2015, ജനുവരി 29, വ്യാഴാഴ്‌ച

പകരക്കാരനായി വന്നു; പകരക്കാരനില്ലാതെ പോയി

തന്റെയുള്ളിലെ ഹാസ്യം അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ അനുജന്‍ രാമനാഥന്‍ പകര്‍ന്നതാണെന്ന് മാള പറഞ്ഞിട്ടുണ്ട്. പുറത്തേക്കു പ്രവഹിക്കുന്ന ചിരിക്കുള്ളിലെ ആരും കാണാത്ത കണ്ണുനീരിന്റെ കടലിരമ്പം രാമനാഥന്റെ ഓര്‍മകള്‍ മാത്രമാണെന്നും അദ്ദേഹം പലപ്പോഴും ഓര്‍മ്മിച്ചു: പപ്പു പോയി.. ജഗതി ജീവിച്ചിരിക്കെ എനിക്കു മരിക്കണം..അതാണെന്റെ ആഗ്രഹം. 

മച്വര്‍ നാടകങ്ങളുടെ പിന്നണിയില്‍ തബലവായനക്കാരനായി ഒതുങ്ങിക്കൂടിയ അരവിന്ദന്‍ എന്ന ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായാണ് അണിയറയില്‍ നിന്ന് അരങ്ങിലെത്തിയത്. അറുപതുകളുടെ അവസാന കാലം. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍ സ്ഥിരമായി വേഷം ചെയ്യുന്ന നടന് എന്തോ അസൗകര്യം മൂലം വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ അരവിന്ദനെ തട്ടില്‍ കയറ്റാന്‍ അരങ്ങിലെ കൂട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അണിയറയില്‍നിന്ന് അരങ്ങിലേക്കുള്ള ആ കൂടുവിട്ടു കൂടുമാറ്റത്തെ കാലം സുവര്‍ണലിപികളില്‍ അടയാളപ്പെടുത്തിവെച്ചു. അതൊരു നിയോഗമായിരുന്നു. അരവിന്ദന്‍ എന്ന തബലിസ്റ്റിന്റെ താളനിബദ്ധമായ ജീവിതത്തെ ശുദ്ധ നര്‍മ്മത്തിന്റെ മര്‍മ്മം അറിയുന്ന മാളയെന്ന പ്രതിഭ തുളുമ്പുന്ന നടനാക്കി മാറ്റാനുള്ള നിയോഗം. 

എഴുപതുകളില്‍ നാടകം നാട്ടില്‍ നിറഞ്ഞു നിന്ന അനീതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ തീക്കാറ്റായി ആഞ്ഞു വീശിയപ്പോള്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ ചൂടും ചൂരും പ്രേക്ഷകരിലെത്തിച്ച് മാള അരവിന്ദന്‍ വേദികളിലെ സ്ഥിര സാന്നിധ്യമായി. 1978 ല്‍ മലയാള നാടകങ്ങള്‍ക്ക് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറായപ്പോള്‍ മികച്ച നടനുള്ള ആദ്യ പുരസ്‌കാരം മാളയെ തന്നെ തേടിവന്നു. എസ്.എല്‍ പുരം സൂര്യസോമയുടെ നീതി എന്ന നാടകത്തില്‍ ദാമോദര വാര്യര്‍ എന്ന കഥാപാത്രമാണ് മാളയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പിന്നീട് തുടര്‍ച്ചയായി നാടകാഭിനയിനയത്തിനു മാത്രം ഏഴു സംസ്ഥാന അവാര്‍ഡുകള്‍..വേറെയും ഒട്ടേറെ പുരസ്‌കാരങ്ങള്‍.. ചങ്ങനാശേരി ഗീഥ, കോട്ടയം നാഷനല്‍ തീയേറ്റേഴ്‌സ്, സൂര്യസോമ, പെരുമ്പാവൂര്‍ നാടകശാല തുടങ്ങി നിരവധി സമിതികളിലായി ഒട്ടേറെ നാടകങ്ങള്‍..നാടകത്തിലേയും സിനിമയിലെയും കുലപതികളായ എസ്.പി. പിള്ള, കടുവാക്കുളം ആന്റണി, പി.ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി.എസ് ആചാരി, തിലകന്‍, കുതിരവട്ടം പപ്പു, കുട്ട്യേടത്തി വിലാസിനി, നെല്ലിക്കോട് ഭാസ്‌കരന്‍, ടി.ജി രവി, ശ്രീമൂലനഗരം മോഹന്‍, ശ്രീമൂലനഗരം വിജയന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ക്കൊപ്പം തന്നെയാണ് മാളയെന്ന രണ്ടക്ഷരവുമെന്ന് ആസ്വാദകരും നാടകാചാര്യന്മാരും പക്ഷാന്തരമില്ലാതെ അംഗീകരിക്കുന്ന കാലം കൂടിയായിരുന്നു അത്. 


