2014, നവംബർ 26, ബുധനാഴ്‌ച

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം...


ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍..

ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു...


അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളും പിന്നിട്ട് കാലാതീതമായി ആദികാവ്യം നിലനില്‍ക്കുന്നത്.. പ്രത്യേകിച്ച് അതിലെ തത്വചിന്താപരമായ ഭാഗങ്ങള്‍.. അങ്ങനെ ചില സ്വകാര്യ ദുഖങ്ങള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ ചൊല്ലി പകര്‍ത്തിയതാണീ ദൃശ്യം..


ലക്ഷ്മണോപദേശം..നശ്വരമായ ഭൗതിക ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അര്‍ത്ഥശൂന്യതയെപ്പറ്റി രാമന്‍ അനുജനായ ലക്ഷ്മണനോട് ഉപദേശരൂപേണ പറയുന്ന കാര്യങ്ങളാണ് പ്രതിപാദ്യം

2014, നവംബർ 11, ചൊവ്വാഴ്ച

ഞങ്ങള്‍ക്കു മടങ്ങാന്‍ കാടും മലയും പുഴയുമില്ല

നില്‍പ്പുസമരം 125 ദിവസം പിന്നിട്ടു;
മലയാളം ന്യൂസിനുവേണ്ടി  സി.കെ. ജാനു വുമായി നടത്തിയ അഭിമുഖം 


കാടും മണ്ണും പുഴയും നശിപ്പിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന ആധുനികവികസന സംസ്‌കാരവും നയവും നിയമവും നിര്‍മിക്കുന്ന ഭരണകേന്ദ്രങ്ങളിലെ മണിമേടകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തകന്മാര്‍ പുളച്ചുമദിക്കുമ്പോള്‍ കാടിനെയും മലയെയും പുഴയെയും മനുഷ്യരെയും ഇതരജീവജാലങ്ങളെയും ഈ ഭൂമിയെ സചേതനമാക്കി നിലനിര്‍ത്തുന്ന ജീവവായുവിനെയും സംരക്ഷിക്കാന്‍ കാടിന്റെയും മലയുടെയും മക്കള്‍ പുറത്ത് മഴയും മഞ്ഞും വെയിലുമേറ്റ്, കൊടുംയാതനകളുടെ പീഡനങ്ങളേറ്റ് നിരന്തര സമരത്തിലാണ്. നില്‍പ്പുസമരം.. ഭൂമിയെ താങ്ങി നിര്‍ത്താന്‍ ആദിമ മനുഷ്യന്റെ അനന്തരാവകാശികള്‍ രാവും പകലും ഇളവേല്‍ക്കാതെ തുടരുന്ന നിലനില്‍പ്പിനായുള്ള സമരം ഇന്ന് 126-ാം ദിനത്തിലെത്തി. സമര ഭടന്മാരുടെ മുന്‍നിരയില്‍ ആദിവാസി ഗോത്രമഹാസഭയുടെ പ്രസിഡന്റ് ജാനുവും മുഖ്യസംഘാടകനായ ഗീതാനന്ദനും അടക്കമുള്ള നേതൃനിര കണ്ണുചിമ്മാതെ കൂടെയുണ്ട്. സമരത്തെക്കുറിച്ചും അത് ലോക ജനതയുടെ മനസാക്ഷിയില്‍ സൃഷ്ടിച്ച പ്രതിഫലനങ്ങളെക്കുറിച്ചും സി.കെ. ജാനു സംസാരിക്കുന്നു.

? സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്

ജാനു-125 ദിനങ്ങള്‍ക്കു മുമ്പ് ഈ സമരം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ തനിച്ചായിരുന്നു. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ സമരത്തെ നെഞ്ചേറ്റിയിരിക്കുന്നു. പക്ഷെ കേറളത്തിലെ ഭരണാധികാരികളും രാഷ്ടീയ നേതാക്കളും മാത്രം കണ്ണും കാതും അടച്ചുവെച്ച് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.
? സര്‍ക്കാര്‍ ഈ സമരത്തോട് എങ്ങിനെയാണ് പ്രതികരിച്ചത് ?
സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാരുമായി ഞങ്ങള്‍ മൂന്ന് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പട്ടിക വര്‍ഗവകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മിയുമായി ഒരു തവണയും മുഖ്യമന്ത്രിയുമായി രണ്ടു തവണയും സമര സമിതി ചര്‍ച്ച നടത്തി. ഇതെ തുടര്‍ന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതിന് അഞ്ചംഗ മന്ത്രി സഭാ ഉപസമിതിയെ നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടൂറിസം-പട്ടികജാതി വകുപ്പ് മന്ത്രി അനില്‍കുമാര്‍, പട്ടിക വര്‍ഗ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഇവര്‍ ചേര്‍ന്ന് നോട്ട് തയ്യാറാക്കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നാണ് പറഞ്ഞത്. പക്ഷെ എപ്പോള്‍? എങ്ങിനെ എന്നൊന്നും പറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

? എന്തൊക്കെയാണ് സമരസമിതി മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍

2001 ലെ കുടില്‍ കെട്ടല്‍ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കാം എന്ന് ഉറപ്പു നല്‍കിയ കരാര്‍ നടപ്പിലാക്കുക. ഭൂരഹിതരായ ആദിവാസികള്‍ക്ക് കൃഷി ഭൂമി നല്‍കും എന്നായിരുന്നു പ്രധാന ഉറപ്പ്. കൂടാതെ ഭരണഘടനയുടെ 244-ാം വകുപ്പനുസരിച്ച് ആദിവാസികള്‍ താമസിക്കുന്ന മേഖല പട്ടിക വര്‍ഗ പ്രദേശമായി അംഗീകരിക്കണം. 1957 മുതല്‍ 1974 വരെയുള്ള കാലയളവില്‍ ആദിവാസികള്‍ക്കു അഞ്ച് ഏക്കര്‍ വീതം കൃഷിക്കായി വിതരണം ചെയ്യുന്നതിനായി പ്രത്യേക മേഖല തിരിച്ച് ആദിവാസി പ്രോജക്ടുകള്‍ രൂപവല്‍ക്കരിച്ചിരുന്നു. ആ ഭൂമി നല്‍കണം. കൂടാതെ 2006 ലെ വനാവകാശനിയമ പ്രകാരം ആദിവാസികള്‍ക്ക് വേണ്ടിമാത്രം വിതരണം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 19000 ഏക്കര്‍ വനഭൂമി അനുവദിച്ചത് വിതരണം ചെയ്യണം. മറ്റൊന്ന് ആദിവാസി ഫണ്ടില്‍ നിന്നെടുത്ത 42 കോടിരൂപ ഉപയോഗിച്ച് സര്‍ക്കാര്‍ വാങ്ങിയ ആറളം ഫാമിലെ 7500 ഏക്കര്‍ ഭൂമിയില്‍ 3500 ഏക്കര്‍ മാത്രമേ ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുള്ളു. ബാക്കി വരുന്ന 4000 ഏക്കര്‍ സ്വകാര്യവ്യക്തിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഈ ഭൂമി തിരിച്ചു പിടിച്ച് യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണം. ഇതൊക്കെയാണ് സമരസമിതി മുന്നോട്ടു വെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങള്‍.

? ഈ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചോ

ഒരു തടസ്സവും ഉന്നയിച്ചില്ല. കാരണം നിയമവും ഇന്ത്യന്‍ ഭരണഘടനയും അനുശാസിക്കുന്ന അവകാശങ്ങള്‍ മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. അത് നടപ്പാക്കും എന്നു തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ അതിനുള്ള ആര്‍ജവം അവര്‍ കാണിക്കുന്നില്ല. എല്ലാ കാലത്തും അധികാരിവര്‍ഗം ചെയ്യുന്നതുപോലെ ഞങ്ങളെ പറഞ്ഞു പറ്റിക്കാമെന്നാണ് ഈ ഗവണ്മെന്റും കരുതുന്നത്. ഭൂമിയും, വനവും പുഴയും മലയും വയലുമെല്ലാം ദിനം തോറും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴയതുപോലെ ഞങ്ങള്‍ മടങ്ങിപ്പോയാല്‍ ഈ ഭൂമി തന്നെ ഇല്ലാതാകും. ഈ ഭൂമി നിലനിര്‍ത്താന്‍ വേണ്ടിക്കൂടിയാണ് ഞങ്ങളുടെ സമരമെന്ന് ഈ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

? സമരപ്പന്തലില്‍ സുധീരന്‍ വന്നിരുന്നല്ലോ? അദ്ദേഹം സമരം തീര്‍ക്കുന്നതിന് വേണ്ടി എന്താണ് ചെയ്തത്?

അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു. സമരക്കാര്‍ക്കൊപ്പം അല്‍പ്പനേരം നിന്നു. സര്‍ക്കാരിനോട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്നു പഞ്ഞു. സമരക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. തുടര്‍നടപടികളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

? പ്രതിപക്ഷത്തിന്റെ നിലപാടെന്താണ് ? വി.എസുമായി നിങ്ങള്‍ ബന്ധപ്പെട്ടിരുന്നോ?

പ്രതിപക്ഷം, പ്രത്യേകിച്ച് 'അടിസ്ഥാന തൊഴിലാളിവര്‍ഗ പാര്‍ട്ടി'കളായ സി.പി.എമ്മും, സി.പി.ഐയും ഈ സമരത്തോട് ഇന്നലെ വരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സത്യത്തില്‍ പ്രതിപക്ഷം ഏറ്റെടുത്ത് നടത്തേണ്ടിയിരുന്ന സമരമാണ് ഞങ്ങള്‍ ഒറ്റക്ക് നടത്തുന്നത്.
പ്രതിപക്ഷ നേതാവിനെ ഞങ്ങള്‍ ബന്ധപ്പെട്ടില്ല. കാരണം ഞങ്ങളെ പോലെ മറ്റ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും നടക്കുന്ന സമരപ്പന്തലുകളില്‍ നിരവധി തവണ വി.എസ്. സന്ദര്‍ശനം നടത്തി. ഞങ്ങളെ മാത്രം അദ്ദേഹം കാണാതെ പോയി. ഞങ്ങളുടെ ശബ്ദം മാത്രം അദ്ദേഹം കേള്‍ക്കാതെ പോയി. സി.പി.എമമ്മിന്റെ കൊടി ഞങ്ങളുടെ സമരപ്പന്തലില്‍ ഇല്ലാത്തതു കൊണ്ടാകാം അദ്ദേഹമടക്കമുള്ള സി.പി.എം നേതാക്കള്‍ ഞങ്ങളുടെ സമരം കണ്ടില്ലെന്നു നടിക്കുന്നത്. അവര്‍ യഥാര്‍ഥ ആദിവാസികളെ കയ്യൊഴിഞ്ഞു. പകരം ആദിവാസികള്‍ക്കുവേണ്ടി എന്നു പറഞ്ഞ് വയനാടു കലക്ടറേറ്റിനുമുന്നില്‍ സമരം നടത്തി. ആദിവാസികള്‍ ആ സമരത്തില്‍ പോകില്ല എന്നു പറഞ്ഞു. ഇപ്പോഴിതാ ശിശുമരണത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ സമരം നടത്തുന്നു. അട്ടപ്പാടിയില്‍ ആദിവാസികളെ ദ്രോഹിച്ചുകൊണ്ട് കാറ്റാടിപ്പാടങ്ങള്‍ തുടങ്ങാന്‍ അനുമതി കൊടുത്തത് ഇടതുമുന്നണി സര്‍ക്കാരാണ്. എന്നിട്ട് ഇപ്പോള്‍ ശിശുമരണത്തിന്റെ പേരില്‍ കള്ളസമരം നടത്തുന്നു. ഇനി ഞങ്ങളെ കള്ള സമരങ്ങളിലൂടെ ആര്‍ക്കും വഞ്ചിക്കാനാവില്ല. സി.പി.ഐക്കാര്‍ ഇന്ന് അവരുടെ പിന്തുണയുമായി സമരപ്പന്തലില്‍ എത്തുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

? സമരം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്

അമ്പതുപേര്‍ വീതമുള്ള ഒരു ഗ്രൂപ്പ് പത്തുദിവസം തുടര്‍ച്ചയായി സമരത്തില്‍ നില്‍ക്കുന്ന രീതിലാണ് മുന്നോട്ടുപോകുന്നത്. പത്താം നാള്‍ വീണ്ടും അമ്പതുപേരുള്ള മറ്റൊരു ഗ്രൂപ്പ് സമരത്തിനെത്തും. തിരുവനന്തപുരം പോലുള്ള ഒരു നഗരത്തില്‍ എല്ലാവരെയു ഒരുമിച്ചുകൊണ്ടു വന്ന്് ഒരു സമരം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ രീതിയില്‍ മുന്നോട്ടുപോകുന്നത്. നേതൃനിരയില്‍ ഉള്ളവര്‍മാത്രം സ്ഥിരമായി സമരമുഖത്തുണ്ട്.

? മാധ്യമങ്ങള്‍ സമരത്തോടു നീതി കാണിക്കുന്നുണ്ടോ

മാധ്യമങ്ങളും സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും പോലെ ഞങ്ങളോട് അവഗണനാപരമായ നിലപാടാണ് എടുക്കുന്നത്. ഞങ്ങളുടെ വിവരങ്ങളും ആവശ്യങ്ങളും ആര്‍ക്കൊക്കെയോ വേണ്ടി അവര്‍ ജനങ്ങളില്‍ നിന്ന മറച്ചു പിടിക്കുന്നു. ജനങ്ങളെ ഇളക്കിമറിക്കുന്ന സമരങ്ങളും വിവാദങ്ങളുമാണ് മാധ്യമങ്ങള്‍ക്കു വേണ്ടത്. ഞങ്ങളെപ്പോലുള്ള പാവങ്ങളെക്കുറിച്ച് ആരാണ് വേവലാതിപ്പെടാനുള്ളത്് ?

? അധികാരികളും, രാഷ്ട്രീയക്കാരും, മാധ്യമങ്ങളും കയ്യൊഴിഞ്ഞ
നിങ്ങള്‍ക്കൊപ്പം പിന്നെ ആരാണുള്ളത്

ജനങ്ങള്‍. ലാകമെമ്പാടുമുള്ള ജനങ്ങള്‍ ഞങ്ങളോട് അനുഭാവപൂര്‍വ്വമാണ് പ്രതികരിക്കുന്നത്. സമരം തുടങ്ങിയ ദിനം മുതല്‍ ഇന്നുവരെ ദിനവും 20 ഉം 25 ഐക്യദാര്‍ഢ്യ സംഘങ്ങള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. ഞങ്ങളെ കാണാന്‍ വരുന്നവര്‍ സന്തോഷത്തോടെ സംഭരിച്ചുതരുന്ന ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങള്‍ കൊണ്ടാണ് ഈ സമരം തളര്‍ച്ചയില്ലാതെ മുന്നോട്ടു പാകുന്നത്. ചിത്രകാരന്മാരും കലാകാരന്മാരുമൊക്കെ വന്ന് ചിത്രം വരച്ചും പാട്ടുകള്‍ പാടിയും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്. ദിനവും ഇങ്ങനെ നിരവധിപേര്‍ എത്തുന്നത്് ഞങ്ങള്‍ക്ക് ശക്തിപകരുന്നു. ഞങ്ങളെ നോക്കാന്‍, ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന:സാക്ഷിയുള്ള ജനങ്ങളുണ്ട് എന്ന തിരിച്ചറിവ്് സന്തോഷം നല്‍കുന്നു. തിരുവനന്തപുരത്തെ ജനങ്ങളാണ് ഞങ്ങള്‍ക്ക് ആഹാരത്തിനായുള്ള അരിയും പച്ചക്കറികളും തരുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ പിന്തുണയും സ്‌നേഹവും അറിയിക്കുന്നു.
ഓസ്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും അവര്‍ ഒരുമിച്ചു കൂടി ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടത്തുന്നു. ഫോണിലൂടെ ബന്ധപ്പെട്ടതനുസരിച്ച്് അവിടങ്ങളിലെ സമ്മേളനങ്ങളില്‍ എത്തിയവരോട് ഞാനും ഗീതാനന്ദനും അടക്കമുള്ളവര്‍ സംസാരിക്കുകയും ചെയ്തു. ഫലത്തില്‍ ഇപ്പോള്‍ ഈ സമരം നടത്തുന്നത് ഞങ്ങളല്ല..ജനങ്ങളാണ്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കണ്ണും കാതും അടച്ചു വെച്ചിരിക്കുന്ന അധികാരി വര്‍ഗം അവകാശങ്ങള്‍ അനുവദിച്ചു തരും വരെ ഞങ്ങള്‍ ഇവിടെ തന്നെ നില്‍ക്കും. ഇല്ലെങ്കില്‍ ഇവിടെ കിടന്നു മരിക്കും. അല്ലാതെ ഞങ്ങള്‍ക്കു മടങ്ങിപ്പോകാന്‍ ഈ ഭൂമിയില്‍ വേറെ ഇടമില്ല. കാടും മലയും പുഴയുമില്ല.


2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഷട്ട് ഡൗണ്‍

ഫോണ്‍ നിര്‍ത്താതെ നിലവിളിക്കുന്നതുകേട്ടാണ് ഉറക്കമുണര്‍ന്നത്. കണ്ണുതുറന്ന് എതിര്‍വശത്തെ ചുവര്‍ ക്ലോക്കില്‍ നോക്കി. രാവിലെ എട്ടുമണിയായിരിക്കുന്നു. കൈനീട്ടി ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു. അങ്ങേത്തലക്കല്‍ എഞ്ചിനിയര്‍ അലിയുടെ ഗൗരവമാര്‍ന്ന സ്വരം. തിടുക്കത്തില്‍ അറേബ്യന്‍ ശൈലിയിലുള്ള പതിവ് അഭിവാദ്യങ്ങള്‍ കഴിഞ്ഞ് അലി പറഞ്ഞു.

 നീ ഉടന്‍ ഇവിടെയെത്തണം. പണികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു പോയിട്ട് എവിടെയെങ്കിലും കിടന്ന് ഉറങ്ങുകയാണോ? നിന്റെ പണിക്കാര്‍ ജോലിചെയ്യാന്‍ കൂട്ടാക്കുന്നില്ല.

പെട്ടെന്ന് കണ്ണില്‍ ഉറഞ്ഞുകിടന്ന ഉറക്കം ഞെട്ടിമാഞ്ഞു. പുലര്‍ച്ചെ പുതിയ പതിമൂന്നു പണിക്കാരെ അവിടെ കൊണ്ടാക്കി തിരിച്ചുവന്ന് നടുവൊന്നു നിവര്‍ത്തിയതേ ഉള്ളൂ. അപ്പോളാണ് അലിയുടെ വിളിയും വഴക്കും.

സിമന്റു കമ്പനിയില്‍ ഷട്ട് ഡൗണ്‍ ഇന്നാരംഭിക്കുന്നതിനാല്‍ കഴിഞ്ഞരാത്രിയില്‍ ഒരുപോള കണ്ണടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആളുകളെ സംഘടിപ്പിക്കാനും, അവര്‍ക്കു താമസത്തിനും ഭക്ഷണത്തിനുമുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താനും ജോലിസ്ഥലത്തേക്കു പോയിവരുന്നതിനുള്ള വാഹനങ്ങള്‍ ഏര്‍പ്പാടാക്കാനും യൂണിഫോമും സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി നല്‍കാനുമൊക്കെയായി നേരം വെളുക്കുവോളം പെരുത്തു ജോലികളുണ്ടായിരുന്നു.

 മാന്‍ പവര്‍ സപ്ലൈ മേഖലയില്‍ ചിലപ്പോള്‍ ഇങ്ങനെയാണ്. പണികള്‍ വരാന്‍ തുടങ്ങിയാല്‍ ഒട്ടും വിശ്രമിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല. കമ്പനികളില്‍ പോയി ജോലികള്‍ കണ്ടെത്തണം. മത്സരങ്ങള്‍ അതിജീവിച്ച് കോണ്‍ട്രാക്റ്റ് കയ്യില്‍ കിട്ടിയാല്‍ പണിക്കായി തൊഴിലാളികളെ കണ്ടെത്തണം. അവരെ ടെസ്റ്റുകള്‍ക്കു വിധേയരാക്കണം. പാസാക്കിവിടാന്‍ എഞ്ചിനിയര്‍മാരുടേയും കമ്പനി ഫോര്‍മാന്‍മാരുടേയും കാലുപിടിക്കണം. എല്ലാം റെഡിയാണെങ്കിലും ഓരോ കോണ്‍ട്രാക്റ്റ് പൂര്‍ത്തീകരിച്ച് പ്രോജക്റ്റ് കൈമാറും വരെ നിരന്തരമായ തലവേദനയാണ്. പണിക്കാരെയും കമ്പനി അധികൃതരെയും പിണക്കാതെ മേയ്ച്ചുകൊണ്ടുപോവുക എന്നത് സര്‍ക്കസുകാരുടെ ഞാണിന്‍മേല്‍ കളിപോലെ കുഴപ്പം പിടിച്ചതാണ്.

ഓരോരുത്തര്‍ക്കും ഓരോതരം പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് കൂടെക്കൂടെ കാശുവേണം. ജോലിക്കുകയറുന്ന പിറ്റേ ദിവസം മുതല്‍ അഡ്വാന്‍സ് ചോദിക്കാന്‍ തുടങ്ങും. അവരെ പറഞ്ഞിട്ടു കാര്യമില്ല. വിശപ്പിനോട് കുറച്ചു ക്ഷമിക്കൂ എന്നു പറയാന്‍ പറ്റുമോ ?

