2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ആനകളെ കൊല്ലാക്കൊല ചെയ്യുന്നത് ദൈവങ്ങളോ മനുഷ്യരോ..?

''ല്ലു കരട് കാഞ്ഞിക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ള  ചരങ്ങളും അചരങ്ങളുമായ സകലമാന അണു-ജന്തു-ജീവജാലങ്ങള്‍ക്കും ജനിക്കാനും ജീവിക്കാനും അവകാശവും സ്വാതന്ത്ര്യവുമുള്ളതാണ് ഈ അണ്ഡകടാഹം.''
 മഹാനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ പ്രസ്താവനയിലൂടെ ഒരിക്കല്‍ കൂടി മനസ് പായിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത്  അനുനിമിഷം   വളര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ സ്വാര്‍ഥതയും അഹന്തയും നിറഞ്ഞ നിഷ്ഠൂരമായ പ്രവൃത്തികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ്. മനുഷ്യന് മാത്രമാണ് ഈ പ്രപഞ്ചത്തില്‍ ജീവിക്കാന്‍ അധികാരം, മറ്റുള്ള ജീവജാലങ്ങളെല്ലാം അവന്റെ അഹന്തക്കും അത്യാഗ്രഹത്തിനും ഇരകളാകേണ്ട  അടിമകളാണ് എ ചിന്താഗതി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നത്  ഞെട്ടലോടെ  മാത്രമേ കാണാന്‍ കഴിയുന്നുള്ളു.
 മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രകൃതിയെ പച്ചപ്പോടെ നിലനിര്‍ത്തുന്ന മറ്റു ജീവജാലങ്ങള്‍ക്കും യാതൊരു രക്ഷയും പരിഗണനയും ഇല്ലാതായിരിക്കുന്നു.. കാട്ടുമൃഗങ്ങളെപ്പോലും വെറുതെ വിടാന്‍ മനുഷ്യന്റെ ആര്‍ത്തി സമ്മതിക്കുന്നില്ല എന്നിടത്താണ് അവ നിലനില്പിനായി നേരിടുന്ന  ദുരന്തത്തിന്റെ വ്യാപ്തി മനസിലാകുന്നത്.

കേരളത്തില്‍ ഉത്സവക്കാലമായതോടെ ദിനേനയൊന്നോണം  നാട്ടാനകളെക്കുറിച്ചുള്ള ദുഖകരമായ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മൂന്ന് ആനകളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ രണ്ടെണ്ണം ദു:ഖപര്യവസായിയാണ്.

എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയില്‍ കണ്ണങ്ങാട്ട് ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന അയ്യപ്പന്‍ എന്ന ആന പുലര്‍ച്ചെ ഒന്നരക്ക്      പള്ളിവേട്ട മഹോത്സവത്തിനിടയില്‍ ഇടഞ്ഞോടി വേമ്പനാട്ട് കായലിലെ ചെളിക്കുണ്ടില്‍ വീണ് ചരിഞ്ഞ വാര്‍ത്തയാണ് അതിലൊന്ന്.. അതേ ദിവസം തന്നെ തൃശൂരിലെ മേക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒളരിക്കരകാളിദാസന് എന്ന ആന ഇടഞ്ഞ് പ്രദേശത്ത് വന്‍ നാശനഷ്ടം സംഭവിക്കുകയുണ്ടായി. ഇപ്പോഴിതാ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക പുന്നത്തൂര്‍ ആനക്കോട്ടയില്‍ പത്തുവര്‍ഷത്തോളമായി രോഗ പീഡകളാല്‍  ദുരിതമനുഭവിച്ചു കൊണ്ടിരുന്ന കുട്ടികൃഷ്ണന്‍ എന്ന ആനയുടെ വേര്‍പാടിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നു..
ശബരിമല മണ്ഡല ഉത്സവം തുടങ്ങുന്ന ജനുവരിമുതല്‍ വേനല്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലാണ് കേരളത്തില്‍ ക്ഷേത്രോത്സവങ്ങള്‍ നടക്കുന്നത്. ഇതോടെ ആനകളുടെ പീഡനകാലവും തുടങ്ങും. ആനകളില്ലാത്ത ഉത്സവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മലയാളികളുടെ മാനസിക നില എത്തിയിരിക്കുന്നു. എന്നാല് ഇതിനാധാരം എന്താണ് എന്നു ചോദിച്ചാല്‍ അതിന് വ്യക്തമായ ഒരുത്തരവും ഹിന്ദുമത വേദ ഗ്രന്ഥങ്ങളോ പുരാണങ്ങളോ  നല്‍കുന്നുമില്ല.
മലയാളം ന്യൂസ് ഫെബ്രുവരി 9 ഞായര്

