2011, മാർച്ച് 7, തിങ്കളാഴ്‌ച

ഓരോ ശിശു രോദനത്തിലും കേട്ടു ഞാന്‍ .....

ചില  ദിവസങ്ങള്‍ അങ്ങനെയാണ് ...നമ്മളെ വേദനിപ്പിക്കാന്‍ മാത്രം പൊട്ടിവിടരുന്നവ ..ചില വാര്‍ത്തകളും , വിശേഷങ്ങളുമൊക്കെ അറിയുമ്പോള്‍ നാം സ്വയം ചോദിച്ചു പോകും ..നമ്മളൊക്കെ മനുഷ്യര്‍ തന്നെയാണോ എന്ന് !

ആലുവയിലെ നരാധമനായ വക്കീലും അയാളുടെ രാക്ഷസിയായ ഭാര്യയും ചേര്‍ന്ന്  ഒരു പതിനൊന്നുകാരി തമിഴ് ബാലികയെ ഇഞ്ചിഞ്ചായി കൊന്നുവെന്ന വാര്‍ത്തയാണ്  എന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നത് ..എന്റെ മാത്രമല്ല ,തീര്‍ച്ചയായും നിങ്ങളുടെയും  !

ദാരിദ്ര്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ അധ:പതനം എന്ന് പലപ്പോഴും തോന്നാറുണ്ട് . എത്ര സംസ്കാരം ഉണ്ടെന്നഭിമാനിക്കുന്നയാളും കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ പിന്നെ മാനം നോക്കാതെ പെരുമാറിപ്പോകും..

പണത്തിനു വേണ്ടി എത്ര കൊടും പാപവും ചെയ്യും..ഭാര്യയെ പോലും പണയ വസ്തുവാക്കും ! സ്വന്തം കുഞ്ഞുങ്ങളെ പിച്ചക്കാശിനു വില്‍ക്കും . പെറ്റമ്മയെ  വഴിയോരത്ത് തള്ളും!

അഭിമാനം തരിമ്പിനെങ്കിലും അവശേഷിക്കുന്നവരാകട്ടെ ഒന്നിനും കഴിയാതെ വരുമ്പോള്‍  ഒരു കുപ്പി വിഷത്തിലോ രണ്ടു  മുഴം കയറിലോ കൂട്ടത്തോടെ ജീവനൊടുക്കും ! അതിനു മുന്‍പ്  പരമാവധി പടവെട്ടി നോക്കും യുദ്ധക്കലി പൂണ്ട ഈ നരക ജീവിതത്തോട്...
ഈ കനിവറ്റ  ദാരിദ്ര്യമാണ് തമിഴ് നാട്ടില്‍ നിന്നും മലയാളിയുടെ അടുക്കളയിലേക്കും തൊഴില്‍ ശാലകളിലേക്കും   കുഞ്ഞു പെണ്‍കുട്ടികളെ കൊണ്ട് വന്നെത്തിക്കുന്നത് ...
അങ്ങനെ വലിച്ചെറിയപ്പെട്ട  ഒരു കുരുന്നു മൊട്ടാണ്  വിടരും മുന്‍പേ കാട്ടളന്മാരുടെ താഡനമേറ്റു കരിഞ്ഞു വീണത്‌ !     

തമിഴ് നാട്  കുഡല്ലൂര്‍ സ്വദേശിനിയായ പതിനൊന്നുകാരി ധനലക്ഷ്മിയെ സ്വന്തം പിതാവാണ്  നാഗപ്പന്‍ എന്ന വേറൊരു തമിഴന്    വെറും പിച്ചക്കാശിനു  വിറ്റു തുലച്ചത് ! 

നാഗപ്പന്‍  വെറും പതിനായിരം രൂപയ്ക്ക്  അവളെ 
കോടതിയില്‍  നീതിന്യായം പ്രസംഗിക്കുന്ന   ഒരു വക്കീലിനും അയാളുടെ നരഭോജിയായ ഭാര്യയ്ക്കും കൈ മാറി ! അറവു മാടിന്  ഇതിനേക്കാള്‍ വില കിട്ടും!  അപരിഷ്കൃത ലോകങ്ങള്‍ പോലും നിര്‍ത്തല്‍ ചെയ്ത അടിമക്കച്ചവടം ..

ബാക്കിയെല്ലാം എന്നെയും നിങ്ങളെയും ഒരു പോലെ വേട്ടയാടുന്ന സങ്കട വാര്‍ത്തകള്‍ ...
ആ മനുഷ്യ മൃഗങ്ങളുടെ അടുക്കളയിലും പിന്‍ മുറ്റത്തും പട്ടിക്കൂട്ടിലുമായാണ്  ആ കുരുന്നു ജീവന്‍   രണ്ടു  വര്‍ഷത്തിലധികം വണ്ടിക്കാളയെ പോലെ ജീവിത ഭാരം വലിച്ചിഴച്ചത് !    കാട്ടു മൃഗങ്ങള്‍ പോലുംചെയ്യാന്‍ മടിക്കുന്ന ഘോര പീഡനങ്ങളും നരക  യാതനകളും  സഹിച്ച്‌   ഉരുകി ഉരുകി ഊര്‍ദ്ധ ശ്വാസം വലിച്ച്  ഒടുങ്ങിയത് !! 
 
കേരളത്തില്‍ പരസ്യമായും രഹസ്യമായും പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങളുടെ കഥകള്‍  വാര്‍ത്തകളില്‍  കുറെ വര്‍ഷങ്ങളായി കുമിഞ്ഞു കൂടുന്നു .നമ്മുടെ മനസാക്ഷി കാണാപ്പുറങ്ങളില്‍ തള്ളിയ മൂക്കിളയും  വിയര്‍പ്പും മെഴുക്കും കണ്ണീരും ഒലിക്കുന്ന  മുഖങ്ങള്‍  എത്രയോ അധികമാണ് !!

 കൊച്ചിയില്‍ എം .ജി .റോഡിലുള്ള   നക്ഷത്ര ഹോട്ടലില്‍ മാസം ഇരുന്നൂറു രൂപ കൂലിക്കായി  മദ്യം വിളമ്പുകയും എച്ചില്‍ പാത്രങ്ങള്‍ എടുക്കുകയും ചെയ്ത പനീര്‍ ശെല്‍വന്‍ എന്ന പതിമൂന്നുകാരന്റെ  മുഖം മൂന്നു കൊല്ലം കഴിഞ്ഞിട്ടും എന്റെ മനസില്‍ ഇന്നും മങ്ങാതെ  കിടപ്പുണ്ട് .. 

ഹോട്ടലുകാര്‍ കൊടുത്ത കോട്ടും  ടൈയും കെട്ടിയിട്ടും അവന്റെ ഉള്ളില്‍  തളര്‍ന്നു വിവശമായൊരു   ബാല്യം പിടയ്ക്കുന്നത്‌ എനിക്ക് കാണാമായിരുന്നു ..

നക്ഷത്ര ഹോട്ടലിലെ ബാലവേല ചൂടുള്ള വാര്‍ത്തയാക്കാന്‍ വേണ്ടി  തന്ത്രപൂര്‍വ്വം അവന്റെ കഥകള്‍ തിരക്കി ഫോട്ടോയും എടുത്തെങ്കിലും മറഞ്ഞിരിക്കുന്ന ഏതോ രണ്ടു കണ്ണുകള്‍ അവനു നേരെ കുന്തമുനകള്‍ പോലെ നീളുന്നത്   തിരിച്ചറിഞ്ഞ്  ഞാന്‍  പിന്‍വാങ്ങി  ..
ഞാന്‍ എഴുതുന്ന ആ വാര്‍ത്ത ഒരു പക്ഷെ അവനെ ആ ഹോട്ടലിലെ  കഠിന ജോലികളില്‍ നിന്ന്  മോചിപ്പിച്ചേക്കാം .. 

പക്ഷെ മഹാ നഗരത്തിലെ തെരുവിലേക്ക് എറിയപ്പെടുന്ന അവന്‍ ചെന്ന് വീഴുന്ന അഴുക്കു ചാലുകളെ അത്ര പെട്ടെന്ന്  കുഴിച്ചു മൂടാന്‍  പറ്റുമോ ? അവനെ  ചൂഴ്ന്നു നില്‍ക്കുന്ന നിരാശ്രയത്വം തുടച്ചു മാറ്റാന്‍  പറ്റുമോ ?  തമിഴ്  നാട്ടിലെ ഏതോ ഉണങ്ങി വരണ്ട കരിമ്പിന്‍  പാടത്ത്  അടിമ വേലചെയ്യുന്ന അവന്റെ കുടുംബത്തിന്റെ  പട്ടിണിയെ  ഇല്ലാതാക്കാന്‍ പറ്റുമോ ?

 ബാബു എന്ന ആന്ധ്രക്കാരന്‍  തന്റെ സ്വന്തം ചോരയില്‍ പിറന്ന സെല്‍വിയെയും ,കസ്തൂരിയെയും,
സുഭാഷിനിയെയും തെരുവ് സര്‍ക്കസിന്റെ പേരില്‍ പൊരിവെയില്‍ പുളയ്ക്കുന്ന നടു റോഡിലിട്ടു ചാട്ട വാറിനു ഇരയാക്കുന്നത് കണ്ടിട്ടുണ്ട് ..ആകാശത്തു വലിച്ച് കെട്ടിയ ഞാണില്‍ നിന്ന്  അവരുടെ കുരുന്നു ജീവനുകള്‍  മരണത്തിനും ജീവിതത്തിനും ഇടയില്‍ തെന്നി നീങ്ങുന്നത്‌  കണ്ടിട്ടുണ്ട് ..

പീഡനം കണ്ടു രസിക്കുന്നവരുടെ ഇടയിലും മനസാക്ഷി മരവിച്ചിട്ടില്ലാത്ത ചിലര്‍ രോഷാകുലരായി നടത്തിയ ഇടപെടലുകള്‍ മൂലം  ആ കുട്ടികള്‍  ജീവനോടെ ആലുവയിലെ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ജനസേവ ശിശു ഭവനില്‍ എത്തപ്പെട്ടു !

എറണാകുളത്ത്  ഹൈക്കോടതി അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കിടയില്‍ പീഡനമേറ്റ് തളര്‍ന്ന
തേനി സ്വദേശി രാധയെ മറന്നു പോയോ ? മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആ വാര്‍ത്ത നമ്മളെ 
ശ്വാസം മുട്ടിച്ചത് ! പോലീസും  കോടതിയും  ഇടപെട്ടത് കൊണ്ട്  ആ നരകത്തില്‍ നിന്ന് എന്നേക്കുമായി അവള്‍ രക്ഷപെട്ടെന്നു കരുതി ആശ്വസിക്കാന്‍ നമുക്കാവില്ല ..

