2011, മേയ് 29, ഞായറാഴ്‌ച

സി .പി അഥവാ ചെറ്റപ്പെറുക്കി

'ചെറ്റ' എന്ന വാക്ക്  പണ്ടേ കേട്ടിട്ടുണ്ട് ..
"ചെറ്റക്കുടിലില്‍ ജനിച്ചവന്‍ "   "അവന്‍ അല്ലെങ്കിലും ഒരു ചെറ്റയാണ്‌ "   എന്നിങ്ങനെ പാവത്തം എടുത്തു കാട്ടാനോ പാവങ്ങളെ  അധിക്ഷേപിക്കാനോ ഉപയോഗിക്കുന്ന  കഠോര പദങ്ങളായാണ് ആ വാക്കുകള്‍   കുട്ടിക്കാലത്ത്  എന്റെ പൊട്ടച്ചെവിയില്‍ പതിച്ചിട്ടുള്ളത് .
പക്ഷെ
"ചെറ്റപ്പെറുക്കികള്‍:" എന്ന 'സുന്ദരമായ' ഒരു വാക്ക്  ഞാന്‍ ആദ്യമായി കേട്ടത്    കുറെ വലുതായപ്പോളാണ് ..കൃത്യമായി പറഞ്ഞാല്‍ രണ്ടു കൊല്ലം മുന്‍പ് . 
എല്ലാവരാലും  ഇഷ്ടപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന  രണ്ടു പേര്‍ തമ്മില്‍ കണ്ടപ്പോള്‍ 
അതിലൊരാളെ മറ്റൊരാള്‍ വിളിച്ചു .".ചെറ്റപ്പെറുക്കീ!!  
വലുതായപ്പോള്‍ കേട്ടത് കൊണ്ട് മാത്രമല്ല  ആ വാക്കിനു  മുന്‍പൊരിക്കലും ഇല്ലാതിരുന്ന  ഒരു സൌന്ദര്യവും മധുര നര്‍മവും ഉണ്ടെന്നു അപ്പോള്‍ എനിക്ക് തോന്നിയത് ..ആ വാക്ക്  ആദ്യമായി ഞാനുള്‍പ്പെട്ട ഒരു സദസില്‍   വച്ച് ഉച്ചരിച്ച വ്യക്തിയുടെയും ,നര്‍മം നിറഞ്ഞ ആ ആക്ഷേപം ആസ്വദിച്ച  പ്രശസ്തനായ അപരന്റെയും പൊട്ടിച്ചിരി നിറഞ്ഞ പ്രതികരണങ്ങളാണ്      "ചെറ്റപ്പെറുക്കികള്‍" എന്ന കഠിന പദത്തെ 'അതി സുന്ദരവും'  'മാതൃകാപരമായ'  ആക്ഷേപ ഹാസ്യവും ആക്കി മാറ്റിയത് .
വിളിച്ചത് മറ്റാരുമല്ല ;
മലയാള സാഹിത്യ  ഭൂമികയില്‍  നിത്യ നിര്‍മലമായ  നീര്‍മാതളപ്പൂക്കള്‍   ചൊരിഞ്ഞ സാക്ഷാല്‍ കമലാസുരയ്യ !
വിളികേട്ടത്‌  മലയാള സിനിമയുടെ എക്കാലത്തെയും  നിലയ്ക്കാത്ത  പൊട്ടിച്ചിരികള്‍ക്ക്  തിരി കൊളുത്തിയ  സാക്ഷാല്‍ ശ്രീനിവാസനും!

2008 ലെ ആദ്യ നാളുകളില്‍ ആണെന്നാണ്‌ ഓര്മ . എറണാകുളം ഗാന്ധി നഗറിലുള്ള കമലാ സുരയ്യയുടെ ഫ്ലാറ്റില്‍ ഒരു പ്രഭാതത്തില്‍ ഒത്തു കൂടിയതായിരുന്നു  എഴുത്തുകാരും ,മാധ്യമ പ്രവര്‍ത്തകരും , ആരാധകരും അടങ്ങുന്ന ചെറു സംഘം . 
കമലാ സുരയ്യ യുടെ "വക്കീലമ്മാവന്‍"  എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു വേദി  .
പ്രായത്തിന്റെ അസ്ക്യതകളും  മതം പരിവര്‍ത്തനം  ഉയര്‍ത്തിവിട്ട വിവാദങ്ങളും  കമല ദാസ് എന്ന എഴുത്തുകാരിയുടെ  വ്യക്തി ജീവിതത്തില്‍   ഉണ്ടാക്കിയ അനാരോഗ്യകരമായ ചുറ്റുപാടുകള്‍  മൂലമായിരുന്നു പൊതു വേദിയും യാത്രയും ഒഴിവാക്കി   പ്രസാധന ചടങ്ങ്  എഴുത്തുകാരിയുടെ വീട്ടില്‍ തന്നെ സംഘടിപ്പിച്ചത് .    കണ്ണൂരിലെ കൈരളി ബുക്സ് ആണ്  പ്രസാധകര്‍ .ശ്രീനിവാസന്‍ ആണ്  പുസ്തകം പ്രസാധനം ചെയ്തത് .

കൈരളി ബുക്സ്  ശ്രീനിവാസന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് അക്കാലത്ത് കേട്ടിരുന്നു .
തിളക്കമുള്ള കറുത്ത പര്‍ദയ്ക്കുള്ളില്‍ ജ്വലിക്കുന്ന ഒരു ദേവീ വിഗ്രഹം പോലെ പ്രിയപ്പെട്ട എഴുത്തുകാരി . . 
വാര്‍ധക്യ ജരകളിലും ക്ഷുഭിത യൌവ്വനങ്ങളെ ത്രസിപ്പിച്ച തേജോമയമായ ആ മുഖം ഒന്നടുത്തുകാണാന്‍,രത്നാന്ഗുലീയം  ധരിച്ച താമര വല്ലിപോലെയുള്ള വിരലുകളില്‍  പ്രേമ പൂര്‍വ്വം ഒന്ന് തൊടാന്‍ പണ്ടേ ഏറെ കൊതിച്ചിരുന്നതാണ്  ..

അന്നായിരുന്നു അതിനു ഭാഗ്യം കൈവന്നത് ..

ലോകം കീഴടക്കിയ എഴുത്തുകാരിയെയും  പ്രിയതാരം ശ്രീനിവാസനെയും ഒരുമിച്ചു കണ്ട  ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ഉത്സാഹത്തിലായിരുന്നു . 

ഞങ്ങള്‍ക്കിടയില്‍  C.P എന്ന്  വിളിപ്പേരുള്ള  അധികോത്സാഹിയായ ഒരു പത്ര പ്രവര്‍ത്തകന്‍  ഉണ്ടായിരുന്നു . സി .പി .എന്നത് അദ്ദേഹത്തിന്‍റെ ഇനിഷ്യല്‍ ആണ് . അത്യാവശ്യ ഘട്ടത്തില്‍ സി .പി . എന്നായിരുന്നു സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ . സി .പി .എന്ന ചുരുക്കപ്പേര് കേട്ട ഉടന്‍ ശ്രീനിവാസന്‍ സ്വത സിദ്ധമായ ശൈലിയില്‍   " ഓഹോ  സി .പി യും , വന്നിട്ടുണ്ടോ?  (കണിശക്കാരനായ പഴയ തിരുവിതാംകൂര്‍ ദളവ സി .പി രാമസ്വാമി )എന്നു ചോദിച്ചത് ചിരി പരത്തി. ചാനല്‍ ക്യാമറാമാന്മാരുടെ തള്ളിനിടയില്‍ നിന്ന്  ലേഖകന്‍ ചമ്മുന്നതും പിന്നോട്ട് വലിയുന്നതും കണ്ടു .
"സി .പി യോ ? ആരാ അത് ? ഇവിടെ എന്നും സി പി. കള്‍ വരാറുണ്ട് " എന്ന്  ചിരിച്ചു കൊണ്ടു സുരയ്യ . 
പിന്നെ സി .പി .എന്ന ചുരുക്ക പ്പേരിന്റെ ചുരുള്‍ വിടര്‍ത്തി  കുട്ടിക്കാലത്തെ ഒരോര്‍മ പകുത്തു .

നാലപ്പാട്ട്  കുട്ടിക്കാലത്ത്  ദിനവും ഓരോരോ   ദാനം ചോദിച്ച്  തറവാട്ടിലെ ആശ്രിതരായ ആളുകള്‍ വരാരുണ്ടായിരുന്നത്രേ ! വീട്ടില്‍ ആവശ്യത്തിനു സ്വത്തുണ്ടെങ്കിലും അന്യന്റെ ദാനാശീലവും അനുകമ്പയും മുതലാക്കാന്‍ എത്തുന്ന അക്കൂട്ടരെ ഞങ്ങള്‍ കുട്ടികള്‍ "സി .പി കള്‍"  എന്നായിരുന്നു വിളിച്ചിരുന്നത്‌ ..സി .പി എന്നാല്‍ ചെറ്റപ്പെറുക്കികള്‍ ,ഒടുവില്‍ നാലപ്പാട്ട് തറവാട് മുടിഞ്ഞു ..ചെറ്റപ്പെറുക്കികള്‍     ധനികരും ആയി ..."

ഇപ്പോളും ഉണ്ട് സി പി.കള്‍ .       ഇവിടെയും വരും . 

