2012, ഡിസംബർ 31, തിങ്കളാഴ്‌ച

'വര'പ്രസാദം നേടിയ കലാകുടുംബം

എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍ ...

പ്രവാസജീവിതം ഊഷരമാക്കുന്ന    മനസുകളുടെ ശൂന്യമായ കാന്‍വാസുകളില്‍ ചായക്കൂട്ടുകള്‍ കൊണ്ട് വസന്തം വിരിയിക്കുകയാണ് പിതാവും രണ്ട് പെണ്‍ കുട്ടികളും ചേര്‍ന്ന  മലയാളി കലാകുടുംബം. ആനന്ദാസ്വാദനങ്ങള്‍ വിലക്കപ്പെടു പ്രവാസ ഭൂമിയില്‍ മണല്‍ക്കാടുപോലെ ചുട്ടുപൊള്ളു ഹൃദയങ്ങളെ മനോഹരവര്‍ണ്ണങ്ങള്‍ പൊതിഞ്ഞ്  വരഞ്ഞെടുത്ത പ്രകൃതിയും കിളികളും പൂക്കളും പുഴകളും കൊണ്ട് നിത്യഹരിതമാക്കാനുള്ള സപര്യയിലാണ് ഇസഹാക്കും മക്കളായ ആരിഫയും(17)ജുമാനയും(16). 


കിഴക്കന്‍ ഏറനാട്ടിലെ നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം നിവാസിയാണ് ചിത്രകാരനും ശില്‍പ്പിയുമായ ഇസഹാക്ക്.  കുട്ടിക്കാലം മുതലേ വരയും കുറിയും കുറ്റിപ്പെന്‍സിലും കരിക്കട്ടയും കൂട്ടിനുണ്ടെന്ന് ബാല്യകാല സുഹൃത്തായ ഹുസൈന്‍ സാക്ഷ്യപ്പെടുത്തുന്നു . ചിത്രകലയില്‍ ആദ്യ പ്രചോദനം നാന്നായി ചിത്രങ്ങള്‍ വരക്കുമായിരു ഉമ്മ ബീയൂട്ടിതന്നെ.  ഇസഹാക്കിന്റെ കലാവാസന തിരിച്ചറിഞ്ഞ അമ്മാവന്‍ മുഹമ്മദും പിതാവ് ചെറുണ്ണി കുരിക്കളും (മുഹമ്മദ്) പ്രോല്‍സാഹനമേകി. അക്കാലത്ത് നിലമ്പൂരില്‍ കളര്‍ പെന്‍സിലുകള്‍ കിട്ടുന്ന  കടകള്‍ വിരളം. എണ്‍ പത് കിലോമീറ്റര്‍ അകലെ കോഴിക്കോട് പോയാണ് ബാപ്പ മകനാവശ്യമുള്ള കളര്‍ പെന്‍സിലുകളും മറ്റും വാങ്ങിക്കൊടുത്തത്. ചിത്രകലാഭ്യസനത്തിനായി നിലമ്പൂരിലെ അക്കാലത്തെ പ്രമുഖനായ ആര്‍ട്ടിസ്റ്റ് വാസുദേവന്റെ സ്ഥാപനത്തില്‍ പിതാവ് തന്നെ കൊണ്ടുപോയി ചേര്‍ത്തു.

 ബാനര്‍ എഴുത്തും ചുവര്‍ പരസ്യങ്ങള്‍ക്കായുള്ള പടം വരപ്പുമൊക്കെയായിരുന്നു  ആര്‍ട്ടിസ്റ്റ് വാസുവിന്റെ കളരിയില്‍ നിന്ന്  പരിശീലിക്കാനായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇസഹാക്കിന്റെ അസാമാന്യമായ കൈത്തഴക്കം കാണാനിടവന്ന  ലളിതകലാ അക്കാദമി അംഗം തലശ്ശേരി ശിവകൃഷ്ണന്‍ മാഷാണ് ചിത്രകലാ പഠനത്തിന് വഴിത്തിരിവുണ്ടാക്കിയത്. ബാനറും ചുവര്‍ച്ചിത്രവും മാത്രം വരച്ച് പാഴാക്കേണ്ടതല്ല നിന്റെ ഉള്ളിലെ ചിത്രകല എന്ന്  മാഷ് പറഞ്ഞു. മാഷ് തന്നെ മുന്‍കൈയ്യെടുത്താണ്  കോഴിക്കോട് യൂനിവേഴ്‌സല്‍ ഫൈന്‍ ആര്‍ട്‌സ് സ്‌ക്കൂളില്‍ ചേര്‍്ന്ന്  ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കാന്‍ അവസരമൊരുക്കിയത്. ചലച്ചിത്ര പ്രതിഭകളായ  ഐ.വി.ശശി, ഹരിഹരന്‍, തുടങ്ങിയവര്‍ ചിത്രകലാന പഠനത്തിനെത്തിയിരുന്ന  സ്ഥാപനമാണ് യൂനിവേഴ്‌സല്‍ ഫൈന്‍ ആര്‍ട്‌സ് സ്‌ക്കൂള്‍. എഴുത്തുകാരനും ചിത്രകാരനുമായ എന്‍.പി.ഹാഫിസ് മുഹമ്മദ്, ഐ.വി.സതീഷ് ബാബു തുടങ്ങിയവര്‍ സഹപാഠികളും. അന്ന്  സ്‌കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കലാവിദ്യാര്‍ഥിയായിരുന്നു  16 കാരനായ ഇസഹാക്ക്.  

അറബിക് കയ്യെ ഴുത്ത്, ഡ്രോയിംഗ്, ശില്‍പനിര്‍മ്മാണം തുടങ്ങിയവയിലെ നിരന്തര പഠനവും പരിശീലനവും കലയിലെ കൈത്തഴക്കം വര്‍ധിപ്പിച്ചു. കലാകാരനായാല്‍ വഴിതെറ്റിപ്പോകുമെന്ന്  യാഥാസ്ഥിതിക സമൂഹം ഉറച്ച് വിശ്വസിക്കു കാലമായിരുു അത്. വരകൊണ്ട് മാത്രം ജീവിതം മുാേട്ട് കൊണ്ടുപോകാന്‍ കഴിയില്ലെ വീട്ടുകാരുടെ നിര്‍ബന്ധ പൂര്‍ണ്ണമായ ഉപദേശം സ്വീകരിച്ച് ഒരു ശരാശരി മലപ്പുറത്തുകാരന്റെ അടുത്ത ചുവട് വയ്പ് എന്ന  നിലയില്‍ എപതുകളുടെ അവസാനത്തില്‍ പത്തൊമ്പതാം വയസില്‍ ഗള്‍ഫിലേക്ക പറന്നു  നിയന്ത്രണങ്ങള്‍ ഏറെയുള്ള സൗദിയിലാണ് വന്നു പെട്ടത്. മണലാരണ്യത്തിലെ അതിജീവനത്തിനായി പല ജോലികള്‍ ചെയ്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമം. ജീവിക്കാനുള്ള പങ്കപ്പാടുകള്‍ക്കിടയിലും 'വര'മോഹം നിറങ്ങളൊഴിയാത്ത തിരശീല പോലെ മനസ്സില്‍ തിളക്കംപൂണ്ടു ചലിച്ചുകൊണ്ടിരുന്നു . അധികം വൈകാതെ ഒരുപരസ്യസ്ഥാപനത്തില്‍ ആര്‍ടിസ്റ്റ് തസ്തികയില്‍ ജോലി തരപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളുടെ തീഷ്ണമായ ചൂടേറ്റ് ഉള്ളില്‍ നാമ്പിട്ട തളിരുകള്‍ വാടിക്കരിഞ്ഞ് പോകുമോ എന്നോ ര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോളാണ് തേടിനടന്ന  നിധിപോലെ ചിത്രകലയുമായി ബന്ധമുള്ള ജോലിതന്നെ ലഭിക്കുന്നത്.

 പുതിയചുറ്റുപാടില്‍ വരയുടെ ഗതിമാറി. എന്നിട്ടും ഒരു സങ്കടംമാത്രം ബാക്കിനിന്നു . ശില്പ നിര്‍മ്മാണത്തിന് കടുത്ത വിലക്കുകളുള്ള സൗദിയില്‍ ഈ കലാകാരന് വരകൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്നു.  അറബിക് കാലിഗ്രഫിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയപ്പോള്‍ തൊഴില്‍ അവസരങ്ങളും കൂടി.  തൊണ്ണൂറുകളില്‍ (ആദ്യഗള്‍ഫ് യുദ്ധത്തിനു ശേഷം) പരസ്യമേഖലയില്‍ കമ്പ്യൂട്ടറുകള്‍ വരാന്‍ തുടങ്ങി. ബ്രഷും പെയിന്റുകളുമില്ലാതെ ചിത്രങ്ങള്‍ വരച്ചെടുക്കുന്ന  കമ്പ്യൂട്ടറുകള്‍. സാങ്കേതിക വിദ്യയുടെ വളര്‍ച്ചകണ്ട് ആദ്യം അത്ഭുതപ്പെട്ടു. അതിന്റെ ആധിപത്യം കണ്ട് അമ്പരന്നു  പിന്നെ  രണ്ടും കല്‍പിച്ച് ആഴം അളക്കാനൊന്നും  നില്‍ക്കാതെ ആ പരപ്പിലേക്ക് പതുക്കെപ്പതുക്കെ കാലെടുത്തു വച്ചു.

അവിടന്നങ്ങോട്ട്  ഗ്രാഫിക്‌സിന്റെ ലോകത്തായി ഇസഹാക്കിന്റെ പരീക്ഷണങ്ങള്‍. ഇടക്ക് നിര്‍ത്തേണ്ടി വന്ന  വര  അടുത്തകാലത്ത്  സജീവമാക്കാനുള്ള ശ്രമത്തിലാണ്.   ഇപ്പോള്‍  റിയാദില്‍ നിന്ന്  പ്രസിദ്ധീകരിക്കുന്ന  അല്‍ യൗം ദിനപത്രത്തില്‍ ജോലിയുമായി റിയാദില്‍ കുടുംബത്തോടൊപ്പം കഴിയുന്നു. പ്രമുഖ ഓണ്‍ ലൈന്‍ മാസികയായ മഴവില്ലിന് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കുതും ഇസഹാക്കാണ്. പാണ്ടിക്കാട് കക്കുളം സ്വദേശിനി നജ്മയാണ് ഇസഹാക്കിന്റെ ജീവിത സഖി. 

ഇസഹാക്കിന്റെ വരകണ്ട് വളര്‍ന്ന  മക്കള്‍ ആരിഫയും ജുമാനയും സ്വാഭാവികമായും നിറങ്ങളുടെ വര്‍ണ്ണപ്രപഞ്ചത്തെ ഏറെ ഇഷ്ടപ്പെട്ടു. രണ്ട് പേരും പിതാവിന്റെ കലാപാരമ്പര്യം അഭിമാനം പോലെ പേറുന്നവര്‍. രണ്ടുപേരും വരയ്ക്കുന്നു . 
ചായക്കൂട്ടുകളും ബ്രഷുകളും ക്യാന്‍വാസുമെല്ലാം ഇരുവര്‍ക്കും കളിക്കൂട്ടുകാരെപ്പോലെയായിരുന്നു.  ചിലപ്പോള്‍ ഇസഹാക്കിനെത്തന്നെ അത്ഭുതപ്പെടുത്തും വിധം കുട്ടികള്‍ ചിത്രം വരയില്‍ താല്‍പര്യം കാണിച്ചതോടെ ആ രംഗത്ത് താന്‍ നേടിയ അറിവുകളെല്ലാം അവര്‍ക്കായി അദ്ദേഹം ഉരുക്കഴിച്ചു. പിതാവില്‍ നിന്ന്  മാത്രമേ ഇരുവരും ചിത്രകല അഭ്യസിച്ചിട്ടുള്ളൂ. തുടര്‍ പഠനത്തിന് പ്രവാസലോകത്ത് പരിമിതികള്‍  ഉള്ളതിനാലാണ് കലാപഠനം വീട്ടില്‍തന്നെ ഒതുക്കി നിര്‍ത്തേണ്ടിവന്നത്. എന്നാല്‍ പിതാവില്‍ നിന്ന് കിട്ടിയ പഠിപ്പ് തന്നെ ഇവരിലെ പ്രതിഭത്തിളക്കം വിളിച്ചറിയിക്കും.
    
മൂത്തകുട്ടി ആരിഫ +2 കഴിഞ്ഞു , രണ്ടാമത്തെ മകള്‍ ജുമാന. 
ആരിഫ: നാല് വയസ്സ് തൊട്ടേ വരയ്ക്കും, ആറ് വയസ്സില്‍  എണ്ണച്ചായത്തില്‍  നാന്നായിവരക്കാന്‍ തുടങ്ങിയിരുന്നു . ഗള്‍ഫിലെ സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനകരമായി. ഏതാനും പ്രദര്‍ശനങ്ങളില്‍ ആരിഫയുടെ ചിത്രങ്ങള്‍ക്ക് കാഴ്ചക്കാരുടെ പ്രശംസ നേടാനായിട്ടുണ്ട്. പോര്‍ട്രൈറ്റ് പെയിന്റിങ്ങുകള്‍, പ്രകൃതിദൃശ്യങ്ങള്‍  സൗന്ദര്യദായകങ്ങളായ മറ്റ് കാഴ്ചകള്‍  ഇവയൊക്കെ  സൂക്ഷ്മാംശങ്ങളേതും നഷ്ടമാവാതെ സ്വാഭാവികതകള്‍ ഓരോന്നും  അത്രമേല്‍ നിരീക്ഷിച്ച്  കാഴ്ച ഒരനുഭവമാക്കാനുള്ള ആരിഫയുടെ സൃഷ്ടി പാടവം അനുപമമെന്ന്  ആ വരകള്‍ ദര്‍ശിക്കു മാത്രയില്‍ ആരും പറഞ്ഞുപോകും.

  സൗദി ഗവമെന്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടു  'ജനാദ്രിയ' പൈതൃകോത്സവത്തില്‍  പ്രത്യേക പരിഗണനയോടെ ആരിഫയുടേ ചിത്രങ്ങള്‍ക്ക് പ്രദര്‍ശന അനുമതി ലഭിച്ചത് വലിയ അംഗീകാരമായി ഈ കലാകുടുംബം കരുതുന്നു .  സൗദി രാജാവിന്റെയും, അന്നത്തെ കിരീടാവകാശി അമീര്‍ സുല്‍ത്താന്റെയും മറ്റും ഓയില്‍ പെയിന്റില്‍ തീര്‍ത്ത പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ കൂടുതല്‍ പേരേ ആകര്‍ഷിച്ചതും ഏറെ ആത്മവിശ്വാസം നല്‍കി.  അറബിക് വാര്‍ത്താമാധ്യമങ്ങള്‍ അതിനു മുമ്പും പിമ്പും അര്‍ഹമായ പ്രാധാന്യത്തോടെ ഇവരുടെ ചിത്രകലാ പാടവത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. 
ആരിഫയുടെ വരയുടെ രീതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപകരിച്ചേക്കും     http://risamaarifa.blogspot.com/

രണ്ടാമത്തെ മകളായ ജുമാന പ്ലസ് വ വിദ്യാര്‍ത്ഥിനിയാണ്. ഫ്രീഹാന്‍ഡ് ഡ്രോയിങ്ങില്‍ വേഗതയും വൃത്തിയും നന്നെ ചെറുപ്പത്തിലേ സ്വായത്തമാക്കിയെതാണ് എടുത്തു പറയേണ്ടത്.
പെന്‍സില്‍, എണ്ണച്ചായം, ജലച്ചായം, തുടങ്ങിയ വിഭാഗങ്ങളിലുള്ള ജുമാനയുടെ കലാസൃഷ്ടികള്‍ കണ്ട് കണ്ണെടുക്കാന്‍ തോന്നില്ലെന്ന്  ആരെങ്കിലും പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.  ഇതിനിടയില്‍ ഡിജിറ്റല്‍ പെയിന്റിങ്ങില്‍ കൂടി ജുമാന പരീക്ഷണങ്ങള്‍ തുടങ്ങിയതോടെ ആ രംഗത്തും വൈദഗ്ദ്യമുള്ള കലാകാരിയെന്ന   കീര്‍ത്തികൂടി ലഭിച്ചു. ഫോട്ടോഷോപ്, ഇല്ലസ്‌ട്രേറ്റര്‍ തുടങ്ങിയ ഗ്രാഫിക്‌സ് സോഫ്റ്റ് വെയറുകള്‍, 3ഡി മാക്‌സ്, 'Z Brush, ആര്‍ക്കി കാഡ്, ഫ്‌ളാഷ്  തുടങ്ങിയ ആധുനിക കലാസങ്കേതങ്ങളിലും തന്റെ കലാ വൈദഗ്ദ്യം ഭേതപ്പെട്ടനിലയിലാണെന്ന്  ജുമാന തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപകരിച്ചേക്കും: http://jumanasam.blogspot.com/ 

ഡിസംബര്‍ 30 ലെ മലയാളം ന്യൂസ് സണ്‍ ഡേ  പ്ലസില്‍ വന്നത് 
പഠനത്തിനൊപ്പം പിതാവിന്റെ പാത പിന്തുടര്‍് ന്ന് ചിത്രകലയില്‍ പരീക്ഷണങ്ങളിലേര്‍പ്പെടാനും പുത്തന്‍ സങ്കേതങ്ങള്‍ കണ്ടെത്താനും ഈ രണ്ടു പെകുട്ടികളും ചേര്‍് ന്ന് നടത്തുന്ന  ശ്രമങ്ങള്‍ കൗ തുകം ജനിപ്പിക്കുന്നതാണ്. ഇരുവരും വരച്ചു വച്ചിട്ടുള്ള ചിത്രങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു  റിയാദില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച ഇവര്‍ നാട്ടില്‍ വിപുലമായ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

നടന വൈഭവത്തിന് വിട ......


ലയാളക്കരയില്‍ പ്രൊഫഷനല്‍  നാടകങ്ങള്‍  പൊടിപൊടിച്ച  എണ്‍പതുകളിലെ ഓരോര്മയാണ് .. നാടകങ്ങളില്‍ ഹരം കയറി അത് കാണാനും കണ്ടത് കൂട്ടം കൂടിയിരുന്നു ചര്‍ച്ചചെയ്യാനും കൂട്ടുകാരുമൊത്ത്   ഉത്സവപ്പറമ്പുകളില്‍   നിന്ന് ഉത്സവ പ്പ പറമ്പുകളിലേക്ക് പാറി നടന്നിരുന്ന  കൌമാര കാലത്ത്    അരൂര്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്  ഒരു നാടകം  ഉണ്ടായിരുന്നു  .ശ്രീ .പി ജെ ആന്റണി എഴുതിയ തീ . നാടകം സംവിധാനം ചെയ്തതും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും തിലകന്‍ . കേട്ടവര്‍ കേട്ടവര്‍ ഉത്സവ പറമ്പിലേക്ക് വച്ചു പിടിച്ചു .

