2014, ജൂലൈ 20, ഞായറാഴ്‌ച

ഓര്‍മയുടെ ഗസലുകള്‍

രമേശ് അരൂര്‍

ഴിഞ്ഞ രണ്ടുമൂന്നാഴ്ചകളിലെ രാത്രികള്‍ മീഡിയാവണ്‍ ടി.വി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഖയാല്‍ കേള്‍ക്കുകയായിരുന്നു. ആ യാത്ര മൂന്ന് ദിവസം മുമ്പ് ജഗ്ജിത് സിംഗിലാണ് എത്തിയത്. പിന്നീട് രാത്രി ഗസല്‍ എന്നത് രാപ്പകല്‍ ഗസല്‍ ആക്കി മാറ്റി. ഉണങ്ങിക്കരിഞ്ഞു നിലം പതിക്കാറായ പൂക്കളില്‍ പോലും പ്രണയത്തിന്റെ തേനും നിത്യയൗവനവും നിറയ്ക്കാന്‍ പോന്നത്ര കാല്‍പനികമാണ് ആ മധുരസ്വരമെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. മുമ്പൊക്കെ മെഹദി ഹസനിലും ഗുലാം അലിയിലും ബീഗം അഖ്തറിലും നുസ്രത്ത് അലി ഫത്തേഹ്ഖാനിലും നിറഞ്ഞുതുളുമ്പിയ ഗസലും ഖവാലിയും കേള്‍ക്കുന്ന ശീലം ജഗ്ജിത്ജിയില്‍ എത്തിയപ്പോള്‍ അതുവരെ ലഭിച്ചിട്ടില്ലാത്ത വല്ലാത്ത ഒരനുഭവവും അനുഭൂതിയുമായി. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ലൈവുകളും  ആല്‍ബങ്ങളും കേള്‍ക്കേ ജീവനോടെ ഒരിക്കല്‍ പോലും ജഗജീത്ജിയെ കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ബാക്കിയാകുന്നു.
സിനിമാ സംഗീതജ്ഞരുടെ ദേശീയ വേദിയായ ജിമ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന വീഡിയോയില്‍ എത്തിയപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിക്കുന്ന സംഗീതജ്ഞര്‍ക്കിടയില്‍ ഒരമ്മയെ കണ്ടു. അതാരാണെന്ന് തിരയവേ മനസ്സിലായി ചിത്രാ ജി.. ഗസല്‍ ചക്രവര്‍ത്തിയുടെ റാണി. അവര്‍ ഒരുമിച്ചുപാടിയ നാല്‍പതു വര്‍ഷങ്ങള്‍...ഇന്ത്യന്‍ സംഗീതത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു.. ആ കാലം ഇനി ചരിത്രത്തെയും സംഗീതാഭിരുചിയുള്ള തലമുറകളെയും മാത്രം ശ്രുതി മീട്ടും. ഗസലിനോട് പൊതുവെ പ്രതിപത്തിയില്ലാത്ത മലയാളി സംഗീതാസ്വാദകര്‍ അടക്കം ഇന്ത്യയിലെയും ലോകത്തിലെയും ജനലക്ഷങ്ങളുടെ ഇഷ്ടഗായകനായി മാറിയ ജഗ്ജീത് സിംഗിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹിച്ചിരിക്കവേയാണ് ഷാനവാസ് കൊനാരത്ത് സമാഹരിച്ച പുസ്തകം ജഗ്ജീത് സിംഗ് ഓര്‍മ്മയുടെ ഗസലുകള്‍ അവിചാരിതമായി കയ്യില്‍ വന്നുപെട്ടത്.