 ദേവ പ്രതിഷ്ഠകള്‍ അഥവാ അവ ആവാഹിച്ച തിടമ്പുകള്  കയറ്റി എഴുള്ളിക്കുന്ന ഏര്‍പ്പാടിനാണ് ആനകളെ ഉപയോഗിക്കുന്നത്. ദേവന്മാരെക്കുറിച്ചുള്ള കഥകളില്‍ ദേവരാജാവായ ഇന്ദ്രന്‍ മാത്രമാണ് ആനപ്പുറത്ത്  സഞ്ചരിക്കുന്നത്. അതും ഭൂമിയിലേത്   പോലുള്ള കറുത്ത ആനയല്ല. വെളുത്ത നിറമുള്ള ഐരാവതം എന്ന ആനപ്പുറത്താണ് അദ്ദേഹത്തിന്റെ യാത്ര. അത്തരമൊരാനയെ ഈ ലോകത്ത് ഒരിടത്തും ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ തന്നെ ഇത്തരം കഥകളുടെ ഉറവിടം കാവ്യഭാവനയല്ലാതെ മറ്റൊന്നുമല്ല എന്ന് ബോധ്യമാകും. അഥവാ ഈ കഥ മുഖവിലക്കെടുത്താല്‍ തന്നെ ദേവന്മാരുടെ രാജാവായിട്ടു പോലും ഇന്ദ്രനെ ഭൂമിയിലുള്ള ദൈവ വിശ്വാസികളാരും ആരാധിക്കാറില്ല. അദ്ദേഹത്തിനായി ആനപ്പുറത്ത് ഉത്സവം നടത്താറുമില്ല. മറ്റ് ദേവീ ദേവന്മാരായ ഗണപതിയുടെ വാഹനം എലി, മുരുകന്റെ വാഹനം മയില്‍, ദുര്‍ഗ്ഗയുടെ വാഹനം സിംഹം, അയ്യപ്പന്റെ വാഹനം പുലി, വിഷ്ണുവിന്റെ വാഹനം ഗരുഡന്‍, ശിവന്റെ വാഹനം കാള എന്നി ങ്ങനെയാണ്. അതുകൊണ്ട് തന്നെ  സ്വാഭാവികമായും  ഇവരെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് തിടമ്പ് എഴുള്ളിക്കാന്‍ ഇവരുടെ ഇഷ്ട വാഹനങ്ങളായ എലിയേയും പുലിയേയും മയിലിനേയും കാളയേയുമൊക്കെയാണ് ഉപയോഗിക്കേണ്ടത്. അതിനു പകരം ആനയെ എഴുള്ളത്തിന് ഉപയോഗിക്കുതിനു പിന്നിലെ യുക്തിയെന്തെന്ന്  മനസിലാകുന്നില്ല.
 തൃശൂരിലെ മേക്കാട്  ക്ഷേത്രത്തില്‍ ഇടഞ്ഞ കാളിദാസന്