 നാടകത്തിലും എഴുത്തിലും  സിനിമയിലും  ജീനിയസ് ആയിരുന്ന പീ ജെ ആന്റണിയുടെ വലം കയ്യായിരുന്നു അന്ന് തിലകന്‍ . സിനിമയില്‍ ഒന്ന് മുഖം കാണിച്ചു വരുന്നതെ ഉള്ളൂ എങ്കിലും നാടക നടന്‍  സംവിധായകന്‍ എന്നീ നിലകളില്‍ ഏറെ  പ്രശസ്തന്‍     1979  ഇല് സംഭവിച്ച  പീ ജെയുടെ വേര്‍പാടിന് ശേഷം അതുപോലെ അരങ്ങിലും സിനിമയിലും ഒരേ പോലെ കഥാപാത്രങ്ങളുടെ ആത്മാവ്  കണ്ടെത്തി അഭിനയിച്ച    ഒരു നടന്റെ ശൂന്യത പ്രേക്ഷകര്‍  അനുഭവിക്കുന്ന ഒരു കാലം കൂടിയായിരുന്നു അത് . ഏറെക്കാലം ഒരു സഹോദരനെ പോലെ പീ ജെ കൊണ്ടുനടന്ന തിലകന്‍   പിന്നീട് സ്വാഭാവികമായും പീ ജെ തീയെറ്റെഴ്സിന്റെ    മുഖ്യ ചുമതലക്കാരനായി മാറുകകയായിരുന്നു  ,
ഉത്തസവ ചടങ്ങുകള്‍ ഒതുങ്ങി ..ലൈറ്റുകള്‍ അണഞ്ഞു  അരൂര്‍ അമ്പലം വെളി എന്നറിയപ്പെടുന്ന ആ വലിയ മൈതാനം മണ്ണ് കിള്ളിയിടാന്‍ പോലും ഇടയില്ലാത്ത വിധം ജന നിബിഡമായിരുന്നു .വര്‍ഷത്തില്‍ ഒരിക്കല്‍  അമ്പല പറമ്പുകളില്‍ അവതരിപ്പിക്കപ്പെടുന്ന കാമ്പുള്ള നാടകങ്ങളെ ജനം ഏറെ സ്നേഹിക്കുകയും   അതിലെ ഡയലോഗുകള്‍    പറഞ്ഞു കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു സുവര്‍ണ്ണ കാലംകൂടി  ആയിരുന്നു അത് .   ഇതിനകം സിനിമയില്‍  ചില  വേഷങ്ങള്‍  ചെയ്ത തിലകന്‍ എന്ന  നടന്‍ ആ നാടകത്തില്‍  അഭിനയിക്കുന്നു എന്ന സവിശേഷത    ജനക്കൂട്ടം പതിവില്‍ അധികമായി  വര്‍ദ്ധിക്കാന്‍  കാരണമായി  . എങ്ങും സമ്പൂര്‍ണ്ണ നിശബ്ദത .നാടകം തുടങ്ങി ..പ്രധാന കഥാപാത്രങ്ങള്‍   രംഗത്തു  വന്ന്‍   അഭിനയം തുടങ്ങി ..     സൂക്ഷ്മതയും സ്വാഭാവികതയും ഉള്ള അഭിനയം കൊണ്ടും ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടും അതില്‍ കേന്ദ്ര കഥാപാത്രമായ  നടന്‍  ചുരുങ്ങിയ സമയം കൊണ്ടു കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

ഇതിനിടയില്‍ കാണികള്‍ക്കിടയില്‍  പിന്‍ നിരയില്‍ എന്തോ പ്രശ്നം  . .അത് ബഹളമായി  ഉയര്‍ന്ന്   സ്റ്റേജിനു മുന്നില്‍ ഇരിക്കുന്നവര്‍ക്ക്  നാടകത്തിലെ സംഭാഷങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവിധം നിയന്ത്രണാതീതമായി .ആകെ  കോലാഹലം .പെട്ടെന്ന് പ്രധാന നടന്റെ ഇടി വെട്ടുപോലുള്ള ശബ്ദം മുഴങ്ങി ..ദൂരേക്ക്‌ കൈകള്‍ വീശിയെറിഞ്ഞു നാടകത്തിലെ മര്‍മ്മ പ്രധാനമായ ഒരു സംഭാഷണം  പോലെ അദ്ദേഹം കാണികളെ നോക്കി പറഞ്ഞു:
".എന്താ അവിടെ പ്രശനം ? നിങ്ങള്‍ എല്ലാവരും കൂടി  നാടകം കളിക്കാന്‍  വിളിച്ചുവരുത്തിയ കലാകാരന്മാരാണ് ഞങ്ങള്‍  .. വിളിച്ചു വരുത്തി ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍  ബഹളം ഉണ്ടാക്കി അപമാനിക്കുന്നതാണോ മര്യാദ ? ഈ കോലാഹലം  ഇപ്പോള്‍ നിര്‍ത്തിയില്ലെങ്കില്‍ നാടകം കളിക്കാതെ ഞങ്ങള്‍ ഞങ്ങളുടെ പാട്ടിനു പോകും ..." 

    സ്വിച്ച്  ഇട്ടതു പോലെ ബഹളം നിലച്ചു .അരങ്ങത്തും  സദസ്സിലും എന്താണ്  .സംഭവിക്കുന്നത്‌  എന്നറിയാതെ ജനക്കൂട്ടവും  സംഘാടകരും ,സഹ നടന്മാരും സ്തബ്ധരായി നില്‍ക്കെ  .ഒന്നും സംഭവിക്കാത്തത്  പോലെ അദ്ദേഹം ബഹളത്തിനിടയില്‍ നിര്‍ത്തിവച്ച നാടകത്തിലെ സംഭാഷണത്തിന്റെ തുടര്‍ച്ച ഏറ്റെടുത്തു .ഞൊടിയിടയില്‍ കഥാപാത്രമായി മാറി ..കര്‍ട്ടന്‍ ഇടാതെ തന്നെ ഇടയ്ക്ക് വച്ചു നിര്‍ത്തിയ  നാടകം വീണ്ടും ജീവിതം പോലെ സ്വാഭാവികമായി  തുടര്‍ന്നു ..
അല്പം മുന്‍പ് നടന്നതെല്ലാം നാടകത്തിന്റെ ഭാഗം തന്നെ ആയിരുന്നു എന്ന്  തോന്നിപ്പിക്കും  വിധമായിരുന്നു എല്ലാം
  തീരും വരെ ശ്വാസം അടക്കി പ്പിടിച്ചിരുന്ന് ശാന്തരായി എല്ലാവരും നാടകം കണ്ടു ..അതുവരെ കണ്ടിട്ടില്ലാത്ത  ഒരു നടന്‍ അരങ്ങില്‍  അനുഭവമാകുന്നത് കണ്ടു കാണികള്‍  അത്ഭുതം കൂറി .
 ചൂണ്ടു വിരലിന്റെ ചലനങ്ങള്‍  പ്രസരിപ്പിക്കുന്ന    ആജ്ഞാ ശക്തി കൊണ്ടും ഗാംഭീര്യം തുടിക്കുന്ന ശബ്ദ വിന്യാസത്തിന്റെ മാസ്മരിക പ്രഭാവം  കൊണ്ടും നിമിഷമാത്രയില്‍  .അരങ്ങിനേയും സദസ്സിനെയും ഒരേ പോലെ ഉള്ളം കയ്യിലെടുത്ത ആ അതുല്യ  നടനാണ്‌  പിന്നീട് മലയാള -തമിഴ്  ചലച്ചിത്ര വേദിയുടെ തിലകക്കുറിയായത്‌ .   അഭിനയ ഗാംഭീര്യം കൊണ്ടു നടന മികവിന്റെ ആ പെരുന്തച്ചന്‍  ആസ്വാദക ലക്ഷങ്ങളെ ഉള്ളം കയ്യില്‍  എടുത്തു . അസൂയാവഹവും അനായാസവുമായ ആ  നടന ചതുരത  അനുഭവിച്ചറിഞ്ഞ തെന്നിന്ത്യന്‍  ചലച്ചിത്ര ലോകം ഒരേ സ്വരത്തില്‍ പറഞ്ഞു .കൊട്ടാരക്കരയ്ക്കും പീ ജെ ആന്റണിക്കും ശേഷം മലയാള നാട് സമ്മാനിച്ച നടന വിസ്മയമാണ്  തിലകന്‍ എന്ന് . 
നാടകം തുടര്‍ന്നു .  നാടകത്തിന്റെ ക്ലൈമാക്സില്‍  തിലകന്റെ കഥാപാത്രം പാടുകയാണ് ..

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാന്‍ മരണത്തിന്‍ നിമിഷം വരെ 

മരണത്തിന്‍ ശീതള ചുംബന മുദ്രയാല്‍ 
ഒരു മൌനമായ് ഞാന്‍ മാറുവോളം 
നിശയുടെ നെഞ്ചിലെന്‍ പരുഷമാം 
പാട്ടിന്റെ നിശിത ശരങ്ങളെയ്യും 
(അരുതെന്നോ ..)

ഒരു കുമ്പിള്‍ കഞ്ഞിയും പാഴ്കിനാവുമീ 
ഇരുളിന്‍ തെരുവിലൂടെ 
ഹൃദയത്തിന്‍ തകരത്തുടി കൊട്ടി നീങ്ങുമീ 
പഥികനെ വിലക്കരുതേ .

ഓ എന്‍ വിയുടെ വരികള്‍  കുമരകം രാജപ്പന്റെ സംഗീതം .ശോകമൂകമായ ആ ഗാനം .ഇന്നും ഓര്‍മ്മയില്‍ മായാതെയുണ്ട് .

ഇത് പറയുമ്പോള്‍  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ  ആ കാഴ്ചാനുഭവം ഇന്നലെ എന്ന പോലെ ഓര്ത്തു പോകുന്നു .
തിലകന്‍ എന്ന പ്രതിഭാസത്തെ  അരങ്ങത്തു കാണുവാനും  അദ്ദേഹത്തിന്‍റെ അപൂര്‍വ്വമായ അഭിനയ സിദ്ധി നേരിട്ട് കണ്ടു ആസ്വദിക്കാനും അവസരം  ലഭിച്ച ആ അപൂര്വ്വവസരം  ജീവിതത്തിലെ  വലിയ ഭാഗ്യമായി കരുതുന്നു .

കോട്ടയം ജില്ലയിലെ  മുണ്ടക്കയം എന്ന   മലയോര ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ബാല്യകാലം . കിളിമാനൂര്‍ സ്വദേശിയായ  ശ്രീധരന്‍ നായര്‍ എന്ന പ്ലാന്റരുടെ തോട്ടം മാനേജര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് .സുരേന്ദ്ര നാഥ്  വളരെ കണിശവും ഗൌരവ സ്വഭാവവും  ഉള്ള  അദ്ദേഹം  1960  കളില്‍   കുറേക്കാലം   നിലമ്പൂരിലെ  റീഗല്‍ എസ്റ്റേറ്റ്‌ മാനേജരായും ജോലിചെയ്തിട്ടുണ്ട് . ബ്രിട്ടീഷ് കാരെപോലെ കാല്സ്രായിയും വെളുത്ത ഷൂസും കാലില്‍ ക്രീം കളര്‍  പട്ടീസും അണിഞ്ഞു അറ്റം വളഞ്ഞ ഒരു വടിയും പിടിച്ചു വില്ലീസ്‌ ജീപ്പില്‍  എത്തുന്ന വളരെ ഗൌരവക്കാരനായ സുരേന്ദ്രനാഥ്‌  എന്ന തോട്ടം മാനേജര്‍  തന്‍റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓര്‍മ്മയാണെന്ന്  സുഹൃത്തായ ആര്‍ട്ടിസ്റ്റ് ഇസഹാക്കും  സാക്ഷ്യപ്പെടുത്തുന്നു . അത് കേട്ടപ്പോള്‍ മിന്നാരം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ തിലകന്റെ കണിശക്കാരനായ റിട്ട :ജഡ്ജിന്റെ കഥാപാത്രം ഒരു നിമിഷം മനസ്സിന്റെ വെള്ളിത്തിരയില്‍  മിന്നിത്തെളിഞ്ഞു..ഒരു പക്ഷെ ആ പിതാവിന്റെ അതെ കണിശവും കാര്‍ക്കശ്യവുമാകാം തിലകന്റെയും പൈതൃക സമ്പാദ്യം .അഭിനയത്തിലും ജീവിതത്തിലും പിന്തുടര്‍ന്ന  വിട്ടു  വീഴ്ചയില്ലാത്ത 
നിഷ്കര്‍ഷകള്‍   ഒരു പോലെ അദ്ദേഹത്തിനു ശത്രുക്കളെയും മിത്രങ്ങളെയും നേടിക്കൊടുത്തു .

തോട്ടം തൊഴിലാളികളുടെ നരകതുല്യമായ ജീവിതവും അവരുടെ വേദനകളും ബാല്യകാലത്തില്‍ തന്നെ തിലകനെ 
സ്പര്‍ശിച്ചിരുന്നു .അവര്‍ക്കിടയില്‍ നിന്നുള്ളവര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ .ഇതിനിടയില്‍  തൊഴിലാളികളുടെ ചോര 
യും വിയര്‍പ്പും ഊറ്റിയെടുക്കുന്ന തോട്ടം ഉടമകളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ ആയ കങ്കാണി മാരുടെയും 
നടപടികളെ ചോദ്യം ചെയ്തുകൊണ്ട്  കമ്യൂണിസ്റ്റ് പാര്‍ട്ടി  മലയോര മേഖലയിലും ഒരു ശക്തിയായി ഉയര്‍ന്നു വന്നു .തിലകനും 
അവരില്‍ ഒരാളായി .തൊഴിലാളികളെ ആവേശം കൊളളിക്കാനും  അവരെ സമര സജ്ജരാക്കാനും വേണ്ടി കൂട്ടുകാരോടൊപ്പം ആരംഭിച്ച മുണ്ടക്കയം നാടക സമിതിയിലൂടെ ആ കലാകാരന്റെ നടനത്തിളക്കം ആദ്യമായി കലാലോകം തിരിച്ചറിഞ്ഞു .

 1956 ഇല് ഇന്റര്‍ മീഡിയറ്റ്  പഠനം പാതിവഴിയില്‍ നില്‍ക്കെ  സജീവ നാടക വേദിയിലേക്ക് കാല്ടുത്തു വച്ചു ...ചുരുങ്ങിയ കാലം    കൊണ്ടു അരങ്ങുകളിലെ അവിഭാജ്യ ഘടകമായിമാറി  അദ്ദേഹം .
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും   അതിശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ്  തിലകന്‍ ഒളിഞ്ഞും തെളിഞ്ഞും 
നാടക അരങ്ങുകളില്‍  പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത് . നാടകത്തിനു വേണ്ടി വീടും ബന്ധങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യം പോലും ഉണ്ടായി ..കലാകാരന്മാര്‍ എന്ന് പറഞ്ഞാല്‍  മുടിയരായ പുത്രന്മാരും (പുത്രികളും ) ജീവിക്കാന്‍  അറിയാത്തെ പിഴച്ചു നടക്കുന്നവര്‍ എന്ന ദുഷ്പേരും മാത്രം കിട്ടിയിരുന്ന കാലഘട്ടമായിരുന്നു അതെന്നോര്‍ക്കണം . മാനികള്‍ എന്നഭിമാനിക്കുന്നവര്‍ 
കലാകാരന്മാരെ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളരുതാത്തവര്‍ എന്ന്  കരുതിപ്പോന്നിരുന്ന കാലം .

 തുടര്‍ന്ന്  1966 വരെ കെ പി എ സി യിലും  .ചങ്ങനാശ്ശേരി ഗീതാ  കൊല്ലം കാളിദാസ കലാകേന്ദ്രം 
എന്നിവിടങ്ങളിലും അഭിനയിച്ച അദ്ദേഹം ഒടുവിലാണ്  പി ജെ ആന്റണി യുടെ സമിതിയില്‍ .എത്തിച്ചേര്‍ന്നത് . നാടകത്തെയും 
അതിലുള്ളവരേയും മാത്രം ബന്ധുക്കളായി കരുതി നടന്നിരുന്ന ഒരു മഹാപ്രസ്ഥാന കാലത്തെ തിലകന്റെ താങ്ങും തുണയും ആയിരുന്നു പീ ജെ ആന്റണിയും അദ്ദേഹത്തിന്‍റെ പ്രതിഭാ തീയെട്ടെഴ്സും  പീ ജെ തീയെട്ടെഴ്സും എന്ന്  കേട്ടിട്ടുണ്ട് .  ഒട്ടനവധി റേഡിയോ നാടകങ്ങളിലെ   കഥ പാത്രങ്ങളും അദ്ദേഹത്തിന്‍റെ ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടു ജീവസ്സുറ്റതായി..
1979 ഇല് ഇറങ്ങിയ കെ .ജി .ജോര്‍ജ്ജിന്റെ  ഉള് ക്കടല്‍    എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം അരങ്ങില്‍ നിന്നു വെള്ളിത്തിരയിലേക്ക്  ചുവടു മാറിയത് .

പിന്നീട് 1981 ഇല് ഇറങ്ങിയ "കോലങ്ങള്‍ " എന്ന സിനിമയില്‍     മുഴുക്കുടിയനായ  കള്ള് വര്‍ക്കി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതോടെ  സിനിമയില്‍  അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി . . തുടര്‍ന്നങ്ങോട്ട് അദ്ദേഹത്തിന്‍റെ ജൈത്രയാത്രയായിരുന്നു 
പഞ്ചാഗ്നിയിലെ  വിപ്ലവ കാരി  , മൂന്നാം   പക്കത്തിലെ മുത്തശ്ശന്‍ , യവനികയിലെ നാടക സമിതി ഉടമ , പെരുംതച്ചന്‍   ,കിരീടത്തിലെ സേതുവിന്‍റെ അച്ഛനായ പോലീസ് കാരന്‍ ,  സന്താന ഗോപാലത്തിലെ കുടുംബ നാഥന്‍ , സ്ഫടികത്തിലെ കണിശക്കാരനായ ചാക്കോ  മാഷ്‌ , വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ജയറാമിന്റെ അച്ഛന്‍  അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തിലകന്‍ എന്ന അനുഗ്രഹീത നടനിലൂടെ വെള്ളിത്തിരയിലും ആസ്വാദക ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയത് !

