2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

കടപുഴകിയ വന്‍ മരം (ശരശയ്യയിലെ സ്വച്ഛന്ദ മൃത്യു )

 പരമ്പര 
ഒന്നാം  ഭാഗം ഇവിടെയും
രണ്ടാം ഭാഗം ഇവിടെയും 
വായിക്കാം   
അവസാന ഭാഗം
സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് പിഴുതെറിയപ്പെട്ട് ആക്ഷേപങ്ങളുടെയും ഉപരോധങ്ങളുടെയും വെടിയുണ്ടകള്‍ സ്വയം മസ്തകത്തില്‍ ഏറ്റുവാങ്ങി 'സഹ്യന്റെ മകനെ'പ്പോലെ മസ്തകം പിളര്‍ന്നു ചോര വാര്‍ന്നു നില്‍ക്കുമ്പോളും മുഴങ്ങിയ ആ ഒറ്റയാന്റെ ചിന്നം വിളി മണിമേടകള്‍ക്കും ദന്ത ഗോപുരങ്ങള്‍ക്കും  ഉള്ളില്‍ സുഖ നിദ്രയിലായിരുന്ന ദൈവങ്ങളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത് .

       ഭീഷ്മ പിതാമഹന്‍റെയും പീലാത്തോസിന്റെയും നിലപാടുകളോട്   ഒരര്‍ത്ഥത്തില്‍ ഏറെ സമാനതകള്‍ പുലര്‍ത്തുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് തോന്നിയിട്ടുണ്ട് . ന്യായന്യായങ്ങളെക്കുറിച്ച് ഏറെ ബോധ്യം ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചു സ്വന്തം നിലപാടുകള്‍ നിശ്ചയിച്ചവര്‍ ആയിരുന്നല്ലോ അവരിരുവരും .

      അത്തരമൊരു നിലപാടിലാണ് വിജയന്‍ മാഷ്‌ തന്റെ ജീവിതത്തെയും പ്രത്യയ ശാസ്ത്രത്തെയും ബന്ധിപ്പിച്ചിരുന്നതെന്ന് പറയാം .ഇടവും വലവും നില്‍ക്കുന്നവരോടുള്ള കാരുണ്യം മനസ്സില്‍ സൂക്ഷിക്കുമ്പോളും ഭൂരിപക്ഷത്തിന്റെ ശരിക്ക് വേണ്ടിയായിരുന്നു വിജയന്‍ മാഷ്‌ ശബ്ദിച്ചത് .

      അദ്ദേഹത്തിനറിയാമായിരുന്നു യുദ്ധം കടലിലെ സ്നാനം പോലെ അപകടകരമാണെന്ന് .ചുഴികളിലേക്കും അഗാധതകളിലേക്കും തിരക്കൈകള്‍ കൊണ്ട് വിളിക്കുന്ന കടലിന്റെ ഭീകരതയെക്കുറിച്ച് എത്ര മുന്നറിയിപ്പ് കൊടുത്താലും യുദ്ധത്തിരകളുടെ ആവേശത്തില്‍ സ്വയം മറന്നു കളിക്കുന്ന യോദ്ധാവിനു അത് മനസിലാവുകയെ ഇല്ല .അതുകൊണ്ടുതന്നെ സ്വയം ആഗ്രഹിക്കാതെ പൊട്ടിപ്പുറപ്പെട്ട ഭാരത യുദ്ധത്തില്‍  തന്നെത്തന്നെ ബലി നല്‍കുകയായിരുന്നു ഭീഷ്മ പിതാമഹന്‍ .

     ശരവ്യൂഹത്തില്‍ കൊരുക്കപ്പെട്ടു ശയ്യാവലംബിയായിട്ടും അദ്ദേഹം ആഗ്രഹിച്ചത് തന്‍റെ ആത്മബലി കൊണ്ടെങ്കിലും ഈ യുദ്ധമൊന്നവസാനിക്കട്ടെ എന്നായിരുന്നു . സ്വച്ഛന്ദമൃത്യു വരിക്കാനുള്ള അനുഗ്രഹം പോലും എത്രയോ തവണ അദ്ദേഹം മാറ്റിവച്ചു ! എങ്കിലും ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു .
സമാന സഹനതയാണ് വിജയന്‍ മാഷിനെ ഭീഷ്മ പിതാമഹനുമായി തുലനപ്പെടുത്താന്‍ പ്രേരണയാകുന്നത്.
താന്‍ അടിയുറച്ചു വിശ്വസിച്ച തത്വ ശാസ്ത്രത്തിന്റെ പ്രായോഗിക യോദ്ധാക്കള്‍ അപകടത്തിന്റെ തിരക്കൈകളിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ   അദ്ദേഹം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു .

     വ്യക്തിയല്ല ,പ്രസ്ഥാനമാണ് ശരി എന്ന പക്ഷത്തായിരുന്നു അദ്ദേഹം എന്നതിനാല്‍ തന്‍റെ നിലപാടുകള്‍ക്ക് ആത്യന്തിക വിജയമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിച്ചു .യുദ്ധത്തിന്റെ തീഷ്ണതയില്‍ ആവേശം കൊണ്ട യോദ്ധാക്കള്‍ പക്ഷെ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയും ഒടുവില്‍   അവര്‍ തീര്‍ത്ത ശരശയ്യയില്‍ അദ്ദേഹത്തെ കൊരുക്കുകയും ചെയ്തു .പിന്നീടവശേഷിച്ചത് ഉത്തരായനത്തിലെ  സ്വച്ഛന്ദമൃത്യുവെന്ന മഹാഭാഗ്യം മാത്രമായിരുന്നു !

    'വിജയന്റെ ' 'ശരശയ്യ'യിലേറിയ ഭീഷ്മ പിതാമഹന് ലഭിച്ച അപൂര്‍വ്വ ഭാഗ്യം പോലെ
പോരാട്ടത്തിനിടയിലെ വീരമൃത്യു !

   വീണ്ടും വൈലോപ്പിള്ളിയെ ഓര്‍മ്മ വരുന്നു .അദ്ദേഹത്തെക്കുറിച്ച് സച്ചിതാനന്ദന്‍ പറഞ്ഞ വാക്കുകളും :

"കൂട്ടുകാരോടൊപ്പം ഓടിച്ചെന്നെടുക്കുന്ന 
നാട്ടു മാമ്പഴങ്ങള്‍ തന്‍ ഭിന്ന ഭിന്നമാം സ്വാദ് !"  

