2011, മാർച്ച് 14, തിങ്കളാഴ്‌ച

മരണം വരുന്ന നാള്‍

യിടെയായി ഉറക്കത്തിലും  ഉണര്‍വിലും  മരണത്തെപ്പറ്റിയുള്ള ചിന്തകളാണ്  എന്നെ ചൂഴ്ന്നു നില്‍ക്കുന്നത് ...കാരണം  മരിക്കുന്ന സുദിനം ഞാന്‍ മാസങ്ങള്‍ക്ക് മുന്നേ തന്നെ  അറിഞ്ഞു കഴിഞ്ഞു !
സത്യം !
അതിനുള്ള അവസരം ഭാഗ്യവശാല്‍ കുറച്ചു നാള്‍ മുന്‍പുതന്നെ എനിക്ക്  നാട്ടിലുള്ള ഒരു സുഹൃത്താ ണ് ഉണ്ടാക്കിത്തന്നത്   !

ഓണ്‍ ലൈനില്‍ വല്ലപ്പോഴും വന്നു സംസാരിക്കാറുള്ള ആ പെണ്‍സുഹൃത്ത്  അയച്ചു തന്നതാണ്    മരണം മുന്‍കൂട്ടി അറിയാന്‍ പ്രാപ്തമാക്കുന്ന  ആ വെബ് സൈറ്റിന്റെ   ലിങ്ക് ..

ആദ്യം തമാശയായി കണ്ടെങ്കിലും ആകാംക്ഷയോടെ അത് തുറന്നു ഞാനെന്റെ മരണ ദിനം നെഞ്ചിടിപ്പോടെ  നോക്കിക്കണ്ടു!!

ആണ്ട്‌ ,തീയതി ,സമയം ,എന്നീ കണക്കുകള്‍ കൂടാതെ ഏതു വഴിയിലൂടെയായിരിക്കും മരണം എന്നെ തേടിയെത്തുക എന്നുകൂടി    വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
രോഗങ്ങള്‍ മൂലമായിരിക്കില്ല ഞാന്‍ മരിക്കുന്നതെന്നു അറിഞ്ഞതോടെ ശ്വാസം മുട്ടല്‍ പാരമ്പര്യ രോഗമായി കിട്ടിയ എനിക്ക് പകുതി സമാധാനമായി .സിഗരറ്റൊക്കെ വലിച്ചു ഞാന്‍ ശ്വാസം കിട്ടാതെ ചുമയ്ക്കുമ്പോള്‍ രശ്മി പറയാറുണ്ട്‌ ..
"ഇങ്ങനെ പോയാല്‍ ഒരമ്പതു വയസു കഴിയുമ്പോള്‍ അവള്‍ക്കും മകനും  ഞാന്‍ മൂലം കഷ്ടപ്പെടേണ്ടി വരുമല്ലോ " എന്ന് !! ഇതിപ്പോള്‍  അതോര്‍ത്തു അവള്‍ ഉറക്കം കളയണ്ട .

പിന്നെങ്ങിനെ അത് സംഭവിക്കും ?... ആക്സിഡന്റ് ??

മക്ക-മദീന എക്സ്പ്രസ് ഹൈവേയിലൂടെ 120 /140 കി.മീ  വേഗതയില്‍ കാര്‍ പായിക്കുമ്പോള്‍,അങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ..എവട !

സൌദിയിലെ ഡ്രൈവിംഗ് ലൈസന്‍സ്  എടുക്കാന്‍ ആലോചിക്കുന്നതിനു മുന്‍പ് തന്നെ നാട്ടില്‍  കാര്‍ ഓടിച്ച ഹുങ്കില്‍ അതിരാവിലെ കാര്‍ എടുത്തുകൊണ്ടു പോയി റോഡരുകില്‍  ഒരു സൗദി സ്വദേശിയുടെ പാര്‍ക്ക് ചെയ്ത കാറില്‍ ഇടിപ്പിച്ചു കടന്നു കളയാന്‍ നോക്കിയവനാണ്  ഞാന്‍ ..

നാട്ടിലെ പോലെ 'ഞാനൊന്ന് മറിഞ്ഞില്ലേ' എന്ന മട്ടില്‍  മുങ്ങി  കളയാം എന്ന് പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അറബി പോലീസ് ഓടിച്ചിട്ടു പിടിച്ചു വിരട്ടിക്കളഞ്ഞു ! കാര്‍ ഉടമയായ സൌദിയും പാഞ്ഞെത്തി !
  എന്റെ മുഖത്തെ വിനയവും പേടിയും കണ്ടു ദയ തോന്നിയിട്ടോ മറ്റോ "ആദ ഹിന്ദി    മാഫി മുഷ്കില്‍  കല്ലി  വല്ലി  "(ഈ ഇന്ത്യക്കാരന്‍ പ്രശ്നക്കാരന്‍ അല്ലെന്ന് തോന്നുന്നു ;വിട്ടുകള ) എന്ന്  പറഞ്ഞ്  ആ പാവം അറബി എന്റെ തടി ഊരിത്തന്നതാണ് !
അന്നല്‍പ്പം ചോരക്കറ റോഡില്‍ പുരണ്ടിരുന്നു എങ്കില്‍ എന്റെ സ്ഥാനം ജയിലോ ആശുപത്രി മോര്‍ച്ചറിയോ ആയേനെ !  

ലൈസന്‍സ് കിട്ടിയപ്പോള്‍ അഹങ്കാരവും സ്പീഡും കൂടിയതല്ലാതെ അപകടമേതും ഇത് വരെ ഉണ്ടായില്ല..

അപ്പോള്‍ ആ പ്രതീക്ഷയും തെറ്റി .


മരണ ദിനം മുന്‍കൂട്ടി അറിഞ്ഞ ദിനം മുതല്‍ ഞാന്‍ ഒരു സിനിമ കാണുന്നതുപോലെ എന്റെ മരണത്തെ ഭാവന ചെയ്യാന്‍ തുടങ്ങിയിരുന്നു !. ഞാന്‍ മരിച്ച്  എന്റെ ആത്മാവ് ആകാശത്ത്  നരകത്തിലേക്കുള്ള  കൊടും വഴിയില്‍ ഭൂമിയിലുള്ള എന്റെ പ്രിയപ്പെട്ട ജന്മ -കര്‍മ ബന്ധങ്ങളെ വേര്‍പിരിയാന്‍  മടിച്ച്  അങ്ങനെ താഴേക്ക്‌ നോക്കി  വിഷമിച്ചു   നില്‍ക്കും .

എന്നെ കാണാന്‍ അപ്പോള്‍ ഞാന്‍ അറിയുന്നവരും അറിയാത്തവരും  ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ വന്നു പോകുന്നത് ,
അവര്‍  മാറിനിന്നു ശബ്ദം അടക്കിപ്പിടിച്ചു സംസാരിക്കുന്നത് .
വീടിനു മുന്നിലെ ഇടുങ്ങിയ റോഡില്‍ ഗതാഗതം തടസപ്പെടും വിധം നിറയെ ആളുകളും കാറുകളും വന്നു നിറയുന്നത്‌ !
ദുഃഖം സഹിയാതെ എന്റെ മകന്‍ മറ്റുള്ളവരുടെ മുഖത്തു നോക്കാന്‍ വിഷമിക്കുന്നത് ..
വിവാഹ സമയത്ത് പോലും ഒരു പൂമാല കഴുത്തിലിടാന്‍ ഭാഗ്യം കിട്ടാതെ  പോയ ഞാന്‍ ,മരണാനന്തരം എന്റെ ഭൌതിക ശരീരം നിറയെ എന്നെ സ്നേഹിക്കുന്നവര്‍ പൂക്കള്‍ കൊണ്ട് പൊതിയുന്നത്  !

എന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു എന്റെ പൊന്നു ചേച്ചിമാര്‍ അലമുറയിട്ടു കരയുന്നത് , ബോധംകെട്ട് കിടക്കുന്ന രശ്മിയെ ആരൊക്കെയോ ചേര്‍ന്ന് താങ്ങിപ്പിടിച്ചിരിക്കുന്നത് !!

പത്രത്തില്‍ നിന്ന് എന്റെ മരണ വാര്‍ത്തയറിഞ്ഞു "ഇത്  പണ്ട് ഞങ്ങളുടെ കൂടെ  പഠിച്ചിരുന്ന ആള്‍ ആണ് " എന്ന്  ഭര്‍ത്താവിനോടോ  മക്കളോടോ  തൊണ്ടയില്‍ നിന്ന്  നനഞ്ഞൊരു  വാക്ക് പറിച്ചെടുത്ത്    ഒരിറ്റു കണ്ണീര്‍ പൊഴിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരികള്‍ !!

ഒരിക്കല്‍ പോലും തമ്മില്‍ കാണാതെ ഒരു വാക്കുപോലും തമ്മില്‍ ഉരിയാടാതെ  എന്നെ ഇപ്പോളും പ്രണയിക്കുന്ന എവിടെക്കെയോ ജീവിക്കുന്ന  കുറെ പെണ്ണുങ്ങളുടെ മനമുരുക്കല്‍ !!

എന്റെ വീടിനു ജീവന്‍ ഉണ്ടായിരുന്നെങ്കില്‍ ആ വീടും കരയുമെന്ന് ഞാന്‍ കരുതുന്നു ..
എന്റെ ബാല്യകൌമാരങ്ങള്‍ ക്ക്  അഭയം നല്‍കിയ തറവാട്ടിലെ ആ കൊച്ചു മുറികള്‍ വിതുമ്പുന്നതും എനിക്ക് കാണാം ..
തെക്കേ പറമ്പിലെ വലിയ കോട്ടമാവിന്റെ ചുവട്ടില്‍ നിന്ന് എന്റെ കൂട്ടുകാര്‍
ഞാന്‍ പണ്ട് അവരോടു പറഞ്ഞ തമാശകള്‍ എണ്ണിപ്പറഞ്ഞോര്‍ത്ത്  ‌  കണ്ണ്  നിറഞ്ഞു ചിരിക്കുന്നതും കാണാം !

അങ്ങനെ വികാരഭരിതമായ എത്രയോ രംഗങ്ങള്‍ ഞാന്‍ ഭാവനയില്‍  കണ്ടു കഴിഞ്ഞെന്നോ

.സത്യത്തില്‍ മരിക്കുന്നത് എനിക്ക് ഇഷ്ടമാണ് .പലപ്പോഴും ഒന്ന് മരിച്ചാല്‍ മതിയായിരുന്നു എന്ന്  തോന്നിയിട്ടുമുണ്ട് ! പക്ഷെ  ഞാനായിട്ട് അത്  നിര്‍വഹിക്കുന്നത്  എന്നെ പേടിപ്പെടുത്തുന്ന ഒന്നാണ് ..അങ്ങനെയിരിക്കുംപോളാണ്  അനുഗ്രഹമായി ആ പ്രവചനം!

അന്യദേശത്തു വച്ച് യുദ്ധമോ ,പ്രകൃതി ദുരന്തമോ ആവും മരണ കാരണമെന്നാണ്  പ്രവചനം !
!അധികം വൈകില്ല എന്ന് തന്നെയാണ്  പ്രാവചക സൈറ്റ് പറഞ്ഞത് ..

മാസങ്ങള്‍ കഴിഞ്ഞു ..
ഞാനത് മറക്കാന്‍ തുടങ്ങുകയും ചെയ്തു . പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് അടുത്തു വരികയാണെന്ന്  ഒരു   തോന്നല്‍ .പറഞ്ഞത്  പ്രകാരം ഞാന്‍ ഇപ്പോള്‍  അന്യദേശത്തു തന്നെ . പ്രകൃതി ദുരന്തമോ ,യുദ്ധമോ വരികയേ  വേണ്ടു .ജപ്പാനും മറ്റും ആ വഴിയെ പോകുന്നത് കണ്ടല്ലോ .

