2012, ജൂലൈ 16, തിങ്കളാഴ്‌ച

രാമായണവും കര്‍ക്കിടകത്തിലെ ദുരിതകാണ്ഡവും


രി പൂശിയ കര്‍ക്കിടകങ്ങള്‍ പണ്ടുകാലങ്ങളില്‍ വറുതിയും വിശപ്പും തന്നിരുന്നു ..ഒപ്പം പുലരാനിരിക്കുന്ന സ്വര്‍ണ്ണ നിറമുള്ള ചിങ്ങത്തെ ,വയര്‍ നിറച്ചു ഉണ്ണുവാന്‍ കഴിയുന്ന ഓണ നാളുകളെ കുറിച്ചുള്ള പ്രതീക്ഷയും  ..രാമായണ മാസം .രാമായണം എന്ന വാക്കിലുമുണ്ട് പ്രതീക്ഷ ..രാവ് മായണം വെളിച്ചം വരണം ..കര്‍ക്കിടകം മാറണം ചിങ്ങം വരണം ജീവിതത്തിലേക്ക് ഓണം വരണം ...

കര്‍ക്കിടകകം ഒന്നാം തീയതി മുതല്‍ അച്ഛന് തിരക്ക് തുടങ്ങും .എന്റെ കുട്ടിക്കാലം മുതല്‍ അങ്ങിനെയാണ് .ആറ് -ഏഴു  കിലോമീറ്റര്‍ അകലെ ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാര മംഗല ക്ഷേത്രത്തിലെ കര്‍ക്കിടക രാമായണ പാരായണം അച്ഛനാണ് എത്രയോ വര്‍ഷങ്ങളായി ചെയ്തു പോന്നിരുന്നത് ...

വൈകിട്ട് വേറെ ചില ക്ഷേത്രങ്ങളിലും ..വെളുപ്പിനെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ,തണുപ്പും അസുഖങ്ങളും വകവയ്ക്കാതെ എത്രയോ കര്‍ക്കിടകങ്ങളുടെ കഠിനാന്ധകാരങ്ങളിലൂടെ  അച്ഛന്‍ രാമ നാമങ്ങള്‍ മാത്രം മന്ത്രമാക്കി ഇങ്ങനെ ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലെയ്ക്ക് അലഞ്ഞിരിക്കുന്നു ..ഓരോ ദിവസവും തിരികെയെത്തുമ്പോള്‍ അമ്പത്തിലെ നിവേദ്യപ്പായസമോ ,മലരോ അവിലോ ,കദളിപ്പഴമോ കരുതിയിരിക്കും ..ആ മധുരം നുണയാന്‍  ഞങ്ങള്‍ മക്കള്‍ക്കും വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ മക്കള്‍ക്കും വരെ ഭാഗ്യമുണ്ടായി ...

രാമായണം മാസം കഴിയുമ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്ന് അച്ഛന് കോടി മുണ്ടും  ദക്ഷിണയും കിട്ടും ..ആ ദക്ഷിണയാണ്  എത്രയോ വര്‍ഷങ്ങളായി ഞങ്ങളുടെ ഓണ നാളുകളെ അന്ന സമൃദ്ധിയുടെ പൊന്‍ വെയിലും കുഞ്ഞു സന്തോഷങ്ങളുടെ പൂനിലാവും കൊണ്ട് അനുഗ്രഹിച്ചിട്ടുള്ളത് !  ശരിക്കും  ജീവിതത്തിലെ കാറും കോളും നിറഞ്ഞ കര്‍ക്കിടകരാവ് മാഞ്ഞുപോയി വെള്ളിവെട്ടം നിറഞ്ഞൊഴുകിയ ചിങ്ങ മാസങ്ങള്‍ .....ദൂരെ വിവാഹം ചെയ്തയച്ച  ചേച്ചിമാര്‍ക്കും സന്തോഷത്തിന്റെ ആ ഒരു തുണ്ട് അച്ഛന്‍ കരുതലോടെ എല്ലായ്പ്പോഴും നീക്കിവയ്ക്കുമായിരുന്നു ..

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കര്‍ക്കിടകത്തില്‍ ....

