2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

മഴപെയ്ത രാത്രിയില്‍ നനഞ്ഞു വന്ന അതിഥികള്‍ ..

കാലം തെറ്റി പെയ്ത മഴയില്‍ നനഞ്ഞ ഒരു സന്ധ്യയിലാണ് ആ കുടുംബം ബോട്ട് ജെട്ടിക്കടുത്തുള്ള പ്രിമിയം ലോഡ്ജിനു മുന്നില്‍ ഓട്ടോ റിക്ഷയില്‍ വന്നിറങ്ങിയത്.

അവര്‍ നാല് പേരുണ്ടായിരുന്നു. 
നാല്പതു  വയസു തോന്നിക്കുന്ന കുടുംബ നാഥന്‍. കുലീനത്വം തുളുമ്പുന്ന സുന്ദരിയായ ഭാര്യ. ഓമനകളായ രണ്ടു കുട്ടികള്‍. പത്തു വയസു തോന്നിക്കുന്ന ആണും അഞ്ചു വയസുള്ള പെണ്‍കുട്ടിയും .
ഓട്ടോ റിക്ഷയില്‍ നിന്ന് മുന്ന് പേരും ചേര്‍ന്ന് താങ്ങിയാണ് യുവതിയെ സ്വീകരണ മുറിയിലേക്ക് കൊണ്ട് വന്നത്. വാടിത്തളര്‍ന്ന ഒരു ചെമ്പനീര്‍ പൂവ് പോലെ പരിക്ഷീണയായിരുന്നു അവള്‍. കൌണ്ടറില്‍ നിന്ന് പതിമൂന്നാം നമ്പര്‍ മുറിയുടെ താക്കോല്‍ വാങ്ങി അവര്‍ക്കൊപ്പം പിരിയന്‍ ഗോവണി കയറി വഴികാട്ടിയായി നടന്നു കൃഷ്ണേട്ടന്‍.

ലഗേജ് എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ലായിരുന്നു അവര്‍ക്ക്. മുണ്ടും ഷര്‍ട്ടും ധരിച്ച ഗൃഹ നാഥന്റെ കയ്യില്‍ ഒരു സ്യുട്ട് കേസ് മാത്രം.കൊ ക്കോ കോളയുടെ പൊട്ടിക്കാത്ത ഒരു വലിയ കുപ്പി നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചാണ് ആ അഞ്ചു വയസുകാരിയുടെ നില്‍പ്പ്.നഷ്ടപ്പെട്ടു പോയെന്നു കരുതിയ ഏതോ അമുല്യ വസ്തു തിരികെ കിട്ടിയ ഒരാഹ്ലാദ  മുണ്ട്  ആ മുഖത്ത്  ! 

തീരെ കുട്ടിത്തമില്ലാത്ത ഭാവമാണ് ആ ചെറുക്കന് ! വലുതാകുന്നതിനു മുന്നേ വളര്‍ച്ച മുറ്റിയ പോലുള്ള പ്രകൃതം.
മുറി തുറന്നു കിടക്കവിരികളിലെ ചുളിവുകള്‍ നിവര്‍ത്തിയിട്ട് അവരുടെ വാക്കുകള്‍ക്കായി കൃഷ്ണേട്ടന്‍ കാത്തു.അത്താഴത്തിനു ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ് ക്രീമും ഓര്‍ഡര്‍ ചെയ്തു അയാള്‍ മുറിയടച്ചു.
കിടക്കയിലേക്ക് മറിഞ്ഞ അമ്മയ്ക്കായി മകള്‍ ടി വി ഓണ്‍ ചെയ്തു. 

കൃത്യം നാല്‍പ്പത്തഞ്ചു മിനിട്ടിനു ശേഷം അവര്‍ക്കുള്ള ഭക്ഷണവുമായി കൃഷ്ണേട്ടന്‍ വാതിലില്‍ മുട്ടി..  വാതില്‍ തുറന്നത് ആ പയ്യനാണ്. മറ്റുള്ളവര്‍ പ്രാര്‍ത്ഥനയില്‍ ആണ്.പ്രാര്‍ത്ഥനയ്കിടയിലും കൊക്കകോളയുടെ ബോട്ടില്‍ ആ പെണ്കുട്ടി മാറോടു ചേര്‍ത്തു പിടിച്ചിരുന്നത് കൃഷ്ണേട്ടന്‍ ശ്രദ്ധിച്ചു.വീണ്ടും മുറി അടഞ്ഞു .
പതിവ് പോലെ കൊതുക് പടയുടെ ആക്രമണം രൂക്ഷമായ ആ രാത്രിയില്‍ കൃഷ്ണേട്ടന്‍ കിടക്കാനുള്ള വട്ടം കൂട്ടി.ഹോട്ടലിലെ വൈദ്യുതി വിളക്കുകള്‍ ഒന്നൊന്നായി കണ്ണടച്ചിരുന്നു.കായലോളങ്ങളെ തഴുകിയെത്തുന്ന കാറ്റിനു നഗര മാലിന്യങ്ങളുടെ മനം പിരട്ടുന്ന ഗന്ധം!

പതിമൂന്നാം നമ്പര്‍ മുറിക്കു സമീപമുള്ള കുടുസു മുറിയില്‍ കൃഷ്ണേട്ടന്‍ ഉറക്കവും കാത്തു കിടന്നു.കൊതുകുകള്‍ നിയന്ത്രിക്കുന്ന നഗര രാത്രികള്‍ താണ്ടുന്ന അയാളുടെ കണ്‍ തടങ്ങളില്‍ നാലഞ്ചു ദിവസത്തെ ഉറക്കമില്ലായ്മ ചെളിവെള്ളം പോലെ കെട്ടിക്കിടന്നിരുന്നു!

എങ്കിലും അയാളുടെ നോട്ടം പതിമൂന്നാം നമ്പര്‍ മുറിയുടെ അടഞ്ഞ വാതിലില്‍ തന്നെ ഉടക്കി കിടന്നു !  ഇടയ്ക്ക് തലയിണക്കീഴില് തിരുകി വച്ചിരുന്ന ബീഡി എടുത്തു തീ പകര്‍   ന്ന്   ആഞ്ഞു വലിച്ചു,.....