ജിദ്ദയിലേക്കുള്ള ഡ്രൈവില്‍ ഇന്നത്തെ പ്രകൃതിയുടെ  ക്ഷോഭത്തിലും  വീശിയടിച്ച പൊടിക്കാറ്റിലും റോഡും മണല്‍ ക്കാടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ കാര്‍ ദിശമാറി ഓടിയതാണ്  !ഒരു നിമിഷം കൊണ്ട്  തീര്‍ന്നെന്നു കരുതി , ഒന്നും സംഭവിച്ചില്ല !
ഇനി ആകെയുള്ള പ്രതീക്ഷ യുദ്ധമാണ് ! അല്ലെങ്കില്‍ കലാപം !

'ഹോ ! യുദ്ധം വരാന്‍  പ്രാര്‍ഥിക്കുന്ന ദുഷ്ടന്‍ 'എന്ന്  കരുതുന്നുണ്ടാവും ചിലരെങ്കിലും
ഞാന്‍ മരിക്കാന്‍ അവസരമുണ്ടാകാന്‍ വേണ്ടി  മറ്റുള്ളവരെയും കുരുതി കൊടുക്കണോ എന്നാവും സംശയം . പക്ഷെ ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം .ഇതെന്റെ മേല്‍ ചുമത്തപ്പെട്ട അന്തിമ
വിധിയാണ് ! അതിനൊരു കാരണം മാത്രമാണ് ഈ യുദ്ധം അല്ലെങ്കില്‍ കലാപം .അല്ലാതെ ഇതൊന്നും ഞാനും നിങ്ങളും മന:പൂര്‍വം ചെയ്യുന്നതല്ലല്ലോ !

ഈ ജിപ്തിലും ,ടുനീഷ്യയിലും ,ലിബിയയിലും പടര്‍ന്നു പിടിച്ച കലാപങ്ങള്‍ ,ബഹറിന്‍ വഴി സൌദിയിലേക്കും എത്തുമെന്നാണ് സൂചന .കഴിഞ്ഞ ദിവസം ദാമ്മാമിലും ,റിയാദിലും രാജ്യ ദ്രോഹികളെന്നു ഭരണ കൂടം മുദ്ര കുത്തിയവര്‍ കലാപക്കൊടി ഉയര്‍ത്തി ക്കഴിഞ്ഞു . വഴിയിലൂടെ നടന്നു പോയ ഒരു പാകിസ്താന്‍ പൌരനെ കലാപകാരികള്‍ കുത്തി മുറിവേല്‍പ്പിച്ചെന്നുകേട്ടു..

അതെ യുദ്ധം വരികയാണ് , മരണവും !!
ചിലപ്പോള്‍ എനിക്കും പോകേണ്ടി വരും ..!! .. 


108 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ഏപ്രില്‍ ലില്ലി. പറഞ്ഞു...

രമേശ്‌ ചേട്ടാ..മരണ ശേഷമുള്ള രംഗങ്ങള്‍ ഭാവനയില്‍ കണ്ടത് ഇഷ്ടപ്പെട്ടു.. ഞാനും ചിലപ്പോള്‍ ഭാവനയില്‍ കാണാറുണ്ട്‌. കുറച്ചു കഴിയുമ്പോള്‍ തോന്നും..വേണ്ട ..അങ്ങനെയിപ്പോ മരിക്കണ്ട എന്ന്.. കൊള്ളാം ..ഇഷ്ടപ്പെട്ടു,

AMBUJAKSHAN NAIR പറഞ്ഞു...

മരണത്തെപറ്റി ചിന്തിക്കുന്നവരുടെ മനസ്സ് എനിക്ക് നല്ലത് പോലെ അറിയാം.

lekshmi. lachu പറഞ്ഞു...

മരണം അതാരുടെ മുന്‍പിലും കൂസലില്ലാതെ
കടന്നു വന്നേക്കാം..അവനവന്‍ മരിച്ചാല്‍
അതിന്റെ നഷ്ട്ടം അവനവനു മാത്രമാണ്.
ബന്ധുക്കള്‍ ഏറി വന്നാല്‍ എത്ര ദിവസം
ദുഖിക്കും..?എല്ലാരും മറക്കും..ചിലര്‍ ജീവിക്കാന്‍ കൊതിക്കുന്നു..മറ്റു ചിലര്‍ മരിക്കാന്‍ കൊതിക്കുന്നു..
എല്ലാ ചീത്ത കാര്യതിനെയും പോസട്ടീവായി കാണാന്‍ ശ്രമിച്ചാല്‍
ഒരുപക്ഷെ ഇത്തരം ചിന്തകളെ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞെന്നു വരാം..
ആല്‍മഹത്യ ഭീരുക്കള്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്..

SHANAVAS പറഞ്ഞു...

മരണം സ്വപ്നം കാണാന്‍ രസമാണ് അല്ലെ .മരണം ഒരു കള്ളനാണ്.പാത്തും പതുങ്ങിയും ആവും വരവ്.ഒരിക്കലും നമുക്ക് സങ്കല്പിക്കാന്‍ കഴിയാത്ത വഴികളിലൂടെയാവും അതിന്റെ വരവ്.അതുകൊണ്ട് മരണത്തെപ്പറ്റി വേവലാതിപ്പെടാതെ ജീവിക്കുക.നാളെ മരിക്കുമെന്ന് കരുതി ഇന്നേ കുഴിയിലേക്ക് കാല്‍ നീട്ടിവെയ്കേണ്ട.ധൈര്യമായിരിക്കൂ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വിഷയം മരണമായതുകൊണ്ടല്ല..ഭ്രാന്തന്‍ ചിന്തകളായത് കൊണ്ടാവാം, ഒട്ടും ഇഷ്ടപ്പെട്ടില്ല.
ആരുടേയോ ഒരു വരി ഓര്‍മ്മവരുന്നു..
"സംസാരിക്കുന്നതിനെക്കുറിച്ചെല്ലാം ചിന്തിക്കണം.പക്ഷെ,ചിന്തിക്കുന്നതിനെക്കുറിച്ചെല്ലാം സംസാരിക്കരുത്.

കുമാരന്‍ | kumaran പറഞ്ഞു...

യാദൃശ്ചികമാ‍യിരിക്കാം. ഈ സമയം ഞാനും ആലോചിക്കുന്നത് ഇത് തന്നെ. മരണത്തെക്കുറിച്ചോർക്കാത്തവർ ആരുമില്ലല്ലോ.

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

രമേശ്ജീ...കേട്ടിട്ടു പേടിയാവുന്നു......അതു ഏതു സൈറ്റാണ് ഒന്നുപറയുമോ..

വീ കെ പറഞ്ഞു...

അതെ യുദ്ധം വരികയാണ് , മരണവും !!
എന്നെ കൊണ്ട് പോകാന്‍ ..

നിങ്ങളെ മാത്രമല്ല ഒരു പക്ഷേ ഞങ്ങളേയും...!
ഞങ്ങളുടെ ജാതകത്തിൽ മരണം എങ്ങനെ ആയിരിക്കുമെന്നറിയില്ല. എങ്കിലും യുദ്ധം ഇവിടേയും തുടങ്ങിക്കഴിഞ്ഞു. ഇന്ന് ജോലിക്ക് പോകാനായില്ല.

എങ്കിലും കിട്ടിയ ‘ലുങ്കി ന്യൂസ് ‘ പ്രകാരം വർഗ്ഗീയത മനുഷ്യനെ ഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്നതായി അറിയുന്നു. ഇന്നലെ വരെ ഒന്നായി കഴിഞ്ഞവർ ഇന്നു നേരം വെളുത്തപ്പോൾ തിമിരം ബാധിച്ചവരായി പെരുമാറുന്നു...!!

ആ തിമിരത്തിനു മുൻപിൽ ഞങ്ങളേയും അവർക്ക് തിരിച്ചറിയാനാവില്ലല്ലൊ....!?
ഞങ്ങളും കാത്തിരിക്കുന്നു....!!

പട്ടേപ്പാടം റാംജി പറഞ്ഞു...

അതെ ആ സൈറ്റ്‌ ഏതാണെന്ന് അറിഞ്ഞാല്‍ മരണകാരണം കണ്ടുപിടിക്കുന്നതിനോപ്പം സൗദിയിലുള്ള എല്ലാവര്ക്കും ഇതേ കാരണം തന്നെയാണെന്ന് മനസ്സിലാക്കിയാല്‍ ഉറപ്പിക്കാമല്ലോ ഇവിടെയും കുഴപ്പം ഉണ്ടാകാന്‍ പോകുന്നു എന്ന്. അതല്ല വേറെ കാരണങ്ങള്‍ പറഞ്ഞാല്‍ പിന്നെ ആ സൈറ്റ്‌ ആര്‍ക്കും നോക്കണ്ടല്ലോ.
മരണശേഷമുള്ള കാഴ്ചകള്‍ ഒരുവിധം ഭാവനക്കനുസരിച്ച് എല്ലാരും കണ്ടിരിക്കാന്‍ വഴിയുന്ടെന്നാണ് തോന്നുന്നത്. നമ്മുടെ ആഗ്രഹങ്ങള്‍ പോലെ ഒരിക്കലും വരാന്‍ വഴിയില്ലാത്ത്തവര്‍ വരുന്നതും നമ്മളെക്കുറിച്ച് അവര്‍ ശരിയായി മനസ്സിലാക്കി ദുഖിക്കുന്നതും അങ്ങിനെ അങ്ങിനെ....
എന്തായാലും കൊള്ളാം.

കെ.എം. റഷീദ് പറഞ്ഞു...

രമേശേട്ട മരണം അതൊരു യാഥാര്‍ത്ഥ്യമാണ്‌ പക്ഷെ മരണം ആസ്വദിക്കാന്‍ ഏനിക്കു ലേശം പേടിയാണ് .
ജിദ്ദയിലെയോ മദ്ദീന റോഡിലെയോ റോഡുകളില്‍ ചലമറ്റ് കിടക്കാതെ മോര്‍ച്ചറിയില്‍ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള അനുമതി പത്രത്തിനു വേണ്ടി കാത്തുകിടക്കാതെ . പ്രവാസ ജീവിതം അവസാനിപ്പിച്ചു സുഖമായി അരൂരില്‍ ദീര്‍ഘകാലം ജീവിച്ചു. കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. കൂട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഷവര്‍ എന്ന കവിതയിലെ രണ്ടു വരി ഓര്‍മയില്‍ നിന്നും എടുത്തെഴുതുന്നു
"എനിക്ക് തോന്നുന്നു മരിച്ചാലും
നമ്മള്‍ മനുഷ്യരായി ജനിച്ചേക്കുമെന്ന്
ജലം നീരാവിയായി പോകിലും
പെരുമഴയായി പേരും മഴയായി തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍ മനുഷ്യരായി ജനിച്ചേക്കുമെന്ന്"

കെ.എം. റഷീദ് പറഞ്ഞു...

രമേശേട്ട മരണം അതൊരു യാഥാര്‍ത്ഥ്യമാണ്‌ പക്ഷെ മരണം ആസ്വദിക്കാന്‍ ഏനിക്കു ലേശം പേടിയാണ് .
ജിദ്ദയിലെയോ മദ്ദീന റോഡിലെയോ റോഡുകളില്‍ ചലമറ്റ് കിടക്കാതെ മോര്‍ച്ചറിയില്‍ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള അനുമതി പത്രത്തിനു വേണ്ടി കാത്തുകിടക്കാതെ . പ്രവാസ ജീവിതം അവസാനിപ്പിച്ചു സുഖമായി അരൂരില്‍ ദീര്‍ഘ കാലം ജീവിച്ചു. കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. കൂട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഷവര്‍ എന്ന കവിതയിലെ രണ്ടു വരി ഓര്‍മയില്‍ നിന്നും എടുത്തെഴുതുന്നു
"എനിക്ക് തോന്നുന്നു മരിച്ചാലും
നമ്മള്‍ മനുഷ്യരായി ജനിച്ചേക്കുമെന്ന്
ജലം നീരാവിയായി പോകിലും
പെരുമഴയായി തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍ മനുഷ്യരായി ജനിച്ചേക്കുമെന്ന്"

രമേശ്‌ അരൂര്‍ പറഞ്ഞു...

