2012, ജനുവരി 24, ചൊവ്വാഴ്ച

വീശി മറഞ്ഞത് വാക്കിന്റെ കൊടുങ്കാറ്റ്

വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്‌  .ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ  പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ  ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് ! ഇനി  മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്‍ജിക്കപ്പെടാത്ത   മൌനം അനന്തമായി പെയ്യും .

സാമൂഹിക മാറ്റത്തിനായി ആഗ്രഹിച്ച മസ്തിഷ്കങ്ങളില്‍ നവോത്ഥാന ചിന്തകളുടെ തീ പകര്‍ന്ന ഗുരുനാഥന്‍ , തിന്മകള്‍ക്കു എതിരെ ഇടതടവില്ലാതെ  വാക് ശരങ്ങള്‍ തൊടുത്തുവിട്ട പോരാളി , പ്രസംഗ കലയുടെ ഉത്തുംഗ ഗിരി ശൃംഗങ്ങളിലേക്ക് എതിരാളിയില്ലാതെ കയറിയിപ്പോയ സാഹസികന്‍ , ഖണ്ഡന വിമര്‍ശനത്തിന്റെ പടവാള്‍ ഏന്തിയ കര്‍മ്മ ധീരന്‍ എന്നിങ്ങനെ വാക്കുകളുടെ ആ സമര ധീരനെ  വിശേഷിപ്പിക്കാന്‍ വാക്കുകള്‍ നിരവധിയുണ്ട് .

മലയാള സമൂഹം എക്കാലത്തും ആദരവോടെ മാത്രം കരുതി പോന്നിരുന്ന  നമ്മുടെ സ്വകാര്യ
അഹങ്കാരമായിരുന്ന  അഴീക്കോട് മാഷിനെ ഒന്ന്  കാണാന്‍ ആ വാക്ധോരണിയില്‍ ഒരിക്കലെങ്കിലും സ്വയം മറന്നു ലയിച്ചി രിക്കാന്‍ ഏതൊരു മലയാളിയെ പോലെ  ഞാനും ആഗ്രഹിച്ചിരുന്നു .സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ മുതലുള്ള ആ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് ശേഷം 1990 കളുടെ തുടക്കത്തിലായിരുന്നു  സഫലീകരിച്ചത് .

ഏറണാകുളത്ത് സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ (പി .ടി .ഉഷ റോഡിലുള്ള മഹാകവി ജി .ഓഡിറ്റൊറിയം) ഡോ :സുവര്‍ണ്ണ നാലപ്പാട്ട് മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച് എഴുതിയ ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം വരുന്നു എന്നറിഞ്ഞ് സാംസ്കാരിക രംഗത്ത് കൂട്ടായി പ്രവര്‍ത്തിച്ചിരുന്ന ചില സുഹൃത്തുക്കളുമൊത്ത് അരൂരില്‍ നിന്ന് വളരെ ദൂരെയുള്ള സമ്മേളന സ്ഥലത്ത് പോയി  . സംഗീതം രോഗ നിവാരണത്തിന് ഉത്തമ ഔഷധം ആണെന്ന് അത്ര കണ്ട് ജനങ്ങള്‍ക്ക്‌ ധാരണയില്ലാത്ത ഒരു കാലമായിരുന്നു അത് .

അന്നത്തെ ആ പ്രസംഗത്തില്‍ ഡോ :സുവര്‍ണ്ണ ഏറ്റെടുത്തിരിക്കുന്നത് അത്ഭുതകരമായ ഒരു  കണ്ടുപിടുത്തത്തിന്റെ പ്രചരണം ആണെന്നും ഇത് വരും കാലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു .

"(ഒരു മെഡിക്കല്‍ ഡോക്റ്റര്‍ അല്ലാത്ത) ഞാനിത് പറയുമ്പോള്‍ അങ്ങകലെ ഒഴിഞ്ഞ ക്ലാസ്‌ മുറികളില്‍ നിന്നും  ഗാലറികളില്‍ നിന്നും സര്‍വ്വ കലാശാലാ പ്രൊഫസര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും (കളിയാക്കിയുള്ള ) പൊട്ടിച്ചിരികള്‍ കേള്‍ക്കാം "
എന്ന പ്രശസ്തമായ പ്രയോഗം ഈ പ്രസംഗത്തില്‍ വച്ചാണ് കേരള സമൂഹത്തിനു അദ്ദേഹം  നല്‍കിയത് .
 ശാന്തമായി വീശിത്തുടങ്ങി അനന്തരം ശക്തി പ്രാപിച്ച് കേള്‍വിക്കാരുടെ ധമനികളില്‍  ഊര്‍ജ്ജ പ്രവാഹം നിറയ്ക്കുന്ന അത്ഭുത പ്രതിഭാസമായാണ് അന്നും പില്ക്കാലത്തെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം അനുഭവപ്പെട്ടത് .

തുടര്‍ന്ന്  തൃശൂരും ,കോട്ടയത്തും .ആലപ്പുഴയിലും ഒക്കെ പോയി മാഷിനെ കേള്‍ക്കാനുള്ള ഒരാവേശം എന്നും ഉണ്ടായിരുന്നു .

പ്രൊഫ :എം .എന്‍ .വിജയന്‍ മാഷ്‌ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് -
"പറയുന്ന ആളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലവും അന്തരവും ഇല്ലതെയാകുമ്പോളാണ് നല്ല പ്രസംഗം ഉണ്ടാക്കുന്നത്"

അഴീക്കോടിന്റെ പ്രഭാഷണം ശ്രവിക്കുമ്പോള്‍ മാത്രമാണ് വിജയന്‍ മാഷിന്റെ കണ്ടെത്തല്‍ എത്ര ശരിയാണ് എന്ന് തോന്നിയിട്ടുള്ളത് ..അതുകൊണ്ടാവണം അര നൂറ്റാണ്ടിലധികം കേരളീയ സമൂഹത്തോട്  നിരന്തരമായി സംവദിച്ചിട്ടും അദ്ദേഹത്തിന്‍റെ വാക്കുകളെ വിരസതയുടെ പൂപ്പല്‍ ഒരിക്കല്‍ പോലും  ആക്രമിക്കാതിരുന്നത്  .ആശയ സംഘര്‍ഷങ്ങളുടെ തീക്കനല്‍ ചൂടില്‍
ഉരുകി വിയര്‍ത്തവരെല്ലാം ആശ്വാസത്തോടെ കൊള്ളാന്‍ കൊതിച്ച ഒരു കൊടുങ്കാറ്റായിരുന്നു ആ വാക്കുകള്‍ .

"തനിക്ക് താന്‍ പോന്നവര്‍ എന്ത് ചെയ്‌താല്‍ -
അതിന്നു ദോഷം പറയാവതുണ്ടോ !! ?"

സ്വാധീനവും എന്തും ചെയ്യാന്‍ പ്രാപ്തിയുള്ളവരും ചെയ്യുന്ന കാര്യങ്ങളെ ദോഷം പറഞ്ഞാല്‍ പറ യുന്നവനെ കുരിശില്‍ കയറ്റുന്ന കാലമാണ് .അതിനു തയ്യാറുള്ളവര്‍ ആരുണ്ട്‌ ?

മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പരിഹാസ രൂപേണ ചോദിച്ച  ഈ ചോദ്യത്തിനു  പ്രായോഗിക ജീവിതത്തില്‍ ഏറെ സത്യ സന്ധതയോടെ മറുപടി നല്‍കാന്‍ യത്നിച്ച സാഹസികന്‍ ആയിരുന്നു അഴീക്കോട് മാഷ്‌ .

ഇഷ്ടക്കാരും പാര്‍ശ്വവര്‍ത്തികളും തനിക്ക് താന്‍ പോന്നവരും ചെയ്തു കൂട്ടുന്ന
അനീതികള്‍ക്കെതിരെ 'സ്വജനം' എന്നോ 'അന്യജനം' എന്നോ നോക്കാതെയാണ്  അദ്ദേഹം പോരാടിയത് .
പുകഴ്ത്തിയും മുഖസ്തുതി പറഞ്ഞും  പ്രീണിപ്പിച്ചു സ്വന്തം ശക്തിയും നിലപാടും പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച വങ്കത്തരങ്ങളെ മുഖം നോക്കാതെ കണക്കറ്റു പരിഹസിക്കാനും അദ്ദേഹത്തിനു മടിയില്ലായിരുന്നു .പൊതുജന സമക്ഷം ബഹുമാനിതരെന്നു തോന്നിപ്പിച്ച കള്ള നാണയങ്ങളുടെ  പൊയ്മുഖങ്ങള്‍  അദ്ദേഹം വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് പിച്ചിച്ചീന്തി.

പൊതു ജീവിതത്തില്‍ അദ്ദേഹം നടത്തിയ ഈ ഇടപെടലുകള്‍  ദന്ത ഗോപുരങ്ങളിലും കോട്ട കൊത്തളങ്ങളിലും വാഴുന്ന മാടമ്പി കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത് .
സമുദായ നേതാക്കളും ,ഉദ്ധ്യോഗസ്ഥ  ദുഷ് പ്രഭുക്കളും , അഴിമതിക്കാരും സ്വജന പക്ഷ പാതികളായ
ഭരണാധികാരികളും ,രാഷ്ട്രീയ ദല്ലാളന്മാരും ,സാമൂഹിക സാംസ്കാരിക രംഗത്തെ കാപട്യക്കാരും
അദ്ദേഹത്തിന്റെ വാക്കിന്റെ  തുഞ്ചാണിയില്‍ കിടന്നു പിടഞ്ഞു .

നേരിട്ട് അനുഭവമുള്ള ഒന്ന് രണ്ടു സംഭവങ്ങള്‍ ഓര്‍മ്മ വരുന്നു . ഏ .കെ .ആന്റണി .കെ .പി .സി .സി .പ്രസിഡന്‍റ് ആയതിനു ശേഷം വര്‍ഷങ്ങളായി മുടങ്ങി ക്കിടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി ആലപ്പുഴയില്‍ ഒരു മഹാസമ്മേളനം നടത്തി .

