2015, മേയ് 31, ഞായറാഴ്‌ച

ബംഗാളിൽ ഒരു ജീവിതം ... മലയാളി മറന്നുപോയ വിക്രമന്‍ നായര്‍


രമേശ് അരൂര്‍

ബംഗാളിലെ മലയാളി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന
വിക്രമന്‍ നായരുടെ ചരമ വാര്‍ഷികദിനം ഇന്ന്. (May-31)
------------------------------------------------------------------

വിക്രമന്‍ നായര്‍
 തൊഴിലും മികച്ച വേതനവും തേടി കൂട്ടത്തോടെ കേരളത്തിലേക്കു വരുന്ന ബംഗാളികളും അവരുടെ ജീവിതവുമൊക്കെ മലയാളികള്‍ക്കിടയില്‍ ഇന്ന് വലിയ ചര്‍ച്ചാ വിഷയമാണ്. ബംഗാളില്‍ നിന്നു വന്നവര്‍ എല്ലുമുറിയെ പണിയെടുത്ത്, പാന്‍പരാഗും, പീടയും ചവച്ചുതുപ്പി, ബംഗാളിയില്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞ് ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു. ആഴ്ചകളോ മാസങ്ങളോ കൂടുമ്പോള്‍ നിറഞ്ഞ പോക്കറ്റുമായി ഹൗറയിലേക്കും ഷാലിമാറിലേക്കുമുള്ള തീവണ്ടികളില്‍ കയറി വീടണയുന്നു. വീണ്ടും പണിയും പണവും തേടി കേരളത്തിലേക്കു തന്നെ മടങ്ങിവരുന്നു. അരനൂറ്റാണ്ടുമുമ്പ് മലയാളികള്‍ ബംഗാളിലേക്കും അസമിലേക്കുമെല്ലാം നടത്തിയ കുടിയേറ്റത്തിന്റെ മറുവശമാണ് കാലചക്രത്തിന്റെ കറക്കത്തിനിടയില്‍ ഇപ്പോള്‍ ദൃശ്യമാകുന്നത്. അമ്പതുകളിലും അറുപതുകളിലും മലയാളക്കരയില്‍ നിന്ന് തൊഴിലും, വിദ്യാഭ്യാസ അവസരങ്ങളും തേടി പതിനായിരക്കണക്കിനു മലയാളികളാണ് ബംഗാളിലേക്കു പോയത്. ദക്ഷിണ കൊല്‍ക്കത്ത മലയാളികളുടെ ഗള്‍ഫ് ആയി അറിയപ്പെട്ടിരുന്നു ഒരുകാലത്ത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ നേരെ കൊല്‍ക്കത്തയിലേക്കു വണ്ടികയറുന്ന മലയാളി ഒരു തലമുറയുടെ പ്രതീകമായിരുന്നു. അങ്ങനെ വണ്ടികയറിയവര്‍ പലരും പിന്നീട് പലപ്പോഴായി തിരിച്ചുപോന്നു. ചിലര്‍ പതിറ്റാണ്ടുകളോളം അവിടെ പിടിച്ചുനിന്നു. നാട്ടിലെ വേരുകള്‍ പാടെ പിഴുതെറിയപ്പെട്ട മറ്റു ചിലര്‍ ഇപ്പോഴും അവിടെ ചുറ്റിത്തിരിയുന്നു. അവര്‍ ജന്മംകൊണ്ട് മലയാളികളാണെങ്കിലും മനസ്സ് കൊണ്ടും കര്‍മംകൊണ്ടും ജീവിത രീതികള്‍ കൊണ്ടും തനി ബംഗാളികളായി മാറിയവര്‍. പ്രവാസ ഭൂമിയില്‍ വേറുറപ്പിച്ച ഇത്തരക്കാരില്‍ അപൂര്‍വം ചിലര്‍ ബംഗാളിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ വിസ്മരിക്കപ്പെടാനാവാത്ത സാന്നിധ്യവുമാണ്.
                      ബംഗാളില്‍ ജനിച്ച് ബംഗാളിനുവേണ്ടി ജീവിച്ചു വിടപറഞ്ഞ അനശ്വര പ്രതിഭകള്‍ക്കൊപ്പം ബംഗാളികള്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഒരു മലയാളിയെയും ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ആധുനിക ബംഗാളിന്റെ സാഹിത്യ-സാമൂഹിക ചരിത്രത്തില്‍ ഇടംനേടിയ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായരാണ് ആ മലയാളി.
ജന്മംകൊണ്ട് മലയാളിയാണെങ്കിലും കര്‍മംകൊണ്ട് ബംഗാളിന്റെ മാനസപുത്രനായി മാറിയ ആലപ്പുഴ അരൂക്കുറ്റി സ്വദേശി വിക്രമന്‍ നായര്‍ ബംഗാളികളുടെ പ്രിയപ്പെട്ട 'ബിക്രോം ദാ'യും, 'നായര്‍ ദാ' യുമൊക്കെയായ ചരിത്രത്തിന് അരനൂറ്റാണ്ടിന്റെ സ്‌നേഹോഷ്മളതയും, പാരസ്പര്യത്തിന്റെ ഇഴയടുപ്പവുമുണ്ട്. വിക്രമന്‍ നായര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഒരു ദശകത്തിലേറെയായെങ്കിലും ബംഗാളികള്‍ അദ്ദേഹത്തെ ഇന്നും ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് (മെയ്-31 ) ബംഗാളിലെങ്ങും അവര്‍ അനുസ്മരണ ദിനങ്ങള്‍ സംഘടിപ്പിക്കുന്നു. സുനില്‍ ഗംഗോപാധ്യായയെയും, മഹാശ്വേതാദേവിയെയും പോലുള്ള പ്രമുഖ ബംഗാളി എഴുത്തുകാരും ഗൗതം ഘോഷിനെപ്പോലുള്ള ചലച്ചിത്ര പ്രതിഭകളും വിക്രമന്‍ നായരെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇക്കുറിയും ബംഗാളിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ നാന്ദിമുഖ് സന്‍സദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് വിക്രമന്‍ നായര്‍ അനുസ്മരണ സമ്മേളനം നടക്കും.
വിക്രമന്‍ നായരെക്കുറിച്ച്
 നാന്ദിമുക് സംസദ് പ്രസിദ്ധീകരിച്ച സ്മരണിക
.
                                       മലയാളികള്‍ക്കിടയില്‍ വേണ്ടത്ര അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു വിക്രമന്‍ നായര്‍. ബംഗാളി ഭാഷയിലും സാഹിത്യത്തിലും മികച്ച സംഭാവനകള്‍ നല്‍കിയ വിക്രമന്‍ നായര്‍ വളരെ ചെറുപ്പത്തില്‍ തന്നെ നാടുവിട്ട് കൊല്‍ക്കത്തയുടെ മണ്ണില്‍ വേരുറപ്പിക്കുകയായിരുന്നു.
അരൂക്കുറ്റി തെക്കേ വേലിക്കകത്ത് ഗോപാലന്‍ നായര്‍-പൊന്നമ്മ ദമ്പതികളുടെ ഏക മകനായി 1936 ലാണ് വിക്രമന്‍ നായരുടെ ജനനം. അഞ്ചാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ടു. എറണാകുളം മഹാരാജാസില്‍ 1957 ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായ വിക്രമന് ബംഗാളിനോടും ബംഗാളി സാഹിത്യത്തോടും വിദ്യാര്‍ഥിയായിരിക്കെ തന്നെ കടുത്ത അഭിനിവേശമായിരുന്നു. ബംഗാളി സാഹിത്യത്തിലെ കുലപതി രബീന്ദ്രനാഥ ടാഗോറിന്റെ രചനകളാണ് ഈ അഭിനിവേശം ആളിക്കത്തിച്ചത്. ഒട്ടേറെ ബംഗാളി രചനകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അത്. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത പ്രശസ്ത കവിയും മഹാരാജാസ് കോളേജിലെ അധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പുമായുള്ള വിക്രമന്റെ അടുപ്പം കൊല്‍ക്കത്തയില്‍ ടാഗോറിന്റെ ശാന്തിനികേതനത്തില്‍ പ്രവേശനം നേടുന്നതിനുള്ള വഴി തുറന്നു. ജി. യുടെ ശുപാര്‍ശക്കത്തുമായി ശാന്തിനികേതനില്‍ എത്തിയ വിക്രമന്‍നായര്‍ അവിടെനിന്ന് സ്വര്‍ണമെഡലോടെയാണ് ബി.എ ബിരുദം കരസ്ഥമാക്കിയത്. സിംഗപ്പൂരില്‍ ഉയര്‍ന്ന ജോലിയും വരുമാനവുമുണ്ടായിരുന്ന ഒരമ്മാവന്റെ സഹായമാണ് കൊല്‍ക്കത്തയിലെ പഠനകാലത്ത് തുണയായത്. ഒഴിവുദിനങ്ങളില്‍ വിദൂരസ്ഥങ്ങളായ ബംഗാളി ഗ്രാമങ്ങളിലേക്ക് യാത്രചെയ്യുന്നതായിരുന്നു ഇഷ്ടവിനോദം.
                         നാട്ടിലെ സ്‌കൂള്‍ പഠനകാലത്തു തന്നെ തുടങ്ങിവെച്ച യാത്രകള്‍ ബംഗാളിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലേക്കും വ്യാപരിപ്പിക്കുകയായിരുന്നു. രാവിലെ റോഡിലെത്തി ആദ്യമെത്തുന്ന ബസില്‍ കയറി അതിന്റെ ലക്ഷ്യസ്ഥാനം വരെ യാത്ര ചെയ്ത് അവിടെയിറങ്ങി സാധാരണ ആളുകളോട് ഇടപഴകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെയുള്ള യാത്രകളിലൂടെയാണ് അസമിലേക്കും, ബര്‍മയിലേക്കും, ബംഗ്ലാദേശിലേക്കും,റഷ്യയിലേക്കുമെല്ലാം അദ്ദേഹം എത്തിച്ചേര്‍ന്നതും അവിടത്തെ ഭാഷയും സംസ്‌കൃതിയും ജനജീവിതവുമെല്ലാം ഹൃദിസ്ഥമാക്കിയതും. സന്ദര്‍ശിക്കുന്ന നാടുകളിലെ ഭാഷയും സ്വന്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. അതിനായി എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു.
ഒരിക്കല്‍ ബംഗാള്‍ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ വിക്രമന്‍ നായരെ ശാന്തവും സ്വച്ഛവുമായ ഒരു പുഴ വല്ലാതെ ആകര്‍ഷിച്ചു. ജന്മനാടായ അരൂക്കുറ്റി- അരൂര്‍ ഗ്രാമങ്ങളുടെ അരക്കെട്ടില്‍ വെള്ളിയരഞ്ഞാണം ചാര്‍ത്തി ഒഴുകുന്ന കൈതപ്പുഴക്കായലിന്റെ മുന്നിലെത്തിയതുപോലെ അദ്ദേഹത്തിന്റെ ഉള്ളം കുളിര്‍ത്തു. വസ്ത്രങ്ങള്‍ ബാഗിലാക്കി ആവേശത്തോടെ ആ ജലാശയത്തിലൂടെ നീന്തി അക്കരെയെത്തിയ വിക്രമന്‍ നായര്‍ അവിടെ കണ്ടുമുട്ടിയ ഗ്രാമീണനോട് കുശലാന്വേഷണം നടത്തിയപ്പോളാണ് നീന്തിക്കയറിയ കര അയല്‍ രാജ്യമായ ബംഗ്ലാദേശാണെന്ന് മനസ്സിലായത്. രാജ്യാന്തര അതിര്‍ത്തി ലംഘിച്ചുള്ള നുഴഞ്ഞുകയറ്റം നിയമ ലംഘനമാണെന്ന് ബോധ്യമുള്ള വിക്രമന്‍നായര്‍ പുഴയിലേക്കു തന്നെ ചാടി തിരികെ നീന്തി ബംഗാളിലെത്തി. ബാല്യകാലത്ത് കൈതപ്പുഴക്കായലിനു കുറുകെ പലവട്ടം നീന്തി മറുകരയിലെത്തി നേടിയ മെയ്‌വഴക്കം കടലും പുഴയും കടന്നുള്ള വിക്രമന്‍ നായരുടെ രാജ്യാന്തര യാത്രകള്‍ക്ക് കുതിപ്പും വേഗതയും നല്‍കിയെന്നു കരുതാം. ഈ യാത്രകളാണ് പില്‍ക്കാലത്ത് ബംഗാളി ഭാഷയിലെ മികച്ച സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളെഴുതാന്‍ വിക്രമന്‍ നായരെ പ്രാപ്തമാക്കിയത്.
ശാന്തിനികേതനത്തിലെ  ബിരുദ പഠനം പൂര്‍ത്തിയാക്കിയത്  സ്വര്‍ണ മെഡലോടെയായിരുന്നെങ്കിലും പട്ടിണി കൂടാതെ ജീവിക്കാന്‍ അതുപോരായിരുന്നു. അലച്ചിലായിരുന്നു പിന്നീട്. അസമിലെ കാച്ചാറിലെത്തി രണ്ടു വര്‍ഷം അധ്യാപകനായി ജോലിചെയ്തു.
               അന്നന്നത്തേക്കുള്ള അപ്പത്തിനും യാത്രകള്‍ക്കും പഠനത്തിനും വേണ്ടിയുള്ള വക ഒപ്പിക്കാനുള്ള ഓട്ടമായിരുന്നു അത്. 1959ല്‍ കൊല്‍ക്കത്തയില്‍ തിരികെയെത്തി ജാതവ്പൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. കുറച്ചുകാലം ദക്ഷിണ കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. അക്കാലത്തെ കഷ്ട ജീവിതത്തെക്കുറിച്ച്് ശാന്തിനികേതനില്‍ സഹപാഠിയും സുഹൃത്തുമായിരുന്ന പ്രശസ്ത ബംഗാളി ചിത്രകാരനും എഴുത്തുകാരനുമായ മനസിജ് മജുംദാര്‍ വിക്രമന്‍നായരുടെ ബംഗാളി സഞ്ചാര കൃതിയായ 'പശ്ചിം ദിഗന്തെ പ്രദോഷ് കാലേ'(പശ്ചിമ ചക്രവാളത്തില്‍ സന്ധ്യാ നേരത്ത്) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഏറെ തെളിമയോടെ കുറിച്ചിട്ടുണ്ട്. (മാതൃഭൂമി ബുക്‌സ്  ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.)
                   
