2012, മാർച്ച് 26, തിങ്കളാഴ്‌ച

ജല ശയനം

കുന്നിന്‍ മുകളിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ളിലെ കൃത്രിമക്കടലില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ്  ഹരിശങ്കര്‍ എന്ന സോഫ്റ്റ്‌ വേര്‍ എന്‍ജിനീയര്‍ .
തലേന്ന് രാത്രി മുതല്‍ മോന്താന്‍ തുടങ്ങിയ വിസ്കിയുടെ ലഹരി ഇനിയും നുരഞ്ഞു തീര്‍ന്നിട്ടില്ല .
ഇപ്പോഴും അവശേഷിക്കുന്ന ഒരു വല്ലാത്ത തലവേദന അലിയിച്ചു കളയാന്‍ നീലക്കടലിലെ ഫ്ലോട്ടിംഗ് ടേബിളില്‍ വച്ചിരുന്ന മദ്യം ഒരു കവിള്‍ കൂടി കുടിച്ചിറക്കി ചിന്തകളുടെ ഓളപ്പരപ്പിലേക്ക് അയാള്‍ നീന്താന്‍ തുടങ്ങി .

തണുത്ത  ജലസ്പര്‍ശം എല്ക്കുംപോഴൊക്കെ സ്വര്‍ഗ്ഗവാതില്‍ തുറക്കുമ്പോലൊരു  അനുഭൂതിയാണ് !
അമ്മയുടെ ഗര്ഭപാത്രത്തിനുള്ളിലെ  പ്രളയ ജലത്തില്‍  മുങ്ങി സുഖ സുഷുപ്തിയില്‍ അമര്‍ന്ന കാലം മുതല്‍ തുടങ്ങിയതാവണം ജല കണങ്ങളുടെ സുഖദ  സ്പര്‍ശത്തോടുള്ള ഈ അഭിനിവേശം !

അതുമല്ലെങ്കില്‍ ബീജ ജലത്തിലെ ഊര്‍ജ്ജ പ്രവാഹത്തില്‍പ്പെട്ടു പരമാണുവായി നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ
ആത്മാവിലേക്ക്  ജല ചേതനയുടെ നീരുറവകള്‍ ശീതളിമയോടെ കിനിഞ്ഞിറങ്ങിയിരിക്കാം ..!
കൈക്കുഞ്ഞായിരിക്കേ കവുങ്ങിന്‍ പാളയില്‍ കിടത്തി എണ്ണയില്‍ ഉഴിഞ്ഞെടുത്ത ഇളം മേനിയിലേക്ക്  മണ്‍ കലത്തില്‍ നിന്നെടുത്ത തണുത്ത  വെള്ളം കുടയുമ്പോള്‍ വാവിട്ടു കരയുന്നതിനു പകരം കൈകാലുകള്‍ വീശി യെറിഞ്ഞും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും താന്‍ കുളി ആസ്വദിക്കുമായിരുന്നു എന്ന് കാളി മുത്തശി പറഞ്ഞത്  ഹരിശങ്കര്‍ ഓര്‍ത്തെടുത്തു .

കൈതപ്പുഴയോരത്തെ ചെറിയ ഓലപ്പുരയില്‍ ആയിരുന്നത്രേ താന്‍ ജനിക്കുന്നതിനു മുന്‍പ് അച്ഛനും അമ്മയും താമസിച്ചിരുന്നത് ..കാല്പനിക കഥകളിലെ നായികാ നായകന്മാരെ പോലെ അവര്‍ കൊതിച്ചു നേടിയ ജീവിതമൊന്നും ആയിരുന്നില്ല അത് .യൌവ്വനത്തിന്റെ തിളപ്പില്‍ സംഭവിച്ചു പോയ ഒരനിവാര്യമായ ഒരസംബന്ധം .നാണക്കേടിന്റെ നിറ വയറുമായി വീട്ടുകാര്‍ ഇറക്കിവിട്ട അമ്മ അച്ഛനെ തേടിപ്പിടിച്ചു നിര്‍ബ്ബന്ധ പൂര്‍വ്വം കൂടെക്കൂടുകയായിരുന്നു .ആര്‍ക്കും അഭിമാനിക്കാന്‍ ഒട്ടും വകയില്ലാതെ പോയ ആ ദശാസന്ധിയില്‍ അച്ഛനും ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് സമൃദ്ധികളുടെ തോരണങ്ങള്‍   പിന്നില്‍ ഉപേക്ഷിച്ച് ഇറങ്ങി പോരേണ്ടി വന്നു ..

ഗര്‍ഭ പാത്രത്തിലെ ഇരുളില്‍ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ പരാക്രമം കാട്ടിയ ഒരു രാത്രി..
വേദനയോടെ കരഞ്ഞ അമ്മയുടെ കണ്ണീര്‍ എന്നെയും പൊള്ളിച്ചിരുന്നു..! കായല്ക്കരയില്‍ നിന്നും  മണല്‍ തരികളെ ഞെരിച്ചുകൊണ്ട്  കൈതപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഒരു കൊച്ചു വള്ളം അര്‍ദ്ധമനസ്സോടെ ഊര്‍ന്നിറങ്ങി ..പുഴയ്ക്കക്കരെയാണ് ആശുപത്രി . ഇരുള്‍ പരത്തിയ അന്ധതയുടെ  അര്‍ത്ഥശൂന്യമായ നിഷ്പക്ഷത പോലെ  വള്ളപ്പടിയില്‍ കാളിമുത്തശ്ശി മൌനം പൂണ്ടിരുന്നു

കീറിയ മേഘങ്ങളുടെ   പഴുതിലൂടെ നിലാവിന്റെ വിളറിയ വെളിച്ചം വന്നു പുഴയെ തഴുകി ...തണുത്ത കാറ്റ്  ഓളങ്ങളെ ഉണര്‍ത്തി ..

കൈതപ്പുഴയുടെ ആഴങ്ങളിലേക്ക് തുഴയെറിയുമ്പോള്‍ അച്ഛന്റെ മനസ്സില്‍ എന്തായിരിക്കും ഉണ്ടായിരുന്നിരിക്കുക ?
ഒന്നും  വേണ്ടിയിരുന്നില്ലെന്നോ ?

വേദനയ്ക്കും കരച്ചിലിനും ഇടയില്‍ അമ്മയ്ക്ക് ഒന്നും ഓര്‍മ്മിക്കാന്‍ ഇടകിട്ടിയിരിക്കില്ല !
മേഘങ്ങള്‍ക്കിടയില്‍ തന്റെ നഗ്നമായ ദേഹം ഒളിപ്പിക്കുന്നതിന് മുന്‍പ്  നിലാവിനെ കാണാനുള്ള എന്റെ ശ്രമം ഫലിച്ചു . വള്ളം മറുകരയെത്തുന്നതിനു മുന്‍പ് തന്നെ അമ്മയുടെ ഗര്‍ഭ പാത്രം തുറന്നു ഞാന്‍ പുറത്തുവന്നു .
പുരാണത്തിലെ കൃഷ്ണ ദ്വൈപായനനെ പോലെ !

എന്നിട്ടും  ഭൂമിയിലേക്ക്‌ അരിച്ചിറങ്ങിയ മഞ്ഞു പാളികള്‍ വഞ്ചിക്കുചുറ്റും മറ തീര്‍ത്ത്‌ ഗര്‍ഭഗൃഹം ഒരുക്കിയിരുന്നില്ല ..
അച്ഛന്റെ  ജ്ഞാന ദൃഷ്ടി  തുറന്നിരുന്നില്ല ..അമ്മയില്‍ നിന്ന് കസ്തൂരി ഗന്ധം പ്രവഹിച്ചതുമില്ല..!
എന്നാലും ഹരിശങ്കര്‍ എന്ന എന്റെ ജനനം ഒരു മഹാസംഭവം തന്നെ ആയിരുന്നു !

വെള്ളത്തിനു നടുവില്‍ ജന്മം കൊണ്ടതിനാലാവാം എനിക്കെപ്പോഴുമീ  കടുത്ത ദാഹം തോന്നുന്നത് !

ഹരിയുടെ ചിന്തകള്‍ക്ക് ചിറകു മുളയ്ക്കാന്‍ തുടങ്ങി ..കൃത്രിമ കടലിലെ ഒരു തിര അയാളെ വര്‍ത്തമാന ഭീകരതയിലേക്ക് വിളിച്ചുണര്‍ത്തി  കടന്നു പോയി ..ഓര്‍മ്മയുടെ ഓളങ്ങള്‍ ഒരുമാത്ര നിലച്ചപ്പോള്‍ ഒരു കവിള്‍ വിസ്കി കൂടി വിഴുങ്ങി അയാള്‍ മുങ്ങി നിവര്‍ന്നു ..

പാര്‍ക്കിനുള്ളില്‍ ജനസഞ്ചയങ്ങള്‍ ..ഓരോരോ റൈഡുകളിലെ ബെല്ട്ടുകള്‍ക്കുള്ളില്‍    സ്വയം കുരുങ്ങിക്കിടന്നു   ജീവിതം  ആസ്വദിക്കുന്നവര്‍ .. ജീവിതത്തിലും ഇങ്ങനെ കുരുങ്ങി കിടക്കുകയാണ് നമ്മള്‍ ..അറിയാതെ ചിരിക്കുന്നു ..കരയുന്നു .. സ്വയം ഉണ്ടാക്കുന്ന കുരുക്കുകള്‍ ..താനേ  ഉണ്ടാകുന്ന കുരുക്കുകള്‍ ..അഴിക്കുന്തോറും  മുറുകുന്നവ ..ഒരിക്കലും അഴിയാത്തവ ..

ആനന്ദം അറിയാന്‍ ശൂന്യമായ ഒരു മനസ് വേണമെന്ന് അപ്പോഴാണ്‌ ഹരി ചിന്തിച്ചത് ..


കിതച്ചു കിതച്ചു കുന്നു കയറി  വന്ന ഒരു തടിച്ചിയും അവരുടെ വൃദ്ധനായ ഭര്‍ത്താവും ചേര്‍ന്ന് ഫ്ലയിംഗ് കാറില്‍ ആകാശയാത്രയ്ക്ക് ഒരുങ്ങുകയാണ് .ആ റൈഡിലും യാത്രക്കാരുടെ തിരക്കാണ് .ഒരു നിമിഷത്തിനുള്ളില്‍ റൈഡിലെ കാറുകള്‍ പറന്നുയരും .പിന്നെ അവരുടെ ബോധ മണ്ഡലത്തെയാകെ വീശിയുലച്ച് ഭൂതകാലത്തെയാകെ    കശക്കിയെറിഞ്ഞു  ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള അജ്ഞാത ലോകത്തിലേക്ക് കൊണ്ട് പോകും .അപ്പോള്‍ കൂട്ടക്കരച്ചിലുകളും പേടിപ്പെടുത്തുന ബഹളങ്ങളും അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല .
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അജ്ഞാത യാത്ര കഴിയുമ്പോഴെയ്കും അവരുടെ ഓര്‍മകളില്‍ നിന്നും ഭൂതകാലത്തിന്റെ വേദന നിറഞ്ഞ മുള്ളുകള്‍ പിഴുതെറിയപ്പെട്ടിട്ടുണ്ടാകാം ..
സാഹസികത  നിറഞ്ഞ റൈഡുകളില്‍ കയറി സ്വയം കുരുങ്ങി തന്റെ മനസിലും മസ്തിഷ്കത്തിലും നീറിപ്പുകയുന്ന
വേദനകള്‍  ഡിലീറ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ് കഴിയാത്തതെന്ന് അയാള്‍ സ്വയം ചോദിച്ചു ..

