2012, ജനുവരി 24, ചൊവ്വാഴ്ച

വീശി മറഞ്ഞത് വാക്കിന്റെ കൊടുങ്കാറ്റ്

വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്‌  .ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ  പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ  ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് ! ഇനി  മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്‍ജിക്കപ്പെടാത്ത   മൌനം അനന്തമായി പെയ്യും .

സാമൂഹിക മാറ്റത്തിനായി ആഗ്രഹിച്ച മസ്തിഷ്കങ്ങളില്‍ നവോത്ഥാന ചിന്തകളുടെ തീ പകര്‍ന്ന ഗുരുനാഥന്‍ , തിന്മകള്‍ക്കു എതിരെ ഇടതടവില്ലാതെ  വാക് ശരങ്ങള്‍ തൊടുത്തുവിട്ട പോരാളി , പ്രസംഗ കലയുടെ ഉത്തുംഗ ഗിരി ശൃംഗങ്ങളിലേക്ക് എതിരാളിയില്ലാതെ കയറിയിപ്പോയ സാഹസികന്‍ , ഖണ്ഡന വിമര്‍ശനത്തിന്റെ പടവാള്‍ ഏന്തിയ കര്‍മ്മ ധീരന്‍ എന്നിങ്ങനെ വാക്കുകളുടെ ആ സമര ധീരനെ  വിശേഷിപ്പിക്കാന്‍ വാക്കുകള്‍ നിരവധിയുണ്ട് .

മലയാള സമൂഹം എക്കാലത്തും ആദരവോടെ മാത്രം കരുതി പോന്നിരുന്ന  നമ്മുടെ സ്വകാര്യ
അഹങ്കാരമായിരുന്ന  അഴീക്കോട് മാഷിനെ ഒന്ന്  കാണാന്‍ ആ വാക്ധോരണിയില്‍ ഒരിക്കലെങ്കിലും സ്വയം മറന്നു ലയിച്ചി രിക്കാന്‍ ഏതൊരു മലയാളിയെ പോലെ  ഞാനും ആഗ്രഹിച്ചിരുന്നു .സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ മുതലുള്ള ആ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് ശേഷം 1990 കളുടെ തുടക്കത്തിലായിരുന്നു  സഫലീകരിച്ചത് .

ഏറണാകുളത്ത് സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ (പി .ടി .ഉഷ റോഡിലുള്ള മഹാകവി ജി .ഓഡിറ്റൊറിയം) ഡോ :സുവര്‍ണ്ണ നാലപ്പാട്ട് മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച് എഴുതിയ ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം വരുന്നു എന്നറിഞ്ഞ് സാംസ്കാരിക രംഗത്ത് കൂട്ടായി പ്രവര്‍ത്തിച്ചിരുന്ന ചില സുഹൃത്തുക്കളുമൊത്ത് അരൂരില്‍ നിന്ന് വളരെ ദൂരെയുള്ള സമ്മേളന സ്ഥലത്ത് പോയി  . സംഗീതം രോഗ നിവാരണത്തിന് ഉത്തമ ഔഷധം ആണെന്ന് അത്ര കണ്ട് ജനങ്ങള്‍ക്ക്‌ ധാരണയില്ലാത്ത ഒരു കാലമായിരുന്നു അത് .

അന്നത്തെ ആ പ്രസംഗത്തില്‍ ഡോ :സുവര്‍ണ്ണ ഏറ്റെടുത്തിരിക്കുന്നത് അത്ഭുതകരമായ ഒരു  കണ്ടുപിടുത്തത്തിന്റെ പ്രചരണം ആണെന്നും ഇത് വരും കാലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു .

"(ഒരു മെഡിക്കല്‍ ഡോക്റ്റര്‍ അല്ലാത്ത) ഞാനിത് പറയുമ്പോള്‍ അങ്ങകലെ ഒഴിഞ്ഞ ക്ലാസ്‌ മുറികളില്‍ നിന്നും  ഗാലറികളില്‍ നിന്നും സര്‍വ്വ കലാശാലാ പ്രൊഫസര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും (കളിയാക്കിയുള്ള ) പൊട്ടിച്ചിരികള്‍ കേള്‍ക്കാം "
എന്ന പ്രശസ്തമായ പ്രയോഗം ഈ പ്രസംഗത്തില്‍ വച്ചാണ് കേരള സമൂഹത്തിനു അദ്ദേഹം  നല്‍കിയത് .
 ശാന്തമായി വീശിത്തുടങ്ങി അനന്തരം ശക്തി പ്രാപിച്ച് കേള്‍വിക്കാരുടെ ധമനികളില്‍  ഊര്‍ജ്ജ പ്രവാഹം നിറയ്ക്കുന്ന അത്ഭുത പ്രതിഭാസമായാണ് അന്നും പില്ക്കാലത്തെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം അനുഭവപ്പെട്ടത് .