"ദേ ഇരിക്കുന്നു ഒരു സി പി " --- ശ്രീനിയെ നോക്കി ചിരിച്ചു കൊണ്ടു അവര്‍ പറഞ്ഞു .
"എഴുതി  ഒരു പാട് സ്വത്തുണ്ടാക്കിയിട്ടുണ്ടല്ലോ കുറെ ദാനം ചെയ്താലെന്താ ??" ശ്രീനിവാസന്റെ കമന്റ്  ".  
എനിക്ക് സ്വത്തില്ല .ഉള്ളതെല്ലാം ഒരോരുത്തര്‍  കൊണ്ടു പോയി. ദിവസവും രാവിലെ മുതല്‍ ഓരോ ദിക്കില്‍ നിന്നും എത്ര പേരാണ് വരുന്നത് !! എല്ലാര്‍ക്കും ന്റെ കയ്യില്‍ നിന്ന് സക്കാത്ത് വേണം ..ഓരോരുത്തര്‍ എത്ര അവകാശത്തോടെയാണ്  വന്നു കയറി ഓരോന്ന് ചോദിക്കുന്നത് !! 

അള്ളാഹു പറഞ്ഞതല്ലേ ..ഞാന്‍ ഉള്ളതെല്ലാം എടുത്തു കൊടുത്തു .കൃഷ്ണനും അതന്യേണ്  പറഞ്ഞെ ..ഒക്കെ..ന്നു തന്യേ !  ചിലര്‍ മക്കളെ കല്യാണം ചെയ്തു വിടാനെന്നു പറഞ്ഞു എന്റെ വളകളെല്ലാം ഊരി വാങ്ങി ..

കുട്ടികള്‍ സന്തോഷായിറ്റ് ..കഴിയട്ടെ ല്ല്യെ ..ന്താ ..ഞാന്‍ പര്‍ദ്ദ യൊക്കെ ധരിച്ചിരിക്കുന്നത്‌ കണ്ടിട്ട്  "ഉമ്മയ്ക്കിനി എന്തിനാ പട്ടു സാരികള്‍ എന്ന് ചോദിച്ച്  ന്റെ സാരികളെല്ലാം എടുത്തോണ്ട് പോയി "

ന്റെ പട്ടു സാരികളും, സ്വര്‍ണ വളകളും തിളങ്ങുന്ന  കല്ലുകള്‍പതിച്ച  പതക്കങ്ങളും   അലുക്കിട്ട കമ്മലുകളും അവര്‍ കൊണ്ടു പോയി .....ഞാന്‍ വല്യ ധനികയാണെന്നാ.. എല്ലാരുടെയും വിചാരം ..കൊണ്ടു പൊയ്ക്കോട്ടേ  ..നിക്കൊന്നും വേണ്ടാ ..ഞാന്‍ മരിക്കുമ്പോ   ദൊക്കെ ,കൊണ്ടു പൂവാമ്പറ്റ്വോ??  അതോണ്ട്  അവര്‍ കൊണ്ടു പൊയ്ക്കോട്ടേ ...

ന്താ പറയ്ക .?? .അവരെയും ചെറ്റപ്പെറുക്കികള്‍ എന്ന് വിളിക്കാമോ  ?? ആവോ അറിയില്യ ..."

കുറെ പുസ്തകങ്ങളും പിന്നെ മക്കളും ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന സുഹൃദ് വലയവും ആണ് തന്റെ സ്വത്തുക്കള്‍  എന്ന്  അവര്‍ പറഞ്ഞു ...
ഏതോ ട്രസ്റ്റിനു വിട്ടുകൊടുത്ത  പുന്നയൂര്‍ ക്കുളത്തെ പാമ്പിന്‍ കാവും   ,നാലപ്പാട്ടെ കുട്ടിക്കാലവും ഓര്‍ത്തെടുത്ത അവരുടെ കണ്ണുകളില്‍  ഒരായിരം നീര്‍മാതളപ്പൂക്കള്‍ ഒരുമിച്ചു വിരിഞ്ഞ തിളക്കം !

പിന്നെയും നീണ്ട നര്‍മ ഭാഷണങ്ങള്‍ക്കിടയില്‍  ചിരിയുടെ നേര്‍ത്ത കുമിളകള്‍ പൊട്ടി...പ്രകാശ ത്തിന്റെ ഊര്‍ജ രേണുക്കള്‍ അവിടമെങ്ങും  പ്രസരിച്ചു.. ,കേരളത്തിലെ അവരുടെ അവസാന നാളുകളില്‍ ഒന്നായിരുന്നു  തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ ദിനം .പിന്നീട്  ചികിത്സാര്‍ത്ഥം അവര്‍ പുനെയിലുള്ള മകന്റെ അരികിലേക്ക് പോയി .അടുത്തവര്‍ഷം 2009 മേയ്
31 ന്  സാഹിത്യ നഭസ്സില്‍ രജത ശോഭയോടെ തെളിഞ്ഞു കത്തിയ ആ വസന്ത പൌര്‍ണമി മിഴിയടച്ചു .

.നെയ്പ്പായസത്തിന്റെ മധുരവും    നീര്‍മാതളത്തിന്റെ സുഗന്ധവും നിറഞ്ഞ കഥാ കുസുമങ്ങള്‍ ബാക്കിവച്ച് ...
( മേയ് 31 ന്  മാധവിക്കുട്ടിയുടെ ചരമ ദിനം )
 

112 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഓര്‍മകള്‍ക്കെന്തു സുഗന്ധം...! നീര്‍മാതളപ്പൂക്കളുടെ സൌരഭ്യത്തില്‍ നിറഞ്ഞ ഈ ഓര്‍മ്മക്കുറിപ്പ്‌ തന്നെ നല്ലൊരു സ്മരണാഞ്ജലിയായി...

അനില്‍കുമാര്‍ . സി.പി പറഞ്ഞു...

കഥകള്‍ ഒരായിരം ബാക്കി വച്ച് മാഞ്ഞുപോയ മലയാളത്തിന്റെ നീര്‍മാതളത്തിന് സ്നേഹാഞ്ജലിയോടെ...

മറ്റൊരു സി.പി

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

മിടുക്കന്‍ രമേശന്‍! നല്ല ഭംഗിയായി എഴുതി. മനസ്സുനിറഞ്ഞു.

പിന്നെ മലയാളികളേപ്പറ്റിയും പെറുക്കി സ്വഭാവത്തേക്കുറിച്ചും എന്തുപറയാന്‍. ജാതിമതഭേദമെന്യേയുള്ള ഒരു പൊതു സ്വഭാവം.

ആ പാവം ശുദ്ധമനസ്സുകാരി നമ്മുടെ നാട്ടില്‍ ജനിക്കരുതായിരുന്നു.

Ashraf Ambalathu പറഞ്ഞു...

മലയാള ത്തിന്‍റെ ആ മഹാ എഴുത്തുകാരിയെ കുറച്ചുള്ള ഈ ഓര്‍മ്മപെടുത്തല്‍ വായിച്ചപ്പോള്‍ ശരിക്കും മനസ്സ് നിറഞ്ഞു പോയി. അവസാന നാളുകളിലാണെങ്കിലും, ആ മഹാ വ്യക്തിത്വത്തിന് കേരളത്തില്‍നിന്നും മാറി താമസിക്കേണ്ടി വന്നു എന്നത്, അര്‍ഹിക്കുന്ന അംഗീകാരം കേരള ജനത കൊടുക്കുന്നതില്‍ കാണിച്ച വിമുഖത യായിരുന്നുവോ എന്ന് സംശയിച്ചു പോകുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

മാധവിക്കുട്ടിയെന്ന മഹാപ്രതിഭയെ ഓർത്ത ഈ കുറിപ്പ് വളരെ മനോഹരമായി തോന്നി. മാധവിക്കുട്ടിയുടെ കൊഞ്ചൽ രസകരവും അർത്ഥഗർഭവുമായി അനുഭവപ്പെടാറുണ്ട്. സി.പി. എന്നാൽ രാമസ്വാമി അയ്യർ എന്ന ദളവയെ തന്നെയാണ് ഓർമ വരിക! പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം ഈയിടെ കണ്ടപ്പോൾ അയ്യർ സി.പി തന്നെ എന്നും തോന്നി.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി. ശ്രീനിവാസന്റെ മറുപടിയും.. ഉരുളയ്ക്കുപ്പേരി എന്ന പോലെ ..
ആ നല്ല എഴുത്തുകാരിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..

Manoraj പറഞ്ഞു...

മലയാളത്തിന്റെ അക്ഷരപുണ്യം മാധവിക്കുട്ടിയുമായുള്ള ഈ മനോഹര മുഹൂര്‍ത്തങ്ങള്‍ ഞങ്ങളോട് പങ്കുവെച്ചതിനു നന്ദി രമേശ്. ആ നീര്‍മാതളം പൂക്കില്ല എന്ന ദു:ഖം ബാക്കി നില്‍ക്കുമ്പോഴും എഴുതി സമര്‍പ്പിച്ച അക്ഷരക്കൂട്ടുകള്‍ എന്നും മലയാളിക്ക് പുണ്യമായി നിലകൊള്ളട്ടെ. നിലകൊള്ളൂം എന്ന് ഉറപ്പ്..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേഷേട്ടാ,

മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌..കമല സുരയ്യയുടെ നിഷ്കളങ്കതയും നര്‍മ്മ ബോധവും ഒട്ടും ചോരാതെ തന്നെ താങ്കള്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു...അതു തന്നെയാണ് ഈ ഓര്‍മ്മക്കുറിപ്പിനു പത്തരമാറ്റ് തിളക്കം നല്‍കുന്നത്..അകാലത്തില്‍ നമ്മളെ വിട്ടു പോയെങ്കിലും മലയാള സാഹിത്യ ചക്രവാളത്തില്‍ ഒരു കേടാ വിളക്കായി എന്നും ജ്വലിച്ചു കൊണ്ടേയിരിക്കും നമ്മുടെ സ്വന്തം മാധവിക്കുട്ടി.. കുഞ്ഞൂസ് പറഞ്ഞപോലെ ഈ ഓര്‍മ്മക്കുറിപ്പ്‌ തന്നെ നല്ലൊരു സ്മരണാഞ്ജലിയായി...

