2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു

യുക്തി ചിന്തയുടെയും ധൈഷണിക ഉദ്ദീപനങ്ങളുടെയും നൂറു നൂറു മാമ്പൂക്കള്‍ വിരിയിച്ച് ആധുനിക യൌവ്വനങ്ങളെ ത്രസിപ്പിക്കുകയും അതേ സമയം ഉള്‍ക്കാഴ്ചയുടെ മധുരം പൊലിപ്പിക്കുകയും ചെയ്ത ഒരു മഹാവൃക്ഷം നിലം പതിച്ചിട്ട്‌   നാല് വര്‍ഷം തികയുന്നു .

2007 ഒക്ടോബര്‍ മൂന്നിന് തൃശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ പത്ര സമ്മേളനത്തിനിടയില്‍ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍റെ വേര്‍പാട് .

അപകടപ്പെടുത്തുന്ന ഉള്‍വിളികളെ സാമൂഹിക പ്രതിബദ്ധതയുടെ കവചം കൊണ്ട് പ്രതിരോധിച്ച് വാക്കുകള്‍ കൊണ്ടും മൌലികമായ ദര്‍ശനങ്ങള്‍ കൊണ്ടും ചിന്തിക്കുന്ന മലയാളികളുടെ ഹൃദയങ്ങളോട് ഒട്ടിനിന്ന പ്രിയപ്പെട്ട വിജയന്‍ മാഷ്‌ അന്ത്യ നിമിഷങ്ങളിലും പ്രതിലോമ ശക്തികളോടുള്ള തന്റെ പോരാട്ടത്തിന്റെ കര്‍മ്മ വേദിയിലായിരുന്നു എന്നത് കേവല യാദൃശ്ചികതയല്ല .

ക്ലാസ് മുറികളിലും തെരുവോരങ്ങളിലും ഒരേ പോലെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത് മറ്റാരും പറയാത്ത ,മറ്റാരും ചിന്തിക്കാത്ത സാമൂഹിക വിഷയങ്ങളായിരുന്നു .

മലയാള കവിതാ ശാഖയില്‍ പുരോഗമന ചിന്തയുടെ വൈദ്യുതി പ്രസരിപ്പിച്ചത് വൈലോപ്പിള്ളി ആയിരുന്നു എങ്കില്‍ വൈലോപ്പിള്ളി ക്കവിതകളിലൂടെ ആധുനിക മനശ്ശാസ്ത്ര ചിന്തകരായ ഫ്രോയിഡി ന്റെയും, അഡലറുടെയും ,യൂങ്ങിന്റെയും ദര്‍ശനങ്ങള്‍ക്ക്
പുതിയ ഭാഷ്യവും വ്യാഖ്യാനവും രചിച്ചയാളായിരുന്നു വിജയന്‍ മാഷ്‌ .

"മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല നുള്ളുന്നത് തല്ലു കൊളളാഞ്ഞിട്ടല്ലേ? " .
എന്ന് വൈലോപ്പിള്ളി പാടിയപ്പോള്‍ അത് ആസക്തികളിലേക്ക് പാഞ്ഞടുക്കുന്ന ആധുനിക മനുഷ്യരോടുള്ള കവിയുടെ മുന്നറിയിപ്പാണെന്നു ആദ്യമായും അവസാനമായും പറഞ്ഞു തന്ന ഗുരുവായിരുന്നു വിജയന്‍ മാഷ് .

തന്റെ അറിവുകളെയും ദര്‍ശനങ്ങളെയും എന്നും തൊഴിലാളി വര്‍ഗ്ഗത്തോടുള്ള പ്രതിബദ്ധതയുമായി ചേര്‍ത്തു നിര്‍ത്താനാണ് മാഷ്‌ ശ്രമിച്ചിട്ടുള്ളത് .പ്രത്യയ ശാസ്ത്രങ്ങളുടെ കടും പിടുത്തങ്ങളോ ,നിറക്കൂട്ടുകളോ അല്പം പോലും ഏശാത്ത ചിന്താ രീതിയായിരുന്നു അദ്ദേഹത്തിന്റേത് .
മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ അന്തര്‍ധാരയില്‍ ആധുനിക കമ്യൂ നിസ്റ്റുകള്‍ പലപ്പോഴായി മായം കലര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരാരും വ്യാഖ്യാനിക്കുന്നത് പോലെയായിരുന്നില്ല വിജയന്മാഷിന്റെ മാര്‍ക്സും  മാര്‍ക്സിസവും  .
പുരോഗമന പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സഹയാത്രികരായി ഒട്ടേറെ ബുദ്ധിജീവികള്‍ കടന്നുവന്നെങ്കിലും വിട്ടുവീഴ്ച്ചകളിലും കടും പിടുത്തങ്ങളിലും പെടാതെ പ്രതിബദ്ധതയില്‍ മാത്രം ഉറച്ചു നില്‍ക്കാന്‍ മാഷിനു മാത്രമേ കഴിഞ്ഞുള്ളു എന്ന് പറയാം .
മറ്റുള്ളവര്‍ മനം മടുത്തു തിരിഞ്ഞു നടക്കുകയോ, കണ്ടില്ലെന്നു നടിച്ചു ഒപ്പം ചേരുകയോ ചെയ്തപ്പോള്‍ പ്രത്യയ ശാസ്ത്രത്തിനു വെട്ടി മറിക്കാന്‍ കഴിയാത്ത മഹാവൃക്ഷമായി നിലകൊള്ളാന്‍ അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞുള്ളു .