എണ്‍പതുകളുടെ തുടക്കത്തില്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ സ്ഥിരം ഹാസ്യ നടനായ കാലാക്കല്‍ കുമാരന്‍ അസുഖബാധിതനായി അഭിനയം തുടരാനാകാതെ വന്നപ്പോള്‍ സമിതി ആദ്യം ചിന്തിച്ചത് മാളയെക്കുറിച്ചായിരുന്നു. കൊല്ലത്തുനിന്ന് മാളയെ തേടി പുറപ്പെട്ട വണ്ടിക്ക് പക്ഷെ പാതിവഴിയിലേറെ പിന്നിട്ട് എറണാകുളത്തു വെച്ച് നിരാശയോടെ തിരിച്ചു പോകേണ്ടി വന്നു. നാടകത്തില്‍നിന്ന് സിനിമയിലേക്ക് ചേക്കേറിയ മാളയ്ക്ക് തിരക്കേറി വന്നതിനാല്‍ സഹകരിക്കാന്‍ ആവില്ല എന്ന വിവരം അറിഞ്ഞാണ് നാടകവണ്ടി കൊല്ലത്തേക്കു മടങ്ങിയത്. മാള സിനിമയില്‍ നിന്ന് എന്നെങ്കിലും മടങ്ങിവന്നാല്‍ ആദ്യം കാളിദാസകേന്ദ്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞതിനാല്‍ 28 വര്‍ഷത്തോളം ആ സ്ഥാനം അവര്‍ ഒഴിച്ചിട്ടു. നാടകവേദിയിലേക്കു മടങ്ങി വരണം എന്ന ആഗ്രഹം പക്ഷെ സഫലമാക്കാന്‍ വിധി അനുവദിച്ചില്ല. 76 ലാണ് മാള സിനിമയില്‍ എത്തുന്നത്. പി. ചന്ദ്രകുമാറിന്റെയും ഡോ. ബാലകൃഷ്ണന്റെയും  സിനിമകളില്‍ ചിത്രത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടത് പി.ജി വിശ്വംഭരന്റെ മധുരിക്കുന്ന രാത്രിയിലെ പോലീസ് കുട്ടന്‍ പിള്ള എന്ന വേഷമാണ്. ആദ്യം മുഖം കാണിച്ച സിനിമ സിന്ദൂരമാണ്. പിന്നീട് തളിരുകള്‍ എന്ന സിനിമയില്‍ ഒരു ഭ്രാന്തന്റെ വേഷമായിരുന്നു.  തുടര്‍ച്ചയായി 36 വര്‍ഷം മലയാള സിനിമയുടെ ഊടും പാവും പോലെയായി മാള. വെള്ളിത്തിരയില്‍ മാള എന്ന പേര് തെളിയുന്ന നിമിഷം മുതല്‍ തീയേറ്ററുകളില്‍ ചിരിയുടെയും കയ്യടിയുടെയും ചൂളം വിളികളുടെയും  തിരമാലകള്‍ ഉയര്‍ന്ന സുവര്‍ണകാലം. 80കള്‍ ആയപ്പോഴേയ്ക്കും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം തന്നെ സിനിമയില്‍ പദവികളും അംഗീകാരവും ലഭിക്കുന്ന വിശിഷ്ട വ്യക്തിത്വമായി. ഒരു ദിവസം നാലു സിനിമകളില്‍ വരെ മാറി മാറി അഭിനയിച്ചു. അഭിനയിച്ച സിനികളിലെല്ലാം അവിസ്മരണീയ കഥാപാത്രങ്ങള്‍. ഹാസ്യത്തിന്റെ വേറിട്ട രൂപവും മുഖവും ശബ്ദവുമായിരുന്നു മാളയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി നിര്‍ത്തിയത്. അഭിനയത്തിലും സംഭാഷണങ്ങളുടെ മോഡുലേഷനിലും മാള സ്വന്തം ടച്ച് കൊണ്ടുവന്നത് ചിരിയുടെ ഉത്സവങ്ങള്‍ തന്നെ സൃഷ്ടിച്ചു. വിരലുകള്‍കൊണ്ട് സംവദിക്കുന്ന തബലയുടെ താളപ്പെരുക്കങ്ങളുമായി നാടക കലാവേദികളിലൂടെ സഞ്ചരിക്കുന്ന കാലത്താണ് 71ല്‍ മാള വിവാഹിതനാകുന്നത്. അന്നക്കുട്ടിയെന്ന പെണ്‍കുട്ടിയെ പ്രണയമെന്ന യുദ്ധം ജയിച്ച് ജീവിതസഖിയാക്കുകയായിരുന്നു. വ്യത്യസ്ത മതസ്ഥരായതിനാല്‍ പോരാട്ടം നടത്തിയാണ് പ്രണയ സാഫല്യം നേടിയത്. ഇതിനെക്കുറിച്ച് ഒരിക്കല്‍ മാള പറഞ്ഞത്, എന്റെ ഭാര്യ ക്രിസ്ത്യാനിയും ഞാന്‍ ഹിന്ദുവുമാണ്. അതുകൊണ്ട് ഞങ്ങള്‍ക്കുണ്ടായ മക്കള്‍ ഒരു മതത്തിലും പെടാതെ ഹിന്ദുസ്ഥാനികളായി ജീവിക്കും എന്നാണ്. 
സിനിമയില്‍ നര്‍മ്മ രാജാവായി വിലസുമ്പോഴും പഴയതും പുതിയതുമായ സൗഹൃദങ്ങളും അരങ്ങുജീവിതത്തിനിടയില്‍ അനുഭവിച്ച ദുരിതങ്ങളും മറക്കാതെ ജീവിച്ചയാളാണ് മാള. മാള സിനിമാ സെറ്റില്‍ വന്നാല്‍ ഉത്സവം കൊടിയേറിയതുപോലാണ് സഹപ്രവര്‍ത്തകര്‍ക്ക്. അന്തരിച്ച നടന്‍ ഭരത് ഗോപി മാള സെറ്റില്‍നിന്ന് പോകുമ്പോള്‍ കരയുമായിരുന്നു. ഗൗരവത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും മൂര്‍ത്തീമദ്ഭാവമെന്നു പലരും വിശേഷിപ്പിച്ച തിലകന്‍ മാളയുമായി അഭിനയിക്കുമ്പോള്‍ ചിരിയടക്കാനാവാതെ ഷോട്ടുകള്‍ വൈകിയിട്ടുണ്ട്. നാടകത്തില്‍ അഭിനയിക്കുന്ന വറുതികളുടെ കാലത്ത് ശ്രീമൂലനഗരം മോഹനനുമായി ഇരുവര്‍ക്കും ആകെയുള്ള രണ്ടു ഷര്‍ട്ടുകള്‍ വീതം മാറിമാറി ധരിച്ചതെല്ലാം നല്ലകാലം വന്നപ്പോള്‍ സൗകര്യപൂര്‍വ്വം മറക്കാന്‍ മാളക്കാവുമായിരുന്നില്ല. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതോടെ സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനം മാത്രമായിരുന്നു അഞ്ചംഗ കുടുംബത്തിന്റെ ഏകാശ്രയം. അമ്മ കുട്ടികളെ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ തന്റെയുള്ളില്‍ വിങ്ങിവിതുമ്പിയ കലാകാരനെ വെളിപ്പെടുത്തിയത്. മകന്റെ താളബോധം മനസിലാക്കിയ അമ്മ ഒരു തബല വാങ്ങികൊടുത്തു. കൊച്ചിന്‍ മുഹമ്മദ് ഉസ്താദിന്റെ കീഴില്‍ പിന്നെ ധ്രുത-വിളംബിത താളങ്ങളുമായി ചങ്ങാതിയായി മാറി അരവിന്ദന്‍.