രക്ഷിതാക്കള്‍ എന്ന് പറഞ്ഞ്  അവിടെ നിന്ന് കൂട്ടി കൊണ്ട് പോയവര്‍ മറ്റേതെങ്കിലും എരിതീയിലേക്ക് അവളെ തള്ളി വിട്ടിട്ടില്ല എന്ന് ആരറിഞ്ഞു ?

കനിവുള്ള മനുഷ്യരെ ചൂഷണം ചെയ്തു പണം നേടാന്‍ വേണ്ടി ഭിക്ഷാടന മാഫിയ ആസിഡ് ഒഴിച്ച് പൊള്ളിച്ചു വഴിയില്‍ കിടത്തിയ മഞ്ജു മാതാ ..ഇന്നും നീറുന്ന ഓര്‍മയാണ് ..

നോക്കൂ ..നമ്മുടെ പൊന്നുമക്കള്‍ നമ്മുടെ വീട്ടിലെ രാജകുമാരന്മാരും രാജകുമാരികളും ആണ് .
പൊട്ടി ത്തകര്‍ന്ന സ്ലേറ്റും പിന്‍വശം പിഞ്ചിക്കീറിയ ഉടുപ്പുകളും കത്തിക്കാളുന്ന വിശപ്പുമെല്ലാം  നമ്മുടെ മാത്രം കണ്ണ് നിറയ്ക്കുന്ന ഗൃഹാതുരത്വമാണ് .. 

. നമ്മുടെ കുട്ടികളുടെ മുന്നില്‍ നാം നിവര്‍ത്തിപ്പിടിക്കുന്നത്   ഇന്നിന്റെ ജീവിത സൌഭാഗ്യങ്ങള്‍ മാത്രം  പ്രതി ഫലിക്കുന്ന കണ്ണാടികളാണ് .  മറു പുറത്ത്  ഇരുട്ട്  മൂടിക്കിടക്കുന്ന ഒരു ലോകമുണ്ടെന്നു  നമ്മുടെ കുട്ടികളെ പലപ്പോഴും നാം  ബോധപൂര്‍വം അറിയിക്കാറില്ല ..

അവിടെ ആ ഇരുട്ടില്‍ നിന്നും ഉയരുന്ന ,ധന ലക്ഷ്മിയെയും  ,പനീര്‍ ശെല്‍വത്തെയും പോലെയുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ അടക്കിപ്പിടിച്ച തേങ്ങിക്കരച്ചിലുകള്‍  തിരക്ക് പിടിച്ച  ജീവിതത്തിലെ  ഇരമ്പങ്ങള്‍ക്കിടയില്‍ ആരും കേള്‍ക്കാറില്ല ..

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം കഴിഞ്ഞവര്‍ഷം (2010) നടത്തിയ ഒരു പഠനം ഇന്ത്യയിലെ ബാല്യം നേരിടുന്ന കെടുതികളെ ക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ട് വന്നിട്ടുള്ളത് .അഞ്ചിനും പന്ത്രണ്ടിനും വയസിനിട യിലുള്ള 66 .8 % തെരുവ്  കുഞ്ഞുങ്ങളും പലതരത്തിലുള്ള ശാരീരിക ,മാനസിക പീഡനങ്ങള്‍ക്ക്
ഇരയാകുന്നുണ്ടെന്നാണ് കണക്ക് ..ഇതില്‍ 55%പേരും  മുതിര്‍ന്നവരുടെ ലൈംഗീക പീഡന ങ്ങള്‍ക്കാണ്  അരുവാകുന്നത് ..  ഊരും പേരും അറിയാത്ത എത്രയോ കുട്ടികള്‍ ..എത്രയോ കുഞ്ഞു പൂവുകള്‍ !!

സ്വന്തം ജീവിതം സുഭിക്ഷമാക്കാന്‍ ഓടുകയാണ് ഓരോ മനുഷ്യനും ..സ്വരക്ഷയ്ക്ക്  കൂട്ട് പിടിക്കാന്‍ 
ഒരു കോടി  ദൈവങ്ങളും നമുക്കുണ്ട് ..പക്ഷെ തെരുവിലെ ബാല്യങ്ങള്‍  ഇങ്ങനെ കണ്ണീര്‍ ചൊരിയുമ്പോള്‍ ഏതു  ഈശ്വരന്മാര്‍ക്കാണ്    നമ്മെ രക്ഷിക്കാനാവുക ??

ചിത്രങ്ങള്‍ക്ക് കടപ്പാട്  : കൊച്ചിയിലെ തെരുവുകുട്ടികളുടെ രക്ഷകനായ ഓട്ടോ ഡ്രൈവര്‍ മുരുകന്‍ ,ഗൂഗിള്‍ ..

101 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പണത്തിനു വേണ്ടി എത്ര കൊടും പാപവും ചെയ്യും..ഭാര്യയെ പോലും പണയ വസ്തുവാക്കും ! സ്വന്തം കുഞ്ഞുങ്ങളെ പിച്ചക്കാശിനു വില്‍ക്കും . പെറ്റമ്മയെ വഴിയോരത്ത് തള്ളും!
ശരിയാണ് രമേശ്. മനുഷനില്‍ ഇപ്പോള്‍ മനുഷത്വം എന്ന സാധനം ഒട്ടുമേ ഇല്ല. ഈഫോട്ടോകള്‍ ഒരുപാടു വേദന തരുന്നു.

Sukanya പറഞ്ഞു...

നമുക്കറിയാവുന്ന ഇതേപോലുള്ള കുട്ടികളെ സുരക്ഷിത സ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കുക. അങ്ങനെ ഒരു പ്രതിജ്ഞ ഇതാ എടുക്കുന്നു. ഒരു നല്ല കാര്യം വായനക്കാരില്‍ ഉണര്‍ത്തിച്ചതിനു ഒരു സല്യൂട്ട്.

Kalavallabhan പറഞ്ഞു...

നമ്മളെ വേദനിപ്പിക്കാന്‍ മാത്രം

ente lokam പറഞ്ഞു...

വേദനിപ്പിക്കുന്ന സത്യങ്ങള്‍ ..
പരിഹാരം വളര അകലെ...

ബെഞ്ചാലി പറഞ്ഞു...

ധാർമ്മികമായും സാംസ്കാരികമായും ഉള്ള അധപതനമാണ് ഇന്ന് നമ്മിൽ വളർന്ന് കൊണ്ടിരിക്കുന്നത്.. മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുന്നു… ഇതൊക്കെ സംഭവിക്കുന്നത് എന്റെ നാട്ടിലാണല്ലൊ എന്നോർത്ത് മനസ്സ് നീറുന്നു… പല വാർത്തകളും കേൾക്കുമ്പോ തോന്നും നമുക്കൊന്നും ചെയ്യാൻ കഴിയില്ലെ? എത്രയോ സംഘടനകളുണ്ട്.. പക്ഷെ ആരാണ് ശരിയാം വിധം പീഡിപ്പിക്കപെടുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി സംരക്ഷിക്കാൻ പ്രവർത്തിക്കുന്നത്? നമ്മുക്ക് (ബ്ളോഗേർസിന്) എന്തെങ്കിലും തുടങ്ങാനാവുമോ? ഞാൻ എനിക്കാവുന്നത് മാസത്തിൽ അയച്ച് തരാൻ റെഡിയാണ്. ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നമുക്കായാൽ അതിനപ്പുറം വിലയുള്ള എന്തുണ്ട് നമുക്ക് ഈ മലയാള മണ്ണിന് നൽകാൻ??

ഏവരിൽ നിന്നും പോസിറ്റീവായ ചർച്ചകൾ പ്രതീക്ഷിക്കുന്നു.

sijo പറഞ്ഞു...

ethu pole ethra kazha kandittum onne thirinju polum nokkan marannupoya mammale polulla ethra alumkal .....

ശ്രീക്കുട്ടന്‍ പറഞ്ഞു...

രമേശേട്ടാ,

എഴുത്ത് മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണു.പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്ളിലെവിടെയൊക്കെയോ നൊമ്പരമുണര്‍ത്തുന്നു.ബാലവേലയും അതിനോടൊപ്പമുള്ള ക്രൂരതകളും എതിര്‍ക്കപ്പെടേണ്ടതുതന്നെ.നിരവധി വാര്‍ത്തകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണിത് ആവര്‍ത്തിക്കപ്പെടുന്നത്.ദാരിദ്ര്യം മാത്രമാണോ കാരണം.ചിന്തിക്കേണ്ട വിഷയമല്ലേയത്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വരികളും ചിത്രങ്ങളും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നു. പക്ഷെ
"ദാരിദ്ര്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ അധ:പതനം എന്ന് പലപ്പോഴും തോന്നാറുണ്ട് . എത്ര സംസ്കാരം ഉണ്ടെന്നഭിമാനിക്കുന്നയാളും കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ പിന്നെ മാനം നോക്കാതെ പെരുമാറിപ്പോകും."
എനിക്ക് തോന്നുന്നത് നേരെ വിപരീതമാണ്. ദാരിദ്ര്യമല്ല, സമ്പന്നതയാണ് എപ്പോഴും മനുഷനെ അധപതിപ്പിച്ചിട്ടുള്ളത്. ചരിത്രത്തിലെ എഴുതപ്പെട്ടതും അല്ലാത്തതുമായ സംഭവങ്ങള്‍ നമ്മോട് പറയുന്നത് ധാര്മികാധപതനതിന്റെ, മൂല്യ നിരാസത്തിന്റെ മുഖ്യ ഘടകം പണം തന്നെ എന്നാണു.

sreee പറഞ്ഞു...

“ഓരോ ശിശുരോദനത്തിലും കേൾപ്പുഞാൻ ഒരുകോടിയീശ്വര വിലാപം“.അതെ,ഞാനും കേൾക്കുന്നു.

moideen angadimugar പറഞ്ഞു...

ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ സത്യത്തിൽ വേദന തോന്നാറുണ്ട്.ഡോക്ടർമാരും,എഞ്ചിനീയർമാരും,അഭിഭാഷകരുമായ വിദ്യാഭ്യാസവും,വിവരവുമുള്ള വീടുകളിലെ കൊച്ചമ്മമാരാണ് അധികവും പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത്.
എത്രകുറ്റവും,കുറവുകളുമൊക്കെയുണ്ടെങ്കിലും ഒരു ജനസേവശിശുഭവനും,ജോസ് മാവേലിയുമുള്ളത് അല്പം ആശ്വാസകരമാണ്.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുന്ന ചൂടില്‍ ഒന്ന് പ്രതികരിക്കും, സോഷ്യല്‍ നെറ്റുവോര്‍ക്കുകളില്‍ മാത്രമായി അത് ഒതുങ്ങി തീരുന്നു...! പിന്നെയത് മറന്നുപോകും. എന്ത് കണ്ടാലും കേട്ടാലും ഞെട്ടാത്ത ഒരു സമൂഹമായി നാം മാറിയിരിക്കുന്നു...!

