2014, ജൂലൈ 29, ചൊവ്വാഴ്ച

ലഹരിയുടെ കുരുക്കില്‍നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കണം

ളരുന്ന തലമുറയെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. കേരളത്തിലെ സ്‌കൂളുകളില്‍ കഞ്ചാവും ഹഷീഷും അടക്കമുള്ള മയക്കുമരുന്നുകളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമായിരിക്കുന്നു. മയക്കു മരുന്ന് മാഫിയയ്ക്ക് വേണ്ടി ഇവ സ്‌കൂള്‍ ബാഗില്‍ കൊണ്ട് നടന്നു ആവശ്യക്കാരെ ഏല്പ്പിക്കുന്നതും ഒരു സ്ഥലത്ത് നിന്ന് മറ്റു ഭാഗത്തേക്ക്
കടത്തുന്നതും കുട്ടികളാണെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ കുട്ടികളില്‍ പലരും നല്ലവഴിയില്‍ ആണ് സഞ്ചരിക്കുന്നതെന്ന് കരുതി സമാധാനിക്കാന്‍ പറ്റുന്ന കാലമല്ലിത്. കേരളത്തിലെ വിവിധ ജില്ലകളില്‍ കഴിഞ്ഞ മാസവും ഈ മാസവും ഷാഡോ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടകളില്‍ കുടുങ്ങിയവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്‌കൂള്‍ കുട്ടികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഭാവി കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വിളിച്ചു പറയുന്ന ഈ ദുരന്തത്തിനെതിരെ ഒരുമിച്ചു നിന്ന് പോരാടാന്‍ രക്ഷാകര്‍ത്താക്കളെയും പോലീസിനെയും പോലെ തന്നെ മാധ്യമങ്ങളും യുവജന സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതുണ്ട്. സൂക്ഷിക്കുക പണ്ടത്തെ പോലെ നമ്മുടെ കുട്ടികള്‍ക്ക് സത്ചിന്ത നല്കാനും അനുകരിക്കാനും നല്ല മാതൃകകള്‍ ഇല്ല. അവരുടെ രക്ഷിതാക്കള്‍ പലരും നേരം വൈകിയാല്‍ ബിവറെജസ് കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. അവരുടെ അമ്മമാര്‍ കണ്ണുനീര്‍ സീരിയലുകളുടെ പിന്നാലെയാകാം. കുടുംബങ്ങളില്‍ ഒരുമിച്ചു കൂടിയിരുന്നുള്ള ആശയ വിനിമയം കുറയുന്നു. ഇങ്ങനെ ചികയാന്‍ കാരണങ്ങള്‍ പലതാണ്. പക്ഷെ തിരിച്ചറിഞ്ഞു നടപടി എടുത്തില്ലെങ്കില്‍ അരുമയായി വളര്‍ത്തുന്ന മക്കളെ നാളെ പോലീസ് സ്‌റ്റേഷനില്‍ പോയി കാണേണ്ട ഗതികേട് വരും. വളരുന്ന കേരളം ലഹരിക്കടിമകളായി ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നത് കാണേണ്ടി വരും.