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിത വ്രതമായി കൊണ്ട് നടക്കുന്ന അഴീക്കോട് മാസ്റ്റരെ വലിയ പ്രതീക്ഷകളോടെയാണ്  കോണ്ഗ്രസ്കാര്‍   ആ സമ്മേളത്തില്‍ മുഖ്യ പ്രാസംഗികനായി കൊണ്ടുവന്നത് ,ആന്റണിയെക്കുറിച്ചും കോണ്ഗ്രസിന്റെ സംഭാവനകളെ ക്കുറിച്ചും മാഷ്‌ പറയുന്നതു കേട്ട് ഊറ്റം കൊണ്ട് ആര്‍ത്തു കയ്യടിക്കാന്‍ തയ്യാറായി അരയും തലയും മുറുക്കി ഇരുന്നവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് നാണം കെട്ടു മരവിച്ചിരുന്നത് അക്കാലത്തെ വലിയ വാര്‍ത്തയും വിവാദവും ആയിരുന്നു .പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ ഖദറിന്റെ വിലകളഞ്ഞ കോണ്ഗ്രസ് പാര്‍ട്ടി പിരിച്ചു വിടാന്‍ അദ്ദേഹം ആന്റണിയോട്  അഭ്യര്‍ഥിച്ചു

ഇടതു പക്ഷത്തെ പ്രവര്‍ത്തന രീതി കോണ്ഗ്രസ് കാര്‍ മാതൃകയാക്കണം എന്ന് കൂടി അദ്ദേഹം കോണ്ഗ്രസ് കാരോട് ഉപദേശിച്ചാണ് മടങ്ങിയത് .അതില്‍ പ്പിന്നെ കോണ്ഗ്രസ് പാര്‍ട്ടിയുടെ ഒരു പൊതു വേദിയിലും അദ്ദേഹത്തെ കൊണ്ടുവരാന്‍ അവര്‍ ധൈര്യം കാണിച്ചിട്ടില്ല . തുടര്‍ന്ന് മാഷിനെ സ്വന്തം ആളായി കെട്ടി എഴുന്നള്ളിച്ചു നടന്ന  ഇടതു പക്ഷത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി മുഖമടച്ചു വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിട്ടില്ല .

രസകരമായ മറ്റൊരു സംഭവം .
ചേര്‍ത്തലയ്ക്കടുത്തു പള്ളിപ്പുറം എന്ന സ്ഥലത്ത് ഹരി എന്ന സുഹൃത്ത്  ഒരു പ്രിന്റിംഗ് പ്രസ്‌ തുടങ്ങാന്‍ തീരുമാനിച്ചു .

അഴീക്കോട് മാഷ്‌ ആയിരുന്നു ഉദ്ഘാടകന്‍ .ആലപ്പുഴജില്ലയിലെ പ്രമുഖ സാംസ്കാരിക നേതാവും കവിയും വാഗ്മിയും ഒക്കെയായ ശ്രീ പള്ളിപ്പുറം പരമേശ്വരക്കുറുപ്പിന്റെ വീടിനു സമീപം ആയിരുന്നു പുതിയ  പ്രസ്സും ഉദ്ഘാടന വേദിയും.

അഴീക്കോട് മാഷുമായി നല്ല ബന്ധമുള്ളയാള്‍ എന്ന നിലയില്‍ കുറുപ്പ് സാറിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിനു ഭക്ഷണവും വിശ്രമവും ഒക്കെ ഏര്‍പ്പാട് ചെയ്തിരുന്നത് . വായ്  തുറക്കുമ്പോളോക്കെ മാഷിനെ  വാനോളം പുകഴ്ത്താന്‍ കുറുപ്പ് സാര്‍ മത്സരിക്കുന്നത് കാണാമായിരുന്നു . വേദിയില്‍ എത്തി ആരഭിച്ച  ഒന്നൊന്നര മണിക്കൂര്‍ നീണ്ട തന്റെ സ്വാഗത പ്രസംഗത്തിലും ശ്രീ കുറുപ്പ് തന്റെ കയ്യില്‍ കരുതി വച്ചിരുന്ന ഗീര്‍വാണ ധോരണിയുടെ കെട്ടഴിക്കാന്‍ യത്നിച്ചു .അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ അവിടെ   ആയിരങ്ങള്‍ അക്ഷമരായി കാത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍   . ഒടുവില്‍ അദ്ധ്യക്ഷന്‍ കാലില്‍ ചൊറിഞ്ഞും  കടലാസ് നല്‍കിയും  ഇടപെട്ട്  സ്വാഗത പ്രാസംഗികനെ മെരുക്കി തളച്ചു .

തുടര്‍ന്ന് അഴീക്കോടിന്റെ ഊഴമായി .

അദ്ദേഹം കുറുപ്പിനെ നോക്കി പറഞ്ഞു തുടങ്ങി

." സ്വാഗത പ്രാസംഗികനായ ശ്രീ കുറുപ്പ്  എന്റെ ആത്മ മിത്രമാണ് . അദ്ദേഹം വിളിച്ചത് കൊണ്ട് കൂടിയാണ്  ഈ യോഗത്തിനു ഞാന്‍ വന്നത് ,പക്ഷെ ഇത് പോലൊരു സ്വാഗത പ്രസംഗം അദ്ദേഹം നടത്തും എന്നറിഞ്ഞിരുന്നു എങ്കില്‍ ഈ ചേര്‍ത്തല താലൂക്കിലേക്ക് പോലും ഞാന്‍  കാലു കുത്തില്ലാ യിരുന്നു  ,
കാരണം അരസികന്മാരും കാല്‍ക്കാശിനു സാമാന്യ ബോധം ഇല്ലാത്തവരുമായ  സ്വാഗത പ്രാസംഗികരുടെ വിടുവായിത്തം കേട്ട് കേട്ട്   ആയുസ ക്ഷയിച്ചു പോയ  ഒരു ഹത ഭാഗ്യനാണ്  ഞാന്‍ .."

സദസ്യരുടെ കൂട്ടച്ചിരിക്കിടയില്‍ കുറുപ്പ് ഉരുകി ഇല്ലാതാകുന്നത് കണ്ടു . വീണ്ടും കുറുപ്പിനെ നോക്കി മാഷ്‌  തുടര്‍ന്നു : "കുറുപ്പിന്റെ വീട്ടുകാരി ഉണ്ടാക്കി നല്‍കിയ നല്ല ഭക്ഷണം  കഴിച്ചു  വയര്‍ നിറഞ്ഞാണ് ഇവിടെ വന്നത് .പക്ഷെ  സ്വാഗത പ്രസംഗം കേട്ട് അതെല്ലാം ദഹിച്ചു പോയി .! മേലില്‍ ഇത് മാതിരി അക്രമം ആരോടും കാണിക്കരുതെന്ന് ശ്രോതാക്കളുടെ  കയ്യടികള്‍ക്കിടയില്‍ അദ്ദേഹം കുറുപ്പിനെ ഉപദേശിക്കുകയും ചെയ്തു .

 ഇതേ കാരണത്താല്‍ ചില വേദികളില്‍ നിന്ന് ഒരു വാക്ക് പോലും പറയാതെ കലഹിച്ച് അദ്ദേഹം ഇറങ്ങി പോന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .

മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ പാകത്തിലുള്ള ചില സ്വകാര്യ അനുഭവങ്ങളും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട് .അരൂരിലെ സാംസ്കാരിക സ്പന്ദനവും    കൂട്ടായ്മകളുടെ കേന്ദ്ര സ്ഥാനവും ആയിരുന്ന 'വിജയാംബിക വായന ശാല' യുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്  (2000)  അഴീക്കോട് മാഷിനെയാണ് ആദരപൂര്‍വ്വം ഞങ്ങള്‍ കൊണ്ടുവന്നത് .
പ്രോഗ്രാം കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരുന്നു അന്ന് ഞാന്‍ .

വളരെ വിപുലമായി നടത്തിയ ആ സമ്മേളനത്തിനു അകമ്പടിയായി സ്വാഗത ഗാനവും അക്ഷര ഗാനവും ഒക്കെ കോര്‍ത്തിണക്കി ഒരു സംഗീത വിരുന്നും ഒരുക്കിയിരുന്നു ,

"അക്ഷര വഴിയില്‍ അമ്പത് കൊല്ലം
നടന്നു കയറീ ഞങ്ങള്‍
വീണു കിതച്ചും വീണ്ടുമെണീറ്റും
നാടിനു നന്മകളേകീ
മുന്നോട്ടിനിയും പോകണമധികം
മുള്ളുകള്‍ നിറയും വഴിയില്‍ ..
വരവായ്‌ ..വരവായ്‌ ..
നവയുഗ സൂര്യന്‍ വരവായ്‌ .."

വായനശാലയുടെ അവസ്ഥയും അത്  വരെയുള്ള ചരിത്രവും  സൂചിപ്പിച്ചു കൊണ്ട് പാടിയ  ഒരു പാട്ടിലെ ഈ വരികള്‍ എഴുതിയ എന്നെ അദ്ദേഹം അടുത്തു വിളിച്ചു മറ്റുള്ളവരുടെ മുന്നില്‍ വച്ച് "നന്നായി" എന്ന് പറഞ്ഞു നല്‍കിയ വാക്കിന്റെ ഔദാര്യം  വലിയ അംഗീകാരമായി ഇന്നും മനസ്സില്‍ ഉണ്ട് .
 ചെറുതെങ്കിലും ആ 'വലിയ വാക്ക്' നല്‍കിയ ശക്തി എത്രയോ മടങ്ങ്‌ ഊര്‍ജ്ജമാണ് എന്നില്‍ പ്രവഹിപ്പിച്ചത് എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു .
മാഷിന്റെ വാക്കുകളും സാന്നിദ്ധ്യവും  ഇങ്ങനെ ലക്ഷോപ ലക്ഷം ജനങ്ങളെ ഊര്‍ജ്ജസ്വലരും കര്‍മ്മ ശേഷിയുള്ളവരും ആക്കി മാറ്റിയിട്ടുണ്ട് .

വാക്കിന്റെ നിരന്തരമായ ആ കൊടുങ്കാറ്റില്‍ പെട്ട് അനീതിയുടെ ന്യായാസനങ്ങള്‍ ഇളകിയാടി...വന്മരങ്ങള്‍ കട പുഴകി നിലം പൊത്തി.,,ദന്ത ഗോപുരങ്ങള്‍ നടുങ്ങി വിറ കൊണ്ടു.

സമൂഹത്തെ ശുദ്ധീകരിക്കാന്‍ സ്വയം കെട്ടഴിഞ്ഞു പോന്ന ആ കൊടുങ്കാറ്റാണ് ഏതോ അതീത ലോകത്തെ വിജന തീരത്തേക്ക് വീശിയകന്നു മറഞ്ഞു പോയത്  . ഇവിടെ ഈ  മണ്ണില്‍ ,മനുഷ്യ സിരകളില്‍   അനന്ത കോടി തന്മാത്ര ഊര്‍ജ്ജം പകരുന്ന ആ വാക്കിനായി വീണ്ടും വീണ്ടും  കാതോര്‍ ത്തിരുന്ന ഒരു വലിയ ജനത തനിച്ചായി

നങ്കൂരങ്ങള്‍ നഷ്ടപ്പെട്ടലയുന്ന മലയാളിയുടെ സാംസ്കാരിക  ചിന്താ യാനങ്ങളെ നന്മയുടെ തീരങ്ങളിലേക്ക് അടുപ്പിക്കാന്‍ കൊടുങ്കാറ്റിന്റെയെന്നല്ല മന്ദമാരുതന്റെ യെങ്കിലും  ശക്തി പകരാന്‍ കഴിയുന്ന മറ്റൊരു വാക്ക് ഇനി ആരുടെതാണ് ??
 അഴീക്കോട് മാഷിന്റെ നിലച്ച വാക്കുകള്‍ അവശേഷിപ്പിക്കുന്ന ശൂന്യത  നമ്മളോട് ചോദിക്കുന്നു
ചിത്രം ഫേസ്‌ ബുക്ക്‌ വാളില്‍ നിന്ന് ശ്രീ സുകുമാര്‍ അഴീക്കോടിന്റെ തത്വമസിയെ അധികരിച്ച് ഡോ:പി .വി .കൃഷ്ണന്‍ നായര്‍ എഴുതിയ പഠനം ഇവിടെ വായിക്കാം .