വിക്രമന്‍ നായര്‍ രചിച്ച
 ബംഗാളി യാത്രാ വിവരണം-
പശ്ചിംദിഗന്തേ പ്രദോഷ് കാലേ...
ഏതു വിഷയത്തെക്കുറിച്ചും സമഗ്രമായ അറിവ് നേടിയിരുന്ന മിടുക്കനായിരുന്നു നായര്‍ എന്നാണ് മജുംദാരുടെ സാക്ഷ്യം. വിക്രമന്‍ നായര്‍ കൊല്‍ക്കത്തയില്‍ എങ്ങിനെയൊക്കെയാണ് പിടിച്ചു നിന്നത് എന്നത് ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. സഞ്ചാരങ്ങളെയും പുസ്തകങ്ങളെയും പ്രണയിച്ച വിക്രമന്‍നായര്‍ സ്വന്തമായി പാര്‍പ്പിടമോ, സ്ഥിരമേല്‍വിലാസമോ, ആസ്തികളോ ഇല്ലാതെയാണ് അരനൂറ്റാണ്ടോളം കൊല്‍ക്കത്തയില്‍ താമസിച്ചത്. പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയത്. ആകാശത്തിലെ പറവകകളെ പോലെ ഒരു ജീവിതം എന്നു പറയുന്നതാവും ശരി. ഒരു വീടിന്റെ ഗോവണിക്കു കീഴില്‍ തന്റെ പുസ്തകങ്ങളുമായി കുറച്ചുകാലം ഒതുങ്ങിക്കൂടിയ വിക്രമന്‍ നായരുടെ തുച്ഛജീവിതം ഇന്നും മജുംദാരുടെ മനസ്സിലുണ്ട്. മറ്റൊരിക്കല്‍ ചില കുട്ടികളുടെ ട്യൂഷന്‍ ടീച്ചറെന്ന നിലയില്‍ അവരുടെ  വീടുകളുടെ കുടുസ്സുമുറികളില്‍ അതിഥിയായി ജീവിച്ചു.
                                  പിന്നീടാണ് ആനന്ദബസാര്‍ പത്രിക ഗ്രൂപ്പ് പത്രമായ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡില്‍ സബ് എഡിറ്ററായി ചേര്‍ന്നത്. തുടര്‍ന്ന് ജീവിതാന്ത്യം വരെ ആനന്ദബസാറില്‍ ചീഫ് സബ് എഡിറ്ററായും ദക്ഷിണേന്ത്യന്‍ പ്രതിനിധിയായും സേവനമനുഷ്ഠിച്ചു.
പത്രപ്രവര്‍ത്തകനായിരിക്കെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ പച്ചയായ മനുഷ്യജീവിതങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് അദ്ദേഹം നടത്തിയ അന്വേഷണങ്ങള്‍ നിരവധി സ്‌കൂപ്പുകള്‍ സൃഷ്ടിച്ചു. പരമ്പരാഗത വാര്‍ത്താ നിര്‍മിതികളുടെ മാമൂലുകള്‍ തെറ്റിച്ച് അദ്ദേഹം കണ്ടെത്തിയ വാര്‍ത്തകളും തയ്യാറാക്കിയ ലേഖനങ്ങളും മഹാവിസ്‌ഫോടനങ്ങളായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം 1986 ല്‍ ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് വിക്രമന്‍ നായരെ തേടിവന്നു.
വിക്രമന്‍ നായരുടെ അരൂക്കുറ്റിയിലെ ജന്മഗൃഹം.
                          പശ്ചിമ ബംഗാളിലും ഇന്ത്യന്‍ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലും ഒരുകാലത്ത് തീക്കനലായി ജ്വലിച്ച നക്‌സല്‍ബാരിയെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകളും അതിലൂടെ ഉയര്‍ത്തിയ ചോദ്യങ്ങളും ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കു വഴിവെച്ചു. തികഞ്ഞ കമ്യൂണിസ്റ്റായിരുന്ന വിക്രമന്‍ നായര്‍ പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്കു കയറിക്കൂടിയ കളങ്കങ്ങളെക്കുറിച്ചും അപഭ്രംശങ്ങളെക്കുറിച്ചും പതിറ്റാണ്ടുകള്‍ക്കുമുന്നെ ബോധവാനായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ച് നടത്തിയ പഠനങ്ങള്‍ക്കുശേഷം അദ്ദേഹം ബംഗാളിയില്‍ എഴുതിയ 'ദുയ് യൂറോപ്യന്‍ ദിന്‍ ലിപി'(രണ്ടു യൂറോപ്പുകളിലെ ദിനസരിക്കുറിപ്പ്) എന്ന ഗ്രന്ഥത്തില്‍ സോവ്യറ്റ് യൂണിയന്റെ പതനത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. മൂന്നര പതിറ്റാണ്ടോളം കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന പശ്ചിമ ബംഗാള്‍ അധികകാലം ഈ നില തുടരില്ലെന്നും ഇടതു പാര്‍ട്ടികളുടെ പോക്ക് നാശത്തിലേക്കാണെന്നും വിക്രമന്‍ നായരുടെ ലേഖനങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായി സുഹൃത്തും മുപ്പതു വര്‍ഷത്തിലധികമായി കൊല്‍ക്കത്തയില്‍ ജീവിക്കുന്നയാളും അവിടുത്തെ മുന്‍ സജീവ സി.പി.എം പ്രവര്‍ത്തകനുമായ രവി പാലൂര്‍ ഓര്‍മിക്കുന്നു.
                       വിക്രമന്‍നായര്‍ എന്ന മലയാളി ബംഗാളി ജനതയുടെ മനസ്സില്‍ ചെലുത്തിയ സ്വാധീനം എത്ര മാത്രം ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തെക്കുറിച്ച് 'നാന്ദിമുഖ് സംസദ്' തയ്യാറാക്കിയ ജീവചരിത്ര പുസ്തകത്തിലെ പ്രമുഖരുടെ ഓര്‍മക്കുറിപ്പുകളും അനുഭവ വിവരണങ്ങളും. 'ഏയ് ബംഗ്ലായ് ഏക് ജീബൊന്‍' (ഈ ബംഗാളില്‍ ഒരു ജീവിതം) എന്ന ആ പുസ്തകത്തില്‍ സുനില്‍ ഗംഗോപാധ്യായ, മഹാശ്വേതാ ദേവി, ശങ്കര്‍ലാല്‍ ഭട്ടാചാര്യ, അമിതാബ് ചൗധരി, മീനാക്ഷി ചതോപാധ്യായ, പാര്‍മിത ശാസ്ത്രി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അത്ഭുതാദരങ്ങളോടെയാണ് പ്രിയങ്കരനായിരുന്ന ബിക്രോം ദായെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കുന്നത്.
                            ദല്‍ഹി മാക്‌സ്മുള്ളര്‍ ഭവനില്‍ വിഖ്യാത ഡോക്യു സിനിമയായ 'സില്‍ക്ക് റൂട്ടി'ന്റെ ആദ്യ പ്രദര്‍ശനം നടന്ന വേളയില്‍ തന്നെയും തന്റെ സിനിമകളെയും ഏറെ സ്വാധീനിച്ച വ്യക്തി നായര്‍ ദായായിരുന്നെന്ന് പ്രമുഖ ബംഗാളി ചലച്ചിത്രകാരനായ ഗൗതം ഘോഷ് അനുസ്മരിക്കുകയുണ്ടായി. സില്‍ക്ക് റൂട്ട് സിനിമയുടെ ആശയം നല്‍കിയത് 'ബിക്രോം ദാ' ആയിരുന്നെന്നും ജീവിച്ചിരുന്നെങ്കില്‍ ഈ സിനിമയെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിനു മാത്രമായിരിക്കുമെന്നും ഗൗതം അനുസ്മരിച്ചു. ഇന്ത്യ-ചൈന റൂട്ടിലെ ജനങ്ങളും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം.
                                 ബംഗാളിയില്‍ രചനകള്‍ നിര്‍വ്വഹിക്കുന്നതിനൊപ്പം മലയാളത്തിലെ പ്രമുഖ സാഹിത്യ കൃതികള്‍ ബംഗാളികള്‍ക്കു പരിചയപ്പെടുത്തിയതും വിക്രമന്‍ നായരാണ്. തകഴിയുടെ നോവലുകളും, എന്‍.വി. കൃഷ്ണവാര്യരുടെ കവിതകളും, എം. സുകുമാരന്റെ കഥകളും ബംഗാളികള്‍ക്കും പ്രിയങ്കരമായത് വിക്രമന്‍നായരുടെ തൂലികയിലൂടെയാണ്. ബംഗാളിലെ എം.ടി. വാസുദേവന്‍ നായര്‍ എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന സുനില്‍ ഗംഗോപാധ്യായയുടെ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിനിടയിലാണ് 68-ാം വയസ്സില്‍ വിക്രമന്‍ നായര്‍ രോഗബാധിതനായി ജന്മനാട്ടിലേക്കുള്ള അവസാനത്തെ വണ്ടികയറിയത്. 2004 മെയ് 25ന് ഈ ലേഖകന്‍ വിക്രമന്‍ നായരുടെ അരൂക്കുറ്റിയിലെ ജന്മഗൃഹത്തില്‍ ആദ്യമായും അവസാനമായും കാണുമ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്തവിധം അദ്ദേഹം അവശനായിരുന്നു. ലോക സഞ്ചാരം നടത്തി ഒടുവില്‍ വേരുകളിലേക്കുതന്നെ മടങ്ങിവന്ന വിക്രമനെ കാണാന്‍ ബന്ധുക്കളും പഴയ തലമുറയിലെ നാട്ടുകാരും എത്തിയിരുന്നു. ദിവസങ്ങള്‍ മാത്രം ഉയര്‍ന്നുതാണ ആ ശ്വാസം നിലയ്ക്കുംവരെ വിക്രമന്‍ നായരുടെ മഹിമയും, പുകഴും സ്വന്തം നാടും നാട്ടുകാരും അറിഞ്ഞതേയില്ല. എങ്ങോട്ടോ പോയി എങ്ങനെയൊക്കെയോ ജീവിച്ച് മടങ്ങിവന്ന വെറുമൊരാള്‍ മാത്രമായിരുന്നു അവര്‍ക്ക് വിക്രമന്‍ നായര്‍. പക്ഷെ ബിക്രോം ദായുടെ വിയോഗ വാര്‍ത്തയറിഞ്ഞ് പശ്ചിമ ബംഗാള്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു.
ശാന്തിനികേതനിൽ വിക്രമൻ
നായരുടെ സഹപാഠി
 ആയിരുന്ന
 പ്രശസ്ത ബംഗാളി ചിത്രകാരൻ
 മനസിജ് മജുംദാർ  
                                     മലയാളികളെപ്പോലെ മലയാള മാധ്യമങ്ങള്‍ക്കും വിക്രമന്‍ നായര്‍ സുപരിചിതനായിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2011 സെപ്റ്റംബര്‍ 30 ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ വിക്രമന്‍ നായരുമായി നടത്തിയ അഭിമുഖം ഒരു 'സഞ്ചാരിയുടെ ചിത്തഭ്രമണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 2014 ജൂണ്‍-13-19 ലക്കത്തില്‍ മാതൃഭൂമിയില്‍ തന്നെ കെ.എന്‍. രാമചന്ദ്രന്‍ എഴുതിയ 'സഖാവ് നായര്‍' എന്ന കുറിപ്പുമല്ലാതെ മറ്റൊരിടത്തും അദ്ദേഹം അനുസ്മരിക്കപ്പെട്ടില്ല.
അതുകൊണ്ടാകാം മലയാളി മറന്ന വിക്രമന്‍ നായരുടെ ജീവിത രേഖയുടെ വിശദാംശങ്ങള്‍ അറിയാന്‍ ദശാബ്ദത്തിനിപ്പുറം വീണ്ടും ബംഗാളിലേക്ക് വണ്ടികയറേണ്ടിവരുന്നത്.


