2011, മേയ് 29, ഞായറാഴ്‌ച

സി .പി അഥവാ ചെറ്റപ്പെറുക്കി

'ചെറ്റ' എന്ന വാക്ക്  പണ്ടേ കേട്ടിട്ടുണ്ട് ..
"ചെറ്റക്കുടിലില്‍ ജനിച്ചവന്‍ "   "അവന്‍ അല്ലെങ്കിലും ഒരു ചെറ്റയാണ്‌ "   എന്നിങ്ങനെ പാവത്തം എടുത്തു കാട്ടാനോ പാവങ്ങളെ  അധിക്ഷേപിക്കാനോ ഉപയോഗിക്കുന്ന  കഠോര പദങ്ങളായാണ് ആ വാക്കുകള്‍   കുട്ടിക്കാലത്ത്  എന്റെ പൊട്ടച്ചെവിയില്‍ പതിച്ചിട്ടുള്ളത് .
പക്ഷെ
"ചെറ്റപ്പെറുക്കികള്‍:" എന്ന 'സുന്ദരമായ' ഒരു വാക്ക്  ഞാന്‍ ആദ്യമായി കേട്ടത്    കുറെ വലുതായപ്പോളാണ് ..കൃത്യമായി പറഞ്ഞാല്‍ രണ്ടു കൊല്ലം മുന്‍പ് . 
എല്ലാവരാലും  ഇഷ്ടപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന  രണ്ടു പേര്‍ തമ്മില്‍ കണ്ടപ്പോള്‍ 
അതിലൊരാളെ മറ്റൊരാള്‍ വിളിച്ചു .".ചെറ്റപ്പെറുക്കീ!!  
വലുതായപ്പോള്‍ കേട്ടത് കൊണ്ട് മാത്രമല്ല  ആ വാക്കിനു  മുന്‍പൊരിക്കലും ഇല്ലാതിരുന്ന  ഒരു സൌന്ദര്യവും മധുര നര്‍മവും ഉണ്ടെന്നു അപ്പോള്‍ എനിക്ക് തോന്നിയത് ..ആ വാക്ക്  ആദ്യമായി ഞാനുള്‍പ്പെട്ട ഒരു സദസില്‍   വച്ച് ഉച്ചരിച്ച വ്യക്തിയുടെയും ,നര്‍മം നിറഞ്ഞ ആ ആക്ഷേപം ആസ്വദിച്ച  പ്രശസ്തനായ അപരന്റെയും പൊട്ടിച്ചിരി നിറഞ്ഞ പ്രതികരണങ്ങളാണ്      "ചെറ്റപ്പെറുക്കികള്‍" എന്ന കഠിന പദത്തെ 'അതി സുന്ദരവും'  'മാതൃകാപരമായ'  ആക്ഷേപ ഹാസ്യവും ആക്കി മാറ്റിയത് .
വിളിച്ചത് മറ്റാരുമല്ല ;
മലയാള സാഹിത്യ  ഭൂമികയില്‍  നിത്യ നിര്‍മലമായ  നീര്‍മാതളപ്പൂക്കള്‍   ചൊരിഞ്ഞ സാക്ഷാല്‍ കമലാസുരയ്യ !
വിളികേട്ടത്‌  മലയാള സിനിമയുടെ എക്കാലത്തെയും  നിലയ്ക്കാത്ത  പൊട്ടിച്ചിരികള്‍ക്ക്  തിരി കൊളുത്തിയ  സാക്ഷാല്‍ ശ്രീനിവാസനും!

2008 ലെ ആദ്യ നാളുകളില്‍ ആണെന്നാണ്‌ ഓര്മ . എറണാകുളം ഗാന്ധി നഗറിലുള്ള കമലാ സുരയ്യയുടെ ഫ്ലാറ്റില്‍ ഒരു പ്രഭാതത്തില്‍ ഒത്തു കൂടിയതായിരുന്നു  എഴുത്തുകാരും ,മാധ്യമ പ്രവര്‍ത്തകരും , ആരാധകരും അടങ്ങുന്ന ചെറു സംഘം . 
കമലാ സുരയ്യ യുടെ "വക്കീലമ്മാവന്‍"  എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു വേദി  .
പ്രായത്തിന്റെ അസ്ക്യതകളും  മതം പരിവര്‍ത്തനം  ഉയര്‍ത്തിവിട്ട വിവാദങ്ങളും  കമല ദാസ് എന്ന എഴുത്തുകാരിയുടെ  വ്യക്തി ജീവിതത്തില്‍   ഉണ്ടാക്കിയ അനാരോഗ്യകരമായ ചുറ്റുപാടുകള്‍  മൂലമായിരുന്നു പൊതു വേദിയും യാത്രയും ഒഴിവാക്കി   പ്രസാധന ചടങ്ങ്  എഴുത്തുകാരിയുടെ വീട്ടില്‍ തന്നെ സംഘടിപ്പിച്ചത് .    കണ്ണൂരിലെ കൈരളി ബുക്സ് ആണ്  പ്രസാധകര്‍ .ശ്രീനിവാസന്‍ ആണ്  പുസ്തകം പ്രസാധനം ചെയ്തത് .