ഭയം ഭയമാണ് മനസ് നിറയെ ..വേറൊരുത്തരവും കിട്ടുന്നില്ല..സ്വയം മറന്ന് ഇല്ലാതാവാനും ധൈര്യം വേണം ..
എല്ലാവര്ക്കും  പേടി ഉണ്ടാവേണ്ടതല്ലേ ? ചിലപ്പോള്‍ ഉണ്ടായിരിക്കില്ല .സാഹസികതകളെ .ഭയപ്പെട്ടിരുന്നുവെങ്കില്‍  ഈ റൈഡുകള്‍ക്ക് മുന്നില്‍  ഇത്ര ജനക്കൂട്ടം ഉണ്ടാകുമായിരുന്നോ ? അയാള്‍ക്കുത്തരം മുട്ടി ..

വിസ്കിയുടെ പിടി മുറുകിയിട്ടും  ദാഹം അടങ്ങുന്നില്ല ! മദ്യത്തിന്റെ ഒരു കടല്‍ ഒന്നാകെ കുടിച്ചു വറ്റിക്കാനുള്ള ദാഹം ..ഇതിപ്പോള്‍ എത്ര പെഗ്ഗ് കഴിച്ചു എന്നുതന്നെ ഓര്‍മ്മ കിട്ടുന്നില്ല ...
ഈ  കൃത്രിമക്കടലില്‍ നീന്തിത്തുടിക്കുംപോള്‍ പണ്ട് നാട്ടിലെ അമ്പലക്കുളത്തില്‍ നീന്താന്‍ പഠിച്ച കുട്ടിക്കാലമാണ് ഓര്മ വരിക .വീടിനകലെയുള്ള ഭജന മഠത്തോട് ചേര്‍ന്ന ആശാന്‍ കുളത്തിലായിരുന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും നീന്തിക്കുളി .ചതുരാകൃതിയിലുള്ള അത്ര വലിയ ഒരു കുളം കുട്ടിക്കാലത്ത് വേറെ കണ്ടതായി ഓര്‍ക്കുന്നില്ല .

സുബ്രഹ്മണ്യ  സ്വാമിയെ കുടിയിരുത്തിയ ചെറിയ ഭജന മഠത്തിനും മുല്ലയില്‍ തറവാട്ടുകാരുടെ ഭര ദേവതാ ക്ഷേത്രത്തിനും നടുവിലാണ് ആശാന്‍ കുളം .
വാക്കുകള്‍ പൊട്ടിയ തൂണുകുള്‍ അധിക ഭാരം താങ്ങുന്നതുപോലെ വിളര്‍ത്തു നില്‍ക്കുന്ന  ആ  ക്ഷേത്രത്തിലെ ദേവി ഒരനാഥയായിരുന്നു..

വര്‍ഷങ്ങളായി പൂജയും പൂജാരിയുമില്ലാതെ  തീയും തിരിയും കെട്ടുപോയ ക്ഷേത്ര പരിസരവും കുളത്തിന്റെ പടിഞ്ഞാറേ കരയും കാടുപിടിച്ചു പൊന്തമൂടിക്കിടക്കുകയാണ് .

വീടുകളില്‍ സ്വന്തമായി കക്കൂസുകള്‍ ഇല്ലാത്ത  പാവങ്ങള്‍ ക്ഷേത്ര പരിസരത്തെ പൊന്തയ്ക്കുള്ളില്‍ വന്നിരുന്നാണ് തൂറുന്നത് ..ദേവീ നടയില്‍ ചന്ദനത്തിരിയും അകിലും പുകയുന്നതുപോലെ  പൊന്തയ്ക്കുള്ളില്‍ നിന്ന് പ്രഭാതങ്ങളിലും സന്ധ്യകളിലും  ബീഡികള്‍  എരിഞ്ഞു   പുക  ഉയരുമായിരുന്നു .

കൃത്യ  നിര്‍വഹണത്തിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അവര്‍ ആശാന്‍ കുളത്തിന്റെ തെക്കേ കടവില്‍ ശൌചം നടത്തും ..വടക്കേ കരയിലെ തെളിഞ്ഞ കടവില്‍ കുളിയും ജപവും ! തെക്കേ ക്കരയിലെ കാട്ട് ചേമ്പിന്‍ പടര്പ്പിന്റെ മറവില്‍ ആസന ശൌചം !

ആശാന്‍ കുളത്തിലെ പതിവ് നീന്തിക്കുളിക്ക് വാസുക്കുട്ടനൊപ്പമാണ് താന്‍ എത്തുക .നിറയെ ചൊറി പിടിച്ചിരുന്ന അവന്റെ ശരീരത്തിലെ പഴുത്ത വ്രണങ്ങളില്‍ നിന്ന് സദാ സമയവും ദുര്‍ഗന്ധമുള്ള വെള്ളം ഒഴുകിയിരുന്നു .ആരും കൂടെ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടാത്ത ചൊറിയന്‍ വാസുവിന്റെ കുളി കാണാന്‍ നല്ല രസമാണ്

കുളത്തിലിറങ്ങിയാല്‍ കരയ്ക്ക് കയറും വരെ അവന്‍ തുള്ളിക്കൊണ്ടേ ഇരിക്കും ! നിറയെ പരല്‍ മീനുള്ള കുളമാണ് .
വാസുക്കുട്ടനെ പൊതിഞ്ഞിരിക്കുന്ന വേദനിപ്പിക്കുന്ന വ്രണങ്ങളിലെ പഴുപ്പില്‍ കൊത്താനെത്തുന്ന പരലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് വാസുവിന്റെ തുള്ളല്‍ വിദ്യയെന്നു പിന്നീടാണ് മനസിലായത് .

 വിങ്ങി വേദനിക്കുന്ന ഒരു വ്രണം പോലെയായി തന്റെ മനസ്സില്‍ ഇന്ന് വാസുക്കുട്ടന്‍.. ഇപ്പോള്‍ എവിടെയാണോ ആവോ ? പുഴയ്ക്കക്കരെയുള്ള അമ്മാവന്റെ വീട്ടില്‍ വേനലവധി ആഘോഷിക്കാന്‍ പോയ അവന്‍ അമ്മാവന്റെ മേശയില്‍ നിന്ന് പത്തുരൂപ മോഷ്ടിച്ചുവത്രേ ! കുട്ടികളെ പ്രസവിച്ചിരുന്നില്ല എങ്കിലും വാസുക്കുട്ടന്റെ അമ്മായിക്ക് കുട്ടിയായ അവനെ ഒട്ടും ഇഷ്ടമായിരുന്നില്ല . അമ്പലപ്പറമ്പുകളില്‍ മിടായിയും കടലയും വിറ്റ്  നടന്നിരുന്ന അവന്റെ അച്ഛന്‍ സുരേന്ദ്രനെ വിളിച്ചു വരുത്തി വാസുക്കുട്ടനെ അവര്‍ "കള്ളന്‍ " എന്ന് വിളിച്ചു കുറ്റ വിചാരണ നടത്തി ..കുത്തുവാക്കു പറഞ്ഞും  അധിക്ഷേപിച്ചും വീട്ടിലേക്കു തിരിച്ചയച്ചു ..

.അഭിമാനിയായിരുന്ന സുരേന്ദ്രന്‍  വാസുക്കുട്ടനെ വീട്ടുമുറ്റത്തെ കവുങ്ങില്‍ കൈകള്‍ പിന്നോട്ട് ചേര്‍ത്തു കെട്ടി അയല്‍ക്കാര്‍ കാണ്‍കെ ദേഷ്യം തീരുവോളം തല്ലി..കള്ളന്‍ എന്ന വിളി അത്രയേറെ അയാളെ അപമാനിതനാക്കിയിരുന്നു ..
കരഞ്ഞുകലങ്ങിയ അവന്റെ കണ്ണുകള്‍ ഇപ്പോളും എന്റെ ഉള്ളിലുണ്ട് ..

വീണ്ടും അച്ഛന്റെ അടി കിട്ടുമെന്ന ഭയമോ നാണക്കേട് ഉണ്ടാക്കിയ വേദനയോ മൂലം അന്ന് വീട്ടില്‍ നിന്നിറങ്ങി പ്പോയ വാസുക്കുട്ടനെ പിന്നീടൊരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല .
പാര്‍ക്കില്‍ തിരക്ക് കൂടി വരികയാണ് .

റൈഡുകളിലെ മാസ്മരികതയിലേക്ക് പോയ ആശയും അഭിമന്യുവും ഇനിയും തിരിച്ചു വന്നിട്ടില്ല . സുഭദ്ര ചിറ്റയും രാഘവന്‍ മാമയും ഒപ്പം പോയിട്ടുണ്ട് .വയസാം കാലത്ത് അവര്‍ക്കും ഒരാഗ്രഹം .വാട്ടര്‍ തീം പാര്‍ക്കിലെ തടാകങ്ങളില്‍ മുങ്ങിത്തുടിക്കാനും ആകാശത്തിലൂടെ മതിമറന്ന് പറക്കാനും !