മരണ ദിവസം അറിയണമെന്ന് നിങ്ങള്‍ക്കും അത്ര താല്പര്യമാണ് എങ്കില്‍ താഴെയുള്ള ലിങ്കില്‍ ഞെക്കൂ
ഇവിടെയുണ്ട് ആ ദിനം
പിന്നീട് ഉറക്കം നഷ്ടപ്പെട്ടാല്‍ എന്നെ കുറ്റം പറയരുത് കേട്ടോ !!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഒരിക്കല്‍ പോലും തമ്മില്‍ കാണാതെ ഒരു വാക്കുപോലും തമ്മില്‍ ഉരിയാടാതെ എന്നെ ഇപ്പോളും പ്രണയിക്കുന്ന എവിടെക്കെയോ ജീവിക്കുന്ന കുറെ പെണ്ണുങ്ങളുടെ മനമുരുക്കല്‍ !!
രമേശേ...എനിയ്ക്ക് ഇതാണ് ഏറെ ഇഷ്ടപ്പെട്ടത്. ജനിച്ചാല്‍
ഒരു ദിനം മരിയ്ക്കും.അത് എങ്ങിനെയാണെന്ന് എന്തിനാണ് മുന്‍കൂട്ടി അറിയുന്നത്.ഇല്ലെങ്കില്‍ അതുപോലെ തന്നെയാണോ സംഭവിയ്ക്കുന്നത്. വരുന്നിടത്തു വെച്ചു കാണാമെന്ന് നമ്മുടെ പഴമക്കാര്‍ പറയില്ലേ.അങ്ങിനെ ജീവിയ്ക്കുക. ഇല്ലെങ്കില്‍ പലപ്രാവശ്യം മരിയ്ക്കേണ്ടി വരും.പേടിച്ച്.

പാവത്താൻ പറഞ്ഞു...

എനിക്കു കുറച്ച് പണം കടം തരാമോ?

ente lokam പറഞ്ഞു...

ദേ ഞാന്‍ ഇനി ഈ വഴി വരില്ല കേട്ടോ .
പലപ്പോഴും ചിന്തിക്കാരുന്ടെങ്കിലും
ഇതെല്ലാം വായിച്ചിട്ട് ഒരു പെരുപ്പ്‌ .
വേറെ വല്ലതും എഴുത്ത് രമേശ്‌ ചേട്ടാ .
എനിക്കും ഇഷ്ടം അങ്ങനെ പെട്ടെന്ന്
പോകാനാ.ആരെയും ബുദ്ധിമുട്ടിക്കാതെ ....

മുകിൽ പറഞ്ഞു...

വട്ടാണല്ലേ...
എല്ലാവർക്കും വരാറുണ്ട്.
എനിക്കും.

വര്‍ഷിണി പറഞ്ഞു...

അറം പറ്റുന്നതൊന്നും പറയാതെ ഈശ്വരനെ ധ്യാനിച്ച് ചേച്ചിയും മോനുമായി രണ്ട് അടി കൂടിയ്ക്കേ ചേട്ടാ...ഹല്ലാ പിന്നെ.

ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ സദാ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു വട്ടത്തി തന്നെയാണ്‍ ട്ടൊ ഞാനും...ന്നാലും ഉപദേശിയ്ക്കാന്‍ കിട്ടുന്ന അവസരം പാഴാക്കരുതല്ലോ...നന്നായിരിയ്ക്കുന്നൂ ട്ടൊ..

khader patteppadam പറഞ്ഞു...

എണ്റ്റെ നാട്ടിലെ ഒരു കാരണവര്‍ ആറു കൊല്ലം മുമ്പ്‌ എന്നോട്‌ പറഞ്ഞു: എടോ,എന്തോ ഒരിത്‌.. ആകെക്കൂടി ഒരു വിഷമം. ഇനി അധികം ഇല്ലെന്നു തോന്നുന്നു. കാഞ്ഞാല്‍ താന്‍ ഒരു കാര്യം ചെയ്യണം. വാര്‍ത്ത എല്ലാ പത്രത്തിലും കൊടുക്കണം. ഫോട്ടൊ മേശയ്ക്കകത്ത്‌ കവറിലുണ്ട്‌.... പുള്ളിക്കാരണ്റ്റെ ഫോട്ടോയ്ക്ക്‌ ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. ആള്‍ ഇപ്പോഴും എമണ്ടനായി വാണരുളുന്നു.എണ്റ്റെ ഫോട്ടോയും പത്രത്തില്‍ കണ്ടിട്ടേ പുള്ളിക്കാരന്‍ പോകൂ എന്നു തോന്നുന്നു. ആര്‍ക്കറിയാം ആര്‌ എപ്പോഴെന്ന്‌... ?

കുറ്റൂരി പറഞ്ഞു...

ഹല്ല രമേശേട്ടാ, മരണത്തെക്കുറിച്ചെല്ലാം പറഞ്ഞു, ശേഷം നരകത്തിലേക്കാ സ്വർഗ്ഗത്തിലേക്കാ താങ്കൾ പോകുന്നത്? എങ്കിൽ ആ വഴിക്ക് വരേൺറ്റല്ലോന്ന് കരുതിയാ... ന്തെയ്? ഹയ്യോ ഞാനാ ലിങ്കിൽ ക്ളിക്കി, വിവരങ്ങൾ കൊടുത്തു, എന്റെ മരണ ദിവസം കണ്ടു പക്ഷെ പേടി തോന്നിയില്ല, ഒന്നു കണ്ടപ്പോൾ ആകെ വിറച്ചു, ഉടനെ സൈറ്റ് ക്ളോസ് ചെയ്തു, അതെന്താണെന്നോ? സെക്കന്റുകൾ കൊഴിഞ്ഞുപോകുന്നു.....

sreee പറഞ്ഞു...

ഇതിത്തിരി കടുത്തുപോയി. എനിക്ക് എന്റെ മരണത്തെക്കുറിച്ച് തമാശയായി പറയാം, പക്ഷെ എന്നെ സ്വന്തമെന്നു വിശ്വസിക്കുന്നവർക്കു അത് സഹിക്കാൻ കഴിയില്ല.മരണം എല്ലാവർക്കും ഉണ്ടെങ്കിലും.

(ആ ലിങ്ക് തന്നതു വച്ചു ഞാൻ പോയി നോക്കി.ഉടനെങ്ങും ഇല്ല. ഇനീം മുപ്പത്തഞ്ചു വർഷം.കഷ്ടമായി.അതിനിടയ്ക്കു എന്തായാലും നാട്ടിൽ സുനാമിയൊന്നും വരില്ലാന്നു ഉറപ്പ്.)

Anya പറഞ്ഞു...

I can read nothing :(

Have a lovely evening
and sleep well ...
Good Night :-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഒരാഴ്ച മുന്‍പ് ജപ്പാനികളുടെ ഭാവി ഈ സൈറ്റ്‌ പ്രകടിപ്പിച്ചത് എല്ലാവര്ക്കും ഒരേ രീതിയിലായിരുന്നുവോ?
who live in worry, invite death hurry.

Shukoor പറഞ്ഞു...

മാത്രമല്ല ഭൂകമ്പവും സുനാമിയും.
മരണത്തെ ഓര്‍മിപ്പിച്ചു ഈ കഥ.

അതേ... മറ്റേ വെബ് സൈറ്റ്‌ ഒന്നും വേണം കേട്ടോ...
മരണം അറിയാനുള്ള...

moideen angadimugar പറഞ്ഞു...

എന്താ രമേശേട്ടാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയത് ? മരണം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ അതൊക്കെ മുൻകൂട്ടി കാണുക എന്നത് അസാധ്യമാണ്. മരണത്തെക്കുറിച്ച് പലപ്പോഴും ഞാനും ചിന്തിക്കാറുണ്ട്.രാത്രി ഉറങ്ങാൻ കിടന്നാൽ ഓർക്കും,രാവിലെ എഴുന്നേൽക്കുമോ അതോ ഉറക്കത്തിൽ മരിച്ചുപോകുമോ എന്നൊക്കെ.

ഭാര്യയും,മക്കളും അനാഥരാകുന്നതും,അവർ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നതുമൊക്കെ ഓർത്ത് ഒരുനിമിഷം മനസ്സ് പിടയും. എന്നുവെച്ച് മരണം വരാതിരിക്കില്ലല്ലോ..
ഏതായാലും മരണം മുൻകൂട്ടി അറിയാനുള്ള ആ സൂത്രം ഒന്നയച്ചുതരൂ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

മരണം രംഗബോധം ഇല്ലാത്ത കോമാളി തന്നെ ആണ്... :( ആ വെബ്സൈറ്റ്‌ പ്രകാരം 28 april 2050(65-വയസ്സ് വരെ) - വരെ ഈ ഭൂമിയില്‍ തന്നെ സുഖമായി ജീവിക്കാം... :)

ശ്രീ പറഞ്ഞു...

ഒരു നിമിഷമെങ്കിലും മരണത്തെ പട്ടി ചിന്തിയ്ക്കാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല.

എങ്കിലും അതിനു വേണ്ടി കാത്തിരിയ്ക്കേണ്ട, മാഷേ :)

ajith പറഞ്ഞു...

സമയം തക്കത്തില്‍ വിനിയോഗിച്ചുകൊള്ളുക എന്ന് ബൈബിളില്‍ ഒരു ഉപദേശമുണ്ട്. (തക്കത്തില്‍ ഉപയോഗിച്ച് കുറേക്കൂടി സമ്പാദിച്ചോളൂ എന്ന് അര്‍ഥം മാറ്റി മനുഷ്യരിപ്പോള്‍.) സന്തതസഹചാരിയായ മരണം നിഴല്‍ പോലെ കൂടെയുള്ളപ്പോള്‍ അത് മറന്നിട്ട് മനുഷ്യര്‍ ജീവിക്കുന്നതാണ് ഏറ്റവും വിചിത്രമായി തോന്നുന്നതെന്ന് ഗീതയില്‍ കൃഷ്ണനും പറയുന്നുണ്ടല്ലോ. (ബഹറിനില്‍ ജീവഹാനിയും തുടങ്ങീട്ടോ )

~ex-pravasini* പറഞ്ഞു...

എന്താ മാഷേ ഇത്.
അതങ്ങ് വിശ്വസിച്ചു കാര്യത്തിലെടുത്തോ.
എനിക്കിത് വായിച്ചപ്പോള്‍ ചിരി വന്നു.
കാരണമെന്തെന്നല്ലേ..
കുട്ടികള്‍ പറഞ്ഞറിഞ്ഞ് ഞങ്ങളും ഈ സയിറ്റില്‍ ഒന്ന് പോയി നോക്കിയതാ,,കുറെ മുമ്പ്‌..ഓരോരുത്തരും മരിക്കുന്ന ഡേയ്റ്റും വിധവുമൊക്കെ വായിച്ചു.
ഞാന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു.
അതില്‍ പറഞ്ഞത്‌.
ഹറാമായ ആ മാര്‍ഗം ഞാനെന്തായാലും സ്വീകരിക്കില്ലെന്നുറപ്പാണ്.

മരണം നിര്‍ണയിച്ചു വെച്ച വെബ്സൈറ്റ് ദൈവത്തിന്‍റെ കയ്യില്‍ സുരക്ഷിതമായിരിക്കുമ്പോള്‍
നമ്മളെന്തിനാണീ ഭ്രാന്തന്‍ ചിന്തകള്‍ക്ക് പിറകെയൊക്കെ പോകുന്നത്.

എന്നാലും രമേശ്‌ സാറേ..ആദിവസം ഏതാന്നറിഞ്ഞാല്‍ കൊള്ളായിരുന്നു.ഏതാ..
നമ്മളൊക്കെ ഒരേ ദിവസമാണോ..മരിക്കുന്നതെന്നറിയാനാ..!!
ഹല്ല,പിന്നെ.., : )

രമേശ്‌ അരൂര്‍ പറഞ്ഞു...