93 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ചന്തു നായർ പറഞ്ഞു...

രമേശ് മനസ്സിൽ തട്ടിയ വരികൾ...ആ മഹാനെക്കുറിച്ച് ചിന്തിക്കുക മാത്രമേ എന്നെക്കൊണ്ട് ഇപ്പോൾ സാദ്ധ്യമാകൂ...ആ ആത്മാവിനു നിത്യ ശാന്തി...........

kairaly net പറഞ്ഞു...

നങ്കൂരങ്ങള്‍ നഷ്ടപ്പെട്ടലയുന്ന മലയാളിയുടെ സാംസ്കാരിക ചിന്താ യാനങ്ങളെ നന്മയുടെ തീരങ്ങളിലേക്ക് അടുപ്പിക്കാന്‍ കൊടുങ്കാറ്റിന്റെയെന്നല്ല മന്ദമാരുതന്റെ യെങ്കിലും ശക്തി പകരാന്‍ കഴിയുന്ന മറ്റൊരു വാക്ക് ഇനി ആരുടെതാണ് ??......... good

Sabu M H പറഞ്ഞു...

നല്ല ലേഖനം. അനുഭവങ്ങൾ പങ്കിട്ടതിനു നന്ദി. ആശംസകൾ.

മുകിൽ പറഞ്ഞു...

ആദരാഞ്ജലികള്‍ പ്രിയ മാഷിനു.
നന്നായി മനസ്സില്‍ തൊടുമ്വിധം എഴുതി. നല്ലൊരാദരാഞ്ജലിയായി ഈ എഴുത്തു.

anupama പറഞ്ഞു...

പ്രിയപ്പെട്ട രമേശ്‌,
വാക്കുകള്‍ കൊണ്ടു ഹൃദയത്തിലെ സിംഹാസനം കീഴടക്കിയ ശ്രീ.സുകുമാര്‍ അഴിക്കോട് മാഷിനു ആദരം കലര്‍ന്ന പ്രണാമം.
കാണണം എന്ന് വളരെ മോഹിച്ചിരുന്നു!
കേരളജനതയെ വാക്കുകള്‍ കൊണ്ടു മോഹിപ്പിച്ച സുകുമാര്‍ മാഷിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ !
സമയോചിതമായ ലേഖനം !
സസ്നേഹം,
അനു

വീ കെ പറഞ്ഞു...

അഴീക്കോടൻ മാഷിനു തുല്യം അഴീക്കോടൻ മാഷു മാത്രം.
അനർഗ്ഗളം ഒഴുകിയിരുന്ന ആ കൂരമ്പുകൾ ഇനി ആരുടേയും ഉറക്കം കെടുത്തില്ല. മനുഷ്യമനസ്സുകളിൽ നിറഞ്ഞു നിന്നിരുന്ന ആ വാക്ധോരണി വിട പറഞ്ഞു. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അവസരോചിതമായി ഓര്‍മ്മിക്കുകയും കുറിക്കുകയും ചെയ്ത ഈ ഓര്‍മ്മക്കുറിപ്പും വാക്കും ആ മഹത് വ്യക്തിത്വത്തിനുള്ള ആദരവായും ആ ആത്മാവിനുള്ള പ്രാര്‍ത്ഥനയായും മാറുന്നു.അതില്‍ പങ്കുചേരുന്നു.
ഈ സദുദ്യമത്തിന് അഭിനന്ദനങ്ങള്‍ .

Sukanya പറഞ്ഞു...

മഹാനായ ശ്രീ അഴീക്കോട് സാറിന് നല്ല ഒരു സമര്‍പ്പണം ചെയ്തതിനു അഭിനന്ദനങ്ങള്‍. നമ്മുടെയൊക്കെ മനസ്സില്‍ അദ്ദേഹത്തിനു മരണമില്ല.

കൈതപ്പുഴ പറഞ്ഞു...

കേരളത്തിന്റെ സാംസ്കാരിക മനസാക്ഷി എന്ന് വിശേഷിപ്പിക്കാവുന്ന
അഴീക്കോട് മാഷിനു സ്നേഹ പ്രണാമം - അളിയന്റെ ലേഖനം അവസരോചിതമായി...നന്ദി...

Satheesan .Op പറഞ്ഞു...

മാഷിന് ആദരാജ്ഞലികള്‍...ഓര്മ പങ്കുവച്ചതിനു നന്ദി ..
ആശംസകള്‍

AFRICAN MALLU പറഞ്ഞു...

നല്ലോരനുസ്മരണം. ഓര്‍മകളും സ്വാനുഭവങ്ങളും ചിന്തകളും നിറഞ്ഞ മനോഹരമായ വാക്കുകളും താളവും ഉള്ളത് .
പക്ഷെ ഇത്ര പെട്ടെന്ന് ഈ പോസ്റ്റ്‌ ഇട്ടതു കൊണ്ട് ചോദിക്കട്ടെ ഈ പത്രക്കാര് മരിക്കാന്‍ കിടക്കുന്നവരുടെ അനുസ്മരണങ്ങള്‍ നേരത്തെ എഴുതി വയ്ക്കും എന്ന് പറയുന്നത് ശരിക്കും ഉള്ളതാണോ ഭായി ...

Shukoor പറഞ്ഞു...

അഴീക്കോട് മാഷിനെപ്പറ്റി വളരെ ഹൃദ്യമായൊരു ഓര്‍മ. സംഭവ ബഹുലമായ ആ ജീവിതത്തില്‍ നിന്നും ഒരു അദ്ധ്യായമെങ്കിലും പറഞ്ഞതിന് നന്ദി.
അദ്ദേഹത്തിന് ആദരാജ്ഞലികള്‍.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@മല്ലു :ചോദിച്ചത് കൊണ്ട് പറയാം ..പത്രങ്ങളില്‍ എല്ലാ മേഖലയിലെയും പ്രശസ്തരെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുടെ ശേഖരം ഉണ്ട്.അത് അത്യാവശ്യമാണെന്ന് അറിയാമല്ലോ.ഈ കുറിപ്പ് പൂര്‍ണ്ണമായും അരമണിക്കൂര്‍ മുന്‍പ് എന്റെ ഓര്‍മ്മയില്‍ നിന്ന് പകര്‍ത്തിയതാണ് ,ഈ ഫയലുകള്‍ അവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് :)സംശയം മാറിക്കാണും എന്ന് വിശ്വസിക്കുന്നു.

Kalavallabhan പറഞ്ഞു...

വാക്കുകൾ തൻ രൂപം പൊലിയുകില്ലൊരിക്കലും
അക്ഷരമായ്ക്കൈരളിയിൽ നിലകൊള്ളുമെന്നും

kochumol(കുങ്കുമം) പറഞ്ഞു...

അക്ഷരങ്ങളുടെ രാജാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
മനസ്സില്‍ തട്ടുന്ന എഴുത്ത് ...അനുഭവങ്ങള്‍ പങ്കുവച്ച രമേശേട്ടന് ഹൃദയം നിറഞ്ഞ നന്ദി ട്ടോ ..

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

എനിക്ക് പറയാന്‍ ഉള്ളത് ഈ ലിങ്കില്‍ ഉണ്ട്

http://grkaviyoor.blogspot.com/2012/01/blog-post_24.html

മന്‍സൂര്‍ ചെറുവാടി പറഞ്ഞു...

ആദരാജ്ഞലികള്‍.

SHANAVAS പറഞ്ഞു...

അക്ഷരങ്ങളുടെയും വാക്കുകളുടെയും തമ്പുരാന് യോജിച്ച ഒരു പോസ്റ്റ്‌..ആ സാഗര ഗര്‍ജനം നിലച്ചു എങ്കിലും അത് ഉണര്‍ത്തി വിട്ട അലകള്‍ എന്നും മലയാളിയുടെ ചിന്താമണ്ഡലത്തെ ഇളക്കി കൊണ്ടിരിക്കും...ഇനി ഈ സമൂഹത്തെ നേര്‍ക്കാക്കാന്‍ കെല്‍പ്പുള്ള ഒരാള്‍ എന്ന് അവതരിക്കും??? താങ്കളുടെ ഈ ചോദ്യം വളരെ പ്രസക്തമാണ്..

Hashiq പറഞ്ഞു...

ആദരാജ്ഞലികള്‍. ഈ അനുസ്മരണം നന്നായി .......

നാമൂസ് പറഞ്ഞു...

അടക്കാത്ത കണ്ണുമായി സമൂഹത്തില്‍ ഉണര്ന്നിര്‍ക്കയായിരുന്നു അഴീക്കോട്. മാഷിന്റെ വിയോഗത്തില്‍ നാടിന്റെ ദു:ഖത്തില്‍ ഞാനും കൂടുന്നു.

Nassar Ambazhekel പറഞ്ഞു...

നമ്മുടെ സാംസ്കാരിക മണ്ഡലത്തിലെ നൃശംസതകൾക്കെതിരെ ചുഴറ്റിയ ഒരു ചൂരൽവടിയായിരുന്നു‌ മാഷിന്റെ വാക്കുകൾ. അദ്ദേഹത്തിനായി സമർപ്പിയ്ക്കപ്പെട്ട ഉചിതമായ സ്മരണാഞ്ജലിയായി ഈ ലേഖനം.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല ലേഖനം. അഴീക്കോടു മാഷിന്‍റ വേര്‍പാട് ഒരു തീരാ നഷ്ടം തന്നെയാണ്

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ഹൃദ്യമായ അനുസ്മരണം രമേഷേട്ടാ. ആദരാഞ്ജലികള്‍

Pradeep Kumar പറഞ്ഞു...