വേഗം ഡ്രസ് ചെയ്ത് വണ്ടിയോടിച്ച് കമ്പനിയില്‍ ചെന്നു. രാവിലെ കൊണ്ടുവിട്ട 13 പേരും പുറത്തിറങ്ങി കൂട്ടം കൂടി നില്‍ക്കുകയാണ്. എല്ലാവരും മലയാളികളാണ്. ജിദ്ദയില്‍ നിന്ന് ഇന്നലെ ഒറ്റഗ്രൂപ്പായി റാബഗില്‍ എത്തിയവരാണ് എല്ലാവരും. 13 പേരില്‍ 10 പേരും 25 നും 45നും ഇടക്ക് പ്രായമുള്ളവരും രണ്ടുപേര്‍മാത്രം അമ്പതുകഴിഞ്ഞവരുമാണ്. മൊയ്തീന്‍ക്കയും, മുഹമ്മദിക്കയും. അതില്‍ മൊയ്തീന്‍ക്കയ്ക്ക് സത്യം പറഞ്ഞാല്‍ ഒരുജോലിയും എടുക്കാന്‍ കഴിയില്ലെന്ന് നേരത്തേ തോന്നിയിരുന്നു. ഡൈയൊക്കെ ചെയ്തു മീശയും കഷണ്ടിത്തലയിലെ അവശേഷിക്കുന്ന മുടിയും കറുപ്പിച്ചിട്ടുണ്ടെങ്കിലും ഒരു തൂമ്പാ എടുക്കാനുള്ള ആരോഗ്യം പോലുമില്ലെന്നുറപ്പാണ്.

 ജിദ്ദയിലെ താമസസ്ഥലത്ത് ഒരുഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുന്നവരാണ് എല്ലാവരും. എന്റെ വണ്ടി കണ്ടതോടെ പണിക്കാര്‍ക്കിടയിലെ വര്‍ത്തമാനക്കാരന്‍ ജബ്ബാര്‍ അടുത്തേക്കു വന്നു.
പിന്നാലെ മറ്റുള്ളവരും.
അവരുടെ അടുത്തേക്ക് എന്താണ് പ്രശ്‌നം എന്നു ചോദിച്ചുകൊണ്ട് ഞാനും ചെന്നു.

ബായി..ഞങ്ങള്‍ പണി തുടങ്ങിയതാണ്. സിമന്റു മില്ലിനോട് ചേര്‍ന്ന ചൂടുനിറഞ്ഞ കിലന്റെ ഉള്ളിലാണ് ഞങ്ങളുടെ പണി. മൊയ്തീന്ക്കാക്ക് കിലന്റെ ഉള്ളില്‍ കയറാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ തുര്‍ക്കി ഫോര്‍മാനോട് പറഞ്ഞു. പുറത്ത് പണിയുണ്ടെങ്കില്‍ മൊയ്തീന്‍ക്ക അവിടെ ചെയ്‌തോളും എന്ന് പറഞ്ഞപ്പോള്‍ പുറത്ത് പണിയില്ല. കിലന്റെ ഉള്ളില്‍ പണിയെടുക്കാമെങ്കില്‍ പണിതാല്‍മതി എന്നാണ് തുര്‍ക്കി പറയുന്നത്.
പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ എഞ്ചിനിയര്‍ വന്ന് മൊയ്തീന്‍ക്കയോട് തിരിച്ചു പോകാന്‍ പറഞ്ഞു. അമ്പതുവയസു കഴിഞ്ഞവരെ ഇതുപോലെ അപകടം പിടിച്ച പണികളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് എഞ്ചിനിയര്‍ പറഞ്ഞത്.

 ശരിയാണ്..പ്രായമായവരെ കടുപ്പമേറിയ പണികള്‍ ഏല്‍പ്പിക്കരുതെന്നാണ് ഇവിടുത്തെ നിയമം. അവരെ കമ്പനികള്‍ക്കു വേണ്ട. അല്ലെങ്കില്‍ തന്നെ പ്രായമായവരെ ലോകത്തില്‍ ഒരിടത്തും വേണ്ടാത്ത കാലമാണ്.
 ഞാന്‍ മൊയ്തീന്‍ക്കയെ നോക്കി. എല്ലാവരുടെയും പിന്നില്‍ കുറ്റവാളിയെപ്പോലെ വിഷണ്ണനായി നില്‍ക്കുന്നുണ്ടായിരുന്നു ആ വൃദ്ധന്‍.
ഉടന്‍ വരാമെന്നു പറഞ്ഞ് എഞ്ചിനിയര്‍ അലിയുടെ ക്യാബിനിലേക്ക് പോയി.

 ചുണ്ണാമ്പുകല്ലും, രാസപദാര്‍ത്ഥങ്ങളും ഉയര്‍ന്ന ചൂടില്‍ പൊടിച്ച് കടത്തിവിടുന്ന കറങ്ങുന്ന ഒരാള്‍ പൊക്കമുള്ള ഉരുക്കു കുഴലുകളാണ് കിലന്‍ എന്നു പറയുന്നത്. ഒരു തരം ചൂള. അറ്റ കുറ്റപ്പണികള്‍ വരുമ്പോള്‍ രണ്ടുമൂന്ന് ദിവസം മുന്നേ തന്നെ ഇവയുടെ പ്രവര്‍ത്തനം നിറുത്തിവെക്കുമെങ്കിലും കിലന്‍ തണുക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. പക്ഷെ സമയലാഭം കണക്കാക്കി പലപ്പോഴും ഇതു തണുക്കും വരെ കാത്തുനില്ക്കാറില്ല.
മരുഭൂമിയുടെ സ്വതവേയുള്ള ചൂടും വായൂ സഞ്ചാരമില്ലാത്ത കിലനിലെ ചൂടും കൂടിയാകുമ്പോള്‍ അതില്‍ കയറുന്ന ആള്‍ ഏതാണ്ട് പുഴുങ്ങിയ പരുവത്തിലാകും. എന്നിട്ടും ആളുകള്‍ അതിനുള്ളില്‍ പണിയെടുക്കുന്നതെങ്ങിനെ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പണിയെടുക്കാതെ മടങ്ങിയാല്‍ നാട്ടിലെ കടങ്ങളും പങ്കപ്പാടുകളും എങ്ങനെ മാറും എന്ന വ്യഥയാകാം ഈ തീച്ചൂളയിലേക്ക് മടിയില്ലാതെ കയറിപ്പോകാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. അതെ.. നമ്മള്‍ സ്വയം ഉരുകിത്തീര്‍ന്നാലും നാട്ടിലുള്ളവര്‍ക്ക് വെളിച്ചമാകുമല്ലോ എന്ന ആശ്വാസം.. അതുകൊണ്ടാവും മൊയ്തീന്‍ക്കയെപോലുള്ളവര്‍ ഈ വയസാം കാലത്തും ...

എഞ്ചിനിയര്‍ അലി ദേഷ്യത്തിലായിരുന്നു. ഷട്ട്ഡൗണ്‍ കാല അറ്റകുറ്റപ്പണികള്‍ ആരംഭിച്ച ദിനം തന്നെ മുടങ്ങിയതിലുള്ള നീരസം അയാളുടെ വാക്കുകളില്‍ കനത്തുകിടന്നു. വൃദ്ധനെ ജോലിക്കുവെക്കാന്‍ പറ്റില്ലെന്നും അയാള്‍ ഈ കമ്പനിയില്‍ എവിടെയെങ്കിലും ജോലിചെയ്യുന്നത് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടാല്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുമെന്നും കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്നും പറഞ്ഞു.

കനിവുകാട്ടണമെന്ന് യാചിച്ചു നോക്കിയെങ്കിലും അലി അലിയുന്ന മട്ടില്ല. അയാളെ കുറ്റം പറയാനാകില്ല. നിയമമാണ് അദ്ദേഹം പറയുന്നത്. സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പണിചെയ്യിക്കുന്നതിനിടയില്‍ ആര്‍ക്കെങ്കിലും ജീവാപായം സംഭവിച്ചാല്‍ പണിയുടെ ചുമതലയുള്ള എഞ്ചിനീയര്‍ക്കാകും ആദ്യം ശിക്ഷ ലഭിക്കുക.

അലി ശാന്തനായി എന്നോട് പറഞ്ഞു- വേണമെങ്കില്‍ അയാളുടെ ഈ ഒരു ദിവസത്തെ വേതനം ഞാന്‍ തരാം. അയാളെ പറഞ്ഞു വിട്ട് വേറെ ആളെ കൊണ്ടുവരൂ. അയാള്‍ക്കൊപ്പമുള്ളവരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കൂ.

ഞാന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞ് തൊഴിലാളികളുടെ അടുത്തേക്ക് വന്നു. തീരുമാനമറിയാന്‍ ആകാംക്ഷയോടെ അവര്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. മൊയ്തീന്‍ക്കയുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം എന്നെ അസ്വസ്ഥനാക്കി.

ജബ്ബാര്‍ ..നിങ്ങള്‍ എനിക്ക് ഒരുദിവസം സമയം തരണം.. വളരെ കഷ്ടപ്പെട്ട് നേടിയ കോണ്‍ട്രാക്ടാണിത്. മൊയ്തീന്‍ക്കയുടെ കാര്യം നമുക്ക് പരമാവധി ശരിയാക്കാന്‍ നോക്കാം. നിങ്ങള്‍ ഇന്ന് ജോലി തുടരൂ. രാത്രിക്കുള്ളില്‍ നമുക്കൊരു പരിഹാരമുണ്ടാക്കാന്‍ നോക്കാം. വൈകിട്ട് നമുക്ക് ക്യാമ്പില്‍ വെച്ച് സംസാരിക്കാം.

എന്റെ നയതന്ത്രം ഫലിച്ചു. മനസില്ലാമനസ്സോടെ ജബ്ബാറും കൂട്ടരും കിലന്റെ ചൂടിലേക്ക് കയറിപ്പോയി. അലിയെ വിളിച്ച് പണി ആരംഭിച്ച വിവരം അറിയിച്ച് സലാം പറഞ്ഞ് മൊയ്തീന്‍ക്കയുമായി ഞാന്‍ ക്യാമ്പിലേക്ക് തിരിച്ചു പോന്നു.

അരമണിക്കൂര്‍ ഡ്രൈവ് ചെയ്താലേ റാബഗ് സിറ്റിയിലുള്ള ലേബര്‍ ക്യാമ്പില്‍ എത്താന്‍ കഴിയൂ. പണിക്കാരെ കണ്ടത് തലേന്ന് രാത്രി ആയതുകൊണ്ട് ആരെയും വിശദമായി പരിചയപ്പെടാന്‍ പറ്റിയില്ലായിരുന്നു. തലയില്‍ വെച്ചിരുന്ന നീല നിറമുള്ള സേഫ്റ്റി ഹെല്‍മെറ്റിന്റെ ഉള്ളില്‍ നിന്ന് വിയര്‍പ്പിന്റെ നീര്‍ച്ചാലുകള്‍ മൊയ്തീന്‍ക്കയുടെ കവിളിലൂടെ ഒഴുകിവരുന്നു. രാവിലെ ധരിച്ച പുത്തന്‍ യൂണിഫോമില്‍ സിമന്റ് പൊടി പുരണ്ടിരുന്നു. കരുവാളിച്ച മുഖത്ത് കുഴിയിലാണ്ടു പോയ കണ്ണുകള്‍..

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മരുഭൂമിയിലെ വെയില്‍കൊണ്ടുരുകിയ റോഡിലൂടെ നൂറുകിലോമീറ്റര്‍ വേഗതയില്‍ ഞങ്ങളുടെ കാര്‍ പായുകയാണ്. അകലേക്ക് കണ്ണുകള്‍ പായിച്ച് എന്തോ ഓര്‍ത്തുകൊണ്ട് കയ്യിലെ ടവ്വല്‍ കടിച്ചുപിടിച്ചിരിക്കുന്ന ആ കാക്കയോട് ഞാന്‍ ചോദിച്ചു.
മൊയ്തീന്‍ക്കയുടെ നാടെവിടെയാണ്...?
 പെരിന്തല്‍മണ്ണ.. നാട്ടില്‍ ആരൊക്കെയുണ്ട്.. എല്ലാരൂ.. ണ്ട്.. എല്ലാരും എന്നു പറഞ്ഞാല്‍ പെണ്ണുങ്ങളും മക്കളും, മരുമക്കളും പേരക്കുട്ടികളും എല്ലാരൂം ണ്ട്..

ഗള്‍ഫിലെത്തിയിട്ട് എത്രകാലായി.. ?

കുറച്ചായി..മോനെ.. കുറച്ചെന്നു പറഞ്ഞാല്‍ ?
ഇരുപത്തെട്ടു കൊല്ലം..
ഇരുപത്തെട്ടു കൊല്ലമോ....?
മൊയ്തീന്‍ക്കയുടെ മറുപടികേട്ട് അറിയാതെ തലയില്‍ കൈവെച്ചു.. ഒന്നും സംഭവിക്കാത്തതുപോലെ മൊയ്തീന്‍ക്ക ചിരിച്ചു.. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രവാസികള്‍ ചിരിക്കാറുള്ള നിശബ്ദമായ ചിരി.

അപ്പോ ...ഇക്കായ്ക്ക് ഇപ്പോ എത്ര വയസുണ്ട്..?

 വയസ്.. പത്തറുപതായി..മോനെ .. എനിക്കറിയാര്‍ന്നു അവരെന്നെ പണിക്ക് ബെക്കൂലാന്ന്..ഇതിപ്പോ ആദ്യായിറ്റൊന്നൂ ല്ല..ചെല്ലുന്ന സലത്തൊക്കെ കമ്പനിക്കാര് ന്നെ ബേണ്ട ബേണ്ടാന്നാ പറീണേ..അല്ലെങ്കീത്തന്നെ ഇന്നെക്കൊണ്ട് ഇനി ഒന്നിനും കയ്യൂലാന്ന് ഇല്ലാരും അറിഞ്ഞിര്ക്കണ്..ന്നാലും ഓലുക്ക് തോന്നീച്ചാ പണീട്ക്കാലോ ന്ന് കര്ത്യാ ബന്നേ..ഒത്താ പത്തുറുപ്യ സ്വന്തായിറ്റ് ണ്ടാക്കാല്ലാ... ആ കുട്യോള്‍ടെ കൂട്യാ..പ്പോ താമസോം ചെലവും കയ്യണേ..ഓല് നല്ലോരാ..അതാ നിക്ക് ബേണ്ടി അയ്ത്തുങ്ങള് പണി ബേജാറാക്യേ...

ഇത്ര കാലം ഇക്കാ ഇവിടെ പണിയെടുത്തതല്ലേ..നല്ല സമ്പാദ്യം ഉണ്ടാക്കിക്കാണുമല്ലോ..ഇനിയെങ്കിലും നാട്ടില്‍ പോയി വിശ്രമിച്ചുകൂടെ ?

തികട്ടിവന്ന നീരസം മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു..

മോനി എന്തറിഞ്ഞിട്ടാ ഈ പറേണേ... ഇന്ക്ക് 29 ബയസുള്ളപ്പളാ സൗദീ വന്നേ..പൊരേല് മൂത്ത ആള് ഞാനായിര്‌ന്നേ..നാല്് പെങ്ങമ്മാരേം രണ്ട് അനിയമ്മാരേം പഠിപ്പിച്ച് നിക്കാഹും കയിപ്പിച്ച് ഓലെ ഒരു ബയ്ക്കാക്കി..ബാപ്പാ ചെറ്പ്പത്തീ മരിച്ചതാണേ..അനിയമ്മാരെ രണ്ടിനേം വിസയെടുത്തു ഗള്‍ഫീ കൊണ്ടുവന്ന്..അവരും രക്ഷപ്പെടണ്ടേന്ന്..പിന്നെയാ നമ്മള് നിക്കാഹ് കയിച്ചേ..പുത്യ പൊര പണ്‌തെങ്കിലും എളേ അനിയനും പെണ്ണുങ്ങളുമാണ് ആടെ പൊര്‍തി. അപ്പോ നമ്മക്ക് പൊരകൂട്ടാന്‍ വേറെ സലം മേങ്ങി..ആടെ പുത്യത് പണ്ത്..അപ്പോയ്ക്കും നമ്മള കുട്യോള് ബെല്‍തായി..പിന്നെ ഓല്‍ടെ പഠിപ്പും പത്രാസും നോക്കണ്ടേ..ഓലെ ഒരുകര പറ്റിക്കണ്ടേ..അപ്‌ളേക്കും നേര്യം ഇമ്മിണി വൈകീര്‍ക്ക്ണ്..ഇബ്ട്ന്ന് മടങ്ങി ബെറും കയ്യുമായി പൊരേ കയറിച്ചെന്നാ....

 പ്രവാസി ജീവിതത്തിന്റെ പതിവു പുരാവൃത്തങ്ങളില്‍ തന്നെ കുടുങ്ങിപ്പോയ ഒരാള്‍ കൂടി..

പിന്നെയും മൊയ്തീന്‍ക്ക എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും ആലോചനകള്‍ക്കിടയില്‍ എനിക്കൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.. വണ്ടി നിന്നപ്പോള്‍ ഹല്‍മറ്റും ടവ്വലുമെടുത്ത് അയാള്‍ ക്യാമ്പിനകത്തേക്ക് കയറിപ്പോയി

വൈകിട്ട് ഏഴുമണിയോടെ ലേബര്‍ ക്യാമ്പിലേക്ക് പോയി. വിയര്‍പ്പും വിഴുപ്പും നാറുന്ന അന്തരീക്ഷം.. മൊയ്തീന്‍ക്കയുടെ കൂട്ടുകാര്‍ വന്നിട്ടുണ്ടായിരുന്നു. ചെറിയ ഒരു മുറിയില്‍ തലങ്ങും വിലങ്ങും നാലു കട്ടിലുകള്‍ ഇടാനുള്ള സ്ഥലമേയുള്ളൂ. ഇവിടുത്തെ പണിതീരും വരെ അതാണവരുടെ വാസസ്ഥലം. എന്നെ കണ്ടപാടെ ജബ്ബാര്‍ എഴുനേറ്റ് സലാം മടക്കി..

മറ്റുള്ളവരും.. മൊയ്തീന്‍ക്കയെ അക്കൂട്ടത്തില്‍ കണ്ടില്ല.. എല്ലാവരും കുളിച്ച് സുന്ദരന്മാരായിരിക്കുന്നു. മൊയ്തീന്‍ക്ക എവിടെ ..എന്നു ചോദിച്ചുകൊണ്ട് ജബ്ബാറിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. കമ്പനിയുടെ തീരുമാനം അറിയിച്ച് മറ്റുള്ളവര്‍ ജോലിതുടരണം എന്നപേക്ഷിച്ചു.

 ഭായി... മൊയ്തീന്‍ക്ക ജോലിക്ക് നില്‍ക്കുന്നില്ല എന്നു പറഞ്ഞ് വൈകിട്ട് ജിദ്ദയിലേക്ക് മടങ്ങിപ്പോയി. മോള്‍ടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആരോ ഉംറ ചെയ്യാന്‍ എത്തീര്ക്കണ്.. നമ്മളേം ഫോണീ വിളിച്ചാ മൂപ്പര് മടങ്ങണ വിവരം പറഞ്ഞേ.. അല്ലാ.. ങ്ങള് വണ്ടീ പോന്നപ്പളാ നാട്ടീക്ക് ഫോണ്‍വിളിച്ചേന്ന് മൂപ്പര് പറഞ്ഞല്ലാ..ങ്ങളോട് പറഞ്ഞീന്നും പറഞ്ഞ്..

ജബ്ബാറിന്റെയും കൂട്ടുകാരുടേയും മുഖത്ത് ഒരു ബേജാര്‍ ഒഴിഞ്ഞുപോയതിന്റെ ആശ്വാസം..

മൊയ്തീന്‍ക്കയെ ആരെങ്കിലും ഫോണില്‍ വിളിച്ചതായി എത്ര ഓര്‍ത്തുനോക്കിയിട്ടും പിടികിട്ടിയില്ല.

പോക്കറ്റില്‍ നിന്ന് മൊയ്തീന്‍ക്കയെ ഏല്‍പ്പിക്കാനുള്ള ഒരു ദിവസത്തെ പണിക്കൂലിയുടെ കവര്‍ ജബ്ബാറിന്റെ കൈവെള്ളയില്‍ വെച്ചുകൊടുത്ത് ഞാന്‍ വണ്ടിയില്‍ കയറി ഓടിച്ചുപോന്നു..

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്നു റോഡിലേക്ക് വീണ വെളിച്ചത്തിന്റെ കൈകള്‍ മരുഭൂമിയിലെ ഇരുളിനെ എത്തിപ്പിടിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു..

2014, ജൂലൈ 29, ചൊവ്വാഴ്ച

ലഹരിയുടെ കുരുക്കില്‍നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കണം

ളരുന്ന തലമുറയെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. കേരളത്തിലെ സ്‌കൂളുകളില്‍ കഞ്ചാവും ഹഷീഷും അടക്കമുള്ള മയക്കുമരുന്നുകളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമായിരിക്കുന്നു. മയക്കു മരുന്ന് മാഫിയയ്ക്ക് വേണ്ടി ഇവ സ്‌കൂള്‍ ബാഗില്‍ കൊണ്ട് നടന്നു ആവശ്യക്കാരെ ഏല്പ്പിക്കുന്നതും ഒരു സ്ഥലത്ത് നിന്ന് മറ്റു ഭാഗത്തേക്ക്
കടത്തുന്നതും കുട്ടികളാണെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ കുട്ടികളില്‍ പലരും നല്ലവഴിയില്‍ ആണ് സഞ്ചരിക്കുന്നതെന്ന് കരുതി സമാധാനിക്കാന്‍ പറ്റുന്ന കാലമല്ലിത്. കേരളത്തിലെ വിവിധ ജില്ലകളില്‍ കഴിഞ്ഞ മാസവും ഈ മാസവും ഷാഡോ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടകളില്‍ കുടുങ്ങിയവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്‌കൂള്‍ കുട്ടികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഭാവി കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വിളിച്ചു പറയുന്ന ഈ ദുരന്തത്തിനെതിരെ ഒരുമിച്ചു നിന്ന് പോരാടാന്‍ രക്ഷാകര്‍ത്താക്കളെയും പോലീസിനെയും പോലെ തന്നെ മാധ്യമങ്ങളും യുവജന സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതുണ്ട്. സൂക്ഷിക്കുക പണ്ടത്തെ പോലെ നമ്മുടെ കുട്ടികള്‍ക്ക് സത്ചിന്ത നല്കാനും അനുകരിക്കാനും നല്ല മാതൃകകള്‍ ഇല്ല. അവരുടെ രക്ഷിതാക്കള്‍ പലരും നേരം വൈകിയാല്‍ ബിവറെജസ് കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. അവരുടെ അമ്മമാര്‍ കണ്ണുനീര്‍ സീരിയലുകളുടെ പിന്നാലെയാകാം. കുടുംബങ്ങളില്‍ ഒരുമിച്ചു കൂടിയിരുന്നുള്ള ആശയ വിനിമയം കുറയുന്നു. ഇങ്ങനെ ചികയാന്‍ കാരണങ്ങള്‍ പലതാണ്. പക്ഷെ തിരിച്ചറിഞ്ഞു നടപടി എടുത്തില്ലെങ്കില്‍ അരുമയായി വളര്‍ത്തുന്ന മക്കളെ നാളെ പോലീസ് സ്‌റ്റേഷനില്‍ പോയി കാണേണ്ട ഗതികേട് വരും. വളരുന്ന കേരളം ലഹരിക്കടിമകളായി ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നത് കാണേണ്ടി വരും.

