2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഷട്ട് ഡൗണ്‍

ഫോണ്‍ നിര്‍ത്താതെ നിലവിളിക്കുന്നതുകേട്ടാണ് ഉറക്കമുണര്‍ന്നത്. കണ്ണുതുറന്ന് എതിര്‍വശത്തെ ചുവര്‍ ക്ലോക്കില്‍ നോക്കി. രാവിലെ എട്ടുമണിയായിരിക്കുന്നു. കൈനീട്ടി ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു. അങ്ങേത്തലക്കല്‍ എഞ്ചിനിയര്‍ അലിയുടെ ഗൗരവമാര്‍ന്ന സ്വരം. തിടുക്കത്തില്‍ അറേബ്യന്‍ ശൈലിയിലുള്ള പതിവ് അഭിവാദ്യങ്ങള്‍ കഴിഞ്ഞ് അലി പറഞ്ഞു.

 നീ ഉടന്‍ ഇവിടെയെത്തണം. പണികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു പോയിട്ട് എവിടെയെങ്കിലും കിടന്ന് ഉറങ്ങുകയാണോ? നിന്റെ പണിക്കാര്‍ ജോലിചെയ്യാന്‍ കൂട്ടാക്കുന്നില്ല.

പെട്ടെന്ന് കണ്ണില്‍ ഉറഞ്ഞുകിടന്ന ഉറക്കം ഞെട്ടിമാഞ്ഞു. പുലര്‍ച്ചെ പുതിയ പതിമൂന്നു പണിക്കാരെ അവിടെ കൊണ്ടാക്കി തിരിച്ചുവന്ന് നടുവൊന്നു നിവര്‍ത്തിയതേ ഉള്ളൂ. അപ്പോളാണ് അലിയുടെ വിളിയും വഴക്കും.

സിമന്റു കമ്പനിയില്‍ ഷട്ട് ഡൗണ്‍ ഇന്നാരംഭിക്കുന്നതിനാല്‍ കഴിഞ്ഞരാത്രിയില്‍ ഒരുപോള കണ്ണടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആളുകളെ സംഘടിപ്പിക്കാനും, അവര്‍ക്കു താമസത്തിനും ഭക്ഷണത്തിനുമുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താനും ജോലിസ്ഥലത്തേക്കു പോയിവരുന്നതിനുള്ള വാഹനങ്ങള്‍ ഏര്‍പ്പാടാക്കാനും യൂണിഫോമും സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി നല്‍കാനുമൊക്കെയായി നേരം വെളുക്കുവോളം പെരുത്തു ജോലികളുണ്ടായിരുന്നു.

 മാന്‍ പവര്‍ സപ്ലൈ മേഖലയില്‍ ചിലപ്പോള്‍ ഇങ്ങനെയാണ്. പണികള്‍ വരാന്‍ തുടങ്ങിയാല്‍ ഒട്ടും വിശ്രമിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല. കമ്പനികളില്‍ പോയി ജോലികള്‍ കണ്ടെത്തണം. മത്സരങ്ങള്‍ അതിജീവിച്ച് കോണ്‍ട്രാക്റ്റ് കയ്യില്‍ കിട്ടിയാല്‍ പണിക്കായി തൊഴിലാളികളെ കണ്ടെത്തണം. അവരെ ടെസ്റ്റുകള്‍ക്കു വിധേയരാക്കണം. പാസാക്കിവിടാന്‍ എഞ്ചിനിയര്‍മാരുടേയും കമ്പനി ഫോര്‍മാന്‍മാരുടേയും കാലുപിടിക്കണം. എല്ലാം റെഡിയാണെങ്കിലും ഓരോ കോണ്‍ട്രാക്റ്റ് പൂര്‍ത്തീകരിച്ച് പ്രോജക്റ്റ് കൈമാറും വരെ നിരന്തരമായ തലവേദനയാണ്. പണിക്കാരെയും കമ്പനി അധികൃതരെയും പിണക്കാതെ മേയ്ച്ചുകൊണ്ടുപോവുക എന്നത് സര്‍ക്കസുകാരുടെ ഞാണിന്‍മേല്‍ കളിപോലെ കുഴപ്പം പിടിച്ചതാണ്.