ശാന്തമായി വീശിത്തുടങ്ങി അനന്തരം ശക്തി പ്രാപിച്ച് കേള്‍വിക്കാരുടെ ധമനികളില്‍ ഊര്‍ജ്ജ പ്രവാഹം നിറയ്ക്കുന്ന ആ അത്ഭുത പ്രവാഹം ശ്രവിക്കാന്‍ പല തവണ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.... വിജയന്‍ മാഷേയും അഴീക്കോടിനേയും ശ്രവിക്കുക എന്നത് വേറിട്ട അനുഭവമാണ്.... നാമ്മെ കീഴ്പ്പെടുത്തുന്ന ഒരു മാന്ത്രികക്കുരുക്ക് ഈ രണ്ടു പേരുടെയും പ്രസംഗകലയുടെ സവിശേഷതയായിരുന്നു...

വിജയന്‍ മാഷ് നേരത്തെ പോയി . ഇപ്പോഴിതാ അഴീക്കോടു മാഷും...

രമേഷ് സാര്‍ പറഞ്ഞതുപോലെ -"നങ്കൂരങ്ങള്‍ നഷ്ടപ്പെട്ടലയുന്ന മലയാളിയുടെ സാംസ്കാരിക ചിന്താ യാനങ്ങളെ നന്മയുടെ തീരങ്ങളിലേക്ക് അടുപ്പിക്കാന്‍ കൊടുങ്കാറ്റിന്റെയെന്നല്ല മന്ദമാരുതന്റെയെങ്കിലും ശക്തി പകരാന്‍ കഴിയുന്ന മറ്റൊരു വാക്ക് ഇനി ആരുടെതാണ് ?"

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

ആദരാജ്ഞലികള്‍.
മാഷിന്റെ പ്രസംഗം രണ്ടു തവണ മാത്രമേ നേരില്‍ കേട്ടിട്ടുള്ളൂ .. ഒന്ന് ഒരു ഗ്രന്ഥ ശാലയുടെ വാര്‍ഷികമായിരുന്നു
അന്ന് മാഷിനെ വേദിയില്‍ ഇരുത്തി സ്വാഗത പ്രസംഗകന്‍ അലങ്കരിച്ച സ്ഥാനങ്ങളും ലഭിച്ച അംഗീകാരങ്ങളും എല്ലാം ചേര്‍ത്തു അദ്ദേഹത്തെ സ്വാഗതം ചെയ്ത് അഭിമാനത്തോടെ ഇരിക്കുമ്പോള്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങിനെയായിരുന്നു.
ഒരു ഗ്രന്ഥശാലയില്‍ ഇത്രയധികം പരിചയപ്പെടുത്തല്‍ വേണ്ടി വരുന്ന ഒരു സുകുമാര്‍ അഴീകോടിനെ മുഖ്യാധിതിയായി
ക്ഷണിച്ചതിന്റെ ഔചിത്യം ആലോചിച്ചിട്ട് ......"
ഭയമേതുമില്ലാതെ തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ മലയാളത്തില്‍ ഇനി ആര് ?

പട്ടേപ്പാടം റാംജി പറഞ്ഞു...

വാക്കുകള്‍ വാളാക്കിയ മാഷിന് ആദരാഞ്ജലികള്‍.

നാരദന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍ ..........
ചിലതെങ്കിലും അതിന്റേതായ പ്രാധാന്യത്തോടെ ഓര്‍ക്കുന്നത് ആളുടെ മരണ ശേഷമാണ്

വി.എ || V.A പറഞ്ഞു...

ഈ വലിയ മനുഷ്യന്റെ, വാക്കുകൾകൊണ്ട് എന്തിനേയും, എവിടേയും ജ്വലിപ്പിക്കുന്ന അതികായന്റെ വേർപാട് എക്കാലത്തേയും നഷ്ടംതന്നെ. ഈയവസരത്തിൽ, ഓർമ്മക്കുറിപ്പോടെയുള്ള താങ്കളുടെ അനുസ്മരണാഞ്ജലികളുടെ കൂടെ എന്റെയും അഞ്ജലീപുഷ്പങ്ങൾ അർപ്പിക്കുന്നു.....

അലി പറഞ്ഞു...

മലയാളത്തിന് ഒരു തീരാ നഷ്ടം തന്നെ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല വിവരണം
ആദരാജ്ഞലികള്‍.

khaadu.. പറഞ്ഞു...

മാഷ്‌ അഹങ്കാരിയാണെന്ന് ചിലര്‍... അല്ലെന്നു ചിലര്‍... മാഷിനെ അന്ഗീകരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇന്നത്തെ ദിവസം നഷ്ടതിന്റെതാണ്... തീരാ നഷ്ടത്തിന്റെത്...
മാഷിന് ആദരാഞ്ജലികള്‍

നല്ല ലേഖനം...

Samad Karadan പറഞ്ഞു...

ആദരാജ്ഞലികള്‍. ഈ അനുസ്മരണം നന്നായി...

Ismail Chemmad പറഞ്ഞു...

മാഷിനു ആദരാഞ്ജലികള്‍ .
ഹൃദ്യമായ് ഈ പോസ്റ്റ്‌. . ചില കാര്യങ്ങളില്‍ ആവശ്യമില്ലാതെ ഇടപെടുന്ന മാഷിന്റെ ചില പ്രതികരണങ്ങളില്‍ വിയോജിപ്പുടായിരുന്നെന്കിലും ഈ വേര്‍പാട് കേരളത്തിനു തീരാനഷ്ടം തന്നെയാണ്. മാത്രമല്ല, ആ വിടവ് ന്കത്താനുള്ള മറ്റൊരു മുഖം നമുക്കില്ലതാനും

വര്‍ഷിണി* വിനോദിനി പറഞ്ഞു...

മാഷിന് ആദരാജ്ഞലികള്‍...!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

പ്രസംഗ കലയുടെ ആചാര്യന് ആദരാജ്ഞലികള്‍...

Fousia R പറഞ്ഞു...

സാഗരഗര്‍ജ്ജനം-അങ്ങിനായിരുന്നു ബഷീര്‍ അഴീക്കോട് മാഷിന്റെ പ്രഭാഷണത്തെപ്പറ്റി പറഞ്ഞിരുന്നത്, നിലച്ചിരിക്കുന്നു.
മാഷിനു ആദരാഞ്ജലികള്‍.

കലി (veejyots) പറഞ്ഞു...

ക്ഷുഭിത ശബ്ദ സാഗരം ഇനി ശാന്തം ... നല്ല വിവരണം ... ആ മഹാനുഭാവന് ആദരാജ്ഞലികള്‍ ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ലളിതമായതും അവസരോചിതമായതുമായ ഓര്‍മക്കുറിപ്പ്‌ , ഹൃദയത്തില്‍ തൊടുന്നതായി രമേശ്‌..... , പ്രിയപ്പെട്ട അഴീക്കോട് മാഷിന് ആദരാഞ്ജലികള്‍ ...!

P V Ariel പറഞ്ഞു...

അങ്ങനെ ഒരു പ്രതിഭാധനന്‍ കൂടി നമ്മെ വിട്ടു കടന്നു പോയി.

ഞങ്ങളുടെ ആദരാജ്ഞലികള്‍.

വാക്കുകള്‍ കൊണ്ട് മുഖം നോക്കാതെ, അതാരായാല്‍ തന്നെയും

പ്രതികരിക്കുന്ന ആ വ്യക്തി വൈശിഷ്ട്യം അവര്‍ണ്ണനീയം തന്നെ.

രമേശ്‌ അരൂരിന്റെ അനുഭവക്കുറി പ്പുകള്‍ അത് തന്നെയാണല്ലോ പറയുന്നതും.

പാവം കുറുപ്പ് സാറിനു പറ്റിയ അമളിയെ! അത് പലര്‍ക്കും ഒരു പാഠം ആയിക്കാണും എന്നതിനു സംശയം ഇല്ല.

ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യാ ടുഡേ മലയാളം അദ്ധേഹത്തെ ക്കുറിച്ചെഴുതിയ ഒരു സചിത്ര ലേഖനവും അതിനു ഞാന്‍ അയച്ചു കൊടുത്ത പ്രതികരണവും അവര്‍ പ്രസിദ്ധീകരിച്ചു കണ്ടു, അദ്ധേഹത്തിന്റെ വിയോഗ വാര്‍ത്ത രെമേഷിലൂടെ അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നത് ആ ലേഖനവും അതിനുള്ള എന്റെ പ്രതികരണക്കുറിപ്പും ആയിരുന്നു. അവര്‍ അത് പ്രത്യേക ബോക്സ്‌ കോളത്തില്‍ ചേര്‍ത്തു. ആ കുറിപ്പുകള്‍ ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച നിരവധി കത്തുകളില്‍ എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ച ഒന്നായിരുന്നു എന്നെഴുതുന്നതില്‍ അത്യധികം സന്തോഷം ഉണ്ട്.

അദ്ധേഹത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ വീണ്ടും ഇവിടെ പ്രതീക്ഷിക്കുന്നു. ഒപ്പം ആ മഹാനില്‍ നിന്നും പ്രോല്‍സാഹനതിന്റെ തലോടല്‍ ഏല്‍ക്കാന്‍ കഴിഞ്ഞ രേമെഷും അഭിനന്ദനം അര്ഷിക്കുന്നു. ഈ ഓര്‍മ്മക്കുറിപ്പിനും നന്ദി.

മലയാള മണ്ണി നു മുഖം നോക്കാതെ ഉള്ളത് പറയുന്ന ഒരാള്‍ കൂടി നഷ്ടമായതില്‍ അതിയായി ദുഖിക്കുന്നു. കുടുംബാങ്ങളെ ഞങ്ങളുടെ അകൈതവമായ അനുശോ ചനം അറിയിക്കുന്നു.

രേമേഷിന്റെ വാക്കുകള്‍ വീണ്ടും കുറിക്കട്ടെ. അര നൂറ്റാണ്ടിലധികം കേരളീയ സമൂഹത്തോട് നിരന്തരമായി സംവദിച്ചിട്ടും അദ്ദേഹത്തിന്‍റെ വാക്കുകളെ വിരസതയുടെ പൂപ്പല്‍ ഒരിക്കല്‍ പോലും ആക്രമിക്കാതിരുന്നത് .ആശയ സംഘര്‍ഷങ്ങളുടെ തീക്കനല്‍ ചൂടില്‍ ഉരുകി വിയര്‍ത്തവരെല്ലാം ആശ്വാസത്തോടെ കൊള്ളാന്‍ കൊതിച്ച ഒരു കൊടുങ്കാറ്റായിരുന്നു ആ വാക്കുകള്‍. .

ഏരിയല്‍ ഫിലിപ്പ്

സിക്കന്ത്രാബാദ്

രമേശ്‌ അരൂര്‍ പറഞ്ഞു...

മാഷിനു സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെയെത്തിയ എല്ലാ പ്രിയ മിത്രങ്ങള്‍ക്കും, രണ്ടു വാക്ക് എഴുതിയവര്‍ക്കും നന്ദി ..നന്ദി ..

elayoden പറഞ്ഞു...

