2012, ജൂൺ 17, ഞായറാഴ്‌ച

പെയ്തു തോരാത്ത ഗസല്‍ മഴ
യിരത്തി തൊള്ളായിരത്തി അന്‍പതുകളുടെ തുടക്കത്തില്‍   ഒരു ദിനം ..
പാകിസ്താന്‍ തലസ്ഥാനമായ ലോഹോറിലെ പഴകി വീഴാറായ വര്‍ക്ക് ഷോപ്പിലിരുന്നു ഏതോ ധനികന്റെ കേടായ കാര്‍ നന്നാക്കുകയായിരുന്നു ആ യുവാവ്  ..പണിത്തിരക്കിനിടയിലും ചുണ്ടില്‍ നിന്നൊഴുകി വരുന്നത്  .ഉര്‍ദ്ദു കവിതയുടെ ആത്മാവായിരുന്ന മിര്‍സാ ഗാലിബിന്റെ വരികള്‍ കോര്‍ത്തിണക്കിയ മധുര സംഗീതം ..നിമിഷങ്ങള്‍ക്കകം കാറിന്റെ യന്ത്ര  തകരാര്‍ പരിഹരിച്ച ആ യുവാവിനോട്  കാറിന്റെ ഉടമയായ ധനികന്  വലിയ മതിപ്പ്  തോന്നി ..ലണ്ടനില്‍ ബിസിനസ്  സംരംഭങ്ങള്‍ നടത്തുന്ന  അദ്ദേഹം യുവാവിനെ ലണ്ടനിലേക്ക് ക്ഷണിച്ചു . വര്‍ക്ക് ഷോപ്പ് ജോലികള്‍ ചെയ്യാന്‍ സമര്‍ത്ഥനായ  ആ ചെറുപ്പക്കാരന് തൊഴില്‍ അവസരവും വന്‍ പ്രതിഫലവും അദ്ദേഹം വാഗ്ദാനം ചെയ്തു ..
ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ കൈകാലിട്ടടിക്കുന്ന അവസരമായിരുന്നു അത് .എങ്കിലും ആകെ ഒരാശ്വാസം ഈ തുക്കടാ ജോലിയും പതിനഞ്ചു തലമുറകളായി പകര്‍ന്നു കിട്ടിയ സംഗീത പാരമ്പര്യവും ..എന്നെങ്കിലും ഒരിക്കല്‍ ഒരു പാട്ടുകാരനായി  പേരെടുക്കണം ..ലണ്ടനിലേക്ക് പോയാല്‍ ഭൌതികമായി രക്ഷപ്പെടാന്‍ ഒരവസരമാണ് ..പതിനഞ്ചു തലമുറകള്‍ പാടിയിട്ടും ആഹാരം കഴിക്കണമെങ്കില്‍ അന്നന്ന്  പണിയെടുക്കണം ! അതും സത്യം പക്ഷെ ആത്മാവില്‍ നിരന്തരം അലതല്ലി ആര്‍ക്കുന്ന സംഗീത ദാഹം എന്നെന്നേയ്ക്കുമായി വെടിയെണ്ടി വരും ..അല്‍പ്പം പോലും ആലോചിക്കാതെ യുവാവ്  ആ ഓഫര്‍ നിരസിച്ചു ...
ധനികന്‍ അവനെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചു ..അവന്‍ പറഞ്ഞ കഥകള്‍ കേട്ട് അയാള്‍ ആശ്ചര്യപ്പെട്ടു ..ആഗ്രഹം പോലെ ലോകം അറിയുന്ന  വലിയൊരു ഗസല്‍  ഗായകനായി മാറട്ടെ എന്ന് അനുഗ്രഹിച്ചു കൊണ്ടു അയാള്‍ ലണ്ടനിലേക്ക് തിരിച്ചു പോയി ....
വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ ..ലോക പ്രശസ്ത സംഗീതജ്ഞര്‍ അടങ്ങുന്ന തിങ്ങി നിറഞ്ഞ സദസ് ..വേദിയില്‍ നിന്നോഴുകുന്നത് ഗസല്‍ ചക്രവര്‍ത്തി ഉസ്താദ് മെഹ്ദി ഹസന്റെ മധുരസ്വരധാര..ആത്മാവില്‍ നിറയുന്ന അണ മുറിയാത്ത ആനന്ദ ധാര  ..നീണ്ട കര  ഘോഷങ്ങല്‍ക്കൊടുവില്‍ ഗസല്‍ മഴ പെയ്തു തോര്‍ന്നപ്പോള്‍ കണ്ണില്‍ അശ്രുധാരയുമായി അടുത്തുവന്ന വൃദ്ധന്‍ മെഹ്ദി യുടെ കരം ഗ്രഹിച്ചു കൊണ്ടു പറഞ്ഞു ..ഒടുവില്‍ നീ വാക്ക് പാലിച്ചു ..നിന്‍റെ സംഗീതം വിജയിച്ചു ..പഴയ വര്‍ക്ക് ഷോപ്പിലെ പണിക്കാരനും കാര്‍ നന്നാക്കാന്‍ വന്ന ധനികനും ഒരിക്കല്‍ കൂടി കണ്ടുമുട്ടിയ അപൂര്‍വ്വ നിമിഷമായിരുന്നു അത് ....അതെ ..നിശ്ചയദാര്‍ഡ്യം കൊണ്ടു സംഗീത സാമ്രാജ്യം കീഴടക്കിയ ഗസല്‍ ചക്രവര്‍ത്തി  മെഹ്ദി ഹസന്‍റെ ജീവിത കഥയിലെ അവിസ്മരണീയമായ ഒരദ്ധ്യായം...
കാല ദേശങ്ങളുടെ അതിരുകള്‍ അതിജീവിക്കുന്ന   അര ലക്ഷത്തില്‍ പരം ഗസലുകള്‍ ,ലോകം മുഴുവന്‍ സംഗീതപ്പെരുമഴയില്‍ നനയാന്‍ കൊതിക്കുന്ന ആരാധകര്‍ , അവരെ ഓര്‍മകളുടെ മഴയത്ത് നിര്‍ത്തി ആ ഹംസ നാദം നിലച്ചു ..ക്ലാസിക്കല്‍ ഗസലിന്റെ സുവര്‍ണ്ണ കാലഘട്ടവും ...ജന്മം കൊണ്ട് ഇന്ത്യക്കാരനും വിഭജനം ഉണ്ടാക്കിയ അനിവാര്യമായ പലായനത്തിലൂടെ പാകിസ്താന്‍ കാരനും സംഗീതം കൊണ്ട് വിശ്വ പൌരനും ആയി മാറിയ ആ  സംഗീതജ്ഞന്റെ വേര്‍പാട്  അംഗീകരിക്കാന്‍ കലാലോകത്തിനു അത്ര പെട്ടെന്നാകില്ല..

രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ 1927  ജൂലൈ 18 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം ..സംഗീത പൈതൃക പരമ്പരയില്‍പ്പെട്ട പിതാവ്   ഉസ്താദ് അസീം ഖാനില്‍ നിന്നും  പിതൃ സഹോദരനായ ഉസ്താദ് ഇസ്മയില്‍ ഖാനില്‍ നിന്നുമാണ്   അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ .ഹിന്ദു സ്ഥാനിയിലെ ദ്രുപത്‌ ശൈലിയുടെ വക്താക്കളായിരുന്നു ഇരുവരും .എട്ടാം വയസ്സില്‍ തന്നെ ക്ലാസിക്കല്‍ ഹിന്ദുസ്ഥാനിയിലെതന്നെ ഇതര ശൈലികളായ തുമ്രി .ഖയാല്‍ ,ദാദ്ര എന്നിവയും അതിന്റെ ചിട്ട വട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഹൃദിസ്ഥമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു .
    കലയുടെയും സംഗീതത്തിന്റെയും യഥാര്‍ത്ഥ ശക്തി എന്തെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം സംഗീത തൃഷ്ണ   ഉള്ളില്‍ നിറയുമ്പോഴും ദാരിദ്ര്യത്തോട്  പടവെട്ടാന്‍ സൈക്കിള്‍ ഷോപ്പിലും മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പിലും ദീര്‍ഘകാലം അദ്ദേഹം പണിയെടുത്തു .ഗാന വീഥികളിലെയ്ക്ക് നടന്നലഞ്ഞ കാതങ്ങള്‍  ഒടുവില്‍ ആ മഹാഗായകനെ വിജയത്തിന്റെ നേര്‍വഴിയിലേക്ക് തന്നെ കൊണ്ട് ചെന്നെത്തിച്ചു ..

1947  ലെ ഹൃദയ ഭേദകമായ   ഇന്ത്യ -പാക് വിഭജനത്തെ തുടര്‍ന്ന് വെട്ടിമുറിക്കപ്പെട്ട മണ്ണില്‍ നിന്നു പാകിസ്ഥാനിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യുമ്പോള്‍ തലമുറകളായി പകര്‍ന്നു കിട്ടിയ സംഗീതം മാത്രമായിരുന്നു മെഹ്ദിയുടെ ആകെയുള്ള സമ്പാദ്യം . പുതിയ ഭൂമികയില്‍ കാത്തിരുന്നതാവട്ടെ ദുരിത കാലങ്ങളുടെ ഘോഷയാത്രയും .കുടുംബ ഭാരം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ സംഗീതത്തെ തല്ക്കാലം മനസ്സില്‍ മാത്രം ഒളിപ്പിച്ചു താലോലിച്ചു . ഇരുപതാം വയസില്‍ ലാഹോറിലെ കുടുസുമുറിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെയും സൈക്കിള്‍ റിപ്പയറു ടെയും വേഷപ്പകര്‍ച്ച .

സൈഗാളും ,നൂര്‍ ജഹാനും പങ്കജ് മല്ലിക്കും ആകര്‍ഷണ വലയമായപ്പോള്‍ സിനിമയില്‍ പാടണം എന്ന വലിയ മോഹം .പാട്ടിലൂടെ സിനിമയില്‍ എത്താന്‍ ഫിലിം കമ്പനി അപ്രന്റീസ് ആയെങ്കിലും ജീവിത വൈഷമ്യങ്ങള്‍ കൊണ്ട് ശ്രമത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല ..
പാട്ട് പടര്‍ന്നു കയറിയ മോഹവുമായി നാട്ടില്‍ കര്‍ഷക തൊഴിലാളിയായി .കാലം മേഹ്ദിയുടെ ശബ്ദത്തെ തിരിച്ചറിഞ്ഞപ്പോള്‍ 1956 ല്‍  ശിക്കാറില്‍   ആദ്യ ഗാനം .പിന്നീട് മെഹ്ദി -നൂര്‍ ജഹാന്‍ യുഗ്മ ഗാനങ്ങളില്‍ ഹൃദയം ചേര്‍ത്തുവച്ചു ആസ്വാദകര്‍ ..