അഭിമന്യുവാണ്   ചിറ്റയെയും മാമനെയും പറഞ്ഞു കൊതിപ്പിച്ചത് .
അഞ്ചാം  ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ മുന്‍പും സ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം വാട്ടര്‍ തീം പാര്‍ക്കില്‍ വന്നിട്ടുണ്ട് . എന്നിട്ട് അവനായിരുന്നു ഇങ്ങോട്ട് പോരാന്‍ ഏറെ ഉത്സാഹം ..ആദ്യമായി വരുന്നവരെപ്പോലെ !
കാറിലിരിക്കുംപോള്‍ ഓരോ റൈഡിലും ഉള്ള രസങ്ങളെ പറ്റി അവന്‍ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു .
അമ്മയ്ക്കും ചിറ്റയ്ക്കും മാമനും ചില മുന്നറിയിപ്പുകള്‍ നല്‍കാനും അവന്‍ മറന്നില്ല .
കാറോടിച്ചു  കൊണ്ടിരുന്നതിനാല്‍ അവരുടെ സംസാരം വെറുതെ കേട്ടിരിക്കുകയായിരുന്നു അയാള്‍ .ആശയും യാത്രയില്‍ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല . വഴിയോര ക്കാഴ്ചകളില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍ .അതോ മറ്റേതോ ലോകത്തോ ?
ഏറെ നാളായി അവള്‍ ഇങ്ങനെ തന്നെയാണ് ..
അഞ്ചാറു വര്ഷം മുന്‍പ് ഏറെ അവകാശത്തോടെ തന്റെ ജീവിതത്തിലേക്ക് വന്ന ആ പഴയ ആശയും ഇന്നത്തെ ആശയും തമ്മില്‍ എത്ര അപരിചിതത്വമുണ്ടെന്ന് അയാള്‍ ഓര്‍ത്തൂ.
ചില  നേരങ്ങളില്‍ ഈ വ്യത്യാസത്തെപ്പറ്റി അയാള്‍  അവളോട്‌ പറയാറുണ്ട്‌ .
"ഞാനല്ല ....ഹരിയാണ് മാറിയത് ...അല്ലെങ്കില്‍ മാറേണ്ടത് .."
യുദ്ധകാലത്തെ ധാന്യമണികള്‍ പോലെ അവള്‍ വാക്കുകളെ കരുതലോടെ  പൂട്ടി വയ്ക്കും .  ശബ്ദമാക്കാന്‍ കഴിയാതെ  വരുന്ന തന്റെ വാക്കുകളുടെ ധാരാളിത്തം  ഓര്‍ത്ത്‌ അയാള്‍ക്ക്‌  ശ്വാസം മുട്ടുകയും ചെയ്യും  .. അതാണ്‌ പതിവ് .
അഭിമന്യുവിന്റെ  വാചാലത പണ്ട് ആശയ്ക്കായിരുന്നു ..ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്നതും അച്ഛനോട് വാദിക്കുന്നതും എല്ലാം അവനാണ് . ഒറ്റപ്പെട്ടു പോയ രണ്ടു തുരുത്തുകളിലേക്ക് നീണ്ടു കിടക്കുന്ന പാലം .

നമ്മള്‍ വിചാരിക്കുന്നത് ഒന്ന് നടക്കുന്നത് മറ്റൊന്ന് ..എപ്പോളും ജീവിതം എന്നാല്‍ ഈ അപ്രതീക്ഷിത നിരര്‍ഥക  ശൂന്യതയാണ് .ആശ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് കരുതിയിരുന്നതല്ല . സത്യത്തില്‍ മുംബെയില്‍ റയില്‍വേ ഓഫീസറായിരുന്ന ഈ രാഘവന്‍ മാമന്റെ മകള്‍ രേവതിയാണ് എന്റെ ജീവിതം പകുത്തെടുക്കേണ്ടിയിരുന്നത് ..അതായിരുന്നു ഇഷ്ടവും സ്വപ്നവും ..
പുഴയ്കക്കരെയുള്ള സ്കൂളിലേക്ക് കടത്ത് വഞ്ചിയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര .പ്രണയം എന്നാല്‍ വേനല്‍ ചൂടിലും മനസ്സില്‍ നിറയുന്ന കുളിരാണെന്നും കൊടും തണുപ്പിലും ഉള്ളില്‍ ഇതള്‍ വിടര്‍ത്തുന്ന  ഇളം ചൂടാണെന്നും തോന്നിത്തുടങ്ങിയ കാലം .
പത്താം തരം പാസായ രേവതിയെ മാമന്‍ മുംബയിലേക്ക് കൊണ്ടുപോയി .
പിരിയാന്‍  അവള്‍ക്കു ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല ..പക്ഷെ പോകാതെ വയ്യെന്നും അവള്‍ തന്നെയാണ് പറഞ്ഞത് !
റെയില്‍വേ  സ്റ്റേഷനില്‍ അവളെ യാത്രയാക്കാന്‍ ഞാനും പോയിരുന്നു .ചൂളം വിളിച്ചു പാഞ്ഞു പോയ തീവണ്ടിയില്‍ നിന്ന് അവള്‍ കൈകള്‍ വീശി മറഞ്ഞപ്പോള്‍ കരള്‍ പറിഞ്ഞകന്ന വേദനയായിരുന്നു !
മുംബയില്‍ എത്തിയതിനു ശേഷം ആഴ്ചയില്‍ ഒരിക്കല്‍ വരുമായിരുന്ന കത്തുകള്‍ പിന്നെപ്പിന്നെ ഇല്ലാതെയായി .
മഹാനഗരത്തിലെ  പുത്തന്‍ സൌഹൃദങ്ങള്‍ക്കിടയില്‍ എന്നെപ്പോലൊരു പഴഞ്ചനെ മറന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ ..!
കാലം ഒരിക്കലും നിര്‍ത്താത്ത ഒരു തീവണ്ടി കണക്കെ പിന്നെയും എത്രയോ ചൂളം വിളിച്ചു കടന്നു പോയി .. ആശ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്  വേറൊരു കടങ്കഥ..മുംബയില്‍ ദേവന്‍ നായര്‍ അസോസിയേറ്റ്സില്‍ എത്തിപ്പെട്ടതും എം ഡി യുടെ മകളുടെ ആരാധനാ പാത്രമായതും  തികച്ചും യാദൃശ്ചികമായിരുന്നു .അല്ലെങ്കിലും തന്റെ ജീവിതം മുന്‍കൂട്ടി നിശ്ചയിച്ച ഒരു വഴിയിലൂടെയും ഇതുവരെ സഞ്ചരിച്ചിട്ടില്ലല്ലോ! .
കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു നാട്ടില്‍ ചുറ്റിത്തിരിയുമ്പോള്‍ രാഘവന്‍ മാമന്‍ തന്നെയാണ് തന്നെ മുംബയിലേക്ക് കൊണ്ടുപോയതും അവിടെ സോഫ്റ്റ്‌ വേര്‍ കമ്പനി നടത്തുന്ന കൊല്ലത്തുകാരന്‍ ദേവന്‍ നായരെ പരിചയപ്പെടുത്തിയതും .
പിന്നീടൊരിക്കല്‍ രാഘവന്‍ മാമ പറഞ്ഞു : "മിടുമിടുക്കനായ ഈ എന്ജിനീയരെ ദേവന്‍ നായര്‍ക്കും മോള്‍ക്കും സ്വന്തമായി വേണ"മെന്ന് ! ഒരു വ്യവസ്ഥ മാത്രം ! മുംബയില്‍ അവരോടൊപ്പം താമസിക്കണം .നാട്ടിലേക്ക് ഇടക്കിടെയുള്ള ചുറ്റിക്കറക്കങ്ങള്‍ വേണ്ടെന്നു വച്ച് കമ്പനി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം ..
"ഹരീ പറ്റുമെങ്കില്‍ അമ്മയെയും അച്ഛനെയും ഇങ്ങോട്ട് കൊണ്ടുപോരൂ ..അല്ലെങ്കില്‍ അവിടെത്തന്നെ ബെറ്റര്‍ അക്കൊമോഡേഷന്‍സ്  ..പ്രോവൈഡ്‌  ചെയ്യാം ..ഐ മീന്‍ ..പ്രായമായവരെയൊക്കെ നോക്കാന്‍ പറ്റിയ നല്ല സെന്ററുകള്‍ ഉണ്ടല്ലോ ..എനീ വേ യു ഷൂഡ്‌  സ്റ്റേ വിത്ത്‌ അസ്‌ ..അറിയാമല്ലോ ..ആശ എന്റെ ഒരേയൊരു മകളാണ് ..അവളെ പിരിഞ്ഞിരിക്കാന്‍ എനിക്കാവില്ല ..ഈ ബിസിനസൊക്കെ പെട്ടെന്നുപെക്ഷിച്ചു നാട്ടിലേക്ക് മടങ്ങാനും വയ്യ . അല്ലെങ്കിലും നാട്ടിലേക്ക് മടങ്ങിയിട്ട്  എന്ത് കാര്യം ? അവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ? "
ദേവന്‍  സാറിന്റെ തീരുമാനം അനുസരിക്കാനാണ് രാഘവന്‍ മാമനും നിര്‍ബന്ധിച്ചത് . വിശദ വിവരങ്ങള്‍ കാണിച്ചു മാമന്‍ അച്ഛന് കത്തെഴുതുകയും ചെയ്തു .
"ഉടനെ തന്നെ നടത്തണമെന്നാണ് അവര്‍ പറയുന്നത് .നിങ്ങള്‍ അനുവദിക്കണം .പിന്നെ , അവര്‍ പറയുന്ന ഡിമാന്റുകള്‍ ..! അവന്റെ ഭാവിക്ക് അതല്ലേ നല്ലത് ? കുട്ടികളുടെ ജീവിതമല്ലേ നമ്മള്‍ അച്ഛനമ്മമാര്‍ക്ക്  വലുത് ?  "
മാമന്റെ ഉപദേശം ലക്‌ഷ്യം കണ്ടു .
രേവതിയെക്കുറിച്ഛല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച്   ചിന്തിച്ചിട്ടില്ല . അവള്‍ പോയതില്‍ പിന്നെ കുറേക്കാലമായി ആ ചിന്തയും ഇല്ല .ഇപ്പോള്‍ അവളെ ഓര്‍ത്ത്‌ അല്പം പോലും ദുഖവുമില്ല ! പിന്നെ എന്ത് കാരണം കൊണ്ട് കൈവെള്ളയില്‍ വന്ന ഈ ഭാഗ്യം തട്ടി എറിയണം ? '
ഹരിക്കും അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .
കൊളാബയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു രാജകീയ വിവാഹവും പാര്‍ട്ടിയും .മുംബയിലെ ബിസിനസ് രാജാക്കന്മാര്‍ ഒത്തുകൂടിയ ആ പകലും രാത്രിയും ഒരിക്കലും മറക്കാന്‍ കഴിയില്ല . ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അകാലത്തിലെ അസുഖങ്ങള്‍ തളര്‍ത്തിയ  അമ്മയ്ക്ക് ദീര്‍ഘ യാത്ര ചെയ്യാന്‍ കഴിയില്ല എന്ന കാരണം കൊണ്ട് അച്ഛനും വിവാഹത്തിനു  എത്താന്‍ കഴിയില്ല .ദേവന്‍ നായര്‍ അവര്‍ക്കുള്ള ഫ്ലൈറ്റ്‌ ടിക്കറ്റും അയച്ചു കൊടുത്തിരുന്നതാണ് ..
ആരുടേയും അസാന്നിധ്യമോ കുറവോ  കണ്ടു പിടിക്കാന്‍ കഴിയാത്തത്ര ആര്ഭാടത്തിലായിരുന്നു ചടങ്ങുകള്‍ .
വലിയ വലിയ ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ താന്‍ വളരെ ചെറുതായി പോകുന്നത് പോലെ തോന്നി അയാള്‍ക്ക്‌ . ആരൊക്കെയോ വന്നു ഹസ്തദാനം ചെയ്യുന്നു .ആരെല്ലാമോ പരിചയപ്പെടുന്നു .എല്ലായിടത്തും ഒരു കൃത്രിമത്വം ഫീല്‍ ചെയ്യുന്നു .
സന്ധ്യയോടെ പാര്‍ടി തുടങ്ങി . സ്വര്‍ണ്ണ വര്‍ണ്ണമുള്ള ലാച്ചയില്‍ ആശ ഒരു തങ്ക വിഗ്രഹമായി .
രേവതിയോ അതോ ആശയോ ഏറെ സുന്ദരി ? ഒരു നിമിഷം അയാള്‍ രേവതിയെക്കുറിച്ച്  ഓര്‍ത്തു  പോയി .
എല്ലാവരും ആഘോഷിക്കുകയാണ് . വില കൂടിയ ഷാമ്പെയിനുകള്‍ നുരഞ്ഞു പൊന്തി .
ലഹരി  പിടിച്ച ആണും പെണ്ണും പരസ്പരം കൈകള്‍ കോര്‍ത്തും അരക്കെട്ടുകള്‍ ചേര്‍ത്തുവച്ചും അലസമായ നൃത്ത ചുവടുകള്‍ വയ്ക്കുന്നു .
ആശയുടെ കയ്യിലുമുണ്ട് ഷാമ്പെയിന്‍ നിറച്ച ഒരു ചഷകം .അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് നൃത്തം ചെയ്യാന്‍ ഒരാണും !
അവന്റെ വിരലുകള്‍ അവളുടെ ഒഴിഞ്ഞ അരക്കെട്ടില്‍ എന്തെല്ലാമോ കുസൃതികള്‍ കാട്ടുന്നുണ്ടായിരുന്നു !അവളുടെ ചലങ്ങളിലുമുണ്ട് ലഹരിയുടെ ആലസ്യം .

