2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

താത്വിക ഗുരുവിനും അടിപതറുമ്പോള്‍

'ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു'
ഒന്നാം ഭാഗം വായിക്കാന്‍ 
ഇവിടെ    അമര്‍ത്തുക

ഗുരു എന്ന പദത്തിനും പദവിക്കും അര്‍ത്ഥ പൂര്‍ണ്ണമായ ഒരു നിര്‍വ്വചനം ആയിരുന്നു വിജയന്‍ മാഷ്‌ . പരമ്പരാഗതമായ മിനുസമുള്ള  വഴികള്‍ വിട്ടു മുള്‍പ്പടര്‍പ്പുകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് ആത്യന്തികമായ സത്യങ്ങളുടെ അദൃശ്യമായ  പൂങ്കാവനങ്ങള്‍ അനുഭവിപ്പിച്ചു തന്നു അദ്ദേഹം .

ഓരോ കവിതയും വായിച്ച് അതിലെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുത്തെന്നു കരുതി ആശ്വസിച്ചും അഹങ്കരിച്ചും നാമിരിക്കുമ്പോളാകും മാഷിന്റെ തിരുത്തല്‍ അഥവാ ദര്‍ശനം നമ്മെത്തേടി  വരിക ! അഴിച്ചെടുത്ത കുരുക്കുകള്‍ക്കുമപ്പുറം ഇനിയും വിരിയാത്ത 'ഇഴ വേര്‍തിരിച്ചെടുക്കല്‍ '

"കേള്‍ക്കണമെങ്കില്‍  ഈ ഭാഷ വേണം  " ബര്‍ണാഡ് ഷാ യുടെ ഈ വാക്കുകള്‍ഉദ്ധരിച്ച്‌ കൊണ്ടാണ്   അദ്ദേഹം മരണത്തിലേക്ക് തന്റെ ഭൌതിക ശരീരത്തെ പരിണാമപ്പെടുത്തിയത് . മരണം എന്ന പ്രഹേളികയെപ്പറ്റി ഇതുവരെ ആര്‍ക്കും നല്‍കാന്‍ കഴിയാതിരുന്ന നിര്‍വ്വചനത്തിന്റെ നടുക്കം കൊള്ളിക്കുന്ന ഒരു ദൃശ്യ ഭാഷ്യം ആയി ചരിത്രം അതിനെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു .
മരണത്തില്‍ പോലും മാഷ് തിരിച്ചറിവ് പകരുന്ന നല്ലൊരദ്ധ്യാപകനാകുന്നത് ലോകം  ലൈവ് ആയി കാണുകയായിരുന്നു

വിയര്‍ക്കുന്നത് ഒരു മോശം കാര്യമാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ട് നമ്മുടെ മസ്തിഷ്കത്തിലേക്കും ഉപഭോഗ സംസ്കൃതിയിലേക്കും കുത്തക ഉല്‍പ്പന്നങ്ങള്‍ കടന്നുവന്ന്  അവരുടെ ദൃശ്യ വിസ്മയങ്ങളിലും ,സുഗന്ധ സൌഭഗങ്ങളിലും നമ്മെ വീഴ്ത്തി അടിമകള്‍ ആക്കുമ്പോള്‍ ,വിയര്‍ക്കുന്നത് അദ്ധ്വാനിക്കുന്നവന്‍ ആണെന്നും അദ്ധ്വാനമാണ് മനുഷ്യരെ സ്വാശ്രയ ജീവികളും ,സ്വതന്ത്രരും , സമ്പന്നരും ആക്കുന്നതെന്നും  നേര്‍ക്കുനേര്‍ നിന്ന് പറഞ്ഞു തരാന്‍ നമുക്കൊരു വിജയന്‍ മാഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

