2011, ജൂൺ 20, തിങ്കളാഴ്‌ച

ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത

ത്ര പ്രവര്‍ത്തനം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള വലിയൊരു സാമൂഹിക സേവനം  ആണെന്ന് വിശ്വസിക്കുന്നവരാണു ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അധികവും  .

അത് കൊണ്ടുതന്നെ  എവിടെയെങ്കിലും രഹസ്യമായി  മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നറിഞ്ഞാല്‍ അത് അധികൃതരുടെയും സമൂഹത്തിന്റെയും മുന്നില്‍ കൊണ്ട് വരാന്‍ പത്ര പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരമാണ്

സംഭവം കേള്‍ക്കുന്ന മാത്രയില്‍ തന്നെ  മറ്റാരും അറിയാതെ അതൊരു സ്കൂപ്പ് ആക്കാന്‍ കൊതിച്ചു ഭൂരിഭാഗം പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക്  അവിടെ ഓടിയെത്താന്‍ ശ്രമിക്കാറുമുണ്ട് .
ആദ്യം ആര് എത്തും എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം ഉള്ളൂ .കാരണം ആദ്യം എക്സ് ക്ലൂസീവ്  ആയി വാര്‍ത്ത കൊടുക്കുന്ന ലേഖകന്‍ കുറഞ്ഞത്‌ ആ ഒരു  ദിവസത്തെയെങ്കിലും താരം ആകുമല്ലോ !
എക്സ്ക്ലൂസീവുകള്‍ പലപ്പോഴും അവിചാരിതമായി വീണു കിട്ടുന്നതാണ് .കിടിലന്‍  വാര്‍ത്തകള്‍  ഒന്നും ഇല്ലാതെ 'ഇന്നത്തെ പരിപാടികള്‍ ' മാത്രം എഴുതി  നെടു വീര്‍പ്പിട്ടിരിക്കുന്ന ലേഖകന്റെ മുന്നിലേക്ക്‌ ദൈവം കൊണ്ട് വന്നു തരുന്നത്   പോലെ ചില എക്സ്ക്ലൂസീവ്കള്‍  പ്രത്യക്ഷപ്പെടാറുണ്ട് ! വാര്‍ത്താ സ്രോതസുകളായ  ചില 'ചാരന്മാര്‍'  വഴിയും ഇത് സംഭവിക്കാം !

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം  വെറും മുപ്പത്തി മൂന്നു ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന ജോണ് പോള്‍ ഒന്നാമന്റെ   ആകസ്മിക മരണ വാര്‍ത്ത ലോകം ആദ്യമായി  അറിഞ്ഞതും വാര്‍ത്തയൊന്നും കിട്ടാതെ നിരാശനായി അലഞ്ഞു നടന്നിരുന്ന  ഒരു ലേഖകനിലൂടെയായിരുന്നു !

 1978 സെപ്തംബര്‍ 28 നു   വെളുപ്പിന് മാര്‍പ്പാപ്പ തന്റെ ഉറക്ക മുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടാണ്‌  സഭാ കേന്ദ്രത്തിലെ അന്തേവാസികള്‍ ഉണര്‍ന്നത് . അതൊരു കൊലപാതകം ആയിരുന്നു എന്നും അതല്ല ഹൃദയാഘാതം ആയിരുന്നു എന്നും  വിരുദ്ധ അഭിപ്രായം ഉണ്ട് . മാര്‍പാപ്പയെ  പോലെ ഉന്നതനായ ആധ്യാത്മിക നേതാവ്  മരണപ്പെട്ടാല്‍ അടുത്ത മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുന്നത് വരെ അക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുന്ന കീഴ്വഴക്കമാണ് സഭാ നേതൃത്വം കാലങ്ങളായി പിന്‍ തുടര്‍ന്ന് വന്നിരുന്നത് ! ഈ സംഭവവും അങ്ങനെ അതീവ രഹസ്യമായിവച്ചിരിക്കുകയായിരുന്നു ..
.രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്തകള്‍ അന്വേഷിച്ചു നടന്നു ഒന്നും കിട്ടാതെ വന്ന വിഷമം തീര്‍ക്കാന്‍ ഒരു ബാറില്‍ കയറിയതാണ് ആ ലേഖകന്‍  .തണുത്ത ബിയര്‍ അല്പാല്പമായി നുണഞ്ഞിരിക്കെ വെറുതെ ഒരു തോന്നല്‍ .വത്തിക്കാനിലെ സഭാ  ആസ്ഥാനത്തേക്ക് ഒന്ന് വിളിക്കാന്‍ .

സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ കണ്ണും പൂട്ടി ഫോണില്‍  ഒറ്റ ചോദ്യം ആയിരുന്നു-

"എപ്പോളാണ് അത് സംഭവിച്ചത് ?"

സംഭവങ്ങളെല്ലാം നേരത്തെ വളരെ വ്യക്തമായി അറിഞ്ഞത് പോലെ സ്വാഭാവികമായുള്ള ലേഖകന്റെ ചോദ്യം കേട്ട സഭാ വക്താവ് സംഭവിച്ച കാര്യങ്ങള്‍ മുക്കിയും മൂളിയും പറഞ്ഞു പോവുകയും പിന്നീടത്‌ ലോകത്തെ നടുക്കിയ എക്സ്ക്ലൂസീവ് വാര്‍ത്തയായി മാറുകയും ചെയ്തു  എന്നാണു ചരിത്രം .

എക്സ് ക്ലൂസീവ് വാര്‍ത്തകള്‍ ചിലപ്പോള്‍ ബൂമറാങ്ങ്  പോലെ തിരിഞ്ഞു കൊള്ളാറുണ്ട്‌..ഒന്നുകില്‍ അത് എഴുതിയ ആള്‍ക്കെതിരെ അല്ലെങ്കില്‍ അത് വായിക്കുന്ന പൊതു ജനത്തിനെതിരെ ..എനിക്കും ഉണ്ടായി അത്തരം ഒരനുഭവം !

നാലഞ്ചു കൊല്ലം മുന്‍പാണ് .വാര്‍ത്തകള്‍ ഇല്ലാതെ മടി പിടിച്ച് ഇരിക്കുന്ന ഒരു സായാഹ്ന്നം .പ്രസ് ക്ലബ്ബില്‍ .ഞങ്ങള്‍ നാലഞ്ചാളുണ്ട്  ..വെറുതെ സൊറ പറഞ്ഞിരിക്കുമ്പോളാണ് ഒരാള്‍  അങ്ങോട്ട്‌ കയറി വന്നത്  ! ഒരു പരിചയക്കാരന്‍ .  കാണുമ്പോളൊക്കെ എന്തെങ്കിലും ഉണ്ടാകും  ആശാന്റെ കയ്യില്‍ നാളത്തെ വാര്‍ത്തയിലേക്ക്  ഒരു സംഭാവനയായി  ! 

അന്ന് ഒരെക്സ്‌ ക്ലൂസീവ് ഐറ്റം ആണ് പുള്ളിക്കാരന്റെ കയ്യില്‍ ! 

ഒരു യുവാവിനെ  ദിവസങ്ങളായി വീട്ടു തടങ്കലില്‍ ആക്കി മാതാ പിതാക്കളും ഭാര്യയും വീടും പൂട്ടി മുങ്ങിയെന്ന് ! 

കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്നു ! 

സംഭവം കേട്ട് ഞങ്ങള്‍ ആവേശ ഭരിതരായി ചാടി എഴുന്നേറ്റു വണ്ടിയുമെടുത്ത് ഫോട്ടോ ഗ്രാഫറുമൊത്തു പുറപ്പെട്ടു .ചന്തിരൂര്‍ എന്ന ഗ്രാമത്തിലെ തീരമേഖലയിലെ ഒരു വീട്ടിലാണ് അയാള്‍ തടവില്‍ ഉള്ളത് 

പരിസരത്തു വീടുകള്‍ ഒന്നും ഇല്ല ;  ആളുകളും !

വീടിനു ചുറ്റും കനത്ത ബന്തവസില്‍ വേലികെട്ടുകള്‍ .ഞങ്ങള്‍ മുന്‍ഭാഗത്തെ വേലി പൊളിച്ചു അകത്തു കയറി .ചെറിയൊരു വീടാണ് .ഭാഗ്യത്തിന് കയറിചെല്ലുന്ന ഭാഗത്ത് തന്നെ ഒരു ജനല്‍ പാളി തുറന്നു കിടപ്പുണ്ട് .നേരം വൈകിയിരുന്നു ,മുറിക്കുള്ളില്‍ കനത്ത ഇരുട്ട് .തുറന്ന ജനല്‍ വഴി ഞങ്ങള്‍ അകത്തേക്ക് നോക്കി .മുറിയില്‍ നിന്ന് മനുഷ്യ വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധം !

ആള്‍ പെരുമാറ്റം കേട്ട് അകത്തെ ഇരുളില്‍ നിന്ന് ഒരു യുവാവിന്റെ മുഖം ജനലിനടുത്തേക്ക് നീണ്ടു  വന്നു. ആരോ അകത്തേക്ക് ടോര്‍ച് മിന്നിച്ചു ..

പ്രാകൃതമായ രൂപം .കണ്ടാല്‍ തന്നെ അറിയാം പാവം അയാള്‍ കടുത്ത പട്ടിണിയിലും ആണെന്ന്  .ഞങ്ങളെ കണ്ട ഉടനെ അയാളുടെ മുഖം തെളിഞ്ഞു .
എന്താണ് സംഭവിച്ചതെന്ന  ചോദ്യത്തിന് ഉത്തരമായി അയാള്‍ പെറ്റ തള്ളയടക്കം തന്നെ പീഡിപ്പിക്കുകയും ഭ്രാന്തന്‍ എന്ന് മുദ്രകുത്തി ആഹാരം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു എന്ന് പറഞ്ഞുകരയാന്‍ തുടങ്ങി , 

അയാളുടെ പെരുമാറ്റം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി അയാള്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്ന്!
അത് കൊണ്ടുതന്നെ അയാളെ ഈ അവസ്ഥയില്‍  തള്ളിയ ബന്ധുക്കളോട്  നീരസം തോന്നുകയും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍    തീരുമാനിക്കുകയും ചെയ്തു 

ഇതിനിടയില്‍ വിവരമറിഞ്ഞെത്തിയ  ഒരു ബന്ധു 
"ഇവന് ഭ്രാന്താണ് "   എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു ..