1950 മുതല്‍ 1970 വരെയുള്ള കാലം മെഹ്ദി യുടെ ഗാനങ്ങള്‍ക്കൊപ്പമാണ് ചരിത്രം താളമിട്ടു നീങ്ങുന്നത്‌ അദ്ദേഹത്തിന്‍റെ പാട്ടുകളില്ലാതെ ഒരു സിനിമപോലും പാകിസ്ഥാനില്‍ നിര്‍മ്മിക്കില്ല  എന്നായി ! .ചാഹത്തില്‍ റോബില്‍ സംഗീതം നല്‍കിയ
 "പ്യാര്‍ ഭരേ ....ദോ   ! ശര്‍മീലെ നൈന്‍.."
പോലുള്ള  പാട്ടുകള്‍ മെഹ്ദി ഹസന്റെ ആലാപന സൌകുമാര്യത്തില്‍  സിനിമാ സംഗീതത്തിനു കൊഴുപ്പേകുന്ന ആധുനിക ഉപകരണ സംഗീതത്തിന്റെ അകമ്പടിയിലും   വേദികളില്‍ ഹാര്‍മോണിയത്തിന്റെയും തബലയുടെയും പിന്‍ ബലം കൊണ്ട്  മാത്രവും ഒരേ പോലെ ശ്രോതാക്കളുടെ ഹൃദയ ഞരമ്പുകളില്‍ ലഹരിയായി പടര്‍ന്നു കയറി .. സിനിമയിലാണോ വേദികളില്‍ ആണോ ആ സ്വര മാധുരി കാലത്തെ അതിജീവിച്ചു നില്‍ക്കുന്നതെന്ന് വേര്‍തിരിച്ചറിയുക പ്രയാസമാണ് ..ആസ്വാദകരെയും ഇതര സംഗീതജ്ഞരെയും  അത്ഭുതപ്പെടുത്തുന്ന ഒരു മാന്ത്രിക സിദ്ധിയാണ് മേഹ്ദിസാബിനെ വേറിട്ട്‌ നിര്‍ത്തുന്നത് .


അക്കാലത്ത് ഉറുദു  സിനിമാ ഗാനങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന അഹമ്മദ് റുഷ്ദിക്കൊപ്പം പാകിസ്താന്‍  സിനിമയുടെ ഒരു സുവര്‍ണ്ണ കാലഘട്ടം അദ്ദേഹം പാടിപ്പാടി ചരിത്രമാക്കി .
റേഡിയോ പാകിസ്ഥാനിലൂടെ ഗസല്‍ ചക്രവര്‍ത്തി എന്ന പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുമ്പോള്‍ രാജ സഭകളുടെ ആര്ഭാടങ്ങളില്‍ ഒന്നായി മാറിയിരുന്ന ഗസലും മേഹ്ദിയുടെ ചുണ്ടുകളിലൂടെ സാധാരണക്കാരുടെ ഹൃദയ രാഗമായി മാറുകയായിരുന്നു ..അത് വരെ കേട്ടിരുന്ന പരുക്കന്‍ ശബ്ദങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്ന ആ നാദ ധാരയിലെയ്ക്ക്  ആസ്വാദകര്‍ ഒഴുകിയടുത്തു ..സംഗീതമാണ് തന്‍റെ ഭാവി ജീവിതത്തിന്റെ ഊന്നുവടി എന്ന് മെഹ്ദി തിരിച്ചറിഞ്ഞ കാലഘട്ടം കൂടിയായിരുന്നു  ഇത് ..

രാജ്യന്തരങ്ങള്‍ക്ക്  അപ്പുറത്ത് വിഷാദവും പ്രണയവും വേദനയും ഇഴ ചേര്‍ന്നു മെഹ്ദി ആരാധക മനസ്സില്‍ സ്ഥിര താമസക്കാരനായി .
പാകിസ്താന്‍ സംഗീത  സാമ്രാജ്യത്തിലെ അതികായന്മാരായ ഉസ്താദ് ബര്‍ക്കത്ത് അലിഖാന്‍ ,ബീഗം അഖ്തര്‍ ,മുഖ്താര്‍ ബീഗം എന്നീ ത്രിമൂര്‍ത്തികള്‍ ഗസല്‍ സംഗീതം അടക്കി ഭരിക്കുന്ന കാലഘട്ടത്തിലാണ് നവീനമായ ആലാപന ശൈലിയിലൂടെ 
മെഹ്ദി  ഹസന്‍ ഗസല്‍ പ്രേമികളുടെ മനം കവര്‍ന്നത് ..

വൈഷമ്യം ഉള്ള രാഗങ്ങള്‍ പോലും അദ്ദേഹത്തിന്‍റെ നാദ തന്ത്രികളാല്‍ ലളിത സുന്ദരമായി .ഗസലില്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന യമന്‍ ,ജോഗ് ,പുര്യ ധനശ്രീ ,  സോഹ്നി ,ആഹിര്‍ ഭൈരവ്‌   ,ബഹര്‍ ,  ഭംഗാര്‍ ,  മിശ്ര് കാംബോജ് ,      ഗുജരി  , തോഡി  ,ലളിത്  രാഗങ്ങള്‍ക്കൊപ്പം അത്ര കണ്ടു ഉപയോഗിക്കപ്പെടാത്ത അപൂര്‍വ്വമായ    ഭൂപശ്രീ പോലുള്ള രാഗങ്ങളും അദ്ദേഹത്തിനു വഴങ്ങി ..കവി അഹമ്മദ് ഫറാസ് എഴുതിയ

"ആബ്  കെ  ഹം  ബിചഡേ...തൂ ശായാദ്  .കഭീ ഖ്വബോന്‍ മേന്‍ മിലെന്‍ 
ജിസ്  തരഹ്  സൂഖെ  ഹൂ ഫൂല്‍ കിത്താബോം മേഇന്‍ മിലെന്‍ .." 