ആനകളെക്കുറിച്ച് നാം പഠിച്ചിട്ടുള്ളത് വിയര്‍പ്പ് ഗ്രന്ഥിയില്ലാത്ത ജീവികളാണിവ എന്നാണ്. അതു  കൊണ്ടു തന്നെ അസഹ്യമായ ചൂടാണ്  ആനകള്‍ അനുഭവിക്കുക. സാധാരണ മണിക്കൂറുകളോളം വെള്ളത്തില്‍ ഇറങ്ങി നിന്നോ പൂഴി മണ്ണോ ചെളിയോ ദേഹത്തിട്ടോ ഒക്കെയാണ് ആനകള്‍ ഈ ചൂടില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നത്. വീട്ടിനുള്ളില്‍ സുരക്ഷിതരായി കഴിയുന്ന  മനുഷ്യര്‍ക്കുപോലും സഹിക്കാന്‍ കഴിയുന്നതിലും ഉയര്‍ന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചൂട്. അപ്പോള്‍ ഉത്സവ എഴുള്ളിപ്പിന്റെ പേരില്‍ ബന്ധനസ്ഥരായി മണിക്കൂറുകളോളം ക്ഷേത്രമൈതാനങ്ങളിലും മറ്റും പൊരിവെയിലത്ത് നില്‍ക്കേണ്ടി വരുന്ന  ആനകള്‍ എന്തുമാത്രം അസ്വസ്ഥത അനുഭവിക്കുന്നുണ്ടാകുമെന്ന് ഊഹിക്കാവതേയുള്ളൂ. പോരാത്തതിന് തീവെട്ടി എ പന്തം പോലുള്ള വിളക്കുകള്‍ ആനയുടെ തൊട്ടരികില്‍ തന്നെ കത്തിച്ചു പിടിക്കുകയും ചെയ്യും. നല്ലെണ്ണയിലോ നെയ്യിലോ ജ്വലിക്കുന്ന   തീവെട്ടിയില്‍ നിന്ന് മീറ്ററുകള്‍ ദൂരത്തില്‍ വരെ ചൂടു പരക്കുമെന്ന് ഒരിക്കലെങ്കിലും അതിനടുത്തു നിന്നിട്ടുള്ള ഉത്സവ പ്രേമികള്‍ക്കറിയാവു സത്യമാണ്. വൈദ്യുതി വ്യാപകമല്ലാതിരുന്ന  കാലത്ത്  ഉത്സവങ്ങളെ  തിളക്കമുള്ളതാക്കാന്‍ ഉപയോഗിച്ചിരുതാണ് തീവെട്ടികള്. ഇന്ന് ക്ഷേത്ര ചടങ്ങുകളില്‍ വൈദ്യതി ദീപങ്ങളുടെ ആര്‍ഭാടമുണ്ടായിട്ടു പോലും കാലഹരണപ്പെട്ട  തീവെട്ടികള്‍  ആനകള്‍ക്കു ഭീഷണിയേകാന്‍ മാത്രമാണ്  ഇന്നും തുടരുന്നത്. അന്തരീക്ഷത്തിലെ ചൂടും തീവെട്ടിയിലെ ചൂടും കൂടി ഏല്‍ക്കുന്ന തോടെ ഒരു ജീവി എന്ന നിലയില്‍ ആന വിരളുന്നത് സ്വാഭിവികമാണ്. അതിനും പുറമെയാണ് ചെണ്ടയുടേയും മറ്റു വാദ്യങ്ങളുടേയും കര്‍ണകഠോരമായ ശബ്ദം.
കാട്ടില്‍ നിന്ന് വഴിതെറ്റി നാട്ടിലെത്തുന്ന   ആനകളെ ഭയപ്പെടുത്തി കാട്ടിലേക്കു തന്നെ  ഓടിക്കാന്‍ വനമേഖലയില്‍ താമസിക്കുന്നവര്‍ പാട്ട കൊട്ടി ശബ്ദമുണ്ടാക്കുകയും തീ കത്തിച്ചു വീശുകയും ചെയ്യാറുണ്ട്. ഇത്തരം ഭയപ്പെടുത്തലിന്റെ പരമകാഷ്ടയിലെത്തുന്നതും ഭീഷണവുമായ ഒരു നടപടിയാണ് ഉത്സവപ്പറമ്പുകളില്‍ തീവെട്ടി് ഉപയോഗിച്ച് ചൂടേല്‍പ്പിച്ചും ഡസന്‍ കണക്കിന് ചെണ്ടകൊട്ടിയും  ആനകള്ക്ക്   നേരെ ചെയ്യുന്നത്.
മാതൃഭൂമി ഫെബ്രുവരി 8 ശനി