കൈരളി ബുക്സ്  ശ്രീനിവാസന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് അക്കാലത്ത് കേട്ടിരുന്നു .
തിളക്കമുള്ള കറുത്ത പര്‍ദയ്ക്കുള്ളില്‍ ജ്വലിക്കുന്ന ഒരു ദേവീ വിഗ്രഹം പോലെ പ്രിയപ്പെട്ട എഴുത്തുകാരി . . 
വാര്‍ധക്യ ജരകളിലും ക്ഷുഭിത യൌവ്വനങ്ങളെ ത്രസിപ്പിച്ച തേജോമയമായ ആ മുഖം ഒന്നടുത്തുകാണാന്‍,രത്നാന്ഗുലീയം  ധരിച്ച താമര വല്ലിപോലെയുള്ള വിരലുകളില്‍  പ്രേമ പൂര്‍വ്വം ഒന്ന് തൊടാന്‍ പണ്ടേ ഏറെ കൊതിച്ചിരുന്നതാണ്  ..

അന്നായിരുന്നു അതിനു ഭാഗ്യം കൈവന്നത് ..

ലോകം കീഴടക്കിയ എഴുത്തുകാരിയെയും  പ്രിയതാരം ശ്രീനിവാസനെയും ഒരുമിച്ചു കണ്ട  ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ഉത്സാഹത്തിലായിരുന്നു . 

ഞങ്ങള്‍ക്കിടയില്‍  C.P എന്ന്  വിളിപ്പേരുള്ള  അധികോത്സാഹിയായ ഒരു പത്ര പ്രവര്‍ത്തകന്‍  ഉണ്ടായിരുന്നു . സി .പി .എന്നത് അദ്ദേഹത്തിന്‍റെ ഇനിഷ്യല്‍ ആണ് . അത്യാവശ്യ ഘട്ടത്തില്‍ സി .പി . എന്നായിരുന്നു സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ . സി .പി .എന്ന ചുരുക്കപ്പേര് കേട്ട ഉടന്‍ ശ്രീനിവാസന്‍ സ്വത സിദ്ധമായ ശൈലിയില്‍   " ഓഹോ  സി .പി യും , വന്നിട്ടുണ്ടോ?  (കണിശക്കാരനായ പഴയ തിരുവിതാംകൂര്‍ ദളവ സി .പി രാമസ്വാമി )എന്നു ചോദിച്ചത് ചിരി പരത്തി. ചാനല്‍ ക്യാമറാമാന്മാരുടെ തള്ളിനിടയില്‍ നിന്ന്  ലേഖകന്‍ ചമ്മുന്നതും പിന്നോട്ട് വലിയുന്നതും കണ്ടു .
"സി .പി യോ ? ആരാ അത് ? ഇവിടെ എന്നും സി പി. കള്‍ വരാറുണ്ട് " എന്ന്  ചിരിച്ചു കൊണ്ടു സുരയ്യ . 
പിന്നെ സി .പി .എന്ന ചുരുക്ക പ്പേരിന്റെ ചുരുള്‍ വിടര്‍ത്തി  കുട്ടിക്കാലത്തെ ഒരോര്‍മ പകുത്തു .

നാലപ്പാട്ട്  കുട്ടിക്കാലത്ത്  ദിനവും ഓരോരോ   ദാനം ചോദിച്ച്  തറവാട്ടിലെ ആശ്രിതരായ ആളുകള്‍ വരാരുണ്ടായിരുന്നത്രേ ! വീട്ടില്‍ ആവശ്യത്തിനു സ്വത്തുണ്ടെങ്കിലും അന്യന്റെ ദാനാശീലവും അനുകമ്പയും മുതലാക്കാന്‍ എത്തുന്ന അക്കൂട്ടരെ ഞങ്ങള്‍ കുട്ടികള്‍ "സി .പി കള്‍"  എന്നായിരുന്നു വിളിച്ചിരുന്നത്‌ ..സി .പി എന്നാല്‍ ചെറ്റപ്പെറുക്കികള്‍ ,ഒടുവില്‍ നാലപ്പാട്ട് തറവാട് മുടിഞ്ഞു ..ചെറ്റപ്പെറുക്കികള്‍     ധനികരും ആയി ..."

ഇപ്പോളും ഉണ്ട് സി പി.കള്‍ .       ഇവിടെയും വരും . 

