2011, മാർച്ച് 14, തിങ്കളാഴ്‌ച

മരണം വരുന്ന നാള്‍

യിടെയായി ഉറക്കത്തിലും  ഉണര്‍വിലും  മരണത്തെപ്പറ്റിയുള്ള ചിന്തകളാണ്  എന്നെ ചൂഴ്ന്നു നില്‍ക്കുന്നത് ...കാരണം  മരിക്കുന്ന സുദിനം ഞാന്‍ മാസങ്ങള്‍ക്ക് മുന്നേ തന്നെ  അറിഞ്ഞു കഴിഞ്ഞു !
സത്യം !
അതിനുള്ള അവസരം ഭാഗ്യവശാല്‍ കുറച്ചു നാള്‍ മുന്‍പുതന്നെ എനിക്ക്  നാട്ടിലുള്ള ഒരു സുഹൃത്താ ണ് ഉണ്ടാക്കിത്തന്നത്   !

ഓണ്‍ ലൈനില്‍ വല്ലപ്പോഴും വന്നു സംസാരിക്കാറുള്ള ആ പെണ്‍സുഹൃത്ത്  അയച്ചു തന്നതാണ്    മരണം മുന്‍കൂട്ടി അറിയാന്‍ പ്രാപ്തമാക്കുന്ന  ആ വെബ് സൈറ്റിന്റെ   ലിങ്ക് ..

ആദ്യം തമാശയായി കണ്ടെങ്കിലും ആകാംക്ഷയോടെ അത് തുറന്നു ഞാനെന്റെ മരണ ദിനം നെഞ്ചിടിപ്പോടെ  നോക്കിക്കണ്ടു!!

ആണ്ട്‌ ,തീയതി ,സമയം ,എന്നീ കണക്കുകള്‍ കൂടാതെ ഏതു വഴിയിലൂടെയായിരിക്കും മരണം എന്നെ തേടിയെത്തുക എന്നുകൂടി    വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
രോഗങ്ങള്‍ മൂലമായിരിക്കില്ല ഞാന്‍ മരിക്കുന്നതെന്നു അറിഞ്ഞതോടെ ശ്വാസം മുട്ടല്‍ പാരമ്പര്യ രോഗമായി കിട്ടിയ എനിക്ക് പകുതി സമാധാനമായി .സിഗരറ്റൊക്കെ വലിച്ചു ഞാന്‍ ശ്വാസം കിട്ടാതെ ചുമയ്ക്കുമ്പോള്‍ രശ്മി പറയാറുണ്ട്‌ ..
"ഇങ്ങനെ പോയാല്‍ ഒരമ്പതു വയസു കഴിയുമ്പോള്‍ അവള്‍ക്കും മകനും  ഞാന്‍ മൂലം കഷ്ടപ്പെടേണ്ടി വരുമല്ലോ " എന്ന് !! ഇതിപ്പോള്‍  അതോര്‍ത്തു അവള്‍ ഉറക്കം കളയണ്ട .

പിന്നെങ്ങിനെ അത് സംഭവിക്കും ?... ആക്സിഡന്റ് ??

മക്ക-മദീന എക്സ്പ്രസ് ഹൈവേയിലൂടെ 120 /140 കി.മീ  വേഗതയില്‍ കാര്‍ പായിക്കുമ്പോള്‍,അങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ..എവട !

സൌദിയിലെ ഡ്രൈവിംഗ് ലൈസന്‍സ്  എടുക്കാന്‍ ആലോചിക്കുന്നതിനു മുന്‍പ് തന്നെ നാട്ടില്‍  കാര്‍ ഓടിച്ച ഹുങ്കില്‍ അതിരാവിലെ കാര്‍ എടുത്തുകൊണ്ടു പോയി റോഡരുകില്‍  ഒരു സൗദി സ്വദേശിയുടെ പാര്‍ക്ക് ചെയ്ത കാറില്‍ ഇടിപ്പിച്ചു കടന്നു കളയാന്‍ നോക്കിയവനാണ്  ഞാന്‍ ..