"അതുകൊണ്ട്   ഇങ്ങനെ പൂട്ടിയിട്ട് പീഡിപ്പിച്ചും പട്ടിണിക്ക് ഇട്ടും കൊല്ലാക്കൊല ചെയ്യണോ ?  ഏതെങ്കിലും ആശു പത്രിയില്‍ കൊണ്ട് പോയ്ക്കൂടെ"  എന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി പിന്‍ വാങ്ങി

തടവില്‍ നരകിക്കുന്ന യുവാവിന്റെ  വിവിധ പോസുകളിലുള്ള  ഫോട്ടോകളും  കദന കഥകളും , ബന്ധുക്കളുടെ ക്രൂരതയും ഒക്കെ വിവരിക്കുന്ന   വാര്‍ത്തകളുമായാണ്    പിറ്റേന്ന്  ഒട്ടു മിക്ക പത്രങ്ങളും ഇറങ്ങിയത്‌ !

വാര്‍ത്തയ്ക്കു ഉടന്‍ തന്നെ ഫലമുണ്ടായി ..സംഭവം അറിഞ്ഞ പോലീസ് പാഞ്ഞെത്തി  അയാളെ തടവില്‍ നിന്ന് മോചിപ്പിച്ചു ആശുപത്രിയിലേക്ക് കൊണ്ട് പോയി .പത്ര .വാര്‍ത്ത കണ്ടാണ്‌      'അകലത്തുള്ള അയല്‍വാസികള്‍ പോലും'     ഈ ക്രൂര പീഡനം അറിയുന്നതത്രേ !
എല്ലാവരും മൂക്കത്ത് വിരല്‍ വച്ചു! വാര്‍ത്ത മൂലം ഒരു യുവാവ് രക്ഷപ്പെട്ടത് ഫോളോ അപ് വാര്‍ത്തയായി കൊടുത്ത് പിറ്റേന്നും ഞങ്ങള്‍ ആഘോഷിച്ചു .

അതോടെ ആ സംഭവം അവിടെ ഉപേക്ഷിച്ചു  കൂടുതല്‍ പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയായി ഞങ്ങളുടെ അന്വേഷണം .പതുക്കെ അയാളെ എല്ലാവരും   മറന്നു .. കഷ്ടിച്ച് ഒരു മാസം കഴിഞ്ഞു കാണും 

പതിവ് പോലെ കടുത്ത വാര്‍ത്താ പട്ടിണി കൊണ്ട് വിശന്നിരിക്കുകയായിരുന്ന പ്രസ്‌ ക്ലബ്ബിലേക്ക് "അയാള്‍-" ഞങ്ങളുടെ "വാര്‍ത്താ സ്രോതസ്"  പരിഭ്രമത്തോടെ കയറി വന്നു ..ഇത്തവണ ഒരു കൊലപാതക വാര്‍ത്തയാണ് അയാളുടെ കയ്യില്‍ .

ഉറങ്ങിക്കിടന്ന വൃദ്ധനായ  ഭാര്യാ പിതാവിനെ മരുമകന്‍ യാതൊരു പ്രകോപനവും കൂടാതെ കുത്തിക്കൊന്നിരിക്കുന്നു ..! 

 ആവേശത്തോടെ അയാള്‍ നല്‍കിയ പ്രതിയുടെ മേല്‍വിലാസവും ചിത്രവും  കണ്ടു ഞങ്ങള്‍ മുഖത്തോടു  മുഖം നോക്കി അന്തിച്ചിരുന്നു   !
എല്ലാവരും കൂടി  വാര്‍ത്ത എഴുതി തടവില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ യുവാവായിരുന്നു കൊലപാതകി !.

അയാള്‍ കടുത്ത മാനസിക രോഗിയായിരുന്നെന്ന്  !


101 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ശരിക്കും തിരിഞ്ഞുകൊത്തുന്ന ബൂമറാങ്ങ് തന്നെ ചില വാര്‍ത്തകള്‍ !>> വാര്‍ത്ത കണ്ടാണ്‌ അകലത്തുള്ള അയല്‍വാസികള്‍ പോലും ഈ ക്രൂര പീഡനം അറിയുന്നതത്രേ !<<

അകലെയുള്ളവര്‍ അയല്‍വാസികള്‍ അല്ല. അടുത്തുള്ളവരല്ലേ അയല്‍വാസികള്‍ ? അപ്പോള്‍ തിരുത്തൂ.

നിശാസുരഭി പറഞ്ഞു...

അന്ന് നാട് വിട്ടോടീ‍താ രമേശ് റോയിട്ടര്‍‍, പൊങ്ങിയത് മണലാരണ്യത്തിലും, ബൂമറാംഗിന്റെ ഒരു ശക്തിയേയ്!! ഹിഹിഹ്!!

ശ്രീനാഥന്‍ പറഞ്ഞു...

ഒരു കൊലച്ചതിയായി പോയി അല്ലേ രമേശ്! പത്രക്കാർ ഇതുപോലെ കുറെ ഒപ്പിക്കാറുണ്ട്. എങ്കിലും അവരെടെ ഒരു അഗ്രസ്സീവ്നെസ്സ് എന്നെ കൊതിപ്പിച്ചിട്ടുണ്ട്!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ശരിക്കും ബൂമറാങ്ങ് തന്നെ ചില വാര്‍ത്തകള്‍ ...! എന്നാലും സ്കൂപ്പ് കിട്ടുമ്പോഴുള്ള ത്രില്ലിനു മുന്നില്‍ അതൊക്കെ നിസ്സാരം ല്ലേ ഭായ് ...

രമേശ്‌ അരൂര്‍ പറഞ്ഞു...

@@കണ്ണൂരാന്‍ :അകലത്തുള്ള അയല്‍വാസികള്‍ എന്നത് ഞാന്‍ മന:പൂര്‍വം എഴുതിയ വാക്കാണ്‌ ;പത്ര ഭാഷ എന്നൊക്കെ പറയൂല്ലേ :) അതിനു മുന്‍പ് "പരിസരത്തു വീടുകള്‍ ഒന്നും ഇല്ല ; ആളുകളും" എന്ന് എഴുതിയത് ശ്രദ്ധിക്കുമല്ലോ..

mayflowers പറഞ്ഞു...

ഇതിനെയാണ് മൂലയില്‍ വെച്ച മഴുവെടുത്ത് കാലിനിട്ടു എന്ന് പറയുന്നത്.
:)

Jazmikkutty പറഞ്ഞു...

ഒരു പാവം മനുഷ്യനെ കൊല്ലാന്‍ കൂട്ട് നിന്നിട്ട് സമാധാനമായല്ലോ അല്ലേ?
അതിന് ശേഷമാ രമേശ്‌ സാറിനെ സൗദിയിലേക്ക് നാട് കടത്തിയത് അല്ലേ? :)

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

ഏതായാലും രണ്ടു രസകരമായ സംഭവങ്ങള്‍ പറഞ്ഞുതന്നതിന് നന്ദി രമേഷ് ചേട്ടാ. ഏതായാലും, ആ മരിച്ച വൃദ്ധന്റെ ബന്ധുക്കളുടെ കൈയില്‍പ്പെടാതെ ഒന്ന് സൂക്ഷിച്ചു നടന്നോ . :-)

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

>> വാര്‍ത്ത കണ്ടാണ്‌ അകലത്തുള്ള അയല്‍വാസികള്‍ പോലും ഈ ക്രൂര പീഡനം അറിയുന്നതത്രേ !<<

എന്ന വരികള്‍ക്കിടയില്‍ '....' ഈ ചിഹ്നം ഇല്ലായിരുന്നു. അതാ സംശയിച്ചത്. ഇപ്പോള്‍ ഈ ചിഹ്നം (quatation mark) കാണുന്നു.
പത്രഭാഷ പറഞ്ഞു കണ്ണൂരാനെ പറ്റിക്കേണ്ട കേട്ടോ.
ഹുഹുഹൂ..!

ചെറുവാടി പറഞ്ഞു...

എനിക്കാ വത്തിക്കാന്‍ റിപ്പോര്‍ട്ടറെയാണ് ഇഷ്ടായത്.
പത്ര പ്രവര്‍ത്തനത്തിനിടയിലെ ഇത്തരം അനുഭവങ്ങള്‍ കൂടുതല്‍ പങ്കു വെക്കൂ.
അനുഭവം നന്നായി വിവരിച്ചു.

Lipi Ranju പറഞ്ഞു...

അല്ല രമേഷേട്ടാ, അയാള്‍ക്ക് ഭ്രാന്താണെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റ്‌ ചെയ്യുകയല്ലേ വേണ്ടത് ! അല്ലാതെ
പട്ടിണിക്കിടുകയാണോ ചെയ്യുക ! അതുകൊണ്ടു അവിടെ നിങ്ങള്‍ ചെയ്തത് മാധ്യമ ധര്‍മം തന്നെയല്ലേ! പിന്നീടു അസുഖം ഉള്ള അയാളെ ഹോസ്പിറ്റലില്‍ നിന്നും വിട്ടതാരാ!! അതും മാധ്യമങ്ങളുടെ
കുറ്റമല്ലല്ലോ.... പക്ഷെ കറങ്ങിത്തിരിഞ്ഞ്‌ വന്നപ്പോ ഒക്കെ
നിങ്ങളുടെ തലയിലായോ ! പാവം മാധ്യമ പ്രവര്‍ത്തകര്‍ അല്ലെ..

