2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മൂന്നാം ബദലിന്റെ രാഷ്ട്രീയ പ്രസക്തി

രാജ്യത്തെ ദരിദ്രനാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട്  വാരുന്ന  അംബാനിമാരെപ്പോലുള്ളവരെ തൊട്ടാല്‍ 
ആ കൈവെട്ടും   എന്ന  സൂചനയാണ് മാറിമാറി അധികാരത്തിലേറ്റുന്ന  ജനങ്ങള്‍ക്ക്  കോണ്‍ഗ്രസും ബി.ജെ.പിയും നല്കുന്നത്.
---------------------------------
ന്ത്യാമഹാരാജ്യം പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന അവസരങ്ങളിലൊക്കെ ഉയരുന്ന  ഒരു ചോദ്യമുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി മറ്റെന്താണുള്ളത്? 

ഇതിനുത്തരമെന്ന നിലയില്‍ പതിവായി ചില സമവാക്യങ്ങളും മുദ്രാവാക്യങ്ങളുമായി ഇടതുപാര്‍ട്ടിക   ളും ചില ദേശീയ-പ്രാദേശിക കക്ഷികളും ചെറു പാര്‍ട്ടികളും മതേതര ജനാധിപത്യ സഖ്യം എന്ന നിലയിലോ മൂന്നാം  മുന്നണി എന്ന നിലയിലോ ഒരുമിച്ചു കൂടി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യും. 
അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ മൂന്നാം  മുന്നണി എന്ന  താല്‍ക്കാലിക പ്രതിഭാസം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ എന്തെങ്കിലും   സ്വാധീനം ചെലുത്തുകയോ    മാറ്റമുണ്ടാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് അനുഭവം. തെരഞ്ഞെടുപ്പിനു മുമ്പ് ഉരുത്തിരിയുന്ന മൂന്നാം മുന്നണി സംവിധാനം മിക്കവാറും തെരഞ്ഞെടുപ്പിനു ശേഷം അതുവരെ മുന്നോട്ടു വെച്ച മുദ്രാവാക്യങ്ങള്‍ വലിച്ചെറിഞ്ഞ് കൂടുതല്‍ സീറ്റു നേടുന്ന ഒറ്റക്കക്ഷിയേയോ മുന്നണിയേയോ പിന്തുണച്ച് അധികാരശക്തികളുടെ ഭാഗമാകുന്ന  അസംബന്ധ നാടകങ്ങളാണ് കണ്ടു വരുന്നത്. ദേശീയതലത്തില്‍ മൂന്നാം  മുന്നണി എന്ന  പേരില്‍ ഒരുമിക്കുന്ന  പാര്‍ട്ടികളൊക്കെ പ്രാദേശിക തലത്തില്‍ പരസ്പരം മത്സരിക്കുന്ന  കൗതുകക്കാഴ്ചകളും കാണാം. 
ഇതാണ് മതേതര,ആദര്‍ശ, അഴിമതിരഹിത മുദ്രാവാക്യം മുഴക്കുന്ന രാഷ്ട്രീയ കക്ഷികളുടെ മറ്റൊരു മുഖം. പൊതു സ്വഭാവവും.
അരവിന്ദ് കെജ്രിവാള്‍ 
 