തുടര്‍ന്ന്  തൃശൂരും ,കോട്ടയത്തും .ആലപ്പുഴയിലും ഒക്കെ പോയി മാഷിനെ കേള്‍ക്കാനുള്ള ഒരാവേശം എന്നും ഉണ്ടായിരുന്നു .

പ്രൊഫ :എം .എന്‍ .വിജയന്‍ മാഷ്‌ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് -
"പറയുന്ന ആളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലവും അന്തരവും ഇല്ലതെയാകുമ്പോളാണ് നല്ല പ്രസംഗം ഉണ്ടാക്കുന്നത്"

അഴീക്കോടിന്റെ പ്രഭാഷണം ശ്രവിക്കുമ്പോള്‍ മാത്രമാണ് വിജയന്‍ മാഷിന്റെ കണ്ടെത്തല്‍ എത്ര ശരിയാണ് എന്ന് തോന്നിയിട്ടുള്ളത് ..അതുകൊണ്ടാവണം അര നൂറ്റാണ്ടിലധികം കേരളീയ സമൂഹത്തോട്  നിരന്തരമായി സംവദിച്ചിട്ടും അദ്ദേഹത്തിന്‍റെ വാക്കുകളെ വിരസതയുടെ പൂപ്പല്‍ ഒരിക്കല്‍ പോലും  ആക്രമിക്കാതിരുന്നത്  .ആശയ സംഘര്‍ഷങ്ങളുടെ തീക്കനല്‍ ചൂടില്‍
ഉരുകി വിയര്‍ത്തവരെല്ലാം ആശ്വാസത്തോടെ കൊള്ളാന്‍ കൊതിച്ച ഒരു കൊടുങ്കാറ്റായിരുന്നു ആ വാക്കുകള്‍ .

"തനിക്ക് താന്‍ പോന്നവര്‍ എന്ത് ചെയ്‌താല്‍ -
അതിന്നു ദോഷം പറയാവതുണ്ടോ !! ?"

സ്വാധീനവും എന്തും ചെയ്യാന്‍ പ്രാപ്തിയുള്ളവരും ചെയ്യുന്ന കാര്യങ്ങളെ ദോഷം പറഞ്ഞാല്‍ പറ യുന്നവനെ കുരിശില്‍ കയറ്റുന്ന കാലമാണ് .അതിനു തയ്യാറുള്ളവര്‍ ആരുണ്ട്‌ ?

മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പരിഹാസ രൂപേണ ചോദിച്ച  ഈ ചോദ്യത്തിനു  പ്രായോഗിക ജീവിതത്തില്‍ ഏറെ സത്യ സന്ധതയോടെ മറുപടി നല്‍കാന്‍ യത്നിച്ച സാഹസികന്‍ ആയിരുന്നു അഴീക്കോട് മാഷ്‌ .

ഇഷ്ടക്കാരും പാര്‍ശ്വവര്‍ത്തികളും തനിക്ക് താന്‍ പോന്നവരും ചെയ്തു കൂട്ടുന്ന
അനീതികള്‍ക്കെതിരെ 'സ്വജനം' എന്നോ 'അന്യജനം' എന്നോ നോക്കാതെയാണ്  അദ്ദേഹം പോരാടിയത് .
പുകഴ്ത്തിയും മുഖസ്തുതി പറഞ്ഞും  പ്രീണിപ്പിച്ചു സ്വന്തം ശക്തിയും നിലപാടും പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച വങ്കത്തരങ്ങളെ മുഖം നോക്കാതെ കണക്കറ്റു പരിഹസിക്കാനും അദ്ദേഹത്തിനു മടിയില്ലായിരുന്നു .പൊതുജന സമക്ഷം ബഹുമാനിതരെന്നു തോന്നിപ്പിച്ച കള്ള നാണയങ്ങളുടെ  പൊയ്മുഖങ്ങള്‍  അദ്ദേഹം വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് പിച്ചിച്ചീന്തി.

