2012, മാർച്ച് 26, തിങ്കളാഴ്‌ച

ജല ശയനം

കുന്നിന്‍ മുകളിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ളിലെ കൃത്രിമക്കടലില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ്  ഹരിശങ്കര്‍ എന്ന സോഫ്റ്റ്‌ വേര്‍ എന്‍ജിനീയര്‍ .
തലേന്ന് രാത്രി മുതല്‍ മോന്താന്‍ തുടങ്ങിയ വിസ്കിയുടെ ലഹരി ഇനിയും നുരഞ്ഞു തീര്‍ന്നിട്ടില്ല .
ഇപ്പോഴും അവശേഷിക്കുന്ന ഒരു വല്ലാത്ത തലവേദന അലിയിച്ചു കളയാന്‍ നീലക്കടലിലെ ഫ്ലോട്ടിംഗ് ടേബിളില്‍ വച്ചിരുന്ന മദ്യം ഒരു കവിള്‍ കൂടി കുടിച്ചിറക്കി ചിന്തകളുടെ ഓളപ്പരപ്പിലേക്ക് അയാള്‍ നീന്താന്‍ തുടങ്ങി .

തണുത്ത  ജലസ്പര്‍ശം എല്ക്കുംപോഴൊക്കെ സ്വര്‍ഗ്ഗവാതില്‍ തുറക്കുമ്പോലൊരു  അനുഭൂതിയാണ് !
അമ്മയുടെ ഗര്ഭപാത്രത്തിനുള്ളിലെ  പ്രളയ ജലത്തില്‍  മുങ്ങി സുഖ സുഷുപ്തിയില്‍ അമര്‍ന്ന കാലം മുതല്‍ തുടങ്ങിയതാവണം ജല കണങ്ങളുടെ സുഖദ  സ്പര്‍ശത്തോടുള്ള ഈ അഭിനിവേശം !

അതുമല്ലെങ്കില്‍ ബീജ ജലത്തിലെ ഊര്‍ജ്ജ പ്രവാഹത്തില്‍പ്പെട്ടു പരമാണുവായി നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ
ആത്മാവിലേക്ക്  ജല ചേതനയുടെ നീരുറവകള്‍ ശീതളിമയോടെ കിനിഞ്ഞിറങ്ങിയിരിക്കാം ..!
കൈക്കുഞ്ഞായിരിക്കേ കവുങ്ങിന്‍ പാളയില്‍ കിടത്തി എണ്ണയില്‍ ഉഴിഞ്ഞെടുത്ത ഇളം മേനിയിലേക്ക്  മണ്‍ കലത്തില്‍ നിന്നെടുത്ത തണുത്ത  വെള്ളം കുടയുമ്പോള്‍ വാവിട്ടു കരയുന്നതിനു പകരം കൈകാലുകള്‍ വീശി യെറിഞ്ഞും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും താന്‍ കുളി ആസ്വദിക്കുമായിരുന്നു എന്ന് കാളി മുത്തശി പറഞ്ഞത്  ഹരിശങ്കര്‍ ഓര്‍ത്തെടുത്തു .

കൈതപ്പുഴയോരത്തെ ചെറിയ ഓലപ്പുരയില്‍ ആയിരുന്നത്രേ താന്‍ ജനിക്കുന്നതിനു മുന്‍പ് അച്ഛനും അമ്മയും താമസിച്ചിരുന്നത് ..കാല്പനിക കഥകളിലെ നായികാ നായകന്മാരെ പോലെ അവര്‍ കൊതിച്ചു നേടിയ ജീവിതമൊന്നും ആയിരുന്നില്ല അത് .യൌവ്വനത്തിന്റെ തിളപ്പില്‍ സംഭവിച്ചു പോയ ഒരനിവാര്യമായ ഒരസംബന്ധം .നാണക്കേടിന്റെ നിറ വയറുമായി വീട്ടുകാര്‍ ഇറക്കിവിട്ട അമ്മ അച്ഛനെ തേടിപ്പിടിച്ചു നിര്‍ബ്ബന്ധ പൂര്‍വ്വം കൂടെക്കൂടുകയായിരുന്നു .ആര്‍ക്കും അഭിമാനിക്കാന്‍ ഒട്ടും വകയില്ലാതെ പോയ ആ ദശാസന്ധിയില്‍ അച്ഛനും ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് സമൃദ്ധികളുടെ തോരണങ്ങള്‍   പിന്നില്‍ ഉപേക്ഷിച്ച് ഇറങ്ങി പോരേണ്ടി വന്നു ..

ഗര്‍ഭ പാത്രത്തിലെ ഇരുളില്‍ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ പരാക്രമം കാട്ടിയ ഒരു രാത്രി..
വേദനയോടെ കരഞ്ഞ അമ്മയുടെ കണ്ണീര്‍ എന്നെയും പൊള്ളിച്ചിരുന്നു..! കായല്ക്കരയില്‍ നിന്നും  മണല്‍ തരികളെ ഞെരിച്ചുകൊണ്ട്  കൈതപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഒരു കൊച്ചു വള്ളം അര്‍ദ്ധമനസ്സോടെ ഊര്‍ന്നിറങ്ങി ..പുഴയ്ക്കക്കരെയാണ് ആശുപത്രി . ഇരുള്‍ പരത്തിയ അന്ധതയുടെ  അര്‍ത്ഥശൂന്യമായ നിഷ്പക്ഷത പോലെ  വള്ളപ്പടിയില്‍ കാളിമുത്തശ്ശി മൌനം പൂണ്ടിരുന്നു

കീറിയ മേഘങ്ങളുടെ   പഴുതിലൂടെ നിലാവിന്റെ വിളറിയ വെളിച്ചം വന്നു പുഴയെ തഴുകി ...തണുത്ത കാറ്റ്  ഓളങ്ങളെ ഉണര്‍ത്തി ..

