2014, ജൂൺ 8, ഞായറാഴ്‌ച

ഹൗസ് ഡ്രൈവര്‍ പണി നിര്‍ത്തി പാട്ടിനു പോയി


രമേശ് അരൂര്‍


രു വ്യാഴവട്ടക്കാലത്തിലധികമായി കുടുംബ പ്രാരബ്ധങ്ങളുടെ ചുമടുകള്‍ കയറ്റിയ ജീവിത വണ്ടി ഓട്ടാന്‍ അറബികളുടെ വാഹനങ്ങളുടെ ചക്രം തിരിക്കുന്ന 58 കാരനായ മുഹമ്മദ് എന്ന ഹൗസ്‌ഡ്രൈവര്‍ പണി ഉപേക്ഷിച്ച് അയാളുടെ പാട്ടിനു പോവുകയാണ്. പണി മടുത്തിട്ടോ തൊഴിലിടത്തില്‍ പീഡനമുണ്ടായിട്ടോ അല്ല അദ്ദേഹം മരുഭൂമി വിട്ടുപോകുന്നത്. പടച്ചവന്റെ കാരുണ്യം കൊണ്ട് കാലചക്രം ദിശതെറ്റാതെ പിന്നോട്ട് ഉരുണ്ടുപോകുന്നതിനിടയില്‍ എല്ലാം നന്നായിതന്നെ നടക്കുന്നുണ്ടായിരുന്നു.

മരുഭൂമിയിലെ യാത്ര തുടങ്ങുമ്പോള്‍ തലയില്‍ ഏറ്റിയിരുന്ന ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി ഇറക്കി വെക്കാന്‍ കഴിഞ്ഞു. രണ്ടു പെണ്‍കുട്ടികളെയാണ് പടച്ചവന്‍ തന്നത്. മക്കളെ പഠിപ്പിച്ച് ഓരോരോ നിലകളിലാക്കി അന്തസ്സോടെ അവരുടെ വിവാഹം നടത്തി. കുട്ടികളെ പഠിപ്പിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി പലപ്പോഴായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങള്‍ വരുന്ന കടങ്ങള്‍, പലിശയും കൂട്ടുപലിശയും മുതലുമായി പെരുകി കിടന്നിരുന്നത് ഒന്നൊന്നായി വീട്ടി. വിശ്രമ കാലത്ത് കയറിക്കിടക്കാന്‍ വൃത്തിയും അടച്ചുറപ്പും ഉള്ള വീട് ഒരെണ്ണം തട്ടിക്കൂട്ടി. ആപത്തില്‍ സഹായിച്ചവരോട് സലാം പറഞ്ഞു. ഇനി മരുഭൂമിയില്‍ നിന്ന് നാടിന്റെ പച്ചപ്പിലേക്ക് മടങ്ങാനുള്ള നേരമായെന്ന് ഉള്ളിലിരുന്ന് ആരോ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഉള്‍വിളി സഹിക്കാതായപ്പോള്‍  ഒരുദിവസം രാത്രി ഓട്ടത്തിനിടയില്‍ മുഹമ്മദ് തൊഴിലുടമയായ അറബിയോട് പറഞ്ഞു:

- എനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ സമയമായി. 

മുഹമ്മദിന്റെ ആവശ്യം കേട്ടപ്പോള്‍ അവധി ചോദിക്കുകയാണെന്ന് കരുതി അദ്ദേഹം മുഷിഞ്ഞു:

എന്തായിത് മുഹമ്മദ്... നീ നാട്ടില്‍ പോയി വന്നിട്ട് അധിക കാലമായില്ലല്ലോ... 

അവധിയല്ല മരുഭൂമിയില്‍ നിന്നുള്ള അവസാന മടക്കമാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ സഡന്‍ ബ്രേക്കിട്ട കാറിന്റെ ടയര്‍പോലെ മുതലാളിയുടെ വാക്കുകള്‍ ഇരുട്ടില്‍ ഉരഞ്ഞു. തെല്ലു നിശ്ശബ്ദതക്കുശേഷം അദ്ദേഹം ചോദിച്ചു, നാട്ടില്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന്...

