2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

കടപുഴകിയ വന്‍ മരം (ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു )

 പരമ്പര 
ഒന്നാം  ഭാഗം ഇവിടെയും
രണ്ടാം ഭാഗം ഇവിടെയും 
വായിക്കാം   
അവസാന ഭാഗം
സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് പിഴുതെറിയപ്പെട്ട് ആക്ഷേപങ്ങളുടെയും ഉപരോധങ്ങളുടെയും വെടിയുണ്ടകള്‍ സ്വയം മസ്തകത്തില്‍ ഏറ്റുവാങ്ങി 'സഹ്യന്റെ മകനെ'പ്പോലെ മസ്തകം പിളര്‍ന്നു ചോര വാര്‍ന്നു നില്‍ക്കുമ്പോളും മുഴങ്ങിയ ആ ഒറ്റയാന്റെ ചിന്നം വിളി മണിമേടകള്‍ക്കും ദന്ത ഗോപുരങ്ങള്‍ക്കും  ഉള്ളില്‍ സുഖ നിദ്രയിലായിരുന്ന ദൈവങ്ങളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത് .

       ഭീഷ്മ പിതാമഹന്‍റെയും പീലാത്തോസിന്റെയും നിലപാടുകളോട്   ഒരര്‍ത്ഥത്തില്‍ ഏറെ സമാനതകള്‍ പുലര്‍ത്തുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് തോന്നിയിട്ടുണ്ട് . ന്യായന്യായങ്ങളെക്കുറിച്ച് ഏറെ ബോധ്യം ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചു സ്വന്തം നിലപാടുകള്‍ നിശ്ചയിച്ചവര്‍ ആയിരുന്നല്ലോ അവരിരുവരും .

      അത്തരമൊരു നിലപാടിലാണ് വിജയന്‍ മാഷ്‌ തന്റെ ജീവിതത്തെയും പ്രത്യയ ശാസ്ത്രത്തെയും ബന്ധിപ്പിച്ചിരുന്നതെന്ന് പറയാം .ഇടവും വലവും നില്‍ക്കുന്നവരോടുള്ള കാരുണ്യം മനസ്സില്‍ സൂക്ഷിക്കുമ്പോളും ഭൂരിപക്ഷത്തിന്റെ ശരിക്ക് വേണ്ടിയായിരുന്നു വിജയന്‍ മാഷ്‌ ശബ്ദിച്ചത് .

      അദ്ദേഹത്തിനറിയാമായിരുന്നു യുദ്ധം കടലിലെ സ്നാനം പോലെ അപകടകരമാണെന്ന് .ചുഴികളിലേക്കും അഗാധതകളിലേക്കും തിരക്കൈകള്‍ കൊണ്ട് വിളിക്കുന്ന കടലിന്റെ ഭീകരതയെക്കുറിച്ച് എത്ര മുന്നറിയിപ്പ് കൊടുത്താലും യുദ്ധത്തിരകളുടെ ആവേശത്തില്‍ സ്വയം മറന്നു കളിക്കുന്ന യോദ്ധാവിനു അത് മനസിലാവുകയെ ഇല്ല .അതുകൊണ്ടുതന്നെ സ്വയം ആഗ്രഹിക്കാതെ പൊട്ടിപ്പുറപ്പെട്ട ഭാരത യുദ്ധത്തില്‍  തന്നെത്തന്നെ ബലി നല്‍കുകയായിരുന്നു ഭീഷ്മ പിതാമഹന്‍ .