ചെറുത്* പറഞ്ഞു...

സാധരണക്കാര്‍‍ക്ക് അധികം ലഭിക്കാത്തൊരു സൌഭാഗ്യമാണ് ഈ പത്രക്കാരുടേത്. മിക്ക സെലിബ്രിറ്റീസിനെ പറ്റിയും കാണും ഓര്‍ത്ത് വക്കാന്‍ സുന്ദരമായൊരു അനുഭവം. അത് മനോഹരമായി പങ്കുവച്ചതിന് നന്ദി രമേശേട്ടാ.

ആ അമ്മയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍‍വ്വം...

സീത* പറഞ്ഞു...

സുഗന്ധം ബാക്കി വച്ച് കൊഴിഞ്ഞു വീണ ആ നീർമാതളപ്പൂവിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരവോടെ...
അന്നത്തെ സംഭാഷണത്തിലെ സി.പി എന്ന വാക്കിലെ നർമ്മം ഒട്ടും ചോർന്നു പോകാതെ പറഞ്ഞുല്ലോ ഏട്ടാ..ആശംസകൾ

കെ.എം. റഷീദ് പറഞ്ഞു...

സ്നേഹത്തിലൂടെ ലോകത്തെ കണ്ടെത്തിയ
ആ വലിയ മഹതിക്ക്‌ വേണ്ടി
പ്രാര്‍ത്ഥന അല്ലാതെ മറ്റെന്തു ചെയ്യാന്‍.
കമലാ സുരയ്യയെ ഓര്‍മിപ്പിച്ചതിന്
ഒരു പാട് നന്ദി ....

ചാണ്ടിച്ചായന്‍ പറഞ്ഞു...

മലയാളത്തിന്റെ നീര്‍മാതളത്തിന് ഓര്‍മപ്പൂചെണ്ടുകള്‍
എന്നിട്ട് രമേശേട്ടന് വിരലിലെങ്കിലും തൊടാന്‍ പറ്റിയോ??

Suja പറഞ്ഞു...

പ്രിയ രമേശ്‌ ,

ഈ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ കൂപ്പു കൈകളോടെ .....

ആമിയെ ക്കുറിച്ച് പറയുവാന്‍ എനിക്ക് വാക്കുകള്‍ പോരാ....
ആ മനസ്സില്‍ നിന്നും ഉതിര്‍ന്ന ചില വരികള്‍

"ഞാന്‍ എഴുതുന്നത്‌ ഒരു ആത്മബലിയാണ്.തോലികീറി എല്ല് പൊട്ടിച്ച് മജ്ജ പുറത്തു കാണിക്കുകയാണ് ഞാന്‍ .ഇതാണ് ആത്മബലി.പലതും എഴുതുമ്പോള്‍ എന്നെത്തന്നെ കൊല്ലുകയാണ് ഞാന്‍ .ഞാന്‍ അശ്ലീലം എഴുതിയെന്നും വരച്ചെന്നും പറയുന്നവരുണ്ട്.എന്താണ് അശ്ലീലം ?.ദൈവം അശ്ലീലത സൃഷ്ട്ടിച്ചുവോ?.മനുഷ്യ ശരീരം അശ്ലീലമാണോ ?.എങ്കില്‍ പിന്നെ ഈ സൃഷ്ട്ടി എന്തിനാണ് ?.അപ്പോഴത് ദൈവത്തിന്‍റെ പിഴവാകും..."

ഈ കഥാകാരിയെ .....ആമിയെ,എന്‍റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ എന്നെങ്കിലും ഒരിക്കല്‍ നേരില്‍ കാണണം എന്ന്‌ ആഗ്രഹിച്ചിരുന്നു ഞാന്‍ .എന്തുകൊണ്ടോ അതിനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി.

നമ്മുടെ ഹൃദയങ്ങളില്‍ ...........ആ നീര്‍മാതളം ഇനിയും പൂക്കും ,പുഴ വീണ്ടും ഒഴുകും .

"എഴുത്ത് ഒരു വ്രതമാണെന്നും ,സ്നേഹം തപസ്സാണെന്നും" പറഞ്ഞ ആ വ്യക്തിത്വത്തിന് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ .

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ചാണ്ടീ പിന്നില്ലേ !! :) ആ കൈവിരലുകളില്‍ പലവുരു പിടിച്ചു ..മുറിയില്‍ കൊള്ളാവുന്നതില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ തൊട്ടുമുന്നില്‍ ആ തറയില്‍ മുട്ടുകുത്തി നില്‍ക്കാനാണ് എനിക്ക് അവസരം കിട്ടിയത്... :)

shaima പറഞ്ഞു...

എന്‍റെ പ്രിപ്പെട്ട കഥാകാരി ...........
ആത്മശാന്തി നേരുന്നു ഞാന്‍.........

MyDreams പറഞ്ഞു...

മരകാത്ത ഓര്‍മ്മയിലേക്ക് ഒരികല്‍ കൂടി കൈ പിടിച്ചു നടത്തി .നന്ദി

pushpamgad kechery പറഞ്ഞു...

അപ്പോള്‍ ആ നീര്‍മാതളത്തെ തൊടാനും ഭാഗ്യമുണ്ടായല്ലോ !
എന്തുമാത്രം വായിച്ചതും ആരാധിച്ചതും ആയിരുന്നു ആ പ്രതിഭയെ !
പക്ഷെ ഒടുക്കം ആ സ്മരണകള്‍ മലയാളത്തിന്റെ ഒരു നൊമ്പരമായി മാറി .
എല്ലാം വിധിയെന്നെ പറയാന്‍ ആകുന്നുള്ളൂ ...
സ്മരണാഞ്ജലികള്‍ ....

ചെറുവാടി പറഞ്ഞു...

നല്ലൊരു ഓര്‍മ്മകുറിപ്പ്.
സ്നേഹത്തിന്റെ ആ കഥാകാരി ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

ബെഞ്ചാലി പറഞ്ഞു...

ഈ ഓർമ്മ കുറിപ്പ് വളരെ മനോഹരമായി.

ഹാഷിക്ക് പറഞ്ഞു...

തലക്കെട്ട്‌ കണ്ടപ്പോള്‍ മറ്റെന്തോ വിഷയമെന്നാണ് കരുതിയത്‌. മലയാളത്തിന്റെ നീര്‍മാതളത്തെകുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ നന്നായി.... 'രെമേഷ് അരൂര്‍ ടച്ചോടു ' കൂടി തന്നെ പറഞ്ഞു.

sreee പറഞ്ഞു...

"തിളക്കമുള്ള കറുത്ത പര്‍ദയ്ക്കുള്ളില്‍ ജ്വലിക്കുന്ന ഒരു ദേവീ വിഗ്രഹം പോലെ പ്രിയപ്പെട്ട എഴുത്തുകാരി' . അതെ..

Villagemaan പറഞ്ഞു...

പോസ്റ്റ്‌ നന്നായി..
മാധവിക്കുട്ടിയെപറ്റി ഒന്നും പറയാനില്ല

വീണ്ടും വരാം രമേഷ്ജി..

moideen angadimugar പറഞ്ഞു...

നന്നായി ഈ ഓർമ്മക്കുറിപ്പുകൾ. കമലാസുരയ്യയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി..

AFRICAN MALLU പറഞ്ഞു...

നല്ല അനുസ്മരണം ... പെട്ടെന്ന് ഓര്‍ത്തത്‌ ശ്രീനിവാസന്റെ (വെള്ളാനകളുടെ നാട് ) റോഡ്‌ കോണ്ട്രാക്ടര്‍ ‌ സീ പിയെ ആണ് ...

മാനവധ്വനി പറഞ്ഞു...

ഓർമ്മക്കുറിപ്പ്‌ നന്നായിരുന്നു...

ശ്രീക്കുട്ടന്‍ പറഞ്ഞു...

മലയാളത്തിന്റെ പ്രീയ എഴുത്തുകാരിയെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പിനു നന്ദി.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഒരിക്കലെങ്കിലും എന്റെ പ്രിയപ്പെട്ട എഴുതുക്കാരിയെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. സ്മരണാഞ്ജലി.

പള്ളിക്കരയില്‍ പറഞ്ഞു...

സ്നേഹഗായികയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമങ്ങൾ. അവസരോചിതമായ പോസ്റ്റിനു നന്ദി.

Jazmikkutty പറഞ്ഞു...