പകല്‍ സമയങ്ങളില്‍ പറക്കെഴുള്ളിപ്പ് എന്ന  ആചാരത്തിന്റെ പേരിലും വിശ്രമമില്ലാതെ വെയിലിലൂടെ ആനകളെ നടത്തിയും പീഢിപ്പിക്കുന്നുണ്ട്. ഉത്സവ ദിനങ്ങളില് ഒരാന ശരാശരി 13-16 മണിക്കൂറെങ്കിലും തുടര്ച്ചയായി പല തരം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട്  ജോലിചെയ്യുന്നുണ്ട്. രാവിലെ ശീവേലി(ശ്രീബലി) തുടര്ന്ന് പറയെടുപ്പ് 3മണി വരെയെങ്കിലും വൈകിട്ട് പകല് പൂരം, രാത്ര 12-1 മണി വരെ വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട, എന്നിങ്ങനെ അനങ്ങാന് പറ്റാത്ത വിധം അടിമയെപോലെ ആനകള് പണിയെടുക്കേണ്ടി വരുന്നു. ഇടക്കൊച്ചില്  വെളുപ്പിന് ഒന്നരക്കാണ് പള്ളിവേട്ട മഹോത്സവത്തിനിടെ അയ്യപ്പന് സഹികെട്ട് തിടമ്പും താഴെയിട്ട് ഓടിയത്.വെള്ളം പോലും കുടിക്കാന് കഴിയാതെയുള്ള ആ നില്പ് എങ്ങനെ ഒരുമിണ്ടാപ്രാണിക്ക് സഹിക്കാന് കഴിയും.    ഉത്സവ കാലം തുടര്‍ച്ചയായതിനാല്‍ ക്ഷേത്രങ്ങളില്‍ നി ന്ന് ക്ഷേത്രങ്ങളിലേക്ക് ആനകളെ എത്തിച്ച് പരമാവധി പണംകൊയ്യാനാണ് ആനയുടമകളും ഇവയെ പാട്ടത്തിനെടുത്ത് ഉത്സവപ്പറമ്പുകളിലെത്തിക്കുന്ന  കരാറുകാരും ശ്രമിക്കുന്നത്. പ്രതി ദിനം രണ്ട് രണ്ടര ലക്ഷം വരെ ഏക്കം(പ്രതിഫലം)   കിട്ടുന്ന ആനകള്‍ കേരളത്തിലുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പദ്മനാഭന്‍ എന്ന ആനക്ക് രണ്ടു ലക്ഷത്തില്‍ പരം രൂപയാണ് പ്രതിദിന വാടക. ഒരേ സമയത്ത് ഒന്നിലധികം ക്ഷേത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആനകളുടെ ഏക്കത്തുകയും കുത്തനെ കൂടും. ഈ തുക കൊണ്ട് ഉടമകളുടെ ബാങ്ക് ബാലന്‍സ് കൂടുന്നു എന്ന തല്ലാതെ ആനകള്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. അവയ്ക്ക് ആവശ്യത്തിന് വിശ്രമമോ, മുറതെറ്രാതെ ആഹാരമോ ജീവന്‍ അപകടത്തിലാകും വിധം എളുപ്പം സംഭവിച്ചേക്കാവു നിര്‍ജ്ജലീകരണം തടയാനുള്ള വെള്ളമോ പോലും നല്‍കാന്‍ ആരും ശ്രദ്ധിക്കാറില്ല. മനുഷ്യരെ പോലെ വിശക്കുന്നു എന്നു വിളിച്ചു പറയാന്‍ മൃഗങ്ങള്‍ക്ക് കഴിവില്ലാത്തതിനാല്‍ അവരെ കണ്ട് രസിക്കുകയും സന്തോഷിക്കുകയും ചെയ്യു പൊതുജനങ്ങളും ഈ മിണ്ടാപ്രാണികളുടെ സങ്കടങ്ങളെക്കുറിച്ച് ഒന്നും അറിയാതെ പോകുന്നു. രോഗം വന്നാല്‍ ചികിത്സ നല്‍കാന്‍പോലും പലരും തയ്യാറാകുന്നില്ല.