     ശരവ്യൂഹത്തില്‍ കൊരുക്കപ്പെട്ടു ശയ്യാവലംബിയായിട്ടും അദ്ദേഹം ആഗ്രഹിച്ചത് തന്‍റെ ആത്മബലി കൊണ്ടെങ്കിലും ഈ യുദ്ധമൊന്നവസാനിക്കട്ടെ എന്നായിരുന്നു . സ്വച്ഛന്ദമൃത്യു വരിക്കാനുള്ള അനുഗ്രഹം പോലും എത്രയോ തവണ അദ്ദേഹം മാറ്റിവച്ചു ! എങ്കിലും ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു .
സമാന സഹനതയാണ് വിജയന്‍ മാഷിനെ ഭീഷ്മ പിതാമഹനുമായി തുലനപ്പെടുത്താന്‍ പ്രേരണയാകുന്നത്.
താന്‍ അടിയുറച്ചു വിശ്വസിച്ച തത്വ ശാസ്ത്രത്തിന്റെ പ്രായോഗിക യോദ്ധാക്കള്‍ അപകടത്തിന്റെ തിരക്കൈകളിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ   അദ്ദേഹം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു .

     വ്യക്തിയല്ല ,പ്രസ്ഥാനമാണ് ശരി എന്ന പക്ഷത്തായിരുന്നു അദ്ദേഹം എന്നതിനാല്‍ തന്‍റെ നിലപാടുകള്‍ക്ക് ആത്യന്തിക വിജയമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിച്ചു .യുദ്ധത്തിന്റെ തീഷ്ണതയില്‍ ആവേശം കൊണ്ട യോദ്ധാക്കള്‍ പക്ഷെ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയും ഒടുവില്‍   അവര്‍ തീര്‍ത്ത ശരശയ്യയില്‍ അദ്ദേഹത്തെ കൊരുക്കുകയും ചെയ്തു .പിന്നീടവശേഷിച്ചത് ഉത്തരായനത്തിലെ  സ്വച്ഛന്ദമൃത്യുവെന്ന മഹാഭാഗ്യം മാത്രമായിരുന്നു !

    'വിജയന്റെ ' 'ശരശയ്യ'യിലേറിയ ഭീഷ്മ പിതാമഹന് ലഭിച്ച അപൂര്‍വ്വ ഭാഗ്യം പോലെ
പോരാട്ടത്തിനിടയിലെ വീരമൃത്യു !

   വീണ്ടും വൈലോപ്പിള്ളിയെ ഓര്‍മ്മ വരുന്നു .അദ്ദേഹത്തെക്കുറിച്ച് സച്ചിതാനന്ദന്‍ പറഞ്ഞ വാക്കുകളും :

"കൂട്ടുകാരോടൊപ്പം ഓടിച്ചെന്നെടുക്കുന്ന 
നാട്ടു മാമ്പഴങ്ങള്‍ തന്‍ ഭിന്ന ഭിന്നമാം സ്വാദ് !"  

     വൈലോപ്പിള്ളിയെപ്പോലെ വിജയന്‍ മാഷ്‌ നമുക്ക് സമ്മാനിച്ചത് വിഭിന്നമായ ചിന്തകളുടെ സ്വാദ് നിറഞ്ഞ ഒരു മാമ്പഴക്കലമായിരുന്നു !നാടിനും ജീവജാലങ്ങള്‍ക്കും തണലും രക്ഷയുമേകുന്ന   ഓരോ നാട്ടുമാവുകളും മുറിച്ചു മാറ്റപ്പെടുകയോ കനിവറ്റ കൊടുങ്കാറ്റുകളില്‍പ്പെട്ടു നിലം പതിക്കുകയോ ചെയ്യുകയാണ് .വ്യത്യസ്ത രുചികള്‍ നമുക്ക് പകര്‍ന്നു തരാന്‍ ഇനി ഏതു മാതുലനാണ് മുന്നോട്ടു വരിക ??ആ ശൂന്യതകള്‍ എന്നാണു നികത്തപ്പെടുക..??. തുറക്കപ്പെടാന്‍ വിധിയില്ലാതെ ആ പാഠം എന്നേയ്ക്കുമായി അടഞ്ഞപ്പോള്‍ വഴിയില്‍ ദിശാ ബോധം നഷ്ടപ്പെട്ട ഒരു യുവത കാത്തു നില്‍ക്കുകയാണ് .പുതിയ ഗുരുവിനെ തേടി ..
(അവസാനിച്ചു)