കമല സുരയ്യയുടെ ഈ അഭിമുഖം അക്കാലത്ത് തന്നെ വായിച്ചതാണ്..ആ റിപോട്ടര്മാര്‍ക്കിടയില്‍ നമ്മളെ രമേശ്‌ സാറും ഉണ്ടായിരുന്നല്ലേ..!!! അവരുടെ സംഭാഷണം നേരിട്ട് കേള്‍ക്കുംപോലെ തോന്നി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍.. അന്ന് ഈ അനുഭവം വായിച്ചപ്പോള്‍ ധര്‍മ്മം ചെയ്തതൊക്കെ എന്തിനാ ഇങ്ങനെ വിളിച്ചു പറയുന്നേ എന്നാണു കരുതിയത്.എന്റെ പൊട്ട ബുദ്ധിക്കു തമാശ പണ്ടേ മനസ്സിലാകാറില്ലായിരുന്നു.. :)

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

സത്യം പറഞ്ഞാല്‍ രമേശേട്ടനോട് അസൂയ തോന്നുന്നു. ആ ഇതിഹാസത്തെ കാണാനും സംസാരിക്കാനും തൊടാനും പറ്റിയില്ലെ... അതിനെ പറ്റി പറയുംബോള്‍, അപ്രതീക്ഷിതമായി സമ്മാനം കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ ആവേശം വരികളില്‍ പ്രകടമാകുന്നു.
ഒരിക്കലും നമ്മെവിട്ടകലാത്ത ആ കലാകാരിക്ക് ആത്മ ശാന്തി നേരുന്നു..

കൊമ്പന്‍ പറഞ്ഞു...

സാഹിത്യ കൈരളിയുടെ നികത്താനാവാത്ത നഷ്ട്ടം എന്ന ഒറ്റ വാക്കില്‍ ഒതുക്കാന്‍ കയിയുന്നതല്ല കമല സുരയ്യ
ഓര്‍മ കുറിപ്പ് വളരെ നന്നായിരിക്കുന്നു
ഈ വായനയില്‍ ഒരിക്കല്‍ കൂടി മലയാളത്തിന്‍റെ നീര്‍മാതളത്തിന്‍ പരിമള മുള്ള ഓര്‍മ യെ സ്മരിക്കാന്‍ കയിഞ്ഞു

നാമൂസ് പറഞ്ഞു...

നീര്‍മാതളത്തിന്‍റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയെന്ന നോവും തണുത്തുറഞ്ഞ നെയ്‌പ്പായസത്തിലെ അമ്മയുടെ ഗന്ധവും മലയാളികള്‍ക്ക്‌ സമ്മാനിച്ച സ്നേഹത്തിന്/പ്രിയപ്പെട്ട കഥാകാരിക്ക് മലയാളം തിരിച്ചെന്ത്‌ നല്‍കി...? എങ്കിലും, അനേകം മനസ്സുകളില്‍ അവര്‍ കൊളുത്തി വെച്ച നിഷ്കളങ്ക സ്നേഹത്തിലൂടെ അവരിന്നും ജീവിക്കുന്നു.
പ്രിയപ്പെട്ട രമേഷ്ജി, അങ്ങയുടെ ഭാഗ്യത്തില്‍ എന്‍റെ സന്തോഷം പങ്കുവെക്കട്ടെ..!!!

റാണിപ്രിയ പറഞ്ഞു...

ഓര്‍മ്മക്കുറിപ്പ് നന്നായി ....
സ്നേഹം എന്നത് ഒരു മതത്തിലും ഒതുങ്ങുന്നതല്ല എന്ന് തന്റെ ജീവിതത്തില്‍ കാണിച്ചു കൊടുത്ത എഴുത്തുകാരി....
രമേഷ്ജി ... ഓര്‍മകള്‍ മരിക്കുന്നില്ല ...
പ്രിയ എഴുത്തുകാരിക്ക് സ്മരണാഞ്ജലി

mayflowers പറഞ്ഞു...

ഭാഗ്യവാനാണ് രമേശ്‌..
അവരെ നേരില്‍ കാണണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു.
ഈ പോസ്റ്റ്‌ അവസരോചിതമായി.

അനില്‍ ജിയെ പറഞ്ഞു...

ഹൃദ്യം ഈ ഓര്‍മ്മ !! നന്ദി !!!!

പട്ടേപ്പാടം റാംജി പറഞ്ഞു...

നേരില്‍ കാണാന്‍ ഒത്തല്ലോ. ഭാഗ്യവാന്‍.
ഓര്‍മ്മക്കുറിപ്പ്‌ ഹൃദ്യമായി.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയെ ഓര്‍മ്മിച്ചത് നന്നായി..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

നല്ല ഓര്‍മ്മക്കുറിപ്പ്‌.

khader patteppadam പറഞ്ഞു...

വായിച്ചു, ഓര്‍മ്മകള്‍ക്ക്‌ മുമ്പില്‍ നമ്രശിരസ്കനായി...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഹൃദയാര്‍ദ്രമായ ഒരനുസ്മരണം.അത്രയും നിഷ്കളങ്കമായ ആ ഹൃദയം വരച്ചുകാണിക്കുന്ന സംഭാഷണം അതേപടി പകര്‍ത്തിയത് വളരെ മനോഹരമായി.ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ ഒരു വേദിയൊരുക്കിയതിന് അഭിനന്ദനങ്ങള്‍

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

രമേശ്ജി,,, ഓര്‍മ്മകളുടെ നീര്‍മാതളപ്പൂക്കള്‍ ഒരുപാടിഷ്ടായി... മലയാളത്തിന്‍റെ എക്കാലത്തേയും പുണ്യമായ പ്രിയഎഴുത്തുകാരിക്ക് സ്മരണാഞ്ജലി...

ajith പറഞ്ഞു...

രമേശിന്റെ പോസ്റ്റുകളില്‍ എനിക്കേറെയിഷ്ടപ്പെട്ട ഒന്ന്.

(കൊച്ചുകൊച്ചീച്ചി പറഞ്ഞതിനോട് യോജിക്കുന്നു. അവര്‍ ഇവിടെ ജനിക്കേണ്ടവരല്ലായിരുന്നു.)

ഇ-smile chemmad പറഞ്ഞു...

മലയാളത്തിന്റെ നീര്‍മാതളത്തെക്കുറിച്ച് രമേശേട്ടന്‍ ആ അനുഭവത്തിന്റെ അതെ ഗൌരവത്തില്‍ അവതരിപ്പിച്ചു..

SUDHI പറഞ്ഞു...

മലയാള സാഹിത്യ ലോകത്ത് തീരാനഷ്ട്ടമായ , മനുഷ്യത്വത്തിന്റെ മാധുര്യതോടെ കണ്ണീരിന്റെ നനവില്‍ മുക്കി യാധാര്ത്യങ്ങള്‍ എഴുതിയ ആ തൂലികതുമ്പില്‍ ജനിച്ച അപൂര്‍വ്വ സൃഷ്ട്ടികളും ഈ നീര്‍മാതളത്തെ അനശ്വരമാക്കട്ടെ .. ആ ഓര്‍മയ്ക്ക് മുന്പ്രില്‍ ആയിരം പ്രണാമങ്ങള്‍ അര്‍പ്പിച്ച് എന്റെ വക ഒരു പനിനീര്‍ പൂ ...........
നന്നായി എഴുതി ഏട്ടാ ...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല സ്മരണാഞ്ജലി.ഈയിടെ മാതൃഭൂമി വാരികയില്‍ നമ്മളറിയാത്ത
കുറെ കഥകളും ഉണ്ടായിരുന്നു.

ഞാന്‍ പറഞ്ഞു...

അവര്‍ ആരായിരുന്നു എന്നറിഞ്ഞവരെക്കാള്‍ കൂടുതല്‍ അറിഞ്ഞെന്നു നടിച്ച അറിയാത്തവര്‍ ആയിരുന്നു അവരുടെ ആരാധകരില്‍ കൂടുതലും.അവസ്ഥ മോശം ആയതിനു ശേഷവും മരണ ശേഷവും
കൊടുത്ത ആദരം എത്രയോ മുന്‍പേ ലഭിക്കേണ്ട മഹത്‌ വ്യക്തിത്വം

എഴുത്ത് നന്നായി.....നന്ദി

ishaqh ഇസ്‌ഹാക് പറഞ്ഞു...

ഹൃദ്യമായ ഓര്‍മ്മപ്പെടുത്തല്‍ ഉചിതമായി..
മലയാളത്തിന്റെ മാധവത്തിനു സ്മരണാഞ്ജലികള്‍...

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

വ്യത്യസ്ഥമായ കുറിപ്പ്, നീർമാതളപ്പൂവിനെ ഓർമ്മിപ്പിച്ചതിന്‌ നന്ദി....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഞങ്ങളുടെ നാട്ടിലുള്ള ഈ സി.പിയുടെ വിശകലനം നല്ലൊരു അനുസ്മരണത്തിലൂടെ അവതരിപ്പിച്ചത് അസ്സലായി കേട്ടൊ ഭായ്

Vayady പറഞ്ഞു...

ഒരിക്കല്‍ മാത്രം വിടര്‍ന്ന നീര്‍മാതളപ്പൂവാണ്‌ മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ മാധവികുട്ടിയുടെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും. ഈ അനുസ്മരണകുറിപ്പ് വളരെ നന്നായി. മലയാളത്തിന്റെ നീര്‍മാതളത്തിന് ആദരാജ്ഞലികള്‍.

"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും. മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും. വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോലെ മലര്‍ന്നു കിടക്കുകയും ചെയ്യും.
എന്റെ ഭാഷക്കു മനുഷ്യഭാഷയോട് യാതൊരു സാമ്യവുമുണ്ടാകില്ല.
ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരുകളും വിരിച്ച് ആ ശയ്യയില്‍ കിടക്കും. എന്റെ ശരീരത്തിലെ വിയര്‍പ്പിനു വാടിയ പൂക്കളുടെ ഗന്ധമുണ്ടാകും........"

