2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

നടന വൈഭവത്തിന് വിട ......


ലയാളക്കരയില്‍ പ്രൊഫഷനല്‍  നാടകങ്ങള്‍  പൊടിപൊടിച്ച  എണ്‍പതുകളിലെ ഓരോര്മയാണ് .. നാടകങ്ങളില്‍ ഹരം കയറി അത് കാണാനും കണ്ടത് കൂട്ടം കൂടിയിരുന്നു ചര്‍ച്ചചെയ്യാനും കൂട്ടുകാരുമൊത്ത്   ഉത്സവപ്പറമ്പുകളില്‍   നിന്ന് ഉത്സവ പ്പ പറമ്പുകളിലേക്ക് പാറി നടന്നിരുന്ന  കൌമാര കാലത്ത്    അരൂര്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്  ഒരു നാടകം  ഉണ്ടായിരുന്നു  .ശ്രീ .പി ജെ ആന്റണി എഴുതിയ തീ . നാടകം സംവിധാനം ചെയ്തതും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും തിലകന്‍ . കേട്ടവര്‍ കേട്ടവര്‍ ഉത്സവ പറമ്പിലേക്ക് വച്ചു പിടിച്ചു .

 നാടകത്തിലും എഴുത്തിലും  സിനിമയിലും  ജീനിയസ് ആയിരുന്ന പീ ജെ ആന്റണിയുടെ വലം കയ്യായിരുന്നു അന്ന് തിലകന്‍ . സിനിമയില്‍ ഒന്ന് മുഖം കാണിച്ചു വരുന്നതെ ഉള്ളൂ എങ്കിലും നാടക നടന്‍  സംവിധായകന്‍ എന്നീ നിലകളില്‍ ഏറെ  പ്രശസ്തന്‍     1979  ഇല് സംഭവിച്ച  പീ ജെയുടെ വേര്‍പാടിന് ശേഷം അതുപോലെ അരങ്ങിലും സിനിമയിലും ഒരേ പോലെ കഥാപാത്രങ്ങളുടെ ആത്മാവ്  കണ്ടെത്തി അഭിനയിച്ച    ഒരു നടന്റെ ശൂന്യത പ്രേക്ഷകര്‍  അനുഭവിക്കുന്ന ഒരു കാലം കൂടിയായിരുന്നു അത് . ഏറെക്കാലം ഒരു സഹോദരനെ പോലെ പീ ജെ കൊണ്ടുനടന്ന തിലകന്‍   പിന്നീട് സ്വാഭാവികമായും പീ ജെ തീയെറ്റെഴ്സിന്റെ    മുഖ്യ ചുമതലക്കാരനായി മാറുകകയായിരുന്നു  ,
ഉത്തസവ ചടങ്ങുകള്‍ ഒതുങ്ങി ..ലൈറ്റുകള്‍ അണഞ്ഞു  അരൂര്‍ അമ്പലം വെളി എന്നറിയപ്പെടുന്ന ആ വലിയ മൈതാനം മണ്ണ് കിള്ളിയിടാന്‍ പോലും ഇടയില്ലാത്ത വിധം ജന നിബിഡമായിരുന്നു .വര്‍ഷത്തില്‍ ഒരിക്കല്‍  അമ്പല പറമ്പുകളില്‍ അവതരിപ്പിക്കപ്പെടുന്ന കാമ്പുള്ള നാടകങ്ങളെ ജനം ഏറെ സ്നേഹിക്കുകയും   അതിലെ ഡയലോഗുകള്‍    പറഞ്ഞു കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു സുവര്‍ണ്ണ കാലംകൂടി  ആയിരുന്നു അത് .   ഇതിനകം സിനിമയില്‍  ചില  വേഷങ്ങള്‍  ചെയ്ത തിലകന്‍ എന്ന  നടന്‍ ആ നാടകത്തില്‍  അഭിനയിക്കുന്നു എന്ന സവിശേഷത    ജനക്കൂട്ടം പതിവില്‍ അധികമായി  വര്‍ദ്ധിക്കാന്‍  കാരണമായി  . എങ്ങും സമ്പൂര്‍ണ്ണ നിശബ്ദത .നാടകം തുടങ്ങി ..പ്രധാന കഥാപാത്രങ്ങള്‍   രംഗത്തു  വന്ന്‍   അഭിനയം തുടങ്ങി ..     സൂക്ഷ്മതയും സ്വാഭാവികതയും ഉള്ള അഭിനയം കൊണ്ടും ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടും അതില്‍ കേന്ദ്ര കഥാപാത്രമായ  നടന്‍  ചുരുങ്ങിയ സമയം കൊണ്ടു കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