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

താത്വിക ഗുരുവിനും അടിപതറുമ്പോള്‍

'ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു'
ഒന്നാം ഭാഗം വായിക്കാന്‍ 
ഇവിടെ    അമര്‍ത്തുക

ഗുരു എന്ന പദത്തിനും പദവിക്കും അര്‍ത്ഥ പൂര്‍ണ്ണമായ ഒരു നിര്‍വ്വചനം ആയിരുന്നു വിജയന്‍ മാഷ്‌ . പരമ്പരാഗതമായ മിനുസമുള്ള  വഴികള്‍ വിട്ടു മുള്‍പ്പടര്‍പ്പുകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് ആത്യന്തികമായ സത്യങ്ങളുടെ അദൃശ്യമായ  പൂങ്കാവനങ്ങള്‍ അനുഭവിപ്പിച്ചു തന്നു അദ്ദേഹം .

ഓരോ കവിതയും വായിച്ച് അതിലെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുത്തെന്നു കരുതി ആശ്വസിച്ചും അഹങ്കരിച്ചും നാമിരിക്കുമ്പോളാകും മാഷിന്റെ തിരുത്തല്‍ അഥവാ ദര്‍ശനം നമ്മെത്തേടി  വരിക ! അഴിച്ചെടുത്ത കുരുക്കുകള്‍ക്കുമപ്പുറം ഇനിയും വിരിയാത്ത 'ഇഴ വേര്‍തിരിച്ചെടുക്കല്‍ '

"കേള്‍ക്കണമെങ്കില്‍  ഈ ഭാഷ വേണം  " ബര്‍ണാഡ് ഷാ യുടെ ഈ വാക്കുകള്‍ഉദ്ധരിച്ച്‌ കൊണ്ടാണ്   അദ്ദേഹം മരണത്തിലേക്ക് തന്റെ ഭൌതിക ശരീരത്തെ പരിണാമപ്പെടുത്തിയത് . മരണം എന്ന പ്രഹേളികയെപ്പറ്റി ഇതുവരെ ആര്‍ക്കും നല്‍കാന്‍ കഴിയാതിരുന്ന നിര്‍വ്വചനത്തിന്റെ നടുക്കം കൊള്ളിക്കുന്ന ഒരു ദൃശ്യ ഭാഷ്യം ആയി ചരിത്രം അതിനെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു .
മരണത്തില്‍ പോലും മാഷ് തിരിച്ചറിവ് പകരുന്ന നല്ലൊരദ്ധ്യാപകനാകുന്നത് ലോകം  ലൈവ് ആയി കാണുകയായിരുന്നു

വിയര്‍ക്കുന്നത് ഒരു മോശം കാര്യമാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ട് നമ്മുടെ മസ്തിഷ്കത്തിലേക്കും ഉപഭോഗ സംസ്കൃതിയിലേക്കും കുത്തക ഉല്‍പ്പന്നങ്ങള്‍ കടന്നുവന്ന്  അവരുടെ ദൃശ്യ വിസ്മയങ്ങളിലും ,സുഗന്ധ സൌഭഗങ്ങളിലും നമ്മെ വീഴ്ത്തി അടിമകള്‍ ആക്കുമ്പോള്‍ ,വിയര്‍ക്കുന്നത് അദ്ധ്വാനിക്കുന്നവന്‍ ആണെന്നും അദ്ധ്വാനമാണ് മനുഷ്യരെ സ്വാശ്രയ ജീവികളും ,സ്വതന്ത്രരും , സമ്പന്നരും ആക്കുന്നതെന്നും  നേര്‍ക്കുനേര്‍ നിന്ന് പറഞ്ഞു തരാന്‍ നമുക്കൊരു വിജയന്‍ മാഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