---- നീര്‍മാതളം പൂത്തകാലം.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഞാന്‍ മരിച്ചാല്‍, എന്റെ ചുടലയില്‍ പരതിയാല്‍ ഒരു വൈഡൂര്യം തിളങ്ങുന്നത് കാണാം., അത് എന്റെ ആത്മാവില്‍ സ്വകാര്യമായി സൂക്ഷിച്ച എന്റെ പ്രണയമാണ്.....

Lipi Ranju പറഞ്ഞു...

ഭാഗ്യവാന്‍... മലയാളത്തിന്‍റെ ആ പ്രിയപ്പെട്ട എഴുത്തുകാരിയെ നേരില്‍ കാണാനും അങ്ങനെ ഒരു മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാനും കഴിഞ്ഞുവല്ലോ... ആ നല്ല നിമിഷങ്ങള്‍ പങ്കുവച്ചതിനു നന്ദി രമേശേട്ടാ...

mini//മിനി പറഞ്ഞു...

സുഗന്ധമുള്ള ഓർമ്മകൾ

Echmukutty പറഞ്ഞു...

ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. അഭിനന്ദനങ്ങൾ. മാധവിക്കുട്ടിയെക്കുറിച്ച് എത്ര ഓർമ്മകളാണ്! പിന്നീടെഴുതാം.

ചന്തു നായര്‍ പറഞ്ഞു...

രമേശ്...നല്ല വരികൾക്ക് ഭാവുകങ്ങൾ...ഞാനും ആമിയുമായിട്ട്..രണ്ട് മൂന്നു തവണ വേദികൾ പങ്കിട്ടു..അതിലൊന്നിനെക്കുറിച്ച് ഒരു ചെറു കവിതയും എഴുതി മേശവലിപ്പിൽ വച്ചിട്ടുണ്ട് പറ്റുമെങ്കിൽ അത് പോസ്റ്റ് ചെയ്യാം... ആമിച്ചേച്ചി..ഇപ്പോൽ താമസിക്കുന്നത് ഞങ്ങളുടെ നഗരത്തില്ലാണ്... ആ കബറിടത്തിൽ കഴിഞ്ഞമാസം ഞാൻ പോയിരുന്നൂ,,അന്നാണ് ആ കവിത എഴുതിയത്...നല്ലൊരു എഴുത്തുകാരിയും,നല്ല വ്യക്തിയുമായിട്ടുള്ള അടുപ്പ്ത്തിന്റെ സ്മരണകൾ ഒന്ന് കൂടെ മനസ്സിൽ കുടിയേറ്റിയതിന് വളരെ നന്ദി.

Jefu Jailaf പറഞ്ഞു...

രമേഷേട്ടാ.. ഓര്‍മ്മ ക്കുറിപ്പ്‌ പങ്കുവെച്ചതിന് നന്ദി.. ഈ വാടാതെ നില്‍ക്കുന്ന ആ പ്രണയ ബിംബതിനു സ്നേഹാഞ്ജലി...

SHANAVAS പറഞ്ഞു...

രമേശ്‌ ഭായിയോട് എനിക്ക് അസൂയ തോന്നുന്നു. ആ സ്നേഹസാഗരം ആയ വിശ്വ പൌരയോടു സംവദിക്കാന്‍ കഴിഞ്ഞല്ലോ. എല്ലാവര്ക്കും കിട്ടാത്ത ഭാഗ്യം. ഈ പോസ്റ്റ്‌ ബൂലോകത്തെ ഒരു നിധിയാണ്‌. ആശംസകള്‍.

ജുവൈരിയ സലാം പറഞ്ഞു...

ഓർമ്മക്കുറിപ്പുകൾ പങ്കുവെച്ചതിന് നന്ദി...

Sukanya പറഞ്ഞു...

നര്‍മ ബോധമുള്ളവര്‍ക്ക് മാത്രമേ മുഖത്തുനോക്കി സിപി വിളിച്ചാലും ചിരിക്കാന്‍ കഴിയൂ.
ഈ ഓര്‍മകുറിപ്പ് ഞങ്ങളുമായി പങ്കുവെച്ചതിന് നന്ദി.
നീര്‍മാതളത്തിന്റെ മധുരം എന്നും അനശ്വരമായി നില്‍ക്കട്ടെ.

മുകിൽ പറഞ്ഞു...

ആ കിലുങ്ങുന്ന വാക്കുകള്‍ ഇന്നും ഉള്ളില്‍ കിലുങ്ങുന്നു. ഒരു ഫോണ്‍ സംഭാഷണം. ജന്മസുകൃതം എന്നു കരുതുന്നു..
ഒരിക്കലും മനസ്സുള്‍ക്കൊള്ളാത്ത ഒരു മരണമാണവരുടേത്..

തെച്ചിക്കോടന്‍ പറഞ്ഞു...

നല്ല കുറിപ്പ്‌.
അനശ്വരിയായ ആ കഥാകാരിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചതിനു നന്ദി.

mottamanoj പറഞ്ഞു...

മനോരഹരം , ഓര്‍മ്മകള്‍ മരിക്കുന്നില്ല.

വര്‍ഷിണി പറഞ്ഞു...

കവിത കൊണ്ടും സ്നേഹം കൊണ്ടും മുറിവേറ്റ പെണ്ണകത്തിന്‍റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍..മാധവിക്കുട്ടി..കനത്ത് കനത്തു വന്ന വിഷാദം ഞെട്ടറ്റു വീഴുന്ന പൂക്കള്‍ പോലെ പൊഴിഞ്ഞു വീണ പൂവ്..

നന്ദി രമേശ്.

sherriff kottarakara പറഞ്ഞു...

ബഷീറിനെ കടമെടുത്ത് പറയട്ടെ”ഓര്‍മകളേ! ഉണരാതിരിക്കൂ”
കാരണം നിങ്ങള്‍ കൊണ്ടു വരുന്നത് വേര്‍പാടിന്റെ വേദനകളാണ്. മേയ് 31ന്റെ വേര്‍പാടില്‍ പാളയം പള്ളിയിലെ തിരക്കുകള്‍ക്കിടയില്‍ അന്ന് അവിടെ വന്ന് കൂടിയ ആയിരങ്ങളുടെ കണ്ണുകളെ ഈറനാക്കിയ ആ നീര്‍മാതള പൂവിന്റെ ഭൌതികശരീരത്തെ എത്തി വലിഞ്ഞു നോക്കി നിന്നത് മനസില്‍ നീറ്റലോടെ ആയിരുന്നു. ഈ പോസ്റ്റ് അന്നത്തെ ഓരോ നിമിഷങ്ങളേയും മനസിലേക്ക് തിരികെ കൊണ്ടു വന്നു....

ഹാക്കര്‍ പറഞ്ഞു...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

രമേഷ് ചേട്ടാ, നന്നായി എഴുതി. അഭിനന്ദനങ്ങള്‍!! നെയ്പ്പായസം എന്ന കഥ എനിക്കിഷ്ടമാണ്. പക്ഷെ, മാധവിക്കുട്ടി എന്ന കഥാകാരിയോട് അത്ര പത്ഥ്യമില്ലാത്തത് കൊണ്ട് കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല.

നാട്ടുവഴി പറഞ്ഞു...

ഗംഭിരം.....
കമലാസുരയ്യയെ മനോഹരമായ ഓര്‍മ്മകള്‍ കൊണ്ട്ട് വരച്ചിട്ടതിന് നന്ദി.......

yousufpa പറഞ്ഞു...

കുട്ടിക്കാലത്ത് നാലാപ്പാട്ടെ മിറ്റത്തു കൂടെയാണ്‌ പുന്നയൂരുള്ള വല്യമ്മയുടെ വെള്ളത്തേരി തറവാട്ടിലേക്ക് പോകാറ്‌.അന്നൊക്കെ ആ മിറ്റത്തും തിണ്ണയിലും ശ്ശി ആളോള്‌ ണ്ടാകും ആണായിട്ടും പെണ്ണായിട്ടും. ഒരു വല്യ തറവാട് എന്നതിൽ ഉപരി ആ തറവാടിന്റെ പ്രതാപവും ഐശ്വര്യവും ഒന്നു നിയ്ക്കറിയില്ലായിരുന്നു. പിന്നെ കുന്നത്തൂര്‌ പ്രതിഭയിൽ റ്റ്യൂഷന്‌ ചേർന്നപ്പോഴാണ്‌ നാലാപ്പാട് നാരായണമേനോനേയും ബാലാമണീയമ്മയേയും ആമിയെ കുറിച്ചും ഒക്കെ കേട്ടത്. അവിടെ ഇന്യുണ്ട് പ്രഗത്ഭർ. പാതി വെള്ളക്കാരനായ ഓബ്രി മെനനും അതിൽ ഉൾപ്പെടും.
വീടിനടുത്തായിട്ടും ഞാനീ പറഞ്ഞവരെ ഒന്നും നേരിട്ട് കണ്ടിട്ടില്ല.(വീടിനട്ത്ത് ന്ന് പറഞ്ഞാൽ നാല്‌ കിലോമീറ്ററീന്റെ വ്യത്യാസം അത്രേന്നെ). ആമിയെ കാണാൻ പറ്റീലല്ലോ എന്ന സങ്കടം ഇന്നും മനസ്സിൽ ഒരു പോറലായി എന്നെ നീറ്റുന്നു.
തികച്ചും അപകർഷതാ ബോധത്തിൽ ജീവിച്ചിരുന്ന എന്നെ ഇന്നീ കീബോർഡിന്റെ പ്രതലത്തിൽ വിരലോടിക്കാൻ വരെ പ്രചോദനം നല്കിയത് ആമിയുടെ പുസ്തകങ്ങളാണ്‌.
പ്രിയപ്പെട്ട ആമിക്ക് എന്നെന്നും എന്റെ പ്രാർത്ഥന.....