     വൈലോപ്പിള്ളിയെപ്പോലെ വിജയന്‍ മാഷ്‌ നമുക്ക് സമ്മാനിച്ചത് വിഭിന്നമായ ചിന്തകളുടെ സ്വാദ് നിറഞ്ഞ ഒരു മാമ്പഴക്കലമായിരുന്നു !നാടിനും ജീവജാലങ്ങള്‍ക്കും തണലും രക്ഷയുമേകുന്ന   ഓരോ നാട്ടുമാവുകളും മുറിച്ചു മാറ്റപ്പെടുകയോ കനിവറ്റ കൊടുങ്കാറ്റുകളില്‍പ്പെട്ടു നിലം പതിക്കുകയോ ചെയ്യുകയാണ് .വ്യത്യസ്ത രുചികള്‍ നമുക്ക് പകര്‍ന്നു തരാന്‍ ഇനി ഏതു മാതുലനാണ് മുന്നോട്ടു വരിക ??ആ ശൂന്യതകള്‍ എന്നാണു നികത്തപ്പെടുക..??. തുറക്കപ്പെടാന്‍ വിധിയില്ലാതെ ആ പാഠം എന്നേയ്ക്കുമായി അടഞ്ഞപ്പോള്‍ വഴിയില്‍ ദിശാ ബോധം നഷ്ടപ്പെട്ട ഒരു യുവത കാത്തു നില്‍ക്കുകയാണ് .പുതിയ ഗുരുവിനെ തേടി ..
(അവസാനിച്ചു)

61 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

രമേശ്‌ അരൂര്‍ പറഞ്ഞു...

മുന്‍ ലക്കങ്ങള്‍ വായിച്ചു തുറന്ന അഭിപ്രായങ്ങള്‍ പങ്കുവച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ..ആരുടെയെങ്കിലും രാഷ്ട്രീയ നിലപാടുകളെ ബോധപൂര്‍വ്വം തള്ളിപ്പറയാന്‍ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു .നന്ദി ,

Pradeep Kumar പറഞ്ഞു...

ശരവ്യൂഹത്തില്‍ കൊരുക്കപ്പെട്ടു ശയ്യാവലംബിയായിട്ടും അദ്ദേഹം ആഗ്രഹിച്ചത് തന്‍റെ ആത്മബലി കൊണ്ടെങ്കിലും ഈ യുദ്ധമൊന്നവസാനിക്കട്ടെ എന്നായിരുന്നു.സ്വച്ഛന്ദമൃത്യു വരിക്കാനുള്ള അനുഗ്രഹം പോലും എത്രയോ തവണ അദ്ദേഹം മാറ്റിവച്ചു ! എങ്കിലും ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു - ഭീഷ്മ പിതാമഹനോട് വിജയന്‍മാഷെ തുലനം ചെയ്തതിനോട് ഞാനും യേജിക്കുന്നു.

മൂന്നു ലക്കങ്ങളിലായി എം.എന്‍ വിജയന്‍മാഷിന്റെ സാമൂഹ്യ നിലപാടുകളെ പഠിച്ച് അവതരിപ്പിച്ച ഈ പരമ്പര അര്‍ത്ഥവത്തായി...

അഭിനന്ദനങ്ങള്‍... ഇത്തരം പഠനങ്ങള്‍ ഞങ്ങളുമായി ഇനിയും പങ്കുവെക്കുക.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

'തുറക്കപ്പെടാന്‍ വിധിയില്ലാതെ ആ പാഠം എന്നേയ്ക്കുമായി അടഞ്ഞപ്പോള്‍ വഴിയില്‍ ദിശാ ബോധം നഷ്ടപ്പെട്ട ഒരു യുവത കാത്തു നില്‍ക്കുകയാണ് .പുതിയ ഗുരുവിനെ തേടി ..'

ഈ പരമ്പര സമ്മാനിച്ചതിന് നന്ദി... ഈ ശ്രമത്തിനും രമേശ്ജി അഭിനന്ദനമര്‍ഹിക്കുന്നു. ബൂലോകം കഥകളും കവിതകളും ലേഖനങ്ങളുമായി ചുരുങ്ങുംബോള്‍ എഴുത്തുമായി ബന്ധപ്പെട്ട പ്രശസ്ഥരെ കുറിച്ചുള്ള പഠനവും അത് പങ്കുവെക്കലും തികച്ചും വ്യത്യസ്തത പുലര്‍ത്തുകയും അറിവ് പകരുകയും ചെയ്യുന്നു.

പഥികൻ പറഞ്ഞു...

അനുസ്മരണം നന്നായി...
പക്ഷേ രമേശ്ജി മൂന്നാം ഭാഗത്തിൽ Content കുറവായി തോന്നി. ഇത് കൂടി രണ്ടാംഭാഗത്തിൽ ചേർക്കാമായിരുന്നില്ലേ..

Vp Ahmed പറഞ്ഞു...

ഇത്തരം അനുസ്മരണങ്ങള്‍ വളരെ അഭിനന്ദനങ്ങള്‍ അര്ഹിക്കുന്നു

Jefu Jailaf പറഞ്ഞു...

രമേഷേട്ട.. പരമ്പര അവസാനിപ്പിച്ച വാക്കുകള്‍ ശരിക്കും ഹൃദയ സ്പര്‍ശി ആയിരിക്കുന്നു. വളരെ ലളിതമായി ഒരു ജീവിതം തന്നെയാണ് ഇവിടെ തുറന്നു വെച്ചത്. അസുലഭമാണ് ഇത്തരം പരിചയപ്പെടുത്തലുകള്‍..അഭിനന്ദനങ്ങള്‍..

Jazmikkutty പറഞ്ഞു...

വിജയന്‍ മാഷ്‌ടെ മരണം ടീവിയില്‍ കണ്ടപ്പോള്‍ നടുങ്ങിപോയി.ആദ്യമായാണ്‌ പരമമായ സത്യം നേരില്‍ കാണുന്നത്.രാഷ്രീയപരമായും,അല്ലാതെയും ഒട്ടും അറിവില്ലായിരുന്നു മാഷെ കുറിച്ച്.. രമേഷ്ജിയുടെ ഈ ഉദ്യമം വളരെ ഉപകാരപ്രദമായി.നന്ദി.

Manoraj പറഞ്ഞു...

വിജയന്‍ മാഷെ പറ്റി നന്നായി തന്നെ എഴുതി.

moideen angadimugar പറഞ്ഞു...

അഭിനന്ദനങ്ങൾ..!

പട്ടേപ്പാടം റാംജി പറഞ്ഞു...

വിജയന്‍ മാഷ്‌.

kochumol(കുങ്കുമം) പറഞ്ഞു...