ഒട്ടും ആലോചിക്കാതെ മുഹമ്മദിന്റെ മറുപടി: എനിക്കെന്റെ പാട്ട് വീണ്ടെടുക്കണം.

അര്‍ബാബിന് കാര്യം മനസിലായി. പാട്ടെന്നു കേട്ടാല്‍ എല്ലാം മറക്കുന്ന മുഹമ്മദിനെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് അര്‍ബാബിനറിയാം.
സംഗീതപ്രിയനായ അറബി മുഹമ്മദിന്റെ തിരിച്ചുപോക്കിന്് പച്ചക്കൊടി കാട്ടി. അങ്ങനെ മുഹമ്മദ് മരുഭൂമിയില്‍ വണ്ടിയോടിക്കല്‍ നിര്‍ത്തി അയാളുടെ ജീവന്റെ ജീവനായ പാട്ടിന്റെ കൂട്ടുതേടി പോവുകയാണ്. 

തലമുറകളായി സംഗീതത്തെ താരാട്ടു തൊട്ടിലിലാട്ടിയ കോഴിക്കോടിന്റെ മകനാണ് മുഹമ്മദ്. മൊണാലിസ മുഹമ്മദ് എന്നു വിളിക്കുന്ന എരഞ്ഞിക്കല്‍ പൂമക്കോത്ത് മുഹമ്മദ് ഗസ്‌നിയെന്ന ഹൗസ്‌ഡ്രൈവറെ കണ്ടുമുട്ടിയതും വര്‍ത്തമാനം പറയാന്‍ അവസരം കിട്ടിയതും മരുഭൂമിയിലെ സംഗീതപ്രേമികള്‍ പ്രായം മറന്ന് ഒരുമിച്ചുകൂടിയ ഒരു മെഹഫില്‍ രാവിലാണ്. കോഴിക്കോട് മ്യൂസിക് ലവേഴ്‌സ് എന്ന സംഗീതകൂട്ടായ്മയായിരുന്നു ആതിഥേയര്‍. 
ജിദ്ദയിലെ എല്ലാത്തരം പാട്ടുകാരും നാദാര്‍ച്ചന നടത്തിയ ആ രാവില്‍ മുഹമ്മദിന് ജിദ്ദയിലെ സംഗീത സമൂഹം നല്‍കിയ ആദരവും സ്‌നേഹപൂര്‍ണമായ യാത്രയയപ്പും കൂടിയായിരുന്നു അത്. 

പതിനഞ്ച് വര്‍ഷം മുമ്പ് സൗദിയില്‍ ഡ്രൈവര്‍ പണിക്കെത്തിയതാണ് മുഹമ്മദ്. ആദ്യം റിയാദിലായിരുന്നു. അമേരിക്കന്‍ സ്‌കൂള്‍ബസ് ഡ്രൈവറുടെ ജോലിയായിരുന്നു. പിന്നീട് പലപ്പോഴായി പല കാരണങ്ങളാല്‍ വിസകള്‍ മാറിമാറി പതിനഞ്ചാം വര്‍ഷം നാട്ടിലേക്കുമടങ്ങാന്‍ പെട്ടികെട്ടുന്നത് ആറാമത്തെ സ്‌പോണ്‍സറും സംഗീത പ്രേമിയുമായ അബ്ദുല്ല അല്‍ ജുഹൈദിന്റെ വീട്ടുഡ്രൈവര്‍ എന്ന പദവി ഉപേക്ഷിച്ചാണ്. ഇക്കാലമത്രയും പരിപാലിച്ച മരുഭൂമിയോട് സലാം പറഞ്ഞുകൊണ്ട്. കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം എന്‍ജിനിയറാണ് മുഹമ്മദിന്റെ ബോസ്.  