രമേഷ്ജി,

അഴീക്കോട് മാഷിനെ അടുത്തറിഞ്ഞ താങ്കളുടെ അവസരോചിതമായ അനുസ്മരണം. അധാര്‍മ്മികതക്കെതിരെ ഇടതും വലതു നോക്കാതെയുള്ള പ്രതികരിക്കുന്ന മാഷിന്റെ വിടവ് നികത്താനാവത്തതാകുന്നു. സുഹൃത്തായ കുറുപ്പിന്റെ അനവസരത്തിലെ ദീര്‍ഘ സ്വഗത പ്രസംഗത്തെ പോലും സരസമായി വിമര്‍ശിച്ച മാഷിന്റെ വിടവ് കേരളത്തിനു താങ്ങാനാവില്ല.

" സ്വാഗത പ്രാസംഗികനായ ശ്രീ കുറുപ്പ് എന്റെ ആത്മ മിത്രമാണ് . അദ്ദേഹം വിളിച്ചത് കൊണ്ട് കൂടിയാണ് ഈ യോഗത്തിനു ഞാന്‍ വന്നത് ,പക്ഷെ ഇത് പോലൊരു സ്വാഗത പ്രസംഗം അദ്ദേഹം നടത്തും എന്നറിഞ്ഞിരുന്നു എങ്കില്‍ ഈ ചേര്‍ത്തല താലൂക്കിലേക്ക് പോലും ഞാന്‍ കാലു കുത്തില്ലാ യിരുന്നു ,
കാരണം അരസികന്മാരും കാല്‍ക്കാശിനു സാമാന്യ ബോധം ഇല്ലാത്തവരുമായ സ്വാഗത പ്രാസംഗികരുടെ വിടുവായിത്തം കേട്ട് കേട്ട് ആയുസ ക്ഷയിച്ചു പോയ ഒരു ഹത ഭാഗ്യനാണ് ഞാന്‍ .."

കേരളത്തിന്റെ തിരുത്തല്‍ ശക്തിയായ മാഷിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്.......

anju പറഞ്ഞു...

അപ്രിയസത്യം പറയരുതെന്നാണ്, എന്നാലും അഴീക്കോട് മാഷിന്റെ കാര്യമായത് കൊണ്ട് പറയണം. മലയാളികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന മരണമാണ് അഴീക്കോടിന്റേത്. ദിവസങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ അനുശോചന സന്ദേശങ്ങളും എഡിറ്റോറിയലുകളും വിഷ്വല്‍ സ്‌റ്റോറികളും പ്രൊഫൈലുകളും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. നമുക്കദ്ദേഹം എത്ര സമയം തന്നു;ചിന്തിക്കാന്‍,എഴുതാന്‍,എന്താണ് പറയേണ്ടതെന്ന് പഠിക്കാന്‍. അദ്ദേഹത്തിന്റെ കാര്യത്തില്‍ തെറ്റ് പറ്റരുതെന്ന് നിര്‍ബന്ധമുള്ളത് പോലെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.....

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഇനി മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്‍ജിക്കപ്പെടാത്ത മൌനം അനന്തമായി പെയ്യും .
:( :(

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

അടുത്തറിഞ്ഞതുകൊണ്ടായില്ലല്ലോ ആ അനുഭവങ്ങൾ ഇത്ര ഹ്യദയസ്പർശിയായി ഇവിടെ പങ്കുവച്ച അരൂരിനു നന്ദി പറയാതെ വയ്യ.!
ആ മഹാ പ്രതിഭക്കു മുന്നിൽ അരൂർ സമർപ്പിച്ച ഈ പുഷ്പചക്രത്തോടൊപ്പം ഈ എളിയവനും ഒരുപിടി മിഴിനീർപൂക്കൾ അർപ്പിച്ചുകൊള്ളട്ടെ..!

Sandeep.A.K പറഞ്ഞു...

കേരളത്തെ ഒരു തറവാടായി കാണുകയാണെങ്കില്‍ അവിടത്തെ വല്ല്യ കാരണവരെയാണ് നമുക്ക് നഷ്ടമായത്...

അല്ലെങ്കില്‍
ഒരു സ്ക്കൂളിനോട് ഉപമിച്ചാല്‍ , ആരെങ്കിലും തെറ്റു ചെയ്‌താല്‍ ശാസിച്ചു നേര്‍ വഴിക്ക് നടത്തുന്ന ഒരു ഹെഡ്മാസ്റ്ററായാണ് പലപ്പോഴും അഴീക്കോട്‌ മാഷിനെ എനിക്ക് തോന്നിയിട്ടുള്ളത്...

സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കേട്ട്, അറിഞ്ഞു ഉള്ളില്‍ എന്നും ആദരവോടെ ഞാന്‍ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം.. അദ്ദേഹം മരിച്ചു എന്നതില്‍ എല്ലാവരും കാണിക്കുന്ന സങ്കടമൊന്നും എനിക്കില്ല...
അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യാനുള്ളത് കുറെയധികം ചെയ്തു കഴിഞ്ഞു.. ഇനി വിശ്രമിക്കട്ടെ.. നിത്യവിശ്രമത്തിലേക്കുള്ള യാത്രയ്ക്കായ്‌ മനസ്സു കൊണ്ടു വിട ചൊല്ലുന്നു ഞാനുമീ അവസരത്തില്‍ ...

(എഴുത്തില്‍ പൊതുവേ മടിയനായ രമേശേട്ടന്‍ പേനയെടുക്കണമെങ്കില്‍ ആരെങ്കിലും മരിക്കണം എന്നാണോ...?? :) വിജയന്‍ മാഷ്‌ അനുസ്മരണം വായിച്ച ഓര്‍മ്മയില്‍ പറഞ്ഞതാണ് ട്ടോ... )

രമേശ്‌ അരൂര്‍ പറഞ്ഞു...

ശരിയാണ് സന്ദീപ്‌ ഞാനിപ്പോള്‍ ചരമക്കോളം എഴുതുന്ന ആളായി മാറിഎന്ന് ഇതെഴുതുമ്പോള്‍ ഓര്‍മ്മിച്ചതാണ് ,പക്ഷെ അതെഴുതുന്നതാണ് മറ്റുള്ളവയെക്കാള്‍ ഏറെ പ്രയാസകരം ..മരണത്തിനപ്പുറം മരിക്കുന്ന ആള്‍ക്ക് വേണ്ടി നമുക്ക് ഒന്നും ചെയ്തുകൊടുക്കാന്‍ ആവില്ലല്ലോ .ആ അനിവാര്യതയ്ക്കു മുന്നില്‍ പേന എടുത്തു പോയതാണ് ..

Mohiyudheen MP പറഞ്ഞു...

അഴീക്കോടിനെ കുറിച്ചുള്ള ഈ ഒാര്‍മ്മക്കുറിപ്പ്‌ വളരെ നന്നായി. അദ്ദേഹത്തിന്‌റെ വിയോഗം സാംസ്കാരിക കേരളത്തിനും പ്രതികരിണ ശേഷിയുള്ളവര്‍ക്കും വലിയ നഷ്ടം തന്നെയാണ്‌.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആദരാഞ്ജലികള്‍ !

Manoraj പറഞ്ഞു...

നല്ല ലേഖനം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ത്തമാ‍നം പത്രത്തിന്റെ എറണാകുളം എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തെ ഞാന്‍ കണ്ടതെന്ന് ഓര്‍മ്മ. അന്ന് ആ വാഗ്ദോരണിയില്‍ ലയിച്ച് ഇരുന്നുപോയിട്ടുണ്ട്.
ആദരാഞ്ജലികള്‍

സഹയാത്രികന്‍ I majeedalloor പറഞ്ഞു...

ആദരാഞ്ജലികള്‍...

Jefu Jailaf പറഞ്ഞു...

അവസരോചിതമായ നല്ല ലേഖനം. അഴീക്കോട്‌ മാഷിനു ആദരാഞ്ജലികള്‍

ഓക്കേ കോട്ടക്കല്‍ പറഞ്ഞു...

ഈ ഓര്‍മ്മക്കുറിപ്പ്‌ മാഷിന്റെ ജ്വലിക്കുന്ന ഓര്‍മകളുടെ മുഴക്കമായി....

Pradeep paima പറഞ്ഞു...

ആദരാഞ്ജലികള്‍

V P Gangadharan, Sydney പറഞ്ഞു...

സുകുമാരന്‍ മാഷെ നിര്‍വചിക്കാന്‍ അഴീക്കോടന്‍ എന്ന നാമം മാത്രം മതി.
വിദ്യാസമ്പന്നനായ ആ ഗുരുഭൂതന്റെ കാലടികള്‍ പതിഞ്ഞ കേരളത്തിന്റെ രോമാഞ്ചത്തിനുള്ള വിശേഷണപദവും അഴീക്കോടന്‍ എന്നുതന്നെ!

ഗുരോ, അങ്ങയ്ക്ക്‌ കേരളജനതയുടെ പ്രണാമം!

കൊമ്പന്‍ പറഞ്ഞു...

മലയാളിയുടെ തീരാ നഷ്ടം ആണ് ഈ വിയോഗം ആ മഹാനുഭാവന് ആദരാന്ജലികള്‍

മുല്ല പറഞ്ഞു...

ആദരാഞ്ജലികള്‍..

VANIYATHAN പറഞ്ഞു...

മലയാളിക്ക്‌ ഒരേ ഒരു സുകുമാർ അഴീക്കോട്‌ മാത്രമേ നാളിതുവരെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് നമുക്ക്‌ ആ മഹാനുഭാവൻ നഷ്ടമായി, ഈ നൂറ്റാണ്ടിൽ നമക്കുണ്ടായ ഏറ്റവും വലിയ ദു:ഖവും ഇതുതന്നെ. മലയാളി ഉള്ളകാലത്തോളം അദ്ദേഹത്തിന്റെ ഓർമ്മയും നിലനിൽക്കും. ആ മഹാനുഭാവനു് എന്റെ ആദരാഞ്ജലികൾ.

faisalbabu പറഞ്ഞു...

ചിലരൊക്കെ സൂചിപ്പിച്ച പോലെ കേവലം ഒരു അനുസ്മരണ കുറിപ്പ്‌ മാത്രമായി കാണാന്‍ എനിക്ക് കഴിയുന്നില്ല,അദ്ദേഹവുമായി ലേഖകനുള്ള വ്യക്തിപരമായ അടുപ്പവും ,ഇഷട്ട പെട്ടവരുടെ വിയോഗം തീര്‍ക്കുന്ന വേദനയും ഈ കുറിപ്പില്‍ ഉണ്ട് ..നഷ്ടപ്പെട്ടവര്‍ക്കെ വേദനയുടെ തീവ്രത അറിയൂ എന്നാണല്ലോ

വേണുഗോപാല്‍ പറഞ്ഞു...