ഓരോരുത്തര്‍ക്കും ഓരോതരം പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് കൂടെക്കൂടെ കാശുവേണം. ജോലിക്കുകയറുന്ന പിറ്റേ ദിവസം മുതല്‍ അഡ്വാന്‍സ് ചോദിക്കാന്‍ തുടങ്ങും. അവരെ പറഞ്ഞിട്ടു കാര്യമില്ല. വിശപ്പിനോട് കുറച്ചു ക്ഷമിക്കൂ എന്നു പറയാന്‍ പറ്റുമോ ?

വേഗം ഡ്രസ് ചെയ്ത് വണ്ടിയോടിച്ച് കമ്പനിയില്‍ ചെന്നു. രാവിലെ കൊണ്ടുവിട്ട 13 പേരും പുറത്തിറങ്ങി കൂട്ടം കൂടി നില്‍ക്കുകയാണ്. എല്ലാവരും മലയാളികളാണ്. ജിദ്ദയില്‍ നിന്ന് ഇന്നലെ ഒറ്റഗ്രൂപ്പായി റാബഗില്‍ എത്തിയവരാണ് എല്ലാവരും. 13 പേരില്‍ 10 പേരും 25 നും 45നും ഇടക്ക് പ്രായമുള്ളവരും രണ്ടുപേര്‍മാത്രം അമ്പതുകഴിഞ്ഞവരുമാണ്. മൊയ്തീന്‍ക്കയും, മുഹമ്മദിക്കയും. അതില്‍ മൊയ്തീന്‍ക്കയ്ക്ക് സത്യം പറഞ്ഞാല്‍ ഒരുജോലിയും എടുക്കാന്‍ കഴിയില്ലെന്ന് നേരത്തേ തോന്നിയിരുന്നു. ഡൈയൊക്കെ ചെയ്തു മീശയും കഷണ്ടിത്തലയിലെ അവശേഷിക്കുന്ന മുടിയും കറുപ്പിച്ചിട്ടുണ്ടെങ്കിലും ഒരു തൂമ്പാ എടുക്കാനുള്ള ആരോഗ്യം പോലുമില്ലെന്നുറപ്പാണ്.

 ജിദ്ദയിലെ താമസസ്ഥലത്ത് ഒരുഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുന്നവരാണ് എല്ലാവരും. എന്റെ വണ്ടി കണ്ടതോടെ പണിക്കാര്‍ക്കിടയിലെ വര്‍ത്തമാനക്കാരന്‍ ജബ്ബാര്‍ അടുത്തേക്കു വന്നു.
പിന്നാലെ മറ്റുള്ളവരും.
അവരുടെ അടുത്തേക്ക് എന്താണ് പ്രശ്‌നം എന്നു ചോദിച്ചുകൊണ്ട് ഞാനും ചെന്നു.

ബായി..ഞങ്ങള്‍ പണി തുടങ്ങിയതാണ്. സിമന്റു മില്ലിനോട് ചേര്‍ന്ന ചൂടുനിറഞ്ഞ കിലന്റെ ഉള്ളിലാണ് ഞങ്ങളുടെ പണി. മൊയ്തീന്ക്കാക്ക് കിലന്റെ ഉള്ളില്‍ കയറാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ തുര്‍ക്കി ഫോര്‍മാനോട് പറഞ്ഞു. പുറത്ത് പണിയുണ്ടെങ്കില്‍ മൊയ്തീന്‍ക്ക അവിടെ ചെയ്‌തോളും എന്ന് പറഞ്ഞപ്പോള്‍ പുറത്ത് പണിയില്ല. കിലന്റെ ഉള്ളില്‍ പണിയെടുക്കാമെങ്കില്‍ പണിതാല്‍മതി എന്നാണ് തുര്‍ക്കി പറയുന്നത്.
പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ എഞ്ചിനിയര്‍ വന്ന് മൊയ്തീന്‍ക്കയോട് തിരിച്ചു പോകാന്‍ പറഞ്ഞു. അമ്പതുവയസു കഴിഞ്ഞവരെ ഇതുപോലെ അപകടം പിടിച്ച പണികളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് എഞ്ചിനിയര്‍ പറഞ്ഞത്.