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും അത്രമേല്‍ അപകടകരമായ രീതിയില്‍ മലീമസമായിരിക്കുന്നു  എന്ന   തിരിച്ചറിവില്‍നിന്നാണ് മൂന്നാം  ബദല്‍ എന്ന  രീതിയില്‍ ഓരോ തെരഞ്ഞെടുപ്പിലും വീണ്ടും വീണ്ടും ശ്രമങ്ങളുണ്ടാകുന്നത്. ആറു പതിറ്റാണ്ടായി രാജ്യഭരണം നടത്തുന്ന  കോണ്‍ഗ്രസ് അഴിമതി എന്നത് രാജ്യശരീരത്തിന്റെ ഭാഗമാക്കി. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടയില്‍ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്റെ പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പറഞ്ഞത് അഴിമതി എന്ന  മാരകമായ കാന്‍സര്‍ ഭരണത്തിലും രാഷ്ട്രീയത്തിലും പടര്‍ന്നു  പിടിച്ചുവെന്നാ  ണ്. ഇതേ വാചകങ്ങള്‍ തന്നെയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തലേന്നു   പ്രഥമപൗരനായ പ്രണബ്കുമാര്‍ മുഖര്‍ജിയും ആവര്‍ത്തിച്ചത്. ആരാണിതിന് ഉത്തരവാദികള്‍ എന്ന  ചോദ്യത്തിന് പരസ്പരം നോക്കുകയല്ലാതെ ആര്‍ക്കും കോണ്‍ഗ്രസിൽ   ഉത്തരമില്ല. 
അഴിമതി സാര്‍വത്രികമാക്കുക വഴി സാമ്പത്തിക അരാജകത്വത്തിനും അസഹനീയമായ വിലക്കയറ്റത്തിനും ഇടവെക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെങ്കില്‍ ഇന്ത്യയുടെ പുകഴ്‌പെറ്റ മതേതരത്വത്തിനും ജനാധിപത്യ വാഴ്ചക്കും അഖണ്ഡതക്കും സാഹോദര്യത്തിനും ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ തുല്യതക്കുമെല്ലാം ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളായ സംഘ്പരിവാര്‍ സംഘടനകളും നിലകൊള്ളുത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി സംഘപരിവാര ശക്തികളുടെ സഹജമായ മതേതര -ന്യൂനപക്ഷ വിരോധത്തിന് മൂര്‍ച്ചയും ശക്തിയും കൂടി എതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഗുജറാത്ത് കൂട്ട  ക്കൊലയുടെ മുഖ്യആസൂത്രകനായ നരേന്ദ്ര മോഡിയെ തന്നെ  അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്നുള്ളത്. 
ബി.ജെ.പിയില്‍ തീവ്രഹിന്ദുത്വ നിലപാടു പുലര്‍ത്തുന്ന  എല്‍.കെ.അദ്വാനിയെപോലൊരു നേതാവിനെ തഴഞ്ഞുകൊണ്ടാണ് അതിനേക്കാള്‍ തീവ്രനിലപാടുള്ള മോഡിയെ സ്ഥാനാര്‍ഥിയാക്കിയത് എതില്‍ നിന്നു  തന്നെ  സംഘപരിവാര ശക്തികളുടെ യഥാര്‍ഥ അജണ്ടക്ക് പിന്നിലുള്ള ഭീഷണിയുടെ ആഴം വ്യക്തമാകുന്നു. 
ദല്‍ഹിയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന  കോണ്‍ഗ്രസ് ഭരണത്തിന്റെ കുത്തക തകര്‍ത്ത് അധികാരത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി   ഇരുട്ട്  നിറഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനാഴികളില്‍ തെളിഞ്ഞ പ്രതീക്ഷയുടെ പ്രകാശ നാളമായിരുന്നു. പക്ഷേ കോര്‍പ്പറേറ്റുകളുടെ നേര്‍ക്ക് അരവിന്ദ് കെജ്‌രിവാളിന്റെ ചൂലും ചൂണ്ടുവിരലുമുയര്‍പ്പോള്‍ അധികാരത്തിനുവേണ്ടി വിരുദ്ധധ്രുവങ്ങളില്‍നിന്ന്  പരസ്പരം കലഹിക്കുകയും പോരടിക്കുകയും ചെയ്ത കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചുനിന്ന്  ആ പ്രകാശനാളം തല്ലിക്കെടുത്തി. അതാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കണ്ടത്. രാജ്യത്തെ ദരിദ്രനാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട്  വാരുന്ന  അംബാനിമാരെപ്പോലുള്ളവരെ തൊട്ടാല്‍ ആ കൈവെട്ടും   എന്ന  സൂചനയാണ് മാറിമാറി അധികാരത്തിലേറ്റുന്ന  ജനങ്ങള്‍ക്ക്  കോണ്‍ഗ്രസും ബി.ജെ.പിയും  നല്‍കിയിട്ടുള്ളത്. അംബാനിക്കെതിരെ കെജ്‌രിവാള്‍ എടുത്ത കേസ് മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുന്നു .
മലയാളം ന്യൂസ് ദിനപ്പത്രം ഫെബ്.16 ഞായര് 
ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കൊള്ളക്കാര്‍ക്കെതിരെ മൂന്നാം  ബദല്‍ എന്തെന്ന    ചോദ്യം വീണ്ടുമൊരിക്കല്‍ കൂടി പ്രസക്തമാകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശിരസ്സിനു മുകളില്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിയാടുന്ന  അഴിമതിയുടേയും വിലക്കയറ്റത്തിന്റേയും ഫെഡറല്‍ സംവിധാനത്തകര്‍ച്ചയുടേയും തീവ്രവാദത്തിന്റേയുമൊക്കെ ഭീഷണികളെ അതിജീവിക്കാന്‍ പ്രാപ്തമായ ശക്തിയേറിയ ബദല്‍ രൂപപ്പെടുത്തേണ്ട ഏറ്റവും അനുയോജ്യമായ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ജനത എത്തിച്ചേർന്നിട്ടുള്ളത് .

പതിവുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തുള്ള പതിനൊന്നു    പാര്‍ട്ടികളുടെ ഫെഡറല്‍ സഖ്യം രൂപംകൊണ്ടിരുന്നു  . ഇടതുപക്ഷവും മറ്റ് മതേതരജനാധിപത്യ പാര്‍ട്ടികളും ചേര്‍ന്നുള്ള   ഈ മുണി പാര്‍ലമെന്റിലെ ഇരുസഭയിലും ഒറ്റ ബ്ലോക്കായി നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് .  സി.പി.എം., സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേഡ്  ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി , ജെ.ഡി.(യു), എ.ഐ.എ.ഡി.എം.കെ., ജനതാദള്‍ (എസ്), അസം ഗണ പരിഷത്ത്(എ.ജി.പി.), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ബിജു ജനതാദള്‍ എന്നീ  പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ജനതാദള്‍ നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന  എച്ച്.ഡി. ദേവഗൗഡയുടെ വീട്ടിലാണ് ഈ മാസം പത്തിന് യോഗം നടന്നത്. പ്രധാനമായും ജെ.ഡി.(യു), ജനതാദള്‍ (എസ്), സി.പി.എം., സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക് എന്നീ  പാര്‍ട്ടികളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. എ.ഐ.എ.ഡി.എം.കെ., സമാജ്‌വാദി പാര്‍ട്ടി   പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ദേവഗൗഡയും നിതീഷ്‌കുമാറും എ.ബി ബര്‍ദനും പ്രകാശ് കാരാട്ടുമാണ് യോഗത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ പഴയ വീഞ്ഞ് തന്നെ  പുതിയ കുപ്പികളില്‍ നിറക്കുതുപോലെയാകില്ലേ ഇതുമെന്നു കരുതുന്നവരാണ് കൂടുതല്‍.

ദല്‍ഹിയില്‍ പ്രകാശം പരത്തിയ കെജ്‌രിവാളിനെ പോലുള്ളവരെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു കഴിഞ്ഞാല്‍ ഒരു പക്ഷെ ഇന്ത്യയുടെ ഭാവി ഭാഗധേയം തന്നെ മാറിമറിഞ്ഞേക്കും. പെട്രോളിന്റേയും പ്രകൃതിവാതകത്തിന്റേയും പച്ചക്കറിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും എന്തിന് പച്ചവെള്ളത്തിന്റെ പോലും വില കയറ്റാന്‍ വെമ്പല്‍കൊള്ളുന്ന കോര്‍പ്പറേറ്റ് മാനേജര്‍മാരായ മന്ത്രിമാരെയും രാഷ്ട്രീയ ദല്ലാള്‍മാരെയും നിലക്കു നിര്‍ത്താന്‍ അവരുടെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ ശക്തിയുണ്ടെന്നു  തെളിയിച്ച ഒരാളെന്ന  നിലയില്‍ കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും എന്തുകൊണ്ട് ഒരു ദേശീയ ബദല്‍ ആയിക്കൂടാ? 

4 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Cv Thankappan പറഞ്ഞു...

അഴിമതിയുടേയും വിലക്കയറ്റത്തിന്റേയും ഫെഡറല്‍ സംവിധാനത്തകര്‍ച്ചയുടേയും തീവ്രവാദത്തിന്റേയുമൊക്കെ ഭീഷണികളെ അതിജീവിക്കാന്‍ പ്രാപ്തമായ ശക്തിയേറിയ ബദല്‍ രൂപപ്പെടുത്തേണ്ട ഏറ്റവും അനുയോജ്യമായ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ജനത എത്തിച്ചേർന്നിട്ടുള്ളത് .
തീര്‍ച്ചയായും,ചിന്തിക്കേണ്ടിയിരിക്കുന്നു ഏവരും.
ആശംസകള്‍

ajith പറഞ്ഞു...

രാഷ്ട്രീയബദലുകളില്‍ വിശ്വാസം നഷ്ടപ്പെട്ടുപോയി

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ഏത് ബദല് വന്നാലും മ്മ്ടെ രാജ്യം മാറുമോ അല്ലേ

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ആം ആദ്മി പാര്‍ട്ടി വലിയ ഒരു പ്രതീക്ഷയാണ് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ അവരുടെ നേതൃത്വം പ്രതീക്ഷക്കൊത്ത് പലപ്പോഴും ഉയരുന്നില്ല എന്ന കാര്യം കാണാതെ തരമില്ല . തന്നെയുമല്ല ഇന്ദിരാ ഗാന്ധി ഗവണ്മെന്റിനെതിരെ ഉയര്‍ന്നു വന്ന ജനകീയ പ്രതീക്ഷ ആയിരുന്ന ജനതാ പാര്‍ട്ടി വളരെ ശക്തമായ ആശയ അടിത്തറയും ഇതിനെക്കാള്‍ പ്രഗല്‍ഭരും പ്രതിഭാ സമ്പന്നരും ആയ നേത്രുനിരയും ഉണ്ടായിരുന്നിട്ടും തകര്‍ന്നു പോയതും വിസ്മരിച്ചു കൂടാ . വടക്കേ ഇന്ത്യയില്‍ മാത്രം സ്വാധീനം ചെലുത്താന്‍ കഴിയൂ എന്നതും അവരുടെ പ്രധാന ബലഹീനതയാണ് .എങ്കിലും ആശിക്കുക എന്നതിന് അപ്പുറം വേറെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ ജനതയുടെ ഒരംഗം എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു ,,അരവ്വിന്ദ് കേജ്രിവാള്‍ പ്രധാന മന്ത്രി ആകട്ടെ .ഇത്രയും കാലത്തിനുള്ളില്‍ കാണാത്ത രീതിയിലുള്ള ഒരു ഭരണം കാഴ്ച വെക്കാന്‍ അദ്ദേഹത്തിനാകട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