പ്രായാധിക്യം കൊണ്ടും അനാരോഗ്യം കൊണ്ടും അച്ഛന് രാമായണ മാസങ്ങളെ നീന്തിക്കടക്കാന്‍ വയ്യാതായി ..ഒരിക്കല്‍ അച്ഛന്‍ പനിപിടിച്ചു വിറകൊണ്ട ഒരു ദിനം ..തീക്കുണ്ഡം  പോലെ ദേഹം ചുട്ടു പൊള്ളുന്നു .. ഏറ്റെടുത്ത ക്ഷേത്ര പാരായണം ചില ദിവസങ്ങളിലെങ്കിലും മുടങ്ങും എന്ന അവസ്ഥ..അച്ഛന്‍ എന്നോട് പറഞ്ഞു ..കുഞ്ഞുന്നാള്‍ മുതല്‍ രാമായണം കേട്ട്   മാത്രം ശീലമുള്ള എനിക്ക് അതിനു കഴിയുമെന്ന് എങ്ങിനെയാണ് അച്ഛന്‍ കരുതിയതെന്ന് എനിക്കിന്നും അജ്ഞാതമാണ് ..

പുലര്‍ച്ചെ അലാറം കേട്ട് എഴുന്നേറ്റു ഇടക്കൊച്ചി ക്ഷേത്രത്തില്‍ പോയി തിടപ്പള്ളിയിലെ ഗണപതി ഹോമകുണ്ഡത്തിനരികിലിരുന്നു ഏതൊക്കെയോ ഭാവങ്ങളില്‍ രാമായണ ശീലുകള്‍ ഉരുക്കഴിക്കുംപോള്‍ ഒരു ജീവിതം മുന്നോട്ടു ഉന്തി തള്ളി കൊണ്ടുപോകാന്‍ വേണ്ടി അച്ഛന്‍ താണ്ടിയ ദുരിത കാണ്ഡങ്ങളുടെ ഓര്‍മ്മയില്‍ എന്റെ വാക്കുകള്‍ വിതുമ്പുകയും കണ്ണുകള്‍ നിറഞ്ഞോഴുകുകയും ചെയ്തു ..പുതുമുറക്കാരന്റെ രാമായണ പാരായണം  കേള്‍ക്കാന്‍ എനിക്ക്  ചുറ്റും കൂടിയ ആളുകളെ അപ്പോള്‍ ഞാന്‍ കണ്ടതേയില്ല ....

പ്രവാസ ജീവിതം എന്ന ആരണ്യ കാണ്ഡം താണ്ടുകയാണ് ഞാനീ കര്‍ക്കിടകത്തില്‍  ..പുത്ര ശോകത്താല്‍ രോഗാതുരനായ ദശരഥനെ പോലെ ആരോഗ്യം ക്ഷയിച്ചു , പരസഹായം ഇല്ലാതെ ഒന്ന് നടക്കാന്‍ പോലുമാകാതെ ദൂരെ ദൂരെ എന്റെ വീട്ടില്‍ അച്ഛന്‍ ....

 രാമായണവും ,പ്രസാദങ്ങളും ,ക്ഷേത്ര മന്ത്ര ധ്വനികളും ആരവങ്ങളും ഒഴിഞ്ഞു ശയ്യാ വലംബിയായി ജീവിതത്തിലെ ഒരു കര്‍ക്കിടകം കൂടി ആ ജീവിതത്തിലേയ്ക്ക് കടന്നു വരികയാണ് ...ജീവിതം മുഴുവന്‍ രാമാ രാമാ എന്ന് ജപിച്ചു പ്രതിസന്ധികളെ അതിജീവിച്ച ആ പുണ്യാത്മാവ്  ഈ കര്‍ക്കിടക സന്ധ്യകളില്‍ രാമാ രാമാ എന്നോര്‍ത്ത് വിലപിക്കും എന്നെനിക്കുറപ്പാണ് ....ഈ കഠിന പരീക്ഷ താണ്ടാന്‍ എന്റെ അച്ഛന് അദ്ദേഹത്തിന്റെ ശ്രീരാമന്‍ ശക്തികൊടുക്കട്ടെ ..

33 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

keraladasanunni പറഞ്ഞു...

അച്ഛന്‍ ഒരു പുണ്യാത്മാവുതന്നെ. രാമായണം വായിക്കാന്‍ 
ഏല്‍പ്പിച്ചതോടെ ആ ഗുണം മകനിലേക്ക് പകര്‍ന്നതാവണം. ഹൃദയസ്പര്‍ശിയായ പോസ്റ്റ്.