കുട്ടിക്കാലം മുതല്‍ .അനുഭവിച്ച കര്‍ശന ശിക്ഷാ നടപടികളും ഉലപോലെ എരിഞ്ഞ  കഠിന പരീക്ഷണങ്ങളെ ജീവിതത്തില്‍  ഉരുക്കിച്ചേര്‍ത്ത      സാധാരണ തൊഴിലാളികല്‍ക്കൊപ്പമുള്ള സഹവാസവും , അവര്‍ക്കായി സമര്‍പ്പിച്ച നാടക ജീവിതവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധവുമൊക്കെ ചേര്‍ന്ന് ഉണ്ടായ  പ്രത്യേക സാഹചര്യമാണ്    തിലകന്‍ എന്ന മനുഷ്യനിലെ ധിക്കാരിയായ വ്യക്തിത്വം രൂപപ്പെടുത്തിയത്    കാഴ്ചയിലും സ്വഭാവത്തിലും സ്വതവേ പരുക്കനായ അദ്ദേഹം ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്നു 

സവിശേഷ സിദ്ധിയാര്‍ജ്ജിച്ച അഭിനയത്തിന്റെ ഗരിമയില്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമയിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞാടിയ അനീതികള്‍ക്കെതിരെ വാക് ശരങ്ങള്‍ എയ്തു കൊണ്ടു  വിവാദനായകനായും അദ്ദേഹം മാറി . യൌവ്വനകാലത്ത്  ഉച്ചയൂണിനു വിളമ്പിയ അയലക്കറിക്കു എരിവു കൂടിയതിന്റെ പേരില്‍ പെറ്റമ്മയോട് കലഹിച്ചു  മൂന്നു പതിറ്റാണ്ടോളം  അമ്മയുടെവിളിപ്പുറത്തു നിന്നു മാറി നടന്ന  അദ്ദേഹം സിനിമാ സംഘടനയായ അമ്മയുമായും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്  അകന്നു മാറി  കലഹിച്ചുകൊണ്ടിരുന്നു .ഈ കലഹം  രണ്ടായിരാമാണ്ടിന്റെ തുടക്കം വരെ മലയാള സിനിമയുടെ സജീവ ഭാഗമായി ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ പ്രതിഭയുടെ ഭാവി സിനിമാ ജീവിതത്തെ വളരെയേറെ പിന്നാക്കം കൊണ്ടുപോയി .സിനിമയിലെ തര്‍ക്കങ്ങള്‍ ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിനു നഷ്ടപ്പെടുത്തിയെങ്കിലും അവസരങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങള്‍ മാറ്റി പറയാനോ സിനിമാ  ലോകം നിയന്ത്രിക്കുന്ന  തമ്പുരാക്കന്മാര്‍ക്ക് മുന്നില്‍  ഓച്ചാനിച്ച്‌ നിന്നു   കീഴടങ്ങാനോ അദ്ദേഹത്തിലെ നിഷേധി ഒരിക്കലും തയ്യാറായില്ല .സൂപ്പര്‍ സ്റ്റാറുകളും മെഗാ  സ്റ്റാറുകളും മാത്രം നിയന്ത്രിക്കുന്ന സിനിമാ രീതികളോടും  അവരുടെ താളത്തിനൊത്ത് തുള്ളുന്ന സംഘടനകളോടും പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല സിനിമാ വിവാദങ്ങള്‍ നീറി പുകഞ്ഞു നില്‍ക്കെ .2008   ഇല്‍ കൊച്ചിയില്‍ ചേര്‍ന്ന "അമ്മ"യുടെ യോഗത്തില്‍  തനിക്ക് പറയാനുള്ളതൊക്കെ വെട്ടി ത്തുറന്നു പറഞ്ഞു ക്ഷുഭിതനായി മക്കളായ ഷോബിക്കും, ഷമ്മിക്കും ഒപ്പം   വേദി വിട്ടിറങ്ങി പോയ  തിലകന്റെ രൂപം ഇപ്പോഴും ഓര്‍മ്മയുണ്ട് .  അന്ന് മുറിഞ്ഞതാണ് സിനിമയിലെ  അമ്മയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം .. തിലകന്‍ സംഘടനയില്‍ എത്തി മാപ്പ് പറഞ്ഞാല്‍  പ്രശങ്ങള്‍ തീര്‍ക്കാമെന്ന് അദ്ദേഹത്തിനു സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍ വലിക്കാം  എന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞെങ്കിലും  അദ്ദേഹം മുന്‍കാല നിലപാടുകളില്‍ ശക്തിയുക്തം ഉറച്ചു നിന്നു  ചീഞ്ഞളിഞ്ഞ സംഘടനാ സംവിധാനങ്ങളെ വീണ്ടും വീണ്ടും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തു .

തീ എന്ന നാടകത്തിലെ തിലകന്‍ ചേട്ടന്‍ പാടി അഭിനയിച്ച ആ പാട്ട് ഓര്‍മ്മ വരികയാണ് ..അദ്ദേഹം വീണ്ടും വന്നു നിന്നു പാടും പോലെ ..

ഒരു കുമ്പിള്‍ കഞ്ഞിയും പാഴ്കിനാവുമീ 
ഇരുളിന്‍ തെരുവിലൂടെ 
ഹൃദയത്തിന്‍ തകരത്തുടി കൊട്ടി നീങ്ങുമീ 
പഥികനെ വിലക്കരുതേ .

ലോകത്തിലെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും സംഘടനകള്‍ക്കും ഭാര വാഹികള്‍ക്കും വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും 
മനുഷ്യര്‍ക്കും ആ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന മണ്ഡലത്തിനും അവ ദ്രോഹം മാത്രമേ ഉണ്ടാക്കി യിട്ടുള്ളൂ  എന്ന സത്യം തിലകന്‍ എപ്പോഴും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു .പ്രതിഭയോ യോഗ്യതയോ അവസരങ്ങളോ  ഇല്ലാത്തവര് ചേര്‍ന്നു ആടിത്തിമിര്‍ത്ത സംഘടനാ വിഘടന നാടകത്തിലൂടെ മലയാള സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും 
ഒരു പതിറ്റാണ്ടിലധികമായി നഷ്ടമായത്  അഭിനയത്തില്‍ അത്ഭുതങ്ങള്‍  സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന തിലകന്‍ എന്ന ആചാര്യ തുല്യനായ  നടനിലൂടെ ലഭിക്കുമായിരുന്ന തലമുറകളോളം ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് .
അഭിനയ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്ന അഭിനയ സിദ്ധികളുടെ അക്ഷയ ഖനികലാണ് .പ്രേക്ഷകരുടെ രസനയില്‍  രുചി പകര്‍ന്നു മിന്നുന്ന   ഉജ്ജ്വല മുഹൂര്‍ത്തങ്ങളെയാണ്‌ ..അഭിനയ  കലയുടെ മുഖശ്രീ വര്‍ദ്ധിപ്പിച്ച തിലകക്കുറി  ആയി മലയാളത്തിന്റെ   തിലകന്‍ ചേട്ടന്‍  ഇനി ഇല്ല ..എല്ലാം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും നമ്മള്‍ മലയാളികള്‍ കേമന്മാരാണ് ,സംഘം നശിച്ചാലും നമ്മുടെ സംഘടനകളും സംഘ ബോധവും ഉണര്‍ന്നു തന്നെയിരിക്കും ..തിലകന്‍ എന്ന നടനെ മരണം അഭിനയിപ്പിക്കാതെ മാറ്റി നിര്‍ത്തി പകരം വീട്ടുന്നതിലും  പകപോക്കുന്നതിലും  മലയാള സിനിമയേ ചുറ്റിപ്പിടിച്ച നീരാളികള്‍ വിജയിച്ചു ,അതില്‍ അവര്‍ക്ക് അഭിമാനിക്കാം .  പക്ഷെ ഇതുപോലെ സരസ്വതീ   വരപ്രസാദം നേടിയ ഒരു മഹാ നടനെ  കിട്ടാന്‍  അമ്മ മലയാളം  ഇനി  എത്ര കാലം തപസ്സിരിക്കണം ? ഇനി എത്ര പുണ്യം ചെയ്യണം ? 

2012, ജൂലൈ 16, തിങ്കളാഴ്‌ച

രാമായണവും കര്‍ക്കിടകത്തിലെ ദുരിതകാണ്ഡവും


രി പൂശിയ കര്‍ക്കിടകങ്ങള്‍ പണ്ടുകാലങ്ങളില്‍ വറുതിയും വിശപ്പും തന്നിരുന്നു ..ഒപ്പം പുലരാനിരിക്കുന്ന സ്വര്‍ണ്ണ നിറമുള്ള ചിങ്ങത്തെ ,വയര്‍ നിറച്ചു ഉണ്ണുവാന്‍ കഴിയുന്ന ഓണ നാളുകളെ കുറിച്ചുള്ള പ്രതീക്ഷയും  ..രാമായണ മാസം .രാമായണം എന്ന വാക്കിലുമുണ്ട് പ്രതീക്ഷ ..രാവ് മായണം വെളിച്ചം വരണം ..കര്‍ക്കിടകം മാറണം ചിങ്ങം വരണം ജീവിതത്തിലേക്ക് ഓണം വരണം ...

കര്‍ക്കിടകകം ഒന്നാം തീയതി മുതല്‍ അച്ഛന് തിരക്ക് തുടങ്ങും .എന്റെ കുട്ടിക്കാലം മുതല്‍ അങ്ങിനെയാണ് .ആറ് -ഏഴു  കിലോമീറ്റര്‍ അകലെ ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാര മംഗല ക്ഷേത്രത്തിലെ കര്‍ക്കിടക രാമായണ പാരായണം അച്ഛനാണ് എത്രയോ വര്‍ഷങ്ങളായി ചെയ്തു പോന്നിരുന്നത് ...

വൈകിട്ട് വേറെ ചില ക്ഷേത്രങ്ങളിലും ..വെളുപ്പിനെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ,തണുപ്പും അസുഖങ്ങളും വകവയ്ക്കാതെ എത്രയോ കര്‍ക്കിടകങ്ങളുടെ കഠിനാന്ധകാരങ്ങളിലൂടെ  അച്ഛന്‍ രാമ നാമങ്ങള്‍ മാത്രം മന്ത്രമാക്കി ഇങ്ങനെ ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലെയ്ക്ക് അലഞ്ഞിരിക്കുന്നു ..ഓരോ ദിവസവും തിരികെയെത്തുമ്പോള്‍ അമ്പത്തിലെ നിവേദ്യപ്പായസമോ ,മലരോ അവിലോ ,കദളിപ്പഴമോ കരുതിയിരിക്കും ..ആ മധുരം നുണയാന്‍  ഞങ്ങള്‍ മക്കള്‍ക്കും വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ മക്കള്‍ക്കും വരെ ഭാഗ്യമുണ്ടായി ...

രാമായണം മാസം കഴിയുമ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്ന് അച്ഛന് കോടി മുണ്ടും  ദക്ഷിണയും കിട്ടും ..ആ ദക്ഷിണയാണ്  എത്രയോ വര്‍ഷങ്ങളായി ഞങ്ങളുടെ ഓണ നാളുകളെ അന്ന സമൃദ്ധിയുടെ പൊന്‍ വെയിലും കുഞ്ഞു സന്തോഷങ്ങളുടെ പൂനിലാവും കൊണ്ട് അനുഗ്രഹിച്ചിട്ടുള്ളത് !  ശരിക്കും  ജീവിതത്തിലെ കാറും കോളും നിറഞ്ഞ കര്‍ക്കിടകരാവ് മാഞ്ഞുപോയി വെള്ളിവെട്ടം നിറഞ്ഞൊഴുകിയ ചിങ്ങ മാസങ്ങള്‍ .....ദൂരെ വിവാഹം ചെയ്തയച്ച  ചേച്ചിമാര്‍ക്കും സന്തോഷത്തിന്റെ ആ ഒരു തുണ്ട് അച്ഛന്‍ കരുതലോടെ എല്ലായ്പ്പോഴും നീക്കിവയ്ക്കുമായിരുന്നു ..

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കര്‍ക്കിടകത്തില്‍ ....

പ്രായാധിക്യം കൊണ്ടും അനാരോഗ്യം കൊണ്ടും അച്ഛന് രാമായണ മാസങ്ങളെ നീന്തിക്കടക്കാന്‍ വയ്യാതായി ..ഒരിക്കല്‍ അച്ഛന്‍ പനിപിടിച്ചു വിറകൊണ്ട ഒരു ദിനം ..തീക്കുണ്ഡം  പോലെ ദേഹം ചുട്ടു പൊള്ളുന്നു .. ഏറ്റെടുത്ത ക്ഷേത്ര പാരായണം ചില ദിവസങ്ങളിലെങ്കിലും മുടങ്ങും എന്ന അവസ്ഥ..അച്ഛന്‍ എന്നോട് പറഞ്ഞു ..കുഞ്ഞുന്നാള്‍ മുതല്‍ രാമായണം കേട്ട്   മാത്രം ശീലമുള്ള എനിക്ക് അതിനു കഴിയുമെന്ന് എങ്ങിനെയാണ് അച്ഛന്‍ കരുതിയതെന്ന് എനിക്കിന്നും അജ്ഞാതമാണ് ..

പുലര്‍ച്ചെ അലാറം കേട്ട് എഴുന്നേറ്റു ഇടക്കൊച്ചി ക്ഷേത്രത്തില്‍ പോയി തിടപ്പള്ളിയിലെ ഗണപതി ഹോമകുണ്ഡത്തിനരികിലിരുന്നു ഏതൊക്കെയോ ഭാവങ്ങളില്‍ രാമായണ ശീലുകള്‍ ഉരുക്കഴിക്കുംപോള്‍ ഒരു ജീവിതം മുന്നോട്ടു ഉന്തി തള്ളി കൊണ്ടുപോകാന്‍ വേണ്ടി അച്ഛന്‍ താണ്ടിയ ദുരിത കാണ്ഡങ്ങളുടെ ഓര്‍മ്മയില്‍ എന്റെ വാക്കുകള്‍ വിതുമ്പുകയും കണ്ണുകള്‍ നിറഞ്ഞോഴുകുകയും ചെയ്തു ..പുതുമുറക്കാരന്റെ രാമായണ പാരായണം  കേള്‍ക്കാന്‍ എനിക്ക്  ചുറ്റും കൂടിയ ആളുകളെ അപ്പോള്‍ ഞാന്‍ കണ്ടതേയില്ല ....

പ്രവാസ ജീവിതം എന്ന ആരണ്യ കാണ്ഡം താണ്ടുകയാണ് ഞാനീ കര്‍ക്കിടകത്തില്‍  ..പുത്ര ശോകത്താല്‍ രോഗാതുരനായ ദശരഥനെ പോലെ ആരോഗ്യം ക്ഷയിച്ചു , പരസഹായം ഇല്ലാതെ ഒന്ന് നടക്കാന്‍ പോലുമാകാതെ ദൂരെ ദൂരെ എന്റെ വീട്ടില്‍ അച്ഛന്‍ ....

 രാമായണവും ,പ്രസാദങ്ങളും ,ക്ഷേത്ര മന്ത്ര ധ്വനികളും ആരവങ്ങളും ഒഴിഞ്ഞു ശയ്യാ വലംബിയായി ജീവിതത്തിലെ ഒരു കര്‍ക്കിടകം കൂടി ആ ജീവിതത്തിലേയ്ക്ക് കടന്നു വരികയാണ് ...ജീവിതം മുഴുവന്‍ രാമാ രാമാ എന്ന് ജപിച്ചു പ്രതിസന്ധികളെ അതിജീവിച്ച ആ പുണ്യാത്മാവ്  ഈ കര്‍ക്കിടക സന്ധ്യകളില്‍ രാമാ രാമാ എന്നോര്‍ത്ത് വിലപിക്കും എന്നെനിക്കുറപ്പാണ് ....ഈ കഠിന പരീക്ഷ താണ്ടാന്‍ എന്റെ അച്ഛന് അദ്ദേഹത്തിന്റെ ശ്രീരാമന്‍ ശക്തികൊടുക്കട്ടെ ..

