2014, നവംബർ 11, ചൊവ്വാഴ്ച

ഞങ്ങള്‍ക്കു മടങ്ങാന്‍ കാടും മലയും പുഴയുമില്ല

നില്‍പ്പുസമരം 125 ദിവസം പിന്നിട്ടു;
മലയാളം ന്യൂസിനുവേണ്ടി  സി.കെ. ജാനു വുമായി നടത്തിയ അഭിമുഖം 


കാടും മണ്ണും പുഴയും നശിപ്പിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന ആധുനികവികസന സംസ്‌കാരവും നയവും നിയമവും നിര്‍മിക്കുന്ന ഭരണകേന്ദ്രങ്ങളിലെ മണിമേടകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തകന്മാര്‍ പുളച്ചുമദിക്കുമ്പോള്‍ കാടിനെയും മലയെയും പുഴയെയും മനുഷ്യരെയും ഇതരജീവജാലങ്ങളെയും ഈ ഭൂമിയെ സചേതനമാക്കി നിലനിര്‍ത്തുന്ന ജീവവായുവിനെയും സംരക്ഷിക്കാന്‍ കാടിന്റെയും മലയുടെയും മക്കള്‍ പുറത്ത് മഴയും മഞ്ഞും വെയിലുമേറ്റ്, കൊടുംയാതനകളുടെ പീഡനങ്ങളേറ്റ് നിരന്തര സമരത്തിലാണ്. നില്‍പ്പുസമരം.. ഭൂമിയെ താങ്ങി നിര്‍ത്താന്‍ ആദിമ മനുഷ്യന്റെ അനന്തരാവകാശികള്‍ രാവും പകലും ഇളവേല്‍ക്കാതെ തുടരുന്ന നിലനില്‍പ്പിനായുള്ള സമരം ഇന്ന് 126-ാം ദിനത്തിലെത്തി. സമര ഭടന്മാരുടെ മുന്‍നിരയില്‍ ആദിവാസി ഗോത്രമഹാസഭയുടെ പ്രസിഡന്റ് ജാനുവും മുഖ്യസംഘാടകനായ ഗീതാനന്ദനും അടക്കമുള്ള നേതൃനിര കണ്ണുചിമ്മാതെ കൂടെയുണ്ട്. സമരത്തെക്കുറിച്ചും അത് ലോക ജനതയുടെ മനസാക്ഷിയില്‍ സൃഷ്ടിച്ച പ്രതിഫലനങ്ങളെക്കുറിച്ചും സി.കെ. ജാനു സംസാരിക്കുന്നു.

? സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്

ജാനു-125 ദിനങ്ങള്‍ക്കു മുമ്പ് ഈ സമരം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ തനിച്ചായിരുന്നു. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ സമരത്തെ നെഞ്ചേറ്റിയിരിക്കുന്നു. പക്ഷെ കേറളത്തിലെ ഭരണാധികാരികളും രാഷ്ടീയ നേതാക്കളും മാത്രം കണ്ണും കാതും അടച്ചുവെച്ച് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.
? സര്‍ക്കാര്‍ ഈ സമരത്തോട് എങ്ങിനെയാണ് പ്രതികരിച്ചത് ?
സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാരുമായി ഞങ്ങള്‍ മൂന്ന് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പട്ടിക വര്‍ഗവകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മിയുമായി ഒരു തവണയും മുഖ്യമന്ത്രിയുമായി രണ്ടു തവണയും സമര സമിതി ചര്‍ച്ച നടത്തി. ഇതെ തുടര്‍ന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതിന് അഞ്ചംഗ മന്ത്രി സഭാ ഉപസമിതിയെ നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടൂറിസം-പട്ടികജാതി വകുപ്പ് മന്ത്രി അനില്‍കുമാര്‍, പട്ടിക വര്‍ഗ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഇവര്‍ ചേര്‍ന്ന് നോട്ട് തയ്യാറാക്കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നാണ് പറഞ്ഞത്. പക്ഷെ എപ്പോള്‍? എങ്ങിനെ എന്നൊന്നും പറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