"ദേ ഇരിക്കുന്നു ഒരു സി പി " --- ശ്രീനിയെ നോക്കി ചിരിച്ചു കൊണ്ടു അവര്‍ പറഞ്ഞു .
"എഴുതി  ഒരു പാട് സ്വത്തുണ്ടാക്കിയിട്ടുണ്ടല്ലോ കുറെ ദാനം ചെയ്താലെന്താ ??" ശ്രീനിവാസന്റെ കമന്റ്  ".  
എനിക്ക് സ്വത്തില്ല .ഉള്ളതെല്ലാം ഒരോരുത്തര്‍  കൊണ്ടു പോയി. ദിവസവും രാവിലെ മുതല്‍ ഓരോ ദിക്കില്‍ നിന്നും എത്ര പേരാണ് വരുന്നത് !! എല്ലാര്‍ക്കും ന്റെ കയ്യില്‍ നിന്ന് സക്കാത്ത് വേണം ..ഓരോരുത്തര്‍ എത്ര അവകാശത്തോടെയാണ്  വന്നു കയറി ഓരോന്ന് ചോദിക്കുന്നത് !! 

അള്ളാഹു പറഞ്ഞതല്ലേ ..ഞാന്‍ ഉള്ളതെല്ലാം എടുത്തു കൊടുത്തു .കൃഷ്ണനും അതന്യേണ്  പറഞ്ഞെ ..ഒക്കെ..ന്നു തന്യേ !  ചിലര്‍ മക്കളെ കല്യാണം ചെയ്തു വിടാനെന്നു പറഞ്ഞു എന്റെ വളകളെല്ലാം ഊരി വാങ്ങി ..

കുട്ടികള്‍ സന്തോഷായിറ്റ് ..കഴിയട്ടെ ല്ല്യെ ..ന്താ ..ഞാന്‍ പര്‍ദ്ദ യൊക്കെ ധരിച്ചിരിക്കുന്നത്‌ കണ്ടിട്ട്  "ഉമ്മയ്ക്കിനി എന്തിനാ പട്ടു സാരികള്‍ എന്ന് ചോദിച്ച്  ന്റെ സാരികളെല്ലാം എടുത്തോണ്ട് പോയി "

ന്റെ പട്ടു സാരികളും, സ്വര്‍ണ വളകളും തിളങ്ങുന്ന  കല്ലുകള്‍പതിച്ച  പതക്കങ്ങളും   അലുക്കിട്ട കമ്മലുകളും അവര്‍ കൊണ്ടു പോയി .....ഞാന്‍ വല്യ ധനികയാണെന്നാ.. എല്ലാരുടെയും വിചാരം ..കൊണ്ടു പൊയ്ക്കോട്ടേ  ..നിക്കൊന്നും വേണ്ടാ ..ഞാന്‍ മരിക്കുമ്പോ   ദൊക്കെ ,കൊണ്ടു പൂവാമ്പറ്റ്വോ??  അതോണ്ട്  അവര്‍ കൊണ്ടു പൊയ്ക്കോട്ടേ ...

ന്താ പറയ്ക .?? .അവരെയും ചെറ്റപ്പെറുക്കികള്‍ എന്ന് വിളിക്കാമോ  ?? ആവോ അറിയില്യ ..."

കുറെ പുസ്തകങ്ങളും പിന്നെ മക്കളും ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന സുഹൃദ് വലയവും ആണ് തന്റെ സ്വത്തുക്കള്‍  എന്ന്  അവര്‍ പറഞ്ഞു ...
ഏതോ ട്രസ്റ്റിനു വിട്ടുകൊടുത്ത  പുന്നയൂര്‍ ക്കുളത്തെ പാമ്പിന്‍ കാവും   ,നാലപ്പാട്ടെ കുട്ടിക്കാലവും ഓര്‍ത്തെടുത്ത അവരുടെ കണ്ണുകളില്‍  ഒരായിരം നീര്‍മാതളപ്പൂക്കള്‍ ഒരുമിച്ചു വിരിഞ്ഞ തിളക്കം !

പിന്നെയും നീണ്ട നര്‍മ ഭാഷണങ്ങള്‍ക്കിടയില്‍  ചിരിയുടെ നേര്‍ത്ത കുമിളകള്‍ പൊട്ടി...പ്രകാശ ത്തിന്റെ ഊര്‍ജ രേണുക്കള്‍ അവിടമെങ്ങും  പ്രസരിച്ചു.. ,കേരളത്തിലെ അവരുടെ അവസാന നാളുകളില്‍ ഒന്നായിരുന്നു  തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ ദിനം .പിന്നീട്  ചികിത്സാര്‍ത്ഥം അവര്‍ പുനെയിലുള്ള മകന്റെ അരികിലേക്ക് പോയി .അടുത്തവര്‍ഷം 2009 മേയ്
31 ന്  സാഹിത്യ നഭസ്സില്‍ രജത ശോഭയോടെ തെളിഞ്ഞു കത്തിയ ആ വസന്ത പൌര്‍ണമി മിഴിയടച്ചു .