പൊള്ളാച്ചിയിലും വടക്കേ ഇന്ത്യയിലും പായ്ക്കറ്റിന് മൂന്ന് രൂപ വിലയുള്ള പാന്‍ പോലുള്ള പുകയില ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തിച്ച് 25 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ പാന്‍ മസാല ഉപയോഗം വ്യാപകമായതിനാല്‍ വില്പനക്ക് നിരോധനം മറയാക്കി കൂടുതല്‍ തുക ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളിലും പാന്‍മസാല ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പുകയില ഉത്പന്നങ്ങളില്‍ നിന്ന് ക്രമേണ കൂടുതല്‍ ലഹരിനല്‍കുന്ന കഞ്ചാവ് പോലുള്ള ഉത്പന്നങ്ങളിലേക്ക് കുട്ടികള്‍ മാറുന്നതായാണ് കണ്ടുവരുന്നത്.
ലഹരി ഉത്പന്നങ്ങളോടൊപ്പം കഞ്ചാവും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മദ്യ ഉപയോഗം കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാനൂറില്‍ പരം ബാറുകള്‍ അടച്ചിട്ടതും വ്യാജമദ്യത്തിനെതിരെ പോലീസ് നടപടികള്‍ ശക്തമാക്കിയതും മറ്റുതരത്തിലുള്ള ലഹരികളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. മാരക രോഗങ്ങള്‍ക്കു വേദനാ സംഹാരിയായി നല്‍കുന്ന ഗുളികകളും, കുത്തിവെയ്പിനുള്ള ആംപ്യൂളുകളും ലഹരിയുടെ വ്യത്യസ്ത മാര്‍ഗങ്ങളായി കുട്ടികള്‍ക്കിടയില്‍ പോലും സുപരിചിതമായിക്കഴിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ കയ്യില്‍ അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ തന്നെ പണം നല്‍കുന്നത് ലഹരിക്കായി ഉപയോഗിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. മാതാപിതാക്കള്‍ പണം നല്‍കാത്ത കുട്ടികള്‍ക്ക് അവരുടെ സ്വന്തം ഉപയോഗങ്ങള്‍ക്കായി ലഹരി മാഫിയ പണം നല്‍കി സഹായിക്കുന്നതും അടിമപ്പെടുന്നതു വരെ സൗജന്യമായി മയക്കുമരുന്നുകള്‍ നല്‍കുന്ന സംഭവങ്ങളും പുറത്തു വന്നിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ തുടര്‍ ഉപയോഗത്തിനുള്ള പണം കിട്ടുന്നതിനായി ഈ കുട്ടികള്‍ മയക്കുമരുന്നു സംഘങ്ങളുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കാനും തയ്യാറാകുന്നു. തൊഴില്‍ രഹിതരായ യുവാക്കളും ഉയര്‍ന്നവരുമാനം കാംക്ഷിച്ച് ലഹരി വിതരണ മേഖലയില്‍ സജീവമായിട്ടുണ്ട്.
എളുപ്പത്തില്‍ വന്‍തോതില്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന ബിസിനസ് എന്ന രീതിയിലാണ് മദ്യവും മയക്കുമരുന്നും കച്ചവടം ചെയ്യാന്‍ ഏതുമേഖലയിലുള്ളവരും തയ്യാറാകുന്നത്. കഴിഞ്ഞ മാസം കഞ്ചാവ് കേസില്‍ ഇടുക്കിയില്‍ നിന്നു പിടികൂടിയ യുവാവിന് പ്രതി ദിനം പതിനയ്യായിരത്തില്‍പരം രൂപയുടെ വരുമാനമാണ് കഞ്ചാവ് വില്പനയില്‍ നിന്ന് ലഭിച്ചിരുന്നത്. കേരളത്തില്‍ വന്‍തോതില്‍ തൊഴിലന്വേഷകരായി എത്തിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും ഇരകളാക്കിയും മദ്യ-മയക്കുമരുന്നു മാഫിയ തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലേക്കു മാത്രം പ്രതിദിനം ഒരു ടണ്‍ കഞ്ചാവ് എത്തുന്നതായാണ് വിവരം. കഴിഞ്ഞയാഴ്ച പാലക്കാട്ടുവെച്ച് പൊലീസ് തമിഴ്‌നാട് സ്വദേശിയില്‍നിന്ന് ആറ്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അന്യസംസ്ഥാനത്തുനിന്ന് വരുന്ന കഞ്ചാവ് അട്ടപ്പാടിയിലെ നീലച്ചടയന്‍ എന്ന ലഹരികൂടിയ ഇനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വന്‍ വിലയ്ക്ക് വില്‍ക്കുന്നത്. കടത്തിക്കൊണ്ടു വരുന്നത് കൂടാതെ ഇടുക്കിയിലെ വനമേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി തഴച്ചുവളരുന്ന കഞ്ചാവ് കൃഷിക്ക് നിലവിലെ സാഹചര്യം പുത്തനുണര്‍വ്വു പകര്‍ന്നിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിച്ച്് നിര്‍മ്മിക്കുന്ന ഹഷീഷ് എന്ന വിലയും വീര്യവും കൂടിയ മയക്കുമരുന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലെത്തിക്കുന്ന സംഘങ്ങളും കേരളത്തില്‍ തഴച്ചു വളരുന്നു. 15 കിലോ കഞ്ചാവ് ഉപയോഗിച്ചാണ് ഒരുകിലോ ഹഷീഷ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ്കിലോ ഹഷീഷ് പിടികൂടിയിരുന്നു. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇതിന് ഒന്നരക്കോടിയോളം രൂപ വിലവരും. എക്‌സൈസിന്റെയും പോലീസിന്റെയും മൗനാനുവാദത്തോടുകൂടി കച്ചവടം പൊടിപൊടിക്കുന്നതിനാല്‍ നിയമത്തിന്റെ മുന്നിലെത്തുന്ന കേസുകള്‍ അപൂര്‍വ്വമാണ്.
സ്‌കൂള്‍ തുറന്നതോടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വരവും കൂടി. സ്‌കൂള്‍ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നത്. ദൂരപരിധി 500 മീറ്ററാക്കി പുതുക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇത് എങ്ങനെ നടപ്പാക്കുമെന്ന സംശയവും ഉന്നയിക്കപ്പെട്ടു.
സിനിമ നിര്‍മ്മാണത്തിന്റെ മറവിലും ടൂറിസത്തിന്റെ മറവിലും കേരളത്തില്‍ മയക്കുമരുന്നു വിപണി സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി കായലിലെ ആഡംബര നൗകയില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ ലഹരി വില്പനയായിരുന്നു മുഖ്യ ഇനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രീക്ക് ക്രൂസ് എന്ന ആഡംബര നൗകയിലാണ് ഞായറാഴ്ച രാത്രി ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. 500 ബോട്ടില്‍ ബിയര്‍, കഞ്ചാവ് പൊതികള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി പ്രശാന്ത്, മാവേലിക്കര സ്വദേശി ഷിജിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിവായി ഈ ബോട്ടില്‍ ഇത്തരം നിശാപാര്‍ട്ടികള്‍ നടക്കാറുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് പാര്‍ട്ടി ആരംഭിച്ചതോടെ ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇതേ സംഘം തട്ടേക്കാട്ട് വനമേഖലയില്‍ സിനിമ ഷൂട്ടിംഗ് സെറ്റിട്ട് നടത്തിയ ജംഗിള്‍ പാര്‍ട്ടിയിലും ലഹരിയും പെണ്‍വാണിഭവുമായിരുന്നത്രേ വിഭവങ്ങള്‍. കൊച്ചിയിലെ തന്നെ നക്ഷത്ര ഹോട്ടലില്‍ മൂന്നാഴ്ച മുമ്പ് നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡിലും മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു. എളുപ്പത്തില്‍ തകര്‍ത്തെറിയാന്‍ പറ്റാത്ത വിധം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മയക്കുമരുന്നു സംഘങ്ങളും ഉപയോക്താക്കളും പിടിമുറുക്കി എന്നു കാണാന്‍ കഴിയും. ലഹരി ഉപയോക്താക്കള്‍ ക്രമേണ കൊടും കുറ്റവാളികളായി മാറുന്നതും കേരളത്തില്‍ വാര്‍ത്തയാണിന്ന്. ലഹരിക്കടിമപ്പെട്ടോ ലഹരിക്കായുള്ള പണത്തിനോ വേണ്ടി സ്വന്തം മാതാപിതാക്കളെ പോലും കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
ലഹരി വിരുദ്ധ റെയ്ഡുകളും അറസ്റ്റുകളും ശക്തമായിട്ടുണ്ടെങ്കിലും ഇത്തരം കേസുകളില്‍ നിയമലംഘകര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്ന കേസുകള്‍ കുറവാണെന്നതാണ് കൗതുകകരം. ലഹരി കൈവശം വെയ്ക്കല്‍, വില്പന, കടത്ത്, ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് വ്യത്യസ്ത തോതിലുള്ള വകുപ്പുകളും ശിക്ഷകളുമാണ് നിലവിലുള്ളത്. ലഹരി വിരുദ്ധ നിയമപ്രകാരമുള്ള ഏറ്റവും കടുത്ത നിയമ ലംഘനത്തിന് ഇന്ത്യയില്‍ പരമാവധി പത്തുകൊല്ലം തടവു മാത്രമാണ് ശിക്ഷ ലഭിക്കുക. അപൂര്‍വ്വം കേസുകളില്‍ മാത്രമേ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ലഹരിവസ്തുക്കളുടെ ഉപയോഗം കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിപ്പിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഈയിടെ കേരള ഹൈക്കോടതി കീഴ്‌കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ നിയമത്തിലെ പളുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ അധിക ശിക്ഷയില്‍ നിന്ന് ഊരിപ്പോരുന്ന പ്രവണത വര്‍ധിച്ചതായും കാണാം. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടുമെന്നു കണ്ടാല്‍ കുറ്റസമ്മതം നടത്തുന്ന പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തുന്ന പക്ഷം പതിനായിരം രൂപ പിഴയടച്ച് ജയില്‍ശിക്ഷയുടെ കാലാവധി പരമാവധി ആറുമാസമാക്കി ഇളവു നേടുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വന്‍തോതില്‍ മയക്കുമരുന്നു വിതരണ ശൃഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ശിക്ഷയേ അല്ല. ഇടവേളക്കു ശേഷം ഇവര്‍ വീണ്ടും ഇതേ തൊഴിലിലേക്കുതന്നെ കടന്നു വരുകയാണ്. ശൃംഖലയിലെ തിമിംഗലങ്ങള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. കിലോക്കണക്കിന് കഞ്ചാവ് പിടിക്കപ്പെട്ടാലും കോടതിയില്‍ എത്തുന്നത് പത്തു ഗ്രാം പതിനഞ്ചു ഗ്രാം എന്നിങ്ങനെ കുറഞ്ഞ അളവുകള്‍ മാത്രമാണ്. ശിക്ഷ നാമമാത്രമാക്കുന്നതിനു വേണ്ടി മയക്കുമരുന്നു ലോബി പയറ്റുന്ന തന്ത്രങ്ങളും പോലീസിനു നേരെ നീട്ടുന്ന പ്രലോഭനങ്ങളുമാണ് ഇത്തരത്തില്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനു പിന്നില്‍. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെങ്കിലും ഇവ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നിയമത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമായിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോകാന്‍ കഴിയാത്ത വിധം പഴുതുകള്‍ അടച്ചുള്ള ശക്തമായ നിയമങ്ങളാണ് ലഹരി മാഫിയയ്ക്കും വ്യാപനത്തിനും എതിരായി വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും യു.എസ്, യൂറോപ്പ് എന്നിവിടങ്ങലിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ മരണശിക്ഷയോ മുപ്പതും നാല്പപതും വര്‍ഷം വരെ തടവുശിക്ഷയോ നല്‍കുന്ന തരത്തില്‍ നിയമങ്ങള്‍ ശക്തമാണ്. സമാന നിയമങ്ങള്‍ നമ്മുടെ രാജ്യത്തും ഉണ്ടായേ തീരൂ. ഒപ്പം സമൂഹത്തിന്റെ നാനാ മേഖലയിലും ഇതിനെതിരായ അവബോധവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ വളരുന്ന തലമുറയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ മാരക വിപത്ത് കേരളത്തിനെ അരാജക വാദികളുടെയും അക്രമികളുടെയും സ്വന്തം നാടാക്കി മാറ്റും.

2014, ജൂലൈ 20, ഞായറാഴ്‌ച

ഓര്‍മയുടെ ഗസലുകള്‍

രമേശ് അരൂര്‍

ഴിഞ്ഞ രണ്ടുമൂന്നാഴ്ചകളിലെ രാത്രികള്‍ മീഡിയാവണ്‍ ടി.വി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഖയാല്‍ കേള്‍ക്കുകയായിരുന്നു. ആ യാത്ര മൂന്ന് ദിവസം മുമ്പ് ജഗ്ജിത് സിംഗിലാണ് എത്തിയത്. പിന്നീട് രാത്രി ഗസല്‍ എന്നത് രാപ്പകല്‍ ഗസല്‍ ആക്കി മാറ്റി. ഉണങ്ങിക്കരിഞ്ഞു നിലം പതിക്കാറായ പൂക്കളില്‍ പോലും പ്രണയത്തിന്റെ തേനും നിത്യയൗവനവും നിറയ്ക്കാന്‍ പോന്നത്ര കാല്‍പനികമാണ് ആ മധുരസ്വരമെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. മുമ്പൊക്കെ മെഹദി ഹസനിലും ഗുലാം അലിയിലും ബീഗം അഖ്തറിലും നുസ്രത്ത് അലി ഫത്തേഹ്ഖാനിലും നിറഞ്ഞുതുളുമ്പിയ ഗസലും ഖവാലിയും കേള്‍ക്കുന്ന ശീലം ജഗ്ജിത്ജിയില്‍ എത്തിയപ്പോള്‍ അതുവരെ ലഭിച്ചിട്ടില്ലാത്ത വല്ലാത്ത ഒരനുഭവവും അനുഭൂതിയുമായി. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ലൈവുകളും  ആല്‍ബങ്ങളും കേള്‍ക്കേ ജീവനോടെ ഒരിക്കല്‍ പോലും ജഗജീത്ജിയെ കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ബാക്കിയാകുന്നു.
സിനിമാ സംഗീതജ്ഞരുടെ ദേശീയ വേദിയായ ജിമ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന വീഡിയോയില്‍ എത്തിയപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിക്കുന്ന സംഗീതജ്ഞര്‍ക്കിടയില്‍ ഒരമ്മയെ കണ്ടു. അതാരാണെന്ന് തിരയവേ മനസ്സിലായി ചിത്രാ ജി.. ഗസല്‍ ചക്രവര്‍ത്തിയുടെ റാണി. അവര്‍ ഒരുമിച്ചുപാടിയ നാല്‍പതു വര്‍ഷങ്ങള്‍...ഇന്ത്യന്‍ സംഗീതത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു.. ആ കാലം ഇനി ചരിത്രത്തെയും സംഗീതാഭിരുചിയുള്ള തലമുറകളെയും മാത്രം ശ്രുതി മീട്ടും. ഗസലിനോട് പൊതുവെ പ്രതിപത്തിയില്ലാത്ത മലയാളി സംഗീതാസ്വാദകര്‍ അടക്കം ഇന്ത്യയിലെയും ലോകത്തിലെയും ജനലക്ഷങ്ങളുടെ ഇഷ്ടഗായകനായി മാറിയ ജഗ്ജീത് സിംഗിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹിച്ചിരിക്കവേയാണ് ഷാനവാസ് കൊനാരത്ത് സമാഹരിച്ച പുസ്തകം ജഗ്ജീത് സിംഗ് ഓര്‍മ്മയുടെ ഗസലുകള്‍ അവിചാരിതമായി കയ്യില്‍ വന്നുപെട്ടത്.