കോളേജ് അദ്ധ്യാപകന്‍ ആയിരിക്കെ തെളിയാത്ത മഷിപ്പേനയുമായി ക്ലാസ്സിലെത്തിയ ശിഷ്യനെ സഹായിക്കാന്‍ പേന വാങ്ങി നിബ്ബ് കടിച്ചൂരുകയും മഷി ഒന്നാകെ അദ്ദേഹത്തിന്‍റെ വെളുത്ത ഷര്‍ട്ടില്‍ വീഴുകയും ചെയ്ത സംഭവം കേട്ടിട്ടുണ്ട് .തെളിഞ്ഞു കിട്ടാത്തത് തെളിമയോടെ പകരുകയാണ് ഒരദ്ധ്യാപകന്റെ കടമയെന്  മലയാളികളെ  ചിന്തിപ്പിക്കുവാന്‍ ആദ്ദേഹത്തിന്റെ ഈ പ്രവൃത്തി  കാരണമായതായി കണക്കാക്കാം ..എപ്പോഴും അങ്ങിനെ തന്നെയായിരുന്നു മാഷിന്റെ രീതികള്‍ .
വര്‍ഷങ്ങളായി അദ്ദേഹത്തെ അലട്ടിയ രോഗാവസ്ഥകളിലും വിശ്രമമില്ലാത്ത അലച്ചിലുകളില്‍ കുരുങ്ങി ക്കിടക്കുകയായിരുന്നു  മാഷിന്റെ ജീവിതവും  ദിനചര്യകളും .
വിലക്കുകള്‍ ഉള്ള പിന്‍ വിളികളും ഉള്‍വിളികളും വിടാതെ പിന്‍തുടര്‍ന്നിട്ടും  അദ്ദേഹം അതെല്ലാം അവഗണിച്ചു .തൃശൂരില്‍ ഒരു സാംസ്കാരിക സദസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു .പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് ഓഫ്‌ ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു "ഇത് പിന്‍ വിളിയാണ് "

അഗാധ മൌനത്തിന്റെ ഇരുള്‍ ഭിത്തികള്‍ ഭേദിച്ച വെളിപാടുകള്‍ നിറഞ്ഞ വാക്കുകള്‍ കൊണ്ട് മാഷ്‌ കേരളീയ സമൂഹത്തോട് സംവദിച്ചപ്പോള്‍ വാക്കിനും കേള്‍വിക്കും ഇടയിലുള്ള ശൂന്യത അപ്രസക്തമാവുകയായിരുന്നു. വാക്കും കേള്‍വിയും ഒന്നായത് പോലെ .മറ്റൊരിക്കല്‍ മാഷ്‌ പറഞ്ഞു പറയുന്നയാളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലം ഇല്ലാതാകുമ്പോള്‍ മാത്രമാണ് മികച്ച പ്രാസംഗികനും  കേള്‍വിക്കാരും ഉണ്ടാകുന്നതെന്ന്‌ .

ചെറിയ ഇടവേളയൊഴികെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സന്തത സഹചാരിയായിരുന്നു വിജയന്‍ മാഷ്‌ .ആ പ്രസ്ഥാനങ്ങള്‍ സൈദ്ധാന്തിക വെല്ലുവിളി നേരിട്ടപ്പോള്‍ സംരക്ഷകനായും സിദ്ധാന്തങ്ങളുടെ വ്യാഖ്യാതാവായും പുതിയ സിദ്ധാന്തങ്ങളുടെ സ്രഷ്ടാവായും വിഭിന്ന വേഷങ്ങള്‍ കെട്ടിയിട്ടുണ്ട് വിജയന്‍ മാഷ് .
പാര്‍ട്ടിയില്‍ കേവല അംഗത്വം പോലുമില്ലെങ്കിലും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ മുന്‍ നിരയില്‍ എത്തുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദരവ് നേടുകയും ചെയ്തിരുന്ന അദ്ദേഹം പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചട്ടക്കൂടുകളെയോ സംഘടനാ സംവിധാനങ്ങളെയോ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് പിന്നീട് നേരിട്ട തിരിച്ചടികള്‍ സൂചിപ്പിക്കുന്നത് .കമ്യൂണിസ്റ്റുകാര്‍ തന്നെ ഒരു കാലത്ത് സ്നേഹിച്ചിരുന്നത് 'സ്നേഹം കൊണ്ടായിരുന്നില്ല  എന്നും അവര്‍ മറ്റേതു കമ്യൂണിസ്റ്റ് സഹയാത്രികരോടുമെന്നത് പോലെ "പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച്  സ്നേഹിക്കുക" എന്ന അജണ്ട നടപ്പിലാക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ എന്നും മാഷ്‌ തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍ .
എഴുത്തുകാരും ചിന്തകരും കവികളും എല്ലാം പൊതുവേ പുലര്‍ത്തിപ്പോന്ന സ്വതന്ത്ര നിലപാടുകളെ കമ്യൂണിസ്റ്റ് പക്ഷത്തു ശക്തമായി ഉറച്ചു നിന്നും വാദിച്ചും വിജയന്‍ മാഷ്‌ തള്ളിക്കളഞ്ഞിരുന്നു .
'ഇതെല്ലാം തന്‍റെ വീട്ടുകാര്യമല്ല "    എന്നതായിരുന്നു  അപ്പോഴും  അദ്ദേഹത്തിന്റെ ന്യായം .