യശഃശരീരരായ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കലാജീവിതവും വ്യക്തി ജീവിതവും സംബന്ധിച്ച്, അവരുടെ ജീവിത വഴികളിലെ കയറ്റിറക്കങ്ങളെ സംബന്ധിച്ചും കേവലാസ്വാദകന് വലിയ ഗ്രാഹ്യമുണ്ടാകാനിടയില്ല. അവരുടെ പാട്ടുകള്‍ കേട്ടും സാഹിത്യ സംഭാവനകള്‍ വായിച്ചും ലഭിക്കുന്ന ആനന്ദാനുഭൂതി മാത്രം മതി പ്രിയ ഗായകനോടോ എഴുത്തുകാരനോടോ ഉള്ള ആരാധന നിലനിര്‍ത്താന്‍. എന്നാല്‍ സംഗീതത്തെയോ സാഹിത്യത്തെയോ  ഗൗരവത്തോടെ സമീപിക്കുന്നവരെ സംബന്ധിടത്തോളം സംഗീതജ്ഞന്റെയോ എഴുത്തുകാരന്റെയോ വ്യക്തിജീവിതത്തെക്കുറിച്ചറിയാന്‍ ഏറെ താല്‍പര്യമുണ്ടാകും. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ ഇതു പലപ്പോഴും പല കാരണങ്ങളാലും പ്രായോഗികമല്ല. പ്രതിഭ കൊണ്ടു മാത്രം ഒരാള്‍ പ്രശസ്തനാകണം എന്നില്ല. അവസരങ്ങളും സാഹചര്യങ്ങളും കൂടി കനിയണം. ജീവിച്ചിരിക്കുന്ന കാലത്ത് പല വിവരങ്ങളും മനപൂര്‍വ്വം ഒളിച്ചുവെയ്ക്കപ്പെട്ടേക്കാം.. പക്ഷേ മരിച്ചവരുടെ കാര്യത്തില്‍ ഇതൊന്നും ബാധകമാവുന്നില്ല. പലരുടെയും ചരമക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ മാത്രമാണ് അവര്‍ ജീവിച്ചിരിക്കേ നാം അറിഞ്ഞ കാര്യങ്ങള്‍ക്കപ്പുറം എത്രയോ ജീവിതാനുഭവങ്ങള്‍ ഉള്ളവരായിരുന്നു അവരെന്ന് തിരിച്ചറിയുക.  മഹാ പ്രതിഭയായിരുന്നു മണ്‍മറഞ്ഞ് പോയതെന്ന് വെളിപ്പെടുക.
ഇത്തരം മഹദ് വ്യക്തികളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന അവരുമായി സംവദിക്കുകയും പാരസ്പരൈക്യത്തില്‍ ജീവിക്കുകയും ചെയ്തിരുന്നവര്‍ പിന്നീടെപ്പോഴെങ്കിലും മനസ്സ് തുറക്കുമ്പോള്‍ മാത്രമാണ് അനാവൃത സത്യങ്ങളുടെ ഭാണ്ഡക്കെട്ട് അഴിഞ്ഞുവീഴുക.
സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള മഹാഗായകരില്‍ ഏറ്റവും ജനകീയനായ ഗസല്‍ ചക്രവര്‍ത്തി ജഗ്ജീത് സിംഗിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ കേവലാരാധകന് ലഭ്യമായിരുന്ന വിവരങ്ങള്‍ക്ക് അപ്പുറമുള്ള ജീവിത രേഖയാണ്  ജഗ്ജീത് സിംഗ്-ഓര്‍മ്മയുടെ ഗസലുകള്‍ എന്ന പുസ്തകത്തിലൂടെ ലഭിക്കുന്നത്. ഗസലിനെ ജയിച്ച സിംഗ് എന്ന നിലയില്‍ ആരാധ്യനായ കവി ഗുല്‍സാര്‍ പ്രിയ മിത്രമായ ജഗ്ജീതിനെ വിളിച്ചിരുന്ന ഓമനപ്പേര് ഗസല്‍ജീത് സിംഗ് എന്നായിരുന്നു.. അത്ര മേല്‍ മധുവൂറുന്നതും സുഗന്ധവാഹിയും മനോഹാരിത നിറഞ്ഞതുമായിരുന്നു ആ ഗസല്‍ മലരുകള്‍. ആംഗലേയ കവി കീറ്റ്‌സ് പാടിയതുപോലെ  കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനിരിക്കുന്നവയോ മധുരതരം -ഈ വാക്കുകളെ അന്വര്‍ത്ഥമാകുന്നതാണ് സപ്ത സ്വരങ്ങളെ അനുസ്മരിപ്പിക്കും വിധം ഉറുദു, ഹിന്ദി, പഞ്ചാബി, നേപ്പാളി തുടങ്ങി ഏഴു ഭാഷകളിലായി വിസ്തൃതമായി കിടക്കുന്ന സ്വരമാധുരി. സിനിമ, സീരിയല്‍, ആല്‍ബങ്ങള്‍, സ്റ്റേജ് അവതരണങ്ങള്‍ എന്നിവയിലൂടെ ലോകമെങ്ങും നിറഞ്ഞൊഴുകിയ നൂറുകണക്കിനു ഗസലുകള്‍. ജഗ്ജീത് സിംഗിനെ ഉപഭൂഖണ്ഡ സംഗീത ചരിത്രത്തിലെ ചിരപ്രതിഷ്ഠനാക്കാന്‍ ഇതില്‍പരം എന്തു വേണം.