2012, ജൂൺ 17, ഞായറാഴ്‌ച

പെയ്തു തോരാത്ത ഗസല്‍ മഴ
യിരത്തി തൊള്ളായിരത്തി അന്‍പതുകളുടെ തുടക്കത്തില്‍   ഒരു ദിനം ..
പാകിസ്താന്‍ തലസ്ഥാനമായ ലോഹോറിലെ പഴകി വീഴാറായ വര്‍ക്ക് ഷോപ്പിലിരുന്നു ഏതോ ധനികന്റെ കേടായ കാര്‍ നന്നാക്കുകയായിരുന്നു ആ യുവാവ്  ..പണിത്തിരക്കിനിടയിലും ചുണ്ടില്‍ നിന്നൊഴുകി വരുന്നത്  .ഉര്‍ദ്ദു കവിതയുടെ ആത്മാവായിരുന്ന മിര്‍സാ ഗാലിബിന്റെ വരികള്‍ കോര്‍ത്തിണക്കിയ മധുര സംഗീതം ..നിമിഷങ്ങള്‍ക്കകം കാറിന്റെ യന്ത്ര  തകരാര്‍ പരിഹരിച്ച ആ യുവാവിനോട്  കാറിന്റെ ഉടമയായ ധനികന്  വലിയ മതിപ്പ്  തോന്നി ..ലണ്ടനില്‍ ബിസിനസ്  സംരംഭങ്ങള്‍ നടത്തുന്ന  അദ്ദേഹം യുവാവിനെ ലണ്ടനിലേക്ക് ക്ഷണിച്ചു . വര്‍ക്ക് ഷോപ്പ് ജോലികള്‍ ചെയ്യാന്‍ സമര്‍ത്ഥനായ  ആ ചെറുപ്പക്കാരന് തൊഴില്‍ അവസരവും വന്‍ പ്രതിഫലവും അദ്ദേഹം വാഗ്ദാനം ചെയ്തു ..
ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ കൈകാലിട്ടടിക്കുന്ന അവസരമായിരുന്നു അത് .എങ്കിലും ആകെ ഒരാശ്വാസം ഈ തുക്കടാ ജോലിയും പതിനഞ്ചു തലമുറകളായി പകര്‍ന്നു കിട്ടിയ സംഗീത പാരമ്പര്യവും ..എന്നെങ്കിലും ഒരിക്കല്‍ ഒരു പാട്ടുകാരനായി  പേരെടുക്കണം ..ലണ്ടനിലേക്ക് പോയാല്‍ ഭൌതികമായി രക്ഷപ്പെടാന്‍ ഒരവസരമാണ് ..പതിനഞ്ചു തലമുറകള്‍ പാടിയിട്ടും ആഹാരം കഴിക്കണമെങ്കില്‍ അന്നന്ന്  പണിയെടുക്കണം ! അതും സത്യം പക്ഷെ ആത്മാവില്‍ നിരന്തരം അലതല്ലി ആര്‍ക്കുന്ന സംഗീത ദാഹം എന്നെന്നേയ്ക്കുമായി വെടിയെണ്ടി വരും ..അല്‍പ്പം പോലും ആലോചിക്കാതെ യുവാവ്  ആ ഓഫര്‍ നിരസിച്ചു ...
ധനികന്‍ അവനെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചു ..അവന്‍ പറഞ്ഞ കഥകള്‍ കേട്ട് അയാള്‍ ആശ്ചര്യപ്പെട്ടു ..ആഗ്രഹം പോലെ ലോകം അറിയുന്ന  വലിയൊരു ഗസല്‍  ഗായകനായി മാറട്ടെ എന്ന് അനുഗ്രഹിച്ചു കൊണ്ടു അയാള്‍ ലണ്ടനിലേക്ക് തിരിച്ചു പോയി ....
വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ ..ലോക പ്രശസ്ത സംഗീതജ്ഞര്‍ അടങ്ങുന്ന തിങ്ങി നിറഞ്ഞ സദസ് ..വേദിയില്‍ നിന്നോഴുകുന്നത് ഗസല്‍ ചക്രവര്‍ത്തി ഉസ്താദ് മെഹ്ദി ഹസന്റെ മധുരസ്വരധാര..ആത്മാവില്‍ നിറയുന്ന അണ മുറിയാത്ത ആനന്ദ ധാര  ..നീണ്ട കര  ഘോഷങ്ങല്‍ക്കൊടുവില്‍ ഗസല്‍ മഴ പെയ്തു തോര്‍ന്നപ്പോള്‍ കണ്ണില്‍ അശ്രുധാരയുമായി അടുത്തുവന്ന വൃദ്ധന്‍ മെഹ്ദി യുടെ കരം ഗ്രഹിച്ചു കൊണ്ടു പറഞ്ഞു ..ഒടുവില്‍ നീ വാക്ക് പാലിച്ചു ..നിന്‍റെ സംഗീതം വിജയിച്ചു ..പഴയ വര്‍ക്ക് ഷോപ്പിലെ പണിക്കാരനും കാര്‍ നന്നാക്കാന്‍ വന്ന ധനികനും ഒരിക്കല്‍ കൂടി കണ്ടുമുട്ടിയ അപൂര്‍വ്വ നിമിഷമായിരുന്നു അത് ....അതെ ..നിശ്ചയദാര്‍ഡ്യം കൊണ്ടു സംഗീത സാമ്രാജ്യം കീഴടക്കിയ ഗസല്‍ ചക്രവര്‍ത്തി  മെഹ്ദി ഹസന്‍റെ ജീവിത കഥയിലെ അവിസ്മരണീയമായ ഒരദ്ധ്യായം...
കാല ദേശങ്ങളുടെ അതിരുകള്‍ അതിജീവിക്കുന്ന   അര ലക്ഷത്തില്‍ പരം ഗസലുകള്‍ ,ലോകം മുഴുവന്‍ സംഗീതപ്പെരുമഴയില്‍ നനയാന്‍ കൊതിക്കുന്ന ആരാധകര്‍ , അവരെ ഓര്‍മകളുടെ മഴയത്ത് നിര്‍ത്തി ആ ഹംസ നാദം നിലച്ചു ..ക്ലാസിക്കല്‍ ഗസലിന്റെ സുവര്‍ണ്ണ കാലഘട്ടവും ...ജന്മം കൊണ്ട് ഇന്ത്യക്കാരനും വിഭജനം ഉണ്ടാക്കിയ അനിവാര്യമായ പലായനത്തിലൂടെ പാകിസ്താന്‍ കാരനും സംഗീതം കൊണ്ട് വിശ്വ പൌരനും ആയി മാറിയ ആ  സംഗീതജ്ഞന്റെ വേര്‍പാട്  അംഗീകരിക്കാന്‍ കലാലോകത്തിനു അത്ര പെട്ടെന്നാകില്ല..

രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ 1927  ജൂലൈ 18 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം ..സംഗീത പൈതൃക പരമ്പരയില്‍പ്പെട്ട പിതാവ്   ഉസ്താദ് അസീം ഖാനില്‍ നിന്നും  പിതൃ സഹോദരനായ ഉസ്താദ് ഇസ്മയില്‍ ഖാനില്‍ നിന്നുമാണ്   അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ .ഹിന്ദു സ്ഥാനിയിലെ ദ്രുപത്‌ ശൈലിയുടെ വക്താക്കളായിരുന്നു ഇരുവരും .എട്ടാം വയസ്സില്‍ തന്നെ ക്ലാസിക്കല്‍ ഹിന്ദുസ്ഥാനിയിലെതന്നെ ഇതര ശൈലികളായ തുമ്രി .ഖയാല്‍ ,ദാദ്ര എന്നിവയും അതിന്റെ ചിട്ട വട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഹൃദിസ്ഥമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു .
    കലയുടെയും സംഗീതത്തിന്റെയും യഥാര്‍ത്ഥ ശക്തി എന്തെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം സംഗീത തൃഷ്ണ   ഉള്ളില്‍ നിറയുമ്പോഴും ദാരിദ്ര്യത്തോട്  പടവെട്ടാന്‍ സൈക്കിള്‍ ഷോപ്പിലും മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പിലും ദീര്‍ഘകാലം അദ്ദേഹം പണിയെടുത്തു .ഗാന വീഥികളിലെയ്ക്ക് നടന്നലഞ്ഞ കാതങ്ങള്‍  ഒടുവില്‍ ആ മഹാഗായകനെ വിജയത്തിന്റെ നേര്‍വഴിയിലേക്ക് തന്നെ കൊണ്ട് ചെന്നെത്തിച്ചു ..

1947  ലെ ഹൃദയ ഭേദകമായ   ഇന്ത്യ -പാക് വിഭജനത്തെ തുടര്‍ന്ന് വെട്ടിമുറിക്കപ്പെട്ട മണ്ണില്‍ നിന്നു പാകിസ്ഥാനിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യുമ്പോള്‍ തലമുറകളായി പകര്‍ന്നു കിട്ടിയ സംഗീതം മാത്രമായിരുന്നു മെഹ്ദിയുടെ ആകെയുള്ള സമ്പാദ്യം . പുതിയ ഭൂമികയില്‍ കാത്തിരുന്നതാവട്ടെ ദുരിത കാലങ്ങളുടെ ഘോഷയാത്രയും .കുടുംബ ഭാരം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ സംഗീതത്തെ തല്ക്കാലം മനസ്സില്‍ മാത്രം ഒളിപ്പിച്ചു താലോലിച്ചു . ഇരുപതാം വയസില്‍ ലാഹോറിലെ കുടുസുമുറിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെയും സൈക്കിള്‍ റിപ്പയറു ടെയും വേഷപ്പകര്‍ച്ച .

സൈഗാളും ,നൂര്‍ ജഹാനും പങ്കജ് മല്ലിക്കും ആകര്‍ഷണ വലയമായപ്പോള്‍ സിനിമയില്‍ പാടണം എന്ന വലിയ മോഹം .പാട്ടിലൂടെ സിനിമയില്‍ എത്താന്‍ ഫിലിം കമ്പനി അപ്രന്റീസ് ആയെങ്കിലും ജീവിത വൈഷമ്യങ്ങള്‍ കൊണ്ട് ശ്രമത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല ..
പാട്ട് പടര്‍ന്നു കയറിയ മോഹവുമായി നാട്ടില്‍ കര്‍ഷക തൊഴിലാളിയായി .കാലം മേഹ്ദിയുടെ ശബ്ദത്തെ തിരിച്ചറിഞ്ഞപ്പോള്‍ 1956 ല്‍  ശിക്കാറില്‍   ആദ്യ ഗാനം .പിന്നീട് മെഹ്ദി -നൂര്‍ ജഹാന്‍ യുഗ്മ ഗാനങ്ങളില്‍ ഹൃദയം ചേര്‍ത്തുവച്ചു ആസ്വാദകര്‍ ..

1950 മുതല്‍ 1970 വരെയുള്ള കാലം മെഹ്ദി യുടെ ഗാനങ്ങള്‍ക്കൊപ്പമാണ് ചരിത്രം താളമിട്ടു നീങ്ങുന്നത്‌ അദ്ദേഹത്തിന്‍റെ പാട്ടുകളില്ലാതെ ഒരു സിനിമപോലും പാകിസ്ഥാനില്‍ നിര്‍മ്മിക്കില്ല  എന്നായി ! .ചാഹത്തില്‍ റോബില്‍ സംഗീതം നല്‍കിയ
 "പ്യാര്‍ ഭരേ ....ദോ   ! ശര്‍മീലെ നൈന്‍.."
പോലുള്ള  പാട്ടുകള്‍ മെഹ്ദി ഹസന്റെ ആലാപന സൌകുമാര്യത്തില്‍  സിനിമാ സംഗീതത്തിനു കൊഴുപ്പേകുന്ന ആധുനിക ഉപകരണ സംഗീതത്തിന്റെ അകമ്പടിയിലും   വേദികളില്‍ ഹാര്‍മോണിയത്തിന്റെയും തബലയുടെയും പിന്‍ ബലം കൊണ്ട്  മാത്രവും ഒരേ പോലെ ശ്രോതാക്കളുടെ ഹൃദയ ഞരമ്പുകളില്‍ ലഹരിയായി പടര്‍ന്നു കയറി .. സിനിമയിലാണോ വേദികളില്‍ ആണോ ആ സ്വര മാധുരി കാലത്തെ അതിജീവിച്ചു നില്‍ക്കുന്നതെന്ന് വേര്‍തിരിച്ചറിയുക പ്രയാസമാണ് ..ആസ്വാദകരെയും ഇതര സംഗീതജ്ഞരെയും  അത്ഭുതപ്പെടുത്തുന്ന ഒരു മാന്ത്രിക സിദ്ധിയാണ് മേഹ്ദിസാബിനെ വേറിട്ട്‌ നിര്‍ത്തുന്നത് .


അക്കാലത്ത് ഉറുദു  സിനിമാ ഗാനങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന അഹമ്മദ് റുഷ്ദിക്കൊപ്പം പാകിസ്താന്‍  സിനിമയുടെ ഒരു സുവര്‍ണ്ണ കാലഘട്ടം അദ്ദേഹം പാടിപ്പാടി ചരിത്രമാക്കി .
റേഡിയോ പാകിസ്ഥാനിലൂടെ ഗസല്‍ ചക്രവര്‍ത്തി എന്ന പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുമ്പോള്‍ രാജ സഭകളുടെ ആര്ഭാടങ്ങളില്‍ ഒന്നായി മാറിയിരുന്ന ഗസലും മേഹ്ദിയുടെ ചുണ്ടുകളിലൂടെ സാധാരണക്കാരുടെ ഹൃദയ രാഗമായി മാറുകയായിരുന്നു ..അത് വരെ കേട്ടിരുന്ന പരുക്കന്‍ ശബ്ദങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്ന ആ നാദ ധാരയിലെയ്ക്ക്  ആസ്വാദകര്‍ ഒഴുകിയടുത്തു ..സംഗീതമാണ് തന്‍റെ ഭാവി ജീവിതത്തിന്റെ ഊന്നുവടി എന്ന് മെഹ്ദി തിരിച്ചറിഞ്ഞ കാലഘട്ടം കൂടിയായിരുന്നു  ഇത് ..

രാജ്യന്തരങ്ങള്‍ക്ക്  അപ്പുറത്ത് വിഷാദവും പ്രണയവും വേദനയും ഇഴ ചേര്‍ന്നു മെഹ്ദി ആരാധക മനസ്സില്‍ സ്ഥിര താമസക്കാരനായി .
പാകിസ്താന്‍ സംഗീത  സാമ്രാജ്യത്തിലെ അതികായന്മാരായ ഉസ്താദ് ബര്‍ക്കത്ത് അലിഖാന്‍ ,ബീഗം അഖ്തര്‍ ,മുഖ്താര്‍ ബീഗം എന്നീ ത്രിമൂര്‍ത്തികള്‍ ഗസല്‍ സംഗീതം അടക്കി ഭരിക്കുന്ന കാലഘട്ടത്തിലാണ് നവീനമായ ആലാപന ശൈലിയിലൂടെ 
മെഹ്ദി  ഹസന്‍ ഗസല്‍ പ്രേമികളുടെ മനം കവര്‍ന്നത് ..

വൈഷമ്യം ഉള്ള രാഗങ്ങള്‍ പോലും അദ്ദേഹത്തിന്‍റെ നാദ തന്ത്രികളാല്‍ ലളിത സുന്ദരമായി .ഗസലില്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന യമന്‍ ,ജോഗ് ,പുര്യ ധനശ്രീ ,  സോഹ്നി ,ആഹിര്‍ ഭൈരവ്‌   ,ബഹര്‍ ,  ഭംഗാര്‍ ,  മിശ്ര് കാംബോജ് ,      ഗുജരി  , തോഡി  ,ലളിത്  രാഗങ്ങള്‍ക്കൊപ്പം അത്ര കണ്ടു ഉപയോഗിക്കപ്പെടാത്ത അപൂര്‍വ്വമായ    ഭൂപശ്രീ പോലുള്ള രാഗങ്ങളും അദ്ദേഹത്തിനു വഴങ്ങി ..കവി അഹമ്മദ് ഫറാസ് എഴുതിയ

"ആബ്  കെ  ഹം  ബിചഡേ...തൂ ശായാദ്  .കഭീ ഖ്വബോന്‍ മേന്‍ മിലെന്‍ 
ജിസ്  തരഹ്  സൂഖെ  ഹൂ ഫൂല്‍ കിത്താബോം മേഇന്‍ മിലെന്‍ .." 

എന്ന ഗസല്‍ അദ്ദേഹത്തിന്‍റെ  ഈ അപൂര്‍വ്വ ആലാപന ശൈലിയുടെ   ഉത്തമ ദൃഷ്ടാന്തമായി എടുത്തു പറയപ്പെടുന്നു . 
ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത ശൈലികളില്‍ ഒന്നായ ജയ്‌പൂര്‍  ഘരാനയുടെ പിന്തുടര്‍ച്ചയായിരുന്നു മേഹ്ദിയുടെത്.. ജയ്പൂര്‍ ഘരാനയുടെ കുലപതിയും മേഹ്ദിയുടെ മുന്‍ തലമുറയുടെ പ്രതിനിധിയുമായ അമീര്‍ഖാന്റെ ആലാപന ശൈലിയാണ്      മെഹ്ദി തന്‍റെ സംഗീതത്തിന്റെ ആത്മാവിലേക്ക് സ്വാംശീകരിച്ചത് ..മെഹ്ദി വരെയുള്ള ഗസല്‍ ചരിത്രത്തില്‍ അക്കാലത്തെ പ്രഗത്ഭരില്‍ പലരും  തുമ്രി    , ഖവാലി ശൈലികളാണ്  ആലാപനത്തിനു സ്വീകരിച്ചിരുന്നതെങ്കില്‍ ഖയാല്‍ ശൈലിയില്‍ അടിയുറച്ചു നിന്നുകൊണ്ട്  ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്ക്  സ്വന്തമായ ഒരു നിര്‍വ്വചനം കൊടുക്കാനുള്ള പരീക്ഷണങ്ങളിലാണ്  അദ്ദേഹം വ്യാപൃതനായത് .ലോകം കീഴടക്കിയ ഹിന്ദുസ്ഥാനി സംഗീത ഇതിഹാസമായ   സൈഗാളിന് ശേഷം പുരുഷ ശബ്ദത്തിന്റെ ഗാംഭീര്യവും ഒപ്പം സൌകുമാര്യവും ഒത്തിണങ്ങിയ ഒരു സംഗീത സാന്നിധ്യത്തെ    ആസ്വാദകര്‍ മെഹ്ദി ഹസനിലൂടെ വീണ്ടെടുക്കുകയായിരുന്നു  എന്ന് പറയേണ്ടിയിരിക്കുന്നു .

ഗുലാം അലിയെ പോലുള്ള ഗസല്‍ ഗായകര്‍ വൈകാരികമായി ഗസല്‍ അവതരിപ്പിച്ചപ്പോള്‍ ക്ലാസിക്കല്‍ സംഗീതം ഉയര്‍ത്തിപ്പിടിക്കേണ്ട   രാഗഭാവത്തിന്റെ മാസ്മരികത തേന്‍ തുള്ളികള്‍ പോലെ ശ്രോതാക്കളുടെ ആത്മാവില്‍ പകര്‍ന്നു നല്‍കാനാണ്  മെഹ്ദി ഹസന്‍ ശ്രമിച്ചത് ..
മെഹ്ദി  ഹസന്റെ ആലാപനം‌ കേട്ടാല്‍ ഭൂമി ദേവി ആ മഹാഗായകന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമെന്നും  അദ്ദേഹത്തെ ദേവസഭയുടെ ഗായകനാക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുമെന്നും ഒരു ഉര്‍ദ്ദു കവി അഭിപ്രായപ്പെട്ടതായി വായിച്ചതോര്‍മ്മിക്കുന്നു ..ദൈവം തന്‍റെ സ്വന്തം ശബ്ദത്തില്‍ മെഹ്ദി ഹസനിലൂടെ പാടുകയാണ്  എന്ന്  ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അഭിപ്രായപ്പെട്ടതും മേഹ്ദിയുടെ സംഗീതത്തിന്  ആരാധക ലക്ഷങ്ങള്‍ എത്രമാത്രം അടിമപ്പെട്ടിരുന്നു എന്ന്  വ്യക്തമാക്കുന്നു ..

