2011, ജനുവരി 31, തിങ്കളാഴ്‌ച

ആത്മ നിന്ദയുടെ നിമിഷങ്ങള്‍

വിനായകന്‍ മാഷ്‌  സര്‍വീസില്‍ പ്രവേശിച്ചിട്ടെ ഉള്ളൂ ..ഒരു വെള്ളിയാഴ്ച ഉച്ച നേരം .പുതിയ ഡി എ പ്രഖ്യാപനത്തെ ക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു സ്റ്റാഫ് റൂമില്‍ .
ഇടയ്ക്കെത്തിയ ബെഡ് ഷീറ്റ് വില്പനക്കാരനെ ചിലര്‍ പൊതിഞ്ഞു നില്‍ക്കുന്നുണ്ട് .ആകെ ബഹളം .

ഇതിനിടെ നാല് -ബി യിലെ അഞ്ജുവിനെ ക്ലാസ് ലീഡര്‍ സുമന സ്റ്റാഫ് റൂമിലേക്ക്‌ കൊണ്ട് വന്നു .
അഞ്ജു ചെവി പൊത്തിപ്പിടിച്ചു തലയാട്ടി നിലവിളിക്കുകയാണ് .

"ടീച്ചറെ ,അഞ്ജുവിന്റെ കാതില്‍ കടന്നല്‍ കേറി കുത്തണൂ..." മൂക്കിള ഉള്ളിലേക്ക് വലിച്ചു കയറ്റി
ആണ്‍ തുണയായി വന്ന കുട്ടി മൊഴിഞ്ഞു .
അഞ്ജു വിനെ ഉടന്‍ തന്നെ ബെഞ്ചില്‍ കിടത്തി രണ്ടു മൂന്നു ടീച്ചര്‍മാര്‍ പരിശോധനയായി .തങ്കമണി
ടീച്ചര്‍ അഞ്ജു വിന്റെ കാതില്‍ വെള്ളം ഒഴിച്ച് കടന്നലിനായി കാത്തു നിന്നു.

പക്ഷെ കടന്നല്‍ പുറത്തിറങ്ങിയില്ല .അഞ്ജു കൂടുതല്‍ വികൃതമായി കരഞ്ഞു .

സൌമിനി ടീച്ചര്‍ ആയിടെ വാങ്ങിയ മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച്   അഞ്ജു വിന്റെ കാതിലേക്ക്    മിന്നിച്ചു .

"വെളിച്ചമുള്ളിടത്തെക്ക് ഏതു പ്രാണിയും വരും."

പക്ഷെ ഒരു പ്രാണിയും ആ വെളിച്ചത്തിലേക്ക് എത്തിയില്ല .കുട്ടിയാകട്ടെ തല കുടഞ്ഞു നിലവിളി
ഉച്ചത്തിലാക്കി .

"വരൂ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോകാം" എന്ന് പറഞ്ഞു വിനായകന്‍ മാഷ്‌   ഓട്ടോ വിളിച്ചു
.അഞ്ജു വുമായി രണ്ടു ടീച്ചര്‍മാര്‍ കൂടെ കയറി .തൊട്ടടുത്ത പ്രാഥമികആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചു.

"ഹേയ്..ചെവിക്കുള്ളില്‍ ഒരു പ്രാണിയും കയറിയിട്ടില്ല .പക്ഷെ ആകെ പഴുത്തിരിക്കുകയാണ് !
ചൊറിച്ചിലും വേദനയും കൊണ്ട് കുട്ടിക്ക് വെറുതെ തോന്നിയതാണ് ."

ഡോക്ടര്‍ കുറിച്ചു തന്ന മരുന്നുകളും വാങ്ങി നേരെ അഞ്ജുവിന്റെ വീട്ടില്‍ കൊണ്ടുവിടാമെന്ന്  തീരുമാനിച്ചു .കുട്ടി പറഞ്ഞ വഴിയിലൂടെ ഓട്ടോ യാത്രയായി .പിന്നെ ഓട്ടോയുടെ വഴി അടഞ്ഞപ്പോള്‍ അവര്‍  കാല്‍നടയായി .ഇടവഴി നൂല്‍വഴി താണ്ടി നടന്നു .ഇടയ്ക്ക് മാഷ്‌ ഓര്‍മിച്ചു .നല്ല
ഓമനത്തമുള്ള മുഖമാണിവള്‍ക്ക് ..നേരാം വണ്ണം കുളിപ്പിച്ച് ഒരുക്കി വിട്ടാല്‍ നല്ല ഐശ്വര്യം ..
ഈ രക്ഷിതാക്കല്‍ക്കെന്താ ഇങ്ങനെ തോന്നാത്തത് !

മുന്നില്‍ ഷീറ്റ് പൊളിഞ്ഞു പന്നിക്കൂട് പോലുള്ള വീട് തെളിഞ്ഞു .

"അമ്മേ" എന്ന് വിളിച്ചു അഞ്ജു അവരെ അകത്തേക്ക്   ക്ഷണിച്ചു . ഉള്ളില്‍ കീറപ്പായില്‍ നനഞ്ഞ
തിണ്ണയില്‍ കുന്തിച്ചിരിക്കുകയാണ് അവളുടെ അമ്മ !

"അമ്മേട മനസിന്‌ സൂക്കേടാ .."

"അപ്പോള്‍ അച്ഛന്‍ ?"