ജിദ്ദയിലെ സംഗീത സഭകളിലെ സ്ഥിര സാന്നിധ്യമായ മുഹമ്മദിന്റെ പാട്ട് സ്വരസ്ഥാനങ്ങളുടെ മര്‍മ്മം അറിവുള്ള ജ്ഞാനസ്ഥന്റേതാണെന്ന് ആ മൂളല്‍ കേള്‍ക്കുമ്പോള്‍ തന്നെ ആരും സമ്മതിച്ചുപോകും. അത്ര മധുര മനോഹരമാണത്. ഹാര്‍മോണിയത്തിലൂടെ ആ കൈകള്‍ ഒഴുകുന്നതിനൊപ്പം ശ്രോതാക്കളുടെ ആത്മാവിലേക്ക് അനുഭൂതിയായി പാട്ടും പെയ്തിറങ്ങുന്നത് അനുഭവിച്ചുതന്നെ അറിയണം. ഗസലുകളും ശാസ്ത്രീയാടിത്തറയുള്ള ഗാനങ്ങളുമാണ് മുഹമ്മദിനിഷ്ടം. 

അയാള്‍ ഓടിക്കുന്ന വണ്ടിയില്‍ മുതലാളിയും കുടുംബവും മാത്രമായിരിക്കില്ല യാത്ര ചെയ്യുന്നത്. എങ്ങോട്ടുപോയാലും സന്തത സഹചാരിയെപ്പോലെ ഹാര്‍മ്മോണിയപ്പെട്ടിയുമുണ്ടാകും. സംഗീതസ്‌നേഹികളായ  മരുഭൂമിയിലെ മറ്റ് ചങ്ങാതിമാര്‍ക്കൊപ്പം പാട്ടിന്റെ കെട്ടഴിക്കാനുള്ള ഒരവസരവും മുഹമ്മദ് പാഴാക്കാറില്ല. ബാബുരാജും, മെഹ്ദി ഹസനും, ജഗജിത് സിംഗും, ദക്ഷിണാമൂര്‍ത്തി സംഗീതവുമെല്ലാം മുഹമ്മദിന്റെ ആലാപനത്തില്‍ ശ്രുതിഭദ്രവും താളനിബദ്ധവുമാണ്. പണികഴിഞ്ഞ് മുറിയിലെത്തിയാല്‍ കാറില്‍ നിന്ന് ഹാര്‍മ്മോണിയം നേരെ മുറിയിലെത്തും. വിശ്രമവേളകളില്‍ ഹാര്‍മ്മോണിയത്തില്‍ നിന്ന് പറക്കുന്ന നാദശലഭങ്ങളെ മനസിന്റെ കൂട്ടിലിണക്കാന്‍  കൊതിച്ച് മുതലാളിയും മക്കളും കൂടി എത്തുന്നതോടെ അതൊരു കുഞ്ഞുമെഹ്ഫിലാകും. മറ്റ് കേള്‍വിക്കാരില്ലെങ്കില്‍ മക്കളെയും പേരക്കുട്ടികളെയും സ്‌കൈപ്പിലൂടെ വിളിച്ചിരുത്തി പാടിക്കേള്‍പ്പിക്കും. ഇങ്ങനെ പാട്ടിനിടയില്‍ ചക്രം തിരിച്ചും ഇന്നലെകള്‍ ഇന്ധനമാക്കിയും ഹൈ സ്പീഡിലായിരുന്നു മരുഭൂമിയില്‍ മുഹമ്മദിന്റെ രാപ്പകലുകള്‍ ഓടിമറഞ്ഞത്.

തിക്കും തിരക്കും പിടിച്ച ജീവിതപ്പാതയുടെ വളവുതിരിവുകളിലൂടെ മുഹമ്മദിന്റെ വണ്ടി ചീറിപ്പായുമ്പോഴും വിട്ടുപിരിയാത്ത ചങ്ങാതിയെപോലെ പാട്ടും അയാള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. 