കൈതപ്പുഴയുടെ ആഴങ്ങളിലേക്ക് തുഴയെറിയുമ്പോള്‍ അച്ഛന്റെ മനസ്സില്‍ എന്തായിരിക്കും ഉണ്ടായിരുന്നിരിക്കുക ?
ഒന്നും  വേണ്ടിയിരുന്നില്ലെന്നോ ?

വേദനയ്ക്കും കരച്ചിലിനും ഇടയില്‍ അമ്മയ്ക്ക് ഒന്നും ഓര്‍മ്മിക്കാന്‍ ഇടകിട്ടിയിരിക്കില്ല !
മേഘങ്ങള്‍ക്കിടയില്‍ തന്റെ നഗ്നമായ ദേഹം ഒളിപ്പിക്കുന്നതിന് മുന്‍പ്  നിലാവിനെ കാണാനുള്ള എന്റെ ശ്രമം ഫലിച്ചു . വള്ളം മറുകരയെത്തുന്നതിനു മുന്‍പ് തന്നെ അമ്മയുടെ ഗര്‍ഭ പാത്രം തുറന്നു ഞാന്‍ പുറത്തുവന്നു .
പുരാണത്തിലെ കൃഷ്ണ ദ്വൈപായനനെ പോലെ !

എന്നിട്ടും  ഭൂമിയിലേക്ക്‌ അരിച്ചിറങ്ങിയ മഞ്ഞു പാളികള്‍ വഞ്ചിക്കുചുറ്റും മറ തീര്‍ത്ത്‌ ഗര്‍ഭഗൃഹം ഒരുക്കിയിരുന്നില്ല ..
അച്ഛന്റെ  ജ്ഞാന ദൃഷ്ടി  തുറന്നിരുന്നില്ല ..അമ്മയില്‍ നിന്ന് കസ്തൂരി ഗന്ധം പ്രവഹിച്ചതുമില്ല..!
എന്നാലും ഹരിശങ്കര്‍ എന്ന എന്റെ ജനനം ഒരു മഹാസംഭവം തന്നെ ആയിരുന്നു !

വെള്ളത്തിനു നടുവില്‍ ജന്മം കൊണ്ടതിനാലാവാം എനിക്കെപ്പോഴുമീ  കടുത്ത ദാഹം തോന്നുന്നത് !

ഹരിയുടെ ചിന്തകള്‍ക്ക് ചിറകു മുളയ്ക്കാന്‍ തുടങ്ങി ..കൃത്രിമ കടലിലെ ഒരു തിര അയാളെ വര്‍ത്തമാന ഭീകരതയിലേക്ക് വിളിച്ചുണര്‍ത്തി  കടന്നു പോയി ..ഓര്‍മ്മയുടെ ഓളങ്ങള്‍ ഒരുമാത്ര നിലച്ചപ്പോള്‍ ഒരു കവിള്‍ വിസ്കി കൂടി വിഴുങ്ങി അയാള്‍ മുങ്ങി നിവര്‍ന്നു ..

പാര്‍ക്കിനുള്ളില്‍ ജനസഞ്ചയങ്ങള്‍ ..ഓരോരോ റൈഡുകളിലെ ബെല്ട്ടുകള്‍ക്കുള്ളില്‍    സ്വയം കുരുങ്ങിക്കിടന്നു   ജീവിതം  ആസ്വദിക്കുന്നവര്‍ .. ജീവിതത്തിലും ഇങ്ങനെ കുരുങ്ങി കിടക്കുകയാണ് നമ്മള്‍ ..അറിയാതെ ചിരിക്കുന്നു ..കരയുന്നു .. സ്വയം ഉണ്ടാക്കുന്ന കുരുക്കുകള്‍ ..താനേ  ഉണ്ടാകുന്ന കുരുക്കുകള്‍ ..അഴിക്കുന്തോറും  മുറുകുന്നവ ..ഒരിക്കലും അഴിയാത്തവ ..

ആനന്ദം അറിയാന്‍ ശൂന്യമായ ഒരു മനസ് വേണമെന്ന് അപ്പോഴാണ്‌ ഹരി ചിന്തിച്ചത് ..


കിതച്ചു കിതച്ചു കുന്നു കയറി  വന്ന ഒരു തടിച്ചിയും അവരുടെ വൃദ്ധനായ ഭര്‍ത്താവും ചേര്‍ന്ന് ഫ്ലയിംഗ് കാറില്‍ ആകാശയാത്രയ്ക്ക് ഒരുങ്ങുകയാണ് .ആ റൈഡിലും യാത്രക്കാരുടെ തിരക്കാണ് .ഒരു നിമിഷത്തിനുള്ളില്‍ റൈഡിലെ കാറുകള്‍ പറന്നുയരും .പിന്നെ അവരുടെ ബോധ മണ്ഡലത്തെയാകെ വീശിയുലച്ച് ഭൂതകാലത്തെയാകെ    കശക്കിയെറിഞ്ഞു  ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള അജ്ഞാത ലോകത്തിലേക്ക് കൊണ്ട് പോകും .അപ്പോള്‍ കൂട്ടക്കരച്ചിലുകളും പേടിപ്പെടുത്തുന ബഹളങ്ങളും അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല .
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അജ്ഞാത യാത്ര കഴിയുമ്പോഴെയ്കും അവരുടെ ഓര്‍മകളില്‍ നിന്നും ഭൂതകാലത്തിന്റെ വേദന നിറഞ്ഞ മുള്ളുകള്‍ പിഴുതെറിയപ്പെട്ടിട്ടുണ്ടാകാം ..
സാഹസികത  നിറഞ്ഞ റൈഡുകളില്‍ കയറി സ്വയം കുരുങ്ങി തന്റെ മനസിലും മസ്തിഷ്കത്തിലും നീറിപ്പുകയുന്ന
വേദനകള്‍  ഡിലീറ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ് കഴിയാത്തതെന്ന് അയാള്‍ സ്വയം ചോദിച്ചു ..