എന്ന ഗസല്‍ അദ്ദേഹത്തിന്‍റെ  ഈ അപൂര്‍വ്വ ആലാപന ശൈലിയുടെ   ഉത്തമ ദൃഷ്ടാന്തമായി എടുത്തു പറയപ്പെടുന്നു . 
ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത ശൈലികളില്‍ ഒന്നായ ജയ്‌പൂര്‍  ഘരാനയുടെ പിന്തുടര്‍ച്ചയായിരുന്നു മേഹ്ദിയുടെത്.. ജയ്പൂര്‍ ഘരാനയുടെ കുലപതിയും മേഹ്ദിയുടെ മുന്‍ തലമുറയുടെ പ്രതിനിധിയുമായ അമീര്‍ഖാന്റെ ആലാപന ശൈലിയാണ്      മെഹ്ദി തന്‍റെ സംഗീതത്തിന്റെ ആത്മാവിലേക്ക് സ്വാംശീകരിച്ചത് ..മെഹ്ദി വരെയുള്ള ഗസല്‍ ചരിത്രത്തില്‍ അക്കാലത്തെ പ്രഗത്ഭരില്‍ പലരും  തുമ്രി    , ഖവാലി ശൈലികളാണ്  ആലാപനത്തിനു സ്വീകരിച്ചിരുന്നതെങ്കില്‍ ഖയാല്‍ ശൈലിയില്‍ അടിയുറച്ചു നിന്നുകൊണ്ട്  ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്ക്  സ്വന്തമായ ഒരു നിര്‍വ്വചനം കൊടുക്കാനുള്ള പരീക്ഷണങ്ങളിലാണ്  അദ്ദേഹം വ്യാപൃതനായത് .ലോകം കീഴടക്കിയ ഹിന്ദുസ്ഥാനി സംഗീത ഇതിഹാസമായ   സൈഗാളിന് ശേഷം പുരുഷ ശബ്ദത്തിന്റെ ഗാംഭീര്യവും ഒപ്പം സൌകുമാര്യവും ഒത്തിണങ്ങിയ ഒരു സംഗീത സാന്നിധ്യത്തെ    ആസ്വാദകര്‍ മെഹ്ദി ഹസനിലൂടെ വീണ്ടെടുക്കുകയായിരുന്നു  എന്ന് പറയേണ്ടിയിരിക്കുന്നു .

ഗുലാം അലിയെ പോലുള്ള ഗസല്‍ ഗായകര്‍ വൈകാരികമായി ഗസല്‍ അവതരിപ്പിച്ചപ്പോള്‍ ക്ലാസിക്കല്‍ സംഗീതം ഉയര്‍ത്തിപ്പിടിക്കേണ്ട   രാഗഭാവത്തിന്റെ മാസ്മരികത തേന്‍ തുള്ളികള്‍ പോലെ ശ്രോതാക്കളുടെ ആത്മാവില്‍ പകര്‍ന്നു നല്‍കാനാണ്  മെഹ്ദി ഹസന്‍ ശ്രമിച്ചത് ..
മെഹ്ദി  ഹസന്റെ ആലാപനം‌ കേട്ടാല്‍ ഭൂമി ദേവി ആ മഹാഗായകന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമെന്നും  അദ്ദേഹത്തെ ദേവസഭയുടെ ഗായകനാക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുമെന്നും ഒരു ഉര്‍ദ്ദു കവി അഭിപ്രായപ്പെട്ടതായി വായിച്ചതോര്‍മ്മിക്കുന്നു ..ദൈവം തന്‍റെ സ്വന്തം ശബ്ദത്തില്‍ മെഹ്ദി ഹസനിലൂടെ പാടുകയാണ്  എന്ന്  ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അഭിപ്രായപ്പെട്ടതും മേഹ്ദിയുടെ സംഗീതത്തിന്  ആരാധക ലക്ഷങ്ങള്‍ എത്രമാത്രം അടിമപ്പെട്ടിരുന്നു എന്ന്  വ്യക്തമാക്കുന്നു ..