ശ്വാസ നാളത്തില്‍ ബീഡിപ്പുക കുരുങ്ങി.. നെഞ്ചു പറിയുന്ന ചുമ പുറത്തേക്ക് തെറിച്ചു.. രാത്രിക്കും വയസ്സായി തുടങ്ങിയിരുന്നു !

പതിമൂന്നാം നമ്പര്‍ മുറിക്കു പുറത്തു ലൈറ്റ് തെളിഞ്ഞിരിക്കുന്നു .വാതില്‍ പാളികളിലേക്ക് പറന്നു ചെന്ന അയാളുടെ കണ്ണുകള്‍     തിരികെ കണ്‍പോളകളിലേക്ക് ഓടികയറുന്നതിനിടയിലാണ് ആ ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വന്നത്. വാതില്‍ പാളികള്‍ പഴയ പടി അടഞ്ഞു കിടക്കുന്നു !പരിചിത ഭാവത്തോടെ അടുത്തുവന്നു അയാള്‍ സ്വയം പരിചയപ്പെടുത്തി :   "ഞാന്‍ ജോസഫ് ,"

ജോസഫിന്റെ വാക്കുകള്‍ക്കു റമ്മിന്റെ രൂക്ഷ ഗന്ധം ! ശ്വാസം മുട്ടിക്കുന്ന മറ്റെന്തോ നാറ്റവും അന്തരീക്ഷത്തില്‍ മുറ്റിനിന്നു!

"കൃഷ്ണേട്ടന് ഉറക്കം വരുന്നില്ല അല്ലേ ?" തന്റെപേര് അയാള്‍ കണ്ടു പിടിച്ചിരിക്കുന്നു! കൃഷ്ണേട്ടന്‍ അത്ഭുതം കൂറി അയാള്‍ക്കൊരു ബീഡി നീട്ടി.
"എനിക്കും ഉറക്കം വരുന്നില്ല ..എങ്കിലും ഉറങ്ങണം...അകത്തുള്ളത് എന്‍റെ ഭാര്യ കുഞ്ഞന്നയും മക്കള്‍ റാഫേലും, സൂസിയുമാണ് .അവര്‍ നേരത്തെ ഉറങ്ങി " 

മുറിയിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു .

മുന്പെന്നും സംഭവിക്കാത്ത വിധം അപ്പോള്‍ കൃഷ്ണേട്ടന്റെ കണ്ണുകളിലേക്കു ഉറക്കത്തിന്റെ കിളിക്കൂട്ടങ്ങള്‍ പറന്നു വന്നു ! കിടക്കയിലേക്ക് കൃഷ്ണേട്ടന്‍ മറിയുമ്പോള്‍ ഉള്ളില്‍ നിന്നു മറ്റൊരു കൃഷ്ണേട്ടന്‍ ഉറക്കമുണര്‍ന്നു വന്നു മൂരി നിവര്‍ത്തി ! വാക്കുകള്‍ തേടി അപ്പോള്‍ ജോസഫ് മൌനത്തിന്റെ ആഴങ്ങളില്‍ മുങ്ങി നിവര്‍ന്നു!
*****************
ഭാഗം -2
വിശന്നു തുടങ്ങിയപ്പോള്‍ റാഫേല്‍ പതിവ് പോലെ അപ്പനെ കാണാന്‍ എത്തിയതാണ് കോഴിക്കടയില്‍..അന്ന് നല്ലതിരക്കായിരുന്നു.
കൂട്ടിനുള്ളില്‍ മരണത്തിലേക്കുള്ള ഊഴവും കാത്തു നൂറു കണക്കിന് കോഴികള്‍ ! കൊഴുത്ത ചോരയുടെയും കോഴിക്കാഷ്ടത്തിന്റെയും പശയും നനവുമുള്ള കശാപ്പു തറയില്‍ ചിതറിക്കിടക്കുന്ന കോഴിത്തലകളും,ചിറകുകളും! 

അപ്പന്‍ കരുണയില്ലാതെ കോഴിക്കൂട്ടങ്ങളെ കൊന്നൊടുക്കുകയാണ്  !   ആവശ്യക്കാരന്‍ കണ്ണ് വയ്ക്കുന്ന ഇരയെ ചിറകില്‍ കയര്‍ കൊരുത്തു തുലാസില്‍ വയ്ക്കുമ്പോള്‍ ഉയരുന്ന നിസ്സഹായമായ നിലവിളികള്‍!
ചിറകുകള്‍ മുകളിലേക്ക് കൂട്ടിപ്പിടിച്ചു കോഴികളുടെ മുതുകില്‍ അപ്പന്‍ പ്രഹരിക്കുംപോള്‍ കൊക്കിനുള്ളില്‍ നിന്നു തെറിക്കുന്ന ചോരപ്പൂവുകള്‍ അവന്റെ കുഞ്ഞു നെഞ്ചിനുള്ളിലേക്കാണ്  വീണത്‌! നിലത്തു വീണു വട്ടം ചുറ്റി അവ ചിറകടിച്ചു പറക്കുന്നത് മരണത്തിന്റെ വിദൂരമായ ആകാശത്തിലേക്ക്! 

റാഫേല്‍ സങ്കടത്തോടെ കണ്ണുകള്‍ പൊത്തി.വേണ്ടും കണ്ണ് തുറക്കുമ്പോള്‍ കോഴിക്കൂടിനു മേലെ മരണത്തിലേക്ക് രക്ഷപ്പെട്ട ആത്മാക്കളുടെ  ചിറകടി!
"റാഫേല്‍ നീ ഞങ്ങളെ ഓര്‍ത്ത്‌ കരയരുത് !   ഇപ്പോളാണ് ശരിയായ സ്വാതന്ത്ര്യത്തിന്റെ സുഖം ഞങ്ങള്‍ അറിയുന്നത്!"   കരയുന്ന റാഫെലിനെ നോക്കി കോഴികളുടെ ആത്മാക്കള്‍  വിളിച്ചു പറഞ്ഞു. പിന്നെ അവന്റെ വിറച്ച മറുപടിക്ക് കാത്തു നില്‍ക്കാതെ  മനുഷ്യന്റെ  ദുര നിറഞ്ഞ തീന്‍ മേശയിലേക്ക്  ജീര്‍ണത ബാധിക്കുന്ന  സ്വന്തം ജഡം ദാനം ചെയ്ത്  അവ പറന്നു പറന്നു പോയി !