ആര്‍ക്കും ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെടുന്നുമില്ല എന്നാല്‍ എല്ലാവര്ക്കും ആ സൈറ്റിന്റെ ലിങ്ക ഏതെന്നു അറിയുകയും വേണം .എന്റമ്മോ ഞാന്‍ മരിക്കുന്നതിനു ഇത്രയധികം എതിര്‍പ്പുണ്ടോ ? എന്നെ സ്നേഹിച്ചു കൊല്ലാക്കൊല ചെയ്യല്ലേ ..ഞാന്‍ ഒന്ന് സമാധാനമായി മരിക്കട്ടെ ..ആവശ്യക്കാര്‍ക്ക് സൈറ്റ് അഡ്രെസ്സ് പന്ത്രണ്ടാമത്തെ കമന്റില്‍ കൊടുത്തിട്ടുണ്ട് ..

ishaqh ഇസ് ഹാക് പറഞ്ഞു...

കൂടെ ഉണ്ടെന്ന് കരുതുന്നത് നല്ലതാ..
നേരവും നാളും നോക്കിയതാ വട്ടത്തിലാക്കിയത്.
കാത്തിരിപ്പ് ശരിയാവില്ല മാഷേ..
വരുമ്പോള്‍ വരട്ടേ..
വലയിലൂടെ വന്ന വട്ട്!!

ആചാര്യന്‍ പറഞ്ഞു...

പേടിയാകുന്നു...ആ സൈറ്റില്‍ ഞെക്കണോ വേണ്ടയോ ഞെക്കണോ വേണ്ടയോ....ടിക്ക്‌ ടിക്ക്‌ ടിക്ക്‌ ടിക്ക്‌ ടിക്ക്‌ .

Prinsad പറഞ്ഞു...

ഈ പോസ്റ്റുമായി ബന്ധപെട്ട് ഇവിടെയും വായിക്കാം.

ഐക്കരപ്പടിയന്‍ പറഞ്ഞു...

രമേശേട്ടാ, മരണ ചിന്തയൊക്കെ നല്ലതാണ്, അത് നമ്മെ നേരെ നടത്തിക്കും. പക്ഷെ, ഏതോ ഒരു സൈറ്റ് പറഞ്ഞത് വിശ്വസിക്കാന്‍ മാത്രം ബലഹീനനാവണോ അതല്ലെങ്കില്‍ ഒരു തമാശക്ക് എഴുതിയതോ. പക്ഷെ ആ പ്രവചനം ശരി വെക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്‌ അല്ലെ..

ഏതായാലും മരണാനന്തര കാഴ്ചകള്‍ നന്നായി. ആശംസകള്‍ (മരിക്കാനല്ല, ജീവിക്കാന്‍) നേരുന്നു...!

ജുവൈരിയ സലാം പറഞ്ഞു...

:)

Vayady പറഞ്ഞു...

"ഒരിക്കല്‍ പോലും തമ്മില്‍ കാണാതെ ഒരു വാക്കുപോലും തമ്മില്‍ ഉരിയാടാതെ എന്നെ ഇപ്പോളും പ്രണയിക്കുന്ന എവിടെക്കെയോ ജീവിക്കുന്ന കുറെ പെണ്ണുങ്ങളുടെ മനമുരുക്കല്‍ !!"

കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടില്‍ തന്നെ. മരിക്കാന്‍ കാത്തിരിക്കുമ്പോഴും അത്യാഗ്രഹത്തിനു ഒരു കുറവുല്ല്യ. :)

അന്ധവിശ്വാസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും മനുഷ്യന്‍ മോചനം നേടാത്തിടത്തോളം കാലം ഇതുപോലുള്ള തട്ടിപ്പ് സൈറ്റ്‌ ഉണ്ടാക്കുന്നവര്‍ക്ക് ചാകരയാണ്‌.

ഷമീര്‍ തളിക്കുളം പറഞ്ഞു...

വെറുതേ ഭയപ്പെടുത്തല്ലേ, ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല...!
മരണത്തെ കുറിച്ചു കേള്‍ക്കുന്നത് അരോചകമായിട്ടേ തോന്നൂ; അതു അനിവാര്യമെങ്കിലും.

ഷാബു പറഞ്ഞു...

രമേശ്‌ ചേട്ടാ, ആവശ്യമില്ലാത്ത സൈറ്റ് ഒക്കെ നോക്കി വെറുതെ ടെന്‍ഷന്‍ അടിക്കല്ലേ. :-) ഏതായാലും, ഇത്തരം സൈറ്റൊക്കെ നോക്കി വെറുതെ ചിന്തിച്ചുകൂട്ടുന്ന ഒരാളുടെ വിഹ്വലതകള്‍ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ !!

ശ്രീനാഥന്‍ പറഞ്ഞു...

സത്യത്തില്‍ മരിക്കുന്നത് എനിക്ക് ഇഷ്ടമാണ് -- അശുഭചിന്തകളും ഇഷ്ടങ്ങളും ഉപേക്ഷിക്കുക. മരണസൈറ്റുകളൊക്കെ തുലയട്ടേ! താങ്കൾ സന്തോഷവാനായിരിക്കുക!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

മരണം എല്ലാവര്ക്കും ഉണ്ടല്ലോ, അതിനെപ്പറ്റി ചിന്തിച്ചു ജീവിക്കാന്‍ മറക്കല്ലേ രമേശേ ...
എനിക്കീ ലിങ്ക് പണ്ട് കിട്ടിയപ്പോള്‍ ഞാന്‍ എന്റെ അച്ഛന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് ആണ് കൊടുത്തത്. അവരുടെ ജാതകപ്രകാരം, അച്ഛന്‍ 2030 ലാണ് മരിക്കുക...അങ്ങിനെയായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി ഞാനും... !!

mayflowers പറഞ്ഞു...

ഞാനേതായാലും ലിങ്ക് നോക്കിയില്ല,പേടിയുണ്ടായിട്ടല്ല,

"മരണം നിര്‍ണയിച്ചു വെച്ച വെബ്സൈറ്റ് ദൈവത്തിന്‍റെ കയ്യില്‍ സുരക്ഷിതമായിരിക്കുമ്പോള്‍
നമ്മളെന്തിനാണീ ഭ്രാന്തന്‍ ചിന്തകള്‍ക്ക് പിറകെയൊക്കെ പോകുന്നത്."

പ്രവാസിനിയുടെ ഈ വരികളാണ് എനിക്കും എഴുതാനുള്ളത്.
കുഞ്ഞൂസിന്റെ അഭിപ്രായവും ശ്രദ്ധിക്കുക.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

വാസരശ്രീ പോലെ വരവേല്ക്കണം എന്നിട്ട്
ജീവിതത്തിന്റെ മുത്തുകള്‍ നിറയ്ക്കാന്‍ കാലമേല്പിച്ച
ചെപ്പില്‍ വിധി നിറച്ച കണ്ണീര്‍ മണികള്‍ ഉപഹാരമായി
നല്കണം.

ഹാഷിക്ക് പറഞ്ഞു...

ഞാനും പോയി നോക്കി...കുറച്ചു നാള്‍ മുമ്പ് ഈ സൈറ്റ്‌ കണ്ടിരുന്നു.അന്നത്തെ അതെ അന്ത്യനാള്‍ തന്നെയാ ഇന്നും അതില്‍ കുറിച്ചിരിക്കുന്നത്. 50 അടിക്കുന്നതിന്റെ പിറ്റേ ദിവസം ഞാന്‍ ഔട്ട്‌ ആകുമെന്നാ ആ സൈറ്റ് പറയുന്നത്..ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആണെന്ന് വല്ലതും അവര്‍ക്ക് തോന്നിയിട്ടുണ്ടോ..? എനിക്ക് തോന്നുന്നത് ഇത് 'പെട്ടി കമ്പനി' ആണെന്നാണ്...ആള്‍ടെ തൂക്കോം പോക്കോം ഒക്കെ കൃത്യമായി ചോദിക്കുന്നുണ്ട്... പിന്നെ ജിദ്ദ ഹൈവേയില്‍ കൂടി 140-ല്‍ പോകുമ്പോള്‍ പേഴ്സില്‍ എപ്പോളും ഒരു 300 റിയാല്‍ കരുതുക..കാലന്‍ പോലീസിന്റെ രൂപത്തില്‍ പ്രൈവറ്റ് വണ്ടിയില്‍ ക്യാമറയുമായി ഇറങ്ങിയിട്ടുണ്ട് സൗദി എമ്പാടും....എനിക്കും കിട്ടി രണ്ടു കുറി.....

ഹാഷിക്ക് പറഞ്ഞു...

മറ്റൊരു അത്ഭുതം കൂടി...ഞാന്‍ എന്റെ തൂക്കം ഇപ്പോള്‍ 15 കിലോ കുറച്ചു...ഞൊടിയിടയില്‍ എനിക്ക് 8 കൊല്ലം കൂടി കൂട്ടി തന്നു ആ സൈറ്റ്..നോക്കിക്കോ ഇനിയും ഞാന്‍ എന്റെ തടി ഒരു പത്തിരുപത് കിലോ കൂടി കുറയ്ക്കും...അവസാനം നാട്ടുകാര്‍ എന്നെ തല്ലി കൊല്ലേണ്ടി വരുമോ?...

പള്ളിക്കരയിൽ പറഞ്ഞു...

മരണത്തിന്റെ കാര്യമല്ലെ പറഞ്ഞത്. അതിനിത്ര ഭാന്തമായി ചിന്തിക്കണമെന്നില്ല. ഗ്യാരണ്ടിയുണ്ട്.

ജീവിതത്തിനാണ് ഗ്യാരണ്ടിയില്ലാത്തത്. ജീവിതത്തിന്റെ കാര്യം ചിന്തിക്കൂ, പറയൂ....

“ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നാണെങ്കിൽ പിന്നെ ഒന്നും ചിന്തിക്കാനുമില്ല, പറയാനുമില്ല.

റാണിപ്രിയ പറഞ്ഞു...

'മരണം' എന്നാല്‍ ജീവിതത്തിന്റെ ഒടുക്കം...
'മരണം' ജീവിതത്തിന്റെ ഉത്സവം ആണ്,
കൊടുമുടിയാണ്...
ജീവിതത്തില്‍ ആരെയും വഞ്ചിക്കാം..മരണത്തില്‍ അത് അസാധ്യം.
മരണത്തെ സ്നേഹിക്കുന്നവര്‍ 'aham ' ഇല്ലാത്തവര്‍

രമേഷേട്ട...ഞാന്‍ ഒരു ലേഖനം എഴുതണം എന്ന് കരുതിയിരുന്നു..
ഇനി പെട്ടെന്ന് വേണ്ടാ..
ജനനമരണങ്ങള്‍ ചാക്രികം ആണ്...
ഈ ലേഖനം എനിക്കിഷ്ടപ്പെട്ടു...
ആ ദിനങ്ങളെ കുറിച്ച് ചിന്തിക്കാത്തവര്‍ ചുരുക്കം..
പക്ഷെ ഒരുതരം പേടിയോടെ ആകും എല്ലാവരും ചിന്തിക്കുന്നത്...
ഏതായാലും ജീവിതതെക്കളും മനോഹരം ആയിരിക്കും തീര്ച്ച.

അഭിനന്ദനങ്ങള്‍

ശ്രീക്കുട്ടന്‍ പറഞ്ഞു...

രമേശേട്ടാ,

പോകുന്നതിനുമുമ്പ് ഒരു പാര്‍ട്ടിയൊക്കെ കൂടി ഒന്നടിച്ചുപൊളിച്ചാല്‍ കൊള്ളാമെന്നുണ്ട്.വല്ലതും നടക്കുമോ.വിധി അല്ലാതെന്തു ചെയ്യും

മഹേഷ്‌ വിജയന്‍ പറഞ്ഞു...