പത്ര പ്രവര്‍ത്തകയും മെഹ്ദി ഗസലുകളുടെ കടുത്ത ആരാധികയുമായ റഷീദ ഭഗത് ഈ പുസ്തകത്തിലെ തന്റെ ലേഖനത്തില്‍ പറയുന്നതു പോല ക്ലാസിക്കല്‍ മൂശയില്‍ ഉരുവം കൊണ്ട ഗസലിനെ പുറത്തെടുത്തതിന്റെ കീര്‍ത്തി ജഗജീത് സിംഗിന്് അവകാശപ്പെട്ടതാണ്. സംഗീതാസ്വാദകരുടെ കൂടുതല്‍ വിശാലമായ ശ്രേണികളിലേക്ക് ഗസലിനെ ജഗജീത് സിംഗ് പ്രവേശിപ്പിച്ചു. സംഗീതത്തെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുമ്പോഴും രാഗങ്ങളുടെ സൂക്ഷ്മമായ ഭാവാന്തരങ്ങളിലേക്ക് പ്രവേശിക്കാന്‍ കെല്‍പുള്ളവരോ, അതില്‍ താല്‍പര്യമുള്ളവരോ ആയിരുന്നില്ല ഈ വിഭാഗം ആസ്വാദകര്‍. അങ്ങനെയുള്ള ഭൂരിപക്ഷ ജനതയെ ഗസലിലേക്ക് ഒഴുക്കിക്കൊണ്ടുവന്നത് ജഗ്ജീത് സിംഗിന്റെ കാല്‍പനികത നിറഞ്ഞ സ്വരമായിരുന്നു. ജനമനസ്സുകളെ മഥിച്ചിരുന്ന വിഷാദങ്ങളെ അലിയിച്ചു കളയുന്ന മാന്ത്രിക ലേപനമായിരുന്നു അദ്ദേഹത്തിന്റെ ഗസലുകള്‍.
ഭാവഗായകനെ തൊട്ടറിയാന്‍, അദ്ദേഹത്തിന്റെ സ്വപ്‌നതുല്യമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഇരുള്‍ നിറഞ്ഞ അനുഭവങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഉപകരിക്കുന്ന ഒട്ടേറെ പുതുവിവരങ്ങള്‍ സമ്മാനിക്കുന്നതാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. മഹാഗായകനെ ജീവശ്വാസം പോലെ നേരിട്ടറിഞ്ഞ അദ്ദേഹത്തിന്റെ ജീവിത സഖിയും സംഗീത വഴിയിലെ കൂട്ടുകാരിയുമായ ചിത്ര സംഗ് മുതല്‍ അദ്ദേഹത്തിന്റെ ഗാനമലരുകള്‍ക്ക് കവിതകളിലൂടെ ആത്മാവ് നല്‍കിയ ഗുല്‍സാര്‍, ജാവേദ് അക്തര്‍ തുടങ്ങിയ ആത്മ മിത്രങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ജീവന്‍. ഒപ്പം തന്നെ അദ്ദേഹത്തെ ആരാധനയോടെ പിന്തുടരുകയും ആ സംഗീത സപര്യയെ സത്യസന്ധമായി  വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തവരും അദ്ദേഹത്തെ അടുത്തറിയാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്തവരുമായ എഴുത്തുകാരുടെ അനുഭവങ്ങളും ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ജഗ്ജീത് സിംഗ് എന്ന ഗസല്‍ ഗായകനുമായി പങ്കുവെച്ച നിമിഷങ്ങളുടെയും അദ്ദേഹത്തിന്റെ സംഗീത സദിരുകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ അനുഭൂതികളെയും കുറിച്ചുള്ള കളങ്കമില്ലാത്ത പങ്കുവെക്കലുകളാണ്  മലയാള ഗസല്‍ പരീക്ഷകനായ ഉമ്പായി, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ സി.കെ. ഹസന്‍കോയ, ഷാജി ചെന്നൈ, റഷീദ ഭഗത് തുടങ്ങിയവരും ഒപ്പം ഡോ. ഉമര്‍ തറമേലും നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്ട് ഗസല്‍ അവതരിപ്പിക്കാനെത്തിയ ജഗ്ജീത്ജിയോടൊപ്പം ചെലവിട്ട മനോഹര നിമിഷങ്ങളെ പുനരാവിഷ്‌കരിക്കുകയാണ് സി.