"രാത്രി വരും ..കുടിച്ചിട്ട് അമ്മേന തല്ലും ..എന്നെ വഴക്ക് പറയും "

തിരിച്ചു പോകാനാവാതെ അവര്‍ , മൂന്നു അധ്യാപകര്‍ കുഴഞ്ഞു നിന്നു .മാഷിന്റെയുള്ളില്‍ ആത്മനിന്ദയും സങ്കടവും നിറഞ്ഞു .'ഈശ്വരാ എത്ര സുരക്ഷിതമായ താവളങ്ങളിലിരുന്നാണ്  ഞങ്ങള്‍ അധ്യാപകര്‍ ഈ കുട്ടികളെ  ശാസിക്കുന്നത് !     ശിക്ഷിക്കുന്നത് !!            വിമര്‍ശിക്കുന്നത് !!! ..
ഓട്ടോ റിക്ഷയില്‍ കയറുമ്പോള്‍   സൌമിനിടീച്ചര്‍ കണ്ണുകള്‍ ഒപ്പുന്നുണ്ടായിരുന്നു ..
---------------------------------------------------------------------------------------------------------------------

കോടംതുരുത്ത് വി വി ഹൈസ്കൂളിലെ അധ്യാപകനും പത്രപ്രവര്‍ത്തകനും ആയ  ആത്മ  സുഹൃത്ത് ശ്രീ .പി.എസ്. വിനായകനു നേരിട്ട അനുഭവം ആണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  ചോക്കുപൊടി എന്ന പംക്തിയില്‍ അദ്ദേഹം ഈ സംഭവം കുറിച്ചിട്ടുണ്ട് .ചിത്രം :ഗൂഗിളില്‍ നിന്ന് .

89 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

kARNOr(കാര്‍ന്നോര്) പറഞ്ഞു...

നോവിച്ചു

hafeez പറഞ്ഞു...

പാവം കുട്ടി. ഇപ്പൊ കടന്നല്‍ നമ്മുടെ മനസ്സിലാണ്

ജുവൈരിയ സലാം പറഞ്ഞു...

hafeez പറഞ്ഞതിനോട് യോജിക്കുന്നു.ഇപ്പൊ കടന്നല്‍ നമ്മുടെ മനസ്സിലാണ്..

മുകിൽ പറഞ്ഞു...

വിഷമം വല്ലാതെ തോന്നുന്നു.
'ഈശ്വരാ എത്ര സുരക്ഷിതമായ താവളങ്ങളിലിരുന്നാണ് ഞങ്ങള്‍ അധ്യാപകര്‍ ഈ കുട്ടികളെ ശാസിക്കുന്നത് ! ശിക്ഷിക്കുന്നത് !! വിമര്‍ശിക്കുന്നത് !!! ..

എങ്കിലും ഈ ചിന്ത എത്ര വലിയത്.

റാണിപ്രിയ പറഞ്ഞു...

നൊമ്പരം ഉണര്‍ത്തി .....
ഇങ്ങനെ എത്ര എത്ര കുഞ്ഞുങ്ങള്‍ ....

നന്നായി എഴുതി .....

ente lokam പറഞ്ഞു...

"ചില്ല് മേടയില്‍ ഇരുന്നു എന്നേ കല്ലെറിയരുതേ"..
"why the people are crying for bread ? why can 't they eat cake"?
എന്ന് രാജ്ഞി പണ്ട് ചോദിച്ചത് വലിയ തമാശ..ഇതിനൊക്കെ വൃത്തി ആയി സ്കൂളില്‍ വന്നു കൂടെ? സമയത്തിന് ആശുപത്രിയില്‍ പോയി കൂടെ എന്ന് നാം മറ്റുള്ളവരോട് ചോദിക്കുമ്പോള്‍ അത് ചെറിയ
തമാശ..അറിഞ്ഞത് കുറച്ചു..അറിയാത്തത് കൂടുതല്‍...നന്ദി രമേഷ്ജി ...

Kalavallabhan പറഞ്ഞു...

ഇല്ലായ്മയിലും സന്തുഷ്ടമായ കുടുംബങ്ങളുണ്ട്.
ഇവിടെ കുട്ടിയെയും കുടുംബത്തെയും കിട്ടുന്നതു കൊണ്ട് പോറ്റുവാൻ അച്ഛനാവുന്നില്ല, കിട്ടുന്നത് കുടിക്കാനും മറ്റാരുടെയും മേക്കിട്ട് കേറാനാവത്തതിനാൽ കെട്ടിയവളുടെ മേലെയുമാവുന്നു.
ഇവിടെ വില്ലൻ മദ്യം തന്നെ. മദ്യം വിറ്റിട്ടാണെങ്കിലും സർക്കാർ സ്കൂളുകൾ നടത്തുന്നില്ലേ ?

Anya പറഞ്ഞു...

I cannot read it !!!!
But it looks like a very sad post..
;(Enjoy your day :-)

faisu madeena പറഞ്ഞു...

paavam kutty...

ശ്രീക്കുട്ടന്‍ പറഞ്ഞു...

ശരിക്കും സങ്കടം തോന്നുന്നു ആ കുഞ്ഞിനെയോര്‍ത്ത്....

മനു കുന്നത്ത് പറഞ്ഞു...

എന്താ പറയാ....?
സമൂഹത്തില്‍ ഇതുപോലെ ഒരുപാട് ജീവിതങ്ങളുണ്ട്.. നമ്മളറിയുന്നത് ഇത്ര...അറിയാത്തത് എത്ര........?
കുറച്ചു വരിയേ ഉള്ളൂ.. കണ്ണു നിറക്കാന്‍ ഇതു തന്നെ ധാരാളം.. വളരെ വേദനിക്കുന്ന തരത്തില്‍ പറഞ്ഞു.. ........!!

ismail chemmad പറഞ്ഞു...

സമാനമായ ഒരു പോസ്റ്റ്‌ മുല്ലയുടെ ബ്ലോഗില്‍ പോയി വായിച്ചിട്ട് വരുന്ന വഴിയാ
രമേശ മാഷേ കണ്ണ് നിറഞ്ഞു പോയി
ഒരു പാട് ചിന്തിപ്പിച്ച പോസ്റ്റ്‌

Naushu പറഞ്ഞു...