രമേശ്‌ അരൂര്‍ പറഞ്ഞു...

ഒന്ന് ക്ഷമീര് എന്റെ കണ്ണൂരാനെ ..കൊട്ടേഷന്‍ (' ')കൊടുത്ത് ഞാന്‍ രക്ഷപ്പെട്ടല്ലോ ..ഇനി കണ്ണൂരാനെ ഒതുക്കാന്‍ വേറെ ക്വട്ടേഷന്‍ കൊടുക്കേണ്ടി വരുമോ ?
ലിപീ ആ സംഭവം തലയില്‍ ആയി എന്നല്ല ചില ഉപകാരങ്ങള്‍ ഗുണത്തെക്കാള്‍ അധികം ദോഷം വരുത്തും എന്ന ഗുണപാഠം ആണ് ഈ സംഭവം..എല്ലാത്തിന്റെയും അന്ത്യ വിധി നിശ്ചയിക്കാ നൊന്നും പത്രക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലല്ലോ ..

anju nair പറഞ്ഞു...

രമേഷേട്ടാ......കലക്കി..."സോര്‍സ് ക്രെടിബിലിറ്റി" എന്ന്‌ വെറുതെ അല്ല ജേര്‍ണലിസം ക്ലാസ്സില്‍ പഠിപ്പിക്കുന്നത്‌ അല്ലെ..??

മുകിൽ പറഞ്ഞു...

എന്നാലും രക്ഷപ്പെടുത്തിയപ്പോള്‍ ചികിത്സയുടെ കാര്യം ആരെങ്കിലും ഓര്‍ക്കണമായിരുന്നു!

രമേശ്‌ അരൂര്‍ പറഞ്ഞു...

@മുകിലെ ദേ അത് മാത്രം പറയരുത് .. പോലീസുകാര്‍ അയാളെ ആശുപത്രിയില്‍ ആക്കി യത് കണ്ടല്ലേ ഞങ്ങള്‍ പിരിഞ്ഞത് പിന്നെ ..പത്രക്കാര്‍ എന്നൊക്കെ പറഞ്ഞു വെറുതെ ജാടയും അടിച്ചു നടക്കാം എന്നെ ഉള്ളൂ ..പത്തു പൈസ കാണില്ല പലരുടെയും പോക്കറ്റില്‍ ..പലപ്പോഴും പട്ടിണിയില്‍ ആയിരിക്കും എന്നതും നേര് ...അതൊക്കെ ഒരു പത്രത്തിലും വരാന്‍ സാധ്യത ഇല്ലാത്ത വലിയ സ്കൂപ്പ് സ്റ്റോറികളാ..അതെക്കുറിച്ച് വൈകാതെ എഴുതുന്നുണ്ട് ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അതോടെ ആ സംഭവം അവിടെ ഉപേക്ഷിച്ചു കൂടുതല്‍ പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയായി ഞങ്ങളുടെ അന്വേഷണം .പതുക്കെ അയാളെ എല്ലാവരും മറന്നു ..പത്രക്കാരുടെ യഥാര്‍ത്ഥ മുഖം.
കൊള്ളാം രമേശേ. നല്ലതായി എഴുതി

മാനവധ്വനി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മാനവധ്വനി പറഞ്ഞു...

പത്രക്കാർ (ലേഖകർ ) എന്താണ്‌ സംഭവം എന്ന് ശരിക്കറിയാതെ പൊടിപ്പും തോങ്ങലും വലിച്ചു കെട്ടി പറയുന്നത്‌ കാണുമ്പോൾ ചിലപ്പോൾ ചിരി വരാറുണ്ട്‌...

പല പത്രങ്ങളും..സുനാമി വന്നപ്പോഴും മറ്റ്‌ അപകടങ്ങൾ വന്നപ്പോഴും ഒക്കെ കണക്കുകൾ നിരത്തുന്നത്‌ കാണുമ്പോൾ ആളുകളെ കൊല്ലാൻ ഇവർക്കെന്താണിത്ര ഉത്സാഹം എന്നു തോന്നിപ്പോകുന്നു..
ഉദാഹരണത്തിന്‌,
ഒരു പത്രത്തിൽ 2000 മരണം കവിഞ്ഞു എന്ന് എഴുതി,

മറ്റൊരു പത്രത്തിൽ 2400 എന്ന്
വേറൊന്നിൽ 2500 പേർ എന്ന് തികച്ചും കൃത്യമാക്കി എഴുതി..

ഒടുവിൽ അധികൃതർ കണക്ക്‌ പറഞ്ഞപ്പോൾ 1900 പേർ എന്നും...
പിറ്റേന്നത്തെ അതേ പേപ്പർ പരിശോധിച്ചപ്പോൾ 2500 പേർ എന്നത്‌ ഉണ്ടായിരുന്നില്ല

അപ്പോൾ പത്രക്കാർ 600 പേരെ വെറുതെ രസത്തിനു കൊന്നുവെന്നല്ലേ അർത്ഥമാക്കേണ്ടത്‌?

അതു പോലെ ഒരു ന്യൂസുണ്ടായിരുന്നു.. ഒരിടത്ത്‌ ടീവിയിൽ നിത്യവും കൊലപാതക പരമ്പര ലൈവ്‌ ആയി കാണിക്കുമത്രെ..അവർക്കു മാത്രമേ അത്‌ കിട്ടുകയുള്ളൂ... പോലീസ്‌ അന്വേഷിച്ചു വന്നപ്പോൾ ആ വാർത്ത വായിക്കുന്നവൻ തന്നെയാണ്‌ ഗുണ്ടകളെ വെച്ച്‌ കൊല്ലുന്നതും ലൈവായി കൊല പകർത്തുന്നതും...

എന്തൊക്കെ കാണണം.. എന്തൊക്കെ കേൾക്കണം?

എന്തായാലും പത്രപ്രവർത്തനം ഒരു കല തന്നെയാണ്‌... നല്ലതിനെ ചീത്തയാക്കാനും ചീത്തയെ നല്ലതാക്കാനും..ചുരുക്കം ചിലപ്പോൾ സത്യം തുറന്നെഴുതാനും!

"അതോടെ ആ സംഭവം അവിടെ ഉപേക്ഷിച്ചു കൂടുതല്‍ പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയായി ഞങ്ങളുടെ അന്വേഷണം .പതുക്കെ അയാളെ എല്ലാവരും മറന്നു ."

തുറന്നെഴുതിയതിനു ഭാവുകങ്ങൾ നേരുന്നു

രമേശ്‌ അരൂര്‍ പറഞ്ഞു...

@@മാനവ ധ്വനിയുടെ കമന്റു വായിച്ചപ്പോള്‍ എന്റെയീ പോസ്റ്റ് ഒരു ബൂമറാങ്ങ് ആയി എനിക്കെതിരെ തിരിയുന്നുണ്ടോ എന്നൊരു സംശയം.
സുഹൃത്തെ ഇതൊക്കെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്നത് മാത്രമാണ്..പിന്നെ ഒരു വാര്‍ത്തയ്ക്ക് പിന്നാലെ മാത്രം നടന്നാലും വായനക്കാര്‍ ചോദിക്കും ഇവര്‍ക്ക് ഇതല്ലാതെ വേറെ വാര്‍ത്ത ഒന്നും ഇല്ലേ എന്ന് ! ജനങ്ങള്‍ അല്പം എങ്കിലും സത്യം അറിയുന്നത് മാധ്യമങ്ങളുടെ ഇടപെടല്‍ ഒന്നുമാത്രം കൊണ്ടാണ് എന്നറിയുക..നന്ദി..:)

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

പാവം പാവം പത്രപ്രവര്‍ത്തകന്‍...!

രണ്ട് സംഭവങ്ങളും കൊള്ളാം... പത്രപ്രവര്‍ത്തകനല്ലെങ്കിലും രണ്ടാമത്തെ സംഭവുമായി സാദൃശ്യമുള്ള ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാത്രി സ്ത്രീകള്‍ മാത്രം താമസിക്കുന്ന വിട്ടില്‍നിന്നും കള്ളന്‍ കള്ളന്‍ എന്ന വിളി കേട്ടപ്പൊള്‍ കൂട്ടുകാരെല്ലാവരുംക്കൂടെ ഓടിചെന്ന് ആളെ പിടിച്ച് നല്ലോണം പെരുമാറി പോലീസിലേല്പ്പിച്ചു. പിറ്റേന്ന് അവന്‍ മാനസിക രോഗി ആണെന്നറിഞ്ഞപ്പോള്‍, തലേദിവസം 'ഓന്റെ നാഭിക്ക് ചൗട്ടെടാ' എന്നൊക്കെ പറഞ്ഞ ഇത്താത്തമാര്‍ പറയാ 'ആ സുഖല്ല്യാത്ത ചെക്കനെ വേദനാക്കിയ ഇങ്ങളൊന്നും ഒരുകാലത്തും ഗുണം പിടിക്കൂലെടാ പഹയന്മാരേ' എന്ന്

അതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇവിടെ ഞെക്കിയാല്‍ വായിക്കാം

Sukanya പറഞ്ഞു...

ഇത് തന്നെയാണ് ബൂമറാങ്ങ്. അയല്‍വാസികള്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
അണിയറ രഹസ്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി.

Rinsha Sherin പറഞ്ഞു...

നന്നായിരിക്കുന്നു രമേശന്‍ചേട്ടാ......

Ashraf Ambalathu പറഞ്ഞു...