നാട്ടിലെ പോലെ 'ഞാനൊന്ന് മറിഞ്ഞില്ലേ' എന്ന മട്ടില്‍  മുങ്ങി  കളയാം എന്ന് പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അറബി പോലീസ് ഓടിച്ചിട്ടു പിടിച്ചു വിരട്ടിക്കളഞ്ഞു ! കാര്‍ ഉടമയായ സൌദിയും പാഞ്ഞെത്തി !
  എന്റെ മുഖത്തെ വിനയവും പേടിയും കണ്ടു ദയ തോന്നിയിട്ടോ മറ്റോ "ആദ ഹിന്ദി    മാഫി മുഷ്കില്‍  കല്ലി  വല്ലി  "(ഈ ഇന്ത്യക്കാരന്‍ പ്രശ്നക്കാരന്‍ അല്ലെന്ന് തോന്നുന്നു ;വിട്ടുകള ) എന്ന്  പറഞ്ഞ്  ആ പാവം അറബി എന്റെ തടി ഊരിത്തന്നതാണ് !
അന്നല്‍പ്പം ചോരക്കറ റോഡില്‍ പുരണ്ടിരുന്നു എങ്കില്‍ എന്റെ സ്ഥാനം ജയിലോ ആശുപത്രി മോര്‍ച്ചറിയോ ആയേനെ !  

ലൈസന്‍സ് കിട്ടിയപ്പോള്‍ അഹങ്കാരവും സ്പീഡും കൂടിയതല്ലാതെ അപകടമേതും ഇത് വരെ ഉണ്ടായില്ല..

അപ്പോള്‍ ആ പ്രതീക്ഷയും തെറ്റി .


മരണ ദിനം മുന്‍കൂട്ടി അറിഞ്ഞ ദിനം മുതല്‍ ഞാന്‍ ഒരു സിനിമ കാണുന്നതുപോലെ എന്റെ മരണത്തെ ഭാവന ചെയ്യാന്‍ തുടങ്ങിയിരുന്നു !. ഞാന്‍ മരിച്ച്  എന്റെ ആത്മാവ് ആകാശത്ത്  നരകത്തിലേക്കുള്ള  കൊടും വഴിയില്‍ ഭൂമിയിലുള്ള എന്റെ പ്രിയപ്പെട്ട ജന്മ -കര്‍മ ബന്ധങ്ങളെ വേര്‍പിരിയാന്‍  മടിച്ച്  അങ്ങനെ താഴേക്ക്‌ നോക്കി  വിഷമിച്ചു   നില്‍ക്കും .

എന്നെ കാണാന്‍ അപ്പോള്‍ ഞാന്‍ അറിയുന്നവരും അറിയാത്തവരും  ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ വന്നു പോകുന്നത് ,
അവര്‍  മാറിനിന്നു ശബ്ദം അടക്കിപ്പിടിച്ചു സംസാരിക്കുന്നത് .
വീടിനു മുന്നിലെ ഇടുങ്ങിയ റോഡില്‍ ഗതാഗതം തടസപ്പെടും വിധം നിറയെ ആളുകളും കാറുകളും വന്നു നിറയുന്നത്‌ !
ദുഃഖം സഹിയാതെ എന്റെ മകന്‍ മറ്റുള്ളവരുടെ മുഖത്തു നോക്കാന്‍ വിഷമിക്കുന്നത് ..
വിവാഹ സമയത്ത് പോലും ഒരു പൂമാല കഴുത്തിലിടാന്‍ ഭാഗ്യം കിട്ടാതെ  പോയ ഞാന്‍ ,മരണാനന്തരം എന്റെ ഭൌതിക ശരീരം നിറയെ എന്നെ സ്നേഹിക്കുന്നവര്‍ പൂക്കള്‍ കൊണ്ട് പൊതിയുന്നത്  !

എന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു എന്റെ പൊന്നു ചേച്ചിമാര്‍ അലമുറയിട്ടു കരയുന്നത് , ബോധംകെട്ട് കിടക്കുന്ന രശ്മിയെ ആരൊക്കെയോ ചേര്‍ന്ന് താങ്ങിപ്പിടിച്ചിരിക്കുന്നത് !!

പത്രത്തില്‍ നിന്ന് എന്റെ മരണ വാര്‍ത്തയറിഞ്ഞു "ഇത്  പണ്ട് ഞങ്ങളുടെ കൂടെ  പഠിച്ചിരുന്ന ആള്‍ ആണ് " എന്ന്  ഭര്‍ത്താവിനോടോ  മക്കളോടോ  തൊണ്ടയില്‍ നിന്ന്  നനഞ്ഞൊരു  വാക്ക് പറിച്ചെടുത്ത്    ഒരിറ്റു കണ്ണീര്‍ പൊഴിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരികള്‍ !!