പിന്നിട്ട അനുഭവങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് ഇവിടെ പകര്‍ത്തിയെഴുതിയ ഈ ലേഖനം അഴിക്കോട്‌ സാറിനു നല്‍കാന്‍ കഴിഞ്ഞ നല്ലൊരു സമര്‍പ്പണം ആയി .
വേദിയൊഴിഞ്ഞ ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ എളിയവന്റെ പ്രണാമം

ഇഗ്ഗോയ് /iggooy പറഞ്ഞു...

മരണംകൊണ്ട് മാത്രം മഹാനായ ഒരാളല്ലായിരുന്നു അഴീക്കോട് മാഷ്.
നമുക്കിഷ്ടമായാലും ഇല്ലെങ്കിലും വിയോജിപ്പുകള്‍ കൊണ്ട് തല ഉയര്‍ത്തി നിന്ന മനുഷ്യന്‍.
ആദരവോടെ

moideen angadimugar പറഞ്ഞു...

സത്യമെപ്പോഴും മൂടിവെയ്ക്കാൻ ശ്രമിക്കുന്നവരുടെ ലോകത്ത് അത് സധൈര്യം വിളിച്ച് പറഞ്ഞു നടന്ന മഹാൻ.പകരം വെയ്ക്കാനാളില്ലാത്ത ഈ മഹാന്റെ വേദനിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ.

മണ്ടൂസന്‍ പറഞ്ഞു...

"പറയുന്ന ആളും കേള്‍ക്കുന്നവരും തമ്മിലുള്ള അകലവും അന്തരവും ഇല്ലതെയാകുമ്പോളാണ് നല്ല പ്രസംഗം ഉണ്ടാക്കുന്നത്"

ഞാനിപ്പഴാ വായിക്കുന്നേ. സോറി ട്ടോ, ഒന്നോടിച്ച് വായിച്ചേയുള്ളൂ. വിശദമായി പിന്നെ വായിക്കാം ട്ടോ ആശംസകൾ. അപ്പൊ ഇയ്ക്കേറ്റവും ഇഷ്ടായ വാചകം ഞാനിങ്ങ് കോപ്പീതു. ആശംസകൾ.

Jinto Perumpadavom പറഞ്ഞു...

ആദരാജ്ഞലികള്‍ .....

kochu Babu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
എ പി കൊച്ചുബാബുവിന്റെ കുറിപ്പുകള്‍ പറഞ്ഞു...

മലയാള
മണ്ണില്‍
പിറന്നു വീണ
ചുരുക്കം
ചില
പ്രതിഭാധനരില്‍
എന്തുകൊണ്ടും
മുന്‍
നിരയില്‍ തന്നെ
സ്ഥാനം പിടിച്ച
ഒരു പ്രഗല്‍ഭ
വാഗ്മിയായിരുന്നു
മാഷ്.
എന്റെ ആദരാജ്ഞലികള്‍
അനുസ്മരണക്കുറിപ്പിന്
നന്ദി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഞങ്ങളുടെയൊക്കെ മിത്രമായിരുന്ന പ്രിയ മാഷിന്
എന്റെ ആദരാജ്ഞലികള്‍....


വാക്കിന്റെ നിരന്തരമായ ആ കൊടുങ്കാറ്റില്‍ പെട്ട് അനീതിയുടെ ന്യായാസനങ്ങള്‍ ഇളകിയാടി...
വന്മരങ്ങള്‍ കട പുഴകി നിലം പൊത്തി...
ദന്ത ഗോപുരങ്ങള്‍ നടുങ്ങി വിറ കൊണ്ടു.

ഇനി ഇതെല്ലാം സാധിക്കുവാൻ ഞങ്ങളുടെ പ്രിയപ്പെട്ട മാഷിന് പകരം ആരാണ് അല്ലേ,എന്ന് ,എപ്പോൾ..?

നല്ലൊരു അനുസ്മരണകുറിപ്പായി കേട്ടൊ ഭായ്

sidheek Thozhiyoor പറഞ്ഞു...

കേരളീയ സമൂഹത്തിന്റെ മനസാക്ഷിയുടെ ശബ്ദമായി സിംഹഗർജ്ജനം നടത്തിയിരുന്ന; പതിറ്റാണ്ടുകളായി കേരളീയരുടെ അഭിപ്രായ രൂപവത്കരണത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ്വ്യക്തിത്വത്തിന്നുടമ, മലയാളിയുടെ മനസാക്ഷിയായി നിലകൊണ്ട സുകുമാര്‍ അഴീക്കോടിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാജ്ഞലികള്‍ ..

Mohammed Shaji പറഞ്ഞു...

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അഴീക്കോടിന്റെ സിംഹഗര്‍ജ്ജനം പല പരിവര്‍ത്തനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്..ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചാണ് ആ യുഗം തിരശീലക്കു പിന്നില്‍ മറഞ്ഞത്...മാഷിനു ആദരാഞ്ജലികള്‍ ..രമേശ്‌ മാഷിനു നന്ദിയും നേരുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രിയപ്പെട്ടവരെ ..
പ്രശസ്ത റഷ്യന്‍ കവി വ്ലാദിമിര്‍ മയകൊവ്സ്കിയുടെ ശവ കുടീരത്തിനരികില്‍ നിന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ എന്‍ വി കുറുപ്പ് സാര്‍ ഇങ്ങനെ പാടി ..
"ഇവിടെ നീ ഉറങ്ങുമ്പോഴും
നിന്‍ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു "
അഴീക്കോട് മാഷിനെ ക്കുറിച്ചും ഇങ്ങനെ പറയാം
ഇവിടെയങ്ങുറങ്ങുമ്പോഴും
ആ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു ..
അദ്ദേഹത്തിന്‍റെ ഉജ്ജ്വല പ്രഭാഷണങ്ങളുടെ ദീപ്ത സ്മരണകള്‍ അയവിറക്കിക്കൊണ്ട് ജന ലക്ഷങ്ങള്‍ അതാണു വിളിച്ചു പറയുന്നത് ..

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

അഴീക്കോട് മാഷ്‌ കേരളത്തിന്റെ മനസ്സായിരുന്നു ,നമ്മുടെയോരോരുത്തരുടെയും മന്സ്സീല് തോന്നിയത് അദ്ദേഹം വിളിച്ചു പറഞ്ഞു .ഓര്‍മ്മക്കുറിപ്പ്‌ വളരെ ഔചിത്യം നിറഞ്ഞ ഒരു യാത്രാമൊഴി ആയി ,ആ മഹാ പ്രഭാവന് ആദരപൂര്‍വ്വം വിട ..

റോസാപൂക്കള്‍ പറഞ്ഞു...

അഴീക്കോട് മാഷിനു ആദരാഞ്ജലികള്‍ .
ലേഖനം വളരെ നന്നായി

Sreejith kondottY പറഞ്ഞു...

അനുസ്മരണം അവസരോചിതമായി.. ബാഷ്പാഞ്ജലി..

ആചാര്യന്‍ പറഞ്ഞു...

ഞാന്‍ അറിയാന്‍ തുടങ്ങുമ്പോഴേ ഇഷ്ട്ടമുള്ള ഒരാള്‍ ആയിരുന്നു...ആദരാഞ്ജലികള്‍..മാഷിന്റെ കുറിപ്പ് വളരെ നന്നായി...സ്വാഗത പ്രസംഗകര്‍ പലരും കുരുപ്പിനെപ്പോലെ തന്നെ എല്ലാം മുഖത്ത് നോക്കി പറയാന്‍ ഇനി ഒരു അഴീക്കോട് മാഷ്‌ ഇല്ലല്ലോ....

കാന്താരി പറഞ്ഞു...

ആദരാജ്ഞലികള്‍.

Artof Wave പറഞ്ഞു...

വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്‌ .ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് !
അഴീകൊടിനെ അനുസ്മരിച്ച കുറിപ്പുകള്‍ വളരെ നന്നായി രമേഷ് ജി

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ഈ അനുസ്മരണ കുറിപ്പ്‌ വളരെ നന്നായി രമേശ്.
മാഷിനു ഒരുവട്ടം കൂടി ആദരാഞ്ജലികള്‍ .

Bhanu Kalarickal പറഞ്ഞു...

അഴിക്കോട് മാഷുടെ പ്രസംഗം ഉഗ്രന്‍ എന്നല്ലാതെ അദ്ദേഹം കേരളീയ സമൂഹത്തിനോ സാഹിത്യ ശാഖക്കോ എന്തു സംഭാവന ചെയ്തു എന്നു വിശദീകരിക്കാന്‍ മറ്റെല്ലാവരെയും പോലെ രമേശിനും കഴിയുന്നില്ല്യ. അത് രമേശിന്റെ കുറ്റമല്ല. അഴിക്കോട് മാഷുടെ കുറ്റമാണ്. എല്ലാവരും കൊട്ടിഘോഷിക്കുന്ന തത്വമസി ഞാന്‍ വായിച്ചിട്ടുണ്ട്. ഭാരതീയ തത്വചിന്തയുടെ ഒരു മൂലക്കല്ല് പൊന്തിക്കാന്‍ പോലും ആ കൃതിക്ക് ആയിട്ടില്ല്യ. വേദോപനിഷത്തുകള്‍ക്ക് ഒരു ആമുഖം എന്നു പോലും ആ കൃതിയെ പരാമര്‍ശിക്കാന്‍ ആവില്ല. ഇന്ദിരഗാന്ധിയുടെ അടിയന്തിരാവസ്ഥക്കെതിരെ മുരളുക പോലും ചെയ്യാതിരുന്ന സിംഹമാണ് അദ്ദേഹം. ഈ അടുത്ത കാലത്ത് ആര്‍ എസ് എസ്സിന് എതിരെ പ്രസംഗിക്കുന്നതിലൂടെയും സി പി ഐ എമ്മിലെ പിണറായി പക്ഷത്തിന്റെ ബുദ്ധി ആയി മാറുകയും ചെയ്തതാണ് പുതിയ പരിവേഷം അദ്ദേഹത്തിനു ലഭിക്കാന്‍ കാരണമായത്‌. അദ്ദേഹം അര്‍ഹിക്കുന്നതില്‍ കൂടുതല്‍ കിരീടങ്ങള്‍ അദ്ദേഹത്തിനു ചാര്ത്തികൊടുത്തു മലയാളി. അതാണ്‌ സത്യം.

രമേശ്‌ അരൂര്‍ പറഞ്ഞു...

ഭാനു വായനയ്ക്കും വ്യത്യസ്ത അഭിപ്രായത്തിനും നന്ദി ..ശ്രീ അഴീക്കോടിന്റെ തത്വമസിയെ കുറിച്ച് ഡോ.പി .വി .കൃഷ്ണന്‍നായര്‍ തയ്യാറാക്കിയ ലേഖനം ഇവിടെ ചേര്‍ക്കുന്നു. ഭാനുവിനും മറ്റു വായനക്കാര്‍ക്കും ചില സംശയങ്ങള്‍ തീര്‍ക്കാം .ചില പുതിയ സംശയങ്ങള്‍ ചോദിക്കുകയും ആവാം ..