 ശരിയാണ്..പ്രായമായവരെ കടുപ്പമേറിയ പണികള്‍ ഏല്‍പ്പിക്കരുതെന്നാണ് ഇവിടുത്തെ നിയമം. അവരെ കമ്പനികള്‍ക്കു വേണ്ട. അല്ലെങ്കില്‍ തന്നെ പ്രായമായവരെ ലോകത്തില്‍ ഒരിടത്തും വേണ്ടാത്ത കാലമാണ്.
 ഞാന്‍ മൊയ്തീന്‍ക്കയെ നോക്കി. എല്ലാവരുടെയും പിന്നില്‍ കുറ്റവാളിയെപ്പോലെ വിഷണ്ണനായി നില്‍ക്കുന്നുണ്ടായിരുന്നു ആ വൃദ്ധന്‍.
ഉടന്‍ വരാമെന്നു പറഞ്ഞ് എഞ്ചിനിയര്‍ അലിയുടെ ക്യാബിനിലേക്ക് പോയി.

 ചുണ്ണാമ്പുകല്ലും, രാസപദാര്‍ത്ഥങ്ങളും ഉയര്‍ന്ന ചൂടില്‍ പൊടിച്ച് കടത്തിവിടുന്ന കറങ്ങുന്ന ഒരാള്‍ പൊക്കമുള്ള ഉരുക്കു കുഴലുകളാണ് കിലന്‍ എന്നു പറയുന്നത്. ഒരു തരം ചൂള. അറ്റ കുറ്റപ്പണികള്‍ വരുമ്പോള്‍ രണ്ടുമൂന്ന് ദിവസം മുന്നേ തന്നെ ഇവയുടെ പ്രവര്‍ത്തനം നിറുത്തിവെക്കുമെങ്കിലും കിലന്‍ തണുക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. പക്ഷെ സമയലാഭം കണക്കാക്കി പലപ്പോഴും ഇതു തണുക്കും വരെ കാത്തുനില്ക്കാറില്ല.
മരുഭൂമിയുടെ സ്വതവേയുള്ള ചൂടും വായൂ സഞ്ചാരമില്ലാത്ത കിലനിലെ ചൂടും കൂടിയാകുമ്പോള്‍ അതില്‍ കയറുന്ന ആള്‍ ഏതാണ്ട് പുഴുങ്ങിയ പരുവത്തിലാകും. എന്നിട്ടും ആളുകള്‍ അതിനുള്ളില്‍ പണിയെടുക്കുന്നതെങ്ങിനെ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പണിയെടുക്കാതെ മടങ്ങിയാല്‍ നാട്ടിലെ കടങ്ങളും പങ്കപ്പാടുകളും എങ്ങനെ മാറും എന്ന വ്യഥയാകാം ഈ തീച്ചൂളയിലേക്ക് മടിയില്ലാതെ കയറിപ്പോകാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. അതെ.. നമ്മള്‍ സ്വയം ഉരുകിത്തീര്‍ന്നാലും നാട്ടിലുള്ളവര്‍ക്ക് വെളിച്ചമാകുമല്ലോ എന്ന ആശ്വാസം.. അതുകൊണ്ടാവും മൊയ്തീന്‍ക്കയെപോലുള്ളവര്‍ ഈ വയസാം കാലത്തും ...

എഞ്ചിനിയര്‍ അലി ദേഷ്യത്തിലായിരുന്നു. ഷട്ട്ഡൗണ്‍ കാല അറ്റകുറ്റപ്പണികള്‍ ആരംഭിച്ച ദിനം തന്നെ മുടങ്ങിയതിലുള്ള നീരസം അയാളുടെ വാക്കുകളില്‍ കനത്തുകിടന്നു. വൃദ്ധനെ ജോലിക്കുവെക്കാന്‍ പറ്റില്ലെന്നും അയാള്‍ ഈ കമ്പനിയില്‍ എവിടെയെങ്കിലും ജോലിചെയ്യുന്നത് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടാല്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുമെന്നും കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്നും പറഞ്ഞു.

കനിവുകാട്ടണമെന്ന് യാചിച്ചു നോക്കിയെങ്കിലും അലി അലിയുന്ന മട്ടില്ല. അയാളെ കുറ്റം പറയാനാകില്ല. നിയമമാണ് അദ്ദേഹം പറയുന്നത്. സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പണിചെയ്യിക്കുന്നതിനിടയില്‍ ആര്‍ക്കെങ്കിലും ജീവാപായം സംഭവിച്ചാല്‍ പണിയുടെ ചുമതലയുള്ള എഞ്ചിനീയര്‍ക്കാകും ആദ്യം ശിക്ഷ ലഭിക്കുക.