SHANAVAS പറഞ്ഞു...

This is a very socially relevant post.It must work as an eye opener for the authorities as well as general public.Really well narrated one.
regards.

ആളവന്‍താന്‍ പറഞ്ഞു...

"എത്ര സംസ്കാരം ഉണ്ടെന്നഭിമാനിക്കുന്നയാളും കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ പിന്നെ മാനം നോക്കാതെ പെരുമാറിപ്പോകും.." - അത് സത്യം.
ഒന്ന് പൊള്ളി.!

ആളവന്‍താന്‍ പറഞ്ഞു...

ഒന്ന് പറയാന്‍ മറന്നു; വളരെ നല്ല പോസ്റ്റ്‌.!

nikukechery പറഞ്ഞു...

>>ബാർബിഗേൾ മറക്കല്ലേ അപ്പച്ചാ....
അപ്പച്ചാ ബെൻടെൻ വാച്ച്‌ കിട്ട്യാ???<<

ഈ സന്തോഷങ്ങളിൽ മതിമറന്ന് ഈയുള്ളവൻ കാണാതെ പോകുന്ന കാഴ്ച്ചകൾ.

വീ കെ പറഞ്ഞു...

പേടിയില്ലാത്തവർക്ക് ഒന്നിനേയും പേടിക്കേണ്ടതില്ല...... നിയമം അവരുടെ വഴിക്ക് വരും...
അവർക്ക് നിയമത്തെ പേടിയുണ്ടാകുന്ന കാലം വരേയും ഇതെല്ലാം തുടരുക തന്നെ ചെയ്യും.
എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ടൊ, ബഹളമുണ്ടാക്കിയിട്ടൊ, പണം പകരമായി നൽകിയിട്ടൊ എന്താണ് ഗുണം....?

firefly പറഞ്ഞു...

There should be a joint effort for their rehabilitation. Can bloggers(including me) do something for this?

വര്‍ഷിണി പറഞ്ഞു...

നമ്മുടെ കുഞ്ഞുങ്ങള്‍ ആരുടെ കയ്യില്‍ സുരക്ഷിതരാണ്‍ എന്ന ചോദ്യത്തിനു മുന്നില്‍ പോലും ഉത്തരം മുട്ടി നില്‍ക്കേണ്ട അവസ്ഥകളല്ലേ രമേശ് നമുക്കു ചുറ്റും നടക്കുന്നത്...
ഇന്നലെ പത്രത്തില്‍ വായിയ്ക്കുകയുണ്ടായി, ഒരു മനോരോഗി പിതാവ് സ്വന്തം കുഞ്ഞിനെ നല്ല വാക്കുകള്‍ പറഞ്ഞു കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന്..
അങ്ങനെ എത്ര മാതാപിതാക്കള്‍..!
ഒരു മൃഗമായി പിറന്നാല്‍ അതിന്‍ പിറന്നു വീണ മണ്ണില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണിയെങ്കിലും ഉണ്ടാകും..നമ്മുടെ പിഞ്ചു മക്കള്‍ നിസ്സഹായരല്ലേ..
നല്ല പോസ്റ്റ് രമേശ്...അഭിനന്ദനങ്ങള്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

നല്ലൊരു ബോധവൽക്കരണം നൽകുന്ന രചന..!
അഭിനന്ദനൺഗൾ കേട്ടൊ ഭായ്
നമ്മളൊക്കെ ഇനി എന്നാ നന്നാവുക അല്ലേ ?

“മറ്റുള്ള സഹജീവികളുടെ ജീവിതം ചവിട്ടി മെതിച്ച് ,തരം കിട്ടിയാൽ അവരുടെ കുട്ടികളെയൊക്കെ നമ്മുടെയൊക്കെ അടിമപ്പണി ചെയ്യിപ്പിച്ച് സമൂഹത്തിൽ ഞെളിഞ്ഞ് നടക്കുകയാണല്ലോ നമ്മളീൽ ചിലരൊക്കെ....

സ്വന്തം ജീവിതം സുഭിക്ഷമാക്കാന്‍ ഓടുകയാണ് ഓരോരുത്തരും...
സ്വരക്ഷയ്ക്ക് കൂട്ട് പിടിക്കാന്‍
ഒരു കോടി ദൈവങ്ങളും നമുക്കുണ്ട് ..“


പക്ഷെ തെരുവിലെ ബാല്യങ്ങള്‍ ഇങ്ങനെ കണ്ണീര്‍ ചൊരിയുമ്പോള്‍ ഏതു ഈശ്വരന്മാര്‍ക്കാണ് അവരെ രക്ഷിക്കാനാവുക അല്ലേ ?

MyDreams പറഞ്ഞു...

അതിക്രമം കണ്ടു പ്രതികരിച്ചവര്‍ വകീലിനെയും ഭാര്യും കൊള്ളണം എന്ന് പറഞ്ഞവര്‍ അവരുടെ വീടുകളില്‍ ഇത് പോലെ ഒരു കുട്ടി വന്നാല്‍ അവരും ഇത് പോലെ ഒക്കെ തന്നെ ആണ് ..അവരും ധാര്‍മികത മറന്നു പോകുന്നു എന്താണ് സത്യം ...ഇത് പോലെ വരുന്നവര്‍ അടിമകളാണ് അവര്‍ അങ്ങയെ ജീവികെണ്ടാവര്‍ ആണ് എന്ന് ഒരു തോനാല്‍ ആണോ ഇതിനു കാരണം ?
നല്ല ലേഘനം ..ഇത് പോലെ ഉള്ളത ആവര്തികാതിരികട്ടെ

പട്ടേപ്പാടം റാംജി പറഞ്ഞു...

ലേഖനത്തില്‍ പറഞ്ഞത്‌ പോലെ ഒറ്റയ്ക്ക് നമ്മള്‍ എവിടെയെങ്കിലും എന്തെങ്കിലും കണ്ടാല്‍ അതിനെതിരെ പ്രതികരിച്ചാല്‍ അവര്‍ വഴിയാധാരമാകുന്നു എന്ന ഭയം നമ്മളെ ഓരോരുത്തരെയും പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ താല്‍ക്കാലികമായി എന്തെങ്കിലും ചെയ്ത് അവിടെ നിന്ന് ഒഴിവാകുകയോ മാറിപ്പോകുകയോ ചെയ്യുന്ന ഒരവസ്ഥയിലെക്ക് എത്തിച്ചേരുന്നതും സാധാരണ സംഭാവിക്കാറുള്ളതാണ്. ചില സഘടനകള്‍ ചെയ്യുന്ന സേവനങ്ങളെ സഹായിക്കുക എന്നതാണ് തല്‍ക്കാലം നമുക്ക്‌ ചെയ്യാന്‍ കഴിയുക എന്ന് തോന്നുന്നു.
ദിവസന്തോറും ഏറി വരുന്ന ക്രൂരതകളെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിയ ലേഖനം നന്നായിരിക്കുന്നു മാഷെ.

ayyopavam പറഞ്ഞു...

നമ്മള്‍ കണ്ടിട്ടും കാണാതെ പോയ കേട്ടിട്ടും കേള്‍ക്കാതെ പോയ ജീവിതങ്ങളുടെ നേരനുബവങ്ങള്‍ സങ്കടകരം

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ഈ മഹത്തായ രചന ഏവരും വായിയ്ക്കട്ടെ.
മേശ തുടയ്ക്കുന്ന കുട്ടി എന്ന കവിത
എന്റെ ബ്ലോഗിലുണ്ട് അതില്‍ നിന്നും
ഹാ! ലോകമേ നിന്നുടെ
തീരാ കളങ്കമിതോ
തുടപ്പതെന്നെതൊരു
മഹാ സത്ക്കരങ്ങള്‍

pushpamgad പറഞ്ഞു...

പട്ടിണിപ്പാവങ്ങളുടെ ലോകത്തില്‍ ബാല്യം ഹോമിച്ചു തീര്‍ക്കുന്ന കുറെ മനുഷ്യ ജീവികള്‍ .
അവരുടെ യാതന ലോകത്തുനിന്നും അരൂര്‍
വളരെ ശക്തമായ വരികള്‍ തന്നെ ഉതിര്‍ത്തിരിക്കുന്നു !
ഉന്നതമായ ആശയം !
ആവശ്യം ചിന്തിക്കേണ്ടുന്ന വിഷയം തന്നെ .
അനുമോദനങ്ങള്‍ ....

sm sadique പറഞ്ഞു...

“ദ്രവിച്ച ജീവിതങ്ങൾ നമുക്ക് കാട്ടിതരുന്നത് സങ്കടങ്ങളൂടെ കണ്ണീർ കഥകൾ മാത്രം.“
മനുഷ്യത്വം ബാക്കിയുള്ളവർ ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കുക. ഇത്തരം മനുഷ്യജന്മങ്ങൾക്ക് ആവും വിധം സഹായങ്ങൾ ചെയ്യുക.

Shukoor പറഞ്ഞു...

ദാരിദ്ര്യവും മയക്കുമരുന്നും മദ്യവും കൂടി ഒത്തു ചേരുമ്പോഴാണ് മനുഷ്യന്‍ മൃഗമാകുന്നത്. ദാരിദ്ര്യം മാത്രമുണ്ടായിട്ടു ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു സന്തോഷ പൂര്‍വം ജീവിക്കുന്ന അനവധി പേരുണ്ട്.

മൂല്യ നിരാസത്തിന്റെ മുഖ്യ ഘടകം പണം ആണെന്ന ഇസ്മൈല്‍ ബായിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

ജീവിതം വരച്ചു കാണിച്ച ലേഖകന് അഭിനന്ദനങ്ങള്‍

jyo പറഞ്ഞു...

ദാരിദ്ര്യം എന്ന ശാപം-അവരെ ചൂഷണം ചെയ്യുന്ന നിര്‍ദ്ദയര്‍.
വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്ര മന:സ്സാക്ഷിയില്ലാതെ പെരുമാറുന്നു എന്നത് കഷ്ടം തന്നെ.വളരെ ചിന്തിപ്പിക്കുന്ന വിഷയം.

റീനി പറഞ്ഞു...