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അമരക്കാര്‍ക്കുള്‍പ്പെടെ മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെയും മര്‍ദ്ദിത ജനസേവനത്തിന്റെയും ബാല പാഠങ്ങളും ദിശാബോധവും നല്‍കിയത് മാഷിന്റെ മൌലിക ചിന്തകളും ദര്‍ശനങ്ങളും ആയിരുന്നു .
അതുകൊണ്ടുതന്നെയാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കാത്ത പ്രവണതകള്‍ അവയെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ഓര്‍മ്മപ്പെടുത്തലിന്റെയും പ്രതിഷേധത്തിന്റെയും പുതിയ 'പാഠ'വുമായി അദ്ദേഹം പ്രതികരിച്ചതും പ്രതിരോധിച്ചതും .

പ്രത്യയ ശാസ്ത്ര വക്താക്കള്‍ അദ്ദേഹത്തിന്‍റെ ചിന്തകളെ വെറുപ്പോടെ പുറത്തെറിഞ്ഞു കളഞ്ഞെങ്കിലും അദ്ദേഹം നീട്ടി നിര്‍ത്തിയ സാമൂഹിക പ്രതി ബദ്ധതയുടെ ശലാകകളിലൂടെ അറിവിന്റെ വിദ്യുല്‍ സ്പര്‍ശം ഏറ്റ ഒരു യുവനിര മാഷിന്റെ ചിന്തകളെ താലോലിച്ചു .  ധ്യാന നിമഗ്നരായാണ് അവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടുനിന്നത് .

കവിത ,രാഷ്ട്രീയം .ചിത്രകല ,തത്വ ചിന്ത ,സാഹിത്യം -വിഷയം ഏതായാലും അവയെപ്പറ്റി മാഷിനു തന്റേതായ കാഴ്ച്ചപ്പാടുണ്ടായിരുന്നു ,പ്രായം കൊണ്ട് പുതിയ തലമുറയോട് ഒട്ടേറെ അന്തരമുന്ടെങ്കിലും ആ വ്യത്യാസം ആദ്ധേഹത്തിന്റെ  ഇടപെടലുകളില്‍ പുതുമുറക്കാര്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍  കഴിഞ്ഞിരുന്നില്ല,
ആധുനിക ജീവിതത്തിലെ അനുഭവമലിനീകരണങ്ങളെ ഏറ്റവുമധികം തുറന്നു കാണിച്ചതും ശുദ്ധീകരിക്കാന്‍ ശ്രമിച്ചതും അദ്ദേഹമായിരുന്നു .എന്തിനെക്കുറിച്ചുമുള്ള ചിന്തയുടെ ഒരു തലത്തില്‍ എത്തി ഇതാണ് അതിനെ സംബന്ധിച്ച ആത്യന്തിക സത്യത്തിന്റെ അതിര്‍ത്തി എന്ന് കരുതി നാം നില്‍ക്കുമ്പോള്‍ ആരും ചൂണ്ടിക്കാണിക്കാത്ത മറ്റൊരു ചിന്തകൊണ്ട് മാഷ്‌ അതിനെ തിരുത്തിക്കൊണ്ടേയിരുന്നു .(തുടരും )
ചിത്രം :സുനോജ് നൈനാന്‍ മാത്യു (മംഗളം)

70 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

mayflowers പറഞ്ഞു...

അപൂര്‍വമായൊരു അന്ത്യമായിരുന്നു അദ്ദേഹത്തിന്റേത്.

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഈ ഓര്‍മ്മക്കുറിപ്പിനു നന്ദി രമേശേട്ടാ...

പഥികൻ പറഞ്ഞു...

അനുഭവസ്മരണക്കു നന്ദി...വിജയന്മാഷിന്റെ ധിഷണയെ പാർട്ടി ആവശ്യത്തിനുപയോഗിക്കുകയും ആവശ്യം കഴിഞ്ഞ് കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്തു.