വിജയന്‍ മാഷേ കുറിച്ച്ച്ച്‌ു നന്നായി എഴുതാന്‍ സാധിച്ചതിന് അഭിനന്ദനങ്ങള്‍ രമേശേട്ടാ.......

ente lokam പറഞ്ഞു...

മൂന്നു ഭാഗങ്ങളും വായിച്ചു
ഒത്തിരി നന്ദി രമേശ്‌ജി...

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഞാനും വായിച്ചു ട്ടൊ....എല്ലാം.....നന്ദി.

ആസാദ്‌ പറഞ്ഞു...

ഒരു നല്ല കുറിപ്പ്, വളരെ ഭംഗിയായി സുവ്യക്തമായി പറഞ്ഞു.. ആ സിദ്ധിയെ അഭിനന്ദിക്കാതിരിക്കാന്‍ ആവില്ല തന്നെ. :)
മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചത് സമയക്കുറവുള്ളവര്‍ക്ക് സൌകര്യമായി.. ഒരു പക്ഷെ ഇതെല്ലാം ഒന്നിച്ചു പോസ്റ്റ് ചെയ്തിരുന്നെങ്കിലും എല്ലാവരും വായിക്കുമായിരുന്നു. കാരണം.. വിഷയത്തോട് നീതി പുലര്‍ത്തിയ രചനായിരുന്നു.. ഒരുപാട് നന്ദി..

ഇഗ്ഗോയ് /iggooy പറഞ്ഞു...

അവസാന ഭാഗം അല്‍കുല്‍ത്തായിപ്പോയല്ലോ?
ഭീഷ്മരോടും പീലാത്തോസിനോടും വിജയനെ താരതമ്യം ചെയ്തത് കടന്നുപോയി.
ഇത്തരം താരതമ്യങ്ങള്‍, പ്രത്യേകിച്ചും വിജയന്‍ ഇപ്പോഴില്ലാത്ത അവസ്ഥയില്‍ കുറച്ചെങ്കിലും
സാധൂകരണം കൂടി കൊടുക്കുന്നത് നല്ലതാണ്‌. അഭിപ്രായത്തിനുപിന്നില്‍ ആളെണ്ണം നോക്കി
തീരുമാനമെടുത്ത മനുഷ്യന്‍ അയിരുന്നില്ല വിജയന്‍. ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് തീരുമാനം എടുത്ത ആളാണ്‌ എം.എന്‍.വിജയന്‍ എന്നു
പിണറായി വിജയന്‍ പോലും പറയാന്‍ ഇടയില്ല എന്നാണ്‌ എനിക് തോനിയിട്ടുള്ളത്.
(പിന്നെ ഭീഷ്മരുടെ തീരുമാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ചല്ലായിരുന്നു എന്നു വായനയുണ്ട്.)
വ്യക്തിയേക്കാള്‍ പ്രസ്ഥാനമാണ്‌ ശരിയെന്ന്‌ ഉറക്കെപ്പറഞ്ഞ മനുഷ്യനാണ്‌
പാര്‍ട്ടിക്കുവേണ്ടി എന്ന ഉത്തരത്തിനോട് അപ്പോള്‍ പാര്‍ട്ടി ആര്‍ക്കുവേണ്ടി എന്ന ലളിതമായ ചോദ്യം ചോദിച്ചത്.
തന്റെ ബലിയോടെ തീരണം യുദ്ധം എന്ന് ആഗ്രഹിച്ച് മനുഷ്യന്‍ അല്ല അദ്ദേഹം.
എന്തിനെല്ലാം എതിരെയാണ്‌ വിജയന്മാഷ് പൊരുതിയത് എന്ന് ഒന്നുകൂടി നോക്കൂ.
എപ്പോഴും കരുതിയിരിക്കണം എന്നത് അദ്ദേഹത്തിന്റെ മൊഴി തന്നെയാണ്‌.
ഈ അവസാനഭാഗം അനുചിതമായ താരതമ്യങ്ങള്‍ കൊണ്ടും അവ്യക്തതയേറിയ കല്പനകള്‍ കൊണ്ടും നിറം കെട്ടുപോയിരിക്കുന്നു.
എം എന്‍ വിജയന്‍ എന്ന മനുഷ്യന്റെ നിലപാടുകളെ ഇവിടെ മനസ്സിലാക്കിയതേ ഇല്ല.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

വൈലോപ്പിള്ളിയെപ്പോലെ വിജയന്‍ മാഷ്‌ നമുക്ക് സമ്മാനിച്ചത് വിഭിന്നമായ ചിന്തകളുടെ സ്വാദ് നിറഞ്ഞ ഒരു മാമ്പഴക്കലമായിരുന്നു !
നാടിനും ജീവജാലങ്ങള്‍ക്കും തണലും രക്ഷയുമേകുന്ന ഓരോ നാട്ടുമാവുകളും മുറിച്ചു മാറ്റപ്പെടുകയോ കനിവറ്റ കൊടുങ്കാറ്റുകളില്‍പ്പെട്ടു നിലം പതിക്കുകയോ ചെയ്യുകയാണ് ....

വ്യത്യസ്ത രുചികള്‍ നമുക്ക് പകര്‍ന്നു തരാന്‍ ഇനി ഏതു മാതുലനാണ് മുന്നോട്ടു വരിക ?

ഞങ്ങളുടെ വിജമാമാനെകുറിച്ചുള്ള നല്ലോരു അനുസ്മരണങ്ങളായി മറി ഈ മൂന്നുഭാഗങ്ങളും കേട്ടൊ ഭായ്

ഇടശ്ശേരിക്കാരന് പറഞ്ഞു...

ഒന്ന് മുതല്‍ മുന്ന് വരെയുള്ള എല്ലതും വായിച്ചു കുടുതല്‍ മാഷെക്കുറിച്ച് അറിയാന്‍സാതിച്ചു.മാഷേപോലെ മറ്റുള്ളവരും കണ്ടുപഠിക്കണം,സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന ആരുടേയുംമുന്നില്‍ തലകുനിക്കാത്ത ഒരു അതുല്യപ്രതിഭയായിരുന്നു.മാഷേ കുറിച്ച് കുടുതല്‍ വിവരണങ്ങള്‍ തന്ന രമേശ്‌സാറിനു നന്ദി

junaith പറഞ്ഞു...