( ഇന്ന് ഞാന്‍ രാമായണം വായന തുടങ്ങി, ബ്ലോഗില്‍ രാമായണത്തെ ആസ്പദിച്ച് എഴുതാനും )

ശ്രീ പറഞ്ഞു...

അച്ഛന് തീര്‍ച്ചയായും ആ പുണ്യം ഉണ്ടാകും മാഷേ...

നല്ല പോസ്റ്റ്

ajith പറഞ്ഞു...

ആശംസകള്‍

ശക്തിസ്രോതസ്സ് അനുഗ്രഹിക്കട്ടെ

c.v.thankappan പറഞ്ഞു...

ഹൃദ്യമായി രചന
ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

കര്‍ക്കിടകം അങ്ങിനെ ഓര്‍മ്മിപ്പിച്ചു...

aboothi:അബൂതി പറഞ്ഞു...

അച്ഛനും പുത്രനും ഇനിയുമിനിയും ഒത്തിരിയൊത്തിരി കര്‍കിടകങ്ങള്‍ ആയുര്‍ആരോഗ്യത്തോടെ സന്തോഷത്തോടെ താണ്ടട്ടെ.
നല്ല പോസ്റ്റ്.. മക്കളെ സ്നേഹിക്കുന്ന മതാപിതാകള്‍ ഒരു പുണ്യം തന്നെയാണെന്ന് പറയാതെ വയ്യ.. പടച്ചോന്റെ ഒരു അനുഗ്രഹം

കൊമ്പന്‍ പറഞ്ഞു...

കര്‍ക്കിടവും അച്ഛന്റെ ഓര്‍മകളും നന്നായി
കര്‍ക്കിടകം വരുമ്പോള്‍ എനിക്ക് ഇപ്പൊ ഓര്‍മ വരിക വീടിനടുത്തുള്ള ഭജന മടമാ
അവിടെ രാമായണ മാസം ഒന്ന് മുതല്‍ അവസാനം വരെ നല്ല സദ്യ ഉണ്ടാവും
എല്ലാ ദിവസവും ഉച്ചക്ക് ആ ഊട്ടുപുരയില്‍ നല്ല ശാപാട് അടിക്കായിരുന്നു

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രെമേശേട്ടന്റെ അച്ഛനെ കുറിച്ചുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍, ഞങ്ങള്‍ക്ക് വേണ്ടി പത്തു മുപ്പതു വര്ഷം പ്രവാസ ജീവിതം നയിച്ച എന്റെ വാപ്പയെ കുറിച്ച് ഓര്‍ത്തത്‌ കൊണ്ടാവാം എന്റെ കണ്ണ് നനഞ്ഞു...അച്ഛന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു...

വേണുഗോപാല്‍ പറഞ്ഞു...

ആ അച്ഛന്‍ താണ്ടിയ കഷ്ടപാടുകളുടെ വഴികള്‍ വായിച്ചു മനസ്സ് നൊന്തു. എനിക്ക് ഈ സ്ഥാനത്ത് അമ്മയായിരുന്നു എന്ന വ്യത്യാസം മാത്രം. ഈ രാമായണ മാസത്തില്‍ അദ്ദേഹത്തിനു എന്റെ പ്രണാമം.

ആ വലിയ മനുഷ്യനെ ശ്രീ രാമന്‍ അനുഗ്രഹിക്കട്ടെ !

(തീകുന്തം പോലെ ചുട്ടുപൊള്ളുന്ന എന്നത് തീകുണ്ടം പോലെ എന്നാണോ എഴുതാന്‍ ഉദ്ദേശിച്ചത്,, നോക്കൂ)

kochumol(കുങ്കുമം) പറഞ്ഞു...

രമേശേട്ടന്റെ അച്ഛന് അദ്ദേഹത്തിന്റെ ശ്രീരാമന്‍ ശക്തികൊടുക്കട്ടെ ..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

രാമായണ മാസം പുണ്യമാസം..

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

പിതൃസ്മരണയിലൂടെ ഒരു കര്‍ക്കിടകം കൂടി,....
രമേശേട്ടന്റെ അച്ഛനും, കുടുംബത്തിനും ആയുരാരോഗ്യ സൌഖ്യവും ഐശ്വര്യവും നേര്ന്നുകൊള്ളൂന്നു.

VIGNESH J NAIR പറഞ്ഞു...

ആയുരാരോഗ്യ സൌഖ്യം നേരുന്നു.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

പ്രാർഥനകളും ആശംസകളും..!!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പിതൃസ്മരണയില്‍ നിറയുന്ന രാമായണ പോസ്റ്റ്‌...,...!