2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

വാര്‍ത്തകള്‍ ഉണ്ടാകുന്നത്..

(നൂറാമത്തെ പോസ്റ്റ്‌)

രമേശ് അരൂര്‍

ലോകം മാനവരാശിയുടെ വേഗവിരല്‍ തുമ്പില്‍ ചുറ്റിക്കറങ്ങുന്ന വിധം ശാസ്ത്രംവും വിവരസാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുരോഗതി പ്രാപിച്ച കാലമാണിത്. മാധ്യമപ്രവര്‍ത്തനത്തിലും ഈ വേഗതയും കുതിച്ചുചാട്ടവും കാണാന്‍ കഴിയും. പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പമോ ചിലസന്ദര്‍ഭങ്ങളിലെങ്കിലും അവയെ പിന്നിലാക്കിയോ സാമൂഹിക മാധ്യമങ്ങളും ഇന്ന് വാര്‍ത്തകളുടെ ശ്രോതസും ഉണര്‍വ്വും ഒഴുക്കും പ്രദാനം ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ലോക വാര്‍ത്തകള്‍ക്കായി മാധ്യമങ്ങള്‍ ഏജന്‍സികളെയും സാധാരണ ജനങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെയും മാത്രം ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും അടക്കമുള്ള ആധുനിക വിവരസാങ്കേതിക വിദ്യകള്‍ വാര്‍ത്താ വിനിമയ-വിതരരണ രംഗത്തു സൃഷ്ടിച്ച വിപ്ലവം നൂറ്റാണ്ടുകളിലൂടെ വികാസം പ്രാപിച്ച അച്ചടിയുടെ ചരിത്രത്തില്‍ അതുവരെയുണ്ടാകാത്ത വിധം അ
ത്ഭുതകരമായ വളര്‍ച്ചയ്ക്കും വികാസ പരിണാമങ്ങള്‍ക്കും വഴിയൊരുക്കി. പണ്ടത്തെ സാങ്കേതിക വിദ്യയില്‍ മാധ്യമ വളര്‍ച്ചയുണ്ടായത് ഇഴഞ്ഞും വലിഞ്ഞുമാണ് എങ്കില്‍ പുതിയ കാലത്ത് പ്രകാശവേഗത്തില്‍ കുതിക്കുകയാണ് എന്നു പറയേണ്ടിവരും. എന്നാല്‍ ഈ കുതിപ്പിനൊപ്പം പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. സാങ്കേതിക വിദ്യയെ സമര്‍ഥമായി ഉപയോഗിക്കുന്നതിനൊപ്പം വാര്‍ത്തകള്‍ എല്ലായോപ്പോഴു ആവശ്യപ്പെടുന്ന സത്യസന്ധതയും അവതരണത്തിലെ യാഥാര്‍ഥ്യവും ചോര്‍ന്നു പാകാതിരിക്കാനുള്ള ജാഗ്രത കൂടി പാലിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. 15-20 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഒരു വാര്‍ത്ത ജനങ്ങളില്‍ എത്തുന്നത് നിരവധി പ്രതിസന്ധികളും പ്രക്രിയകളും കടന്നും ഒട്ടേറെ സമയം അപഹരിച്ചുമായിരുന്നു. കാസര്‍കോട്ടോ പാറാലയിലോ നടന്ന ഒരു ചരമ വാര്‍ത്തയോ അപകടമോ പോലും വിശദമായി ജനം അറിയാന്‍ ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു. ഒരു ഫോട്ടോ പത്രത്തില്‍ വരാന്‍ തന്നെ ഫോട്ടോ എടുപ്പ്, ഫിലിം സംസ്‌കരണം, പ്രിന്റ് എടുക്കല്‍, ബ്ലോക്ക് എടുക്കല്‍ എന്നിങ്ങനെ ഒരുപാടു സമയം വേണ്ടിവരുന്ന ധാരാളം പ്രക്രിയകള്‍..ഇന്ന് ഒരു ചിത്രം അത് അമേരിക്കയില്‍ ഒരാള്‍ മൊബൈല്‍ ഫോണിലോ, ഡിജിറ്റല്‍ ക്യാമറയിലോ എടുക്കുന്നതായാല്‍ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതുമൂലയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ, എത്തുന്നതിനു പ്രയാസമില്ല. അത്രമേല്‍, സുതാര്യവും വേഗതയും ഉണ്ടായിട്ടുപോലും വാര്‍ത്തകളുടെയോ വാര്‍ത്താ ചിത്രങ്ങളുടെയോ അപനിര്‍മ്മിതി നടക്കും വിധം മാധ്യമരംഗം മാറി എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇരുപതുകൊല്ലം മുമ്പത്തെ ഒരു നാട്ടുവാര്‍ത്ത മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് ജനങ്ങളില്‍ എത്തിയാല്‍ പോലും ആ വാര്‍ത്തയില്‍ ജീവന്‍തുടിക്കുന്ന ഒരു സത്യസന്ധത ഉണ്ടാകുമായിരുന്നു. എന്നാല്‍ നിമിഷാര്‍ദ്ധത്തിനുള്ളില്‍ വരുന്ന ജീവന്‍ തുടിക്കുന്ന വാര്‍ത്തകളിലാകട്ടെ പലപ്പോഴും സത്യവും യാഥാര്‍ഥ്യവും മരിച്ചുമരവിച്ചു കിടക്കുന്നതാവും കാണാന്‍ കഴിയുക. ഇന്നത്തെ വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്താ പ്രചാരകരുടെ അജണ്ടകളും താല്പര്യങ്ങളും കുത്തിനിറച്ചു ന്യൂസ് റൂമുകളില്‍ നിര്‍മ്മിക്കുന്നതാണ് എന്നു പറയേണ്ടി വരും. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വളര്‍ന്നുവന്നതിനൊപ്പം വളര്‍ന്ന ഒരു വാര്‍ത്താശാഖയാണ് ഡെസ്‌ക് ടോപ്പ് ജേര്‍ണലിസവും. വാര്‍ത്തകള്‍ അതു സംഭവിക്കുന്ന സ്ഥലങ്ങളില്‍ നിന്നു കണ്ടെത്തുകയോ തേടിയെടുക്കുകയോ ചെയ്യുന്നതിനു പകരം കേള്‍ക്കുന്നതോ സംഭവിക്കാന്‍ സാധ്യതയുള്ളതോ ആയ ഊഹാപോഹങ്ങളെ യാഥാര്‍ഥ്യത്തിന്റെ ഉടുപ്പണിയിച്ച് നിര്‍മ്മിച്ചെടുക്കുന്ന രീതി. വാര്‍ത്തകള്‍ യഥാതഥ വിവരണമാകണമെന്നും അത് സത്യസന്ധമായി അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ് എന്നതും വിസ്മരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ തനിക്കിഷ്ടമുള്ളതു മാത്രം ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നിടത്താണ് മാധ്യമപ്രവര്‍ത്തനം വഴിതെറ്റുന്നത്. യെമനിലെ ആഭ്യന്തര സംഘര്‍ഷം ദുബായില്‍ നിന്നോ സൗദി അറേബ്യയിലെയോ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരുന്നു എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ അതില്‍ എത്രമാത്രം യാഥാര്‍ഥ്യം ഉണ്ടാകും, എത്രമാത്രം അര്‍ഥസത്യമോ അസത്യമോ ഉണ്ടാകും എന്നു എങ്ങിനെ നിര്‍ണയിക്കാന്‍ കഴിയും. ഗള്‍ഫ് മേഖലയിലെ മലയാള മാധ്യമപ്രവര്‍ത്തനം ഏതാണ്ട് ഇപ്രകാരമാണ് പുരോഗമിക്കുന്നതെന്ന് കാണാന്‍ കഴിയും. കേരളത്തിലെ ന്യൂസ് റൂമുകളിലേക്ക് ഗള്‍ഫ്‌മേഖലയില്‍ നിന്ന് എത്തുന്നതും ചാനലുകള്‍ എക്‌സ്‌ക്ലൂസീവ് എന്നമട്ടില്‍ സംപ്രേഷണംചെയ്യുന്നതുമായ വാര്‍ത്തകള്‍ക്ക് എത്രമാത്രം പഴക്കമുണ്ടെന്ന് അതു കേള്‍ക്കുന്ന പ്രവാസികള്‍ക്കുമാത്രമേ അറിയാന്‍ കഴിയൂ.
പത്രങ്ങളില്‍ വായിക്കുന്നതും ചാനലില്‍ കാണുന്നതുമായ ചില വാര്‍ത്തകളെങ്കിലും നിര്‍മിക്കപ്പെടുന്നതാണ് എന്നു സംശയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അത്തരം സംശയങ്ങളില്‍ സത്യം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നുവെങ്കിലും അസത്യമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങളുമുണ്ട്. സാമ്പത്തികമോ, രാഷ്ട്രീയമോ, മത-സാമുദായിക താല്‍പര്യങ്ങളോ ഉള്‍പ്പെടുത്തി കൃത്യമായ അജണ്ടയോടു കൂടി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന കാലമാണിതെന്ന് ചിലപ്പോഴെങ്കിലും വ്യക്തമായിട്ടുണ്ട്. വാര്‍ത്തകള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര തലത്തില്‍ ഉന്നതരായ കോര്‍പ്പറേറ്റുകളും മാധ്യമ ഭീകരന്മാര്‍ മുതല്‍ ഇങ്ങേയറ്റത്ത് കോളം സെന്റീമീറ്റര്‍ കണക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ പ്രതിഫലം വാങ്ങുന്ന ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്ന പ്രാദേശിക ലേഖകര്‍ വരെ ഒരുപോലെ ഇത്തരം താല്‍പര്യങ്ങളുടെ പ്രതിനിധികളാണ്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഇത്തരം കാര്യങ്ങള്‍ പതിവായി നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായ ഒരു കാര്യം ചില മേഖലകളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍, അത് ചെറുതോ വലുതോ ആകട്ടെ ആ വാര്‍ത്തയ്ക്ക് ഒരു സംഘാടക സമിതി ഉണ്ടാകും. വാര്‍ത്ത നിര്‍ബന്ധമായും പത്രസമ്മേളനത്തില്‍ പറഞ്ഞതുമായിരിക്കും. പാരീസിലെ ഭീകരാക്രമണത്തില്‍ തോപ്രാംകുടി പ്രവാസി അസോസിയേഷന്‍ ഞെട്ടല്‍ പ്രകടിപ്പിക്കുന്നത് പത്ര സമ്മേളനത്തില്‍ തന്നെയാകും. അതുറപ്പാണ്. ഇല്ലെങ്കില്‍ ആ വാര്‍ത്തയും ഭീകരാക്രമണത്തിന് വിധേയമാകും.
അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏതോ നിക്ഷിപ്ത താല്‍പര്യത്താല്‍ തടഞ്ഞുവെക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പ്രസ്‌ക്ലബ്ബുകളെ തേടി വരാന്‍മാത്രമുള്ളതാണോ? അതോ വാര്‍ത്തകളെ തേടി അങ്ങോട്ട് ചെല്ലുന്ന മാധ്യമ സംസ്‌കാരം മണ്‍മറഞ്ഞു പോയോ?
ഗള്‍ഫ് മേഖല പ്രവാസികളുടെയും തദ്ദേശീയരുടേയും വൈവിധ്യപൂര്‍ണമായ ജീവിതാനുഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. പുറത്ത് വന്നതിനെക്കാളും ഭീകരവും വിസ്മയകരവുമായ എത്രയോ വാര്‍ത്തകള്‍ മരുഭൂമിയിലെ മണല്‍ത്തരികള്‍ പോലെ പരന്നു കിടക്കുന്നു. അറിയപ്പെടാത്ത സത്യങ്ങള്‍.. അറിയപ്പെടേണ്ട സംഭവങ്ങള്‍..വാര്‍ത്തയെഴുത്ത് ഗള്‍ഫില്‍ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒഴിവു വേളകളിലെ സൈഡ് ബിസിനസ് മാത്രമാണ്. അതിനെ അങ്ങിനെ മാത്രം സമീപിച്ചാല്‍ വാര്‍ത്ത ഉണ്ടാകില്ല. അങ്ങിനെ വരുമ്പോഴാണ് അത് പതിവു പാകത്തില്‍ പ്രസ്‌ക്ലബ്ബിലെ കൃഷിയിടത്തില്‍ വെച്ചു തന്നെ വിളയിച്ചെടുക്കേണ്ടി വരുന്നത്. 