കോളേജ് അദ്ധ്യാപകന്‍ ആയിരിക്കെ തെളിയാത്ത മഷിപ്പേനയുമായി ക്ലാസ്സിലെത്തിയ ശിഷ്യനെ സഹായിക്കാന്‍ പേന വാങ്ങി നിബ്ബ് കടിച്ചൂരുകയും മഷി ഒന്നാകെ അദ്ദേഹത്തിന്‍റെ വെളുത്ത ഷര്‍ട്ടില്‍ വീഴുകയും ചെയ്ത സംഭവം കേട്ടിട്ടുണ്ട് .തെളിഞ്ഞു കിട്ടാത്തത് തെളിമയോടെ പകരുകയാണ് ഒരദ്ധ്യാപകന്റെ കടമയെന്  മലയാളികളെ  ചിന്തിപ്പിക്കുവാന്‍ ആദ്ദേഹത്തിന്റെ ഈ പ്രവൃത്തി  കാരണമായതായി കണക്കാക്കാം ..എപ്പോഴും അങ്ങിനെ തന്നെയായിരുന്നു മാഷിന്റെ രീതികള്‍ .
വര്‍ഷങ്ങളായി അദ്ദേഹത്തെ അലട്ടിയ രോഗാവസ്ഥകളിലും വിശ്രമമില്ലാത്ത അലച്ചിലുകളില്‍ കുരുങ്ങി ക്കിടക്കുകയായിരുന്നു  മാഷിന്റെ ജീവിതവും  ദിനചര്യകളും .
വിലക്കുകള്‍ ഉള്ള പിന്‍ വിളികളും ഉള്‍വിളികളും വിടാതെ പിന്‍തുടര്‍ന്നിട്ടും  അദ്ദേഹം അതെല്ലാം അവഗണിച്ചു .തൃശൂരില്‍ ഒരു സാംസ്കാരിക സദസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു .പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് ഓഫ്‌ ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു "ഇത് പിന്‍ വിളിയാണ് "

അഗാധ മൌനത്തിന്റെ ഇരുള്‍ ഭിത്തികള്‍ ഭേദിച്ച വെളിപാടുകള്‍ നിറഞ്ഞ വാക്കുകള്‍ കൊണ്ട് മാഷ്‌ കേരളീയ സമൂഹത്തോട് സംവദിച്ചപ്പോള്‍ വാക്കിനും കേള്‍വിക്കും ഇടയിലുള്ള ശൂന്യത അപ്രസക്തമാവുകയായിരുന്നു. വാക്കും കേള്‍വിയും ഒന്നായത് പോലെ .മറ്റൊരിക്കല്‍ മാഷ്‌ പറഞ്ഞു പറയുന്നയാളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലം ഇല്ലാതാകുമ്പോള്‍ മാത്രമാണ് മികച്ച പ്രാസംഗികനും  കേള്‍വിക്കാരും ഉണ്ടാകുന്നതെന്ന്‌ .

ചെറിയ ഇടവേളയൊഴികെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സന്തത സഹചാരിയായിരുന്നു വിജയന്‍ മാഷ്‌ .ആ പ്രസ്ഥാനങ്ങള്‍ സൈദ്ധാന്തിക വെല്ലുവിളി നേരിട്ടപ്പോള്‍ സംരക്ഷകനായും സിദ്ധാന്തങ്ങളുടെ വ്യാഖ്യാതാവായും പുതിയ സിദ്ധാന്തങ്ങളുടെ സ്രഷ്ടാവായും വിഭിന്ന വേഷങ്ങള്‍ കെട്ടിയിട്ടുണ്ട് വിജയന്‍ മാഷ് .
പാര്‍ട്ടിയില്‍ കേവല അംഗത്വം പോലുമില്ലെങ്കിലും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ മുന്‍ നിരയില്‍ എത്തുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദരവ് നേടുകയും ചെയ്തിരുന്ന അദ്ദേഹം പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചട്ടക്കൂടുകളെയോ സംഘടനാ സംവിധാനങ്ങളെയോ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് പിന്നീട് നേരിട്ട തിരിച്ചടികള്‍ സൂചിപ്പിക്കുന്നത് .കമ്യൂണിസ്റ്റുകാര്‍ തന്നെ ഒരു കാലത്ത് സ്നേഹിച്ചിരുന്നത് 'സ്നേഹം കൊണ്ടായിരുന്നില്ല  എന്നും അവര്‍ മറ്റേതു കമ്യൂണിസ്റ്റ് സഹയാത്രികരോടുമെന്നത് പോലെ "പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച്  സ്നേഹിക്കുക" എന്ന അജണ്ട നടപ്പിലാക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ എന്നും മാഷ്‌ തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍ .
എഴുത്തുകാരും ചിന്തകരും കവികളും എല്ലാം പൊതുവേ പുലര്‍ത്തിപ്പോന്ന സ്വതന്ത്ര നിലപാടുകളെ കമ്യൂണിസ്റ്റ് പക്ഷത്തു ശക്തമായി ഉറച്ചു നിന്നും വാദിച്ചും വിജയന്‍ മാഷ്‌ തള്ളിക്കളഞ്ഞിരുന്നു .
'ഇതെല്ലാം തന്‍റെ വീട്ടുകാര്യമല്ല "    എന്നതായിരുന്നു  അപ്പോഴും  അദ്ദേഹത്തിന്റെ ന്യായം .