ഗള്‍ഫിലെത്തുന്നതിനുമുമ്പ് പൂത്തുലഞ്ഞു പരിമളം പരത്തിയിരുന്ന മനോഹരമായ ഒരു കലാവസന്തമുണ്ടായിരുന്നു നാട്ടില്‍ അയാള്‍ക്ക്. പാട്ടും, നാടകവും, ഗസലും, മെഹ്ഫിലും, യാത്രകളും, പൊട്ടിച്ചിരികളും കൊണ്ട് ഉത്സവ സമാനമായിരുന്നു അന്നത്തെ ജീവിതം. 
പാട്ടിന്റെ നൊസ്സ് കോഴിക്കാട്ടുകാരന് ജന്മസിദ്ധമായി കിട്ടുന്ന വരമാണ്. പാട്ട് പാടാനും കേള്‍ക്കാനും കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണം എന്ന മോഹമുദിച്ചത്. കോഴിക്കോട്ട് അക്കാലത്തെ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും റേഡിയോ ആര്‍ട്ടിസ്റ്റുമായ എസ്.എം. കോയയാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. പക്ഷെ കര്‍ണാടക സംഗീതം എന്തെന്ന് നന്നായി മനസിലാക്കാന്‍ തുടങ്ങിയത് കുഞ്ഞിക്കേളു ഭാഗവതരുടെ ശിഷ്യനായതോടെയാണ്. സംഗീതം ഒരുപാസനയാണെന്നും എല്ലാത്തരം വേര്‍തിരിവുകളേയും നിഷ്പ്രഭമാക്കുമെന്നും ജ്ഞാനോദയമുണ്ടായ കാലം കൂടിയായിരുന്നു അത്. 

ഈസ്റ്റ് ഹില്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയതാണ് നാടകത്തോടുള്ള പ്രണയം. സി.എല്‍. ജോസിന്റെ നൊമ്പരങ്ങള്‍ എന്ന നാടകത്തില്‍ നായകന് പകരക്കാരനായാണ് അരങ്ങേറ്റം. കോഴിക്കോട് നഗരസഭയുടെ ആദ്യകാല മേയര്‍ വി. കുട്ടിക്കൃഷ്ണന്‍ നായരുടെ മരുമകന്‍ മധുസൂദനനായിരുന്നു സംവിധാനം. നായകന്റെ റോള്‍ മറ്റൊരു വിദ്യാര്‍ഥിക്കായിരുന്നു. മുഹമ്മദിന് അണിയറയില്‍ നിന്ന് നടീനടന്മാര്‍ക്ക് ഡയലോഗുകള്‍ പറഞ്ഞുകൊടുക്കുന്ന പ്രോംപ്റ്ററുടെ ചുമതലയാണ് സംവിധായകന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും മുഹമ്മദിന്റെ സംഭാഷണങ്ങള്‍ നായക നടനെ കവച്ചുവെക്കും വിധം വികാരതീവ്രമാണെന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു. അതോടെ പ്രോംപ്റ്റര്‍ക്ക് അണിയറയില്‍ നിന്ന് അരങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടി. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രിക്കാലം ആയപ്പോഴേക്കും പാട്ടിന്റെയും നാടകത്തിന്റെയും ലഹരി തലയ്ക്ക് പിടിച്ചിരുന്നു.

ഇതിനിടയില്‍ ശരച്ചന്ദ്ര മറാഠെയില്‍ നിന്ന് കുറച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു, വയലിനിസ്റ്റായ സി.എം. വാടിയിലും, ഗെദ്ദു (ഗീതം) ഫെയിം ഉമ്മറും മുഹമ്മദിന്റെ സംഗീതാഭിരുചിയെ കൂടുതല്‍ ജ്വലിപ്പിച്ചു.
നാടക പ്രതിഭകളായിരുന്ന കോഴിക്കോട് ശാന്താദേവി, സല്ലാപം ശാരദ, എല്‍.സി സുകുമാരന്‍, ഭാസ്‌കരക്കുറുപ്പ്, ജോസ് തോട്ടമുക്ക്  എന്നിവര്‍ക്കൊപ്പം അമച്വര്‍ നാടകവേദിയിലും മുഹമ്മദ് തിളങ്ങി. കോഴിക്കോട് നഗരത്തില്‍ മുഹമ്മദ് പാടാത്ത മെഹ്ഫിലുകളും, നാടകം കളിക്കാത്ത അരങ്ങുകളും ഇല്ലായിരുന്നു അക്കാലത്ത്. 
നാടകവും പാട്ടുമായി നാടുതെണ്ടിയ മുഹമ്മദിന് മൂക്കുകയര്‍ ഇടാന്‍ യാഥാസ്ഥിതികരായ വീട്ടുകാര്‍ തീരുമാനിച്ചു. അങ്ങനെയാണ് 24-ാം വയസില്‍ ഇടിയങ്ങരക്കാരി ഷംഷാദ് ബീഗം ജീവിതഗാനത്തിന്റെ ശ്രുതിലയമാകുന്നത്. ആ ദാമ്പത്യ വല്ലരിയില്‍ രണ്ട് പെണ്‍ കുസുമങ്ങള്‍ വിരിഞ്ഞു. നൗഫീറയും, ബിന്‍സീറയും. നാടകവും സംഗീതവും പോലെ ഇടത്തും വലത്തുമായി വളര്‍ന്നുവന്ന മക്കളിലേക്കും ഉപ്പയുടെ കലാസാധനയുടെ തീപ്പൊരി പാറിവീണിരുന്നു. പഠനകാലത്ത് അവര്‍ പ്രകടിപ്പിച്ച കലാ സാഹിത്യ മികവുകള്‍ക്ക് ലഭിച്ച വലിയ പുരസ്‌കാരങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.

