2014, മേയ് 22, വ്യാഴാഴ്‌ച

ശീര്‍ഷകമില്ലാതെ...


ഫൈസലിയായിലെ  എന്റെ താമസസ്ഥലത്ത് നിന്ന് ദിവസവും റൗദ തെരുവിലുള്ള പത്രം ഓഫീസിലേക്കു പോകു
ന്നത് തരീഖ് മദീന എന്നറിയപ്പെടുന്ന എക്‌സ്പ്രസ് ഹൈവേയ്ക്ക്  കുറുകെ പണിതിട്ടുള്ള മരപ്പാലം കയറിയാണ്. ആകെ പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂവെങ്കിലും ഉച്ചച്ചൂടിന്റെ ആഘാതമോര്‍ത്താല്‍ ആര്‍ക്കും നടന്നു പോകാന്‍ തോന്നില്ല.

സഹപ്രവര്‍ത്തകര്‍ പലരും ഷെയര്‍ ടാക്‌സിയിലും മറ്റുമാണ് എന്നും ഓഫീസിലെത്തുക. പക്ഷേ ആകെയുള്ള പകല്‍ക്കാഴ്ചകള്‍ക്കായി ഈ നടപ്പ് മാത്രമല്ലേയുള്ളൂ എന്നു കരുതിയാണ് മരപ്പാലം വഴിയുള്ള കുറുക്കുവഴി തന്നെ ഞാന്‍ തെരഞ്ഞെടുത്തത്. ആ വഴിയോരങ്ങളിൽ നിറയെ പേരറിയാത്ത മരങ്ങളുണ്ട് ..അവയുടെ തണലും തണുപ്പുമുണ്ട്‌..മരുഭൂമിയിലെ യാത്രക്കാർക്കായി  ആരോ നാട്ടു നനച്ച കനിവിന്റെ  നിഴൽപ്പാടുകൾ ..

മാത്രമല്ല അതിരിലെത്തി പുറത്തേക്കു ചാടാന്‍ വെമ്പിനില്‍ക്കുന്ന കൊളസ്‌ട്രോളിനെ ഒന്നു പേടിപ്പിച്ചുനിര്‍ത്താന്‍ 'ഇത്തിരി നടക്കണം' എന്ന് കഴിഞ്ഞ ദിവസവും  പതിവുള്ള   രക്തപരിശോധന കഴിഞ്ഞ് അല്‍ അബീറിലെ പെണ്‍ഡോക്ടര്‍ നിര്‍ദ്ദേശിച്ചതാണ്.

നടപ്പ് പണ്ടുമുതലേ ഇഷ്ടമാണ്. നടപ്പിനിടയിലാണ് എഴുത്തിനെപ്പറ്റി, വീടിനെപറ്റി, കൂട്ടുകാരെപ്പറ്റിയൊക്കെ ഗഹനമായി ചിന്തിക്കുക. പലരോടും നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ഈ നടപ്പിനിടയില്‍ അവരെ ഭാവനയില്‍ പിടിച്ചു കെട്ടി  മുന്നിൽ നിര്‍ത്തി കണ്ണുമടച്ച് പറയാം. ദേഷ്യം വന്നാല്‍ ശകാരിക്കാം. കാണുന്നവര്‍ മൂക്കത്ത് വിരല്‍വെക്കുമായിരിക്കും. അല്ലെങ്കില്‍ തന്നെ ആളുകള്‍ക്ക് നമ്മളെനോക്കാനൊന്നും നേരം കാണില്ല. അവരും നമ്മളെപ്പോലെ എന്തെല്ലാം തിരക്കുകളില്‍ ആയിരിക്കും. അല്ലെങ്കില്‍ നമ്മളെ അറിയാത്ത ഏതൊക്കെയോ നാട്ടുകാരായ അവര്‍ 'ഏതോ ഒരു വട്ടന്‍' എന്ന്. കരുതുമായിരിക്കും. അത്ര തന്നെ.

മരപ്പാലത്തില്‍ കയറിനിന്നാല്‍ താഴെയും ദൂരെയുമായി എട്ടുവരിയുള്ള എക്‌സ്പ്രസ് ഹൈവെയിലൂടെ ചീറിപ്പായുന്ന നൂറുകണക്കിന് വാഹനങ്ങള്‍ കാണാം. റോഡുകള്‍ക്കിരുപുറവുമുള്ള ബഹുനില മന്ദിരങ്ങളും കടകളും, അറബിയിലുള്ള വിവിധ വര്‍ണങ്ങളിലുള്ള ബോര്‍ഡുകളും കാണാം. പാലത്തിന് മുകളില്‍ എപ്പോഴും നല്ല കാറ്റാണ്.