കലഹങ്ങളോടും പിണക്കങ്ങളോടും അകന്നുനിന്ന മാള പക്ഷെ സ്വന്തം നിലപാടുകളോടു നീതി പുലര്‍ത്തുകയും സ്വന്തം കഴിവില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. സിനിമാ സംഘടനകളില്‍ നിറഞ്ഞ അനാവശ്യ തര്‍ക്കങ്ങളും നിലപാടുകളും മാളയേയും വേദനിപ്പിച്ചു. സംവിധായകന്‍ വിനയന്‍ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടപ്പോള്‍ എതിര്‍പ്പു ലംഘിച്ചും മാള വിനയനുമായി സഹകരിച്ചു. എതിര്‍ക്കപ്പെടുന്നതിനുമുമ്പ് വിനയനു കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടിയായിരുന്നു അത്. അതുമൂലം നഷ്ടങ്ങള്‍ സംഭവിച്ചു. വേറെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന്  ഭീഷണി വന്നു. സിനിമയില്‍ നിന്ന് നിങ്ങളെന്നെ പുറത്താക്കിയാല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കും. അവിടെ നിന്ന് പുറത്താക്കിയാല്‍ നാടകത്തില്‍ അഭിനയിക്കും..അവിടെ നിന്നും പുറത്താക്കിയാല്‍ തബല വായിക്കും. അതിനും അവസരം നിഷേധിച്ചാല്‍ ഭാര്യയുടെ പഴയ സാരികള്‍ കൂട്ടിക്കെട്ടി തെരുവുനാടകം കളിക്കും എന്നായിരുന്നു ഭീഷണിയോടുള്ള മാളയുടെ പ്രതികരണം.
തന്റെയുള്ളിലെ ഹാസ്യം അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ അനുജന്‍ രാമനാഥന്‍ പകര്‍ന്നതാണെന്ന് മാള പറഞ്ഞിട്ടുണ്ട്. പുറത്തേക്കു പ്രവഹിക്കുന്ന ചിരിക്കുള്ളിലെ ആരും കാണാത്ത കണ്ണുനീരിന്റെ കടലിരമ്പം രാമനാഥന്റെ ഓര്‍മകള്‍ മാത്രമാണെന്നും അദ്ദേഹം പലപ്പോഴും ഓര്‍മ്മിച്ചു.
''പപ്പു പോയി.. ജഗതി ജീവിച്ചിരിക്കെ എനിക്കു മരിക്കണം..അതാണെന്റെ ആഗ്രഹം.'' കഴിഞ്ഞ വര്‍ഷം ഒരഭിമുഖത്തില്‍ വികാരാധീനനായി കണ്ണു നിറഞ്ഞ് മാള പറഞ്ഞു. ''പപ്പു, മാള, ജഗതി..ഞങ്ങള്‍ മൂവരുടെയും പേരുകളുടെ സ്ഥാനവും അതാണ്...അങ്ങനെ തന്നെ പോവുകയും വേണം''