യശഃശരീരരായ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കലാജീവിതവും വ്യക്തി ജീവിതവും സംബന്ധിച്ച്, അവരുടെ ജീവിത വഴികളിലെ കയറ്റിറക്കങ്ങളെ സംബന്ധിച്ചും കേവലാസ്വാദകന് വലിയ ഗ്രാഹ്യമുണ്ടാകാനിടയില്ല. അവരുടെ പാട്ടുകള്‍ കേട്ടും സാഹിത്യ സംഭാവനകള്‍ വായിച്ചും ലഭിക്കുന്ന ആനന്ദാനുഭൂതി മാത്രം മതി പ്രിയ ഗായകനോടോ എഴുത്തുകാരനോടോ ഉള്ള ആരാധന നിലനിര്‍ത്താന്‍. എന്നാല്‍ സംഗീതത്തെയോ സാഹിത്യത്തെയോ  ഗൗരവത്തോടെ സമീപിക്കുന്നവരെ സംബന്ധിടത്തോളം സംഗീതജ്ഞന്റെയോ എഴുത്തുകാരന്റെയോ വ്യക്തിജീവിതത്തെക്കുറിച്ചറിയാന്‍ ഏറെ താല്‍പര്യമുണ്ടാകും. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ ഇതു പലപ്പോഴും പല കാരണങ്ങളാലും പ്രായോഗികമല്ല. പ്രതിഭ കൊണ്ടു മാത്രം ഒരാള്‍ പ്രശസ്തനാകണം എന്നില്ല. അവസരങ്ങളും സാഹചര്യങ്ങളും കൂടി കനിയണം. ജീവിച്ചിരിക്കുന്ന കാലത്ത് പല വിവരങ്ങളും മനപൂര്‍വ്വം ഒളിച്ചുവെയ്ക്കപ്പെട്ടേക്കാം.. പക്ഷേ മരിച്ചവരുടെ കാര്യത്തില്‍ ഇതൊന്നും ബാധകമാവുന്നില്ല. പലരുടെയും ചരമക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ മാത്രമാണ് അവര്‍ ജീവിച്ചിരിക്കേ നാം അറിഞ്ഞ കാര്യങ്ങള്‍ക്കപ്പുറം എത്രയോ ജീവിതാനുഭവങ്ങള്‍ ഉള്ളവരായിരുന്നു അവരെന്ന് തിരിച്ചറിയുക.  മഹാ പ്രതിഭയായിരുന്നു മണ്‍മറഞ്ഞ് പോയതെന്ന് വെളിപ്പെടുക.
ഇത്തരം മഹദ് വ്യക്തികളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന അവരുമായി സംവദിക്കുകയും പാരസ്പരൈക്യത്തില്‍ ജീവിക്കുകയും ചെയ്തിരുന്നവര്‍ പിന്നീടെപ്പോഴെങ്കിലും മനസ്സ് തുറക്കുമ്പോള്‍ മാത്രമാണ് അനാവൃത സത്യങ്ങളുടെ ഭാണ്ഡക്കെട്ട് അഴിഞ്ഞുവീഴുക.
സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള മഹാഗായകരില്‍ ഏറ്റവും ജനകീയനായ ഗസല്‍ ചക്രവര്‍ത്തി ജഗ്ജീത് സിംഗിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ കേവലാരാധകന് ലഭ്യമായിരുന്ന വിവരങ്ങള്‍ക്ക് അപ്പുറമുള്ള ജീവിത രേഖയാണ്  ജഗ്ജീത് സിംഗ്-ഓര്‍മ്മയുടെ ഗസലുകള്‍ എന്ന പുസ്തകത്തിലൂടെ ലഭിക്കുന്നത്. ഗസലിനെ ജയിച്ച സിംഗ് എന്ന നിലയില്‍ ആരാധ്യനായ കവി ഗുല്‍സാര്‍ പ്രിയ മിത്രമായ ജഗ്ജീതിനെ വിളിച്ചിരുന്ന ഓമനപ്പേര് ഗസല്‍ജീത് സിംഗ് എന്നായിരുന്നു.. അത്ര മേല്‍ മധുവൂറുന്നതും സുഗന്ധവാഹിയും മനോഹാരിത നിറഞ്ഞതുമായിരുന്നു ആ ഗസല്‍ മലരുകള്‍. ആംഗലേയ കവി കീറ്റ്‌സ് പാടിയതുപോലെ  കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനിരിക്കുന്നവയോ മധുരതരം -ഈ വാക്കുകളെ അന്വര്‍ത്ഥമാകുന്നതാണ് സപ്ത സ്വരങ്ങളെ അനുസ്മരിപ്പിക്കും വിധം ഉറുദു, ഹിന്ദി, പഞ്ചാബി, നേപ്പാളി തുടങ്ങി ഏഴു ഭാഷകളിലായി വിസ്തൃതമായി കിടക്കുന്ന സ്വരമാധുരി. സിനിമ, സീരിയല്‍, ആല്‍ബങ്ങള്‍, സ്റ്റേജ് അവതരണങ്ങള്‍ എന്നിവയിലൂടെ ലോകമെങ്ങും നിറഞ്ഞൊഴുകിയ നൂറുകണക്കിനു ഗസലുകള്‍. ജഗ്ജീത് സിംഗിനെ ഉപഭൂഖണ്ഡ സംഗീത ചരിത്രത്തിലെ ചിരപ്രതിഷ്ഠനാക്കാന്‍ ഇതില്‍പരം എന്തു വേണം.
പത്ര പ്രവര്‍ത്തകയും മെഹ്ദി ഗസലുകളുടെ കടുത്ത ആരാധികയുമായ റഷീദ ഭഗത് ഈ പുസ്തകത്തിലെ തന്റെ ലേഖനത്തില്‍ പറയുന്നതു പോല ക്ലാസിക്കല്‍ മൂശയില്‍ ഉരുവം കൊണ്ട ഗസലിനെ പുറത്തെടുത്തതിന്റെ കീര്‍ത്തി ജഗജീത് സിംഗിന്് അവകാശപ്പെട്ടതാണ്. സംഗീതാസ്വാദകരുടെ കൂടുതല്‍ വിശാലമായ ശ്രേണികളിലേക്ക് ഗസലിനെ ജഗജീത് സിംഗ് പ്രവേശിപ്പിച്ചു. സംഗീതത്തെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുമ്പോഴും രാഗങ്ങളുടെ സൂക്ഷ്മമായ ഭാവാന്തരങ്ങളിലേക്ക് പ്രവേശിക്കാന്‍ കെല്‍പുള്ളവരോ, അതില്‍ താല്‍പര്യമുള്ളവരോ ആയിരുന്നില്ല ഈ വിഭാഗം ആസ്വാദകര്‍. അങ്ങനെയുള്ള ഭൂരിപക്ഷ ജനതയെ ഗസലിലേക്ക് ഒഴുക്കിക്കൊണ്ടുവന്നത് ജഗ്ജീത് സിംഗിന്റെ കാല്‍പനികത നിറഞ്ഞ സ്വരമായിരുന്നു. ജനമനസ്സുകളെ മഥിച്ചിരുന്ന വിഷാദങ്ങളെ അലിയിച്ചു കളയുന്ന മാന്ത്രിക ലേപനമായിരുന്നു അദ്ദേഹത്തിന്റെ ഗസലുകള്‍.
ഭാവഗായകനെ തൊട്ടറിയാന്‍, അദ്ദേഹത്തിന്റെ സ്വപ്‌നതുല്യമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഇരുള്‍ നിറഞ്ഞ അനുഭവങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഉപകരിക്കുന്ന ഒട്ടേറെ പുതുവിവരങ്ങള്‍ സമ്മാനിക്കുന്നതാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. മഹാഗായകനെ ജീവശ്വാസം പോലെ നേരിട്ടറിഞ്ഞ അദ്ദേഹത്തിന്റെ ജീവിത സഖിയും സംഗീത വഴിയിലെ കൂട്ടുകാരിയുമായ ചിത്ര സംഗ് മുതല്‍ അദ്ദേഹത്തിന്റെ ഗാനമലരുകള്‍ക്ക് കവിതകളിലൂടെ ആത്മാവ് നല്‍കിയ ഗുല്‍സാര്‍, ജാവേദ് അക്തര്‍ തുടങ്ങിയ ആത്മ മിത്രങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ജീവന്‍. ഒപ്പം തന്നെ അദ്ദേഹത്തെ ആരാധനയോടെ പിന്തുടരുകയും ആ സംഗീത സപര്യയെ സത്യസന്ധമായി  വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തവരും അദ്ദേഹത്തെ അടുത്തറിയാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്തവരുമായ എഴുത്തുകാരുടെ അനുഭവങ്ങളും ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ജഗ്ജീത് സിംഗ് എന്ന ഗസല്‍ ഗായകനുമായി പങ്കുവെച്ച നിമിഷങ്ങളുടെയും അദ്ദേഹത്തിന്റെ സംഗീത സദിരുകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ അനുഭൂതികളെയും കുറിച്ചുള്ള കളങ്കമില്ലാത്ത പങ്കുവെക്കലുകളാണ്  മലയാള ഗസല്‍ പരീക്ഷകനായ ഉമ്പായി, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ സി.കെ. ഹസന്‍കോയ, ഷാജി ചെന്നൈ, റഷീദ ഭഗത് തുടങ്ങിയവരും ഒപ്പം ഡോ. ഉമര്‍ തറമേലും നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്ട് ഗസല്‍ അവതരിപ്പിക്കാനെത്തിയ ജഗ്ജീത്ജിയോടൊപ്പം ചെലവിട്ട മനോഹര നിമിഷങ്ങളെ പുനരാവിഷ്‌കരിക്കുകയാണ് സി.കെ. ഹസന്‍ കോയ ഈ പുസ്തകത്തിലെ അഞ്ചാം അധ്യായത്തില്‍. ഷാജി ചെന്നൈയുടെ ഓര്‍മ്മക്കുറിപ്പാവട്ടെ മഹാഗായകന്റൈ സംഗീത ശൈലികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഗായകിയെക്കുറിച്ചും (ഹിന്ദുസ്ഥാനിയിലെ ആലാപന വൈവിധ്യം) മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലെ അത്രയൊന്നും പ്രചാരത്തില്‍ വരാത്ത സത്യങ്ങളെക്കുറിച്ചും സമഗ്രമായ വിവരണമാണ് നല്‍കുന്നത്. ജഗ്ജീത്  സംഗീതത്തിന്റെ നന്മകള്‍ എടുത്തുപറയുന്നതിനൊപ്പം അദ്ദേഹത്തിനു സംഭവിച്ച ഭ്രംശങ്ങളും ആവര്‍ത്തന ശൈലിയില്‍ വന്നുപോയ പിഴവുകളും ഉദാഹരണ സഹിതം ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.  മഹാനായ ജഗജീത്ജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഈ പുസ്തകത്തെ ഒരു ഗസലായി പരിഗണിക്കാമെങ്കില്‍ അതാണ് ഷാജിയുടെ ലേഖനം.
അലീഗഢ് സര്‍വ്വകാലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കേ അപ്രതീക്ഷിതമായി ഗസലിന്റെ ലഹരിക്കടിപ്പെട്ടുപോയ ഡോ. ഉമര്‍ തറമേലിന്റെ ഓര്‍മ്മക്കുറിപ്പ് അക്കാദമിക് ജാഡകളുടെ ഭാരമോ കളങ്കമോ ഇല്ലാത്ത തെളിഞ്ഞതും നിഷ്‌കളങ്കവുമായ ഓര്‍മ്മകളും നിരീക്ഷണങ്ങളും അടങ്ങിയ മനോഹരമായ വായനാനുഭവമാണ് നല്‍കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഗസലിന്റെയും മോഹവലയത്തില്‍ കുരുങ്ങിയ നാളുകളിലൊന്നില്‍ സംഗീത പ്രേമിയായ സുഹൃത്തിനൊപ്പം അലീഗഢില്‍ നിന്ന് ദല്‍ഹിയിലെത്തി ആദ്യമായി ജഗ്ജീത് സിംഗിനെ കേട്ടു മറക്കാനാവാത്ത അനുഭവം ഗൃഹാതുരമായ ഭാഷയില്‍ ഡോ. ഉമര്‍ കോറിയിടുന്നു.
നദീം നൗഷാദ്(ശബ്ദ മാധുര്യത്തിന്റെ സൗന്ദര്യം.), ഷാജഹാന്‍ കാളിയത്ത് (മേരാ ഗീത് അമര്‍ കര്‍ദോ), കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ (ഗസലിലെ ഒറ്റമരക്കാട്), സജി ശ്രീവത്സം (വന്ദേഹം ദഗത് വല്ലഭം), കെ.പി. സുധീര (ഫൊര്‍ഗെറ്റ് മീ നോട്ട്), ഡോ. മുസബ് (ഒരു മഹാ പാരമ്പര്യത്തിന്റെ ഓര്‍മ്മ), പുസ്തകത്തിന്റെ എഡിറ്റര്‍ ഷാനവാസ് കൊനാരത്ത് (ഓര്‍മ്മയുടെ സ്‌കെച്ചുകള്‍ ) എന്നിങ്ങനെ ജഗ്ജീത് സിംഗിന്റെ ജീവിതവും സംഗീത സംഭാവനയും ഗസല്‍ ചരിത്രവും വിവരിക്കുന്ന പതിനഞ്ചോളം ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണീ കൃതി. കൂട്ടത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നുകൂടി പറയുന്നു. ഒരുപാടു പേരുടെ എഴുത്ത് ഒരാളെക്കുറിച്ച് തന്നെയാകുമ്പോള്‍ ആ വ്യക്തിയുടെ ജീവിതം സംബന്ധിച്ച വസ്തുതാവിവരണങ്ങളില്‍ ആവര്‍ത്തന വിരസത കടന്നുകൂടുക സ്വാഭാവികമാണ്. പലരുടെയും അറിവുകളും വിലയിരുത്തലുകളും പലതരത്തിലുള്ളതാകുമ്പോള്‍ വൈരുദ്ധ്യങ്ങളും കടന്നുകൂടാം. അത്തരത്തില്‍ ചില കല്ലുകടികള്‍ പുസ്തകത്തില്‍ അങ്ങിങ്ങായി കാണുന്നത് അവഗണിച്ചാല്‍ ജഗ്ജീത് സിംഗിനെക്കുറിച്ചുള്ള വായന സമഗ്രമാണിതില്‍. ജഗ്ജീത് സിംഗിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ ചിത്രങ്ങളടക്കം നൂറ്റി മുപ്പത് പേജുള്ള പുസ്തകം കോഴിക്കോട് റാസ്‌ബെറി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില-110 രൂപ.

2014, ജൂൺ 22, ഞായറാഴ്‌ച

നാദനീലിമയിലെ പൂത്തുമ്പികള്‍

രമേശ് അരൂര്‍


പ്രവാസികള്‍ക്ക് പുതിയ സംഗീത ഭാവുകത്വം സൃഷ്ടിക്കാന്‍ കഴിയും. നാട്ടില്‍ ഒരിടത്ത് സ്വസ്ഥമായിരുന്നു പാട്ട് കേള്‍ക്കുന്നവരെ പോലെയല്ല പ്രവാസിയുടെ സംഗീതാസ്വാദനം. ഒരു ജീവിതയാത്രയുടെ എല്ലാ പ്രതിസന്ധികള്‍ക്കും ഇടയില്‍ നിന്നുകൊണ്ടാണ് വീണുകിട്ടുന്ന വിലപിടിച്ച ഇടവേളയില്‍ പ്രവാസികള്‍ പാട്ടു കേള്‍ക്കുന്നത്. ആ കേള്‍വിക്ക് അതുകൊണ്ടുതന്നെ സ്വസ്ഥരുടെ കേള്‍വിയെക്കാള്‍ പ്രത്യേകതയുണ്ട്. ആ കേള്‍വിക്കാണ് ആത്മാവുള്ളത്. കലാകാരന്മാര്‍ക്കും പ്രവാസത്തിലൂടെയേ ആത്മനവീകരണം ലഭിക്കൂ. അപരിചിത സമൂഹത്തില്‍നിന്ന് കലാകാരന്‍ തിരുത്തലുകള്‍ക്ക് വിധേയനാകുന്നു.

രുഭൂമിയിലെ കാരുണ്യമില്ലാത്ത വെയില്‍ 49 ഡിഗ്രിയുടെ ചൂടറ്റത്തേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങിയ ജൂണ്‍ 17 ലെ പകലാണ് ഷറഫിയയിലെ സഫാരി ഹോട്ടലിന്റെ 402-ാം നമ്പര്‍ മുറിയുടെ കോളിംഗ് ബെല്ലില്‍ വിയര്‍പ്പുനനവുള്ള എന്റെ ചൂണ്ടുവിരല്‍ അമര്‍ന്നത്. വാതില്‍ തുറക്കപ്പെടാന്‍ നിമിഷങ്ങള്‍ പോലും വേണ്ടിവന്നില്ല. മുന്നില്‍ നീണ്ടുപടര്‍ന്ന മുടിയും നരച്ചുതുടങ്ങിയ ദീക്ഷയുമായി പ്രിയ ഗായകന്‍ ഷെഹബാസ്. കയ്യില്‍ ജപസ്വരങ്ങളുടെ മുത്തുപൊഴിക്കുന്ന ദസ്ബിമാല. ജീന്‍സും, കറുത്ത് അയഞ്ഞ ടീഷര്‍ട്ടും കഴുത്തില്‍ വെള്ളിവരകള്‍ പാകിയ വീതികുറഞ്ഞ ഷാളും. പ്രതീക്ഷ പോലെ പൂത്തുലഞ്ഞ ചിരിയും അകത്തേക്കുള്ള ക്ഷണവും.
അതിഥിയാരെന്ന ആകാംക്ഷയുടെ നോട്ടമെറിഞ്ഞ് തബലയില്‍ മാന്ത്രിക വിരലുകള്‍ കൊണ്ട് ചടുലതാളങ്ങളുടെ പ്രകമ്പനം സൃഷ്ടിക്കുന്ന റോഷന്‍ ഹാരിസ് അകത്തുണ്ട്. സംഗീത വഴിയിലെ ഇഷ്ട തോഴന്‍ റോഷന്‍ ഹാരിസിനോടൊപ്പമുള്ള ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ഷെഹബാസുമായി കൂടിക്കാഴ്ച മരുഭൂമിയില്‍ പെയ്ത മഴപോലെ അപ്രതീക്ഷിതം. ഇരുവരും ഒരുമിക്കുന്ന വേളകള്‍ അതു ഗസല്‍ ആയാലും വര്‍ത്തമാനമായാലും യാത്രയായാലും അനുഗമിക്കാന്‍ കഴിയുന്ന സംഗീത പ്രേമികള്‍ക്ക് മഹാഭാഗ്യം.

മലപ്പുറത്തെ പഴയ കാല്‍പ്പന്തുകളിക്കാലത്തിലേക്കു ഷെഹബാസിനെ കൂട്ടിക്കൊണ്ടു പോകാനെന്ന പോലെ ഹോട്ടല്‍ മുറിയിലെ ടെലിവിഷനില്‍ ലോകകപ്പിന്റെ ആവര്‍ത്തന സംപ്രേഷണം. പഴയകൂട്ടുകാരും പന്തുകളിയും ഗസലും ചേര്‍ന്ന കോമ്പിനേഷന്‍.

യാത്രകളിലൂടെ സംഗീതത്തിന്റെ പുതുവഴികളില്‍ സഞ്ചരിക്കുന്ന ഷെഹബാസും റോഷനും തീര്‍ഥാടനത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും ഭാഗമായാണ് ജിദ്ദയിലേക്കെത്തിയത്. മക്കയിലും മദീനയിലും പോയി. പ്രവാസികളായ പഴയകൂട്ടുകാര്‍ക്കുവേണ്ടി പാടാനുള്ള ക്ഷണവും കൂടിയായപ്പോള്‍ സദസ്സിനുമുന്നില്‍ ഓര്‍മകളുടെ സുഗന്ധം വിടര്‍ത്തുന്ന ഗസല്‍പ്പൂക്കള്‍ വിരിഞ്ഞു. സ്വരശലഭങ്ങള്‍ പറന്നുവന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ സൗദിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഷെഹബാസ് ജിദ്ദയില്‍ പാടുന്നത്. ആദ്യം സൂര്യ കൃഷ്ണമൂര്‍ത്തിയ്‌ക്കൊപ്പം ദമാമിലായിരുന്നു പരിപാടി. പിന്നീട് നവധാരയ്ക്കുവേണ്ടി റിയാദിലും. റിയാദില്‍ ജനബാഹുല്യം പ്രശ്‌നമായി. തുടക്കത്തില്‍ തന്നെ പാട്ട് നിര്‍ത്തേണ്ടിവന്നു. അതുകൊണ്ടാണ് ഇക്കുറി ചെറിയ സദസ്സിലേക്ക് ഗസല്‍ ചുരുക്കിയത്. പാടുന്നവരും ഗായകനും തമ്മിലുള്ള ദൂരം അലിഞ്ഞുപോയ കുഞ്ഞുമെഹ്ഫില്‍ ഇരുകൂട്ടരെയും ഏറെ ആനന്ദിപ്പിച്ചു.
പ്രവാസികള്‍ക്കിടയില്‍ പാടുന്നത് നാട്ടില്‍ പാടുന്നതിനെക്കാള്‍ സംതൃപ്തി നല്‍കാറുണ്ട്. ഏറെ ആഗ്രഹിച്ചും ക്ഷമയോടെ കാത്തിരുന്നുമാണ് പ്രവാസികള്‍ കലാകാരന്മാരെ സ്വീകരിക്കാറുള്ളത്. പാട്ടിലെ വിഭക്തിയല്ല അതിന്റെ ആത്മാവായ ഭക്തിയാണ് സംഗീതസ്‌നേഹികളായ പ്രവാസികള്‍ക്കിഷ്ടം. കളങ്കമില്ലാതെ ആ സംഗീതം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞാല്‍ അത്രസുഖം വേറെയില്ല.
മലയാളികള്‍ക്ക് ഗസലിനോടും ഹിന്ദുസ്ഥാനി സംഗീതത്തോടും ഇഷ്ടം വര്‍ധിച്ചിട്ടുണ്ട്.

ഉസ്താദ് മെഹ്ദിഹസനെയും, ഗുലാം അലിയേയും സ്ഥിരമായി കേള്‍ക്കുന്നവര്‍ പുതിയ ഗായകരെയും കേള്‍ക്കുന്നുവെങ്കില്‍ അതൊരു ഭാഗ്യമാണ്. സംഗീതത്തിന്റെ സാഗരമാണ് മെഹ്ദിയെപോലുള്ള പ്രതിഭകള്‍. ഒരാസ്വാദകന് അതിനപ്പുറം എത്താന്‍ വേറൊന്നും ഇപ്പോഴില്ല. പക്ഷെ ഗസലിന്റെ കടുത്ത ആരാധകരേക്കാള്‍ സാധാരണ ആസ്വാദകരോടാണ് എനിക്ക് കൂടുതല്‍ പ്രതിപത്തി. വളരാന്‍ സഹായിച്ചവര്‍ എന്ന ഒരാത്മബന്ധം കൂടി സാധാരണ ആസ്വാദകരോടുണ്ട്. ഞങ്ങളെപ്പോലുള്ള പാട്ടുകാര്‍ വെറും കവാടങ്ങള്‍ മാത്രമാണ്. ഗുരുക്കന്മാരുടെ അമൂല്യ സംഭാവനകളുടെ അരികിലേക്ക് സാധാരണക്കാരനെ പ്രവേശിപ്പിക്കുന്ന കവാടം - ഷെഹബാസ് വിനീതനാകുന്നു.  ഗസല്‍ സംഗീതം ഒരു തീര്‍ഥാടനമാണ്. എങ്കില്‍ മെഹ്ദി അതിന്റെ ലക്ഷ്യസ്ഥാനമാണ്.

ലോകം റെക്കോര്‍ഡുകളിലൂടെയും യൂട്യൂബിലൂടെയും ഉപഭൂഖണ്ഡ സംഗീതം കേള്‍ക്കുമ്പോള്‍ ഹിന്ദുസ്ഥാനിയിലെയും കര്‍ണാടക സംഗീതത്തിലേയും മഹാ പ്രതിഭകളില്‍ നിന്നും ഗുരുസ്ഥാനീയരില്‍ നിന്നും നേരിട്ട് പാട്ടുകേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്‍.

മെഹ്ദി ഹസനും ഗുലാംഅലിയും ബിസ്മില്ലാഖാനും ചൗരസ്യയുമെല്ലാം മലയാളികളെ തേടിവന്നു. എന്നിട്ടും സംഗീതലോകത്ത് മലയാളികളുടെ തനത് സംഭാവന എന്തെന്നു ചോദിച്ചാല്‍ പാടിപ്പാടി വിഷമായ പാട്ടുകളും അനുകരണങ്ങളും മാത്രം എന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ വിഷമയമായ വേപ്പിലയും പച്ചമുളകും അറബ് ലോകം തിരസ്‌കരിച്ചതുപോലെ നമ്മുടെ സംഗീതവും നാളെ ലോകം തിരസ്‌കരിക്കും.
നമ്മുടെ സംഗീത പാരമ്പര്യത്തില്‍ ഇന്ത്യന്‍ ക്ലാസിക് സംഗീതം അതിന്റെ തനത് രൂപത്തില്‍ ഒരിടത്തുണ്ട്.
സാധാരണ ജനങ്ങളെ അങ്ങോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് സംഗീതജ്ഞര്‍ ഏറ്റെടുക്കേണ്ടത്.  ബോളിവുഡ് സിനിമപോലും ഉസ്താദ് ബഡേഗുലാം അലിഖാനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുണ്ട്. അത് ഉത്തരേന്ത്യന്‍ സമൂഹത്തിന് സംഗീതത്തോടുള്ള സമര്‍പ്പണത്തിന്റെ പ്രതീകമാണ്. ക്ലാസിക് സംഗീതത്തേയും ഗസലുകളേയും ബീഗം അഖ്തറില്‍ നിന്നും ബഡേ ഗുലാം അലിഖാനില്‍ നിന്നും സ്വീകരിച്ച് വിഷാദമധുരമായി പുതുകാലത്തിലെ ജനഹൃദയങ്ങളിലെത്തിക്കാന്‍ ജഗ്ജിത് സിംഗിനെയും തലത്ത് മെഹ്മൂദിനെയും പോലുള്ള സംഗീതജ്ഞര്‍ക്കു കഴിഞ്ഞു. മിര്‍സാ ഗാലിബിന്റെ രചനകളും ഗസലിന്റെ വര്‍ധിച്ച ജനപ്രീതിക്ക് കാരണമായി. തലത്ത് മെഹ്മൂദിനെ അതുകൊണ്ടാണ് ആധുനിക ഗസലിന്റെ പിതാവെന്ന് വിളിക്കുന്നത്. ഇവരെ പോലുള്ളവര്‍ തുറന്നിട്ട പാലം വഴിയാണ് മെഹ്ദിയെ പോലുള്ള ഗുരുസ്ഥാനീയരുടെ സംഗീത വഴിയിലേക്ക് നല്ല ആസ്വാദകര്‍ എത്തിച്ചേര്‍ന്നത്. ഇത്തരം സമര്‍പ്പണം ദക്ഷിണേന്ത്യന്‍ സംഗീതജ്ഞരില്‍ എന്തുകൊണ്ടോ കാണാന്‍ കഴിയുന്നില്ല.