ഇതിനിടയില്‍ കാണികള്‍ക്കിടയില്‍  പിന്‍ നിരയില്‍ എന്തോ പ്രശ്നം  . .അത് ബഹളമായി  ഉയര്‍ന്ന്   സ്റ്റേജിനു മുന്നില്‍ ഇരിക്കുന്നവര്‍ക്ക്  നാടകത്തിലെ സംഭാഷങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവിധം നിയന്ത്രണാതീതമായി .ആകെ  കോലാഹലം .പെട്ടെന്ന് പ്രധാന നടന്റെ ഇടി വെട്ടുപോലുള്ള ശബ്ദം മുഴങ്ങി ..ദൂരേക്ക്‌ കൈകള്‍ വീശിയെറിഞ്ഞു നാടകത്തിലെ മര്‍മ്മ പ്രധാനമായ ഒരു സംഭാഷണം  പോലെ അദ്ദേഹം കാണികളെ നോക്കി പറഞ്ഞു:
".എന്താ അവിടെ പ്രശനം ? നിങ്ങള്‍ എല്ലാവരും കൂടി  നാടകം കളിക്കാന്‍  വിളിച്ചുവരുത്തിയ കലാകാരന്മാരാണ് ഞങ്ങള്‍  .. വിളിച്ചു വരുത്തി ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍  ബഹളം ഉണ്ടാക്കി അപമാനിക്കുന്നതാണോ മര്യാദ ? ഈ കോലാഹലം  ഇപ്പോള്‍ നിര്‍ത്തിയില്ലെങ്കില്‍ നാടകം കളിക്കാതെ ഞങ്ങള്‍ ഞങ്ങളുടെ പാട്ടിനു പോകും ..." 

    സ്വിച്ച്  ഇട്ടതു പോലെ ബഹളം നിലച്ചു .അരങ്ങത്തും  സദസ്സിലും എന്താണ്  .സംഭവിക്കുന്നത്‌  എന്നറിയാതെ ജനക്കൂട്ടവും  സംഘാടകരും ,സഹ നടന്മാരും സ്തബ്ധരായി നില്‍ക്കെ  .ഒന്നും സംഭവിക്കാത്തത്  പോലെ അദ്ദേഹം ബഹളത്തിനിടയില്‍ നിര്‍ത്തിവച്ച നാടകത്തിലെ സംഭാഷണത്തിന്റെ തുടര്‍ച്ച ഏറ്റെടുത്തു .ഞൊടിയിടയില്‍ കഥാപാത്രമായി മാറി ..കര്‍ട്ടന്‍ ഇടാതെ തന്നെ ഇടയ്ക്ക് വച്ചു നിര്‍ത്തിയ  നാടകം വീണ്ടും ജീവിതം പോലെ സ്വാഭാവികമായി  തുടര്‍ന്നു ..
അല്പം മുന്‍പ് നടന്നതെല്ലാം നാടകത്തിന്റെ ഭാഗം തന്നെ ആയിരുന്നു എന്ന്  തോന്നിപ്പിക്കും  വിധമായിരുന്നു എല്ലാം
  തീരും വരെ ശ്വാസം അടക്കി പ്പിടിച്ചിരുന്ന് ശാന്തരായി എല്ലാവരും നാടകം കണ്ടു ..അതുവരെ കണ്ടിട്ടില്ലാത്ത  ഒരു നടന്‍ അരങ്ങില്‍  അനുഭവമാകുന്നത് കണ്ടു കാണികള്‍  അത്ഭുതം കൂറി .
 ചൂണ്ടു വിരലിന്റെ ചലനങ്ങള്‍  പ്രസരിപ്പിക്കുന്ന    ആജ്ഞാ ശക്തി കൊണ്ടും ഗാംഭീര്യം തുടിക്കുന്ന ശബ്ദ വിന്യാസത്തിന്റെ മാസ്മരിക പ്രഭാവം  കൊണ്ടും നിമിഷമാത്രയില്‍  .അരങ്ങിനേയും സദസ്സിനെയും ഒരേ പോലെ ഉള്ളം കയ്യിലെടുത്ത ആ അതുല്യ  നടനാണ്‌  പിന്നീട് മലയാള -തമിഴ്  ചലച്ചിത്ര വേദിയുടെ തിലകക്കുറിയായത്‌ .   അഭിനയ ഗാംഭീര്യം കൊണ്ടു നടന മികവിന്റെ ആ പെരുന്തച്ചന്‍  ആസ്വാദക ലക്ഷങ്ങളെ ഉള്ളം കയ്യില്‍  എടുത്തു . അസൂയാവഹവും അനായാസവുമായ ആ  നടന ചതുരത  അനുഭവിച്ചറിഞ്ഞ തെന്നിന്ത്യന്‍  ചലച്ചിത്ര ലോകം ഒരേ സ്വരത്തില്‍ പറഞ്ഞു .കൊട്ടാരക്കരയ്ക്കും പീ ജെ ആന്റണിക്കും ശേഷം മലയാള നാട് സമ്മാനിച്ച നടന വിസ്മയമാണ്  തിലകന്‍ എന്ന് . 
നാടകം തുടര്‍ന്നു .  നാടകത്തിന്റെ ക്ലൈമാക്സില്‍  തിലകന്റെ കഥാപാത്രം പാടുകയാണ് ..