പപ്പു, മാള, ജഗതി.. മലയാള സിനിമയിലെ ഹാസ്യത്രയം.. പ്രേക്ഷകരെ ചിരിയുടെ നെറുകയിലെത്തിച്ച അഭിനയ കുലപതികള്‍.. പിരി പിരി അരപ്പിരി ലൂസ് എന്ന സിനിമയിലൂടെ ഇവര്‍ ഒരുമിച്ചത് ചിരി സിനിമകളുടെ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്. ഈ താര ത്രയത്തില്‍ സംഖ്യാശാസ്ത്രം കൊണ്ട് ഒന്നാം പേരുകാരനായ പപ്പുവും ഇപ്പോഴിതാ രണ്ടാം സ്ഥാനക്കാരനായ മാളയും യാത്രയായി. മൂന്നാമനായ ജഗതിയാകട്ടെ അപ്രതീക്ഷിതമായെത്തിയ അപകടത്തിന്റെ ആഘാതത്തില്‍ വെള്ളിത്തിരയില്‍നിന്ന് വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിക്കൂടി. അരനൂറ്റാണ്ടിലേറെ മലയാള നാടകവേദിയിലും സിനിമയിലും ഈ പ്രതിഭകള്‍ സമ്മാനിച്ച നൂറു നൂറു അഭിനയ മുഹൂര്‍ത്തങ്ങളുടെ ചലനാത്മകമായ ഓര്‍മകള്‍ക്കിടയിലും ഇവര്‍ ഒഴിഞ്ഞുപോയ സിംഹാസനങ്ങള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും തീരാനഷ്ടവും വേദനയും മാത്രമാണ് നല്‍കുന്നത്. ആദ്യകാല മലയാള സിനിമയില്‍ ചിരി വിതറിയ എസ്.പി പിള്ള മുതല്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന സുരാജ് വെഞ്ഞാറമ്മൂട് വരെയുള്ള നാലുതലമുറക്കൊപ്പം സിനിമയില്‍ സഹകരിച്ചതിനുശേഷമാണ് മാള അരങ്ങൊഴിയുന്നത്. പകരക്കാരനായി വന്ന പ്രതിഭയുടെ പകരക്കാരനില്ലാത്ത മടക്കം.   