? എന്തൊക്കെയാണ് സമരസമിതി മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍

2001 ലെ കുടില്‍ കെട്ടല്‍ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കാം എന്ന് ഉറപ്പു നല്‍കിയ കരാര്‍ നടപ്പിലാക്കുക. ഭൂരഹിതരായ ആദിവാസികള്‍ക്ക് കൃഷി ഭൂമി നല്‍കും എന്നായിരുന്നു പ്രധാന ഉറപ്പ്. കൂടാതെ ഭരണഘടനയുടെ 244-ാം വകുപ്പനുസരിച്ച് ആദിവാസികള്‍ താമസിക്കുന്ന മേഖല പട്ടിക വര്‍ഗ പ്രദേശമായി അംഗീകരിക്കണം. 1957 മുതല്‍ 1974 വരെയുള്ള കാലയളവില്‍ ആദിവാസികള്‍ക്കു അഞ്ച് ഏക്കര്‍ വീതം കൃഷിക്കായി വിതരണം ചെയ്യുന്നതിനായി പ്രത്യേക മേഖല തിരിച്ച് ആദിവാസി പ്രോജക്ടുകള്‍ രൂപവല്‍ക്കരിച്ചിരുന്നു. ആ ഭൂമി നല്‍കണം. കൂടാതെ 2006 ലെ വനാവകാശനിയമ പ്രകാരം ആദിവാസികള്‍ക്ക് വേണ്ടിമാത്രം വിതരണം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 19000 ഏക്കര്‍ വനഭൂമി അനുവദിച്ചത് വിതരണം ചെയ്യണം. മറ്റൊന്ന് ആദിവാസി ഫണ്ടില്‍ നിന്നെടുത്ത 42 കോടിരൂപ ഉപയോഗിച്ച് സര്‍ക്കാര്‍ വാങ്ങിയ ആറളം ഫാമിലെ 7500 ഏക്കര്‍ ഭൂമിയില്‍ 3500 ഏക്കര്‍ മാത്രമേ ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുള്ളു. ബാക്കി വരുന്ന 4000 ഏക്കര്‍ സ്വകാര്യവ്യക്തിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഈ ഭൂമി തിരിച്ചു പിടിച്ച് യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണം. ഇതൊക്കെയാണ് സമരസമിതി മുന്നോട്ടു വെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങള്‍.

? ഈ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചോ

ഒരു തടസ്സവും ഉന്നയിച്ചില്ല. കാരണം നിയമവും ഇന്ത്യന്‍ ഭരണഘടനയും അനുശാസിക്കുന്ന അവകാശങ്ങള്‍ മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. അത് നടപ്പാക്കും എന്നു തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ അതിനുള്ള ആര്‍ജവം അവര്‍ കാണിക്കുന്നില്ല. എല്ലാ കാലത്തും അധികാരിവര്‍ഗം ചെയ്യുന്നതുപോലെ ഞങ്ങളെ പറഞ്ഞു പറ്റിക്കാമെന്നാണ് ഈ ഗവണ്മെന്റും കരുതുന്നത്. ഭൂമിയും, വനവും പുഴയും മലയും വയലുമെല്ലാം ദിനം തോറും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴയതുപോലെ ഞങ്ങള്‍ മടങ്ങിപ്പോയാല്‍ ഈ ഭൂമി തന്നെ ഇല്ലാതാകും. ഈ ഭൂമി നിലനിര്‍ത്താന്‍ വേണ്ടിക്കൂടിയാണ് ഞങ്ങളുടെ സമരമെന്ന് ഈ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

? സമരപ്പന്തലില്‍ സുധീരന്‍ വന്നിരുന്നല്ലോ? അദ്ദേഹം സമരം തീര്‍ക്കുന്നതിന് വേണ്ടി എന്താണ് ചെയ്തത്?

അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു. സമരക്കാര്‍ക്കൊപ്പം അല്‍പ്പനേരം നിന്നു. സര്‍ക്കാരിനോട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്നു പഞ്ഞു. സമരക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. തുടര്‍നടപടികളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

? പ്രതിപക്ഷത്തിന്റെ നിലപാടെന്താണ് ? വി.എസുമായി നിങ്ങള്‍ ബന്ധപ്പെട്ടിരുന്നോ?