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

സക്കറിയയ്ക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സക്കറിയയ്ക്ക്,

കൊക്കെയ്ന്‍ കേസില്‍ മാധ്യമങ്ങളും പോലീസും കൂടി വേട്ടയാടുന്ന നിഷ്‌കളങ്കരും ജീവിതം എന്തെന്നറിയാത്തവരുമായ ചെറുപ്പക്കാരന്റെയും രണ്ടു പെണ്‍കുട്ടികളുടെയും വേദനകളെക്കുറിച്ച് അങ്ങ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വായിച്ചു. ഈ കേസില്‍ അവര്‍ കുറ്റക്കാരാണോ എന്ന് നിശ്ചയമില്ലാത്തതിനാല്‍ അവരെ കുറ്റപ്പെടുത്താനോ സംശയകരമായ സാഹചര്യത്തില്‍ കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുമായി പോലീസ് അറസ്റ്റുചെയ്തതിനാല്‍ അവരെ ന്യായീകരിക്കാനോ ഞാന്‍ ഒരുക്കമല്ല. കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ബൗദ്ധിക നിലവാരത്തെയും കലാപ്രവര്‍ത്തനങ്ങളെയും ഉത്തേജിപ്പിക്കും എന്നത് കേട്ടിട്ടുണ്ട്. മുമ്പ് അങ്ങയെയും എം. മുകുന്ദനെയും, ഒ.വി. വിജയനെയും പോലുള്ള ആധുനിക എഴുത്തുകാരുടെ കഥകള്‍ വായിച്ച ചെറുപ്പക്കാര്‍ വഴിതെറ്റിപോകുതായി അപൂര്‍വ്വം ചില യാഥാസ്ഥിതിക മനസ്‌കരെങ്കിലും ആശങ്ക പൂണ്ടിരുന്നത് എനിക്കോര്‍മ്മയുണ്ട്. ഇന്നത് ന്യൂജനറേഷന്‍കാരുടെ സിനിമ കണ്ട് എന്ന് എന്ന് തിരുത്തിപ്പറയുന്നുമുണ്ട്. ഒരൗഷധം കൂടിയായ കഞ്ചാവ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന തരത്തില്‍ സ്വന്തം അമ്മൂമ്മയുടെ കാര്യം ഉദ്ധരിച്ചുകൊണ്ട് അങ്ങ് സമര്‍ഥിക്കുന്നുണ്ട്. അത് ശരിയായിരിക്കാം. താങ്കളെയോ ഇപ്പോള്‍ പിടിയിലായ ചെറുപ്പക്കാരെയോ അല്ലെങ്കില്‍ അമ്മാതിരിയുള്ള പ്രതിഭാശാലികളെയോ സംബന്ധിച്ച് ഏതെങ്കിലും അളവിലുള്ള കഞ്ചാവുപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം അവരിലെ പ്രതിഭയെയോ കലാപ്രവര്‍ത്തനങ്ങളെയോ ഉണര്‍ത്തുകയും പരിപോഷിപ്പിക്കുകയും തദ്വാരാ ഉല്‍കൃഷ്ടമായ രചനകളോ സിനിമകളോ മറ്റു കലാസൃഷ്ടികളോ പിറവിയെടുക്കുമായിരിക്കും.
സമൂഹത്തിലെ ന്യൂനപക്ഷമായ കലാകാരന്മാര്‍ക്കു ഇതെല്ലാം ഗുണംചെയ്യുമെങ്കിലും ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവരുടെ കാര്യത്തില്‍ ഇതു ശരിയാണ് എന്ന് എനിക്കഭിപ്രായമില്ല. പ്ലസ് ടു വിദ്യാര്‍ഥിയായ ഒരുമകന്റെ പിതാവാണ് ഞാന്‍. സ്‌കൂള്‍കുട്ടികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഞെട്ടിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ എനിക്ക് നേരിട്ടും അല്ലാതെയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പഠനം ഉഴപ്പി വഴിതെറ്റി പോയ ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീര്‍ കാണേണ്ടി വന്നിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ മുതല്‍ സിറിഞ്ചും. ഗുളികയും കഞ്ചാവും ഉപയോഗിച്ച് സ്‌കൂളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് പറയാനുണ്ട്. ആദ്യമാദ്യം ഒളിച്ചു ചെയ്യുന്ന ഈ ദുഃശീലം പിന്നെ ആരെയും കൂസാതെ പരസ്യമായി ചെയ്യുന്ന ഒരു സംഘം കുട്ടികളെക്കുറിച്ച് എനിക്കറിയാം. അവരൊക്കെ ഇത് മനഃപൂര്‍വ്വം ചെയ്യുന്നതാണെന്ന് അഭിപ്രായമില്ല. പല പ്രേരണകള്‍കൊണ്ടും സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ടും ചെയ്തു പോകുന്നതാണ്. വീടുകളിലെ സ്ഥിതിയും ജീവിത സാഹചര്യവും ഉള്‍പ്പെടെ കാരണങ്ങള്‍ നിരവധിയാണ്. പക്ഷെ ബോധ പൂര്‍വ്വം കുട്ടികളെ ഈ വിപത്തിലേക്കു വലിച്ചിഴക്കുന്ന, സാമ്പത്തിക-ക്രിമിനല്‍ താല്പര്യമുള്ള മാഫിയാകളുടെ സാന്നിധ്യം നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ഷൈന്‍ ചാക്കോയെപോലെ 'ജീവിതമറിയാത്ത കുട്ടികള്‍ക്ക്' ഈ ലഹരി എത്തിച്ചു കൊടുക്കുന്നവരാണ് ആ ശക്തികളെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ലഹരിക്കടിമപ്പെട്ട് മോഷണം തൊഴിലാക്കിയ കുട്ടികള്‍, വീട്ടില്‍ നിന്ന് പണം കിട്ടാതെ വരുമ്പോള്‍ പുറത്തേക്കു മോഷണം വ്യാപിപ്പിക്കുന്നവര്‍, ലഹരിക്കും ആഢംബര ജീവിതത്തിനുമുള്ള പണത്തിനായി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിരപരാധികളെ വെട്ടിയും കുത്തിയും കൊല്ലുന്നവര്‍ ..ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് നാം ദിനവും പത്രങ്ങളില്‍ വായിക്കുന്നത്. കഴിഞ്ഞ മാസമാണ് കണ്ണൂരില്‍ മയക്കുമരുന്നിന് അടിമപ്പെട്ട മകന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സംഭവം നടന്നത്. തൃശൂരില്‍ നിന്നും സമാന വാര്‍ത്ത വന്നു. നിരവധി ബൈക്കു മോഷണങ്ങളുടെ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് മയക്കുമരുന്നിന് അടിമകളായ ഒരു കൂട്ടം  പ്ലസ്ടു വിദ്യാര്‍ഥികളിലാണ്. കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അകമ്പടിയോടു കൂടി നടന്ന അക്രമ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇത് കൊട്ടത്താപ്പ് കണക്കല്ല. ഇത്തരം വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിരത്തുമ്പോള്‍ ഞാന്‍ എന്റെ മകന്റെ മുഖമാണ് ഓര്‍മ്മിക്കുന്നത്. അവനെപോലുള്ള കുട്ടികളും എന്നെ പോലുള്ള മാതാപിതാക്കളുമാണ് ഇത്തരം സംഭവങ്ങളുടെ ഇരകള്‍ എന്നോര്‍ക്കുമ്പോള്‍ മനസ് നുറുങ്ങിപ്പോവുകയാണ്. എന്റെ മകന്‍ എന്നോടാണ് ഇത് ചെയ്യുന്നതെങ്കില്‍..അങ്ങയെപോലുള്ളവരുടെ മക്കള്‍ മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളായി ആക്രമിക്കുകയോ സൈ്വര്യജീവിതത്തിന് ഭീഷണി ആവുകയോ പോലീസ് കേസുകളില്‍ അകപ്പെടുകയോ ചെയ്താല്‍ എന്തു മാത്രം വിഷമിക്കേണ്ടി വരും എന്നാലോചിച്ചു നോക്കൂ.

ഇതൊരു അയഥാര്‍ഥ വസ്തുതാവിവരണമോ കെട്ടുകഥയോ എന്റെ ആശങ്കയെ സമര്‍ഥിക്കാന്‍ നിരത്തുന്ന വിടു വാദങ്ങളോ അല്ലെന്ന് ദയവായി മനസിലാക്കുക. ഇത്തരം സംഭവങ്ങളില്‍ ഇരകളായി മാറിയവര്‍, അവരെ ലഹരി വിമുക്ത ചികിത്സക്കു വിധേയമാക്കുന്ന ഡോക്ടര്‍മാര്‍, കൗണ്‍സലര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ലഹരിവിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി ആളുകളുമായി ആശയവിനിമയം നടത്തിയ അനുഭവം കൂടി ഇതു പറയാന്‍ എനിക്കു ബലം നല്‍കുന്നുണ്ട്.

