2014, ഏപ്രിൽ 19, ശനിയാഴ്‌ച

പ്രണയനഷ്ടത്തിന്റെ ദിനം


കുലപതിയുടെ ശരത്ക്കാലം തീര്‍ന്നു, ഒരു മരണത്തിന്റെ പുരാവൃത്തം നീ മുന്‍കൂട്ടിപ്പറഞ്ഞത് ഞങ്ങളോര്‍ക്കുന്നു. അത് നിന്റെ തന്നെ ചരമക്കുറിപ്പായിരുന്നുവെന്ന് വൈകി ഉണര്‍ന്ന ഞങ്ങള്‍ തിരിച്ചറിയുന്നു. അപരിചിതരായ തീര്‍ത്ഥാടകരെ പോലെ ഞങ്ങള്‍ നീ പറഞ്ഞുപോയ പ്രണയത്തിന്റെ വീണ്ടെടുപ്പിനായി അലഞ്ഞുകൊണ്ടിരിക്കും. പ്രണയത്തിന്റെയും പ്രണയം പിശാചാക്കിയവരുടെയും കാലം വീണ്ടെടുപ്പില്ലാത്തതാണെന്ന്, പ്രിയ ഗാബോ നിന്നെക്കാള്‍ നന്നായി മറ്റാര്‍ക്കാണറിയാന്‍ കഴിയുക! 


രമേശ് അരൂര്‍

ലോകത്തിന് പ്രണയം നഷ്ടപ്പെട്ട ദിനമാണ് ഏപ്രില്‍ 17. മരണമില്ലാത്ത പ്രണയത്തെക്കുറിച്ച് വാചാലനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിട പറഞ്ഞ ദിനമാണിത്. 'ഏപ്രിലാണേറ്റവും ക്രൂരമാസം...' എന്ന് വേസ്റ്റ്‌ലാന്‍ഡ് എന്ന വിഖ്യാത രചനയിലൂടെ ഇംഗഌഷ് കാവ്യലോകത്ത് സംവേദന വിസ്‌ഫോടനം സൃഷ്ടിച്ച തോമസ് എലിയറ്റ് പറഞ്ഞത് എത്ര സത്യമായിരിക്കുന്നുവെന്ന് 'ഗാബോ' നിന്റെ വേര്‍പാട് വിളിച്ചു പറയുന്നു.  പ്രണയം നേടാന്‍ വേണ്ടി ഒരമ്മ തന്റെ പിഞ്ചുകുഞ്ഞിനെ കാമുകന്റെ കൊലക്കത്തിക്കു മുന്നിലേക്ക് എറിഞ്ഞു കൊടുത്ത ഞെട്ടലില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍. ഏപ്രിലിന്റെ ക്രൂരത. തിണ്ണയില്‍ ചിതറിത്തെറിച്ച ഇളം ചോരകണ്ട് പ്രണയികള്‍ക്ക് എങ്ങിനെ രക്തദാഹികളാകാന്‍ കഴിയുന്നു എന്നാര്‍ത്തലച്ച കൂട്ടുകാരിയോട് ഏപ്രിലാണേറ്റവും ക്രൂരമാസം എന്ന എലിയറ്റിന്റെ വരികള്‍ വായിക്കാന്‍ പറഞ്ഞു. പ്രണയത്തിനു വേണ്ടിയാണ് ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടായതെന്നും ആളുകള്‍ പരസ്പരം കൊന്നതും കൊല്ലിച്ചതുമെന്നും ചരിത്രവും പറയുന്നു. ആരാണ് ജയിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. മനുഷ്യനോ? അതോ പ്രണയമോ?