ക്ലാസ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ബി .ജെ .പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ പാര്‍ട്ടിക്കാര്‍ വെട്ടി നുറുക്കിയപ്പോഴും മനുഷ്യര്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെയും വ്യവഹാരങ്ങളുടെയും പേരില്‍ പറശ്ശിനിക്കടവിലെ മിണ്ടാപ്രാണികളെ ചുട്ടെരിച്ചപ്പോളും വിജയന്‍ മാഷിന്റെ ദാര്‍ശനിക വെളിപാടുകള്‍ ഇരകള്‍ക്ക് എതിരായിരുന്നു എന്നത് അക്കാലത്തെ ഞെട്ടല്‍ ഉളവാക്കിയ വര്‍ത്തമാനങ്ങള്‍ ആയിരുന്നു .അത് കൊണ്ട് തന്നെ സൈദ്ധാന്തികനായും ചിന്തകനായും മനുഷ്യ സ്നേഹിയായും മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലെത്തിയിട്ടും കേരളത്തിലെ എഴുത്തുകാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും വിജയന്‍ മാഷ്‌ ബഹിഷ്കൃത വ്യക്തിത്വമായി കോര്‍ണര്‍ ചെയ്യപ്പെട്ടിരുന്നു .
അപകടപ്പെടുത്തുന്ന ഉള്‍ വിളികളെ അദ്ദേഹം അറിഞ്ഞുകൊണ്ട് അവഗണിക്കുകയായിരുന്നു .മാരകമായ രോഗാവസ്ഥകള്‍  പലപ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകളെയും ജീവനെയും തന്നെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .
ക്യാന്‍സറിന്റെയും ആസ്ത്മയുടെയും ആക്രമണത്തില്‍ ഒരു വേള അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയ്ക്കു പിന്നില്‍ ബന്ധിതരായിട്ടുണ്ട് .അപ്പോളെല്ലാം നിഗൂഡമായ മന്ദഹാസങ്ങളും അഗാധമായ മൌനവും കൊണ്ട് മാഷ്‌ ആ ശൂന്യതകളെ പൂരിപ്പിച്ചു കൊണ്ടേയിരുന്നു .
(തുടരും )
ചിത്രം :സുനോജ് നൈനാന്‍ മാത്യു (മംഗളം )

40 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

രമേശ്‌ അരൂര്‍ പറഞ്ഞു...

അഗാധ മൌനത്തിന്റെ ഇരുള്‍ ഭിത്തികള്‍ ഭേദിച്ച വെളിപാടുകള്‍ നിറഞ്ഞ വാക്കുകള്‍ കൊണ്ട് മാഷ്‌ കേരളീയ സമൂഹത്തോട് സംവദിച്ചപ്പോള്‍ വാക്കിനും കേള്‍വിക്കും ഇടയിലുള്ള ശൂന്യത അപ്രസക്തമാവുകയായിരുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

രണ്ടാം ഭാഗവും നന്നായി. വളരെ ഗൌരവത്തോടെ വിജയൻ മാഷെ സമീപിച്ചിട്ടുണ്ട് രമേശ്. അഭിനന്ദനം. സുകുമാർ അഴീക്കോടിനേയും കെ ഇ എന്നേയും മനസ്സിലാക്കും പോലെ അത്ര എളുപ്പമല്ല, വിജയൻ മാഷുടെ വാക്കുകളും നിലപാടുകളും മനസ്സിലാക്കാൻ. ഒരു പ്രഹേളികയായിരുന്നു പലപ്പോഴും, അസാധാരണ ട്വിസ്റ്റുകളുള്ള ആ പാരമ്പര്യേതര ഇന്റെലക്ച്ച്വൽ എക്സർസൈസുകൾ.

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

രണ്ടു ഭാഗങ്ങളും വായിച്ചു.

Pradeep Kumar പറഞ്ഞു...