അലി ശാന്തനായി എന്നോട് പറഞ്ഞു- വേണമെങ്കില്‍ അയാളുടെ ഈ ഒരു ദിവസത്തെ വേതനം ഞാന്‍ തരാം. അയാളെ പറഞ്ഞു വിട്ട് വേറെ ആളെ കൊണ്ടുവരൂ. അയാള്‍ക്കൊപ്പമുള്ളവരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കൂ.

ഞാന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞ് തൊഴിലാളികളുടെ അടുത്തേക്ക് വന്നു. തീരുമാനമറിയാന്‍ ആകാംക്ഷയോടെ അവര്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. മൊയ്തീന്‍ക്കയുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം എന്നെ അസ്വസ്ഥനാക്കി.

ജബ്ബാര്‍ ..നിങ്ങള്‍ എനിക്ക് ഒരുദിവസം സമയം തരണം.. വളരെ കഷ്ടപ്പെട്ട് നേടിയ കോണ്‍ട്രാക്ടാണിത്. മൊയ്തീന്‍ക്കയുടെ കാര്യം നമുക്ക് പരമാവധി ശരിയാക്കാന്‍ നോക്കാം. നിങ്ങള്‍ ഇന്ന് ജോലി തുടരൂ. രാത്രിക്കുള്ളില്‍ നമുക്കൊരു പരിഹാരമുണ്ടാക്കാന്‍ നോക്കാം. വൈകിട്ട് നമുക്ക് ക്യാമ്പില്‍ വെച്ച് സംസാരിക്കാം.

എന്റെ നയതന്ത്രം ഫലിച്ചു. മനസില്ലാമനസ്സോടെ ജബ്ബാറും കൂട്ടരും കിലന്റെ ചൂടിലേക്ക് കയറിപ്പോയി. അലിയെ വിളിച്ച് പണി ആരംഭിച്ച വിവരം അറിയിച്ച് സലാം പറഞ്ഞ് മൊയ്തീന്‍ക്കയുമായി ഞാന്‍ ക്യാമ്പിലേക്ക് തിരിച്ചു പോന്നു.

അരമണിക്കൂര്‍ ഡ്രൈവ് ചെയ്താലേ റാബഗ് സിറ്റിയിലുള്ള ലേബര്‍ ക്യാമ്പില്‍ എത്താന്‍ കഴിയൂ. പണിക്കാരെ കണ്ടത് തലേന്ന് രാത്രി ആയതുകൊണ്ട് ആരെയും വിശദമായി പരിചയപ്പെടാന്‍ പറ്റിയില്ലായിരുന്നു. തലയില്‍ വെച്ചിരുന്ന നീല നിറമുള്ള സേഫ്റ്റി ഹെല്‍മെറ്റിന്റെ ഉള്ളില്‍ നിന്ന് വിയര്‍പ്പിന്റെ നീര്‍ച്ചാലുകള്‍ മൊയ്തീന്‍ക്കയുടെ കവിളിലൂടെ ഒഴുകിവരുന്നു. രാവിലെ ധരിച്ച പുത്തന്‍ യൂണിഫോമില്‍ സിമന്റ് പൊടി പുരണ്ടിരുന്നു. കരുവാളിച്ച മുഖത്ത് കുഴിയിലാണ്ടു പോയ കണ്ണുകള്‍..

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മരുഭൂമിയിലെ വെയില്‍കൊണ്ടുരുകിയ റോഡിലൂടെ നൂറുകിലോമീറ്റര്‍ വേഗതയില്‍ ഞങ്ങളുടെ കാര്‍ പായുകയാണ്. അകലേക്ക് കണ്ണുകള്‍ പായിച്ച് എന്തോ ഓര്‍ത്തുകൊണ്ട് കയ്യിലെ ടവ്വല്‍ കടിച്ചുപിടിച്ചിരിക്കുന്ന ആ കാക്കയോട് ഞാന്‍ ചോദിച്ചു.
മൊയ്തീന്‍ക്കയുടെ നാടെവിടെയാണ്...?
 പെരിന്തല്‍മണ്ണ.. നാട്ടില്‍ ആരൊക്കെയുണ്ട്.. എല്ലാരൂ.. ണ്ട്.. എല്ലാരും എന്നു പറഞ്ഞാല്‍ പെണ്ണുങ്ങളും മക്കളും, മരുമക്കളും പേരക്കുട്ടികളും എല്ലാരൂം ണ്ട്..