2015, ജനുവരി 14, ബുധനാഴ്‌ച

കൃഷിയിടത്തില്‍ വിളയിച്ചെടുക്കുന്ന വാര്‍ത്തകള്‍

പത്രങ്ങളില്‍ വായിക്കുന്നതും ചാനലില്‍ കാണുന്നതുമായ ചില വാര്‍ത്തകളെങ്കിലും നിര്‍മിക്കപ്പെടുന്നതാണ് എന്നു സംശയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അത്തരം സംശയങ്ങളില്‍ സത്യം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നുവെങ്കിലും അസത്യമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങളുമുണ്ട്. സാമ്പത്തികമോ, രാഷ്ട്രീയമോ, മത-സാമുദായിക താല്‍പര്യങ്ങളോ ഉള്‍പ്പെടുത്തി കൃത്യമായ അജണ്ടയോടു കൂടി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന കാലമാണിതെന്ന് ചിലപ്പോഴെങ്കിലും വ്യക്തമായിട്ടുണ്ട്. വാര്‍ത്തകള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര തലത്തില്‍ ഉന്നതരായ കോര്‍പ്പറേറ്റുകളും മാധ്യമ ഭീകരന്മാര്‍ മുതല്‍ ഇങ്ങേയറ്റത്ത് കോളം സെന്റീമീറ്റര്‍ കണക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ പ്രതിഫലം വാങ്ങുന്ന ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്ന പ്രാദേശിക ലേഖകര്‍ വരെ ഒരുപോലെ ഇത്തരം താല്‍പര്യങ്ങളുടെ പ്രതിനിധികളാണ്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഇത്തരം കാര്യങ്ങള്‍ പതിവായി നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായ ഒരു കാര്യം ചില മേഖലകളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍, അത് ചെറുതോ വലുതോ ആകട്ടെ ആ വാര്‍ത്തയ്ക്ക് ഒരു സംഘാടക സമിതി ഉണ്ടാകും. വാര്‍ത്ത നിര്‍ബന്ധമായും പത്രസമ്മേളനത്തില്‍ പറഞ്ഞതുമായിരിക്കും. പാരീസിലെ ഭീകരാക്രമണത്തില്‍ തോപ്രാംകുടി പ്രവാസി അസോസിയേഷന്‍ ഞെട്ടല്‍ പ്രകടിപ്പിക്കുന്നത് പത്ര സമ്മേളനത്തില്‍ തന്നെയാകും. അതുറപ്പാണ്. ഇല്ലെങ്കില്‍ ആ വാര്‍ത്തയും ഭീകരാക്രമണത്തിന് വിധേയമാകും.