ചിലപ്പോള്‍ നമുക്ക് നേരിട്ട് അനുഭവമുള്ള സംഭവങ്ങള്‍,
പത്രക്കാരുടെ ഭാഷയില്‍ വായിക്കുമ്പോള്‍,
മൂക്കത്ത് വിരല്‍ വെച്ചു പോകും.
എന്തായാലും ഈ കുറിപ്പ് നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

വത്തിക്കാന്‍ മാര്‍പ്പാപ്പയുടെ മരണം രഹസ്യം ആക്കി വയ്ക്കും എന്ന് ഇപ്പോഴാ പിടികിട്ടിയെ.. ആ കഥയിലെ റിപ്പോര്‍ട്ടര് ഭാഗ്യം ചെയ്തവനാ. ..താരമായില്ലേ..താരം. പിന്നെ ചേട്ടന്റെ ഈ പോസ്റ്റ്‌ ഒരു ബൂമാറാംഗ് ആയോ എന്ന് ചില കമന്‍റുകള്‍ വായിച്ചപ്പോള്‍ ഒരു സംശയം :-)

moideen angadimugar പറഞ്ഞു...

ആദ്യം jazimikkutty ടെ അഭിപ്രായത്തിനു ഒരു പുഞ്ചിരി.

സംഭവം കേള്‍ക്കുന്ന മാത്രയില്‍ തന്നെ മറ്റാരും അറിയാതെ അതൊരു സ്കൂപ്പ് ആക്കാന്‍ ഓടുന്ന മാധ്യമപ്രവർത്തകർ മൂലം ദുരിതം അനുഭവിക്കുന്ന നിരവധി പേരുണ്ട് കേരളത്തിൽ. എല്ലാവർക്കും വേണ്ടത് എക്സ്ക്ലൂസീവ് വാർത്തകളാണ്.അതിന്റെ നെല്ലും പതിരും തിരിച്ചറിയാനുള്ള നേരമൊന്നും ഇവർക്കില്ല. അതൊട്ടും അവർക്കറിയേണ്ടതില്ല താനും.
മലയാളത്തിലെ ഒരു പ്രമുഖ ചാനൽ നൽകിയ എക്സ്ക്ലൂസീവ് വാർത്ത കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് തീരാദു:ഖം അനുഭവിക്കുന്ന ഒരാളെ ഈയുള്ളവനറിയാം.
മാധ്യമപ്രവർത്തകരെന്നു കേൾക്കുന്നത് തന്നെ എനിക്കിപ്പോൾ പുച്ഛമാണ്.(രമേശേട്ടൻ ക്ഷമിക്കണം,താങ്കളീ ഗണത്തിലില്ല)

രമേശ്‌ അരൂര്‍ പറഞ്ഞു...

അയ്യോ മൊയ്തീനെ ..അങ്ങനെ പറയരുതേ ...മാധ്യമ പ്രവര്‍ത്തകരും സമൂഹത്തിന്റെ ഭാഗമാണ് ..വലിയ വെല്ലുവിളികളും മത്സരങ്ങളും നേരിടുന്ന മേഖലയാണ് അത് ..ചിലപ്പോളൊക്കെ വാര്‍ത്തകള്‍ കൊണ്ട് ഒരു ചെറിയ വിഭാഗം ബുദ്ധിമുട്ടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ് ..കൈവിട്ട സൂത്രം തന്നെയാണ് വാര്‍ത്തയും ...തിരിച്ചെടുത്താലും അതുണ്ടാക്കുന്ന മുറിവുകള്‍ ഭീകരവും ..അവര്‍ നേരിടുന്ന യാഥാര്‍ത്യങ്ങള്‍ കൂടി പിന്നാലെ പറയാം ..പുച്ഛം തോന്നാന്‍ ഇടയില്ലാത്ത സത്യങ്ങള്‍ ..

Jefu Jailaf പറഞ്ഞു...

ഇത് s കത്തി പിടിപ്പിച്ച ബൂമറാങ്ങ് തന്നെ രമേഷേട്ട. കാര്യങ്ങള്‍ കഥയിലൂടെ നല്ല രസകരമായി തന്നെ പറഞ്ഞു. മാര്‍പ്പാപ്പയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് വളരെ നന്നായിരിക്കുന്നു..

master/മാസ്റ്റര്‍ പറഞ്ഞു...

ഈ പത്രലേഖകരുടെ ഒരു കാര്യം. എന്തായാലും രണ്ടാളെ കൊലക്ക് കൊടുത്തപ്പോള്‍ സമാധാനമായല്ലോ?
പിന്നെ ഈ എക്സ്ക്ലുസിവ് ന്യൂസ്‌ കിട്ടാന്‍ കഷ്ടപ്പെടുന്ന പത്രലെഖകന്റെ കഥയാണ്‌ സ്വലേ എന്ന ചിത്രത്തില്‍ പറയുന്നത്.
പിന്നെ ചിലരുണ്ട് , എക്സ്കുല്സിവിന്റെ കൂടെ പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്നവര്‍ ....
എന്തായാലും ഇതൊരു സാമൂഹിക സേവനമായിട്ടു നിര്‍വഹിക്കുന്നവരും അനവധിയാണ്
ആശംസകള്‍ രമേശ്‌ ജി
by ismail chemmad

ജസ്റ്റിന്‍ പറഞ്ഞു...

യാഥാര്‍ത്യത്തെ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ പത്രക്കാര്‍ക്ക് വാര്‍ത്തകളും എന്നാല്‍ കുടുമ്പക്കാര്‍ക്ക് എങ്ങനെ പാരയും ആകുന്നു എന്നതിന്റെ വ്യക്തമായ ഒരു തെളിവ്. പല വാര്‍ത്തകളും യാഥാര്‍ത്യം അറിയാതെയാണ് നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും എന്നതിന്റെ വ്യക്തമായ ഉദാഹരണം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

സമൂഹത്തിലെ എല്ലാ വിഷമതകളും പുറത്തു കൊണ്ട് വരുന്ന പത്രലേഖകരുടെ വിഷമതകള്‍ പുറത്തുകൊണ്ടുവരാന്‍ പത്രലെഖകനായ താന്കള്‍ക്ക് വിഷമമുണ്ടാകില്ല എന്ന് കരുതുന്നു.

വീ കെ പറഞ്ഞു...

പത്രപ്രവർത്തനം അത്ര ചുമ്മാ പ്രവർത്തനം അല്ലെന്നു മനസ്സിലായി...!
ചിലപ്പോൾ നാട്ടുകാര് കൈകാര്യം ചെയ്യാനും ഇടയക്കുമല്ലെ..?
പിന്നെ ഗുണ്ടകളെ പേടിക്കണം. സംരക്ഷണം തരേണ്ട പോലീസ്സിനേയും പേടിക്കണം..!
ഇപ്പൊഴാ മനസ്സിലായേ ‘സൌദിയിൽ’ പൊങ്ങിയതിന്റെ സീക്രട്ട്..!!

ആശംസകൾ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ശരിക്കും തിരിഞ്ഞ് കൊത്തിയ ഒരു എസ്ക്ലൂസീവ് വാർത്താനുഭവം...!

വർത്തകൾ ചോർത്തികൊടുത്തതിന് ..
ഒരു ചാരന്റെ പണി പോയ കഥ ഈയ്യിടെ ഞങ്ങളുടെ കമ്പനിയിലും നടന്നു കേട്ടൊ ഭായ്

അണ്ണാറക്കണ്ണന്‍ പറഞ്ഞു...

ഹും....ഇപ്പൊ സമാധാനമായല്ലോ....?

MyDreams പറഞ്ഞു...

അല്ലെങ്കിലും ഈ പത്രകാര്‍ പാതിയെ കേള്‍ക്കു ......പാതി കേള്‍ക്കാന്‍ സമയം ഉണ്ടാവില്ല ..അതിനു മുന്പ് വേറെ ആര് എങ്കിലും അത് സ്കൂപ്പ് ആകിയാല്ലോ എന്നെ പേടിയില്‍ ഓട്ടമാണ് ...അത് പോലെ തന്നെ ഇതും ....ബ്രാന്തനാണ് അയാള്‍ എന്ന് കേള്‍ക്കാന്‍ നിന്നില്ല പകരം ഒരു കോളും വാര്‍ത്ത‍ മാത്രമായി പോയി ലക്ഷ്യം ......

ചന്തു നായര്‍ പറഞ്ഞു...

രമേശും,അജ്ഞു നായരും അനുഭവിച്ച, അനുഭവിക്കുന്ന വിഷമതകൾ അവർക്കല്ലേ അറിയൂ....എസ്ക്ലൂസീവ് വാർത്തകൾക്കായി ഇവരൊക്കെ ഓടുന നെട്ടോട്ടം..റ്റി.വി.വാർത്താചാനൽ തുറന്നാൽ എസ്ക്ലൂസീവ് വാർത്തകൾ ഒന്നും കണ്ടില്ലെങ്കിൽ ‘ഓ..ഇതിലൊന്നും ഇല്ലെടേ’ എന്ന് പറയുന്ന പ്രേക്ഷകരും, രാവിലെ പത്രം എടുത്ത് നോക്കുമ്പോൾ പ്രസ്തുത ‘എസ്ക്ലൂസീവ്‘ വീരനെ കണ്ടില്ലെങ്കിൽ “ വെറുതെയാ ഇതൊക്കെ വരുത്തുന്നത്, വേറുതെ പൈസ കളയാൻ“ എന്നൊക്കെ മൊഴിയുന്ന നമ്മുടെ മുമ്പിൽ....ബൂമാറാംഗ് അല്ല ഇരുതലമൂർച്ചയുള്ള വാൾ ആണ് എന്നറിവുണ്ട്ങ്കിൽ പോലും ലേഖകർ വാർത്തകൾ കൊടുത്തിരിക്കും ഇല്ലെങ്കിൽ വീട്ടിൽ പോയി ഇരിക്കേണ്ടി വരും... രമേശ്...ഈ അനുഭവക്കുറിപ്പിന് എന്റെ ആശംസകൾ

AFRICAN MALLU പറഞ്ഞു...