ഭയം ഭയമാണ് മനസ് നിറയെ ..വേറൊരുത്തരവും കിട്ടുന്നില്ല..സ്വയം മറന്ന് ഇല്ലാതാവാനും ധൈര്യം വേണം ..
എല്ലാവര്ക്കും  പേടി ഉണ്ടാവേണ്ടതല്ലേ ? ചിലപ്പോള്‍ ഉണ്ടായിരിക്കില്ല .സാഹസികതകളെ .ഭയപ്പെട്ടിരുന്നുവെങ്കില്‍  ഈ റൈഡുകള്‍ക്ക് മുന്നില്‍  ഇത്ര ജനക്കൂട്ടം ഉണ്ടാകുമായിരുന്നോ ? അയാള്‍ക്കുത്തരം മുട്ടി ..

വിസ്കിയുടെ പിടി മുറുകിയിട്ടും  ദാഹം അടങ്ങുന്നില്ല ! മദ്യത്തിന്റെ ഒരു കടല്‍ ഒന്നാകെ കുടിച്ചു വറ്റിക്കാനുള്ള ദാഹം ..ഇതിപ്പോള്‍ എത്ര പെഗ്ഗ് കഴിച്ചു എന്നുതന്നെ ഓര്‍മ്മ കിട്ടുന്നില്ല ...
ഈ  കൃത്രിമക്കടലില്‍ നീന്തിത്തുടിക്കുംപോള്‍ പണ്ട് നാട്ടിലെ അമ്പലക്കുളത്തില്‍ നീന്താന്‍ പഠിച്ച കുട്ടിക്കാലമാണ് ഓര്മ വരിക .വീടിനകലെയുള്ള ഭജന മഠത്തോട് ചേര്‍ന്ന ആശാന്‍ കുളത്തിലായിരുന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും നീന്തിക്കുളി .ചതുരാകൃതിയിലുള്ള അത്ര വലിയ ഒരു കുളം കുട്ടിക്കാലത്ത് വേറെ കണ്ടതായി ഓര്‍ക്കുന്നില്ല .

സുബ്രഹ്മണ്യ  സ്വാമിയെ കുടിയിരുത്തിയ ചെറിയ ഭജന മഠത്തിനും മുല്ലയില്‍ തറവാട്ടുകാരുടെ ഭര ദേവതാ ക്ഷേത്രത്തിനും നടുവിലാണ് ആശാന്‍ കുളം .
വാക്കുകള്‍ പൊട്ടിയ തൂണുകുള്‍ അധിക ഭാരം താങ്ങുന്നതുപോലെ വിളര്‍ത്തു നില്‍ക്കുന്ന  ആ  ക്ഷേത്രത്തിലെ ദേവി ഒരനാഥയായിരുന്നു..

വര്‍ഷങ്ങളായി പൂജയും പൂജാരിയുമില്ലാതെ  തീയും തിരിയും കെട്ടുപോയ ക്ഷേത്ര പരിസരവും കുളത്തിന്റെ പടിഞ്ഞാറേ കരയും കാടുപിടിച്ചു പൊന്തമൂടിക്കിടക്കുകയാണ് .

വീടുകളില്‍ സ്വന്തമായി കക്കൂസുകള്‍ ഇല്ലാത്ത  പാവങ്ങള്‍ ക്ഷേത്ര പരിസരത്തെ പൊന്തയ്ക്കുള്ളില്‍ വന്നിരുന്നാണ് തൂറുന്നത് ..ദേവീ നടയില്‍ ചന്ദനത്തിരിയും അകിലും പുകയുന്നതുപോലെ  പൊന്തയ്ക്കുള്ളില്‍ നിന്ന് പ്രഭാതങ്ങളിലും സന്ധ്യകളിലും  ബീഡികള്‍  എരിഞ്ഞു   പുക  ഉയരുമായിരുന്നു .

കൃത്യ  നിര്‍വഹണത്തിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അവര്‍ ആശാന്‍ കുളത്തിന്റെ തെക്കേ കടവില്‍ ശൌചം നടത്തും ..വടക്കേ കരയിലെ തെളിഞ്ഞ കടവില്‍ കുളിയും ജപവും ! തെക്കേ ക്കരയിലെ കാട്ട് ചേമ്പിന്‍ പടര്പ്പിന്റെ മറവില്‍ ആസന ശൌചം !

ആശാന്‍ കുളത്തിലെ പതിവ് നീന്തിക്കുളിക്ക് വാസുക്കുട്ടനൊപ്പമാണ് താന്‍ എത്തുക .നിറയെ ചൊറി പിടിച്ചിരുന്ന അവന്റെ ശരീരത്തിലെ പഴുത്ത വ്രണങ്ങളില്‍ നിന്ന് സദാ സമയവും ദുര്‍ഗന്ധമുള്ള വെള്ളം ഒഴുകിയിരുന്നു .ആരും കൂടെ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടാത്ത ചൊറിയന്‍ വാസുവിന്റെ കുളി കാണാന്‍ നല്ല രസമാണ്

കുളത്തിലിറങ്ങിയാല്‍ കരയ്ക്ക് കയറും വരെ അവന്‍ തുള്ളിക്കൊണ്ടേ ഇരിക്കും ! നിറയെ പരല്‍ മീനുള്ള കുളമാണ് .
വാസുക്കുട്ടനെ പൊതിഞ്ഞിരിക്കുന്ന വേദനിപ്പിക്കുന്ന വ്രണങ്ങളിലെ പഴുപ്പില്‍ കൊത്താനെത്തുന്ന പരലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് വാസുവിന്റെ തുള്ളല്‍ വിദ്യയെന്നു പിന്നീടാണ് മനസിലായത് .