ഉര്‍ദ്ദു  കവിതാ സാഹിത്യത്തിലെ നിത്യവസന്തമായ മിര്‍സാ ഗാലിബിന്റെ വരികള്‍ ഗസല്‍ ഈണങ്ങളില്‍ സന്നിവേശിപ്പിച്ചു പ്രശസ്തനാക്കിയതില്‍ മെഹ്ദി സാബിനുള്ള പങ്കു വളരെ വലുതാണ്‌ ..മേഹ്ദിയുടെ പ്രശസ്തിക്കൊപ്പം അദ്ദേഹത്തിനു വേണ്ടി കവിതകളെഴുതിയ അഹമ്മദ് ഫറാസ് ,ദാഗ് ദഹല്‍വി   , ഫയസ്‌ അഹമ്മദ് ഫയസ്‌ ,മിര്‍  തകി  മീര്‍ , ഫര്‍ഹത്ത് ഷെഹ്സാദ് , അമീര്‍ ഹുസ്രി  തുടങ്ങിയ നിരവധി കവികളും  ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു .
 ഉര്‍ദ്ദു സാഹിത്യത്തെയും ഭാഷയെയും  അതിന്റെ ആത്മാവില്‍ നിന്നോ ഉച്ചാരണങ്ങളുടെ പ്രത്യേകതകളില്‍ നിന്നോ അല്പം പോലും വേര്‍പെടുത്താതെയാണ് മെഹ്ദി  സംഗീത സന്നിവേശം നടത്തിയത് ..കവിതകള്‍ സ്വയം അതുള്‍ക്കൊള്ളുന്ന ഭാവത്തിനും  അതിന്റെ ആശയത്തിനും    യോഗ്യമായ ഒരു രാഗത്തിലേക്ക് തന്നെ പരിവര്‍ത്തനം ചെയ്യൂ എന്നാവശ്യപ്പെടുന്നു  എന്നതായിരുന്നു  ഇതേക്കുറിച്ചുള്ള  അദ്ദേഹത്തിന്‍റെ വിശദീകരണം ..
അനുഗ്രഹധാര : കേരളത്തില്‍ മെഹ്ദി ഹസന്‍ സന്ദര്ശിച്ച വേളയില്‍ അനുഗ്രഹം തേടുന്ന യുവ ഗസല്‍ ഗായകന്‍ റഫീക്ക്‌ യൂസഫ്‌ ( ഇന്‍ സെറ്റില്‍ റഫീക്ക്‌ യൂസഫ്‌ )
 ചികിത്സാര്‍ത്ഥം രണ്ടായിരത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ എത്തിയ അദ്ദേഹത്തെ കേരളത്തിലെ വളര്‍ന്നു വരുന്ന ഗസല്‍ ഗായകനും മെഹ്ദി സാബിന്റെ സംഗീത ശൈലിയുടെ പിന്തുടര്‍ച്ചക്കാരനുമായ    റഫീക്ക്  യൂസഫ്‌  മിര്‍സാ ഗാലിബിന്റെ രചനകള്‍ ഉള്‍പ്പെടുത്തിയ ഗസല്‍ സമാഹാരം സമര്‍പ്പിക്കാനായി സമീപിച്ചിരുന്നു . മിര്‍സാ ഗാലിബ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് പോലും പ്രിയപ്പെട്ടവനായി എന്നറിഞ്ഞതില്‍ അദ്ദേഹം അളവറ്റ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി .
.ദക്ഷിണേന്ത്യന്‍ രാഗമായ  സരസ്വതിയില്‍   റഫീക്ക്  യൂസഫ്‌ ചിട്ടപ്പെടുത്തിയ മിര്‍സാ ഗാലിബിന്റെ 
" ദായംപടാ  ഹുവാ  തെരെ ദാര്‍ പര്‍ നഹീ ഹു മേം 
ഖാക് ഐസി സിന്ദഗീ പെതല്‍ നഹീ ഹുമേം .."
എന്ന ഗസല്‍ ധ്യാനനിരതനായി ശ്രവിച്ചതിനുശേഷം..സംതൃപ്തിയോടെ യുവഗായകനെ അനുഗ്രഹിച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു .." നന്നായി " 
 അതതു ഭൂമികയിലെ ആസ്വാദകരുടെ സാംസ്കാരിക ബോധവും ആസ്വാദന ശീലവുമായി സംവദിക്കാന്‍ കഴിയുന്നവിധമായിരിക്കണം സംഗീതവും സാഹിത്യവും വളര്‍ത്തിയെടുക്കെണ്ടതെന്നും അദ്ദേഹം പറഞ്ഞു .
മലയാളി സമൂഹത്തിന്റെയും പ്രിയങ്കരനായ മെഹ്ദി കോട്ടയ്ക്കല്‍ എത്തിയപ്പോള്‍  ഗസല്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം ടാഗൂര്‍ ഹാളില്‍ പാടിയിരുന്നു . ആ ഗാനധാര  വന്‍ ജന സഹസ്രങ്ങളുടെ മനസ്സിലും  അമൃത പ്രവാഹമായി .
വേദിയിലേയ്ക്ക്   നടന്നു വരാന്‍ പോലും കഴിയാത്തവിധം പരിക്ഷീണിതനായിരുന്നു അദ്ദേഹമപ്പോള്‍ ..   
1990 കളോടെ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും കീഴടക്കി .എഴുപതാം വയസില്‍ കഴിഞ്ഞ ഒരു മാസമായി പ്രായാധിക്യത്തിന്റെ അവശതകളും പക്ഷാഘാതവും മൂലം അതീവ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിക്കിടക്കയില്‍ എത്തുമ്പോള്‍ സംഗീതം മാത്രമായിരുന്നു നീക്കിയിരുപ്പ് .
പാട്ടില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന കണിശതയും കൃത്യതയും പ്രതിഫലത്തിന്റെയും ഭൌതിക സമ്പാദ്യത്തിന്റെയും കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്നില്ല ..പാടി കിട്ടുന്ന പണത്തില്‍ അധികവും ആസ്വാദകര്‍ക്ക് തന്നെ ദാനമായി നല്‍കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്രേ !

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു :" പരമ കാരുണികനായ റബ്ബിന്റെ മുന്നിലും ശുദ്ധ സംഗീതത്തിന്റെ മുന്നിലും അല്ലാതെ മറ്റൊരിടത്തും തനിക്ക് തല കുമ്പിടേണ്ടി വന്നിട്ടില്ല " എന്ന് .അഗാധമായ മനുഷ്യ സ്നേഹത്തിലും ആര്ദ്രതയിലും സ്വാതന്ത്ര്യ ബോധത്തിലും അദ്ദേഹം തന്റെ മനസ്സിനെ വിശ്രമിക്കാന്‍ അനുവദിച്ചു . 1970-80 കളില്‍ പാകിസ്ഥാനില്‍ വീശിയടിച്ച  സിയാ -ഉള്‍  ഖക്കിന്റെ പട്ടാള ഭരണത്തിനെതിരെ  പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനു സംഗീത വേദിയില്‍ വച്ചു പട്ടാളത്തിന്റെ  കയ്യേറ്റം സഹിക്കേണ്ടി വന്നിട്ടുണ്ട്  ..കലാകരമാര്‍ക്കും മനുഷ്യര്‍ക്കും സ്വാതത്ര്യം കിട്ടാത്ത മണ്ണ്  നരകമാണ്  എന്ന്  പറഞ്ഞുകൊണ്ട്  അദ്ദേഹം രാജ്യം വിട്ട് നിന്നതും ചരിത്രമാണ്  ..