കെ. ഹസന്‍ കോയ ഈ പുസ്തകത്തിലെ അഞ്ചാം അധ്യായത്തില്‍. ഷാജി ചെന്നൈയുടെ ഓര്‍മ്മക്കുറിപ്പാവട്ടെ മഹാഗായകന്റൈ സംഗീത ശൈലികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഗായകിയെക്കുറിച്ചും (ഹിന്ദുസ്ഥാനിയിലെ ആലാപന വൈവിധ്യം) മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലെ അത്രയൊന്നും പ്രചാരത്തില്‍ വരാത്ത സത്യങ്ങളെക്കുറിച്ചും സമഗ്രമായ വിവരണമാണ് നല്‍കുന്നത്. ജഗ്ജീത്  സംഗീതത്തിന്റെ നന്മകള്‍ എടുത്തുപറയുന്നതിനൊപ്പം അദ്ദേഹത്തിനു സംഭവിച്ച ഭ്രംശങ്ങളും ആവര്‍ത്തന ശൈലിയില്‍ വന്നുപോയ പിഴവുകളും ഉദാഹരണ സഹിതം ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.  മഹാനായ ജഗജീത്ജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഈ പുസ്തകത്തെ ഒരു ഗസലായി പരിഗണിക്കാമെങ്കില്‍ അതാണ് ഷാജിയുടെ ലേഖനം.
അലീഗഢ് സര്‍വ്വകാലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കേ അപ്രതീക്ഷിതമായി ഗസലിന്റെ ലഹരിക്കടിപ്പെട്ടുപോയ ഡോ. ഉമര്‍ തറമേലിന്റെ ഓര്‍മ്മക്കുറിപ്പ് അക്കാദമിക് ജാഡകളുടെ ഭാരമോ കളങ്കമോ ഇല്ലാത്ത തെളിഞ്ഞതും നിഷ്‌കളങ്കവുമായ ഓര്‍മ്മകളും നിരീക്ഷണങ്ങളും അടങ്ങിയ മനോഹരമായ വായനാനുഭവമാണ് നല്‍കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഗസലിന്റെയും മോഹവലയത്തില്‍ കുരുങ്ങിയ നാളുകളിലൊന്നില്‍ സംഗീത പ്രേമിയായ സുഹൃത്തിനൊപ്പം അലീഗഢില്‍ നിന്ന് ദല്‍ഹിയിലെത്തി ആദ്യമായി ജഗ്ജീത് സിംഗിനെ കേട്ടു മറക്കാനാവാത്ത അനുഭവം ഗൃഹാതുരമായ ഭാഷയില്‍ ഡോ. ഉമര്‍ കോറിയിടുന്നു.
നദീം നൗഷാദ്(ശബ്ദ മാധുര്യത്തിന്റെ സൗന്ദര്യം.), ഷാജഹാന്‍ കാളിയത്ത് (മേരാ ഗീത് അമര്‍ കര്‍ദോ), കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ (ഗസലിലെ ഒറ്റമരക്കാട്), സജി ശ്രീവത്സം (വന്ദേഹം ദഗത് വല്ലഭം), കെ.പി. സുധീര (ഫൊര്‍ഗെറ്റ് മീ നോട്ട്), ഡോ. മുസബ് (ഒരു മഹാ പാരമ്പര്യത്തിന്റെ ഓര്‍മ്മ), പുസ്തകത്തിന്റെ എഡിറ്റര്‍ ഷാനവാസ് കൊനാരത്ത് (ഓര്‍മ്മയുടെ സ്‌കെച്ചുകള്‍ ) എന്നിങ്ങനെ ജഗ്ജീത് സിംഗിന്റെ ജീവിതവും സംഗീത സംഭാവനയും ഗസല്‍ ചരിത്രവും വിവരിക്കുന്ന പതിനഞ്ചോളം ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണീ കൃതി. കൂട്ടത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നുകൂടി പറയുന്നു. ഒരുപാടു പേരുടെ എഴുത്ത് ഒരാളെക്കുറിച്ച് തന്നെയാകുമ്പോള്‍ ആ വ്യക്തിയുടെ ജീവിതം സംബന്ധിച്ച വസ്തുതാവിവരണങ്ങളില്‍ ആവര്‍ത്തന വിരസത കടന്നുകൂടുക സ്വാഭാവികമാണ്. പലരുടെയും അറിവുകളും വിലയിരുത്തലുകളും പലതരത്തിലുള്ളതാകുമ്പോള്‍ വൈരുദ്ധ്യങ്ങളും കടന്നുകൂടാം. അത്തരത്തില്‍ ചില കല്ലുകടികള്‍ പുസ്തകത്തില്‍ അങ്ങിങ്ങായി കാണുന്നത് അവഗണിച്ചാല്‍ ജഗ്ജീത് സിംഗിനെക്കുറിച്ചുള്ള വായന സമഗ്രമാണിതില്‍. ജഗ്ജീത് സിംഗിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ ചിത്രങ്ങളടക്കം നൂറ്റി മുപ്പത് പേജുള്ള പുസ്തകം കോഴിക്കോട് റാസ്‌ബെറി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില-110 രൂപ.