പൊതു ജീവിതത്തില്‍ അദ്ദേഹം നടത്തിയ ഈ ഇടപെടലുകള്‍  ദന്ത ഗോപുരങ്ങളിലും കോട്ട കൊത്തളങ്ങളിലും വാഴുന്ന മാടമ്പി കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത് .
സമുദായ നേതാക്കളും ,ഉദ്ധ്യോഗസ്ഥ  ദുഷ് പ്രഭുക്കളും , അഴിമതിക്കാരും സ്വജന പക്ഷ പാതികളായ
ഭരണാധികാരികളും ,രാഷ്ട്രീയ ദല്ലാളന്മാരും ,സാമൂഹിക സാംസ്കാരിക രംഗത്തെ കാപട്യക്കാരും
അദ്ദേഹത്തിന്റെ വാക്കിന്റെ  തുഞ്ചാണിയില്‍ കിടന്നു പിടഞ്ഞു .

നേരിട്ട് അനുഭവമുള്ള ഒന്ന് രണ്ടു സംഭവങ്ങള്‍ ഓര്‍മ്മ വരുന്നു . ഏ .കെ .ആന്റണി .കെ .പി .സി .സി .പ്രസിഡന്‍റ് ആയതിനു ശേഷം വര്‍ഷങ്ങളായി മുടങ്ങി ക്കിടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി ആലപ്പുഴയില്‍ ഒരു മഹാസമ്മേളനം നടത്തി .

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിത വ്രതമായി കൊണ്ട് നടക്കുന്ന അഴീക്കോട് മാസ്റ്റരെ വലിയ പ്രതീക്ഷകളോടെയാണ്  കോണ്ഗ്രസ്കാര്‍   ആ സമ്മേളത്തില്‍ മുഖ്യ പ്രാസംഗികനായി കൊണ്ടുവന്നത് ,ആന്റണിയെക്കുറിച്ചും കോണ്ഗ്രസിന്റെ സംഭാവനകളെ ക്കുറിച്ചും മാഷ്‌ പറയുന്നതു കേട്ട് ഊറ്റം കൊണ്ട് ആര്‍ത്തു കയ്യടിക്കാന്‍ തയ്യാറായി അരയും തലയും മുറുക്കി ഇരുന്നവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് നാണം കെട്ടു മരവിച്ചിരുന്നത് അക്കാലത്തെ വലിയ വാര്‍ത്തയും വിവാദവും ആയിരുന്നു .പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ ഖദറിന്റെ വിലകളഞ്ഞ കോണ്ഗ്രസ് പാര്‍ട്ടി പിരിച്ചു വിടാന്‍ അദ്ദേഹം ആന്റണിയോട്  അഭ്യര്‍ഥിച്ചു

ഇടതു പക്ഷത്തെ പ്രവര്‍ത്തന രീതി കോണ്ഗ്രസ് കാര്‍ മാതൃകയാക്കണം എന്ന് കൂടി അദ്ദേഹം കോണ്ഗ്രസ് കാരോട് ഉപദേശിച്ചാണ് മടങ്ങിയത് .അതില്‍ പ്പിന്നെ കോണ്ഗ്രസ് പാര്‍ട്ടിയുടെ ഒരു പൊതു വേദിയിലും അദ്ദേഹത്തെ കൊണ്ടുവരാന്‍ അവര്‍ ധൈര്യം കാണിച്ചിട്ടില്ല . തുടര്‍ന്ന് മാഷിനെ സ്വന്തം ആളായി കെട്ടി എഴുന്നള്ളിച്ചു നടന്ന  ഇടതു പക്ഷത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി മുഖമടച്ചു വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിട്ടില്ല .

രസകരമായ മറ്റൊരു സംഭവം .
ചേര്‍ത്തലയ്ക്കടുത്തു പള്ളിപ്പുറം എന്ന സ്ഥലത്ത് ഹരി എന്ന സുഹൃത്ത്  ഒരു പ്രിന്റിംഗ് പ്രസ്‌ തുടങ്ങാന്‍ തീരുമാനിച്ചു .

അഴീക്കോട് മാഷ്‌ ആയിരുന്നു ഉദ്ഘാടകന്‍ .ആലപ്പുഴജില്ലയിലെ പ്രമുഖ സാംസ്കാരിക നേതാവും കവിയും വാഗ്മിയും ഒക്കെയായ ശ്രീ പള്ളിപ്പുറം പരമേശ്വരക്കുറുപ്പിന്റെ വീടിനു സമീപം ആയിരുന്നു പുതിയ  പ്രസ്സും ഉദ്ഘാടന വേദിയും.