ഗാബോ ഒരു പക്ഷെ സ്മൃതിഭ്രംശത്തിന്റെ ഇരുട്ടില്‍ സ്വയം നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ നീയും പാടിയേനെ ഞങ്ങള്‍ക്കൊപ്പം വീണ്ടും വീണ്ടും കോളറക്കാലത്തെ പ്രണയത്തെപ്പറ്റി. പ്രണയം നഷ്ടപ്പെട്ടവരെയും പ്രണയത്തിനുവേണ്ടി രക്തദാഹികളായവരെയും പറ്റി. ഉറക്കം നഷ്ടപ്പെട്ട ഈ ഏപ്രില്‍ രാത്രിയില്‍ നഷ്ടപ്രണയങ്ങളെക്കുറിച്ച് ആകുലനായിരിക്കുമ്പോഴാണ് ബി.ബിസിയില്‍ നിന്റെ വിയോഗ വാര്‍ത്ത ബ്രേക്ക് ചെയ്തത്. ഈ വിയോഗ വ്യഥ ഞങ്ങള്‍ക്കു നല്‍കിക്കൊണ്ട് ഗാബോ നീ ഏപ്രിലിനെ കൂടുതല്‍ ക്രൂരമാക്കിത്തീര്‍ക്കുകയായിരുന്നു അല്ലേ..?

അക്വേറിയത്തിലെ പുല്‍നാമ്പു പോലെ
പ്രഭാതവെയില്‍ കൊണ്ടിരിക്കുമ്പോള്‍
എനിക്കു മാത്രം കേള്‍ക്കാനാകുന്ന
ഏകാന്തതയുടെ ഇടങ്ങളില്‍ 
തണുത്ത കൈവിരലുകളാല്‍
തൊടുമ്പോള്‍ മരിച്ച് പോയെന്ന് കരുതുമോ

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്....
കാഴ്ചയില്‍ വസന്തോത്സവങ്ങളുടെ ആന്ദോളനങ്ങള്‍ നിറയ്ക്കുന്ന ഒരു ലാറ്റിനമേരിക്കന്‍ കാര്‍ണിവല്‍ പോലെ പ്രോജ്വലമായ അക്ഷരങ്ങള്‍ കൊണ്ട് ലോക സാഹിത്യത്തില്‍ ആഹ്ലാദോത്സവങ്ങള്‍ തീര്‍ത്ത മാന്ത്രിക പ്രതിഭയായിരുന്നു നീ. ജനാധിപത്യത്തിന്റെ വേരുകള്‍ ഒരിക്കല്‍ പോലും മണ്ണിലുറക്കാത്ത കൊളംബിയയിലെ പ്രാക്തന നാഗരികത അടിച്ചേല്‍പ്പിച്ച അരക്ഷിതാവസ്ഥയും ദാരിദ്ര്യത്തിന്റെ നഖമുനകള്‍ ആഴ്ന്നിറങ്ങിയ ജീവിത പശ്ചാത്തലവുമായിരുന്നു നിന്റെ രചനാ ഭൂമിക.
മാന്ത്രികത്തൂലികകൊണ്ട് ലോകത്തെ മുഴുവന്‍ കാമുകരാക്കിയ പ്രിയങ്കരനായ ഒരു എഴുത്തുകാരാ മറവിരോഗം കാരണം നീ എഴുത്ത് തന്നെ ഉപേക്ഷിച്ച വാര്‍ത്ത കേട്ട് ഞങ്ങള്‍ എത്ര വേദനിച്ചിരുന്നുവെന്നോ? മാജിക്കല്‍ റിയലിസം കൊണ്ട് ലോക ഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ മാര്‍ക്വേസ്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഇനി പൂക്കുകയില്ല എന്ന ആ വാര്‍ത്ത ലോകം നിറകണ്ണുകളോടെയാണ് കേട്ടിരുന്നത്. ഇപ്പോഴിതാ നിന്റെ വേര്‍പാടിലും നീ ലോകത്തെ ഏകാന്തതയുടെ നൂറായിരം വര്‍ഷങ്ങളിലേക്ക് ഉറക്കിക്കിടത്തിയിരിക്കുന്നു. ലോകം ഈ ദിനം പ്രണയ നഷ്ടത്തിന്റേതായി ആചരിക്കുമാറാകട്ടെ. കപ്പല്‍ച്ചേതം വന്ന കപ്പലോട്ടക്കാരനെപ്പോലെ ഓരോ മനസ്സും നിന്റെ വേര്‍പാടില്‍ വേദനിക്കുമാറാകും. പ്രണയമില്ലെങ്കില്‍ ഇനി യുദ്ധങ്ങളെന്തിന്? പ്രണയിക്കാന്‍ പഠിപ്പിച്ച നീ തന്നെ നിന്റെ വേര്‍പാടിലൂടെ യുദ്ധങ്ങളേയും പ്രണയികളുടെ രക്തദാഹത്തേയും ശമിപ്പിക്കട്ടെ. ചുഴലിക്കാറ്റുകള്‍ പ്രണയം നഷ്ടപ്പെട്ട ഞങ്ങളുടെ പായ്ക്കപ്പലുകളെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്നറിയില്ല. എതയോ നാളുകളായി നീയും അറിയുന്നുണ്ടായിരുന്നില്ലല്ലോ..