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാന്‍ മരണത്തിന്‍ നിമിഷം വരെ 

മരണത്തിന്‍ ശീതള ചുംബന മുദ്രയാല്‍ 
ഒരു മൌനമായ് ഞാന്‍ മാറുവോളം 
നിശയുടെ നെഞ്ചിലെന്‍ പരുഷമാം 
പാട്ടിന്റെ നിശിത ശരങ്ങളെയ്യും 
(അരുതെന്നോ ..)

ഒരു കുമ്പിള്‍ കഞ്ഞിയും പാഴ്കിനാവുമീ 
ഇരുളിന്‍ തെരുവിലൂടെ 
ഹൃദയത്തിന്‍ തകരത്തുടി കൊട്ടി നീങ്ങുമീ 
പഥികനെ വിലക്കരുതേ .

ഓ എന്‍ വിയുടെ വരികള്‍  കുമരകം രാജപ്പന്റെ സംഗീതം .ശോകമൂകമായ ആ ഗാനം .ഇന്നും ഓര്‍മ്മയില്‍ മായാതെയുണ്ട് .

ഇത് പറയുമ്പോള്‍  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ  ആ കാഴ്ചാനുഭവം ഇന്നലെ എന്ന പോലെ ഓര്ത്തു പോകുന്നു .
തിലകന്‍ എന്ന പ്രതിഭാസത്തെ  അരങ്ങത്തു കാണുവാനും  അദ്ദേഹത്തിന്‍റെ അപൂര്‍വ്വമായ അഭിനയ സിദ്ധി നേരിട്ട് കണ്ടു ആസ്വദിക്കാനും അവസരം  ലഭിച്ച ആ അപൂര്വ്വവസരം  ജീവിതത്തിലെ  വലിയ ഭാഗ്യമായി കരുതുന്നു .

കോട്ടയം ജില്ലയിലെ  മുണ്ടക്കയം എന്ന   മലയോര ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ബാല്യകാലം . കിളിമാനൂര്‍ സ്വദേശിയായ  ശ്രീധരന്‍ നായര്‍ എന്ന പ്ലാന്റരുടെ തോട്ടം മാനേജര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് .സുരേന്ദ്ര നാഥ്  വളരെ കണിശവും ഗൌരവ സ്വഭാവവും  ഉള്ള  അദ്ദേഹം  1960  കളില്‍   കുറേക്കാലം   നിലമ്പൂരിലെ  റീഗല്‍ എസ്റ്റേറ്റ്‌ മാനേജരായും ജോലിചെയ്തിട്ടുണ്ട് . ബ്രിട്ടീഷ് കാരെപോലെ കാല്സ്രായിയും വെളുത്ത ഷൂസും കാലില്‍ ക്രീം കളര്‍  പട്ടീസും അണിഞ്ഞു അറ്റം വളഞ്ഞ ഒരു വടിയും പിടിച്ചു വില്ലീസ്‌ ജീപ്പില്‍  എത്തുന്ന വളരെ ഗൌരവക്കാരനായ സുരേന്ദ്രനാഥ്‌  എന്ന തോട്ടം മാനേജര്‍  തന്‍റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓര്‍മ്മയാണെന്ന്  സുഹൃത്തായ ആര്‍ട്ടിസ്റ്റ് ഇസഹാക്കും  സാക്ഷ്യപ്പെടുത്തുന്നു . അത് കേട്ടപ്പോള്‍ മിന്നാരം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ തിലകന്റെ കണിശക്കാരനായ റിട്ട :ജഡ്ജിന്റെ കഥാപാത്രം ഒരു നിമിഷം മനസ്സിന്റെ വെള്ളിത്തിരയില്‍  മിന്നിത്തെളിഞ്ഞു..ഒരു പക്ഷെ ആ പിതാവിന്റെ അതെ കണിശവും കാര്‍ക്കശ്യവുമാകാം തിലകന്റെയും പൈതൃക സമ്പാദ്യം .അഭിനയത്തിലും ജീവിതത്തിലും പിന്തുടര്‍ന്ന  വിട്ടു  വീഴ്ചയില്ലാത്ത 
നിഷ്കര്‍ഷകള്‍   ഒരു പോലെ അദ്ദേഹത്തിനു ശത്രുക്കളെയും മിത്രങ്ങളെയും നേടിക്കൊടുത്തു .