ഒരിക്കല്‍ പോലും തമ്മില്‍ കാണാതെ ഒരു വാക്കുപോലും തമ്മില്‍ ഉരിയാടാതെ  എന്നെ ഇപ്പോളും പ്രണയിക്കുന്ന എവിടെക്കെയോ ജീവിക്കുന്ന  കുറെ പെണ്ണുങ്ങളുടെ മനമുരുക്കല്‍ !!

എന്റെ വീടിനു ജീവന്‍ ഉണ്ടായിരുന്നെങ്കില്‍ ആ വീടും കരയുമെന്ന് ഞാന്‍ കരുതുന്നു ..
എന്റെ ബാല്യകൌമാരങ്ങള്‍ ക്ക്  അഭയം നല്‍കിയ തറവാട്ടിലെ ആ കൊച്ചു മുറികള്‍ വിതുമ്പുന്നതും എനിക്ക് കാണാം ..
തെക്കേ പറമ്പിലെ വലിയ കോട്ടമാവിന്റെ ചുവട്ടില്‍ നിന്ന് എന്റെ കൂട്ടുകാര്‍
ഞാന്‍ പണ്ട് അവരോടു പറഞ്ഞ തമാശകള്‍ എണ്ണിപ്പറഞ്ഞോര്‍ത്ത്  ‌  കണ്ണ്  നിറഞ്ഞു ചിരിക്കുന്നതും കാണാം !

അങ്ങനെ വികാരഭരിതമായ എത്രയോ രംഗങ്ങള്‍ ഞാന്‍ ഭാവനയില്‍  കണ്ടു കഴിഞ്ഞെന്നോ

.സത്യത്തില്‍ മരിക്കുന്നത് എനിക്ക് ഇഷ്ടമാണ് .പലപ്പോഴും ഒന്ന് മരിച്ചാല്‍ മതിയായിരുന്നു എന്ന്  തോന്നിയിട്ടുമുണ്ട് ! പക്ഷെ  ഞാനായിട്ട് അത്  നിര്‍വഹിക്കുന്നത്  എന്നെ പേടിപ്പെടുത്തുന്ന ഒന്നാണ് ..അങ്ങനെയിരിക്കുംപോളാണ്  അനുഗ്രഹമായി ആ പ്രവചനം!

അന്യദേശത്തു വച്ച് യുദ്ധമോ ,പ്രകൃതി ദുരന്തമോ ആവും മരണ കാരണമെന്നാണ്  പ്രവചനം !
!അധികം വൈകില്ല എന്ന് തന്നെയാണ്  പ്രാവചക സൈറ്റ് പറഞ്ഞത് ..

മാസങ്ങള്‍ കഴിഞ്ഞു ..
ഞാനത് മറക്കാന്‍ തുടങ്ങുകയും ചെയ്തു . പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് അടുത്തു വരികയാണെന്ന്  ഒരു   തോന്നല്‍ .പറഞ്ഞത്  പ്രകാരം ഞാന്‍ ഇപ്പോള്‍  അന്യദേശത്തു തന്നെ . പ്രകൃതി ദുരന്തമോ ,യുദ്ധമോ വരികയേ  വേണ്ടു .ജപ്പാനും മറ്റും ആ വഴിയെ പോകുന്നത് കണ്ടല്ലോ .

ജിദ്ദയിലേക്കുള്ള ഡ്രൈവില്‍ ഇന്നത്തെ പ്രകൃതിയുടെ  ക്ഷോഭത്തിലും  വീശിയടിച്ച പൊടിക്കാറ്റിലും റോഡും മണല്‍ ക്കാടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ കാര്‍ ദിശമാറി ഓടിയതാണ്  !ഒരു നിമിഷം കൊണ്ട്  തീര്‍ന്നെന്നു കരുതി , ഒന്നും സംഭവിച്ചില്ല !
ഇനി ആകെയുള്ള പ്രതീക്ഷ യുദ്ധമാണ് ! അല്ലെങ്കില്‍ കലാപം !