ലേഖനം നന്നായിട്ടുണ്ട് സാര്‍. വിജയന്‍മാഷുടെ വൈയക്തിക ജീവിത സന്ദര്‍ഭങ്ങളും, ബൗദ്ധിക ജീവിത മണ്ഢലങ്ങളും, സാംസ്കാരിക രംഗത്തെ ഇടപെടലുകളും അനാവരണം ചെയ്യുന്ന അങ്ങയുടെ പരമ്പര തുടരുക. സാംസ്കാരികരംഗത്തെ സ്ഥാനമാനങ്ങളുടെ സ്വര്‍ണക്കൂട്ടില്‍ കിടന്ന് യജമാനന്റെ ഇംഗിതത്തിനനുസരിച്ച് ഗര്‍ജിച്ച ഒരു കാലം ഈ സിഹത്തിനും ഉണ്ടായിരുന്നുവല്ലോ!!!,വൈകിയ വേളയില്‍ കൂടുപൊട്ടിച്ച് പുറത്തു വന്നത് മറ്റൊരു ചരിത്രം!!!

അടുത്ത ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.തുടരുക.

yousufpa പറഞ്ഞു...

വളരെ കൗതുകത്തോടെയാണ്‌ ഞാനിത് വായിച്ചു കൊണ്ടിരിക്കുന്നത്.സൈദ്ധാന്തികമായും ലാളിത്യമായ ജീവിതം കൊണ്ടും അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു.
തുടരുക സഹോദരാ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ചെറുവാടി പറഞ്ഞു...

മാഷിനെ അടുത്തറിഞ്ഞ ലേഖനം.
നന്നായി രമേശ്‌ ജീ.
തുടരട്ടെ.

വേണുഗോപാല്‍ പറഞ്ഞു...

കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു മുന്നോട്ടു പോവുക . ഈ വ്യക്തിയെ കൂടുതല്‍ വായിച്ച് അറിയേണ്ടത് അനിര്‍വാര്യം ആകുന്നു . അടുത്ത പോസ്റ്റ്‌ വായനക്ക് കാത്തിരിക്കുന്നു ... ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല വിവരണം. രണ്ടു ഭാഗങ്ങളും വായിച്ചു.

kochumol(കുങ്കുമം) പറഞ്ഞു...

പറയുന്നയാളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലം ഇല്ലാതാകുമ്പോള്‍ മാത്രമാണ് മികച്ച പ്രാസംഗികനും കേള്‍വിക്കാരും ഉണ്ടാകുന്നതെന്ന്‌ ....കൗതുകത്തോടെയാണ്‌ രമേശേട്ടാ വായിക്കുന്നത് .....തുടരുക ഇനിയും അറിയാത്ത കാര്യങ്ങള്‍ ആണ്,ആകാംക്ഷയുണ്ട് ഇനിയും അറിയാന്‍ ......

ഇടശ്ശേരിക്കാരന് പറഞ്ഞു...

പ്രിയപ്പെട്ട രമേശ്‌സാര്‍ ആദ്യമേ ഈ ഓര്‍മ്മപെടുത്തലിനു നന്ദി അറിയിക്കുന്നു.ഒന്നാംഭാഗവും രണ്ടാംഭാഗവും വായിച്ചു,അതുകൊണ്ട് തന്നെ വിജയന്‍മാഷേ കുടുതല്‍ അറിയാന്‍ സാതിച്ചു .ഈയൊരുവാക്കു വല്ലാതെ മനസ്സിനെഉലച്ചു.സദസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു .പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് ഓഫ്‌ ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു "ഇത് പിന്‍ വിളിയാണ് ".ഇനിയും മാഷേകുറിച്ച് വിവരണം ഉണ്ടാകും എന്നുപ്രതീക്ഷിക്കുന്നു

രമേശ്‌ അരൂര്‍ പറഞ്ഞു...

വായിച്ചു പ്രതികരണങ്ങള്‍ അറിയിച്ച മാന്യ സുഹൃത്തുക്കള്‍ക്ക് നന്ദി ..
ശ്രീനാഥന്‍ മാഷ്‌ ,
കൊച്ചു കൊച്ചീച്ചി,
പ്രദീപ്‌ മാഷ്‌ ,
യൂസുഫ്പ ,
ചെറുവാടി,
വേണുജി ,
കുസുമം ചേച്ചി ,
കൊച്ചുമോള്‍ ,
ഇടശ്ശേരിക്കാരന്‍ ..

manoos പറഞ്ഞു...