ഉര്‍ദ്ദു  കവിതാ സാഹിത്യത്തിലെ നിത്യവസന്തമായ മിര്‍സാ ഗാലിബിന്റെ വരികള്‍ ഗസല്‍ ഈണങ്ങളില്‍ സന്നിവേശിപ്പിച്ചു പ്രശസ്തനാക്കിയതില്‍ മെഹ്ദി സാബിനുള്ള പങ്കു വളരെ വലുതാണ്‌ ..മേഹ്ദിയുടെ പ്രശസ്തിക്കൊപ്പം അദ്ദേഹത്തിനു വേണ്ടി കവിതകളെഴുതിയ അഹമ്മദ് ഫറാസ് ,ദാഗ് ദഹല്‍വി   , ഫയസ്‌ അഹമ്മദ് ഫയസ്‌ ,മിര്‍  തകി  മീര്‍ , ഫര്‍ഹത്ത് ഷെഹ്സാദ് , അമീര്‍ ഹുസ്രി  തുടങ്ങിയ നിരവധി കവികളും  ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു .
 ഉര്‍ദ്ദു സാഹിത്യത്തെയും ഭാഷയെയും  അതിന്റെ ആത്മാവില്‍ നിന്നോ ഉച്ചാരണങ്ങളുടെ പ്രത്യേകതകളില്‍ നിന്നോ അല്പം പോലും വേര്‍പെടുത്താതെയാണ് മെഹ്ദി  സംഗീത സന്നിവേശം നടത്തിയത് ..കവിതകള്‍ സ്വയം അതുള്‍ക്കൊള്ളുന്ന ഭാവത്തിനും  അതിന്റെ ആശയത്തിനും    യോഗ്യമായ ഒരു രാഗത്തിലേക്ക് തന്നെ പരിവര്‍ത്തനം ചെയ്യൂ എന്നാവശ്യപ്പെടുന്നു  എന്നതായിരുന്നു  ഇതേക്കുറിച്ചുള്ള  അദ്ദേഹത്തിന്‍റെ വിശദീകരണം ..
അനുഗ്രഹധാര : കേരളത്തില്‍ മെഹ്ദി ഹസന്‍ സന്ദര്ശിച്ച വേളയില്‍ അനുഗ്രഹം തേടുന്ന യുവ ഗസല്‍ ഗായകന്‍ റഫീക്ക്‌ യൂസഫ്‌ ( ഇന്‍ സെറ്റില്‍ റഫീക്ക്‌ യൂസഫ്‌ )
 ചികിത്സാര്‍ത്ഥം രണ്ടായിരത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ എത്തിയ അദ്ദേഹത്തെ കേരളത്തിലെ വളര്‍ന്നു വരുന്ന ഗസല്‍ ഗായകനും മെഹ്ദി സാബിന്റെ സംഗീത ശൈലിയുടെ പിന്തുടര്‍ച്ചക്കാരനുമായ    റഫീക്ക്  യൂസഫ്‌  മിര്‍സാ ഗാലിബിന്റെ രചനകള്‍ ഉള്‍പ്പെടുത്തിയ ഗസല്‍ സമാഹാരം സമര്‍പ്പിക്കാനായി സമീപിച്ചിരുന്നു . മിര്‍സാ ഗാലിബ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് പോലും പ്രിയപ്പെട്ടവനായി എന്നറിഞ്ഞതില്‍ അദ്ദേഹം അളവറ്റ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി .
.ദക്ഷിണേന്ത്യന്‍ രാഗമായ  സരസ്വതിയില്‍   റഫീക്ക്  യൂസഫ്‌ ചിട്ടപ്പെടുത്തിയ മിര്‍സാ ഗാലിബിന്റെ 
" ദായംപടാ  ഹുവാ  തെരെ ദാര്‍ പര്‍ നഹീ ഹു മേം 
ഖാക് ഐസി സിന്ദഗീ പെതല്‍ നഹീ ഹുമേം .."
എന്ന ഗസല്‍ ധ്യാനനിരതനായി ശ്രവിച്ചതിനുശേഷം..സംതൃപ്തിയോടെ യുവഗായകനെ അനുഗ്രഹിച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു .." നന്നായി " 
 അതതു ഭൂമികയിലെ ആസ്വാദകരുടെ സാംസ്കാരിക ബോധവും ആസ്വാദന ശീലവുമായി സംവദിക്കാന്‍ കഴിയുന്നവിധമായിരിക്കണം സംഗീതവും സാഹിത്യവും വളര്‍ത്തിയെടുക്കെണ്ടതെന്നും അദ്ദേഹം പറഞ്ഞു .
മലയാളി സമൂഹത്തിന്റെയും പ്രിയങ്കരനായ മെഹ്ദി കോട്ടയ്ക്കല്‍ എത്തിയപ്പോള്‍  ഗസല്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം ടാഗൂര്‍ ഹാളില്‍ പാടിയിരുന്നു . ആ ഗാനധാര  വന്‍ ജന സഹസ്രങ്ങളുടെ മനസ്സിലും  അമൃത പ്രവാഹമായി .
വേദിയിലേയ്ക്ക്   നടന്നു വരാന്‍ പോലും കഴിയാത്തവിധം പരിക്ഷീണിതനായിരുന്നു അദ്ദേഹമപ്പോള്‍ ..   
1990 കളോടെ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും കീഴടക്കി .എഴുപതാം വയസില്‍ കഴിഞ്ഞ ഒരു മാസമായി പ്രായാധിക്യത്തിന്റെ അവശതകളും പക്ഷാഘാതവും മൂലം അതീവ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിക്കിടക്കയില്‍ എത്തുമ്പോള്‍ സംഗീതം മാത്രമായിരുന്നു നീക്കിയിരുപ്പ് .
പാട്ടില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന കണിശതയും കൃത്യതയും പ്രതിഫലത്തിന്റെയും ഭൌതിക സമ്പാദ്യത്തിന്റെയും കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്നില്ല ..പാടി കിട്ടുന്ന പണത്തില്‍ അധികവും ആസ്വാദകര്‍ക്ക് തന്നെ ദാനമായി നല്‍കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്രേ !

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു :" പരമ കാരുണികനായ റബ്ബിന്റെ മുന്നിലും ശുദ്ധ സംഗീതത്തിന്റെ മുന്നിലും അല്ലാതെ മറ്റൊരിടത്തും തനിക്ക് തല കുമ്പിടേണ്ടി വന്നിട്ടില്ല " എന്ന് .അഗാധമായ മനുഷ്യ സ്നേഹത്തിലും ആര്ദ്രതയിലും സ്വാതന്ത്ര്യ ബോധത്തിലും അദ്ദേഹം തന്റെ മനസ്സിനെ വിശ്രമിക്കാന്‍ അനുവദിച്ചു . 1970-80 കളില്‍ പാകിസ്ഥാനില്‍ വീശിയടിച്ച  സിയാ -ഉള്‍  ഖക്കിന്റെ പട്ടാള ഭരണത്തിനെതിരെ  പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനു സംഗീത വേദിയില്‍ വച്ചു പട്ടാളത്തിന്റെ  കയ്യേറ്റം സഹിക്കേണ്ടി വന്നിട്ടുണ്ട്  ..കലാകരമാര്‍ക്കും മനുഷ്യര്‍ക്കും സ്വാതത്ര്യം കിട്ടാത്ത മണ്ണ്  നരകമാണ്  എന്ന്  പറഞ്ഞുകൊണ്ട്  അദ്ദേഹം രാജ്യം വിട്ട് നിന്നതും ചരിത്രമാണ്  ..

  ഒരായുസ് മുഴുവന്‍ സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വച്ചു രാജ്യന്തരങ്ങളെ സന്തോഷിപ്പിച്ച ഗസല്‍ ചക്രവര്‍ത്തി ജീവിത ഗാനത്തിന്റെ അവസാന വരികള്‍ പാടി തീര്‍ക്കുമ്പോള്‍ ആശുപത്രി ചിലവുകള്‍ക്കു പോലും കുടുംബം വിഷമിക്കുകയായിരുന്നത്രേ ! സാംസ്കാരിക ലോകം ഓര്‍മ്മ പ്പെടുത്തിയപ്പോള്‍ മാത്രമാണ് പാക് സര്‍ക്കാര്‍ ആശുപത്രിയില്‍ സഹായവുമായി എത്തിയത് പോലും ! ഒടുവില്‍ ആസ്വാദകരെ ഗസല്‍ മഴയത്ത് നിര്‍ത്തി ഉസ്താദ് ജീവിതത്തില്‍ നിന്നു പാടിയിറങ്ങി ..ഉര്‍ദ്ദു കവി പറഞ്ഞത് പോലെ അതീത ലോകത്തില്‍  ദേവ  സഭയിലെ ഗാന ഗന്ധര്‍വന്‍ മാരുടെ മുന്‍ നിരയില്‍ ഈശ്വരന് പ്രിയപ്പെട്ട പാട്ടുകാരനായി ഇനി ഉസ്താദും ഉണ്ടാകും ..തീര്‍ച്ച
ലണ്ടന്‍  റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ 1977 ജനുവരിയില്‍ മെഹ്ദി ഹസന്‍ അവതരിപ്പിച്ച ഗസല്‍ പരിപാടിയുടെ ശബ്ദ രേഖ  

പ്രണയമോ വിരഹമോ ഏകാന്തതയോ ഏതു വികാരമാണ് ഈ മാന്ത്രിക ശബ്ദം നമ്മില്‍ നിറയ്ക്കുന്നത് ?

2012, മാർച്ച് 26, തിങ്കളാഴ്‌ച

ജല ശയനം

കുന്നിന്‍ മുകളിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ളിലെ കൃത്രിമക്കടലില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ്  ഹരിശങ്കര്‍ എന്ന സോഫ്റ്റ്‌ വേര്‍ എന്‍ജിനീയര്‍ .
തലേന്ന് രാത്രി മുതല്‍ മോന്താന്‍ തുടങ്ങിയ വിസ്കിയുടെ ലഹരി ഇനിയും നുരഞ്ഞു തീര്‍ന്നിട്ടില്ല .
ഇപ്പോഴും അവശേഷിക്കുന്ന ഒരു വല്ലാത്ത തലവേദന അലിയിച്ചു കളയാന്‍ നീലക്കടലിലെ ഫ്ലോട്ടിംഗ് ടേബിളില്‍ വച്ചിരുന്ന മദ്യം ഒരു കവിള്‍ കൂടി കുടിച്ചിറക്കി ചിന്തകളുടെ ഓളപ്പരപ്പിലേക്ക് അയാള്‍ നീന്താന്‍ തുടങ്ങി .

തണുത്ത  ജലസ്പര്‍ശം എല്ക്കുംപോഴൊക്കെ സ്വര്‍ഗ്ഗവാതില്‍ തുറക്കുമ്പോലൊരു  അനുഭൂതിയാണ് !
അമ്മയുടെ ഗര്ഭപാത്രത്തിനുള്ളിലെ  പ്രളയ ജലത്തില്‍  മുങ്ങി സുഖ സുഷുപ്തിയില്‍ അമര്‍ന്ന കാലം മുതല്‍ തുടങ്ങിയതാവണം ജല കണങ്ങളുടെ സുഖദ  സ്പര്‍ശത്തോടുള്ള ഈ അഭിനിവേശം !

അതുമല്ലെങ്കില്‍ ബീജ ജലത്തിലെ ഊര്‍ജ്ജ പ്രവാഹത്തില്‍പ്പെട്ടു പരമാണുവായി നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ
ആത്മാവിലേക്ക്  ജല ചേതനയുടെ നീരുറവകള്‍ ശീതളിമയോടെ കിനിഞ്ഞിറങ്ങിയിരിക്കാം ..!
കൈക്കുഞ്ഞായിരിക്കേ കവുങ്ങിന്‍ പാളയില്‍ കിടത്തി എണ്ണയില്‍ ഉഴിഞ്ഞെടുത്ത ഇളം മേനിയിലേക്ക്  മണ്‍ കലത്തില്‍ നിന്നെടുത്ത തണുത്ത  വെള്ളം കുടയുമ്പോള്‍ വാവിട്ടു കരയുന്നതിനു പകരം കൈകാലുകള്‍ വീശി യെറിഞ്ഞും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും താന്‍ കുളി ആസ്വദിക്കുമായിരുന്നു എന്ന് കാളി മുത്തശി പറഞ്ഞത്  ഹരിശങ്കര്‍ ഓര്‍ത്തെടുത്തു .

കൈതപ്പുഴയോരത്തെ ചെറിയ ഓലപ്പുരയില്‍ ആയിരുന്നത്രേ താന്‍ ജനിക്കുന്നതിനു മുന്‍പ് അച്ഛനും അമ്മയും താമസിച്ചിരുന്നത് ..കാല്പനിക കഥകളിലെ നായികാ നായകന്മാരെ പോലെ അവര്‍ കൊതിച്ചു നേടിയ ജീവിതമൊന്നും ആയിരുന്നില്ല അത് .യൌവ്വനത്തിന്റെ തിളപ്പില്‍ സംഭവിച്ചു പോയ ഒരനിവാര്യമായ ഒരസംബന്ധം .നാണക്കേടിന്റെ നിറ വയറുമായി വീട്ടുകാര്‍ ഇറക്കിവിട്ട അമ്മ അച്ഛനെ തേടിപ്പിടിച്ചു നിര്‍ബ്ബന്ധ പൂര്‍വ്വം കൂടെക്കൂടുകയായിരുന്നു .ആര്‍ക്കും അഭിമാനിക്കാന്‍ ഒട്ടും വകയില്ലാതെ പോയ ആ ദശാസന്ധിയില്‍ അച്ഛനും ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് സമൃദ്ധികളുടെ തോരണങ്ങള്‍   പിന്നില്‍ ഉപേക്ഷിച്ച് ഇറങ്ങി പോരേണ്ടി വന്നു ..

ഗര്‍ഭ പാത്രത്തിലെ ഇരുളില്‍ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ പരാക്രമം കാട്ടിയ ഒരു രാത്രി..
വേദനയോടെ കരഞ്ഞ അമ്മയുടെ കണ്ണീര്‍ എന്നെയും പൊള്ളിച്ചിരുന്നു..! കായല്ക്കരയില്‍ നിന്നും  മണല്‍ തരികളെ ഞെരിച്ചുകൊണ്ട്  കൈതപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഒരു കൊച്ചു വള്ളം അര്‍ദ്ധമനസ്സോടെ ഊര്‍ന്നിറങ്ങി ..പുഴയ്ക്കക്കരെയാണ് ആശുപത്രി . ഇരുള്‍ പരത്തിയ അന്ധതയുടെ  അര്‍ത്ഥശൂന്യമായ നിഷ്പക്ഷത പോലെ  വള്ളപ്പടിയില്‍ കാളിമുത്തശ്ശി മൌനം പൂണ്ടിരുന്നു

കീറിയ മേഘങ്ങളുടെ   പഴുതിലൂടെ നിലാവിന്റെ വിളറിയ വെളിച്ചം വന്നു പുഴയെ തഴുകി ...തണുത്ത കാറ്റ്  ഓളങ്ങളെ ഉണര്‍ത്തി ..

കൈതപ്പുഴയുടെ ആഴങ്ങളിലേക്ക് തുഴയെറിയുമ്പോള്‍ അച്ഛന്റെ മനസ്സില്‍ എന്തായിരിക്കും ഉണ്ടായിരുന്നിരിക്കുക ?
ഒന്നും  വേണ്ടിയിരുന്നില്ലെന്നോ ?

വേദനയ്ക്കും കരച്ചിലിനും ഇടയില്‍ അമ്മയ്ക്ക് ഒന്നും ഓര്‍മ്മിക്കാന്‍ ഇടകിട്ടിയിരിക്കില്ല !
മേഘങ്ങള്‍ക്കിടയില്‍ തന്റെ നഗ്നമായ ദേഹം ഒളിപ്പിക്കുന്നതിന് മുന്‍പ്  നിലാവിനെ കാണാനുള്ള എന്റെ ശ്രമം ഫലിച്ചു . വള്ളം മറുകരയെത്തുന്നതിനു മുന്‍പ് തന്നെ അമ്മയുടെ ഗര്‍ഭ പാത്രം തുറന്നു ഞാന്‍ പുറത്തുവന്നു .
പുരാണത്തിലെ കൃഷ്ണ ദ്വൈപായനനെ പോലെ !

എന്നിട്ടും  ഭൂമിയിലേക്ക്‌ അരിച്ചിറങ്ങിയ മഞ്ഞു പാളികള്‍ വഞ്ചിക്കുചുറ്റും മറ തീര്‍ത്ത്‌ ഗര്‍ഭഗൃഹം ഒരുക്കിയിരുന്നില്ല ..
അച്ഛന്റെ  ജ്ഞാന ദൃഷ്ടി  തുറന്നിരുന്നില്ല ..അമ്മയില്‍ നിന്ന് കസ്തൂരി ഗന്ധം പ്രവഹിച്ചതുമില്ല..!
എന്നാലും ഹരിശങ്കര്‍ എന്ന എന്റെ ജനനം ഒരു മഹാസംഭവം തന്നെ ആയിരുന്നു !

വെള്ളത്തിനു നടുവില്‍ ജന്മം കൊണ്ടതിനാലാവാം എനിക്കെപ്പോഴുമീ  കടുത്ത ദാഹം തോന്നുന്നത് !

ഹരിയുടെ ചിന്തകള്‍ക്ക് ചിറകു മുളയ്ക്കാന്‍ തുടങ്ങി ..കൃത്രിമ കടലിലെ ഒരു തിര അയാളെ വര്‍ത്തമാന ഭീകരതയിലേക്ക് വിളിച്ചുണര്‍ത്തി  കടന്നു പോയി ..ഓര്‍മ്മയുടെ ഓളങ്ങള്‍ ഒരുമാത്ര നിലച്ചപ്പോള്‍ ഒരു കവിള്‍ വിസ്കി കൂടി വിഴുങ്ങി അയാള്‍ മുങ്ങി നിവര്‍ന്നു ..

പാര്‍ക്കിനുള്ളില്‍ ജനസഞ്ചയങ്ങള്‍ ..ഓരോരോ റൈഡുകളിലെ ബെല്ട്ടുകള്‍ക്കുള്ളില്‍    സ്വയം കുരുങ്ങിക്കിടന്നു   ജീവിതം  ആസ്വദിക്കുന്നവര്‍ .. ജീവിതത്തിലും ഇങ്ങനെ കുരുങ്ങി കിടക്കുകയാണ് നമ്മള്‍ ..അറിയാതെ ചിരിക്കുന്നു ..കരയുന്നു .. സ്വയം ഉണ്ടാക്കുന്ന കുരുക്കുകള്‍ ..താനേ  ഉണ്ടാകുന്ന കുരുക്കുകള്‍ ..അഴിക്കുന്തോറും  മുറുകുന്നവ ..ഒരിക്കലും അഴിയാത്തവ ..

ആനന്ദം അറിയാന്‍ ശൂന്യമായ ഒരു മനസ് വേണമെന്ന് അപ്പോഴാണ്‌ ഹരി ചിന്തിച്ചത് ..


കിതച്ചു കിതച്ചു കുന്നു കയറി  വന്ന ഒരു തടിച്ചിയും അവരുടെ വൃദ്ധനായ ഭര്‍ത്താവും ചേര്‍ന്ന് ഫ്ലയിംഗ് കാറില്‍ ആകാശയാത്രയ്ക്ക് ഒരുങ്ങുകയാണ് .ആ റൈഡിലും യാത്രക്കാരുടെ തിരക്കാണ് .ഒരു നിമിഷത്തിനുള്ളില്‍ റൈഡിലെ കാറുകള്‍ പറന്നുയരും .പിന്നെ അവരുടെ ബോധ മണ്ഡലത്തെയാകെ വീശിയുലച്ച് ഭൂതകാലത്തെയാകെ    കശക്കിയെറിഞ്ഞു  ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള അജ്ഞാത ലോകത്തിലേക്ക് കൊണ്ട് പോകും .അപ്പോള്‍ കൂട്ടക്കരച്ചിലുകളും പേടിപ്പെടുത്തുന ബഹളങ്ങളും അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല .
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അജ്ഞാത യാത്ര കഴിയുമ്പോഴെയ്കും അവരുടെ ഓര്‍മകളില്‍ നിന്നും ഭൂതകാലത്തിന്റെ വേദന നിറഞ്ഞ മുള്ളുകള്‍ പിഴുതെറിയപ്പെട്ടിട്ടുണ്ടാകാം ..
സാഹസികത  നിറഞ്ഞ റൈഡുകളില്‍ കയറി സ്വയം കുരുങ്ങി തന്റെ മനസിലും മസ്തിഷ്കത്തിലും നീറിപ്പുകയുന്ന
വേദനകള്‍  ഡിലീറ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ് കഴിയാത്തതെന്ന് അയാള്‍ സ്വയം ചോദിച്ചു ..