തോട്ടം തൊഴിലാളികളുടെ നരകതുല്യമായ ജീവിതവും അവരുടെ വേദനകളും ബാല്യകാലത്തില്‍ തന്നെ തിലകനെ 
സ്പര്‍ശിച്ചിരുന്നു .അവര്‍ക്കിടയില്‍ നിന്നുള്ളവര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ .ഇതിനിടയില്‍  തൊഴിലാളികളുടെ ചോര 
യും വിയര്‍പ്പും ഊറ്റിയെടുക്കുന്ന തോട്ടം ഉടമകളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ ആയ കങ്കാണി മാരുടെയും 
നടപടികളെ ചോദ്യം ചെയ്തുകൊണ്ട്  കമ്യൂണിസ്റ്റ് പാര്‍ട്ടി  മലയോര മേഖലയിലും ഒരു ശക്തിയായി ഉയര്‍ന്നു വന്നു .തിലകനും 
അവരില്‍ ഒരാളായി .തൊഴിലാളികളെ ആവേശം കൊളളിക്കാനും  അവരെ സമര സജ്ജരാക്കാനും വേണ്ടി കൂട്ടുകാരോടൊപ്പം ആരംഭിച്ച മുണ്ടക്കയം നാടക സമിതിയിലൂടെ ആ കലാകാരന്റെ നടനത്തിളക്കം ആദ്യമായി കലാലോകം തിരിച്ചറിഞ്ഞു .

 1956 ഇല് ഇന്റര്‍ മീഡിയറ്റ്  പഠനം പാതിവഴിയില്‍ നില്‍ക്കെ  സജീവ നാടക വേദിയിലേക്ക് കാല്ടുത്തു വച്ചു ...ചുരുങ്ങിയ കാലം    കൊണ്ടു അരങ്ങുകളിലെ അവിഭാജ്യ ഘടകമായിമാറി  അദ്ദേഹം .
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും   അതിശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ്  തിലകന്‍ ഒളിഞ്ഞും തെളിഞ്ഞും 
നാടക അരങ്ങുകളില്‍  പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത് . നാടകത്തിനു വേണ്ടി വീടും ബന്ധങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യം പോലും ഉണ്ടായി ..കലാകാരന്മാര്‍ എന്ന് പറഞ്ഞാല്‍  മുടിയരായ പുത്രന്മാരും (പുത്രികളും ) ജീവിക്കാന്‍  അറിയാത്തെ പിഴച്ചു നടക്കുന്നവര്‍ എന്ന ദുഷ്പേരും മാത്രം കിട്ടിയിരുന്ന കാലഘട്ടമായിരുന്നു അതെന്നോര്‍ക്കണം . മാനികള്‍ എന്നഭിമാനിക്കുന്നവര്‍ 
കലാകാരന്മാരെ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളരുതാത്തവര്‍ എന്ന്  കരുതിപ്പോന്നിരുന്ന കാലം .

 തുടര്‍ന്ന്  1966 വരെ കെ പി എ സി യിലും  .ചങ്ങനാശ്ശേരി ഗീതാ  കൊല്ലം കാളിദാസ കലാകേന്ദ്രം 
എന്നിവിടങ്ങളിലും അഭിനയിച്ച അദ്ദേഹം ഒടുവിലാണ്  പി ജെ ആന്റണി യുടെ സമിതിയില്‍ .എത്തിച്ചേര്‍ന്നത് . നാടകത്തെയും 
അതിലുള്ളവരേയും മാത്രം ബന്ധുക്കളായി കരുതി നടന്നിരുന്ന ഒരു മഹാപ്രസ്ഥാന കാലത്തെ തിലകന്റെ താങ്ങും തുണയും ആയിരുന്നു പീ ജെ ആന്റണിയും അദ്ദേഹത്തിന്‍റെ പ്രതിഭാ തീയെട്ടെഴ്സും  പീ ജെ തീയെട്ടെഴ്സും എന്ന്  കേട്ടിട്ടുണ്ട് .  ഒട്ടനവധി റേഡിയോ നാടകങ്ങളിലെ   കഥ പാത്രങ്ങളും അദ്ദേഹത്തിന്‍റെ ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടു ജീവസ്സുറ്റതായി..
1979 ഇല് ഇറങ്ങിയ കെ .ജി .ജോര്‍ജ്ജിന്റെ  ഉള് ക്കടല്‍    എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം അരങ്ങില്‍ നിന്നു വെള്ളിത്തിരയിലേക്ക്  ചുവടു മാറിയത് .