പ്രധാന വേദിയില്‍ ഗുലാം അലിയുടെ ഗസല്‍ ആത്മാവുകളിലേക്ക് നീറിപ്പടരുകയാണ് ..
ഉറുദു കവി മിര്‍ത്സാ  ഖാലിബിന്റെ ഭാവഗീതം ഗുലാമിന്റെ ഈണങ്ങളില്‍ ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങുന്നു .
"രഖിയെ അബ്..എയ്സീ ജഗാത്സല്‍ ഖര്‍ ജഹാ കോയീ ന ഹോ ..
ഹം സുഖ്നു കോയീ ന ഹോ ഓര് ഹം ത്സബാ കോയീ ന ഹോ ..."
(പൊയ്ക്കൊള്‍ക ..ആരോരുമില്ലാത്ത ഒരു ലോകത്തിലേയ്ക്ക് ..പരിചരിക്കാനോ സംസാരിക്കാനോ ആരും വരാത്ത ഒരു ലോകത്തിലേക്ക് പൊയ്ക്കൊള്‍ക ..)

ഹരിക്ക് പിടിച്ചു നില്‍ക്കാനായില്ല .
അന്നാണ് മദ്യത്തിന്റെ രുചി ആദ്യമായറിയുന്നത് !
ഞൊടിയിടയ്ക്കുള്ളില്‍ എല്ലാ സൌഭാഗ്യങ്ങളും കൂടി ഒരുമിച്ചു കിട്ടിയിട്ടും എന്തോ നഷ്ട ബോധം ഉള്ളില്‍ കനം തൂങ്ങി നില്‍ക്കുന്നു !
കുടിച്ചു ..പിന്നെയും കുടിച്ചു ..നില തെറ്റിയപ്പോള്‍ ഹോട്ടലില്‍ നിന്നിറങ്ങി ആരോടും പറയാതെ കടല്‍ തീരം ലക്ഷ്യമാക്കി കാറോടിച്ചു . മണല്‍പ്പരപ്പിലേക്ക് മറിയുമ്പോള്‍ കൈതപ്പുഴയോരത്തെ ചെറിയ വീട്ടിലെ ആ പഴഞ്ചന്‍ കട്ടിലില്‍ കിടക്കുന്ന സുഖം !അരികില്‍ രേവതി വന്നു നില്‍ക്കുന്നത് പോലെ !

കണ്ണ് തുറക്കുമ്പോള്‍ ദേവന്‍ നായരുടെ ബംഗ്ലാവിലെ പട്ടുമെത്തയില്‍ കിടക്കുകയാണ് .
അരികില്‍ ചീറ്റപ്പുലിയെപ്പോലെ   ആശ !  അവളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു . 
"ആരാണീ രേവതി ? അവളെ നിങ്ങള്‍ സ്നേഹിച്ചിരുന്നുവെങ്കില്‍ എന്തിനെന്നോടത് മറച്ചു വച്ചു ? "
ആശയുടെ  ചോദ്യം നേരിടാനാവാതെ അയാള്‍ കണ്ണുകളടച്ചു .
അബോധത്തില്‍ താന്‍ രേവതിയെക്കുറിച്ച്  എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക ? ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുറ്റബോധം തോന്നി.ആശ പിന്നെയും എന്തൊക്കെയോ ചോദിച്ചു .പിന്നെ ഒരുപാട് കരഞ്ഞു .
"ഈ വലിയ ബംഗ്ലാവില്‍ തനിക്ക് ശ്വാസം മുട്ടുന്നു " അയാള്‍ പറഞ്ഞു .
"കാരണം എന്താണെന്ന് അറിയില്ല "
എങ്കില്‍ നമുക്ക് മറ്റൊരു വീട്ടിലേക്കു മാറി താമസിക്കാം " അവള്‍ പരിഹാരം നിര്‍ദ്ദേശിച്ചു ..
ആ  രാത്രി അങ്ങനെ തീര്‍ന്നു .
വീട് മാറാനുള്ള  അവരുടെ തീരുമാനത്തെ ദേവന്‍ നായര്‍ ഒരുപാടെതിര്‍ത്തെങ്കിലും ആശ ഉറച്ചു നിന്നു .

അങ്ങനെയാണ് ജൂഹുവിലുള്ള മറ്റൊരു വില്ലയിലേക്ക് മാറുന്നത് .
ദേവന്‍ നായര്‍ ഹരിയെയാണ് കുറ്റപ്പെടുത്തിയത് .
"എനിക്കാണ്   തെറ്റ് പറ്റിയത് " എന്ന് ഹരി കേള്‍ക്കെ അദ്ദേഹം  വിളിച്ചു പറഞ്ഞു .മകള്‍ വീട് വിട്ടു പോകുമ്പോള്‍ ഒരച്ഛന്‍ അനുഭവിക്കുന്ന വേദന അദ്ദേഹത്തിന്‍റെ വാക്കുകളില്‍ വിങ്ങി കിടന്നിരുന്നു .

പിന്നീടൊരിക്കല്‍ കൂടി ആശയുടെ കണ്ണ് നിറയുന്നത് കാണേണ്ടി വന്നു .
വിവാഹം കഴിഞ്ഞു   മാസങ്ങള്‍ക്ക് ശേഷമായിരുന്നു അത് . ഓഫീസില്‍  തളര്‍ന്നു വീണ അവളെ ആശുപത്രിയിലാക്കി എന്നറിഞ്ഞാണ് ഹരി ഓടി എത്തിയത് .
തന്റെ പരിഭ്രമം കണ്ട് അവളെ ചികിത്സിച്ച ഡോക്ടര്‍ മിസിസ് പുനം " പേടിക്കാനൊന്നുമില്ല" എന്നാശ്വസിപ്പിച്ചു .
"യൂ  ആര്‍ ഗോയിംഗ് ടൂ  ബി കം  എ ഫാദര്‍ ..ദാറ്റ്‌ സ് ആള്‍ ."
ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ അയാളുടെ ഞരമ്പുകളിലേക്ക് എവിടെനിന്നോ സന്തോഷം ഇരച്ചു കയറി വന്നു . ആത്മാവില്‍ ഒരു കുഞ്ഞുമുഖം ഇളം മോണകാട്ടി ചിരിതൂകുന്നു !.
ആശയ്ക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ നാണം കൊണ്ട് ചുവന്ന അവളുടെ മുഖമാണ് പ്രതീക്ഷിച്ചത് .തെറ്റിപ്പോയി!
"പ്ലീസ്‌ ഹരീ ..നമുക്കിത് വേണ്ട " കണ്ണീരോടെ അവളതു പറയുമ്പോള്‍ അയാള്‍ക്ക്‌ ക്ഷോഭം അടക്കാനായില്ല .
"വൈ ? വൈ ഷൂഡ്  യൂ കില്‍ മൈ ബേബി ? " ഹരിയുടെ അലര്‍ച്ച കേട്ടുകൊണ്ടാണ് ദേവന്‍ നായര്‍ മുറിയിലേക്ക് വന്നത് .
"ബി കൂള്‍ മൈ ബോയ്‌ .അവള്‍ കുട്ടിയല്ലേ ? കുട്ടിക്കളി മാറിയിട്ടില്ല . ഇപ്പോള്‍ നിങ്ങള്‍ക്കൊരു കുട്ടി .അത് ശരിയാവില്ല  ,ഇനിയും സമയം ഉണ്ടല്ലോ . ഞാനാണ് തീരുമാനിച്ചത് .ലെറ്റ്‌ ഹേര്‍ എന്ജോയ്‌ ലൈഫ്‌ .."
ദേവന്‍ നായരുടെ ദാര്ഷ്ട്യം നിറഞ്ഞ വാക്കുകള്‍ക്കു മുന്നില്‍ അയാള്‍ക്ക്‌ ശബ്ദം നഷ്ടപ്പെട്ടു.
പതുക്കെ അറിയുകയായിരുന്നു അവര്‍ വിലയ്ക്ക് വാങ്ങിയ ഒരു കളിപ്പാട്ടം മാത്രമാണ് താനെന്ന് !
ആശയും എന്നോടു പ്രതികാരം ചെയ്യുകയായിരുന്നോ ?
ഞാന്‍ അറിയാതെ എന്റെ കുഞ്ഞു ഓപറേഷന്‍ തീയറ്ററിലെ ടേബിളിലൂടെ രക്തക്കട്ടകളായി വാര്‍ന്നു പോയി !
അമ്മയും മുത്തശ്ശനും ഉപേക്ഷിച്ച അവന്‍ ഇരുളില്‍ എവിടെയോ കിടന്നു "അച്ഛാ.." എന്ന് വിളിച്ചു കരയുന്നത് പോലെ തോന്നിയ എത്രയോ രാത്രികളില്‍ താന്‍ ഉറക്കമില്ലാതെ അലഞ്ഞു നടന്നിട്ടുണ്ട് !
പിറക്കുന്നതിനു മുന്നേ മരിച്ചു പോയ അവന്റെ ആത്മാവ് ഒരു ശാപം പോലെ ആശയെ വേട്ടയാടിയത് കൊണ്ടാവണം പിന്നീടൊരു കുഞ്ഞു വേണം എന്ന് കൊതിച്ചിട്ടും തന്റെ ഗര്‍ഭ പാത്രം പോലും നിലനിര്‍ത്താന്‍ കഴിയാതെ പോയത് !