.നെയ്പ്പായസത്തിന്റെ മധുരവും    നീര്‍മാതളത്തിന്റെ സുഗന്ധവും നിറഞ്ഞ കഥാ കുസുമങ്ങള്‍ ബാക്കിവച്ച് ...
( മേയ് 31 ന്  മാധവിക്കുട്ടിയുടെ ചരമ ദിനം )
 

2011, മേയ് 14, ശനിയാഴ്‌ച

അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??

പ്രിയപ്പെട്ട കൂട്ടുകാരെ ..
അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ?? അല്ല  ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു
ചോദിക്കുവാ !!
ഗൂഗിള്‍ അമ്മച്ചി നമ്മള്‍ പാവം ബ്ലോഗര്‍മാര്‍ക്ക് ഒരു പണി തന്നതിന്റെ കഷ്ടപ്പാട്  ഇരുമ്പുലക്ക കൊണ്ട് തലക്കിട്ട്  അടിച്ചതിനു തുല്യമായി ..നമ്മള്‍ പ്രസവ വേദന എടുത്തു കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കിയ ബ്ലോഗുകള്‍ പെട്ടന്നൊരു ദിവസം തന്നിഷ്ടക്കാരിയായ ഗൂഗിള്‍ അമ്മ വന്നു ഇരുമ്പുലക്ക കൊണ്ട് തല്ലിക്കൊഴിച്ച് ഇല്ലാതാക്കുക .. ആദ്യമൊക്കെ ഞാന്‍ കരുതി നമ്മുടെ മഞ്ഞുതുള്ളി യെയും   ,
  കിങ്ങിണിക്കുട്ടിയെയും പോലെ പെട്ടെന്നൊരു ദിവസം എല്ലാവരും കൂടി ബ്ലോഗും ഡിലീറ്റി മുങ്ങിയതാവും എന്ന് !! അവര്‍ ഇപ്പോള്‍ തിരികെ വന്നൂ ...ട്ടോ ..സന്തോഷം .ഹാ..യ് !!!

പക്ഷെ എന്റെ ബ്ലോഗും അങ്ങനെ കാണാതായപ്പോഴും ഇടയ്ക്ക് പൊങ്ങിയ ബ്ലോഗില്‍ കമന്റാന്‍ പറ്റാതെ വന്നതും കണ്ടപ്പോളാണ് എന്റെയും  ഫ്യൂസ് അടിച്ചു പോയോ എന്ന് തോന്നിപ്പോയത് !

ഒടുവില്‍ എന്റെ രണ്ടു പാട്ടുകള്‍ക്കായി ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും
ഞാന്‍ നിങ്ങള്ക്ക് സമര്‍പ്പിച്ച ബ്ലോഗും അതില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു ഞാന്‍ നേടിയെടുത്ത നിങ്ങളില്‍ പല പുലികളുടെയും  വിലപ്പെട്ട 63  കമന്റുകളില്‍ ഏതാണ്ട്  25 എണ്ണവും അപ്രത്യക്ഷ മായിരിക്കുന്നു !!  ഈ കൊലച്ചതി ഇതാരോട് പോയി ഞാന്‍ പരാതി പറയും എന്റീശ്വരന്‍മാരെ !! എനിക്ക് നഷ്ടം വന്നത് കമന്റുകള്‍ ആണെങ്കില്‍ മറ്റു ചില സുഹൃത്തുക്കള്‍ക്ക് അവര്‍ എഴുതിയുണ്ടാക്കിയ പോസ്റ്റുകള്‍ തന്നെ നഷ്ടപ്പെട്ടു !! കമന്റു ബോക്സില്‍ അഭിപ്രായം എഴുതാന്‍ കഴിയാതെ വന്നപ്പോള്‍ പ്രിയപ്പെട്ട വായനക്കാര്‍ അത്   മെയിലില്‍ വഴി അറിയിച്ചപ്പോള്‍  ആണ് സംഗതിയുടെ ഗൌരവാവസ്ഥ മനസിലായത് .

ഞാന്‍ ഗൂഗിള്‍ അമ്മച്ചിയോട്‌ ഊന്നി ഊന്നി ചോദിക്കുകയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ? പ്രിയപ്പെട്ടവര്‍ എഴുതിയ ബ്ലോഗുകള്‍ എന്താ അപ്രിയങ്ങള്‍ ആയതു ? അതൊക്കെ അതൊക്കെ മായ്ച്ചു കളഞ്ഞിട്ടു ഒടുവില്‍ ദാ ഇപ്പോള്‍ അമ്മച്ചി വന്ന്  ഒരു സോറി പറഞ്ഞിരിക്കുന്നു !!
കഷ്ടം തന്നെ!! കഷ്ടം !!!.
ഇനി ഞാന്‍   എന്ത് സൂത്രപ്പണി കാണിച്ചാല്‍ ആണ്   കൂട്ടുകാര്‍ വീണ്ടും വന്നു മാഞ്ഞുപോയ തങ്ങളുടെ ആ വാക്കുകള്‍ കൊണ്ട് എന്റെ പാട്ടുകളുടെ പൂമുറ്റം   അലങ്കരിക്കുക ?? നമ്മള്‍ ഏതു ബ്ലോഗനാര്‍ കാവില്‍ തളിച്ച് കൊട നടത്തിയാലാണ്    മാഞ്ഞു പോയ ബ്ലോഗുകള്‍ തിരികെ വരുന്നത് ??