(മരണത്തിന് ഏതാനും ആഴ്ചകള്ക്ക് മുമ്പ് എടുത്ത ചിത്രം )
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗജ സമ്പത്തുള്ളത് ഗുരുവായൂര്‍ ക്ഷേത്രത്തിനാണ്. 60 ഓളം ആനകളാണ് ഇവിടെയുള്ളത്. അതില്‍ ആറെണ്ണത്തിനെങ്കിലും ഗുരുതരമായ രോഗം ബാധിച്ചവയാണ്. 2004 മുതല്‍ പാദരോഗം ബാധിച്ച് പുന്നത്തൂര്‍ ആനക്കോട്ടയില്  കഴിഞ്ഞിരു ന്ന 67 കാരനായ കുട്ടികൃഷ്ണന്‍ ആനകളോട് മനുഷ്യര്‍കാണിക്കുന്ന  ഉദാസീനതയുടേയും അവഗണനയുടേയും ഒടുവിലത്തെ ഇരയാണ്. ഫലപ്രദമായ ചികിത്സ ലഭിക്കാതെയാണ് കുട്ടികൃഷ്ണനും ഇക്കഴിഞ്ഞവെള്ളിയാഴ്ച വേദനകളില്ലാത്ത ലോകത്തിലേക്കു രക്ഷപ്പെട്ടത്..
ഇതേ ആനക്കൊട്ടിലില്‍ പാപ്പാന്മാരുടെ അവഗണനക്കും ക്രൂര പീഡനത്തിനും ഇരയായി 2011 ജനുവരി 17 ന്   ചരിഞ്ഞ ഉണ്ണിക്യഷ്ണന്‍, 2012 ജൂലൈ 20 ന് ചെരിഞ്ഞ അര്‍ജ്ജുന്‍, മാര്‍ച്ച് 9 ന് എരണ്ടക്കെട്ടു  മൂലം ചരിഞ്ഞ ഉമാദേവി എന്നീ ആനകളുടെ ദുരവസ്ഥ തന്നെ ഒടുവില്‍ കുട്ടി കൃഷ്ണനേയും തേടിയെത്തി. ആനകളെ ഉപയോഗിച്ച് പ്രതിവര്‍ഷം ലക്ഷക്കണക്കിനു പണം ഉണ്ടാക്കുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഇതാണെങ്കില്‍ പിന്നെ മറ്റുള്ള  ആന ഉടമകളുടെ   പരിചരണവും ശ്രദ്ധയും എങ്ങിനെയായിരിക്കുമെന്ന്  ഊഹിക്കാവുതേയുള്ളൂ. ക്ഷേത്രോത്സവങ്ങളുടേയും കെട്ടു കാഴ്ചകളുടേയും പേരില്‍ ആനകളെയും മറ്റ് മൃഗങ്ങളേ യും പീഡിപ്പിക്കുകയും ബലി നല്‍കുകയും ചെയ്യുന്ന  ഇരുണ്ട സംസ്‌കാരം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തടി പിടിക്കാനും ലോറിയില്‍ കയറ്റാനുമൊക്കെ ആനയെക്കാള്‍ ബലമുള്ള പൊക്ലയിന്‍ പോലുള്ള യന്ത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്നിരിക്കെ എന്തിനാണ് ഈ സാധുമൃഗങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്. കാട്ടിലും നാട്ടിലും  ഒരു പോലെ വംശനാശം നേരിടുന്ന ആനകളെ ക്രയവിക്രയത്തിനും പണം ഉണ്ടാക്കുന്നതിനും പീഡിപ്പിച്ചു രസിക്കുന്നതിനുമുള്ള ഉപകരണങ്ങളാക്കി മാറ്റാതെ അവയെ പാട്ടിന് വിടുക. കാട്ടിലോ മേട്ടിലോ സ്വന്തം ആവാസ വ്യവസ്ഥയില്‍ നടക്കാന്‍ അനുവദിക്കുക. ഇതിനായി നിയമങ്ങളുണ്ടാക്കി കാവലിരിക്കുന്ന  വന്യജീവി വകുപ്പും സര്‍ക്കാരും ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കൂ....