ഇരുള്‍ വീണു തുടങ്ങിയ നേരത്ത് വേദനയുടെ കനം തൂങ്ങിയ മനസുമായി അവന്‍ വീട്ടിലേക്കു നടന്നു.വീട്ടില്‍ കുഞ്ഞന്നയും സൂസിക്കൊച്ചും കട്ടിലില്‍ ചാരിയിരുന്നു "ഓരിതള്‍ പൂവ്" സീരിയല്‍ കാണുകയാണ്.അമ്മയോടും അനിയത്തിയോടും ഒന്നും പറയാതെ
അവനും സീരിയല്‍ കാണാന്‍ ഇരുന്നു ! 
കോഴിക്കട പൂട്ടി അവരാച്ചന്‍ മുതലാളിയെ പണവും താക്കോലും ഏല്‍പ്പിച്ചു ജോസഫ് തല ചൊറിഞ്ഞു നിന്നു. കോഴി ചോരയും അഴുക്കും പുരണ്ട അയാളുടെ കയ്യിലേക്ക് മുതലാളി നൂറിന്റെയും അന്പതിന്റെയും ഓരോ നോട്ടുകള്‍ നീട്ടി.
മുഷിഞ്ഞു നാറിയ ആ വേഷത്തില്‍ തന്നെ ബിവറേജസ് കോര്‍പറെഷന്‍റെ മദ്യക്കടയിലെ തിരക്ക് പിടിച്ച ക്യുവിലേക്ക് അനേകം പതിവുകാരില്‍ ഒരാളായി അയാളും ചേര്‍ന്ന് നിന്നു.
മദ്യക്കടയുടെ പിന്നിലുള്ള അരുണ തിയറ്ററില്‍ അപ്പോള്‍ ഫസ്റ്റ് ഷോ തുടങ്ങിയിരുന്നു.കൊട്ടകയ്ക്കുള്ളിലെ വയസ്സന്‍ കോളാമ്പിയില്‍ നിന്നു വന്ന രജനീകാന്തിന്റെ തട്ട് പൊളിപ്പന്‍ ഡയലോഗുകള്‍ബിവറേജസ് ക്യുവിലെക്കും ലഹരി പോലെ പടര്‍ന്നു കയറുകയാണ്! 
തിയറ്ററിന്റെ അരികിലെ കാട് പിടിച്ച ഇടവഴിയിലിരുന്നു ഓ പി ആറിന്റെ ക്വാര്‍ടര്‍ കുപ്പിയിലുള്ള റം മുഴുവന്‍ വെള്ളം തൊടാതെ ജോസഫ് വിഴുങ്ങി! ഇട വഴിയിലെ ഇരുട്ടില്‍ അയാളെ പോലെ വേറെയും ജോസഫുമാര്‍ ഉണ്ടായിരുന്നു!

വിയര്‍ത്തുണങ്ങിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിസര്‍ ഫില്‍ടര്‍ കത്തിച്ചു വലിച്ചു പുക ഊതിവിട്ടു..പുകയില്‍ നോക്കിയിരിക്കെ അയാള്‍ക്ക്‌ തന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി! രോഷം നുരഞ്ഞു തീര്‍ന്നപ്പോള്‍ അരുണ തിയറ്ററിന്റെ വെള്ളി ത്തിരയില്‍ നിന്ന്  രജനീകാന്ത് ഇറങ്ങിപ്പോയിരുന്നു! 

കുഞ്ഞന്നയ്ക്ക് വേദനയില്ലാതെ ഉറങ്ങാനുള്ള ഗുളികയുടെ പുതിയ ബോട്ടില്‍ പോക്കറ്റില്‍ തന്നെയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി ആളൊഴിഞ്ഞ നാട്ടു വഴിയിലൂടെ ഇരുള്‍ പാളികള്‍ വകഞ്ഞു മാറ്റി ജോസെഫ് വീട്ടിലേക്കു നടക്കുമ്പോള്‍ തിയറ്ററില്‍ സെക്കന്റ് ഷോയ്കുള്ള ക്യു രൂപപ്പെട്ടിരുന്നു!

രാത്രി പത്തു കഴിഞ്ഞിട്ടും സൂസി ഉറങ്ങാതെ അപ്പനെ കാത്തിരിക്കുകയാണ്. ഒന്പതരയ്ക്കുള്ള കായംകുളം കൊച്ചുണ്ണി സീരിയലും കണ്ടതിനു ശേഷമാണ് ടീ വി ഓഫ് ചെയ്തു അമ്മച്ചിയും രാഫേലും ഉറങ്ങാന്‍ പോയത് കിടക്കാന്‍ അവളെ അവര്‍ വിളിച്ചെങ്കിലും പതിവുപോലെ അവള്‍ അപ്പനെക്കാത്തിരുന്നു! അപ്പന്‍ വരാതെ അവള്‍ക്കു ഉറക്കം വരാറില്ല.
അകലെ ഇരുട്ടില്‍ നിന്നു ഏതോ ഭ്രാന്തന്‍ പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേള്‍ക്കാം!

