2011, ഫെബ്രുവരി 16, ബുധനാഴ്‌ച

മാടത്തക്കൂട്

ഴിയോരത്തു വെയില്‍ കൊണ്ട് വാടിത്തളര്‍ന്ന്  നില്‍ക്കുന്ന തുടുത്ത പൂക്കളെ കാണുമ്പോള്‍ ഞാന്‍ അറിയാതെ കുഞ്ഞുമണിച്ചേച്ചിയെ ഓര്‍ത്ത്‌ പോകാറുണ്ട്.. അവരുടെ എല്ലാമെല്ലാമായ മകന്‍     തിലകനെയും   ...
കാട്ടു പൂക്കളാണ് അവര്‍ ഇരുവരും  ..
ജീവിതം തുറന്നിട്ട അനുഭവങ്ങളുടെ കൊടും വഴിയില്‍ ആരും നട്ടു നനയ്ക്കാതെ  ..തടവും തണലുമില്ലാതെ സ്വയം വിരിഞ്ഞ  കാട്ടുപൂക്കള്‍ !

കൈതപ്പുഴയോരത്ത്   ഉപ്പു കാറ്റേറ്റു നില്‍ക്കുന്ന അവരുടെ കൂര  ഇന്നും ഓര്‍മയില്‍കരിമ്പടക്കെട്ടു പോലെ കിടപ്പുണ്ട് ..
കുട്ടിക്കാലത്തു തന്നെ അച്ഛനെ  നഷ്ടപ്പെട്ടവനാണ്‌ തിലകന്‍ .
കൈതപ്പുഴയുടെ ആഴങ്ങളില്‍  മുങ്ങി മണല്‍  വാരി വഞ്ചിയില്‍  നിറച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന തൊഴിലായിരുന്നു അവന്റെ അച്ഛന്‍ കുങ്കന് .  ഒരിക്കല്‍ മണല്‍ വാരാന്‍ പുഴയില്‍ മുങ്ങിയ  കുങ്കന്‍ മൂന്നാം ദിവസം ചീര്‍ത്തു  ജഡമായി കടവത്ത്  അടിയുകയായിരുന്നു. മത്സ്യങ്ങള്‍ കൊത്തിവലിച്ചു  വികൃതമാക്കിയിരുന്നു ആ മുഖം !

തിലകന്  കഷ്ടിച്ച് ഏഴോ  എട്ടോ വയസ്സ് കാണും .

അന്ന് മാഞ്ഞതാണ് കുഞ്ഞു മണി ചേച്ചിയുടെ മനസിലെ സിന്ദൂരക്കുറി!
മകനെയും  ചേര്‍ത്തു പിടിച്ചു വിതുമ്പിക്കരയുന്ന ചേച്ചിയുടെ മുഖം ഇന്നും  ഉള്ളില്‍ നീറിക്കിടപ്പുണ്ട്  .

അകാലത്തില്‍ വിധവയായ  ചേച്ചിയെയും കുഞ്ഞിനേയും  കൂട്ടി കൊണ്ട് പോകാന്‍ ആങ്ങളമാര്‍ വന്നെങ്കിലും കുങ്കന്‍ അലിഞ്ഞു ചേര്‍ന്ന  മണ്ണ് ഉപേക്ഷിച്ചു  പോകാന്‍ അവര്‍ക്ക് തോന്നിയില്ല.
കാലം പിന്നെയും കൈതപ്പുഴ പോലെ മുന്നോട്ടൊഴുകി .

സ്ഥാനം കൊണ്ട് ജ്യേഷ്ടത്തിയാണ് .അമ്മയ്ക്ക് തുല്യം . പക്ഷെ അവര്‍ ആരോഗ്യവും യൌവനവും തികഞ്ഞ ഒരു പെണ്ണാണ് ..അവര്‍ക്കും മോഹങ്ങള്‍ ഉണ്ടാകും .അങ്ങനെ കരുതിയിട്ടോ മറ്റോ ആയിരിക്കണം കുങ്കന്റെ ഇളയ സഹോദരന്‍ കുമാരന്‍ കുഞ്ഞുമണിയുടെ മുറിയില്‍ ഒരു രാത്രി കയറിച്ചെന്നു !
ചാരായം മണക്കുന്ന കുമാരന്റെ കവിളില്‍ ആഞ്ഞടിച്ച്‌ കുഞ്ഞിനേയും വാരിപ്പെറുക്കി
ചേച്ചി ആ രാത്രിയില്‍ ഞങ്ങളുടെ ചായ്പ്പില്‍ അന്തിയുറങ്ങാന്‍ അഭയം തേടി ..
അച്ഛന്റെ കൂടെ ഉരുള ചോറുണ്ട് ആ ശരീരത്തിന്റെ സുഗന്ധമനുഭവിച്ചു അകത്തെ മുറിയിലെ ഇളം ചൂടില്‍ കഥ കേട്ട് ഉറങ്ങാന്‍ കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ .

'എന്റെ കുങ്കന്‍ ജീവിചിരിപ്പുണ്ടായിരുന്നെങ്കില്‍ അവന്‍ ഈ പണി എന്നോട്  കാണിക്കുമായിരുന്നോ താത്തീ.." മൂക്ക് പിഴിഞ്ഞ് കൊണ്ട്  അവര്‍ പുലമ്പി .

"ഇണയും തുണയുമറ്റ  പെണ്ണ്   പെരുവഴിയിലെ പൂവ്  പോലെയാണ്  കുഞ്ഞീ ...ആര് കണ്ടാലും
ഒന്ന് മണക്കാന്‍ നോക്കും  ..."  അമ്മയുടെ വാക്കുകളിലും വിതുമ്പലിന്റെ നനവ്‌ ...

തിലകന്‍ ഒന്നുമറിയാതെ ഉറങ്ങുകയാണ് ...

ഞാന്‍ അത്ഭുതപ്പെട്ടു .അച്ഛന്റെ മണമേല്ക്കാതെ അവനെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു ?!!
ആ കൈ കൊണ്ട് നല്‍കുന്ന ഉരുള ചോറില്ലാതെ അവന്‍ എങ്ങനെ വിശപ്പടക്കുന്നു ?!!
കുഞ്ഞുമണി ചേച്ചിയുടെ ആങ്ങളമാര്‍ പിന്നീടങ്ങോട്ട് വന്നു കണ്ടിട്ടില്ല . കായല്ക്കരയിലെ കൊച്ചു പുരയിടത്തില്‍ കുങ്കന്റെ അവകാശികള്‍ എന്ന നിലയില്‍ കിട്ടിയ മൂന്നു സെന്ററില്‍ ഒരു കൂര
കെട്ടി കുഞ്ഞുമണി ചേച്ചിയും തിലകനും പൊറുതി തുടങ്ങി...

.കാല പ്രവാഹിനിയായ കൈതപ്പുഴ  പിന്നെയും ഒഴുകി..

തിലകന്‍ വളര്‍ന്നു .." കുങ്കനെ വാര്‍ത്തു വച്ചത്  പോലെ "
.അവനെ കാണുമ്പോള്‍ പലരും ചത്തു കെട്ടുപോയ കുങ്കനെ ഓര്‍ത്തു..

ചെമ്മീന്‍ കമ്പനികളിലെ  കൊടും തണുപ്പില്‍ കൂനിക്കൂടിയിരുന്നു പണിയെടുത്താണ്  കുഞ്ഞു മണി ചേച്ചി കുടിലില്‍ തീ പുകച്ചത് . ചെമ്മീന്‍ കമ്പനി മുതലാളി പച്ച നോട്ടുകള്‍ക്കൊപ്പം അവര്‍ക്ക് നേരെ നീട്ടിയ ഇളിഞ്ഞ ചിരി അവര്‍ കണ്ടില്ലെന്നു നടിച്ചു ..
രാത്രിവളരുമ്പോള്‍ കൂരയ്ക്ക് പിന്നിലെ ഇടവഴിയില്‍ ഉയര്‍ന്നു കേട്ട ചൂളം വിളികളും   അവര്‍ അവഗണിച്ചു  ..പേടി വരുമ്പോള്‍മുഷിഞ്ഞു നാറിയ തലയിണക്കീഴില്‍ മറച്ചു വച്ച ഇരുമ്പു പിച്ചാത്തി തടവി നോക്കി നെടു വീര്‍പ്പിട്ടു .പിന്നെ ഒന്നുമറിയാതെ  തളര്‍ന്നുറങ്ങുന്ന തിലകനെ മാറോടു ചേര്‍ത്തു പിടിച്ചുറങ്ങിയും  ഞെട്ടി ഉണര്‍ന്നും നേരം വെളുപ്പിച്ചു .

അവരുടെ സ്വപ്നങ്ങളില്‍  വഴിയോരത്ത് വിരിഞ്ഞ കാട്ടു പൂക്കള്‍ കൊടും വെയിലേറ്റു വാടി  തളര്‍ന്നു കിടന്നു .