ഔപചാരിക വിദ്യാഭ്യാസത്തില്‍ മത്സരിച്ചു മുന്നിലെത്തിയ മുഹമ്മദിന്റെ പെണ്‍കുട്ടികള്‍ പഠനത്തിനൊപ്പം സംഗീതവും ശാസ്ത്രീയമായി അഭ്യസിച്ചു. രണ്ടാളും വേദികളില്‍ പാടി നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഉപ്പയെ പോലെ നാടകം ഇഷ്ടപ്പെട്ട മൂത്തമോള്‍ നൗഫീറ, മരീചിക എന്ന നാടകത്തില്‍ ഉപ്പയോടൊപ്പം അഭിനയിക്കുകയും ചെയ്തു. മുറപ്പെണ്ണിന്റെയും മുറച്ചെറുക്കന്റെയും വേഷപ്പകര്‍ച്ചയിലായിരുന്നു വേദിയില്‍ ഇരുവരും തകര്‍ത്ത് അഭിനയിച്ചത്. ഭാര്യയും മക്കളുമൊക്കെയായെങ്കിലും പാട്ടും നാടകവും കൈവിട്ടുകളയാന്‍ മുഹമ്മദിനായില്ല. പക്ഷേ ജീവിക്കാന്‍ ഒരുവരുമാനം കണ്ടെത്തുകയും വേണം. അങ്ങനെയാണ് നാടകത്തിനും നൃത്തത്തിനുമെല്ലാം ചമയങ്ങളും ഉടയാടകളും വാടകയ്ക്കു കൊടുക്കുന്ന മൊണാലിസ എന്ന സ്ഥാപനത്തിന് തുടക്കമാവുന്നത്. അതോടെ കോഴിക്കോട്ടുകാര്‍ മുഹമ്മദിനെ മൊണാലിസ മുഹമ്മദ് എന്ന് വിളിക്കാന്‍ തുടങ്ങി. ഇക്കാലത്ത് ദേവന്‍ എടക്കാടിന്റെ മനസാക്ഷി, എ.കെ. അബ്ദുല്ലയുടെ ഉല്‍ക്കകള്‍ തുടങ്ങി നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.

ജീവിതാവശ്യങ്ങള്‍ക്കൊപ്പം കുട്ടികളും അവരുടെ വിദ്യാഭ്യാസ ചെലവുകളും വളര്‍ന്നു വലുതായതോടെ കളി കാര്യമായി. നാടകവും പാട്ടുമായി നടന്നാല്‍ പഠിക്കാന്‍ മിടുക്കികളായ കുട്ടികളുടെ ഭാവി ഇരുളിലാണ്ടുപോകുമെന്ന് ഭയപ്പെട്ട മുഹമ്മദ് നാടകമോഹത്തിനും പാട്ടിനും മേലെ കര്‍ത്തവ്യബോധത്തിന്റെ തിരശ്ശീല വലിച്ചിട്ട് ഗള്‍ഫിലേക്കു പറന്നു. നാട്ടിലായിരുന്നപ്പോള്‍ ഡ്രൈവിംഗ് പഠിച്ചത് ഗള്‍ഫില്‍ എളുപ്പം ജോലി നേടാന്‍ സഹായകമായി. അങ്ങനെയാണ് ഹെവി ഡ്രൈവറായി റിയാദിലെ അമേരിക്കന്‍ സ്‌കൂളിലെത്തിയത്. റിയാദില്‍ നിന്ന് മാറി പിന്നീട് ദമാം, ജുബൈല്‍ എന്നിവിടങ്ങളില്‍ വളയം തിരിച്ച് മുഹമ്മദ് ജിദ്ദയിലെത്തിയപ്പോഴേക്കും വര്‍ഷം പതിനഞ്ച് കടന്നുപോയിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ വലുതായി ഒരുപാട് ഉയരങ്ങളിലെത്തി. മൂത്ത മകള്‍ നൗഫീറ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പഠിച്ച് ഡോക്ടറായി. ഇപ്പോള്‍ ഖത്തര്‍ ഹമദ് ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. നൗഫീറയുടെ ഭര്‍ത്താവ് വി. ഫൈസലും അവിടെ എം.ഡി. ബിരുദമുള്ള ഡോക്ടറാണ്. 