ചരിത്ര പരമായ വിട്ടിതമായി ഒരിക്കല്‍ പാര്‍ട്ടി തിരിച്ചറിയും ഈ നല്ല മനുഷ്യനെ ചവുട്ടി മാറ്റിയതിനു

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

പേനയുടെ നിബ്ബ് കടിച്ചൂരി ശിഷ്യനെ സഹായിച്ച സംഭവം മതി അദ്ദേഹത്തെയറിയാന്‍...!!
ഒത്തിരി നന്ദി അരൂരേ വിവരങ്ങള്‍ പങ്കുവച്ചതിന്.
ആശംസകളോടെ....

റോസാപൂക്കള്‍ പറഞ്ഞു...

രണ്ടു പോസ്റ്റും ഒരുമിച്ചാണ് വായിച്ചത്.
മാഷിനെക്കുരിച്ച്ചുള്ള തുടര്‍ ലേഖനവും പ്രതീക്ഷിക്കുന്നു

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

വിജയന്‍ മാഷെ അടുത്തറിയാന്‍ സഹായിക്കുന്ന ലേഖനം. തുടര്‍ ലക്കങ്ങള്‍ക്കായ്‌ കാത്തിരിക്കുന്നു.

നാമൂസ് പറഞ്ഞു...

തുടര്‍ ലക്കങ്ങളിലൂടെ മാഷിനെ കൂടുതല്‍ എളുപ്പത്തില്‍ അറിയാനാകുന്ന തരത്തില്‍ എഴുത്ത് പുരോഗമിക്കട്ടെ.. എന്ന് മാത്രം ആശംസ.
കഴിഞ്ഞ ലക്കത്തില്‍, ശ്രീ സലാം പൊറ്റങ്ങല്‍ എഴുതിയ അഭിപ്രായത്തില്‍ പരാമര്‍ശിക്കപ്പെട്ട മാഷിന്റെ ഒരൊറ്റ പ്രയോഗം കൊണ്ട് മാത്രം.. നമുക്കദ്ദേഹത്തെ വായിക്കാവുന്നയോള്ളൂ.. എന്നാണു ഞാന്‍ കരുതുന്നത്.

Vp Ahmed പറഞ്ഞു...

ഈ പരിചയപ്പെടുത്തല്‍ വളരെ നന്നാവുന്നുണ്ട്. തുടരുമെന്ന് പ്രത്യാശിക്കുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വായിച്ചു
നല്ല എഴുത്, മാഷിനെ മനസ്സിലാക്കാന്‍ കഴിയുന്ന വിവരണം
തുടരുക

റാണിപ്രിയ പറഞ്ഞു...

കേൾക്കണമെങ്കിൽ ഈ ഭാഷ വേണം

അവസാനമായി പറഞ്ഞ വാചകങ്ങൾ

മാഷെക്കുറിച്ച് എഴുതിയതിനു നന്ദി...

സ്വന്തം സുഹൃത്ത് പറഞ്ഞു...

വിജയന്‍ മാഷെ അടുത്തറിയിച്ചതിന് നന്ദി..‍!

Sandeep.A.K പറഞ്ഞു...

രമേശേട്ടാ..
നല്ല വിവരണം.. മാഷേകുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു.. തുടരുമല്ലോ..നന്ദി

ajith പറഞ്ഞു...

മല കയറുവാന്‍ വളരെ പ്രയാസം. പക്ഷെ ഉരുണ്ട് താഴെ വീഴുവാന്‍ എന്തെളുപ്പം. ജയകൃഷ്ണന്‍ മാഷുടെ ആ സംഭവത്തിലെ വിജയന്മാഷുടെ പ്രതികരണത്തോടെ പല നിഷ്പക്ഷരുടെ മനസ്സില്‍ നിന്നും മാഷ് ഉന്നതത്തില്‍ നിന്നും എളുപ്പത്തില്‍ ഉരുണ്ട് താഴെ വീണു.

നാരദന്‍ പറഞ്ഞു...

നന്ദി

ഭാനു കളരിക്കല്‍ പറഞ്ഞു...