ഷൈജു.എ.എച്ച് പറഞ്ഞു...

സ്നേഹനിധിയായ പ്രിയ മാധവിക്കുട്ടി ( " കമല സുരയ്യ" ) എന്ന മഹതിയെ കുറിച്ചുള്ള പങ്കിടല്‍ വളരെ ഹൃദ്യമായി.
അവരുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു..
ആ വലിയ മനസ്സിനെ കുറിച്ച് ഈ എളിയവന്‍ എഴുതിയ ഒരു കവിതയുടെ ലിങ്ക് താഴെ
നല്‍കുന്നു...
'സുരയ്യ' ഒരു നക്ഷത്രം

http://ettavattam.blogspot.com/2010/11/blog-post_9267.html

www.ettavattam.blogspot.com

സസ്നേഹം

അസീസ്‌ പറഞ്ഞു...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി.......

ശ്രദ്ധേയന്‍/shradheyan പറഞ്ഞു...

സുരയ്യ ഓര്‍മയായ നാള്‍ ഞാനെന്റെ ജിടോക്ക് സ്റ്റാറ്റസില്‍ ഇങ്ങനെയെഴുതി : 'സ്വര്‍ഗപൂങ്കാവനത്തില്‍ നീര്‍മാതളം പൂത്തു'

jayarajmurukkumpuzha പറഞ്ഞു...

snehanjalikalode.......

ആസാദ്‌ പറഞ്ഞു...

കമലാ സുരയ്യ എന്ന നിസ്തുല്ല്യ എഴുത്തുകാരിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ..

ente lokam പറഞ്ഞു...

onnum paraynilla....
ormakal marikkatha
ormakal...nandi ramesh
chetta ee postinu...

നികു കേച്ചേരി പറഞ്ഞു...

സ്മരണാഞ്ജലികൾ

ആഘോഷങ്ങളുടെ സിനിമകൾക്കിടയിൽ മുങ്ങിപ്പോയ സ്വന്തം സിനിമകൾ പോലെ പലരുടേയും മുഖം ചുളിപ്പിക്കുന്ന ഒരു നാടോടിയുടെ മറന്നുപോയ ചരമദിനവും ഇന്നുതന്നെയാണ്‌..

"പതിവ് ചാരായശാലയിൽ
നരകതീർത്ഥം പകരുന്ന പരിഷയോട് ഞാൻ ചോദിച്ചു
എവിടെ ജോൺ?"

(ജോണിനെ കുറിച്ച ചുള്ളിക്കാടിന്റെ വരികൾ)

രമേശ്‌ അരൂര്‍ പറഞ്ഞു...

@@നികു: ജോണ്‍ അബ്രഹാമിന്റെ ചരമ ദിനവും ഇന്നാണ്..ആ തെമ്മാടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം പാബ്ലോ നെരൂദയുടെ ഈ വരികള്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നു ---------------------------------------

I do not know, I am ignorant, I hardly see

but it seems to me that its song has the colour of wet violets,

violets well used to the earth,
...
since the face of death is green,

and the gaze of death green

with the etched moisture of a violet's leaf

and its grave colour of exasperated winter.

But death goes about the earth also, riding a broom

lapping the ground in search of the dead -

death is in the broom,

it is the tongue of death looking for the dead,

the needle of death looking for the thread.

"Death Alone" - By :Pablo Neruda in 1940

രമേശ്‌ അരൂര്‍ പറഞ്ഞു...

പോസ്റ്റ് മനസിരുത്തി വായിച്ചവര്‍ക്കും ,അഭിപ്രായങ്ങള്‍ പങ്കുവച്ച സുഹൃത്തുക്കള്‍ക്കും നന്ദി ,സ്നേഹം..എഴുത്ത് ,സിനിമ ,രാഷ്ട്രീയം ,തുടങ്ങിയ മേഖലകളില്‍ പ്രശസ്തരായ ഒട്ടനവധി പ്രമുഖ വ്യക്തികളുമായി ഇടപഴകാനും സൗഹൃദം പങ്കിടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്..അതില്‍ ചിലത് തുടര്‍ന്നും സന്ദര്‍ഭങ്ങള്‍ അനുസരിച്ച് നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതുന്നു .നിങ്ങള്‍ നല്‍കുന്ന തുറന്ന പിന്തുണയ്ക്ക് വീണ്ടും നന്ദി ..കടപ്പാട് ..:)

siya പറഞ്ഞു...

നല്ല ഓര്‍മ്മക്കുറിപ്പുകള്‍‍ . വായിക്കുമ്പോള്‍ സന്തോഷവും

ഒരു യാത്രികന്‍ പറഞ്ഞു...

ഞാനിത്രയേറെ ഇഷ്ടപ്പെട്ട ഒരെഴുത്തുകാരി വേറെ ഇല്ല. എന്നെങ്കിലും കണ്ടാല്‍ ഒരൊപ്പുവാങ്ങാന്‍ ഞാന്‍ വരച്ചു വെച്ച അവരുടെ ചിത്രം ഇന്നും ആ കയ്യൊപ്പില്ലാതെ അപൂര്‍ണമായി കിടക്കുന്നു .......സസ്നേഹം

ramanika പറഞ്ഞു...

നല്ല ഓര്‍മ്മക്കുറിപ്പുകള്‍‍
നഷ്ട്ടം നികത്താന്‍ കഴിയുമോ എന്നെങ്കിലും ?

ആളവന്‍താന്‍ പറഞ്ഞു...

ഓര്‍മ്മകള്‍.... നന്നായി രമേശേട്ടാ....

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

നല്ല അനുസ്മരണം.. മലയാളനാട് വാരികയില്‍ ‘എന്റെ കഥ’ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ആഴ്ചപ്പതിപ്പിന് വേണ്ടി കാത്തിരുന്ന കാലം ഓര്‍ത്തുപോയി...

Salam പറഞ്ഞു...

ആമിയുടെ ഓര്‍മ്മകള്‍ മരിക്കുന്നില്ല. മനോഹരമായ പോസ്റ്റ്‌. ആ ചടങ്ങില്‍ വന്നു പങ്കെടുത്ത ഫീല്‍ കിട്ടി. ആ നീര്‍മാതളപ്പൂക്കളുടെ തിളക്കം ഒട്ടും ചോരാതെ രമേശ്‌ എഴുതി. ഓരോ വരിയും, ഓരോ വാക്കും അനുഭവമായി.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ വന്നപ്പോള്‍ ആമിയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും അവസരം കിട്ടിയിരുന്നു സ്നേഹത്തോടെയുള്ള സംസാരം പ്രകാശം പരത്തുന്ന ആമുഖം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല . സാക്കാത്ത് ദാരിദ്രനോടുള്ള ധനികന്റെ സ്നേഹമെന്ന്. അന്ന് സ്നേഹത്തോടെ ഞങ്ങളെ ഉപദേശിച്ചത്‌ ഓര്‍ത്തു പോയി.. വളരെ നല്ല അനുഭവം പങ്കു വെച്ചതിനു നന്ദി.. നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ഈ എഴുത്തിലൂടെ എന്നെ തഴുകി കടന്നു പോയി .. അത്രയധികം ഞാന്‍ ഇഷ്ട്ടപ്പെടുന്ന സ്നേഹിക്കുന്ന ഒര്ഴുതുകാരി.. വേറെ ആരുമില്ല.. അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു മാലാഖമാര്‍ക്ക് സ്വര്‍ണ്ണ നൂലുകൊണ്ട് തൊപ്പി തുന്നാന്‍ കഴിയട്ടെ .........

സിദ്ധീക്ക.. പറഞ്ഞു...

മരിക്കാത്ത ഓര്‍മ്മകള്‍ക്ക് വീണ്ടും തിരയിളക്കം നല്‍കിയതിനു നന്ദി.

പാര്‍ത്ഥന്‍ പറഞ്ഞു...

രണ്ടു വർഷമായിട്ടും അക്കാദമിക്കു വിട്ടുകൊടുത്ത സ്ഥലത്ത് ഒരു സ്മാരകം ഉണ്ടായില്ല എന്ന പരാതി കേട്ടു. ഇതിനുമുമ്പ് മരിച്ചുപോയ പല സാഹിത്യ-സാംസ്കാരിക നായകന്മാരുടെ പേരിലും വാഗ്ദാനം ചെയ്തിരുന്ന പലതും സ്ഥാപനമായിട്ടില്ല. ഒരിക്കൽ ഈ സ്ഥലത്ത് പാമ്പിൻ കാവ് ഉണ്ടെന്നും അതിന്റെ അനുഷ്ഠാനങ്ങൾ സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഒഴിവാക്കിയ അക്കാദമി വീണ്ടും എങ്ങിനെയാണ് ഇത് ഏറ്റെടുത്തത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ഓർമ്മക്കായിട്ടാണോ കമലാ സുരയ്യയുടെ ഓർമ്മക്കായിട്ടാണോ സ്മാരകം ഉയരുന്നത് എന്നതിൽ ഒരു തീരുമാനമായിട്ടുണ്ടായിരിക്കില്ല. അതായിരിക്കാം കാലതാമസം ഉണ്ടാകുന്നത് എന്നു സമാധാനിക്കാം.