പൊള്ളാച്ചിയിലും വടക്കേ ഇന്ത്യയിലും പായ്ക്കറ്റിന് മൂന്ന് രൂപ വിലയുള്ള പാന്‍ പോലുള്ള പുകയില ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തിച്ച് 25 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ പാന്‍ മസാല ഉപയോഗം വ്യാപകമായതിനാല്‍ വില്പനക്ക് നിരോധനം മറയാക്കി കൂടുതല്‍ തുക ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളിലും പാന്‍മസാല ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പുകയില ഉത്പന്നങ്ങളില്‍ നിന്ന് ക്രമേണ കൂടുതല്‍ ലഹരിനല്‍കുന്ന കഞ്ചാവ് പോലുള്ള ഉത്പന്നങ്ങളിലേക്ക് കുട്ടികള്‍ മാറുന്നതായാണ് കണ്ടുവരുന്നത്.
ലഹരി ഉത്പന്നങ്ങളോടൊപ്പം കഞ്ചാവും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മദ്യ ഉപയോഗം കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാനൂറില്‍ പരം ബാറുകള്‍ അടച്ചിട്ടതും വ്യാജമദ്യത്തിനെതിരെ പോലീസ് നടപടികള്‍ ശക്തമാക്കിയതും മറ്റുതരത്തിലുള്ള ലഹരികളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. മാരക രോഗങ്ങള്‍ക്കു വേദനാ സംഹാരിയായി നല്‍കുന്ന ഗുളികകളും, കുത്തിവെയ്പിനുള്ള ആംപ്യൂളുകളും ലഹരിയുടെ വ്യത്യസ്ത മാര്‍ഗങ്ങളായി കുട്ടികള്‍ക്കിടയില്‍ പോലും സുപരിചിതമായിക്കഴിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ കയ്യില്‍ അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ തന്നെ പണം നല്‍കുന്നത് ലഹരിക്കായി ഉപയോഗിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. മാതാപിതാക്കള്‍ പണം നല്‍കാത്ത കുട്ടികള്‍ക്ക് അവരുടെ സ്വന്തം ഉപയോഗങ്ങള്‍ക്കായി ലഹരി മാഫിയ പണം നല്‍കി സഹായിക്കുന്നതും അടിമപ്പെടുന്നതു വരെ സൗജന്യമായി മയക്കുമരുന്നുകള്‍ നല്‍കുന്ന സംഭവങ്ങളും പുറത്തു വന്നിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ തുടര്‍ ഉപയോഗത്തിനുള്ള പണം കിട്ടുന്നതിനായി ഈ കുട്ടികള്‍ മയക്കുമരുന്നു സംഘങ്ങളുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കാനും തയ്യാറാകുന്നു. തൊഴില്‍ രഹിതരായ യുവാക്കളും ഉയര്‍ന്നവരുമാനം കാംക്ഷിച്ച് ലഹരി വിതരണ മേഖലയില്‍ സജീവമായിട്ടുണ്ട്.
എളുപ്പത്തില്‍ വന്‍തോതില്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന ബിസിനസ് എന്ന രീതിയിലാണ് മദ്യവും മയക്കുമരുന്നും കച്ചവടം ചെയ്യാന്‍ ഏതുമേഖലയിലുള്ളവരും തയ്യാറാകുന്നത്. കഴിഞ്ഞ മാസം കഞ്ചാവ് കേസില്‍ ഇടുക്കിയില്‍ നിന്നു പിടികൂടിയ യുവാവിന് പ്രതി ദിനം പതിനയ്യായിരത്തില്‍പരം രൂപയുടെ വരുമാനമാണ് കഞ്ചാവ് വില്പനയില്‍ നിന്ന് ലഭിച്ചിരുന്നത്. കേരളത്തില്‍ വന്‍തോതില്‍ തൊഴിലന്വേഷകരായി എത്തിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും ഇരകളാക്കിയും മദ്യ-മയക്കുമരുന്നു മാഫിയ തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലേക്കു മാത്രം പ്രതിദിനം ഒരു ടണ്‍ കഞ്ചാവ് എത്തുന്നതായാണ് വിവരം. കഴിഞ്ഞയാഴ്ച പാലക്കാട്ടുവെച്ച് പൊലീസ് തമിഴ്‌നാട് സ്വദേശിയില്‍നിന്ന് ആറ്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അന്യസംസ്ഥാനത്തുനിന്ന് വരുന്ന കഞ്ചാവ് അട്ടപ്പാടിയിലെ നീലച്ചടയന്‍ എന്ന ലഹരികൂടിയ ഇനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വന്‍ വിലയ്ക്ക് വില്‍ക്കുന്നത്. കടത്തിക്കൊണ്ടു വരുന്നത് കൂടാതെ ഇടുക്കിയിലെ വനമേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി തഴച്ചുവളരുന്ന കഞ്ചാവ് കൃഷിക്ക് നിലവിലെ സാഹചര്യം പുത്തനുണര്‍വ്വു പകര്‍ന്നിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിച്ച്് നിര്‍മ്മിക്കുന്ന ഹഷീഷ് എന്ന വിലയും വീര്യവും കൂടിയ മയക്കുമരുന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലെത്തിക്കുന്ന സംഘങ്ങളും കേരളത്തില്‍ തഴച്ചു വളരുന്നു. 15 കിലോ കഞ്ചാവ് ഉപയോഗിച്ചാണ് ഒരുകിലോ ഹഷീഷ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ്കിലോ ഹഷീഷ് പിടികൂടിയിരുന്നു. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇതിന് ഒന്നരക്കോടിയോളം രൂപ വിലവരും. എക്‌സൈസിന്റെയും പോലീസിന്റെയും മൗനാനുവാദത്തോടുകൂടി കച്ചവടം പൊടിപൊടിക്കുന്നതിനാല്‍ നിയമത്തിന്റെ മുന്നിലെത്തുന്ന കേസുകള്‍ അപൂര്‍വ്വമാണ്.
സ്‌കൂള്‍ തുറന്നതോടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വരവും കൂടി. സ്‌കൂള്‍ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നത്. ദൂരപരിധി 500 മീറ്ററാക്കി പുതുക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇത് എങ്ങനെ നടപ്പാക്കുമെന്ന സംശയവും ഉന്നയിക്കപ്പെട്ടു.