ഹിന്ദുസ്ഥാനി സംഗീത കുലപതികളിലൊരാളായ ഉസ്താദ് ഫയാസ് ഖാന്‍ മുറ്റത്ത് പന്തലിട്ട് സംഗീത സാധന നടത്തുകയും അത് കേള്‍ക്കാനെത്തുന്ന നൂറുകണക്കിനുപേര്‍ക്ക് കട്ടന്‍ചായ കൊടുക്കുകയും ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. ഇങ്ങനെ പരസ്യമായി സാധകം ചെയ്യാന്‍ ധൈര്യമുള്ള എത്ര സംഗീതജ്ഞര്‍ ഇപ്പോള്‍ ഉണ്ട്? സംഗീതജ്ഞര്‍ എന്നു പറയപ്പെടുന്ന ആളുകള്‍ സംഗീതസംസ്‌കാരത്തിന്റെ ഭാഗമാകുന്നതിനു പകരം സംഗീത വ്യവസായത്തിന്റെ ഭാഗമാവുകയാണ്. മുപ്പതും നാല്പതും വര്‍ഷം മുമ്പ് ആരൊക്കെയോ ചെയ്തുവെച്ച പാട്ടുകള്‍ ഇപ്പോള്‍ പണമാക്കുന്ന ജോലിയിലാണ് പുതിയ ആളുകള്‍. ഇത് അനുവദിച്ചു കൂടാ. സംഗീത സ്‌നേഹികളായ ജനങ്ങള്‍ ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നിരന്തരം പാടിയാല്‍ പാട്ടുകള്‍ കേടാകും. അങ്ങനെ പാടിപ്പാടി നമ്മുടെ പല പാട്ടുകളും വിഷമായി മാറിക്കഴിഞ്ഞു. ഒറിജിനലിന്റെ സ്വഭാവത്തിലും ഗുണത്തിലും നിന്ന് അവ എത്രയോ മാറിപ്പോയിരിക്കുന്നു. പാക്കേജ് പോലുള്ള സംഗീതം പാടില്ല. ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് പുതിയ ഭാവുകത്വം സൃഷ്ടിക്കാന്‍ കഴിയും. നാട്ടില്‍ ഒരിടത്ത് സ്വസ്ഥമായിരുന്നു പാട്ട് കേള്‍ക്കുന്നവരെ പോലെയല്ല പ്രവാസിയുടെ സംഗീതാസ്വാദനം. ഒരു ജീവിതയാത്രയുടെ എല്ലാ പ്രതിസന്ധികള്‍ക്കും ഇടയില്‍ നിന്നുകൊണ്ടാണ് വീണുകിട്ടുന്ന വിലപിടിച്ച ഇടവേളയില്‍ പ്രവാസികള്‍ പാട്ടു കേള്‍ക്കുന്നത്. ആ കേള്‍വിക്ക് അതുകൊണ്ടുതന്നെ സ്വസ്ഥരുടെ കേള്‍വിയെക്കാള്‍ പ്രത്യേകതയുണ്ട്. ആ കേള്‍വിക്കാണ് ആത്മാവുള്ളത്. കലാകാരന്മാര്‍ക്കും പ്രവാസത്തിലൂടെയേ ആത്മനവീകരണം ലഭിക്കൂ. അപരിചിത സമൂഹത്തില്‍ നിന്ന് കലാകാരന്‍ തിരുത്തലുകള്‍ക്ക് വിധേയനാകുന്നു.

സംഗീതത്തില്‍ സ്വന്തം വഴിതുറക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കെ.ഇ.എഫ് 1126 എന്ന ആല്‍ബം തയ്യാറാക്കിയിട്ടുള്ളത്, ഇതിന്റെ പ്രമോ  യൂട്യൂബില്‍ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു സഞ്ചാരം. റൂമി, ഷെഹബാസ് കലന്തര്‍, മഹ്മൂദ് ദര്‍വേഷ്, ജിയ ലത്തീഫ് തുടങ്ങിയ സൂഫികവികളുടെ അമൂല്യ വീക്ഷണങ്ങളും കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഗാനങ്ങളാക്കി അവതരിപ്പിക്കുകയാണ് ഈ ആല്‍ബത്തില്‍. മികച്ച വായനയുടെ ഉടമകൂടിയായ ഷെഹബാസ് തന്നെയാണ് ഈ കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. നേരത്തെ പാബ്ലോ നെരൂദയുടെ കവിത ജോയ്മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമക്കുവേണ്ടി എഴുതി ചിട്ടപ്പെടുത്തിയത് ഷെഹബാസ് തന്നെയാണ്.

ഈ രാത്രിയില്‍ ഞാനെഴുതുന്നു.. 
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത.

അക്കാദമിക് തലത്തില്‍ അല്ലാതെ ഈശ്വരനിലേക്ക് സഞ്ചരിക്കാനുള്ള ഒരു ശ്രമം. ദൈവത്തിലേക്കുള്ള വിവിധ വഴികളെക്കുറിച്ചുള്ള ഒരന്വേഷണവുമാണിത്. മിസ്റ്ററിയില്‍നിന്ന് മിസ്റ്റിക് വഴികണ്ടെത്തുന്ന ജാലവിദ്യ. സംഗീതത്തിന്റെ ഇരുനൂറുവര്‍ഷങ്ങളിലേക്കുള്ള ഒരു സഞ്ചാരവും കൂടിയാണ് പുതിയ സംരംഭം. സംഗീതത്തില്‍ ഒരാള്‍ക്ക് എന്തും ആകാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റ് മേഖലകളില്‍ ഇത് പറ്റില്ല. ഒരാള്‍ക്ക് റിമിടോമിയായും മെഹ്ദിഹസനായും ജീവിക്കാം.
സിനിമയിലോ സാഹിത്യത്തിലോ ആയാലും പലരും നടന്ന വഴികളിലൂടെ സഞ്ചരിക്കുന്നതിനോട് യോജിപ്പില്ല. മാറി സഞ്ചരിക്കുന്നവരെ ഭ്രാന്തന്മാര്‍ എന്നു മുദ്ര കുത്തി ഒറ്റപ്പെടുത്തുന്ന പഴയ ശൈലി പോലും മാറിപ്പോയി. ഇന്ന് ഭ്രാന്തന്റെ ചിന്തകള്‍ അറിയാനും അവയെ പിന്തുടരാനും ആളുകളുണ്ട്.
Roshan Haris and Shehbaz Aman
ഗുരുക്കന്മാരില്‍ പ്രധാനിയായ ഹാരിസ് ഭായിയുടെ പ്രിയപുത്രന്‍  റോഷനുമൊത്തുള്ള സംഗീതയാത്രയാണ് ഷെഹബാസിനെ ഈണങ്ങളുടെ മാന്ത്രികനാക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള കാര്യങ്ങളെന്തൊക്കെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനെക്കാള്‍ എളുപ്പം ഒരുമിക്കാത്ത കാര്യങ്ങളേതെന്നു പറയുകയാണ്. 2001 മുതല്‍ രണ്ടുപേരും തമ്മിലുള്ള കോമ്പിനേഷന്‍ സംഗീത സദസ്സുകളെ ആനന്ദിപ്പിച്ചുവരുന്നു. ഈ ചേര്‍ച്ചയെ ശാസ്ത്രീയമായോ യുക്തിപരമായോ അക്കാദമിക്കലായോ അളക്കാന്‍ കഴിയില്ല. പാട്ടും താളവും ഒരേപോലെ സ്വകാര്യവും അതേ പോലെ ആനന്ദ നിര്‍ഭരവും ആകുന്ന വേളകളുടെ അപൂര്‍വ്വ സങ്കലനമാണ് ഇരുവരും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്നത്. തബലയിലും ഹിന്ദുസ്ഥാനിയിലും അഗാധപാണ്ഡിത്യമുള്ള റോഷന്‍ സംഗീത പരിപാടികള്‍ക്കു പുറമെ ഖരാന എന്നു പേരുള്ള വീട്ടില്‍ തബലയുടെ സാധ്യതകളെന്തെന്നു പുതുതലമുറയെ പഠിപ്പിക്കുന്നതിനുവേണ്ടി പന്ത്രണ്ട് വര്‍ഷമായി ശില്‍പശാലകള്‍ നടത്തുന്നുണ്ട്. പിതാവ് തന്നെയാണ് റോഷന്റെ ഗുരു. കൊല്‍ക്കത്തയില്‍ രവീന്ദ്രനാഥ ടാഗോര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള നിഖില്‍ഭാരത് സംഗീത വിദ്യാലയത്തില്‍നിന്ന് തബലയില്‍  വിശാരദ് കോഴ്‌സ് സ്വര്‍ണമെഡലോടെ പൂര്‍ത്തിയാക്കിയ റോഷന്‍ സഹസംഗീതജ്ഞരുമായുള്ള 'സംഗ'ങ്ങളില്‍ നിന്നാണ് ഉപരിപഠനത്തിന്റെ സാധ്യതകള്‍ തേടുന്നത്.
Malayalam News Sunday Plus 2014 June 22

2014, ജൂൺ 8, ഞായറാഴ്‌ച

ഹൗസ് ഡ്രൈവര്‍ പണി നിര്‍ത്തി പാട്ടിനു പോയി


രമേശ് അരൂര്‍


രു വ്യാഴവട്ടക്കാലത്തിലധികമായി കുടുംബ പ്രാരബ്ധങ്ങളുടെ ചുമടുകള്‍ കയറ്റിയ ജീവിത വണ്ടി ഓട്ടാന്‍ അറബികളുടെ വാഹനങ്ങളുടെ ചക്രം തിരിക്കുന്ന 58 കാരനായ മുഹമ്മദ് എന്ന ഹൗസ്‌ഡ്രൈവര്‍ പണി ഉപേക്ഷിച്ച് അയാളുടെ പാട്ടിനു പോവുകയാണ്. പണി മടുത്തിട്ടോ തൊഴിലിടത്തില്‍ പീഡനമുണ്ടായിട്ടോ അല്ല അദ്ദേഹം മരുഭൂമി വിട്ടുപോകുന്നത്. പടച്ചവന്റെ കാരുണ്യം കൊണ്ട് കാലചക്രം ദിശതെറ്റാതെ പിന്നോട്ട് ഉരുണ്ടുപോകുന്നതിനിടയില്‍ എല്ലാം നന്നായിതന്നെ നടക്കുന്നുണ്ടായിരുന്നു.

മരുഭൂമിയിലെ യാത്ര തുടങ്ങുമ്പോള്‍ തലയില്‍ ഏറ്റിയിരുന്ന ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി ഇറക്കി വെക്കാന്‍ കഴിഞ്ഞു. രണ്ടു പെണ്‍കുട്ടികളെയാണ് പടച്ചവന്‍ തന്നത്. മക്കളെ പഠിപ്പിച്ച് ഓരോരോ നിലകളിലാക്കി അന്തസ്സോടെ അവരുടെ വിവാഹം നടത്തി. കുട്ടികളെ പഠിപ്പിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി പലപ്പോഴായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങള്‍ വരുന്ന കടങ്ങള്‍, പലിശയും കൂട്ടുപലിശയും മുതലുമായി പെരുകി കിടന്നിരുന്നത് ഒന്നൊന്നായി വീട്ടി. വിശ്രമ കാലത്ത് കയറിക്കിടക്കാന്‍ വൃത്തിയും അടച്ചുറപ്പും ഉള്ള വീട് ഒരെണ്ണം തട്ടിക്കൂട്ടി. ആപത്തില്‍ സഹായിച്ചവരോട് സലാം പറഞ്ഞു. ഇനി മരുഭൂമിയില്‍ നിന്ന് നാടിന്റെ പച്ചപ്പിലേക്ക് മടങ്ങാനുള്ള നേരമായെന്ന് ഉള്ളിലിരുന്ന് ആരോ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഉള്‍വിളി സഹിക്കാതായപ്പോള്‍  ഒരുദിവസം രാത്രി ഓട്ടത്തിനിടയില്‍ മുഹമ്മദ് തൊഴിലുടമയായ അറബിയോട് പറഞ്ഞു:

- എനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ സമയമായി. 

മുഹമ്മദിന്റെ ആവശ്യം കേട്ടപ്പോള്‍ അവധി ചോദിക്കുകയാണെന്ന് കരുതി അദ്ദേഹം മുഷിഞ്ഞു:

എന്തായിത് മുഹമ്മദ്... നീ നാട്ടില്‍ പോയി വന്നിട്ട് അധിക കാലമായില്ലല്ലോ... 

അവധിയല്ല മരുഭൂമിയില്‍ നിന്നുള്ള അവസാന മടക്കമാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ സഡന്‍ ബ്രേക്കിട്ട കാറിന്റെ ടയര്‍പോലെ മുതലാളിയുടെ വാക്കുകള്‍ ഇരുട്ടില്‍ ഉരഞ്ഞു. തെല്ലു നിശ്ശബ്ദതക്കുശേഷം അദ്ദേഹം ചോദിച്ചു, നാട്ടില്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന്...

ഒട്ടും ആലോചിക്കാതെ മുഹമ്മദിന്റെ മറുപടി: എനിക്കെന്റെ പാട്ട് വീണ്ടെടുക്കണം.

അര്‍ബാബിന് കാര്യം മനസിലായി. പാട്ടെന്നു കേട്ടാല്‍ എല്ലാം മറക്കുന്ന മുഹമ്മദിനെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് അര്‍ബാബിനറിയാം.
സംഗീതപ്രിയനായ അറബി മുഹമ്മദിന്റെ തിരിച്ചുപോക്കിന്് പച്ചക്കൊടി കാട്ടി. അങ്ങനെ മുഹമ്മദ് മരുഭൂമിയില്‍ വണ്ടിയോടിക്കല്‍ നിര്‍ത്തി അയാളുടെ ജീവന്റെ ജീവനായ പാട്ടിന്റെ കൂട്ടുതേടി പോവുകയാണ്. 

തലമുറകളായി സംഗീതത്തെ താരാട്ടു തൊട്ടിലിലാട്ടിയ കോഴിക്കോടിന്റെ മകനാണ് മുഹമ്മദ്. മൊണാലിസ മുഹമ്മദ് എന്നു വിളിക്കുന്ന എരഞ്ഞിക്കല്‍ പൂമക്കോത്ത് മുഹമ്മദ് ഗസ്‌നിയെന്ന ഹൗസ്‌ഡ്രൈവറെ കണ്ടുമുട്ടിയതും വര്‍ത്തമാനം പറയാന്‍ അവസരം കിട്ടിയതും മരുഭൂമിയിലെ സംഗീതപ്രേമികള്‍ പ്രായം മറന്ന് ഒരുമിച്ചുകൂടിയ ഒരു മെഹഫില്‍ രാവിലാണ്. കോഴിക്കോട് മ്യൂസിക് ലവേഴ്‌സ് എന്ന സംഗീതകൂട്ടായ്മയായിരുന്നു ആതിഥേയര്‍. 
ജിദ്ദയിലെ എല്ലാത്തരം പാട്ടുകാരും നാദാര്‍ച്ചന നടത്തിയ ആ രാവില്‍ മുഹമ്മദിന് ജിദ്ദയിലെ സംഗീത സമൂഹം നല്‍കിയ ആദരവും സ്‌നേഹപൂര്‍ണമായ യാത്രയയപ്പും കൂടിയായിരുന്നു അത്. 

പതിനഞ്ച് വര്‍ഷം മുമ്പ് സൗദിയില്‍ ഡ്രൈവര്‍ പണിക്കെത്തിയതാണ് മുഹമ്മദ്. ആദ്യം റിയാദിലായിരുന്നു. അമേരിക്കന്‍ സ്‌കൂള്‍ബസ് ഡ്രൈവറുടെ ജോലിയായിരുന്നു. പിന്നീട് പലപ്പോഴായി പല കാരണങ്ങളാല്‍ വിസകള്‍ മാറിമാറി പതിനഞ്ചാം വര്‍ഷം നാട്ടിലേക്കുമടങ്ങാന്‍ പെട്ടികെട്ടുന്നത് ആറാമത്തെ സ്‌പോണ്‍സറും സംഗീത പ്രേമിയുമായ അബ്ദുല്ല അല്‍ ജുഹൈദിന്റെ വീട്ടുഡ്രൈവര്‍ എന്ന പദവി ഉപേക്ഷിച്ചാണ്. ഇക്കാലമത്രയും പരിപാലിച്ച മരുഭൂമിയോട് സലാം പറഞ്ഞുകൊണ്ട്. കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം എന്‍ജിനിയറാണ് മുഹമ്മദിന്റെ ബോസ്.  

ജിദ്ദയിലെ സംഗീത സഭകളിലെ സ്ഥിര സാന്നിധ്യമായ മുഹമ്മദിന്റെ പാട്ട് സ്വരസ്ഥാനങ്ങളുടെ മര്‍മ്മം അറിവുള്ള ജ്ഞാനസ്ഥന്റേതാണെന്ന് ആ മൂളല്‍ കേള്‍ക്കുമ്പോള്‍ തന്നെ ആരും സമ്മതിച്ചുപോകും. അത്ര മധുര മനോഹരമാണത്. ഹാര്‍മോണിയത്തിലൂടെ ആ കൈകള്‍ ഒഴുകുന്നതിനൊപ്പം ശ്രോതാക്കളുടെ ആത്മാവിലേക്ക് അനുഭൂതിയായി പാട്ടും പെയ്തിറങ്ങുന്നത് അനുഭവിച്ചുതന്നെ അറിയണം. ഗസലുകളും ശാസ്ത്രീയാടിത്തറയുള്ള ഗാനങ്ങളുമാണ് മുഹമ്മദിനിഷ്ടം. 

അയാള്‍ ഓടിക്കുന്ന വണ്ടിയില്‍ മുതലാളിയും കുടുംബവും മാത്രമായിരിക്കില്ല യാത്ര ചെയ്യുന്നത്. എങ്ങോട്ടുപോയാലും സന്തത സഹചാരിയെപ്പോലെ ഹാര്‍മ്മോണിയപ്പെട്ടിയുമുണ്ടാകും. സംഗീതസ്‌നേഹികളായ  മരുഭൂമിയിലെ മറ്റ് ചങ്ങാതിമാര്‍ക്കൊപ്പം പാട്ടിന്റെ കെട്ടഴിക്കാനുള്ള ഒരവസരവും മുഹമ്മദ് പാഴാക്കാറില്ല. ബാബുരാജും, മെഹ്ദി ഹസനും, ജഗജിത് സിംഗും, ദക്ഷിണാമൂര്‍ത്തി സംഗീതവുമെല്ലാം മുഹമ്മദിന്റെ ആലാപനത്തില്‍ ശ്രുതിഭദ്രവും താളനിബദ്ധവുമാണ്. പണികഴിഞ്ഞ് മുറിയിലെത്തിയാല്‍ കാറില്‍ നിന്ന് ഹാര്‍മ്മോണിയം നേരെ മുറിയിലെത്തും. വിശ്രമവേളകളില്‍ ഹാര്‍മ്മോണിയത്തില്‍ നിന്ന് പറക്കുന്ന നാദശലഭങ്ങളെ മനസിന്റെ കൂട്ടിലിണക്കാന്‍  കൊതിച്ച് മുതലാളിയും മക്കളും കൂടി എത്തുന്നതോടെ അതൊരു കുഞ്ഞുമെഹ്ഫിലാകും. മറ്റ് കേള്‍വിക്കാരില്ലെങ്കില്‍ മക്കളെയും പേരക്കുട്ടികളെയും സ്‌കൈപ്പിലൂടെ വിളിച്ചിരുത്തി പാടിക്കേള്‍പ്പിക്കും. ഇങ്ങനെ പാട്ടിനിടയില്‍ ചക്രം തിരിച്ചും ഇന്നലെകള്‍ ഇന്ധനമാക്കിയും ഹൈ സ്പീഡിലായിരുന്നു മരുഭൂമിയില്‍ മുഹമ്മദിന്റെ രാപ്പകലുകള്‍ ഓടിമറഞ്ഞത്.

തിക്കും തിരക്കും പിടിച്ച ജീവിതപ്പാതയുടെ വളവുതിരിവുകളിലൂടെ മുഹമ്മദിന്റെ വണ്ടി ചീറിപ്പായുമ്പോഴും വിട്ടുപിരിയാത്ത ചങ്ങാതിയെപോലെ പാട്ടും അയാള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. 