വിജയന്‍ മാഷ്‌ ഒരു മാര്‍ക്സിസ്റ്റ്‌ ആയിരുന്നില്ല. മാര്‍ക്സിസത്തില്‍ ആകര്‍ഷിക്കപ്പെടുകയും അതുകൊണ്ടുമാത്രം പാര്‍ട്ടിക്ക് വിധേയനാവുകയും ചെയ്ത ആളാണ്‌. പക്ഷേ പാര്‍ട്ടി മാര്‍ക്സിസത്തില്‍ നിന്നു പുറത്തുപോയപ്പോള്‍ മാഷ് മാര്‍ക്സിസത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങുകയും തന്റെ പാര്‍ട്ടി മാര്‍ക്സിസ്റ്റു പാര്‍ട്ടി അല്ലെന്നു മാഷ്‌ തിരിച്ചറിയുകയും മാര്‍ക്സിസം മാത്രമാണ് ആഗോളവത്ക്കരണത്തിന്റെ പുതിയ രാത്രിയില്‍ മാനവികതയുടെ വെളിച്ചം ഉയര്‍ത്തുവാന്‍ ഉപയുക്തമെന്നു തിരിച്ചറിയുകയും ചെയ്തു. രോഗാതുരമായ തന്റെ സായാഹ്നത്തിലും മരണത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് തന്റെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മാഷ്‌ ഉയര്‍ത്തിപ്പിടിച്ചു. പാര്‍ട്ടിയെ തിരിച്ചറിയാത്ത വേളകളില്‍ പാര്‍ട്ടിയുടെ കാടത്തങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥ മാഷ് നേരിട്ടു എന്നത് മാഷ്‌ടെ ജീവിതത്തിലെ കറുത്ത അടയാളങ്ങള്‍ തന്നെയാണ്. പക്ഷേ കെ ഇ എന്‍ , പോക്കര്‍ പോലുള്ള സൈദാന്ധികര്‍ ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ കുഴലൂത്തുകാര്‍ ആയപ്പോള്‍ യുവത്വത്തിന്റെ ധീരതയോടെ സത്യത്തിന്റെ നൂലിഴ അടര്ത്തിയെടുക്കാനും പ്രത്യയശാസ്ത്രത്തില്‍ നിന്നല്ല വസ്തുതകളില്‍ നിന്നാണ് പ്രത്യയശാസ്ത്രം ഉണ്ടാകേണ്ടതെന്നും അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു. കേരളം കണ്ട എക്കാലത്തെയും നല്ല മാര്‍ക്സിസ്റ്റു എന്നേ ഞാന്‍ വിജയന്‍ മാഷെ വിലയിരുത്തുകയുള്ളൂ. ഇ എം എസ് ഒരു മാര്‍ക്സിസ്റ്റ്‌ ആയിരുന്നില്ല എന്നും പറയണം.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

രണ്ടാം ഭാഗവും വായിച്ചു... തുടരുക... കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു.

Jefu Jailaf പറഞ്ഞു...

രമേഷേട്ട ഹൃദയം നിറഞ്ഞ നന്ദി. ഇത്തരത്തില്‍ ഒരു ശ്രമം അത് വളരെ വിലപ്പെട്ടതാണ്‌. വളരെ ലളിതമായി രമേശേട്ടന്‍ ഇതവതരിപ്പിക്കുമ്പോള്‍ മുന്‍പേ നടന്നു പോയരുടെ മാതൃകയാക്കേണ്ട ജീവിതങ്ങള്‍ ആണ് ജന മനസ്സുകള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്..

കൊമ്പന്‍ പറഞ്ഞു...

വിജയന്‍ മാഷെ കുറിച്ച് കൂടുതല്‍ അറിയില്ല
ആദ്യം ഞാന്‍ കരുതി ഇരുന്നത് ഓ വി വിജയനും ഈ വിജയന്‍ മാഷും ഒന്നാണ് എന്നാ
ഏതായാലും ഈ വായനയിലൂടെ ഇദ്ദേഹത്തെ മനസിലാക്കാന്‍ ആയി ഇനിയും പങ്കു വെക്കൂ രമേശ്‌ നിങ്ങള്‍ക്ക് അറിയുന്നത് എന്നും ഗുരുബക്തിയോടെ കൊമ്പന്‍

ചാണ്ടിച്ചന്‍ പറഞ്ഞു...

മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു....

ഏപ്രില്‍ ലില്ലി. പറഞ്ഞു...

രണ്ടു ഭാഗങ്ങളും വായിച്ചു രമേഷേട്ടാ. വിജയന്‍ മാഷ്‌ എന്ന വ്യക്തിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം .

വര്‍ഷിണി* വിനോദിനി പറഞ്ഞു...

നന്ദി ട്ടൊ...കാത്തിരിയ്ക്കുന്നൂ..!

Lipi Ranju പറഞ്ഞു...

വിജയന്‍ മാഷിലെ സാഹിത്യ നിരൂപകനെയും, ചിന്തകനെയും,
മനുഷ്യസ്നേഹിയും ഒക്കെ അനുസ്മരിക്കുന്നതിനോപ്പം അദ്ദേഹത്തിന്റെ
തെറ്റായ ചില നിലപാടുകളെക്കൂടി വ്യക്തമാക്കിയത് എന്തുകൊണ്ടും നന്നായി രമേഷേട്ടാ... (അതിവിടെ ഒഴിവാക്കുമോ എന്ന ചെറിയൊരു സംശയം ഉണ്ടായിരുന്നു )

ഇഗ്ഗോയ് /iggooy പറഞ്ഞു...

ജയകൃഷ്ണന്‍ വധത്തെ തുടര്‍ന്ന്‌ വിജയന്മാഷെടുത്ത നിലപാട് മാഷോട് ഏറ്റവും ദേഷ്യം ഉണ്ടാക്കിയ സംഭവമായിരുന്നു.
അതേ കുറിച്ച് അവസാനകാലം വരെ അദ്ദേഹത്തിന്‌ അഭിപ്രായമാറ്റം ഉണ്ടായില്ല എന്നതും ഓര്‍ക്കവുന്നതാണ്‌.
മറ്റൊരാള്‍ക്കും സാധിക്കാത്ത വിധത്തില്‍ അന്ന്‌ അദ്ദേഹം താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടിയെ പ്രതിരോധിച്ചു.
മാഷിന്റെ ആ പ്രസംഗം വായിക്കുമ്പോഴറിയാം അദ്ദേഹത്തിനു മാത്രം സാധിക്കുന്ന ഒരു പ്രതിരോധമാണ്‌ അതെന്ന്.
മാഷെപ്പോലെ ഒരു മനുഷ്യന്‍ ഇത്തരം ഒരു സംഭവത്തെ ന്യായീകരിക്കുന്നത് നമ്മെ അതിശയിപ്പിക്കും.
പക്ഷേ നിഷ്പക്ഷം എന്നോരു പക്ഷമില്ലെന്ന് ഉറപ്പുള്ള അദ്ദേഹം ഏപ്പോഴും തനിക്ക് ബോധ്യമുള്ള പക്ഷത്ത് തന്നെ ആയിരുന്നു.
സംഭവങ്ങള്‍ ഉണ്ടാകാന്‍ വ്യക്തികള്‍ വേണം എന്നത് മാത്രമാണ്‌ വ്യക്തികള്‍ക്കുള്ള പ്രാധാന്യം എന്നും ഓരോ ജീവിത സന്ദര്‍ഭവും
ചരിത്രത്തിലെ എഴുതിച്ചേര്‍ക്കപ്പെടുന്നു എന്നും ഉത്തമ ബോധ്യം ഉള്ള ഒരാളായതിനാല്‍ മാത്രമാകണം ജയകൃഷ്ണന്‍ സംഭവത്തില്‍ അത്തരം
നിലപാടിലേക്ക് മാഷെ എത്തിച്ചത്. ഇന്നു വായിക്കുമ്പോള്‍ മാഷിന്റെ ആ നിലപാടാണ്‌ നിഷ്പക്ഷമതികളൂടേ മൗനത്തേക്കാള്‍ ശരി എന്ന്‌
എനിക്ക് തോന്നുന്നു. ഒരു സംഭവത്തെ ഒറ്റപ്പെടുത്തിക്കാണുമ്പോഴും അല്ലാത്തപ്പോഴും അതിനോടുള്ള നമ്മുടെ പ്രതികരണം വ്യത്യാസമുള്ളതായിരിക്കും.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ലിപീ ,ഒരാളെ സുഹൃത്തായോ ഗുരുനാഥന്‍ ആയോ ജീവിത പങ്കാളിയായോ പിന്തുടരുമ്പോള്‍ അയാളുടെ നന്മകളും തിന്മകളും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം എന്നാണ് . കാരണം ഇതെല്ലാം ചേര്‍ന്നതാണ് മനുഷ്യന്‍ :)

mottamanoj പറഞ്ഞു...