11 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

kaattu kurinji പറഞ്ഞു...

എല്ലാ വർഷവും മൃഗസ്നേഹികളുടെ ഈ ആർത്ത നാദം കേൾക്കാറുണ്ട് ! എല്ലാവർഷവും ആനക്കലി കാണാറുണ്ട് !! പക്ഷെ എന്നാലും ആനകളില്ലാതെ അമ്പാരി ഇല്ലാതെ ആറാട്ട്‌ നടത്താൻ പറ്റുമോ !!

ചന്തു നായർ പറഞ്ഞു...

പതിവില്ലാതെ,ഇന്നലെ ആറ്റുകാലിൽ ആനകളും കുടമാറ്റവും കണ്ടു.പൂരം ഇനി തിരുവനതപുരത്തേക്കും

Nidheesh Varma Raja U പറഞ്ഞു...

ദൈവത്തിനു രാജകീയ പരിവേഷം കൊടുക്കുന്നതിനാണ് ആനകളെ ഉപയോഗിക്കുന്നത്. പണ്ട് രാജാക്കന്മാർ ആനപ്പുറത്തിരുന്നായിരുന്നു എഴുന്നള്ളീയിരുന്നത്. ആനകൾക്ക് പകരം രഥം ഉപയോഗിച്ചാൽ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം . രഥോൽസവവും ഒരുൽസവമാണല്ലോആന ഫാൻസും ആനയുടമാ സംഘവും ഒക്കെ ചേർന്ന് ആന യെണ്ണം എത്ര കൂടുന്നോ അത്ര നല്ലത് എന്ന അവസ്ത സൃഷിടിച്ചിട്ടുണ്ട് . ഗജ രാജ പട്ടങ്ങൾക്കും തലപ്പൊക്ക മത്സരങ്ങളും ഒക്കെ ആനകളെ ഒരു വഴിക്കാക്കി. ഫ്ലക്സ് അടിക്കുന്ന കാശിന് ആനയ്ക് രണ്ട് തണ്ണിമത്തൻ മേടിച്ചു കൊടുത്തിരുന്നെങ്കിൽ

രമേശ്‌ അരൂര്‍ പറഞ്ഞു...

ആനകള്ക്ക് പകരം ഇനിമുതല് ക്ഷേത്രങ്ങളില് രഥം ഉപയോഗിച്ചാല് മതിയെന്ന് ഇതു സംബന്ധിച്ച ഒരു പരാതി തീര്പ്പാക്കി കൊണ്ട് കഴിഞ്ഞ ദിവസം ഓംബുഡ്സമാന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്..പക്ഷെ നടപ്പാക്കാന് സര്ക്കാരും പോലീസും ജനങ്ങളും ഒരുമിച്ച് തയ്യാറാകുമോ എന്നാണ് കാണേണ്ടത് ..ക്ഷേത്രത്തിലെ സാധാരണ ചടങ്ങുകള്ക്കു മാത്രം അതും രണ്ടോ മൂന്നോ മണിക്കൂര് നേരത്തേക്കു മാത്രം ആനകളെ ഉപയോഗിക്കാമെന്നും വിധിയുണ്ട്..

ajith പറഞ്ഞു...

വിശുദ്ധപശുക്കളെ തൊടാന്‍ ധൈര്യമുള്ളവര്‍ ഇല്ല!!

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒന്നിനും സമയമില്ലെന്നേ!

Cv Thankappan പറഞ്ഞു...