  ഒരായുസ് മുഴുവന്‍ സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വച്ചു രാജ്യന്തരങ്ങളെ സന്തോഷിപ്പിച്ച ഗസല്‍ ചക്രവര്‍ത്തി ജീവിത ഗാനത്തിന്റെ അവസാന വരികള്‍ പാടി തീര്‍ക്കുമ്പോള്‍ ആശുപത്രി ചിലവുകള്‍ക്കു പോലും കുടുംബം വിഷമിക്കുകയായിരുന്നത്രേ ! സാംസ്കാരിക ലോകം ഓര്‍മ്മ പ്പെടുത്തിയപ്പോള്‍ മാത്രമാണ് പാക് സര്‍ക്കാര്‍ ആശുപത്രിയില്‍ സഹായവുമായി എത്തിയത് പോലും ! ഒടുവില്‍ ആസ്വാദകരെ ഗസല്‍ മഴയത്ത് നിര്‍ത്തി ഉസ്താദ് ജീവിതത്തില്‍ നിന്നു പാടിയിറങ്ങി ..ഉര്‍ദ്ദു കവി പറഞ്ഞത് പോലെ അതീത ലോകത്തില്‍  ദേവ  സഭയിലെ ഗാന ഗന്ധര്‍വന്‍ മാരുടെ മുന്‍ നിരയില്‍ ഈശ്വരന് പ്രിയപ്പെട്ട പാട്ടുകാരനായി ഇനി ഉസ്താദും ഉണ്ടാകും ..തീര്‍ച്ച
ലണ്ടന്‍  റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ 1977 ജനുവരിയില്‍ മെഹ്ദി ഹസന്‍ അവതരിപ്പിച്ച ഗസല്‍ പരിപാടിയുടെ ശബ്ദ രേഖ  

പ്രണയമോ വിരഹമോ ഏകാന്തതയോ ഏതു വികാരമാണ് ഈ മാന്ത്രിക ശബ്ദം നമ്മില്‍ നിറയ്ക്കുന്നത് ?

36 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

മുഹമ്മദ്‌ ഷാജി പറഞ്ഞു...

ഗസലിന്റെ ഇതിഹാസത്തെ കുറിച്ചു നല്ല സ്മരണ പങ്കു വെച്ചതിനു നന്ദി..പാകിസ്താന്‍ ഗവര്‍ന്മെന്റ്റ് പോലും അവസാനമാണ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയത് എന്നറിഞ്ഞപ്പോള്‍ വേദന തോന്നി..നന്ദി രമേശ്ജി..ഈ കുറിപ്പിന്

jayanEvoor പറഞ്ഞു...

നല്ല കുറിപ്പ്.
പ്രതിഭകൾ തലമുറകൾ കഴിഞ്ഞാലും ജനങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കും...

c.v.thankappan പറഞ്ഞു...

വളരെ ഭംഗിയായി തയ്യാറാക്കിയ അനുഗ്രഹീതനായ
ഗസല്‍ സാമ്രാട്ട് മെഹ്ദി ഹസ്സന്‍റെ അനുസ്മരണം
വായിക്കാന്‍ അളവറ്റ നന്ദിയുണ്ട് രമേശ് സാര്‍.
ആശംസകളോടെ

ajith പറഞ്ഞു...

ഗസലിന്റെ കുലപതിയെപ്പറ്റിയുള്ള ഈ സ്മരണിക ഏറ്റവും പ്രിയതരമായ ഒന്നാണ്.

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

വിശദമായ അഭിപ്രായം പറയാനുള്ള വിവരം ഈ വിഷയത്തില്‍ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒരു സാഹസത്തിനു മുതിരുന്നില്ല. വായിച്ചത് മുഴുവന്‍ എനിക്ക് പുതിയ അറിവുകളായിരുന്നു. വളരെ നല്ല രീതിയില്‍ വായിക്കാന്‍ പറ്റി. അതിനു നന്ദി രമേഷേട്ടാ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വളരെ നല്ല അനുസ്മരണം

പട്ടേപ്പാടം റാംജി പറഞ്ഞു...

ഞാന്‍ അറിയാത്തത്‌ വായിച്ച് പഠിക്കുകയായിരുന്നു. പ്രതിഭകള്‍ മരിക്കുന്നില്ല.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

അനുസ്മരണ ലേഖനം നന്നായി !

മുകിൽ പറഞ്ഞു...

വളരെ നന്നായി എഴുതി സമര്‍പ്പിച്ചിരിക്കുന്നു ഒരിക്കലും മരിക്കാത്ത ആ ധന്യജന്മത്തെ. രമേശ് അരൂരിന്റെ സംഗീതത്തോടുള്ള ഭക്തിയും അറിവും സന്തോഷം തരുന്നു.

Pradeep Kumar പറഞ്ഞു...

ആ മഹത്വത്തെ നന്നായി പരിചയപ്പെടുത്തി. നന്ദി രമേഷ് സാർ.

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

മുകളില്‍ പ്രവീണ്‍ ശേഖര്‍ രേഖപ്പെടുത്തിയ അഭിപ്രായം തന്നെ എന്റേതും.