വിജയന്‍ എന്ന മനുഷ്യനെ കുറിച്ച് അറിയാന്‍ ഈ ലേഖനം ഉപയോഗ പെട്ടു

AFRICAN MALLU പറഞ്ഞു...

എങ്ങിനെയും എന്തും ചെയ്തും ജീവിക്കുകയും എന്തിനെ പിന്തങ്ങിയാലും സ്വന്തം കാര്യം നടന്നാല്‍ മതിയെന്നും കരുതുന്നവരുടെയിടയില്‍ ഇത് പോലെ ചിലരെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ആളുകള്‍ ഉണ്ടാവുന്നതും ഒരു ഭാഗ്യമാണ് ..

മഹേഷ്‌ വിജയന്‍ പറഞ്ഞു...

രമേശേട്ടാ....
എന്റെ വായനയുടെ കുറവാകാം, സത്യത്തില്‍ ഇപ്പോഴാണ് വിജയന്‍ മാഷിനെ കുറിച്ച് അറിയുന്നത്.......
അല്ലെങ്കില്‍ മറവിയുടെ കയത്തില്‍ എന്റെ ഓര്‍മ്മകള്‍ മുങ്ങിപ്പോയതാകാം. എന്തായാലും, അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ഉള്ള തോന്നല്‍ താങ്കള്‍ എനിക്ക് തന്നു...
പലയിടത്തും സന്ദര്‍ശിക്കുകയും അദ്ദേഹത്തെ കുറെ കൂടി അറിയുകയും ചെയ്തു....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ajith പറഞ്ഞു...

നല്ല ശൈലിയില്‍ എഴുതി. ശരശയ്യയിലെ സ്വച്ഛന്ദമൃത്യുവും വിജയന്‍ മാഷുടെ അന്ത്യവും തമ്മില്‍ സാമ്യപ്പെടുത്തിയ ഭാവന അഭിനന്ദനീയം. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവലോകനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. അതില്‍ സാധാരണ എല്ലാവരും പരാജയപ്പെടുകയാണ് ചെയ്യാറ്. തന്റെ താല്പര്യങ്ങള്‍ ഇതുപോലുള്ള ലേഖനങ്ങളില്‍ കലരാതെ എഴുതാന്‍ കഴിയുന്നത് ചുരുക്കം പേര്‍ക്ക് മാത്രമേ സാദ്ധ്യമായി കണ്ടിട്ടുള്ളു. (മൂന്നാം ഭാഗം വായിച്ചുകഴിഞ്ഞുള്ള അഭിപ്രായമാണിത്. അവിടെ കമന്റ് ബോക്സ് തുറക്കുന്നില്ല..ഈ ഗൂഗിളിന്റെ ഒരു കളിയേ...)

V P Gangadharan, Sydney പറഞ്ഞു...

This miniature script is a fabulous memoir, an undiminished elucidation of an illustrious persona- a befitting tribute to a multidimensional genius who had been cantankerously waging relentless battle against the politically incorrect, hypocritical power-brokers, the front runners of the so-called monumental establishments of party-politics without submission.
The valiant, true holder of principles, Vijayanmaster is gloriously personified herein, in words that are chosen aptly with a touch of warmth and style. Kudos to you, Ramesh!

സീത* പറഞ്ഞു...

എങ്ങനെയോ ഈ ഭാഗം വായനയിൽ നിന്നും മിസ്സായി.. അവസാന ഭഗത്തിന്റെ നോട്ടിഫിക്കേഷൻ കണ്ടാണു വന്നത്..അപ്പോഴാണു വായിക്കാതെ പോയ ഈ രണ്ടാം ഭാഗം ശ്രദ്ധയിൽ‌പ്പെട്ടത്... വിജയന്മാഷ്ടെ പ്രശംസ പിടിച്ചു പറ്റിയ സംഭവങ്ങളും അതിനോടൊപ്പം അദ്ദേഹം വിമർശനം ഏറ്റു വാങ്ങിയ സംഭവങ്ങളും ഒരു പോലെ പരാമർശിച്ച് അദ്ദേഹത്തിലെ പച്ചയായ മനുഷ്യനെ വരച്ചു കാട്ടി..കൊള്ളാം ഏട്ടാ..

ബഡായി പറഞ്ഞു...

നന്ദി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