 വിങ്ങി വേദനിക്കുന്ന ഒരു വ്രണം പോലെയായി തന്റെ മനസ്സില്‍ ഇന്ന് വാസുക്കുട്ടന്‍.. ഇപ്പോള്‍ എവിടെയാണോ ആവോ ? പുഴയ്ക്കക്കരെയുള്ള അമ്മാവന്റെ വീട്ടില്‍ വേനലവധി ആഘോഷിക്കാന്‍ പോയ അവന്‍ അമ്മാവന്റെ മേശയില്‍ നിന്ന് പത്തുരൂപ മോഷ്ടിച്ചുവത്രേ ! കുട്ടികളെ പ്രസവിച്ചിരുന്നില്ല എങ്കിലും വാസുക്കുട്ടന്റെ അമ്മായിക്ക് കുട്ടിയായ അവനെ ഒട്ടും ഇഷ്ടമായിരുന്നില്ല . അമ്പലപ്പറമ്പുകളില്‍ മിടായിയും കടലയും വിറ്റ്  നടന്നിരുന്ന അവന്റെ അച്ഛന്‍ സുരേന്ദ്രനെ വിളിച്ചു വരുത്തി വാസുക്കുട്ടനെ അവര്‍ "കള്ളന്‍ " എന്ന് വിളിച്ചു കുറ്റ വിചാരണ നടത്തി ..കുത്തുവാക്കു പറഞ്ഞും  അധിക്ഷേപിച്ചും വീട്ടിലേക്കു തിരിച്ചയച്ചു ..

.അഭിമാനിയായിരുന്ന സുരേന്ദ്രന്‍  വാസുക്കുട്ടനെ വീട്ടുമുറ്റത്തെ കവുങ്ങില്‍ കൈകള്‍ പിന്നോട്ട് ചേര്‍ത്തു കെട്ടി അയല്‍ക്കാര്‍ കാണ്‍കെ ദേഷ്യം തീരുവോളം തല്ലി..കള്ളന്‍ എന്ന വിളി അത്രയേറെ അയാളെ അപമാനിതനാക്കിയിരുന്നു ..
കരഞ്ഞുകലങ്ങിയ അവന്റെ കണ്ണുകള്‍ ഇപ്പോളും എന്റെ ഉള്ളിലുണ്ട് ..

വീണ്ടും അച്ഛന്റെ അടി കിട്ടുമെന്ന ഭയമോ നാണക്കേട് ഉണ്ടാക്കിയ വേദനയോ മൂലം അന്ന് വീട്ടില്‍ നിന്നിറങ്ങി പ്പോയ വാസുക്കുട്ടനെ പിന്നീടൊരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല .
പാര്‍ക്കില്‍ തിരക്ക് കൂടി വരികയാണ് .

റൈഡുകളിലെ മാസ്മരികതയിലേക്ക് പോയ ആശയും അഭിമന്യുവും ഇനിയും തിരിച്ചു വന്നിട്ടില്ല . സുഭദ്ര ചിറ്റയും രാഘവന്‍ മാമയും ഒപ്പം പോയിട്ടുണ്ട് .വയസാം കാലത്ത് അവര്‍ക്കും ഒരാഗ്രഹം .വാട്ടര്‍ തീം പാര്‍ക്കിലെ തടാകങ്ങളില്‍ മുങ്ങിത്തുടിക്കാനും ആകാശത്തിലൂടെ മതിമറന്ന് പറക്കാനും !

അഭിമന്യുവാണ്   ചിറ്റയെയും മാമനെയും പറഞ്ഞു കൊതിപ്പിച്ചത് .
അഞ്ചാം  ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ മുന്‍പും സ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം വാട്ടര്‍ തീം പാര്‍ക്കില്‍ വന്നിട്ടുണ്ട് . എന്നിട്ട് അവനായിരുന്നു ഇങ്ങോട്ട് പോരാന്‍ ഏറെ ഉത്സാഹം ..ആദ്യമായി വരുന്നവരെപ്പോലെ !
കാറിലിരിക്കുംപോള്‍ ഓരോ റൈഡിലും ഉള്ള രസങ്ങളെ പറ്റി അവന്‍ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു .
അമ്മയ്ക്കും ചിറ്റയ്ക്കും മാമനും ചില മുന്നറിയിപ്പുകള്‍ നല്‍കാനും അവന്‍ മറന്നില്ല .
കാറോടിച്ചു  കൊണ്ടിരുന്നതിനാല്‍ അവരുടെ സംസാരം വെറുതെ കേട്ടിരിക്കുകയായിരുന്നു അയാള്‍ .ആശയും യാത്രയില്‍ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല . വഴിയോര ക്കാഴ്ചകളില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍ .അതോ മറ്റേതോ ലോകത്തോ ?
ഏറെ നാളായി അവള്‍ ഇങ്ങനെ തന്നെയാണ് ..
അഞ്ചാറു വര്ഷം മുന്‍പ് ഏറെ അവകാശത്തോടെ തന്റെ ജീവിതത്തിലേക്ക് വന്ന ആ പഴയ ആശയും ഇന്നത്തെ ആശയും തമ്മില്‍ എത്ര അപരിചിതത്വമുണ്ടെന്ന് അയാള്‍ ഓര്‍ത്തൂ.
ചില  നേരങ്ങളില്‍ ഈ വ്യത്യാസത്തെപ്പറ്റി അയാള്‍  അവളോട്‌ പറയാറുണ്ട്‌ .
"ഞാനല്ല ....ഹരിയാണ് മാറിയത് ...അല്ലെങ്കില്‍ മാറേണ്ടത് .."
യുദ്ധകാലത്തെ ധാന്യമണികള്‍ പോലെ അവള്‍ വാക്കുകളെ കരുതലോടെ  പൂട്ടി വയ്ക്കും .  ശബ്ദമാക്കാന്‍ കഴിയാതെ  വരുന്ന തന്റെ വാക്കുകളുടെ ധാരാളിത്തം  ഓര്‍ത്ത്‌ അയാള്‍ക്ക്‌  ശ്വാസം മുട്ടുകയും ചെയ്യും  .. അതാണ്‌ പതിവ് .
അഭിമന്യുവിന്റെ  വാചാലത പണ്ട് ആശയ്ക്കായിരുന്നു ..ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്നതും അച്ഛനോട് വാദിക്കുന്നതും എല്ലാം അവനാണ് . ഒറ്റപ്പെട്ടു പോയ രണ്ടു തുരുത്തുകളിലേക്ക് നീണ്ടു കിടക്കുന്ന പാലം .