മാഷേ.. താങ്കള്‍ എഴുതിയതു ഭ്രാന്തന്‍ ചിന്തകള്‍ അല്ല..
ഒരുപാട് ചോദ്യങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു കഥ തന്നെയാണിത്..
ഈ ലോകത്ത് ഇപ്പോള്‍ നടക്കുന്ന/നടന്ന കലാപങ്ങളും, യുദ്ധങ്ങളും, ഭൂകമ്പങ്ങളും സുനാമിയുമെല്ലാം ആകുലതയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല പോസ്റ്റാണിത്..
എന്ത് കൊണ്ടാണ് ഇങ്ങനെയെല്ലാം നടക്കുന്നത് എന്ന് അവനവനോടൊരു ചോദ്യമെങ്കിലും ആരെങ്കിലും ചോദിക്കുമെന്ന് താങ്കള്‍ പ്രതീക്ഷിച്ചു കാണും..
പക്ഷെ, ആരും അങ്ങനോയോന്നും ചിന്തിച്ചില്ല... മരണത്തെ കുറിച്ച് കേള്‍ക്കുമ്പോഴേ എല്ലാരും കവാത്ത് മറക്കുന്ന പോലെ..
പോസ്റ്റും അതില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും വളരെ കുറച്ചു പേരെ ഉള്‍ക്കൊണ്ടു എന്ന് തോന്നുന്നു...

ഇതില്‍ താങ്കള്‍ പറയുന്ന സൈറ്റ്, ഒരു പ്രതീകമാണ് അല്ലെങ്കില്‍ ഒരു ഭാവന മാത്രമാണ്. അത് പോസ്റ്റിന്റെ ഒഴുക്കിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്‌ എന്ന് ഞാന്‍ കരുതുന്നു..

പ്രശ്നങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു മാനവ രാശിയുടെ ചോദ്യചിഹ്നമായ ചിത്രം വളര വിത്യസ്തമായ രീതിയില്‍ താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു...
നല്ല ഭാവന.. ഒരു രീതിയില്‍, നല്ല ഒരു പ്രതികരണം കൂടി ആയി ഇത്..
അഭിനന്ദനങ്ങള്‍... ആശംസകള്‍..

Sukanya പറഞ്ഞു...

ആ ലിങ്ക്, ശരിക്കും അങ്ങനെ ഒന്നുണ്ടെങ്കില്‍, ദയവായി അറിയിക്കു.
ഇതുപോലെ ടെന്‍ഷന്‍ ആവാന്‍ വേണ്ടി തന്നെ. :)
മരണത്തെ കുറിച്ചുള്ള ചിന്തകള്‍ നന്നായി അവതരിപ്പിച്ചു.

ജപ്പാന്‍ അവസ്ഥ കാണുമ്പോള്‍ ശരിക്കും ലോകാവസാനം എത്തിപോയെന്നു തോന്നുന്നില്ലേ?
സൌദിയിലും ചെറിയ തോതില്‍ കലാപം തുടങ്ങിയതായി നമ്മുടെ ചാനലുകള്‍ കാണിച്ചിരിന്നു

sm sadique പറഞ്ഞു...

എനിക്ക് ജനിച്ചപ്പോഴെ മരിക്കുന്ന ദിവസത്തെ കുറിച്ചുള്ള ലിങ്ക് കിട്ടിയിരുന്നു.
എന്നാൽ, എന്നാണെന്ന് പറയാൻ മനസ്സില്ല. (മരണവെപ്രാളത്തോടെ…..)

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ഈ സൈറ്റ് കുറേ മുന്‍പ് എനിയ്ക്ക് കിട്ടിയിരുന്നു. നോക്കിയപ്പോള്‍ എന്റെ ആയുസ്സ് 79 വയസ്സുവരെ. 50 ല്‍ കൂടുതല്‍ വര്‍ഷങ്ങള്‍ ഇനിയുമുള്ളതിനാല്‍ എന്റെ ത്രില്ല് നഷ്ടപ്പെട്ടു.
മരണത്തെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്. ബാധ്യതകളില്ലാത്ത ഈ സമയത്ത് മരിക്കാന്‍ ഒരു പേടിയുമില്ലതാനും. മരിച്ചു കഴിഞ്ഞാല്‍ എനിയ്ക്ക് കിട്ടാന്‍ പോകുന്ന സ്നേഹത്തെ കുറിച്ചോര്‍ത്ത് ഞാന്‍ നിറഞ്ഞ കണ്ണുകളോടെ സന്തോഷിക്കാറുണ്ട്.

'എന്റെ മരണം കൊണ്ട് ഏകയാവുന്ന നിനക്കുവേണ്ടിയാവട്ടെ എന്റെ രണ്ട് തുള്ളി കണ്ണുനീര്‍'. എവിടെയോ വായിച്ചതാണ്. ആശംസകള്‍

മുല്ല പറഞ്ഞു...

മരണപ്പേടി തന്നെയാണു എല്ലാറ്റിനും മുന്നില്‍ അല്ലെ..?മരണം പ്രവചിക്കാന്‍ ആര്‍ക്കും ആകില്ല.അതെങ്ങനായാന്നും.ധീരര്‍ ഒരിക്കലേ മരിക്കൂന്ന് കേട്ടിട്ടില്ലേ..
പിന്നെ വായാടിയുടെ കമന്റിനു താഴെ ഒരൊപ്പ്.കുറുക്കന്‍ ചത്താലും...

നീര്‍വിളാകന്‍ പറഞ്ഞു...

മരണം ഒരുപാട് പ്രാവശ്യം മുന്നില്‍ കണ്ടതിനാല്‍ എനിക്ക് അതിനൊരു ഭാവനയുടെ ആവശ്യം ഇല്ല...... ഞാന്‍ അത് ഒരു പോസ്റ്റ് ആക്കിയിട്ടുണ്ട്.... മരണം വാതില്‍ക്കലൊരുനാള്‍ എന്ന എന്റെ പോസ്റ്റ് ഇതിനോട് ചേര്‍ത്ത് വായിക്കാം...

kARNOr(കാര്‍ന്നോര്) പറഞ്ഞു...

മനുഷ്യൻ അറിയേണ്ടതെല്ലാം വെളിവാക്കിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് നോക്കുന്നതിൽ എന്തർത്ഥം. തീയിൽ നിന്നും വെള്ളത്തിൽ നിന്നും വലിച്ചു കരയിലിടുന്ന ഒരു ശക്തി അതുവരെ നടത്തിക്കൊള്ളും. സമയം തക്കത്തിൽ ഉപയോഗിക്കുക. എന്തിനു പുറകേ ഓടുമ്പോഴും നമുക്ക് ഓർക്കാം - ഒരു ദിവസം ഇത് ഇവിടെ ഉപേക്ഷിച്ച് പോകേണ്ടി വരും.

Echmukutty പറഞ്ഞു...

ആകെപ്പാടെ ഉറപ്പുള്ള ഒരു കാര്യം, അയാൾ എന്തായാലും വരും....ഇവിടെ എവിടേയോ ഉണ്ട്.......വിളിയ്ക്കേണ്ട, കാത്തിരിയ്ക്കേണ്ട, വന്നാൽ സ്വീകരിയ്ക്കാതിരിയ്ക്ക്കാൻ സമ്മതിയ്ക്കുകയുമില്ല.....പിന്നെന്താ?

എഴുതിയത് നന്നായി. ഇഷ്ടപ്പെട്ടു.

Naushu പറഞ്ഞു...

മരണ വീട്ടിലെ രംഗങ്ങള്‍ നന്നായി എഴിതിയുട്ടുണ്ട് ...

ചന്തു നായര്‍ പറഞ്ഞു...

പലകുറി മരണത്തെ മുഖാമുഖം കണ്ട വ്യക്തിയാണു ഞാൻ അതുകോണ്ടാവാം തെല്ലുമില്ല പേടിയതിനെ..മരണം കഴിഞ്ഞുള്ള, രമേശിന്റെ രംഗാവതരണം നന്നായി ചിത്രീകരിച്ചിട്ടുണ്ട്..പിന്നെയൊരു സത്യം...ഞാൻ എന്തു പറയാനാണോ ഉദ്ദേശിച്ചത് അതുതന്നെ മഹേഷ് വിജയൻ പറഞ്ഞിരിക്കുന്നൂ..മറ്റുള്ളവർ ഒന്നു കൂടെ വായിക്കാൻ ഞാൻ അതെടുത്തെഴുതുന്നൂ “മാഷേ.. താങ്കള്‍ എഴുതിയതു ഭ്രാന്തന്‍ ചിന്തകള്‍ അല്ല..
ഒരുപാട് ചോദ്യങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു കഥ തന്നെയാണിത്..
ഈ ലോകത്ത് ഇപ്പോള്‍ നടക്കുന്ന/നടന്ന കലാപങ്ങളും, യുദ്ധങ്ങളും, ഭൂകമ്പങ്ങളും സുനാമിയുമെല്ലാം ആകുലതയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല പോസ്റ്റാണിത്..
എന്ത് കൊണ്ടാണ് ഇങ്ങനെയെല്ലാം നടക്കുന്നത് എന്ന് അവനവനോടൊരു ചോദ്യമെങ്കിലും ആരെങ്കിലും ചോദിക്കുമെന്ന് താങ്കള്‍ പ്രതീക്ഷിച്ചു കാണും..
പക്ഷെ, ആരും അങ്ങനോയോന്നും ചിന്തിച്ചില്ല... മരണത്തെ കുറിച്ച് കേള്‍ക്കുമ്പോഴേ എല്ലാരും കവാത്ത് മറക്കുന്ന പോലെ..
പോസ്റ്റും അതില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും വളരെ കുറച്ചു പേരെ ഉള്‍ക്കൊണ്ടു എന്ന് തോന്നുന്നു...

ഇതില്‍ താങ്കള്‍ പറയുന്ന സൈറ്റ്, ഒരു പ്രതീകമാണ് അല്ലെങ്കില്‍ ഒരു ഭാവന മാത്രമാണ്. അത് പോസ്റ്റിന്റെ ഒഴുക്കിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്‌ എന്ന് ഞാന്‍ കരുതുന്നു..

പ്രശ്നങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു മാനവ രാശിയുടെ ചോദ്യചിഹ്നമായ ചിത്രം വളര വിത്യസ്തമായ രീതിയില്‍ താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു...
നല്ല ഭാവന.. ഒരു രീതിയില്‍, നല്ല ഒരു പ്രതികരണം കൂടി ആയി ഇത്..“ രമേശിനും,മഹേഷിനും
അഭിനന്ദനങ്ങള്‍... ആശംസകള്‍.

ayyopavam പറഞ്ഞു...

ഹഹ രമേഷേട്ടാ സംഗതി നര്‍മം ആണെങ്കിലും ഒരു ചിന്തക്ക് വക നല്‍കി

ബെഞ്ചാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബെഞ്ചാലി പറഞ്ഞു...

നിങ്ങളുടെ അടുത്തേക്ക് മാത്രമായി വല്ല സുനാമിയോ കലാപമോ വന്നാൽ അവിടെ ഉള്ള എല്ലാവരും അതിൽ കുടുംങ്ങുമെന്ന കാരണത്താൽ സുഹൃത്തുക്കളോന്നും ഈ പോസ്റ്റിന് ശേഷം നിങ്ങളെ വിസിറ്റ് ചെയ്യുന്നുണ്ടാവില്ല.
മരണത്തെ സ്വപ്നം കാണാം..പക്ഷെ അത്ര എളുപ്പമല്ല. ആത്മഹത്യയിൽ കുടുങ്ങി വേദനയറിഞ്ഞു രക്ഷപെട്ടവർ പിന്നീടൊരിക്കലും അതിന് ശ്രമിക്കില്ല. തച്ച് കൊന്നാൽ പോലും ആത്മഹത്യചെയ്യില്ല (ബുദ്ധിയുള്ളവരുടെ കാര്യം).
ജീവാത്മാവിന് വേണ്ടി രണ്ട് തുള്ളി കണ്ണുനീരൊലിപ്പിക്കാത്തവർ മൃതദേഹത്തിന് വേണ്ടി ചാല് കീറു! അതാണിന്നത്തെ അഭിനയലോകം..

