2013, ജൂലൈ 28, ഞായറാഴ്‌ച

ഇരുളിലിരുന്ന് അനു കഥയെഴുതുകയാണ്

'ജ്യോതി വെറുമൊരു പേരല്ല'

ദല്‍ഹിയില്‍ ബസില്‍ സഞ്ചരിക്കവെ നരാധമന്മാരുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതം ആസ്പദമാക്കി അനു എന്ന 17 കാരി എഴുതിയ കഥയുടെ തലവാചകമാണിത്. 2012 ലെ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ ഈ കഥ സമ്മാനം നേടി. സ്‌കൂള്‍ അധികൃതരുടേയും സഹപാഠികളുടേയും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ ആ കഥാകാരിയെക്കുറിച്ച് പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ വാര്‍ത്തകളും വന്നിരുന്നു. ലോക ക്ലാസിക്കുകളോ ഭാഷാ സാഹിത്യമോ വായിക്കാന്‍ അവസരമില്ലാഞ്ഞിട്ടും അനു എഴുതുന്ന കഥകളില്‍ മനുഷ്യ സങ്കടങ്ങളുടെ തീവ്രതയും അവര്‍ നേരിടുന്ന നിസഹായതയും കത്തി നില്‍ക്കുന്നു. ആലപ്പുഴ ജില്ലയിലെ എഴുപുന്ന എന്ന തീരദേശ ഗ്രാമത്തില്‍ ജീവിക്കുന്ന അനുവിന്റെ ജീവിതം തന്നെ എഴുതപ്പെടാത്ത ദുരിതങ്ങളുടെ ചോരപൊടിഞ്ഞ അദ്ധ്യായങ്ങളില്‍ ഒന്നുമാത്രമാണ്.
കുടിക്കാന്‍ വെള്ളമില്ല, പ്ലാസ്റ്റിക്ക് വലിച്ചുകെട്ടി മറച്ച കൂരയിലെ ഇരുളകറ്റാന്‍ തെല്ലുവെളിച്ചമില്ല, സ്വാതന്ത്ര്യത്തോടെ നടക്കാന്‍ വഴിയുമില്ല. ചേര്‍ത്തല എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഒറ്റാറയ്ക്കല്‍ വീട്ടിലെ അന്തേവാസികള്‍ എന്ന ഒരു മേല്‍വിലാസമല്ലാതെ മറ്റൊന്നും ഇവര്‍ക്ക് സ്വന്തമായില്ല. കാറ്റ് ഒന്നാഞ്ഞു വീശിയാല്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ പഴയ വീടിന്റെ അരികില്‍ അനുവാദമില്ലാതെ പ്ലാസ്റ്റിക് വലിച്ചുകെട്ടി നിര്‍മിച്ച കുടിലിലാണ് ഇവരുടെ താമസം.  സംഹാര മൂര്‍ത്തിയായി മഴക്കാലം മുടിയഴിച്ചാടുമ്പോള്‍ ആടിയുലയുന്ന വീടിനുള്ളില്‍ കര്‍ക്കിടകത്തിന്റെ ദുരിത കാണ്ഡങ്ങള്‍ തള്ളിവിടുകയാണ് അനുവും അമ്മയും അനുജത്തിയും ഉള്‍പ്പെടുന്ന പെണ്‍ജന്മങ്ങള്‍.
 ചന്തിരൂരിലെ ചെമ്മീന്‍ കമ്പനിതൊഴിലാളിയായ സുലോചനയുടെ മക്കളാണ് അനുവും ആര്യയും.  പന്ത്രണ്ട് കൊല്ലം മുമ്പ് കുട്ടികളുടെ അച്ഛനായ സോമന്‍ ഇവരെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയി. അന്ന് തുടങ്ങിയതാണ് ഇവരുടെ കഷ്ടകാലം. എറണാകുളം മഹാരാജാസ് കോളേജില്‍ ഇപ്പോള്‍ ഒന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയായ അനുവിന് അന്ന് അച്ഛന്റെ സ്‌നേഹം നഷ്ടമാകുമ്പോള്‍ അന്ന് വെറും അഞ്ചു വയസ്. അനിയത്തി ആര്യ കൈക്കുഞ്ഞായിരുന്നു. ആര്യ ചേര്‍ത്തലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാ ണിപ്പോള്‍. അച്ഛന്‍ എന്തിനാണ് തങ്ങളേയും അമ്മയേയും ഉപേക്ഷിച്ച് പോയതെന്ന് ഇന്നും ഇവര്‍ക്കറിയില്ല. കുറച്ചകലെ അച്ഛന് വേറെയൊരു കുടുംബമുണ്ടെന്നും കുട്ടികളുണ്ടെന്നും ആരൊക്കെയോ അടക്കം പറയുന്നത് ഇവര്‍ കേട്ടിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും മക്കളേ എന്ന് വിളിച്ച് അച്ഛന്‍ അവരുടെ ജീവിതത്തിലേക്ക് കയറി വന്നിട്ടില്ലെന്ന് മാത്രം അവര്‍ക്കറിയാം. പട്ടിക ജാതി വിഭാഗക്കാരായ ഇവര്‍ക്ക് താമസിക്കാന്‍ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തിനാല്‍ വര്‍ഷങ്ങളായി പഠനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലിലെ പട്ടികജാതി ഹോസ്റ്റലുകളായിരുന്നു ഇവരുടെ അഭയസങ്കേതം. കുട്ടികള്‍ പ്രായമായതോടെ ദൂരസ്ഥലങ്ങളില്‍ അവരെ ഒറ്റയ്ക്കാക്കി താമസിക്കാന്‍ സുലോചനയ്ക്ക് ഭയമാണ്.പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്ന വെറുക്കപ്പെട്ട കാലത്തില്‍ ജീവിക്കുന്ന ഒരമ്മയുടെ ആധികള്‍ എന്ന് പറഞ്ഞ് സുലോചനയുടെ ആശങ്കകളെ നിസാരവല്‍ക്കരിക്കാന്‍ നമുക്കാവില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഭര്‍ത്തൃവീട്ടുകാരും ഇവരെ കയ്യൊഴിഞ്ഞതാണ്. കുടുംബ വീട്ടില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങളെയും അമ്മയേയും ഇറക്കി വിട്ടെന്ന് മാത്രമല്ല ചായ്പിലേക്ക് വെളിച്ചമെത്തിച്ചിരുന്ന വൈദ്യുതിബന്ധവും വിഛേദിച്ചു കളഞ്ഞു.
 ഇടിഞ്ഞു വീഴാറായ ഈ വീട്ടില്‍ സുരക്ഷിതത്വം പോരെന്നു തോന്നിയപ്പോള്‍ ഇവിടുത്തെ അന്തേവാസികളായ ഭര്‍ത്തൃസഹോദരനും കുടുംബവും വേറെ വീടു വച്ചു മാറി. പോകാന്‍ വേറെ ഇടമില്ലാത്തതിനാല്‍ സുലോചനയും കുട്ടികളും ചായ്പ്പില്‍ തന്നെ ചുരുണ്ടുകൂടി. തറവാട്ടിലിപ്പോള്‍ താമസക്കാരില്ലെങ്കിലും സുലോചനയും പെണ്‍കുട്ടികളും ഇരുട്ടില്‍ തന്നെയാണ്. സ്വന്തമായി സ്ഥലമില്ലാത്തതുമൂലം ഷെഡ്ഡിലേക്ക് വൈദ്യുതി കണക്ഷന്‍ എടുക്കാനോ, മറ്റൊരു കൂരകുത്തിയുണ്ടാക്കാനുള്ള വായ്പാ സഹായങ്ങള്‍ക്ക് അപേക്ഷിക്കാനോ നിവൃത്തിയില്ല. ഡിഗ്രി ക്ലാസ് വരെ എത്തിയ അനുവും പ്ലസ് വണ്ണിനു ചേര്‍ന്ന അനുവും പഠിക്കാന്‍ മിടുക്കികളാണ്. പക്ഷേ പകല്‍ പോലും വെളിച്ചം കടക്കാത്ത ചായ്പില്‍ ഇരുട്ടകറ്റാന്‍ വഴിയില്ലാതെ ഇവരുടെ പഠനം സ്തംഭിച്ചിരിക്കുകയാണ്. കഥകളെഴുതുന്ന അനുവി നറിയാം കഥപോലെ നിസാരമല്ല ജീവിതമെന്ന്. അതൊരു പോരാട്ടമാണെന്ന തിരിച്ചറിവും കാര്യ ഗൗരവവും അവള്‍ക്കുണ്ട്. ഭാവിയെക്കുറിച്ച് അവള്‍ക്ക് സ്വപ്‌നങ്ങളുണ്ട്. സമൂഹത്തിലെ അസമത്വങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും നേരെ അവ ള്‍ക്ക് പ്രതിഷേധമുണ്ട്. തങ്ങളെ പോലെ ദുരിതജീവിതം പങ്കിടുന്ന ജന്മങ്ങളെ സഹായിക്കണം എന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ട്. വൈദ്യുതി ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ തേടിയും കുടുംബവീട്ടില്‍ നിന്നുള്ള അവകാശങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനും വേണ്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷേ എല്ലാ വാതിലുകളും ഇവര്‍ക്കു മുന്നില്‍ അടഞ്ഞുതന്ന കിടന്നു. അച്ഛനും ബന്ധുക്കളും സമുദായ സംഘടനകളും ഉപേക്ഷിച്ചങ്കിലും പഠിച്ച് നല്ല ഉദ്യോഗങ്ങള്‍ നേടണമെന്നും തങ്ങളെ പോലെ ദുരിതമനുഭവിക്കുന്ന സമൂഹത്തിലെ ആരോരുമില്ലാത്തവര്‍ക്ക് സഹായങ്ങള്‍ ചെയ്യണമെന്നും ഈ കുട്ടികള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ മുന്നില്‍ തടസമായി നില്‍ക്കുന്ന ഇരുളിനെ മറികടന്ന് തങ്ങളുടെ ജീവിതത്തിലേക്ക് ഇത്തിരി വെളിച്ചം കൊണ്ടുവരാന്‍ ആരു സഹായിക്കുമെ ന്നാണ് ഇവരുടെ ചോദ്യം.