ബോധവത്ക്കരിക്കുന്ന പോസ്റ്റ്! എന്താണിതിനൊരു പരിഹാരം?പ്രത്യേകിച്ചും നിയമപാലകര്‍ തന്നെ നിയമം കുഴിച്ചുമൂടുന്ന അവസ്ഥയില്‍.

ചെറുവാടി പറഞ്ഞു...

വായനയോടൊപ്പം പ്രതികരണവും പ്രവൃത്തിയും ആവിശ്യപ്പെടുന്ന ലേഖനം.
ദിനേന കാണുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന വേദന ചെറുതല്ല.
നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ മനസ്സില്‍ സങ്കടം തോന്നാത്ത ഇവരുടെ ഹൃദയത്തിന്റെ സ്ഥാനത്ത് കല്ലാണ് എന്നതാണ് സത്യം.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

തെരുവിലെത്തുന്ന ബാല്യങ്ങളുടെ ദുരിതചരിത്രങ്ങളില്‍ ഒരു ശതമാനം പോലും പുറംലോകം അറിയാറില്ല.
തികച്ചും കാലികപ്രസക്തിയുള്ള ഈ ലേഖനത്തിലൂടെ കുറച്ചുകൂടെ കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചത് സ്തുത്യര്‍ഹമാണ്.ഒരെഴുത്തുകാരന്‍ ശ്രമിക്കേണ്ടതും അതിനുവേണ്ടിത്തന്നെയായിരിക്കണം.

ishaqh ഇസ് ഹാക് പറഞ്ഞു...

പറയാതെ പോകുകയായിരുന്നു,വായില്‍ വരുന്നത് ഏറെയാണ്..
മനസ്സില് വരാന്‍ നേരമെടുത്തു...
എന്നാ നമ്മളൊക്കെ മനുഷ്യരാവുക!??.
പാതിക്ക് മേപ്പോട്ട് നോക്കിയാലും മറ്റേ പാതിയെങ്കിലും..
ചിന്തിക്കാനെങ്കിലുമൊക്കെ നമുക്കാവട്ടെ എന്ന് പ്രത്യാശിക്കാം.
ലേഖകന് അഭിനന്ദനങ്ങള്‍..

നന്ദു | naNdu | നന്ദു പറഞ്ഞു...

ചിന്തിക്കുന്തോറും ഉള്ളില്‍ വേദന നിറയ്ക്കുന്ന പോസ്റ്റ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്; ഇതിനെല്ലാം ഒരു പരിഹാരമെന്താണെന്ന്. സമത്വസുന്ദരമായ ഒരു ലോകം എന്നത് എന്നും യുക്തിക്കു നിരക്കാത്ത ഒരു വിദൂരസ്വപ്‌നം മാത്രമായി നില്‍ക്കുമ്പോള്‍ ...

കുമാരന്‍ | kumaran പറഞ്ഞു...

പടം കണ്ട് കണ്ണുനിറഞ്ഞു..

ഏപ്രില്‍ ലില്ലി. പറഞ്ഞു...

രമേശ്‌ ചേട്ടാ ‌..വായിച്ചപ്പോള്‍ നന്നേ വിഷമം തോന്നി...ആ ദമ്പതികളുടെ മുഖം കണ്ടാല്‍ പറയുമോ ഇത്ര ക്രൂര ഹൃദയം ഉള്ളവര്‍ ആണെന്ന്...
കോണ്ക്രീറ്റ് കട്ട ചുമക്കുന്ന കുഞ്ഞിന്റെ പടവും മനസ്സില്‍ നിന്നും മാറുന്നില്ല.
രണ്ടു മൂന്നാഴ്ച മുന്‍പേ ബാംഗളൂരില്‍ ഒരു വാര്‍ത്ത വന്നു...ഒരു മന്ത്രിയുടെ വീട്ടില്‍ ഒരു ആഘോഷം നടന്നപ്പോള്‍ ജോലി ചെയ്യാന്‍ വന്നതൊക്കെ കൊച്ചു പിള്ളേര്‍...
പിന്നെ സാധാരണ പോലെ ആ വാര്‍ത്തയും മാഞ്ഞു.

ജോസ്
ബാംഗ്ലൂര്‍

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

അത് തമിഴന്മാരു പിള്ളേരല്ലേ സാര്‍ ? നമ്മുടെ മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ കട്ടുകൊണ്ടുപോകുന്നവറ്റകളുടെ സന്തതികള്‍ ? അവരുടെ നേതാക്കളല്ലേ രാജ്യത്തിന്റെ പതിനായിരക്കണക്കിന് കോടി രൂപ കട്ടുപോക്കറ്റിലാക്കിയത്? അവരുചെയ്യട്ടെ വേണ്ടത്, നമ്മളെന്തിന് മിനക്കെടണം? (ഞാന്‍ പരിഹാസപൂര്‍വ്വം പറഞ്ഞതാണേ...തെറ്റിദ്ധരിക്കരുത്...)

നേവിയില്‍ ഉണ്ടായിരുന്ന എന്റെ ചേട്ടന്‍ പറഞ്ഞ ഒരു കഥ ഓര്‍മ്മവരുന്നു. അവരുടെ യുദ്ധക്കപ്പലില്‍ ഒരിക്കല്‍ അഗ്നിബാധയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഓരോ ക്യാബിനിലും ആഞ്ഞുതട്ടി എല്ലാവരേയും എഴുന്നേല്പിക്കാന്‍ തത്രപ്പെടുകയാണ്. ചില ക്യാബിനുകള്‍ ഒന്നോ രണ്ടോ മിനിട്ടിനു ശേഷമാണ് തുറക്കുന്നത്. വാതില്‍ തുറന്ന് "എന്താടോ ഉറങ്ങാനും സമ്മതിക്കില്ലേ" എന്നു ചോദിച്ച് ഉറക്കം തൂങ്ങി നില്‍ക്കുന്നന് മുഖമടച്ച് ഒരൊറ്റയടിയാണ് - "കപ്പലില്‍ തീയാണ്, ഓടടാ #@$*" എന്ന് ഒരലര്‍ച്ചയും.

ആലസ്യത്തില്‍ ആണ്ടുകിടക്കുന്ന നമ്മുടെ സമൂഹത്തിനും വേണം മുഖമടച്ചൊരടി. പുരയ്ക്കുതീപിടിക്കുന്നതുവരെ ആരും അത് ചെയ്യില്ല.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഓരോ ശിശു രോദനത്തിലും. കേള്പ്പു ഞാന് ഒരു കോടി ഈശ്വര വിലാപം... :(

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ചിത്രങ്ങള്‍ തന്നെ കണ്ണുകള്‍ ഈറനണിയിച്ചു! നല്ല ലേഖനം!

hafeez പറഞ്ഞു...

ഞാന്‍ പലപ്പോഴും ആലോചിച് വിഷമിച്ചിട്ടുണ്ട് ഈ കാര്യം. തെരുവിലെ കുട്ടികള്‍ ; അവരുടെ ജീവിതം.

ബംഗ്ലൂരില്‍ ഒരിക്കല്‍ ബൈക്കില്‍ യാത്ര ചെയ്യവേ ചുവപ്പ് സിഗ്നല്‍ വന്നു വണ്ടി നിര്‍ത്തി. ഒരു കൂട്ടം നാടോടി കുട്ടികള്‍ വലിയ ചാക്ക് നിറയെ പഴയ സാധനങ്ങളുമായി റോഡു മുറിച്ചു കടക്കുന്നത് കണ്ടു. അതില്‍ പലരും തീരെ ചെറിയ കുട്ടികള്‍ .. പെട്ടെന്ന് സിഗ്നല്‍ മാറി. കാത്തുനില്‍ക്കാന്‍ ആവാതെ വണ്ടികള്‍ ചീറിപ്പാഞ്ഞു. അപ്പോള്‍ റോഡിന്റെ നടുവില്‍ പെട്ടുപോയ ഒരു കൊച്ചു കുട്ടിയുടെ പേടിച്ചരണ്ട മുഖം എന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അവനെക്കാള്‍ വലിയ ഒരു ചാക്ക് നിറയെ പഴയ ബോട്ടിലുകള്‍ പിടിച്ചുള്ള ആ നില്‍പ്പ് ആണ് ബാലവേല എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരിക.

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

സത്യം പറഞ്ഞാ, ധനലക്ഷ്മിയെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊന്ന ആ രാക്ഷസിയെ, മണ്ണെണ്ണ യൊഴിച്ച് ജനമധ്യത്തില്‍ കത്തിക്കുകയാണ് വേണ്ടത്...
എന്ത് പറയാന്‍ ഒരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവരിങ്ങനെ ചെയ്യില്ലായിരുന്നുവെന്നു തോന്നുന്നു....

ജുവൈരിയ സലാം പറഞ്ഞു...

വേദനിപ്പിക്കുന്ന വരികൾ..

Salam പറഞ്ഞു...

നിദ്രയെ അസ്വസ്ഥമാക്കുന്ന പോസ്റ്റും വിഷയവും. പ്രതികരണം തണുത്തുറഞ്ഞു പോവുമ്പോള്‍ ഇത്തരം നീചവൃത്തികള്‍ പെരുകുകയും നമ്മള്‍ പോലും അതിന്റെ സ്പോന്സോര്മാര്‍ ആവുകയും ചെയ്യുന്ന ദുരന്തം. അതിലേക്കുള്ള മുന്നറിയിപ്പാകട്ടെ ഈ എഴുത്ത്

അലി പറഞ്ഞു...

നമ്മുടെ കുഞ്ഞുങ്ങൾ രാജകുമാരന്മാരെ പോലെ വാഴുമ്പോൾ നമ്മുടെ സഹോദരങ്ങളുടെ കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നു എന്നു നാം കാണാതെ പോകുന്നു. മനസാക്ഷി ഇനിയും മുഖം തിരിക്കാതിരിക്കട്ടെ.

Lipi Ranju പറഞ്ഞു...

'സ്വന്തം ജീവിതം സുഭിക്ഷമാക്കാന്‍ ഓടുകയാണ്
ഓരോ മനുഷ്യനും, സ്വരക്ഷയ്ക്ക് കൂട്ട് പിടിക്കാന്‍
ഒരു കോടി ദൈവങ്ങളും നമുക്കുണ്ട്, പക്ഷെ
തെരുവിലെ ബാല്യങ്ങള്‍ ഇങ്ങനെ കണ്ണീര്‍
ചൊരിയുമ്പോള്‍ ഏതു ഈശ്വരന്മാര്‍ക്കാണ്
നമ്മെ രക്ഷിക്കാനാവുക ?'

വാസ്തവം ....

mayflowers പറഞ്ഞു...