"ആഘോഷങ്ങളില്‍ 'കരി'യും,കരിമരുന്നും വര്‍ജ്ജിക്കണം."ശ്രീനാരായണ ഗുരുദേവന്‍റെ ഈ ഉപദേശം ആര് അനുസരിക്കുന്നു!
തൃശ്ശൂരിലെ പല ക്ഷേത്രങ്ങളിലും ആ പരിധിയില്‍പ്പെട്ട ദേശക്കാരാണ് ഉത്സവാഘോഷങ്ങള്‍ സംഘടിപ്പിക്കാറ്.ഏറ്റവും വലിയ ആനയെ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ദേശത്തിനായിരിക്കും തിടമ്പും,ആനയെ നടുക്കുനിര്‍ത്താനുള്ള അവകാശവും സിദ്ധിക്കുക.അതിനായി ഏറ്റവും വലിയ ആനയെ തേടിയും.ഏക്കമുറപ്പിക്കാനുള്ള ഓട്ടമായിരിക്കും പിന്നീട്.
ചെന്നെത്തുന്നതോ ഒരേ ഇടത്തിലും.ആന ഉടമകള്‍ക്ക് സുവര്‍ണ്ണാവസരം.
കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമ്പോള്‍ ഏക്കം ലേലമായി മാറുന്നു.വീറും,വാശിയും ഏറുന്നു.സൌഹാര്‍ദ്ദാന്തരീക്ഷം തകരുന്നു.വാശിയില്‍,ഞാനെന്നഭാവത്തില്‍ ഭക്തിയും,ദേവീദേവന്‍മാരും
ഉള്ളില്‍നിന്നും അപ്രത്യക്ഷമാകുന്നു.
ഈ അടുത്ത്( 2014 ഫെബ്രുവരി 7) തൃശ്ശൂര്‍ പൊങ്ങണംക്കാട് ശ്രീ നാരായണ സേവാമന്ദിരത്തിലെ കാര്‍ത്തിക മഹോത്സവത്തിന് നെല്ലിക്കാട് ദേശക്കാര്‍ ഏല്പിച്ച ആനയുടെ ഏക്കം നാലുലക്ഷത്തി മുപ്പത്തിഎണ്ണായിരം രൂപയായിരുന്നു.മത്സരിച്ചുള്ള ലേലം തന്നെ സംഖ്യ കൂടാന്‍‌ കാരണം........
ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും ഇനി.............................................................
ആശംസകള്‍

തുമ്പി പറഞ്ഞു...

തീര്‍ച്ചയായും മിണ്ടാപ്രാണികളോട് കാണിക്കുന്ന ഈ കൊടുംക്രൂരതകള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞുയരട്ടെ. അവര്‍ക്കും സ്വാതന്ത്രത്തിന്റെ ഒരു നല്ല നളെകള്‍ ഉണ്ടാകണം.

kochumol(കുങ്കുമം) പറഞ്ഞു...

ഉത്സവങ്ങള്‍ക്കും , കെട്ടുകാഴ്ചകള്‍ക്കും ആകര്‍ഷണം കൂടുതലും ആനകള്‍ തന്നെയല്ലേ രമേശേട്ടാ ...നാട്ടില്‍ അവരുടെ ഇഷ്ടത്തിനു വിട്ടാല്‍ പിന്നെ അതിലും വലിയ പാടാകൂല്ലേ ..?? പിന്നെ ഈ സാധുമൃഗങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം . അതിന്റെ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് വന്യജീവി വകുപ്പും സര്‍ക്കാരും ചെയ്യേണ്ടത് ..

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ
ആനയുമമ്പാരിഉമില്ലാതെ പൂരമോ.. ശിവ..ശിവ

ആന പീഡനമാണ് തടയേണ്ടത് ...!

രമേശ്‌ അരൂര്‍ പറഞ്ഞു...

@കൊച്ചുമോള് ..മുരളിയേട്ടന്.. ആനകളെ വിശ്രമിക്കാനും ഭക്ഷണവും വെള്ളവും പോലും കഴിക്കാന് അനുവദിക്കാതെ പൂരം ഉത്സവം എന്നിവ മണിക്കൂറുകളോളം നീട്ടണോ.. സമയം ക്രമീകരിച്ചു കൂടെ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