അഴീക്കോട് മാഷുമായി നല്ല ബന്ധമുള്ളയാള്‍ എന്ന നിലയില്‍ കുറുപ്പ് സാറിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിനു ഭക്ഷണവും വിശ്രമവും ഒക്കെ ഏര്‍പ്പാട് ചെയ്തിരുന്നത് . വായ്  തുറക്കുമ്പോളോക്കെ മാഷിനെ  വാനോളം പുകഴ്ത്താന്‍ കുറുപ്പ് സാര്‍ മത്സരിക്കുന്നത് കാണാമായിരുന്നു . വേദിയില്‍ എത്തി ആരഭിച്ച  ഒന്നൊന്നര മണിക്കൂര്‍ നീണ്ട തന്റെ സ്വാഗത പ്രസംഗത്തിലും ശ്രീ കുറുപ്പ് തന്റെ കയ്യില്‍ കരുതി വച്ചിരുന്ന ഗീര്‍വാണ ധോരണിയുടെ കെട്ടഴിക്കാന്‍ യത്നിച്ചു .അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ അവിടെ   ആയിരങ്ങള്‍ അക്ഷമരായി കാത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍   . ഒടുവില്‍ അദ്ധ്യക്ഷന്‍ കാലില്‍ ചൊറിഞ്ഞും  കടലാസ് നല്‍കിയും  ഇടപെട്ട്  സ്വാഗത പ്രാസംഗികനെ മെരുക്കി തളച്ചു .

തുടര്‍ന്ന് അഴീക്കോടിന്റെ ഊഴമായി .

അദ്ദേഹം കുറുപ്പിനെ നോക്കി പറഞ്ഞു തുടങ്ങി

." സ്വാഗത പ്രാസംഗികനായ ശ്രീ കുറുപ്പ്  എന്റെ ആത്മ മിത്രമാണ് . അദ്ദേഹം വിളിച്ചത് കൊണ്ട് കൂടിയാണ്  ഈ യോഗത്തിനു ഞാന്‍ വന്നത് ,പക്ഷെ ഇത് പോലൊരു സ്വാഗത പ്രസംഗം അദ്ദേഹം നടത്തും എന്നറിഞ്ഞിരുന്നു എങ്കില്‍ ഈ ചേര്‍ത്തല താലൂക്കിലേക്ക് പോലും ഞാന്‍  കാലു കുത്തില്ലാ യിരുന്നു  ,
കാരണം അരസികന്മാരും കാല്‍ക്കാശിനു സാമാന്യ ബോധം ഇല്ലാത്തവരുമായ  സ്വാഗത പ്രാസംഗികരുടെ വിടുവായിത്തം കേട്ട് കേട്ട്   ആയുസ ക്ഷയിച്ചു പോയ  ഒരു ഹത ഭാഗ്യനാണ്  ഞാന്‍ .."

സദസ്യരുടെ കൂട്ടച്ചിരിക്കിടയില്‍ കുറുപ്പ് ഉരുകി ഇല്ലാതാകുന്നത് കണ്ടു . വീണ്ടും കുറുപ്പിനെ നോക്കി മാഷ്‌  തുടര്‍ന്നു : "കുറുപ്പിന്റെ വീട്ടുകാരി ഉണ്ടാക്കി നല്‍കിയ നല്ല ഭക്ഷണം  കഴിച്ചു  വയര്‍ നിറഞ്ഞാണ് ഇവിടെ വന്നത് .പക്ഷെ  സ്വാഗത പ്രസംഗം കേട്ട് അതെല്ലാം ദഹിച്ചു പോയി .! മേലില്‍ ഇത് മാതിരി അക്രമം ആരോടും കാണിക്കരുതെന്ന് ശ്രോതാക്കളുടെ  കയ്യടികള്‍ക്കിടയില്‍ അദ്ദേഹം കുറുപ്പിനെ ഉപദേശിക്കുകയും ചെയ്തു .

 ഇതേ കാരണത്താല്‍ ചില വേദികളില്‍ നിന്ന് ഒരു വാക്ക് പോലും പറയാതെ കലഹിച്ച് അദ്ദേഹം ഇറങ്ങി പോന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .

മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ പാകത്തിലുള്ള ചില സ്വകാര്യ അനുഭവങ്ങളും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട് .അരൂരിലെ സാംസ്കാരിക സ്പന്ദനവും    കൂട്ടായ്മകളുടെ കേന്ദ്ര സ്ഥാനവും ആയിരുന്ന 'വിജയാംബിക വായന ശാല' യുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്  (2000)  അഴീക്കോട് മാഷിനെയാണ് ആദരപൂര്‍വ്വം ഞങ്ങള്‍ കൊണ്ടുവന്നത് .
പ്രോഗ്രാം കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരുന്നു അന്ന് ഞാന്‍ .