പിന്നീട് 1981 ഇല് ഇറങ്ങിയ "കോലങ്ങള്‍ " എന്ന സിനിമയില്‍     മുഴുക്കുടിയനായ  കള്ള് വര്‍ക്കി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതോടെ  സിനിമയില്‍  അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി . . തുടര്‍ന്നങ്ങോട്ട് അദ്ദേഹത്തിന്‍റെ ജൈത്രയാത്രയായിരുന്നു 
പഞ്ചാഗ്നിയിലെ  വിപ്ലവ കാരി  , മൂന്നാം   പക്കത്തിലെ മുത്തശ്ശന്‍ , യവനികയിലെ നാടക സമിതി ഉടമ , പെരുംതച്ചന്‍   ,കിരീടത്തിലെ സേതുവിന്‍റെ അച്ഛനായ പോലീസ് കാരന്‍ ,  സന്താന ഗോപാലത്തിലെ കുടുംബ നാഥന്‍ , സ്ഫടികത്തിലെ കണിശക്കാരനായ ചാക്കോ  മാഷ്‌ , വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ജയറാമിന്റെ അച്ഛന്‍  അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തിലകന്‍ എന്ന അനുഗ്രഹീത നടനിലൂടെ വെള്ളിത്തിരയിലും ആസ്വാദക ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയത് !

കുട്ടിക്കാലം മുതല്‍ .അനുഭവിച്ച കര്‍ശന ശിക്ഷാ നടപടികളും ഉലപോലെ എരിഞ്ഞ  കഠിന പരീക്ഷണങ്ങളെ ജീവിതത്തില്‍  ഉരുക്കിച്ചേര്‍ത്ത      സാധാരണ തൊഴിലാളികല്‍ക്കൊപ്പമുള്ള സഹവാസവും , അവര്‍ക്കായി സമര്‍പ്പിച്ച നാടക ജീവിതവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധവുമൊക്കെ ചേര്‍ന്ന് ഉണ്ടായ  പ്രത്യേക സാഹചര്യമാണ്    തിലകന്‍ എന്ന മനുഷ്യനിലെ ധിക്കാരിയായ വ്യക്തിത്വം രൂപപ്പെടുത്തിയത്    കാഴ്ചയിലും സ്വഭാവത്തിലും സ്വതവേ പരുക്കനായ അദ്ദേഹം ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്നു 