പ്രാര്‍ത്ഥനകളോടെ...

സേതുലക്ഷ്മി പറഞ്ഞു...

എന്റെ ഓര്‍മ്മയില്‍ ഒരിക്കല്‍ പോലും അമ്പലത്തില്‍ പോയിട്ടില്ലാത്ത,രാമായണം വായിച്ചിട്ടില്ലാത്ത, നിസ്വാര്‍ഥമായ കര്‍മ്മമാണ് മഹത്തെന്നു വിശ്വസിച്ചിരുന്ന എന്റെ അച്ഛന്‍,വല്ലാതെ മനസ്സ് പൊള്ളിയ ഒരുനിമിഷത്തില്‍ 'താതവാക്യം അനാജ്ഞപ്തമെന്നാകിലും...'എന്ന വരികള്‍ ചൊല്ലിയത്‌ ഓര്‍ത്തുപോയി. ആ അച്ഛനൊപ്പം ഈ അച്ഛനെയും ഓര്‍ത്തു മനസു ഭാരപ്പെടുന്നു.
ഇപ്പോള്‍ ചാനലുകളിലെ സംഗീത സാന്ദ്രമായ രാമായണ വായന കേള്‍ക്കുമ്പോള്‍ പണ്ട്‌ നാട്ടിന്‍പുറങ്ങളില്‍ കേട്ട ഭക്തിമയസ്വരത്തിലെ ആലാപനം ഓര്‍ക്കാറുണ്ട്. എത്രയെത്ര അറിയപ്പെടാത്തവര്‍.. അച്ഛന് ഈ മകളുടെയും പ്രണാമം..

ഇഗ്ഗോയ് /iggooy പറഞ്ഞു...

രാമായണത്തിലെ കുറച്ച് ഭാഗങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. ആ ഭാഗങ്ങളേ വായിച്ചിട്ടുള്ളൂ.കവിത എഴുതുന്ന ഒരു കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട് സുന്ദരകാണ്ഠം കുറച്ച് വായിച്ചിട്ടുണ്ട്. ഇത്രേമാണ്‌ രാമായണ്‌ എന്റെ രാമായണാ പരിചയം. ശേഷമെല്ലാം കഥകളായാണ് വായിച്ചത്. മറ്റേതൊരു പുസ്തകവും പോലൊന്നായിരുന്നു എനിക്ക് രാമായണം. പക്ഷേ ഒരിപാടുപേരുടെ ഓര്‍മ്മകളോട് കീറീയെടുക്കാനാകാത്തവിധം ഈ പുസ്തകം ചേര്‍ന്നു നില്‍ക്കുന്നത് എനിക്കൊരത്ഭുതമാണ്‌. "മരുഭൂമികളിലൂടെ" പോകുമ്പോള്‍ മഴയുള്ള നാട്ടിലെ രാമായണം എന്തെന്ത്‌ ഓര്‍മ്മക്കളയായിരിക്കാം പെയ്യിക്കുന്നത്?
കേരളത്തിലല്ലാതെ വേറെവിടെയെങ്കിലും രാമായണമാസം പോലൊരു മാസമുണ്ടോ ആവോ?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഇഗ്ഗോയ് /iggooy:

രാമായണത്തിലെ ഏറ്റവും എളുപ്പമുള്ളതും അതി സുന്ദര പദാവലികള്‍ കൊണ്ട് സംപുഷ്ടമായതുമായ ഭാഗമാണ് സുന്ദര കാണ്ഡം ..ഏറ്റവും കഠിനതരവും സങ്കീര്‍ണ്ണമായ പദ്യങ്ങളും ഉള്ളത് ആരണ്യ കാണ്ഡം ആണ് ..ശരിക്കും നിബിഡവും ഭയാനകവും ദുര്‍ഘടവും ആയ വനത്തില്‍ കയറിയ അവസ്ഥ .. അദ്ധ്യാത്മ രാമായണത്തിലെ എഴുത്തച്ഛന്റെ വ്യത്യസ്തമായ ഈ രചന വൈഭവം കാലാതിവര്‍ത്തിയായി നിലനിര്‍ത്തുന്ന കവിതയുടെ ഒരു പ്രത്യക്ഷ ഘടകം കൂടിയാണു ..വായനയ്ക്ക് നന്ദി :)

അജ്ഞാതന്‍ പറഞ്ഞു...