ഗള്‍ഫിലെത്തിയിട്ട് എത്രകാലായി.. ?

കുറച്ചായി..മോനെ.. കുറച്ചെന്നു പറഞ്ഞാല്‍ ?
ഇരുപത്തെട്ടു കൊല്ലം..
ഇരുപത്തെട്ടു കൊല്ലമോ....?
മൊയ്തീന്‍ക്കയുടെ മറുപടികേട്ട് അറിയാതെ തലയില്‍ കൈവെച്ചു.. ഒന്നും സംഭവിക്കാത്തതുപോലെ മൊയ്തീന്‍ക്ക ചിരിച്ചു.. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രവാസികള്‍ ചിരിക്കാറുള്ള നിശബ്ദമായ ചിരി.

അപ്പോ ...ഇക്കായ്ക്ക് ഇപ്പോ എത്ര വയസുണ്ട്..?

 വയസ്.. പത്തറുപതായി..മോനെ .. എനിക്കറിയാര്‍ന്നു അവരെന്നെ പണിക്ക് ബെക്കൂലാന്ന്..ഇതിപ്പോ ആദ്യായിറ്റൊന്നൂ ല്ല..ചെല്ലുന്ന സലത്തൊക്കെ കമ്പനിക്കാര് ന്നെ ബേണ്ട ബേണ്ടാന്നാ പറീണേ..അല്ലെങ്കീത്തന്നെ ഇന്നെക്കൊണ്ട് ഇനി ഒന്നിനും കയ്യൂലാന്ന് ഇല്ലാരും അറിഞ്ഞിര്ക്കണ്..ന്നാലും ഓലുക്ക് തോന്നീച്ചാ പണീട്ക്കാലോ ന്ന് കര്ത്യാ ബന്നേ..ഒത്താ പത്തുറുപ്യ സ്വന്തായിറ്റ് ണ്ടാക്കാല്ലാ... ആ കുട്യോള്‍ടെ കൂട്യാ..പ്പോ താമസോം ചെലവും കയ്യണേ..ഓല് നല്ലോരാ..അതാ നിക്ക് ബേണ്ടി അയ്ത്തുങ്ങള് പണി ബേജാറാക്യേ...

ഇത്ര കാലം ഇക്കാ ഇവിടെ പണിയെടുത്തതല്ലേ..നല്ല സമ്പാദ്യം ഉണ്ടാക്കിക്കാണുമല്ലോ..ഇനിയെങ്കിലും നാട്ടില്‍ പോയി വിശ്രമിച്ചുകൂടെ ?

തികട്ടിവന്ന നീരസം മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു..

മോനി എന്തറിഞ്ഞിട്ടാ ഈ പറേണേ... ഇന്ക്ക് 29 ബയസുള്ളപ്പളാ സൗദീ വന്നേ..പൊരേല് മൂത്ത ആള് ഞാനായിര്‌ന്നേ..നാല്് പെങ്ങമ്മാരേം രണ്ട് അനിയമ്മാരേം പഠിപ്പിച്ച് നിക്കാഹും കയിപ്പിച്ച് ഓലെ ഒരു ബയ്ക്കാക്കി..ബാപ്പാ ചെറ്പ്പത്തീ മരിച്ചതാണേ..അനിയമ്മാരെ രണ്ടിനേം വിസയെടുത്തു ഗള്‍ഫീ കൊണ്ടുവന്ന്..അവരും രക്ഷപ്പെടണ്ടേന്ന്..പിന്നെയാ നമ്മള് നിക്കാഹ് കയിച്ചേ..പുത്യ പൊര പണ്‌തെങ്കിലും എളേ അനിയനും പെണ്ണുങ്ങളുമാണ് ആടെ പൊര്‍തി. അപ്പോ നമ്മക്ക് പൊരകൂട്ടാന്‍ വേറെ സലം മേങ്ങി..ആടെ പുത്യത് പണ്ത്..അപ്പോയ്ക്കും നമ്മള കുട്യോള് ബെല്‍തായി..പിന്നെ ഓല്‍ടെ പഠിപ്പും പത്രാസും നോക്കണ്ടേ..ഓലെ ഒരുകര പറ്റിക്കണ്ടേ..അപ്‌ളേക്കും നേര്യം ഇമ്മിണി വൈകീര്‍ക്ക്ണ്..ഇബ്ട്ന്ന് മടങ്ങി ബെറും കയ്യുമായി പൊരേ കയറിച്ചെന്നാ....