വളരെ വിപുലമായി നടത്തിയ ആ സമ്മേളനത്തിനു അകമ്പടിയായി സ്വാഗത ഗാനവും അക്ഷര ഗാനവും ഒക്കെ കോര്‍ത്തിണക്കി ഒരു സംഗീത വിരുന്നും ഒരുക്കിയിരുന്നു ,

"അക്ഷര വഴിയില്‍ അമ്പത് കൊല്ലം
നടന്നു കയറീ ഞങ്ങള്‍
വീണു കിതച്ചും വീണ്ടുമെണീറ്റും
നാടിനു നന്മകളേകീ
മുന്നോട്ടിനിയും പോകണമധികം
മുള്ളുകള്‍ നിറയും വഴിയില്‍ ..
വരവായ്‌ ..വരവായ്‌ ..
നവയുഗ സൂര്യന്‍ വരവായ്‌ .."

വായനശാലയുടെ അവസ്ഥയും അത്  വരെയുള്ള ചരിത്രവും  സൂചിപ്പിച്ചു കൊണ്ട് പാടിയ  ഒരു പാട്ടിലെ ഈ വരികള്‍ എഴുതിയ എന്നെ അദ്ദേഹം അടുത്തു വിളിച്ചു മറ്റുള്ളവരുടെ മുന്നില്‍ വച്ച് "നന്നായി" എന്ന് പറഞ്ഞു നല്‍കിയ വാക്കിന്റെ ഔദാര്യം  വലിയ അംഗീകാരമായി ഇന്നും മനസ്സില്‍ ഉണ്ട് .
 ചെറുതെങ്കിലും ആ 'വലിയ വാക്ക്' നല്‍കിയ ശക്തി എത്രയോ മടങ്ങ്‌ ഊര്‍ജ്ജമാണ് എന്നില്‍ പ്രവഹിപ്പിച്ചത് എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു .
മാഷിന്റെ വാക്കുകളും സാന്നിദ്ധ്യവും  ഇങ്ങനെ ലക്ഷോപ ലക്ഷം ജനങ്ങളെ ഊര്‍ജ്ജസ്വലരും കര്‍മ്മ ശേഷിയുള്ളവരും ആക്കി മാറ്റിയിട്ടുണ്ട് .

വാക്കിന്റെ നിരന്തരമായ ആ കൊടുങ്കാറ്റില്‍ പെട്ട് അനീതിയുടെ ന്യായാസനങ്ങള്‍ ഇളകിയാടി...വന്മരങ്ങള്‍ കട പുഴകി നിലം പൊത്തി.,,ദന്ത ഗോപുരങ്ങള്‍ നടുങ്ങി വിറ കൊണ്ടു.

സമൂഹത്തെ ശുദ്ധീകരിക്കാന്‍ സ്വയം കെട്ടഴിഞ്ഞു പോന്ന ആ കൊടുങ്കാറ്റാണ് ഏതോ അതീത ലോകത്തെ വിജന തീരത്തേക്ക് വീശിയകന്നു മറഞ്ഞു പോയത്  . ഇവിടെ ഈ  മണ്ണില്‍ ,മനുഷ്യ സിരകളില്‍   അനന്ത കോടി തന്മാത്ര ഊര്‍ജ്ജം പകരുന്ന ആ വാക്കിനായി വീണ്ടും വീണ്ടും  കാതോര്‍ ത്തിരുന്ന ഒരു വലിയ ജനത തനിച്ചായി

നങ്കൂരങ്ങള്‍ നഷ്ടപ്പെട്ടലയുന്ന മലയാളിയുടെ സാംസ്കാരിക  ചിന്താ യാനങ്ങളെ നന്മയുടെ തീരങ്ങളിലേക്ക് അടുപ്പിക്കാന്‍ കൊടുങ്കാറ്റിന്റെയെന്നല്ല മന്ദമാരുതന്റെ യെങ്കിലും  ശക്തി പകരാന്‍ കഴിയുന്ന മറ്റൊരു വാക്ക് ഇനി ആരുടെതാണ് ??
 അഴീക്കോട് മാഷിന്റെ നിലച്ച വാക്കുകള്‍ അവശേഷിപ്പിക്കുന്ന ശൂന്യത  നമ്മളോട് ചോദിക്കുന്നു
ചിത്രം ഫേസ്‌ ബുക്ക്‌ വാളില്‍ നിന്ന് ശ്രീ സുകുമാര്‍ അഴീക്കോടിന്റെ തത്വമസിയെ അധികരിച്ച് ഡോ:പി .വി .കൃഷ്ണന്‍ നായര്‍ എഴുതിയ പഠനം ഇവിടെ വായിക്കാം .