പാവം കുട്ടി....
ഇതുപോലെ എത്ര പേര്‍.....

Villagemaan പറഞ്ഞു...

എവിടെയോ ഒരു നൊമ്പരം..

ഹാഷിക്ക് പറഞ്ഞു...

തിരിച്ചു വരാനാവാതെ കുഴഞ്ഞു നിന്ന അധ്യാപകരുടെ അതേ അവസ്ഥ ഇത് വായിക്കുന്നവര്‍ക്കും ഉണ്ടാകും.ഇങ്ങനെ എത്ര പേര്‍ ഒരു പക്ഷെ നമ്മുടെ ഒക്കെ അടുത്തിരുന്നു പഠിച്ചിട്ടുണ്ടാകും?

Sukanya പറഞ്ഞു...

ശരിയാണ്, നമ്മള്‍ക്ക് എന്തൊക്കെ പരാതികള്‍ ആണ്? സുരക്ഷിതമായ താവളങ്ങളില്‍ ഇരുന്ന് പരാതി പറയുന്ന കൂട്ടര്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാവണം. എന്നാലെ പഠിക്കു.

അനൂപ്‌ .ടി.എം. പറഞ്ഞു...

നമ്മുടെ കണ്ണുകള്‍ ഒന്നും കാണാന്‍ കൂട്ടാക്കുന്നില്ല അല്ലെ?
രമേഷ്ജി നല്ല എഴുത്ത്.
നൊമ്പരത്തോടെ...

appachanozhakkal പറഞ്ഞു...

'കാണാക്കാഴ്ചകളെന്നു' നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല, നമ്മുടെ നാട്ടിലെ പല വീടുകളില്‍ ഇങ്ങനെയുള്ള സ്ഥിരം കാഴ്ചകളുണ്ട്. പക്ഷെ, 'കാണേണ്ടവര്‍' കാണുന്നില്ലല്ലോ!!
അവതരണവും വളരെ നന്നായി!

moideen angadimugar പറഞ്ഞു...

ചോക്കുപൊടി വായിച്ചിരുന്നു.ഇപ്പോൾ ഒന്നുകൂടി ഓർമ്മ പുതുക്കി.ആശംസകൾ

മുല്ല പറഞ്ഞു...

ബി എഡിന്റെ പ്രാക്റ്റിക്കലില്‍ കേസ് സ്റ്റഡി എന്നൊരു പേപ്പറുണ്ട്.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു കുട്ടിയെ പഠിച്ച് ,എന്തുകൊണ്ടാണു അവന്‍,അവള്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നത് എന്നെഴുതണം. ഒരു വഴിപാട് പോലെ തോന്നിയത് എഴുതി വെക്കും.പിന്നീട് മുത്തുലക്ഷ്മിയെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ എന്നെ പറ്റി എനിക്ക് ലജ്ജ തോന്നി. ഞാനെഴുതി വെച്ചതിനേക്കാള്‍ ഭീതിതമാണു അവളുടെ സ്ഥിതി എന്നോര്‍ത്ത്. ചേരിയില്‍ നിന്നും വരുന്ന ആ കുട്ടി, ജീവിതത്തോട് കാണിക്കുന്ന ആര്‍ജ്ജവം കണ്ടപ്പോള്‍ ഞാനൊക്കെ പോയി തൂങ്ങിച്ചാവുന്നതാണു നല്ലതെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു.

nikukechery പറഞ്ഞു...

അനുഭവങ്ങൾ പൊള്ളിക്കുമെങ്കിലും ഞാനടക്കം ഭൂരിപക്ഷത്തിനും നിസംഗത മാത്രം.

ആളവന്‍താന്‍ പറഞ്ഞു...

പാവം..

jayanEvoor പറഞ്ഞു...

ലോകം മെച്ചപ്പെട്ടിട്ടൊന്നുമില്ല!
പാവം കുട്ടി... അമ്മ...

യൂസുഫ്പ പറഞ്ഞു...

നാമറിയാതെ പോകുന്ന ചിലത്.

THEJAS പറഞ്ഞു...

കഥ (അനുഭവം) നന്നായി അവതരിപ്പിച്ചു.ഇങ്ങേനെയും കുട്ടികളുണ്ടെന്നു അധ്യാപകരറിയേണം. കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

ശ്രീനാഥന്‍ പറഞ്ഞു...

ഡി എ ക്കും ബേഡ്ഷീറ്റിനും മുകളിൽ കുഞ്ഞുങ്ങളുടെ നോവു പടരുന്നതു കണ്ടു!

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

കണ്ണുനിറഞ്ഞു തിരിച്ചു പോകുന്നു; അത്രമാത്രം..

നിശാസുരഭി പറഞ്ഞു...

നന്നായി എഴുതി.

khader patteppadam പറഞ്ഞു...

അങ്ങനെ ലക്ഷോപിലക്ഷം അഞ്ജുമാര്‍... പക്ഷെ നാം, നമ്മുടെ നാട്‌, ഗഗനവീഥികളിലേക്ക്‌ കുതിക്കുകയാണ്‌!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇങ്ങനെയും ഉണ്ട് ഇവിടെ ജീവിതങ്ങള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

പല പ്രശ്നങ്ങളിലും അപ്പാപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുറ്റപ്പെടുത്തലും സംസാരങ്ങളും നടക്കുമ്പോള്‍ ഒരിക്കലും അവരുടെ ജീവിത ചുറ്റുപാടുകള്‍ ചിന്തിക്കാറില്ല.
ഇത്തരം സംഭവങ്ങള്‍ക്ക് പല കാരണങ്ങളും കണ്ടെത്താവുന്നതാണ്.