സവിശേഷ സിദ്ധിയാര്‍ജ്ജിച്ച അഭിനയത്തിന്റെ ഗരിമയില്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമയിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞാടിയ അനീതികള്‍ക്കെതിരെ വാക് ശരങ്ങള്‍ എയ്തു കൊണ്ടു  വിവാദനായകനായും അദ്ദേഹം മാറി . യൌവ്വനകാലത്ത്  ഉച്ചയൂണിനു വിളമ്പിയ അയലക്കറിക്കു എരിവു കൂടിയതിന്റെ പേരില്‍ പെറ്റമ്മയോട് കലഹിച്ചു  മൂന്നു പതിറ്റാണ്ടോളം  അമ്മയുടെവിളിപ്പുറത്തു നിന്നു മാറി നടന്ന  അദ്ദേഹം സിനിമാ സംഘടനയായ അമ്മയുമായും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്  അകന്നു മാറി  കലഹിച്ചുകൊണ്ടിരുന്നു .ഈ കലഹം  രണ്ടായിരാമാണ്ടിന്റെ തുടക്കം വരെ മലയാള സിനിമയുടെ സജീവ ഭാഗമായി ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ പ്രതിഭയുടെ ഭാവി സിനിമാ ജീവിതത്തെ വളരെയേറെ പിന്നാക്കം കൊണ്ടുപോയി .സിനിമയിലെ തര്‍ക്കങ്ങള്‍ ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിനു നഷ്ടപ്പെടുത്തിയെങ്കിലും അവസരങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങള്‍ മാറ്റി പറയാനോ സിനിമാ  ലോകം നിയന്ത്രിക്കുന്ന  തമ്പുരാക്കന്മാര്‍ക്ക് മുന്നില്‍  ഓച്ചാനിച്ച്‌ നിന്നു   കീഴടങ്ങാനോ അദ്ദേഹത്തിലെ നിഷേധി ഒരിക്കലും തയ്യാറായില്ല .സൂപ്പര്‍ സ്റ്റാറുകളും മെഗാ  സ്റ്റാറുകളും മാത്രം നിയന്ത്രിക്കുന്ന സിനിമാ രീതികളോടും  അവരുടെ താളത്തിനൊത്ത് തുള്ളുന്ന സംഘടനകളോടും പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല സിനിമാ വിവാദങ്ങള്‍ നീറി പുകഞ്ഞു നില്‍ക്കെ .2008   ഇല്‍ കൊച്ചിയില്‍ ചേര്‍ന്ന "അമ്മ"യുടെ യോഗത്തില്‍  തനിക്ക് പറയാനുള്ളതൊക്കെ വെട്ടി ത്തുറന്നു പറഞ്ഞു ക്ഷുഭിതനായി മക്കളായ ഷോബിക്കും, ഷമ്മിക്കും ഒപ്പം   വേദി വിട്ടിറങ്ങി പോയ  തിലകന്റെ രൂപം ഇപ്പോഴും ഓര്‍മ്മയുണ്ട് .  അന്ന് മുറിഞ്ഞതാണ് സിനിമയിലെ  അമ്മയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം .. തിലകന്‍ സംഘടനയില്‍ എത്തി മാപ്പ് പറഞ്ഞാല്‍  പ്രശങ്ങള്‍ തീര്‍ക്കാമെന്ന് അദ്ദേഹത്തിനു സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍ വലിക്കാം  എന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞെങ്കിലും  അദ്ദേഹം മുന്‍കാല നിലപാടുകളില്‍ ശക്തിയുക്തം ഉറച്ചു നിന്നു  ചീഞ്ഞളിഞ്ഞ സംഘടനാ സംവിധാനങ്ങളെ വീണ്ടും വീണ്ടും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തു .

തീ എന്ന നാടകത്തിലെ തിലകന്‍ ചേട്ടന്‍ പാടി അഭിനയിച്ച ആ പാട്ട് ഓര്‍മ്മ വരികയാണ് ..അദ്ദേഹം വീണ്ടും വന്നു നിന്നു പാടും പോലെ ..

ഒരു കുമ്പിള്‍ കഞ്ഞിയും പാഴ്കിനാവുമീ 
ഇരുളിന്‍ തെരുവിലൂടെ 
ഹൃദയത്തിന്‍ തകരത്തുടി കൊട്ടി നീങ്ങുമീ 
പഥികനെ വിലക്കരുതേ .

ലോകത്തിലെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും സംഘടനകള്‍ക്കും ഭാര വാഹികള്‍ക്കും വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും 
മനുഷ്യര്‍ക്കും ആ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന മണ്ഡലത്തിനും അവ ദ്രോഹം മാത്രമേ ഉണ്ടാക്കി യിട്ടുള്ളൂ  എന്ന സത്യം തിലകന്‍ എപ്പോഴും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു .പ്രതിഭയോ യോഗ്യതയോ അവസരങ്ങളോ  ഇല്ലാത്തവര് ചേര്‍ന്നു ആടിത്തിമിര്‍ത്ത സംഘടനാ വിഘടന നാടകത്തിലൂടെ മലയാള സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും 
ഒരു പതിറ്റാണ്ടിലധികമായി നഷ്ടമായത്  അഭിനയത്തില്‍ അത്ഭുതങ്ങള്‍  സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന തിലകന്‍ എന്ന ആചാര്യ തുല്യനായ  നടനിലൂടെ ലഭിക്കുമായിരുന്ന തലമുറകളോളം ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് .
അഭിനയ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്ന അഭിനയ സിദ്ധികളുടെ അക്ഷയ ഖനികലാണ് .പ്രേക്ഷകരുടെ രസനയില്‍  രുചി പകര്‍ന്നു മിന്നുന്ന   ഉജ്ജ്വല മുഹൂര്‍ത്തങ്ങളെയാണ്‌ ..അഭിനയ  കലയുടെ മുഖശ്രീ വര്‍ദ്ധിപ്പിച്ച തിലകക്കുറി  ആയി മലയാളത്തിന്റെ   തിലകന്‍ ചേട്ടന്‍  ഇനി ഇല്ല ..എല്ലാം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും നമ്മള്‍ മലയാളികള്‍ കേമന്മാരാണ് ,സംഘം നശിച്ചാലും നമ്മുടെ സംഘടനകളും സംഘ ബോധവും ഉണര്‍ന്നു തന്നെയിരിക്കും ..തിലകന്‍ എന്ന നടനെ മരണം അഭിനയിപ്പിക്കാതെ മാറ്റി നിര്‍ത്തി പകരം വീട്ടുന്നതിലും  പകപോക്കുന്നതിലും  മലയാള സിനിമയേ ചുറ്റിപ്പിടിച്ച നീരാളികള്‍ വിജയിച്ചു ,അതില്‍ അവര്‍ക്ക് അഭിമാനിക്കാം .  പക്ഷെ ഇതുപോലെ സരസ്വതീ   വരപ്രസാദം നേടിയ ഒരു മഹാ നടനെ  കിട്ടാന്‍  അമ്മ മലയാളം  ഇനി  എത്ര കാലം തപസ്സിരിക്കണം ? ഇനി എത്ര പുണ്യം ചെയ്യണം ? 