ഗള്‍ഫിലെത്തുന്നതിനുമുമ്പ് പൂത്തുലഞ്ഞു പരിമളം പരത്തിയിരുന്ന മനോഹരമായ ഒരു കലാവസന്തമുണ്ടായിരുന്നു നാട്ടില്‍ അയാള്‍ക്ക്. പാട്ടും, നാടകവും, ഗസലും, മെഹ്ഫിലും, യാത്രകളും, പൊട്ടിച്ചിരികളും കൊണ്ട് ഉത്സവ സമാനമായിരുന്നു അന്നത്തെ ജീവിതം. 
പാട്ടിന്റെ നൊസ്സ് കോഴിക്കാട്ടുകാരന് ജന്മസിദ്ധമായി കിട്ടുന്ന വരമാണ്. പാട്ട് പാടാനും കേള്‍ക്കാനും കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണം എന്ന മോഹമുദിച്ചത്. കോഴിക്കോട്ട് അക്കാലത്തെ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും റേഡിയോ ആര്‍ട്ടിസ്റ്റുമായ എസ്.എം. കോയയാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. പക്ഷെ കര്‍ണാടക സംഗീതം എന്തെന്ന് നന്നായി മനസിലാക്കാന്‍ തുടങ്ങിയത് കുഞ്ഞിക്കേളു ഭാഗവതരുടെ ശിഷ്യനായതോടെയാണ്. സംഗീതം ഒരുപാസനയാണെന്നും എല്ലാത്തരം വേര്‍തിരിവുകളേയും നിഷ്പ്രഭമാക്കുമെന്നും ജ്ഞാനോദയമുണ്ടായ കാലം കൂടിയായിരുന്നു അത്. 

ഈസ്റ്റ് ഹില്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയതാണ് നാടകത്തോടുള്ള പ്രണയം. സി.എല്‍. ജോസിന്റെ നൊമ്പരങ്ങള്‍ എന്ന നാടകത്തില്‍ നായകന് പകരക്കാരനായാണ് അരങ്ങേറ്റം. കോഴിക്കോട് നഗരസഭയുടെ ആദ്യകാല മേയര്‍ വി. കുട്ടിക്കൃഷ്ണന്‍ നായരുടെ മരുമകന്‍ മധുസൂദനനായിരുന്നു സംവിധാനം. നായകന്റെ റോള്‍ മറ്റൊരു വിദ്യാര്‍ഥിക്കായിരുന്നു. മുഹമ്മദിന് അണിയറയില്‍ നിന്ന് നടീനടന്മാര്‍ക്ക് ഡയലോഗുകള്‍ പറഞ്ഞുകൊടുക്കുന്ന പ്രോംപ്റ്ററുടെ ചുമതലയാണ് സംവിധായകന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും മുഹമ്മദിന്റെ സംഭാഷണങ്ങള്‍ നായക നടനെ കവച്ചുവെക്കും വിധം വികാരതീവ്രമാണെന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു. അതോടെ പ്രോംപ്റ്റര്‍ക്ക് അണിയറയില്‍ നിന്ന് അരങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടി. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രിക്കാലം ആയപ്പോഴേക്കും പാട്ടിന്റെയും നാടകത്തിന്റെയും ലഹരി തലയ്ക്ക് പിടിച്ചിരുന്നു.

ഇതിനിടയില്‍ ശരച്ചന്ദ്ര മറാഠെയില്‍ നിന്ന് കുറച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു, വയലിനിസ്റ്റായ സി.എം. വാടിയിലും, ഗെദ്ദു (ഗീതം) ഫെയിം ഉമ്മറും മുഹമ്മദിന്റെ സംഗീതാഭിരുചിയെ കൂടുതല്‍ ജ്വലിപ്പിച്ചു.
നാടക പ്രതിഭകളായിരുന്ന കോഴിക്കോട് ശാന്താദേവി, സല്ലാപം ശാരദ, എല്‍.സി സുകുമാരന്‍, ഭാസ്‌കരക്കുറുപ്പ്, ജോസ് തോട്ടമുക്ക്  എന്നിവര്‍ക്കൊപ്പം അമച്വര്‍ നാടകവേദിയിലും മുഹമ്മദ് തിളങ്ങി. കോഴിക്കോട് നഗരത്തില്‍ മുഹമ്മദ് പാടാത്ത മെഹ്ഫിലുകളും, നാടകം കളിക്കാത്ത അരങ്ങുകളും ഇല്ലായിരുന്നു അക്കാലത്ത്. 
നാടകവും പാട്ടുമായി നാടുതെണ്ടിയ മുഹമ്മദിന് മൂക്കുകയര്‍ ഇടാന്‍ യാഥാസ്ഥിതികരായ വീട്ടുകാര്‍ തീരുമാനിച്ചു. അങ്ങനെയാണ് 24-ാം വയസില്‍ ഇടിയങ്ങരക്കാരി ഷംഷാദ് ബീഗം ജീവിതഗാനത്തിന്റെ ശ്രുതിലയമാകുന്നത്. ആ ദാമ്പത്യ വല്ലരിയില്‍ രണ്ട് പെണ്‍ കുസുമങ്ങള്‍ വിരിഞ്ഞു. നൗഫീറയും, ബിന്‍സീറയും. നാടകവും സംഗീതവും പോലെ ഇടത്തും വലത്തുമായി വളര്‍ന്നുവന്ന മക്കളിലേക്കും ഉപ്പയുടെ കലാസാധനയുടെ തീപ്പൊരി പാറിവീണിരുന്നു. പഠനകാലത്ത് അവര്‍ പ്രകടിപ്പിച്ച കലാ സാഹിത്യ മികവുകള്‍ക്ക് ലഭിച്ച വലിയ പുരസ്‌കാരങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.

ഔപചാരിക വിദ്യാഭ്യാസത്തില്‍ മത്സരിച്ചു മുന്നിലെത്തിയ മുഹമ്മദിന്റെ പെണ്‍കുട്ടികള്‍ പഠനത്തിനൊപ്പം സംഗീതവും ശാസ്ത്രീയമായി അഭ്യസിച്ചു. രണ്ടാളും വേദികളില്‍ പാടി നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഉപ്പയെ പോലെ നാടകം ഇഷ്ടപ്പെട്ട മൂത്തമോള്‍ നൗഫീറ, മരീചിക എന്ന നാടകത്തില്‍ ഉപ്പയോടൊപ്പം അഭിനയിക്കുകയും ചെയ്തു. മുറപ്പെണ്ണിന്റെയും മുറച്ചെറുക്കന്റെയും വേഷപ്പകര്‍ച്ചയിലായിരുന്നു വേദിയില്‍ ഇരുവരും തകര്‍ത്ത് അഭിനയിച്ചത്. ഭാര്യയും മക്കളുമൊക്കെയായെങ്കിലും പാട്ടും നാടകവും കൈവിട്ടുകളയാന്‍ മുഹമ്മദിനായില്ല. പക്ഷേ ജീവിക്കാന്‍ ഒരുവരുമാനം കണ്ടെത്തുകയും വേണം. അങ്ങനെയാണ് നാടകത്തിനും നൃത്തത്തിനുമെല്ലാം ചമയങ്ങളും ഉടയാടകളും വാടകയ്ക്കു കൊടുക്കുന്ന മൊണാലിസ എന്ന സ്ഥാപനത്തിന് തുടക്കമാവുന്നത്. അതോടെ കോഴിക്കോട്ടുകാര്‍ മുഹമ്മദിനെ മൊണാലിസ മുഹമ്മദ് എന്ന് വിളിക്കാന്‍ തുടങ്ങി. ഇക്കാലത്ത് ദേവന്‍ എടക്കാടിന്റെ മനസാക്ഷി, എ.കെ. അബ്ദുല്ലയുടെ ഉല്‍ക്കകള്‍ തുടങ്ങി നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.

ജീവിതാവശ്യങ്ങള്‍ക്കൊപ്പം കുട്ടികളും അവരുടെ വിദ്യാഭ്യാസ ചെലവുകളും വളര്‍ന്നു വലുതായതോടെ കളി കാര്യമായി. നാടകവും പാട്ടുമായി നടന്നാല്‍ പഠിക്കാന്‍ മിടുക്കികളായ കുട്ടികളുടെ ഭാവി ഇരുളിലാണ്ടുപോകുമെന്ന് ഭയപ്പെട്ട മുഹമ്മദ് നാടകമോഹത്തിനും പാട്ടിനും മേലെ കര്‍ത്തവ്യബോധത്തിന്റെ തിരശ്ശീല വലിച്ചിട്ട് ഗള്‍ഫിലേക്കു പറന്നു. നാട്ടിലായിരുന്നപ്പോള്‍ ഡ്രൈവിംഗ് പഠിച്ചത് ഗള്‍ഫില്‍ എളുപ്പം ജോലി നേടാന്‍ സഹായകമായി. അങ്ങനെയാണ് ഹെവി ഡ്രൈവറായി റിയാദിലെ അമേരിക്കന്‍ സ്‌കൂളിലെത്തിയത്. റിയാദില്‍ നിന്ന് മാറി പിന്നീട് ദമാം, ജുബൈല്‍ എന്നിവിടങ്ങളില്‍ വളയം തിരിച്ച് മുഹമ്മദ് ജിദ്ദയിലെത്തിയപ്പോഴേക്കും വര്‍ഷം പതിനഞ്ച് കടന്നുപോയിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ വലുതായി ഒരുപാട് ഉയരങ്ങളിലെത്തി. മൂത്ത മകള്‍ നൗഫീറ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പഠിച്ച് ഡോക്ടറായി. ഇപ്പോള്‍ ഖത്തര്‍ ഹമദ് ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. നൗഫീറയുടെ ഭര്‍ത്താവ് വി. ഫൈസലും അവിടെ എം.ഡി. ബിരുദമുള്ള ഡോക്ടറാണ്. 

ഇളയ മകള്‍ ബിന്‍സീറ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് പാസായി. ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ഭര്‍ത്താവ് പി.സി. ഫൈസലും കുട്ടിയുമൊത്ത് സസുഖം ജീവിക്കുന്നു. മക്കളെ പഠിപ്പിക്കാനും വീട്ടുചെലവുകള്‍ നിര്‍വഹിക്കാനുമായി പലപ്പോഴായി വാങ്ങിക്കൂട്ടിയ ലക്ഷക്കണക്കിനു രൂപയുടെ കടം മുഴുവന്‍ ഹൗസ്‌ഡ്രൈവര്‍ പണിയില്‍ നിന്ന് കിട്ടിയ തുച്ഛവരുമാനം കൊണ്ട് മുഹമ്മദ് ഓരോ കാലത്തായി കൊടുത്തു തീര്‍ത്തു. പണിയെടുത്തു മുഷിയുന്ന ഇടവേളകളിലും രാത്രികളിലും മരുഭൂമിയിലെ സംഗീത വേദികളില്‍ പാട്ടുപാടി.

ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ കരുത്തുനല്‍കിയത് ഉള്ളില്‍ തേന്‍ചുരത്തി നിന്ന സംഗീതവും പ്രിയസഖി ഷംഷാദിന്റെ ത്യാഗം നിറഞ്ഞ സഹകരണവുമാണെന്ന് മുഹമ്മദ് പറയുന്നു. 

ഇപ്പോള്‍ മനസ്സ് ശാന്തമാണ്. ഖത്തറിലും ദുബായിലുമുള്ള മക്കളെയും മരുമക്കളെയും കാണണം. പേരക്കുട്ടികള്‍ക്ക് വല്യുപ്പാന്റെ കരളിലെ സംഗീതമധുരം പകരണം. ഹാര്‍മോണിയത്തിന്റെ മധുരസ്വരത്തിനൊപ്പം വല്യുപ്പയുടെ പാട്ടുകേള്‍ക്കുമ്പോള്‍ കുഞ്ഞുമക്കളും സന്തോഷത്തോടെ ഏറ്റുപാടാന്‍ ശ്രമിക്കുന്നുണ്ട്. തലമുറകളിലേക്ക് പടരുകയാണ് മുഹമ്മദിന്റെ സംഗീതം. ഇനിയുള്ള കാലം ആ നിര്‍വൃതിയുടെ സുഖം നുകരാന്‍ വേണ്ടിക്കൂടിയാണ് മുഹമ്മദ് പാട്ടിന്റെ കൂട്ടുതേടി നാട്ടിലേക്ക് വിമാനം കയറുന്നത്.

2014, മേയ് 22, വ്യാഴാഴ്‌ച

ശീര്‍ഷകമില്ലാതെ...


ഫൈസലിയായിലെ  എന്റെ താമസസ്ഥലത്ത് നിന്ന് ദിവസവും റൗദ തെരുവിലുള്ള പത്രം ഓഫീസിലേക്കു പോകു
ന്നത് തരീഖ് മദീന എന്നറിയപ്പെടുന്ന എക്‌സ്പ്രസ് ഹൈവേയ്ക്ക്  കുറുകെ പണിതിട്ടുള്ള മരപ്പാലം കയറിയാണ്. ആകെ പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂവെങ്കിലും ഉച്ചച്ചൂടിന്റെ ആഘാതമോര്‍ത്താല്‍ ആര്‍ക്കും നടന്നു പോകാന്‍ തോന്നില്ല.

സഹപ്രവര്‍ത്തകര്‍ പലരും ഷെയര്‍ ടാക്‌സിയിലും മറ്റുമാണ് എന്നും ഓഫീസിലെത്തുക. പക്ഷേ ആകെയുള്ള പകല്‍ക്കാഴ്ചകള്‍ക്കായി ഈ നടപ്പ് മാത്രമല്ലേയുള്ളൂ എന്നു കരുതിയാണ് മരപ്പാലം വഴിയുള്ള കുറുക്കുവഴി തന്നെ ഞാന്‍ തെരഞ്ഞെടുത്തത്. ആ വഴിയോരങ്ങളിൽ നിറയെ പേരറിയാത്ത മരങ്ങളുണ്ട് ..അവയുടെ തണലും തണുപ്പുമുണ്ട്‌..മരുഭൂമിയിലെ യാത്രക്കാർക്കായി  ആരോ നാട്ടു നനച്ച കനിവിന്റെ  നിഴൽപ്പാടുകൾ ..

മാത്രമല്ല അതിരിലെത്തി പുറത്തേക്കു ചാടാന്‍ വെമ്പിനില്‍ക്കുന്ന കൊളസ്‌ട്രോളിനെ ഒന്നു പേടിപ്പിച്ചുനിര്‍ത്താന്‍ 'ഇത്തിരി നടക്കണം' എന്ന് കഴിഞ്ഞ ദിവസവും  പതിവുള്ള   രക്തപരിശോധന കഴിഞ്ഞ് അല്‍ അബീറിലെ പെണ്‍ഡോക്ടര്‍ നിര്‍ദ്ദേശിച്ചതാണ്.

നടപ്പ് പണ്ടുമുതലേ ഇഷ്ടമാണ്. നടപ്പിനിടയിലാണ് എഴുത്തിനെപ്പറ്റി, വീടിനെപറ്റി, കൂട്ടുകാരെപ്പറ്റിയൊക്കെ ഗഹനമായി ചിന്തിക്കുക. പലരോടും നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ഈ നടപ്പിനിടയില്‍ അവരെ ഭാവനയില്‍ പിടിച്ചു കെട്ടി  മുന്നിൽ നിര്‍ത്തി കണ്ണുമടച്ച് പറയാം. ദേഷ്യം വന്നാല്‍ ശകാരിക്കാം. കാണുന്നവര്‍ മൂക്കത്ത് വിരല്‍വെക്കുമായിരിക്കും. അല്ലെങ്കില്‍ തന്നെ ആളുകള്‍ക്ക് നമ്മളെനോക്കാനൊന്നും നേരം കാണില്ല. അവരും നമ്മളെപ്പോലെ എന്തെല്ലാം തിരക്കുകളില്‍ ആയിരിക്കും. അല്ലെങ്കില്‍ നമ്മളെ അറിയാത്ത ഏതൊക്കെയോ നാട്ടുകാരായ അവര്‍ 'ഏതോ ഒരു വട്ടന്‍' എന്ന്. കരുതുമായിരിക്കും. അത്ര തന്നെ.

മരപ്പാലത്തില്‍ കയറിനിന്നാല്‍ താഴെയും ദൂരെയുമായി എട്ടുവരിയുള്ള എക്‌സ്പ്രസ് ഹൈവെയിലൂടെ ചീറിപ്പായുന്ന നൂറുകണക്കിന് വാഹനങ്ങള്‍ കാണാം. റോഡുകള്‍ക്കിരുപുറവുമുള്ള ബഹുനില മന്ദിരങ്ങളും കടകളും, അറബിയിലുള്ള വിവിധ വര്‍ണങ്ങളിലുള്ള ബോര്‍ഡുകളും കാണാം. പാലത്തിന് മുകളില്‍ എപ്പോഴും നല്ല കാറ്റാണ്.

അതുമാത്രമല്ല കൗതുകം. മേല്‍ക്കൂരയും തണലുമുള്ള പാലത്തിന്റെ  ഒത്തനടുക്കായി നാലോ അഞ്ചോ വയസുള്ള ഒരാഫ്രിക്കന്‍ പെണ്‍കുട്ടി ഇരിക്കുന്നതു കാണാം. മിക്കവാറും അവള്‍ ഒറ്റക്കായിരിക്കും. അപൂര്‍വ്വമായി അവളുടെ അമ്മയേയും കണ്ടിട്ടുണ്ട്. വഴിയോരങ്ങളിലുള്ള ഖുമാമ പെട്ടികളില്‍ (കുപ്പത്തൊട്ടി) ധനികരോ തിന്ന് മതിയായവരോ നിക്ഷേപിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടമോ, ദയാലുക്കള്‍ പാവങ്ങള്‍ക്കായി കരുതിവെക്കുന്ന റൊട്ടിപ്പാക്കറ്റോ പെറുക്കാന്‍ പോകുന്നതാകും അവളുടെ അമ്മ.

പാലത്തിലൂടെ വരുന്നവരെ നോക്കി ആ കറുമ്പിപ്പെണ്ണ് വലത് കൈയ്യിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തി ഒന്ന് എന്ന് ആംഗ്യം കാണിക്കുന്നതാണ് അവളെ ശ്രദ്ധിക്കാന്‍ കാരണം. ഒന്ന് എന്നാല്‍ ഒരു റിയാല്‍ തരൂ എന്ന യാചനയാണ്. ആദ്യമൊന്നും ഒരുവാക്ക് പോലും ഉരിയാടാതെയുള്ള ഈ ആംഗ്യത്തിന്റെ അര്‍ഥം എനിക്കുമനസിലായില്ല. അതുകൊണ്ട് കുട്ടികളോടുള്ള സഹജ വാത്സല്യ ഭാവത്താല്‍ അവളെ അനുകരിച്ച് ചൂണ്ടുവിരല്‍ കാട്ടി ഒന്ന് എന്ന് തിരിച്ച് ആംഗ്യം കാണിച്ചു. അതുകണ്ട് കറുകറുത്ത അവളുടെ വെളുവെളുത്ത കണ്ണുകള്‍ വിടരുകയും അതിനേക്കാള്‍ വെളുത്ത കുഞ്ഞിപ്പല്ലുകള്‍ കാട്ടി അവള്‍ ചിരിക്കുകയും ചെയ്തു. ഇരുണ്ട രാത്രിയില്‍ പൂനിലാവ് ഉദിക്കുന്നതുപോലെയായിരുന്നു ആ ചിരി. പിന്നീട് പലദിവസങ്ങളിലും അവള്‍ എന്നെയും ഞാന്‍ അവളേയും നോക്കി 'ഒന്ന്' എന്ന് ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. പാലത്തിന്റെ പടികള്‍ കയറി ദൂരെ നിന്ന് ഞാന്‍ വരുന്നതു കാണുമ്പോള്‍ തന്നെ അവളുടെ കറുത്ത മുഖത്ത് പൂന്തിങ്കള്‍ തെളിയുന്നത് കണ്ട് ഗൂഢമായി ഞാനും സന്തോഷിച്ചു. ചിലര്‍ അവളുടെ ആംഗ്യം കണ്ട് അവള്‍ക്ക് പണം കൊടുക്കുന്നത് കണ്ടപ്പോളാണ് കുഞ്ഞു പ്രായത്തിലേ അവള്‍ ജീവിക്കാനായി എല്ലാവരുടേയും മുന്നില്‍ യാചിക്കുകാണ് എന്നെനിക്ക് മനസിലായത്. ആ അറിവ് എന്നെ നൊമ്പരപ്പെടുത്തി. പിറ്റേന്ന് അവള്‍ക്ക് ഒരു റിയാല്‍ സമ്മാനിക്കുവാന്‍ ഞാനും ആഗ്രഹിച്ചു. അടുത്ത ദിവസം പാലം കയറും മുമ്പ് പോക്കറ്റില്‍ നിന്ന് പച്ചനിറത്തിലുള്ള ഒരു റിയാല്‍ എടുത്ത് ഞാന്‍ വിയര്‍ത്ത കൈക്കുള്ളില്‍ ഒളിച്ചുവെച്ചു.
എന്റെ ആംഗ്യം മാത്രം പ്രതീക്ഷിക്കുന്ന അവള്‍ക്ക് അപ്രതീക്ഷിതമായി റിയാല്‍ സമ്മാനിച്ച് അവളെ വിസ്മയിപ്പിക്കണം. ആ ചിരികാണണം. പാലം കയറി മുകളില്‍ ചെന്നപ്പോള്‍ അവളെ അവിടെ കാണാനുണ്ടായിരുന്നില്ല. നിരാശയായി. അല്ലെങ്കിലും മിക്കവാറും ഇങ്ങനെയാണ്. പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായതേ സംഭവിക്കൂ. റിയാല്‍ പോക്കറ്റില്‍ തിരികെ വെച്ച് പാലം ഇറങ്ങി റൗദതെരുവിലേക്കുള്ള വഴികളില്‍ തണല്‍ മരങ്ങള്‍ ചൊരിഞ്ഞ ദയാ വായ്പ്പു നുകര്‍ന്ന് ഞാന്‍ ഓഫീസിലേക്ക് പോയി.