അന്വേഷിച്ചപ്പോള്‍ അറിയുന്നു ലോകമെമ്പാടും ഉള്ള ലക്ഷോപ ലക്ഷം ബ്ലോഗര്‍മാര്‍ക്കും ഇക്കഴിഞ്ഞ നാല്പതര  മണിക്കൂര്‍ കൊണ്ട്   ഗൂഗിള്‍  അമ്മച്ചിയുടെ  പരമാവധി   പണി കിട്ടിയെന്ന്
 !!!
കൈവിട്ട് പോയ  ബ്ലോഗും കമന്റുകളും  ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടുമോ ? 

ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും2011, മേയ് 11, ബുധനാഴ്‌ച

ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും


സുഹൃത്തുക്കളെ

ഇക്കുറി രണ്ടു പാട്ടുകളാണ് നിങ്ങള്‍ക്കായി ഞാന്‍ നല്‍കുന്നത്  .ഒപ്പം ആ പാട്ടുകള്‍ ഒരുക്കാന്‍ അക്ഷീണം പ്രയത്നിച്ച ഒരു യുവ സംഗീതജ്ഞന്റെ വേര്‍പാടിന്റെ നൊമ്പരവും ..
രണ്ടു മൂന്നു വര്ഷം മുന്‍പ് ഒരു ഭക്തി ഗാന ആല്‍ബത്തിനു വേണ്ടി ഞാന്‍ കുറച്ചു പാട്ടുകള്‍ എഴുതിയിരുന്നു . എനിക്ക് ഭക്തി ബാധ ഉണ്ടായതല്ല .  കൂട്ടുകാര്‍  നിര്‍ബന്ധിച്ചപ്പോള്‍ ചുമ്മാ അങ്ങ് എഴുതിപ്പോയി . അത്ര തന്നെ !!

ഓഡിയോ യായി പുറത്തു വന്ന 'ചുറ്റു വിളക്ക്' എന്ന ആല്‍ബത്തിലെ   രണ്ടു ഗാനങ്ങളാണ് വീഡിയോ രൂപത്തില്‍  നിങ്ങള്ക്ക് സമര്‍പ്പിക്കുന്നത് .
കൊച്ചി ചമ്പക്കരയിലെ അമൃത വിഷന്‍ എന്ന കേബിള്‍ ചാനല്‍ ഉടമകളും സുഹൃത്തുക്കളുമായ രണ്ടു മൂന്നു ചെറുപ്പക്കാര്‍ ഒരു ഭക്തി ഗാന ആല്‍ബം നിര്‍മിക്കാന്‍ ആഗ്രഹിച്ച്  സംഗീത സംവിധായകനായ ശ്രീ ഏരൂര്‍ ജീവന്‍ ദാസ്  ഉണ്ടാക്കിയ  മനോഹരങ്ങളായ ഈണങ്ങള്‍ ഒരു സി.ഡി യില്‍ പകര്‍ത്തി എന്നെ ഏല്‍പ്പിച്ചു .  
     
രണ്ടു വര്ഷം മുന്‍പായിരുന്നു ഇത് .

ജീവനും ഞാനും ചേര്‍ന്ന് ആകാശവാണി കൊച്ചി എഫ് എം റേഡിയോയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തി നല്‍കിയ പാട്ടുകളുടെ പിന്‍ ബലത്തിലായിരുന്നു ഭക്തി ഗാന രചന  എന്ന കടുംകൈ ചെയ്യാന്‍ രണ്ടും കല്‍പ്പിച്ചു വാക്കുകൊടുത്തത് .

പഠിക്കുന്ന കാലം മുതല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ നടപ്പ് ..നിരീശ്വര വാദം എന്ന "ജാഡ" എന്റെയും കൂട്ടുകാരനാണ് .അമ്പലങ്ങളില്‍ പോകും ..പക്ഷെ പ്രാര്‍ത്ഥിക്കാനല്ല ,അമ്പലത്തിനുള്ളിലെ ശില്പ ചാതുരി കണ്ടു ആസ്വദിക്കാന്‍ എന്ന ഭാവത്തില്‍ ..!!