കലോത്സവത്തില്‍ കഥയെഴുത്തില്‍ സമ്മാനം നേടിയ അനുവിന്റെ സാഹിത്യ താല്പര്യം തിരിച്ചറിഞ്ഞ് എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.എക്‌സ്.തങ്കച്ചന്‍ ഇടപെട്ട് കലൂര്‍ ലത്തീഫ് സ്മാരക ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ പ്രശസ്തരുടെ രചനകളടങ്ങിയ അമ്പതോളം പുസ്തകങ്ങളും അവ സൂക്ഷിക്കാന്‍ ഒരു ഷെല്‍ഫും വാങ്ങി നല്‍കിയിരുന്നു. തകഴിയും,ബഷീറും,എം.ടി.യും ,കമല സുരയ്യയുമൊക്കെ അങ്ങിനെയാണ് സാഹിത്യരചനയില്‍ ജീവിതത്തിലാദ്യമായി അനുവിന്റെ വഴികാട്ടികളാവുന്നത്. പക്ഷേ ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുള്ളില്‍ പുസ്തക ശേഖരം സൂക്ഷിക്കാനുള്ള ഇടം പോലുമില്ലാത്ത ദുഖത്തിലാണവള്‍.
ആര്യയും ചേ ച്ചിയെപ്പോലെ  കവിതകളെഴുതും.
ചെമ്മീന്‍ കമ്പനിയില്‍ നിന്ന് സുലോചനയ്ക്ക് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ജീവിതച്ചെലവും കുട്ടികളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. പെണ്‍കുട്ടികള്‍  പ്രായമായതോടെ അടച്ചുറപ്പില്ലാത്ത വീട്ടിലെ ജീവിതവും ഇവര്‍ക്കു വെല്ലുവിളിയായി. എത്രനാള്‍ ഇങ്ങനെ മുന്നോട്ടു പോകാനാവുമെന്ന് ഇവര്‍ക്കറിയില്ല. ജീവിതത്തിലേക്ക് എന്നെങ്കിലുമൊരു പ്രകാശം കടന്നുവരുമെന്ന പ്രതീക്ഷമാത്രമാണ് അവശേഷിക്കുന്നത്.

അനുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കായി എഴുപുന്ന പഞ്ചായത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് അമ്മ സുലോചനയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കുത്തിയതോട് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍-32305354458 ചെറിയസഹായങ്ങള്‍ പോലും രണ്ടു പെണ്‍കുട്ടികളുടെ ഭാവിയിലേക്കുള്ള വഴികള്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷ.
ഇന്നത്തെ മലയാളം ന്യൂസ് വാര്‍ത്ത