അടുത്ത ദിവസം എന്റെ പ്രതീക്ഷ തെറ്റിയില്ല. അവള്‍ അവിടെയുണ്ടായിരുന്നു. അമ്മയും. അമ്മയുടെ മുഖം കറുത്ത മക്കനകൊണ്ട് മറച്ചിരുന്നു. ഞാന്‍ കരുതിവെച്ചിരുന്ന റിയാല്‍ അവളുടെ നേരെ നീട്ടി. ഷോക്കേറ്റതുപോലെ അവളുടെ ചിരിമാഞ്ഞു. രണ്ടുകൈയ്യും നീട്ടി റിയാല്‍ സ്വീകരിക്കുമ്പോള്‍ അവളുടെ മുഖം യാചനയുടെ പരകോടിയില്‍ എത്തി വിങ്ങിവിതുമ്പുന്നതുപോലെ തോന്നി. ഞാന്‍ നീട്ടിയ ഒരുറിയാല്‍ കണ്ട് അവളുടെ അമ്മ മക്കനയുടെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച നാവുകൾ കൊണ്ട്  അല്ലാഹുവിന്റെ നാമത്തിലുള്ള അനുഗ്രഹവാക്കുകള്‍ എനിക്കുമേല്‍ ചൊരിഞ്ഞു.

പക്ഷെ എന്റെ റിയാല്‍ ആ കുരുന്നിനെ സന്തോഷിപ്പിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സങ്കടം തോന്നി.

പിന്നീട് എത്രയോ തവണ മരപ്പാലം വഴി ഞാന്‍ നടന്നുകൊണ്ടിരിക്കുന്നു.

അവളെ ദിനവും കാണുന്നുമുണ്ട്.
പക്ഷെ
പതിവുയാചനാ ഭാവമല്ലാതെ അന്ന് അസ്തമിച്ചുപോയ ആ പാല്‍പ്പുഞ്ചിരി ഒരിക്കലും അവള്‍ എനിക്ക് തിരിച്ചുതന്നില്ല..

2014, ഏപ്രിൽ 19, ശനിയാഴ്‌ച

പ്രണയനഷ്ടത്തിന്റെ ദിനം


കുലപതിയുടെ ശരത്ക്കാലം തീര്‍ന്നു, ഒരു മരണത്തിന്റെ പുരാവൃത്തം നീ മുന്‍കൂട്ടിപ്പറഞ്ഞത് ഞങ്ങളോര്‍ക്കുന്നു. അത് നിന്റെ തന്നെ ചരമക്കുറിപ്പായിരുന്നുവെന്ന് വൈകി ഉണര്‍ന്ന ഞങ്ങള്‍ തിരിച്ചറിയുന്നു. അപരിചിതരായ തീര്‍ത്ഥാടകരെ പോലെ ഞങ്ങള്‍ നീ പറഞ്ഞുപോയ പ്രണയത്തിന്റെ വീണ്ടെടുപ്പിനായി അലഞ്ഞുകൊണ്ടിരിക്കും. പ്രണയത്തിന്റെയും പ്രണയം പിശാചാക്കിയവരുടെയും കാലം വീണ്ടെടുപ്പില്ലാത്തതാണെന്ന്, പ്രിയ ഗാബോ നിന്നെക്കാള്‍ നന്നായി മറ്റാര്‍ക്കാണറിയാന്‍ കഴിയുക! 


രമേശ് അരൂര്‍

ലോകത്തിന് പ്രണയം നഷ്ടപ്പെട്ട ദിനമാണ് ഏപ്രില്‍ 17. മരണമില്ലാത്ത പ്രണയത്തെക്കുറിച്ച് വാചാലനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിട പറഞ്ഞ ദിനമാണിത്. 'ഏപ്രിലാണേറ്റവും ക്രൂരമാസം...' എന്ന് വേസ്റ്റ്‌ലാന്‍ഡ് എന്ന വിഖ്യാത രചനയിലൂടെ ഇംഗഌഷ് കാവ്യലോകത്ത് സംവേദന വിസ്‌ഫോടനം സൃഷ്ടിച്ച തോമസ് എലിയറ്റ് പറഞ്ഞത് എത്ര സത്യമായിരിക്കുന്നുവെന്ന് 'ഗാബോ' നിന്റെ വേര്‍പാട് വിളിച്ചു പറയുന്നു.  പ്രണയം നേടാന്‍ വേണ്ടി ഒരമ്മ തന്റെ പിഞ്ചുകുഞ്ഞിനെ കാമുകന്റെ കൊലക്കത്തിക്കു മുന്നിലേക്ക് എറിഞ്ഞു കൊടുത്ത ഞെട്ടലില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍. ഏപ്രിലിന്റെ ക്രൂരത. തിണ്ണയില്‍ ചിതറിത്തെറിച്ച ഇളം ചോരകണ്ട് പ്രണയികള്‍ക്ക് എങ്ങിനെ രക്തദാഹികളാകാന്‍ കഴിയുന്നു എന്നാര്‍ത്തലച്ച കൂട്ടുകാരിയോട് ഏപ്രിലാണേറ്റവും ക്രൂരമാസം എന്ന എലിയറ്റിന്റെ വരികള്‍ വായിക്കാന്‍ പറഞ്ഞു. പ്രണയത്തിനു വേണ്ടിയാണ് ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടായതെന്നും ആളുകള്‍ പരസ്പരം കൊന്നതും കൊല്ലിച്ചതുമെന്നും ചരിത്രവും പറയുന്നു. ആരാണ് ജയിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. മനുഷ്യനോ? അതോ പ്രണയമോ?

ഗാബോ ഒരു പക്ഷെ സ്മൃതിഭ്രംശത്തിന്റെ ഇരുട്ടില്‍ സ്വയം നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ നീയും പാടിയേനെ ഞങ്ങള്‍ക്കൊപ്പം വീണ്ടും വീണ്ടും കോളറക്കാലത്തെ പ്രണയത്തെപ്പറ്റി. പ്രണയം നഷ്ടപ്പെട്ടവരെയും പ്രണയത്തിനുവേണ്ടി രക്തദാഹികളായവരെയും പറ്റി. ഉറക്കം നഷ്ടപ്പെട്ട ഈ ഏപ്രില്‍ രാത്രിയില്‍ നഷ്ടപ്രണയങ്ങളെക്കുറിച്ച് ആകുലനായിരിക്കുമ്പോഴാണ് ബി.ബിസിയില്‍ നിന്റെ വിയോഗ വാര്‍ത്ത ബ്രേക്ക് ചെയ്തത്. ഈ വിയോഗ വ്യഥ ഞങ്ങള്‍ക്കു നല്‍കിക്കൊണ്ട് ഗാബോ നീ ഏപ്രിലിനെ കൂടുതല്‍ ക്രൂരമാക്കിത്തീര്‍ക്കുകയായിരുന്നു അല്ലേ..?

അക്വേറിയത്തിലെ പുല്‍നാമ്പു പോലെ
പ്രഭാതവെയില്‍ കൊണ്ടിരിക്കുമ്പോള്‍
എനിക്കു മാത്രം കേള്‍ക്കാനാകുന്ന
ഏകാന്തതയുടെ ഇടങ്ങളില്‍ 
തണുത്ത കൈവിരലുകളാല്‍
തൊടുമ്പോള്‍ മരിച്ച് പോയെന്ന് കരുതുമോ

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്....
കാഴ്ചയില്‍ വസന്തോത്സവങ്ങളുടെ ആന്ദോളനങ്ങള്‍ നിറയ്ക്കുന്ന ഒരു ലാറ്റിനമേരിക്കന്‍ കാര്‍ണിവല്‍ പോലെ പ്രോജ്വലമായ അക്ഷരങ്ങള്‍ കൊണ്ട് ലോക സാഹിത്യത്തില്‍ ആഹ്ലാദോത്സവങ്ങള്‍ തീര്‍ത്ത മാന്ത്രിക പ്രതിഭയായിരുന്നു നീ. ജനാധിപത്യത്തിന്റെ വേരുകള്‍ ഒരിക്കല്‍ പോലും മണ്ണിലുറക്കാത്ത കൊളംബിയയിലെ പ്രാക്തന നാഗരികത അടിച്ചേല്‍പ്പിച്ച അരക്ഷിതാവസ്ഥയും ദാരിദ്ര്യത്തിന്റെ നഖമുനകള്‍ ആഴ്ന്നിറങ്ങിയ ജീവിത പശ്ചാത്തലവുമായിരുന്നു നിന്റെ രചനാ ഭൂമിക.
മാന്ത്രികത്തൂലികകൊണ്ട് ലോകത്തെ മുഴുവന്‍ കാമുകരാക്കിയ പ്രിയങ്കരനായ ഒരു എഴുത്തുകാരാ മറവിരോഗം കാരണം നീ എഴുത്ത് തന്നെ ഉപേക്ഷിച്ച വാര്‍ത്ത കേട്ട് ഞങ്ങള്‍ എത്ര വേദനിച്ചിരുന്നുവെന്നോ? മാജിക്കല്‍ റിയലിസം കൊണ്ട് ലോക ഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ മാര്‍ക്വേസ്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഇനി പൂക്കുകയില്ല എന്ന ആ വാര്‍ത്ത ലോകം നിറകണ്ണുകളോടെയാണ് കേട്ടിരുന്നത്. ഇപ്പോഴിതാ നിന്റെ വേര്‍പാടിലും നീ ലോകത്തെ ഏകാന്തതയുടെ നൂറായിരം വര്‍ഷങ്ങളിലേക്ക് ഉറക്കിക്കിടത്തിയിരിക്കുന്നു. ലോകം ഈ ദിനം പ്രണയ നഷ്ടത്തിന്റേതായി ആചരിക്കുമാറാകട്ടെ. കപ്പല്‍ച്ചേതം വന്ന കപ്പലോട്ടക്കാരനെപ്പോലെ ഓരോ മനസ്സും നിന്റെ വേര്‍പാടില്‍ വേദനിക്കുമാറാകും. പ്രണയമില്ലെങ്കില്‍ ഇനി യുദ്ധങ്ങളെന്തിന്? പ്രണയിക്കാന്‍ പഠിപ്പിച്ച നീ തന്നെ നിന്റെ വേര്‍പാടിലൂടെ യുദ്ധങ്ങളേയും പ്രണയികളുടെ രക്തദാഹത്തേയും ശമിപ്പിക്കട്ടെ. ചുഴലിക്കാറ്റുകള്‍ പ്രണയം നഷ്ടപ്പെട്ട ഞങ്ങളുടെ പായ്ക്കപ്പലുകളെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്നറിയില്ല. എതയോ നാളുകളായി നീയും അറിയുന്നുണ്ടായിരുന്നില്ലല്ലോ..

ചെമ്പകപ്പൂമണം, വെളുവെളെ വെളുത്ത ആട്ടിന്‍ പറ്റം
എനിക്കറിയാം, പിരിഞ്ഞതില്‍ പിന്നെ 
അവിടെ തന്നെയുണ്ടോ എന്നറിയാന്‍
വെറുതേ കാത്തു കാത്തു നില്‍ക്കുകയും
തളിര്‍ക്കുകയും ചെയ്യുന്ന നിന്നെ...

കുലപതിയുടെ ശരത്ക്കാലം തീര്‍ന്നു, ഒരു മരണത്തിന്റെ പുരാവൃത്തം നീ മുന്‍കൂട്ടിപ്പറഞ്ഞത് ഞങ്ങളോര്‍ക്കുന്നു. അത് നിന്റെ തന്നെ ചരമക്കുറിപ്പായിരുന്നുവെന്ന് വൈകി ഉണര്‍ന്ന ഞങ്ങള്‍ തിരിച്ചറിയുന്നു. അപരിചിതരായ തീര്‍ത്ഥാടകരെ പോലെ ഞങ്ങള്‍ നീ പറഞ്ഞുപോയ പ്രണയത്തിന്റെ വീണ്ടെടുപ്പിനായി അലഞ്ഞുകൊണ്ടിരിക്കും. പ്രണയത്തിന്റെയും പ്രണയം പിശാചാക്കിയവരുടെയും കാലം വീണ്ടെടുപ്പില്ലാത്തതാണെന്ന്, പ്രിയ ഗാബോ നിന്നെക്കാള്‍ നന്നായി മറ്റാര്‍ക്കാണറിയാന്‍ കഴിയുക!

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മൂന്നാം ബദലിന്റെ രാഷ്ട്രീയ പ്രസക്തി

രാജ്യത്തെ ദരിദ്രനാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട്  വാരുന്ന  അംബാനിമാരെപ്പോലുള്ളവരെ തൊട്ടാല്‍ 
ആ കൈവെട്ടും   എന്ന  സൂചനയാണ് മാറിമാറി അധികാരത്തിലേറ്റുന്ന  ജനങ്ങള്‍ക്ക്  കോണ്‍ഗ്രസും ബി.ജെ.പിയും നല്കുന്നത്.
---------------------------------
ന്ത്യാമഹാരാജ്യം പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന അവസരങ്ങളിലൊക്കെ ഉയരുന്ന  ഒരു ചോദ്യമുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി മറ്റെന്താണുള്ളത്? 

ഇതിനുത്തരമെന്ന നിലയില്‍ പതിവായി ചില സമവാക്യങ്ങളും മുദ്രാവാക്യങ്ങളുമായി ഇടതുപാര്‍ട്ടിക   ളും ചില ദേശീയ-പ്രാദേശിക കക്ഷികളും ചെറു പാര്‍ട്ടികളും മതേതര ജനാധിപത്യ സഖ്യം എന്ന നിലയിലോ മൂന്നാം  മുന്നണി എന്ന നിലയിലോ ഒരുമിച്ചു കൂടി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യും. 
അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ മൂന്നാം  മുന്നണി എന്ന  താല്‍ക്കാലിക പ്രതിഭാസം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ എന്തെങ്കിലും   സ്വാധീനം ചെലുത്തുകയോ    മാറ്റമുണ്ടാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് അനുഭവം. തെരഞ്ഞെടുപ്പിനു മുമ്പ് ഉരുത്തിരിയുന്ന മൂന്നാം മുന്നണി സംവിധാനം മിക്കവാറും തെരഞ്ഞെടുപ്പിനു ശേഷം അതുവരെ മുന്നോട്ടു വെച്ച മുദ്രാവാക്യങ്ങള്‍ വലിച്ചെറിഞ്ഞ് കൂടുതല്‍ സീറ്റു നേടുന്ന ഒറ്റക്കക്ഷിയേയോ മുന്നണിയേയോ പിന്തുണച്ച് അധികാരശക്തികളുടെ ഭാഗമാകുന്ന  അസംബന്ധ നാടകങ്ങളാണ് കണ്ടു വരുന്നത്. ദേശീയതലത്തില്‍ മൂന്നാം  മുന്നണി എന്ന  പേരില്‍ ഒരുമിക്കുന്ന  പാര്‍ട്ടികളൊക്കെ പ്രാദേശിക തലത്തില്‍ പരസ്പരം മത്സരിക്കുന്ന  കൗതുകക്കാഴ്ചകളും കാണാം. 
ഇതാണ് മതേതര,ആദര്‍ശ, അഴിമതിരഹിത മുദ്രാവാക്യം മുഴക്കുന്ന രാഷ്ട്രീയ കക്ഷികളുടെ മറ്റൊരു മുഖം. പൊതു സ്വഭാവവും.
അരവിന്ദ് കെജ്രിവാള്‍ 
 
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും അത്രമേല്‍ അപകടകരമായ രീതിയില്‍ മലീമസമായിരിക്കുന്നു  എന്ന   തിരിച്ചറിവില്‍നിന്നാണ് മൂന്നാം  ബദല്‍ എന്ന  രീതിയില്‍ ഓരോ തെരഞ്ഞെടുപ്പിലും വീണ്ടും വീണ്ടും ശ്രമങ്ങളുണ്ടാകുന്നത്. ആറു പതിറ്റാണ്ടായി രാജ്യഭരണം നടത്തുന്ന  കോണ്‍ഗ്രസ് അഴിമതി എന്നത് രാജ്യശരീരത്തിന്റെ ഭാഗമാക്കി. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടയില്‍ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്റെ പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പറഞ്ഞത് അഴിമതി എന്ന  മാരകമായ കാന്‍സര്‍ ഭരണത്തിലും രാഷ്ട്രീയത്തിലും പടര്‍ന്നു  പിടിച്ചുവെന്നാ  ണ്. ഇതേ വാചകങ്ങള്‍ തന്നെയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തലേന്നു   പ്രഥമപൗരനായ പ്രണബ്കുമാര്‍ മുഖര്‍ജിയും ആവര്‍ത്തിച്ചത്. ആരാണിതിന് ഉത്തരവാദികള്‍ എന്ന  ചോദ്യത്തിന് പരസ്പരം നോക്കുകയല്ലാതെ ആര്‍ക്കും കോണ്‍ഗ്രസിൽ   ഉത്തരമില്ല. 
അഴിമതി സാര്‍വത്രികമാക്കുക വഴി സാമ്പത്തിക അരാജകത്വത്തിനും അസഹനീയമായ വിലക്കയറ്റത്തിനും ഇടവെക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെങ്കില്‍ ഇന്ത്യയുടെ പുകഴ്‌പെറ്റ മതേതരത്വത്തിനും ജനാധിപത്യ വാഴ്ചക്കും അഖണ്ഡതക്കും സാഹോദര്യത്തിനും ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ തുല്യതക്കുമെല്ലാം ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളായ സംഘ്പരിവാര്‍ സംഘടനകളും നിലകൊള്ളുത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി സംഘപരിവാര ശക്തികളുടെ സഹജമായ മതേതര -ന്യൂനപക്ഷ വിരോധത്തിന് മൂര്‍ച്ചയും ശക്തിയും കൂടി എതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഗുജറാത്ത് കൂട്ട  ക്കൊലയുടെ മുഖ്യആസൂത്രകനായ നരേന്ദ്ര മോഡിയെ തന്നെ  അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്നുള്ളത്. 
ബി.ജെ.പിയില്‍ തീവ്രഹിന്ദുത്വ നിലപാടു പുലര്‍ത്തുന്ന  എല്‍.കെ.അദ്വാനിയെപോലൊരു നേതാവിനെ തഴഞ്ഞുകൊണ്ടാണ് അതിനേക്കാള്‍ തീവ്രനിലപാടുള്ള മോഡിയെ സ്ഥാനാര്‍ഥിയാക്കിയത് എതില്‍ നിന്നു  തന്നെ  സംഘപരിവാര ശക്തികളുടെ യഥാര്‍ഥ അജണ്ടക്ക് പിന്നിലുള്ള ഭീഷണിയുടെ ആഴം വ്യക്തമാകുന്നു. 
ദല്‍ഹിയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന  കോണ്‍ഗ്രസ് ഭരണത്തിന്റെ കുത്തക തകര്‍ത്ത് അധികാരത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി   ഇരുട്ട്  നിറഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനാഴികളില്‍ തെളിഞ്ഞ പ്രതീക്ഷയുടെ പ്രകാശ നാളമായിരുന്നു. പക്ഷേ കോര്‍പ്പറേറ്റുകളുടെ നേര്‍ക്ക് അരവിന്ദ് കെജ്‌രിവാളിന്റെ ചൂലും ചൂണ്ടുവിരലുമുയര്‍പ്പോള്‍ അധികാരത്തിനുവേണ്ടി വിരുദ്ധധ്രുവങ്ങളില്‍നിന്ന്  പരസ്പരം കലഹിക്കുകയും പോരടിക്കുകയും ചെയ്ത കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചുനിന്ന്  ആ പ്രകാശനാളം തല്ലിക്കെടുത്തി. അതാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കണ്ടത്. രാജ്യത്തെ ദരിദ്രനാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട്  വാരുന്ന  അംബാനിമാരെപ്പോലുള്ളവരെ തൊട്ടാല്‍ ആ കൈവെട്ടും   എന്ന  സൂചനയാണ് മാറിമാറി അധികാരത്തിലേറ്റുന്ന  ജനങ്ങള്‍ക്ക്  കോണ്‍ഗ്രസും ബി.ജെ.പിയും  നല്‍കിയിട്ടുള്ളത്. അംബാനിക്കെതിരെ കെജ്‌രിവാള്‍ എടുത്ത കേസ് മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുന്നു .
മലയാളം ന്യൂസ് ദിനപ്പത്രം ഫെബ്.16 ഞായര് 
ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കൊള്ളക്കാര്‍ക്കെതിരെ മൂന്നാം  ബദല്‍ എന്തെന്ന    ചോദ്യം വീണ്ടുമൊരിക്കല്‍ കൂടി പ്രസക്തമാകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശിരസ്സിനു മുകളില്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിയാടുന്ന  അഴിമതിയുടേയും വിലക്കയറ്റത്തിന്റേയും ഫെഡറല്‍ സംവിധാനത്തകര്‍ച്ചയുടേയും തീവ്രവാദത്തിന്റേയുമൊക്കെ ഭീഷണികളെ അതിജീവിക്കാന്‍ പ്രാപ്തമായ ശക്തിയേറിയ ബദല്‍ രൂപപ്പെടുത്തേണ്ട ഏറ്റവും അനുയോജ്യമായ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ജനത എത്തിച്ചേർന്നിട്ടുള്ളത് .

പതിവുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തുള്ള പതിനൊന്നു    പാര്‍ട്ടികളുടെ ഫെഡറല്‍ സഖ്യം രൂപംകൊണ്ടിരുന്നു  . ഇടതുപക്ഷവും മറ്റ് മതേതരജനാധിപത്യ പാര്‍ട്ടികളും ചേര്‍ന്നുള്ള   ഈ മുണി പാര്‍ലമെന്റിലെ ഇരുസഭയിലും ഒറ്റ ബ്ലോക്കായി നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് .  സി.പി.എം., സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേഡ്  ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി , ജെ.ഡി.(യു), എ.ഐ.എ.ഡി.എം.കെ., ജനതാദള്‍ (എസ്), അസം ഗണ പരിഷത്ത്(എ.ജി.പി.), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ബിജു ജനതാദള്‍ എന്നീ  പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ജനതാദള്‍ നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന  എച്ച്.ഡി. ദേവഗൗഡയുടെ വീട്ടിലാണ് ഈ മാസം പത്തിന് യോഗം നടന്നത്. പ്രധാനമായും ജെ.ഡി.(യു), ജനതാദള്‍ (എസ്), സി.പി.എം., സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക് എന്നീ  പാര്‍ട്ടികളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. എ.ഐ.എ.ഡി.എം.കെ., സമാജ്‌വാദി പാര്‍ട്ടി   പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ദേവഗൗഡയും നിതീഷ്‌കുമാറും എ.ബി ബര്‍ദനും പ്രകാശ് കാരാട്ടുമാണ് യോഗത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ പഴയ വീഞ്ഞ് തന്നെ  പുതിയ കുപ്പികളില്‍ നിറക്കുതുപോലെയാകില്ലേ ഇതുമെന്നു കരുതുന്നവരാണ് കൂടുതല്‍.