'ഹോ ! യുദ്ധം വരാന്‍  പ്രാര്‍ഥിക്കുന്ന ദുഷ്ടന്‍ 'എന്ന്  കരുതുന്നുണ്ടാവും ചിലരെങ്കിലും
ഞാന്‍ മരിക്കാന്‍ അവസരമുണ്ടാകാന്‍ വേണ്ടി  മറ്റുള്ളവരെയും കുരുതി കൊടുക്കണോ എന്നാവും സംശയം . പക്ഷെ ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം .ഇതെന്റെ മേല്‍ ചുമത്തപ്പെട്ട അന്തിമ
വിധിയാണ് ! അതിനൊരു കാരണം മാത്രമാണ് ഈ യുദ്ധം അല്ലെങ്കില്‍ കലാപം .അല്ലാതെ ഇതൊന്നും ഞാനും നിങ്ങളും മന:പൂര്‍വം ചെയ്യുന്നതല്ലല്ലോ !

ഈ ജിപ്തിലും ,ടുനീഷ്യയിലും ,ലിബിയയിലും പടര്‍ന്നു പിടിച്ച കലാപങ്ങള്‍ ,ബഹറിന്‍ വഴി സൌദിയിലേക്കും എത്തുമെന്നാണ് സൂചന .കഴിഞ്ഞ ദിവസം ദാമ്മാമിലും ,റിയാദിലും രാജ്യ ദ്രോഹികളെന്നു ഭരണ കൂടം മുദ്ര കുത്തിയവര്‍ കലാപക്കൊടി ഉയര്‍ത്തി ക്കഴിഞ്ഞു . വഴിയിലൂടെ നടന്നു പോയ ഒരു പാകിസ്താന്‍ പൌരനെ കലാപകാരികള്‍ കുത്തി മുറിവേല്‍പ്പിച്ചെന്നുകേട്ടു..

അതെ യുദ്ധം വരികയാണ് , മരണവും !!
ചിലപ്പോള്‍ എനിക്കും പോകേണ്ടി വരും ..!! .. 


2011, മാർച്ച് 7, തിങ്കളാഴ്‌ച

ഓരോ ശിശു രോദനത്തിലും കേട്ടു ഞാന്‍ .....

ചില  ദിവസങ്ങള്‍ അങ്ങനെയാണ് ...നമ്മളെ വേദനിപ്പിക്കാന്‍ മാത്രം പൊട്ടിവിടരുന്നവ ..ചില വാര്‍ത്തകളും , വിശേഷങ്ങളുമൊക്കെ അറിയുമ്പോള്‍ നാം സ്വയം ചോദിച്ചു പോകും ..നമ്മളൊക്കെ മനുഷ്യര്‍ തന്നെയാണോ എന്ന് !

ആലുവയിലെ നരാധമനായ വക്കീലും അയാളുടെ രാക്ഷസിയായ ഭാര്യയും ചേര്‍ന്ന്  ഒരു പതിനൊന്നുകാരി തമിഴ് ബാലികയെ ഇഞ്ചിഞ്ചായി കൊന്നുവെന്ന വാര്‍ത്തയാണ്  എന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നത് ..എന്റെ മാത്രമല്ല ,തീര്‍ച്ചയായും നിങ്ങളുടെയും  !

ദാരിദ്ര്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ അധ:പതനം എന്ന് പലപ്പോഴും തോന്നാറുണ്ട് . എത്ര സംസ്കാരം ഉണ്ടെന്നഭിമാനിക്കുന്നയാളും കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ പിന്നെ മാനം നോക്കാതെ പെരുമാറിപ്പോകും..

പണത്തിനു വേണ്ടി എത്ര കൊടും പാപവും ചെയ്യും..ഭാര്യയെ പോലും പണയ വസ്തുവാക്കും ! സ്വന്തം കുഞ്ഞുങ്ങളെ പിച്ചക്കാശിനു വില്‍ക്കും . പെറ്റമ്മയെ  വഴിയോരത്ത് തള്ളും!

അഭിമാനം തരിമ്പിനെങ്കിലും അവശേഷിക്കുന്നവരാകട്ടെ ഒന്നിനും കഴിയാതെ വരുമ്പോള്‍  ഒരു കുപ്പി വിഷത്തിലോ രണ്ടു  മുഴം കയറിലോ കൂട്ടത്തോടെ ജീവനൊടുക്കും ! അതിനു മുന്‍പ്  പരമാവധി പടവെട്ടി നോക്കും യുദ്ധക്കലി പൂണ്ട ഈ നരക ജീവിതത്തോട്...
ഈ കനിവറ്റ  ദാരിദ്ര്യമാണ് തമിഴ് നാട്ടില്‍ നിന്നും മലയാളിയുടെ അടുക്കളയിലേക്കും തൊഴില്‍ ശാലകളിലേക്കും   കുഞ്ഞു പെണ്‍കുട്ടികളെ കൊണ്ട് വന്നെത്തിക്കുന്നത് ...
അങ്ങനെ വലിച്ചെറിയപ്പെട്ട  ഒരു കുരുന്നു മൊട്ടാണ്  വിടരും മുന്‍പേ കാട്ടളന്മാരുടെ താഡനമേറ്റു കരിഞ്ഞു വീണത്‌ !     