പ്രതിപക്ഷം, പ്രത്യേകിച്ച് 'അടിസ്ഥാന തൊഴിലാളിവര്‍ഗ പാര്‍ട്ടി'കളായ സി.പി.എമ്മും, സി.പി.ഐയും ഈ സമരത്തോട് ഇന്നലെ വരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സത്യത്തില്‍ പ്രതിപക്ഷം ഏറ്റെടുത്ത് നടത്തേണ്ടിയിരുന്ന സമരമാണ് ഞങ്ങള്‍ ഒറ്റക്ക് നടത്തുന്നത്.
പ്രതിപക്ഷ നേതാവിനെ ഞങ്ങള്‍ ബന്ധപ്പെട്ടില്ല. കാരണം ഞങ്ങളെ പോലെ മറ്റ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും നടക്കുന്ന സമരപ്പന്തലുകളില്‍ നിരവധി തവണ വി.എസ്. സന്ദര്‍ശനം നടത്തി. ഞങ്ങളെ മാത്രം അദ്ദേഹം കാണാതെ പോയി. ഞങ്ങളുടെ ശബ്ദം മാത്രം അദ്ദേഹം കേള്‍ക്കാതെ പോയി. സി.പി.എമമ്മിന്റെ കൊടി ഞങ്ങളുടെ സമരപ്പന്തലില്‍ ഇല്ലാത്തതു കൊണ്ടാകാം അദ്ദേഹമടക്കമുള്ള സി.പി.എം നേതാക്കള്‍ ഞങ്ങളുടെ സമരം കണ്ടില്ലെന്നു നടിക്കുന്നത്. അവര്‍ യഥാര്‍ഥ ആദിവാസികളെ കയ്യൊഴിഞ്ഞു. പകരം ആദിവാസികള്‍ക്കുവേണ്ടി എന്നു പറഞ്ഞ് വയനാടു കലക്ടറേറ്റിനുമുന്നില്‍ സമരം നടത്തി. ആദിവാസികള്‍ ആ സമരത്തില്‍ പോകില്ല എന്നു പറഞ്ഞു. ഇപ്പോഴിതാ ശിശുമരണത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ സമരം നടത്തുന്നു. അട്ടപ്പാടിയില്‍ ആദിവാസികളെ ദ്രോഹിച്ചുകൊണ്ട് കാറ്റാടിപ്പാടങ്ങള്‍ തുടങ്ങാന്‍ അനുമതി കൊടുത്തത് ഇടതുമുന്നണി സര്‍ക്കാരാണ്. എന്നിട്ട് ഇപ്പോള്‍ ശിശുമരണത്തിന്റെ പേരില്‍ കള്ളസമരം നടത്തുന്നു. ഇനി ഞങ്ങളെ കള്ള സമരങ്ങളിലൂടെ ആര്‍ക്കും വഞ്ചിക്കാനാവില്ല. സി.പി.ഐക്കാര്‍ ഇന്ന് അവരുടെ പിന്തുണയുമായി സമരപ്പന്തലില്‍ എത്തുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

? സമരം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്

അമ്പതുപേര്‍ വീതമുള്ള ഒരു ഗ്രൂപ്പ് പത്തുദിവസം തുടര്‍ച്ചയായി സമരത്തില്‍ നില്‍ക്കുന്ന രീതിലാണ് മുന്നോട്ടുപോകുന്നത്. പത്താം നാള്‍ വീണ്ടും അമ്പതുപേരുള്ള മറ്റൊരു ഗ്രൂപ്പ് സമരത്തിനെത്തും. തിരുവനന്തപുരം പോലുള്ള ഒരു നഗരത്തില്‍ എല്ലാവരെയു ഒരുമിച്ചുകൊണ്ടു വന്ന്് ഒരു സമരം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ രീതിയില്‍ മുന്നോട്ടുപോകുന്നത്. നേതൃനിരയില്‍ ഉള്ളവര്‍മാത്രം സ്ഥിരമായി സമരമുഖത്തുണ്ട്.