"ഹൃദയഭേദകമായ" എന്നായിരിക്കും ഉചിതം എന്നൊരു അഭിപ്രായം കൂടിയുണ്ട്. 'ഭേതകം' എന്നാണ് എഴുതിയിരിക്കുന്നത്

ശ്രീ പറഞ്ഞു...

നല്ലൊരു ലേഖനം മാഷേ. കൂടുതലും പുതിയ അറിവുകള്‍ തന്നെ, നന്ദി.

തിര പറഞ്ഞു...

ഗസല്‍ രാജാവിനെ കുറിച്ചുള്ള പഠനര്‍ഹാമായ അനുസ്മരണ വിവരണം .....കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി ..നന്ദി

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ആ മഹത് വ്യക്തിത്വത്തെ പറ്റി കാര്യമായ അറിവുകളൊന്നും ഇതുവരെയില്ലായിരുന്ന എന്നെപ്പോലുയുള്ളവര്‍ക്ക് അദേഹത്തിന്റെ ജീവിത-സംഗീത ചരിത്രം ലഘുവെങ്കിലും സുന്ദരമായ ഒരു കുറിപ്പിലൂടെ പകര്‍ന്നു തന്നതില്‍ നന്ദിയറിയിക്കുന്നു.

Ismail Chemmad പറഞ്ഞു...

ഈ അനുസ്മരണം അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ ഉപകരിച്ചു.
കഴിഞ്ഞ ദിവസത്തെ , മാത്രഭൂമിയില്‍ സുഭാഷ് ചന്ദ്രന്റെ ഒരു കുറിപ്പ് , ഫൈസുവിന്റെ ബ്ലോഗില്‍ കൊടുത്തിരുന്നു.

വേണുഗോപാല്‍ പറഞ്ഞു...

ഗസലിന്റെ ലോകത്തെ ആ വേറിട്ട നാദം ഇനി ഓര്‍മ്മകളില്‍ മാത്രം. ഈ പരിചയപെടുത്തലിലൂടെ ആ മഹത് വ്യക്തിത്വത്തെ കുറിച്ച് കുറച്ചു കൂടി അടുത്തറിയാനായി..

നന്ദി ശ്രീ രമേശ്‌

V P Gangadharan, Sydney പറഞ്ഞു...

യുവ ഗസല്‍ ഗായകന്‍ റഫീക്ക്‌ യൂസഫ്‌ ചെയ്ത പ്രണാമം ഈയുള്ളവനും നിഷ്പക്ഷം, സചേതനം, അനുകരിക്കുമായിരുന്നു, ശബ്ദം കൊണ്ട്‌ മായിക പ്രപഞ്ചം സൃഷ്ടിക്കുന്ന മെഹ്ദി ഹസ്സനെ നേരില്‍ കാണാനുള്ള അവസരം സിദ്ധിച്ചിരുന്നെങ്കില്‍ - ഭാരതത്തിന്റെ ഗാനദേവതയായ ലതാമങ്കേഷ്കര്‍ വണങ്ങി വിരല്‍ ചേര്‍ത്ത പാദങ്ങളോ? അതെ, എന്റെ അതിമോഹം തന്നെ. മാപ്പ്‌!
സമ്പന്നതയര്‍ഹിക്കാവുന്ന ലേഖനത്തിന്ന്‌, രമേശാ, ആയിരം നന്ദി!

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

Good article.

Jefu Jailaf പറഞ്ഞു...

മനോഹരമായ അനുസ്മരണം. ഗസല്‍ ചക്രവര്ത്ത്ത്തിയുടെ ജീവിതാനുന്ഭവങ്ങള്‍, ജീവിക്കാനുള്ള പ്രേരണ നല്‍കുന്നു. അറിയാതെ കിടന്നിരുന്ന ഈ ജീവിത ചരിത്രം എഴുതിയ, രമേശേട്ടന് ഹൃദയം നിറഞ്ഞ നന്ദി..

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ഉചിതമായ അനുസ്മരണം.

Vinodkumar Thallasseri പറഞ്ഞു...

ആ മഹാഗായകണ്റ്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ശിരസ്സ്‌ നമിക്കുന്നു. നല്ല ലേഖനം, സുഹൃത്തേ...

രമേശ്‌ അരൂര്‍ പറഞ്ഞു...

വായിച്ചു അഭിപ്രായങ്ങള്‍ അറിയിച്ച പ്രിയ സുഹൃത്തുക്കള്‍
@മുഹമ്മദു ഷാജി
@ജയന്‍ ഏവൂര്‍
@സി .വി .തങ്കപ്പന്‍ സര്‍
@അജിത്ത് ഏട്ടന്‍
@പ്രവീണ്‍ ശേഖര്‍
@ഇസ്മയില്‍ കുറുമ്പടി
@രാംജി
@ശങ്കരേട്ടന്‍
@മുകില്‍
@പ്രദീപ്‌ മാഷ്‌
@കൊച്ചു കൊച്ചീച്ചി
@ശ്രീ
@തിര
@ജോസ്ലെറ്റ്
@ഇസ്മയില്‍ ചെമ്മാട്
@വേണു ജി
@ഗംഗാധരന്‍ സര്‍
@വി .കെ .ബാലകൃഷ്ണന്‍
@ജെഫു
@അനില്‍ കുമാര്‍
@ വിനോദ്കുമാര്‍
എന്നിവര്‍ക്ക് നന്ദി ..നമസ്കാരം ..മെഹ്ദി സാബിനെ കുറിച്ച് കേട്ടിട്ടുള്ള നിരവധി കാര്യങ്ങളില്‍ വളരെ കുറച്ചു മാത്രമാണ് എന്റെ പരിമിതമായ അറിവില്‍ നിന്ന് ഇവിടെ പകര്‍ത്തിയിരിക്കുന്നത് ..