20 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

നിസാരന്‍ .. പറഞ്ഞു...

മലയാളത്തിന്റെ മഹാനടനെ കുറിച്ചുള്ള നല്ല ഒരു അനുസ്മരണം. ആദ്യ ഭാഗത്തെ അനുഭവം പ്രത്യേകം മനസ്സിനെ സ്പര്‍ശിച്ചു. ഇനി മലയാളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ള ആ നടനവൈഭവത്തിന് ആദരാഞ്ജലികള്‍

വേണുഗോപാല്‍ പറഞ്ഞു...

അഭിനയ കലയുടെ തിലകക്കുറി മാഞ്ഞു. മഹാനടന്റെ ജീവിത യാത്രയില്‍ രമേശ്‌ കുറിച്ചിട്ട ഈ അനുഭവങ്ങള്‍ നല്ല ഒരു സ്മരണിക ആയി ... ആ പ്രതിഭയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ആദരാഞ്ജലികള്‍

Cv Thankappan പറഞ്ഞു...

രമേശ് സാര്‍ തയ്യാറാക്കിയ അനുസ്മരണത്തിലൂടെ
സഞ്ചരിച്ചപ്പോള്‍ മലയാളത്തിന്‍റെ അഭിമാനമായ
ആ മഹാനടന്‍റെ മുന്‍കാലവിശേഷങ്ങള്‍ അറിയാന്‍
കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
മനസ്സില്‍ പതിയാന്‍ തക്കം ക്രമപ്പെടുത്തിയെടുത്ത
ഈടുറ്റൊരു അനുസ്മരണം.
ആ മഹാപ്രതിഭയ്ക്ക് ആദരാജ്ഞലികള്‍

Jefu Jailaf പറഞ്ഞു...

മനോഹരമായ ലേഖനം രമേശേട്ടാ.
തുടക്കത്തില്‍ പറഞ്ഞ അനുഭവം തന്നെ ആ കഴിവിന്റെ ഉദാഹരണമല്ലേ. തിലകന് അഭിനയിക്കാനുള്ള അവസരം നിഷേധിച്ചത് മലയാളി പ്രേക്ഷരോട് ചെയ്ത ക്രൂരതയാണെന്ന അഭിപ്രായം ശരിവെക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പ്‌.
നടന വിസ്മയത്തിന് ആദരാജ്ഞലികള്‍

ആചാര്യന്‍ പറഞ്ഞു...

നല്ലൊരു ലേഖനം പഴയ ഓര്‍മ്മകള്‍ അറിയാന്‍ കഴിഞ്ഞു...

ajith പറഞ്ഞു...

ഉചിതമായ ഒരു സ്മരണാലേഖനം

തമിഴ് സിനിമകള്‍ കാണുമ്പോള്‍ നമ്മുടെ നടന്മാര്‍ അതില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും അധികം അഭിമാനം തോന്നിയത് തിലകന്‍ അഭിനയിച്ച തമിഴ് സിനിമകള്‍ കണ്ടപ്പോഴാണ്. തിലകനും സംഘടനയുമായുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഏത് സാധാരണക്കാരനേയും എന്നപോല്‍ ഞാനും തിലകന്റെ ഭാഗത്തായിരുന്നു

sumesh vasu പറഞ്ഞു...

നല്ലൊരു സ്മരണ...