നമ്മള്‍ വിചാരിക്കുന്നത് ഒന്ന് നടക്കുന്നത് മറ്റൊന്ന് ..എപ്പോളും ജീവിതം എന്നാല്‍ ഈ അപ്രതീക്ഷിത നിരര്‍ഥക  ശൂന്യതയാണ് .ആശ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് കരുതിയിരുന്നതല്ല . സത്യത്തില്‍ മുംബെയില്‍ റയില്‍വേ ഓഫീസറായിരുന്ന ഈ രാഘവന്‍ മാമന്റെ മകള്‍ രേവതിയാണ് എന്റെ ജീവിതം പകുത്തെടുക്കേണ്ടിയിരുന്നത് ..അതായിരുന്നു ഇഷ്ടവും സ്വപ്നവും ..
പുഴയ്കക്കരെയുള്ള സ്കൂളിലേക്ക് കടത്ത് വഞ്ചിയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര .പ്രണയം എന്നാല്‍ വേനല്‍ ചൂടിലും മനസ്സില്‍ നിറയുന്ന കുളിരാണെന്നും കൊടും തണുപ്പിലും ഉള്ളില്‍ ഇതള്‍ വിടര്‍ത്തുന്ന  ഇളം ചൂടാണെന്നും തോന്നിത്തുടങ്ങിയ കാലം .
പത്താം തരം പാസായ രേവതിയെ മാമന്‍ മുംബയിലേക്ക് കൊണ്ടുപോയി .
പിരിയാന്‍  അവള്‍ക്കു ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല ..പക്ഷെ പോകാതെ വയ്യെന്നും അവള്‍ തന്നെയാണ് പറഞ്ഞത് !
റെയില്‍വേ  സ്റ്റേഷനില്‍ അവളെ യാത്രയാക്കാന്‍ ഞാനും പോയിരുന്നു .ചൂളം വിളിച്ചു പാഞ്ഞു പോയ തീവണ്ടിയില്‍ നിന്ന് അവള്‍ കൈകള്‍ വീശി മറഞ്ഞപ്പോള്‍ കരള്‍ പറിഞ്ഞകന്ന വേദനയായിരുന്നു !
മുംബയില്‍ എത്തിയതിനു ശേഷം ആഴ്ചയില്‍ ഒരിക്കല്‍ വരുമായിരുന്ന കത്തുകള്‍ പിന്നെപ്പിന്നെ ഇല്ലാതെയായി .
മഹാനഗരത്തിലെ  പുത്തന്‍ സൌഹൃദങ്ങള്‍ക്കിടയില്‍ എന്നെപ്പോലൊരു പഴഞ്ചനെ മറന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ ..!
കാലം ഒരിക്കലും നിര്‍ത്താത്ത ഒരു തീവണ്ടി കണക്കെ പിന്നെയും എത്രയോ ചൂളം വിളിച്ചു കടന്നു പോയി .. ആശ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്  വേറൊരു കടങ്കഥ..മുംബയില്‍ ദേവന്‍ നായര്‍ അസോസിയേറ്റ്സില്‍ എത്തിപ്പെട്ടതും എം ഡി യുടെ മകളുടെ ആരാധനാ പാത്രമായതും  തികച്ചും യാദൃശ്ചികമായിരുന്നു .അല്ലെങ്കിലും തന്റെ ജീവിതം മുന്‍കൂട്ടി നിശ്ചയിച്ച ഒരു വഴിയിലൂടെയും ഇതുവരെ സഞ്ചരിച്ചിട്ടില്ലല്ലോ! .
കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു നാട്ടില്‍ ചുറ്റിത്തിരിയുമ്പോള്‍ രാഘവന്‍ മാമന്‍ തന്നെയാണ് തന്നെ മുംബയിലേക്ക് കൊണ്ടുപോയതും അവിടെ സോഫ്റ്റ്‌ വേര്‍ കമ്പനി നടത്തുന്ന കൊല്ലത്തുകാരന്‍ ദേവന്‍ നായരെ പരിചയപ്പെടുത്തിയതും .
പിന്നീടൊരിക്കല്‍ രാഘവന്‍ മാമ പറഞ്ഞു : "മിടുമിടുക്കനായ ഈ എന്ജിനീയരെ ദേവന്‍ നായര്‍ക്കും മോള്‍ക്കും സ്വന്തമായി വേണ"മെന്ന് ! ഒരു വ്യവസ്ഥ മാത്രം ! മുംബയില്‍ അവരോടൊപ്പം താമസിക്കണം .നാട്ടിലേക്ക് ഇടക്കിടെയുള്ള ചുറ്റിക്കറക്കങ്ങള്‍ വേണ്ടെന്നു വച്ച് കമ്പനി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം ..