ക്ലാസ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ബി .ജെ .പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ പാര്‍ട്ടിക്കാര്‍ വെട്ടി നുറുക്കിയപ്പോഴും മനുഷ്യര്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെയും വ്യവഹാരങ്ങളുടെയും പേരില്‍ പറശ്ശിനിക്കടവിലെ മിണ്ടാപ്രാണികളെ ചുട്ടെരിച്ചപ്പോളും വിജയന്‍ മാഷിന്റെ ദാര്‍ശനിക വെളിപാടുകള്‍ ഇരകള്‍ക്ക് എതിരായിരുന്നു എന്നത് അക്കാലത്തെ ഞെട്ടല്‍ ഉളവാക്കിയ വര്‍ത്തമാനങ്ങള്‍ ആയിരുന്നു .അത് കൊണ്ട് തന്നെ സൈദ്ധാന്തികനായും ചിന്തകനായും മനുഷ്യ സ്നേഹിയായും മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലെത്തിയിട്ടും കേരളത്തിലെ എഴുത്തുകാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും വിജയന്‍ മാഷ്‌ ബഹിഷ്കൃത വ്യക്തിത്വമായി കോര്‍ണര്‍ ചെയ്യപ്പെട്ടിരുന്നു .
അപകടപ്പെടുത്തുന്ന ഉള്‍ വിളികളെ അദ്ദേഹം അറിഞ്ഞുകൊണ്ട് അവഗണിക്കുകയായിരുന്നു .മാരകമായ രോഗാവസ്ഥകള്‍  പലപ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകളെയും ജീവനെയും തന്നെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .
ക്യാന്‍സറിന്റെയും ആസ്ത്മയുടെയും ആക്രമണത്തില്‍ ഒരു വേള അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയ്ക്കു പിന്നില്‍ ബന്ധിതരായിട്ടുണ്ട് .അപ്പോളെല്ലാം നിഗൂഡമായ മന്ദഹാസങ്ങളും അഗാധമായ മൌനവും കൊണ്ട് മാഷ്‌ ആ ശൂന്യതകളെ പൂരിപ്പിച്ചു കൊണ്ടേയിരുന്നു .
(തുടരും )
ചിത്രം :സുനോജ് നൈനാന്‍ മാത്യു (മംഗളം )

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു

യുക്തി ചിന്തയുടെയും ധൈഷണിക ഉദ്ദീപനങ്ങളുടെയും നൂറു നൂറു മാമ്പൂക്കള്‍ വിരിയിച്ച് ആധുനിക യൌവ്വനങ്ങളെ ത്രസിപ്പിക്കുകയും അതേ സമയം ഉള്‍ക്കാഴ്ചയുടെ മധുരം പൊലിപ്പിക്കുകയും ചെയ്ത ഒരു മഹാവൃക്ഷം നിലം പതിച്ചിട്ട്‌   നാല് വര്‍ഷം തികയുന്നു .

2007 ഒക്ടോബര്‍ മൂന്നിന് തൃശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ പത്ര സമ്മേളനത്തിനിടയില്‍ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍റെ വേര്‍പാട് .