5 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Cv Thankappan പറഞ്ഞു...

വായനയില്‍നിന്ന് കിട്ടുന്ന വെളിച്ചവും,തെളിച്ചവും ഒന്നുവേറെത്തന്നെയാണ് രമേശ് സാര്‍.എനിക്ക് അത് ബോദ്ധ്യമായിട്ടുള്ളതാണ്.പല മഹാത്മാക്കളുടെയും ജീവചരിത്രങ്ങളൊ,മറ്റള്ളവര്‍ തയ്യാറാക്കിയ ഓര്‍മ്മക്കുറിപ്പുകളൊ വായിക്കുമ്പോഴാണ് അവരുടെ മഹത്വം പുത്തനറിവുകളായി നമ്മുടെ ഉള്ളിലേക്ക് പെയ്തിറങ്ങുന്നത്.......................
നന്നായിരിക്കുന്നു ലേഖനം.
ആശംസകള്‍

വീകെ പറഞ്ഞു...

പുസ്തക പരിചയപ്പെടുത്തലിന് നന്ദി.

ajith പറഞ്ഞു...

പതിവു പോലെ, പ്രൌഢവും ഇന്‍ഫോര്‍മേറ്റിവും ആയ ഒരു കുറിപ്പ്! വളരെയേറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

യശഃശരീരരായ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കലാജീവിതവും വ്യക്തി ജീവിതവും സംബന്ധിച്ച്, അവരുടെ ജീവിത വഴികളിലെ
കയറ്റിറക്കങ്ങളെ സംബന്ധിച്ചും കേവലാസ്വാദകന്
വലിയ ഗ്രാഹ്യമുണ്ടാകാനിടയില്ല. അവരുടെ പാട്ടുകള്‍ കേട്ടും
സാഹിത്യ സംഭാവനകള്‍ വായിച്ചും ലഭിക്കുന്ന ആനന്ദാനുഭൂതി മാത്രം
മതി പ്രിയ ഗായകനോടോ എഴുത്തുകാരനോടോ ഉള്ള ആരാധന നിലനിര്‍ത്താന്‍.‘

ഇത്തരം പുസ്തകകങ്ങൾ തന്നെയാണ് അവരെയൊക്കെ പരിചയപ്പെടുന്നതിനും ആരാധിക്കുന്നതിനും ഉപാധിയാകുന്നത് കേട്ടൊ ഭായ്

ശ്രീ പറഞ്ഞു...

നന്നായി, മാഷേ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