ഒരു നല്ല പോസ്റ്റ് തന്നതിനു അഭിനന്ദനങ്ങള്‍ ..!!(പക്ഷേ.. ഇതുപോലെ കുറെ വായിച്ചിട്ടുണ്ട് കേട്ടോ>>..!!)

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good

shajkumar പറഞ്ഞു...

നാം 'മലയാളികള്‍' അഭിമാനം വിറ്റും ഓണം ഉണ്ണണം.

രമേശ്‌അരൂര്‍ പറഞ്ഞു...

> ഈ പോസ്റ്റ് വായിച്ചു സജീവ മായി ചര്‍ച്ച നടത്തുകയും സ്വാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും അതിഥികള്‍ക്കും ഹൃദയം നിറഞ്ഞ
സ്നേഹം ,,നന്ദി ..
ഒടുവില്‍ വായിച്ചു അഭിപ്രായം അറിയിച്ച
മനു കുന്നത്ത് ,പ്രദീപ്‌ ,ഷാജികുമാര്‍
എന്നിവര്‍ക്കും നന്ദി ,,വീണ്ടും ഇത് വഴി വരുമല്ലോ ..

അജ്ഞാതന്‍ പറഞ്ഞു...

വിഷമിപ്പിക്കുന്ന സത്യങ്ങള്‍ ..

ramyanair

ശ്രീ പറഞ്ഞു...

ഇപ്പൊ നാട്ടില്‍ തന്നെ ഉള്ളവര്‍ക്കാണ് ഡിമാന്റ്...

ചാണ്ടിച്ചന്‍ പറഞ്ഞു...

ഗള്‍ഫുകാരുടെ കാര്യം പിന്നേം സഹിക്കാം...വന്നു വന്നു ഇപ്പോ ബിലാത്തികള്‍ക്കും, യാങ്കികള്‍ക്കും പോലും ഇതേ ഗതിയാ....

രമേശ്‌അരൂര്‍ പറഞ്ഞു...

> രമ്യ ..നന്ദി
> ശ്രീ :ഇത് സ്ഥാപിക്കാനാണ് എന്റെ ശ്രമം
> ചാണ്ടിച്ചന്‍: ചാണ്ടിക്കുഞ്ഞേ ഇതെവിടെയായിരുന്നു ? പേരും ബ്ലോഗും പരിഷ്കരിച്ചു നന്നാകാന്‍ തീരുമാനിച്ചോ !!

ചാണ്ടിച്ചന്‍ പറഞ്ഞു...

പട്ടിയെത്ര മൂത്താലും നക്കിത്തന്നെയല്ലേ കുടിക്കൂ...
എങ്കിലും ഒരു എളിയ ശ്രമം നടത്തുകയാ മാഷേ....
പിള്ളേരൊക്കെ വലുതായി വരികയല്ലേ...അതുകൊണ്ട് "കുഞ്ഞു" മാറ്റി "ച്ചനാ"ക്കി...പിന്നെ "തെണ്ടിത്തരങ്ങള്‍" എടുത്തു കളഞ്ഞു "ഗുണ്ടാമണ്ടികള്‍" എന്നാക്കി...
വായാടിയുടെ ബ്ലോഗില്‍ എന്നെ അന്വേഷിച്ചതിനു ഒരുപാട് നന്ദിയുണ്ട് കേട്ടോ....

lekshmi. lachu പറഞ്ഞു...

ഞാന്‍ എത്താന്‍ അല്പം വയികി.
പറഞ്ഞതെല്ലാം സത്യം..നല്ല രസായിട്ട്
എഴുതി..

ഗിരീശന്‍ പറഞ്ഞു...