ദല്‍ഹിയില്‍ പ്രകാശം പരത്തിയ കെജ്‌രിവാളിനെ പോലുള്ളവരെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു കഴിഞ്ഞാല്‍ ഒരു പക്ഷെ ഇന്ത്യയുടെ ഭാവി ഭാഗധേയം തന്നെ മാറിമറിഞ്ഞേക്കും. പെട്രോളിന്റേയും പ്രകൃതിവാതകത്തിന്റേയും പച്ചക്കറിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും എന്തിന് പച്ചവെള്ളത്തിന്റെ പോലും വില കയറ്റാന്‍ വെമ്പല്‍കൊള്ളുന്ന കോര്‍പ്പറേറ്റ് മാനേജര്‍മാരായ മന്ത്രിമാരെയും രാഷ്ട്രീയ ദല്ലാള്‍മാരെയും നിലക്കു നിര്‍ത്താന്‍ അവരുടെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ ശക്തിയുണ്ടെന്നു  തെളിയിച്ച ഒരാളെന്ന  നിലയില്‍ കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും എന്തുകൊണ്ട് ഒരു ദേശീയ ബദല്‍ ആയിക്കൂടാ? 

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ആനകളെ കൊല്ലാക്കൊല ചെയ്യുന്നത് ദൈവങ്ങളോ മനുഷ്യരോ..?

''ല്ലു കരട് കാഞ്ഞിക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ള  ചരങ്ങളും അചരങ്ങളുമായ സകലമാന അണു-ജന്തു-ജീവജാലങ്ങള്‍ക്കും ജനിക്കാനും ജീവിക്കാനും അവകാശവും സ്വാതന്ത്ര്യവുമുള്ളതാണ് ഈ അണ്ഡകടാഹം.''
 മഹാനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ പ്രസ്താവനയിലൂടെ ഒരിക്കല്‍ കൂടി മനസ് പായിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത്  അനുനിമിഷം   വളര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ സ്വാര്‍ഥതയും അഹന്തയും നിറഞ്ഞ നിഷ്ഠൂരമായ പ്രവൃത്തികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ്. മനുഷ്യന് മാത്രമാണ് ഈ പ്രപഞ്ചത്തില്‍ ജീവിക്കാന്‍ അധികാരം, മറ്റുള്ള ജീവജാലങ്ങളെല്ലാം അവന്റെ അഹന്തക്കും അത്യാഗ്രഹത്തിനും ഇരകളാകേണ്ട  അടിമകളാണ് എ ചിന്താഗതി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നത്  ഞെട്ടലോടെ  മാത്രമേ കാണാന്‍ കഴിയുന്നുള്ളു.
 മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രകൃതിയെ പച്ചപ്പോടെ നിലനിര്‍ത്തുന്ന മറ്റു ജീവജാലങ്ങള്‍ക്കും യാതൊരു രക്ഷയും പരിഗണനയും ഇല്ലാതായിരിക്കുന്നു.. കാട്ടുമൃഗങ്ങളെപ്പോലും വെറുതെ വിടാന്‍ മനുഷ്യന്റെ ആര്‍ത്തി സമ്മതിക്കുന്നില്ല എന്നിടത്താണ് അവ നിലനില്പിനായി നേരിടുന്ന  ദുരന്തത്തിന്റെ വ്യാപ്തി മനസിലാകുന്നത്.

കേരളത്തില്‍ ഉത്സവക്കാലമായതോടെ ദിനേനയൊന്നോണം  നാട്ടാനകളെക്കുറിച്ചുള്ള ദുഖകരമായ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മൂന്ന് ആനകളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ രണ്ടെണ്ണം ദു:ഖപര്യവസായിയാണ്.

എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയില്‍ കണ്ണങ്ങാട്ട് ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന അയ്യപ്പന്‍ എന്ന ആന പുലര്‍ച്ചെ ഒന്നരക്ക്      പള്ളിവേട്ട മഹോത്സവത്തിനിടയില്‍ ഇടഞ്ഞോടി വേമ്പനാട്ട് കായലിലെ ചെളിക്കുണ്ടില്‍ വീണ് ചരിഞ്ഞ വാര്‍ത്തയാണ് അതിലൊന്ന്.. അതേ ദിവസം തന്നെ തൃശൂരിലെ മേക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒളരിക്കരകാളിദാസന് എന്ന ആന ഇടഞ്ഞ് പ്രദേശത്ത് വന്‍ നാശനഷ്ടം സംഭവിക്കുകയുണ്ടായി. ഇപ്പോഴിതാ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക പുന്നത്തൂര്‍ ആനക്കോട്ടയില്‍ പത്തുവര്‍ഷത്തോളമായി രോഗ പീഡകളാല്‍  ദുരിതമനുഭവിച്ചു കൊണ്ടിരുന്ന കുട്ടികൃഷ്ണന്‍ എന്ന ആനയുടെ വേര്‍പാടിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നു..
ശബരിമല മണ്ഡല ഉത്സവം തുടങ്ങുന്ന ജനുവരിമുതല്‍ വേനല്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലാണ് കേരളത്തില്‍ ക്ഷേത്രോത്സവങ്ങള്‍ നടക്കുന്നത്. ഇതോടെ ആനകളുടെ പീഡനകാലവും തുടങ്ങും. ആനകളില്ലാത്ത ഉത്സവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മലയാളികളുടെ മാനസിക നില എത്തിയിരിക്കുന്നു. എന്നാല് ഇതിനാധാരം എന്താണ് എന്നു ചോദിച്ചാല്‍ അതിന് വ്യക്തമായ ഒരുത്തരവും ഹിന്ദുമത വേദ ഗ്രന്ഥങ്ങളോ പുരാണങ്ങളോ  നല്‍കുന്നുമില്ല.
മലയാളം ന്യൂസ് ഫെബ്രുവരി 9 ഞായര്

 ദേവ പ്രതിഷ്ഠകള്‍ അഥവാ അവ ആവാഹിച്ച തിടമ്പുകള്  കയറ്റി എഴുള്ളിക്കുന്ന ഏര്‍പ്പാടിനാണ് ആനകളെ ഉപയോഗിക്കുന്നത്. ദേവന്മാരെക്കുറിച്ചുള്ള കഥകളില്‍ ദേവരാജാവായ ഇന്ദ്രന്‍ മാത്രമാണ് ആനപ്പുറത്ത്  സഞ്ചരിക്കുന്നത്. അതും ഭൂമിയിലേത്   പോലുള്ള കറുത്ത ആനയല്ല. വെളുത്ത നിറമുള്ള ഐരാവതം എന്ന ആനപ്പുറത്താണ് അദ്ദേഹത്തിന്റെ യാത്ര. അത്തരമൊരാനയെ ഈ ലോകത്ത് ഒരിടത്തും ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ തന്നെ ഇത്തരം കഥകളുടെ ഉറവിടം കാവ്യഭാവനയല്ലാതെ മറ്റൊന്നുമല്ല എന്ന് ബോധ്യമാകും. അഥവാ ഈ കഥ മുഖവിലക്കെടുത്താല്‍ തന്നെ ദേവന്മാരുടെ രാജാവായിട്ടു പോലും ഇന്ദ്രനെ ഭൂമിയിലുള്ള ദൈവ വിശ്വാസികളാരും ആരാധിക്കാറില്ല. അദ്ദേഹത്തിനായി ആനപ്പുറത്ത് ഉത്സവം നടത്താറുമില്ല. മറ്റ് ദേവീ ദേവന്മാരായ ഗണപതിയുടെ വാഹനം എലി, മുരുകന്റെ വാഹനം മയില്‍, ദുര്‍ഗ്ഗയുടെ വാഹനം സിംഹം, അയ്യപ്പന്റെ വാഹനം പുലി, വിഷ്ണുവിന്റെ വാഹനം ഗരുഡന്‍, ശിവന്റെ വാഹനം കാള എന്നി ങ്ങനെയാണ്. അതുകൊണ്ട് തന്നെ  സ്വാഭാവികമായും  ഇവരെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് തിടമ്പ് എഴുള്ളിക്കാന്‍ ഇവരുടെ ഇഷ്ട വാഹനങ്ങളായ എലിയേയും പുലിയേയും മയിലിനേയും കാളയേയുമൊക്കെയാണ് ഉപയോഗിക്കേണ്ടത്. അതിനു പകരം ആനയെ എഴുള്ളത്തിന് ഉപയോഗിക്കുതിനു പിന്നിലെ യുക്തിയെന്തെന്ന്  മനസിലാകുന്നില്ല.
 തൃശൂരിലെ മേക്കാട്  ക്ഷേത്രത്തില്‍ ഇടഞ്ഞ കാളിദാസന്

ആനകളെക്കുറിച്ച് നാം പഠിച്ചിട്ടുള്ളത് വിയര്‍പ്പ് ഗ്രന്ഥിയില്ലാത്ത ജീവികളാണിവ എന്നാണ്. അതു  കൊണ്ടു തന്നെ അസഹ്യമായ ചൂടാണ്  ആനകള്‍ അനുഭവിക്കുക. സാധാരണ മണിക്കൂറുകളോളം വെള്ളത്തില്‍ ഇറങ്ങി നിന്നോ പൂഴി മണ്ണോ ചെളിയോ ദേഹത്തിട്ടോ ഒക്കെയാണ് ആനകള്‍ ഈ ചൂടില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നത്. വീട്ടിനുള്ളില്‍ സുരക്ഷിതരായി കഴിയുന്ന  മനുഷ്യര്‍ക്കുപോലും സഹിക്കാന്‍ കഴിയുന്നതിലും ഉയര്‍ന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചൂട്. അപ്പോള്‍ ഉത്സവ എഴുള്ളിപ്പിന്റെ പേരില്‍ ബന്ധനസ്ഥരായി മണിക്കൂറുകളോളം ക്ഷേത്രമൈതാനങ്ങളിലും മറ്റും പൊരിവെയിലത്ത് നില്‍ക്കേണ്ടി വരുന്ന  ആനകള്‍ എന്തുമാത്രം അസ്വസ്ഥത അനുഭവിക്കുന്നുണ്ടാകുമെന്ന് ഊഹിക്കാവതേയുള്ളൂ. പോരാത്തതിന് തീവെട്ടി എ പന്തം പോലുള്ള വിളക്കുകള്‍ ആനയുടെ തൊട്ടരികില്‍ തന്നെ കത്തിച്ചു പിടിക്കുകയും ചെയ്യും. നല്ലെണ്ണയിലോ നെയ്യിലോ ജ്വലിക്കുന്ന   തീവെട്ടിയില്‍ നിന്ന് മീറ്ററുകള്‍ ദൂരത്തില്‍ വരെ ചൂടു പരക്കുമെന്ന് ഒരിക്കലെങ്കിലും അതിനടുത്തു നിന്നിട്ടുള്ള ഉത്സവ പ്രേമികള്‍ക്കറിയാവു സത്യമാണ്. വൈദ്യുതി വ്യാപകമല്ലാതിരുന്ന  കാലത്ത്  ഉത്സവങ്ങളെ  തിളക്കമുള്ളതാക്കാന്‍ ഉപയോഗിച്ചിരുതാണ് തീവെട്ടികള്. ഇന്ന് ക്ഷേത്ര ചടങ്ങുകളില്‍ വൈദ്യതി ദീപങ്ങളുടെ ആര്‍ഭാടമുണ്ടായിട്ടു പോലും കാലഹരണപ്പെട്ട  തീവെട്ടികള്‍  ആനകള്‍ക്കു ഭീഷണിയേകാന്‍ മാത്രമാണ്  ഇന്നും തുടരുന്നത്. അന്തരീക്ഷത്തിലെ ചൂടും തീവെട്ടിയിലെ ചൂടും കൂടി ഏല്‍ക്കുന്ന തോടെ ഒരു ജീവി എന്ന നിലയില്‍ ആന വിരളുന്നത് സ്വാഭിവികമാണ്. അതിനും പുറമെയാണ് ചെണ്ടയുടേയും മറ്റു വാദ്യങ്ങളുടേയും കര്‍ണകഠോരമായ ശബ്ദം.
കാട്ടില്‍ നിന്ന് വഴിതെറ്റി നാട്ടിലെത്തുന്ന   ആനകളെ ഭയപ്പെടുത്തി കാട്ടിലേക്കു തന്നെ  ഓടിക്കാന്‍ വനമേഖലയില്‍ താമസിക്കുന്നവര്‍ പാട്ട കൊട്ടി ശബ്ദമുണ്ടാക്കുകയും തീ കത്തിച്ചു വീശുകയും ചെയ്യാറുണ്ട്. ഇത്തരം ഭയപ്പെടുത്തലിന്റെ പരമകാഷ്ടയിലെത്തുന്നതും ഭീഷണവുമായ ഒരു നടപടിയാണ് ഉത്സവപ്പറമ്പുകളില്‍ തീവെട്ടി് ഉപയോഗിച്ച് ചൂടേല്‍പ്പിച്ചും ഡസന്‍ കണക്കിന് ചെണ്ടകൊട്ടിയും  ആനകള്ക്ക്   നേരെ ചെയ്യുന്നത്.
മാതൃഭൂമി ഫെബ്രുവരി 8 ശനി

പകല്‍ സമയങ്ങളില്‍ പറക്കെഴുള്ളിപ്പ് എന്ന  ആചാരത്തിന്റെ പേരിലും വിശ്രമമില്ലാതെ വെയിലിലൂടെ ആനകളെ നടത്തിയും പീഢിപ്പിക്കുന്നുണ്ട്. ഉത്സവ ദിനങ്ങളില് ഒരാന ശരാശരി 13-16 മണിക്കൂറെങ്കിലും തുടര്ച്ചയായി പല തരം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട്  ജോലിചെയ്യുന്നുണ്ട്. രാവിലെ ശീവേലി(ശ്രീബലി) തുടര്ന്ന് പറയെടുപ്പ് 3മണി വരെയെങ്കിലും വൈകിട്ട് പകല് പൂരം, രാത്ര 12-1 മണി വരെ വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട, എന്നിങ്ങനെ അനങ്ങാന് പറ്റാത്ത വിധം അടിമയെപോലെ ആനകള് പണിയെടുക്കേണ്ടി വരുന്നു. ഇടക്കൊച്ചില്  വെളുപ്പിന് ഒന്നരക്കാണ് പള്ളിവേട്ട മഹോത്സവത്തിനിടെ അയ്യപ്പന് സഹികെട്ട് തിടമ്പും താഴെയിട്ട് ഓടിയത്.വെള്ളം പോലും കുടിക്കാന് കഴിയാതെയുള്ള ആ നില്പ് എങ്ങനെ ഒരുമിണ്ടാപ്രാണിക്ക് സഹിക്കാന് കഴിയും.    ഉത്സവ കാലം തുടര്‍ച്ചയായതിനാല്‍ ക്ഷേത്രങ്ങളില്‍ നി ന്ന് ക്ഷേത്രങ്ങളിലേക്ക് ആനകളെ എത്തിച്ച് പരമാവധി പണംകൊയ്യാനാണ് ആനയുടമകളും ഇവയെ പാട്ടത്തിനെടുത്ത് ഉത്സവപ്പറമ്പുകളിലെത്തിക്കുന്ന  കരാറുകാരും ശ്രമിക്കുന്നത്. പ്രതി ദിനം രണ്ട് രണ്ടര ലക്ഷം വരെ ഏക്കം(പ്രതിഫലം)   കിട്ടുന്ന ആനകള്‍ കേരളത്തിലുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പദ്മനാഭന്‍ എന്ന ആനക്ക് രണ്ടു ലക്ഷത്തില്‍ പരം രൂപയാണ് പ്രതിദിന വാടക. ഒരേ സമയത്ത് ഒന്നിലധികം ക്ഷേത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആനകളുടെ ഏക്കത്തുകയും കുത്തനെ കൂടും. ഈ തുക കൊണ്ട് ഉടമകളുടെ ബാങ്ക് ബാലന്‍സ് കൂടുന്നു എന്ന തല്ലാതെ ആനകള്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. അവയ്ക്ക് ആവശ്യത്തിന് വിശ്രമമോ, മുറതെറ്രാതെ ആഹാരമോ ജീവന്‍ അപകടത്തിലാകും വിധം എളുപ്പം സംഭവിച്ചേക്കാവു നിര്‍ജ്ജലീകരണം തടയാനുള്ള വെള്ളമോ പോലും നല്‍കാന്‍ ആരും ശ്രദ്ധിക്കാറില്ല. മനുഷ്യരെ പോലെ വിശക്കുന്നു എന്നു വിളിച്ചു പറയാന്‍ മൃഗങ്ങള്‍ക്ക് കഴിവില്ലാത്തതിനാല്‍ അവരെ കണ്ട് രസിക്കുകയും സന്തോഷിക്കുകയും ചെയ്യു പൊതുജനങ്ങളും ഈ മിണ്ടാപ്രാണികളുടെ സങ്കടങ്ങളെക്കുറിച്ച് ഒന്നും അറിയാതെ പോകുന്നു. രോഗം വന്നാല്‍ ചികിത്സ നല്‍കാന്‍പോലും പലരും തയ്യാറാകുന്നില്ല.
(മരണത്തിന് ഏതാനും ആഴ്ചകള്ക്ക് മുമ്പ് എടുത്ത ചിത്രം )
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗജ സമ്പത്തുള്ളത് ഗുരുവായൂര്‍ ക്ഷേത്രത്തിനാണ്. 60 ഓളം ആനകളാണ് ഇവിടെയുള്ളത്. അതില്‍ ആറെണ്ണത്തിനെങ്കിലും ഗുരുതരമായ രോഗം ബാധിച്ചവയാണ്. 2004 മുതല്‍ പാദരോഗം ബാധിച്ച് പുന്നത്തൂര്‍ ആനക്കോട്ടയില്  കഴിഞ്ഞിരു ന്ന 67 കാരനായ കുട്ടികൃഷ്ണന്‍ ആനകളോട് മനുഷ്യര്‍കാണിക്കുന്ന  ഉദാസീനതയുടേയും അവഗണനയുടേയും ഒടുവിലത്തെ ഇരയാണ്. ഫലപ്രദമായ ചികിത്സ ലഭിക്കാതെയാണ് കുട്ടികൃഷ്ണനും ഇക്കഴിഞ്ഞവെള്ളിയാഴ്ച വേദനകളില്ലാത്ത ലോകത്തിലേക്കു രക്ഷപ്പെട്ടത്..
ഇതേ ആനക്കൊട്ടിലില്‍ പാപ്പാന്മാരുടെ അവഗണനക്കും ക്രൂര പീഡനത്തിനും ഇരയായി 2011 ജനുവരി 17 ന്   ചരിഞ്ഞ ഉണ്ണിക്യഷ്ണന്‍, 2012 ജൂലൈ 20 ന് ചെരിഞ്ഞ അര്‍ജ്ജുന്‍, മാര്‍ച്ച് 9 ന് എരണ്ടക്കെട്ടു  മൂലം ചരിഞ്ഞ ഉമാദേവി എന്നീ ആനകളുടെ ദുരവസ്ഥ തന്നെ ഒടുവില്‍ കുട്ടി കൃഷ്ണനേയും തേടിയെത്തി. ആനകളെ ഉപയോഗിച്ച് പ്രതിവര്‍ഷം ലക്ഷക്കണക്കിനു പണം ഉണ്ടാക്കുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഇതാണെങ്കില്‍ പിന്നെ മറ്റുള്ള  ആന ഉടമകളുടെ   പരിചരണവും ശ്രദ്ധയും എങ്ങിനെയായിരിക്കുമെന്ന്  ഊഹിക്കാവുതേയുള്ളൂ. ക്ഷേത്രോത്സവങ്ങളുടേയും കെട്ടു കാഴ്ചകളുടേയും പേരില്‍ ആനകളെയും മറ്റ് മൃഗങ്ങളേ യും പീഡിപ്പിക്കുകയും ബലി നല്‍കുകയും ചെയ്യുന്ന  ഇരുണ്ട സംസ്‌കാരം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തടി പിടിക്കാനും ലോറിയില്‍ കയറ്റാനുമൊക്കെ ആനയെക്കാള്‍ ബലമുള്ള പൊക്ലയിന്‍ പോലുള്ള യന്ത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്നിരിക്കെ എന്തിനാണ് ഈ സാധുമൃഗങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്. കാട്ടിലും നാട്ടിലും  ഒരു പോലെ വംശനാശം നേരിടുന്ന ആനകളെ ക്രയവിക്രയത്തിനും പണം ഉണ്ടാക്കുന്നതിനും പീഡിപ്പിച്ചു രസിക്കുന്നതിനുമുള്ള ഉപകരണങ്ങളാക്കി മാറ്റാതെ അവയെ പാട്ടിന് വിടുക. കാട്ടിലോ മേട്ടിലോ സ്വന്തം ആവാസ വ്യവസ്ഥയില്‍ നടക്കാന്‍ അനുവദിക്കുക. ഇതിനായി നിയമങ്ങളുണ്ടാക്കി കാവലിരിക്കുന്ന  വന്യജീവി വകുപ്പും സര്‍ക്കാരും ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കൂ....