വര്‍ഷിണി പറഞ്ഞു...

ടിവിയിലോ മറ്റുമായി അനാഥ മന്ദിരങ്ങളിലെ പുഞ്ചിരിയ്ക്കുന്ന മക്കളെ കണ്ടാലും നമ്മുടെ മനസ്സ് വിങ്ങും,കണ്ണു നിറയും....എന്നാലൊ ഇങ്ങനെയുള്ള മക്കളെ നേരിട്ട് കണ്ടാലും മനസ്സ് അറിയാതെ പറഞ്ഞു പോകും ഇതിലും ഭേതം ഒരു ഗാഡിയന്‍റെ കീഴില്‍ കുഞ്ഞ് ആരോഗ്യത്തോടേം സന്തോഷത്തോടേം കഴിയുന്നതല്ലേ നല്ലതെന്ന്..
അദ്ധ്യാപകര്‍ക്ക് ഒരു പരിതി വരെ സഹായിയ്ക്കാനും, സഹതാപിയ്ക്കനും കഴിയും എന്നതിനപ്പുറം നോക്കി നില്‍ക്കാനല്ലേ സാധിയ്ക്കൂ..

ajith പറഞ്ഞു...

അണ്ണാറക്കണ്ണനും തന്നാലായത്....

എല്ലാരുടെയും കണ്ണീരൊപ്പാന്‍ ഈ ലോകത്തിലാര്‍ക്കും കഴിയില്ല. പക്ഷെ ഓരോരുത്തരുടെയും സ്വന്തം ഒരു ചെറിയ ലോകമുണ്ട്. നാം നിരന്തരം കാണുകയും ഇടപെടുകയും ചെയ്യുന്ന മനുഷ്യരുള്ള ഒരു ചെറിയ ലോകം. എന്റെ ചെറിയ ലോകത്തിലുള്ളവരെ നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ ഓരോരുത്തരുടെയും ചെറിയ ലോകത്തിലുള്ളവരെ എനിക്കും. എന്നാല്‍ ഒന്ന് തീര്‍ച്ച. എന്റെ ഈ ലോകത്തില്‍ ദുഃഖിതരും നിരാശരും നിരാലംബരും ഇല്ല എന്ന് ആര്‍ക്കും പറയാനാവില്ല. അവിടെ തന്നാലായത് ചെയ്താല്‍ ഈ ലോകം ഇനിയും സുന്ദരമാകും. (നെഞ്ചില്‍ കനല്‍ കോരിയിടുന്ന എഴുത്ത്.)

സിദ്ധീക്ക.. പറഞ്ഞു...

ഒരു നൊമ്പരമായി ഇതങ്ങിനെ മനസ്സില്‍ കിടക്കും ഇനി ..ശെരിക്കും ആത്മനിന്ദ തോനുന്ന നിമിഷങ്ങള്‍ തന്നെ അത് .

വീ കെ പറഞ്ഞു...

ഇതുപോലെ ഓരോ വീട്ടിലെത്തി ചുഴിഞ്ഞു നോക്കിയാൽ കാണാം ഇതിനേക്കാൾ മോശമായ ധാരാളം ജന്മങ്ങൾ...! ഇതിനൊക്കെ ഒരു പരിഹാരമാണ് കണ്ടെത്തേണ്ടത്....

Salam പറഞ്ഞു...

മുല്ലയുടെ പോസ്റ്റ്‌ വായിച്ചു പൊള്ളി നില്‍ക്കുമ്പോഴാണ് ഇത് വായിക്കുന്നത്. നമ്മള്‍, വെച്ച വീടിനു ഒരു നിലകൂടി പണിയാമായിരുന്നു എന്ന ലോകമഹാ ദുഖത്തില്‍ കരയുന്നവര്‍. പുതിയ മാരുതി വാങ്ങിയത് അബദ്ധമായി, ഇന്നോവ വാങ്ങാമായിരുന്നു എന്ന നിത്യദുഖത്തില്‍ കഴിയുന്നവര്‍. പണം ബാങ്കില്‍ വെച്ചത് മണ്ടത്തരമായി, സ്ഥലം വാങ്ങിയിടാമായിരുന്നു എന്നോര്‍ത്തു കരയുന്നവര്‍.
I had the blues because I had no shoes, Until upon the street, I met a man who had no feet

വഴിപോക്കന്‍ പറഞ്ഞു...

ആ കുട്ടിയുടെ മുന്നില്‍ നാമെത്ര നിസ്സാരന്മാര്‍
പക്ഷെ രണ്ടു ദിവസം കൊണ്ട് അതു മറക്കുന്ന നാം വെറും നിസ്സാരന്മാരല്ല നീചന്മാര്‍ തന്നെയാണ്
ഒരു പക്ഷെ മേലോട്ട് നോക്കാന്‍ കൂടുതല്‍ സൌകര്യമുള്ള വിധമാണ് ദൈവം നമ്മുടെ കണ്ണുകള്‍ സൃഷ്ടിച്ചത് എന്നത് കൊണ്ടാവാം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇത്തരം നേരനുഭവങ്ങൾ നമ്മളേവരും എപ്പോഴും കാണുന്നുണ്ടെങ്കിലും...
അപ്പോഴ്പ്പോഴുള്ള ഒരു സഹതാപത്തിൽ കവിഞ്ഞ് ...
എന്തൊക്കെ ഇത്തരം പോരായ്മകൾക്ക് വേണ്ടി ചെയ്യുന്നു എന്നുകൂടി ചിന്തിക്കണം..!

ചെറുവാടി പറഞ്ഞു...