തമിഴ് നാട്  കുഡല്ലൂര്‍ സ്വദേശിനിയായ പതിനൊന്നുകാരി ധനലക്ഷ്മിയെ സ്വന്തം പിതാവാണ്  നാഗപ്പന്‍ എന്ന വേറൊരു തമിഴന്    വെറും പിച്ചക്കാശിനു  വിറ്റു തുലച്ചത് ! 

നാഗപ്പന്‍  വെറും പതിനായിരം രൂപയ്ക്ക്  അവളെ 
കോടതിയില്‍  നീതിന്യായം പ്രസംഗിക്കുന്ന   ഒരു വക്കീലിനും അയാളുടെ നരഭോജിയായ ഭാര്യയ്ക്കും കൈ മാറി ! അറവു മാടിന്  ഇതിനേക്കാള്‍ വില കിട്ടും!  അപരിഷ്കൃത ലോകങ്ങള്‍ പോലും നിര്‍ത്തല്‍ ചെയ്ത അടിമക്കച്ചവടം ..

ബാക്കിയെല്ലാം എന്നെയും നിങ്ങളെയും ഒരു പോലെ വേട്ടയാടുന്ന സങ്കട വാര്‍ത്തകള്‍ ...
ആ മനുഷ്യ മൃഗങ്ങളുടെ അടുക്കളയിലും പിന്‍ മുറ്റത്തും പട്ടിക്കൂട്ടിലുമായാണ്  ആ കുരുന്നു ജീവന്‍   രണ്ടു  വര്‍ഷത്തിലധികം വണ്ടിക്കാളയെ പോലെ ജീവിത ഭാരം വലിച്ചിഴച്ചത് !    കാട്ടു മൃഗങ്ങള്‍ പോലുംചെയ്യാന്‍ മടിക്കുന്ന ഘോര പീഡനങ്ങളും നരക  യാതനകളും  സഹിച്ച്‌   ഉരുകി ഉരുകി ഊര്‍ദ്ധ ശ്വാസം വലിച്ച്  ഒടുങ്ങിയത് !! 
 
കേരളത്തില്‍ പരസ്യമായും രഹസ്യമായും പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങളുടെ കഥകള്‍  വാര്‍ത്തകളില്‍  കുറെ വര്‍ഷങ്ങളായി കുമിഞ്ഞു കൂടുന്നു .നമ്മുടെ മനസാക്ഷി കാണാപ്പുറങ്ങളില്‍ തള്ളിയ മൂക്കിളയും  വിയര്‍പ്പും മെഴുക്കും കണ്ണീരും ഒലിക്കുന്ന  മുഖങ്ങള്‍  എത്രയോ അധികമാണ് !!

 കൊച്ചിയില്‍ എം .ജി .റോഡിലുള്ള   നക്ഷത്ര ഹോട്ടലില്‍ മാസം ഇരുന്നൂറു രൂപ കൂലിക്കായി  മദ്യം വിളമ്പുകയും എച്ചില്‍ പാത്രങ്ങള്‍ എടുക്കുകയും ചെയ്ത പനീര്‍ ശെല്‍വന്‍ എന്ന പതിമൂന്നുകാരന്റെ  മുഖം മൂന്നു കൊല്ലം കഴിഞ്ഞിട്ടും എന്റെ മനസില്‍ ഇന്നും മങ്ങാതെ  കിടപ്പുണ്ട് .. 

ഹോട്ടലുകാര്‍ കൊടുത്ത കോട്ടും  ടൈയും കെട്ടിയിട്ടും അവന്റെ ഉള്ളില്‍  തളര്‍ന്നു വിവശമായൊരു   ബാല്യം പിടയ്ക്കുന്നത്‌ എനിക്ക് കാണാമായിരുന്നു ..