ചുറ്റു വിളക്ക് എന്ന പേരില്‍ ഇറക്കിയ പത്തു പാട്ടുകള്‍ ഉള്ള ആ ആല്‍ബത്തിന് വേണ്ടി ഞാന്‍ ആറു ഗാനങ്ങള്‍ എഴുതി . സംഗീത  ആല്‍ബം എന്ന നിലയിലുള്ള എന്റെ ആദ്യ  സംരംഭം.
ബിജു നാരായണന്‍ , മീശ മാധവന്‍ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടില്ല എന്ന പാട്ട് പാടിയ  ദേവാനന്ദ് (ചേര്‍ത്തല എന്‍ എസ് എസ് കോളേജില്‍ എന്റെ ജൂനിയര്‍ ആയി പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പേര് പ്രതാപചന്ദ്രന്‍ എന്നായിരുന്നു ),ഗണേഷ് സുന്ദരം തുടങ്ങി പത്തോളം ഗായകരാണ്  ആല്‍ബത്തില്‍ പാടിയത് .

ഈ ആല്‍ബവുമായി ബന്ധപ്പെട്ടു വളരെ ദുഖകരമായ ഒരു സംഭവവും ഉണ്ടായി .പാട്ടുകളുടെ  ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹണം നടത്തിയത് സംഗീത മേഖലയിലെ വളര്‍ന്നു വരുന്ന അനുഗ്രഹീത പ്രതിഭയായിരുന്ന പ്രിയ സുഹൃത്ത് പ്രേംജിത്ത്  ആയിരുന്നു ..കാക്കനാട്ടുള്ള മെട്രോ സ്റ്റുഡിയോയിലും  തൃപ്പൂണിത്തുറ യിലെ പൂജ സ്റ്റുഡിയോ യിലും ആയി  ആല്‍ബത്തിന്റെ റെക്കോര്‍ഡിങ്ങും മിക്സിങ്ങും കഴിഞ്ഞിട്ടും ജിത്തുവിന്  ഒരു തൃപ്തി വന്നില്ല. കുറച്ചു കൂടി ശരിയാകാനുണ്ട് എന്നൊരു തോന്നല്‍ .

മുംബെയിലെ ഏതോ വലിയ സ്റ്റുഡിയോയില്‍   സൌണ്ട് എന്ജിയര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ജിത്തുവിന്റെ   സുഹൃത്ത് ബിനോയ്‌  ആയിടെ നാട്ടില്‍ വന്നിരുന്നു .     ബിനോയിയുടെ സഹായത്തോടെ ആല്‍ബം കുറച്ചു കൂടി മികവുറ്റതാക്കാന്‍ മറ്റൊരു  ദിവസം  ജിത്തുവും ബിനോയിയും കൂടി വീണ്ടും  മെട്രോ സ്റ്റുഡിയോയില്‍ എത്തി .അന്ന്  പാതിരാത്രി വരെ  ഇരുന്നു പാട്ടുകള്‍ എല്ലാം  റീ റെക്കോര്‍ഡ്‌ ചെയ്തു പെര്‍ഫെക്റ്റ് ആക്കി ..

 പൂര്‍ണതയ്ക്കു വേണ്ടിയുള്ള ഒരു കലാകാരന്റെ ആത്മാര്‍ഥമായ സമര്‍പ്പണം .

പിറ്റേന്ന് രാവിലെ എനിക്ക് മ്യൂസിക് ഡയരക്ടര്‍   ജീവന്റെ ഒരു ഫോണ്‍ കോള്‍ വന്നു ..
ജിത്തു  കഴിഞ്ഞ രാത്രി ഒരു  ബൈക്ക് അപകടത്തില്‍  മരിച്ചെന്ന്!! 
ഗുരുതരമായി പരുക്കേറ്റ ബിനോയ്‌  എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും !

റീ -റെക്കോര്‍ഡിങ്ങ് കഴിഞ്ഞു ബിനോയിയെ കുമ്പളങ്ങിയിലുള്ള വീട്ടില്‍ കൊണ്ടാക്കാന്‍  തന്റെ പുതിയ  ബൈക്കില്‍ പോയതായിരുന്നു ജിത്തു  .അപരിചിതമായ റോഡിലെ ഒരു ഹമ്പില്‍ കയറി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞത്രെ!  റോഡില്‍ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റാണ്  ജിത്തുവിന് ആ അത്യാഹിതം സംഭവിച്ചത് !

2007 മാര്‍ച്ച്‌ 16 നു അര്‍ദ്ധരാത്രിയായിരുന്നു ആ സംഭവം .

 ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു നല്ല കലാകാരന്റെ ജീവന്‍  അങ്ങനെ ആ  റോഡപകടത്തില്‍ എന്നെന്നേക്കുമായി പൊലിഞ്ഞു ..!

അതോടെ ആല്‍ബം റിലീസിംഗ് കുറച്ചു വൈകി ...വീഡിയോ ചേര്‍ത്തു റിലീസ് ചെയ്യാനായിരുന്നു സംഘാടകരുടെ ആദ്യ ശ്രമം .  ജിത്തു പോയതോടെ ഉത്സാഹം കെട്ടു !

പിന്നീട്    ഓഡിയോ മാത്രം ഇറക്കി . റിലീസിംഗ്  ദിവസം ഒത്തു കൂടിയ കൂട്ടുകാര്‍ എല്ലാവരും ജിത്തുവിനെ ഓര്‍ത്ത്‌ സങ്കടപ്പെട്ടു .