പോസ്റ്റ്‌ ഇട്ടപ്പോള്‍ തന്നെ വായിച്ചു. ‍ ആദ്യ കമന്റുകള്‍ ‌ വരട്ടെന്ന് വച്ച് മാറി നിന്നതാണ്. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു .സ്വ. ലെ കണ്ടപ്പോ അത് കുറച്ചു എക്സാഗരേഷനായി ആയി തോന്നി പക്ഷെ ഏകദേശം പരിപാടികള്‍ അങ്ങിനെ ഒക്കെ തന്നെയാണ് അല്ലെ . എനിക്ക് പത്രക്കാരോടുള്ള പരാതി ഒരു വാര്‍ത്ത‍ വരുമ്പോ രണ്ടു ദിവസം അതിന്റെ ഒരു ഉത്സവമവും പിന്നെ അത് കഴിഞ്ഞാ യാതൊരു വിവരവും ഇല്ല .

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഇത് പോലത്തെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാവില്ലേ ഈ പത്ര പ്രവര്‍ത്തക ജീവിതത്തിനിടയില്‍...?
വാര്‍ത്തക്ക് പിന്നിലെ കഥകള്‍... എല്ലാം പോരട്ടെ....

മുല്ല പറഞ്ഞു...

നന്നായ് രമേശ് ജീ വാര്‍ത്തക്ക് പിന്നിലെ കഥ. ഉദ്ദേശം കണ്ടിട്ട് ഇത് തുടരന്‍ ആക്കാനാണു പരിപാടി അല്ലേ..? എല്ലാ ആശംസകളും..

നാമൂസ് പറഞ്ഞു...

പോലീസ് ഇടപെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയ സ്ഥിതിക്ക് ഒരു 'വാര്‍ത്ത' അത് മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍, അത് വിജയിച്ചിരിക്കുന്നു.
മറ്റൊന്ന്, നന്മയാണ് താത്പര്യമെങ്കില്‍.. പോലീസ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലും 'അദ്ദേഹത്തിന്' മതിയായ ചികിത്സ ലഭിച്ചിരിക്കാമെന്ന അനുമാനത്തിലും അതിന് കാരണക്കാരായ 'പത്ര പ്രവര്‍ത്തകര്‍' അവരുടെ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു. എന്നാല്‍, ശേഷം മേല്‍ചൊന്ന കഥാപാത്രം ഒരു കൊലപാതകിയായി മാറിയിരിക്കുന്നുവെന്ന സവിശേഷ സാഹചര്യത്തിന് സത്യത്തില്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്തകളുടെ വഴികാട്ടിക്കും എന്തുത്തരവാദിത്തമാണ് ഉള്ളത്..??

എങ്കിലും, ഒരു 'വാര്‍ത്തയുടെ' സ്രോതസ്സും അതിന്‍റെ 'അന്വേഷണ' പ്രക്രിയകള്‍ക്കും 'സത്യസന്ധമായ' റിപ്പോര്‍ട്ടിങ്ങിനും അനുഭവിക്കുന്ന പ്രയാസത്തെ പറയുന്നതിനാണ് ശ്രമിച്ചതെങ്കില്‍, അത് ഏറെ രസകരമായ തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അപ്പോഴുമൊരു സംശയം ബാക്കി നില്‍ക്കുന്നു മിക്കപ്പോഴും അതിഭാവുകത്വവും അര്‍ദ്ധസത്യങ്ങളും പടച്ചുവിടുന്ന നാരായമെഴുത്തുകാര്‍ക്കും സായാഹ്ന കോടതികള്‍ക്കും ഇത് വല്ലതും ബാധകമോ..?

കെ.എം. റഷീദ് പറഞ്ഞു...

കൊട്ടാരത്തിലെ അമ്മ തമ്പുരാട്ടി തിരുവയര്‍ ഒഴിഞ്ഞത്(പ്രസവിച്ചത്)
ഒരു കാലത്ത് നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായിരുന്ന കാലത്ത് നിന്നും നമ്മള്‍ അധികമൊന്നും മുമ്പോട്ട്‌ പോയിട്ടില്ല. ഇന്ന് ഒരു പരിധിവരെ വാര്‍ത്തകള്‍ അശ്ലീലമായിരിക്കുന്നു.
സെക്രട്ടറിയേറ്റില്‍ പുലി കയറിയെന്ന് കേട്ടാല്‍ തോക്കെടുക്കുന്ന ചാനലുകളും. കാള പെറ്റന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന മീഡിയ തമ്പുരാക്കാന്‍മാരും സെന്‍സേഷന്‍ണല്‍ പത്ര പ്രവര്‍ത്തനം എന്ന്‌ പറഞ്ഞ് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും പരിധിവിടുന്നു,വ്യത്യസ്തമായ ഒരു ലേഖനം _ അഭിനന്ദനങ്ങള്‍

pushpamgad kechery പറഞ്ഞു...

എല്ലാം അങ്ങിനെ സംഭവിച്ചു എന്ന് പറയാം അല്ലെ !
വാര്‍ത്തകളുടെ സ്ത്രോതസ്സ് 'മാ 'ക്കാരുടെ കൈകളില്‍ ഇതിലും ഭയാനകമാണ് !
അപ്പോള്‍ പിന്നെ നമുക്ക് ഒരായിരം തവണ മാപ്പ് കിട്ടണം .
'ക്രൈം' പോലെ ഒന്നും ചെയ്തില്ലല്ലോ .
ആശ്വസിക്കുക !

രമേശ്‌ അരൂര്‍ പറഞ്ഞു...

ശെടാ ..ഇത് വല്ലാത്ത പുലിവാലായല്ലോ ...ഞാന്‍ വെട്ടിയ വടി വച്ച് വരുന്നവരും പോകുന്നവരും എന്നെ തന്നെ തല്ലുന്ന സ്ഥിതിയായല്ലോ ഫഗവാനേ ....:)
ദേ..ഒരു കാര്യം എല്ലാവരോടും കൂടി പറഞ്ഞേക്കാം ,,,ഞാന്‍ വാര്‍ത്ത എഴുതിയാലും എഴുതിയില്ലേലും അയാള്‍ ആരെയെങ്കിലും കൊല്ലുമായിരുന്നു ...അത്രയ്ക്ക് മാനസിക നില തെറ്റിയ നിശബ്ദനായ ഒരു കൊലയാളി ആയിരുന്നു അയാള്‍ ..ഒന്നും അയാള്‍ ബോധപൂര്‍വം ചെയ്തതല്ലല്ലോ ...ഞങ്ങളും ..:)

പട്ടേപ്പാടം റാംജി പറഞ്ഞു...

നടന്ന സംഭവങ്ങളാണ് വാര്‍ത്തകള്‍ ആകുന്നത്. ആ വാര്‍ത്ത വന്നതിനുശേഷം അതിനു ശേഷം സംഭവിക്കുന്നത് പിന്നെയുള്ള വാര്‍ത്തയാണ്. ഒരേ വ്യക്തി തന്നെ ഈ രണ്ടു വാര്‍ത്തകളും കാണണം എന്നില്ല.
ഇവിടെ രണ്ടും കണ്ടു എന്നത് രമേശ്‌ ഭായി പറഞ്ഞിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എങ്കിലും മനസിന്റെ നന്മയും പത്രപ്രവര്‍ത്തകരുടെ നിസ്സഹായതയും തുറന്ന പോസ്റ്റ്‌.
ഇനിയും ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.

ajith പറഞ്ഞു...

മനോരമ വാരികയിലെ “കഥക്കൂട്ട്” വായിച്ചപോലെ ഒരു ത്രില്‍. (രമേശ്, നിശാസുരഭി പറഞ്ഞത് കേട്ടില്ലേ? പെട്ടെന്ന് മറുപടി കാച്ചൂ )

നാട്ടുവഴി പറഞ്ഞു...

വാര്‍ത്തയ്ക്ക് വേണ്ടി കൊലപാതകം വരെ നടത്തുന്ന ആധുനിക പത്രപ്രവര്‍ത്തം നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു.
മനോഹരമായി എഴുതിയിരിക്കുന്നു.
ആശംസകള്‍..........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആ ശെരിക്കും അതന്നെ അത്
നല്ല എഴുത്

രമേശ്‌ അരൂര്‍ പറഞ്ഞു...

@@അജിത്‌ ഏട്ടാ പേ വാക്കിനു പൊട്ടച്ചെവി ..ഒന്നാമത് നാലഞ്ചു കൊല്ലം മുന്‍പ് എന്ന് മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട് ...രണ്ടാമത് ഞാന്‍ നാട് കടന്നിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ ..മൂന്നാമത് നാടുകടത്താന്‍ പറ്റിയ സ്ഥലം കൊള്ളാം ..സൗദി ...!! :) നീ ;സു ഇടയ്ക്കും തലയ്ക്കും പേയും പിച്ചും (തിരിച്ചു പറഞ്ഞാല്‍ വായാടിയുടെ തല്ലു കൊള്ളണം ..നിക്ക് വയ്യ )പറയുന്ന ആളാണേ ..മ്മടെ കഥാ നായകനെ പോലെ ! :)

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

വായിച്ചു..

ente lokam പറഞ്ഞു...

രമേഷ്ജി പോരട്ടെ ഇങ്ങനെ
വിശേഷങ്ങള്‍ ...

മാര്‍പ്പാപ്പ മരണ വാര്‍ത്ത
കുറച്ചു സമയത്തേക്ക് മാത്രം
ആവും രഹസ്യം ആക്കി വെച്ചത് .
അതിപ്പോ ഇന്ദിര ഗാന്ധിയുടെ മരണം
BBC അല്ലെ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത് .?