അപകടപ്പെടുത്തുന്ന ഉള്‍വിളികളെ സാമൂഹിക പ്രതിബദ്ധതയുടെ കവചം കൊണ്ട് പ്രതിരോധിച്ച് വാക്കുകള്‍ കൊണ്ടും മൌലികമായ ദര്‍ശനങ്ങള്‍ കൊണ്ടും ചിന്തിക്കുന്ന മലയാളികളുടെ ഹൃദയങ്ങളോട് ഒട്ടിനിന്ന പ്രിയപ്പെട്ട വിജയന്‍ മാഷ്‌ അന്ത്യ നിമിഷങ്ങളിലും പ്രതിലോമ ശക്തികളോടുള്ള തന്റെ പോരാട്ടത്തിന്റെ കര്‍മ്മ വേദിയിലായിരുന്നു എന്നത് കേവല യാദൃശ്ചികതയല്ല .

ക്ലാസ് മുറികളിലും തെരുവോരങ്ങളിലും ഒരേ പോലെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത് മറ്റാരും പറയാത്ത ,മറ്റാരും ചിന്തിക്കാത്ത സാമൂഹിക വിഷയങ്ങളായിരുന്നു .

മലയാള കവിതാ ശാഖയില്‍ പുരോഗമന ചിന്തയുടെ വൈദ്യുതി പ്രസരിപ്പിച്ചത് വൈലോപ്പിള്ളി ആയിരുന്നു എങ്കില്‍ വൈലോപ്പിള്ളി ക്കവിതകളിലൂടെ ആധുനിക മനശ്ശാസ്ത്ര ചിന്തകരായ ഫ്രോയിഡി ന്റെയും, അഡലറുടെയും ,യൂങ്ങിന്റെയും ദര്‍ശനങ്ങള്‍ക്ക്
പുതിയ ഭാഷ്യവും വ്യാഖ്യാനവും രചിച്ചയാളായിരുന്നു വിജയന്‍ മാഷ്‌ .

"മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല നുള്ളുന്നത് തല്ലു കൊളളാഞ്ഞിട്ടല്ലേ? " .
എന്ന് വൈലോപ്പിള്ളി പാടിയപ്പോള്‍ അത് ആസക്തികളിലേക്ക് പാഞ്ഞടുക്കുന്ന ആധുനിക മനുഷ്യരോടുള്ള കവിയുടെ മുന്നറിയിപ്പാണെന്നു ആദ്യമായും അവസാനമായും പറഞ്ഞു തന്ന ഗുരുവായിരുന്നു വിജയന്‍ മാഷ് .

തന്റെ അറിവുകളെയും ദര്‍ശനങ്ങളെയും എന്നും തൊഴിലാളി വര്‍ഗ്ഗത്തോടുള്ള പ്രതിബദ്ധതയുമായി ചേര്‍ത്തു നിര്‍ത്താനാണ് മാഷ്‌ ശ്രമിച്ചിട്ടുള്ളത് .പ്രത്യയ ശാസ്ത്രങ്ങളുടെ കടും പിടുത്തങ്ങളോ ,നിറക്കൂട്ടുകളോ അല്പം പോലും ഏശാത്ത ചിന്താ രീതിയായിരുന്നു അദ്ദേഹത്തിന്റേത് .
മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ അന്തര്‍ധാരയില്‍ ആധുനിക കമ്യൂ നിസ്റ്റുകള്‍ പലപ്പോഴായി മായം കലര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരാരും വ്യാഖ്യാനിക്കുന്നത് പോലെയായിരുന്നില്ല വിജയന്മാഷിന്റെ മാര്‍ക്സും  മാര്‍ക്സിസവും  .
പുരോഗമന പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സഹയാത്രികരായി ഒട്ടേറെ ബുദ്ധിജീവികള്‍ കടന്നുവന്നെങ്കിലും വിട്ടുവീഴ്ച്ചകളിലും കടും പിടുത്തങ്ങളിലും പെടാതെ പ്രതിബദ്ധതയില്‍ മാത്രം ഉറച്ചു നില്‍ക്കാന്‍ മാഷിനു മാത്രമേ കഴിഞ്ഞുള്ളു എന്ന് പറയാം .
മറ്റുള്ളവര്‍ മനം മടുത്തു തിരിഞ്ഞു നടക്കുകയോ, കണ്ടില്ലെന്നു നടിച്ചു ഒപ്പം ചേരുകയോ ചെയ്തപ്പോള്‍ പ്രത്യയ ശാസ്ത്രത്തിനു വെട്ടി മറിക്കാന്‍ കഴിയാത്ത മഹാവൃക്ഷമായി നിലകൊള്ളാന്‍ അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞുള്ളു .