കാലം കാത്തു വച്ച തിരിച്ചടി പോലെ ..
 ഏറെ വേദനകള്‍ക്കൊടുവില്‍ ജീവിതത്തിന്റെ സമസ്യകളെക്കുറിച്ച് അവള്‍ക്കു എന്തൊക്കെയോ മനസിലായി ട്ടുണ്ടാവണം .അത് കൊണ്ടാവാം വളര്‍ത്താന്‍ ഒരു കുഞ്ഞിനെ വേണമെന്ന് അവള്‍ ആവശ്യപ്പെട്ടത് . അങ്ങനെയാണ് അഭിമന്യു ഞങ്ങളുടെ മകനാകുന്നത് .ഞങ്ങള്‍ വേദനിക്കാതെ ഞങ്ങള്‍ക്ക്  കിട്ടിയ മകന്‍ .

പാര്‍ക്കില്‍ വെയില്‍ ചാഞ്ഞു തുടങ്ങി . ആകാശത്തേക്ക് വേഗതയോടെ കറങ്ങി മറിയുന്ന ചക്രക്കസേരകളില്‍ തട്ടിയ സ്വര്‍ണ്ണ നിറമുള്ള അന്തി വെയിലില്‍ ആര്‍ത്തലയ്ക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ മിന്നി മറയുന്നു .പൊട്ടിച്ചിരിയോ പോട്ടിക്കരച്ചിലോ എന്നറിയാത്ത ആരവങ്ങള്‍ !
ഹരിശങ്കര്‍ കുപ്പിയില്‍ ഉണ്ടായിരുന്ന വിസ്കിയുടെ അവസാന തുള്ളിയും ഊറ്റിക്കുടിച്ചു . ഇപ്പോള്‍ ചുറ്റിലും ഉള്ള ശബ്ദങ്ങള്‍ നിലച്ചത് പോലെ ..കണ്ണുകള്‍ കനം വച്ച് വിങ്ങുന്നത് പോലെ ! ..ഓര്‍മ്മകള്‍ വേച്ചുപോകുന്നു ..
ഇനിയൊട്ടും നീന്താന്‍ കഴിയാത്ത വിധം കൈകാലുകള്‍ ബന്ധിക്കപ്പെട്ടത്‌ പോലെ ..!
പുറത്തെ ഇരുള്‍ പതുക്കെ ഹരിയുടെ കണ്ണുകളിലേക്ക് പിന്നെ ആത്മാവിലെക്കും അരിച്ചിറങ്ങി .
ഇപ്പോള്‍ താനൊരു കൈക്കുഞ്ഞാണെന്ന്  അയാള്‍ക്ക്‌ തോന്നി ..
എന്തൊരു സുഖം ! അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖമായി ഉറങ്ങുന്നത് പോലെ ,,ജല ശയനം ...!

66 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

sarath sankar പറഞ്ഞു...

വായിച്ചു വളരെ നന്നായിരിക്കുന്നു ...

ഒരു സിനിമ കണ്ട പ്രതീതി ... എത്ര കാര്യങ്ങളാണ് ചെറിയ സമയം കൊണ്ട് പറഞ്ഞു പോയത് ...

ആദ്യ ഭാഗങ്ങളില്‍ ചെറിയ ഇഴച്ചില്‍ അനുഭവപെട്ടു ...

രേവതിയുടെ വരവോടെ ആണ് കഥ ഉഷാരാകുന്നത് ....

അടുത്ത കഥക്കായി കാത്തിരിക്കുന്നു :)

Vishnu NV പറഞ്ഞു...

good story

Vishnu NV പറഞ്ഞു...

എത്ര കഥകള്‍ എഴുതി എന്നല്ലല്ലോ നോക്കുക, എങ്ങനെ എഴുതി എന്നല്ലേ, നന്നായിരിക്കുന്നു.

c.v.thankappan പറഞ്ഞു...

"ഇപ്പോള്‍ താനൊരു കൈക്കുഞ്ഞാണെന്ന് അയാള്‍ക്ക്‌ തോന്നി..എന്തൊരു സുഖം!അമ്മയുടെ ഗര്‍ഭപാത്രത്തില്‍
സുഖമായി ഉറങ്ങുന്നത് പോലെ, ജലശയനം...!"
മനസ്സിലെ മോഹങ്ങളും,മോഹഭംഗങ്ങളും,വ്യഥകളും,
നഷ്ടസ്വപ്നങ്ങളും വളരെ മനോഹരമായി
പ്രതിപാദിച്ചിരിക്കുന്നു രചനയില്‍,.
ആശംസകള്‍

പൊട്ടന്‍ പറഞ്ഞു...

ഏതെങ്കിലും മുന്‍നിര ആനുകാലിക പ്രസിദ്ധീകരണത്തിന്റെ താളുകളെ അലങ്കരിക്കേണ്ട ഈ കഥ ബ്ലോഗിലൂടെ സൌജന്യമായി നല്‍കിയതിന് നന്ദി. എഴുത്തിന്‍റെ സൌന്ദര്യത്തില്‍ ലയിച്ചു പോയി. നിലവാരത്തില്‍ മലയാളം ബ്ലോഗുകള്‍ മറ്റെല്ലാ മാധ്യമങ്ങള്‍ക്കും ഒപ്പം തന്നെയാണെന്ന് ഈ സൃഷ്ടി അടിവരയിടുന്നു.

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

"അക്ഷരങ്ങള്‍ പെരുക്കിയെടുത്താണ് എന്റെ കളി" അത് അക്ഷരം പ്രതി ശരി!

മനസ്സ് എവിടോക്കെയാണ് പോയത്? മഹാഭാരതം പോലെ എത്രയെത്ര ഉപകഥകള്‍?

നാട്ടില്‍ വെക്കേഷന് ഇത്തവണയും വീഗാലാന്റ് കണ്ടു എന്ന് തോന്നുന്നു. :)

എന്നാലും പബ്ലിക്‌ ആയ വെള്ളമടി?? അതും ആയിരങ്ങള്‍ തിങ്ങുന്ന വാട്ടര്‍ തീം പാര്‍ക്കിന്റെ പോണ്ടില്‍?? :)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പശ്ചാതല വിവരണത്തിന്റേയും നല്ല എഴുതിനാലും കാഥ നന്നായി ആസ്വദിച്ചു വായിച്ചു

ആശംസകൾ

yousufpa പറഞ്ഞു...

താങ്കളുടെ നല്ല രചനയില്‍ ഒന്ന്‍ .

ശ്രീ പറഞ്ഞു...

കഥ നന്നായി മാഷേ. മനസ്സു തൊടുന്ന രചന.

keraladasanunni പറഞ്ഞു...

അടുത്ത കാലത്ത് വായിച്ച ഒരു മികച്ച കഥ.

khaadu.. പറഞ്ഞു...

കഥ വായിച്ചു... പക്ഷെ ഒരു മൂന്നു കഥ വായിച്ച പോലെ... ആദ്യ ഭാഗം ഒന്ന്, പിന്നെ വേറൊന്നു... വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വേറൊന്നു ... കുറെ കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത്...

എങ്കിലും ഒരു സ്ഥലത്തും മടുപ്പിക്കാതെ എഴുതി... ലളിതമായ ഭാഷയും, ചില നാടന്‍ ഓര്‍മകളും കൂടിയായപ്പോള്‍.., വായിക്കാനും നല്ല സുഖം...

സ്നേഹാശംസകളോടെ...

INTIMATE STRANGER പറഞ്ഞു...

രമേഷേട്ടാ കഥ എനിക്ക് ഒരുപാടി ഇഷ്ടായി..തീര്‍ച്ചയായും രമേശേടന്റെ രചനകളില്‍ എനിക്ക് പ്രിയപെട്ടവയില്‍ ഇതിനു ഒരു സ്ഥാനം ഉണ്ട്.. ഒത്തിരി ഇഷ്ടായി ..

Jefu Jailaf പറഞ്ഞു...

ഒഴുക്ക് മുറിയാത്ത ജലശയനം. അപകര്‍ഷതാ ബോധം വലിഞ്ഞു മുറുക്കിയ ഒരു മനസ്സിന്റെ ചിന്തകള്‍, മനസ്സില്‍ തൊടുന്ന രീത്യില്‍ പറഞ്ഞു. രമേഷേട്ടാ അഭിനന്ദനങ്ങള്‍..

ഓക്കേ കോട്ടക്കല്‍ പറഞ്ഞു...

കഥ ഇഷ്ടമായി..

! വെറുമെഴുത്ത് !

Echmukutty പറഞ്ഞു...

കഥ നന്നായി.പല സന്ദർഭങ്ങളും അതീവ സുന്ദരമായിരിയ്ക്കുന്നു.

എങ്കിലും രമേശിന് കുറെക്കൂടി ഭംഗിയാക്കി എഴുതാനുള്ള കഴിവുണ്ട്. ആ കഴിവ് വേണ്ടത്ര ഈ കഥയിൽ വന്നില്ല, അല്പം ധിറുതിയോ ചില്ലറ അലസതയോ ഉണ്ടായിയെന്ന് എനിയ്ക്ക് ഒരു കുഞ്ഞു പരാതിയുണ്ട്.

വീ കെ പറഞ്ഞു...

കഥയിൽ ഒരു പാടു കാര്യങ്ങൾ പറഞ്ഞു. എങ്കിലും വായനക്കാർ ആഗ്രഹിച്ച ബോംബെയിലേക്കു പോയ രേവതിയുടെ കഥക്കു പിന്നാലെ പോകാത്തതിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു. എഴുത്തുകാരനാണെങ്കിലും കഥാപാത്രങ്ങളോട് ഇച്ചിരി സ്നേഹോക്കെ കാണിക്കുന്നതു കൊണ്ട് കൊഴപ്പോന്നൂല്ലാട്ടൊ...(ഞങ്ങളോടും..!!)(തമാശയാണെ..)
നന്നായിരിക്കുന്നു കഥ...
ആശംസകൾ...

Pradeep Kumar പറഞ്ഞു...

നന്നായി എഴുതി - പലതരം ആളുകളുടെ ഇടയില് വെച്ചു കഥാപാത്രം മദ്യം കഴിച്ച കാര്യമൊക്കെ പറയുന്നതില് അനൌചിത്യം തോന്നി... പിന്നെ ഒരല്പം നീണ്ടു പോയതായും തോന്നി...