മുല്ല പറഞ്ഞു...

നന്നായ് ഈ ഓര്‍മ്മ. ഈയിടെ ആ വഴി പോയപ്പോള്‍ നീര്‍മാതളം എന്ന് കരിയില്‍ എഴുതി പറമ്പിന്റെ ഒരു ഭാഗത്ത് കുത്തി നിര്‍ത്തിയിരിക്കുന്നു. സങ്കടം തോന്നി കണ്ടപ്പോള്‍.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

പ്രിയ രമേശ്, താങ്കളുടെ മനസ്സിനെ അംഗീകരിക്കുന്നു. പക്ഷേ, കമലാ സുരയ്യയെ (സാഹിത്യകാരിയെയല്ല;വ്യക്തിയെ) അംഗീകരിക്കാന്‍ എനിക്കു മനസ്സു വരുന്നില്ല. ഏതായാലും താങ്കളുടെ എഴുത്തിനൊരു സുഗന്ധമുണ്ട്.

Kalavallabhan പറഞ്ഞു...

കറുപ്പിലാ നീർമാതളത്തിൻ
നിറം മങ്ങിയെങ്കിലും
രുചിയിലും ഗുണത്തിലും
എന്നും മുൻപിൽ തന്നെ

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ശങ്കര നാരായണന്‍ :കമല ദാസ്‌ എന്ന എഴുത്തുകാരിയുടെ ഒരു ദിവസം അവരോടൊപ്പം കഴിഞ്ഞ മുഹൂര്‍ത്തങ്ങള്‍ എന്നീ ചെറിയ കാര്യങ്ങള്‍ പങ്കു വയ്ക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ..അവരുടെ എഴുത്തിന്റെയോ ജീവിതത്തിന്റെയോ വിജയാപചയങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ ഈ പോസ്റ്റിലൂടെ ശ്രമിച്ചിട്ടില്ല,,അതൊക്കെ വായനക്കാര്‍ക്കും നിരൂപകര്‍ക്കും ചെയ്യാം..:)

പാവപ്പെട്ടവന്‍ പറഞ്ഞു...

ഈ മധുരമുള്ള ഓർമ്മ പങ്കുവെച്ചതിനു ഒന്നും പകരമായി തരുന്നില്ല .ഒരുപാടുപേർ ആഗ്രഹിച്ചിരുന്നതാണ് രമേശിനു കിട്ടിയതു .നിങ്ങൾ മാധ്യമപ്രവർത്തകർക്ക് ഇങ്ങനെ ചിലഭാഗ്യങ്ങളുണ്ട്..

sm sadique പറഞ്ഞു...

ആ മഹതി ധീരവനിതയായിരുന്നു. ഓർമകൾക്ക് ,ഓർമപെടുത്തലുകൾക്ക് നന്ദി........

ഫെമിന ഫറൂഖ് പറഞ്ഞു...

മലയാളത്തിന്റെ അക്ഷരപുണ്യം മാധവിക്കുട്ടിയുമായുള്ള ഈ മനോഹര മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചതിനു നന്ദി.

Anya പറഞ്ഞു...

It looks like a very interesting post ;)

Have a wonderful evening my suhruthu
:))))

jyo പറഞ്ഞു...

‘നീര്‍മാതളം പൂത്ത കാലം‘ വായിച്ചപ്പോള്‍ എനിക്ക് മാധവിക്കുട്ടിയോട് ആരാധനയായി.പിന്നെ ‘എന്റെ കഥ’ വായിച്ചപ്പോള്‍ വേദന തോന്നി.ഇത്ര വലിയ ഒരു പ്രതിഭയെ ലോകം കല്ലെറിഞ്ഞ് വീഴ്ത്തിയില്ലേ എന്നതില്‍ ദു:ഖവും.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌.
വായിക്കാൻ വൈകി, വായിച്ചില്ലെങ്കിൽ നഷ്ടമായേനെ.

K@nn(())raan*കണ്ണൂരാന്‍.! പറഞ്ഞു...

ഞങ്ങള്‍ (ഞാനും സാഹിബിന്റെ മോളും) കൊച്ചിയില്‍ പോയപ്പോള്‍ അവരെ കാണണം എന്നൊരു തോന്നല്‍. അവരുടെ ഫ്ലാറ്റില്‍ പോയി കണ്ടിരുന്നു. (താഴെവെച്ച് സെക്കൂരിറ്റിക്കാരന്‍ തടഞ്ഞു. കണ്ണൂരില്‍നിന്നും വരുന്നവരാണെന്ന് പറഞ്ഞിട്ടും വിടുന്നില്ല. ഒടുവില്‍ ഞാനയാളെ തള്ളിയിട്ടു മേലെക്കയറിപ്പോയി. അയാളുമായി വഴക്കിടാന്‍ ആന്റണി എന്ന ഓട്ടോഡ്രൈവറും സഹായിച്ചു) ഒന്നരമണിക്കൂറോളം എഴുത്തുകാരിയോടൊപ്പം തങ്ങി. ഭാര്യയെചൂണ്ടി 'കുട്ടിയെ പൊന്നുപോലെ നോക്കണം' എന്നൊക്കെ പറഞ്ഞു' ചായയും പലഹാരവും തന്നു. കല്യാണി എന്നൊരു ചേച്ചി ഉണ്ടായിരുന്നു അവര്‍ക്ക് സഹായത്തിനു. ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരുന്നു അത്. കേരളം മടുത്തു എന്നൊക്കെ പറഞ്ഞു. സന്‍ഘ് പരിവാരിന്റെയൊക്കെ ഭീഷണി ഉണ്ടായിരുന്നു എന്ന് മനസ്സിലായി. പാവം, ഒടുവില്‍ അവര്‍ പൂനയിലേക്ക് പോയി. പിന്നെ പരലോകത്തെക്കും!

മാഷേ, നല്ല ഓര്‍മ്മക്കുറിപ്പ്‌ തന്നതിന് നന്ദി
(പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കണേ. kannooraan2010@gmail.com)

**

രമേശ്‌ അരൂര്‍ പറഞ്ഞു...

@@കണ്ണൂരാനെ :കണ്ണൂരില്‍ നിന്ന് വന്നവരാണെന്ന് പറഞ്ഞു കണ്ണ് ഉരുട്ടിയാലോന്നും കൊച്ചിക്കാര്‍ പേടിക്കില്ല ..പകരം ഒരു പാട്ട് ,അതും നമ്മുടെ റാഫി സാറിന്റെ പാട്ട് പാടിക്കേള്‍പ്പിച്ചാല്‍ ചിലപ്പോള്‍ പൂമാല യിട്ട് കൊണ്ട് പോയേനെ !
പിന്നെ ആമി പറഞ്ഞതായി ഓര്‍ക്കുന്നു പുതിയ ജീവിതം തുടങ്ങിയപ്പോള്‍ ഇതുവരെ വരാതിരുന്നവരും കൂടി വലിയ സ്നേഹം കാണിക്കുന്നുണ്ടെന്ന് ! സ്നേഹം നടിച്ചിരുന്ന ചിലരൊക്കെ വെറുത്തെന്നും!
ആദ്യം പറഞ്ഞത് കണ്ണൂരാനെ ക്കുറിച്ചായിരിക്കും :)
രണ്ടാമത് സംഘ പരിവാറിനെ കുറിച്ചും !
സന്തോഷം ഈ അഭിപ്രായത്തിന് !

അണ്ണാറക്കണ്ണന്‍ പറഞ്ഞു...

ഭാഗ്യവാന്‍...
ഇത്തിരി നേരമെങ്കിലും ആ എഴുത്തുകാരിയുടെ കൂടെ ഇരിക്കാന്‍ കഴിഞ്ഞല്ലോ...? നീര്‍മാതളത്തിന്റെ മധുരം പോലെ മധുരമായ ഓര്‍മ്മ കുറിപ്പ്.

shaina.... പറഞ്ഞു...

ഞാന്‍ നൂറാമിയാണ്.
ആമിയുടെ ഇഷ്ടക്കാരിയും..!

ആശംസകള്‍.......!

Diya Kannan പറഞ്ഞു...

how lucky you are!!

വി.എ || V.A പറഞ്ഞു...

‘നല്ല തിളക്കമുള്ള സംഭവം, തെളിമയോടെ എഴുതിയത് ‘ ഇപ്പോഴാണ് കണ്ടത്. ഭാഗ്യവാൻ...അതിഭാഗ്യവാൻ....

sankalpangal പറഞ്ഞു...

പുതിയതായി ബ്ലൊഗാരംഭിച്ചയെനിക്ക് താങ്ങളുടെ ഹ്രിദയത്തില്‍ തൊടുന്ന വാക്കുകള്‍ കൂടുതല്‍ പ്രെചോദനമായിരിക്കുന്നുയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ലെയെന്നു തോന്നാം ,പക്ഷെ സത്യമാണത്..

ജാനകി പറഞ്ഞു...