ഷൈന്‍ ചാക്കോയെ പോലുള്ള സിനിമാ കലാകാരന്മാര്‍ക്കോ ബുദ്ധിജീവികള്‍ക്കോ വേണ്ടി അങ്ങ് ഇത്രമാത്രം വേദനിക്കുന്നുണ്ടെങ്കില്‍ ബുദ്ധി സാമര്‍ഥ്യമോ, തിണ്ണമിടുക്കോ, പണക്കൊഴുപ്പോ, വിദ്യാഭ്യാസമോ, വിവരമോ, ആള്‍ബലമോ, ഉപദേശികളോ ഇല്ലാത്ത ലക്ഷക്കണക്കിനു വരുന്ന വെറും സാധാരണക്കാരന്റെ  എല്ലാമെല്ലാമായ അവസാനത്തെ പ്രതീക്ഷയായ മക്കള്‍ വഴിതെറ്റിപോകുമോ എന്ന ആശങ്ക, വഴിതെറ്റിപോയാല്‍ അനുഭവിക്കുന്ന ഹൃദയവേദനയുടെ ആഴം, അതെത്ര മാത്രമുണ്ടാകുമെന്ന് അങ്ങയെപോലൊരാള്‍ക്ക് ഊഹിക്കാന്‍ കഴിയുമല്ലോ.

വലിയ വലിയ ജീവിതങ്ങളുടെ കാര്യം ചിന്തിക്കണമെന്നില്ല. കൂലിപ്പണിയെടുത്തും കഷ്ടപ്പെട്ടും അരിഷ്ടിച്ച് ജീവിക്കുകയും മക്കളെ വളര്‍ത്തി വിദ്യാഭ്യാസം ചെയ്യിച്ച് അവരിലൂടെ എന്നെങ്കിലും ഒരു നല്ലകാലം വരുമെന്നു പ്രതീക്ഷിക്കുന്ന എത്രയോ സാധാരണക്കാരുടെ മക്കളുടെ കാര്യവും കൂടി നമ്മള്‍ ഒന്നോര്‍ക്കണം സര്‍.

മയക്കുമരുന്നിന് അടിമയായി അക്രമങ്ങള്‍ നടത്തി ജയിലില്‍ പോയ മകനെ രക്ഷിക്കൂ എന്ന് കേരളത്തിലെ ആഭ്യന്തര മന്ത്രിയുടെ മുന്നില്‍ നിന്ന് കരഞ്ഞു പറയുന്ന ഒരമ്മയെ ഞാന്‍ മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ വെച്ച് കണ്ടിരുന്നു. വഴിതെറ്റിപ്പോയ മക്കള്‍ മൂലം ദുരിതം പേറി ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണവര്‍. കേരളത്തില്‍ കൊച്ചിയിലടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടന്ന മയക്കുമരുന്നു-കഞ്ചാവ് വേട്ടയിലും, അക്രമ-മോഷണ സംഭവങ്ങളിലും അറസ്റ്റു ചെയ്യപ്പെടുകയും നിയമ നടപടി നേരിടുകയും ചെയ്യുന്നവരില്‍ ഭൂരിഭാഗവും 17 നും 25 നും ഇടയില്‍ പ്രായമുള്ള കുട്ടികളും യുവാക്കളുമാണ്. പിടിക്കപ്പെടുന്ന ദിനത്തില്‍ ഇവരെക്കുറിച്ച് ഒരു വാര്‍ത്ത കൊടുക്കും എന്നല്ലാതെ അതൊന്നും മാധ്യമങ്ങള്‍ ആഘോഷിക്കാറില്ല. സിനിമക്കാരെ പോലുള്ള സെലിബ്രിറ്റികളാകുമ്പോള്‍ വാര്‍ത്തകള്‍ കൂടുതലായി വരുന്നത് സ്വാഭാവികവുമാണ്. സിനിമ അത്രയേറെ ജനസ്വാധീനമുള്ള കലാരൂപമാണല്ലോ. സാഹിത്യവും സിനിമയും രാഷ്ട്രീയവുമൊക്കെ എല്ലാക്കാലത്തും ജനങ്ങളെ  വിശിഷ്യാ ചെറുപ്പക്കാരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യില്ലേ സര്‍.
അബ്കാരികളെയോ മയക്കുമരുന്ന് മാഫിയയെയോ കള്ളക്കടത്തുകാരെയോ നായക സ്ഥാനത്തു പ്രതിഷ്ഠിച്ച് മികച്ച തിരക്കഥയോടെ കലാപരമായി ദൃശ്യവല്‍ക്കരിച്ചാല്‍ അതൊരു മഹത്തായ കലാരൂപമാകും എന്നതില്‍ തര്‍ക്കമില്ല. വലിയ പുരസ്‌കാരങ്ങളും ലഭിച്ചേക്കാം. പക്ഷെ ആ സിനിമയോ കലാരൂപമോ വളര്‍ന്നുവരുന്ന, ജീവിതത്തിലെ ചതിക്കുഴികളെന്തെന്ന് ഇനിയും തിരിച്ചറിയാന്‍ പാകപ്പെട്ടിട്ടില്ലാത്ത യുവ തലമുറയ്ക്കു നല്‍കുന്ന സന്ദേശം എത്ര മഹത്തരമായിരിക്കും? ഈ കലാസൃഷ്ടികള്‍ സമൂഹത്തോടു പുലര്‍ത്തുന്ന ഉത്തരവാദിത്വം എന്തായിരിക്കും? സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയില്‍ അറിയാന്‍ താല്‍പര്യമുണ്ട് സര്‍.
തമാശയ്ക്കു തുടങ്ങിവെച്ച ചെറിയ ചെറിയ ലഹരികള്‍ മതിയാകാതെ വന്നപ്പോള്‍ കഞ്ചാവും, ഹഷീഷും, ഗുളികയും സിറിഞ്ചും കടന്ന് വിഷപ്പാമ്പിനെക്കൊണ്ടു കൊത്തിച്ചു വരെ അധിക ലഹരി തേടിയ 19 കാരനായ മലയാളിപ്പയ്യന്റെ ഭയപ്പെടുത്തുന്ന ലഹരിജീവിതം പത്രത്താളുകളില്‍ നിറഞ്ഞിട്ട് അധിക കാലമായിട്ടില്ല. ലഹരിനുണഞ്ഞ് അവന്‍ നടത്തിയ ഉത്തമ കലാസൃഷ്ടികളെ നിയമം കുറ്റകൃത്യങ്ങളായി പരിഭാഷപ്പെടുത്തിയപ്പോള്‍ ജയില്‍മുറിയിലാണ്് ആ യാത്ര അവസാനിച്ചത്. അത്തരം മാധ്യമ മുന്നറിയിപ്പുകളാണ് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തം മക്കളുടെ പോക്ക് എങ്ങോട്ടാണെന്ന് ചങ്കിടിപ്പോടെ ഒന്നു തിരിഞ്ഞു നോക്കാന്‍ ഒട്ടനവധി മാതാപിതാക്കള്‍ക്ക് പ്രേരണയായത്.
താങ്കള്‍ പറഞ്ഞതു പോലെ സ്വന്തം സ്വകാര്യ ഇടങ്ങളില്‍ ഇരുന്നു കള്ളോ കഞ്ചാവോ സേവിക്കുന്നവരെ സദാചാരമോ നിയമപ്രശ്‌നമോ പറഞ്ഞ് ആരും ഉപദ്രവിക്കണം എന്നഭിപ്രായമില്ല. എന്നാല്‍ സ്വകാര്യ ഇടങ്ങളില്‍ ഇരുന്നു മയക്കുമരുന്ന് സേവനടത്തി കുന്തം മറിഞ്ഞ് അവിടെ നിന്ന് നൂല്‍ബന്ധമില്ലാതെ പൊതുജനങ്ങള്‍ക്കു കൂടി അവകാശപ്പെട്ട സ്ഥലങ്ങളിലെത്തി മര്യാദയ്ക്കു ജീവിക്കുന്ന കുടുംബിനികളെ കയറിപ്പിടിച്ച ഒരു ന്യൂജനറേഷന്‍ തിരക്കഥാകൃത്തിനെ മാനഭംഗശ്രമത്തിനിരയായ സ്ത്രീയുടെ പരാതി പ്രകാരം പോലീസ് പിടിച്ചതും ഈയിടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. നൂല്‍ബന്ധമില്ലാത്ത നിലയില്‍ പമ്പരം ചുറ്റുന്ന ഈ വിദ്വാനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പറഞ്ഞത് 'തെറ്റു പറ്റിപ്പോയി ക്ഷമിക്കണം' എന്നല്ല. മറിച്ച് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതുചെയ്തതെന്നാണ്. ഇതാണോ കഞ്ചാവിനാല്‍ ഉദ്ധീപിപ്പിക്കപ്പെടുന്ന കലാപ്രവര്‍ത്തനം? വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ഏക സാംസ്‌കാരിക പ്രവര്‍ത്തനം മദ്യപാനമാണ് എന്ന് അങ്ങയെപോലെ പ്രതിഭാ ധനനായ എരെഴുത്തുകാരന്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്. മദ്യത്തിന്റെ സാമൂഹിക സ്വാധീനം എത്രമേല്‍ മലയാളി സമൂഹത്തെ വരിഞ്ഞുമുറുക്കിയെന്നു തെളിയിക്കാന്‍ ഇതില്‍ പരം ഉദാഹരണം വേണോ? മദ്യം നിയമ പരമായി ലഭിക്കുന്ന നാട്ടില്‍ അങ്ങ് നിര്‍ദ്ദേശിക്കുന്നതുപോലെ മയക്കു മരുന്നുകൂടി നിയമപരമാക്കിയാല്‍ എന്താകും സ്ഥിതി?
മദ്യം നിയമപരമാക്കിയപ്പോള്‍ ഉപഭോഗം കുറഞ്ഞു എന്ന വാദം പൊള്ളയാണ്. ആളോഹരി മദ്യ ഉപയോഗത്തില്‍ മലയാളി ഒന്നാമതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യ വില്‍പന വഴി ബിവറേജസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം നേടിയത് 6519 കോടി രൂപയാണ്. സംസ്ഥാനം നേടുന്ന ആകെ വരുമാനത്തിന്റെ അഞ്ചില്‍ ഒന്ന് തുകയാണിത്.  പ്രതിവര്‍ഷം കേരളത്തിലെ ഓരോ വ്യക്തിയും ശരാശരി 8.3 ലിറ്റര്‍ മദ്യം അകത്താക്കുന്നുവെന്നാണ് 'അസോച്ചം' പോലുള്ള ഏജന്‍സികള്‍ കണക്കാക്കിയിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനകം കേരളത്തിലെ മദ്യപാന ശീലം 30ശതമാനം എങ്കിലും വര്‍ധിക്കും എന്നും പഠനങ്ങള്‍ പറയുന്നു. കേരളത്തിലെ മെച്ചപ്പെട്ട വേതന നിരക്ക് മദ്യപാന ശീലം വളര്‍ത്താനുള്ള പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നു. സ്ത്രീകള്‍ക്കും വരുമാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായതോടെ പുരുഷന്മാര്‍ കൂടുതല്‍ മദ്യപാന ആസക്തി പ്രകടിപ്പിച്ചു തുടങ്ങിയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കുടുംബശ്രീ പോലുള്ള പദ്ധതികളും മറ്റു തൊഴില്‍ അവസരങ്ങളും കൂടിയത് സാധാരണ കുടുംബങ്ങളിലെ പുരുഷന്‍മാരുടെ മദ്യപാന ആസക്തി വര്‍ധിക്കാന്‍ ഇടയായി. കുറഞ്ഞ ദിവസ കൂലി 500 രൂപ ആയി ഉയര്‍ന്നപ്പോള്‍ അതില്‍ നിന്ന് 200-300 രൂപ വരെ മദ്യത്തിനായി ചിലവഴിക്കുന്നതാണ് സാധാരണ തൊഴിലാളികളുടെ ശീലം. മദ്യപിക്കുന്നതിന്റെ അളവിലും ഈ അസാധാരണത്വം പ്രകടമാണ്. 360 മില്ലി മദ്യം ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട് അകത്താക്കുന്നതാണ് ശരാശരി കേരളീയ മദ്യപാനിയുടെ ശീലം.
ലഹരിയുടെ ഉപയോഗം വര്‍ധിച്ചതോടെ സൂഹത്തിന്റെയു കുടുംബ ബന്ധങ്ങളുടെയും മാനസിക നിലയും ധാര്‍മികതയും അപകടകരമാം വിധം തകരാറിലായി എന്നതിന്റെ തെളിവാണ് വീടിനകത്തും പുറത്തും ഒരേപോലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍.
ലോകസഞ്ചാരം നടത്തിയിട്ടുള്ള അങ്ങേയ്ക്ക്  പൗരസ്ത്യ പാശ്ചാത്യ നാടുകളിലെ ആധുനിക സാമൂഹിക ക്രമങ്ങളെക്കുറിച്ചും അവരുടെ ലഹരിപടര്‍ത്തുന്ന വിഭ്രമാത്മകമായ ജീവിതരീതികളെക്കുറിച്ചും വാചാലനാകാന്‍ കഴിയുമായിരിക്കും. പക്ഷെ സ്വന്തം കുടുംബ ബന്ധങ്ങളും കുഞ്ഞുമക്കളും അവരെക്കുറിച്ചുള്ള പ്രതീക്ഷകളും അവരുമൊത്തുള്ള സമാധാന ജീവിതവും മാത്രം സ്വപ്‌നം കണ്ടു ജീവിക്കുന്ന ചെറിയ മനുഷ്യരുടെ ലോകം അങ്ങു നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ആധുനിക സാംസ്‌കാരിക അനുശീലനം കടന്നുവരുവാന്‍ പാകത്തില്‍ അത്ര വിസ്തൃതമല്ല സര്‍.