ഭയം ഭയമാണ് മനസ് നിറയെ ..വേറൊരുത്തരവും കിട്ടുന്നില്ല..സ്വയം മറന്ന് ഇല്ലാതാവാനും ധൈര്യം വേണം ..
എല്ലാവര്ക്കും  പേടി ഉണ്ടാവേണ്ടതല്ലേ ? ചിലപ്പോള്‍ ഉണ്ടായിരിക്കില്ല .സാഹസികതകളെ .ഭയപ്പെട്ടിരുന്നുവെങ്കില്‍  ഈ റൈഡുകള്‍ക്ക് മുന്നില്‍  ഇത്ര ജനക്കൂട്ടം ഉണ്ടാകുമായിരുന്നോ ? അയാള്‍ക്കുത്തരം മുട്ടി ..

വിസ്കിയുടെ പിടി മുറുകിയിട്ടും  ദാഹം അടങ്ങുന്നില്ല ! മദ്യത്തിന്റെ ഒരു കടല്‍ ഒന്നാകെ കുടിച്ചു വറ്റിക്കാനുള്ള ദാഹം ..ഇതിപ്പോള്‍ എത്ര പെഗ്ഗ് കഴിച്ചു എന്നുതന്നെ ഓര്‍മ്മ കിട്ടുന്നില്ല ...
ഈ  കൃത്രിമക്കടലില്‍ നീന്തിത്തുടിക്കുംപോള്‍ പണ്ട് നാട്ടിലെ അമ്പലക്കുളത്തില്‍ നീന്താന്‍ പഠിച്ച കുട്ടിക്കാലമാണ് ഓര്മ വരിക .വീടിനകലെയുള്ള ഭജന മഠത്തോട് ചേര്‍ന്ന ആശാന്‍ കുളത്തിലായിരുന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും നീന്തിക്കുളി .ചതുരാകൃതിയിലുള്ള അത്ര വലിയ ഒരു കുളം കുട്ടിക്കാലത്ത് വേറെ കണ്ടതായി ഓര്‍ക്കുന്നില്ല .

സുബ്രഹ്മണ്യ  സ്വാമിയെ കുടിയിരുത്തിയ ചെറിയ ഭജന മഠത്തിനും മുല്ലയില്‍ തറവാട്ടുകാരുടെ ഭര ദേവതാ ക്ഷേത്രത്തിനും നടുവിലാണ് ആശാന്‍ കുളം .
വാക്കുകള്‍ പൊട്ടിയ തൂണുകുള്‍ അധിക ഭാരം താങ്ങുന്നതുപോലെ വിളര്‍ത്തു നില്‍ക്കുന്ന  ആ  ക്ഷേത്രത്തിലെ ദേവി ഒരനാഥയായിരുന്നു..

വര്‍ഷങ്ങളായി പൂജയും പൂജാരിയുമില്ലാതെ  തീയും തിരിയും കെട്ടുപോയ ക്ഷേത്ര പരിസരവും കുളത്തിന്റെ പടിഞ്ഞാറേ കരയും കാടുപിടിച്ചു പൊന്തമൂടിക്കിടക്കുകയാണ് .

വീടുകളില്‍ സ്വന്തമായി കക്കൂസുകള്‍ ഇല്ലാത്ത  പാവങ്ങള്‍ ക്ഷേത്ര പരിസരത്തെ പൊന്തയ്ക്കുള്ളില്‍ വന്നിരുന്നാണ് തൂറുന്നത് ..ദേവീ നടയില്‍ ചന്ദനത്തിരിയും അകിലും പുകയുന്നതുപോലെ  പൊന്തയ്ക്കുള്ളില്‍ നിന്ന് പ്രഭാതങ്ങളിലും സന്ധ്യകളിലും  ബീഡികള്‍  എരിഞ്ഞു   പുക  ഉയരുമായിരുന്നു .

കൃത്യ  നിര്‍വഹണത്തിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അവര്‍ ആശാന്‍ കുളത്തിന്റെ തെക്കേ കടവില്‍ ശൌചം നടത്തും ..വടക്കേ കരയിലെ തെളിഞ്ഞ കടവില്‍ കുളിയും ജപവും ! തെക്കേ ക്കരയിലെ കാട്ട് ചേമ്പിന്‍ പടര്പ്പിന്റെ മറവില്‍ ആസന ശൌചം !

ആശാന്‍ കുളത്തിലെ പതിവ് നീന്തിക്കുളിക്ക് വാസുക്കുട്ടനൊപ്പമാണ് താന്‍ എത്തുക .നിറയെ ചൊറി പിടിച്ചിരുന്ന അവന്റെ ശരീരത്തിലെ പഴുത്ത വ്രണങ്ങളില്‍ നിന്ന് സദാ സമയവും ദുര്‍ഗന്ധമുള്ള വെള്ളം ഒഴുകിയിരുന്നു .ആരും കൂടെ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടാത്ത ചൊറിയന്‍ വാസുവിന്റെ കുളി കാണാന്‍ നല്ല രസമാണ്

കുളത്തിലിറങ്ങിയാല്‍ കരയ്ക്ക് കയറും വരെ അവന്‍ തുള്ളിക്കൊണ്ടേ ഇരിക്കും ! നിറയെ പരല്‍ മീനുള്ള കുളമാണ് .
വാസുക്കുട്ടനെ പൊതിഞ്ഞിരിക്കുന്ന വേദനിപ്പിക്കുന്ന വ്രണങ്ങളിലെ പഴുപ്പില്‍ കൊത്താനെത്തുന്ന പരലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് വാസുവിന്റെ തുള്ളല്‍ വിദ്യയെന്നു പിന്നീടാണ് മനസിലായത് .

 വിങ്ങി വേദനിക്കുന്ന ഒരു വ്രണം പോലെയായി തന്റെ മനസ്സില്‍ ഇന്ന് വാസുക്കുട്ടന്‍.. ഇപ്പോള്‍ എവിടെയാണോ ആവോ ? പുഴയ്ക്കക്കരെയുള്ള അമ്മാവന്റെ വീട്ടില്‍ വേനലവധി ആഘോഷിക്കാന്‍ പോയ അവന്‍ അമ്മാവന്റെ മേശയില്‍ നിന്ന് പത്തുരൂപ മോഷ്ടിച്ചുവത്രേ ! കുട്ടികളെ പ്രസവിച്ചിരുന്നില്ല എങ്കിലും വാസുക്കുട്ടന്റെ അമ്മായിക്ക് കുട്ടിയായ അവനെ ഒട്ടും ഇഷ്ടമായിരുന്നില്ല . അമ്പലപ്പറമ്പുകളില്‍ മിടായിയും കടലയും വിറ്റ്  നടന്നിരുന്ന അവന്റെ അച്ഛന്‍ സുരേന്ദ്രനെ വിളിച്ചു വരുത്തി വാസുക്കുട്ടനെ അവര്‍ "കള്ളന്‍ " എന്ന് വിളിച്ചു കുറ്റ വിചാരണ നടത്തി ..കുത്തുവാക്കു പറഞ്ഞും  അധിക്ഷേപിച്ചും വീട്ടിലേക്കു തിരിച്ചയച്ചു ..

.അഭിമാനിയായിരുന്ന സുരേന്ദ്രന്‍  വാസുക്കുട്ടനെ വീട്ടുമുറ്റത്തെ കവുങ്ങില്‍ കൈകള്‍ പിന്നോട്ട് ചേര്‍ത്തു കെട്ടി അയല്‍ക്കാര്‍ കാണ്‍കെ ദേഷ്യം തീരുവോളം തല്ലി..കള്ളന്‍ എന്ന വിളി അത്രയേറെ അയാളെ അപമാനിതനാക്കിയിരുന്നു ..
കരഞ്ഞുകലങ്ങിയ അവന്റെ കണ്ണുകള്‍ ഇപ്പോളും എന്റെ ഉള്ളിലുണ്ട് ..

വീണ്ടും അച്ഛന്റെ അടി കിട്ടുമെന്ന ഭയമോ നാണക്കേട് ഉണ്ടാക്കിയ വേദനയോ മൂലം അന്ന് വീട്ടില്‍ നിന്നിറങ്ങി പ്പോയ വാസുക്കുട്ടനെ പിന്നീടൊരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല .
പാര്‍ക്കില്‍ തിരക്ക് കൂടി വരികയാണ് .

റൈഡുകളിലെ മാസ്മരികതയിലേക്ക് പോയ ആശയും അഭിമന്യുവും ഇനിയും തിരിച്ചു വന്നിട്ടില്ല . സുഭദ്ര ചിറ്റയും രാഘവന്‍ മാമയും ഒപ്പം പോയിട്ടുണ്ട് .വയസാം കാലത്ത് അവര്‍ക്കും ഒരാഗ്രഹം .വാട്ടര്‍ തീം പാര്‍ക്കിലെ തടാകങ്ങളില്‍ മുങ്ങിത്തുടിക്കാനും ആകാശത്തിലൂടെ മതിമറന്ന് പറക്കാനും !

അഭിമന്യുവാണ്   ചിറ്റയെയും മാമനെയും പറഞ്ഞു കൊതിപ്പിച്ചത് .
അഞ്ചാം  ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ മുന്‍പും സ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം വാട്ടര്‍ തീം പാര്‍ക്കില്‍ വന്നിട്ടുണ്ട് . എന്നിട്ട് അവനായിരുന്നു ഇങ്ങോട്ട് പോരാന്‍ ഏറെ ഉത്സാഹം ..ആദ്യമായി വരുന്നവരെപ്പോലെ !
കാറിലിരിക്കുംപോള്‍ ഓരോ റൈഡിലും ഉള്ള രസങ്ങളെ പറ്റി അവന്‍ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു .
അമ്മയ്ക്കും ചിറ്റയ്ക്കും മാമനും ചില മുന്നറിയിപ്പുകള്‍ നല്‍കാനും അവന്‍ മറന്നില്ല .
കാറോടിച്ചു  കൊണ്ടിരുന്നതിനാല്‍ അവരുടെ സംസാരം വെറുതെ കേട്ടിരിക്കുകയായിരുന്നു അയാള്‍ .ആശയും യാത്രയില്‍ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല . വഴിയോര ക്കാഴ്ചകളില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍ .അതോ മറ്റേതോ ലോകത്തോ ?
ഏറെ നാളായി അവള്‍ ഇങ്ങനെ തന്നെയാണ് ..
അഞ്ചാറു വര്ഷം മുന്‍പ് ഏറെ അവകാശത്തോടെ തന്റെ ജീവിതത്തിലേക്ക് വന്ന ആ പഴയ ആശയും ഇന്നത്തെ ആശയും തമ്മില്‍ എത്ര അപരിചിതത്വമുണ്ടെന്ന് അയാള്‍ ഓര്‍ത്തൂ.
ചില  നേരങ്ങളില്‍ ഈ വ്യത്യാസത്തെപ്പറ്റി അയാള്‍  അവളോട്‌ പറയാറുണ്ട്‌ .
"ഞാനല്ല ....ഹരിയാണ് മാറിയത് ...അല്ലെങ്കില്‍ മാറേണ്ടത് .."
യുദ്ധകാലത്തെ ധാന്യമണികള്‍ പോലെ അവള്‍ വാക്കുകളെ കരുതലോടെ  പൂട്ടി വയ്ക്കും .  ശബ്ദമാക്കാന്‍ കഴിയാതെ  വരുന്ന തന്റെ വാക്കുകളുടെ ധാരാളിത്തം  ഓര്‍ത്ത്‌ അയാള്‍ക്ക്‌  ശ്വാസം മുട്ടുകയും ചെയ്യും  .. അതാണ്‌ പതിവ് .
അഭിമന്യുവിന്റെ  വാചാലത പണ്ട് ആശയ്ക്കായിരുന്നു ..ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്നതും അച്ഛനോട് വാദിക്കുന്നതും എല്ലാം അവനാണ് . ഒറ്റപ്പെട്ടു പോയ രണ്ടു തുരുത്തുകളിലേക്ക് നീണ്ടു കിടക്കുന്ന പാലം .

നമ്മള്‍ വിചാരിക്കുന്നത് ഒന്ന് നടക്കുന്നത് മറ്റൊന്ന് ..എപ്പോളും ജീവിതം എന്നാല്‍ ഈ അപ്രതീക്ഷിത നിരര്‍ഥക  ശൂന്യതയാണ് .ആശ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് കരുതിയിരുന്നതല്ല . സത്യത്തില്‍ മുംബെയില്‍ റയില്‍വേ ഓഫീസറായിരുന്ന ഈ രാഘവന്‍ മാമന്റെ മകള്‍ രേവതിയാണ് എന്റെ ജീവിതം പകുത്തെടുക്കേണ്ടിയിരുന്നത് ..അതായിരുന്നു ഇഷ്ടവും സ്വപ്നവും ..
പുഴയ്കക്കരെയുള്ള സ്കൂളിലേക്ക് കടത്ത് വഞ്ചിയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര .പ്രണയം എന്നാല്‍ വേനല്‍ ചൂടിലും മനസ്സില്‍ നിറയുന്ന കുളിരാണെന്നും കൊടും തണുപ്പിലും ഉള്ളില്‍ ഇതള്‍ വിടര്‍ത്തുന്ന  ഇളം ചൂടാണെന്നും തോന്നിത്തുടങ്ങിയ കാലം .
പത്താം തരം പാസായ രേവതിയെ മാമന്‍ മുംബയിലേക്ക് കൊണ്ടുപോയി .
പിരിയാന്‍  അവള്‍ക്കു ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല ..പക്ഷെ പോകാതെ വയ്യെന്നും അവള്‍ തന്നെയാണ് പറഞ്ഞത് !
റെയില്‍വേ  സ്റ്റേഷനില്‍ അവളെ യാത്രയാക്കാന്‍ ഞാനും പോയിരുന്നു .ചൂളം വിളിച്ചു പാഞ്ഞു പോയ തീവണ്ടിയില്‍ നിന്ന് അവള്‍ കൈകള്‍ വീശി മറഞ്ഞപ്പോള്‍ കരള്‍ പറിഞ്ഞകന്ന വേദനയായിരുന്നു !
മുംബയില്‍ എത്തിയതിനു ശേഷം ആഴ്ചയില്‍ ഒരിക്കല്‍ വരുമായിരുന്ന കത്തുകള്‍ പിന്നെപ്പിന്നെ ഇല്ലാതെയായി .
മഹാനഗരത്തിലെ  പുത്തന്‍ സൌഹൃദങ്ങള്‍ക്കിടയില്‍ എന്നെപ്പോലൊരു പഴഞ്ചനെ മറന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ ..!
കാലം ഒരിക്കലും നിര്‍ത്താത്ത ഒരു തീവണ്ടി കണക്കെ പിന്നെയും എത്രയോ ചൂളം വിളിച്ചു കടന്നു പോയി .. ആശ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്  വേറൊരു കടങ്കഥ..മുംബയില്‍ ദേവന്‍ നായര്‍ അസോസിയേറ്റ്സില്‍ എത്തിപ്പെട്ടതും എം ഡി യുടെ മകളുടെ ആരാധനാ പാത്രമായതും  തികച്ചും യാദൃശ്ചികമായിരുന്നു .അല്ലെങ്കിലും തന്റെ ജീവിതം മുന്‍കൂട്ടി നിശ്ചയിച്ച ഒരു വഴിയിലൂടെയും ഇതുവരെ സഞ്ചരിച്ചിട്ടില്ലല്ലോ! .
കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു നാട്ടില്‍ ചുറ്റിത്തിരിയുമ്പോള്‍ രാഘവന്‍ മാമന്‍ തന്നെയാണ് തന്നെ മുംബയിലേക്ക് കൊണ്ടുപോയതും അവിടെ സോഫ്റ്റ്‌ വേര്‍ കമ്പനി നടത്തുന്ന കൊല്ലത്തുകാരന്‍ ദേവന്‍ നായരെ പരിചയപ്പെടുത്തിയതും .
പിന്നീടൊരിക്കല്‍ രാഘവന്‍ മാമ പറഞ്ഞു : "മിടുമിടുക്കനായ ഈ എന്ജിനീയരെ ദേവന്‍ നായര്‍ക്കും മോള്‍ക്കും സ്വന്തമായി വേണ"മെന്ന് ! ഒരു വ്യവസ്ഥ മാത്രം ! മുംബയില്‍ അവരോടൊപ്പം താമസിക്കണം .നാട്ടിലേക്ക് ഇടക്കിടെയുള്ള ചുറ്റിക്കറക്കങ്ങള്‍ വേണ്ടെന്നു വച്ച് കമ്പനി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം ..
"ഹരീ പറ്റുമെങ്കില്‍ അമ്മയെയും അച്ഛനെയും ഇങ്ങോട്ട് കൊണ്ടുപോരൂ ..അല്ലെങ്കില്‍ അവിടെത്തന്നെ ബെറ്റര്‍ അക്കൊമോഡേഷന്‍സ്  ..പ്രോവൈഡ്‌  ചെയ്യാം ..ഐ മീന്‍ ..പ്രായമായവരെയൊക്കെ നോക്കാന്‍ പറ്റിയ നല്ല സെന്ററുകള്‍ ഉണ്ടല്ലോ ..എനീ വേ യു ഷൂഡ്‌  സ്റ്റേ വിത്ത്‌ അസ്‌ ..അറിയാമല്ലോ ..ആശ എന്റെ ഒരേയൊരു മകളാണ് ..അവളെ പിരിഞ്ഞിരിക്കാന്‍ എനിക്കാവില്ല ..ഈ ബിസിനസൊക്കെ പെട്ടെന്നുപെക്ഷിച്ചു നാട്ടിലേക്ക് മടങ്ങാനും വയ്യ . അല്ലെങ്കിലും നാട്ടിലേക്ക് മടങ്ങിയിട്ട്  എന്ത് കാര്യം ? അവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ? "
ദേവന്‍  സാറിന്റെ തീരുമാനം അനുസരിക്കാനാണ് രാഘവന്‍ മാമനും നിര്‍ബന്ധിച്ചത് . വിശദ വിവരങ്ങള്‍ കാണിച്ചു മാമന്‍ അച്ഛന് കത്തെഴുതുകയും ചെയ്തു .
"ഉടനെ തന്നെ നടത്തണമെന്നാണ് അവര്‍ പറയുന്നത് .നിങ്ങള്‍ അനുവദിക്കണം .പിന്നെ , അവര്‍ പറയുന്ന ഡിമാന്റുകള്‍ ..! അവന്റെ ഭാവിക്ക് അതല്ലേ നല്ലത് ? കുട്ടികളുടെ ജീവിതമല്ലേ നമ്മള്‍ അച്ഛനമ്മമാര്‍ക്ക്  വലുത് ?  "
മാമന്റെ ഉപദേശം ലക്‌ഷ്യം കണ്ടു .
രേവതിയെക്കുറിച്ഛല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച്   ചിന്തിച്ചിട്ടില്ല . അവള്‍ പോയതില്‍ പിന്നെ കുറേക്കാലമായി ആ ചിന്തയും ഇല്ല .ഇപ്പോള്‍ അവളെ ഓര്‍ത്ത്‌ അല്പം പോലും ദുഖവുമില്ല ! പിന്നെ എന്ത് കാരണം കൊണ്ട് കൈവെള്ളയില്‍ വന്ന ഈ ഭാഗ്യം തട്ടി എറിയണം ? '
ഹരിക്കും അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .
കൊളാബയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു രാജകീയ വിവാഹവും പാര്‍ട്ടിയും .മുംബയിലെ ബിസിനസ് രാജാക്കന്മാര്‍ ഒത്തുകൂടിയ ആ പകലും രാത്രിയും ഒരിക്കലും മറക്കാന്‍ കഴിയില്ല . ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അകാലത്തിലെ അസുഖങ്ങള്‍ തളര്‍ത്തിയ  അമ്മയ്ക്ക് ദീര്‍ഘ യാത്ര ചെയ്യാന്‍ കഴിയില്ല എന്ന കാരണം കൊണ്ട് അച്ഛനും വിവാഹത്തിനു  എത്താന്‍ കഴിയില്ല .ദേവന്‍ നായര്‍ അവര്‍ക്കുള്ള ഫ്ലൈറ്റ്‌ ടിക്കറ്റും അയച്ചു കൊടുത്തിരുന്നതാണ് ..
ആരുടേയും അസാന്നിധ്യമോ കുറവോ  കണ്ടു പിടിക്കാന്‍ കഴിയാത്തത്ര ആര്ഭാടത്തിലായിരുന്നു ചടങ്ങുകള്‍ .
വലിയ വലിയ ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ താന്‍ വളരെ ചെറുതായി പോകുന്നത് പോലെ തോന്നി അയാള്‍ക്ക്‌ . ആരൊക്കെയോ വന്നു ഹസ്തദാനം ചെയ്യുന്നു .ആരെല്ലാമോ പരിചയപ്പെടുന്നു .എല്ലായിടത്തും ഒരു കൃത്രിമത്വം ഫീല്‍ ചെയ്യുന്നു .
സന്ധ്യയോടെ പാര്‍ടി തുടങ്ങി . സ്വര്‍ണ്ണ വര്‍ണ്ണമുള്ള ലാച്ചയില്‍ ആശ ഒരു തങ്ക വിഗ്രഹമായി .
രേവതിയോ അതോ ആശയോ ഏറെ സുന്ദരി ? ഒരു നിമിഷം അയാള്‍ രേവതിയെക്കുറിച്ച്  ഓര്‍ത്തു  പോയി .
എല്ലാവരും ആഘോഷിക്കുകയാണ് . വില കൂടിയ ഷാമ്പെയിനുകള്‍ നുരഞ്ഞു പൊന്തി .
ലഹരി  പിടിച്ച ആണും പെണ്ണും പരസ്പരം കൈകള്‍ കോര്‍ത്തും അരക്കെട്ടുകള്‍ ചേര്‍ത്തുവച്ചും അലസമായ നൃത്ത ചുവടുകള്‍ വയ്ക്കുന്നു .
ആശയുടെ കയ്യിലുമുണ്ട് ഷാമ്പെയിന്‍ നിറച്ച ഒരു ചഷകം .അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് നൃത്തം ചെയ്യാന്‍ ഒരാണും !
അവന്റെ വിരലുകള്‍ അവളുടെ ഒഴിഞ്ഞ അരക്കെട്ടില്‍ എന്തെല്ലാമോ കുസൃതികള്‍ കാട്ടുന്നുണ്ടായിരുന്നു !അവളുടെ ചലങ്ങളിലുമുണ്ട് ലഹരിയുടെ ആലസ്യം .