രമേശ്ജി.....
ഞാനൊരു തനി നാട്ടുമ്പുറത്ത്കാ‍രിയായിട്ട് പറഞ്ഞോട്ടെ.അങ്ങ്ട് അസൂയ തോന്നീട്ട് വയ്യ.നേരിട്ട് കണ്ടല്ലൊ...ആ ദേവി ഇവിടെ തൊട്ടടുത്ത് കടവന്ത്രേല് ഉണ്ടായപ്പോ “ ങാ ഇവിടുണ്ടല്ലോ എപ്പഴായാലും പോയി കാണാല്ലോ” എന്ന് വിചാരിച്ച് വിചാരിച്ച് ഒരിക്കലും കാണാൻ പറ്റാണ്ടായി ഇപ്പോ.എന്നിട്ട് പുന്നിയൂർക്കുളത്ത് പോയി പാമ്പിൻ കാവിൽ തൊഴുതു നിന്നു കരഞ്ഞു..എന്നിട്ടെന്തിനാ പാവം നീർമാതളം ഒരു പൊട്ടിപെണ്ണിനെ പോലെ ഒന്നുമറിയാതെ പൂത്തു നിൽക്കണ കണ്ടു.

രമേശ്ജി എഴുതിയതൊക്കെ ഒന്നൊഴിയാതെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്

Akbar പറഞ്ഞു...

കാണാന്‍ വൈകി. വളരെ മനോഹരമായ ഒരു കുറിപ്പ് രമേശ്‌ ജി. താങ്കളുടെ തൂലിക ഏറെ മെയിവഴക്കം കാണിച്ചിരിക്കുന്നു കമലാസുരയ്യയുടെ ഈ ഓര്‍മ്മക്കുറിപ്പില്‍.

RK പറഞ്ഞു...

ചെറുതിന്റെ കമന്റിനു താഴെ ഒരൊപ്പ് .......

അനശ്വര പറഞ്ഞു...

നല്ല പോസ്റ്റ് കേട്ടൊ..കമലാസുരയ്യ എന്ന കഥകാരി മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞ് നില്‍കുക തന്നെ ചെയ്യും...
സ്കൂളില്‍ പഠിക്കുമ്പോള്‍ പുസ്തകത്തിന്റെ പുറകില്‍നിന്നും അവരുടെ ഫോണ്‍ നമ്പറ് എടുത്ത് ഞാനും കൂട്ടുകാരികളും കൂടി അവരുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍ കൊതിച്ചത് ഓറ്ത്തു പോയി...മാറി മാറി വിളിച്ചിട്ടും ആരും എടുത്തില്ല..പിറ്റേന്ന് ഒരു കൂട്ടുകാരി പറഞ്ഞു അവള്‍ വിളിച്ചപ്പൊ ആരോ എടുത്തെന്നും അവരിവിടെ ഇല്ലെന്നും പറഞ്ഞെന്ന്..അവള്‍ ചുമ്മാ തട്ടി വിട്ടതാണോ എന്ന് അറിയില്ലാ ട്ടൊ....
അത്ര മാത്രം എല്ലാറ്ക്കും ഒരു പോലെ ഇഷ്ടമായ മറ്റൊരു എഴുത്തുകാരി ഇല്ല തന്നെ...

sumesh vasu പറഞ്ഞു...

അരൂർജിയുടെ ഭാഗ്യം....

പണ്ട് കുട്ടി ആയിരുന്നപ്പോൾ അവരേക്കുറിച്ചുണ്ടായ തെറ്റിദ്ദാരണകൾ മാറിയത്,... അവരുടെ ക്യതികൾ വായിച്ചും അവരെപ്പറ്റി ശരിക്ക് മനസ്സിലാക്കിയുമാണു... ഇന്നെനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി....

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

മാധവിക്കുട്ടി - കമല സുരയ്യ , ആ രണ്ടു പേരിനു പിന്നിലും രണ്ടു വ്യക്തിത്വങ്ങള്‍ ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാധവിക്കുട്ടിയില്‍ ഒരു കാലത്ത്, സ്നേഹത്തിന്‍റെ ആര്‍ക്കും അറിയാത്ത അല്ലെങ്കില്‍ മനസിലാകാത്ത ഭാവങ്ങളെ തേടിയുള്ള ഒരു ഒടുങ്ങാത്ത യാത്ര സ്വഭാവം ഉണ്ടായിരുന്നു . എന്തിനു വേണ്ടിയാണ് താന്‍ ഒരുപാട് അലയുന്നത് , കാണാത്തതും കേള്‍ക്കാത്തതും ആയ മറ്റൊരു ലോകത്താണ് താന്‍ തേടുന്ന കാര്യങ്ങളെല്ലാം ഉള്ളത് , അല്ലാതെ ഈ ഭൂമിയില്‍ അല്ലായിരുന്നു അതൊന്നും എന്ന തിരിച്ചറിവില്‍ കുറെ ഏറെ കിതപ്പുകളും നെടുവീര്‍പ്പുകളും ആയി കഴിയുന്ന ഒരു വ്യക്തിത്വം ആയി മാറിയതിനെ നമ്മള്‍ വിളിച്ച പേരാണ് കമല സുരയ്യ .


ഇതൊന്നും ശ്രദ്ധിക്കാതെ , സാംസ്കാരിക കേരളം ആ സ്ത്രീയെ മറ്റെന്തൊക്കെയോ ആയി ചിത്രീകരിക്കാന്‍ വെമ്പി. സ്വപ്നലോകത്തിലെ സ്നേഹ ബന്ധങ്ങളെ കണ്ണടച്ചു വിശ്വസിച്ചിരുന്ന മാധവിക്കുട്ടി ജല്പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ഞാന്‍ നേരത്തെ പറഞ്ഞ ജാതി-മത-അതിര്‍ത്തികളില്ലാത്ത, കരയും കടലും സ്നേഹിക്കുമ്പോള്‍ അനുവാദം ചോദിക്കെണ്ടാതില്ലാത്ത ഒരു ലോകത്തിലേക്ക്‌ നമ്മളില്‍ നിന്ന്‌ പലായനം ചെയ്തു.


ഒരു ദുരന്ത നാടകത്തിലെ നായികയുടെ മുഖച്ഛായ അവര്‍ക്കുണ്ടായിരുന്നോ എന്ന് നമ്മുടെ മാനസ്സില്‍ എപ്പോളെങ്കിലും ഒരു ചോദ്യമായി വന്നു പോയെങ്കില്‍ ,അത് ശരി തന്നെ എന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ.

നീര്‍മാതളങ്ങള്‍ ഇനിയും പൂക്കുമായിരിക്കും, എഴുതാന്‍ മാധവികുട്ടി ഇല്ല എന്ന സത്യം അറിയാതെ.

ആശംസകള്‍ രമേഷേട്ടാ ..

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ഇക്കൊല്ലമെങ്കിലും എനിക്കൊന്നു അനുസ്മരികാന്‍ പറ്റി!!
നന്ദി രമേശേട്ടാ.

ishaqh ഇസ്‌ഹാക് പറഞ്ഞു...

തേരോടിച്ചു പോയ പൂക്കാലത്തിന്റെ സ്മരണ..!
നേരത്തെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

ചന്തു നായർ പറഞ്ഞു...

ആമിച്ചേച്ചിയെ പരിചയപ്പെട്ടത് പല നാൾക്ക് മുൻപ്....കാവാലം നരായണപ്പണിക്കർ ചേട്ടന്റെ "കൈക്കുറ്റപ്പാട്" എന്ന നാടകം...അമ്പലമേട്ടിലെ എഫ്.എ.സീ.റ്റൊയിൽ അവതരിപ്പിച്ച നാൾ ആ നാടകത്തിന്റെ സംവിധായകൻ ഞാൻ ആയിരുന്നു..നാടകത്തിനു മുമ്പുള്ള സാംസ്കാരിക സമ്മേളനത്തിൽ ഞാനും ,ആമിയും, റ്റി.പത്മനാഭൻ ചേട്ടനും,കാവാലവും, പിന്നെഞ്ഞാനും ...എന്റെ തൊട്ടടുത്ത സീറ്റിൽ ആമി... നന്നായിട്ടൊന്ന് വെറ്റിലമുറുക്കിയിട്ടാൺ എന്റെ ഇരിപ്പ് " എന്തിനാ ഇങ്ങനെ മുറുക്കുന്നത്" ആമി..."ലൂസാകുമ്പോൾ മുറുക്കണ്ടെ ചേച്ചിയേ? എന്ന് ഞാൻ.....ഞങ്ങൾ അന്നു ഒരു പാട് സംസാരിച്ചു.സുന്ദരിയായ ആ മാന്യ വനിതയുടെ സംസാരവും ,തുറന്നുള്ള പറച്ചിലുകളും എന്നെ അടിമയാക്കി..പിന്നെ പലപ്രാവശ്യം കണ്ട് മുട്ടി.പലകാര്യങ്ങളും ..ഇപ്പോഴും കാണണം എന്ന ആഗ്രഹം തോന്നുമ്പോൾ പാളയം പള്ളിയിലെ ഖബറിൽ പോയി നിൽക്കും....ഒരു പാട് പറയണമെന്നുണ്ട്...പക്ഷേ വാക്കുകല്ക്ക് മരവിപ്പ് മനസ്സിനും..ഇന്നേക്ക് മൂന്ന് വർഷം മുൻപ് ആമിച്ചേച്ചി പോയി.. ഒരു പാട് കാര്യങ്ങൾ പറയാൻ ബാക്കിവച്ചിട്ട്................ രമേശ് ഈ നല്ല ലേഖ്നത്തിനു എന്റെ നമസ്കാരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