'രാമന്റെ അയന' മാണ് (രാമന്റെ യാത്ര) രാമായണം എന്നും കേട്ടിരിക്കണൂ.

Sukanya പറഞ്ഞു...

രാമായണ പാരായണ പുണ്യത്താല്‍ അച്ഛന് വേഗം സുഖമാവട്ടെ.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@അജ്ഞാതന്‍ : താങ്കള്‍ കേട്ടത് ശരിയാണ് ..രാമന്റെ അയനം അല്ല അയണം ..രാമായണം = രാമന്റെ യാത്ര , അയനം എന്നാല്‍ കൂടിച്ചേരല്‍ ..അതായത് വിരഹിണിയായ സീതയുടെ രാമനുമായുള്ള കൂടിച്ചേരല്‍ .രാ +മായണം ==ഇരുട്ട് ഇല്ലാതാകണം എന്നിങ്ങനെ രാമായണ കാവ്യത്തിന്റെ അന്തസത്ത ചോരാതെ നിരവധി നിര്‍വചനങ്ങള്‍ ഉണ്ടായിട്ടുണ്ട് ..അതിലൊന്നാണ് ഞാന്‍ ഈ പോസ്റ്റില്‍ ഉപയോഗിച്ചത് ..അതുമായി ഏറ്റവും യോജ്യമെന്നു എനിക്ക് തോന്നിയ ഒന്ന് ....നന്ദി

sumesh vasu പറഞ്ഞു...

ഇന്നൊക്കെ എന്നും ഓണമല്ലേ എന്ന് കാർന്നോമ്മാരു പറയും, അപ്പോ എന്ത് കർക്കിടകം, ചിങ്ങം....

എഴുത്ത് ഹ്യദ്യമായി.. കാലങ്ങളോളം രാമായണപാരായണം ചെയ്ത ആ പുണ്യത്മാവിനു ആയുസ്സും ആരോഗ്യവും ഈശ്വ്‌രൻ കൊടുക്കട്ടെ

Salam പറഞ്ഞു...

അച്ഛനെക്കുറിച്ചുള്ള ശോകമാര്‍ന്ന ഓര്‍മകളിലൂടെ, രാമായണ മാസത്തിന്റെ കഥ പറഞ്ഞ ഈ എഴുത്ത് മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്‌.
കര്‍മബന്ധങ്ങളുടെ ഇഴകള്‍ ദൃഡമായിരിക്കട്ടെ. നല്ല എഴുത്തും സ്മരണകളും സമ്പന്നമാവട്ടെ.

ശ്രീനാഥന്‍ പറഞ്ഞു...

അച്ഛന്റെ ഓർമ്മകൾ നിറയുന്ന രാമായണമാസം! രമേശ് നന്നായി എഴുതി.

മുകിൽ പറഞ്ഞു...

രാമായണമാസം രമേശിനു അച്ഛനാണു..
നന്നായി എഴുതി.

ഫിലിപ്പ് ഏരിയല്‍ പറഞ്ഞു...

മുന്‍പൊരിക്കല്‍ ഇവിടെ വന്നു പോയെങ്കിലും
ഒരു കമന്റു വീശാനോ ബ്ലോഗില്‍ ചേരാനോ
കഴിയാതെ പോയതിന്റെ നഷ്ടബോധം ഉള്ളില്‍
ഒതുക്കുന്നു. പ്രിയ പിതാവിനെപ്പറ്റിയും തന്റെ തീഷ്ണമായ
ഈശ്വര ചിന്തയെപ്പറ്റിയും വായിച്ചറിയാന്‍ കഴിഞ്ഞത് നന്നായി.
ഈയുള്ളവന്റെ കയ്യിലും ഉണ്ടൊരു രാമായണം, ഹൈദരാബാദു നഗരത്തിലെ
പാതയോരത്തെ പുസ്തക കൂമ്പാരത്തില്‍ നിന്നും കണ്ടെടുത്തതാണ്. വല്ലപ്പോഴും
അതെടുത്തൊന്നു മറിച്ചു നോക്കാറുമുണ്ട്, പക്ഷെ പലതും പിടികിട്ടാതെ തന്നെ കിടക്കുന്നു
പിന്നൊരു ചെറിയ നിര്‍ദ്ദേശം ഉണ്ട് അച്ഛന്റെ പാരായണം വീഡിയോവില്‍ ആക്കി പോസ്റ്റില്‍
കൊടുത്താല്‍ നന്നായിരിക്കും എന്നും തോന്നുന്നു. അച്ഛനു ആയുരാരോഗ്യങ്ങള്‍ ഈശ്വരന്‍ നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ

Kalavallabhan പറഞ്ഞു...