മാഷിനെ കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ..പാര്‍ട്ടിക്ക്‌,അല്ല പാര്‍ട്ടി എന്ന് കരുതുന്ന ചിലര്‍ക്ക് അനഭിമിതനായതിനു ശേഷം മാഷിനു നേരെ വളരെയധികം ഉപചാപങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ മനുഷ്യന്റെ കഴിവുകളെ,പാടവത്തെ ആരും കുറച്ചു കാണുന്നില്ല.നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

എല്ലാ ഭാഗങ്ങളും ഇപ്പോഴേ വായിക്കാന്‍ കഴിഞ്ഞൊള്ളു. വ്യക്തികളെക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച, അതിലുപരി മനുഷ്യനെ സ്നേഹിച്ച ആ വലിയ മനുഷ്യനെ കുറിച്ചുള്ള ഈ കുറിപ്പ്, അല്ല ഓർമ്മപ്പെടുത്തൽ വളരെ നന്നായി രമേശ്.

ചെറുവാടി പറഞ്ഞു...

വളരെ ഗൗരവമായി തന്നെയാണ് ഓരോ ഭാഗങ്ങളെയും സമീപ്പിച്ചത്.
നല്ല നിരീക്ഷണങ്ങളോടെ വ്യക്തിയിലേക്ക് ഇറങ്ങി ചെന്ന പരമ്പര

Sandeep.A.K പറഞ്ഞു...

രമേശേട്ടാ..

ഈ താരതമ്യം നന്നായി.. അത് കുറെ ശരിയുമാണ്.. മാഷേ കുറിച്ച് ഭംഗിയായി പറഞ്ഞു വെച്ചു.. ഈ ഓര്‍മ്മപ്പെടുത്തലിനു വലിയ നന്ദി പറഞ്ഞു കൊള്ളട്ടെ..

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ശ്രീ ഇഗ്ഗോയ് ..തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി ..ഒന്നിനെ പറ്റി വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ് .ഭൂരിപക്ഷത്തിന് വഴങ്ങി സ്വന്തം ശരികളെ വിജയന്മാഷ് മറച്ചു വച്ചു എന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചത് പറശ്ശിനിക്കടവ് ,ജയകൃഷ്ണന്‍ മാഷ്‌ വധം എന്നീ സംഭവങ്ങളില്‍ മാഷ്‌ കൈക്കൊണ്ട നിലപാടുകളെ മുന്‍ നിര്‍ത്തിയാണ് .സാംസ്കാരിക ലോകവും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഒന്നാകെ അരുതാത്തത് സംഭവിച്ചു എന്ന് പറഞ്ഞ് അപലപിച്ച ആ പാതകങ്ങളെ പാര്‍ട്ടിയും വിജയന്മാഷും മാത്രമാണ് ശരിവച്ചത്‌ . അതെന്തിനായിരുന്നു എന്നതിന് മതിയായ ഒരുത്തരം തരാമോ ? പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്
വിജയന്‍ മാഷ്‌ വഴങ്ങി എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത് . മാര്‍ക്സിസത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ മാത്രമേ അദ്ദേഹം എതിര്‍ത്തിരുന്നുള്ളൂ ,അതെ സമയം അതില്‍ കലര്‍ന്നിരുന്ന സ്റ്റാലിനിസത്തെ അദ്ദേഹത്തിനു പിന്തുനക്കേണ്ടി വന്നു എന്നത് മേല്‍ ഉദ്ധരിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നു . എന്റെ ചിന്തയില്‍ ഉരുത്തിരിഞ്ഞ കൊച്ചു കാര്യങ്ങളാണ് ഇവിടെ പങ്കുവച്ചത് .ഇക്കാര്യങ്ങളെ പ്പറ്റി സമഗ്രമായ പഠനങ്ങള്‍ ആവശ്യമാണ്‌ ,അതുണ്ടാവും എന്ന് തന്നെ വിശ്വസിക്കാം ,നന്ദി .:)

രമേശ്‌ അരൂര്‍ പറഞ്ഞു...

@പ്രദീപ്‌ ജി ,
@ഷബീര്‍
@പഥികന്‍
@അഹ്മദ് ജീ
@ജെഫു
@ജാസ്മിക്കുട്ടി
@മനോരാജ്
@മൊയ്തീന്‍
@റാംജി
@കൊച്ചുമോള്‍
@വിന്സന്റ് (എന്റെ ലോകം )
@വര്‍ഷിണി
@ആസാദ്
@മുരളി ഏട്ടന്‍
@ഇടശ്ശേരിക്കാരന്‍
@ജുനൈത്ത്
@അനില്‍ ജി
@ചെറുവാടി
@സന്ദീപ്‌
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ..:)

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

വിജയൻ മാഷെക്കുറിച്ചുള്ള പഠനാർഹമായ പരമ്പര അഭിനന്ദനീയം.. രമേഷ് ഭായ് ആശംസകൾ..!!

Lipi Ranju പറഞ്ഞു...

"വഴിയില്‍ ദിശാ ബോധം നഷ്ടപ്പെട്ട ഒരു യുവത കാത്തു നില്‍ക്കുകയാണ് , പുതിയ ഗുരുവിനെ തേടി ..." സത്യം ...

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

മൂന്നു ഭാഗങ്ങളും നന്നായി എഴുതി. എന്റെ ചില മുന്‍വിധികള്‍ കാരണം ലേഖനത്തിലെ എല്ലാ കണ്ടെത്തലുകളോടും യോജിക്കാന്‍ കഴിയുന്നില്ല. അതു സാരമില്ല.

ശ്രീനാഥന്‍ പറഞ്ഞു...

വിജയൻ മാഷ് മാഷന്മാരുടെ മാഷായിരുന്നു. അദ്ധ്യാപകൻ വിദ്യാർത്ഥിയെ ക്ലാസിൽ നിന്നു പുറത്താകുമ്പോൾ ഒരു പ്രശ്നമുണ്ടാകുന്നുവെന്നും അത് ആരാണകത്ത്, ആരാണ് പുറത്ത് എന്നതാണെന്നും പറഞ്ഞ മാഷെ അതേ പണി ചെയ്യുന്ന ഞാൻ ഓർക്കാറുണ്ട്. മാഷുടെ നിലപാടുകൾ പ്ല സന്ദേഹങ്ങളും ഇയർത്തിയിട്ടുണ്ട്. എങ്കിലും കേരളത്തിലെ ബൌദ്ധികമണ്ഡലത്തിൽ ആ പ്രതിഭാവിലാസം വേറിട്ടു നിൽക്കുന്നു. നന്ദി രമേശ് ഈ ലേഖനങ്ങൾക്ക്.

SHANAVAS പറഞ്ഞു...