തത്വമസി - ഡോ. അഴീക്കോടിന്റെ കീര്‍ത്തിസ്തംഭം
ഡോ. പി വി കൃഷ്ണന്‍നായര്‍
Posted on: 25-Jan-2012 12:16 AM (കടപ്പാട് :ദേശാഭിമാനി ഓണ്‍ ലൈന്‍ )
പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പ്രചോദനകേന്ദ്രങ്ങള്‍ പ്രധാനമായും മൂന്നാണ് - സാഹിത്യം, മഹാത്മാഗാന്ധി, ഉപനിഷത്ത്. അദ്ദേഹത്തിന് വികാരാനുഭൂതി നല്‍കിയത് സാഹിത്യവും, കര്‍മാനുഭൂതി നല്‍കിയത് ഗാന്ധിജിയുമാണെങ്കില്‍ , ആത്മീയാനുഭൂതിയുടെ വെളിച്ചം നല്‍കിയത് ഉപനിഷത്താണ്. സാഹിത്യത്തെക്കുറിച്ചാണ് അദ്ദേഹം ഏറെ എഴുതിയത്. ഏറ്റവും കുറച്ച് എഴുതിയത് ഉപനിഷത്തുകളെക്കുറിച്ചുമാണ്. എന്നാല്‍ , 1984ല്‍ രചിച്ച "തത്വമസി" എന്ന ഉപനിഷത് പഠനത്തിലൂടെ അഴീക്കോട് ഏറെ കീര്‍ത്തിമാനായി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും ഈ ഗ്രന്ഥത്തിന് ലഭിച്ചു. പുസ്തകത്തിന്റെ വളരെയേറ പതിപ്പുകള്‍ വിറ്റഴിഞ്ഞു. തന്റെ ഇരുപതാംവയസ്സില്‍ 1 രൂപ 4 അണ മാത്രം നല്‍കി വാങ്ങിയ നൂറ്റെട്ടുപനിഷത്തുക്കളുടെ തെരഞ്ഞെടുത്ത സമാഹാരം വായിച്ചതു മുതലുള്ള 40 കൊല്ലത്തെ ഇളവില്ലാത്ത ഉപനിഷല്‍ പ്രേമപൂജയുടെ പരിണതഫലമായിരുന്നു തത്വമസി. "എന്റെ ഒരു ചിരകാലാഭിലാഷത്തിന്റെ സാഫല്യം എന്നെ രൂപപ്പെടുത്തിയ അനശ്വര മഹിമാവാര്‍ന്ന ഒരു തത്വജ്ഞാനത്തിന്റെ നേരെ എന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അത്" എന്നാണ് ആ ഗ്രന്ഥത്തെക്കുറിച്ച് അഴീക്കോട് രേഖപ്പെടുത്തിയിട്ടുള്ളത്. എം ടി വാസുദേവന്‍ നായരുടെയും എന്‍ പി മുഹമ്മദിന്റെയും ശക്തമായ പ്രേരണയാലാണ് ക്ലാസിക് ബുക്ട്രസ്റ്റിനുവേണ്ടി അഴീക്കോട് നാലഞ്ച് മാസത്തിനകം അത് എഴുതി ത്തീര്‍ത്തത്. "ആത്മവിദ്യ"യുടെ പ്രവാചകനായ വാഗ്ഭടാനന്ദ ഗുരുദേവനാണ് "തത്വമസി" സുകുമാര്‍ അഴീക്കോട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഗ്രന്ഥം ഉപനിഷത്തുക്കളുടെ പഠനം മാത്രമല്ല, വേദത്തിന്റെയും ശങ്കരാചാര്യ ദര്‍ശനത്തിന്റെയും ആകെക്കൂടിയുള്ള ഒരു സിംഹാവലോകനംകൂടിയാണ്. ഈ ഗ്രന്ഥം സമര്‍ഥിക്കുന്നത് അഴീക്കോടിന്റെതന്നെ വാക്കുകളില്‍ ഇതാണ് -" വേദത്തില്‍നിന്ന് ഏറ്റവും കുത്തനെയുള്ള ഉയര്‍ച്ചയാണ് ഉപനിഷത്ത്. അതിന്റെ ആരോഹണനിരീക്ഷണങ്ങള്‍ മാത്രമാണ് ശങ്കരന്‍ ചെയ്തത്. ആ ഉയര്‍ച്ചയില്‍നിന്ന് വീണപ്പോഴെല്ലാം ഇന്ത്യക്ക് കടുത്ത പരിക്കുകള്‍ പറ്റി" സായണനും ആദിശങ്കരനും ഉപനിഷത്തുകള്‍ക്ക് ഭാഷ്യം രചിച്ചു. ഹ്യൂം, അരവിന്ദഘോഷ്, ഡോ. എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിസ്തരിച്ചു പഠനമെഴുതി. എന്നാല്‍ പോള്‍ ഡോയ്സന്‍ എന്ന പണ്ഡിതന്റെ നിരുപമ മാതൃകയെയാണ് ഡോ. അഴീക്കോട് പിന്തുടര്‍ന്നത്.

രമേശ്‌ അരൂര്‍ പറഞ്ഞു...

(തുടരുന്നു )
മൂന്ന് ഭാഗങ്ങളിലായി പ്രൊഫസര്‍ തന്റെ പഠനം പൂര്‍ത്തീകരിക്കുന്നു. ഇതില്‍ ഒന്നാം ഭാഗമാണ് ഉപനിഷത്തിന്റെ ശുദ്ധ ചൈതന്യത്തില്‍ പ്രകാശം ചൊരിയുന്നത്. എന്താണ് ഉപനിഷത്തെന്ന് വായനക്കാര്‍ മനസ്സിലാക്കുന്നത് ഇതിലെ ആറ് അധ്യായങ്ങളുടെ വായനയിലൂടെയാണ്. "ഉപനിഷത്തിന്റെ സന്ദേശം" എന്ന അധ്യായമാണ് ഈ ഗ്രന്ഥത്തിലെ മുന്തിയ ലേഖനം. പണ്ഡിതനായ നിത്യചൈതന്യയതിയും ഇത് സമ്മതിച്ചതാണ്. രണ്ടാംഭാഗം ഈശം മുതല്‍ ബൃഹദാരണ്യകംവരെയുള്ള 10 ഉപനിഷത്തുക്കളെക്കുറിച്ചുള്ള വിവരണവും പഠനവുമാണ്. മൂന്നാംഭാഗത്ത് ഡോ. അഴീക്കോട് വിവരിക്കുന്നത് ലോകം ഉപനിഷത്തുക്കളെ എങ്ങനെ കാണുന്നുവെന്നതാണ്. മാക്സ്മുള്ളര്‍ , ആനന്ദകുമാരസ്വാമി, ഡോയ്സണ്‍യേറ്റ്സ്, എമേഴ്സണ്‍ , വില്‍ഡുറന്ത്, ആര്‍ണോള്‍ഡ് ടോയന്‍ബി തുടങ്ങിയ നിരവധി മനീഷകളുടെ വചസ്സുകള്‍ പ്രൊഫസര്‍ക്ക് മാര്‍ഗദീപമാകുന്നുണ്ട്. പിന്നത്തെ ചോദ്യത്തെയും അദ്ദേഹം നേരിടുന്നു. നാളെയോ? നാളെ ഭാരതം ഉപനിഷത്തിന്ന് പ്രസക്തി കല്‍പ്പിക്കുമോ, തന്റെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ? നാളെ ലോകമോ? ഈ വിവേചനത്തിലാണ് അഴീക്കോടിലെ സാമൂഹ്യവിമര്‍ശകന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. സഹജമായ ശൈലിയില്‍ അഴീക്കോട് എഴുതുന്നു - "ചരാചരങ്ങളെല്ലാം ഒരേയൊരു സത്യത്തിന്റെ ഉദ്ഭേദങ്ങള്‍ മാത്രമാണെന്ന് വേദോപനിഷത്തുകള്‍ പാടിയതിന്റെ മാറ്റൊലി മാഞ്ഞുപോകുന്നതിനുമുമ്പേ ഇതേ പുരോഹിതസംസ്കാരം മനുഷ്യരെത്തമ്മില്‍ അകറ്റുന്ന അനന്തമായ ജാതിശൃംഖല നിര്‍മിച്ച് ഇന്ത്യയുടെ ആത്മാവിനെ ബന്ധിച്ച് സഹസ്രാബ്ദങ്ങളുടെ കാരാഗൃഹത്തില്‍ വലിച്ചെറിഞ്ഞു. അങ്ങനെ വേദത്തില്‍നിന്ന് നാം ഭേദത്തിലെത്തി. ഭേദവചനങ്ങളായി നമ്മുടെ വേദവചനങ്ങള്‍! യാഗധൂമവും ജാതിശൃംഖലയും വീണ്ടും പ്രബലങ്ങളാകാന്‍ ശ്രമം തുടരുന്ന ഈ അവസരത്തില്‍ , ഉപനിഷത്തിന്റെ നാളെയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുന്നതെങ്ങനെ? ഈ ഗ്രന്ഥത്തിന്റെ ഒരു മേന്മ ഇതില്‍ സാഹിത്യവും ദര്‍ശനവും സമന്വയിക്കുന്നു എന്നതാണ്. ഋഷിവാണിയോടൊപ്പം വാത്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും ടാഗോറിന്റെയും എന്തിന്ന് ആശാന്‍ , വള്ളത്തോള്‍ എന്നീ ഭാഷാകവികളുടെ വചസ്സുകളും നാം കേള്‍ക്കുന്നു. ഡോ. അഴീക്കോട് തത്ത്വശാസ്ത്രത്തെ മാനവീകരിക്കുകയും സമകാലീക പ്രസക്തിയുള്ളതാക്കി മാറ്റുകയും ചെയ്തു. വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും വഴിയിലൂടെയാണ് അദ്ദേഹം നടന്നത.് ഉപനിഷത്തുകള്‍ക്ക് സാമൂഹ്യതലത്തിലുള്ള പാഠാന്തരങ്ങള്‍ അദ്ദേഹം നല്‍കി. ഉപനിഷത്തുക്കളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനം അഴീക്കോടിന്റെ "തത്വമസി"യാണ്. ഒരു പണ്ഡിതന്റെ ഭാഷയില്‍ നമ്മുടെ പാരമ്പര്യത്തില്‍ ഊര്‍ജസ്വലതയുടെയും ജീര്‍ണതയുടെയും കാഴ്ചപ്പാടുകള്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുന്നുണ്ടെന്നും ഇവയില്‍ ത്യാജ്യഗ്രാഹ്യവിവേകത്തോടെയാണ് ഒരാധുനിക ചിന്തകന്‍ വ്യവഹരിക്കേണ്ടതെന്നും അവധാനപൂര്‍വം പര്യവേക്ഷണം നടത്തിയാല്‍ നമ്മുടെ സമകാലികാസ്തിത്വത്തെ അര്‍ഥപൂര്‍ണമാക്കാന്‍ കെല്‍പ്പുനല്‍കുന്ന ചില ഈടുവയ്പുകള്‍ പ്രാക്തനചിന്തയില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ള അചഞ്ചലമായ വിശ്വാസപ്രമാണത്തില്‍ നിന്നാണ് തത്വമസിപോലുള്ള മികച്ച ക്ലാസിക്കുകള്‍ പിറക്കുന്നത്. ഭാരതീയവും പാശ്ചാത്യവുമായ ചിന്തകള്‍ ഇതിലുണ്ട്. എന്നാല്‍ , സമബുദ്ധിയോടെ, ഉപപത്തികളോടെയാണ് ഡോ. അഴീക്കോട് അവയെ ഉപയോഗിച്ചിട്ടുള്ളത്. ശുഷ്കസിദ്ധാന്ത ചര്‍ച്ചകളല്ല, പ്രബുദ്ധമായ നവോത്ഥാനസ്വരമാണ് അഴീക്കോടിന്റെ ഈ കൃതിയില്‍ മുഴങ്ങുന്നത്. മലയാളത്തില്‍ ദാര്‍ശനികഗ്രന്ഥങ്ങള്‍ തുലോം വിരളമാണ്. നാലപ്പാട്ട് നാരായണമേനോന്റെ "ആര്‍ഷജ്ഞാന"ത്തിനുശേഷം മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഗ്രന്ഥമാണ് സുകുമാര്‍ അഴീക്കോടിന്റെ "തത്വമസി", പലേടത്തും കാവ്യാത്മകതയുടെ കനകനിചോളം ഈ ഗ്രന്ഥത്തെ മധുരമാക്കുന്നുണ്ട്. അതുപോലെ നവോത്ഥാനാശയങ്ങള്‍ ഈ കൃതിയെ ദീപ്തമാക്കുന്നുമുണ്ട്. ഭാവി-ഭൂതകാലത്തെ വിസ്മരിക്കാന്‍ ധൈര്യപ്പെടുന്നതുവരെ ഈ കൃതിയുടെ കീര്‍ത്തി കാലത്തിലൂടെ അലയടിക്കും.