ഒരു സാധാരണകാര്യമായി ഈ നിര്‍ദ്ദേശം ഏറ്റെടുക്കാന്‍ അന്നന്നത്തേക്കുള്ള അപ്പം നേടാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരായ ബഹുഭൂരിപക്ഷം പേര്‍ക്ക് എങ്ങിനെ കഴിയും? അത്രമേല്‍ വിപ്ലവകരമായ ആധുനികത്വം പേറാന്‍ മലയാളികളുടെ മനസ്സ് പാകപ്പെട്ടെന്നാണോ അങ്ങ് ചിന്തിക്കുന്നത്?

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ചീഫ് ഗസ്റ്റിന്റെ ഓര്‍മ്മ

ത്ര പ്രവര്‍ത്തനത്തില്‍ നിന്ന് അപ്രതീക്ഷിതമായി വിട്ടുപോകേണ്ടി വന്ന ഒരു സാഹചര്യം 2006-07ല്‍ ഉണ്ടായി.ചുരുക്കി പറഞ്ഞാൽ മംഗളം വിടുകയും ചെയ്തു മനോരമയിൽ ഉറച്ചതുമില്ല.. പകരം സംവിധാനമില്ലാതെ വിഷമിച്ചിരിക്കുമ്പോളാണ് കൊച്ചി തോപ്പുംപടി എന്ന സ്ഥലത്തുനിന്ന് ഒരു വിളിയെത്തുന്നത്. പ്രാദേശിക ചാനലായ സി.സി.സിയുടെ റിപ്പോര്‍ട്ടറും സുഹൃത്തുമായ തങ്കച്ചനാണ് വിളിച്ചത്. തങ്കച്ചന്‍ മുന്‍ നക്‌സലൈറ്റ് നേതാവാണ്. ഇപ്പോള്‍ ചെറിയ ഹോട്ടല്‍ കച്ചവടവും എഴുത്തുമായി വീട്ടില്‍ ഒതുങ്ങിക്കഴിയുന്നു.

കൊച്ചിന്‍ തുറമുഖ തൊഴിലാളിയൂണിയന്‍ നേതാവും കൊച്ചി കോർപറേഷൻ കൌണ്‍സിലലറും ഒക്കെയായിരുന്ന വി.എച്ച.എം റഫീഖ് ഒരു രു പത്രം നടത്തുന്നുണ്ട്.'' ചീഫ് ഗസ്റ്റ്..'' തികച്ചും പ്രാദേശികനാണ്. കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും ദൈനം ദിന വിശേഷങ്ങളുമാണ് പത്രത്തില്‍ അച്ചടിച്ചു വരുന്നത്. പരമാവധി 5000 കോപ്പി. റിപ്പോര്‍ട്ടര്‍മാര്‍ അധികമില്ല. പ്രതിഫലവും തുച്ഛം. പക്ഷെ എഴുതാനുള്ള അവസരവും സ്വാതന്ത്ര്യവും ഇഷ്ടം പോലെ..അതാണ് വേണ്ടതും. 


അവിടെ വാര്‍ത്തയുടെ പ്രധാന ചുമതലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് ഒരു ചെറുപ്പക്കാരനാണ്.ചീഫ് എഡിറ്റർ ദിലീപ് കുമാർ.. ജേര്‍ണലിസം കഴിഞ്ഞിട്ട് അധികകാലമായിട്ടില്ല. ഒപ്പം പഠിച്ചവര്‍ പലരും പ്രമുഖ പത്രങ്ങളില്‍ ജോലിതേടിയെങ്കിലും ദിലീപ് മാത്രം ചീഫ് ഗസ്റ്റ്‌പോലൊരു കുഞ്ഞു പത്രത്തില്‍ ഒതുങ്ങിയതിന്റെ കാരണമാണ് രസകരം. മറ്റു പത്രങ്ങളുടെ ഓഫീസുകളില്‍ നിരവധി പേരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവര്‍ പറയുന്നതു മാത്രം എഴുതി കോളം നിറയ്ക്കാന്‍ ദിലീപിന് ഇഷ്ടമില്ല. ജനങ്ങളുടെ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന് വിലങ്ങുകളില്ലാത്ത പത്രപ്രവര്‍ത്തനമാണ് ആഗ്രഹിക്കുന്നത്. അതിന് ചീഫ് ഗസ്റ്റുപോലെ കുഞ്ഞു പത്രമാണ് നല്ലത്. പ്രതിഫലമല്ല സ്വാതന്ത്ര്യമാണ് വലുത്.

പത്രം ഉടമ വി.എച് എം റഫീഖിന് ഈ പത്രം കൊണ്ട് നഷ്ടമേ ഉള്ളൂ.എങ്കിലും മുടങ്ങാതെ അച്ചടിക്കാന്‍ പണം തരുന്നുണ്ട്. എന്നെങ്കിലും സ്വന്തമായി പത്രം നടത്താന്‍ അവസരം വന്നാല്‍ അപ്പോളേ വേറെ പത്രത്തില്‍ ജോലി ചെയ്യൂ എന്നും ദിലീപ് പറഞ്ഞപ്പോള്‍ അവനെക്കുറിച്ച് വളരെ അഭിമാനം തോന്നി.ഏതാനും മാസങ്ങള്‍ മാത്രമേ ഞാന്‍ ചീഫ് ഗസ്റ്റിനുവേണ്ടി എഴുതിയുള്ളു.അതില്‍ രാഷ്ട്രീയ വാര്‍ത്തകള്‍ക്കൊപ്പം ''ഉള്ളിലരിപ്പ് '' എന്ന ഒരു ആക്ഷേപ ഹാസ്യ കോളം കൂടി ഞാന്‍ എഴുതിയിരുന്നു. 5000 കോപ്പി എന്നത് വീണ്ടും വര്‍ധിച്ചു. 


ചാറ്റല്‍മഴ വീണാല്‍ അലിഞ്ഞു പോകുന്ന കടലാസില്‍ അച്ചടിച്ചതാണെങ്കിലും രാഷ്ട്രീയ താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ പാര്‍ട്ടികളുടെ ഇരു വിഭാഗത്തിലും പെട്ട പ്രവര്‍ത്തകര്‍ അവരുടെ സമ്മേളനത്തിനു കെട്ടുകണക്കിനു വാങ്ങി രഹസ്യമായി വിതരണം ചെയ്ത സംഭവം വരെ ഉണ്ടായി. മുഖ്യ പത്രാധിപരായ ദിലീപ് തന്നെ പത്രം പുലരുന്നതിനുമുമ്പ് കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുമായിരുന്നു. അതൊക്കെ ഞാന്‍ ഒരുപാടുനാള്‍ കഴിഞ്ഞാണ് അറിയുന്നത്.

പിന്നീട് മുഖ്യധാരയിലേക്കു മടങ്ങിയതോടെ ഞാന്‍ ഇടത്താവളമായ ചീഫ് ഗസ്റ്റ് വിട്ടു. ഇതിനിടയില്‍ വി.എച്ച്.എം റഫീഖ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. രാഷ്ട്രീയത്തിലും ഭൗതിക സാഹചര്യങ്ങളിലും അതി സമ്പന്നനായിരുന്ന റഫീഖ് മരണ കാലത്ത് അനാഥനെപോലെയായിരുന്നു കഴിഞ്ഞത്. ഏതോ കേസില്‍ പെട്ട് വീടും സ്വത്തും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സ്വത്ത് ജപ്തിക്കുവിധേയമായ വാര്‍ത്തയും സ്വാഭാവികമായ മരണ വാര്‍ത്തയും ഒരേ ദിവസം തന്നെ പത്രങ്ങളില്‍ വന്നു എന്നതും കാലത്തിന്റെ വികൃതി.


കൊച്ചിയില്‍ വെച്ച് എപ്പോളൊക്കെയോ ചില ചടങ്ങുകളില്‍ ദിലീപിനെ കണ്ടിരുന്നു. കുറെ കാലമായി കാണാതെയുമായി. അങ്ങനെയിരിക്കെ ഒരിക്കല്‍ തങ്കച്ചനെ വീണ്ടും കണ്ടപ്പോള്‍ ദിലീപിന്റെ വിശേഷങ്ങള്‍ ചോദിച്ചു. ദിലീപ് രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയി..കടുത്ത കരള്‍ രോഗമായിരുന്നു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താന്‍ കഴിയാതെ വന്നതാണ് ദുരന്തമായത്. അക്ഷരങ്ങളിലൂടെ സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്ന നല്ലൊരു സുഹൃത്ത് തീരാത്ത മോഹങ്ങളുമായി അങ്ങനെ വിടപറഞ്ഞു. എങ്കിലും മനസിലെ സിംഹാസനങ്ങളില്‍ ചീഫ് ഗസ്റ്റിനെ പോലെ അവരുണ്ട്.

2015, ജനുവരി 29, വ്യാഴാഴ്‌ച

പകരക്കാരനായി വന്നു; പകരക്കാരനില്ലാതെ പോയി

തന്റെയുള്ളിലെ ഹാസ്യം അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ അനുജന്‍ രാമനാഥന്‍ പകര്‍ന്നതാണെന്ന് മാള പറഞ്ഞിട്ടുണ്ട്. പുറത്തേക്കു പ്രവഹിക്കുന്ന ചിരിക്കുള്ളിലെ ആരും കാണാത്ത കണ്ണുനീരിന്റെ കടലിരമ്പം രാമനാഥന്റെ ഓര്‍മകള്‍ മാത്രമാണെന്നും അദ്ദേഹം പലപ്പോഴും ഓര്‍മ്മിച്ചു: പപ്പു പോയി.. ജഗതി ജീവിച്ചിരിക്കെ എനിക്കു മരിക്കണം..അതാണെന്റെ ആഗ്രഹം. 

മച്വര്‍ നാടകങ്ങളുടെ പിന്നണിയില്‍ തബലവായനക്കാരനായി ഒതുങ്ങിക്കൂടിയ അരവിന്ദന്‍ എന്ന ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായാണ് അണിയറയില്‍ നിന്ന് അരങ്ങിലെത്തിയത്. അറുപതുകളുടെ അവസാന കാലം. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍ സ്ഥിരമായി വേഷം ചെയ്യുന്ന നടന് എന്തോ അസൗകര്യം മൂലം വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ അരവിന്ദനെ തട്ടില്‍ കയറ്റാന്‍ അരങ്ങിലെ കൂട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അണിയറയില്‍നിന്ന് അരങ്ങിലേക്കുള്ള ആ കൂടുവിട്ടു കൂടുമാറ്റത്തെ കാലം സുവര്‍ണലിപികളില്‍ അടയാളപ്പെടുത്തിവെച്ചു. അതൊരു നിയോഗമായിരുന്നു. അരവിന്ദന്‍ എന്ന തബലിസ്റ്റിന്റെ താളനിബദ്ധമായ ജീവിതത്തെ ശുദ്ധ നര്‍മ്മത്തിന്റെ മര്‍മ്മം അറിയുന്ന മാളയെന്ന പ്രതിഭ തുളുമ്പുന്ന നടനാക്കി മാറ്റാനുള്ള നിയോഗം. 