അത് പോലെ .പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞു
എടുക്കുന്നതിനു മുമ്പേ എന്തായാലും
മരണ വാര്‍ത്ത പുറത്തു വിട്ടേ മതി ആവൂ ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

അബദ്ധം പറ്റുകയാണെങ്കില്‍ ഇങ്ങനെ പറ്റണം...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേശേട്ട,

പത്രക്കാരുടെ 'trade secret ' പറഞ്ഞിട്ട് ഇപ്പോ വേലിയിലിരുന്ന പാമ്പിനെ എടുത്തു കോത്താഴത്തു വച്ചപോലെയായി അല്ലെ !! ഇതുപോലെയുള്ള നല്ല രസമുള്ള അനുഭവങ്ങള്‍ ഇനിയും ഉണ്ടേല്‍ അതൊക്കെ ഒന്ന് പങ്കു വെക്കൂന്നെ.

മനുഷ്യാവകാശ ലംഘനത്തിന്റെ കാര്യം പറഞ്ഞപ്പോഴാ കഴിഞ്ഞാഴ്ച ടീവിയില്‍ കണ്ട ഒരു രസകരമായ ന്യൂസ്‌ ഓര്‍മ വന്നത്. .പെരുമ്പാവൂര്‍ റയില്‍വേ സ്റ്റേഷനില്‍ വയറ്റില്‍ ഒരു കെട്ടുമായി മയക്കുമരുന്നു നല്‍കി തന്റെ വൃക്ക ആരോ അടിച്ചു മാറ്റി എന്നും പറഞ്ഞു ബഹളം വെച്ച തമിഴനെ കുറെ ഓട്ടോക്കാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു .ആ പാവത്തിനെ സഹായിക്കാന്‍ നാട്ടുകാര് പിരിവും തുടങ്ങി..പിന്നെ പോലീസുകാര്‍ വന്നു,പത്രക്കാര്‍ വന്നു..നല്ല ഒരു കോള് ഒത്തുകിട്ടിയ സന്തോഷത്തില്‍ ഒരു യുവ MLA യും സംഭവ സ്ഥലത്തേക്ക് ഓടിയെത്തി ..ഡോക്ടര്‍ വന്നു കെട്ടഴിച്ചു പരിശോധിച്ചപ്പോഴല്ലേ പറ്റിക്കല്‍ കേസ് ആണെന്ന് മനസ്സിലായത് .വൃക്ക തട്ടിപ്പിന്റെ exclusive വാര്‍ത്ത കൊടുക്കാന്‍ എത്തിയ നമ്മുടെ ചാനല്‍ റിപ്പോട്ടെര്‍ അവസാനം ഇളിഭ്യനായ MLA യുടെ വളിച്ച ചിരി exclusive ആയി കാണിച്ചു തടി തപ്പി...

രമേശ്‌ അരൂര്‍ പറഞ്ഞു...

@@വിന്സന്റ് : പുതിയമാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതു പോലെ യുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വത്തിക്കാനില്‍ നിന്ന് രണ്ടുതരം പുക പുറത്തുവരും എന്ന് കേട്ടിട്ടുണ്ട് ..തീരുമാനം ആകാതിരിക്കുകയോ പ്രതികൂല സാഹചര്യമോ വന്നാല്‍ കറുത്ത പുകയും ശുഭ തീരുമാനം ആണെങ്കില്‍ വെളുത്ത പുകയും ഉയരും എന്നാണു കേട്ടിട്ടുള്ളത് ..ശരിയാണോ എന്ന് നിശ്ചയമില്ല ..:)

ചെറുത്* പറഞ്ഞു...

നിങ്ങളൊക്കെ കൂടിയൊരു മനോരോഗിയെ ഗൊലപാതകി ആക്കി.
മാനസിക രോഗി ആയതോണ്ട് ശിക്ഷയൊന്നും കിട്ടൂലാലോ. ഇതാണ് ചില സര്‍ട്ടിപ്രിക്കറ്റുകളുടെ ഗുണം. എന്നിട്ട് നിങ്ങളാ ഭാര്യാപിതാവിന്‍‌റെ ഫ്യൂണറലിന് പോയില്ലേ! പഴേ അയലക്കകാരെയൊക്കെ കാണാരുന്നു :പ്

Manoraj പറഞ്ഞു...

രമേശേ.. ഇതാ പറയുന്നേ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന് :):) ഹി...ഹി..

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhtthukal...

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

പാവം ഭ്രാന്തന്‍, പാവം അമ്മായിയച്ഛന്‍, പാവം സ്കൂപ്പര്‍ ജേര്‍ണലിസ്റ്റ്, പാവം അയല്‍വാസി, പാവം പോലീസ്, പാവം വാര്‍ത്താഉപഭോക്താവ്....

ആരെയോര്‍ത്ത് സങ്കടപ്പെടണംന്ന് ഒരു നിശ്ചയോല്ല്യ!

രമേശ്‌ അരൂര്‍ പറഞ്ഞു...

@@പാവം പാവം കൊച്ചീച്ചീ ..! ഒന്ന് സങ്കടപ്പെടാന്‍ പോലും പറ്റാത്ത ഈ അവസ്ഥയോര്‍ത്തു എനിക്ക് കരച്ചില്‍ വന്നിട്ട് വയ്യാട്ടോ ..ന്ഘും ..ന്ഘും ..:)

Anya പറഞ്ഞു...

:)

നികു കേച്ചേരി പറഞ്ഞു...

വഴീക്കൂടെ ഒരു വടി വെറുതെ നടന്നു പോകുമ്പോൾ ഓടിചെന്ന് കിട്ടാത്ത അടി വാങ്ങുന്ന പരിപാടി...അല്ലേ??

ഞാന്‍ പറഞ്ഞു...

ചില ലോക്കല്‍ പത്രക്കാര്‍ക്ക് കോളടിക്കാരുണ്ട്.ന്യൂസ്‌ വാല്യൂ ഇല്ലാത്ത കേസുകള്‍ പെട്ടെന്ന് ന്യൂസ്‌ വാല്യൂ വരും. അപ്പോള്‍ വെറുതേ ഷൂട്ട്‌ ചെയ്യുന്നതിന് ലക്ഷങ്ങളുടെ വില വരും അതുപോലെ സംഭവ സ്ഥലത്ത് എത്തുന്നവര്‍ക്ക് ചില ഫോട്ടോകള്‍ കിട്ടാറുണ്ട്. അതിന്റെ ഉടമസ്ഥാവകാശത്തില്‍ പിന്നീട് തര്‍ക്കം വരാത്ത വിധമാണ് കരാര്‍ എങ്കില്‍ അതിനും കാഷ്‌ കൂടുതല്‍ കിട്ടും. അഡ്രസ്‌ ഉള്ള പത്രക്കാര്‍ക്ക് പേരിലാണ് താല്പര്യം പോകുന്ന കാശിലല്ല.
എല്ലാത്തിനും രണ്ടു വശം കാണും. പോസ്റ്റ്‌ നന്നായി . ആശംസകള്‍

ഐക്കരപ്പടിയന്‍ പറഞ്ഞു...

കടുത്ത മത്സരം നിലനിൽക്കുംബോൾ ഇല്ലാത്ത വാർത്തകൾ സ്രുഷ്ടിക്കും; അത് പല കുടുംബങ്ങളെയും ബാധിക്കുന്നത് ഈ മത്സരത്തെ ഒട്ടും ബാധിക്കില്ല...!

വിജ്ഞാനപ്രദം!

SHANAVAS പറഞ്ഞു...

അപ്പോള്‍ രമേശ്‌ സാറിനും" പണി" കിട്ടിയിടുണ്ടല്ലേ? പക്ഷെ നല്ല മനസോടെ ചെയ്യുന്ന ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ തിരിച്ചടിക്കാം. ഈയിടെ ഒരു വിരുതന്‍ പോലീസുകാരെ പറ്റിച്ചത് കണ്ടില്ലേ? പറവൂര്‍ പോലീസ് സ്റെഷനില്‍ പോയി തന്റെ കദന കഥ പറഞ്ഞു അവരില്‍ നിന്നും പണം വാങ്ങി. ഇത് കൊള്ളാം എന്ന് തോന്നി ഇയാള്‍ കൊട്ടാരക്കര പോലീസ് സ്റെഷനില്‍ പോയി അതെ കഥ ആവര്‍ത്തിച്ചു. മാധ്യമങ്ങളിലൂടെ ഇയാളെ കണ്ടിരുന്ന പോലീസുകാര്‍ ഇയാളെ "പൊക്കി".

ഹൈന പറഞ്ഞു...

വായിച്ചു..

സീത* പറഞ്ഞു...

ഇതിന്റെ ബാക്കി ഭാഗം എവിടെ...രമേശേട്ടനു പിന്നെന്തു സംഭവിച്ചു..ഇവിടെ പൊങ്ങിയതിനു പിന്നിലെ രഹസ്യം അതായിരുന്നോ...ആകാംഷയോടെ അടുത്ത ലക്കത്തിനായി...ഹിഹി.. (എന്നെ തല്ലരുത്...ഞാനോടി)

sm sadique പറഞ്ഞു...

സേവനമായാലും സഹായമായാലും, അതല്ല അത് പത്രപ്രവർത്തനമായാലും വരാനുള്ളത് ഒരിക്കലും വഴിയിൽ തങ്ങില്ല എന്ന് ഇപ്പഴെങ്കിലും ബോദ്ധ്യമായില്ലേ ? ഒരുപക്ഷെ, അത് ഈ രൂപത്തിലാവും ചിലപ്പോൾ സന്തോഷം കൊണ്ട് കെട്ടിപിടിച്ചൊരു “ഉമ്മ” തന്നുകൊണ്ടാവും.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@സാദിക്ക് :ആ ഒടുവില്‍ പറഞ്ഞ സാധനം ..അത് കിട്ടിയിരുന്നെങ്കില്‍ രണ്ടു വാര്‍ത്ത ഉത്സാഹത്തോടെ എഴു താമായിരുന്നൂഊ ഉ ഉ...:)

Typist | എഴുത്തുകാരി പറഞ്ഞു...

മുൻകൂട്ടി ഒന്നും കാണാൻ കഴിയില്ലല്ലോ നമുക്കു്. അന്നതു വാർത്ത. ഇന്നിതു സംഭവിച്ചപ്പോൾ വീണ്ടും വാർത്ത എന്നു കരുതിയാൽ മതി.