ഫോട്ടോയിലെ പിഞ്ചു ബാലന്‍ ശരിക്കും കണ്ണ് നിറയിച്ചു.റോഡരുകില്‍ കാണുന്ന ഇത്തരം പിള്ളേര്‍ എപ്പോഴും മനസ്സില്‍ ഒരു വേദനയായി തങ്ങി നില്‍ക്കാറുണ്ട്.
ബാലവേലക്കെതിരെ ഇവിടെ നിയമമുണ്ടായിട്ടെന്ത് ഫലം?
നല്ല പോസ്റ്റ്‌.

ഹാഷിക്ക് പറഞ്ഞു...

ഏറ്റവും കൂടുതല്‍ ബാലഭിക്ഷാടനവും ബാലവേലയും ഉള്ള രാജ്യങ്ങളില്‍ നമ്മുടെ നാടും പെടും എന്ന് തോന്നുന്നു അല്ലെ? നിയമങ്ങള്‍ ആവശ്യത്തില്‍ കൂടുതലുള്ള നമ്മുടെ നാട്ടില്‍ നിയമം മൂലം മാത്രം ഇതൊന്നും നിര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഭിക്ഷാടനവും ഈ കുട്ടി സര്‍ക്കസും ഒക്കെ പ്രോല്‍സാഹിപ്പിക്കാതെ വിടുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

മുല്ല പറഞ്ഞു...

ഇങ്ങനെയുള്ള കുട്ടികള്‍ മുന്നില്‍ വരുമ്പോള്‍ കഴിയുന്നതും ഞാന്‍ ഭിക്ഷ കൊടുക്കാറില്ല. ഇന്നവനു നൂരു രൂപ കിട്ടിയാല്‍ നാളേയും അത് കിട്ടാന്‍ വേണ്ടി അവനെ അവിടെക്കയച്ച ആള്‍ അവനെ കഷ്റ്റപ്പെടുത്തും. അവരുടെ ദയനീയ മുഖം കണുമ്പോ എങ്ങ്നെയാ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുക. വല്ലാത്ത ധര്‍മ്മ സങ്കടമാണത്. ഇനി അവരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാമെന്ന് വെച്ചാല്‍ അവിടുന്നും അവര്‍ ചാടിപ്പോരും. പരിധിയില്ലാത്ത സ്വാതന്ത്ര്യമാണു അവര്‍ തെരുവില്‍ അനുഭവിക്കുന്നത്.അതൊന്നും ഒറ്റയടിക്ക് നിര്‍ത്താന്‍ പറ്റില്ല.പിന്നെ ഒന്നുണ്ട് നമ്മുടെയൊക്കെ പിള്ളാരേക്കാള്‍ ആരോഗ്യവന്മാരാണിവര്‍.നല്ല പ്രതിരോധശേഷിയുണ്ടാകും ശരീരത്തിനു. ദൈവത്തിനറിയാം ആരുമില്ല അവര്‍ക്കെന്ന്.
എന്നാലും ഇതൊക്കെ കാണുമ്പോ സങ്കടമാണു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മഹനീയമായ പോസ്റ്റ്.
അവിഹിതമായി ലഭിക്കുന്ന ധനമാണ് സമൂഹത്തിന്റെ അധാര്‍മ്മികതക്ക് വളമാകുന്നത്. ആ അവിഹിത സംബത്താണ് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നത്.
സ്വന്തം വിയര്‍പ്പില്‍ നിന്നുംജനിക്കാത്ത സ്വത്ത് നമുക്ക് അഭിമാനം നല്‍കുന്നതല്ലെന്ന് സമൂഹം ഒന്നായി മനസ്സിലാക്കുന്ന സാംസ്ക്കാരിക വളര്‍ച്ച ഉണ്ടാകുന്നതുവരെ നമുക്ക് രക്ഷയില്ല. കലാ സാഹിത്യ പ്രവര്‍ത്തനത്തിലൂടെ നാം ആ ലക്ഷ്യം നേടാന്‍ കുറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. നമ്മുടെ കലാസാഹിത്യകാരന്മാര്‍ ആഫ്രിക്കന്‍ പായലുകളായിരുന്നു എന്നും നമ്മുടെ മാധ്യമങ്ങള്‍ ഒഴുക്കില്ലാത്തെ മലിന ജലം കെട്ടി നില്‍ക്കുന്ന പൊട്ടക്കുളങ്ങളായിരുന്നെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ലോക വനിതാദിനത്തില്‍ ചിത്രകാരന്റെ ഒരു പോസ്റ്റ് :
എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം

ﺎലക്~ പറഞ്ഞു...

പ്രിയ സൌഹൃദമേ..?

മുതിര്‍ന്നവരെ വീട്ടില്‍ നിര്‍ത്തിയാല്‍ അതിന്‍റേതായ പാകപ്പിഴകള്‍ ഉണ്ട്..അതുകൊണ്ട് പതിനഞ്ച് വയസിന് താഴെ ആണെങ്കില്‍ കുറഞ്ഞ ചിലവില്‍ “അങ്കവും കാണാം താളിയും ഒടിക്കാം“ എന്ന നിലയിലാണ് സംഭവങ്ങളുടെ പോക്ക്..!!

ദൈവത്തിന്‍റെ സ്വന്തം നാടായ സാംസ്കാരിക കേരളത്തില്‍ ദൈവവം പണ്ടേ ഇല്ല, ഇപ്പോ സംസ്കാരവും..!
ത്ഫൂഊഊഊഊഊഊഊഊഊഊ

തെണ്ടികളെ നിരോധിക്കുകയല്ല വേണ്ടത്..നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം..!! ഇല്ലെങ്കില്‍ നക്സലുകള്‍ ഉണ്ടാകും..!

നിങ്ങള്‍ക്ക് എന്‍റെ വിപ്ലവാഭിവാദ്യങ്ങള്‍..!!

Anya പറഞ്ഞു...

I wish I could help those people and children !!
(I cannot read your post, maybe next time a few lines in english ???)

Enjoy your day
:-)

ദിവാരേട്ടn പറഞ്ഞു...

ഇതും നമ്മുടെ നാട്ടിലെ കുട്ടികള്‍ തന്നെ....
രമേശ്‌ അത് ഉള്ളില്‍ തട്ടും വിധം തന്നെ പറഞ്ഞു.

നനവ് പറഞ്ഞു...

നല്ല പോസ്റ്റ്..വിവേചനങ്ങളാൽ നമ്മുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു..പരിഹാരമാവില്ലെങ്കിലും ഏതെങ്കിലും കണ്ണുകൾ തുറക്കപ്പെടട്ടെ....

അമീന്‍ വി ചൂനുര്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌.!

ഉള്ളില്‍ തട്ടും വിധം തന്നെ പറഞ്ഞു.

റോസാപൂക്കള്‍ പറഞ്ഞു...

ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍.
ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ

Typist | എഴുത്തുകാരി പറഞ്ഞു...

കുട്ടികളോട് എങ്ങനെ ഇങ്ങനെയൊക്കെ പെരുമാറാൻ സാധിക്കുന്നു. നമമുടെ നാട്ടിലാണല്ലോ ഇതൊക്കെ നടക്കുന്നതു് എന്നോർത്തു ലജ്ജ തോന്നുന്നു.

തെച്ചിക്കോടന്‍ പറഞ്ഞു...

ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന കേവലം സെന്‍സേഷണല്‍ വാര്‍ത്ത മാത്രമായി അവശേഷിക്കും ഇതും വീണ്ടും നാം ഇതുതന്നെ തുടരും. സ്വന്തം മക്കളെപ്പോലെയാണ് ഇവരും എന്ന് മനസ്സിലോര്ത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല.

വിഷയത്തിന്റെ തീഷ്ണണത മുഴുവന്‍ വരികളില്‍ പ്രകടമായി, അഭിനന്ദനങ്ങള്‍.

ismail chemmad പറഞ്ഞു...

നല്ല പോസ്റ്റ്‌, ആശംസകള്‍

ശ്രീനാഥന്‍ പറഞ്ഞു...

പൊള്ളൂന്ന പോസ്റ്റ്, ഈ ക്രൂരത കേട്ട് രോഷവും ലജ്ജയും അടക്കാനായില്ല, ഒരു ആലുവക്കാരനായ എനിക്ക്. എഴുതിയത് നന്നായി രമേശ്!

khader patteppadam പറഞ്ഞു...

തൃശ്ശൂറ്‍ ഭാരത്‌ ഹോട്ടലില്‍ നിന്നും സുഭിക്ഷമായ ഉച്ചയൂണും കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍... അങ്ങനെ ഒരു കാഴ്ച!. ഇടനെഞ്ഞു തകര്‍ന്നു പോയി. ഉണ്ട ചോറ്‌ വയറില്‍ക്കിടന്ന്‌ പല്ലിളിച്ചു കാണിച്ചു. കീശയില്‍ത്തപ്പി ഒരു നാണയത്തുട്ട്‌ ആ പൂതറപിടിച്ച വിരിപ്പിലേക്ക്‌ ഇട്ടു കൊടുത്തു. വെയിലേറ്റ്‌ തിളങ്ങുന്ന നാണയവും എന്നെ കോക്കിരികാട്ടി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി. പിന്നെ അവിടെ നിന്നില്ല. നടന്ന്‌ റൌണ്ടിലെത്തി. നഗരത്തിണ്റ്റെ മായാക്കാഴ്ച്ചകള്‍.. കാഴ്ച്ചകളില്‍ മുങ്ങിത്താണ്‌ ഒഴുകിയൊഴുകി ഞാന്‍ സിനിമാക്കൊട്ടകയുടെ ശീതീകരിച്ച ലക്ഷ്വറി സലൂണില്‍ നിവര്‍ന്നു പൊങ്ങി...പുതിയ കാഴ്ച്ചകള്‍, പുതിയ മേളം, പുതിയ താളം..അങ്ങനെയങ്ങനെ...

യൂസുഫ്പ പറഞ്ഞു...

ഈ പോസ്റ്റ് വായിച്ചു ഒരു പാട് പേർ. പലരും നിശ്വാസങ്ങസ്ളിൽ ഒതുക്കി. പലരും നല്ല പോസ്റ്റെന്ന് എഴുതി.ഈ ഞാനും അൺഗനെയൊക്കെ തന്നെ ചെയ്യാൻ പോകുന്നു.നാളെ നമ്മളിതെല്ലാം മറന്ന് മറ്റൊന്നിലേക്ക് നോട്ടവും ചെവിയുമോർക്കും.
എന്നാൽ,അങ്ങിനെ മതിയോ..?
ഫലപ്രദമായി ബാലവേലക്കും കോടിയ മർദ്ദനങ്ങൾക്കും എതിരെ പ്രതികരിക്കേണ്ടതില്ലേ.ഓരോരുഠരും പ്രതിജ്ഞയെടുക്കൂ.ഇത്തരം അനീതി കണ്ടാൽ പ്രതികരിക്കുമെന്നും.സാമ്പത്തീകമാ​‍ീ നമ്മളാലാവുന്നത് ചെയ്യുമെന്നും.