മികച്ച ശൈലി - ചെറുകഥയുടെ ക്രാഫ്റ്റ് എന്താണെന്ന് നന്നായി അറിയാവുന്ന താങ്കളോടൊക്കെ ഞാനെന്തു പറയാനാണ്...

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ഒരു കഥാകാരനേക്കാള്‍ , ജേര്‍ണലിസ്റ്റ്‌ തന്നെയാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്ന് എനിക്ക് തോന്നി രമേശ്‌.!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അവസാനം ജലശയനത്തിന് തെരെഞ്ഞെടുത്ത
നീന്തൽ കുളത്തിൽ നിന്ന് വായനക്കാരോരുത്തരേയും
ഒരു ഫ്ലാഷ് ബാക്കിലൂടെ കൈതപ്പുഴയും,ആശാൻ കുളവുമൊക്കെ കാണിച്ചുതന്നു ഒരാളുടെ ജീവിതം വെള്ളത്തിൽ ലയിച്ചുപോകുന്ന പാന്ഥാവുകളാണ് ഭായ് ഇതിലൂടെ എടുത്തുകാണിച്ചിരിക്കുന്നത് അല്ലേ

അഭിനന്ദനങ്ങൾ... കേട്ടൊ ഭായ്

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊല്ളാം രമേശ്.നല്ല കഥ. വലുതാണെങ്കിലും വായിച്ചു കേട്ടോ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

വളരെ നാളുകള്‍ക്കു ശേഷം നല്ലൊരു കഥ വായിക്കാന്‍ പറ്റി രേമെശേട്ടാ !

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

കഥ ഇഷ്ടപ്പെട്ടുവെട്ടോ!

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ആദ്യവായന നടത്തി അഭിപ്രായം അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി ..
@@എച്ച്മുകുട്ടി :കഥ എഴുതാന്‍ തന്നെ ഭയമാണ് ..അടുത്ത തവണ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം ..:)
@@അനില്‍ കുമാര്‍ :ജേര്‍ണലിസ്റ്റ്‌ കഥ എഴുതുമ്പോള്‍ സംഭവിക്കാവുന്നതു തന്നെ ഇവിടെയും സംഭവിച്ചു :)
@@പ്രദീപ്‌ മാഷ്‌ : കുടിയനായ കഥാപാത്രം സാഹചര്യവും സന്ദര്‍ഭവും നോക്കാതെ കുടിക്കും ..ശബരി മലയ്ക്ക് പോകുന്ന എത്രയോ ആളുകള്‍ ഇരുമുടി കെട്ടിനുള്ളില്‍ മദ്യക്കുപ്പിയും കൊണ്ടുപോയിരിക്കുന്നു ! ഈ കഥയിലെ കഥാപാത്രം മദ്യവുമായി നടക്കുന്ന ഒരാളാണ് ..അദ്ദേഹം അവസരം കിട്ടുമ്പോള്‍ എല്ലാം കുടിക്കും ..പക്ഷെ അയാള്‍ മദ്യപിക്കുകയാണ് എന്ന് അയാളും വായനക്കാരും മാത്രമേ അറിയുന്നുള്ളൂ ..അനുസാരികളായ അച്ചാറും കപ്പലണ്ടിയും ,,കൂടെയിരുന്നു കഴിക്കാന്‍ കമ്പനിയും ഒന്നും കഥയില്‍ ഇല്ലല്ലോ എങ്കിലും ..സന്ദര്‍ഭത്തില്‍ അനൌചിത്യം തോന്നിയതില്‍ അനൌചിത്യം ഇല്ല കേട്ടോ ..കഥ മാഷിനെ നിരാശപ്പെടുത്തി എന്നാണ് ഞാന്‍ മനസിലാക്കുന്നത് ..അടുത്ത തവണ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം :)

Rashid പറഞ്ഞു...

ആദ്യഭാഗം എന്തിന്റെയൊക്കെയോ അതിപ്രസരം കാരണം ഒന്നും മനസ്സിലായില്ല. അവസാനം നല്ല വായനാസുഖം കിട്ടി, വ്യത്യസ്തമായ അവതരണം. മനസ്സില്‍ തട്ടിയ പ്രമേയം. ആശംസകള്‍.

Manoraj പറഞ്ഞു...

കഥയുടെ തുടക്കത്തില്‍ കഥക്കുണ്ടായിരുന്ന വൈകാരികതയും തീവ്രതയും അവസാനമായപ്പോള്‍ എഴുത്തില്‍ നഷ്ടപ്പെട്ട പോലെ തോന്നി. ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ വ്യത്യസ്തതയുള്ള എന്തോ ഒന്ന് തുടര്‍ന്ന് വരുന്നു എന്ന ഫീല്‍ ഉണ്ടായിരുന്നു എങ്കിലും അവസാനഭാഗങ്ങളിലേക്കെത്തിയപ്പോള്‍ എം.ടിയും കാരൂരും മറ്റനേകം എഴുത്തുകാരും പറഞ്ഞു തീര്‍ത്ത ഒരു പ്രമേയത്തെ അതേപടി രമേശ് പകര്‍ത്തിയത് പോലെ തോന്നി. എച്മുക്കുട്ടി പറഞ്ഞത് പോലെ രമേശ് എന്ന എഴുത്തുകാരന്റെ നല്ല കുറേ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും (കഥ ഞാന്‍ വായിക്കുന്നത് ആദ്യമാണെന്ന് തോന്നുന്നു..) ഇതിലും മനോഹരമായി ഈ കഥ നരേറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി. പക്ഷെ കുറേയേറെ ഉപാഖ്യാനങ്ങള്‍കൊണ്ടും വാചക ഘടനകള്‍ കൊണ്ടും വൈവിധ്യമുള്ള കുറേ സാഹിത്യ പദങ്ങള്‍ കൊണ്ടും കഥ വിരസമായില്ല എന്നത് പ്ലസ് പോയിന്റ് തന്നെ. രമേശിലെ കഥാകൃത്ത് ഇനിയും ജ്വലിക്കട്ടെ.

വേണുഗോപാല്‍ പറഞ്ഞു...

കഥ നന്നായി ...
സ്വന്തം വ്യക്തിത്വത്തെ ഭൌതിക സുഖങ്ങള്‍ക്കു മുന്നില്‍ കുഴിച്ചു മൂടി അവസാനം ജീവിത പരാജയം ഇരന്നു വാങ്ങിയ ഇത്തരം ഒന്നിലധികം ഹരിശങ്കര്‍മാരെ ഞാന്‍ മുംബയില്‍ കണ്ടിട്ടുണ്ട്. അതില്‍ ഒരാള്‍ എന്റെ ഒരുത്തമ സുഹൃത്ത് കൂടിയാണ്. ഞാന്‍ ഈ കഥ വായിച്ചത് അവന്റെ അനുഭവങ്ങളോട് ചേര്‍ത്തു വെച്ചാണ്. കഥ എനിക്കിഷ്ടമായി. ആ വിവാഹ വര്‍ണ്ണന (മദ്യ വിരുന്നും ഡാന്‍സും മറ്റും)ഒഴിവാക്കിയാല്‍ കഥയെ ഒരു വിധത്തിലും അത് ബാധിക്കില്ലെന്ന് തോന്നി. പോസ്റ്റിന്റെ നീളവും അല്‍പ്പം കുറയ്ക്കാമായിരുന്നു.
ചെറിയ ഒന്ന് രണ്ടു തിരുത്തലുകല്‍ ശ്രദ്ധിക്കൂ ..
കടലയും വിട്ടു നടന്നിരുന്നു എന്നത് വിറ്റ് നടന്നിരുന്നു എന്നും
വള്ളം മരുകരയെത്തുന്നത് എന്നത് മറുകരയെത്തുന്നത് എന്നും തിരുത്തുക. ഇനി ഒരു സംശയം ഭരദേവത എന്നാണോ അതോ പരദേവത എന്നാണോ ശരി എന്നതില്‍ ആണ്. അത് എനിക്കും വ്യക്തത കിട്ടാന്‍ രമേശ്‌ ജി സഹായിക്കണം .. ആശംസകള്‍

കാടോടിക്കാറ്റ്‌ പറഞ്ഞു...

ജല ശയനം.... തലക്കെട്ട്‌ തന്നെ ആകര്‍ഷണീയം. കഥയുടെ ഭാഷ മനോഹരം. പലരും എഴുതിയ പ്രമേയമാണെങ്കിലും ഭാഷയുടെ ഭംഗി കൊണ്ട് വേറിട്ടു നില്‍ക്കുന്നു രമേഷ്ജിയുടെ കഥ. തുടക്കമാണ് കൂടുതല്‍ ഇഷ്ടമായത്... പിന്നെ കൈതപ്പുഴയുടെ കുളിരിലേക്ക്.. ചില ഭാഗങ്ങള്‍ ചുരുക്കി പറയാമായിരുന്നു, അത് ഒന്ന് രണ്ടു വാചകങ്ങളില്‍ ഒതുക്കിയിരുന്നെങ്കില്‍ തുടക്കത്തിലെ ക്രാഫ്റ്റിന്‍റെ ഒതുക്കം നവീനതയും നിലനിര്‍ത്താമായിരുന്നു എന്നു തോന്നി... വിമര്‍ശനമല്ലാട്ടോ. എന്‍റെ വായനയുടെ പരിമിതിയില്‍ നിന്നുണ്ടായ നിഗമനം മാത്രം. ഭാവുകങ്ങള്‍.....!!

Sukanya പറഞ്ഞു...

ഇങ്ങനെ വിലയ്ക്ക് വാങ്ങിയ എത്ര ഹരിശങ്കര്‍മാര്‍.
അവരുടെ വ്യഥ നന്നായി പകര്‍ത്തി.

കൊമ്പന്‍ പറഞ്ഞു...

ബ്ലോഗിലൂടെ ഈ അടുത്ത കാലത്ത് വായിച്ച മികച്ച ഒരു കഥ

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

കഥയുടെ ഭാഷ മനോഹരം ,അക്ഷരങ്ങൾ
പെറുക്കിയെടുത്ത കളി തന്നെ

AFRICAN MALLU പറഞ്ഞു...

കഥ വളരെ ഇഷ്ടമായി .ആ ഗസല്‍ "രഹിയെ അബ് ഐസേ ജഗ്ഗഹ് ചല്‍ കര്‍ ജഹാന്‍ കോയി നാ ഹോ" അല്ലെ അതും വളരെ പ്രിയപ്പെട്ടത്

പട്ടേപ്പാടം റാംജി പറഞ്ഞു...