ഒരു നൊമ്പരമുണര്‍ത്തിയ കുറിപ്പ്.
ഇങ്ങിനെ എത്രയെത്ര കുട്ടികള്‍.
നമ്മളും പലപ്പോഴും നിസ്സഹായരാണ്.

Akbar പറഞ്ഞു...

മനസ്സില്‍ തീ കോരിയിട്ടു ഈ പോസ്റ്റ്.

അജ്ഞാതന്‍ പറഞ്ഞു...

വാക്കുകള്‍ കൊണ്ട് പലരും പരിതപിച്ചു..ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ ഇവര്‍ക്ക് ആത്മാര്‍ഥമായി എന്തെങ്കിലും ചെയ്യാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

mayflowers പറഞ്ഞു...

ചെവി വേദന വന്നതിനാല്‍ അധ്യാപകര്‍ ആ കുട്ടിയുടെ അവസ്ഥ കാണാനിടയായി.അല്ലായിരുന്നെങ്കില്‍ അതിനെ പിന്നെയും കുത്തുവാക്കുകള്‍ പറഞ്ഞു നോവിക്കില്ലായിരുന്നോ?
പാഠപുസ്തകങ്ങള്‍ക്കപ്പുറം പലരും ശ്രദ്ധിക്കുന്നില്ലെന്നുള്ളതാണ്‌ വാസ്തവം.

~ex-pravasini* പറഞ്ഞു...

നെഞ്ചിലൊരു കടന്നല്‍കുത്തേറ്റ വേദന!
കണ്ണുകളില്‍ നനവ്‌ !
എന്നിട്ടും ഞാന്‍ എന്‍റെ കുട്ടികളെ മാത്രമല്ലേ കാണുന്നുള്ളൂ..
നമ്മുടെ കണ്‍മുന്നില്‍ വന്നു പെടുന്ന ഇത്തരം മുഖങ്ങളെയെങ്കിലും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം..അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം.
അഞ്ജുവിന്‍റെ കാര്യത്തില്‍ ആ സ്കൂള്‍ അധികൃതരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ ആവോ..

തെച്ചിക്കോടന്‍ പറഞ്ഞു...

നാം കാണാതെ പോകുന്ന എത്രയെത്ര സത്യങ്ങള്‍ അങ്ങനെ. ഇത്തരം കാഴ്ചകളില്‍ അനുതാപം തോന്നുന്ന അധ്യാപകര്‍ (അല്ലാത്തവരും) കുറഞ്ഞു വരികയല്ലേ.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നൊമ്പരമുണര്‍ത്തിയ പോസ്റ്റ്..
പാവം കുട്ടി...

ശങ്കര്‍ജി പറഞ്ഞു...

നന്നായി എഴുതി .....

ശങ്കര്‍ജി പറഞ്ഞു...

പ്രിയ സുഹൃത്തെ,

ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്..അഭിപ്പ്രായത്തിനായി 'കാത്തിരിക്കുന്നു'.....

പള്ളിക്കരയില്‍ പറഞ്ഞു...

വിഷമകരം...

KELIKOTTU പറഞ്ഞു...

ഒരു കടന്നല്‍ക്കൂട്ടം മൂളിപ്പറന്നു.

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

Excellent! Very intense.

pushpamgad പറഞ്ഞു...

"അമ്മേട മനസിന്‌ സൂക്കേടാ .."
"അപ്പോള്‍ അച്ഛന്‍ ?"
"രാത്രി വരും ..കുടിച്ചിട്ട് അമ്മേന തല്ലും ..എന്നെ വഴക്ക് പറയും "
മനസ്സില്‍ തറഞ്ഞു പോയ വരികള്‍ !
ജീവിതം ആസ്വദിക്കാന്‍ ഉള്ള തിക്കും തിരക്കില്‍ നാം മറക്കുന്ന മക്കളും ഭാര്യയും വൃദ്ധരായ മാതാപിതാക്കളും .
ഒഴിഞ്ഞ മദ്യ ക്കുപ്പി കാണുമ്പോള്‍ തോന്നാറുള്ള വിഷമം പോലും അവരോടു കാണിക്കാന്‍ കൂട്ടാക്കാതെ അധ്വാനം ബിവരെജില്‍ ഒഴുക്കുന്നവര്‍ ഇത് വായിക്കണം .
അഭിനന്ദനങ്ങള്‍ ..

നന്ദു | naNdu | നന്ദു പറഞ്ഞു...

ഒന്നും പറയാനില്ല; ഒരു നെടുവീര്‍പ്പു മാത്രം!

sm sadique പറഞ്ഞു...

വാക്കുക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാവില്ല
എങ്കിലും,
ആ കുട്ടിക്കൊരു നല്ലകാലം, പ്രാർഥനയോടെ പ്രതീക്ഷിക്കുന്നു

ayyopavam പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ ഞാന്‍ അടക്കാകുന്ദ് ക്രസെന്റ്റ് സ്കൂളില്‍ പഠിക്കുമ്പോള്‍ അറബി പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ കുപ്പായത്തിന്റെ ഇല്ലാത്ത ബട്ടന്‍സ് ഇടാത്തതിന് പുറത്തു നിര്‍ത്തിയ ഒരു ഓര്മ ഉള്ളവന് അറിയില്ല ഇല്ലാത്തവന്റെ ബുദ്ധിമുട്ട

nanmandan പറഞ്ഞു...

നന്നായി എഴുതി .....