വര്‍ഷിണി പറഞ്ഞു...

അനുഭവ കുറിപ്പുകള്‍ ഇനിയും പങ്കുവെയ്ക്കൂ രമേശ്...ആശംസകള്‍.

കൊമ്പന്‍ പറഞ്ഞു...

പത്രക്കാരാണ്‌ എന്ന് കരുതി കേട്ട പാതി കേള്‍ക്കാത്ത പാതി എടുത്തു ചാടിയാല്‍ ഇങ്ങനെ ഉണ്ടാവും

രമേശ്‌ അരൂര്‍ പറഞ്ഞു...

കൊമ്പാ പത്രക്കാര്‍ വെറും റിപ്പോര്‍ട്ടര്‍ മാര്‍ മാത്രം ആണ് ചിലപ്പോള്‍ എങ്കിലും ,ലേഖകന്റെ അഭിപ്രായം ,അല്ല പത്രം പ്രതിഫലിപ്പിക്കേണ്ടത്,,ലേഖകന്‍ വിധികര്‍ത്താവ് ആകാന്‍ പാടില്ല .ഭ്രാന്തുള്ളവനോ ഇല്ലാത്തവനോ ആകട്ടെ അവനെ അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ പൂട്ടിയിട്ടത് പൊതുജനങ്ങളുടെയും അധികാരികളുടെയും മുന്നില്‍ എത്തിക്കുക മാത്രമാണ് ആദ്യം ഞങ്ങള്‍ ചെയ്തത് ..ഇത് അപ്രതീക്ഷിതമായോ അബദ്ധത്തിലോ സംഭവിച്ച ഒരു കാര്യവുമല്ല .രണ്ടാമത് സംഭവിച്ചത് ആ വ്യക്തിയുമായി ബന്ധപ്പെട്ട ആളുകളുടെ ഉത്തരവാദിത്തക്കുറവോ സാമ്പത്തിക പരാധീനതകളോ കൊണ്ട് സംഭവിച്ചതാണ് ...അതില്‍ സമൂഹവും പ്രതികളാണ് ..ഈ സത്യങ്ങള്‍ കാണാതെ ഈ സംഭവങ്ങളെ വിലയിരുത്തുന്നത് നീതിയല്ല .
സമാനമാഅയ് പ്രതികരണങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കളും ഇത് ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു ..:)

ishaqh ഇസ്‌ഹാക് പറഞ്ഞു...

നാലുകൊല്ലം മുന്‍പുള്ള വാര്‍ത്ത എക്സ് ക്ലൂസീവ് ആയി ഇപ്പോള്‍
അറിയാനായി...!! :)

Veejyots പറഞ്ഞു...

pazhaya " Vaartha srothas " ippozhum vaarthakal tharunnundo ??

nannyi.. marpappaye kurichu puthiya vivaram ..

tks
congrats

jayanEvoor പറഞ്ഞു...

ഭീകര അനുഭവം!
ബൂമറാങ്ങുകൾ ഏതു വഴി വരും എന്ന് ആർക്കും ഒരുറപ്പും ഇല്ലാത്ത കാലമാ ഇത്!


(സമൂഹത്തെ നന്നാക്കുകയല്ല, വാർത്തകൾ കണ്ടെത്തുകയാണ് പത്രക്കാരന്റെ ജോലി എന്ന് കഴിഞ്ഞാഴ്ച ഒരു മാധ്യമസുഹൃത്ത് പറഞ്ഞതേയുള്ളൂ!)

Villagemaan പറഞ്ഞു...

ഈ പത്രക്കാരെ കൊണ്ട് തോറ്റു!

Salam പറഞ്ഞു...

ബര്‍ഖാ ദത്ത് മാര്‍ക്കും വീര്‍ സംഗ്`വിമാര്‍ക്കും ഇടയില്‍ രമേശ് ചേട്ടന്‍ പറഞ്ഞപോലുള്ള, ഒത്തിരി നല്ല പത്രപ്രവര്‍ത്തകര്‍ ഉണ്ട് എന്നത് തന്നെയാണ് നമ്മുടെ ജനാധിപാത്യത്തിന്‍റെ പ്രധാന ചാലക ശക്തി. outlook ന്റെ വിനോദ് മേഹ്തയും തെഹല്‍ക്ക യുടെ തരുണ്‍ തേജ്പാലും ഒക്കെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ തന്നെ. രമേശ്‌ ജി വിവരിച്ച സംഭവത്തില്‍ സ്കൂപിനു വേണ്ടി നിജസ്ഥിതി അറിയും മുന്‍പേ അമിതാവേശം കാണിക്കുന്ന സമീപകാല ജേര്‍ണലിസ്റ്റുകളുടെ ഒരു ചിത്രമുണ്ട്. ഒരു പാട് ചിന്തിക്കാനും ഉണ്ട്. ഒരു കഥ തന്നെയാക്കാമായിരുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

നേരായ അനുഭവങ്ങള്‍ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ കഥയാക്കി ചൂടും ചൂരും കളയണോ സലാമേ ..:)

Vayady പറഞ്ഞു...

മാനസിക നില തെറ്റിയ യുവാവിനെ നിങ്ങള്‍ പത്രപ്രവര്‍‌ത്തകര്‍ രക്ഷിച്ചത് നല്ലൊരു കാര്യം തന്നെ. അയാള്‍ക്കു വേണ്ട ചികില്‍സ കൊടുക്കേണ്ടതിനു പകരം വീട്ടുക്കാര്‍ അയാളെ പൂട്ടിയിട്ടത് എത്ര ക്രൂരതയാണ്‌. ശരിക്കും പറഞ്ഞാല്‍ ആ വീട്ടുക്കാരാണ്‌ കുറ്റവാളികള്‍.

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ഒപ്പ് !!

അജ്ഞാതന്‍ പറഞ്ഞു...

"പത്രക്കാര്‍ എന്നൊക്കെ പറഞ്ഞു വെറുതെ ജാടയും അടിച്ചു നടക്കാം എന്നെ ഉള്ളൂ ..പത്തു പൈസ കാണില്ല പലരുടെയും പോക്കറ്റില്‍ ..പലപ്പോഴും പട്ടിണിയില്‍ ആയിരിക്കും എന്നതും നേര് ...അതൊക്കെ ഒരു പത്രത്തിലും വരാന്‍ സാധ്യത ഇല്ലാത്ത വലിയ സ്കൂപ്പ് സ്റ്റോറികളാ..അതെക്കുറിച്ച് വൈകാതെ എഴുതുന്നുണ്ട്."

ഈ പത്ര പ്രവര്‍ത്തകര്‍ എനിക്ക് പണ്ടേ അത്ഭുതജീവികള്‍ ആണ്. ആ വിഭാഗത്തോട് ഒത്തിരി ആരാധനയും അവരിലൊരാളാവാനുള്ള അടങ്ങാത്ത ആവേശവും ഒക്കെ ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ടേ..). അതോണ്ട് ഇനി പറയാന്‍ ഉള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു.

ente lokam പറഞ്ഞു...

ശരിയാണ് രമേഷ്ജി ..പുതിയ മാര്‍പ്പാപ്പയെ
തിരഞ്ഞു എടുക്കാന്‍ വോട്ടുള്ള കര്‍ദിനാള്‍മാരും
മറ്റും പ്രാര്‍ത്ഥന നടത്തും .ഒരാള്‍ക്ക് ഭൂരിപക്ഷം
കിട്ടുന്നത് വരെ വോടിംഗ് തുടരും .വേണം എങ്കില്‍ അവനവനും വേണ്ടി വോട്ട് ചെയാം.കാരണം ഒരു candidate project ചെയ്യാതെ ആണ്‌ voting.അതാണ്‌
തിരഞ്ഞെടുപ്പ് പൂര്‍ത്തി ആവുന്നത് വരെ കറുത്ത പുകയും പിന്നെ വെളുത്ത പുകയും അടയാളം ആയി വരുന്നത് .തിരഞ്ഞെടുപ്പ് കഴിയും വരെ ഇവര്‍ ആരും വെളിയില്‍ ആര്‍കും മുഖം കൊടുക്കുകയോ സംസാരിക്കുകയോ
ചെയ്യില്ല. പ്രാര്തന്യില്‍ ആവും ഓരോ പ്രാവശ്യവും
ആരെങ്കിലും തിരഞ്ഞു എടുക്കപെടുന്നത് വരെ വീണ്ടും വീണ്ടും വീണ്ടും പ്രാര്‍ത്ഥന..അത് കൊണ്ടു വെളിയില്‍ കാതു നില്‍ക്കുന്ന പൊതു ജനത്തിന് മനസ്സിലാകാന് ഈ പുക പരിപാടി...‍.


അപ്പൊ കുറച്ചു താമസിപ്പിച്ചാലും എങ്ങനെയും പഴയ ആള്‍ മരിച്ചു എന്ന് ലോകം അറിയാതെ വയ്യ .അതാണ്‌ ഞാന്‍ സൂചിപ്പിച്ചത് ...

രമേശ്‌ അരൂര്‍ പറഞ്ഞു...

@@വിന്സന്റെ :അപ്പോള്‍ എല്ലാം പറഞ്ഞു കൊമ്പ്ലിമെന്റ്റ്‌ ആക്കിയല്ലോ ..നന്നായി :)

ചാണ്ടിച്ചന്‍ പറഞ്ഞു...

ചില കാര്യങ്ങള്‍ അങ്ങനെയാ രമേശേട്ടാ...നമ്മള്‍ വെറും നിമിത്തങ്ങള്‍ മാത്രമായിരിക്കും!!!

ഹാഷിക്ക് പറഞ്ഞു...