"ഹോ ഈ അപ്പന്‍ ഒന്ന് വന്നിരുന്നെങ്കില്‍ "എന്ന് പറഞ്ഞു തീരുംപോളെയ്കും അതാ മുന്നില്‍ അപ്പന്‍! 
ഇരുളില്‍ നിന്നു കുരച്ചു ചാടി വരുന്ന തെരുവ് പട്ടികളെ അടിച്ചോടിക്കാന്‍ വഴിയിലെ വേലിയില്‍ നിന്നു ഒടിച്ചെടുത്ത ശീമ പത്തല്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു "മോളെ സൂസ്സീ.."എന്ന് നീട്ടി വിളിച്ചു ജോസഫ് വീടിന്റെ ഉമ്മറത്തേക്ക് കയറി.
അവള്‍ ആകാംക്ഷയോടെ അപ്പന്റെ കൈകളിലേക്ക് നോക്കി , പിന്നെ ഇരുള്‍ കൂട് കൂട്ടിയ ഉറക്കമുറിയിലേക്ക് ഒരു വിതുമ്പലായി കയറിപോയി !

പുറത്തെ ഇരുളില്‍ അപ്പോളും ഭ്രാന്തു പിടിച്ച ആ നായയുടെ ഉച്ചത്തിലുള്ള കുര ഉയര്‍ന്നു കേട്ടു‌.
ഉറക്കത്തിന്റെ ആഴങ്ങളില്‍ നേര്‍ത്ത ചരട് പോലെ ഊര്‍ന്നിറങ്ങിയ കുഞ്ഞന്ന അപ്പോള്‍ സുഖദമായ ഒരു സ്വപ്നത്തിലായിരുന്നു! വെള്ളിച്ചിറകുകള്‍ വീശി പറക്കുന്ന കുതിരകള്‍ കെട്ടിയ ഒരു രഥത്തില്‍ അവള്‍ ആകാശ സഞ്ചാരം നടത്തുകയാണ് ! താഴേക്ക്‌ നോക്കിയാല്‍ ഭൂമിയുടെ സൌന്ദര്യം ഒന്നായി കാണാം!

താരുണ്യവതികളായ കന്യകമാരുടെ മാറിടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത നിരകള്‍! അവരുടെ അരക്കെട്ടിനെ തഴുകുന്ന വെള്ളി അരഞ്ഞാണങ്ങള്‍ പോലെ ഒഴുകുന്ന നദികള്‍! സൂക്ഷിച്ചു നോക്കിയാല്‍ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമം കാണാം!

ഒന്ന് വേഗം കുറച്ചു താഴ്ന്നു പറക്കാന്‍ കുതിരകള്‍ക്ക്  ആജ്ഞ നല്‍കി    അവള്‍ താഴേക്കു നോക്കി.. ഇപ്പോള്‍ ഗ്രാമവും ,പള്ളിയും ,പള്ളിക്കൂടവും വ്യക്തമായി കാണാം! പള്ളിമേടയില്‍ മണികള്‍ താനേ മുഴങ്ങുന്നുണ്ട്!!ഓരോ മണി മുഴങ്ങുമ്പോളും മേടയില്‍ കൂട് കൂട്ടിയ അരിപ്രാവുകള്‍ പുറത്തേക്ക് പറക്കുകയും മേടയില്‍ തന്നെ ചെന്നിരുന്നു കുറുകുകയും ചെയ്യുന്നു !!
വിശുദ്ധന്‍ കാവല്‍ നില്‍ക്കുന്ന അള്‍ത്താരയില്‍  കുന്തിരിക്കം പുകയുന്നുണ്ട് ! 
കുന്തിരിക്ക പുകയേറ്റു കുര്‍ബാന കൂടാനെത്തിയ കാറ്റ് പള്ളിക്ക് വലം വച്ച്‌ സെമിത്തേരിയില്‍ എത്തിയപ്പോള്‍ ഒന്ന് നിന്നു! 

അവിടെ കല്ലറകള്‍ തുറന്നു കുഞ്ഞന്നയുടെ മരിച്ചു പോയ അപ്പന്‍ ശവപ്പെട്ടി കച്ചവടക്കാരന്‍ വറീതും അമ്മ മേരിപ്പെണ്ണും ഇരിക്കുന്നുണ്ടായിരുന്നു!
നാലഞ്ചാത്മാക്കള്‍ വേറെയും അവര്‍ക്ക് ചുറ്റും കൂടി നില്‍പ്പുണ്ട്!!

പതിവ് പോലെ വഴക്കിടുകയാണ് അപ്പനും അമ്മച്ചിയും! ഓര്‍മ വച്ച കാലം മുതല്‍ തുടങ്ങിയതാണ്‌ അവരുടെ ശണ്ഠ! പള്ളി പറമ്പിലെ ആറടി മണ്ണില്‍ ഒടുങ്ങിയിട്ടും തീര്‍ന്നിട്ടില്ല!   നാട്ടില്‍ എല്ലാവരാലും വെറുക്കപ്പെട്ടവന്‍  ആയിരുന്നു അപ്പന്‍!

കൂട്ട മരണങ്ങള്‍ ഉണ്ടാവാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്ന പാപി!‍ കള്ള് കുടിച്ചു വഴിയില്‍ കിടക്കുകയും പെമ്പറന്നോരുടെ മെക്കിട്ടു കയറുകയും ചെയ്യുന്ന "കാലമാടന്‍".സഹികെടുമ്പോള്‍ അമ്മച്ചി അപ്പനെ "കാലമാടാ.."എന്നാണ് വിളിക്കുക!

പാപ്പച്ചനും അവര്‍ക്കൊപ്പമുണ്ട്! തല്ലു കൊള്ളി വരീതിന്റെ പാരമ്പര്യം നിലനിര്‍ത്തിയ മകന്‍!
നാട്ടിലെ ചട്ടമ്പി കൂട്ടങ്ങളുടെ നേതാവ്! രണ്ടു കൊല്ലം മുന്‍പ് ചന്തയിലെ അടിപിടിക്കിടയില്‍ ആരുടെയോ കത്തിമുനയില്‍ കുടുങ്ങി പള്ളിപറമ്പിലെ തെമ്മാടി കുഴിയില്‍ എത്തി അവനും! 
അവനെ ചൊല്ലിയാണ് അപ്പന്റെം അമ്മച്ചിയുടേം ഇന്നത്തെ വഴക്ക്!! ശണ്ഠ മുറുകിയിട്ടും ഒന്നിലും ഇടപെടാതെ അസ്വസ്ഥനായി ഇരിക്കുകയാണ് അവന്‍...