പ്രധാന വേദിയില്‍ ഗുലാം അലിയുടെ ഗസല്‍ ആത്മാവുകളിലേക്ക് നീറിപ്പടരുകയാണ് ..
ഉറുദു കവി മിര്‍ത്സാ  ഖാലിബിന്റെ ഭാവഗീതം ഗുലാമിന്റെ ഈണങ്ങളില്‍ ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങുന്നു .
"രഖിയെ അബ്..എയ്സീ ജഗാത്സല്‍ ഖര്‍ ജഹാ കോയീ ന ഹോ ..
ഹം സുഖ്നു കോയീ ന ഹോ ഓര് ഹം ത്സബാ കോയീ ന ഹോ ..."
(പൊയ്ക്കൊള്‍ക ..ആരോരുമില്ലാത്ത ഒരു ലോകത്തിലേയ്ക്ക് ..പരിചരിക്കാനോ സംസാരിക്കാനോ ആരും വരാത്ത ഒരു ലോകത്തിലേക്ക് പൊയ്ക്കൊള്‍ക ..)

ഹരിക്ക് പിടിച്ചു നില്‍ക്കാനായില്ല .
അന്നാണ് മദ്യത്തിന്റെ രുചി ആദ്യമായറിയുന്നത് !
ഞൊടിയിടയ്ക്കുള്ളില്‍ എല്ലാ സൌഭാഗ്യങ്ങളും കൂടി ഒരുമിച്ചു കിട്ടിയിട്ടും എന്തോ നഷ്ട ബോധം ഉള്ളില്‍ കനം തൂങ്ങി നില്‍ക്കുന്നു !
കുടിച്ചു ..പിന്നെയും കുടിച്ചു ..നില തെറ്റിയപ്പോള്‍ ഹോട്ടലില്‍ നിന്നിറങ്ങി ആരോടും പറയാതെ കടല്‍ തീരം ലക്ഷ്യമാക്കി കാറോടിച്ചു . മണല്‍പ്പരപ്പിലേക്ക് മറിയുമ്പോള്‍ കൈതപ്പുഴയോരത്തെ ചെറിയ വീട്ടിലെ ആ പഴഞ്ചന്‍ കട്ടിലില്‍ കിടക്കുന്ന സുഖം !അരികില്‍ രേവതി വന്നു നില്‍ക്കുന്നത് പോലെ !

കണ്ണ് തുറക്കുമ്പോള്‍ ദേവന്‍ നായരുടെ ബംഗ്ലാവിലെ പട്ടുമെത്തയില്‍ കിടക്കുകയാണ് .
അരികില്‍ ചീറ്റപ്പുലിയെപ്പോലെ   ആശ !  അവളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു . 
"ആരാണീ രേവതി ? അവളെ നിങ്ങള്‍ സ്നേഹിച്ചിരുന്നുവെങ്കില്‍ എന്തിനെന്നോടത് മറച്ചു വച്ചു ? "
ആശയുടെ  ചോദ്യം നേരിടാനാവാതെ അയാള്‍ കണ്ണുകളടച്ചു .
അബോധത്തില്‍ താന്‍ രേവതിയെക്കുറിച്ച്  എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക ? ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുറ്റബോധം തോന്നി.ആശ പിന്നെയും എന്തൊക്കെയോ ചോദിച്ചു .പിന്നെ ഒരുപാട് കരഞ്ഞു .
"ഈ വലിയ ബംഗ്ലാവില്‍ തനിക്ക് ശ്വാസം മുട്ടുന്നു " അയാള്‍ പറഞ്ഞു .
"കാരണം എന്താണെന്ന് അറിയില്ല "
എങ്കില്‍ നമുക്ക് മറ്റൊരു വീട്ടിലേക്കു മാറി താമസിക്കാം " അവള്‍ പരിഹാരം നിര്‍ദ്ദേശിച്ചു ..
ആ  രാത്രി അങ്ങനെ തീര്‍ന്നു .
വീട് മാറാനുള്ള  അവരുടെ തീരുമാനത്തെ ദേവന്‍ നായര്‍ ഒരുപാടെതിര്‍ത്തെങ്കിലും ആശ ഉറച്ചു നിന്നു .

അങ്ങനെയാണ് ജൂഹുവിലുള്ള മറ്റൊരു വില്ലയിലേക്ക് മാറുന്നത് .
ദേവന്‍ നായര്‍ ഹരിയെയാണ് കുറ്റപ്പെടുത്തിയത് .
"എനിക്കാണ്   തെറ്റ് പറ്റിയത് " എന്ന് ഹരി കേള്‍ക്കെ അദ്ദേഹം  വിളിച്ചു പറഞ്ഞു .മകള്‍ വീട് വിട്ടു പോകുമ്പോള്‍ ഒരച്ഛന്‍ അനുഭവിക്കുന്ന വേദന അദ്ദേഹത്തിന്‍റെ വാക്കുകളില്‍ വിങ്ങി കിടന്നിരുന്നു .

പിന്നീടൊരിക്കല്‍ കൂടി ആശയുടെ കണ്ണ് നിറയുന്നത് കാണേണ്ടി വന്നു .
വിവാഹം കഴിഞ്ഞു   മാസങ്ങള്‍ക്ക് ശേഷമായിരുന്നു അത് . ഓഫീസില്‍  തളര്‍ന്നു വീണ അവളെ ആശുപത്രിയിലാക്കി എന്നറിഞ്ഞാണ് ഹരി ഓടി എത്തിയത് .
തന്റെ പരിഭ്രമം കണ്ട് അവളെ ചികിത്സിച്ച ഡോക്ടര്‍ മിസിസ് പുനം " പേടിക്കാനൊന്നുമില്ല" എന്നാശ്വസിപ്പിച്ചു .
"യൂ  ആര്‍ ഗോയിംഗ് ടൂ  ബി കം  എ ഫാദര്‍ ..ദാറ്റ്‌ സ് ആള്‍ ."
ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ അയാളുടെ ഞരമ്പുകളിലേക്ക് എവിടെനിന്നോ സന്തോഷം ഇരച്ചു കയറി വന്നു . ആത്മാവില്‍ ഒരു കുഞ്ഞുമുഖം ഇളം മോണകാട്ടി ചിരിതൂകുന്നു !.
ആശയ്ക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ നാണം കൊണ്ട് ചുവന്ന അവളുടെ മുഖമാണ് പ്രതീക്ഷിച്ചത് .തെറ്റിപ്പോയി!
"പ്ലീസ്‌ ഹരീ ..നമുക്കിത് വേണ്ട " കണ്ണീരോടെ അവളതു പറയുമ്പോള്‍ അയാള്‍ക്ക്‌ ക്ഷോഭം അടക്കാനായില്ല .
"വൈ ? വൈ ഷൂഡ്  യൂ കില്‍ മൈ ബേബി ? " ഹരിയുടെ അലര്‍ച്ച കേട്ടുകൊണ്ടാണ് ദേവന്‍ നായര്‍ മുറിയിലേക്ക് വന്നത് .
"ബി കൂള്‍ മൈ ബോയ്‌ .അവള്‍ കുട്ടിയല്ലേ ? കുട്ടിക്കളി മാറിയിട്ടില്ല . ഇപ്പോള്‍ നിങ്ങള്‍ക്കൊരു കുട്ടി .അത് ശരിയാവില്ല  ,ഇനിയും സമയം ഉണ്ടല്ലോ . ഞാനാണ് തീരുമാനിച്ചത് .ലെറ്റ്‌ ഹേര്‍ എന്ജോയ്‌ ലൈഫ്‌ .."
ദേവന്‍ നായരുടെ ദാര്ഷ്ട്യം നിറഞ്ഞ വാക്കുകള്‍ക്കു മുന്നില്‍ അയാള്‍ക്ക്‌ ശബ്ദം നഷ്ടപ്പെട്ടു.
പതുക്കെ അറിയുകയായിരുന്നു അവര്‍ വിലയ്ക്ക് വാങ്ങിയ ഒരു കളിപ്പാട്ടം മാത്രമാണ് താനെന്ന് !
ആശയും എന്നോടു പ്രതികാരം ചെയ്യുകയായിരുന്നോ ?
ഞാന്‍ അറിയാതെ എന്റെ കുഞ്ഞു ഓപറേഷന്‍ തീയറ്ററിലെ ടേബിളിലൂടെ രക്തക്കട്ടകളായി വാര്‍ന്നു പോയി !
അമ്മയും മുത്തശ്ശനും ഉപേക്ഷിച്ച അവന്‍ ഇരുളില്‍ എവിടെയോ കിടന്നു "അച്ഛാ.." എന്ന് വിളിച്ചു കരയുന്നത് പോലെ തോന്നിയ എത്രയോ രാത്രികളില്‍ താന്‍ ഉറക്കമില്ലാതെ അലഞ്ഞു നടന്നിട്ടുണ്ട് !
പിറക്കുന്നതിനു മുന്നേ മരിച്ചു പോയ അവന്റെ ആത്മാവ് ഒരു ശാപം പോലെ ആശയെ വേട്ടയാടിയത് കൊണ്ടാവണം പിന്നീടൊരു കുഞ്ഞു വേണം എന്ന് കൊതിച്ചിട്ടും തന്റെ ഗര്‍ഭ പാത്രം പോലും നിലനിര്‍ത്താന്‍ കഴിയാതെ പോയത് !

കാലം കാത്തു വച്ച തിരിച്ചടി പോലെ ..
 ഏറെ വേദനകള്‍ക്കൊടുവില്‍ ജീവിതത്തിന്റെ സമസ്യകളെക്കുറിച്ച് അവള്‍ക്കു എന്തൊക്കെയോ മനസിലായി ട്ടുണ്ടാവണം .അത് കൊണ്ടാവാം വളര്‍ത്താന്‍ ഒരു കുഞ്ഞിനെ വേണമെന്ന് അവള്‍ ആവശ്യപ്പെട്ടത് . അങ്ങനെയാണ് അഭിമന്യു ഞങ്ങളുടെ മകനാകുന്നത് .ഞങ്ങള്‍ വേദനിക്കാതെ ഞങ്ങള്‍ക്ക്  കിട്ടിയ മകന്‍ .

പാര്‍ക്കില്‍ വെയില്‍ ചാഞ്ഞു തുടങ്ങി . ആകാശത്തേക്ക് വേഗതയോടെ കറങ്ങി മറിയുന്ന ചക്രക്കസേരകളില്‍ തട്ടിയ സ്വര്‍ണ്ണ നിറമുള്ള അന്തി വെയിലില്‍ ആര്‍ത്തലയ്ക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ മിന്നി മറയുന്നു .പൊട്ടിച്ചിരിയോ പോട്ടിക്കരച്ചിലോ എന്നറിയാത്ത ആരവങ്ങള്‍ !
ഹരിശങ്കര്‍ കുപ്പിയില്‍ ഉണ്ടായിരുന്ന വിസ്കിയുടെ അവസാന തുള്ളിയും ഊറ്റിക്കുടിച്ചു . ഇപ്പോള്‍ ചുറ്റിലും ഉള്ള ശബ്ദങ്ങള്‍ നിലച്ചത് പോലെ ..കണ്ണുകള്‍ കനം വച്ച് വിങ്ങുന്നത് പോലെ ! ..ഓര്‍മ്മകള്‍ വേച്ചുപോകുന്നു ..
ഇനിയൊട്ടും നീന്താന്‍ കഴിയാത്ത വിധം കൈകാലുകള്‍ ബന്ധിക്കപ്പെട്ടത്‌ പോലെ ..!
പുറത്തെ ഇരുള്‍ പതുക്കെ ഹരിയുടെ കണ്ണുകളിലേക്ക് പിന്നെ ആത്മാവിലെക്കും അരിച്ചിറങ്ങി .
ഇപ്പോള്‍ താനൊരു കൈക്കുഞ്ഞാണെന്ന്  അയാള്‍ക്ക്‌ തോന്നി ..
എന്തൊരു സുഖം ! അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖമായി ഉറങ്ങുന്നത് പോലെ ,,ജല ശയനം ...!

2012, ജനുവരി 24, ചൊവ്വാഴ്ച

വീശി മറഞ്ഞത് വാക്കിന്റെ കൊടുങ്കാറ്റ്

വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്‌  .ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ  പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ  ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് ! ഇനി  മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്‍ജിക്കപ്പെടാത്ത   മൌനം അനന്തമായി പെയ്യും .

സാമൂഹിക മാറ്റത്തിനായി ആഗ്രഹിച്ച മസ്തിഷ്കങ്ങളില്‍ നവോത്ഥാന ചിന്തകളുടെ തീ പകര്‍ന്ന ഗുരുനാഥന്‍ , തിന്മകള്‍ക്കു എതിരെ ഇടതടവില്ലാതെ  വാക് ശരങ്ങള്‍ തൊടുത്തുവിട്ട പോരാളി , പ്രസംഗ കലയുടെ ഉത്തുംഗ ഗിരി ശൃംഗങ്ങളിലേക്ക് എതിരാളിയില്ലാതെ കയറിയിപ്പോയ സാഹസികന്‍ , ഖണ്ഡന വിമര്‍ശനത്തിന്റെ പടവാള്‍ ഏന്തിയ കര്‍മ്മ ധീരന്‍ എന്നിങ്ങനെ വാക്കുകളുടെ ആ സമര ധീരനെ  വിശേഷിപ്പിക്കാന്‍ വാക്കുകള്‍ നിരവധിയുണ്ട് .

മലയാള സമൂഹം എക്കാലത്തും ആദരവോടെ മാത്രം കരുതി പോന്നിരുന്ന  നമ്മുടെ സ്വകാര്യ
അഹങ്കാരമായിരുന്ന  അഴീക്കോട് മാഷിനെ ഒന്ന്  കാണാന്‍ ആ വാക്ധോരണിയില്‍ ഒരിക്കലെങ്കിലും സ്വയം മറന്നു ലയിച്ചി രിക്കാന്‍ ഏതൊരു മലയാളിയെ പോലെ  ഞാനും ആഗ്രഹിച്ചിരുന്നു .സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ മുതലുള്ള ആ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് ശേഷം 1990 കളുടെ തുടക്കത്തിലായിരുന്നു  സഫലീകരിച്ചത് .

ഏറണാകുളത്ത് സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ (പി .ടി .ഉഷ റോഡിലുള്ള മഹാകവി ജി .ഓഡിറ്റൊറിയം) ഡോ :സുവര്‍ണ്ണ നാലപ്പാട്ട് മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച് എഴുതിയ ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം വരുന്നു എന്നറിഞ്ഞ് സാംസ്കാരിക രംഗത്ത് കൂട്ടായി പ്രവര്‍ത്തിച്ചിരുന്ന ചില സുഹൃത്തുക്കളുമൊത്ത് അരൂരില്‍ നിന്ന് വളരെ ദൂരെയുള്ള സമ്മേളന സ്ഥലത്ത് പോയി  . സംഗീതം രോഗ നിവാരണത്തിന് ഉത്തമ ഔഷധം ആണെന്ന് അത്ര കണ്ട് ജനങ്ങള്‍ക്ക്‌ ധാരണയില്ലാത്ത ഒരു കാലമായിരുന്നു അത് .