വായിക്കാന്‍ ഒരുപാട് താമസിച്ചു. ഇനി ഇപ്പൊ എന്ത് പറയാനാ...? എന്നാലും ഇരിക്കട്ടെ ഒരു ഫ്രീ ഉപദേശം..രെമേശേട്ടനല്ല...ന്യൂസ്‌ ഉണ്ടാക്കാന്‍ വേണ്ടി ചാടി പുറപ്പെടുന്നവര്‍ക്ക്.....കാള പെറ്റെന്നു കേട്ടാല്‍ ഉടന്‍ കറക്കാനുള്ള പാത്രവുമായി ചെല്ലരുത്...

Pradeep Kumar പറഞ്ഞു...

മലയാളത്തിലെ അതിപ്രശസ്തമായ ഒരു സായാഹ്നപത്രം മൂലം ജീവിതം തകര്‍ന്നടിഞ്ഞുപോയ കോഴിക്കോട്ടെ ഒരു പാവം സ്കൂള്‍ അദ്ധ്യാപകനെ എനിക്കറിയാം.ചില വന്‍തോക്കുകളുമായി അദ്ദേഹം ഒന്ന് ഇടഞ്ഞതാണ് കാരണം.പത്രം ഈ വമ്പന്‍മാര്‍ക്കുവേണ്ടി വിടുപണി ചെയ്തു.ഇല്ലാക്കഥയുണ്ടാക്കി മുന്‍പേജ് വാര്‍ത്തയാക്കി.പത്രം വില്‍ക്കുന്ന പയ്യനെക്കൊണ്ട് ബസ്സുകള്‍ തോറും പാടി നടത്തി.ദരിദ്രകുടുംബ പാശ്ചാത്തലത്തില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയര്‍ന്ന് സ്കൂള്‍ അദ്ധ്യാപകനായശേഷം NET ഉം Phd യുമൊക്കെ സ്വപ്നം കണ്ടു നടന്നിരുന്ന ആ പാവം മനുഷ്യന്‍ അതോടെ ഒന്നു പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാതെ തകര്‍ന്നുപോയി.ഞാനൊക്കെ ഇടപെട്ടുനോക്കി.ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ആകെ കഴിഞ്ഞത് ഇതിനുവേണ്ടി പേനയുന്തിയ ലേഖകനെ ഒരു ദിവസം ഞാനും സുഹൃത്തുക്കളും കൂടി ഒന്ന് നന്നായി കൈകാര്യം ചെയ്തതു മാത്രമാണ്.

അതുപോലെ അറിഞ്ഞുകൊണ്ട് കുറ്റമൊന്നും ഇവിടെ ആരും ചെയ്തിട്ടില്ലല്ലോ.ജീവന്‍ നഷ്ടപ്പെട്ട ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.പത്രവിശേഷങ്ങള്‍ ഇനിയും തുടരൂ രമേഷ്ജി.

Pradeep paima പറഞ്ഞു...

nimithangal athanu ellam...
hai...njan... puthiya blogger.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

( O M R ) പറഞ്ഞു...

വാര്‍ത്തയ്ക്കും സംഭവങ്ങള്‍ക്കുമിടയിലാണ് ഇന്നിന്റെ മനുഷ്യജീവന്‍
മാധ്യമപ്രവര്‍ത്തനം വെറുമൊരു നേരമ്പോക്ക് ആവുകയും സംഭവങ്ങള്‍ സൃഷ്ട്ടിക്കപ്പെടുകയും ചെയ്യുന്ന വൃത്തികെട്ടകാലം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.
മികച്ചൊരു മാധ്യമപ്രവര്‍ത്തകന്‍ മികച്ചൊരു മനുഷ്യ സ്നേഹികൂടിയായിരിക്കണം. ഭാവുകങ്ങള്‍

sreee പറഞ്ഞു...

ഒരു അബദ്ധം ആർക്കും പറ്റും . :)

ഷമീര്‍ തളിക്കുളം പറഞ്ഞു...

രമേശേട്ടാ....
എന്റെ കയ്യില്‍ ഒരു എക്സ്ക്ലൂസീവ് ന്യൂസ്‌ ഉണ്ട്, ഒരു കൈനോക്കണോ...?

Echmukutty പറഞ്ഞു...

സ്കൂപ്പ് വരുന്ന വഴി.........

ഇഷ്ടപ്പെട്ടു ഈ എഴുത്ത്. അഭിനന്ദനങ്ങൾ.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഷമീര്‍ : രഹസ്യമായി വയ്ക്കണേ ,,,ഞാന്‍ ദാ എത്തീ ..മറ്റാരും അറിഞ്ഞിട്ടില്ലല്ലോ :)

അജ്ഞാതന്‍ പറഞ്ഞു...

ഈ വാര്‍ത്തയിലെ അല്ല കമെന്റിലെ അവസാന കണ്ണി ഞാന്‍ ആണെന്ന് തോന്നുന്നു..വാരത്യ്ക്ക് പിന്നിലെ വാര്‍ത്തകള്‍ വായനക്കാരിലെത്തിച്ചത് നന്നായിരിക്കുന്നു..... പത്ര ധര്‍മ്മം തുടരട്ടെ ഭാവുകങ്ങള്‍... ഊരി പിടിച്ച കത്തിയുമായി വാര്‍ത്തവാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ആയാളും വാര്‍ത്തകള്‍ തേടി താങ്കളും ഇറങ്ങി തിരിക്കുമോ.. ഞങ്ങള്‍ വായനകക്ര്‍ക്കും അതും ഒരു വാര്ത്തയാകുമോ ..

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഉമ്മു അമ്മാര്‍ :ആരെല്ലാം നാളെ വാര്‍ത്തയില്‍ ഇടം പിടിക്കും എന്ന് ആര്‍ക്കു മുന്‍കൂട്ടി പറയാന്‍ കഴിയും .എന്നെങ്കിലും ഒരു ദിവസം ഞാനും നിങ്ങളും എല്ലാം വാര്‍ത്തയുടെയുടെയും ചരിത്രത്തിന്റെയും ഭാഗം ആവും ,,തീര്‍ച്ച :)

jayarajmurukkumpuzha പറഞ്ഞു...

athe nammal oru nimithamakam..... aashamsakal....

അനൂപ്‌ .ടി.എം. പറഞ്ഞു...

രമേഷേട്ടാ ഒരു വാര്‍ത്തയും കിട്ടാതാവുന്ന സമയത്ത് , എന്തെങ്കിലും ഇല്ലാ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? (നമ്മുടെ ബോയിംഗ് ബോയിംഗ് സിനിമയിലെ പോലെ, വല്ല ബലാത്സംഗ വാര്‍ത്തകളും!)

എഴുത്ത് നന്നായീ ട്ടോ..:)

Muneer N.P പറഞ്ഞു...

പലപ്പോഴും പുറത്തുള്ളവർ കാണുന്ന പോലെയാകില്ല വസ്തുതകൾ..പറഞ്ഞു ബോധിപ്പിക്കാൻ അനുഭവിക്കുന്നവർ പരാജയപ്പെടുന്നുമുണ്ടാവും..മുഴുത്ത ഭ്രാന്തനമാരെ കെട്ടിയിട്ടിരിക്കുന്നതിലും കാര്യമുണ്ടാകുമെന്ന് ഈ അനുഭവത്തിലൂടെ മനസ്സിലാക്കമല്ലോ...കഥ സംഭവമാണെങ്കിലും
അതിൽ ചിന്തക്ക് വകയുണ്ട്

രമേശ്‌ അരൂര്‍ പറഞ്ഞു...

@@അനൂപ്‌ വീട്ടില്‍ വീട്ടില്‍ താമസിച്ചു ചെല്ലുമ്പോള്‍ ഭാര്യയോടു ഇല്ലാ വാര്‍ത്തകള്‍ കെട്ടിച്ചമച്ചു പറഞ്ഞു തല്‍ക്കാലം തടി ഊരിയിട്ടുണ്ട് എന്നല്ലാതെ ...വേറെ ഒന്നും കെട്ടിച്ചമച്ചിട്ടില്ല അനൂപേ ,,ബലാല്‍ സംഘ വാര്‍ത്ത കേട്ടിച്ചമയ്ക്കെണ്ടല്ലോ അത് ലൈവായി നടക്കുന്ന കാര്യമല്ലേ ..:)

മുനീര്‍ ഓരോരുത്തര്‍ക്കും അറിയാം അവരവര്‍ നേരിടുന്ന സത്യം ,,യാഥാര്‍ത്ഥ്യം ..

അനശ്വര പറഞ്ഞു...

അനുഭവങള്‍ രണ്ടും കൊള്ളാം..രണ്ടാമത്തെ മനോരോഗിയുടെ കാര്യം പറഞ്ഞപ്പൊ ഏകദേശം ഇത് പോലെ തന്നെ ആകും അവസാനം എന്ന് തോന്നി...വടി കൊടുത്ത് അടി വാങുക,..ല്ലെ?...ബാക്കി അനുഭവങളും പോരട്ടേ..

രമേശ്‌ അരൂര്‍ പറഞ്ഞു...

@@അനുപമ :ആകെ ഒരു മനോരോഗിയുടെ കാര്യമല്ലേ പറഞ്ഞുള്ളൂ ..ബാക്കി കഥകള്‍ പിന്നാലെ ..:)

സന്യാസി പറഞ്ഞു...

ഇങ്ങനെ വേറെ എന്തൊക്കെ അബദ്ധങ്ങള്‍ ഉണ്ട് കയ്യില്‍ ..അത് കൂടി പങ്കു വയ്ക്ക് ..:)

റോസാപൂക്കള്‍ പറഞ്ഞു...

ഉം..അപ്പൊ അങ്ങനെയാണ് സംഗതികളുടെ കിടപ്പ്‌.ഒരു പത്രപ്രവര്‍ത്തകന്റെ കുമ്പസാരത്തിലൂടെ എക്സ്ക്ലൂസിവുകളുടെ പിന്നാമ്പുറം മനസ്സിലായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