 പ്രവാസി ജീവിതത്തിന്റെ പതിവു പുരാവൃത്തങ്ങളില്‍ തന്നെ കുടുങ്ങിപ്പോയ ഒരാള്‍ കൂടി..

പിന്നെയും മൊയ്തീന്‍ക്ക എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും ആലോചനകള്‍ക്കിടയില്‍ എനിക്കൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.. വണ്ടി നിന്നപ്പോള്‍ ഹല്‍മറ്റും ടവ്വലുമെടുത്ത് അയാള്‍ ക്യാമ്പിനകത്തേക്ക് കയറിപ്പോയി

വൈകിട്ട് ഏഴുമണിയോടെ ലേബര്‍ ക്യാമ്പിലേക്ക് പോയി. വിയര്‍പ്പും വിഴുപ്പും നാറുന്ന അന്തരീക്ഷം.. മൊയ്തീന്‍ക്കയുടെ കൂട്ടുകാര്‍ വന്നിട്ടുണ്ടായിരുന്നു. ചെറിയ ഒരു മുറിയില്‍ തലങ്ങും വിലങ്ങും നാലു കട്ടിലുകള്‍ ഇടാനുള്ള സ്ഥലമേയുള്ളൂ. ഇവിടുത്തെ പണിതീരും വരെ അതാണവരുടെ വാസസ്ഥലം. എന്നെ കണ്ടപാടെ ജബ്ബാര്‍ എഴുനേറ്റ് സലാം മടക്കി..

മറ്റുള്ളവരും.. മൊയ്തീന്‍ക്കയെ അക്കൂട്ടത്തില്‍ കണ്ടില്ല.. എല്ലാവരും കുളിച്ച് സുന്ദരന്മാരായിരിക്കുന്നു. മൊയ്തീന്‍ക്ക എവിടെ ..എന്നു ചോദിച്ചുകൊണ്ട് ജബ്ബാറിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. കമ്പനിയുടെ തീരുമാനം അറിയിച്ച് മറ്റുള്ളവര്‍ ജോലിതുടരണം എന്നപേക്ഷിച്ചു.

 ഭായി... മൊയ്തീന്‍ക്ക ജോലിക്ക് നില്‍ക്കുന്നില്ല എന്നു പറഞ്ഞ് വൈകിട്ട് ജിദ്ദയിലേക്ക് മടങ്ങിപ്പോയി. മോള്‍ടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആരോ ഉംറ ചെയ്യാന്‍ എത്തീര്ക്കണ്.. നമ്മളേം ഫോണീ വിളിച്ചാ മൂപ്പര് മടങ്ങണ വിവരം പറഞ്ഞേ.. അല്ലാ.. ങ്ങള് വണ്ടീ പോന്നപ്പളാ നാട്ടീക്ക് ഫോണ്‍വിളിച്ചേന്ന് മൂപ്പര് പറഞ്ഞല്ലാ..ങ്ങളോട് പറഞ്ഞീന്നും പറഞ്ഞ്..

ജബ്ബാറിന്റെയും കൂട്ടുകാരുടേയും മുഖത്ത് ഒരു ബേജാര്‍ ഒഴിഞ്ഞുപോയതിന്റെ ആശ്വാസം..

മൊയ്തീന്‍ക്കയെ ആരെങ്കിലും ഫോണില്‍ വിളിച്ചതായി എത്ര ഓര്‍ത്തുനോക്കിയിട്ടും പിടികിട്ടിയില്ല.

പോക്കറ്റില്‍ നിന്ന് മൊയ്തീന്‍ക്കയെ ഏല്‍പ്പിക്കാനുള്ള ഒരു ദിവസത്തെ പണിക്കൂലിയുടെ കവര്‍ ജബ്ബാറിന്റെ കൈവെള്ളയില്‍ വെച്ചുകൊടുത്ത് ഞാന്‍ വണ്ടിയില്‍ കയറി ഓടിച്ചുപോന്നു..

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്നു റോഡിലേക്ക് വീണ വെളിച്ചത്തിന്റെ കൈകള്‍ മരുഭൂമിയിലെ ഇരുളിനെ എത്തിപ്പിടിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു..