2011, മേയ് 4, ബുധനാഴ്‌ച

അനുഭവം ഗുരു

റബി നാട്ടിലെ രണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഞാന്‍ പഠിച്ച സുപ്രധാനങ്ങളായ രണ്ടു വാക്കുകള്‍ .

1 )  മാഫി മുഷ്കില്‍ ,

2 ) മാലിഷ്

 ഈ വാക്കുകള്‍ മാത്രം പ്രയോഗിച്ചു ശീലിച്ചാല്‍ ഇവിടെ എത്ര കാലം വേണമെങ്കിലും സുഭിക്ഷമായി കഴിയാം ..തീര്‍ച്ച ..കുടിലില്‍ നിന്ന് വന്നവന്  കൊട്ടാരത്തിലേക്ക് മടങ്ങാം ..
കെട്ടു പ്രായം തികഞ്ഞ സഹോദരിമാരെ നല്ല നല്ല പുയ്യാപ്ലമാര്‍ക്ക്  കെട്ടിച്ചു കൊടുക്കാം ..
എത്ര ഫെയര്‍ ആന്‍ഡ് ലവ് ലി ഇട്ടു ഉരച്ചു തേച്ചു കഴുകിയാലും തെളിയാത്ത മോന്തായം ഉള്ളവര്‍ക്കും പുറ വടിവും അകമഴകും ഉള്ള     മൊഞ്ചത്തിമാരുടെ ഓണര്‍ ഷിപ്‌  നേടാം !!..  

 മാഫി മുഷ്കില്‍ എന്നാല്‍ = പച്ചമലയാളത്തില്‍ "അത് കുഴപ്പമില്ല " എന്നാണ് . നമ്മള്‍ നാട്ടില്‍ എത്ര പ്രയാസമേറിയ കാര്യം ചെയ്യാന്‍ പറഞ്ഞാലും ആദ്യം പറയുന്ന വാക്ക് ..രാവിലെ കടം വാങ്ങുന്ന ഒരു ലക്ഷം രൂപ വൈകിട്ട് പലിശ സഹിതം തിരിച്ചു കൊടുക്കാമോ എന്ന്  ചോദിച്ചാലും
നമ്മള്‍ പറയും "അത് കുഴപ്പമില്ല " അതിന്റെ അറബി രൂപമാണ് മാഫി മുശ്കില്‍...തന്നെ !!തന്നെ !!


'മാലിഷ് 'എന്ന  ഒറ്റമൂലി പ്രയോഗം  കേട്ടാല്‍ എത്ര കലിയിളകി നമ്മളെ കൊല്ലാന്‍  വരുന്ന അറബിയും സ്വിച്ച്  ഇട്ടതു പോലെ പെട്ടെന്ന് ശാന്തനാകും... !!

മാലിഷിന്റെ അര്‍ഥം "ക്ഷമിക്കൂ " അഥവാ മാപ്പാക്കൂ എന്നാണ് (കൊച്ചീടെ മാപ്പല്ല :))  , സാക്ഷാല്‍ കാലു പിടുത്തം തന്നെ ..എന്തൊക്കെ പ്രശ്നം ഉണ്ടായാലും  ഒടുക്കത്തെ ഈഗോ മൂലം നാട്ടില്‍ വച്ച്  നമ്മള്‍ ഒരിക്കലും ആരോടും പറയാത്ത വാക്ക് !

..പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന്  നമ്മളെ ക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ലല്ലോ !! ആര്  ആരോട് ക്ഷമിക്കാന്‍  ? അല്ലെ !!

പക്ഷെ അറബി നാട്ടില്‍ ഈ വാക്കുകള്‍ക്കു വലിയ ഇന്ദ്ര ജാലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് നൂറു നൂറു അനുഭവസ്ഥരിലൂടെ എനിക്കും ബോധ്യമായ കാര്യമാണ് ...ഈ വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്ന ഒരു സാഹചര്യം ഏതാണ്ട് താഴെ കാണും വിധമാണ് :


രാവിലെ വന്ന്   "ഡേയ് ..ഈ കാണുന്ന  മരുഭൂമിയിലെ മണല്‍ത്തരി  മുഴുവന്‍ വൈകുന്നേരത്തിനു മുന്‍പ്  എണ്ണിത്തീര്‍ത്ത്  എനിക്ക് കണക്കു തരാമോ ? " ..എന്ന്  ചോദിക്കുന്ന അറബിയോട് അയാളെ സുഖിപ്പിക്കാന്‍ ഇത്ര മാത്രം പറഞ്ഞാല്‍ മതി :

 മാഫി മുഷ്കില്‍ മുദീര്‍  ( അത് കുഴപ്പമില്ല മുതലാളി... ഞാന്‍ ഏറ്റു )

അറബി പോയാല്‍   "ഓ.. പിന്നേ... എന്റെ പട്ടി എണ്ണും ..വേറെ പണി ഒന്നുമില്ലേ"  എന്ന് പറഞ്ഞ്    വൈകും വരെ വേണമെങ്കില്‍ കിടന്നുറങ്ങാം . അല്ലെങ്കില്‍ മരുഭൂമിയിലെ വെയിലത്തിരുന്നു  ചൂടുള്ള ദിവാസ്വപ്നം കാണാം ! അകത്താണെങ്കില്‍ എ സി യുടെ മൂളക്കം മനോഹരമായ ഒരു താരാട്ടാണെന്ന്  കരുതി പുതച്ചു മൂടിക്കിടക്കാം ...:)

വൈകിട്ട്  മണല്‍ത്തരിയുടെ കണക്കു വാങ്ങാന്‍ വരുന്ന  അറബിക്ക്  ഭ്രാന്തു പിടിക്കും എന്നുള്ളതിന്  തര്‍ക്കം ഒന്നും വേണ്ട .അയാള്‍  കാണുന്നത്   ഏറ്റെടുത്ത   പണി അല്പം പോലും  ചെയ്യാതെ  കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന പണിക്കാരനെയല്ലേ  ...!!

എങ്ങനെ കലിയിളകാതിരിക്കും ??

" യാ ഹിമാര്‍ ...."  എന്ന്  അറബി  അലറും !!   ചിലപ്പോള്‍ പിരിച്ചു വിടും എന്ന് ഭീഷണിപ്പെടുത്തും..ഇല്ലാത്ത പുക്കാര്‍ ഒക്കെ ഉണ്ടാക്കും  ..  ഒട്ടും പേടിക്കേണ്ടാ ..വഴിയുണ്ട്

ഞെട്ടിപ്പിടഞ്ഞു എണീറ്റ പാടെ .. തലചൊറിഞ്ഞു നിന്നിട്ട്  ഉമിനീരിറക്കി പിച്ച്  ഒന്ന്  ശരിയാക്കി      "മാലിഷ്  മുദീര്‍ ,,മാലിഷ് ..." എന്ന്  പരമാവധി ദൈന്യം കലര്‍ത്തി  വച്ച് കാച്ചിയാല്‍ മതി ..
അറബി ഫ്ലാറ്റ് ..!!!

വിശ്വാസം വരുന്നില്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്ക് ..കൊണ്ടേ പഠിക്കൂ എന്നാണ്  വിധിയെങ്കില്‍  ഞാനായിട്ട്  തടയുന്നില്ല ....

അനുഭവം ഗുരു!!!    ..ഈശ്വരോ രക്ഷതു !!

103 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

സീത* പറഞ്ഞു...

((((((((((((( ഠിം ))))))))))))
തേങ്ങ ഞാനുടച്ചു...മാലിഷ്....

സീത* പറഞ്ഞു...

((((((((((((((( ഠിം )))))))))))))))))

നേരത്തേത് പൊട്ടീല്ലേലോ....ഒന്നുടെയിരിക്കട്ടെ....മാലിഷ്...

(ഞാൻ ഇവിടെ വന്നിട്ടെയില്ലാ...തല്ലാൻ വരരുത്....മാലീഷ് അക്കൂ....)

moideen angadimugar പറഞ്ഞു...

നർമ്മം ഇത്ര നന്നായി അവതരിപ്പിക്കാൻ രമേശേട്ടനു കഴിയുമെന്നു ഇപ്പോഴാണറിയുന്നത്.
മാഫി മുഷ്കിൽ . ഇനിയും തുടരണം. ..

Villagemaan പറഞ്ഞു...

രമേശ്‌ ജീ ...അപ്പൊ അറബീം പഠിച്ചു അല്ലെ !

കേഫ് അല്‍ ഹാല്‍ ? കുല്ലു തമാം ?

പിന്നെ ഒന്നുകൂടി...പോസ്റ്റ്‌ വാജിദ് സെയിന്‍ !

ഇപ്പൊ ഇത്രേം പോരെ !

ishaqh ഇസ്‌ഹാക് പറഞ്ഞു...

മാലിഷിനും മാഫീമുഷ്ക്കിലിനുമിടയിലെ മരുഭൂവാസം നന്നായി..:)
മഅസ്സലാം.

Shukoor പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്. ഞങ്ങളുടെ കമ്പനിയില്‍ 'കല്ലിവല്ലി' കൂടി ഇല്ലാതെ നടപ്പില്ല.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ ഷുക്കൂര്‍: നേരാണോ !!!! കല്ലി വല്ലി എന്നെങ്ങാനും അറബികളോട് പറഞ്ഞു പോയാല്‍ അവര്‍ നമ്മളെ തല്ലി ക്കൊല്ലും എന്നാണു ഞാന്‍ കേട്ടിട്ടുള്ളത് !!
പിന്നെ എത്ര മാലിഷ് പറഞ്ഞിട്ടും ഒരു കാര്യവുമില്ലാത്ത വിധം
അവര്‍ വയലന്റ് ആകുമത്രേ ....:) അമ്മോ!!! ഞാനില്ല കല്ലി വല്ലി പറയാന്‍ !!!

നികു കേച്ചേരി പറഞ്ഞു...

ഒരു “ഷുനു ആദാ” കൂടി ഇരിക്കട്ടെ...ഒരു ബലത്തിന്‌ “അന മാഫി ഖൽത്താൻ”ഉം വെച്ചോ...എപ്പടി....

രമേശ്‌ അരൂര്‍ പറഞ്ഞു...

സദീഖ് - സ് ( സുഹൃത്തുക്കളെ :) കമന്റു ബോക്സില്‍ പറയുന്ന അറബി വാക്കുകളുടെ അര്‍ഥം കൂടി പറഞ്ഞിട്ട് പോയാല്‍ കൊള്ളാം ..ഞാന്‍ ആദ്യമേ തന്നെ ജാമ്യം എടുത്തിട്ടുണ്ട് മാഫി മുഷ്കിലും മാലിഷും മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് ..ഇവിടെ കൂടുതലായി പറയുന്ന അറബിയിലെ (തെറി ?) വാക്കുകള്‍ക്കു ആന മാഫി മസൂല്‍ (എനിക്ക് ഉത്തരവാദിത്തം ഇല്ലെന്നു !!!) പറഞ്ഞേക്കാം !!!

ﺎലക്~ പറഞ്ഞു...

കൊള്ളാം മാഫീ മുസ്ഷ്കില്‍..(ഇതു കൊഴപ്പമില്ല്ല) ..പിന്നെ എന്നതാടോ കൊഴപ്പം എന്ന് മലയാളികള്‍ ആന്തരാര്‍ത്ഥമെടുത്ത് ഉടക്കിക്കളയും.. സോ...എറിക്കുന്നിടത്തേ എറിക്കൂ..ഉം


അനുഭവ സമ്പത്ത് നിറച്ച ഈ എഴുത്തിന്...
ആശംസകള്‍

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ദുബായില്‍ മൂന്ന് വര്‍ഷം നിന്നിട്ടും 'കേഫ് അല്‍ ഹാല്‍' 'കുല്ലു തമാം' മാത്രം പഠിച്ച ഞാന്‍ സൗദിയില്‍ ഒരുമാസം വന്ന് നിന്നപ്പഴേക്കും കുറേ അറബി വാക്കുകള്‍ പഠിച്ചുപോയി. 'റൂ ജിദ്ദ?' 'കം ഫുലൂസ്' 'ഐവ' ('ജിദ്ദയില്‍ പോകുമോ?', 'എത്ര പൈസ?', 'അതെന്നെ'. അറിയാത്തവര്‍ക്ക് വേണ്ടി) അവയില്‍ ചിലതാണിത്. ടാക്സിയില്‍ പോകേണ്ടതിനാല്‍ പഠിച്ച് വച്ചവ.
ടാക്സി നിര്‍ത്താന്‍ എന്താണ് പറയേണ്ടതെന്ന് മാത്രം പഠിച്ചില്ല. കൂട്ടുകാരനെ വിളിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു 'മുഹമ്മദ്' (മു സൈലന്റ് ആണ്) എന്ന് വിളിച്ചാല്‍ മതി, നിര്‍ത്തിക്കോളും എന്ന്. ഹമ്മദ് എന്ന് വിളിച്ചപ്പോള്‍ ആഞ്ഞൊരു ചവിട്ട്... ബ്രേക്ക്ട്ടോ..

സംഗതി കലക്കന്‍... ഞമ്മളെ ഭാഷേല്‍ പറഞ്ഞാല്‍ 'ഉസ്സാറായിക്ക്ണ്'

ഇടക്കിടെ വരാം... 'മാഫി മുഷ്കില്‍'...

കുറ്റൂരി പറഞ്ഞു...

അ അൻത മജ്നൂൻ? രമേഷേട്ടാ... ഞാനിത് ചോതിച്ചതിന്ന് എനിക്കെതിരെ വാളെടുക്കല്ലേ? മാലീഷ്...
നല്ല നർമ്മം.. നന്നായി ആസ്വതിച്ചു...
രമേഷേട്ടാ... കൈഫൽ ഹാൽ? ശുനു അഖ്ബാരക്?

yousufpa പറഞ്ഞു...

കൈക്കൂലി വാങ്ങാതിരുന്ന അർബാബിനെ(മുതലാളിയെ) അതിന്റെ എ ബി സി ഡി പഠിപ്പിച്ചിട്ട് ഇപ്പൊ മാഫി മുഷ്കിലും മാലിഷും പറഞ്ഞിട്ട് കാര്യമില്ല.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ശു ഹാദാ ഇന്ത കലം...?

ഇന്ത ആറഫ് അറബി, ഇന്ത കലം മസ്ബൂത്ത്..
ബാഅദേന്‍, ലേഷ് ഇന്ത സവി മസ്കരാ...?

ഹാദാ മാഫീ സെയിന്‍

മര്‍റത്താനി ഇന്ത സവീ ഹദീ ശക്‌ല്‍
അന സവീ മുഷ്കില്‍...


(പടച്ചോനേ ഇത് ഇങ്ങനെ തന്നെയാണാവോ... പറയാ...?)

ചെറുവാടി പറഞ്ഞു...

:)
ഞാനും പഠിച്ചു വെച്ചിട്ടുണ്ട് ആവിശ്യം വരുമ്പോള്‍ എടുത്തു വീശാന്‍ .

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ റിയാസ് ഇങ്ങനെ പച്ചത്തെറി പറഞ്ഞിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൂടും തൂത്തു പോയത് ശരിയായില്ല ,, ഏതെങ്കിലും അറബി വന്നു എന്നോട് അര്‍ഥം ചോദിച്ചാല്‍ ഞാന്‍ കുടുങ്ങും ..എന്തൊക്കെയാ ഈ പറഞ്ഞത് ..ഛെ !!ഛെ !! ഇമ്മാതിരി തെറി ഞാന്‍ ഇതിനു മുന്‍പൊന്നും കേട്ടിട്ടില്ല കേട്ടോ :)

ഒന്ന് ചോദിച്ചോട്ടെ അവിടെ കലം വില്കലാണോ പരിപാടി ?? :)

ഏപ്രില്‍ ലില്ലി. പറഞ്ഞു...

രമേശേട്ടന്റെ പോസ്റ്റും,.പിന്നെ മറ്റു സുഹൃത്തുക്കള്‍ ഇവിടെ ഇട്ട കമന്റും കാരണം അഞ്ചാറു അറബി വാക്ക് പഠിച്ചു. ഇനി എങ്ങാനും 'ദുഫായില്‍ ' പോകാന്‍ പറ്റിയാലോ. അപ്പോള്‍ ഈ പൊടിക്കൈകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.

ആളവന്‍താന്‍ പറഞ്ഞു...

നമ്മക്ക് പിന്നെ ഈ പാഷ ഒരു പിടീം ഇല്ല. മാഫി മാലും!!!

SHANAVAS പറഞ്ഞു...

നര്‍മം ആയിട്ടാണെങ്കിലും രമേശ്‌ ഭായിയുടെ എഴുത്ത് ക്ഷ പിടിച്ചു.ഈ പറഞ്ഞ വാക്കുകള്‍ ധൈര്യമായി അറബിയോട് പറയാമല്ലോ അല്ലെ?അവസാനം പണിയാകുമോ?ആശംസകള്‍.എന്തെഴുതിയാലും അതീവ രസമായി വായിക്കുന്നു.

mayflowers പറഞ്ഞു...

പോസ്റ്റും,കമന്റുകളും മൊത്തം അറബി മയമാണല്ലോ..
എന്നാല്‍ ഞാനും കാച്ചിയേക്കാം
zain zain ..

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

എനിക്കാകെ അറിയാവുന്നത് ഈ അറബി വാക്കാ...ശുക്രന്‍....ശുക്രിയയുടെ അറബി വേര്‍ഷന്‍....
എനിക്കെന്തോ ആ വാക്കിഷ്ട്ടപ്പെട്ടു....ഒരു ശുക്രനടിച്ച പ്രതീതി അത് കേള്‍ക്കുമ്പോള്‍ അറബി മുഖത്തു കാണാറുണ്ട്‌...
അപ്പോ രമേശേട്ടന്, മരുഭൂമിയില്‍ മണലെണ്ണുന്ന പണിയാണല്ലേ :-)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

എഴുത്തിലെ നര്‍മ്മത്തിന് മാറ്റുകൂട്ടിയത് എഴുതിയതിലെ സത്യസന്ധത തന്നെയാണ്.ശുദ്ധഹൃദയരായ ബഹുഭൂരിപക്ഷം അറബികള്‍ക്കും അതിജീവനത്തിന്‍റെ പതിനെട്ടടവും പഠിച്ച ഹിന്ദിയിപ്പോഴും "മിസ്കീന്‍"(സാധു)തന്നെ.ആ സ്ഥാനമാനം "മുതലാക്കുന്നവര്‍ " വളരെയേറെ.
ഈ പോസ്റ്റ്‌, ചിരിക്കുള്ള പല ഓര്‍മ്മകളേയും പുനരുജ്ജീവിപ്പിച്ചു.അഭിനന്ദനങ്ങള്‍ .

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പോസ്റ്റിലൂടെയും കമന്റുകളിലൂടെയും കുറെ അറബി വാക്കുകള്‍ പഠിക്കാന്‍ കഴിഞ്ഞു.... ഇനി അറബി നാട്ടിലേക്കു ധൈര്യമായി പോകാമല്ലോ... അറബിയോട് 'രണ്ടു വാക്ക്' സംസാരിക്കാമല്ലോ...:)

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ കുഞ്ഞുസ്‌ മാഫി മുഷ്കില്‍ :)

sreee പറഞ്ഞു...

നർമ്മം ആദ്യമൊക്കെ കണ്ടിരുന്നു, പിന്നെ കളഞ്ഞൂന്നു തോന്നി.ഇപ്പോൾ വീണ്ടും ചിരിയായി.:)

khader patteppadam പറഞ്ഞു...

മാഷേ, കുഞ്ഞുങ്ങള്‍ക്ക്‌ എളുപ്പ വഴികളൊക്കെ പറഞ്ഞുകൊടുത്ത്‌ അവരെ മടിയന്‍മാരാക്കല്ലെ!

റാണിപ്രിയ പറഞ്ഞു...

‘കല്ലി വല്ലി‘ ....
ഏതായാലും രണ്ട് വാക്കു കൊണ്ട് ജീവിച്ചു പോകാം അല്ലേ?
:)

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

രമേശ്, ഈ എഴുതിയതില്‍ സത്യമുണ്ടെങ്കില്‍ ഇതില്‍നിന്ന് എനിക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, നിങ്ങളൊരു വാക്കുകൊടുത്താല്‍ നിങ്ങളെ വിശ്വസിക്കാന്‍ അറബി തയ്യാറാണ്. രണ്ട് നിങ്ങള്‍ അറിയാതെ ഒരു പിഴവുവരുത്തിയാല്‍ നിങ്ങളോടു ക്ഷമിക്കാനുള്ള സന്മനസ്സ് അവര്‍ക്കുണ്ട്.

വിശ്വാനവഞ്ചന ചെയ്യാത്ത, നന്മയെ മുതലെടുക്കാത്ത, ക്ഷമിക്കാന്‍ തയ്യാറുള്ള ഒരു സമൂഹം നമ്മുടെ നാട്ടിലും (എന്തിന്, ലോകത്തെങ്ങും) ഉണ്ടായിരുന്നെങ്കില്‍ ഇവിടം സ്വര്‍ഗ്ഗമായേനേ. അല്ലേ?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ കൊച്ചു കൊച്ചീച്ചി: കൊച്ചു ഈ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യമാണ് ..വായനാ സുഖത്തിനു വേണ്ടി ഒരു തരത്തിലും വെള്ളം ചേര്‍ക്കുകയോ അതിശയോക്തി കലര്ത്തുകയോ ചെയ്തിട്ടില്ല :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഉപകാരം ചെയ്തവനെ പോലും തെറി വിളിച്ചു ശീ‍ലിച്ച നമ്മൾ വേറെ ഏത് നാട്ടിൽ പോയാലും ആ നാട്ടുകാരെ അവരുടെ ഭാഷ കൊണ്ട് ഉഴിഞ്ഞ് സുഖിപ്പിക്കുന്നവരാണല്ലോ...അല്ലേ

ഇവിടേയും ഞങ്ങളോക്കെ നാഴികക്ക് നാല്പതുവട്ടം ‘സോറിയും’ ‘ട്യാങ്ക്യു’വും കൊണ്ടാണ് സാൻ വിച്ച് കഴിച്ച് പോകുന്നത് കേട്ടൊ ഭായ്

ഡി.പി.കെ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഡി.പി.കെ പറഞ്ഞു...

അയ്യയ്യേ മാലിഷ് മാലിഷ് ........ ഹ ഹ കൊള്ളാം , ഒരു വിലയേറിയ സത്യം പറഞ്ഞു തന്നതിന് നന്ദി , ഇനി എപ്പോഴന്കിലും പോയാല്‍ അതനുസരിച്ച് പെരുമാറാമെല്ലോ

ismail chemmad പറഞ്ഞു...

മബ്റൂക് (അഭിനന്ദനങ്ങള്‍ ) രമേശ്‌ ജീ ......
ഈ പോസ്റ്റ്‌
വള്ളാഹി ഹാദി റകം വാഹദ്. ( ദൈവം സത്യമായിട്ടും ഇത് നമ്പര്‍ വണ്‍)

ente lokam പറഞ്ഞു...

ഈ ചാണ്ടിക്ക് വേറെ പണി ഒന്നുമില്ലേ..
രമേശ്‌ ചേട്ടന് മണല് എന്നാല്‍ ആണത്രേ
പണി.അതൊക്കെ വന്ന കാലത്ത്...അന്നു
പറഞ്ഞ് പിടച്ച മലിഷ് വെച്ചാ ഇപ്പോഴും
പിടിച്ചു നില്‍ക്കുന്നത് അല്ലെ രമേശ്‌ ചേട്ടാ?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ചാണ്ടി ,@@ എന്റെ ലോകം :അതെ അതെ എനിക്ക് "എണ്ണുന്ന പണി" ആണ് ..(മണല്‍ ) എന്ത്യേ ? :)
ഞാന്‍ പറഞ്ഞില്ലേ അനുഭവം ഗുരു ഹി ഹി

Jefu Jailaf പറഞ്ഞു...

രമേഷചേട്ടാ മാലിഷിനു ക്ഷമിക്കൂ എന്നാണൊ അർത്ഥം.. സംശയം ഉണ്ടു.. തീർത്തിട്ടു അറിയിക്കാം. മിണ്ടാൻ പറ്റാത്ത കോലത്തിലായാൽ മെസ്സേജ് ചെയ്യാം.. :)

മുകിൽ പറഞ്ഞു...

എന്റെ ദൈവമേ എല്ലാത്തിനേയും ഒരു വഴിക്കാക്കിയിട്ടേ അടങ്ങൂല്ലേ...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

രമേശേ അറബി രാജ്യത്തല്ലേലും ഒരറബി എനിയ്ക്കും അറിയാം..ഇന്‍ഷാ അള്ളാ.............

റോസാപൂക്കള്‍ പറഞ്ഞു...

ഉം..ആകെ ഒരു അറബി മയമാണല്ലോ.

ഇതിന്റെ ഒന്നും ആവശ്യമില്ല.
ആദ്യം വേണ്ടത്‌ അറബീന്റെ ഡ്രസ്സ്‌.പിന്നെ അസലാമു അലൈക്കും എന്ന് പറയുമ്പോള്‍ വാ അലെഇക്കും ഉസലാം എന്ന് തിരിച്ചു പറയുക.അത്രയെ ഉള്ളു

Vayady പറഞ്ഞു...

ഹാസ്യം എഴുതുകയാനെങ്കില്‍ ഇങ്ങിനെ എഴുതണം. സ്വാഭാവികമായി എഴുതി മറ്റുള്ളവരില്‍ ചിരിയുണര്‍ത്താന്‍ കഴിയുന്നതാണ്‌ കഴിവ്. ഈ പോസ്റ്റ് കാരണം ഒരു ഗുണമുണ്ടായി. ഇനി നാട്ടിലേയ്ക്ക് പോകുന്ന വഴി ഗള്‍ഫില്‍ ഇറങ്ങുമ്പോള്‍ ടിക്കറ്റിനെന്തെങ്കിലും പ്രശ്‌നം വന്നാല്‍ പറയാന്‍ കുറേ അറബി വാക്കുകള്‍ പഠിച്ചു. മാലിഷ്, ഞാന്‍ കുറച്ച് തിരക്കിലാണ്‌.

kARNOr(കാര്‍ന്നോര്) പറഞ്ഞു...

ശോ ആ ഗഫൂർ ‘അസലാമു അലൈക്കും’.’വ അലൈക്കും ഉസ്ലാം’ മാത്രേ പഠിപ്പിച്ചുള്ളൂലോ?

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ഞാനിതു വരെ കല്ലി വല്ലി എന്നതു് കണ്ണൂരിലെ
ഒരു നാടന്‍ പ്രയോഗമാണെന്നാണു ധരിച്ചതു്
ഇനി കൂതറ എന്നതും വല്ല മിഡില്‍ ഈസ്റ്റ്
വാക്കാണോ. വളരെ സരസവും രസകരവുമായ
എഴുത്തു്

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ Jefu Jailaf ജെഫുവിന്റെ കഴുത്ത് ഏതോ അറബി യുടെ കൈക്കുള്ളില്‍ ആണെന്ന് തോന്നുന്നു ..പുറകില്‍ നിന്ന് മാലിഷ് പറയാന്‍ ശ്രമിച്ചാല്‍ ഇതുപോലെ ഭയങ്കര പ്രശ്നം ആകും കേട്ടോ ..:)
മെസേജു അയക്കണ്ട ..മസാജു ചെയ്യാന്‍ പരുവം ആയി അല്ലേ :)

@@ കുസുമം :റോസാ പൂക്കള്‍ : ഓ ഇത് ഭയങ്കര അറബിയാണല്ലോ,,കടുകട്ടി !! എന്നാലും എനിക്ക് മാഫി മുഷ്കില്‍ ..:)
@@വായാടി :മാലിഷ് ..തിരക്കും ഗമയും ഉള്ളവര്‍ വേഗം സ്റ്റാന്റ് വിട്ടു പോണം ,, ആന കുല്ലും ബിസി.. എന്താ പറഞ്ഞത് മനസിലായില്ലേ ? ഞാനും ഫയങ്കര തിരക്കിലാണെന്ന് !!!

@@ കാര്‍ന്നോര്‍ ഞാന്‍ വലയ്ക്കും സലാം എന്നാണ് ആദ്യം പഠിച്ചത് ..പിന്നീടാണ് വാ അലൈക്കും സലാം എന്ന് മനസിലായത് :)
@@ജയിസ് സണ്ണി :മാഷേ കല്ലിവല്ലി എന്നാല്‍ :വിട്ടുകള ,തള്ളിക്കള .എന്നാണു !! കൂതറ നമ്മുടെ തനി നാടന്‍ കൂതറ വാക്കാണ്‌ ..:)

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

അപ്പോ അനുഭവിച്ചൂ അല്ലേ ;)

ഇനി കാലിഫോര്‍‌ണിയക്കുള്ള ഉരു ആ വഴി തിര്‍ച്ചു വിട്ടാലും പ്രശ്നമില്ലല്ലേ ...

Anya പറഞ്ഞു...

Thats great
that you can face any problems in Arabia !!
انت ذكي (anta dhakey) that you learned so fast ;-)

Hugs from us all
Kareltje =^.^= Betsie >^.^<

ഷമീര്‍ തളിക്കുളം പറഞ്ഞു...

എനിക്കറിയാവുന്ന ചെറിയ വാക്കുകള്‍ ദാ മുന്‍പേ വന്നവര്‍ പറഞ്ഞുകഴിഞ്ഞു. ഇനി പുതിയ വാക്കുകള്‍ തപ്പിപ്പിടിച്ചു പഠിച്ചിട്ട് വരാം. ശുക്രന്‍ ജസീരന്‍.

Lipi Ranju പറഞ്ഞു...

സത്യം തന്നെയാണോ! അതോ ഇതൊക്കെ പഠിച്ചു അവിടെ വന്നാല്‍ അവസാനം ഗഫൂർക്കാ ദോസ്ത് ആവ്വോ രമേശേട്ടാ ?

ശ്രീനാഥന്‍ പറഞ്ഞു...

രണ്ട് വാക്കല്ലേ, പഠിച്ചു കളയാം, ജീവിതം രക്ഷപെടട്ടെ!

pushpamgad kechery പറഞ്ഞു...

ആകെ അറിയുന്നത് 'മാസ് മുകുന്‍'ആണ് .
മാലിഷ് ...മാലിഷ് ...
(മാഫി മുഷ്കില്‍ മുദീര്‍ ).

anju nair പറഞ്ഞു...

entharoooo enthooooooo

കുറ്റൂരി പറഞ്ഞു...

ഷുക്രൻ ജസീലൻ, ജസാകുമുല്ലാഹു ഖൈറാ...

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ലിപീ ..മാഫി മുഷ്കില്‍ ..വരുന്നതൊക്കെ കൊള്ളാം ..കാല്‍നഖം മുതല്‍ തലമുടി വരെ മൂടുന്ന നല്ല കട്ടിയുള്ള കുറച്ചു കറുത്ത പര്‍ദ്ദ കൂടി കരുതണേ..കാലുകളിലും കൈവിരലുകളിലും കറുത്ത സോക്സ്‌ ..നിര്‍ബന്ധമാണെങ്കില്‍ കണ്ണിനു മുകളില്‍ മാത്രം രണ്ടു ദ്വാരം ഇടാം..മുഷ്കില്‍ (പ്രയാസം ) ആണെന്ന് തോന്നിയാല്‍ "മാ ഈജി "(വരേണ്ട )

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

ഹഹഹഹ...അടിപൊളി! അപ്പോ രമേഷ് ചേട്ടന്‍ ഇതൊക്കെ കുറെ പരീക്ഷിച്ചിട്ടുണ്ട്. അല്ലേ? :-))

മുല്ല പറഞ്ഞു...

കൊച്ചു കൊച്ചീച്ചീടെ കമന്റിനു താഴെ ഒരൊപ്പ്

ചന്തു നായര്‍ പറഞ്ഞു...

നർമ്മത്തിനും, പുതിയ വാക്കുകൾക്കും നന്ദി... കുഞ്ഞൂസ് പറഞ്ഞപോലെ ഇനി കുറച്ച് അറബി വാക്കുകളും മനന്നിലാക്കി വക്കാം... ഗുരുവേ.... കുറെ വക്കുകൾ കൂടെ പറഞ്ഞ് തന്നാലും ഗുരുദക്ഷിണയായിട്ട് പെരുവിരൽ ചോദിക്കരുതെന്നുമാത്രം... ഭാവുകങ്ങൾ

AFRICAN MALLU പറഞ്ഞു...

നമ്മളീ ഗള്ഫില് പണിയാത്തത് കൊണ്ട് ഈ ഇടങ്ങര് പിടിച്ച ഭാശേം വശമില്ല ..ഇവിടെ ആഫ്രിക്കയില്‍ ബിലാത്തി ഭായ് പറഞ്ഞപോലെ സോറിയുടെയും താങ്ക്യുടേം അയ്യര് കളിയാണ്‌.ഒരാളോട് വഴി ചോദിക്കുന്നതിനു മുന്‍പ് പോലും ഒരു 5 മിനിട്ട് ഗ്രീറ്റിങ്ങിനു ചിലവാകും .ഗ്രീറ്റ് ചെയ്യാതെ ചോദിച്ചാല്‍ പറഞ്ഞു തരികേം ഇല്ല .
ഇപ്പൊ ഇത് ശീലമായതു കൊണ്ട് ഈയിടെ ഫേസ്ബുക്കില്‍ ‍ ഒരു പുലി ബുജിയുമായി ചാറ്റ് ചെയ്യുന്നു ..എന്റെ അമിതമായ സോറിയും പ്ലീസും കേട്ടു അയാള്‍ കുപിതനായി സ്ഥലം വിട്ടു ..പുള്ളി കരുതിയത്‌ ഞാന്‍ മൂപ്പരെ ആക്കിയതാന്ന ..മുദീര്‍ പോസ്റ്റു കലക്കി

രമേശ്‌ അരൂര്‍ പറഞ്ഞു...

@@മല്ലു: ഇവിടെയും സ്ഥിതി മറിച്ചല്ല ;രണ്ടു അറബികള്‍ തമ്മില്‍ കണ്ടാല്‍ പരസ്പരം കെട്ടിപ്പിടിച്ചു മുത്തം കൊടുത്തിട്ട് തമ്മില്‍ തമ്മില്‍ കുറെ നേരം ചോദ്യോത്തര പരിപാടി പോലെ എന്തൊക്കെയോ പറയുന്നത് കേള്‍ക്കാം ..അതെല്ലാം കഴിഞ്ഞിട്ടേ അവര്‍ വന്ന കാര്യം പറയൂ .പോലീസ് കള്ളനെ പിടിച്ചാലും ആദ്യം ഹസ്തദാനവും സലാമും കെട്ടിപ്പിടിക്കലും ,മുത്തം കൊടുക്കലും നിര്‍ബന്ധമാണ്‌ ...ഓരോരോ ആചാരങ്ങളേ..:))

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

രമേശ് ജി, അപ്പൊ ഇങ്ങക്ക് ഇദ്ദാണ് അല്ലേ അവിടെ പണി. രാവിലെ അറബി മണൽത്തരി എണ്ണാൻ പറഞ്ഞിട്ട് പോയാൽ പിന്നെ മൂടി പുതച്ച് കിടന്നുറങ്ങുക. വൈകുന്നേരം വരുമ്പോൾ മാലിഷ് പറഞ്ഞ് രക്ഷപ്പെടുക. കഷടം, ഇനിയെങ്കിലും ഈ പറ്റിക്കൽ പരിപാടി നിർത്തിക്കൂടെ രമേശേട്ടാ.. :)))

സംഭവം കൊള്ളാം. ഒരു ഡിസ്ക്ലൈമർ കൂടി വയ്ക്കുന്നത് നന്നായിരിക്കും, കാരണം ഇത് ആരെങ്കിലും പരീക്ഷിച്ച് പണി പോയാൽ ആദ്യം കുത്തിനു പിടിക്കുന്നത് നിങ്ങളെയായിരിക്കും. അപ്പൊ മാഫി മുഷ്കിൽ പറഞ്ഞ് രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല.

SHAHANA പറഞ്ഞു...

ഹ ഹ ഹ.... മാഫി മുഷ്കില്‍!

MyDreams പറഞ്ഞു...

"കലാസ് " എന്ന് വാക്ക് എന്താ മറന്നു പോയോ ?
അത് കൂടി ചേര്‍ക്കും എന്ന് കരുതുന്നു

കൊമ്പന്‍ പറഞ്ഞു...

അരൂര്‍ ജി സംഗതി കേമായിട്ടുണ്ട്

കൊബനാദി ആശംശ കള്‍

വീ കെ പറഞ്ഞു...

ഇവിടെന്താ.. അറബി പഠിത്തം നടക്കുകയാണൊ...?
എങ്കിൽ പിന്നെ ആദ്യം മുതലേ തുടങ്ങന്റെ രമേശ്ജീ...!

അലി പറഞ്ഞു...

മാലീഷ് യാ രമേശ്...

പട്ടേപ്പാടം റാംജി പറഞ്ഞു...

മാലിഷ്

നികു കേച്ചേരി പറഞ്ഞു...

കൊച്ചു കൊച്ചീച്ചീടേം..മുല്ലയുടേയും കമന്റിനു താഴെ എന്റെയും ഒരൊപ്പ്...(2nd time അന ഖൽത്താൻ??)

ഓഫ്:- മടിയൻ മല ചുമക്കും.

~ex-pravasini* പറഞ്ഞു...

ഏശ് ഹാദാ..? (എന്താ ഇത്?)
അറബി ഭാഷ പൊടിപൊടിക്കുകയാണല്ലോ ഇവിടെ..
കുല്ലും കോയിസ് രമേശ്‌ സാറേ..

പറഞ്ഞ വാക്കിന്‍റെ അര്‍ഥം അതാണോന്നൊരു സംശയം.

മാലിഷ്,,എന്നത് "മാ ലൈസ" =(ഒന്നുമില്ല,സാരമില്ല എന്നൊക്കെ അര്‍ഥം.)എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്.
ക്ഷമിക്കൂ എന്നും അര്‍ത്ഥമുണ്ടോ എന്നറിയില്ല.

ശുദ്ധ അറബി സംസാരിക്കുന്ന അറബികള്‍ മാ ലൈസ എന്ന് തന്നെയാണ് പറയാറ്.

എന്‍റെ എളിയ അറിവ് വെച്ച് പറഞ്ഞതാണ്.
കൂടുതല്‍ അറിയുന്നവര്‍ വായനക്കാരില്‍ ഉണ്ടാവാം.

എന്തായാലും വെത്യസ്തമായ ഈ പോസ്റ്റ്‌ ഒരുപാട് ഇഷ്ടപ്പെട്ടു.

Salam പറഞ്ഞു...

അറബികളുടെ ഒരു സവിശേഷത അവര്‍ എന്ത് പ്രശ്നത്തില്‍ ദേഷ്യംപ്പെട്ടു സംസാരിച്ചാല്‍ പോലും അത് അതോടെ തീര്‍ന്നു എന്നുള്ളതാണ്. പിന്നെ കാണുമ്പോള്‍ അങ്ങിനെ ഒരു സംഭവമേ നടക്കാത്ത പോലെ നോര്‍മല്‍ ആയിരിക്കും അവര്‍. നമ്മുടെ പ്രകൃതം വെച്ച് അത് ഏറെ കാലം ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ കുറെ കാണും. വാക്കുകള്‍ ഒന്നും ഇല്ലാതെ തന്നെ inbuilt ആയുയ കുറെ നന്മകള്‍ ഇവരില്‍ ഉണ്ട്.

എല്ലാം കല്ലി വല്ലി.

രമേശ്‌ജി, അകൃത്രിമമായ നല്ല നര്‍മം, ചിന്തയുടെ സ്പര്‍ശമുള്ള എഴുത്ത്.

സിദ്ധീക്ക.. പറഞ്ഞു...

വാജിദ്‌ സൈന്‍ ഇന്ത ശുഹുല്‍ ..
മബ്രൂക്..രമേഷ്ജീ.

ജുവൈരിയ സലാം പറഞ്ഞു...

അറബി അറിയാത്തത് കെണ്ട് മിണ്ടുന്നില്ല..

faisu madeena പറഞ്ഞു...

ഏശ് ഹാതാ യാ രമേശ്‌ ..റൂഹ് ഇഷ്ത്തകല്‍ യാ വാദ് ,തെബി ശെയ് ആഖിറ ഷഹര്‍ വല്ല ലാ ?...തജലിസ് അമാം ഹാസിബ്‌ ആലി അര്ബഅ വാ ഇഷ്രീന്‍ സാഅ ??.മിന്‍ കഫീലക്ക് ?..ആത്ത്‌ രഘും കഫീലക്ക്.അഭി എതകല്ലം മ'അ കഫീലക്ക് ??

ന്‍ത്ത രൂഹ്ത്ത സൌദിയ അശന്‍ തില്‍അബ് ഫില്‍ ഹാസിബ് ആലി ?...യാ അല്ലാഹ് യാ വാദ് ..റൂഹ് ഇഷ്ത്തഖല്‍ >......!

പള്ളിക്കരയില്‍ പറഞ്ഞു...

പോസ്റ്റും കമന്റുകളും രസിച്ചു. വാജിദ് ZIN.

രമേശ്‌ അരൂര്‍ പറഞ്ഞു...

ഡാ ഫൈസൂ.........നിന്നെക്കുറിച്ചു നല്ലതല്ലാതെ ഇത് വരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ..ഇവിടെ ആര്‍ക്കും അറബി അറിയില്ലെന്ന് വിചാരിച്ചു ഇത്രയധികം തെറികള്‍ എന്നെ വിളിക്കണമായിരുന്നോ !!!
ഛെ !!ഛെ !! എന്റെ തൊലി ഉരിഞ്ഞു പോയി ...ഞാന്‍ നിന്നെ തലാത്ത ബര്‍റ അടിച്ചിരിക്കുന്നു ..(അവനെ ഞാന്‍ മൂന്ന് പ്രാവശ്യം ഗെറ്റ് ഔട്ട്‌ അടിച്ചേ !!!)

Jazmikkutty പറഞ്ഞു...

ഈ പോസ്റ്റും,കമെന്റുകളും,വായിച്ചു കുറെ ചിരിച്ചു.അസ്സലായി ഈ നര്‍മ്മ ഭാഷണം... ഒരു മലയാളി പറഞ്ഞ കഥയാണ്.അയാളോട് അറബി അല്പം പയര്‍ മണികള്‍ കൊടുത്ത് നടാന്‍ പറഞ്ഞു..അയാള്‍ അത് നന്നായി വറുത്തെടുത്തു കുഴിച്ചിട്ടു.അറബി ദിവസവും വന്നു അത് മുളച്ചോ എന്ന് അന്വേഷിക്കും..ഇയാള്‍ പറയും ഇല്ല ഇല്ല എന്ന്..വറുത്തെടുത്ത പയര്‍ എവിടെ മുളക്കാന്‍..ഈ പയര്‍ മുളച്ചാല്‍ ദിവസവും,വെള്ളമൊഴിച്ച് പരിപാലിക്കാതിരിക്കാന്‍ മല്ലുബുദ്ധി ദീര്‍ഘ ദൃഷ്ടി ഉപയോഗിച്ചത് നോക്കിയേ.... അറബികളുടെ 'കല്ലിവല്ലി' മനോഭാവം മുതലെടുക്കുന്ന ഇവരെ പോലുള്ളവര്‍ എപ്പോള്‍ നന്നാകാന്‍!!!

ഹൈന പറഞ്ഞു...

ഇനി അറബി പഠിക്കാത്തവരായി ആരെങ്കിലുമുണ്ടോ?

lekshmi. lachu പറഞ്ഞു...

ഹഹഹ...അങ്ങിനെ രണ്ടു അറബി വാക്ക് പഠിച്ചു.

Sukanya പറഞ്ഞു...

രമേശ്‌ ജി, വളരെ രസിച്ചു വായിച്ചു. നര്‍മം നന്നായി വഴങ്ങുന്നു. മാഫി മുഷ്കില്‍, മാലിഷ് പഠിച്ചു വെച്ചു.
ഇനി പ്രയോഗിക്കാന്‍ അറബി നാട്ടില്‍ എത്തണ്ടേ?

Shameer T K പറഞ്ഞു...

ana maa araf.
eniykkonnum ariyilla.

mashkoor- thanks

ajith പറഞ്ഞു...

രമേഷ്, ആ പ്രൊഫൈല്‍ ഫോട്ടോ കണ്ടാല്‍ ഒരു മാഫിയ ഡോണ്‍ ലുക്ക് ആണ്. പക്ഷെ ഈ പോസ്റ്റ് ഇത്ര നര്‍മ്മം... ആകെയൊരു കണ്‍ഫ്യൂഷന്‍

മാലിഷ്, മാലിഷ്.

(ട്രിക്ക് പഠിപ്പിച്ചുതന്ന ഗുരുവിനോട് തന്നെ പരീക്ഷിക്കാമല്ലോ എന്ന് കരുതി)

jayanEvoor പറഞ്ഞു...

1 ) മാഫി മുഷ്കില്‍ ,

2 ) മാലിഷ്

അള്ളാ! പടച്ചോനേ!
ഈ വാക്കുകളുടെ അർത്ഥം ഇങ്ങനാരുന്നോ?

സത്യമായും ‘ഹിന്ദിപണ്ഡിത’നായ ഞാൻ ധരിച്ചിരുന്നത്

മാഫി മുഷ്കില്‍ = മാപ്പു തരുന്നകാര്യം മുഷ്കിൽ അഥവാ ബുദ്ധിമുട്ട് ആണ്!

മാലിഷ് = മസാജ്

എന്നൊക്കെയായിരുന്നു!

ബല്ലാത്ത ബാശ തന്നെ!

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ജാസ്മിക്കുട്ടീ :പയര്‍ അടിച്ചു മാറ്റിയത് ആരാണെന്ന് ഇവിടെ പാട്ടാണ് വേറെ ആളുടെ അനുഭവം ആണെന്ന് പറഞ്ഞാലൊന്നും ഞമ്മള് ബിസ്വസിക്കൂലാ ...:)
@@ഹൈന:ഉണ്ടല്ലോ ഒരാള്‍ ..ഞമ്മട പൈസൂ ..:)
@@അജിത്‌ ഏട്ടാ :ഏതായാലും നനഞ്ഞു ഇറങ്ങി ..ഡോണ്‍ എങ്കില്‍ ഡോണ്‍ മാഫിയ എങ്കില്‍ മാഫിയ ഇനി രണ്ടും കല്‍പ്പിച്ചു ഇറങ്ങുകയാണ് ...ഒരു തീരുമാനം ഉണ്ടാകണമല്ലോ !!!
@@ ജയന്‍ ഡോക്റ്ററെ ഇത് മഹാ മുഷ്കില്‍ ആണ് കേട്ടോ ..ആയുര്‍ വേദത്തില്‍ ഹിന്ദിയില്‍ മാലിഷിനു മസാജ് എന്നാണോ ..എങ്കില്‍ എന്നെ ഒന്ന് മാലിഷ് ചെയ്യണം ..ഡോക്ടറെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നെ മാലിഷ് ചെയ്യാന്‍ ..ആ നേഴ്സിനെ വിട്ടാലും മതി :) :)

Typist | എഴുത്തുകാരി പറഞ്ഞു...

തൽക്കാലം അറബി നാട്ടിലേക്കൊന്നും വരാനുള്ള പ്ലാനില്ല. എന്നാലും ഈ രണ്ടു വാക്കും പഠിച്ചു വച്ചേക്കാം.കയ്യിലിരുന്നോട്ടെ.

റീനി പറഞ്ഞു...

ഞാനും പഠിച്ചു രണ്ടുവാക്ക്. ഈ നാട്ടില്‍ പ്രയോഗിച്ചാല്‍ എന്നെ പിടിച്ച് അഴിക്കുള്ളില്‍ ആക്കീന്നും വരാം. ഇപ്പോഴെ വരാന്‍ പറ്റിയുള്ളു, മാലിഷ്.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@റീനി :കല്ലം അറബി ഹീന അമരിക്കാ ..മാഫി മുഷ്കില്‍ .....ആന മസൂല്‍ ..ആന കലാം ഒബാമ ..അന്ത റീനി കൊഇസ് ..
(റീനി അമേരിക്കയില്‍ അറബി പറഞ്ഞോളൂ ..ഒരു കുഴപ്പവും ഇല്ല .ഞാന്‍ ഗ്യാരണ്ടി ,റീനി കുഴപ്പക്കാരി അല്ലെന്നു ഞാന്‍ ഒബാമയോട് പറഞ്ഞോളാം .).ശരിയായോ ആവോ എന്റെ ബദരീങ്ങളെ ...!!

ഹാഷിക്ക് പറഞ്ഞു...

ഈ പോസ്റ്റ് വായിക്കാന്‍ ഒരുപാട് താമസിച്ചു. അതുകൊണ്ട് എനിക്കറിയാവുന്ന അറബിവാക്ക് കംപ്ലീറ്റ് എല്ലാവരും പറഞ്ഞു....ഒരു സംശയം...പറഞ്ഞ സമയത്ത് മണല്‍ എണ്ണിതീര്‍ക്കാത്തതിന് അറബി വിളിച്ച മുക് മാഫി എന്താ ചേര്‍ക്കാതിരുന്നത് ?

തെച്ചിക്കോടന്‍ പറഞ്ഞു...

പക ഉള്ളില്കൊണ്ട് നടക്കാത്ത പെട്ടെന്ന് ക്ഷമിക്കാന്‍ കഴിയുന്നവരാണ് അറബികള്‍, അത് നമ്മുടെ പലരും മുതലാക്കാരുമുണ്ട്.

ബ്ലോഗക്ക്‌ ഫീ മുഷ്കില, അവ്വല്‍ മറ മാ ഇഫ്ത! ഗൂഗിള്‍ കല്ലംതു ഹാതാ ബ്ലോഗ്‌ മാഫീ മൌജൂത്!! (ബ്ലോഗിനെന്തോ പ്രശ്നമുണ്ട്, ആദ്യം തുറന്നില്ല! ഗൂഗിള്‍ പറഞ്ഞു ഈ ബ്ലോഗ്‌ നിലവിലില്ല എന്ന്!!)

ബെഞ്ചാലി പറഞ്ഞു...

മാപി മുസ്കിലാ സദീക്
ഞമ്മള് ഫില്പൈനികളെ കൂടെയാ…

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഹാഷിക് :ഇനി ഹാഷിക് മണല്‍ എണ്ണുമ്പോള്‍ മുഖ് മാഫി എന്ന് കൂടി ചേര്‍ക്കാം :)അന്ത കോയിസ് ? മിയാ മിയാ :) ഹി ഹി

@@ തെച്ചിക്കോടാ: ഹഗ്ഗ ബോഗ് ഫീ മൈജൂദ് ..അവ്വല്‍ ഫീ ഷോയ ഷോയ മുഷ്കിലെ ..ബാദിന്‍ മാഫി മുഷ്കിലെ ...(എന്റെ ബ്ലോഗു നിലവില്‍ ഉണ്ട് ..ആദ്യമൊക്കെ കുറച്ചു കുറച്ചു പ്രയാസമാ ..പിന്നെ ശരിയായിക്കൊള്ളും ) ഹ ഹ എപ്പടി എന്റെ അറബി ?
@@ബെന്ചാലി: മാപ്പി മാപ്പി മുഷ്കിലെ ..

jiya | ജിയാസു. പറഞ്ഞു...

..കൊണ്ടേ പഠിക്കൂ എന്നാണ് വിധിയെങ്കില്‍ ഞാനായിട്ട് തടയുന്നില്ല ....

ഹാ..ഹ...എല്ലാ‍വരും കൊണ്ടു തന്നെ പഠിക്കട്ടെ...

മാനവധ്വനി പറഞ്ഞു...

തല്ലികൊന്ന് മാലിഷ്‌ എന്ന് അറബി പറയുമോ?

ഇല്ലെങ്കിൽ രണ്ട്‌ അടി കൊടുത്ത്‌ മാലിഷ്‌ എന്ന് പറയാമായിരുന്നു
ഹ..ഹ..ഹ

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.

Veejyots പറഞ്ഞു...

... അന്ത "അറബിക്ക് " ഇന്ത പട്ട്" എന്ന് പറഞ്ഞ പോലെ കലക്കന്‍ പോസ്റ്റ്‌
.. കേരളത്തില്‍ ഇരുന്നു കുറെ അറബി വാക്കുകള്‍ പഠിച്ചു..
ആടുജീവിതത്തില്‍ നിന്നും " മായിന്‍ , മസര , ഇപ്പോള്‍ മാലിഷ് , മാഫി മുഷ്കില്‍ ...നന്ദി

Akbar പറഞ്ഞു...

ഹി ഹി ഹി മാഫി മുഷ്കിലാ. രമേഷിജിയുട് കൊച്ചു തലയില്‍ ഇത്രയ്ക്കു നര്‍മ്മമോ. റൊമ്പേ പിടിച്ചൂട്ടോ. നര്‍മ്മമാണെങ്കിലും ഇത്തിരി മര്‍മ്മവും ഇല്ലാതില്ല. ഗള്‍ഫില്‍ എത്തിയാല്‍ മലയാളി ആദ്യം പഠിക്കുന്ന രണ്ടു വാക്ക് ഇത് തന്നെയാണ്. മാഫി മുഷ്ക്കിലും മാലീഷും. ഇത് രണ്ടും ഇല്ലെങ്കില്‍ പിടച്ചു നില്‍ക്കാന്‍ ഇച്ചിരി പാടാ. എന്നാലും ഈ നല്ല ഒബ്സര്‍വേഷന് അഭിനന്ദനം.

ആസാദ്‌ പറഞ്ഞു...

രമേശേട്ടാ, കിടിലന്‍. അറബികളുടെ ഈ നന്മ മുതലെടുത്ത്‌ നമ്മില്‍ പലരും ഇപ്പോള്‍ അവരില്‍ നിന്നും ആ നന്മ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. സാദാരണ അറബികള്‍ക്കിടയില്‍ ദീനാനുകന്പ ഉള്ളവരാണ് അധികവും. ഒട്ടുമേ ദയ ഇല്ലാത്ത തനി കാടന്മാരും ഉണ്ട്. ഇതിന്റെ കൂട്ടത്തില്‍ ഹാതാ കീതാ എന്നീ രണ്ടു വാക്കുകളെ കുറിച്ച് കൂടി പറയാമായിരുന്നു. അപ്പോള്‍ പിന്നെ എല്ലാം പൂര്‍ണമായി.

പറഞ്ഞു വരുമ്പോള്‍.. ഫീ അറബഅ മക്കള്‍, കുല്ലും പട്ടിണി, മാഫീ ഫുലൂസ്, കതീര്‍ മുഷ്ക്കില എന്നൊക്കെ പറയേണ്ടി വരും. നമ്മള്‍ മലയാളികള്‍ അറബി പറയുന്നത് അതിന്റെ അര്‍ത്ഥമൊന്നും നോക്കിയല്ല അറബികള്‍ മനസ്സിലാകുന്നത്‌. പകരം സാഹചര്യത്തില്‍ നിന്നും ഈ സാദു ഇന്നതായിരിക്കും പറയുന്നത് എന്ന് ഊഹിക്കുക ആയിരിക്കും ചെയ്യുന്നത്.

നിലന്പൂര്‍കാരനൊരു കാക്ക, പാവം ഒരു പാട് പ്രായമായിരുന്നു. ജിദ്ധയിലെ പെട്രോള്‍ പന്പില്‍ ജോലി ചെയ്യുന്ന കാലത്തൊരിക്കല്‍ ഒരു സൗദി പെട്രോളടിച്ചു, കാശ് കൊടുത്തപ്പോള്‍ രണ്ടു റിയാല്‍ കമ്മി. ഉടനെ കാക്ക പറഞ്ഞു, യേശ് ഹാതാ, രണ്ട് റിയാല്‍ മാഫീ എന്ന്. സൗദി ഒന്നും പറഞ്ഞില്ല. രണ്ട് റിയാലെടുത്തു കൊടുത്ത് പോയി. സംഗതി കാക്ക പറഞ്ഞതല്ല അറബിക്ക് മനസ്സിലായത്‌. പകരം രണ്ടു കൈവിരല്‍ ഉയര്‍ത്തി തന്നോടെന്തോ പറഞ്ഞ ആ മനുഷ്യന്‍ രണ്ടു റിയാലിനെ കുറിച്ചാണ് പറഞ്ഞതെന്ന് അറബി ഊഹിച്ചതായിരിക്കും. പിന്നെ ഒരു പാട് കാലം ആ പാവം കാക്കാനെ ഞങ്ങള്‍ പിള്ളാരൊക്കെ യേശ് ഹാതാ, രണ്ട് റിയാല്‍ മാഫീ എന്ന് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. അതൊരു നല്ല സ്വഭാവമല്ല എന്ന് തിരിച്ചറിയാന്‍ സമയമെടുത്തു. അത് വേറെ കാര്യം.

ഇവിടെ വന്ന ഉടനെ ഞാന്‍ ജോലി ചെയ്തതൊരു ക്ലബ്ബില്‍ ആയിരുന്നു. രാവില്‍ പണിയും പകലുറക്കവും. ആരുമായും ഒരു ബന്ധവുമില്ല. അറബിയല്ലാതെ ഒരു വാക്ക് പോലും കേള്‍ക്കാതെ ഒന്നര വര്ഷം ജീവിച്ചു. അന്ന് മൊബൈല്‍ ഫോനോന്നും ഇത്ര പ്രച്ചരിച്ചിട്ടില്ല. നാടുമായി കത്തിടപാടുകള്‍ നടന്നിരുന്ന കാലം. ഇടക്കൊരു സൗദി ചെക്കന്‍ വന്നു മലയാളത്തില്‍ വല്ലം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. പാവത്തിന് വെള്ളം എന്നൊന്നും പറയാന്‍ കഴിയില്ല. എങ്കിലും ഒരു മലയാളം വാക് കേട്ടപ്പോള്‍ എന്തോ ഒരിത്. ഇന്നും ആ ഓര്‍മ്മ എന്റെ കണ്ണ് നനയിക്കും. നന്ദി രമേശേട്ടാ, ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ട് പോയതിനു.

ramanika പറഞ്ഞു...

മാഫി മുഷ്കില്‍!

jyo പറഞ്ഞു...

അനുഭവം ഗുരു-ഹിഹി

രണ്ട് അറബിവാക്കുകള്‍ പഠിച്ചു.

mottamanoj പറഞ്ഞു...

അസലാമു അലീക്കും , വാ അല്യിക്കും അസലാമു. അപ്പൊ ഇത്രേം പോരെ ?

computric പറഞ്ഞു...

മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

രമേശ്‌ അരൂര്‍ പറഞ്ഞു...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ..പുതിയ അറബി വാക്കുകള്‍ പഠിക്കട്ടെ ബാക്കി കാര്യങ്ങള്‍ നമുക്കപ്പോള്‍ പറയാം ..:)

രമേശ്‌ അരൂര്‍ പറഞ്ഞു...

എല്ലാവര്ക്കും ഇഷ്ടപ്പെട്ടൂല്ലേ ..നന്‍ റി .ശുക്രന്‍ .കൈഫല്‍ ഹാല്‍..

അനശ്വര പറഞ്ഞു...

കൊള്ളാം രമേശേട്ടാ..
ഇതാണ്‌ നർമ്മം..ശരിക്കും രസിപ്പിച്ചു..

പ്രിയദര്‍ശിനി പറഞ്ഞു...

പറഞ്ഞത് ശരിയാണ് ആരെങ്കിലും ക്ഷമ ചോദിച്ചാല്‍ ക്ഷമിക്കാതിരിക്കാന്‍ കഴിയുമോ.. :)) ഗള്‍ഫില്‍ എത്തിപ്പെട്ട പോലെയുണ്ട് , ആകെമൊത്തം അറബിമയം... :))

Ajesh Krishnan പറഞ്ഞു...

രണ്ടു വാക്കുകള്‍കൊണ്ടും അറബിനാട്ടില്‍ ജീവിക്കാം എന്ന് പറഞ്ഞുതന്ന കഥയും അത് അതവതരിപ്പിച്ച രീതിയും ഇഷ്ടമായി :)
ആശംസകള്‍

ഫൈസല്‍ ബാബു പറഞ്ഞു...

അനുഭവം ഗുരു!!! ..ഈശ്വരോ രക്ഷതു !! :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