? മാധ്യമങ്ങള്‍ സമരത്തോടു നീതി കാണിക്കുന്നുണ്ടോ

മാധ്യമങ്ങളും സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും പോലെ ഞങ്ങളോട് അവഗണനാപരമായ നിലപാടാണ് എടുക്കുന്നത്. ഞങ്ങളുടെ വിവരങ്ങളും ആവശ്യങ്ങളും ആര്‍ക്കൊക്കെയോ വേണ്ടി അവര്‍ ജനങ്ങളില്‍ നിന്ന മറച്ചു പിടിക്കുന്നു. ജനങ്ങളെ ഇളക്കിമറിക്കുന്ന സമരങ്ങളും വിവാദങ്ങളുമാണ് മാധ്യമങ്ങള്‍ക്കു വേണ്ടത്. ഞങ്ങളെപ്പോലുള്ള പാവങ്ങളെക്കുറിച്ച് ആരാണ് വേവലാതിപ്പെടാനുള്ളത്് ?

? അധികാരികളും, രാഷ്ട്രീയക്കാരും, മാധ്യമങ്ങളും കയ്യൊഴിഞ്ഞ
നിങ്ങള്‍ക്കൊപ്പം പിന്നെ ആരാണുള്ളത്

ജനങ്ങള്‍. ലാകമെമ്പാടുമുള്ള ജനങ്ങള്‍ ഞങ്ങളോട് അനുഭാവപൂര്‍വ്വമാണ് പ്രതികരിക്കുന്നത്. സമരം തുടങ്ങിയ ദിനം മുതല്‍ ഇന്നുവരെ ദിനവും 20 ഉം 25 ഐക്യദാര്‍ഢ്യ സംഘങ്ങള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. ഞങ്ങളെ കാണാന്‍ വരുന്നവര്‍ സന്തോഷത്തോടെ സംഭരിച്ചുതരുന്ന ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങള്‍ കൊണ്ടാണ് ഈ സമരം തളര്‍ച്ചയില്ലാതെ മുന്നോട്ടു പാകുന്നത്. ചിത്രകാരന്മാരും കലാകാരന്മാരുമൊക്കെ വന്ന് ചിത്രം വരച്ചും പാട്ടുകള്‍ പാടിയും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്. ദിനവും ഇങ്ങനെ നിരവധിപേര്‍ എത്തുന്നത്് ഞങ്ങള്‍ക്ക് ശക്തിപകരുന്നു. ഞങ്ങളെ നോക്കാന്‍, ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന:സാക്ഷിയുള്ള ജനങ്ങളുണ്ട് എന്ന തിരിച്ചറിവ്് സന്തോഷം നല്‍കുന്നു. തിരുവനന്തപുരത്തെ ജനങ്ങളാണ് ഞങ്ങള്‍ക്ക് ആഹാരത്തിനായുള്ള അരിയും പച്ചക്കറികളും തരുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ പിന്തുണയും സ്‌നേഹവും അറിയിക്കുന്നു.
ഓസ്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും അവര്‍ ഒരുമിച്ചു കൂടി ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടത്തുന്നു. ഫോണിലൂടെ ബന്ധപ്പെട്ടതനുസരിച്ച്് അവിടങ്ങളിലെ സമ്മേളനങ്ങളില്‍ എത്തിയവരോട് ഞാനും ഗീതാനന്ദനും അടക്കമുള്ളവര്‍ സംസാരിക്കുകയും ചെയ്തു. ഫലത്തില്‍ ഇപ്പോള്‍ ഈ സമരം നടത്തുന്നത് ഞങ്ങളല്ല..ജനങ്ങളാണ്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കണ്ണും കാതും അടച്ചു വെച്ചിരിക്കുന്ന അധികാരി വര്‍ഗം അവകാശങ്ങള്‍ അനുവദിച്ചു തരും വരെ ഞങ്ങള്‍ ഇവിടെ തന്നെ നില്‍ക്കും. ഇല്ലെങ്കില്‍ ഇവിടെ കിടന്നു മരിക്കും. അല്ലാതെ ഞങ്ങള്‍ക്കു മടങ്ങിപ്പോകാന്‍ ഈ ഭൂമിയില്‍ വേറെ ഇടമില്ല. കാടും മലയും പുഴയുമില്ല.


8 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ajith പറഞ്ഞു...

ഞങ്ങളെപ്പോലുള്ള പാവങ്ങളെക്കുറിച്ച് ആരാണ് വേവലാതിപ്പെടാനുള്ളത്>>>>>>>>>> അവര്‍ക്ക് വേവലാതിപ്പെടാന്‍ എന്തൊക്കെ വിഷയങ്ങളാണുള്ളത്. അതിനിടയില്‍ ഈ പാവങ്ങളെ ഓര്‍ക്കാന്‍ നേരമില്ല

വീകെ പറഞ്ഞു...