അന്നത്തെ ആ പ്രസംഗത്തില്‍ ഡോ :സുവര്‍ണ്ണ ഏറ്റെടുത്തിരിക്കുന്നത് അത്ഭുതകരമായ ഒരു  കണ്ടുപിടുത്തത്തിന്റെ പ്രചരണം ആണെന്നും ഇത് വരും കാലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു .

"(ഒരു മെഡിക്കല്‍ ഡോക്റ്റര്‍ അല്ലാത്ത) ഞാനിത് പറയുമ്പോള്‍ അങ്ങകലെ ഒഴിഞ്ഞ ക്ലാസ്‌ മുറികളില്‍ നിന്നും  ഗാലറികളില്‍ നിന്നും സര്‍വ്വ കലാശാലാ പ്രൊഫസര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും (കളിയാക്കിയുള്ള ) പൊട്ടിച്ചിരികള്‍ കേള്‍ക്കാം "
എന്ന പ്രശസ്തമായ പ്രയോഗം ഈ പ്രസംഗത്തില്‍ വച്ചാണ് കേരള സമൂഹത്തിനു അദ്ദേഹം  നല്‍കിയത് .
 ശാന്തമായി വീശിത്തുടങ്ങി അനന്തരം ശക്തി പ്രാപിച്ച് കേള്‍വിക്കാരുടെ ധമനികളില്‍  ഊര്‍ജ്ജ പ്രവാഹം നിറയ്ക്കുന്ന അത്ഭുത പ്രതിഭാസമായാണ് അന്നും പില്ക്കാലത്തെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം അനുഭവപ്പെട്ടത് .

തുടര്‍ന്ന്  തൃശൂരും ,കോട്ടയത്തും .ആലപ്പുഴയിലും ഒക്കെ പോയി മാഷിനെ കേള്‍ക്കാനുള്ള ഒരാവേശം എന്നും ഉണ്ടായിരുന്നു .

പ്രൊഫ :എം .എന്‍ .വിജയന്‍ മാഷ്‌ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് -
"പറയുന്ന ആളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലവും അന്തരവും ഇല്ലതെയാകുമ്പോളാണ് നല്ല പ്രസംഗം ഉണ്ടാക്കുന്നത്"

അഴീക്കോടിന്റെ പ്രഭാഷണം ശ്രവിക്കുമ്പോള്‍ മാത്രമാണ് വിജയന്‍ മാഷിന്റെ കണ്ടെത്തല്‍ എത്ര ശരിയാണ് എന്ന് തോന്നിയിട്ടുള്ളത് ..അതുകൊണ്ടാവണം അര നൂറ്റാണ്ടിലധികം കേരളീയ സമൂഹത്തോട്  നിരന്തരമായി സംവദിച്ചിട്ടും അദ്ദേഹത്തിന്‍റെ വാക്കുകളെ വിരസതയുടെ പൂപ്പല്‍ ഒരിക്കല്‍ പോലും  ആക്രമിക്കാതിരുന്നത്  .ആശയ സംഘര്‍ഷങ്ങളുടെ തീക്കനല്‍ ചൂടില്‍
ഉരുകി വിയര്‍ത്തവരെല്ലാം ആശ്വാസത്തോടെ കൊള്ളാന്‍ കൊതിച്ച ഒരു കൊടുങ്കാറ്റായിരുന്നു ആ വാക്കുകള്‍ .

"തനിക്ക് താന്‍ പോന്നവര്‍ എന്ത് ചെയ്‌താല്‍ -
അതിന്നു ദോഷം പറയാവതുണ്ടോ !! ?"

സ്വാധീനവും എന്തും ചെയ്യാന്‍ പ്രാപ്തിയുള്ളവരും ചെയ്യുന്ന കാര്യങ്ങളെ ദോഷം പറഞ്ഞാല്‍ പറ യുന്നവനെ കുരിശില്‍ കയറ്റുന്ന കാലമാണ് .അതിനു തയ്യാറുള്ളവര്‍ ആരുണ്ട്‌ ?

മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പരിഹാസ രൂപേണ ചോദിച്ച  ഈ ചോദ്യത്തിനു  പ്രായോഗിക ജീവിതത്തില്‍ ഏറെ സത്യ സന്ധതയോടെ മറുപടി നല്‍കാന്‍ യത്നിച്ച സാഹസികന്‍ ആയിരുന്നു അഴീക്കോട് മാഷ്‌ .

ഇഷ്ടക്കാരും പാര്‍ശ്വവര്‍ത്തികളും തനിക്ക് താന്‍ പോന്നവരും ചെയ്തു കൂട്ടുന്ന
അനീതികള്‍ക്കെതിരെ 'സ്വജനം' എന്നോ 'അന്യജനം' എന്നോ നോക്കാതെയാണ്  അദ്ദേഹം പോരാടിയത് .
പുകഴ്ത്തിയും മുഖസ്തുതി പറഞ്ഞും  പ്രീണിപ്പിച്ചു സ്വന്തം ശക്തിയും നിലപാടും പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച വങ്കത്തരങ്ങളെ മുഖം നോക്കാതെ കണക്കറ്റു പരിഹസിക്കാനും അദ്ദേഹത്തിനു മടിയില്ലായിരുന്നു .പൊതുജന സമക്ഷം ബഹുമാനിതരെന്നു തോന്നിപ്പിച്ച കള്ള നാണയങ്ങളുടെ  പൊയ്മുഖങ്ങള്‍  അദ്ദേഹം വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് പിച്ചിച്ചീന്തി.

പൊതു ജീവിതത്തില്‍ അദ്ദേഹം നടത്തിയ ഈ ഇടപെടലുകള്‍  ദന്ത ഗോപുരങ്ങളിലും കോട്ട കൊത്തളങ്ങളിലും വാഴുന്ന മാടമ്പി കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത് .
സമുദായ നേതാക്കളും ,ഉദ്ധ്യോഗസ്ഥ  ദുഷ് പ്രഭുക്കളും , അഴിമതിക്കാരും സ്വജന പക്ഷ പാതികളായ
ഭരണാധികാരികളും ,രാഷ്ട്രീയ ദല്ലാളന്മാരും ,സാമൂഹിക സാംസ്കാരിക രംഗത്തെ കാപട്യക്കാരും
അദ്ദേഹത്തിന്റെ വാക്കിന്റെ  തുഞ്ചാണിയില്‍ കിടന്നു പിടഞ്ഞു .

നേരിട്ട് അനുഭവമുള്ള ഒന്ന് രണ്ടു സംഭവങ്ങള്‍ ഓര്‍മ്മ വരുന്നു . ഏ .കെ .ആന്റണി .കെ .പി .സി .സി .പ്രസിഡന്‍റ് ആയതിനു ശേഷം വര്‍ഷങ്ങളായി മുടങ്ങി ക്കിടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി ആലപ്പുഴയില്‍ ഒരു മഹാസമ്മേളനം നടത്തി .

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിത വ്രതമായി കൊണ്ട് നടക്കുന്ന അഴീക്കോട് മാസ്റ്റരെ വലിയ പ്രതീക്ഷകളോടെയാണ്  കോണ്ഗ്രസ്കാര്‍   ആ സമ്മേളത്തില്‍ മുഖ്യ പ്രാസംഗികനായി കൊണ്ടുവന്നത് ,ആന്റണിയെക്കുറിച്ചും കോണ്ഗ്രസിന്റെ സംഭാവനകളെ ക്കുറിച്ചും മാഷ്‌ പറയുന്നതു കേട്ട് ഊറ്റം കൊണ്ട് ആര്‍ത്തു കയ്യടിക്കാന്‍ തയ്യാറായി അരയും തലയും മുറുക്കി ഇരുന്നവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് നാണം കെട്ടു മരവിച്ചിരുന്നത് അക്കാലത്തെ വലിയ വാര്‍ത്തയും വിവാദവും ആയിരുന്നു .പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ ഖദറിന്റെ വിലകളഞ്ഞ കോണ്ഗ്രസ് പാര്‍ട്ടി പിരിച്ചു വിടാന്‍ അദ്ദേഹം ആന്റണിയോട്  അഭ്യര്‍ഥിച്ചു

ഇടതു പക്ഷത്തെ പ്രവര്‍ത്തന രീതി കോണ്ഗ്രസ് കാര്‍ മാതൃകയാക്കണം എന്ന് കൂടി അദ്ദേഹം കോണ്ഗ്രസ് കാരോട് ഉപദേശിച്ചാണ് മടങ്ങിയത് .അതില്‍ പ്പിന്നെ കോണ്ഗ്രസ് പാര്‍ട്ടിയുടെ ഒരു പൊതു വേദിയിലും അദ്ദേഹത്തെ കൊണ്ടുവരാന്‍ അവര്‍ ധൈര്യം കാണിച്ചിട്ടില്ല . തുടര്‍ന്ന് മാഷിനെ സ്വന്തം ആളായി കെട്ടി എഴുന്നള്ളിച്ചു നടന്ന  ഇടതു പക്ഷത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി മുഖമടച്ചു വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിട്ടില്ല .

രസകരമായ മറ്റൊരു സംഭവം .
ചേര്‍ത്തലയ്ക്കടുത്തു പള്ളിപ്പുറം എന്ന സ്ഥലത്ത് ഹരി എന്ന സുഹൃത്ത്  ഒരു പ്രിന്റിംഗ് പ്രസ്‌ തുടങ്ങാന്‍ തീരുമാനിച്ചു .

അഴീക്കോട് മാഷ്‌ ആയിരുന്നു ഉദ്ഘാടകന്‍ .ആലപ്പുഴജില്ലയിലെ പ്രമുഖ സാംസ്കാരിക നേതാവും കവിയും വാഗ്മിയും ഒക്കെയായ ശ്രീ പള്ളിപ്പുറം പരമേശ്വരക്കുറുപ്പിന്റെ വീടിനു സമീപം ആയിരുന്നു പുതിയ  പ്രസ്സും ഉദ്ഘാടന വേദിയും.

അഴീക്കോട് മാഷുമായി നല്ല ബന്ധമുള്ളയാള്‍ എന്ന നിലയില്‍ കുറുപ്പ് സാറിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിനു ഭക്ഷണവും വിശ്രമവും ഒക്കെ ഏര്‍പ്പാട് ചെയ്തിരുന്നത് . വായ്  തുറക്കുമ്പോളോക്കെ മാഷിനെ  വാനോളം പുകഴ്ത്താന്‍ കുറുപ്പ് സാര്‍ മത്സരിക്കുന്നത് കാണാമായിരുന്നു . വേദിയില്‍ എത്തി ആരഭിച്ച  ഒന്നൊന്നര മണിക്കൂര്‍ നീണ്ട തന്റെ സ്വാഗത പ്രസംഗത്തിലും ശ്രീ കുറുപ്പ് തന്റെ കയ്യില്‍ കരുതി വച്ചിരുന്ന ഗീര്‍വാണ ധോരണിയുടെ കെട്ടഴിക്കാന്‍ യത്നിച്ചു .അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ അവിടെ   ആയിരങ്ങള്‍ അക്ഷമരായി കാത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍   . ഒടുവില്‍ അദ്ധ്യക്ഷന്‍ കാലില്‍ ചൊറിഞ്ഞും  കടലാസ് നല്‍കിയും  ഇടപെട്ട്  സ്വാഗത പ്രാസംഗികനെ മെരുക്കി തളച്ചു .

തുടര്‍ന്ന് അഴീക്കോടിന്റെ ഊഴമായി .

അദ്ദേഹം കുറുപ്പിനെ നോക്കി പറഞ്ഞു തുടങ്ങി

." സ്വാഗത പ്രാസംഗികനായ ശ്രീ കുറുപ്പ്  എന്റെ ആത്മ മിത്രമാണ് . അദ്ദേഹം വിളിച്ചത് കൊണ്ട് കൂടിയാണ്  ഈ യോഗത്തിനു ഞാന്‍ വന്നത് ,പക്ഷെ ഇത് പോലൊരു സ്വാഗത പ്രസംഗം അദ്ദേഹം നടത്തും എന്നറിഞ്ഞിരുന്നു എങ്കില്‍ ഈ ചേര്‍ത്തല താലൂക്കിലേക്ക് പോലും ഞാന്‍  കാലു കുത്തില്ലാ യിരുന്നു  ,
കാരണം അരസികന്മാരും കാല്‍ക്കാശിനു സാമാന്യ ബോധം ഇല്ലാത്തവരുമായ  സ്വാഗത പ്രാസംഗികരുടെ വിടുവായിത്തം കേട്ട് കേട്ട്   ആയുസ ക്ഷയിച്ചു പോയ  ഒരു ഹത ഭാഗ്യനാണ്  ഞാന്‍ .."

സദസ്യരുടെ കൂട്ടച്ചിരിക്കിടയില്‍ കുറുപ്പ് ഉരുകി ഇല്ലാതാകുന്നത് കണ്ടു . വീണ്ടും കുറുപ്പിനെ നോക്കി മാഷ്‌  തുടര്‍ന്നു : "കുറുപ്പിന്റെ വീട്ടുകാരി ഉണ്ടാക്കി നല്‍കിയ നല്ല ഭക്ഷണം  കഴിച്ചു  വയര്‍ നിറഞ്ഞാണ് ഇവിടെ വന്നത് .പക്ഷെ  സ്വാഗത പ്രസംഗം കേട്ട് അതെല്ലാം ദഹിച്ചു പോയി .! മേലില്‍ ഇത് മാതിരി അക്രമം ആരോടും കാണിക്കരുതെന്ന് ശ്രോതാക്കളുടെ  കയ്യടികള്‍ക്കിടയില്‍ അദ്ദേഹം കുറുപ്പിനെ ഉപദേശിക്കുകയും ചെയ്തു .

 ഇതേ കാരണത്താല്‍ ചില വേദികളില്‍ നിന്ന് ഒരു വാക്ക് പോലും പറയാതെ കലഹിച്ച് അദ്ദേഹം ഇറങ്ങി പോന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .

മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ പാകത്തിലുള്ള ചില സ്വകാര്യ അനുഭവങ്ങളും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട് .അരൂരിലെ സാംസ്കാരിക സ്പന്ദനവും    കൂട്ടായ്മകളുടെ കേന്ദ്ര സ്ഥാനവും ആയിരുന്ന 'വിജയാംബിക വായന ശാല' യുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്  (2000)  അഴീക്കോട് മാഷിനെയാണ് ആദരപൂര്‍വ്വം ഞങ്ങള്‍ കൊണ്ടുവന്നത് .
പ്രോഗ്രാം കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരുന്നു അന്ന് ഞാന്‍ .

വളരെ വിപുലമായി നടത്തിയ ആ സമ്മേളനത്തിനു അകമ്പടിയായി സ്വാഗത ഗാനവും അക്ഷര ഗാനവും ഒക്കെ കോര്‍ത്തിണക്കി ഒരു സംഗീത വിരുന്നും ഒരുക്കിയിരുന്നു ,

"അക്ഷര വഴിയില്‍ അമ്പത് കൊല്ലം
നടന്നു കയറീ ഞങ്ങള്‍
വീണു കിതച്ചും വീണ്ടുമെണീറ്റും
നാടിനു നന്മകളേകീ
മുന്നോട്ടിനിയും പോകണമധികം
മുള്ളുകള്‍ നിറയും വഴിയില്‍ ..
വരവായ്‌ ..വരവായ്‌ ..
നവയുഗ സൂര്യന്‍ വരവായ്‌ .."

വായനശാലയുടെ അവസ്ഥയും അത്  വരെയുള്ള ചരിത്രവും  സൂചിപ്പിച്ചു കൊണ്ട് പാടിയ  ഒരു പാട്ടിലെ ഈ വരികള്‍ എഴുതിയ എന്നെ അദ്ദേഹം അടുത്തു വിളിച്ചു മറ്റുള്ളവരുടെ മുന്നില്‍ വച്ച് "നന്നായി" എന്ന് പറഞ്ഞു നല്‍കിയ വാക്കിന്റെ ഔദാര്യം  വലിയ അംഗീകാരമായി ഇന്നും മനസ്സില്‍ ഉണ്ട് .
 ചെറുതെങ്കിലും ആ 'വലിയ വാക്ക്' നല്‍കിയ ശക്തി എത്രയോ മടങ്ങ്‌ ഊര്‍ജ്ജമാണ് എന്നില്‍ പ്രവഹിപ്പിച്ചത് എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു .
മാഷിന്റെ വാക്കുകളും സാന്നിദ്ധ്യവും  ഇങ്ങനെ ലക്ഷോപ ലക്ഷം ജനങ്ങളെ ഊര്‍ജ്ജസ്വലരും കര്‍മ്മ ശേഷിയുള്ളവരും ആക്കി മാറ്റിയിട്ടുണ്ട് .

വാക്കിന്റെ നിരന്തരമായ ആ കൊടുങ്കാറ്റില്‍ പെട്ട് അനീതിയുടെ ന്യായാസനങ്ങള്‍ ഇളകിയാടി...വന്മരങ്ങള്‍ കട പുഴകി നിലം പൊത്തി.,,ദന്ത ഗോപുരങ്ങള്‍ നടുങ്ങി വിറ കൊണ്ടു.

സമൂഹത്തെ ശുദ്ധീകരിക്കാന്‍ സ്വയം കെട്ടഴിഞ്ഞു പോന്ന ആ കൊടുങ്കാറ്റാണ് ഏതോ അതീത ലോകത്തെ വിജന തീരത്തേക്ക് വീശിയകന്നു മറഞ്ഞു പോയത്  . ഇവിടെ ഈ  മണ്ണില്‍ ,മനുഷ്യ സിരകളില്‍   അനന്ത കോടി തന്മാത്ര ഊര്‍ജ്ജം പകരുന്ന ആ വാക്കിനായി വീണ്ടും വീണ്ടും  കാതോര്‍ ത്തിരുന്ന ഒരു വലിയ ജനത തനിച്ചായി

നങ്കൂരങ്ങള്‍ നഷ്ടപ്പെട്ടലയുന്ന മലയാളിയുടെ സാംസ്കാരിക  ചിന്താ യാനങ്ങളെ നന്മയുടെ തീരങ്ങളിലേക്ക് അടുപ്പിക്കാന്‍ കൊടുങ്കാറ്റിന്റെയെന്നല്ല മന്ദമാരുതന്റെ യെങ്കിലും  ശക്തി പകരാന്‍ കഴിയുന്ന മറ്റൊരു വാക്ക് ഇനി ആരുടെതാണ് ??
 അഴീക്കോട് മാഷിന്റെ നിലച്ച വാക്കുകള്‍ അവശേഷിപ്പിക്കുന്ന ശൂന്യത  നമ്മളോട് ചോദിക്കുന്നു
ചിത്രം ഫേസ്‌ ബുക്ക്‌ വാളില്‍ നിന്ന് ശ്രീ സുകുമാര്‍ അഴീക്കോടിന്റെ തത്വമസിയെ അധികരിച്ച് ഡോ:പി .വി .കൃഷ്ണന്‍ നായര്‍ എഴുതിയ പഠനം ഇവിടെ വായിക്കാം .