നെറ്റില്‍ നിന്ന് ഡൌണ്‍ ലോഡു ചെയ്ത ചിത്രങ്ങളും ആല്‍ബത്തിലെ ട്രാക്കും  ചേര്‍ത്തു കഴിഞ്ഞ ദിവസം ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്  ഇവിടെ നിങ്ങള്‍ക്കായി  സമര്‍പ്പിച്ചിരിക്കുന്ന വീഡിയോകള്‍ .യു ട്യൂബിലും ചേര്‍ത്തിട്ടുണ്ട് . ദയവായി  വീഡിയോ ഭംഗി കണ്ടു ബോധം കെടരുത്..
ശരിയായിട്ടില്ല എന്നറിയാം ..

അക്ഷര ദേവതയായ മൂകാംബികയെ കുറിച്ചുള്ള ഗാനമാണ് ആദ്യത്തേത് .  ഒന്ന് കേട്ട് നോക്കൂ
ജിത്തുവിനു വളരെ ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു ഗാനമുണ്ടായിരുന്നു ആല്‍ബത്തില്‍ .. ഈ ഗാനത്തിന്റെ ചരണത്തില്‍ മരണവുമായി ബന്ധപ്പെട്ട ചിലവരികള്‍ ഉണ്ടായിരുന്നത് യാദൃശ്ചികമായിരുന്നു..

"വിധിയാം വൃഷഭത്തിന്‍ പുറത്തേറി വരും
മൃതി ഭയം മനുഷ്യനെ വിഴുങ്ങുമ്പോള്‍.......  "

ജിത്തുവിന്റെ കാര്യത്തില്‍ ഈ വരികള്‍ അറം പറ്റിയത് പോലായി !
ആ ഗാനമാണ് താഴെ യുള്ള വീഡിയോയില്‍ . 


ഈ വീഡിയോകള്‍ ഇവിടെയും യും  ദേ
ഞെക്കിയാല്‍ കിട്ടും   
സംഗീതം : ഏരൂര്‍ ജീവന്‍ ദാസ് 
പശ്ചാത്തല സംഗീതം :  പ്രേം ജിത്ത്
ആലാപനം :  ബിജു നാരായണന്‍ 
നിര്‍മാണം :അമൃത വിഷന്‍ ചമ്പക്കര 

2011, മേയ് 4, ബുധനാഴ്‌ച

അനുഭവം ഗുരു

റബി നാട്ടിലെ രണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഞാന്‍ പഠിച്ച സുപ്രധാനങ്ങളായ രണ്ടു വാക്കുകള്‍ .

1 )  മാഫി മുഷ്കില്‍ ,

2 ) മാലിഷ്

 ഈ വാക്കുകള്‍ മാത്രം പ്രയോഗിച്ചു ശീലിച്ചാല്‍ ഇവിടെ എത്ര കാലം വേണമെങ്കിലും സുഭിക്ഷമായി കഴിയാം ..തീര്‍ച്ച ..കുടിലില്‍ നിന്ന് വന്നവന്  കൊട്ടാരത്തിലേക്ക് മടങ്ങാം ..
കെട്ടു പ്രായം തികഞ്ഞ സഹോദരിമാരെ നല്ല നല്ല പുയ്യാപ്ലമാര്‍ക്ക്  കെട്ടിച്ചു കൊടുക്കാം ..
എത്ര ഫെയര്‍ ആന്‍ഡ് ലവ് ലി ഇട്ടു ഉരച്ചു തേച്ചു കഴുകിയാലും തെളിയാത്ത മോന്തായം ഉള്ളവര്‍ക്കും പുറ വടിവും അകമഴകും ഉള്ള     മൊഞ്ചത്തിമാരുടെ ഓണര്‍ ഷിപ്‌  നേടാം !!..  

 മാഫി മുഷ്കില്‍ എന്നാല്‍ = പച്ചമലയാളത്തില്‍ "അത് കുഴപ്പമില്ല " എന്നാണ് . നമ്മള്‍ നാട്ടില്‍ എത്ര പ്രയാസമേറിയ കാര്യം ചെയ്യാന്‍ പറഞ്ഞാലും ആദ്യം പറയുന്ന വാക്ക് ..രാവിലെ കടം വാങ്ങുന്ന ഒരു ലക്ഷം രൂപ വൈകിട്ട് പലിശ സഹിതം തിരിച്ചു കൊടുക്കാമോ എന്ന്  ചോദിച്ചാലും
നമ്മള്‍ പറയും "അത് കുഴപ്പമില്ല " അതിന്റെ അറബി രൂപമാണ് മാഫി മുശ്കില്‍...തന്നെ !!തന്നെ !!