ഉപമയില്‍ വിജയന്‍ മാഷ്‌ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഭീഷ്മ പിതാമാഹനോടാണ്...വിജയന്‍ മാഷിന്റെ തിരോധാനത്തോടെ നമുക്ക് നഷ്ട്ടപ്പെട്ടത്‌ ധീരനായ ഒരു ഗുരുവിനെയാണ്..അതെ, നമുക്ക് കാത്തിരിക്കാം, ഇത് പോലെ മഹത്വമുള്ള, ധീരനായ ഒരു ഗുരുവിനു വേണ്ടി...മൂന്ന് ഭാഗങ്ങളും വളരെ കൌതുകത്തോടെ ആണ് വായിച്ചത്...വളരെ നല്ല രചന..വിജയന്‍ മാഷിന്റെ ഔന്നത്യത്തോട് തികച്ചും നീതി പുലര്‍ത്തി..ആശംസകള്‍..

നാരദന്‍ പറഞ്ഞു...

വീണ്ടാമതും നന്ദി

വേണുഗോപാല്‍ പറഞ്ഞു...

നന്നായി എന്ന് ഒറ്റ വാക്കില്‍ ഒതുക്കുന്നില്ല . വളരെ നന്നായി . അദ്ദേഹത്തിന്റെ കഴ്ച്ചപാടിനെ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാര്‍ പല വിധത്തില്‍ കണ്ടെങ്കിലും എന്നിലെ കമ്മ്യൂണിസ്റ്റ്‌ മാഷിന്റെ ചിന്തയോട് യോജിക്കുമായിരുന്നു (പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിലെ തെറ്റും ശരിയും ഞാന്‍ അന്വേഷിക്കാന്‍ പോയിട്ടില്ല. കാരണം പാര്‍ടി പ്രവര്‍ത്തനം ഇരുപത്തഞ്ചു കൊല്ലമായി എനിയ്ക്കന്യമാണ് ) വിശിഷ്ട വ്യക്തികളുടെ ജീവിതത്തിലൂടെ ... ചിന്താധാരയിലൂടെ ഇനിയും മുന്നോട്ടു പോകുക ... ആശംസകള്‍

khader patteppadam പറഞ്ഞു...

'വ്യക്തിയല്ല ,പ്രസ്ഥാനമാണ് ശരി എന്ന പക്ഷത്തായിരുന്നു അദ്ദേഹം എന്നതിനാല്‍ തന്‍റെ നിലപാടുകള്‍ക്ക് ആത്യന്തിക വിജയമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിച്ചു .യുദ്ധത്തിന്റെ തീഷ്ണതയില്‍ ആവേശം കൊണ്ട യോദ്ധാക്കള്‍ പക്ഷെ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയും ഒടുവില്‍ അവര്‍ തീര്‍ത്ത ശരശയ്യയില്‍ അദ്ദേഹത്തെ കൊരുക്കുകയും ചെയ്തു .പിന്നീടവശേഷിച്ചത് ഉത്തരായനത്തിലെ സ്വച്ഛന്ദമൃത്യുവെന്ന മഹാഭാഗ്യം മാത്രമായിരുന്നു !'
തികച്ചും ശരിയായ നിരീക്ഷണം

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ലതായി ഈ അനുസ്മരണക്കുറിപ്പ്.

yousufpa പറഞ്ഞു...

കരുത്തുറ്റ വിചാരങ്ങളുടെ വക്താവ് എന്ന നിലയിലാണല്ലൊ ഇന്നും നാം അദ്ദേഹത്തെ ഓർക്കുന്നത്.ആ നന്മയുടെ വന്ദ്യഗുരുവിന്റെ പാത നമുക്ക് പിന്തുടരാം.
വിജയൻ മാഷിന്‌ പകരം വിജയൻ മാഷ് മാത്രം.മറ്റൊരു ഗുരുവിനും അത് നികത്താനാവില്ല.
തികച്ചും അവസരോചിതമായ ഒരു ലേഖനം ആണിത് രമേഷ് ഭായി.അഭിനന്ദനങ്ങൾ.

ചാണ്ടിച്ചന്‍ പറഞ്ഞു...

വിജയന്‍ മാഷിനെപ്പറ്റി വായിച്ച ഏറ്റവും നല്ല ഓര്‍മ്മക്കുറിപ്പ്‌...
വേറൊന്നും ഞാന്‍ വായിച്ചിട്ടില്ല :-)

Sukanya പറഞ്ഞു...

സത്യസന്ധമായ പ്രവര്‍ത്തനത്തിന് സത്യസന്ധമായ കണ്ടെത്തല്‍.

Echmukutty പറഞ്ഞു...

മാഷ്ടെ ചില നിലപാടുകൾ മനസ്സിൽ സംശയങ്ങൾ വളർത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം വളരെ ഏറെ വ്യത്യസ്തനായ ഒരു മനീഷിയായിരുന്നു, നല്ലൊരു മനുഷ്യനായിരുന്നു.
മൂന്നു പോസ്റ്റുകളും ഒന്നിച്ചു വായിച്ചു, രമേശിന് അഭിനന്ദനങ്ങൾ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേശേട്ട, മൂന്നു ലക്കങ്ങളും വായിച്ചു. വിജയന്‍ മാഷ് ഒഴിച്ചിട്ടുപോയ ആ വിടവ് നികത്താന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമോ എന്നറിയില്ല. എന്നാലും ശുഭാബ്ടി വിശ്വാസത്തോടെ ഒരു പുതിയ ഗുരുവിനായ് നമുക്ക് കാത്തിരിക്കാം. ഇത്രയും നല്ല ഒരു ലേഖന പരമ്പര എഴുതിയ ചേട്ടന് പ്രത്യേക അഭിനന്ദനങ്ങള്‍.

Salam പറഞ്ഞു...

മാഷേ പറ്റി എന്തൊക്കെ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായാലും ഒരു തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം എന്ന കാര്യം തര്‍ക്കമില്ലാത്ത സംഗതിയാണ്. ഈ അനുസ്മരണം ഏറെ ഉചിതമായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

@ആയിരങ്ങളില്‍ ഒരുവന്‍
@ലിപി
@കൊച്ചു കൊച്ചീച്ചി
@ശ്രീനാഥന്‍ മാഷ്‌
@ഷാനവാസ്‌ ഇക്ക
@നാരദന്‍
@വേണുഗോപാല്‍ജി
@ഖാദര്‍ സാഹിബ്
@കുസുമം ചേച്ചി
@യൂസുഫ്പ
@ചാണ്ടിച്ചന്‍
@സുകന്യാ ജി
@എച്ച്മുക്കുട്ടി
@ദുബായ്ക്കാരന്‍
@സലാം
എല്ലാവര്ക്കും നന്ദി .വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും..:)

~ex-pravasini* പറഞ്ഞു...