ഇവരോട് സംസാരിച്ചാൽ മേലാളന്മാരോട്(വോട്ട് ബാങ്ക്) പിണങ്ങേണ്ടി വരും. അതായിരിക്കും ഇടതും വലതും ഇവിടെ ഒന്നായത്.

ചെറുത്* പറഞ്ഞു...

ഈ നില്പു സമരത്തിന് നമ്മുടെ മറ്റേ ഉമ്മം വക്കൽ സമരത്തിനു കൊടുത്തതിൻറെ പകുതിയെങ്കിലും പ്രാധാന്യം മീഡിയ കൊടുക്കുന്നുണ്ടൊ?
പത്രം വായന, ടിവി കാണൽ എന്നിവ വളരെ അപൂർവ്വം ആയതോണ്ട് ഈ അണ്ഢകടാഹത്തിൽ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും ചെറുത് അറിയാറില്യ. എന്നിട്ടും ചുംബന സമരം എന്ന സംഭവം അതിൻറെ എല്ലാ വിധ എഫക്റ്റോടെയും ചെറുത് മീഡിയകളിൽ കൂടിതന്നെയാണ് അറിഞ്ഞത്. അതേസമയം 125 ദിവസം പിന്നിട്ട ഈ സമരത്തെ കുറിച്ച് അറിയുന്നത് ദേ  ഈ ബ്ലോഗിലൂടെ ഇപ്പഴാണ്. സമാധാനപരവും, നേർവഴിക്കും നടത്തുന്ന സമരങ്ങൾക്ക് ഇപ്പ ഒരു വെലേം ല്യ. 
അഭിമുഖ സംഭാഷണം നന്നായി.

((അക്ഷരതെറ്റാണോന്ന് അറീല്യ, ഒരു കേറളം കണ്ടു ആദ്യഭാഗത്ത്))

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ഇത് കണ്ട്
സോഷ്യൽ മീഡിയയെങ്കിലും
ഈ സമരത്തിന് പിന്നിൽ അണി നിരക്കട്ടേ..!

ഈ അഭിമുഖം എപ്പോൾ നടത്തി രമേശ് ഭായ്..? നാട്ടിലുണ്ടായിരുന്നോ..?

Cv Thankappan പറഞ്ഞു...

അഭിമുഖത്തില്‍ ഓരോരുത്തരുടെയും നിലനില്പിന്‍റെ 'വശം' കുറേശ്ശെ ബോദ്ധ്യമായി വരുന്നു.................
ആശംസകള്‍

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഇല്ലാത്തവൻ എന്നും പിന്നാമ്പുറത്തു തന്നെ...

സോഷ്യൽ മീഡിയ , ചതുരത്തിനുള്ളിൽ നിന്നും പുറത്തു വരുമോ....?അമൂർത്ത ലോകത്ത് കാണിക്കുന്ന ചങ്കൂറ്റം മൂർത്ത ലോകത്ത് കാണിക്കുമോ...?

രമേശ്‌ അരൂര്‍ പറഞ്ഞു...

@ മുരളി ഏട്ടാ ....വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി ..സ്നേഹം ..നാട്ടിൽ സെപ്തംബർ മുതൽ ഒക്ടോബർ 15 വരെ ഉണ്ടായിരുന്നെങ്കിലും നിൽപ്പുസമര വേദിയിൽ പോകാൻ കഴിഞ്ഞിരുന്നില്ല..അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ കാരണം ... ജാനുവിനെ ജിദ്ദയിൽ വന്നതിനു ശേഷം ഫോണിൽ വിളിച്ചാണ് വിവരങ്ങൾ ശേഖരിച്ചത് ..
@ കുഞ്ഞൂസ് ..യഥാർത്ഥ ലോകത്തിലും വിർച്വൽ ലോകത്തിലും ഞാൻ സമരത്തിൽ തന്നെയാണ് കുഞ്ഞൂസ് ...

jyo.mds പറഞ്ഞു...

കരയുന്ന കുട്ടിക്കേ പാലുള്ളൂ.ശക്തമായ പ്രതിഷേധം കൊണ്ട് അവകാശങ്ങൾ നേടിയെടുക്കാനാകട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