ഈയിടെ ഒരു വലിയ നാടക സംരംഭം വാര്‍ത്തയാക്കുന്നതു സംബന്ധിച്ച ഒരു ഇ. മെയില്‍ പലരില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്ത നിലയില്‍ കറങ്ങിത്തിരിഞ്ഞ് എത്തിയത് ഈ ലേഖകന്‍ വായിക്കാനിടയായി. അതില്‍ റിഹേഴ്‌സലിന്റെ തിരക്കു മൂലം സംഘാടകര്‍ക്ക് ലേഖകരെ വേണ്ട തരത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സദയം ക്ഷമിച്ച് വാര്‍ത്ത നല്‍കണമെന്നുമുള്ള അപേക്ഷയായിരുന്നു. വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്ത ഓരോ ലേഖകനും സംഘാടകര്‍ പത്ര സമ്മേളനം നടത്തൂ എന്നു ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നതാണ് മെയില്‍ രേഖകളില്‍ കാണാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയാല്‍ മാത്രമേ വാര്‍ത്ത വായനക്കാരനു ലഭിക്കുകയുള്ളൂ എന്നത് ആശാസ്യമായ ഒന്നല്ല. അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏതോ നിക്ഷിപ്ത താല്‍പര്യത്താല്‍ തടഞ്ഞുവെക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പ്രസ്‌ക്ലബ്ബുകളെ തേടി വരാന്‍മാത്രമുള്ളതാണോ? അതോ വാര്‍ത്തകളെ തേടി അങ്ങോട്ട് ചെല്ലുന്ന മാധ്യമ സംസ്‌കാരം മണ്‍മറഞ്ഞു പോയോ? 
അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്തയ്ക്കിടെ കണ്ട ടി.വി റിപ്പോര്‍ട്ടാണ് ഏറെ ചിരിപ്പിച്ചത്. നവീകരിച്ച പ്രസ് ക്ലബ്ബില്‍ ഉദ്ഘാടന ദിവസം മൂന്ന് പത്ര സമ്മേളനം നടന്നതാണ് മഹാ സംഭവമായി ചാനലില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഈ വാര്‍ത്തയുടെ മൂല്യവും പ്രാധാന്യവും എന്താണെന്നും അത് സംപ്രേഷണം ചെയ്യപ്പെടുന്നതുകൊണ്ട് ജനത്തിന് എന്തു നേട്ടമാണ് ഉണ്ടാവുക എന്നും എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. 
പ്രസ് ക്ലബ്ബുകളില്‍ കൂടുതല്‍ പത്ര സമ്മേളനങ്ങള്‍ നടന്നാല്‍ പ്രസ്‌ക്ലബ്ബിനു വരുമാനം കൂടും എന്നതല്ലാതെ അതില്‍ പ്രേക്ഷകന് എന്താണ് നേട്ടം? അതായത് ഒരു കൃഷിയിടത്തില്‍ നിന്ന് ഒരേ ദിവസം മൂന്നു തവണ വിളവെടുപ്പു നടത്തിയെന്ന ചാരിതാര്‍ഥ്യം വാര്‍ത്തയെഴുത്തു കര്‍ഷകര്‍ക്കു കിട്ടും. നാട്ടുകാര്‍ക്ക് അതില്‍ നിന്ന് ഒരു വിഹിതം കിട്ടുമെങ്കില്‍ അതു വാര്‍ത്തയാണ്. നാട്ടിലെ ജില്ലകള്‍ തോറുമുള്ള പ്രസ് ക്ലബ്ബുകളില്‍ ദിനവും എട്ടും പത്തും വാര്‍ത്താ സമ്മേളനങ്ങള്‍ നടക്കുന്നതുപോലും വാര്‍ത്തയേ അല്ല. വാര്‍ത്ത ഉണ്ടാക്കുന്നത് വാര്‍ത്തയാക്കുന്ന വിഡ്ഢിത്തം ഗള്‍ഫ് നാട്ടില്‍ കാണാനായി. അതും ബുദ്ധിമാന്മാരായ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ വിളയിച്ചെടുത്ത വാര്‍ത്ത. അപ്രതീക്ഷിതമായി ചക്കക്കൂട്ടാന്‍ കിട്ടിയ ആരുടെയൊക്കെയോ കൈയൊപ്പ് ആ റിപ്പോര്‍ട്ടില്‍ പതിഞ്ഞിരുന്നു എന്ന് പ്രേക്ഷകന്‍ ചിന്തിച്ചു പോയാല്‍ തെറ്റു പറയാനാകില്ല.
ഗള്‍ഫ് മേഖല പ്രവാസികളുടെയും തദ്ദേശീയരുടേയും വൈവിധ്യപൂര്‍ണമായ ജീവിതാനുഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. പുറത്ത് വന്നതിനെക്കാളും ഭീകരവും വിസ്മയകരവുമായ എത്രയോ വാര്‍ത്തകള്‍ മരുഭൂമിയിലെ മണല്‍ത്തരികള്‍ പോലെ പരന്നു കിടക്കുന്നു. അറിയപ്പെടാത്ത സത്യങ്ങള്‍.. അറിയപ്പെടേണ്ട സംഭവങ്ങള്‍..വാര്‍ത്തയെഴുത്ത് ഗള്‍ഫില്‍ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒഴിവു വേളകളിലെ സൈഡ് ബിസിനസ് മാത്രമാണ്. അതിനെ അങ്ങിനെ മാത്രം സമീപിച്ചാല്‍ വാര്‍ത്ത ഉണ്ടാകില്ല. അങ്ങിനെ വരുമ്പോഴാണ് അത് പതിവു പാകത്തില്‍ പ്രസ്‌ക്ലബ്ബിലെ കൃഷിയിടത്തില്‍ വെച്ചു തന്നെ വിളയിച്ചെടുക്കേണ്ടി വരുന്നത്.