കുഞ്ഞന്നയ്ക്ക് സങ്കടം വന്നു!ഇറങ്ങി ചെന്ന് അവന്റെ വിളറിയ കവിളുകളില്‍ തലോടി ആശ്വസിപ്പിക്കാന്‍ തോന്നി അവള്‍ക്ക്..
കുതിരകള്‍ പിന്നെയും വേഗത്തില്‍ പറക്കാന്‍ തുടങ്ങി! ഇപ്പോള്‍ നാട്ടു വഴിയിലുടെ സൈക്കിള്‍ ചവിട്ടി വരുന്ന ജോസഫിനെ
കാണാം! എപ്പോളും കാണാറുള്ള ഒരു കള്ളചിരിയുണ്ട് ആ മുഖത്തു! സെന്റ്‌:പോള്‍ ഓര്‍ഫനേജിലെ കുപ്പത്തൊട്ടിക്കരികെ വൃത്തികെട്ട ഒരു പഴന്തുണി ക്കെട്ട് പോലെ ആരൊ വലിച്ചെറിഞ്ഞതാണ് ചോര കുഞ്ഞായിരുന്ന അവനെ ഉറുമ്പ്‌ കടിയേറ്റു അവന്റെ കിളുന്നു ശരീരം ചുവന്നു തിണര്‍ത്തിരുന്നു !

പള്ളിമേടയില്‍ ബൈബിള്‍ വായനയ്ക്കിടയിലാണ് മോറിസ് അച്ഛന്‍ അവന്റെ കരച്ചില്‍ കേട്ടത്,, ,അച്ഛന്റെ നരച്ച താടിരോമങ്ങള്‍ ക്കിടയില്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് പരതിക്കൊണ്ടിരുന്ന അവന്‍ ഉറക്കെയുറക്കെ കരഞ്ഞു കരഞ്ഞു വലുതായി!

പ്രഭാതങ്ങളില്‍ പൂന്തോട്ടത്തില്‍ നിന്നു ഇറുത്തെടുത്ത ഓരോ റോസാ പുവുകള്‍ അവന്‍ മോറിസ് അച്ഛന് സമ്മാനിക്കുമായിരുന്നു! യുവാവായി അനാഥാലയത്തിന് പുറത്തെ നിറം പിടിച്ച ലോകത്തിലേക്ക് ഇറങ്ങിയ അവനോടു അച്ഛന്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു: "ജോസഫ് നീ ലോകത്തിന്റെ വെളിച്ചമാകണം ..."

പുറത്ത് അവന്റെ കൈ പിടിക്കാന്‍ കുഞ്ഞന്ന അക്ഷമയോടെ കാത്തു നില്‍പ്പുണ്ടായിരുന്നു!അവര്‍     തെരുവിലൂടെ പരസ്പരം കൈകള്‍ കോര്‍ത്ത്‌  ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ അലിഞ്ഞു ചേരുമ്പോള്‍ അനാഥാലയത്തിന്റെ മട്ടുപ്പാവില്‍ നിന്നു മോറിസ് അച്ഛന്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു!! പിന്നെ ലോഹയുടെ പോക്കറ്റില്‍ നിന്നു തൂവാല എടുത്തു കണ്ണുകള്‍ അമര്‍ത്തി തുടച്ചു മുറിക്കുള്ളിലേക്ക് കയറിപോയി!

പറന്നു തളര്‍ന്ന കുതിരകള്‍ പെട്ടെന്ന് താഴേക്കു വീണു!അവയുടെ വെള്ളിച്ചിറകുകളില്‍ നിന്നു കൊഴുത്ത രക്തം വാര്‍ന്നു വീണു കൊണ്ടെയിരുന്നു..!! കൂര്‍ത്ത പാറ കെട്ടുകളിലെക്കാണ് കുഞ്ഞന്ന തെറിച്ചു വീണത്‌! നുറുങ്ങി പോയ അവളുടെ
അസ്ഥികളിലും മജ്ജയിലും രക്ത ദാഹികളായ അട്ടകളെ പോലെ വേദന അരിച്ചു നടന്നു!!

കുഞ്ഞന്നയുടെ വീഴ്ച കണ്ടു ജോസഫ് ക്രുശിതനെ പോലെ വിലപിച്ചു!അയാളുടെ ശിരസില്‍ ആഴത്തില്‍ പതിഞ്ഞ മുള്മുടിയില്‍ നിന്നു ഉതിര്‍ന്നു വീണ ചോരത്തുള്ളികള്‍ കുഞ്ഞന്നയുടെ കരിഞ്ഞുണങ്ങിയ മാറിലുടെ ഒഴുകി കൃഷ്ണേട്ടന്റെ ഉള്ത്തടത്തില്‍ വീണു നീറി പുകഞ്ഞു!

ഉഷ്ണത്തില്‍ പുകഞ്ഞു വിയര്‍ത്തു കൃഷ്ണേട്ടന്‍ പിടഞ്ഞുണര്ന്നപ്പോള്‍ പടിഞ്ഞാറെ കായലില്‍ നിന്നു തണുത്ത ഒരു കാറ്റ് വീശി! പ്രിമിയം ലോഡ്ജിന്റെ ഇട നാഴിയിലൂടെ പതിമൂന്നാം നമ്പര്‍ മുറിയും കടന്നു ആ കാറ്റ് കൃഷ്ണേട്ടനെ തഴുകി കടന്നു പോയി . 