കുറെ കഥകള്‍ നിരത്തി ഒരു വലിയ കഥ അനുഭവവിവരണം പോലെ ലളിതമാക്കി അവതരിപ്പിച്ചു.
സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നവന്‍ അവസാനം മാത്രം തിരിച്ചറിയുന്ന സ്വന്തം മനസ്സിന്റെ ഭാവങ്ങള്‍ നിര്‍വ്വികാരമായി നോക്കിക്കാണുന്ന അവസ്ഥ. അതിനിടയിലൂടെ ഇന്നത്തെ ജീവിതരീതിക്കനുസരിച്ച മാറ്റങ്ങള്‍ സ്വീകരിച്ച് പലതും നഷ്ടപ്പെടുത്തുന്ന വിവിധ ജീവിതങ്ങള്‍. കാമുകിയും ഭാര്യയും മാതാപിതാക്കളും ജോലിയും ഉയര്‍ച്ചയും ആഘോഷങ്ങളും എല്ലാം നിറഞ്ഞ ഒരെഴുത്ത്‌.
ആശയവും എഴുത്തും ഇതേക്കാള്‍ കൂടുതല്‍ രമേശേട്ടനില്‍ നിന്നും പ്രതീക്ഷിച്ചതുകൊണ്ടായിരിക്കും കൂടുതല്‍ തൃപ്തി എനിക്ക് ലഭിക്കാതിരുന്നത് അല്ലെ?

മുകിൽ പറഞ്ഞു...

nalloru katha!

വി.എ || V.A പറഞ്ഞു...

‘...അല്ലെങ്കിലും തന്റെ ജീവിതം മുൻ കൂട്ടി നിശ്ചയിച്ച ഒരു വഴിയിലൂടെയും സഞ്ചരിച്ചിട്ടില്ലല്ലോ....’യെന്ന ഹരിശങ്കറിന്റെ ആത്മഗതം ഏവർക്കും ബാധകമാണെന്ന സൂചനയിൽ അവസാനിക്കുന്ന ഭാഗം ഏറ്റവും മെച്ചപ്പെട്ടത്. ‘...പുറത്തെ ഇരുൾ പതുക്കെ ഹരിയുടെ കണ്ണുകളിലേയ്ക്കും ആത്മാവിലേയ്ക്കും അരിച്ചിറങ്ങി.......’ സുഖകരമായ ‘ജലശയനം’. ‘കഥ’യിലുടനീളം നോവലിന്റെ ആഖ്യാനശൈലി വന്നുപെട്ടു. രംഗങ്ങളുടെ വിവിധതലങ്ങൾ സുന്ദരമായി നിരത്തിവച്ചപ്പോൾ, വർണ്ണപ്പൊലിമ വർദ്ധിച്ചതാണ് കാരണം. ജീവിതത്തിൽനിന്ന് മോചനംനേടാനുള്ള ഹരിയുടെ മാനസാന്തരം നല്ലതുപോലെ സ്പഷ്ടമാക്കി, കൂട്ടത്തിലുള്ള കഥാപാത്രങ്ങളേയും. ഭാര്യയായ ‘ആശ’യെക്കാൾ മനസ്സിൽ തങ്ങുന്നവിധം ‘രേവതി’യെ മനസ്സിൽ പിടിച്ചിരുത്തിയത് ആ വർണ്ണനയുടെ മികവാണ്. ‘ഒരു നല്ല നോവലിന്റെ നല്ല ഭാഗം’ വായിച്ച സംതൃപ്തി. അനുമോദനങ്ങൾ......

Mohiyudheen MP പറഞ്ഞു...

ജല ശയനം വായിച്ചു... ലളിതമായ രചനയില്‍ വിരിഞ്ഞ ഒരു സൃഷ്ടി വളരെ മികച്ചതായി തന്നെ നിലനില്‍ക്കുന്നു. ഭാവുകങ്ങള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kalavallabhan പറഞ്ഞു...

കൈയ്യിൽ കാശില്ലാതിരുന്ന കാലത്ത്‌ വിശപ്പോട്‌ വ്വിശപ്പ്‌, കാശ്‌ വന്നപ്പോഴോ വിശപ്പുമില്ല നേരവുമില്ല.

നല്ല കഥ.
ആശം സകൾ

ആചാര്യന്‍ പറഞ്ഞു...

നല്ലൊരു കഥ കൂടി അപ്പോള്‍ നാട്ടിലും വെറുതെ ഇല്ല അല്ലെ...ആട്ടെ

രമേശ്‌ അരൂര്‍ പറഞ്ഞു...

കൂട്ടുകാരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നു ..കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് .. എല്ലാവര്ക്കും നന്ദി .
@@വേണുജി .അക്ഷര ത്തെററുകള്‍ തിരുത്താം
@@വേണുജി :പരദേവത എന്നും ഭരദേവത എന്നും പ്രയോഗിച്ചു കാണാറുണ്ട്‌ ..ഭരദേവത എന്നാല്‍ ഭൂമിയുടെ അധിപയായ ദേവത എന്നും പരദേവത എന്നാല്‍ കുടുംബ ദേവത എന്നും അര്‍ഥം കാണുന്നു ..അപ്പോള്‍ ഭരദേവതയാണ് കൂടുതല്‍ യോജ്യം അല്ലെ ...നന്ദി :)

Akbar പറഞ്ഞു...

കഥ നന്നായി. അല്‍പം നീണ്ടു പോയി, എങ്കിലും വായനയെ മുഷിപ്പിക്കാതെ കൊണ്ട് പോകാന്‍ എഴുത്തിനായി. ആശംസകളോടെ.

viddiman പറഞ്ഞു...

ഭാഷ ഇഷ്ടപ്പെട്ടു..ഭാഷ മാത്രം !

ajith പറഞ്ഞു...

മൂന്നാല് ദിവസായി ഈ ജലശയനം ഒന്ന് വായിക്കാന്‍ നോക്കുന്നു. പക്ഷെ പേജ് സ്തംഭിച്ച് നില്‍ക്കുവായിരുന്നു. ഇന്നലെ ഞാനൊരു മെയിലും വിട്ടിരുന്നല്ലോ ഈ വിഷയം പറഞ്ഞ്. എന്തായാലും ഇന്ന് ശരിയായി...വായിച്ചു.

മുല്ല പറഞ്ഞു...

നന്നായിട്ടുണ്ട് അല്പം നീളക്കൂടുതല്‍ തോന്നിയെങ്കിലും.
അഭിനന്ദനങ്ങള്‍.

kochumol(കുങ്കുമം) പറഞ്ഞു...

കൊള്ളാം രെമേഷേട്ടാ നല്ല കഥ...ഇപ്പോഴാണ് കണ്ടത്...! അല്‍പ്പം വലുതാണെങ്കിലും വായിച്ചപ്പോള്‍ അറിഞ്ഞില്ല ..
നല്ല ഭാഷ....!!

Salam പറഞ്ഞു...

ഹരിശങ്കര്‍ വിലക്കെടുക്കപ്പെട്ട വിധം എങ്ങിനെയെന്ന് സുന്ദരമായി പറഞ്ഞു. ഓര്‍ത്തില്ലെങ്കില്‍ ഒന്നുമില്ല. ഓര്‍ത്താല്‍ അവിശ്വസനീയവും. തനിക്കിണങ്ങാത്ത തീരുമാനങ്ങളിലേക്ക് എങ്ങിനെ വലിച്ചിഴക്കപ്പെട്ടു എന്ന് ഹരി ഖേദം കൊള്ളുന്നു. ഇങ്ങിനെയൊന്നും ആയിരുന്നില്ല ജീവിത മാപ് വരക്കേണ്ടിയിരുന്നത് എന്ന് വൈകിയ വേളയില്‍ തിരിച്ചറിയുമ്പോള്‍ നായകനെ ഏറെ വേദനിപ്പിക്കുന്നത് ഇതൊക്കെ അന്ന് തന്നെ അറിഞ്ഞിരുന്നുവെന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ളതാണ്. ഇത് ഏറെ പേരുടെ നേരുകള്‍ തന്നെയാണ്. നല്ലൊരു കഥ രേമേഷ് ജി

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നല്ല കഥ, അതിമനോഹരമായ ഭാഷ. ഇഷ്ടായി.

അധ്യാപകന്‍ പറഞ്ഞു...

നല്ല കഥ. നീണ്ട കഥകള്‍ , മികച്ചതെങ്കിലും, ബ്ലോഗുകളില്‍ വായനാസുഖം നല്‍കില്ല എന്നതൊരു പോരായ്മ തന്നെയാണ് അല്ലെ..?

റീനി പറഞ്ഞു...

രമേശ്, വായിച്ചു, കൊള്ളാം. ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ഒക്കെയായി.

Kattil Abdul Nissar പറഞ്ഞു...

വാക്കുകള്‍ കൂട്ടി വച്ചാല്‍ മാത്രം പോര.അതില്‍ ഒരു കഥാതന്തു കോര്‍ത്താല്‍ മാത്രം പോര.ആ വാക്കുകള്‍ വായനക്കാരനെ വിഴുങ്ങുന്ന വികാരങ്ങള്‍ ആകണം, ഒരു കഥ നന്നാവാന്‍. താങ്കളുടെ കഥയ്ക്ക് ഒരു നിരൂപണം എഴുതേണ്ടി വന്നാല്‍ അത് ഈ കഥയേക്കാള്‍ ദൈര്‍ഘ്യം ഉള്ളതായിരിക്കും . പുകഞ്ഞു കൊണ്ടിരിക്കുന്ന വാക്കുകളായി അത് വീണ്ടും വീണ്ടും വായനക്കാരനെ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കും. ഞാന്‍ ഈ കഥ ഒരുപാട് ഇഷ്ടപ്പെടുന്നു.

Satheesh Haripad പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Satheesh Haripad പറഞ്ഞു...

ലളിതമായ രചനാശൈലി വളരെ ഇഷ്ടമായി.
കഥയിലേക്കും കഥാപാത്രങ്ങളിലേക്കും വായനക്കാരനെ കൂട്ടികൊണ്ടു പോകുവാനും അവിടെയവിടെ കുരുക്കിയിടുവാനും രചയിതാവിനുള്ള കഴിവ് അഭിനന്ദനീയമാണ്. നന്നായി ആസ്വദിച്ചു വായിച്ചു.

( ചിലയിടങ്ങളില്‍ ഇപ്പോഴും അക്ഷരത്തെറ്റുകള്‍ ബാക്കി കിടക്കുന്നുണ്ട്.. ഒന്ന്‍ ശരിയാക്കിക്കൊള്ളൂട്ടോ രമേശേട്ടാ.)

ആശംസകളോടെ
satheeshharipad from മഴചിന്തുകള്‍

smitha punalur പറഞ്ഞു...

രമേശ്‌ സര്‍ ,കഥ ഇഷ്ട്ടപ്പെട്ടു ...നീളം അല്പം കൂടിയെങ്കിലും വിരസത തോന്നിയില്ല

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

വായനയുടെ അവസാനം അറിയാതെ കണ്ണൊന്നു നനഞ്ഞു .
വീണ്ടും വായിച്ചു .
വളരെയധികം ഇഷ്ടമായി

മണ്ടൂസന്‍ പറഞ്ഞു...