മരണം പ്രവചിച്ച സൈറ്റുടമയോട് അദ്ദേഹത്തിന്റെ മരണദിനം എന്നാണെന്ന് ചോദിക്കൂ.. എങ്ങിനെയാണ് മരിക്കുന്നതെന്ന് ചോദിക്കേണ്ട. മിക്കവാറും ആരെങ്കിലും തച്ച് കൊല്ലാനാണ് സാധ്യത.

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

ഓരോന്നു പറഞ്ഞു പേടിപ്പിക്കുന്നതും പോരാഞ്ഞ് അതിന്റെ ലിങ്കും തന്നു!
ലിങ്ക് കിട്ട്യാ പിന്നെ ലിങ്കാതിരിക്കുന്നതെങ്ങനെ? എനിക്കിനിയും 25 വർഷം ആയുസ്സുണ്ടത്രേ!!
ഡ്രഗ്സും ആൽക്കഹോളും സ്മോക്കും കൂടി കൊടുത്തപ്പൊ അത് 17 വർഷമായി...
ആൽക്കഹോൾ മാത്രമായപ്പോൾ 21 വർഷം... കൊള്ളാം...
ഞാൻ അടി നിർത്തി (ഇനി രാത്രി മാത്രം)

രമേശ്‌ അരൂര്‍ പറഞ്ഞു...

സത്യം പറഞ്ഞാല്‍ മഹേഷ്‌ വിജയന്‍റെ കമന്റിനു എന്റെ ഒരു സലാം .ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഒരാളെങ്കിലും തിരിച്ചറിഞ്ഞു ഉറക്കെ വിളിച്ചു പറഞ്ഞല്ലോ ..സമാധാനമായി എനിക്കിനി മരിക്കാം !! ഞാന്‍ അശേഷം മരണ ഭീതി ഉള്ളയാള്‍ അല്ല .അങ്ങനെയോര്‍ത്തു ഞാന്‍ ടെന്‍ഷന്‍ അടിക്കുന്നതായി ചിലര്‍ക്കെങ്കിലും തോന്നി അല്ലെ ? പിന്നെ മരിക്കുന്ന കാര്യം ഒക്കെ പറഞ്ഞാല്‍ അല്‍പ്പമെങ്കിലും ഇഷ്ടവും സ്നേഹവും ഉള്ളവര്‍ക്കൊക്കെ ദേഷ്യം വരും .ചിലര്‍ അത് നേരിട്ടും കമന്റിലും മെയില്‍ വഴിയും അറിയിച്ചു. ഇന്നലെ ചാറ്റില്‍ വന്ന ശുക്കൂരിനോടും രാംജിയോടും ഈ പോസ്റ്റിലൂടെ ഞാന്‍ മറ്റു ചില ചിന്തകള്‍ പങ്കു വയ്ക്കാനാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞിരുന്നു ..മഹേഷിനെയും ചന്തുവേട്ടനെയും പോലുള്ളവര്‍ അത് തിരിച്ചറിഞ്ഞു എന്നത് എനിക്ക് സന്തോഷം നല്‍കുന്നു ...

MyDreams പറഞ്ഞു...

എഴുതുന്നവര്‍ക്ക് വളരെ ലാഘവത്തോടെ എഴുതാനും
വായിക്കുന്നവരെ കുറച്ചു എങ്കിലും പേടി പെടുത്താനും കഴിയുന്ന വിഷയം .....
അങ്ങയെ ഒന്നാണ് മരണം
എന്ന് എങ്കിലും വിരുന്നു വരും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ
എന്നും പ്രതീക്ഷികാറുണ്ട് ........

pushpamgad പറഞ്ഞു...

ഞാനും പോയിനോക്കി ആ സൈറ്റില്‍ .
18കൊല്ലവും 6മാസവും 2ദിവസവും ആണ് എനിക്ക് ബാക്കിയുള്ളത്!
പ്രവാസിനിയും മെയ്‌ഫ്ലവറും പറഞ്ഞത് പോലെ ആയുസ്സിന്റെ കണക്കു പുസ്തകം ദൈവത്തിന്റെ കൈയ്യില്‍ ആണ് .
പ്രപഞ്ചം രചിക്കും മുന്‍പ് തന്നെ അതില്‍ എല്ലാവരുടെയും ആയുസ്സും മരണവിധവും അവ്വിധം അവനാല്‍ രചിക്കപ്പെട്ടിട്ടുണ്ട് !
പിന്നെ എല്ലാം അതുപോലെ സംഭവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ !
അവന്റെ നിശ്ചയങ്ങളെ അനുസരിക്കാന്‍ ഞാനും ഇഷ്ടപ്പെടുന്നു !
ഞാനെന്തായാലും ജനന മരണങ്ങള്‍ ക്കതീതനായ ആത്മാവ് ആണെന്നിരിക്കെ ശീതോഷ്ണ സുഖ ദുഃഖ ങ്ങള്‍ക്ക് കാരണമായ ഈ ശരീരം എവ്വിധേനയും നശിച്ചു പോകുന്നതില്‍ ഞാനെന്തിനു ഖേദിക്കണം ?
അത് ഇന്നോ അതോ പത്തുകൊല്ലം കഴിഞ്ഞിട്ടോ ആണെങ്കിലും !
പറഞ്ഞുവന്നത് ഒന്നും പേടിക്കേണ്ട കാര്യമില്ല എന്നാണ് .
നല്ല പോസ്റ്റ്‌ തന്നെ .
അഭിനന്ദനങ്ങള്‍ .............

റീനി പറഞ്ഞു...

മരണം അനിവാര്യമാണ്, രാത്രിയും പകലും പ്രപഞ്ചവും പോലൊരു സത്യമാണ്‍`. മരണത്തിന്റെ മൌനക്കുഴിയിലേക്കുള്ള ഒഴുക്കാണ് ജീവിതം. പ്രപഞ്ചം വിധിനിര്‍ണ്ണായകനും. ഇതിനെക്കുറിച്ച് രമേശ് ഉറക്കെ ചിന്തിച്ച് വായനക്കാരെ അസ്വസ്ഥരാക്കുന്നു.

അഭിനന്ദനങ്ങള്‍ !

ramanika പറഞ്ഞു...

എന്റെ ഒരു സ്വപ്നം ഞാന്‍ പോസ്റ്റിട്ടുണ്ട്
ഇതും കൊള്ളാം..
കണ്ണ ദാസന്റെ ഒരു ഗാനം പെട്ടെന്ന് മനസ്സില്‍ വന്നു
' വീട് വരൈ ഉറവു
വീഥി വരൈ മനൈവി
കാട് വരൈ പിള്ളൈ
കടയിസി വരൈ ആരോ "

ചെറുവാടി പറഞ്ഞു...

എനിക്ക് പേടിയാ ഇതൊക്കെ വായിക്കാന്‍.
എന്നാലും പോസ്റ്റിനെ രൂപ കല്പന ഇഷ്ടായി.

Salam പറഞ്ഞു...

ഇതിലൊന്നും വിശ്വാസമില്ല എനിക്ക്. എന്നാലും പോസ്റ്റിനു പുതുമയുണ്ട്. മരണം കൊണ്ടാ കളി അല്ലെ. മരണം അത് നിശ്ചയിക്കപ്പെട്ട സമയത്ത് വരികതന്നെ ചെയ്യും. എന്തിനു അത് മുന്‍കൂട്ടി അറിഞ്ഞു അതിന്റെ സൌന്ദര്യം കുറയ്ക്കുന്നു?

Lipi Ranju പറഞ്ഞു...

മഹേഷ്‌ വിജയനും, ചന്തു നായരും പറഞ്ഞതിനോട്
ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
Vayady പറഞ്ഞതും ഒരു ശരിയല്ലേ രമേശേട്ടാ? :)
പിന്നെ ആ സൈറ്റ്‌ ഒരു തട്ടിപ്പായി മാത്രം കാണരുതെന്നാണ്
എനിക്ക് തോന്നുന്നത്.കുറെ പേരെങ്കിലും അത് നോക്കി ആയുസ്
കൂട്ടി കിട്ടാന്‍ സിഗരറ്റുവലിയൊക്കെ കുറച്ചാല്‍ അത്രയും ആയില്ലേ?
ഹാഷിക്ക് പറഞ്ഞ പോലെ തൂക്കം കുറച്ചാലും നല്ലതല്ലേ? അതനുസരിച്ച് അവര്‍ നമുക്ക് ആയുസ് കൂട്ടിതരുന്നുണ്ട്, ഞാന്‍ നോക്കി.
ഈ പോസ്റ്റിലൂടെ ഇങ്ങനെ ഒരു നന്മയും കൂടി അല്ലെ രമേശേട്ടാ?
അഭിനന്ദനങ്ങള്‍....

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

മഹേഷ് അങ്ങനെ എഴുതിയതുകൊണ്ട് രമേശ് എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. പോസ്റ്റും നാട്ടുകാരുടെ കമെന്റും വായിച്ചാലേ ബള്‍ബ് കത്തൂ എന്ന നിലയിലെത്തി നില്ക്കുന്നു എന്റെ ബുദ്ധി.....

Typist | എഴുത്തുകാരി പറഞ്ഞു...

എന്തിനാ രമേശ് അതു് നേരത്തേ കൂട്ടി അറിഞ്ഞുവക്കുന്നതു്,സമയമാകുമ്പോൾ വരട്ടെ. കാത്തിരിക്കയൊന്നും വേണ്ടാ.

റോസാപൂക്കള്‍ പറഞ്ഞു...

അവനവന്‍റെ മരണം മനസ്സില്‍ സങ്കല്പ്പിക്കാത്ത ഒരാളെങ്കിലും കാണുമെന്ന് തോന്നുന്നില്ല.
ഏതായാലും നല്ല രസകമായി തന്നെ എഴുതി.എന്നാലും ഇങ്ങനെ അങ്ങ് ആകുലനാകാതെ.
"തലയ്ക്കു മീതെ വെള്ളം വന്നാല്‍ അതിനു മുകളില്‍ തോണി..."
അല്ല പിന്നെ..

anju nair പറഞ്ഞു...

remeshetta serious aay parayatte....chumma manushyane kothippikkaruthu.....maranathe agadhamay pranayikkunna oralanu njan (thanatos ennu psychologiyil parayum).....aaru marichalum aaghoshamakkunna nammude (journalist) vargaswabhavathe paramashikkathe vittathenthanu...aniyathy ennu paranju ippol chetane salyappeduthunna njan polum chettan marichal celebrate cheyyum(athu yudhathil marichal maatram..!!!!!!!!!)

ഹരിത് പറഞ്ഞു...

നല്ല എഴുത്ത്. ഇഷ്ടമായി. ഭാവുകങ്ങള്‍. ഇതുവരെ നിങ്ങളെ കാണാതെ പോയി. യൂ ആര്‍ ഇന്‍ മൈ റീഡര്‍ നൌ. നന്ദി.

smitha punalur പറഞ്ഞു...

ഒരിക്കല്‍ പോലും തമ്മില്‍ കാണാതെ ഒരു വാക്കുപോലും തമ്മില്‍ ഉരിയാടാതെ എന്നെ ഇപ്പോളും പ്രണയിക്കുന്ന എവിടെക്കെയോ ജീവിക്കുന്ന കുറെ പെണ്ണുങ്ങളുടെ മനമുരുക്കല്‍ !!
വിഷയം മരണമാണെങ്കിലും നോക്കണേ ആഗ്രഹങ്ങള്‍.......രശ്മി ചേച്ചി ഇത് വായിച്ചോ മാഷേ.....

zephyr zia പറഞ്ഞു...