ഒരുപാട് വയ്കിയെങ്കിലും മുഴുവനും വായിച്ചു.
വളരെ നല്ല അനുസ്മരണം.
പ്രസംഗത്തിനിടെ അദ്ദേഹം മരിച്ചു വീഴുന്ന രംഗം ഇന്നും നടുക്കത്തോടെ ഓര്‍ത്തു പോകുന്നു.

AFRICAN MALLU പറഞ്ഞു...

സാധാരണ ബ്ലോഗ്‌ പോസ്റ്റുകളെക്കാള്‍ വളരെ വ്യത്യസ്തമായ ശൈലിയും സമീപനവും തന്നെ ആയിരുന്നു .എങ്കിലും വിഷയത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും
നടന്നു ‍ കാണാഞ്ഞതില്‍ അല്പം വ്യസനവും...

Akbar പറഞ്ഞു...

രമേശ്‌ രമേശ്‌ ജി. മൂന്നു ലക്കവും ഒറ്റയിരിപ്പിനു വായിച്ചു. വിജയന്‍ മാഷിനെപ്പറ്റിയുള്ള ഈ ഓര്‍മ്മക്കുറിപ്പില്‍ താങ്കളുടെ അവതരണ മികവു അഭിനന്ദനാര്‍ഹം.

കൊമ്പന്‍ പറഞ്ഞു...

വളരെ വിശദമായി തന്നെ വിജയന്‍ മാഷിനെ പരിജയപെടുത്തിയ രമേശ്‌ സര്‍ നന്ദി ഒരായിരം

നാമൂസ് പറഞ്ഞു...

ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നല്ല ശ്രമം തന്നെയായിരുന്നു മൂന്നു ലക്കങ്ങളിലൂടെയായി താങ്കള്‍ നടത്തിയത്. ഇപ്പോഴും മരണമില്ലാതെ ജീവിക്കുന്നവര്‍ താന്താങ്ങളുടെ കാലങ്ങളില്‍ തന്നില്‍ വെളിപ്പെട്ട വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെടുന്ന പോരുത്തക്കേടുകളോട് നിരന്തര കലഹത്തിലും കലാപത്തിലും ഏര്‍പ്പെട്ടവരായിരുന്നുവെന്നത് വര്‍ത്തമാനത്തില്‍ ജീവിക്കുന്ന നമുക്ക് ഒരു നല്ല പാഠവും മാതൃകയുമാണ്‌. ഏറ്റം, അനുയോജ്യമായ സമയത്തെ ഈ ഓര്‍മ്മ പുതുക്കലിന് സ്നേഹാഭിവാദനങ്ങള്‍..!!

സീത* പറഞ്ഞു...

നന്നായി അനുസ്മരണം...ചില ജീവിതങ്ങൾ ബാക്കി വച്ച് പോകുന്ന വിടവുകൾ നികത്താനാവുന്നതല്ല. എങ്കിലും പുതിയൊരു ഗുരുവിന്റെ വരവിനായി കാത്തിരിക്ക തന്നെ..

ഭാനു കളരിക്കല്‍ പറഞ്ഞു...

മലയാള രാഷ്ട്രീയ സാംസ്കാരിക രംഗത്തെ അലറുന്ന സിംഹമായിരുന്ന എം എന്‍ വിജയന്‍ മാഷെ അറിയാത്ത ബ്ലോഗേര്‍സ് ഉണ്ടെന്ന് രമേഷിന്റെ ഈ പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ നല്ലൊരു പരിചയപ്പെടുത്തലും ഓര്‍മ്മയുമായി ഈ ലേഖനങ്ങള്‍. വളരെ പ്രസക്തമായ ഈ ഇടപെടലിന് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍.

മുല്ല പറഞ്ഞു...

നല്ല അനുസ്മരണം. വിജയന്‍ മാഷിനെ കുറിച്ച് ഒരുപാടൊന്നും എനിക്കറിയില്ലായിരുന്നു. പച്ചക്കുതിരയിലും പാഠത്തിലുമൊക്കെ വരുന്നത് മുഴുവന്‍ വായിക്കാറുമില്ലായിരുന്നു. ഭയങ്കര കട്ടിയാവും ഒന്നും മനസ്സിലാകില്ല. ഇപ്പൊ ഏകദേശ ഐഡിയ ഉണ്ട്.നന്ദി.

പിന്നെ ആ പരിപ്പുവട ചുടുന്നതിനിടയില്‍ കൈയിട്ട് വാരിയത് ഞാന്‍ കണ്ടു.ഇന്നാ കണ്ടത്. ഞാന്‍ വച്ചിട്ടുണ്ട്. ഉം...

സ്വന്തം സുഹൃത്ത് പറഞ്ഞു...

അഭിനന്ദനീയമായ ശ്രമം.. ഇനിയാരാണ് കുപ്പിയില്‍?
‌കാത്തിരിക്കുന്നു...!

elayoden പറഞ്ഞു...

വിജയന്‍ മാഷേ കുറിച്ചുള്ള അനുസ്മരണ പരംബര നന്നായി. മാഷേ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ ആയി. ജയ കൃഷ്ണന്‍ മാഷ്‌ വധത്തില്‍ വിജയന്‍ മാഷ്‌ 'ഭീഷ്മ പിതാമഹന്‍' നിന്ന പോലെ ഭൂരിപക്ഷത്തിന്റെ കൂടെ നിന്നത് അന്നത്തെ പാര്‍ട്ടിയിലെ സാഹചര്യമൂലമാകുമോ? എന്തോ..ഇന്നും രാഷ്ട്രീയം അങ്ങിനെയാണല്ലോ.. നിറങ്ങള്‍ അനുസരിച്ചാണല്ലോ കാര്യങ്ങള്‍..

Shukoor പറഞ്ഞു...

മൂന്നു ലക്കവും ആര്‍ത്തിയോടെ വായിച്ചു. വിജയന്‍ മാഷുടെ ജീവിതത്തിലേക്ക് ആഴത്തില്‍ കടന്നു ചെന്നിരിക്കുന്നു. വളരെ നന്ദി. ആശംസകള്‍.

വീ കെ പറഞ്ഞു...

നല്ല അനുസ്മരണം...
അഭിനന്ദനങ്ങൾ...