ചെമ്പകപ്പൂമണം, വെളുവെളെ വെളുത്ത ആട്ടിന്‍ പറ്റം
എനിക്കറിയാം, പിരിഞ്ഞതില്‍ പിന്നെ 
അവിടെ തന്നെയുണ്ടോ എന്നറിയാന്‍
വെറുതേ കാത്തു കാത്തു നില്‍ക്കുകയും
തളിര്‍ക്കുകയും ചെയ്യുന്ന നിന്നെ...

കുലപതിയുടെ ശരത്ക്കാലം തീര്‍ന്നു, ഒരു മരണത്തിന്റെ പുരാവൃത്തം നീ മുന്‍കൂട്ടിപ്പറഞ്ഞത് ഞങ്ങളോര്‍ക്കുന്നു. അത് നിന്റെ തന്നെ ചരമക്കുറിപ്പായിരുന്നുവെന്ന് വൈകി ഉണര്‍ന്ന ഞങ്ങള്‍ തിരിച്ചറിയുന്നു. അപരിചിതരായ തീര്‍ത്ഥാടകരെ പോലെ ഞങ്ങള്‍ നീ പറഞ്ഞുപോയ പ്രണയത്തിന്റെ വീണ്ടെടുപ്പിനായി അലഞ്ഞുകൊണ്ടിരിക്കും. പ്രണയത്തിന്റെയും പ്രണയം പിശാചാക്കിയവരുടെയും കാലം വീണ്ടെടുപ്പില്ലാത്തതാണെന്ന്, പ്രിയ ഗാബോ നിന്നെക്കാള്‍ നന്നായി മറ്റാര്‍ക്കാണറിയാന്‍ കഴിയുക!

6 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

പട്ടേപ്പാടം റാംജി പറഞ്ഞു...

ആദരാഞ്ജലികള്‍

Cv Thankappan പറഞ്ഞു...

"ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍"വായിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും
ഓര്‍മയില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന തലമുറയും,കണ്ണികളും.......
എന്‍റെ ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു മഹനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്................ആദരാഞ്ജലികള്‍
നന്നായി എഴുതിയിരിക്കുന്നു രമേശ് സാര്‍ നന്ദി.
ആശംസകള്‍

വിനുവേട്ടന്‍ പറഞ്ഞു...

പ്രിയ എഴുത്തുകാരന് വിട... ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് മരണമില്ല...

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

ആദരാഞ്ജലികള്‍ ..

Joselet Mamprayil പറഞ്ഞു...

മനോഹരമായ കുറിപ്പ്.
പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിലേറെ കേട്ടിരിക്കുന്നു.
ഒരു നോവലിന്‍റെ ആത്മാവിനെ സിനിമയില്‍ പുനപ്രതിഷ്ഠിക്കുക സാധ്യമല്ല എന്നറിഞ്ഞു കൊണ്ടുതന്നെ കഴിഞ്ഞ ദിവസം കോളറാ കാലത്തെ പ്രണയം എന്ന ഹോളീവുഡ് സിനിമ കണ്ടിരുന്നു. അറിയാനുള്ള ആകാംക്ഷയില്‍.....

വീകെ പറഞ്ഞു...

ആദരാഞ്ജലികൾ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