മരിച്ചു കിടക്കുമ്പൊ പോലും പെണ്ണുങ്ങളെക്കുറിച്ചു മാത്രമേ ചിന്തയുള്ളൂ അല്ലെ?

ഗിനി പറഞ്ഞു...

ന്റെ രമേഷേട്ടാ, വെറുതെ രശ്മി ചേച്ചിയെ പേടിപ്പിക്കാതെ... മരിക്കുന്ന കാര്യങ്ങളൊക്കെ സംസാരിക്കുമ്പോ കൂടെയുല്ലോരെ കൂടി ഓര്‍ക്കണ്ടേ... :)
രമേഷേട്ടാ, എനിക്ക് തോന്നുന്നു ,സംഭവം വായിച്ച പലര്‍ക്കും ശരിക്കങ്ങോട്ട് മനസ്സിലായില്ല എന്ന്. പലരും പല രീതികളിലാണ് വായിച്ചതെന്ന് കമന്റുകള്‍ കാന്നുമ്പോള്‍ തോന്നുന്നു.

മഹേഷ്‌ വിജയന്‍ പറഞ്ഞ കമന്റിനോട് ഞാനും യോജിക്കുന്നു.

കഥ പറഞ്ഞ സ്റ്റൈല്‍ മനോഹരം.

നല്ല കുറിപ്പ് കേട്ടോ

siya പറഞ്ഞു...

ഈ പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചത് ഇന്ന് ആണ് .

എനിക്ക് കുറച്ചു നാള്‍ കൂടി ജീവിക്കണം ..രമേശ്‌ എഴുതിയ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാനും എന്റെ മരണം മുന്‍പില്‍ കണ്ടത് പോലെ ....

ഓണ്‍ ലൈനില്‍ വല്ലപ്പോഴും വന്നു സംസാരിക്കാറുള്ള ആ പെണ്‍സുഹൃത്ത് അയച്ചു തന്നതാണ് മരണം മുന്‍കൂട്ടി അറിയാന്‍ പ്രാപ്തമാക്കുന്ന ആ വെബ് സൈറ്റിന്റെ ലിങ്ക് ..

എന്നാലും ഇതുപോലെ ഒരു ലിങ്ക് കൊടുത്തു പാവം ഒരു മനുഷ്യന്റെ ചിന്തകള്‍ ഇത് വരെ
കൊണ്ട് പോയല്ലേ ?നന്നായി !!


മരണം ഒക്കെ വരുമ്പോള്‍ വരട്ടെ ..അത് വരെ ചെയ്യാന്‍ ഉള്ളത് മുഴുവന്‍ ചെയ്യ്തു തീര്‍ക്കാം ..ഒന്നും ബാക്കി വച്ച് പോയെന്നു ആരും പറയണ്ടല്ലോ ??

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഈ സൈറ്റിൽ പോയി എന്റെ മരണം ഞാൻ അളന്ന് നോക്കി..
എന്റെ തടിയും തൂക്കവുമൊക്കെ വെച്ച് എട്ട് കൊല്ലം കൂടി കഴിഞ്ഞാൽ ഞാൻ സ്വാഹ:

അതിന് മുമ്പ് വേറേ സുനാമിയൊ,മറ്റ് കുന്ത്രാണ്ടവുമൊക്കെ വന്നാൽ എന്നെ സഹിക്കുന്നവർക്ക് ഇത്തിരി കൂടി സമാധാനം നേർത്തെ കൈവരും എന്നുമാത്രം..!

നന്നായിട്ടുണ്ട് കേട്ടൊ ഭായ് ഈ ഭ്രാന്തൻ ചിന്തകൾ

നന്ദു | naNdu | നന്ദു പറഞ്ഞു...

ഇത്തവണ ഇവിടെയെത്താന്‍ ഒരുപാട് വൈകി. കമന്റെഴുതാന്‍ വെച്ചതെല്ലാം ആവിയായിപ്പോയി- രമേശ്മാഷിന്റെ ആ ലാസ്റ്റ് കമന്റോടെ...
പ്രതിഭാശാലികളായ ഒട്ടേറെ എഴുത്താകാര്‍ക്ക് മരണാഭിമുഖ്യം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
:)

Suja പറഞ്ഞു...

മനസ്സില്‍ എന്നും .........
അന്നും ,ഇന്നും.... സംഘര്‍ഷങ്ങള്‍ നിറച്ചു ജീവിക്കാനേ നമ്മള്‍ പഠിച്ചിട്ടുള്ളൂ.
ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും ആകുലപ്പെടുവാന്‍ നമുക്കിവിടെ സമയവുമില്ല .
ഒന്നോര്‍ത്താല്‍ ജനനത്തിനും മരണത്തിനും ഇടക്കുള്ള ജീവിതത്തിനു വേണ്ടിയല്ലേ ഈ പെടാപ്പാട്....?
ദുരന്തങ്ങളും ,വേദനകളും ലൈവ് ആയി "ആസ്വദിക്കുവാന്‍ " വരെ നമ്മള്‍ ശീലിച്ചുപോയി.
ഒരു പക്ഷെ അനുഭവങ്ങള്‍ മനസ്സുകളെയൊക്കെ മരവിപ്പിച്ചുതുടങ്ങിയിരിക്കാം.....

ഈ പോസ്റ്റ്‌ വായിച്ച പലരുടേയും അഭിപ്രായങ്ങള്‍ കണ്ടു .
മഹേഷ്‌ പറഞ്ഞത് പോലെ "മരണത്തെ കാണുമ്പോള്‍ പലരും കവാത്ത് മറക്കുന്നു ....."
പക്ഷെ എന്ത് ചെയ്യാം മഹേഷ്‌ ...
"മരണം ........" അത് ഒട്ടുമിക്കവരും ഭയക്കുന്ന ഒരു സത്യം തന്നെയാണ്(ഞാന്‍ ഉള്‍പ്പെടെയുള്ള അല്‍പ്പ പ്രാണികള്‍ .......).
ആദ്യ ഭയപ്പാടില്‍ നിന്ന് മോചിതരായി പോസ്റ്റിലെ സന്ദേശത്തിലേക്ക് പലരും എത്തിച്ചേരുന്നതേയുള്ളൂ .
രചനയുടെ ഉദ്ദേശം എന്തുതന്നെ ആയാലും ഒരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കുന്ന ഇത്തരം പോസ്റ്റുകളും , അഭിപ്രായങ്ങളും അവയ്ക്കുള്ള പ്രതികരണങ്ങളും പ്രശംസനീയം തന്നെ.

മരവിച്ച മനസ്സുകളിലേക്ക് ഇങ്ങനെയുള്ള സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന്‌ രചയിതാവിന് ആയിരം നന്ദി.

"പക്ഷെ ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം .ഇതെന്റെ മേല്‍ ചുമത്തപ്പെട്ട അന്തിമ
വിധിയാണ് ! അതിനൊരു കാരണം മാത്രമാണ് ഈ യുദ്ധം അല്ലെങ്കില്‍ കലാപം .അല്ലാതെ ഇതൊന്നും ഞാനും നിങ്ങളും മന:പൂര്‍വം ചെയ്യുന്നതല്ലല്ലോ !........."

അവസാനം ......നമ്മള്‍ ഇങ്ങനെയൊക്കെയങ്ങ് സമാധാനിക്കുന്നു .......അല്ലേ, രമേശ്‌ ...?.

വീണ്ടും എഴുതുക
ആശംസകള്‍

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഒരു കോടിയുടെ ഒരു ഇന്‍ഷുറന്‍സ് എടുത്തു വെച്ചേക്കു....വീട്ടുകാര്‍ക്കെങ്കിലും ഉപകരിക്കട്ടെ :-)

പ്രയാണ്‍ പറഞ്ഞു...

എന്തായാലും ഇത്തരം വിഡ്ഢിത്തം വിശ്വസിക്കണമെങ്കില്‍ മനസ്സിന് സുഖം തരുന്ന വിഡ്ഢിത്തങ്ങള്‍ വല്ലതും നോക്കിക്കൂടെ നെറ്റില്‍ നിറച്ചുമുണ്ടല്ലോ........:)

Veejyots പറഞ്ഞു...

ഞാന്‍ ആദ്യമായി താങ്കളുടെ ബ്ലോഗ്‌ വായിച്ചു. ബ്ലോഗ്‌ നന്നായി നന്നായി എന്ന് പറഞ്ഞാല്‍ പുകഴ്ത്തല്‍ ആകും.. നന്നായി ... പക്ഷെ അതിലും നന്നായി അതിലെ വിവിധ കമന്‍റുകള്‍ .. (പണ്ടേ എനീകു കമന്റ്റ് ഇഷ്ടമാണ്.. ഇത് വരെ അടിച്ചിട്ടില്ലയെങ്കിലും...) മരണത്തെ പേടിക്കുന്നവരെയും ഒളിച്ചോടാന്‍ ശ്രമിക്കുന്നവരെയും അതില്‍ കാണാം ,.. എന്തിലും സരസത കണ്ടെത്താന്‍ കഴിയുന്നവരെയും (ഉദാ . ചാണ്ടി കുഞ്ഞു ) മരണം വാതിക്കല്‍ ഒരുനാള്‍ മന്ച്ചലും ആയി വന്നു നില്‍ക്കേ ..... ഓടാന്‍ പറ്റില്ല ... -- ആശംസകള്‍

കൂതറHashimܓ പറഞ്ഞു...

പറഞ്ഞ് വന്ന കാര്യവും പറഞ്ഞ രീതിയും ഇഷ്ട്ടായി
അതില്‍ ഒരു വെബ്സൈറ്റിനെ കയറ്റിയത് രസായില്ലാ.

മരണത്തെ പ്രദീക്ഷിച്ച് ചെയ്യുന്നവക്ക് കുറച്ച് കൂടി ആത്മാര്‍തഥ കാണും, മരണത്തെ പുല്‍കാന്‍ റെഡിയാവം ബട്ട് ആക്രാന്തം വേണ്ടാ.

അജ്ഞാതന്‍ പറഞ്ഞു...

മരണം എന്താണ്, അതിന് ശേഷം എന്തായിരിക്കും? എന്നൊക്കെ ചിന്തിച്ചു കൂട്ടിയിട്ടുണ്ട്. അതൊക്കെ ഹറാം ആണെന്ന് ഒരു സുഹൃത്ത്‌ പറയുകയും ചെയ്തു.
സ്വയം മരിച്ചു നോക്കാന്‍ പേടി തന്നെ. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ ലോകം അവസാനിക്കുമ്പോഴാവും എന്റെ മരണം എന്ന്‌ തോന്നിയിട്ടും ഉണ്ട്. അത് ചിലപ്പോ ഇന്നാവാം, നാളെയാവാം..

Sulfi Manalvayal പറഞ്ഞു...

മനുഷ്യന്‍ മരണത്തെ കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.
പക്ഷേ അതിത്തരം ഭ്രാന്തന്‍ ചിന്തകള്‍ ആവരുതെന്ന് മാത്രം.
പണവും പത്രാസും, കൂടെ അഹങ്കാരവും കൂടുന്നവര്‍, മരണത്തെ കുറിച്ച് ചിന്തിക്കുന്നത് നല്ലതാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
ലോകം എത്ര വലുതായാലും, ശാസ്ത്രം എത്ര ഉന്നതിയില്‍ എത്തിയാലും, ഒരുനാള്‍ നമുക്കൊക്കെ അത് സംഭവിക്കും.
കാലം നമ്മെയും ഒടുവില്‍ മറവിയുടെ മാറാല കൊണ്ട് മൂടും.
കാത്തിരിക്കാം.

P.M.KOYA പറഞ്ഞു...