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വായിച്ചും കേട്ടും പഴകിയ കാര്യമാണെങ്കിലും ഇന്നും അഭംഗുരം തുടരുന്ന കാര്യത്തെ ആര്‍ദ്രമായി എഴുതി.
സ്വന്തം വീട്ടില്‍ ലൈംഗിക,ശാരീരിക പീഡനം നേരിടുന്ന കുട്ടികള്‍
അച്ഛനമ്മമാരുടെ സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ മാനസിക വിഷമം അനുഭവിക്കുന്ന കുട്ടികള്‍,
വിശപ്പ്‌ മാറ്റാനാകാതെ ക്ലാസില്‍ പട്ടിണി തിന്നുന്ന കുട്ടികള്‍....
നാമവരെ ഇതൊന്നുമറിയാതെ ശകാരിക്കുന്നു. ശിക്ഷിക്കുന്നു. അപൂര്‍വം ചില അധ്യാപകര്‍ കുട്ടികളുടെ ഉള്ളിലെക്കിറങ്ങി ഈ പോസ്റ്റിലെ പോലെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നു. തന്റെ ഭക്ഷണം, വിശന്ന കുട്ടിയുമായി പങ്കിട്ടു കഴിക്കുന്ന അധ്യാപകനെ കുറിച്ച് ബ്ലോഗില്‍ തന്നെ നാം വായിച്ചതാണ്.

Manoraj പറഞ്ഞു...

ആ കുട്ടിയുടെ അവസ്ഥയില്‍ എത്രയോ കുട്ടികള്‍. ഒരു കാര്യത്തില്‍ ആ കുട്ടിക്ക് ആശ്വസിക്കാം. അവള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസമെങ്കിലും കിട്ടുന്നുണ്ട്. അത് പോലും കിട്ടാതെ ഇതിലും അധികം നരകിക്കുന്ന എത്രയോ പേരുണ്ട്.

ഒരു സുഹൃത്ത് എഴുതിയതാണെന്ന് പോസ്റ്റില്‍ എഴുതി കണ്ടു. അതോ സുഹൃത്തിന്റെ അനുഭവത്തില്‍ നിന്നും രമേശ് ഉണ്ടാക്കിയ കഥയോ. അത് എനിക്കത്ര ക്ലിയറായില്ല. എഴുതിയത് ഓര്‍മ്മ അല്ലെങ്കില്‍ അനുഭവം എന്ന ലേബല്‍ ഉള്ളത് കൊണ്ട് നന്നായെഴുതി എന്ന് പറയുന്നില്ല. എന്നാല്‍ മറ്റുള്ളവരിലേക്ക് അത് നന്നായി വരച്ചു കാട്ടി എന്ന് പറയുന്നു. അത് രമേശ് ആണെങ്കിലും പി.എസ്.വിനായകനാണെങ്കിലും.

രമേശ്‌അരൂര്‍ പറഞ്ഞു...

@@ മനോരാജ്: ഈ സംഭവം ആദ്യം ലേഖനമാക്കി പ്രസിദ്ധീകരിച്ചത് ശ്രീ വിനായകന്‍ തന്നെയാണ്..
അദ്ദേഹത്തിന്‍റെ അനുവാദത്തോടെ ഇത് അവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്തി എഴുതിയാണ് ഈ പോസ്റ്റ്..അനുഭവത്തിന്റെ ആത്മാവ് നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മാറ്റെഴുത്ത്..ഹ്യൂമന്‍ ഇന്ററസ്റ്റിന്‍ഗ് വിഭാഗത്തിലുള്ള റിപ്പോര്‍ട്ടിംഗ് എന്ന് ഞങ്ങള്‍ പത്രക്കാര്‍ ഇതിനെ വിളിക്കുന്നു .അനുഭവിച്ച ആള്‍ എന്ന നിലയില്‍ ഇതിന്റെ എല്ലാ ക്രെഡിറ്റും വിനായകന്‍ മാഷിനു തന്നെ അവകാശപ്പെട്ടതാണ്..നല്ലൊരു എഴുത്തുകാരനാണ്‌ അദ്ദേഹം..:)
വായനയും വേദനയും അനുഭവിച്ച എല്ലാവര്ക്കും നന്ദി ..

P.M.KOYA പറഞ്ഞു...

ഹൃദയ സ്പര്‍ശിയായ ഒരു കഥ.ചെറു വരികളിലൂടെ
മനസ്സില്‍ പതിയുന്ന നല്ലൊരു ചിത്രം നമുക്ക് നല്‍കിയിരിക്കുന്നു.

ഭാനു കളരിക്കല്‍ പറഞ്ഞു...

കേരളത്തില്‍ ഈ അടുത്ത കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ ദരിദ്രരുടെ, വീടില്ലാത്തവരുടെ സംഖ്യ പരിശോധിച്ചപ്പോള്‍, അതിന്റെ ഫലം പരിഷത്തിനെ തന്നെ ഞെട്ടിച്ചു കളഞ്ഞു. അത്രയും അധികമായിരുന്നു. നമ്മള്‍ ഇന്നും കേരളം പുരോഗതിയില്‍ ആണെന്നും കേരളത്തലെ പ്രധാന പ്രശനം റോഡുകള്‍ ആണെന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.

Biju George പറഞ്ഞു...