"ഹരീ പറ്റുമെങ്കില്‍ അമ്മയെയും അച്ഛനെയും ഇങ്ങോട്ട് കൊണ്ടുപോരൂ ..അല്ലെങ്കില്‍ അവിടെത്തന്നെ ബെറ്റര്‍ അക്കൊമോഡേഷന്‍സ്  ..പ്രോവൈഡ്‌  ചെയ്യാം ..ഐ മീന്‍ ..പ്രായമായവരെയൊക്കെ നോക്കാന്‍ പറ്റിയ നല്ല സെന്ററുകള്‍ ഉണ്ടല്ലോ ..എനീ വേ യു ഷൂഡ്‌  സ്റ്റേ വിത്ത്‌ അസ്‌ ..അറിയാമല്ലോ ..ആശ എന്റെ ഒരേയൊരു മകളാണ് ..അവളെ പിരിഞ്ഞിരിക്കാന്‍ എനിക്കാവില്ല ..ഈ ബിസിനസൊക്കെ പെട്ടെന്നുപെക്ഷിച്ചു നാട്ടിലേക്ക് മടങ്ങാനും വയ്യ . അല്ലെങ്കിലും നാട്ടിലേക്ക് മടങ്ങിയിട്ട്  എന്ത് കാര്യം ? അവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ? "
ദേവന്‍  സാറിന്റെ തീരുമാനം അനുസരിക്കാനാണ് രാഘവന്‍ മാമനും നിര്‍ബന്ധിച്ചത് . വിശദ വിവരങ്ങള്‍ കാണിച്ചു മാമന്‍ അച്ഛന് കത്തെഴുതുകയും ചെയ്തു .
"ഉടനെ തന്നെ നടത്തണമെന്നാണ് അവര്‍ പറയുന്നത് .നിങ്ങള്‍ അനുവദിക്കണം .പിന്നെ , അവര്‍ പറയുന്ന ഡിമാന്റുകള്‍ ..! അവന്റെ ഭാവിക്ക് അതല്ലേ നല്ലത് ? കുട്ടികളുടെ ജീവിതമല്ലേ നമ്മള്‍ അച്ഛനമ്മമാര്‍ക്ക്  വലുത് ?  "
മാമന്റെ ഉപദേശം ലക്‌ഷ്യം കണ്ടു .
രേവതിയെക്കുറിച്ഛല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച്   ചിന്തിച്ചിട്ടില്ല . അവള്‍ പോയതില്‍ പിന്നെ കുറേക്കാലമായി ആ ചിന്തയും ഇല്ല .ഇപ്പോള്‍ അവളെ ഓര്‍ത്ത്‌ അല്പം പോലും ദുഖവുമില്ല ! പിന്നെ എന്ത് കാരണം കൊണ്ട് കൈവെള്ളയില്‍ വന്ന ഈ ഭാഗ്യം തട്ടി എറിയണം ? '
ഹരിക്കും അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .
കൊളാബയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു രാജകീയ വിവാഹവും പാര്‍ട്ടിയും .മുംബയിലെ ബിസിനസ് രാജാക്കന്മാര്‍ ഒത്തുകൂടിയ ആ പകലും രാത്രിയും ഒരിക്കലും മറക്കാന്‍ കഴിയില്ല . ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അകാലത്തിലെ അസുഖങ്ങള്‍ തളര്‍ത്തിയ  അമ്മയ്ക്ക് ദീര്‍ഘ യാത്ര ചെയ്യാന്‍ കഴിയില്ല എന്ന കാരണം കൊണ്ട് അച്ഛനും വിവാഹത്തിനു  എത്താന്‍ കഴിയില്ല .ദേവന്‍ നായര്‍ അവര്‍ക്കുള്ള ഫ്ലൈറ്റ്‌ ടിക്കറ്റും അയച്ചു കൊടുത്തിരുന്നതാണ് ..
ആരുടേയും അസാന്നിധ്യമോ കുറവോ  കണ്ടു പിടിക്കാന്‍ കഴിയാത്തത്ര ആര്ഭാടത്തിലായിരുന്നു ചടങ്ങുകള്‍ .
വലിയ വലിയ ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ താന്‍ വളരെ ചെറുതായി പോകുന്നത് പോലെ തോന്നി അയാള്‍ക്ക്‌ . ആരൊക്കെയോ വന്നു ഹസ്തദാനം ചെയ്യുന്നു .ആരെല്ലാമോ പരിചയപ്പെടുന്നു .എല്ലായിടത്തും ഒരു കൃത്രിമത്വം ഫീല്‍ ചെയ്യുന്നു .
സന്ധ്യയോടെ പാര്‍ടി തുടങ്ങി . സ്വര്‍ണ്ണ വര്‍ണ്ണമുള്ള ലാച്ചയില്‍ ആശ ഒരു തങ്ക വിഗ്രഹമായി .
രേവതിയോ അതോ ആശയോ ഏറെ സുന്ദരി ? ഒരു നിമിഷം അയാള്‍ രേവതിയെക്കുറിച്ച്  ഓര്‍ത്തു  പോയി .
എല്ലാവരും ആഘോഷിക്കുകയാണ് . വില കൂടിയ ഷാമ്പെയിനുകള്‍ നുരഞ്ഞു പൊന്തി .
ലഹരി  പിടിച്ച ആണും പെണ്ണും പരസ്പരം കൈകള്‍ കോര്‍ത്തും അരക്കെട്ടുകള്‍ ചേര്‍ത്തുവച്ചും അലസമായ നൃത്ത ചുവടുകള്‍ വയ്ക്കുന്നു .
ആശയുടെ കയ്യിലുമുണ്ട് ഷാമ്പെയിന്‍ നിറച്ച ഒരു ചഷകം .അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് നൃത്തം ചെയ്യാന്‍ ഒരാണും !
അവന്റെ വിരലുകള്‍ അവളുടെ ഒഴിഞ്ഞ അരക്കെട്ടില്‍ എന്തെല്ലാമോ കുസൃതികള്‍ കാട്ടുന്നുണ്ടായിരുന്നു !അവളുടെ ചലങ്ങളിലുമുണ്ട് ലഹരിയുടെ ആലസ്യം .