നക്ഷത്ര ഹോട്ടലിലെ ബാലവേല ചൂടുള്ള വാര്‍ത്തയാക്കാന്‍ വേണ്ടി  തന്ത്രപൂര്‍വ്വം അവന്റെ കഥകള്‍ തിരക്കി ഫോട്ടോയും എടുത്തെങ്കിലും മറഞ്ഞിരിക്കുന്ന ഏതോ രണ്ടു കണ്ണുകള്‍ അവനു നേരെ കുന്തമുനകള്‍ പോലെ നീളുന്നത്   തിരിച്ചറിഞ്ഞ്  ഞാന്‍  പിന്‍വാങ്ങി  ..
ഞാന്‍ എഴുതുന്ന ആ വാര്‍ത്ത ഒരു പക്ഷെ അവനെ ആ ഹോട്ടലിലെ  കഠിന ജോലികളില്‍ നിന്ന്  മോചിപ്പിച്ചേക്കാം .. 

പക്ഷെ മഹാ നഗരത്തിലെ തെരുവിലേക്ക് എറിയപ്പെടുന്ന അവന്‍ ചെന്ന് വീഴുന്ന അഴുക്കു ചാലുകളെ അത്ര പെട്ടെന്ന്  കുഴിച്ചു മൂടാന്‍  പറ്റുമോ ? അവനെ  ചൂഴ്ന്നു നില്‍ക്കുന്ന നിരാശ്രയത്വം തുടച്ചു മാറ്റാന്‍  പറ്റുമോ ?  തമിഴ്  നാട്ടിലെ ഏതോ ഉണങ്ങി വരണ്ട കരിമ്പിന്‍  പാടത്ത്  അടിമ വേലചെയ്യുന്ന അവന്റെ കുടുംബത്തിന്റെ  പട്ടിണിയെ  ഇല്ലാതാക്കാന്‍ പറ്റുമോ ?

 ബാബു എന്ന ആന്ധ്രക്കാരന്‍  തന്റെ സ്വന്തം ചോരയില്‍ പിറന്ന സെല്‍വിയെയും ,കസ്തൂരിയെയും,
സുഭാഷിനിയെയും തെരുവ് സര്‍ക്കസിന്റെ പേരില്‍ പൊരിവെയില്‍ പുളയ്ക്കുന്ന നടു റോഡിലിട്ടു ചാട്ട വാറിനു ഇരയാക്കുന്നത് കണ്ടിട്ടുണ്ട് ..ആകാശത്തു വലിച്ച് കെട്ടിയ ഞാണില്‍ നിന്ന്  അവരുടെ കുരുന്നു ജീവനുകള്‍  മരണത്തിനും ജീവിതത്തിനും ഇടയില്‍ തെന്നി നീങ്ങുന്നത്‌  കണ്ടിട്ടുണ്ട് ..

പീഡനം കണ്ടു രസിക്കുന്നവരുടെ ഇടയിലും മനസാക്ഷി മരവിച്ചിട്ടില്ലാത്ത ചിലര്‍ രോഷാകുലരായി നടത്തിയ ഇടപെടലുകള്‍ മൂലം  ആ കുട്ടികള്‍  ജീവനോടെ ആലുവയിലെ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ജനസേവ ശിശു ഭവനില്‍ എത്തപ്പെട്ടു !

എറണാകുളത്ത്  ഹൈക്കോടതി അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കിടയില്‍ പീഡനമേറ്റ് തളര്‍ന്ന
തേനി സ്വദേശി രാധയെ മറന്നു പോയോ ? മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആ വാര്‍ത്ത നമ്മളെ 
ശ്വാസം മുട്ടിച്ചത് ! പോലീസും  കോടതിയും  ഇടപെട്ടത് കൊണ്ട്  ആ നരകത്തില്‍ നിന്ന് എന്നേക്കുമായി അവള്‍ രക്ഷപെട്ടെന്നു കരുതി ആശ്വസിക്കാന്‍ നമുക്കാവില്ല ..

രക്ഷിതാക്കള്‍ എന്ന് പറഞ്ഞ്  അവിടെ നിന്ന് കൂട്ടി കൊണ്ട് പോയവര്‍ മറ്റേതെങ്കിലും എരിതീയിലേക്ക് അവളെ തള്ളി വിട്ടിട്ടില്ല എന്ന് ആരറിഞ്ഞു ?