"നിരീശ്വര വാദം എന്ന "ജാഡ" കൂട്ടുകാരനായി " കൊണ്ടുനടന്നിരുന്ന കാലത്തും അച്ഛനെ അനുസരിച്ച്‌ രാമായണം വായിക്കാൻ പോയതും ഈ രാമായണ മാസത്തിലും അച്ഛനെപ്പറ്റി ഓർക്കുമ്പോൾ രാമായണവും രാമായണത്തെപ്പറ്റി ഓർക്കുമ്പോൾ അച്ഛനെയും ഓർക്കാൻ കഴിയുന്നതും ഒരു വലിയ ഭാഗ്യം തന്നേ.

Jefu Jailaf പറഞ്ഞു...

മനസ്സിനെ വല്ലാതെ സ്പർശിക്കുന്നുണ്ട് ഈ പോസ്റ്റ്. രമേശേട്ടാ പിതാവിന്‌ ആയുരാരോഗ്യ സൗഖ്യം നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..

വീ കെ പറഞ്ഞു...

സ്നേഹവും കാരുണ്യവും നൽകി വളർത്തിയ അഛനെക്കുറിച്ച് ഒരു മകന്റെ ഭക്ത്യാ‍ദരപൂർവ്വമായ ഈ ഓർമ്മകളും കരുതലും തന്നെയാണ് ആ മഹാത്മാവ് ചെയ്ത പുണ്യം.
എല്ലാ ഐശ്വര്യ ആയുരാ‍രോഗ്യ സൌഖ്യവും ഉണ്ടാകാൻ എന്റേയും പ്രാർത്ഥന.

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

രമേശ്‌ ..
സത്യത്തില്‍ ഒരിക്കല്‍പോലും ഞാന്‍ ചിന്തിച്ചിട്ടില്ല ,നീ എങ്ങിനെ എഴുതുന്നു ;എന്തുകൊണ്ട് എഴുതുന്നു എന്ന് .
നീ ,ഒരു പത്ര പ്രവര്‍ത്തകന്‍ ..കലാപ്പ്രവര്തകന്‍..രാഷ്ട്രീയക്കാരന്‍ ..അധ്യാപകന്‍ എന്നെല്ലാം അറിയുന്നതിനപ്പുറത്തു ,
അധികമൊന്നും ചിന്തിച്ചില്ല എന്നേഉള്ളു .
സത്യം ..ഇപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ അറിയുന്നു .നിന്‍റെ എഴുത്തിന്റെ വഴി .
കൈതപ്പുഴക്കായലിന്റെ തീരത്തുനിന്നും ,മരുഭൂമികളിലൂടെയുള്ളഈ യാത്രയില്‍ അച്ഛന്റെ ഈണവും,
സാത്വികമായ ആ ജീവിതവും നീ പിന്‍പറ്റുന്നുണ്ട് .
അച്ഛന്‍ രാമായണം വായിക്കുന്നതും പ്രഭാഷണങ്ങള്‍ നടത്തുന്നതും ഞാന്‍ കേട്ടിട്ടുണ്ട് .ആ പ്രതിഭയെ ഇതാദ്യമായി ഞാന്‍ നമിക്കുന്നു .
അച്ഛനെക്കുറിച്ച് ഒരു കുറിപ്പെഴുതിയതിനു ഞാന്‍ നിന്നോട് നന്ദിപറയുന്നു .
നേരിട്ടല്ലെങ്കിലും അദേഹത്തിന് മുന്‍പില്‍ ഞാന്‍ കൈ കൂപ്പുന്നു .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ആ അച്ഛന്റെ സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥനയോടെ

Gopan Kumar പറഞ്ഞു...

വളരെ നന്നായി എഴുതി
ആശംസകള്‍
http://admadalangal.blogspot.com/

Echmukutty പറഞ്ഞു...

ഇന്ന് ഈ കുറിപ്പ് വായിക്കുന്നത്...
അച്ഛന്‍ കടന്നു പോയതറിഞ്ഞു ഈ വരികള്‍ വായിക്കുമ്പോള്‍...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