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അമരക്കാര്‍ക്കുള്‍പ്പെടെ മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെയും മര്‍ദ്ദിത ജനസേവനത്തിന്റെയും ബാല പാഠങ്ങളും ദിശാബോധവും നല്‍കിയത് മാഷിന്റെ മൌലിക ചിന്തകളും ദര്‍ശനങ്ങളും ആയിരുന്നു .
അതുകൊണ്ടുതന്നെയാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കാത്ത പ്രവണതകള്‍ അവയെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ഓര്‍മ്മപ്പെടുത്തലിന്റെയും പ്രതിഷേധത്തിന്റെയും പുതിയ 'പാഠ'വുമായി അദ്ദേഹം പ്രതികരിച്ചതും പ്രതിരോധിച്ചതും .

പ്രത്യയ ശാസ്ത്ര വക്താക്കള്‍ അദ്ദേഹത്തിന്‍റെ ചിന്തകളെ വെറുപ്പോടെ പുറത്തെറിഞ്ഞു കളഞ്ഞെങ്കിലും അദ്ദേഹം നീട്ടി നിര്‍ത്തിയ സാമൂഹിക പ്രതി ബദ്ധതയുടെ ശലാകകളിലൂടെ അറിവിന്റെ വിദ്യുല്‍ സ്പര്‍ശം ഏറ്റ ഒരു യുവനിര മാഷിന്റെ ചിന്തകളെ താലോലിച്ചു .  ധ്യാന നിമഗ്നരായാണ് അവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടുനിന്നത് .

കവിത ,രാഷ്ട്രീയം .ചിത്രകല ,തത്വ ചിന്ത ,സാഹിത്യം -വിഷയം ഏതായാലും അവയെപ്പറ്റി മാഷിനു തന്റേതായ കാഴ്ച്ചപ്പാടുണ്ടായിരുന്നു ,പ്രായം കൊണ്ട് പുതിയ തലമുറയോട് ഒട്ടേറെ അന്തരമുന്ടെങ്കിലും ആ വ്യത്യാസം ആദ്ധേഹത്തിന്റെ  ഇടപെടലുകളില്‍ പുതുമുറക്കാര്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍  കഴിഞ്ഞിരുന്നില്ല,
ആധുനിക ജീവിതത്തിലെ അനുഭവമലിനീകരണങ്ങളെ ഏറ്റവുമധികം തുറന്നു കാണിച്ചതും ശുദ്ധീകരിക്കാന്‍ ശ്രമിച്ചതും അദ്ദേഹമായിരുന്നു .എന്തിനെക്കുറിച്ചുമുള്ള ചിന്തയുടെ ഒരു തലത്തില്‍ എത്തി ഇതാണ് അതിനെ സംബന്ധിച്ച ആത്യന്തിക സത്യത്തിന്റെ അതിര്‍ത്തി എന്ന് കരുതി നാം നില്‍ക്കുമ്പോള്‍ ആരും ചൂണ്ടിക്കാണിക്കാത്ത മറ്റൊരു ചിന്തകൊണ്ട് മാഷ്‌ അതിനെ തിരുത്തിക്കൊണ്ടേയിരുന്നു .(തുടരും )
ചിത്രം :സുനോജ് നൈനാന്‍ മാത്യു (മംഗളം)