തിലകന്‍ ഏഴാം   ക്ലാസില്‍ പഠിപ്പ് നിര്‍ത്തി..
പോകാന്‍ അവനെ ആരും നിര്‍ബന്ധിച്ചതുമില്ല .പിഞ്ഞിക്കീറിയ ഉടുപ്പുകളിട്ടു എത്ര നാള്‍ അവന്‍ സ്കൂളില്‍ പോകും ?
പഠിച്ചിട്ടെന്ത് കിട്ടാന്‍ എന്നൊക്കെയാവും അവന്റെ തോന്നല്‍ .സ്കൂളില്‍ ചെന്നാല്‍ മാഷുമാരുടെ കിഴുക്കും പരിഹാസവുമല്ലാതെ ഒന്നും കിട്ടിയിട്ടില്ല അവന്‌ ! 
എന്ത് തിന്നാലും തീരാത്ത വിശപ്പാണ് മറ്റൊരു കുഴപ്പം ! . വിശപ്പ്‌ കയറുമ്പോള്‍ നാട്ടിലെ മറ്റു തെറിച്ച പിള്ളേര്‍ക്കൊപ്പം അവന്‍ നാട് തെണ്ടാന്‍ ഇറങ്ങും .കാണുന്ന മാവിലും പുളിയിലും ഒക്കെ വലിഞ്ഞു കയറും . വടിയും കല്ലുമെടുത്തെറിയും..കിട്ടുന്നതൊക്കെ  തിന്നു കറങ്ങി നടക്കും...

മകനെക്കുറിച്ചുള്ള പരാതികള്‍ കൊണ്ട്  പൊറുതി മുട്ടുമ്പോള്‍ അമ്മ  അവനെ പ്രാകി വിളിക്കും ..
പിന്നെ മരിച്ചു മണ്ണടിഞ്ഞു പോയ കുങ്കനെ ഓര്‍ത്തു അവര്‍ വിലപിക്കും .

ഒരു സ്കൂള്‍ വേനലവധിക്കാലം ..

മരം കേറി നടക്കുന്ന തിലകന്‍ ഒരിക്കല്‍ കണ്ടു ..സ്കൂള്‍ മൈതാനത്തിനു തെക്ക് വശത്തുള്ള മണ്ട പോയ തെങ്ങിന്‍  തുഞ്ചത്ത് ഒരു മാടത്ത കൂട് .  അമ്മക്കിളിയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളുമുണ്ട്
കൂട്ടില്‍ .
പല ദിവസം നടന്നു തഞ്ചവും തക്കവും നോക്കി കണ്ടു പിടിച്ചതാണ് !
മാടത്തയെ വളര്‍ത്താന്‍ എനിക്ക് കൊതിയുണ്ടെന്ന കാര്യം തിലകനറിയാം...ഒത്ത ഒരു മാടത്തയെ തന്നാല്‍ അവന്‌ രൂപ കൊടുക്കാമെന്നു ഞാന്‍ വാക്ക് കൊടുത്തിരുന്നു . പലപ്പോഴായി അച്ഛന്റെ പോക്കറ്റില്‍ നിന്ന്  ആരും അറിയാതെ എടുത്തു കൂട്ടിവച്ച മുപ്പതു രൂപയുണ്ടായിരുന്നു എന്റെ മണ്‍  കുടുക്കയില്‍ ...

ചില്ലിത്തെങ്ങിലെ  മാടത്തക്കൂട്ടില്‍ നിന്ന്  കിളിയെ പിടിച്ചു തന്നാല്‍ ആ രൂപ അവന്‌ കൊടുക്കാമെന്നു ഞാന്‍ ഉറപ്പു നല്‍കി ..
ആ   പ്രലോഭനത്തില്‍ കെട്ടി എടുത്ത മോഹച്ചരടില്‍  പിടിച്ചാണ് കാറ്റുറങ്ങിയ
ഒരു നട്ടുച്ച നേരത്ത്  തിലകന്‍ മണ്ട പോയ ആ ചില്ലിതെങ്ങിലേക്ക് ഏന്തി വലിഞ്ഞു കയറിയത് !

മാടത്തക്കൂട്ടിലെ കുഞ്ഞു മാളത്തിനുള്ളില്‍ അവന്‍ സ്വപ്നം കണ്ടത് കിളികളെയല്ല ..സ്വന്തമാകാന്‍ പോകുന്ന  മുപ്പതു രൂപ !

ഞാന്‍ മണ്‍ കുടുക്കയുടച്ച്‌  വീട്ടില്‍ അക്ഷമയോടെ കിഴക്കോട്ടു നോക്കിയിരുന്നു  ..
മാടത്തകളുമായി തിലകന്‍ വരുന്നതും കാത്ത് ...

പക്ഷെ അവന്‍ വന്നതേയില്ല....

പിന്നീട്  ചാക്കാല പറയാന്‍ വന്ന ആരോ പറഞ്ഞു
അണ്ടം പോയ തെങ്ങില്‍ നിന്ന് ഒരു കിളിമുട്ട പോലെ അവന്‍ താഴെ വീണുടഞ്ഞെന്ന്  ...