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

namukku (malayalam bloggers nu) enthu cheyyanavum....??????????????

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രിയ സുഹൃത്തുക്കളെ ..ഈ പോസ്റ്റ് വായിച്ച് സ്വദേശ ത്തും വിദേശത്തും ഉള്ള മലയാളികളും ,ഭാഷ യറിയില്ലെങ്കിലും ചിത്രങ്ങള്‍ കണ്ടു കാര്യം മനസിലാക്കിയ ചില വിദേശികളും ആയ നിരവധിപേര്‍ എന്നോട് ചോദിക്കുന്നു നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ,,,
ചിലത് നമുക്ക് ചെയ്യാന്‍ കഴിയും ..
ഇത്തരം കുട്ടികളെ അലഞ്ഞു തിരിയുന്ന നിലയിലോ ,ബാലവേല യ്ക്ക് നിര്‍ബന്ധിതമാകുന്ന സ്ഥലങ്ങളിലോ കണ്ടാല്‍ ജില്ല
ശിശു ക്ഷേമ സമിതി ,സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ,പോലിസ് എന്നിവരെ ഉടനടി വിവരം അറിയിക്കുക ..കഴിയുമെങ്കില്‍ നിങ്ങളും ആ നടപടികളില്‍ പങ്കാളിയാവുക .
സന്നദ്ധ സംഘടനകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടനകള്‍ രൂപീകരിക്കുക .
ശിശു സംരക്ഷണ കേന്ദ്രങ്ങളും അനാഥ മന്ദിരങ്ങളും സന്ദര്‍ശിച്ചു വസ്ത്രം ,ആഹാരം എന്നിവ സമാഹരിച്ചു കൊടുക്കാം ..
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥ രായ വ്യക്തികളും പ്രസ്ഥാനങ്ങളും ഉണ്ട് ..അവരില്‍ ചിലരെ ഞാന്‍ ഇവിടെ താമസിയാതെ പരിചയ പ്പെടുത്താം ..അവര്‍ക്ക് പറ്റുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കാം ..നമ്മുടെ ആഘോഷ വേളകളില്‍ നമുക്ക് ചുറ്റുമുള്ള ഈ പതിത സമൂഹം കൂടി പട്ടിണി കിടക്കുന്നില്ല എന്നുറപ്പ് വരുത്തുക ..
ഇവര്‍ ഇങ്ങ നെ ആരാലും ശ്രദ്ധിക്കപ്പെടാതെ വളര്‍ന്നാല്‍
ഭാവിയില്‍ വന്‍ ക്രിമിനലുകള്‍ ആയി സമൂഹത്തിനാകമാനം വിപത്തായി മാറാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക ..
ഒരു നേരത്തെ ഭക്ഷണം നല്‍കി ഒരു കുട്ടിയെ എങ്കിലും മോഷണത്തില്‍ നിന്ന് നമുക്ക് രക്ഷിക്കാന്‍ ശ്രമിക്കാം ..

കെ.എം. റഷീദ് പറഞ്ഞു...

ക്രൂരതയുടെ ബലിയാടുകള്‍......
എഴുതുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല
അത്രയും വേദനിപ്പിച്ചു

രമേശ്‌അരൂര്‍ പറഞ്ഞു...

1) http://www1.theruvoram.com/
ഈ സൈറ്റില്‍ പോയാല്‍ കുറച്ചു വിവരങ്ങള്‍ കിട്ടും ..

തെരുവ് കുട്ടികള്‍ക്കായി ജീവിതം ചിലവിടുന്ന കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍ മുരുകന്‍ നേതൃത്വം കൊടുക്കുന്ന സംഘടനയാണ് തെരുവോര പ്രവര്‍ത്തക അസോസിയേഷന്‍ ..എഴുത്തുകാര്‍ ,തൊഴിലാളികള്‍ ,പോലിസ് ഉദ്ധ്യോഗസ്ഥര്‍, നിയമജ്ഞര്‍ ,പത്ര പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ ഈ സംഘടനയില്‍ ഉണ്ടെങ്കിലും അനാഥനായ മുരുകനും അവന്‍ ഓട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന ചില്ലികാശുമാണ്
സംഘടനയുടെ പ്രധാന പ്രവര്‍ത്തന മൂലധനം ..മുരുകന്റെ പ്രവര്‍ത്തന മേഖലെയെക്കുറിച്ചു വിപുലമായ ഒരു പോസ്റ്റ് ഇടുന്നുണ്ട് ..

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good article

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

ബാലവേലക്കെതിരെ ഇന്ത്യയില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിട്ടും ഇന്ത്യയില്‍ വാടിക്കരിയുന്ന ബാല്യങ്ങളേറെ..ഇതിന്റെ അര്‍ത്ഥമെന്താണ്.നമ്മുടെ നിയമമാണോ അതോ നിയമപാലകരാണോ ആണും പെണ്ണും കെട്ടവര്‍.അതോ വികസിത രാജ്യമെന്ന സ്ത്ഥാനം സ്വപ്നം കാണുന്ന നമ്മുടെ നാട്ടിലെ ദാരിദ്ര്യമാണോ നമ്മുടെ ശാപം..? രമേശ് ജീ കരളലയിപ്പിക്കുന്ന ലേഖനം നന്നായിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

good....

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

വായിച്ചു, വിഷമത്തോടെ!
യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയായ ഓട്ടോ ഡ്രൈവര്‍ ശ്രീ: മുരുകനെ പരിചയപ്പെടുത്തിയതിന് നന്ദി.

നസീര്‍ പാങ്ങോട് പറഞ്ഞു...

ഓരോ ശിശു രോദനത്തിലും കേട്ടു ഞാന്‍ ..... ഒരു കോടി ഈശ്വര വിലാപം... nalla ezhutthukal...

MALAVIKA പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

ഒന്നും പറയാനില്ല..ഞാന്‍ നിശ്ശബ്ദം പടിയിറങ്ങുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

കൊച്ചിയില്‍ ഇന്നലെ(7/3/2011) അബാദ് ഗ്രൂപ്പിന്റെ ഫ്ലാറ്റുകളില്‍ നടന്ന പോലീസ് റെയ് ഡില്‍ വീട്ടു വേലക്കാരായി ജോലി ചെയ്ത എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള ആറു തമിഴ് കുട്ടികളെ
കണ്ടെത്തിയിരിക്കുന്നു !
സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാരുടെ വീടുകളിലെ അടുക്കളയിലും ,,അലക്ക് മുറികളിലും ഒക്കെയായിരുന്നു ഈ കുഞ്ഞുങ്ങളുടെ ദിനരാത്രങ്ങള്‍ ഇരുണ്ടു വെളുത്തത് ..ഡോക്റ്റര്‍ മാരും,
വക്കീലന്മാരും ബിസിനസ് കാരും ഒക്കെയായിരുന്നു ഈ കുട്ടികളുടെ മുതലാളിമാര്‍ ..പോലീസ് പിടിച്ച ഇവര്‍ കോടതിയിലേക്കും അവിടെ നിന്ന് താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലേക്കും പോകും ..പിന്നീട് കോടതിയില്‍ അവകാശം പറഞ്ഞു വരുന്ന കങ്കാണിമാരിലൂടെ വീണ്ടും പുതിയ പീഡന കേന്ദ്രങ്ങളിലെക്കോ ..തെരുവുകളിലെക്കോ യാത്ര ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

സംസ്ക്കാരസമ്പന്നരെന്നു വിളിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ആണിതൊക്കെ നടക്കുന്നത് എന്നത് വേദനാജനകം തന്നെ... ശിശുക്കള്‍ ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ എന്നു പറയുകയും, അവരെ അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ കെട്ടിയിടുകയും ചെയ്യുന്ന നരാധമന്മാരല്ലേ നമ്മള്‍ ...?

ഇവിടെ മാതാപിതാക്കള്‍ , കുഞ്ഞുങ്ങളെ ഉപദ്രവിച്ചാല്‍ അവരെ ശിക്ഷിക്കുകയും കുട്ടികളെ “ഫോസ്റ്റര്‍ പാരന്റ്സിനെ” ഏല്‍പ്പിക്കുകയും ചെയ്യുന്ന നിയമമുണ്ട്.(ഇവിടെയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതില്‍ മുന്‍പന്തിയില്‍ ഏഷ്യക്കാര്‍ തന്നെ....)അത്രയൊന്നും കൊടുക്കാന്‍ നമുക്കു കഴിഞ്ഞില്ലെങ്കിലും അല്പം മനുഷ്യത്വം കാട്ടാമല്ലോ.... അവരെ, സുരക്ഷിതമായ ഇടങ്ങളില്‍ എത്തിക്കാനെങ്കിലും നാം ശ്രദ്ധ വച്ചിരുന്നെങ്കില്‍ ...

മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന ലേഖനം രമേശ്, ഈ സംരംഭം തുടരുക , എല്ലാ പിന്തുണയും....

~ex-pravasini* പറഞ്ഞു...

വായിക്കാന്‍ ഒരുപാട് വൈകി.
ഇപ്പോള്‍ വായിച്ചു.മുമ്പ് വായിച്ച് മനസ്സുരുക്കിയ കാര്യങ്ങള്‍ രമേശ്‌ സാറിന്‍റെ വാക്കുകളിലൂടെ വീണ്ടും മനസ്സില്‍ തട്ടി നൊന്തു.
ഹോട്ടലുകളില്‍ കേറുമ്പോള്‍ ഇങ്ങനത്തെ ദൈന്യ മുഖങ്ങള്‍ക്കു വല്ലതുമൊക്കെ കൊടുക്കാറുണ്ട്.
അത് വാങ്ങുമ്പോള്‍ അവരുടെ മുഖത്തെ ഭയം പലപ്പോഴും കണ്ടതാണ്.
നമ്മുടെ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലാണ്.നമ്മളും!!

ഷാബു പറഞ്ഞു...

ബാലവേല നിരോധനം നിയമത്തിന്റെ താളുകളില്‍ മാത്രമേ ഉള്ളൂ. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ ഈ ലേഖനം. അഭിനന്ദനങ്ങള്‍!!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഷാബു ബാലവേലയെക്കുറിച്ച് എഴുതിയല്ലോ. 'സാഹിത്യശ്രീ' മാസികയില്‍ 'ബാലവേല' എന്ന തലക്കെട്ടിലൊരു കൊച്ചുകഥ ഞാനെഴുതിയിരുന്നു. രമേശ് അരൂരിന്റെ അനുമതി വാങ്ങാതെ തന്നെ അതിവിടെ കൊടുക്കട്ടെ!