കനിവുള്ള മനുഷ്യരെ ചൂഷണം ചെയ്തു പണം നേടാന്‍ വേണ്ടി ഭിക്ഷാടന മാഫിയ ആസിഡ് ഒഴിച്ച് പൊള്ളിച്ചു വഴിയില്‍ കിടത്തിയ മഞ്ജു മാതാ ..ഇന്നും നീറുന്ന ഓര്‍മയാണ് ..

നോക്കൂ ..നമ്മുടെ പൊന്നുമക്കള്‍ നമ്മുടെ വീട്ടിലെ രാജകുമാരന്മാരും രാജകുമാരികളും ആണ് .
പൊട്ടി ത്തകര്‍ന്ന സ്ലേറ്റും പിന്‍വശം പിഞ്ചിക്കീറിയ ഉടുപ്പുകളും കത്തിക്കാളുന്ന വിശപ്പുമെല്ലാം  നമ്മുടെ മാത്രം കണ്ണ് നിറയ്ക്കുന്ന ഗൃഹാതുരത്വമാണ് .. 

. നമ്മുടെ കുട്ടികളുടെ മുന്നില്‍ നാം നിവര്‍ത്തിപ്പിടിക്കുന്നത്   ഇന്നിന്റെ ജീവിത സൌഭാഗ്യങ്ങള്‍ മാത്രം  പ്രതി ഫലിക്കുന്ന കണ്ണാടികളാണ് .  മറു പുറത്ത്  ഇരുട്ട്  മൂടിക്കിടക്കുന്ന ഒരു ലോകമുണ്ടെന്നു  നമ്മുടെ കുട്ടികളെ പലപ്പോഴും നാം  ബോധപൂര്‍വം അറിയിക്കാറില്ല ..

അവിടെ ആ ഇരുട്ടില്‍ നിന്നും ഉയരുന്ന ,ധന ലക്ഷ്മിയെയും  ,പനീര്‍ ശെല്‍വത്തെയും പോലെയുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ അടക്കിപ്പിടിച്ച തേങ്ങിക്കരച്ചിലുകള്‍  തിരക്ക് പിടിച്ച  ജീവിതത്തിലെ  ഇരമ്പങ്ങള്‍ക്കിടയില്‍ ആരും കേള്‍ക്കാറില്ല ..

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം കഴിഞ്ഞവര്‍ഷം (2010) നടത്തിയ ഒരു പഠനം ഇന്ത്യയിലെ ബാല്യം നേരിടുന്ന കെടുതികളെ ക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ട് വന്നിട്ടുള്ളത് .അഞ്ചിനും പന്ത്രണ്ടിനും വയസിനിട യിലുള്ള 66 .8 % തെരുവ്  കുഞ്ഞുങ്ങളും പലതരത്തിലുള്ള ശാരീരിക ,മാനസിക പീഡനങ്ങള്‍ക്ക്
ഇരയാകുന്നുണ്ടെന്നാണ് കണക്ക് ..ഇതില്‍ 55%പേരും  മുതിര്‍ന്നവരുടെ ലൈംഗീക പീഡന ങ്ങള്‍ക്കാണ്  അരുവാകുന്നത് ..  ഊരും പേരും അറിയാത്ത എത്രയോ കുട്ടികള്‍ ..എത്രയോ കുഞ്ഞു പൂവുകള്‍ !!

സ്വന്തം ജീവിതം സുഭിക്ഷമാക്കാന്‍ ഓടുകയാണ് ഓരോ മനുഷ്യനും ..സ്വരക്ഷയ്ക്ക്  കൂട്ട് പിടിക്കാന്‍ 
ഒരു കോടി  ദൈവങ്ങളും നമുക്കുണ്ട് ..പക്ഷെ തെരുവിലെ ബാല്യങ്ങള്‍  ഇങ്ങനെ കണ്ണീര്‍ ചൊരിയുമ്പോള്‍ ഏതു  ഈശ്വരന്മാര്‍ക്കാണ്    നമ്മെ രക്ഷിക്കാനാവുക ??

ചിത്രങ്ങള്‍ക്ക് കടപ്പാട്  : കൊച്ചിയിലെ തെരുവുകുട്ടികളുടെ രക്ഷകനായ ഓട്ടോ ഡ്രൈവര്‍ മുരുകന്‍ ,ഗൂഗിള്‍ ..