അതുമാത്രമല്ല കൗതുകം. മേല്‍ക്കൂരയും തണലുമുള്ള പാലത്തിന്റെ  ഒത്തനടുക്കായി നാലോ അഞ്ചോ വയസുള്ള ഒരാഫ്രിക്കന്‍ പെണ്‍കുട്ടി ഇരിക്കുന്നതു കാണാം. മിക്കവാറും അവള്‍ ഒറ്റക്കായിരിക്കും. അപൂര്‍വ്വമായി അവളുടെ അമ്മയേയും കണ്ടിട്ടുണ്ട്. വഴിയോരങ്ങളിലുള്ള ഖുമാമ പെട്ടികളില്‍ (കുപ്പത്തൊട്ടി) ധനികരോ തിന്ന് മതിയായവരോ നിക്ഷേപിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടമോ, ദയാലുക്കള്‍ പാവങ്ങള്‍ക്കായി കരുതിവെക്കുന്ന റൊട്ടിപ്പാക്കറ്റോ പെറുക്കാന്‍ പോകുന്നതാകും അവളുടെ അമ്മ.

പാലത്തിലൂടെ വരുന്നവരെ നോക്കി ആ കറുമ്പിപ്പെണ്ണ് വലത് കൈയ്യിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തി ഒന്ന് എന്ന് ആംഗ്യം കാണിക്കുന്നതാണ് അവളെ ശ്രദ്ധിക്കാന്‍ കാരണം. ഒന്ന് എന്നാല്‍ ഒരു റിയാല്‍ തരൂ എന്ന യാചനയാണ്. ആദ്യമൊന്നും ഒരുവാക്ക് പോലും ഉരിയാടാതെയുള്ള ഈ ആംഗ്യത്തിന്റെ അര്‍ഥം എനിക്കുമനസിലായില്ല. അതുകൊണ്ട് കുട്ടികളോടുള്ള സഹജ വാത്സല്യ ഭാവത്താല്‍ അവളെ അനുകരിച്ച് ചൂണ്ടുവിരല്‍ കാട്ടി ഒന്ന് എന്ന് തിരിച്ച് ആംഗ്യം കാണിച്ചു. അതുകണ്ട് കറുകറുത്ത അവളുടെ വെളുവെളുത്ത കണ്ണുകള്‍ വിടരുകയും അതിനേക്കാള്‍ വെളുത്ത കുഞ്ഞിപ്പല്ലുകള്‍ കാട്ടി അവള്‍ ചിരിക്കുകയും ചെയ്തു. ഇരുണ്ട രാത്രിയില്‍ പൂനിലാവ് ഉദിക്കുന്നതുപോലെയായിരുന്നു ആ ചിരി. പിന്നീട് പലദിവസങ്ങളിലും അവള്‍ എന്നെയും ഞാന്‍ അവളേയും നോക്കി 'ഒന്ന്' എന്ന് ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. പാലത്തിന്റെ പടികള്‍ കയറി ദൂരെ നിന്ന് ഞാന്‍ വരുന്നതു കാണുമ്പോള്‍ തന്നെ അവളുടെ കറുത്ത മുഖത്ത് പൂന്തിങ്കള്‍ തെളിയുന്നത് കണ്ട് ഗൂഢമായി ഞാനും സന്തോഷിച്ചു. ചിലര്‍ അവളുടെ ആംഗ്യം കണ്ട് അവള്‍ക്ക് പണം കൊടുക്കുന്നത് കണ്ടപ്പോളാണ് കുഞ്ഞു പ്രായത്തിലേ അവള്‍ ജീവിക്കാനായി എല്ലാവരുടേയും മുന്നില്‍ യാചിക്കുകാണ് എന്നെനിക്ക് മനസിലായത്. ആ അറിവ് എന്നെ നൊമ്പരപ്പെടുത്തി. പിറ്റേന്ന് അവള്‍ക്ക് ഒരു റിയാല്‍ സമ്മാനിക്കുവാന്‍ ഞാനും ആഗ്രഹിച്ചു. അടുത്ത ദിവസം പാലം കയറും മുമ്പ് പോക്കറ്റില്‍ നിന്ന് പച്ചനിറത്തിലുള്ള ഒരു റിയാല്‍ എടുത്ത് ഞാന്‍ വിയര്‍ത്ത കൈക്കുള്ളില്‍ ഒളിച്ചുവെച്ചു.
എന്റെ ആംഗ്യം മാത്രം പ്രതീക്ഷിക്കുന്ന അവള്‍ക്ക് അപ്രതീക്ഷിതമായി റിയാല്‍ സമ്മാനിച്ച് അവളെ വിസ്മയിപ്പിക്കണം. ആ ചിരികാണണം. പാലം കയറി മുകളില്‍ ചെന്നപ്പോള്‍ അവളെ അവിടെ കാണാനുണ്ടായിരുന്നില്ല. നിരാശയായി. അല്ലെങ്കിലും മിക്കവാറും ഇങ്ങനെയാണ്. പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായതേ സംഭവിക്കൂ. റിയാല്‍ പോക്കറ്റില്‍ തിരികെ വെച്ച് പാലം ഇറങ്ങി റൗദതെരുവിലേക്കുള്ള വഴികളില്‍ തണല്‍ മരങ്ങള്‍ ചൊരിഞ്ഞ ദയാ വായ്പ്പു നുകര്‍ന്ന് ഞാന്‍ ഓഫീസിലേക്ക് പോയി.