ബാലവേല

''ഈ സ്ഥാപനത്തില്‍ ബാലവേല ചെയ്യിക്കുന്നില്ല എന്നെഴുതിയ പോസ്റ്റര്‍ ചുമരില്‍ ഒട്ടിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായെടാ നായിന്റെ മോനേ! ചെറിയ ചെക്കനാണെന്നൊന്നും നോക്കില്ല കെട്ടോ. അടിച്ചു നിന്റെ കരണക്കുറ്റി പൊട്ടിക്കും ഞാന്‍!!''
........

Ashraf Ambalathu പറഞ്ഞു...

എല്ലാം അറിഞ്ഞതും അറിയുന്നതുമായ കാര്യങ്ങളായിട്ടും
സര്‍, അങ്ങയുടെ ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ അറിയാതെ കണ്ണൊന്നു നനഞ്ഞു പോയി.
നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നാം തിരിച്ചറിയണമെങ്കില്‍,
നമുക്ക് താഴെ തട്ടില്‍ ജീവിക്കുന്നവരെ നമ്മള്‍ തിരിച്ചറിയണം.
ഈ ഓര്‍മ്മപ്പെടുതലിനു അഭിനന്ദനങ്ങള്‍.

ANSAR ALI പറഞ്ഞു...

തീര്‍ച്ചയായും ഇതിന്‍റെ ഒരു തമിഴ് കോപ്പി കരുണാനിധി അര്‍ഹിക്കുന്നുണ്ട്.ദിവസേന 45 കോടിയുടെ ചാരായം വിറ്റ് മഹാനവര്‍കള്‍ ഭംഗിയായി ഭരണം നടത്തി കൊണ്ടിരിക്കുകയാണല്ലോ....അഭിനന്ദനങള്‍ ...

Villagemaan പറഞ്ഞു...

ഞാന്‍ പോസ്റ്റും കമന്റുകളും വായിച്ചില്ല രമേഷ്ജി..ഇത് വായിക്കാനുള്ള ശക്തി ഇല്ല എനിക്ക് :(

കൈതപ്പുഴ പറഞ്ഞു...

അളിയാ...പോസ്റ്റ്‌ നന്നായി...
ഗൌരവമേറിയ വിഷയം നന്നായി പറഞ്ഞിരിക്കുന്നു...

പ്രദീപൻസ് പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌ ...

Muneer N.P പറഞ്ഞു...

ഓരോരുത്തരും ചിന്തിക്കേണ്ട പ്രതികരിക്കേണ്ട കാര്യം
തന്നെ.കറുത്ത പക്ഷികള്‍ എന്ന സിനിമയില്‍ നമുക്കിടയില്‍ ജീവിക്കുന്ന
നമ്മള്‍ തന്നെ വിലയില്ലാതാക്കി ജീവിപ്പിക്കുന്ന ഇത്തരം കുറേ
ജീവിതങ്ങള്‍ കാണിക്കുന്നുണ്ട്.

zephyr zia പറഞ്ഞു...

നമുക്കൊരുമിച്ചു നില്‍ക്കാം ഒരു രോദനവും ഇവിടെ മുഴങ്ങാതിരിക്കാന്‍!

നിരക്ഷരൻ പറഞ്ഞു...

ധനലക്ഷ്മിയുടെ കേസ് വെളിയിൽ വന്നതിന് ശേഷം, അതേപ്പറ്റി ഭാര്യയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടന്നവർ ചെവി പൊത്തി. ‘മതി ഇനി പറയല്ലേ‘ എന്നപേക്ഷിച്ചു.

5000 കുട്ടികളെയാണത്രേ കൊച്ചിയിൽ മാത്രം വിറ്റഴിച്ചിരിക്കുന്നത്. എന്നിട്ടെവിടെ അവരൊക്കെ ? ഉണ്ട്... കൊച്ചി നഗരത്തിൽ തന്നെയുണ്ട് അതിൽ ഭൂരിഭാഗവും. രാപ്പകൽ പണിചെയ്ത് നടു ഒടിയുമ്പോൾ ഏതൊക്കെയോ അടുക്കള പിന്നാമ്പുറത്തും കോവണിപ്പടിക്ക് അടിയിലുള്ള കുടുസ്സ് ഇരുട്ട് മുറിയിലും സ്റ്റോർ മുറിയിലുമൊക്കെ വായിൽ തുണി കുത്തിക്കയറ്റി അടച്ചിടുന്നുണ്ടാകണം. അല്ലെങ്കിൽ ഒരു ഞരക്കമെങ്കിലും വെളിയിൽ കേൾക്കാതെ പോകുന്നതെങ്ങിനെ ?

തെരുവിൽ കാണുന്ന കുട്ടികളെ മുരുകനെപ്പോലുള്ളവർ രക്ഷിച്ചെടുത്ത് സംരക്ഷണം ഉറപ്പാക്കുന്നു. വെളിയിൽ കാണാൻ കിട്ടാത്ത മുകളില്‍പ്പറഞ്ഞ കുട്ടികളുടെ കാര്യത്തിൽ എന്തു ചെയ്യാനാവും നമുക്ക്. ചെവി പൊത്തിപ്പിടിച്ചാൽ പ്രശ്നങ്ങൾ തീരുമോ ? കണ്ണടച്ച് പിടിച്ചാൽ ഇരുട്ടാകുമോ ?

കുട്ടികളെ ജോലിക്ക് വെച്ചിരിക്കുന്ന എറണാകുളത്തെ ആ ഹോട്ടലിന്റെ പേര് രഹസ്യമായിട്ടെങ്കിലും പറഞ്ഞ് തരൂ. അവിടെ പോകാതിരിക്കാൻ നോക്കാം. പറ്റുന്നവരിലേക്കൊക്കെ ഈ വിവരം അറിയിക്കാം. ബിസിനസ്സ് കുറയുന്നതിന്റെ കാരണം മനസ്സിലാക്കി നല്ല നടപടി എടുക്കാൻ അവർ നിർബന്ധിതരായാലോ ? സൗഹൃദ സന്ദർശനത്തിന് പോകുന്ന വീടുകളിലൊക്കെ അന്വേഷിക്കാം അവിടെ വീട്ടുകാര്യങ്ങൾ ഒക്കെ എങ്ങനാണ് നടക്കുന്നതെന്ന്. 18 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ഏതെങ്കിലും തരത്തിൽ, അതിൽ ഏതെങ്കിലും ഒരു വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ‘ഇതൊന്നും ശരിയല്ലെന്ന്’ തുറന്നടിച്ച് പറയാം. അത്തരക്കാരുമായുള്ള സൗഹൃദം, അവർ എത്ര വലിയ സുഹൃത്തായാലും അവസാനിപ്പിക്കാം. ഇങ്ങനൊക്കെ ചെയ്യാനായാൽ 5000 ൽ നിന്ന് 500 കുട്ടികളെങ്കിലും പുറത്ത് വരും. കൂടുതൽ എന്തൊക്കെ ചെയ്യണമെന്ന് അലോചിച്ചിട്ട് തലയിൽ ഒന്നും വരുന്നില്ല. എല്ലാവരും ചേർന്ന് ആലോചിക്കൂ. ഇവിടെ ഈ കമന്റുറയിലെങ്കിലും തീരുമാനമാകട്ടെ കുറേ നല്ല നടപടികൾ.

രമേശ് ഭായ്‌ക്ക്... ഒരു ബിഗ് ഹഗ്. ആരെങ്കിലുമൊക്കെ ഇങ്ങനെ ഒച്ചയിടുന്നുണ്ടല്ലോ അവർക്കായി. അതിനാ...

സിദ്ധീക്ക.. പറഞ്ഞു...

എന്തൊക്കെ കാണണം, കേള്‍ക്കണം ,അനുഭവിക്കണം ഈ ഒരു ജന്മം കൊണ്ട്, ചിലത് കാണുമ്പോള്‍ മനസ്സ് വല്ലാതെ പൊടിഞ്ഞു പോകുന്ന പോലെ തോന്നും ..എന്തിനിത്ര ക്രൂരത..? ഇതെവിടെ ചെന്നവസാനിക്കും ? അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളാനെന്നരിയാം എങ്കിലും ,ഒരു മനശാന്തിക്ക് വേണ്ടി വെറുതെ ചോദിച്ചു പോവുകയാണ്..

ശ്രീ പറഞ്ഞു...

പോസ്റ്റ് നന്നായി

Manoraj പറഞ്ഞു...

ഒരോ ശിശുരോദനത്തിലും കേള്‍പ്പുഞാന്‍
ഒരു കോടി ഈശ്വരവിലാപം.

ആരു കേള്‍ക്കാന്‍.. ഈശ്വരന്മാര്‍ പോലും വിലപിക്കുമ്പോള്‍ ആരു കേള്‍ക്കാന്‍..


വളരെ പ്രസക്തമായ വിഷയം. ഹെഡിങില്‍ തന്നെ വിഷയത്തിന്റെ ഗാഭീര്യം ഉണ്ട്. രമേശ് ബ്ലോഗനയിലേക്ക് ഒന്ന് അയക്കുക.. എന്റെ തോന്നല്‍.. ഈ പോസ്റ്റ് ബ്ലോഗില്‍ ഒതുങ്ങേണ്ടതല്ല എന്ന്..

smitha punalur പറഞ്ഞു...

നോക്കൂ ..നമ്മുടെ പൊന്നുമക്കള്‍ നമ്മുടെ വീട്ടിലെ രാജകുമാരന്മാരും രാജകുമാരികളും ആണ് .

രമേശ്‌ അരൂര്‍ പറഞ്ഞു...

ഈ സാമൂഹിക വിഷയത്തോട് അതിന്റെ ഗൌരവത്തില്‍ തന്നെ പ്രതികരിച്ച സുമനസുകള്‍ക്ക് എന്റെ സ്നേഹം ,നന്ദി ,,ഒരു ലേഖനം എഴുതിയാല്‍ തീരുന്നതല്ല ഈ വിഷയം ചൂണ്ടിക്കാട്ടുന്ന തിന്മകളും അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന വിഷമകരമായ പ്രതിസന്ധികളും .ഓരോ മനുഷ്യരും അവരവരാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം .മുന്നില്‍ കൈ നീട്ടിവരുന്ന ഒരു കുട്ടിക്കും ദയവു ചെയ്തു ഒരു രൂപ പോലും ഭിക്ഷ നല്‍കരുത് .പറ്റുമെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്‍കുക .അവര്‍ക്ക് നല്‍കുന്ന ഒരു രൂപ ഉപയോഗിച്ച് തൊട്ടടുത്ത പോലീസ്‌ സ്റ്റെഷനിലെക്കോ ,സന്നദ്ധ സംഘടന കളിലെക്കോ ,ജില്ല ശിശു ക്ഷേമ സമിതിയിലെക്കോ ഒരു ഫോണ്‍ വിളി ..അത് കൊണ്ട് ചിലപ്പോള്‍ ഒരു കുട്ടി എങ്കിലും രക്ഷപ്പെട്ടേക്കാം ..