രമേശ്‌ചേട്ടാ....പോസ്റ്റ്‌, പതിവ്പോലെ മികച്ചതായിരിക്കുന്നു. ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കാനും, അവക്ക് ഉത്തരം കണ്ടെത്താനും രമേശ്‌ ചേട്ടന്റെ് പോസ്റ്റുകള്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു.
കുറേകാലം മുന്‍പ് ഫ്രണ്ട്‌ലൈന്‍ എന്ന മാഗസിനില്‍ വായിച്ച ഒരു സംഭവം പറയട്ടെ....
രണ്ടു കുട്ടികള്‍. ഏഴു വയസ്സായ ആണ്‍ക്കുട്ടിയും പതിനൊന്ന് വയസ്സായ പെണ്‍ക്കുട്ടിയും.
ദൂരെയൊരു നഗരത്തില്‍ ഫാക്ടറി തൊഴിലാളി ആയിരുന്ന അച്ഛന്‍ ക്ഷയം ബാധിച്ചും, മറ്റെന്തോ ശാരീരിക ബുദ്ധിമുട്ടിനാല്‍ അമ്മയും ജോലി ചെയ്യുവാന്‍ ആകാതെ വീട്ടിലിരിക്കുന്നു.
അച്ഛന്‍ ജോലിച്ചെയ്യുന്ന കാലത്ത് ഉപയോഗിച്ചിരുന്ന, ഫാക്ടറിയിലെ യൂണിഫോം ഷേട്ട് ധരിച്ച്,ആണ്‍ക്കുട്ടി , വീട്ടില്‍ ആകെയുള്ള ഒരു പ്ലൈറ്റ്‌മായി രാവിലെ സ്കൂളില്‍ പോകും. ഉച്ചക്ക്, സ്കൂളില്നി്ന്നും ലഭിക്കുന്ന ഭക്ഷണം ആ പ്ലൈറ്റില്‍ ആക്കി ഓടി വീട്ടിലെത്തും. ആ പ്ലൈറ്റ്‌ കൂടാതെ വീട്ടിലുള്ളത് പഴകി ദ്രവിച്ച മറ്റൊരു പാത്രം മാത്രമാണ്. തനിക്ക് ലഭിച്ച ഉച്ചഭക്ഷണം ആ പാത്രത്തിലേക്ക് മാറ്റി, പ്ലൈറ്റ്‌ അവന്‍ തന്‍റെ ചേച്ചിക്ക് കൈമാറും. ഒപ്പം അവന്‍ ധരിച്ചിരിക്കുന്ന ഷേട്ടും!!! അവന്‍ വരുന്നത് വരെ ആ പതിനൊന്നുവയസ്സായ പെണ്‍ക്കുട്ടി അവളുടെ കുടിലിന്‍റെ ഇരുണ്ട മൂലയില്‍ ഒരു പഴന്തുണി മാത്രം ദേഹത്തിട്ട് പുറത്തിറങ്ങാന്‍ ആവാതെ ഇരിക്കുകയാണ്.
ആണ്‍ക്കുട്ടി കൈമാറിയ പ്ലൈറ്റ്‌മായി, അവന്‍ ഊരി നല്കിയയ ഷേട്ടും ധരിച്ച് അവള്‍ സ്കൂളിലേക്ക് ഓടും, ഉച്ചഭക്ഷണം കൊടുത്ത് തീരുന്നതിന് മുന്‍പേ അവിടെ എത്തുന്നതിനായി......
ആണ്‍ക്കുട്ടി കൊണ്ടുവന്ന ഭക്ഷണം അവനും അച്ഛനും പങ്കിട്ടു കഴിക്കും. സ്കൂള്‍ വിട്ട് വൈകീട്ട് വീട്ടിലെത്തുന്ന പെണ്‍ക്കുട്ടി, തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും ഒപ്പം കൊണ്ടുവരും. അത് അവളും അമ്മയും ചേര്‍ന്ന് കഴിക്കും....
ഇതാണ് ആ ബീഹാറി കുടുംബത്തിന്‍റെ ഒരു ദിവസത്തെ ഭക്ഷണം!!!
ഒരു കാര്യം ചോദിച്ചോട്ടെ.......,
ഒരു നേരത്തെ ഭക്ഷണം കഴിക്കുവാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ പോലും നമുക്ക് ചുറ്റും ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ നമുക്ക്‌ എന്താണ് അവകാശം???

അനീസ പറഞ്ഞു...

ഞാന്‍ ആദ്യം കഥ എന്നാണ് കരുതിയത്‌ , അനുഭവം എന്നത് ഞെട്ട്പ്പിച്ചു,

പാര്‍ത്ഥന്‍ പറഞ്ഞു...

ആ കടന്നൽ ഇപ്പോൾ തലക്കുള്ളിലായി. പ്രാധമിക വിദ്യഭ്യാസം കൊടുക്കാൻ (ഭക്ഷണം വേണ്ടവർക്ക് ഭക്ഷണം അടക്കം ) നമ്മുടെ സർക്കാരിന് കഴിവില്ലാതെയാണോ? അവരൊന്നും വോട്ടുബാങ്കുകളാവില്ല. സ്റ്റൈപന്റ് അടക്കം പല സൌകര്യങ്ങളും നിർല്ലോഭം ലഭിക്കുന്ന ചില മത/സമുദായങ്ങൾ നമ്മുടെ ഈ ദൈവത്തിന്റെ നാട്ടിൽ തന്നെയുണ്ട്.

റോസാപ്പൂക്കള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റോസാപ്പൂക്കള്‍ പറഞ്ഞു...

ഈ പോസ്റ്റു വല്ലാതെ നോവിച്ചു...
വേറൊന്നും പറയാനാവുന്നില്ല

lekshmi. lachu പറഞ്ഞു...

നല്ല പോസ്റ്റ്‌ മാഷെ,ഇതു ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍നിന്നും വായിച്ചിരുന്നു.

jayarajmurukkumpuzha പറഞ്ഞു...

nombaramayi.....

അജ്ഞാതന്‍ പറഞ്ഞു...

എവിടൊക്കെയോ കണ്ട കാഴ്ചകള്‍...ചിരിക്കാന്‍ വക തേടി വന്നതാണ്....കണ്ണിലുരുണ്ടു കൂടിയ കണ്ണുനീര്‍ത്തുള്ളിയുമായി മടങ്ങുന്നു...എങ്കിലും നല്ലൊരു ജീവിത യാഥാര്‍ത്ഥ്യം വായിച്ച സംതൃപ്തിയുണ്ട്

chithrangada പറഞ്ഞു...