ഇളയ മകള്‍ ബിന്‍സീറ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് പാസായി. ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ഭര്‍ത്താവ് പി.സി. ഫൈസലും കുട്ടിയുമൊത്ത് സസുഖം ജീവിക്കുന്നു. മക്കളെ പഠിപ്പിക്കാനും വീട്ടുചെലവുകള്‍ നിര്‍വഹിക്കാനുമായി പലപ്പോഴായി വാങ്ങിക്കൂട്ടിയ ലക്ഷക്കണക്കിനു രൂപയുടെ കടം മുഴുവന്‍ ഹൗസ്‌ഡ്രൈവര്‍ പണിയില്‍ നിന്ന് കിട്ടിയ തുച്ഛവരുമാനം കൊണ്ട് മുഹമ്മദ് ഓരോ കാലത്തായി കൊടുത്തു തീര്‍ത്തു. പണിയെടുത്തു മുഷിയുന്ന ഇടവേളകളിലും രാത്രികളിലും മരുഭൂമിയിലെ സംഗീത വേദികളില്‍ പാട്ടുപാടി.

ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ കരുത്തുനല്‍കിയത് ഉള്ളില്‍ തേന്‍ചുരത്തി നിന്ന സംഗീതവും പ്രിയസഖി ഷംഷാദിന്റെ ത്യാഗം നിറഞ്ഞ സഹകരണവുമാണെന്ന് മുഹമ്മദ് പറയുന്നു. 

ഇപ്പോള്‍ മനസ്സ് ശാന്തമാണ്. ഖത്തറിലും ദുബായിലുമുള്ള മക്കളെയും മരുമക്കളെയും കാണണം. പേരക്കുട്ടികള്‍ക്ക് വല്യുപ്പാന്റെ കരളിലെ സംഗീതമധുരം പകരണം. ഹാര്‍മോണിയത്തിന്റെ മധുരസ്വരത്തിനൊപ്പം വല്യുപ്പയുടെ പാട്ടുകേള്‍ക്കുമ്പോള്‍ കുഞ്ഞുമക്കളും സന്തോഷത്തോടെ ഏറ്റുപാടാന്‍ ശ്രമിക്കുന്നുണ്ട്. തലമുറകളിലേക്ക് പടരുകയാണ് മുഹമ്മദിന്റെ സംഗീതം. ഇനിയുള്ള കാലം ആ നിര്‍വൃതിയുടെ സുഖം നുകരാന്‍ വേണ്ടിക്കൂടിയാണ് മുഹമ്മദ് പാട്ടിന്റെ കൂട്ടുതേടി നാട്ടിലേക്ക് വിമാനം കയറുന്നത്.

12 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Cv Thankappan പറഞ്ഞു...

ധന്യമായ ജീവിതം!
നന്മനിറഞ്ഞ മനസ്സിന്‍റെ ഉടമയും കലാകാരനുമായ ശ്രീ,മുഹമ്മദിന്‍റെ ഇനിയുള്ള ജീവിതം സന്തോഷവും,സംതൃപ്തിയും നിറഞ്ഞതായിരിക്കട്ടെയെന്നും,അതോടൊപ്പംആയുരാരോഗ്യസൌഖ്യവും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
ആശംസകളോടെ

Joselet Mamprayil പറഞ്ഞു...