'മാലിഷ് 'എന്ന  ഒറ്റമൂലി പ്രയോഗം  കേട്ടാല്‍ എത്ര കലിയിളകി നമ്മളെ കൊല്ലാന്‍  വരുന്ന അറബിയും സ്വിച്ച്  ഇട്ടതു പോലെ പെട്ടെന്ന് ശാന്തനാകും... !!

മാലിഷിന്റെ അര്‍ഥം "ക്ഷമിക്കൂ " അഥവാ മാപ്പാക്കൂ എന്നാണ് (കൊച്ചീടെ മാപ്പല്ല :))  , സാക്ഷാല്‍ കാലു പിടുത്തം തന്നെ ..എന്തൊക്കെ പ്രശ്നം ഉണ്ടായാലും  ഒടുക്കത്തെ ഈഗോ മൂലം നാട്ടില്‍ വച്ച്  നമ്മള്‍ ഒരിക്കലും ആരോടും പറയാത്ത വാക്ക് !

..പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന്  നമ്മളെ ക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ലല്ലോ !! ആര്  ആരോട് ക്ഷമിക്കാന്‍  ? അല്ലെ !!

പക്ഷെ അറബി നാട്ടില്‍ ഈ വാക്കുകള്‍ക്കു വലിയ ഇന്ദ്ര ജാലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് നൂറു നൂറു അനുഭവസ്ഥരിലൂടെ എനിക്കും ബോധ്യമായ കാര്യമാണ് ...ഈ വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്ന ഒരു സാഹചര്യം ഏതാണ്ട് താഴെ കാണും വിധമാണ് :


രാവിലെ വന്ന്   "ഡേയ് ..ഈ കാണുന്ന  മരുഭൂമിയിലെ മണല്‍ത്തരി  മുഴുവന്‍ വൈകുന്നേരത്തിനു മുന്‍പ്  എണ്ണിത്തീര്‍ത്ത്  എനിക്ക് കണക്കു തരാമോ ? " ..എന്ന്  ചോദിക്കുന്ന അറബിയോട് അയാളെ സുഖിപ്പിക്കാന്‍ ഇത്ര മാത്രം പറഞ്ഞാല്‍ മതി :

 മാഫി മുഷ്കില്‍ മുദീര്‍  ( അത് കുഴപ്പമില്ല മുതലാളി... ഞാന്‍ ഏറ്റു )

അറബി പോയാല്‍   "ഓ.. പിന്നേ... എന്റെ പട്ടി എണ്ണും ..വേറെ പണി ഒന്നുമില്ലേ"  എന്ന് പറഞ്ഞ്    വൈകും വരെ വേണമെങ്കില്‍ കിടന്നുറങ്ങാം . അല്ലെങ്കില്‍ മരുഭൂമിയിലെ വെയിലത്തിരുന്നു  ചൂടുള്ള ദിവാസ്വപ്നം കാണാം ! അകത്താണെങ്കില്‍ എ സി യുടെ മൂളക്കം മനോഹരമായ ഒരു താരാട്ടാണെന്ന്  കരുതി പുതച്ചു മൂടിക്കിടക്കാം ...:)

വൈകിട്ട്  മണല്‍ത്തരിയുടെ കണക്കു വാങ്ങാന്‍ വരുന്ന  അറബിക്ക്  ഭ്രാന്തു പിടിക്കും എന്നുള്ളതിന്  തര്‍ക്കം ഒന്നും വേണ്ട .അയാള്‍  കാണുന്നത്   ഏറ്റെടുത്ത   പണി അല്പം പോലും  ചെയ്യാതെ  കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന പണിക്കാരനെയല്ലേ  ...!!

എങ്ങനെ കലിയിളകാതിരിക്കും ??

" യാ ഹിമാര്‍ ...."  എന്ന്  അറബി  അലറും !!   ചിലപ്പോള്‍ പിരിച്ചു വിടും എന്ന് ഭീഷണിപ്പെടുത്തും..ഇല്ലാത്ത പുക്കാര്‍ ഒക്കെ ഉണ്ടാക്കും  ..  ഒട്ടും പേടിക്കേണ്ടാ ..വഴിയുണ്ട്

ഞെട്ടിപ്പിടഞ്ഞു എണീറ്റ പാടെ .. തലചൊറിഞ്ഞു നിന്നിട്ട്  ഉമിനീരിറക്കി പിച്ച്  ഒന്ന്  ശരിയാക്കി      "മാലിഷ്  മുദീര്‍ ,,മാലിഷ് ..." എന്ന്  പരമാവധി ദൈന്യം കലര്‍ത്തി  വച്ച് കാച്ചിയാല്‍ മതി ..
അറബി ഫ്ലാറ്റ് ..!!!

വിശ്വാസം വരുന്നില്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്ക് ..കൊണ്ടേ പഠിക്കൂ എന്നാണ്  വിധിയെങ്കില്‍  ഞാനായിട്ട്  തടയുന്നില്ല ....

അനുഭവം ഗുരു!!!    ..ഈശ്വരോ രക്ഷതു !!