ഹാഷിക്ക് പറഞ്ഞു...

ഒരുപാട് ആളുകള്‍ കണ്ടുകൊണ്ടിരിക്കെ നടന്ന ' ആ നല്ല അദ്ധ്യാപകന്റെ' മരണം ഇപ്പോഴും ഓര്‍ക്കുന്നു.

V P Gangadharan, Sydney പറഞ്ഞു...

കീര്‍ത്തിശേഷനായ വിജയന്‍മാഷെ കീര്‍ത്തിച്ചുകൊണ്ട്‌ ഇവിടെ എമ്പാടും വിതറിയിട്ട വാക്കുകള്‍ ഞാന്‍ സുന്ദരമായ സൂനങ്ങളായിട്ടാണ്‌ കാണുന്നത്‌ . ആത്മാര്‍ത്ഥതയില്‍ കുതിര്‍ന്ന ഈ വര്‍ണ്ണസൂനങ്ങള്‍ പെറുക്കിക്കൂട്ടി പുതുമാല്യമാക്കി, മനസിലൊരു കോണില്‍ അന്നെന്നോതൊട്ട്‌ ഞാന്‍ സൂക്ഷിച്ചുപോന്ന ഒരു ബിംബത്തില്‍ പരിതുഷ്ടിയോടെ ചാര്‍ത്തുവാന്‍ വെമ്പുകയാണ്‌ ഞാന്‍. വളര്‍ച്ചയുടെ മാനതലങ്ങള്‍ കടന്നുയരമെടുത്ത, പരിപൂതനായ ആ ബുദ്ധിരാക്ഷസന്റെ കഴുത്തില്‍ എത്തിപ്പിടിച്ചെങ്കിലും, രമേശനില്‍ നിന്നും കടമെടുത്ത, ഈ പുഷ്പഹാരം അണിയിക്കുവാന്‍ ഈ ഹ്രസ്വകായന്റെ ബലമറ്റ കൈകള്‍ നീളുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പൊരിക്കല്‍ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ യാദൃച്‌ഛികമായി ബ്രണ്ണന്‍ കോളെജിന്റെ മുന്‍പില്‍വെച്ചു കണ്ടുമുട്ടാനിടവന്നപ്പോള്‍ ആ കൈകള്‍ എന്നെ ആശ്ലേഷിക്കാന്‍ നീണ്ടുവന്നത്‌ ഒരു സുകൃതംപോലെ ഇന്നും ഓര്‍ക്കുന്നു. ഒരു ഗുരുവില്‍ നിന്നു ലഭിച്ച അനര്‍ഘമായ ആശ്ലേഷത്തില്‍ ആവിഷ്‌കൃതമായ വൈകാരികതയുടെ പേരും `വിജയന്‍മാഷ്‌` എന്നുതന്നെയാവാം. ഹൃദയംകൊണ്ട്‌ അന്ന്‌ സ്പര്‍ശിച്ചറിഞ്ഞ മനുഷ്യത്വത്തിന്റെ ഊഷ്മളത ഹൃദയത്തില്‍തന്നെ അടച്ചു കാത്തുവെച്ചത്‌ തൊഴുകൈകളാല്‍ കോരിയെടുത്ത്‌ പുളകംകൊള്ളാന്‍ ഈ സംക്ഷിപ്താനുസ്മരണം ഒരു നിമിത്തമായി വര്‍ത്തിക്കുന്നു. സുഹൃത്തേ, ആയിരം നന്ദി!

kochumol(കുങ്കുമം) പറഞ്ഞു...

ഓര്‍മ്മകള്‍ക്ക് മരണമില്ല ...
അതങ്ങനെയാണു..തികട്ടികൊണ്ടിരിക്കും!

വേണുഗോപാല്‍ പറഞ്ഞു...

ആധുനിക ജീവിതത്തിലെ അനുഭവമലിനീകരണങ്ങളെ ഏറ്റവുമധികം തുറന്നു കാണിച്ചതും ശുദ്ധീകരിക്കാന്‍ ശ്രമിച്ചതും അദ്ദേഹമായിരുന്നു...
ഈ വരികള്‍ മാത്രം മതിയാകും വിജയന്‍ മാഷിനെ അറിയാന്‍ ,,,,, എട്ടാമത്തെ പാരഗ്രാഫില്‍ ചിന്തകളും ദര്‍ശങ്ങളും എന്നത് ചിന്തകളും ദര്‍ശനങ്ങളും എന്നായിരിക്കുമല്ലോ ? ആശംസകള്‍ ശ്രീ രമേശ്‌ ...

Biju Davis പറഞ്ഞു...

ഈ ഓർമ്മക്കുറിപ്പിനു ഒരു നൂറു ലൈക്ക്....

രമേശ്‌ അരൂര്‍ പറഞ്ഞു...