അടുത്ത ദിവസം എന്റെ പ്രതീക്ഷ തെറ്റിയില്ല. അവള്‍ അവിടെയുണ്ടായിരുന്നു. അമ്മയും. അമ്മയുടെ മുഖം കറുത്ത മക്കനകൊണ്ട് മറച്ചിരുന്നു. ഞാന്‍ കരുതിവെച്ചിരുന്ന റിയാല്‍ അവളുടെ നേരെ നീട്ടി. ഷോക്കേറ്റതുപോലെ അവളുടെ ചിരിമാഞ്ഞു. രണ്ടുകൈയ്യും നീട്ടി റിയാല്‍ സ്വീകരിക്കുമ്പോള്‍ അവളുടെ മുഖം യാചനയുടെ പരകോടിയില്‍ എത്തി വിങ്ങിവിതുമ്പുന്നതുപോലെ തോന്നി. ഞാന്‍ നീട്ടിയ ഒരുറിയാല്‍ കണ്ട് അവളുടെ അമ്മ മക്കനയുടെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച നാവുകൾ കൊണ്ട്  അല്ലാഹുവിന്റെ നാമത്തിലുള്ള അനുഗ്രഹവാക്കുകള്‍ എനിക്കുമേല്‍ ചൊരിഞ്ഞു.

പക്ഷെ എന്റെ റിയാല്‍ ആ കുരുന്നിനെ സന്തോഷിപ്പിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സങ്കടം തോന്നി.

പിന്നീട് എത്രയോ തവണ മരപ്പാലം വഴി ഞാന്‍ നടന്നുകൊണ്ടിരിക്കുന്നു.

അവളെ ദിനവും കാണുന്നുമുണ്ട്.
പക്ഷെ
പതിവുയാചനാ ഭാവമല്ലാതെ അന്ന് അസ്തമിച്ചുപോയ ആ പാല്‍പ്പുഞ്ചിരി ഒരിക്കലും അവള്‍ എനിക്ക് തിരിച്ചുതന്നില്ല..

7 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

AMBUJAKSHAN NAIR പറഞ്ഞു...

good .

പട്ടേപ്പാടം റാംജി പറഞ്ഞു...

തിരിച്ച് കൈകൊണ്ടുള്ള ആംഗ്യത്തില്‍ പശിയെക്കാള്‍ സ്നേഹം ആയിരിക്കും അവള്‍ക്ക് ലഭിച്ചിരിക്കുക എന്ന് കരുതുന്നു. വിശപ്പ്‌ മാറ്റാനുള്ള വ്യഗ്രതക്കിടയില്‍ അവള്പോലും അറിയാതെ അവള്‍ക്ക്ല ഭിച്ച നിധിയായിരുന്നു ആ സ്നേഹം എന്ന് ഞാന്‍ കാണുന്നു. അവസാനം പണം നല്‍കിയാപ്പോള്‍ ആ സ്നേഹം നഷ്ടപ്പെട്ടോ എന്ന പ്രയാസമായിരിക്കാം ചിരി മഞ്ഞു പോകാന്‍ കാരണം.

Cv Thankappan പറഞ്ഞു...

സ്നേഹത്തിനും,ലാളനയ്ക്കും വേണ്ടി കൊതിച്ച പെണ്‍കിടാവ്!
ഈ കുറിപ്പ് എഴുതിയത് ഉചിതമായി രമേശ് സാറെ.
ആശംസകള്‍

വീകെ പറഞ്ഞു...

അവൾ നിഗൂഢമായി എന്തോ ഒന്ന് താങ്കളിൽ കണ്ടിരുന്നത്, പണം കൊടുത്തതോടെ താങ്കളും മറ്റുള്ളവർക്കൊപ്പമായത് അവളെ വേദനിപ്പിച്ചിരിക്കും....!

ajith പറഞ്ഞു...

സ്നേഹഗാഥ പോലെ ഈ കുറിപ്പ്!

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

നല്ല കിണ്ണങ്കാച്ചി കുറിപ്പുകൾ...

yousufpa പറഞ്ഞു...

മനസ്സിൽ തട്ടിയത്,... കുറേ കാലങ്ങൾക്ക് ശേഷം വരികയാണ്.ഇനി ബ്ലോഗിൽ സജീവമാകനുള്ള തയാറെടുപ്പിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