അയാള്‍ വീണ്ടും ഒരു ബീഡിക്കു തീ കൊളുത്തി.
പതിമുന്നാം നമ്പര്‍ മുറി അപ്പോളും അടഞ്ഞു കിടക്കുകയാണ്!അവര്‍ക്കായി കാത്തു നില്‍കാതെ അയാള്‍ ഹോട്ടലിലെ ആഴ്ച ഡ്യുട്ടി ‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങി..
തിങ്കളാഴ്ച പുലര്‍ച്ചെ വഴിയോരത്തെ തട്ടുകടയില്‍ കടുപ്പത്തിലൊരു ചായ കുടിച്ചിരിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ട്  അയാള്‍ ഞെട്ടി..!!

"ബോട്ട് ജെട്ടിക്കടുത്തുള്ള ലോഡ്ജു മുറിയില്‍ നാലംഗ കുടുംബം ആത്മ ഹത്യ ചെയ്ത നിലയില്‍' തലക്കെട്ട്‌ വായിച്ചപ്പോള്‍ തന്നെ കൃഷ്ണേട്ടന്റെ കണ്ണുകളില്‍ ഇരുട്ട് കയറി!.

വിരസങ്ങളായ രാപ്പകലുകളുടെ തനിയാവര്‍ത്തനം നിറഞ്ഞ ഒരു രാത്രിയില്‍ പ്രിമിയം ലോഡ്ജിലെ തന്‍റെ മാളത്തില്‍ ചുരുണ്ട് കൂടാന്‍ ഒരുങ്ങുകയായിരുന്നു കൃഷ്ണേട്ടന്‍..അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..പുറത്ത് ഓട്ടോ റിക്ഷയുടെ ശബ്ദം; 

റിസപ്ഷനില്‍ നിന്നു നീണ്ട മണിയൊച്ച കേട്ടാണ് അയാള്‍ താഴേക്കിറങ്ങിയത്.അവിടെ മഴയില്‍ നനഞ്ഞു കുളിച്ച ഒരു കുടുംബം.

"കൃഷ്ണേട്ടാ "എന്ന് വിളിച്ചു മന്ദഹാസം വിടര്‍ത്തുന്ന മുഖവുമായി ജോസഫ്!! പെയ്തു തോരാത്ത മഴ പോലെ കുഞ്ഞന്നയും രാഫെലും സൂസിയും അയാളോട് ഒട്ടി നിന്നിരുന്നു.
        ________________________________________________________________
 
വര  : കാര്‍ട്ടൂണിസ്റ്റ്  ശത്രു   

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പാകിസ്ഥാനികളെ ഇത്രമേല്‍ വെറുക്കണോ ?

രിത്രവും പൌര ധര്‍മവും പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ്‌ നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് അയല്‍ ദേശമായ പാകിസ്ഥാനോട് ഉള്ള വിരോധം.

ഐക്യ ഭാരതത്തില്‍ നിന്ന് അവര്‍ പാകിസ്ഥാനികളെന്നും ബംഗ്ലാദേശികളെന്നും പറഞ്ഞു തെറ്റി പിരിഞ്ഞു പോകുന്നതിനും മുന്‍പേ തുടങ്ങിയതാണല്ലോ ഹിന്ദുവെന്നും മുസല്‍മാനെന്നും  വേര്‍തിരിച്ചുള്ള ശത്രുത ! 

പിന്നെ യുദ്ധങ്ങള്‍.നടത്തിയും  അവകാശ തര്‍ക്കങ്ങള്‍ തുടര്‍ന്നും  വര്‍ഷങ്ങളായി പരസ്പര ശത്രുത രാകിയും മിനുക്കിയുംകൊണ്ട് നടക്കുകയാണ് ഇരു കൂട്ടരും.ഭാരത മെന്ന പേര്‍ 
കേട്ടാല്‍ അന്തരംഗം അഭിമാന പൂരിതം ആകുന്നതു പോലെ പാകിസ്താന്‍    എന്നുകേട്ടാല്‍ ദേഷ്യവും 
വിരോധവും  കൊണ്ടു  തിളയ്ക്കുകയാണ്  ഒരു ശരാശരി  ഇന്ത്യക്കാരന്റെ  ചോര ..    
                     
കഴിഞ്ഞ    വേള്‍ഡ്  കപ്പു ക്രിക്കറ്റിനു കലാശക്കൊടി പാറിച്ച      -ഇന്ത്യ - ശ്രീലങ്ക പോരാട്ടത്തില്‍ പോലും  കാണാതിരുന്ന  വീറും വാശിയുമായിരുന്നു  സെമി  ഫൈനലില്‍  നടന്ന ഇന്ത്യ -പാക്  "യുദ്ധ"ത്തില്‍   ഉണ്ടായതെന്ന്  പറയേണ്ടതില്ലല്ലോ !  ശരിക്കും യുദ്ധം ..ആ യുദ്ധത്തില്‍ പങ്കു ചേരാത്ത ഒരു ഇന്ത്യക്കാരന്‍   പോലും ഉണ്ടാകില്ല . അതിന്റെ പ്രകമ്പനങ്ങളും  ..വിജയത്തിന്റെ  ആഘോഷ ത്തിമിര്‍പ്പും കടന്നു  ചെല്ലാത്ത ഒരു തെരുവ് പോലും    ഇന്ത്യാ മഹാ രാജ്യത്ത്  ഉണ്ടാവുകയുമില്ല ..

പാകിസ്ഥാനികള്‍ എന്ന് കേട്ടാല്‍ ഉടന്‍ വരും മനസിലേക്ക് ഭീകരതയും നിഗ്രഹ വാസനയും ഉള്ള താടി രൂപങ്ങള്‍ !!നമമുടെ നാട്ടില്‍  ഓരോ സ്ഫോടന ശബ്ദം മുഴങ്ങുമ്പോളും ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ തെളിഞ്ഞു വരും അറപ്പോടെ ...വെറുപ്പോടെ    ആ കത്തി വേഷങ്ങള്‍ !!!   ശരിയല്ലേ...?