@@വേണുജി : തിരുത്തിയിട്ടുണ്ട് ..നന്ദി ,:)

Anya പറഞ്ഞു...

That picture tells more than you can see ..

Have a nice day
:-)

ഇടശ്ശേരിക്കാരന് പറഞ്ഞു...

അദ്ദേഹത്തിന്റെ വിയോഗം മറ്റുള്ളവരെപോലെ ഞാനുംകണ്ടു,അത് വല്ലാത്തൊരുഷോക്കായിരുന്നു.ഇന്നത്തെ തലമുറമറന്നുകൊണ്ടിരിക്കുന്ന മാഷേയുംഅദ്ധേഹത്തിന്റെ കൃതികളെയും നമുക്ക് സ്മരിക്കാം

മുകിൽ പറഞ്ഞു...

വിജയന്‍ മാഷ്..! നന്ദി ഈ എഴുത്തിനു. തുടരൂ.

SHANAVAS പറഞ്ഞു...

രമേശ്‌ സര്‍, ആധുനിക കേരളം കണ്ട ചിന്തകരില്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്ന വിജയന്‍ മാഷിനെ കുറിച്ചുള്ള ഈ അനുസ്മരണം എന്തുകൊണ്ടും ഉചിതം ആയി..ആശംസകള്‍...

സീത* പറഞ്ഞു...

പറയാൻ പലതും ബാക്കി വച്ച് മൺ‌മറഞ്ഞ ആ മഹാ പ്രതിഭയ്ക്കുള്ള സ്മരണാഞ്ജലി നന്നായി ഏട്ടാ..

കെ.എം. റഷീദ് പറഞ്ഞു...

മലയാളത്തിന്റെ അഹങ്കാരമായിരുന്നു വിജയന്‍ മാഷ്‌
'കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം' എന്ന്
അവസാനമായി ഉരുവിട്ടുകൊണ്ട്.മരണത്തിനു കീഴടങ്ങുമ്പോഴും, അവസാന നിമിഷം വരെയും
താന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് വേണ്ടി പൊരുതിയ ഒരു മഹാവൃക്ഷമായിരുന്നു വിജയന്‍ മാഷ്‌
ചോക്ലേറ്റു മനുഷ്യന്റെ നിത്യ വിഭവം ആകുമ്പോള്‍ അത് ഒരു ഭക്ഷണവും ശീലവും ആകുന്നതിന്റെ കെടുതിമുതല്‍
വര്‍ഗീയതകൊണ്ട് അന്തനായ മനുഷ്യന്റെ വീണ്ടെടുപ്പുവരെ മാഷിന്റെ ചിന്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഈ ഓര്‍മ്മക്കുരിപ്പിലൂടെ ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു... ചലിക്കട്ടെ തൂലിക ..ആശംസകള്‍

ചെറുവാടി പറഞ്ഞു...

വായനയിലൂടെ കൂടുതല്‍ അറിഞ്ഞ, ഇഷ്ടപ്പെട്ട വ്യക്തിത്വം.
ഇഷ്ടമില്ലാത്ത പരിസരത്തോട് തുറന്ന് പ്രതികരിക്കുന്ന സ്വഭാവം.
ആദര്‍ശങ്ങളിലെ ആര്‍ജ്ജവവും അത് പ്രകടിപ്പിക്കുന്നതിലെ ധീരതയും .
അതില്‍ എനിക്ക് യോജിപ്പോ വിയോജിപ്പോ ഉണ്ടായിരിക്കാം .
പക്ഷെ വിജയന്‍ മാഷ്‌ എന്ന വ്യക്തി , ജീവിതം, വീക്ഷണം, എഴുത്ത് , നിലപാട് , ഇടപെടല്‍ , എല്ലാം താല്പര്യപൂര്‍വ്വം നോക്കിനിന്നിട്ടുണ്ട്.
അതൊകൊണ്ട് തന്നെ ആ വിയോഗത്തില്‍ വേദനയും .
ഈ ഓര്‍മ്മകുറിപ്പിന് നന്ദി രമേശ്‌ ഭായ്

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഈ ഓര്‍മ്മക്കുറിപ്പിന് നന്ദി രമേശേട്ടാ... വിജയന്‍ മാഷിനെ പറ്റി കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു...

ente lokam പറഞ്ഞു...

നന്മയും പ്രായോഗിക ബുദ്ധിയും കൂടി ഒന്നിച്ചു കൊണ്ട് പോകുവാന്‍ കഷ്ട്ടപ്പെടുന്നവര്‍ പലരും ഇപ്പോള്‍ പ്രസ്ഥാനങ്ങളില്‍ നിന്നും പുറത്തു പോവേണ്ട ഗതി ആണല്ലോ..തുടരുന്ന ചരിത്രങ്ങള്‍...ഈ ഒര്മ കുറുപ്പിന് നന്ദി രമേഷ്ജി...

keraladasanunni പറഞ്ഞു...