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

വിജയന്‍ മാഷിന്റെ വിമര്‍ശകരില്‍ ഒരാളാണ് ഞാന്‍. മാഷിനെ വിമര്‍ശിച്ച് 'സമീക്ഷ'യിലും 'കേരളശബ്ദം'വാരികയിലും എഴുതിയിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ ഏറ്റവും വലിയ അവസരവാദി ഡോ:സുകുമാര്‍ അഴീക്കോടാണെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും, അതിന്റെ 'അസുഖം' മാഷിനും ഉണ്ടായിരുന്നു. സാധാ സി.പി.എം.കാര്‍ പോലും ചെയ്യാത്ത ഒരു കാര്യം മാഷ് സി.പി.എം.പക്ഷത്തായിരന്നപ്പോള്‍ ചെയ്തു. പിഞ്ചുകുട്ടികളുടെ മടമ്പില്‍ വെച്ച് സി.പി.എം. കാര്‍ അദ്ധ്യാപനെ വെട്ടിക്കൊന്നതിനെ മാഷ് ധാരളം വേദികളില്‍ ന്യായീകരിച്ച് സംസാരിച്ചു. 'ദേശാഭിമാനി'യില്‍ പത്രാധിപരായി ഇരുന്നുകൊണ്ട്, അദ്ദേഹം 'പാഠ'ത്തില്‍ സി.പി.എമ്മിനെ തെറിപറഞ്ഞ് എഴുതിക്കൊണ്ടിരുന്നു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി മാന്യന്മാര്‍ക്ക് നിരക്കുന്നതല്ലായിരുന്നു. അങ്ങനെയങ്ങനെ..........

അനാമിക പറയുന്നത് പറഞ്ഞു...

രമേശ്‌ ഭായ് ഒരുപാടു നാളുകള്‍ക്കു ശേഷം ബ്ലോഗ്‌ വായന വീണ്ടും തുടങ്ങി.വിജയന്‍ മാഷിനെ ഒന്നുകൂടി വായിച്ചു.നന്നായി.സന്തോഷം.

ഒറ്റയാന്‍ പറഞ്ഞു...

വിജയന്‍ മാഷിനെ കുറിച്ച്‌ ആഴത്തില്‍ എഴുതി.
താങ്കളുടെ എഴുത്ത്‌ കുറേ അറിവു പകരുന്നു, വായനാസുഖവും... ആശംസകള്‍

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

മൂന്നു ഭാഗങ്ങളും ഒരുമിച്ചു വായിച്ചു . മാഷിനുള്ള നല്ലൊരു ഓർമ്മക്കുറിപ്പായി .

ബെഞ്ചാലി പറഞ്ഞു...

നല്ലൊരു ഓർമ്മക്കുറിപ്പ്. അഭിനന്ദനങ്ങൾ...

Mohiyudheen MP പറഞ്ഞു...

രമേശ്‌ ഭായ്‌, ഈ വഴിവരാന്‍ വളരെ അധികം താമസിച്ചു, താങ്കളെ കുറിച്ച്‌ "മ" ഗ്രൂപ്പില്‍ കണ്‌ട പരാമര്‍ശങ്ങളും വോട്ടെടുപ്പിന്‌ വേണ്‌ടി തെരഞ്ഞെടുത്ത വ്യക്തികളെ ശ്രദ്ദിച്ചപ്പോഴുമാണ്‌ താങ്കളെ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌. ഈ വഴി വന്ന്‌ നല്ല ഒരു ലേഖനം വായിക്കാന്‍ കഴിഞ്ഞു. വിജയന്‍ മാഷ്‌ നല്ല ഒരു പ്രാസംഗികനാണ്‌, ബുദ്ദി ജീവിയാണ്‌ - പ്രത്യശാസ്ത്ര നിലപാടുകളിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലും അധിഷ്ഠിതമായ പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ കൊണ്‌ട്‌ തന്നെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു എന്നുള്ളത്‌ നമ്മള്‍ സ്മരിച്ച്‌ കൂട.

സ്വച്ഛന്ദ മൃത്യു, അര്‍ജ്ജുനന്‌റെ അമ്പേറ്റ്‌ പിടഞ്ഞ്‌ വീണ ഭീഷ്മരെ കാണാന്‍ അന്നതെ യുദ്ധം അവസാനിച്ചതിന്‌ ശേഷം അര്‍ജ്ജുനന്‍ എത്തുന്നുണ്‌ട്‌, വേദനിക്കുന്നുണ്‌ടോ എന്ന ചോദ്യത്തിന്‌ ഭീഷ്മര്‍ പറഞ്ഞത്‌ അമ്പുകള്‍ എന്‌റെ ശരീരത്ത്‌ തുളഞ്ഞ്‌ കയറുമ്പോള്‍ ഞെണ്‌ടുകള്‍ അതിന്‌റെ അമ്മയെ ഇറുക്കുന്ന പ്രതീതിയായിരുന്നെനിക്ക്‌. അത്ര വേദനമാത്രം. അപ്പോള്‍ വിജയന്‍ മാഷ്‌ അദ്ദേഹത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ആ അര്‍ത്ഥത്തില്‍ തന്നെ എടുത്തിട്ടുണ്‌ടാവുമോ? എവിടെയൊക്കെയോ വീഴ്ച വന്നിട്ടുണ്‌ട്‌. പിന്നെ മരണം എല്ലാവരേയും മഹാന്‍മാരാക്കുന്നതിനാല്‍ വിജയന്‍മാഷിനെ പോലുള്ള മഹാരഥന്‍മാരേയും നമുക്ക്‌ വലിയ മഹാനാക്കാം. അദ്ദേഹം ആ മഹത്വം അര്‍ഹിക്കുന്നു. താങ്കള്‍ പുതിയ എഴുത്ത്‌ കാരെ പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്ന വ്യക്തിയാണെന്നറിഞ്ഞു. സമയം കിട്ടുമ്പോള്‍ എന്‌റെ വീട്ടിലേക്കും ക്ഷണിക്കുന്നു, ഞാന്‍ നിങ്ങളുടെ സമ്മതത്തോടെ നിങ്ങളെ ഫോളോ ചെയ്യുന്നു. എല്ലാവിധ ആശംസകളും