Bhanu Kalarickal പറഞ്ഞു...

പിവി കൃഷ്ണന്‍ നായരുടെ ഈ ലേഖനവും ചെയ്യുന്നത് ദീപസ്തഭം മഹാശ്ചര്യം എന്നാണ്. അല്ലാതെ ഉപനിഷത്തുക്കളില്‍ എന്തൊക്കെ പറയുന്നു, അത് നമ്മുടെ ബോധതലത്തെ ജീവിതത്തെ എങ്ങനെ സ്പര്‍ശിക്കുന്നു, അത് ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യുന്നുണ്ടോ എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും ഇല്ല. തത്ത്വമസി വായിച്ചാലും ഈ പുക തന്നെയേ നിങ്ങള്ക്ക് ലഭിക്കു. വളരെ ആഴത്തിലുള്ള ഒരു പഠനം അദ്ദേഹം നടത്തിയിട്ടില്ല. പിവി കൃഷ്ണന്‍ നായര്‍ പറഞ്ഞതുപോലെ മാക്സ്മുള്ളര്‍ , ആനന്ദകുമാരസ്വാമി, ഡോയ്സണ്‍യേറ്റ്സ്, എമേഴ്സണ്‍ , വില്‍ഡുറന്ത്, ആര്‍ണോള്‍ഡ് ടോയന്‍ബി തുടങ്ങിയ വര്‍ എഴുതിവെച്ചതൊക്കെ വായിച്ചു അതിന്റെയെല്ലാം അവതാരിക പോലെ ഒരു പുസ്തകം അദ്ദേഹത്തിന്റെ മനോഹര ഭാഷയില്‍ എഴുതി. മാക്സ്മുള്ളര്‍ കൃതി മലയാളത്തിലാക്കി തത്ത്വമസി എന്ന പേരിട്ടാല്‍ ഉപനിഷത് പഠനം ആകുമോ എന്നാണ് വി കെ എന്‍ അക്കാലത്ത് അഴീക്കോടിനോട് ചോദിച്ചത്.
വേദോപനിഷത്തുക്കളെ പറ്റിയും ഇന്ത്യന്‍ തത്ത്വ ചിന്തയെ പറ്റിയും എന്തെങ്കിലും അറിയണമെന്ന് ആരെങ്കിലും ചോദിച്ചാല്‍, കെ ദാമോദരന്റെ ഭാരതീയ തത്വചിന്തയും ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതിയും ഡി ഡി കോസാമ്ബിയുടെ മിത്തും യാധാര്ത്യവും ഒക്കെ ആണ് ഞാന്‍ നിര്‍ദ്ദേശിക്കൂ. പിന്നെ മഹാനായ വള്ളത്തോളിന്റെ പദാനുപദ വിവര്‍ത്തനവും ഉണ്ട്. തത്ത്വമസി വായിച്ചു സമയം കളയരുതേ എന്നു മാത്രമേ ഞാന്‍ പറയു. :)

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

മാഷിന്റെ ഓർമ്മകളിലൂടെ ഒരു സഞ്ചാരം നടത്താൻ ഉപകരിച്ചു, കുറച്ചുകാര്യങ്ങൾ മനസ്സിലാക്കാനും. ആളും തരവും നോക്കാതെ ഉള്ളതു വിളിച്ചുപറയുന്ന സ്വഭാവം പലർക്കും ദഹിച്ചിരുന്നില്ലെന്നതു നേര്. പക്ഷേ പറാനുള്ളതു വിളിച്ചുപറയാൻ അദ്ദേഹം കാണിച്ച ആർജ്ജവം എല്ലാരും ഒരുപോലെ അംഗീകരിക്കുന്നുണ്ട്.

Salam പറഞ്ഞു...

വിജയന്‍ മാഷ് പോയി. ഇപ്പോഴിതാ അഴീക്കോടും. എങ്കിലും അവര്‍ പ്രസരിപ്പിച്ച വാക്കുകളുടെ വെളിച്ചം ഇവിടെ പരന്നു കിടക്കുക തന്നെ ചെയ്യും. നല്ല അനുസ്മരണം.

Echmukutty പറഞ്ഞു...

ആദരാഞ്ജലികൾ

Arif Zain പറഞ്ഞു...

ഒരു നല്ല അനുസ്മരണം

jayarajmurukkumpuzha പറഞ്ഞു...

aadharanjalikal............

Valsan anchampeedika Anchampeedika പറഞ്ഞു...

ഇനി മൌനസാഗരം.......

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

മാഷ്‌ അന്ന് വിജയാംബികയില്‍ നടത്തിയ പ്രസംഗം ഞാന്‍ ഓര്‍ക്കുന്നു .അദ്ദേഹം വെറും കയ്യോടെ വന്നു കയറി .വരുമ്പോള്‍ പാട്ട്നടക്കുകയാണ് .
മാഷ്‌ അവിടെ നിന്ന് തുടങ്ങി ...'ഇവിടെ ഒരു കവി ആകാശത്തിലെ നക്ഷത്രങ്ങളെ ഭൂമിയിലേക്ക്‌ ഇറക്കി കൊണ്ടുവന്നിരിക്കുന്നു .....,എന്ന് തുടങ്ങി
പിന്നൊരു പ്രസംഗ മാരിയായിരുന്നു.കുഞ്ചുവിനെയും നിന്നെയും പ്രശംസിച്ചു കൊണ്ടു തുടങ്ങിയ പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടു .അദേഹത്തിന്റെ
പ്രശംസക്കും പരാമര്‍ശതിനുംപാത്രമാകാന്‍ കഴിഞ്ഞത് നിങ്ങളുടെ പുണ്യം .

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

ഭാനു കളരിക്കലിന്റെ പരാമര്‍ശം ശരിയാണെന്ന് തത്വമസി വായിക്കുന്ന ആര്‍ക്കും തോന്നും .
ഈ അവസരത്തില്‍ അങ്ങനെ പറയേണ്ടി വന്നതില്‍ ദുഖമുണ്ട് .
അഴീക്കോട് വിമര്‍ശിക്കപ്പെടുന്നു എന്ന് ഒരു പുസ്തകമുണ്ടോ ?

ente lokam പറഞ്ഞു...

അനുസ്മരണവും അഭിപ്രായങ്ങളും വായിച്ചു..
വളരെ വിമര്ശിക്കപെടുമ്പോഴും അദ്ദേഹത്തിന്റെ
നല്ല വശങ്ങള്‍ മാത്രം ഇപ്പോള്‍ ഓര്‍കാന്‍ ആണ്‌ ഇഷ്ടം..
ആദരാഞ്ജലികള്‍...

c.v.thankappan,chullikattil.blogspot.com പറഞ്ഞു...

നല്ലൊരു അനുസ്മരണം.
ഓര്‍മ്മകള്‍ ഏറെയുണ്ട്.......
ആദരാഞ്ജലികള്‍,.

രമേശ്‌ അരൂര്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി ..
ഭാനുവിന്റെ വിശദമായ പ്രതികരണങ്ങള്‍ക്കും ഇടപെടലുകള്‍ക്കും പ്രത്യേക നന്ദി..

അനശ്വര പറഞ്ഞു...

വലിയ ആളുകളുടെ കൈയില്‍ നിന്ന് ലഭിക്കുന്ന ഒരു അംഗീകാരത്തിനെ ചിലപ്പോള്‍ ഒരു അവാര്‍ഡിനെക്കാള്‍ വില തോന്നിപ്പോകും.സത്യമാണാത്. അഴിക്കോടില്‍ നിന്ന് നേരിട്ട് ഒരു നല്ല വാക്ക് കേള്‍ക്കാനായല്ലൊ. ഭഗ്യവാനാ....നിങ്ങള്‍ ശരിക്കും ഭാഗ്യവാനാട്ടൊ. മാധവിക്കുട്ടി, അഴിക്കോട്....ഹ്മ്മ്...

Manef പറഞ്ഞു...

മാഷിനെ കുറിച്ച് നന്നായി പറഞ്ഞു. ധീരനായ ഒരു യോദ്ധാവിന്റെ വിയോഗം ആണ് മാഷിന്റെ വേര്‍പാടിലൂടെ കേരളത്തിനു സംഭവിച്ചത്.

ആശംസകള്‍!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