ഉചിതമായ അനുസ്മരണം 

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍ ,നല്ല കാഴ്ച്ചപ്പാടുകള്‍ ,നല്ല കണ്ടെത്തലുകള്‍
ഈ ഓര്‍മ്മക്കുറിപ്പ്‌ ഹൃദ്യവും ഉചിതവുമായി.

Pradeep Kumar പറഞ്ഞു...

ഉചിതമായ അനുസ്മരണം.... ആശംസകള്‍..

ശ്രീനാഥന്‍ പറഞ്ഞു...

നല്ല ഓർമക്കുറിപ്പ്! അപാരമായ ധിഷണാശക്തിക്ക് ഉടമയായിരുന്നു വിജയൻ മാഷ്. ഒരു വാക്കും വിടാതെ വീർപ്പടക്കി ഞാൻ കേട്ടിട്ടുള്ള ഏക പ്രസംഗകൻ.നന്ദി.

Echmukutty പറഞ്ഞു...

ഈ ഓർമ്മക്കുറിപ്പ് നന്നായി, എഴുത്ത് തുടരു, നാലു വർഷം കടന്ന് പോയിയെന്ന് വിശ്വസിയ്ക്കാൻ പറ്റുന്നില്ല....... തികച്ചും വേറിട്ട ഒരു വ്യക്തിത്വമായിരുന്നു മാഷ്ടെ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വ്യതിരിക്തമായ പാതയിലൂടെ സഞ്ചരിച്ച അദ്ധേഹത്തെ കേരളം വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന് പറയാം.
അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ, മാധ്യമങ്ങള്‍ ലൈവായി ആഘോഷിച്ച മരണരംഗം മനസ്സില്‍ ഓടിയെത്തുന്നു.

ഭാനു കളരിക്കല്‍ പറഞ്ഞു...

വിജയന്‍ മാഷേ പോലെ പോസ്റ്റ് മാര്‍ക്സിസത്തെ ഇത്രയും തിരിച്ചറിഞ്ഞ ഒരു മാര്‍ക്സിസ്റ്റു കേരളത്തില്‍ വേറെ ഇല്ല. ദക്ഷിണ തരുമ്പോള്‍, അല്ലെങ്കില്‍ സഹായങ്ങള്‍ തരുമ്പോള്‍, ഫണ്ട് തരുമ്പോള്‍ അതെന്തിന് എന്നു ചോദിക്കണം എന്നു പറഞ്ഞിടത്താണ് ആഗോളവത്ക്കരണത്തിന്റെ അപകടങ്ങളെ മാഷ്‌ തിരിച്ചറിയുന്നതും തന്റെ പാര്‍ട്ടിയോട് മാഷ്‌ ഇടയുന്നതും. അതിലൂടെ മാഷ്‌ പുതിയ യുദ്ധത്തിനു തുടക്കം കുറിക്കുന്നു. പക്ഷേ നമുക്ക് ഇന്ന് ആ യുദ്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. സത്യത്തില്‍ അമരക്കാരന്‍ ഇല്ലാത്ത തോണി പോലെ ആയി മാഷുടെ വിയോഗം.
വിജയന്‍ മാഷെ ഓര്‍ക്കാനും ആ ചിന്തകളെ ഓര്‍മിപ്പിക്കാനും ഇടയാക്കിയ രമേശിന് നന്ദി.

jiya | ജിയാസു. പറഞ്ഞു...

ഓർമ്മക്കുറിപ്പിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു.. താങ്ക്സ്..

Jefu Jailaf പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ രമേഷേട്ടാ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഞങ്ങടെ വിജയൻ മാഷ്
നമ്മുടെ എല്ലാവരുടേയും വിജയൻ മാഷ്

വളരെ നല്ലൊരു ഓർമ്മക്കുറിപ്പുകളായിത് കേട്ടൊ രമേശ് ഭായ്

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി.

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവം തലശ്ശേരികാരന്‍ പറഞ്ഞു...

മറവിയുടെ ചവറ്റു കോട്ടയിലേക്ക് തള്ളാന്‍ ശ്രമിച്ചിട്ടും ചില ഓര്‍മ്മകളെ മറക്കാതിരിക്കാന്‍ ഇത്തരം ഓര്‍മ്മ കുറിപ്പുകള്‍ സഹായിക്കുന്നു

Muneer N.P പറഞ്ഞു...

വിജയന്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് നന്നാ‍യി

നാമൂസ് പറഞ്ഞു...