Sukanya പറഞ്ഞു...

ഇത്രയും വിശദമായി സംഗീതസാഗരത്തെ അറിയാന്‍ സാധിപ്പിച്ചു തന്നതില്‍ നന്ദി.

shamzi പറഞ്ഞു...

മീര്‍ തഖി മീറിനെയും മിര്‍സാ ഗാലിബിനെയും നാമറിഞ്ഞത് ആ മാസ്മരിക ശബ്ദത്തിലൂടെയായിരുന്നു.യഥാര്‍ത്ഥ കലാകാരന്റെ നീക്കിയിരുപ്പ് കല മാത്രമായിരിക്കുമെന്ന് മെഹ്ദി ഹസനും ഒടുവില്‍ തെളിയിച്ചിരിക്കുന്നു. മനുഷ്യനെ കാണാന്‍ മറക്കുന്ന സംഗീത സാമ്രാട്ടുകള്‍ക്കിടയില്‍ അദ്ദേഹം വേറിട്ടു തന്നെ നില്‍ക്കുന്നു. 'ഒറ്റപ്പാട്ട്' കൊണ്ട് കോടീശ്വരന്മാരായി മാറുന്ന 'ക്ഷണിക പ്രതിഭ'കളില്‍ നിന്നും..!

റീനി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റീനി പറഞ്ഞു...

നന്ദി, പുതിയ അറിവുകള്‍ക്ക്!

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

ഇത്രയും നന്നായി അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി.
ഗസല്‍ ഇഷ്ടമാണെങ്കിലും ഗായകരെ കുറിച്ചുള്ള അറിവ് പരിമിതമാണ്.
ഒരപേക്ഷയുണ്ട്.
മരിക്കാന്‍ കാത്തുനില്‍ക്കാതെ...പ്രിയ ഗസല്‍ ഗായകരെ പരിചയപ്പെടുത്തി തരുമോ ?

അനശ്വര പറഞ്ഞു...

മെഹ്ദിയെ കുറിച്ച് എന്റെ ഒരു കൂട്ടുകാരി പറഞ്ഞ് കേട്ടിട്ടുണ്ട്. അവളുടെ മകന്റെ പേരും മെഹ്ദി എന്നിട്ടു. അത്രക്ക് ഉണ്ട് ആരാധന! ഇവിടെ പറഞ്ഞതെല്ലാം എനിക്ക് പുതിയ അറിവുകളാണ്. ഒരു വലിയ ജീവചരിത്രത്തെ വളരെ കുറഞ്ഞ വരികളിലൂടെ വിവരിച്ച് വായനക്കാരില്‍ വേദന നിറക്കും വിധം വേര്‍പാടിനെ കുറിച്ച് പറഞ്ഞ് അവസാനിക്കുന്ന ഈ ലേഖനം ശരിക്കും മനോഹരമായിരുന്നു കേട്ടൊ....

AFRICAN MALLU പറഞ്ഞു...

നന്ദി,നല്ലൊരു ലേഖനം.

aboothi:അബൂതി പറഞ്ഞു...

ആ വലിയ വ്യക്തിത്വത്തെ കുറിച്ച് നല്ല വിവരം നല്‍കുന്ന പോസ്റ്റ്. ആശംസകള്‍

Salam പറഞ്ഞു...

Jab bhi maikhane se peekar hum chale
Saat lekar saikadon aalam chale

Thak gaye phir zindagi ki raah mein
Hoke maikhane se thaaza dum chale

Baad muddat ke mile hai aaj wo
Gardishe-dauran zara magdham chale

Jitney gam zalim zamane ne diye
Dafn karke maikhade mein hum chale

Peene waalon mauzmon ki kaid kya
Aaj to ek daur bemauzam chale

Tribute to the legend....

TP Shukoor പറഞ്ഞു...

ക്രിക്കറ്റ് പോലെ തന്നെ ഇന്ത്യയെയും പാക്കിസ്ഥാനെയും സൌഹൃദത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഒരു നല്ല മാധ്യമമാണല്ലോ ഗസലും. ഗസല്‍ ലോകത്തെ കുലപതിയായ മെഹ്ദി ഹസ്സന്‍ ഈ സൌഹൃദത്തിന്‍റെ പാതയിലും വിലമതിക്കാനാവാത്ത സേവനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഒരിക്കലും തളരാത്ത ശബ്ദം നീണാള്‍ വാഴട്ടെ. അദ്ദേഹത്തെ അവിസ്മരണീയമാക്കുന്ന രീതിയില്‍ എഴുതിയ ഈ പോസ്റ്റിനു നന്ദി.

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

നല്ല കുറിപ്പ്..
ഗസല്‍ ലോകത്തെ കുലപതിയായ മെഹ്ദിഹസ്സനെക്കുറിച്ച് കൂടുതലറിയാന്‍ കഴിഞ്ഞതില്‍ സന്തോഷ​..

KOYAS..KODINHI പറഞ്ഞു...

aksharagal kond theertha oru gazal....sooper tu husniki devi he me prem ki poojari enna patt mehdi saab paadikondirikunnathayi toni

mayflowers പറഞ്ഞു...

ഈ സ്മരണാഞ്ജലി സുന്ദരം.
മെഹ്ദി ഹസ്സനെക്കുറിച്ച് വിശദമായ വിവരങ്ങളറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം..

സുനി പറഞ്ഞു...

നല്ല അനുസ്മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