എഴുപതുകളില്‍ നാടകം നാട്ടില്‍ നിറഞ്ഞു നിന്ന അനീതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ തീക്കാറ്റായി ആഞ്ഞു വീശിയപ്പോള്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ ചൂടും ചൂരും പ്രേക്ഷകരിലെത്തിച്ച് മാള അരവിന്ദന്‍ വേദികളിലെ സ്ഥിര സാന്നിധ്യമായി. 1978 ല്‍ മലയാള നാടകങ്ങള്‍ക്ക് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറായപ്പോള്‍ മികച്ച നടനുള്ള ആദ്യ പുരസ്‌കാരം മാളയെ തന്നെ തേടിവന്നു. എസ്.എല്‍ പുരം സൂര്യസോമയുടെ നീതി എന്ന നാടകത്തില്‍ ദാമോദര വാര്യര്‍ എന്ന കഥാപാത്രമാണ് മാളയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പിന്നീട് തുടര്‍ച്ചയായി നാടകാഭിനയിനയത്തിനു മാത്രം ഏഴു സംസ്ഥാന അവാര്‍ഡുകള്‍..വേറെയും ഒട്ടേറെ പുരസ്‌കാരങ്ങള്‍.. ചങ്ങനാശേരി ഗീഥ, കോട്ടയം നാഷനല്‍ തീയേറ്റേഴ്‌സ്, സൂര്യസോമ, പെരുമ്പാവൂര്‍ നാടകശാല തുടങ്ങി നിരവധി സമിതികളിലായി ഒട്ടേറെ നാടകങ്ങള്‍..നാടകത്തിലേയും സിനിമയിലെയും കുലപതികളായ എസ്.പി. പിള്ള, കടുവാക്കുളം ആന്റണി, പി.ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി.എസ് ആചാരി, തിലകന്‍, കുതിരവട്ടം പപ്പു, കുട്ട്യേടത്തി വിലാസിനി, നെല്ലിക്കോട് ഭാസ്‌കരന്‍, ടി.ജി രവി, ശ്രീമൂലനഗരം മോഹന്‍, ശ്രീമൂലനഗരം വിജയന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ക്കൊപ്പം തന്നെയാണ് മാളയെന്ന രണ്ടക്ഷരവുമെന്ന് ആസ്വാദകരും നാടകാചാര്യന്മാരും പക്ഷാന്തരമില്ലാതെ അംഗീകരിക്കുന്ന കാലം കൂടിയായിരുന്നു അത്. 


എണ്‍പതുകളുടെ തുടക്കത്തില്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ സ്ഥിരം ഹാസ്യ നടനായ കാലാക്കല്‍ കുമാരന്‍ അസുഖബാധിതനായി അഭിനയം തുടരാനാകാതെ വന്നപ്പോള്‍ സമിതി ആദ്യം ചിന്തിച്ചത് മാളയെക്കുറിച്ചായിരുന്നു. കൊല്ലത്തുനിന്ന് മാളയെ തേടി പുറപ്പെട്ട വണ്ടിക്ക് പക്ഷെ പാതിവഴിയിലേറെ പിന്നിട്ട് എറണാകുളത്തു വെച്ച് നിരാശയോടെ തിരിച്ചു പോകേണ്ടി വന്നു. നാടകത്തില്‍നിന്ന് സിനിമയിലേക്ക് ചേക്കേറിയ മാളയ്ക്ക് തിരക്കേറി വന്നതിനാല്‍ സഹകരിക്കാന്‍ ആവില്ല എന്ന വിവരം അറിഞ്ഞാണ് നാടകവണ്ടി കൊല്ലത്തേക്കു മടങ്ങിയത്. മാള സിനിമയില്‍ നിന്ന് എന്നെങ്കിലും മടങ്ങിവന്നാല്‍ ആദ്യം കാളിദാസകേന്ദ്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞതിനാല്‍ 28 വര്‍ഷത്തോളം ആ സ്ഥാനം അവര്‍ ഒഴിച്ചിട്ടു. നാടകവേദിയിലേക്കു മടങ്ങി വരണം എന്ന ആഗ്രഹം പക്ഷെ സഫലമാക്കാന്‍ വിധി അനുവദിച്ചില്ല. 76 ലാണ് മാള സിനിമയില്‍ എത്തുന്നത്. പി. ചന്ദ്രകുമാറിന്റെയും ഡോ. ബാലകൃഷ്ണന്റെയും  സിനിമകളില്‍ ചിത്രത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടത് പി.ജി വിശ്വംഭരന്റെ മധുരിക്കുന്ന രാത്രിയിലെ പോലീസ് കുട്ടന്‍ പിള്ള എന്ന വേഷമാണ്. ആദ്യം മുഖം കാണിച്ച സിനിമ സിന്ദൂരമാണ്. പിന്നീട് തളിരുകള്‍ എന്ന സിനിമയില്‍ ഒരു ഭ്രാന്തന്റെ വേഷമായിരുന്നു.  തുടര്‍ച്ചയായി 36 വര്‍ഷം മലയാള സിനിമയുടെ ഊടും പാവും പോലെയായി മാള. വെള്ളിത്തിരയില്‍ മാള എന്ന പേര് തെളിയുന്ന നിമിഷം മുതല്‍ തീയേറ്ററുകളില്‍ ചിരിയുടെയും കയ്യടിയുടെയും ചൂളം വിളികളുടെയും  തിരമാലകള്‍ ഉയര്‍ന്ന സുവര്‍ണകാലം. 80കള്‍ ആയപ്പോഴേയ്ക്കും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം തന്നെ സിനിമയില്‍ പദവികളും അംഗീകാരവും ലഭിക്കുന്ന വിശിഷ്ട വ്യക്തിത്വമായി. ഒരു ദിവസം നാലു സിനിമകളില്‍ വരെ മാറി മാറി അഭിനയിച്ചു. അഭിനയിച്ച സിനികളിലെല്ലാം അവിസ്മരണീയ കഥാപാത്രങ്ങള്‍. ഹാസ്യത്തിന്റെ വേറിട്ട രൂപവും മുഖവും ശബ്ദവുമായിരുന്നു മാളയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി നിര്‍ത്തിയത്. അഭിനയത്തിലും സംഭാഷണങ്ങളുടെ മോഡുലേഷനിലും മാള സ്വന്തം ടച്ച് കൊണ്ടുവന്നത് ചിരിയുടെ ഉത്സവങ്ങള്‍ തന്നെ സൃഷ്ടിച്ചു. വിരലുകള്‍കൊണ്ട് സംവദിക്കുന്ന തബലയുടെ താളപ്പെരുക്കങ്ങളുമായി നാടക കലാവേദികളിലൂടെ സഞ്ചരിക്കുന്ന കാലത്താണ് 71ല്‍ മാള വിവാഹിതനാകുന്നത്. അന്നക്കുട്ടിയെന്ന പെണ്‍കുട്ടിയെ പ്രണയമെന്ന യുദ്ധം ജയിച്ച് ജീവിതസഖിയാക്കുകയായിരുന്നു. വ്യത്യസ്ത മതസ്ഥരായതിനാല്‍ പോരാട്ടം നടത്തിയാണ് പ്രണയ സാഫല്യം നേടിയത്. ഇതിനെക്കുറിച്ച് ഒരിക്കല്‍ മാള പറഞ്ഞത്, എന്റെ ഭാര്യ ക്രിസ്ത്യാനിയും ഞാന്‍ ഹിന്ദുവുമാണ്. അതുകൊണ്ട് ഞങ്ങള്‍ക്കുണ്ടായ മക്കള്‍ ഒരു മതത്തിലും പെടാതെ ഹിന്ദുസ്ഥാനികളായി ജീവിക്കും എന്നാണ്. 
സിനിമയില്‍ നര്‍മ്മ രാജാവായി വിലസുമ്പോഴും പഴയതും പുതിയതുമായ സൗഹൃദങ്ങളും അരങ്ങുജീവിതത്തിനിടയില്‍ അനുഭവിച്ച ദുരിതങ്ങളും മറക്കാതെ ജീവിച്ചയാളാണ് മാള. മാള സിനിമാ സെറ്റില്‍ വന്നാല്‍ ഉത്സവം കൊടിയേറിയതുപോലാണ് സഹപ്രവര്‍ത്തകര്‍ക്ക്. അന്തരിച്ച നടന്‍ ഭരത് ഗോപി മാള സെറ്റില്‍നിന്ന് പോകുമ്പോള്‍ കരയുമായിരുന്നു. ഗൗരവത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും മൂര്‍ത്തീമദ്ഭാവമെന്നു പലരും വിശേഷിപ്പിച്ച തിലകന്‍ മാളയുമായി അഭിനയിക്കുമ്പോള്‍ ചിരിയടക്കാനാവാതെ ഷോട്ടുകള്‍ വൈകിയിട്ടുണ്ട്. നാടകത്തില്‍ അഭിനയിക്കുന്ന വറുതികളുടെ കാലത്ത് ശ്രീമൂലനഗരം മോഹനനുമായി ഇരുവര്‍ക്കും ആകെയുള്ള രണ്ടു ഷര്‍ട്ടുകള്‍ വീതം മാറിമാറി ധരിച്ചതെല്ലാം നല്ലകാലം വന്നപ്പോള്‍ സൗകര്യപൂര്‍വ്വം മറക്കാന്‍ മാളക്കാവുമായിരുന്നില്ല. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതോടെ സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനം മാത്രമായിരുന്നു അഞ്ചംഗ കുടുംബത്തിന്റെ ഏകാശ്രയം. അമ്മ കുട്ടികളെ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ തന്റെയുള്ളില്‍ വിങ്ങിവിതുമ്പിയ കലാകാരനെ വെളിപ്പെടുത്തിയത്. മകന്റെ താളബോധം മനസിലാക്കിയ അമ്മ ഒരു തബല വാങ്ങികൊടുത്തു. കൊച്ചിന്‍ മുഹമ്മദ് ഉസ്താദിന്റെ കീഴില്‍ പിന്നെ ധ്രുത-വിളംബിത താളങ്ങളുമായി ചങ്ങാതിയായി മാറി അരവിന്ദന്‍.