എപ്പോഴും തുറന്നു പിടിച്ച കണ്ണുകളുമായി കാവലിരിക്കുകയായിരുന്നു മാഷ്‌.
മലയാളിയുടെ 'മാറുന്ന മുഖത്തെ' അദ്ദേഹം കൊഞ്ഞനം കുത്തിയത് കേവല ഗോഷ്ടി കാണിച്ചു കൊണ്ടായിരുന്നില്ല. പകരം, ഏറെ ലളിതവും പരിചിതവുമായ ഒന്നിനെ ഉദാഹരിച്ചു കൊണ്ടായിരുന്നു,
"മുമ്പൊക്കെ തീറ്റ അകത്തും തൂറ്റ പുരത്തുമായിരുന്നു, എന്നാലിപ്പോള്‍, തൂറ്റ അകത്തും തീറ്റ പുറത്തുമായി പരിഷകരിക്കപ്പെട്ടിരിക്കുന്നു"!! ഇതായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

വായനക്കൊടുവില്‍, ഭാനു പങ്കുവെച്ചതും ചിന്തനീയം.

ഏറ്റം ഉചിതമായതിനെ ചൂണ്ടികാണിച്ചു കൊണ്ട് മാഷിനെ ഓര്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ഈ എഴുത്തില്‍/വായനയില്‍ രമേശ്‌ജിക്ക് നന്ദി.

Manoraj പറഞ്ഞു...

വിജയന്‍ മാഷിന്റെ കാഴ്ചപ്പാടുകള്‍ പലതും ജീവിച്ചിരുന്നപ്പോള്‍ ശരിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇന്ന് രാവിലെ മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ മാമ്പഴ റിവ്യൂ വായിച്ചതേയുള്ളൂ. നന്നായി ഈ ഓര്‍മ്മ

റശീദ് പുന്നശ്ശേരി പറഞ്ഞു...

മരിക്കാത്ത ഓര്‍മകള്‍ക്ക് പ്രണാമം . നന്ദി

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സ്മരണാഞ്ജലികള്‍...ഓര്‍മ്മകുറിപ്പുകള്‍ പങ്കു വെച്ചതില്‍..നന്ദി.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല പോസ്റ്റ്
ഓര്‍മ്മക്കുറിപ്പിനു നന്ദി

നാരദന്‍ പറഞ്ഞു...

രമേശ്‌ അരൂരിനും ഭാനുവിനും നാമൂസിനും നന്ദി ...
ചിലത് ശരിയായി ഓര്‍മ്മിപ്പിച്ചതിന്

ജാനകി.... പറഞ്ഞു...

അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ ലൈവായി കാ‍ണേണ്ടി വന്ന ആ മരണം ഒരു നടുക്കമാണിപ്പൊഴും മനസ്സിൽ ഉളവാക്കുന്നത്......

എന്തായാലും .... ഈ പോസ്റ്റ് ഒരു ആവശ്യമായിരുന്നു ...നന്നായിരിക്കുന്നു രമേശേട്ട

moideen angadimugar പറഞ്ഞു...

വിജയൻ മാഷിനെക്കുറിച്ചുള്ള അനുസ്മരണം ഉചിതമായി. മാഷിന്റെ ഒരിക്കലും മറക്കാത്ത ആ വിയോഗത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി.

Shukoor പറഞ്ഞു...

അതെയതെ.. അദ്ദേഹത്തിന്റെ മരണത്തിന്റെ പ്രത്യേകതയും അദ്ദേഹത്തെ അനശ്വരനാക്കിയിട്ടുണ്ട് എന്നാണു എന്‍റെ വിശ്വാസം.
അദ്ദേഹത്തിന്റെ കുറച്ചു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ആ ബുദ്ധിയുടെ ആഴം അറിയാന്‍ അത് മതി. എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം. ഈ പോസ്റ്റിനു വളരെ നന്ദി.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

അവസരോചിതമായ ഓര്‍മക്കുറിപ്പ് നല്ലൊരു ശ്രദ്ധാഞ്ജലി കൂടിയായി രമേശ്...

Sandeep.A.K പറഞ്ഞു...

മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

khader patteppadam പറഞ്ഞു...

അവസരോചിതം, ഈ ഓര്‍മ്മക്കുറിപ്പ്.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട് രമേഷ് ചേട്ടാ.

രമേശ്‌ അരൂര്‍ പറഞ്ഞു...

വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..!! നന്ദി..!!

മുല്ല പറഞ്ഞു...

നല്ല ഓര്‍മ്മക്കുറിപ്പ്. ആ മരണം ഓര്‍ത്ത് പോയി.

Lipi Ranju പറഞ്ഞു...

വിജയന്‍ മാഷിനെ കുറിച്ചുള്ള ഈ അനുസ്മരണം നന്നായി രമേശേട്ടാ...