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രിയ മുഹിയുദ്ദീന്‍ :വായനയ്ക്കും വിശദമായ അഭിപ്രായ പ്രകടങ്ങള്‍ക്കും നന്ദി .
സാധാരണ മാര്‍ക്സിസ്റ്റു പാര്‍ട്ടി അംഗങ്ങള്‍ പോലും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണ് വിജയന്‍ മാഷ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അംഗം ആയിരുന്നു എന്ന്.അദ്ദേഹം പാര്‍ട്ടിയുടെ ഒരു ബ്രാഞ്ച് കമ്മിറ്റിയില്‍ പോലും അംഗത്വം നേടിയിരുന്നില്ല.അദ്ദേഹം മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ മാത്രം ആയിരുന്നു. അദ്ദേഹത്തിലെ മാര്‍ക്സിസ്റ്റ്‌ അനുഭാവിയെ കേരളത്തിലെ അദ്ദേഹത്തോട് താല്പര്യമുള്ള മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ അംഗീകരിച്ചു കൂടെ കൊണ്ടുനടന്നു സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നു.ഇതിന്റെയൊക്കെ നന്ദി സൂചകമായി പാര്‍ട്ടി അംഗത്തെ പോലെ അദ്ദേഹം എല്ലാം അനുസരിച്ച് കൊള്ളും എന്ന യുക്തിപരം അല്ലാത്ത ഒരു കാഴ്ചപ്പാടില്‍ നേതാക്കള്‍ എത്തുകയും അണികളെ അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്തു എന്ന് വേണം കരുതാന്‍.. അതെ സമയം നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് സാധാരണ സംഭവിക്കുന്നത് പോലെ പാര്‍ട്ടിയോടൊപ്പം കൂടി സ്ഥാനമാനങ്ങള്‍ നേടിയെടുത്തശേഷം സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ശത്രുപക്ഷം ചേര്‍ന്നത്‌ കൊണ്ടല്ല വിജയന്മാഷ്‌ പാര്‍ട്ടിക്ക് അനഭിമതനായത് .പാര്‍ടിയിലും മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിലും ഒരിക്കലും അനുവദനീയമല്ലാത്ത വെള്ളം ചേര്‍ക്കലുകള്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ചത് കൊണ്ടാണ്.സത്യത്തില്‍ മാര്‍ക്സിയന്‍ കാഴ്ചപ്പാട് അനുസരിച്ച് അദ്ദേഹം പാര്‍ട്ടിക്ക് അകത്താവുകയും തത്വ ശാസ്ത്രങ്ങള്‍ ബാലികഴിച്ചവര്‍ പുരത്താക്കപ്പെടുകയുമാണ് ചെയ്യേണ്ടിയിരുന്നത് ..ഭൂരിപക്ഷം ചിന്തിക്കുന്നത് അന്യായമാണെങ്കില്‍ ഭൂരിപക്ഷത്തിന്റെ സാങ്കേതികത്വത്തില്‍ പിടിച്ചു അന്യായം നടപ്പിലാക്കുന്ന സാമൂഹിക പ്രവണതയാണ് ഇവിടെയും ആവര്‍ത്തിച്ചത്. പിന്നെ മാഷ്‌ മരണം കൊണ്ട് മാത്രം മഹാനായ ആള്‍ ആണെന്ന് പറയുന്നത് അദ്ദേഹത്തെ കുറിച്ച് അധികം മനസിലാക്കാത്തത് കൊണ്ടാണ് . മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടൊപ്പം അല്ല അദ്ദേഹം നിലകൊണ്ടത് എന്നുവരുകില്‍ പോലും അദ്ദേഹത്തിന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ,അദ്ദേഹത്തിലെ അദ്ധ്യാപകന്‍ ,വിമര്‍ശകന്‍ ,പ്രവചന സ്വഭാവമുള്ള പ്രഭാഷണങ്ങള്‍ എന്നിവ അദ്ദേഹത്തിനു പതിനായിരക്കണക്കിന് ആരാധകരെയും അനുയായികളെയും നേടിക്കൊടുത്തിട്ടുണ്ട്.അദ്ദേഹത്തിന്‍റെ ഗുണങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാക്കി ഉപയോഗിക്കാം എന്ന് വിലയിരുത്തിയാണ് പാര്‍ട്ടി പോലും കേവല അംഗത്വം കൂടി ഇല്ലാത്ത അദ്ദേഹത്തെ കൂടെ കൂട്ടിയതെന്നു വേണം കരുതാന്‍.. ഭാഗ്യമോ നിര്‍ഭാഗ്യമോ കര്‍മ്മ വേദിയിലെ പോരാട്ടത്തിനിടയില്‍ വച്ച് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായത് അദ്ദേഹത്തിന്‍റെ മഹത്വം ആയി ആഘോഷിക്കുന്നവരും ഉണ്ട് ..ജീവിതത്തിലും മരണശേഷവും ഒരാളുടെ മഹത്വം ആഘോഷിക്കപ്പെടുന്നുണ്ട് എങ്കില്‍ തീര്‍ച്ചയായും സാധാരണ മനുഷ്യര്‍ക്ക്‌ ഇല്ലാതിരുന്ന എന്തൊക്കെയോ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് അര്‍ത്ഥം . താങ്കളുടെ വിലയേറിയ സമയം ഈ ബ്ലോഗില്‍ ചിലവഴിച്ചതിനു ഒരിക്കല്‍ കൂടി നന്ദി :)

faisalbabu പറഞ്ഞു...

ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ വായിച്ചിരുന്നു ,,അവസാനഭാഗം വായിക്കാന്‍ വൈകി ,,,ഈ അനുസ്മരണം നന്നായി രമേശ്‌ ജി .

Mohiyudheen MP പറഞ്ഞു...

രമേശ്‌ ഭായ്‌, ഇക്കാര്യങ്ങള്‍ എല്ലാവരേയും പോലെ ഞാനും തെറ്റിദ്ദരിച്ചിട്ടുണ്‌ട്‌. ഇടതുപക്ഷ ചിന്താഗതിക്കാരനും, ഇടത്‌ പ്രസ്ഥാനങ്ങളുടെ മുഖ്യധാര മാധ്യമങ്ങലിലുമുള്ള സജീവ സാന്നിധ്യവും അദ്ദേഹം ഒരു പാര്‍ട്ടി അംഗമെന്ന് തോന്നിക്കും വിധമായിരുന്നു. പാര്‍ട്ടിയുടെ എണ്ണപ്പെട്ട ഭാരവാഹിത്വങ്ങളിലൊന്നും ഇരുന്നിട്ടില്ല എന്നത്‌ എനിക്കറിയാമായിരുന്നു. പക്ഷെ അദ്ദേഹം ഒരു മെമ്പര്‍ പോലുമായിട്ടില്ല എന്നത്‌ ആദ്യ അറിവാണ്‌. താങ്കളെ പോലുള്ളവര്‍ പറഞ്ഞത്‌ കൊണ്‌ട്‌ ഞാനത്‌ വിശ്വസിക്കുന്നു. എല്ലാ വിധ ആശംസകളും

Satheesan .Op പറഞ്ഞു...

അഭിനന്ദനങ്ങൾ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