നാടും വീടും ആ സംഗീതത്തെ എട്ടുവാങ്ങട്ടെ.
സ്വപ്നങ്ങളില്‍ കുടുങ്ങിക്കിടക്കാതെ അതിലേക്ക് സധൈര്യം നടന്നുകയറുന്നവരുടെതാണ് വിജയം അല്ലേ. ഇപ്പോഴും കൂടെകൊണ്ടുനടക്കുന്ന പ്രവാസിയുടെ വെറും ഗ്രഹാതുരമോഹങ്ങള്‍ക്കപ്പുറം ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇവിടെയുള്ള പല കലാകാരന്മാര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
കുറിപ്പ് മനോഹരമായി.

വീകെ പറഞ്ഞു...

വളരെ ധന്യമായ ജീവിതം.
ജീവിതം മരുഭൂമിയിൽ അലഞ്ഞു നടക്കുമ്പോഴും സംഗീതമാണ് തന്റെ ജീവിതമെന്ന് കരുതി പരിപോഷിപ്പിച്ച് നില നിറുത്തിയ ആ മനസ്സിന് നല്ല നമസ്ക്കാരം. ഇനിയും മുന്നേറാൻ സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ.
ആശംസകൾ...

രമേശ്‌ അരൂര്‍ പറഞ്ഞു...

വായനക്കും അഭിപ്രായങ്ങൾക്കും നന്ദി ..@തങ്കപ്പൻ ചേട്ടൻ , @ജോസ്ലെറ്റ് , @വി.കെ .അശോക്‌ ..

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

അദ്ദേഹത്തിന്റെ ജീവിതം വളരേ നന്നായി രേഖപ്പെടുത്തി. ആരും അദ്ദേഹത്തിന്റെ പാട്ടുകളൊന്നും യൂട്യുബിലിട്ടില്ലേ?

ajith പറഞ്ഞു...

നാട്ടില്‍ പോയി ശിഷ്ടകാലം സംഗീതസാന്ദ്രമായ ഒരു സഫലജീവിതം നയിക്കാന്‍ ഇടവരട്ടെ അദ്ദേഹത്തിന്.

ചന്തു നായർ പറഞ്ഞു...

ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ കരുത്തുനല്‍കിയത് ഉള്ളില്‍ തേന്‍ചുരത്തി നിന്ന സംഗീതവും പ്രിയസഖി ഷംഷാദിന്റെ ത്യാഗം നിറഞ്ഞ സഹകരണവുമാണെന്ന് മുഹമ്മദ് പറയുന്നു. .....നല്ല ലേഖനം...ഇങ്ങനെ അറിയപ്പെടത്ത എത്ര കലാകാരന്മാർ....

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു കലയേയും ഒതുക്കിനിര്ത്താന്‍ കഴിയില്ല. എപ്പോഴായാലും അത് പുറത്ത് ചാടും. പ്രായഭേദമില്ലാത്തതാണ്
പരിചയപ്പെടുത്തല്‍ നന്നായി.

Akbar പറഞ്ഞു...

പൊള്ളുന്ന പ്രവാസ ഭൂമിയിലും സംഗീതം എന്ന ഇന്ധനം വറ്റാതെ സൂക്ഷിച്ച ധന്യമായ ജീവിതം. ഭാഷയിലും അവതരണ ഭംഗിയിലും രമേശ്‌ അരൂർ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു..

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

പണി കളഞ്ഞ് പാട്ടിന് പോയ മുഹമ്മദിനെ
പരിചയപ്പെടുത്തിയത് അസ്സലായിട്ടുണ്ട് ട്ടാ ഭായ്

ശ്രീ പറഞ്ഞു...

നന്നായി മാഷേ

രമേശ്‌ അരൂര്‍ പറഞ്ഞു...

https://www.facebook.com/monalisa.gasni?fref=ts
ഈ ഫെയ്സ് ബുക്ക്‌ ലിങ്കിൽ പോയി മുഹമ്മദിന്റെ പാട്ടുകൾ കേള്ക്കാം ..കൊച്ചുകൊച്ചീച്ചി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