കലഹങ്ങളോടും പിണക്കങ്ങളോടും അകന്നുനിന്ന മാള പക്ഷെ സ്വന്തം നിലപാടുകളോടു നീതി പുലര്‍ത്തുകയും സ്വന്തം കഴിവില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. സിനിമാ സംഘടനകളില്‍ നിറഞ്ഞ അനാവശ്യ തര്‍ക്കങ്ങളും നിലപാടുകളും മാളയേയും വേദനിപ്പിച്ചു. സംവിധായകന്‍ വിനയന്‍ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടപ്പോള്‍ എതിര്‍പ്പു ലംഘിച്ചും മാള വിനയനുമായി സഹകരിച്ചു. എതിര്‍ക്കപ്പെടുന്നതിനുമുമ്പ് വിനയനു കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടിയായിരുന്നു അത്. അതുമൂലം നഷ്ടങ്ങള്‍ സംഭവിച്ചു. വേറെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന്  ഭീഷണി വന്നു. സിനിമയില്‍ നിന്ന് നിങ്ങളെന്നെ പുറത്താക്കിയാല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കും. അവിടെ നിന്ന് പുറത്താക്കിയാല്‍ നാടകത്തില്‍ അഭിനയിക്കും..അവിടെ നിന്നും പുറത്താക്കിയാല്‍ തബല വായിക്കും. അതിനും അവസരം നിഷേധിച്ചാല്‍ ഭാര്യയുടെ പഴയ സാരികള്‍ കൂട്ടിക്കെട്ടി തെരുവുനാടകം കളിക്കും എന്നായിരുന്നു ഭീഷണിയോടുള്ള മാളയുടെ പ്രതികരണം.
തന്റെയുള്ളിലെ ഹാസ്യം അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ അനുജന്‍ രാമനാഥന്‍ പകര്‍ന്നതാണെന്ന് മാള പറഞ്ഞിട്ടുണ്ട്. പുറത്തേക്കു പ്രവഹിക്കുന്ന ചിരിക്കുള്ളിലെ ആരും കാണാത്ത കണ്ണുനീരിന്റെ കടലിരമ്പം രാമനാഥന്റെ ഓര്‍മകള്‍ മാത്രമാണെന്നും അദ്ദേഹം പലപ്പോഴും ഓര്‍മ്മിച്ചു.
''പപ്പു പോയി.. ജഗതി ജീവിച്ചിരിക്കെ എനിക്കു മരിക്കണം..അതാണെന്റെ ആഗ്രഹം.'' കഴിഞ്ഞ വര്‍ഷം ഒരഭിമുഖത്തില്‍ വികാരാധീനനായി കണ്ണു നിറഞ്ഞ് മാള പറഞ്ഞു. ''പപ്പു, മാള, ജഗതി..ഞങ്ങള്‍ മൂവരുടെയും പേരുകളുടെ സ്ഥാനവും അതാണ്...അങ്ങനെ തന്നെ പോവുകയും വേണം''

പപ്പു, മാള, ജഗതി.. മലയാള സിനിമയിലെ ഹാസ്യത്രയം.. പ്രേക്ഷകരെ ചിരിയുടെ നെറുകയിലെത്തിച്ച അഭിനയ കുലപതികള്‍.. പിരി പിരി അരപ്പിരി ലൂസ് എന്ന സിനിമയിലൂടെ ഇവര്‍ ഒരുമിച്ചത് ചിരി സിനിമകളുടെ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്. ഈ താര ത്രയത്തില്‍ സംഖ്യാശാസ്ത്രം കൊണ്ട് ഒന്നാം പേരുകാരനായ പപ്പുവും ഇപ്പോഴിതാ രണ്ടാം സ്ഥാനക്കാരനായ മാളയും യാത്രയായി. മൂന്നാമനായ ജഗതിയാകട്ടെ അപ്രതീക്ഷിതമായെത്തിയ അപകടത്തിന്റെ ആഘാതത്തില്‍ വെള്ളിത്തിരയില്‍നിന്ന് വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിക്കൂടി. അരനൂറ്റാണ്ടിലേറെ മലയാള നാടകവേദിയിലും സിനിമയിലും ഈ പ്രതിഭകള്‍ സമ്മാനിച്ച നൂറു നൂറു അഭിനയ മുഹൂര്‍ത്തങ്ങളുടെ ചലനാത്മകമായ ഓര്‍മകള്‍ക്കിടയിലും ഇവര്‍ ഒഴിഞ്ഞുപോയ സിംഹാസനങ്ങള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും തീരാനഷ്ടവും വേദനയും മാത്രമാണ് നല്‍കുന്നത്. ആദ്യകാല മലയാള സിനിമയില്‍ ചിരി വിതറിയ എസ്.പി പിള്ള മുതല്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന സുരാജ് വെഞ്ഞാറമ്മൂട് വരെയുള്ള നാലുതലമുറക്കൊപ്പം സിനിമയില്‍ സഹകരിച്ചതിനുശേഷമാണ് മാള അരങ്ങൊഴിയുന്നത്. പകരക്കാരനായി വന്ന പ്രതിഭയുടെ പകരക്കാരനില്ലാത്ത മടക്കം.   

2015, ജനുവരി 14, ബുധനാഴ്‌ച

കൃഷിയിടത്തില്‍ വിളയിച്ചെടുക്കുന്ന വാര്‍ത്തകള്‍

പത്രങ്ങളില്‍ വായിക്കുന്നതും ചാനലില്‍ കാണുന്നതുമായ ചില വാര്‍ത്തകളെങ്കിലും നിര്‍മിക്കപ്പെടുന്നതാണ് എന്നു സംശയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അത്തരം സംശയങ്ങളില്‍ സത്യം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നുവെങ്കിലും അസത്യമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങളുമുണ്ട്. സാമ്പത്തികമോ, രാഷ്ട്രീയമോ, മത-സാമുദായിക താല്‍പര്യങ്ങളോ ഉള്‍പ്പെടുത്തി കൃത്യമായ അജണ്ടയോടു കൂടി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന കാലമാണിതെന്ന് ചിലപ്പോഴെങ്കിലും വ്യക്തമായിട്ടുണ്ട്. വാര്‍ത്തകള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര തലത്തില്‍ ഉന്നതരായ കോര്‍പ്പറേറ്റുകളും മാധ്യമ ഭീകരന്മാര്‍ മുതല്‍ ഇങ്ങേയറ്റത്ത് കോളം സെന്റീമീറ്റര്‍ കണക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ പ്രതിഫലം വാങ്ങുന്ന ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്ന പ്രാദേശിക ലേഖകര്‍ വരെ ഒരുപോലെ ഇത്തരം താല്‍പര്യങ്ങളുടെ പ്രതിനിധികളാണ്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഇത്തരം കാര്യങ്ങള്‍ പതിവായി നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായ ഒരു കാര്യം ചില മേഖലകളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍, അത് ചെറുതോ വലുതോ ആകട്ടെ ആ വാര്‍ത്തയ്ക്ക് ഒരു സംഘാടക സമിതി ഉണ്ടാകും. വാര്‍ത്ത നിര്‍ബന്ധമായും പത്രസമ്മേളനത്തില്‍ പറഞ്ഞതുമായിരിക്കും. പാരീസിലെ ഭീകരാക്രമണത്തില്‍ തോപ്രാംകുടി പ്രവാസി അസോസിയേഷന്‍ ഞെട്ടല്‍ പ്രകടിപ്പിക്കുന്നത് പത്ര സമ്മേളനത്തില്‍ തന്നെയാകും. അതുറപ്പാണ്. ഇല്ലെങ്കില്‍ ആ വാര്‍ത്തയും ഭീകരാക്രമണത്തിന് വിധേയമാകും.

ഈയിടെ ഒരു വലിയ നാടക സംരംഭം വാര്‍ത്തയാക്കുന്നതു സംബന്ധിച്ച ഒരു ഇ. മെയില്‍ പലരില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്ത നിലയില്‍ കറങ്ങിത്തിരിഞ്ഞ് എത്തിയത് ഈ ലേഖകന്‍ വായിക്കാനിടയായി. അതില്‍ റിഹേഴ്‌സലിന്റെ തിരക്കു മൂലം സംഘാടകര്‍ക്ക് ലേഖകരെ വേണ്ട തരത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സദയം ക്ഷമിച്ച് വാര്‍ത്ത നല്‍കണമെന്നുമുള്ള അപേക്ഷയായിരുന്നു. വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്ത ഓരോ ലേഖകനും സംഘാടകര്‍ പത്ര സമ്മേളനം നടത്തൂ എന്നു ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നതാണ് മെയില്‍ രേഖകളില്‍ കാണാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയാല്‍ മാത്രമേ വാര്‍ത്ത വായനക്കാരനു ലഭിക്കുകയുള്ളൂ എന്നത് ആശാസ്യമായ ഒന്നല്ല. അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏതോ നിക്ഷിപ്ത താല്‍പര്യത്താല്‍ തടഞ്ഞുവെക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പ്രസ്‌ക്ലബ്ബുകളെ തേടി വരാന്‍മാത്രമുള്ളതാണോ? അതോ വാര്‍ത്തകളെ തേടി അങ്ങോട്ട് ചെല്ലുന്ന മാധ്യമ സംസ്‌കാരം മണ്‍മറഞ്ഞു പോയോ? 
അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്തയ്ക്കിടെ കണ്ട ടി.വി റിപ്പോര്‍ട്ടാണ് ഏറെ ചിരിപ്പിച്ചത്. നവീകരിച്ച പ്രസ് ക്ലബ്ബില്‍ ഉദ്ഘാടന ദിവസം മൂന്ന് പത്ര സമ്മേളനം നടന്നതാണ് മഹാ സംഭവമായി ചാനലില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഈ വാര്‍ത്തയുടെ മൂല്യവും പ്രാധാന്യവും എന്താണെന്നും അത് സംപ്രേഷണം ചെയ്യപ്പെടുന്നതുകൊണ്ട് ജനത്തിന് എന്തു നേട്ടമാണ് ഉണ്ടാവുക എന്നും എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. 
പ്രസ് ക്ലബ്ബുകളില്‍ കൂടുതല്‍ പത്ര സമ്മേളനങ്ങള്‍ നടന്നാല്‍ പ്രസ്‌ക്ലബ്ബിനു വരുമാനം കൂടും എന്നതല്ലാതെ അതില്‍ പ്രേക്ഷകന് എന്താണ് നേട്ടം? അതായത് ഒരു കൃഷിയിടത്തില്‍ നിന്ന് ഒരേ ദിവസം മൂന്നു തവണ വിളവെടുപ്പു നടത്തിയെന്ന ചാരിതാര്‍ഥ്യം വാര്‍ത്തയെഴുത്തു കര്‍ഷകര്‍ക്കു കിട്ടും. നാട്ടുകാര്‍ക്ക് അതില്‍ നിന്ന് ഒരു വിഹിതം കിട്ടുമെങ്കില്‍ അതു വാര്‍ത്തയാണ്. നാട്ടിലെ ജില്ലകള്‍ തോറുമുള്ള പ്രസ് ക്ലബ്ബുകളില്‍ ദിനവും എട്ടും പത്തും വാര്‍ത്താ സമ്മേളനങ്ങള്‍ നടക്കുന്നതുപോലും വാര്‍ത്തയേ അല്ല. വാര്‍ത്ത ഉണ്ടാക്കുന്നത് വാര്‍ത്തയാക്കുന്ന വിഡ്ഢിത്തം ഗള്‍ഫ് നാട്ടില്‍ കാണാനായി. അതും ബുദ്ധിമാന്മാരായ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ വിളയിച്ചെടുത്ത വാര്‍ത്ത. അപ്രതീക്ഷിതമായി ചക്കക്കൂട്ടാന്‍ കിട്ടിയ ആരുടെയൊക്കെയോ കൈയൊപ്പ് ആ റിപ്പോര്‍ട്ടില്‍ പതിഞ്ഞിരുന്നു എന്ന് പ്രേക്ഷകന്‍ ചിന്തിച്ചു പോയാല്‍ തെറ്റു പറയാനാകില്ല.
ഗള്‍ഫ് മേഖല പ്രവാസികളുടെയും തദ്ദേശീയരുടേയും വൈവിധ്യപൂര്‍ണമായ ജീവിതാനുഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. പുറത്ത് വന്നതിനെക്കാളും ഭീകരവും വിസ്മയകരവുമായ എത്രയോ വാര്‍ത്തകള്‍ മരുഭൂമിയിലെ മണല്‍ത്തരികള്‍ പോലെ പരന്നു കിടക്കുന്നു. അറിയപ്പെടാത്ത സത്യങ്ങള്‍.. അറിയപ്പെടേണ്ട സംഭവങ്ങള്‍..വാര്‍ത്തയെഴുത്ത് ഗള്‍ഫില്‍ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒഴിവു വേളകളിലെ സൈഡ് ബിസിനസ് മാത്രമാണ്. അതിനെ അങ്ങിനെ മാത്രം സമീപിച്ചാല്‍ വാര്‍ത്ത ഉണ്ടാകില്ല. അങ്ങിനെ വരുമ്പോഴാണ് അത് പതിവു പാകത്തില്‍ പ്രസ്‌ക്ലബ്ബിലെ കൃഷിയിടത്തില്‍ വെച്ചു തന്നെ വിളയിച്ചെടുക്കേണ്ടി വരുന്നത്.