പള്ളിക്കരയില്‍ പറഞ്ഞു...

മന:സാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന സത്യാവസ്ഥകൾ.

മഹേഷ്‌ വിജയന്‍ പറഞ്ഞു...

പ്രിയ രമേശ്‌ ഭായി, വളരെ ശക്തമായ ഒരു പ്രതികരണം...
തെരുവ് ബാല്യങ്ങളുടെ ജീവിതത്തിലേക്ക് താങ്കള്‍ നടത്തിയ ഈ എത്തിനോട്ടം തികച്ചു അഭിനന്ദനം അര്‍ഹിക്കുന്നു...
ഈ പോസ്റ്റ് വായിച്ചു ഒരാളെങ്കിലും ഒരു കുരുന്ന്നിനെ എങ്കിലും രക്ഷപെടുത്താന്‍ നിയോഗമായാല്‍ എത്രയോ നല്ലത്.. ഈ ചര്‍ച്ചകള്‍ക്ക് അപ്പുറം കൂടുതല്‍ പ്രാവര്‍ത്തികമായി മുന്നോട്ടു പോകുവാന്‍ നമുക്ക് എന്ത് ചെയ്യുവാനാകും ?
കുട്ടികളുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും..
അനാഥ ബാല്യങ്ങള്‍ക്കായി, S.O.S മോഡലില്‍ 'കുട്ടികളുടെ ഗ്രാമം' എന്ന ആശയം നടപ്പിലാക്കാന്‍ ഒരു പ്രസ്ഥാനം രൂപീകരിക്കണമെന്ന് എനിക്ക് വളരെ അധികം ആഗ്രഹമുണ്ട്.
അതിനായി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഓര്‍ക്കുട്ടില്‍ 'നന്മ' (nanma child welfare org) എന്നാ പേരില്‍ ഒരു കമ്മ്യൂണിറ്റി രൂപീകരിച്ചിരുന്നു.. നിരവധി ആളുകള്‍ അതിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു എങ്കിലും, അധികം മുന്നോട്ടു പോകാന്‍ എനിക്കായില്ല..

സോഫ്റ്റ്‌വെയര്‍, ഐ.ടി രംഗത്തെ ഒരുപാട് പേര്‍ ഇത്തരമൊരു സംരഭത്തിനു സാമ്പത്തിക സഹായങ്ങള്‍ നല്‍കാമെന്നു ഉറപ്പു പറഞ്ഞിട്ടുണ്ട്. ബൂലോകത്തെയും അല്ലാതെയുമുള്ള സമാന മനസ്കര്‍ ഒരുമിക്കുകയാനെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.. ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും അപ്പുറം നമ്മള്‍ പ്രാക്ടിക്കല്‍ ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

എന്റെ പ്രൊഫൈലില്‍ എന്റെ ഇമെയില്‍ ഉണ്ട്.. സമാന മനസ്കര്‍, അല്പം സമയം കിട്ടുകയാണെങ്കില്‍ ഒരു മെയില്‍ അയക്കുക. നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം..
നന്ദി..

അനീസ പറഞ്ഞു...

ദാരിദ്ര്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ അധ:പതനം, വളരെ സത്യം , നല്ല പോസ്റ്റ്‌

ചീരം പറഞ്ഞു...

ഒന്നും പറയാനില്ല..അഭിപ്രായങ്ങളും,സംവാദങ്ങളും ഇവിടെ പതിവുള്ളതാണ്..ഹോ പാവം..എന്ന് നീട്ടി ഉള്ള പറച്ചിലും.വാസ്തവത്തില്‍ ആ കുട്ടികള്‍ ജനിച്ചു വീഴുന്ന സാഹചര്യങ്ങളും,ധാരിധ്ര്യവും,കഷ്ട്ടപാടുകളും ആരും അറിയുന്നില്ല..അറിയുകയും തിരക്കുകയും ചെയ്യേണ്ടാതായവര്‍ അത് ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ എടുക്കുന്നില്ല.ഈ പരിതപിക്കുന്ന ജനസമൂഹത്തിന് അത്തരം ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല..

ഫെമിന ഫറൂഖ് പറഞ്ഞു...

വേദനിപ്പിക്കുന്ന സത്യങ്ങള്‍... കരളലിയിപ്പിക്കുന്ന ചിത്രങ്ങള്‍..

കമ്പർ പറഞ്ഞു...

ഒന്നും പറയാനില്ല, ഏഷ്യാനെറ്റ് ചാനലിൽ വരുന്ന ജനസേവ ശിശുഭവന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരമ്പരയിൽ അവിടെ ഇന്ന് ജീവിച്ച് കൊണ്ടിരിക്കുന്ന കുരുന്നുകളുടെ പഴയ കാല അനുഭവങ്ങൾ പങ്ക് വെക്കുന്നത് കണ്ട് ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്., ജനശേവ ശിശുഭവൻ പ്രവത്തനങ്ങൾ തികച്ചും മാത്രകാ പരമാണു., അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കെല്ലാം ദൈവം ഉചിതമായ പ്രതിഫലം നൽകുമാറകട്ടെ. എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ജനസേവ ശിശുഭവന്റെ പ്രവർത്തനങ്ങൾക്ക് നമ്മളാൽ കഴിയുന്ന സംഭാവനകൾ അർപ്പിക്കുകയുമാവാം..
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ദൈവം താങ്കൾക്ക് നന്മ വരുത്തട്ടേ..

OAB/ഒഎബി പറഞ്ഞു...

അതിലൊന്നും എന്റെ മോനില്ല മാഷെ പിന്നെ ഞാനെന്തിന് ബേജാറാവണം ?

അറിഞ്ഞതും ചിത്രങ്ങളായ് കണ്ടതിലേറെയും സ്വന്തമനുഭവിച്ചയാളായതിനാലെനിക്കറിയാം
പുറം തിരിയാൻ,മരവിക്കാൻ...
നല്ലത് വരുത്തട്ടെ....

ആദൃതന്‍ | Aadruthan പറഞ്ഞു...

വളരെ ശരി തന്നെ രമേഷ്ജി...
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോ ഒക്കെ നേരില്‍ കണ്ടു.
ആശംസകള്‍

jayarajmurukkumpuzha പറഞ്ഞു...

utharavadithamulla lekhanam..... aashamsakal........

Prem Nizar Hameed പറഞ്ഞു...

സാമൂഹിക പുരോഗതി കൈവരിക്കാന്‍ നമ്മള്‍ നക്സലൈറ്റ് ആകേണ്ട ആവശ്യമൊന്നുമില്ല. ഇത്തരം വാക്കുകള്‍ തന്നെ ഏതു പടവാളിനേക്കാളും മൂര്ച്ച്ച്ചയുള്ളതാണ്.
അത് നെഞ്ചില്‍ ആഴത്തില്‍ കയറുന്ന രീതിയിലാണ് പ്രയോഗിച്ചിരിക്കുന്നതിവിടെ. (കാണ്ടാമൃഗങ്ങള്‍ക്ക് ബാധകമല്ല.) നീതി നടപ്പാക്കാന്‍ കച്ച കെട്ടി പുറപ്പെട്ട രണ്ടു അഭിഭാഷകര്‍ ഇതില്‍ ഉള്‍പ്പെട്ടതില്‍ അത്ഭുതം തോന്നുന്നില്ല. കിട്ടിയ സ്വാതന്ത്ര്യം നശിപ്പിച്ചു നാറാണ കല്ലെടുത്ത്‌ കൊണ്ടിരിക്കുന്ന നേതാക്കന്മാര്‍ വാഴുന്ന നാടല്ലെ നമ്മുടേത്. ഒരു നല്ല ജനകീയ മുന്നേറ്റത്തിലൂടെയുള്ള ശുദ്ധികലശം അനിവാര്യമായിരിക്കുന്നു. മതം, പണം, ഇവയെ വേലിക്കു പുറത്ത് നിര്‍ത്തി വേണം കാര്യങ്ങളില്‍ ഇടപെടേണ്ടത്‌. ഇത് രണ്ടുമാണല്ലോ ഇന്ന് മനുഷ്യനെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എഴുതിയ രമേഷിനും വായിച്ച എനിക്കും ഒരു രാത്രിയെങ്കിലും ഉറക്കം നഷ്ടപെട്ടാല്‍ അത് നമ്മുടെ മനസ്സിന്റെ വിങ്ങലാണ്, പ്രതികരിക്കാന്‍ കഴിയാതെ വരുന്ന ഓരോ മനസ്സിന്റെയും വിങ്ങലാണ്. ബാലവേല എന്ന ഈ വിഷയം വളരെ മുന്‍പേ എന്നെ അലട്ടിയിരുന്നു. ഒരു കുട്ടിക്കെങ്കിലും പഠിക്കാനുള്ള സാമ്പത്തിക സഹായം കൊടുത്തു സ്കൂളിലേക്ക് പറഞ്ഞു വിടുക എന്ന എളിയ ചിന്ത മനസ്സില്‍ വന്നാല്‍ ഒരു പരിധി വരെ ഇത് തടഞ്ഞു നിര്‍ത്താന്‍ കഴിയും. ഞാന്‍ വലിച്ചു തള്ളുന്ന പുക ഒരു കുട്ടിയുടെ നിശ്വാസമായി മാറുമെങ്കില്‍ എന്തിനീ ക്യാന്‍സര്‍ പുക എന്ന ഒരു തോന്നല്‍ എനിക്ക് പ്രചോദനമായിരുന്നു.

Sulfi Manalvayal പറഞ്ഞു...

വെറുതെ പറയാനായി മാത്രം പോരാ.
നാം എന്തെങ്കിലും ചെയ്തെ പറ്റൂ. അതിനൊരുങ്ങുക.

രമേശ്‌ അരൂര്‍ പറഞ്ഞു...

അഭിപ്രായം അറിയിച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി ...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നല്ല ലേഖനം രമേഷ് ഭായ്
വേദനിപ്പിക്കുന്ന വാര്‍ത്തകളും, ചിത്രങ്ങളും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