നൊമ്പരം മാത്രം !
ചില്ല് മേടയിലിരുന്ന്
കല്ലെറിയാന് ...............
രമേശ് ,നന്നായി പോസ്റ്റ്

ശാന്ത കാവുമ്പായി പറഞ്ഞു...

അങ്ങനെ എത്രയെത്ര അനുഭവങ്ങൾ..

അജ്ഞാതന്‍ പറഞ്ഞു...

ഉള്ളിലെ ദുഖവും ഇല്ലായ്മയും മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്നവർ ധാരാളം . ഇങ്ങനെയുള്ളവരെ നമുക്കും തിരിച്ചറിയാൻ പ്രയാസം കാരണം അവർ ഉള്ളിൽ കരയുകയാണെങ്കിലും പുറമെ പുഞ്ചിരിയോടെ സമീപിക്കുന്നു.എല്ലാവരും സ്വന്തത്തിലേക്കു തിരിഞ്ഞു നടക്കുമ്പോൾ ആരും മറ്റുള്ളവരെ അറിയാൻ ശ്രമിക്കുന്നില്ല. വായിച്ചപ്പോൾ സങ്കടമായി...

Ronald James പറഞ്ഞു...

എന്‍റെ ചെവിയിലും മനസിലും ഇപ്പോളൊരു കടന്നലിന്‍റെ മൂളക്കമുണ്ട്..

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

"പുസ്തകത്താളുകളിലെ ഇന്ത്യയല്ല യഥാര്‍ത്ഥ ഇന്ത്യ"...

വേറൊന്നും പറയാനില്ല...

jyo പറഞ്ഞു...

കുട്ടിയുടെ കാര്യമോര്‍ത്ത് വിഷമം തോന്നി.

elayoden പറഞ്ഞു...

പാവം അഞ്ജു, ഇത് പോലെ എത്രയോ പേര്‍ നമുക്ക് ചുറ്റും, കണ്ടിട്ടും കണ്ണും, കാതും കൊട്ടിയടച്ചു നമ്മള്‍ മാറി പോവുന്നു.

നന്നായി എഴുതി..നോവ്‌ ബാക്കിയായി.

കമ്പർ പറഞ്ഞു...

ഹൌ..
അവസാനം മനസ്സിലൊരു വിങ്ങൽ .
വല്ലാത്ത ഒരു നൊമ്പരം.

അവതരണ ശൈലി സൂപ്പർ
അഭിനന്ദങ്ങൾ

Muneer N.P പറഞ്ഞു...

പുറമേ കാണുന്ന രൂപത്തില്‍ ചിന്തിക്കുമ്പോള്‍
മറ്റുള്ളവരുടെ യദാര്‍ത്ഥസ്തിഥി അറിയാതെ പോകുന്നു..നമുക്കു കിട്ടുന്ന സൌകര്യങ്ങളൊക്കെ സൌഭാഗ്യങ്ങളാണെന്ന് മനസിലാക്കാന്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മതി..

ishaqh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ishaqh പറഞ്ഞു...

"ആത്മ നിന്ദയുടെ നിമിഷങ്ങള്‍"
ശരിയാണ്..നാമുംവസിക്കുന്ന ഈസമൂഹത്തില്‍..!!!???
ഒരോര്‍മ്മപ്പെടുത്തലിന് നന്ദി..!!

ഫെമിന ഫറൂഖ് പറഞ്ഞു...

kadannal moolunnu, hridayathil........................................................................................

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നമ്മുടെ നേരെ ഒട്ടേറെ ശര്‍ങ്ങള്‍ എയ്തു കൊണ്ടാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്!.നാം കാണാത്ത പലതും നമുക്കു ചുറ്റുമുണ്ട്.മനസ്സില്‍ നൊമ്പരമുണ്ടാക്കി.

ആസാദ്‌ പറഞ്ഞു...

മനുഷ്യന്‌ അദൃസ്യമറിയാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ അവനീ ഭൂമിയില്‍ കാലു കുത്തി നടക്കാനാവില്ലായിരുന്നല്ലോ രമേശേട്ടാ! നമ്മളൊക്കെ മനുഷ്യരല്ലേ, വെറും മനുഷ്യര്‍!

Biju Davis പറഞ്ഞു...

:(

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

വൈകിയെത്തിയതിന്റെ ആത്മനിന്ദയുമായി പോകുന്നു...!

rasheed mrk പറഞ്ഞു...

നമ്മള്‍ പലപ്പോഴും നമ്മുടെ കൂടെയുള്ളവരുടെ അവസ്ഥകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല ..
മനസ്സില്‍ തട്ടുന്ന അവതരണം ..
പ്രശംസനീയം ..
ആശംസകള്‍

VIGNESH J NAIR പറഞ്ഞു...

ജീവിത അവസ്ഥ ആണ് ഇവിടെ കടന്നല്‍....നോവിച്ചു ഈ കടന്നല്‍

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

കഴിഞ്ഞ ദിവസം വായിച്ച മാധ്യമത്തിലെ ഒരു പംക്തിയും സമാന വേദന പകര്‍ന്നു തന്നു.
http://www.madhyamam.com/weekly/1390

Jefu Jailaf പറഞ്ഞു...

നെഞ്ചില്‍ കനലുകള്‍ വീഴുന്നു.. :(

Pradeep Kumar പറഞ്ഞു...

വിനായകൻ മാഷ് പറഞ്ഞതിനേക്കാളും ദയനീയമാണ് പലകുട്ടികളുടേയും സ്ഥിതി. അദ്ധ്യാപകൻ എന്ന നിലയിൽ ആത്മനിന്ദ തോന്നിപ്പോവും പല കുട്ടികളുടേയും ജീവിതസാഹചര്യങ്ങൾ കാണുമ്പോൾ.......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