സിനിമ നിര്‍മ്മാണത്തിന്റെ മറവിലും ടൂറിസത്തിന്റെ മറവിലും കേരളത്തില്‍ മയക്കുമരുന്നു വിപണി സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി കായലിലെ ആഡംബര നൗകയില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ ലഹരി വില്പനയായിരുന്നു മുഖ്യ ഇനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രീക്ക് ക്രൂസ് എന്ന ആഡംബര നൗകയിലാണ് ഞായറാഴ്ച രാത്രി ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. 500 ബോട്ടില്‍ ബിയര്‍, കഞ്ചാവ് പൊതികള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി പ്രശാന്ത്, മാവേലിക്കര സ്വദേശി ഷിജിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിവായി ഈ ബോട്ടില്‍ ഇത്തരം നിശാപാര്‍ട്ടികള്‍ നടക്കാറുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് പാര്‍ട്ടി ആരംഭിച്ചതോടെ ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇതേ സംഘം തട്ടേക്കാട്ട് വനമേഖലയില്‍ സിനിമ ഷൂട്ടിംഗ് സെറ്റിട്ട് നടത്തിയ ജംഗിള്‍ പാര്‍ട്ടിയിലും ലഹരിയും പെണ്‍വാണിഭവുമായിരുന്നത്രേ വിഭവങ്ങള്‍. കൊച്ചിയിലെ തന്നെ നക്ഷത്ര ഹോട്ടലില്‍ മൂന്നാഴ്ച മുമ്പ് നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡിലും മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു. എളുപ്പത്തില്‍ തകര്‍ത്തെറിയാന്‍ പറ്റാത്ത വിധം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മയക്കുമരുന്നു സംഘങ്ങളും ഉപയോക്താക്കളും പിടിമുറുക്കി എന്നു കാണാന്‍ കഴിയും. ലഹരി ഉപയോക്താക്കള്‍ ക്രമേണ കൊടും കുറ്റവാളികളായി മാറുന്നതും കേരളത്തില്‍ വാര്‍ത്തയാണിന്ന്. ലഹരിക്കടിമപ്പെട്ടോ ലഹരിക്കായുള്ള പണത്തിനോ വേണ്ടി സ്വന്തം മാതാപിതാക്കളെ പോലും കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
ലഹരി വിരുദ്ധ റെയ്ഡുകളും അറസ്റ്റുകളും ശക്തമായിട്ടുണ്ടെങ്കിലും ഇത്തരം കേസുകളില്‍ നിയമലംഘകര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്ന കേസുകള്‍ കുറവാണെന്നതാണ് കൗതുകകരം. ലഹരി കൈവശം വെയ്ക്കല്‍, വില്പന, കടത്ത്, ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് വ്യത്യസ്ത തോതിലുള്ള വകുപ്പുകളും ശിക്ഷകളുമാണ് നിലവിലുള്ളത്. ലഹരി വിരുദ്ധ നിയമപ്രകാരമുള്ള ഏറ്റവും കടുത്ത നിയമ ലംഘനത്തിന് ഇന്ത്യയില്‍ പരമാവധി പത്തുകൊല്ലം തടവു മാത്രമാണ് ശിക്ഷ ലഭിക്കുക. അപൂര്‍വ്വം കേസുകളില്‍ മാത്രമേ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ലഹരിവസ്തുക്കളുടെ ഉപയോഗം കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിപ്പിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഈയിടെ കേരള ഹൈക്കോടതി കീഴ്‌കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ നിയമത്തിലെ പളുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ അധിക ശിക്ഷയില്‍ നിന്ന് ഊരിപ്പോരുന്ന പ്രവണത വര്‍ധിച്ചതായും കാണാം. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടുമെന്നു കണ്ടാല്‍ കുറ്റസമ്മതം നടത്തുന്ന പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തുന്ന പക്ഷം പതിനായിരം രൂപ പിഴയടച്ച് ജയില്‍ശിക്ഷയുടെ കാലാവധി പരമാവധി ആറുമാസമാക്കി ഇളവു നേടുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വന്‍തോതില്‍ മയക്കുമരുന്നു വിതരണ ശൃഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ശിക്ഷയേ അല്ല. ഇടവേളക്കു ശേഷം ഇവര്‍ വീണ്ടും ഇതേ തൊഴിലിലേക്കുതന്നെ കടന്നു വരുകയാണ്. ശൃംഖലയിലെ തിമിംഗലങ്ങള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. കിലോക്കണക്കിന് കഞ്ചാവ് പിടിക്കപ്പെട്ടാലും കോടതിയില്‍ എത്തുന്നത് പത്തു ഗ്രാം പതിനഞ്ചു ഗ്രാം എന്നിങ്ങനെ കുറഞ്ഞ അളവുകള്‍ മാത്രമാണ്. ശിക്ഷ നാമമാത്രമാക്കുന്നതിനു വേണ്ടി മയക്കുമരുന്നു ലോബി പയറ്റുന്ന തന്ത്രങ്ങളും പോലീസിനു നേരെ നീട്ടുന്ന പ്രലോഭനങ്ങളുമാണ് ഇത്തരത്തില്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനു പിന്നില്‍. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെങ്കിലും ഇവ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നിയമത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമായിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോകാന്‍ കഴിയാത്ത വിധം പഴുതുകള്‍ അടച്ചുള്ള ശക്തമായ നിയമങ്ങളാണ് ലഹരി മാഫിയയ്ക്കും വ്യാപനത്തിനും എതിരായി വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും യു.എസ്, യൂറോപ്പ് എന്നിവിടങ്ങലിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ മരണശിക്ഷയോ മുപ്പതും നാല്പപതും വര്‍ഷം വരെ തടവുശിക്ഷയോ നല്‍കുന്ന തരത്തില്‍ നിയമങ്ങള്‍ ശക്തമാണ്. സമാന നിയമങ്ങള്‍ നമ്മുടെ രാജ്യത്തും ഉണ്ടായേ തീരൂ. ഒപ്പം സമൂഹത്തിന്റെ നാനാ മേഖലയിലും ഇതിനെതിരായ അവബോധവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ വളരുന്ന തലമുറയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ മാരക വിപത്ത് കേരളത്തിനെ അരാജക വാദികളുടെയും അക്രമികളുടെയും സ്വന്തം നാടാക്കി മാറ്റും.