പ്രധാന വേദിയില്‍ ഗുലാം അലിയുടെ ഗസല്‍ ആത്മാവുകളിലേക്ക് നീറിപ്പടരുകയാണ് ..
ഉറുദു കവി മിര്‍ത്സാ  ഖാലിബിന്റെ ഭാവഗീതം ഗുലാമിന്റെ ഈണങ്ങളില്‍ ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങുന്നു .
"രഖിയെ അബ്..എയ്സീ ജഗാത്സല്‍ ഖര്‍ ജഹാ കോയീ ന ഹോ ..
ഹം സുഖ്നു കോയീ ന ഹോ ഓര് ഹം ത്സബാ കോയീ ന ഹോ ..."
(പൊയ്ക്കൊള്‍ക ..ആരോരുമില്ലാത്ത ഒരു ലോകത്തിലേയ്ക്ക് ..പരിചരിക്കാനോ സംസാരിക്കാനോ ആരും വരാത്ത ഒരു ലോകത്തിലേക്ക് പൊയ്ക്കൊള്‍ക ..)

ഹരിക്ക് പിടിച്ചു നില്‍ക്കാനായില്ല .
അന്നാണ് മദ്യത്തിന്റെ രുചി ആദ്യമായറിയുന്നത് !
ഞൊടിയിടയ്ക്കുള്ളില്‍ എല്ലാ സൌഭാഗ്യങ്ങളും കൂടി ഒരുമിച്ചു കിട്ടിയിട്ടും എന്തോ നഷ്ട ബോധം ഉള്ളില്‍ കനം തൂങ്ങി നില്‍ക്കുന്നു !
കുടിച്ചു ..പിന്നെയും കുടിച്ചു ..നില തെറ്റിയപ്പോള്‍ ഹോട്ടലില്‍ നിന്നിറങ്ങി ആരോടും പറയാതെ കടല്‍ തീരം ലക്ഷ്യമാക്കി കാറോടിച്ചു . മണല്‍പ്പരപ്പിലേക്ക് മറിയുമ്പോള്‍ കൈതപ്പുഴയോരത്തെ ചെറിയ വീട്ടിലെ ആ പഴഞ്ചന്‍ കട്ടിലില്‍ കിടക്കുന്ന സുഖം !അരികില്‍ രേവതി വന്നു നില്‍ക്കുന്നത് പോലെ !

കണ്ണ് തുറക്കുമ്പോള്‍ ദേവന്‍ നായരുടെ ബംഗ്ലാവിലെ പട്ടുമെത്തയില്‍ കിടക്കുകയാണ് .
അരികില്‍ ചീറ്റപ്പുലിയെപ്പോലെ   ആശ !  അവളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു . 
"ആരാണീ രേവതി ? അവളെ നിങ്ങള്‍ സ്നേഹിച്ചിരുന്നുവെങ്കില്‍ എന്തിനെന്നോടത് മറച്ചു വച്ചു ? "
ആശയുടെ  ചോദ്യം നേരിടാനാവാതെ അയാള്‍ കണ്ണുകളടച്ചു .
അബോധത്തില്‍ താന്‍ രേവതിയെക്കുറിച്ച്  എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക ? ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുറ്റബോധം തോന്നി.ആശ പിന്നെയും എന്തൊക്കെയോ ചോദിച്ചു .പിന്നെ ഒരുപാട് കരഞ്ഞു .
"ഈ വലിയ ബംഗ്ലാവില്‍ തനിക്ക് ശ്വാസം മുട്ടുന്നു " അയാള്‍ പറഞ്ഞു .
"കാരണം എന്താണെന്ന് അറിയില്ല "
എങ്കില്‍ നമുക്ക് മറ്റൊരു വീട്ടിലേക്കു മാറി താമസിക്കാം " അവള്‍ പരിഹാരം നിര്‍ദ്ദേശിച്ചു ..
ആ  രാത്രി അങ്ങനെ തീര്‍ന്നു .
വീട് മാറാനുള്ള  അവരുടെ തീരുമാനത്തെ ദേവന്‍ നായര്‍ ഒരുപാടെതിര്‍ത്തെങ്കിലും ആശ ഉറച്ചു നിന്നു .

അങ്ങനെയാണ് ജൂഹുവിലുള്ള മറ്റൊരു വില്ലയിലേക്ക് മാറുന്നത് .
ദേവന്‍ നായര്‍ ഹരിയെയാണ് കുറ്റപ്പെടുത്തിയത് .
"എനിക്കാണ്   തെറ്റ് പറ്റിയത് " എന്ന് ഹരി കേള്‍ക്കെ അദ്ദേഹം  വിളിച്ചു പറഞ്ഞു .മകള്‍ വീട് വിട്ടു പോകുമ്പോള്‍ ഒരച്ഛന്‍ അനുഭവിക്കുന്ന വേദന അദ്ദേഹത്തിന്‍റെ വാക്കുകളില്‍ വിങ്ങി കിടന്നിരുന്നു .