നാട്ടിലുള്ള പലരുടെയും, മാനസികാവസ്ഥ...ഇതു തന്നെ....
ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ അന്യനാടുകളില്‍ പോയി കഷ്ട്ട്ടപ്പെട്ട് ...രണ്ടു കാശ് ഉണ്ടാക്കുന്നു .. ഇക്കൂട്ടര്‍ക്ക് വെറുതെ ഓസിനു എന്തെങ്കിലും കൊടുത്താലോ! നമ്മള്‍ നല്ല സുഹ്രുത്തുക്കള്‍...ഇല്ലെങ്കിലോ...അക്കാര്യം പറ്യെണ്ട....നന്നയിരിക്കുന്നു...ആശംസകള്‍.

മാനസ പറഞ്ഞു...

അക്ഷരം പ്രതി വാസ്തവം !!
നന്നായി രമേശ്‌ ജി .
പക്ഷെ,സമൂഹത്തിന്റെ ഈ മനോഭാവം മാറ്റിയെടുക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?
അനുഭവിക്കുക തന്നെ..
പാവം ഗള്‍ഫ്‌ മലയാളികള്‍ ‍.:(

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഒട്ടനവധി കാര്യങ്ങള്‍ പറഞ്ഞ പ്രസക്തമായ ഒരു ലേഖനം തന്നെ.സാധാരണ പോസ്റ്റ് വായന കഴിഞ്ഞാല്‍ കമന്റുകള്‍ കൂടി വായിച്ചേ എന്റെ കമന്റെഴുതാറുണ്ടായിരുന്നുള്ളൂ. ഇതിപ്പോള്‍ 104 എണ്ണം വായിക്കാന്‍ സംയം തികയില്ല!.മലയാളി ഇനിയും മന്‍സ്സു വെച്ചില്ലെങ്കില്‍ ഇവിടെ പട്ടിണിയും പിടിച്ചു പറിയും കാണേണ്ടിവരും/അനുഭവിക്കേണ്ടി വരും.ബൈക്കില്‍ ചെത്താനും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനുമേ ഇന്നത്തെ തലമുറക്കറിയൂ!.ഈ പോസ്റ്റിന്റെ കോപി ഒരു 10 പേര്‍ക്കെങ്കിലും ഫോര്‍വാഡ് ചെയ്താല്‍ വായിക്കുന്നവരുടെ ജീവിതത്തില്‍ പല വിധ അല്‍ഭുതങ്ങളും സംഭവിക്കും!

Sulfi Manalvayal പറഞ്ഞു...

കാര്യമില്ല രമേശ്ജീ. പ്രവാസികള്‍ എന്നും വിദേശികള്‍ തന്നെയാ.
25 രൂപക്ക് മീന്‍ വാങ്ങിയിരുന്നവന്‍ ഗല്‍ഫില്‍ പോയി വന്നു അതേ വിലക്ക് മീന്‍ ചോതിച്ചാല്‍ "ങ്ങള് ആളെ കളിയാക്കല്ലേ കോയാ" ന്നു മീന്‍കാരന്‍.
ടീഷര്‍ട് (സ്ഥിരമായി നാട്ടില്‍ പോവുമ്പോള്‍ കൂട്ടുകാര്‍ക്ക് കൊടുക്കുന്ന 10 ദിര്‍ഹം , ക്ഷമിക്കണം അവരോടു ഇവിടുത്തെ 500 രൂപ വില എന്നൊക്കെയാ തട്ടി വിടുക) ഇല്ലെങ്കിലും വേണ്ടില്ല, കടം ചോതിക്കരുതെ എന്ന് പറയുന്ന കൂട്ടുകാര്‍.
ഗള്‍ഫുകാരെക്കാള്‍ ഇപ്പോള്‍ വില നാടിലുള്ളവര്‍ക്ക് തന്നെയാ.
ഹോട്ടലില്‍ കയറിയാല്‍ അരിഷ്ടിച്ചു കഴിക്കുന്ന നാം, നാടിലുള്ളവരുടെ തീറ്റ കണ്ടു ഞെട്ടി പോവും. 500നു മുകളിലാ ഒറ്റ പ്രാവശ്യത്തെ ബില്‍.
പറയാനോരുപാട്. ഏതായാലും ഗള്‍ഫുകാരന്‍റെ അവസ്ഥ നന്നായി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