5 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ഇത്തരം ലഹരികളില്ലാത്ത
ഒരു പുതുലോകം ലോകത്ത് ഇന്ന് ഇല്ലാ ഭായ്...
ദിനം പ്രതി ആരെങ്കിലും ഈ കെണിയിൽ പെട്ടുകൊണ്ടേയിരിക്കും...

ajith പറഞ്ഞു...

കൊല്ലുന്ന ലഹരിയ്ക്ക് നുള്ളുന്ന ശിക്ഷ! നമ്മുടെ നിയമവ്യവസ്ഥയൊക്കെ പൊളിച്ചെഴുതേണ്ടത് എത്ര അത്യാവശ്യമായിരിയ്ക്കുന്നു. അതോടൊപ്പം ബോധവല്‍കരണവും ശക്തമായി നടത്തിയാലെ ഈ വിപത്തില്‍ നിന്ന് രക്ഷനേടാനാവൂ.

Cv Thankappan പറഞ്ഞു...

മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന നല്ലൊരു ലേഖനം. എല്ലാവരുടെയും ലക്ഷ്യം പണവും,സുഖഭോഗസൌകര്യങ്ങളും മാത്രം................... ഭാവിതലമുറയെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുന്ന ഈ തിന്മക്കെതിരെ 'തലമുതിര്‍ന്നവര്‍' ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു ......ആശംസകള്‍

വീകെ പറഞ്ഞു...

ഏവർക്കും പണം മാത്രമാണ് ചിന്ത. ഭാവി തലമുറയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത ഞെട്ടലാണ് ഉണ്ടാകുന്നത്. ഒന്നു കണിഞ്ഞാണിടാൻ പോലും ഒരു സംവിധാനമില്ലാത്ത അവസ്ഥപോലെ..
നല്ലൊരു ലേഖനം.
ആശംസകൾ....

ശ്രീ പറഞ്ഞു...

നല്ല ലേഖനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