പിന്നീടൊരിക്കല്‍ കൂടി ആശയുടെ കണ്ണ് നിറയുന്നത് കാണേണ്ടി വന്നു .
വിവാഹം കഴിഞ്ഞു   മാസങ്ങള്‍ക്ക് ശേഷമായിരുന്നു അത് . ഓഫീസില്‍  തളര്‍ന്നു വീണ അവളെ ആശുപത്രിയിലാക്കി എന്നറിഞ്ഞാണ് ഹരി ഓടി എത്തിയത് .
തന്റെ പരിഭ്രമം കണ്ട് അവളെ ചികിത്സിച്ച ഡോക്ടര്‍ മിസിസ് പുനം " പേടിക്കാനൊന്നുമില്ല" എന്നാശ്വസിപ്പിച്ചു .
"യൂ  ആര്‍ ഗോയിംഗ് ടൂ  ബി കം  എ ഫാദര്‍ ..ദാറ്റ്‌ സ് ആള്‍ ."
ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ അയാളുടെ ഞരമ്പുകളിലേക്ക് എവിടെനിന്നോ സന്തോഷം ഇരച്ചു കയറി വന്നു . ആത്മാവില്‍ ഒരു കുഞ്ഞുമുഖം ഇളം മോണകാട്ടി ചിരിതൂകുന്നു !.
ആശയ്ക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ നാണം കൊണ്ട് ചുവന്ന അവളുടെ മുഖമാണ് പ്രതീക്ഷിച്ചത് .തെറ്റിപ്പോയി!
"പ്ലീസ്‌ ഹരീ ..നമുക്കിത് വേണ്ട " കണ്ണീരോടെ അവളതു പറയുമ്പോള്‍ അയാള്‍ക്ക്‌ ക്ഷോഭം അടക്കാനായില്ല .
"വൈ ? വൈ ഷൂഡ്  യൂ കില്‍ മൈ ബേബി ? " ഹരിയുടെ അലര്‍ച്ച കേട്ടുകൊണ്ടാണ് ദേവന്‍ നായര്‍ മുറിയിലേക്ക് വന്നത് .
"ബി കൂള്‍ മൈ ബോയ്‌ .അവള്‍ കുട്ടിയല്ലേ ? കുട്ടിക്കളി മാറിയിട്ടില്ല . ഇപ്പോള്‍ നിങ്ങള്‍ക്കൊരു കുട്ടി .അത് ശരിയാവില്ല  ,ഇനിയും സമയം ഉണ്ടല്ലോ . ഞാനാണ് തീരുമാനിച്ചത് .ലെറ്റ്‌ ഹേര്‍ എന്ജോയ്‌ ലൈഫ്‌ .."
ദേവന്‍ നായരുടെ ദാര്ഷ്ട്യം നിറഞ്ഞ വാക്കുകള്‍ക്കു മുന്നില്‍ അയാള്‍ക്ക്‌ ശബ്ദം നഷ്ടപ്പെട്ടു.
പതുക്കെ അറിയുകയായിരുന്നു അവര്‍ വിലയ്ക്ക് വാങ്ങിയ ഒരു കളിപ്പാട്ടം മാത്രമാണ് താനെന്ന് !
ആശയും എന്നോടു പ്രതികാരം ചെയ്യുകയായിരുന്നോ ?
ഞാന്‍ അറിയാതെ എന്റെ കുഞ്ഞു ഓപറേഷന്‍ തീയറ്ററിലെ ടേബിളിലൂടെ രക്തക്കട്ടകളായി വാര്‍ന്നു പോയി !
അമ്മയും മുത്തശ്ശനും ഉപേക്ഷിച്ച അവന്‍ ഇരുളില്‍ എവിടെയോ കിടന്നു "അച്ഛാ.." എന്ന് വിളിച്ചു കരയുന്നത് പോലെ തോന്നിയ എത്രയോ രാത്രികളില്‍ താന്‍ ഉറക്കമില്ലാതെ അലഞ്ഞു നടന്നിട്ടുണ്ട് !
പിറക്കുന്നതിനു മുന്നേ മരിച്ചു പോയ അവന്റെ ആത്മാവ് ഒരു ശാപം പോലെ ആശയെ വേട്ടയാടിയത് കൊണ്ടാവണം പിന്നീടൊരു കുഞ്ഞു വേണം എന്ന് കൊതിച്ചിട്ടും തന്റെ ഗര്‍ഭ പാത്രം പോലും നിലനിര്‍ത്താന്‍ കഴിയാതെ പോയത് !

കാലം കാത്തു വച്ച തിരിച്ചടി പോലെ ..
 ഏറെ വേദനകള്‍ക്കൊടുവില്‍ ജീവിതത്തിന്റെ സമസ്യകളെക്കുറിച്ച് അവള്‍ക്കു എന്തൊക്കെയോ മനസിലായി ട്ടുണ്ടാവണം .അത് കൊണ്ടാവാം വളര്‍ത്താന്‍ ഒരു കുഞ്ഞിനെ വേണമെന്ന് അവള്‍ ആവശ്യപ്പെട്ടത് . അങ്ങനെയാണ് അഭിമന്യു ഞങ്ങളുടെ മകനാകുന്നത് .ഞങ്ങള്‍ വേദനിക്കാതെ ഞങ്ങള്‍ക്ക്  കിട്ടിയ മകന്‍ .

പാര്‍ക്കില്‍ വെയില്‍ ചാഞ്ഞു തുടങ്ങി . ആകാശത്തേക്ക് വേഗതയോടെ കറങ്ങി മറിയുന്ന ചക്രക്കസേരകളില്‍ തട്ടിയ സ്വര്‍ണ്ണ നിറമുള്ള അന്തി വെയിലില്‍ ആര്‍ത്തലയ്ക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ മിന്നി മറയുന്നു .പൊട്ടിച്ചിരിയോ പോട്ടിക്കരച്ചിലോ എന്നറിയാത്ത ആരവങ്ങള്‍ !
ഹരിശങ്കര്‍ കുപ്പിയില്‍ ഉണ്ടായിരുന്ന വിസ്കിയുടെ അവസാന തുള്ളിയും ഊറ്റിക്കുടിച്ചു . ഇപ്പോള്‍ ചുറ്റിലും ഉള്ള ശബ്ദങ്ങള്‍ നിലച്ചത് പോലെ ..കണ്ണുകള്‍ കനം വച്ച് വിങ്ങുന്നത് പോലെ ! ..ഓര്‍മ്മകള്‍ വേച്ചുപോകുന്നു ..
ഇനിയൊട്ടും നീന്താന്‍ കഴിയാത്ത വിധം കൈകാലുകള്‍ ബന്ധിക്കപ്പെട്ടത്‌ പോലെ ..!
പുറത്തെ ഇരുള്‍ പതുക്കെ ഹരിയുടെ കണ്ണുകളിലേക്ക് പിന്നെ ആത്മാവിലെക്കും അരിച്ചിറങ്ങി .
ഇപ്പോള്‍ താനൊരു കൈക്കുഞ്ഞാണെന്ന്  അയാള്‍ക്ക്‌ തോന്നി ..
എന്തൊരു സുഖം ! അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖമായി ഉറങ്ങുന്നത് പോലെ ,,ജല ശയനം ...!