മരണം സുനിശ്ചിതം. അതൊരുനാള്‍‍ വരും തീര്‍ച്ച. ആരും വേ വലാതിപ്പെടെണ്ടതില്ല.മരണ പ്രവചനം നടത്തുന്നവരും, ലോകാവസാന പ്രവചനം നടത്തുന്നവരും,അങ്ങിനെ പ്രവചനക്കാരുടെ എണ്ണം കൂടുകയും,അതില്‍ വീഴുന്നവര്‍ വര്‍ദ്ധിച്ചു വരുമ്പോഴും,ശെരിയായ വിധികര്താവിനു, എന്തെങ്കിലും ചെയ്തെ മതിയാവൂ എന്ന നില വരും.
അങ്ങിനെ ചെയ്തു പോകുന്നതാണ് സുനാമി പോലുള്ള ദുരന്തങ്ങള്‍ നാം അനുഭവിക്കേണ്ടി വരുന്നത്.

നന്നായി എഴുതിരിക്കുന്നു.

Villagemaan പറഞ്ഞു...

ഇത് നോക്കിയിട്ട് കൂടുതല്‍ ആയുസ്സ് കാണുന്നവര്‍ വിശ്വസിക്കും..

അല്ലാതാത്തവര്‍ പറയും..ഇത് ചുമ്മാ ...ആളെ പറ്റിക്കാന്‍ എന്ന് !

അതുകൊണ്ട് രമേഷ്ജി...ഞാന്‍ പറയുന്നു...ഇത് ചുമ്മാ !

ഫന പറഞ്ഞു...

http://ienjoylifeingod.blogspot.com/
ആദ്യമായാണ്‍ ഇവിടെ കൂട്ടു കൂടാമോ..?

Anya പറഞ്ഞു...

Thank you very much for your birthday wishes
Hugs Anya :-)

സീത* പറഞ്ഞു...

മരണം പല സത്യങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്ന ഒന്നാണ്...രംഗബോധമില്ലാത്ത കോമാളിയെന്നൊക്കെ വിശേഷണങ്ങളുണ്ടെങ്കിലും നിഷേധിക്കാനാകാത്ത ഒരേ ഒരു സത്യവും അതു തന്നെയാണ്...ജീവിതത്തോട് സ്നേഹം തോന്നുമ്പോഴാണ് മരണത്തെ ഭയന്നു തുടങ്ങുക...കൊള്ളാം ഏട്ടാ...മരണശേഷം നടക്കുന്നതിനെ കുറിച്ചുള്ള മനസ്സിന്റെ ചിന്തകൾ...വച്ചു കെട്ടില്ലാതെ തികച്ചും സ്വാഭാവികമായി പറഞ്ഞു...എന്നു മരിക്കും എന്നുള്ളത് അറിയാതിരിക്ക്യാണ് നല്ലത്...ശ്ശോ എന്നാലുമെന്റെ ഏട്ടാ ഓർക്കാൻ പെണ്ണുങ്ങൾ മാത്രേ ഉള്ളോ...ഹിഹി..

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഒന്നു പോകാന്‍ പറ!

junaith പറഞ്ഞു...

എപ്പോള്‍ വേണമെങ്കിലും പോകാം..ഒരു കരുതല്‍ നല്ലതാണ്..എന്ന് കരുതി അങ്ങനങ്ങ് പോകാന്‍ പറ്റുമോ?

AMBUJAKSHAN NAIR പറഞ്ഞു...

മരണം ഭീകരമാണ് ! എന്നാല്‍ അതു ഒരിക്കല്‍ സംഭവിച്ചേ തീരൂ.
മരണത്തെ പറ്റി മാത്രം ചിന്തിച്ചു കഴിയുന്നത്‌ ബുദ്ധിയല്ല.
എല്ലാ അറബ് രാജ്യങ്ങളിലും യുദ്ധം അടിച്ചേല്‍പ്പിക്കുകയാണ് . അതുകൊണ്ട് അവിടെ മരണം അല്ല. കൊലയാണ് ചെയ്യുന്നത്.

comiccola / കോമിക്കോള പറഞ്ഞു...

മരണത്തെകുറിച്ച് ചിന്തിക്കാത്തവര്‍ ആരും കാണില്ല, മരണം മാത്രമായി ചിന്തിക്കതിരുന്നാല്‍ മതി,
ഇന്ന് മരണം വളരെ ലളിതമായി ആളുകള്‍ കാണുന്നു.
മരണ വീടുകളില്‍ മോഷണം നടത്താനും, ചിലപ്പോ ടെലിവിഷന്‍ കാണാനും മനുഷ്യനു മടിയില്ല,
സുനാമി തിരമാലകള്‍ തകര്‍ത്ത പ്രദേശങ്ങളിലെ വികൃത ശവശരീരങ്ങള്‍ ടെലിവിഷന്‍ കണ്ടുകൊണ്ട് നമ്മള്‍ ഭക്ഷണം കഴിക്കുവാനും ശീലിച്ചിരിക്കുന്നു...

നല്ല എഴുത്ത്...ആശംസകള്‍...!

കമ്പർ പറഞ്ഞു...

അയ്യോ..ഞാൻ വൈകിയോ...

മരണം വാതിക്കലൊരു നാൾ മഞ്ചലുമായ് വന്നെത്തും..അത് തീർച്ച, സുഖമിതു മാറും ..സുയ്പ്പായിത്തീരും..സകറാത്തിൽ മൌത്തിന്റെ നേരം.ചികിത്സ സഫലീകരിക്കാതെ നീറും..സമയം കണ്ണീർ പൊഴിക്കും എല്ലാരും...
അഹംഭാവക്കാരൻ, അഴിമതി വീരൻ, ആരോടും ചൂളാത്ത ശൂരൻ,..
അമരക്കാരൻ, സമരക്കാരൻ..കാലന്റെ മുമ്പിൽ നിസ്സാരൻ...

പഴയ ഒരു പാട്ടിന്റെ വരികളാണു മനസ്സിൽ തോന്നുന്നത്.
പിന്നെ.
വായാടിയുടെ കമന്റിനു ഒരു സ്പെഷ്യൽ ഒപ്പ്..
ആശംസകൾ

കമ്പർ പറഞ്ഞു...

ആ സൈറ്റിന്റെ ലിങ്ക് ഒന്ന് തരുമോ..? അതോ ഇനി അങ്ങനെ ഒന്ന് ഇല്ലേ..
ഞാനോടീ.:)

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

സങ്കടം സഹിക്കാന്‍ വയ്യേ......
ന്നീം പത്തിരുപതുകൊല്ലം ഇവിടെ ചവിട്ടിത്തേക്കണമല്ലോ....

രമേശ്‌ അരൂര്‍ പറഞ്ഞു...

മരണ ചിന്തകള്‍ പങ്കു വച്ച എല്ലാ സുഹൃത്തുക്കള്‍ക്കും പുതുതായി ബ്ലോഗിലെത്തിയ കൂട്ടുകാര്‍ക്കും നന്ദി ..സ്നേഹം ..ഇനിയും സമയം പോലെ വരുമല്ലോ ..

shajkumar പറഞ്ഞു...

maranam ariyikkan marakkaruthe..

AFRICAN MALLU പറഞ്ഞു...

മരണത്തെ പേടിയില്ല ,ഞാന്‍ എപ്പോള്‍ വേണമെങ്കിലും മരിക്കാന്‍ തയ്യാറാണെന്ന് പറയുന്നതും ഒക്കെ സത്യമാണോ....,എല്ലാം ഒരു നമ്പര്‍ അല്ലെ

നൂറു വര്ഷം ജീവിച്ചാലും ജീവിതം ആര്‍ക്കാണ് മടുക്കുന്നത് . അതുകൊണ്ടല്ലേ മുഖത്തെ ചുളിവു മാറ്റാന്‍ ബോടോക്ക്സ് ഇന്ജെക്ഷന്‍ കിടക്കയില്‍ ഊര്‍ജം നിലനിര്‍ത്താന്‍ മുസ്ലി പവര്‍ ,വയാഗ്ര‍.കഷണ്ടി മറക്കാന്‍ ഗള്‍ഫ്‌ ഗേറ്റ് ,വയറു കുറക്കാന്‍ ലിപോസക്ഷന്‍ ... ഇതിനൊന്നും യാതൊരു മാന്ദ്യവും ഇല്ലാത്തതു .എനിക്ക് മരിക്കാന്‍ പേടിയൊന്നും ഇല്ലാട്ടോ ...വലുതായിട്ട് ഒരു 120 വയസ്സൊക്കെ ആവട്ടെ എന്നിട്ട് പറ്റുമെങ്കി ഒരു പത്തു മുപ്പതു വര്ഷം കൂടി...കഴിഞ്ഞിട്ട് .

Muneer N.P പറഞ്ഞു...

തീര്‍ത്തും ഭ്രാന്തന്‍ ചിന്തകള്‍ തന്നെ.. ഇടക്കിടെ ഇങ്ങനെ ഭ്രാന്തന്‍ ചിന്തകള്‍
വരാറുണ്ടല്ലേ.. പിന്നെ ‘ഗള്‍ഫില്‍ അപായ മണി മുഴങ്ങിക്കഴിഞ്ഞെന്ന ‘ ഒരോര്‍മ്മപെടുത്തല്‍ ലേഖനം മാധ്യമം ചെപ്പിലുണ്ടായിരുന്നു..പ്രകൃതിയുടെ വികൃതി കഴിഞ്ഞാഴ്ച് ഇവിടെ മണല്‍ക്കാറ്റായി അനുഭവപ്പെടുകയും ചെയ്തു..എന്താ ചെയ്യേണ്ടതെന്നു എല്ലാവര്‍ക്കും തീരുമാനമെടുക്കാന്‍
സമയമായി.

ശങ്കര്‍ജി പറഞ്ഞു...

പ്രിയ സുഹൃത്തേ....

മരണം വരുമ്പോള്‍ വരട്ടെ........

എന്തിനാ അതിനു പിന്നാലെ പായുന്നത്.....

അവതരണം ഭംഗിയായി.

ആസാദ്‌ പറഞ്ഞു...

ഹാവൂ, മരണമെന്ന ശാന്തായ നിദ്രയെ കുറിച്ച് വായിക്കാന്‍ തന്നെ ഒരു സുഖമുണ്ട്. ചില ഭാഗങ്ങളൊക്കെ നല്ല രസമുണ്ടായിരുന്നു, കൊള്ളാം :)

ജുവൈരിയ സലാം പറഞ്ഞു...

enthina veruthe avishamillaththa karyangal nokki bhavanaye kalayunnath

ശങ്കര്‍ജി പറഞ്ഞു...

വളരെ സാധാരണക്കാരനായൊരു മനുഷ്യനാണ് ഞാന്‍.വളരെ താമസിച്ചു ഒരു സര്‍ക്കാര്‍ ഉദ്യോഗം കിട്ടി.2012 മാര്‍ച്ചില്‍ ഞാന്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞു പോകും.എന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളാണ് ഞാന്‍ എഴുതുന്ന ചെറിയ കഥകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ആ കഥകള്‍ വളരെ ശ്രദ്ധാപൂര്‍വവും ആത്മാര്‍ഥവുമായി താങ്കള്‍ വായിച്ചു അഭിപ്പ്രായങ്ങള്‍ എഴുതുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ട്ടനാണ് .ഞാന്‍ ഒരു ആത്മകഥാപുസ്തകം പുറത്തിറക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ട് .അതിലേക്കായി എന്റെ കഥകളില്‍ കാണുന്ന പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു തരുവാന്‍ അപേക്ഷിക്കുന്നതിനോടൊപ്പം എനിക്ക് ഒരു "അവതാരിക " എഴുതിത്തന്നു സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

ഫോണ്‍ നമ്പര്‍ :9497622260

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

അത് നോക്കിയതാ കൊഴപ്പമായത് 75 വര്‍ഷം ആയുസ്സുണ്ട് എന്നാ അവര് പറയുന്നേ ..

പോസ്റ്റിനു ആശംസകള്‍

Joppu's പറഞ്ഞു...

ഞാൻ ഇനിയും ഒരു നൂറു വര്ഷം കൂടി ജീവിക്കുമെന്ന പറഞ്ഞത്... ഹ ഹ ...ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