ഇവിടെ ഒന്നര വര്ഷം മുന്‍പ് ഗള്‍ഫിലെ ഈ മണലാരണ്യത്തില്‍ എത്തുന്നത് വരെ എന്റെ  ചിന്തകളിലും   ഇതൊക്കെയായിരുന്നു പാകിസ്ഥാനികളെ ക്കുറിച്ചുള്ള  ചിത്രങ്ങളും  കാഴ്ച്ചപ്പാ ടുകളും ...
ആക്രമിച്ചും യുദ്ധം ചെയ്തും വെറുത്തുംപരസ്പര ശത്രുതയോടെ  കഴിഞ്ഞു പോന്ന രണ്ടു ജന വിഭാഗങ്ങല്‍  തമ്മില്‍  മറ്റൊരു രാജ്യത്ത് വച്ചു  നേര്‍ക്കു നേര്‍ കണ്ടാല്‍ എന്താണ് സംഭവിക്കുക? 

അവിടെയാണ് നമ്മുടെ  മുന്‍വിധികളെ തകര്‍ത്തെറിഞ്ഞ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണാനായത്  !

ഇന്ത്യക്കാരനും പാകിസ്ഥാനികളും ഭായി ഭായി ആയിക്കഴിയുന്ന സമത്വ സുന്ദര ഗള്‍ഫ് !! 

തമ്മില്‍ കുശലം പറഞ്ഞും ആശ്ലേഷിച്ചും  സുഖ ദുഃഖങ്ങള്‍ പങ്കു വച്ചും കഴിയുന്ന ഗള്‍ഫ്‌ ! 

ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഐക്യപ്പെടല്‍ !  സാഹോദര്യം!

നമ്മുടെ മനസിലുള്ള ഭീകര രൂപങ്ങളില്‍ നിന്ന് അത്ഭുതകരമാം വിധം എത്രയോ വ്യത്യസ്തമാണെന്നോ ഈ പാകിസ്ഥാനി ജനതയുടെ മുഖവും മനസ്സും!  

അപരിചിതനായ ഒരു മനുഷ്യനെ കണ്ടാല്‍ പൊതുവേ യുള്ള ശീലം എന്ന നിലയില്‍ നാം   മുഖം വെട്ടിച്ചു  നടന്നു പോകുമ്പോള്‍ കേള്‍ക്കാം 
"ക്യാ ഹാലെ ഭായ്"  (സഹോദര സുഖമാണോ?)  എന്നുള്ള   ആ പാകിസ്ഥാനിയുടെ  കുശലാന്വേഷണം.

അത്  കേട്ട് , തെല്ലൊന്ന്  അമ്പരന്ന്    ചിരി പോലുള്ളൊരു ഗോഷ്ടി കാട്ടി നാം അവനെ പ്രത്യഭിവാദ്യം ചെയ്യുന്നതിന് മുന്‍പേ തന്നെ  അതാ വന്നുകഴിഞ്ഞു  ഹൃദയാവര്‍ജകവും സുദൃഡവുമായ അവന്റെ   ഒരു സ്നേഹാശ്ലേഷം! 

കടുകെണ്ണയുടെ മണമുള്ള ശ്വാസം മുട്ടിക്കുന്ന    ഇത്തരം എത്രയോ സ്നേഹാനുഭവങ്ങള്‍   നേരിട്ടുണ്ടായിരിക്കുന്നു  ‍!
പരിചയപ്പെടുന്നവരോട് സഹോദര നിര്‍വിശേഷമായി പെരുമാറാനേ അവനു കഴിയു  എന്നാണ് ഗള്‍ഫ് ഇന്ത്യക്കാരുടെ  അനുഭവം!

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ  നുറോളം തൊഴിലാളികളില്‍ ഏതാണ്ട് 70 %പേരും പാകിസ്താനികളാണ്.ഒന്നോ രണ്ടോ മലയാളികള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ ബംഗ്ലാദേശികളും ! 

ജോലി സംബന്ധമായും മറ്റും അവരുടെ സങ്കേതങ്ങളില്‍ ചെന്നാല്‍ സല്‍ക്കാരങ്ങളും സ്നേഹാന്വേഷണങ്ങളും കൊണ്ട് വീര്‍പ്പു മുട്ടിക്കും അവര്‍.
നമ്മുടെയും കുടുംബത്തിന്റെയും സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം നമ്മുടെ ജീവിത സൌഖ്യത്തിനായി അല്ലാഹുവിനോട് ഒരു പ്രാര്‍ഥന കൂടി  നടത്തിയാലെ അവര്‍ക്ക് തൃപ്തിയാകു.

 121 കോടി കവിഞ്ഞ ഇന്ത്യന്‍ ജനസംഖ്യയില്‍ ഏതാണ്ട് മുപ്പതു  മില്യനില്‍  അധികം ആളുകള്‍  വിദേശ  രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു ജനതയും ഗള്‍ഫിലാണ് .  വെറും പതിനെട്ട്    കോടി മാത്രം വരുന്ന പാകിസ്ഥാനികളില്‍ രണ്ടു മില്യന്‍ ആളുകളും   ഗള്‍ഫില്‍ തന്നെ പണിയെടുത്തു കഴിയുന്നു ‌  !  

ഈ കണക്കുകളില്‍ നിന്നു പാകിസ്ഥാന്‍   ജനതയ്ക്ക്  ഇന്ത്യയോടുള്ള , ഇന്ത്യക്കരോടുള്ള പൊതു വികാരത്തിന്റെയും കാഴ്ചപാടുകളുടെയും  ശരിയും വ്യക്തവുമായ ഒരു ചിത്രം ഗള്‍ഫില്‍ നിന്ന് കിട്ടുമെന്ന് സാരം.

ഇന്ത്യക്കാരനും പാകിസ്ഥാനികളും തമ്മില്‍ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന പക "വെറും അസംബന്ധം"എന്ന് വിശേഷിപ്പിക്കുന്ന പാകിസ്താന്‍ ജനതയെ മാത്രമേ ഗള്‍ഫില്‍ ഞാന്‍ കണ്ടിട്ടുള്ളു.

അഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന ഭരണ കൂടങ്ങളുടെ സൃഷ്ടിയാണ് സത്യത്തില്‍ ഇന്ത്യ -പാക് ശത്രുത എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

കാശ്മീരിലോ .പാകിസ്ഥാനിലോ ഉള്ള ജനങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ജനതയുമായി പരസ്പര ശത്രുത ആഗ്രഹിക്കുന്നില്ല. 
അലഹബാദിലും ,കാശ്മീരിലും ,ലാഹോറിലും ഇന്ത്യയിലും ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ വേദനിച്ചു കരയുന്നതിനിടയിലും അവര്‍ ഇന്ത്യയെ പഴിക്കുന്നത്  ഞാന്‍ കണ്ടിട്ടില്ല.

"അമേരിക്കയാണ് ചോരക്കളി നടത്തുന്നതെന്നും ബുദ്ധിയില്ലാത്ത പാക് ഭരണകൂടം അത് മനസിലാക്കുന്നില്ലെ " ന്നുമാണ്‌ ലാഹോര്‍ സ്വദേശിയായ ഞങ്ങളുടെ ഡ്രൈവര്‍ നൂര്‍ ബഹാദൂര്‍ പറയുന്നത്.  അനേക ലക്ഷം പേരുടെ ശബ്ദത്തിന്റെ മുഴക്കം പോലെ തോന്നിച്ച വാക്കുകള്‍ ..

കാശ്മീരിനെ പാകിസ്ഥാനോട് കൂട്ടി ചേര്‍ക്കണമെന്ന് ഞാന്‍ സംസാരിക്കാറുള്ള ഒരു പാകിസ്ഥാനിയും അഭിപ്രായപ്പെടാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു! 

പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ കോലാഹലങ്ങള്‍ !!പട്ടിണിയും പ്രകൃതി ദുരന്തങ്ങളും വിലക്കയറ്റവും കൊണ്ട് നിത്യ ദുരിതങ്ങള്‍ അനുഭവിക്കുന്ന ശരാശരി പാകിസ്താന്‍ പൌരനു തന്റെ ജന്മനാട്ടില്‍ സമാധാനം എന്ന് വരും എന്‍റെ അല്ലാഹുവേ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ!

 പാകിസ്ഥാനിയുടെ ഹൃദയ വിശുദ്ധി തെളിയിക്കുന്ന മറ്റൊരനുഭവവും എനിക്കുണ്ടായി. രണ്ട് മാസത്തെ അവധിക്കായി നാട്ടില്‍ പോയി അവസാനത്തെ ചില്ലിക്കാശു പോലും ചെലവാക്കി മണലാരണ്യത്തില്‍ തിരിച്ചെത്തിയ സമയം.ശമ്പളം ഇല്ലാത്ത അവധി ആയതു കൊണ്ട് ഇവിടെയും അങ്ങ് വീട്ടിലും കടുത്ത സാമ്പത്തിക ഞെരുക്കം.വീടിന്റെ ലോണ്‍, മറ്റു അത്യാവശ്യങ്ങള്‍ക്കുള്ള പണം എന്നിവയ്ക്കായി ബുദ്ധിമുട്ടുന്ന ഭാര്യയുടെ ഫോണ്‍ വിളികള്‍ കൊണ്ട് സ്വസ്ഥത നശിച്ച ദിനങ്ങളിലായിരുന്നു ഞാന്‍..എന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ടു വിവരങ്ങള്‍ തിരക്കിയ ഒരു തൊഴിലാളി പാകിസ്താന്‍ കാരനായ സഫര്‍ ഇഖ്‌ബാല്‍ ഏതാണ് മുപ്പതിനായിരം ഇന്ത്യന്‍ രൂപ വരുന്ന തന്റെ ശമ്പളം എന്‍റെ കൈവെള്ളയില്‍ നിര്‍ബന്ധ പൂര്‍വ്വം വച്ചു തന്നസംഭവം ഇന്നും നനഞ്ഞകണ്ണുകളോടെ മാത്രമേ എനിക്കോര്‍ക്കാന്‍ കഴിയു!

പത്തുരൂപ അത്യാവശ്യക്കാര്‍ക്ക് കടം കൊടുക്കണമെങ്കില്‍  പോലും കൊള്ള പലിശയും ചെക്കും മുദ്ര പത്രവും ഒക്കെ ആവശ്യപ്പെടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ഇടയില്‍ ഈ പാകിസ്ഥാനിയുടെ സ്ഥാനം എവിടെയാണ് ?

പാകിസ്ഥാനികള്‍ ഒരുമിച്ചു താമസിക്കുന്ന ലേബര്‍ ക്യാമ്പിലെ ലിയാകത് അലിയും ,മുനീര്‍ അഹമദും, മഹമൂദ്  അഹമദും, അസ്ഹര്‍ അലിയും ഒക്കെ സദാ സ്ഫുരിപ്പിക്കുന്നത് നന്മയുടെ,സാഹോദര്യത്തിന്റെ ഈ പ്രകാശ കിരണങ്ങള്‍ തന്നെയാണ് !

കണ്ണുമടച്ചു മനസ്സില്‍ കുടിരുത്തിയ നമ്മുടെ ചില  കാഴ്ചപ്പാടുകളെ  മാറ്റിമറിക്കുന്ന എത്രയോ അനുഭവങ്ങള്‍ ഇവിടെ ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ നിത്യവും കാണുന്നു..

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മാത്രം പഠിപ്പിക്കുന്ന
പാഠ പുസ്തകങ്ങള്‍  കാണാതെ പോയ യാഥാര്‍ത്യങ്ങള്‍...!!

ഭീകരതയും മത വിദ്വേഷവും പകരുന്ന തത്വ ശാസ്ത്രങ്ങള്‍ അവഗണിച്ച്   ഉപേക്ഷിച്ച സത്യങ്ങള്‍ !!
തീര്‍ച്ചയായും നമ്മള്‍   ഉള്‍ക്കണ്ണ്    തുറന്നു കാണേണ്ടിയിരിക്കുന്നു നന്മയുടെ  ഈ കൊച്ചു കൊച്ചു മാതൃകകള്‍ !   ജയ്‌ ഭാരത്‌ .....