അന്നും ഇന്നും എന്റെ ഇഷ്ടനടൻ തിലകനാണു. വേണ്ട വിധത്തിലുള്ള പരിഗണനകൾ കിട്ടാതെ പോയ ചിലരിലൊരാൾ.

ശ്രീ പറഞ്ഞു...

പകരം വയ്ക്കാന്‍ ആളില്ലാത്ത ഒരു അഭിനയ പ്രതിഭ തന്നെയാണ് തിലകന്‍.

ഈ കുറിപ്പ് അവസരോചിതമായി, മാഷേ

വീ കെ പറഞ്ഞു...

മലയാളത്തിന്റെ ആ ‘മഹാനടന് ആദരാഞ്ജലികൾ....’

Ismail Chemmad പറഞ്ഞു...

ആ മഹാ നടന് ആദരാഞ്ജലികള്‍

V P Gangadharan, Sydney പറഞ്ഞു...

അഭിനയ പ്രതിഭയുടെ പ്രഭാവം ആളിപ്പടര്‍ന്നുനിന്ന ഒരു തീക്കട്ട- തിലകന്‍ എന്നറിയപ്പെട്ട ആ തീക്കട്ട അണഞ്ഞു! ശേഷിച്ച ചാരം കൈപ്പിടിയിലും ജ്വലിക്കുന്ന ഓര്‍മ്മകള്‍ മനസ്സിലും ഒതുക്കി വിടചൊല്ലാനാവാതെ കേരളാംബ കേഴുന്നു, ഒപ്പം കേരളമക്കളും....

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ ...അഭിനയ കലയുടെ പെരുന്തച്ചന് ആദരാഞ്ജലികള്‍ !

Kalavallabhan പറഞ്ഞു...

മലയാള സിനിമാ കലാകന്മാരുടെ "അമ്മ" വിചാരിച്ചാൽ ജന്മം കൊടുക്കാൻ കഴിയുമോ ഇനിയൊരു തിലകനെ ?
പടിയടച്ചു പിണ്ഢം വയ്ക്കാനല്ലതെ ...
കുറെ നല്ല വേഷങ്ങൾ കൂടി സിനിമാസ്വാദകരായ മലയാളികൾക്ക്‌ നഷ്ടപ്പെട്ടു അത്ര തന്നെ
കിരീടത്തിലെ അച്ഛനായ പോലീസുകാരനെ അവതരിപ്പിച്ച കലാകാരനെ നമിക്കുന്നു.

കണ്ണന്‍ | Kannan പറഞ്ഞു...

മനോഹരമായ ലേഖനം..

രഘുനാഥന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍

Hashiq പറഞ്ഞു...

ആദരാഞ്ജലികള്‍....... അരങ്ങേറ്റം മുതല്‍ തിരശ്ശീലയ്ക്ക് പുറകില്‍ മറയുന്നതുവരെയുള്ള ആ മഹാനടന്റെ ജീവിതത്തിന്റെ ഒരു രത്നച്ചുരുക്കം. മനോഹരമായി അവതരിപ്പിച്ചു.

aboothi:അബൂതി പറഞ്ഞു...

രമേഷേട്ടാ.. വാക്കുകളില്ല..
നന്ദി.. ഈ പോസ്റ്റിനു.. അത്രമാത്രം...

ആ മഹാപ്രതിഭയെ ആരെങ്ങിനെ മറക്കും..??

Akbar പറഞ്ഞു...

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാന്‍ മരണത്തിന്‍ നിമിഷം വരെ

വളരെ നല്ല അനുസ്മരണം. താങ്കളിലെ എഴുത്തുകാരനെ ഈ ലേഖനത്തില്‍ കാണാം. ഇത് മഹാ നടനോടുള്ള ഏറ്റവും നല്ല ആദരവ്

Salam പറഞ്ഞു...

സിനിമയില്‍ നൂറു ശതമാനം അഭിനയിക്കുകയും ജീവിതത്തില്‍ ഒരു ശതമാനം പോലും അഭിനയിക്കാതിരിക്കുകയും ചെയ്തയാളായിരുന്നു തിലകന്‍. ഈ അനുസ്മരണം ഏറെ നന്നായി

kochumol(കുങ്കുമം) പറഞ്ഞു...

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാന്‍ മരണത്തിന്‍ നിമിഷം വരെ

വായിക്കാന്‍ വളരെ വൈകി ..
രമേശേട്ടാ നല്ലൊരു അനുസ്മരണം ..!
ആദരാജ്ഞലികള്‍ !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