കാസിം തങ്ങള്‍ പറഞ്ഞു...

-"മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല നുള്ളുന്നത് തല്ലു കൊളളാഞ്ഞിട്ടല്ലേ? " .
എന്ന് വൈലോപ്പിള്ളി പാടിയപ്പോള്‍ അത് ആസക്തികളിലേക്ക് പാഞ്ഞടുക്കുന്ന ആധുനിക മനുഷ്യരോടുള്ള കവിയുടെ മുന്നറിയിപ്പാണെന്നു ആദ്യമായും അവസാനമായും പറഞ്ഞു തന്ന ഗുരുവായിരുന്നു വിജയന്‍ മാഷ്-

ഹൃദ്യമായി ഈ അനുസ്മരണം.

AFRICAN MALLU പറഞ്ഞു...

മാത്രുഭുമിയിലെ വിജയന്‍ മാഷ് അനുസ്മരണം വായിച്ചിരുന്നു ഇപ്പോള്‍ ഇതും .വളരെ നന്നായി .മാഷിന്റെ പ്രസംഗങ്ങള്‍ ആണ് എന്നെ ഒരു പാട് ആകര്‍ഷിച്ചിട്ടുള്ളത് സ്ഫടികം പോലെ തെളിമയുള്ള ചിന്തകള്‍.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

മുതലാളിത്തത്വത്തെ ലാളിച്ചു കൊണ്ടുള്ള
കെ.വേണുവിന്റെ ലേഖനം അച്ചടിച്ചു വന്നതിന്റെ
ഏഴാം പക്കമാണു് ആഗോള സമ്പദ് വ്യവസ്ഥ
തകര്‍ന്നു കൂപ്പു കുത്തിയ വാര്‍ത്ത അച്ചടിമഷി പുരണ്ടതു് .
അപ്പോള്‍ വിജയന്‍ മാഷ് വിരല്‍ ചൂണ്ടിയിരുന്ന ഭാഗത്തു്
ശരി ഒരു വിഷാദ പുഞ്ചിരിയുമായി നില്പുണ്ടായിരുന്നു.

കുമാരന്‍ | kumaran പറഞ്ഞു...

ഒരിക്കലും നികത്താനാവാത്ത ശൂന്യത.!

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

നല്ലൊരു ഓര്മ കുറിപ്പ്

Salam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Salam പറഞ്ഞു...

"കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത്‌ ബെര്‍ണാഡ് ഷായാണല്ലോ"
ഇതായിരുന്നു വിജയന്‍ മാഷ്‌ അവസാനമായി പറഞ്ഞ വാക്കുകള്‍. അതെ, കേള്‍പ്പിക്കേണ്ട ഭാഷ മാഷിന് അറിയാമായിരുന്നു. അതു പ്രത്യയശാസ്ത്രം വിക്കി ലീക്സ് ആക്കുന്ന പാര്‍ട്ടി മുതലാളിമാര്‍ക്ക് കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകള്‍ ആയിരുന്നില്ല. അവര്‍ മാഷിനെ പ്രതികാരമായി പത്രത്തില്‍ നിന്ന് പുറത്താക്കി. മാഷ് ചിരിച്ചു കൊണ്ടു പ്രതികരിച്ചു."മുതലാളി പറഞ്ഞു, തൊഴിലാളി പിരിഞ്ഞു". എത്ര ലളിതം, എത്ര അര്‍ത്ഥ ഗര്‍ഭം. അതായിരുന്നു മാഷ്‌. മാഷിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി മാത്രം കോഴിക്കോട് പോയ സായാഹ്നം ഇന്നും ഓര്‍മയില്‍ നിറയുന്നു. നികത്താനാവാത്ത വിടവ് എന്നതിന്റെ അര്‍ത്ഥം ശരിക്കും അറിഞ്ഞത് മാഷ് യാത്രയായപ്പോള്‍ ആയിരുന്നു.

ഒരു പാവം പൂവ് പറഞ്ഞു...

വിജയന്‍ മാഷിനെക്കുറിച്ചു് വളരെ ഉചിതമായ അനുസ്മരണം. ഓരോ വ്യക്തിത്വങ്ങളും വിട പറയുമ്പോള്‍ ഭാഷ കൂടുതല്‍ ദരിദ്രമാകുന്നു.

നന്നായി,രമേശ്‌...

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

Remesh,
He is coming to my door!

വിനോദ് ജോര്‍ജ്ജ് പറഞ്ഞു...