രമേശേട്ടാ കൊള്ളാം. നന്നായിട്ടുണ്ട്.
ഭയം ഭയമാണ് മനസ് നിറയെ ..വേറൊരുത്തരവും കിട്ടുന്നില്ല..സ്വയം മറന്ന് ഇല്ലാതാവാനും ധൈര്യം വേണം ..
എല്ലാവര്ക്കും പേടി ഉണ്ടാവേണ്ടതല്ലേ ? ചിലപ്പോള്‍ ഉണ്ടായിരിക്കില്ല .സാഹസികതകളെ .ഭയപ്പെട്ടിരുന്നുവെങ്കില്‍ ഈ റൈഡുകള്‍ക്ക് മുന്നില്‍ ഇത്ര ജനക്കൂട്ടം ഉണ്ടാകുമായിരുന്നോ ? അയാള്‍ക്കുത്തരം മുട്ടി ..

രമേശേട്ടാ കഥ വളരെ നന്നായിരിക്കുന്നൂ ട്ടോ. വിഷുദിനാശംസകൾ.

jayarajmurukkumpuzha പറഞ്ഞു...

manoharamaya bhashayil lalithamayi paranju..... aashamsakal..... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane........

~ex-pravasini* പറഞ്ഞു...

ഒരുപാട് കഥകള്‍ കൂട്ടിവെച്ച ഒരു കഥ.
കഥയില്‍ മുഴുകി ഒരു അലച്ചില്‍ പോലെ വായിച്ചു തീര്‍ത്തു.
ഒരുപാടിഷ്ട്ടപ്പെട്ടു.

മുനീര്‍ തൂതപ്പുഴയോരം പറഞ്ഞു...

കൊള്ളാം കഥ.വായിച്ചിരിക്കാം..
അധ്യാപകന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നു
“നല്ല കഥ. നീണ്ട കഥകള്‍ , മികച്ചതെങ്കിലും, ബ്ലോഗുകളില്‍ വായനാസുഖം നല്‍കില്ല എന്നതൊരു പോരായ്മ തന്നെയാണ് അല്ലെ..? “

ഫൈസല്‍ ബാബു പറഞ്ഞു...

പലരും പറഞ്ഞപോലെ കഥ മനോഹരമായി പറഞ്ഞു ,,നീളം കൂടുതലാണെങ്കിലും വായിച്ചു പോവാന്‍ ഒരു രസം തോന്നി ..
======================================
ഇടയ്ക്കു ഹരി എന്ന കഥാപാത്രം "ഞാന്‍" ആയി സ്വ യം പറയുന്നത് ഒരു പോരായ്മയാണോ എന്ന് ഒരു സംശയം ..(ആദ്യത്തില്‍ ഹരിയെ ക്കുറിച്ച് മറ്റൊരാള്‍ കഥ പറയുന്നു എന്നാല്‍ ഇടയ്ക്ക് ആശൈലി വിട്ടു ആത്മഗതം പോലെ യാവുന്നു )..ഇത് എന്റെ വായനയുടെ കുഴപ്പമാണങ്കില്‍ ക്ഷമിക്കുമല്ലോ ...

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു...

പുതിയൊരു ബ്ലോഗ് തുടങ്ങി ആദ്യം വായിക്കുന്ന പോസ്റ്റ്...,ആദ്യം ഫോളൊ ചെയ്യുന്ന ബ്ലോഗ് ചേട്ടന്റേതാണ്...

ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു...

വലിപ്പം കൂടുതലാണെന്നതറിഞ്ഞതേയില്ല....

ചേട്ടാ...നന്നായിരിക്കുന്നു....

- സോണി - പറഞ്ഞു...

ശരിയാണ്, വെള്ളത്തില്‍ കിടക്കുമ്പോള്‍ ഒരു ജീവിതം മുഴുവന്‍ കണ്‍മുന്നിലൂടെ കടന്നുപോകാനുള്ള ഒരു സാദ്ധ്യതയുണ്ട്. നഗരം വിഴുങ്ങിയ നാട്ടിന്‍പുറത്തുകാരന്‍. കൈവിട്ടുപോയ കാമുകി. വിലയ്ക്കെടുക്കപ്പെട്ട ബുദ്ധിമാനായ മരുമകന്‍. നഷ്ടപ്പെടുത്തുന്ന ആദ്യകുഞ്ഞ്....

ഇടയ്ക്കിടെ ചിന്തകള്‍ക്കിടയില്‍ താന്‍, തന്‍റെ എന്ന് പലതവണ ആവര്‍ത്തിക്കുന്നുണ്ട്. അത് ഒഴിവാക്കിയാല്‍ നന്നായിരുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@സോണി : നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി ..ഇത് 2008 ലെ ഓണവാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയാണ്‌ ..അത് പകര്‍ത്തി എഴുതി എന്നേയുള്ളൂ ..:)

olmpic station park പറഞ്ഞു...

Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
secondhand bikes in london
used bikes in uk

Mumthaz Beegum K.P. Kattupuram പറഞ്ഞു...

ഒരല്പം നീണ്ടു പോയി എങ്കിലും ഇഷ്ടായി.

തുമ്പി പറഞ്ഞു...

ഓര്‍മ്മകള്‍ക്കും ഇത്ര കൈവഴിയോ? വേണ്ടിയിരുന്നില്ല. ആ കൈതപ്പുഴ കായലിലൂടെ അമ്മയുടെ ഗര്‍ഭപാത്രം ഛേദിച്ച് ഇറങ്ങി വന്നപ്പോഴൊക്കെ എന്നില്‍ ഒരു ഗൃഹാതുരത്വം ഉണര്‍ന്നു. ഞാനും അപ്പോള്‍ കണ്ടു...ഒരു ചായക്കടയിലെ അടുക്കളയില്‍ പേറ്റ്നോവെടുത്തിട്ടും, ഞാന്‍ പെറ്റ് പോയാല്‍ ഇന്നത്തെ കച്ചവടം നടക്കില്ലല്ലോ എന്ന് കരുതി പുട്ടിന് അരി ഇടിക്കുന്ന ഒരുമ്മ. ഏഴെണ്ണത്തെ പോറ്റണ്ടെ..പക്ഷെ ഈ ആധിയുണ്ടോ ഞാന്‍ കേള്‍ക്കുന്നു. കച്ചവടം മുടക്കിത്തന്നെ ഈ ഞാന്‍ ഗര്‍ഭപാത്രം ചവിട്ടിത്തള്ളി പുറത്ത് വന്നു( എന്റെ കണ്ണ് നിറയുന്നു).ഇങ്ങനെ ഓര്‍മ്മയില്‍ നില്‍ക്കവേ പെട്ടെന്ന് പാര്‍ക്കിലെ കാഴ്ച്ചകളിലേക്ക് തിരികെ വായനക്കാരെ കൊണ്ട് വരുന്നു. അതിത്തിരി പ്രയാസമാണ്. ഇങ്ങനെയുള്ള ബാല്യവും, പ്രണയവും, വിവാഹവും ഒക്കെ ഈ തിരക്ക് നിറഞ്ഞ പാര്‍ക്കില്‍ വെച്ച് എങ്ങനെ ഓര്‍ത്തെടുക്കാനാകും.? ഞാന്‍ എന്റെ മുന്നിലുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കാറില്ല. തുറന്ന് പറഞ്ഞെന്നേയുള്ളൂ...ഭാഷ നല്ലത്. ഓര്‍ത്തപ്പോള്‍ നിശബ്ദത ഇല്ലാതെ പോയത് മാത്രം എനിക്കൊരു പോരായ്മയായി തോന്നി.

രമേശ്‌ അരൂര്‍ പറഞ്ഞു...

ജലശയനം നീണ്ട കഥയാണ്..അതാകും നീണ്ടുപോയത്..ആ കഥയിലെ പ്രധാന കഥാപാത്രം കഥയിലുടനീളം മദ്യത്തിലാണ്..മദ്യത്തിന് അടിമപ്പെട്ടയാളുടെ ഓര്‍മകള്‍ക്കു അടുക്കും ചിട്ടയും ഉണ്ടാകണമെന്നില്ല..സാധാരണ ആളുകളെ പോലെ എപ്പോള്‍ എന്തു ചിന്തിക്കണം എന്തു ചിന്തിക്കരുത് എന്നത് ഹരിശങ്കറിനെപ്പോലുള്ള ആളുകള്‍ക്ക് പറ്റുന്ന കാര്യമല്ല..അയാള്‍ അയാളുടെ ബാല്യത്തിലും കൌമാരത്തിലും പ്രണയത്തിലും വിരഹത്തിലുമൊക്കെയാണ് ജീവിക്കുന്നത്..അയാള്‍ക്കു ഇന്ന് ഇല്ല ..ഇന്നലെകളിലാണ് അയാളുടെ ജീവിതം..അതാണ് അയാളുടെ പരാജയവും ..എഴുത്തില്‍ എഴുത്തുകാരനെ അടയാളപ്പെടുത്തും പോലെ വായനയില്‍ വായനക്കാരനേയും സത്യ സന്ധമായി അടയാളപ്പെടുത്താം..അതിന് മുന്നിലോ പിന്നിലോ ഉള്ള മറ്റ് വായനക്കാരെ നോക്കേണ്ടതില്ല..അങ്ങിനെ നോക്കിയാല്‍ അത് അവരുടെ വായനയായി പോകും.. കുറവുകള്‍ നേരെ തന്നെ പറയണം..അതാണ് വേണ്ടത് ..അതില്‍ പരിഭവമില്ല...വായന അടയാളപ്പെടുത്തിയതില്‍ സന്തോഷം അറിയിക്കുന്നു..നന്ദി..

bhattathiri പറഞ്ഞു...

പരദേവത എന്നല്ല പറയുന്നത് , ഭരദേവത എന്നാണ്, മൂലകുടുംബത്തിൽ ആരാധിച്ചിരുന്ന ദേവതാ സങ്കൽപ്പമാണ് ഭരദേവത, ആ കുടുബത്തെ സംരക്ഷിക്കുന്ന അവർ ആരാധിക്കുന്ന ദേവത. തേവാരത്തിൽ ഭര ദേവതയും വരാം എന്നാൽ അല്ലാതെ സാഹചര്യവശാൽ കൂട്ടി ചേർക്കപ്പെട്ട ഒന്നിലധികം ദേവതാ സങ്കൽപ്പങ്ങൾ തേവാരമായി പൂജിക്കാറുണ്ട്. അപ്പോഴും ഭര ദേവത സങ്കൽപ്പം മൂല കുടുംബത്തിലെത് ആയിരിക്കും.
എന്റെ പരിമിതമായ അറിവിൽ പ്പെട്ട കാര്യങ്ങൾ കുറിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