ഹൃദയത്തിന്റെ വാതില്‍ എപ്പോഴും തുറന്നിട്ടിരുന്ന ചിന്തകനായിരുന്നു വിജയന്‍ മാഷ്‌ ....................നന്ദി

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

ഈ ഓര്‍മ്മക്കുറിപ്പ് പുതിയ ഒരുപിടി അറിവുകള്‍ കൂടിയേകി.. നന്ദി രമേഷ്ജീ..

faisalbabu പറഞ്ഞു...

വളരെയധികം മനസ്സിനെ വേദനിപ്പിച്ച ഒരു ദിവസമായിരുന്നു അന്ന് !മാഷിന്റെ മരണം അന്ന് ലൈവ് ആയി കണ്ടപ്പോള്‍ ഒരു പാട് വിഷമം തോന്നി !!
---------------------------------------------
നാല് വര്ഷം കടന്നു പോയി ,,,പക്ഷെ അദ്ധേഹത്തെ എത്രപേര്‍ ഇന്ന് ഓര്‍മ്മിക്കുന്നു അവസരോചിതം ഈ ഓര്‍മ്മക്കുറിപ്പ്‌ !!

mohammedkutty irimbiliyam പറഞ്ഞു...

മാഷിനു നല്‍കുന്ന നമയുടെ ഈ സ്മൃതിപ്പൂക്കള്‍ വളരെ ഹൃദ്യം.അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തെ.

yousufpa പറഞ്ഞു...

അണമുറിയാത്ത അറിവിന്റെ മഹാപ്രപഞ്ചം തന്റേതുമാത്രമായ ശൈലിയിൽ ഒരുക്കി തരികയായിരുന്നു അദ്ദേഹം...നാലു വർഷം നീങ്ങിയത് അത്ഭുതത്തോടെ വീക്ഷിക്കാനാകൂ..

ആസാദ്‌ പറഞ്ഞു...

ഇന്നലെ കഴിഞ്ഞ പോലെ ആ മരണം ഓര്‍ത്ത്‌ പോവുന്നു. ആത്മാര്‍ഥതയുള്ള ഒരു ഓര്‍മപ്പെടുത്തല്‍ തന്നെ ആണിത്.. നന്ദി രാമേശേട്ടാ.. ഒരുപാട് നന്ദി..

saji lukhman പറഞ്ഞു...

കരുത്തുറ്റ ഭാഷയുടേയും ചിന്തയുടേയും പാഠങ്ങള്‍ മരണത്തേയും കീഴടക്കുമെന്ന പ്രിയപ്പെട്ട വിജയന്‍ മാഷിന്ടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആയിരമായിരം പ്രണാമങ്ങള്‍.... !!

Fousia R പറഞ്ഞു...

കാടായിത്തീര്‍ന്ന ഒറ്റ മരം എന്നു ബഷീറിനെ വരച്ചു തന്ന ആളാണ്‌ വിജയന്മാഷ്.
തുടര്‍ച്ചകള്‍ ഇല്ലാതെപോയതില്‍ നമ്മള്‍ ദിഖിക്കേണ്ട ഒരു ചിന്താധാര.
സ്മരണയുടെ തുടര്‍ച്ചക്ക് കാക്കുന്നു.
പ്രതിബദ്ധതയില്‍ ഒരു "പ്രതി" ഒറ്റക്ക് നില്‍ക്കുന്നു. ആ പ്രതിയെ ശര്യാക്കൂട്ടൊ.

രമേശ്‌ അരൂര്‍ പറഞ്ഞു...

ഫൌസു:പ്രതി ഒറ്റക്കായത് ഗൂഗിളിന്റെ ഇന്ദ്രജാലം ..ശരിയാക്കി കേട്ടോ .നന്ദി
പക്ഷെ കമന്റിലും തെറ്റുണ്ട്. ട്ടോ .ദിഖിക്കേണ്ട അല്ലല്ലോ ദുഖിക്കേണ്ട അല്ലെ ? :)

Jeevan പറഞ്ഞു...

ചിന്തയുടെ തീനാമ്പുകള്‍..സ്നേഹത്തിന്റെ ആര്‍ദ്രത,, ഇടയ്ക്കോടെ ചിന്തിച്ചുപോവുന്നു... "ഇന്നും മാഷുണ്ടായിരുന്നെങ്കില്‍.."

ajith പറഞ്ഞു...

ഇന്നാണ് ഈ ഒന്നാം ഭാഗം വായിക്കുന്നത്. നന്നായിരിക്കുന്നു ലേഖനം

Kattil Abdul Nissar പറഞ്ഞു...

വിജയന്‍ മാഷിനെ ക്കുറിച്ച് പറയാന്‍ അനുയോജ്യമായ ഭാഷ .
ധിഷണയുടെ അങ്ങേ അറ്റത്ത് നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ഇത്തരം അനുസ്മരണം കൊണ്ട് ബ്ലോഗ്‌ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുന്നു . ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